അതിസുന്ദരിയായ ഒരു പെൺകിടാവു് പൂർണനഗ്നയായി കുളിച്ചും കളിച്ചും രസിക്കുന്ന ഒരു താഴ്‌വാരത്തിലേക്കു് ഞാൻ നടന്നുചെല്ലുന്നു. പൂമണവുമായി ഇളംകാറ്റു്. വെയിലിൽ വെട്ടിത്തിളങ്ങുന്ന പൊയ്ക. കിളികളുടെ ‘കുഹു കുഹു നിനാദം.’ കാട്ടുപൊന്തകളും വള്ളിക്കുടിലുകളും ഏതോ സുരഭിലരഹസ്യം അടക്കിപ്പിടിച്ചതുപോലെ. ചുരുക്കത്തിൽ ഞാൻ വായിച്ചുപഠിച്ചതെല്ലാം ഒരുങ്ങിയിരിക്കുന്നു…
ഇതെന്തു പുതുമ എന്നു് ഞാൻ അമ്പരന്നു. ആ സുന്ദരിക്കു് എന്നെക്കണ്ടിട്ടു് യാതൊരു കൂട്ടവുമില്ല. ഒരാണായ ഞാൻ ഇങ്ങനെ വടിപോലെ നിന്നിട്ടും—
പെട്ടെന്നു് എനിക്കു് ഒരു ബോധോദയം ഞാൻ ഒരാണല്ലായിരിക്കുമോ? ആണല്ലെങ്കിലും ഇങ്ങനെ ഒരു മനുഷ്യജീവി ഇവിടെ ഉണ്ടെന്നെങ്കിലും കണക്കാക്കണ്ടേ?
അപ്പോഴാണു് എനിക്കു് വെളിവായതു്: ഞാൻ ഒരു പോത്താണു്. പോത്തിന്റെ മുമ്പിൽ ഉടുതുണി ഉരിയുന്നതിൽ അധാർമികമായി ഒന്നുമില്ല.
പൊടുന്നനെ സംഗതി പ്രശ്നവത്ക്കരിക്കപ്പെട്ടു. ഇതാരുടെ സ്വപ്നമാണു്? മനുഷ്യൻ പോത്തിനെപ്പറ്റി സ്വപ്നം കാണുകയാണോ, അതോ പോത്തു് മനുഷ്യനെപ്പറ്റി സ്വപ്നം കാണുകയാണോ? പോത്തുകൾക്കു് എന്നു മുതലാണു് ധാർമികപ്രശ്നങ്ങളും നഗ്നതാചിന്തകളും ഉണ്ടായതു്?
അടുത്ത നിമിഷത്തിൽ പെട്ടെന്നു് പെൺകിടാവു് അപ്രത്യക്ഷയായി. അവിടെ കീടനാശിനിയുടെ വലിയ കുപ്പി. ഉടനെ പിൻഭാഗത്തുനിന്നൊരു വിളിയാളം: “ഈ സ്വപ്നം നിങ്ങൾക്കായി സ്പോൺസർ ചെയ്യുന്നതു്—” ഞാൻ വിളിച്ചുകൂവി: “സ്റ്റോപ്പ്! ഇതെന്റെ സ്വപ്നമാണു്. എന്റെ സമ്മതമില്ലാതെ—”
അപ്പോൾ സ്വപ്നസുന്ദരി വീണ്ടും പ്രത്യക്ഷപ്പെട്ടു് മധുരവാണിയിൽ ചോദിച്ചു. “എന്താ പോത്തേ, ഒച്ചയെടുക്കുന്നതു് ? സമ്മതം വാങ്ങിയാൽ എന്താ വിശേഷം?”
“അല്ല. ആ പരസ്യത്തിന്റെ കാശു് എനിക്കു് വാങ്ങാമായിരുന്നു” എന്നു് പറഞ്ഞതും ഞാനുണർന്നുപോയി.
മാതൃഭൂമി: 23 സെപ്തംബർ 1999.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.