
വല്ലവരുമല്ല, മഹാത്മാഗാന്ധി യാണു് പറഞ്ഞതു്: “തിരുവിതാംകൂറിനെപ്പറ്റിയുള്ള മറ്റു സകല സംഗതികളും വിസ്മരിക്കപ്പെട്ടുപോയാലും മഹാരാജാവു തിരുമനസ്സിലെ ഈ ഏകകൃത്യം—ക്ഷേത്രപ്രവേശനവിളംബരം—ഭാവിതലമുറകൾ കൃതജ്ഞതയോടുകൂടി സ്മരിക്കുന്നതാണു്.”

ഇത്രയൊക്കെ അവിസ്മരണീയമായി തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനവിളംബരത്തിലെന്തുണ്ടു്? കേരളീയ സമൂഹത്തിനു് അതുകൊണ്ടു വല്ല മെച്ചവുമുണ്ടായോ?
അന്നു് തിരുവിതാംകൂർ മഹാരാജാവു് തന്റെ നാട്ടുരാജ്യത്തിലെ സർക്കാർ ഉടമയിൽപ്പെട്ട എല്ലാ ക്ഷേത്രങ്ങളും എല്ലാ ജാതിയിലും പിറന്ന ഹിന്ദുമതവിശ്വാസികൾക്കായി തുറന്നുകൊടുത്തു. ഈ പ്രഖ്യാപനം ഒറ്റ വാക്യത്തിലുള്ള ഒരു വിളംബരമായി 1936 നവംബർ 12-നു് പുറത്തുവന്നു: “നമ്മുടെ മതത്തിന്റെ പരമാർത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെടും, ആയതു് ദൈവികമായ അനുശാസനത്തിലും സർവ്വവ്യാപകമായ സഹിഷ്ണുതയിലുമാണു് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവർത്തനത്തിൽ അതു ശതവർഷങ്ങളായി കാലപരിവർത്തനത്തിനു് അനുയോജിച്ചുപോന്നു എന്നു ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളിൽ ആർക്കും തന്നെ അവരുടെ ജനനമോ, ജാതിയോ, സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാൻ പാടില്ലെന്നുള്ള ഉൽകണ്ഠയാലും, നാം തീരുമാനിക്കുകയും ഇതിനാൽ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാൽ, സമുചിത പരിതസ്ഥിതികൾ പരിരക്ഷിക്കുന്നതിനും, ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചു നടത്തുന്നതിനും, നാം നിശ്ചയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, ജനനാലോ, മതവിശ്വാസത്താലോ, ഹിന്ദുവായ യാതൊരാൾക്കും നമ്മുടേയും നമ്മുടെ ഗവർമ്മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ, ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ല എന്നാകുന്നു.”
- ഒന്നു്:
- അവർണ്ണരും അധഃകൃതരും ആയ ഇവിടത്തെ മഹാഭൂരിപക്ഷം മനുഷ്യരുടെ ജീവിതത്തെ ഈ വിളംബരം വല്ല രീതിയിലും മാറ്റിമറിച്ചുവോ? ഇല്ലെന്നു കരുതുന്നവർ ഈ നാട്ടിൽ പലരുണ്ടു്. അവർ പറയും: പ്രമാണിമാരായ ചില അവർണ്ണരുടെ ദുരഭിമാനത്തിനു പൊട്ടുകുത്താൻ മാത്രമേ ക്ഷേത്രപ്രവേശനാനുവാദം ഉപകാരപ്പെട്ടിട്ടുള്ളൂ. എല്ലാ കാര്യത്തിലും ‘മേൽ’ജാതിക്കാരനെ അനുകരിക്കുക എന്ന ഇവിടത്തെ ‘കീഴ്’ജാതികാരന്റെ കമ്പത്തെ അതൊന്നുകൂടി തെഴുപ്പിച്ചുവിട്ടു. ക്ഷേത്രാധാരനയും അതുമായി ബന്ധപ്പെട്ട വിശ്വാസാചാരങ്ങളും മുറ്റിത്തഴക്കാൻ ഈ ക്ഷേത്രപ്രവേശനവും ഉപകരിച്ചു. ക്ഷേത്രജീർണ്ണോദ്ധാരണവും അതുവഴി കൈവരിക്കാവുന്ന ഹിന്ദുമതപുനരുജ്ജീവനവും അതോടെ ശക്തമായി; അത്രയേയുള്ളൂ. ഇതിലല്പം ശരിയുണ്ടു്. ഇരിക്കട്ടെ. വിളംബരം പുറപ്പെടുവിച്ച തീയതിയോടെ ഇവിടത്തെ അധഃസ്ഥിതന്റെ ജീവിതത്തിലെ ഏതെങ്കിലും പ്രശ്നത്തിനു എന്തെങ്കിലും പരിഹാരമുണ്ടായോ? ഇല്ല. ആ നിലയ്ക്കു യാതൊന്നുമില്ല. ഓണം പിറന്നാലും അമ്പലം തുറന്നാലും കോരനു കഞ്ഞി കുമ്പിളിൽത്തന്നെ. പക്ഷേ, കോരന്റെ പ്രശ്നങ്ങൾ കഞ്ഞിക്കുമ്പിളിൽ മാത്രം ഒതുങ്ങുന്നവയല്ല; ഒതുങ്ങിക്കൂടാ. അങ്ങനെ ഒതുങ്ങുമെന്നും ഒതുങ്ങണമെന്നും ഉള്ള വിചാരം ആ പോയകാലത്തിനേ ചേരൂ. കഞ്ഞിക്കുമ്പിളിന്നപ്പുറത്തുള്ള അവന്റെ ഒരു പ്രശ്നത്തെ ഭാഗികമായെങ്കിലും പരിഹരിക്കുവാൻ ഈ വിളംബരം നിശ്ചയമായും ശ്രമിച്ചിട്ടുണ്ടു്. വിളംബരം ഈ നാട്ടിലെ അധഃസ്ഥിതന്റെ ആത്മാഭിമാനവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുകയുണ്ടായി. അതാവണം ഈ കാര്യത്തിലെ ശ്രദ്ധേയമായ ‘ശരി’. അമ്പലത്തിൽ കയറി തൊഴുന്നതോടെ ആത്മാഭിമാനവും ആത്മവിശ്വാസവും വർദ്ധിക്കുന്നു എന്നല്ല; അമ്പലത്തിൽ കയറിച്ചെന്നു പ്രാർത്ഥിക്കുവാനുള്ള സൗകര്യം, വേണമെങ്കിൽ ആ തീയതി മുതൽ അവനു് ഉപയോഗിക്കാം എന്ന അർത്ഥത്തിൽ; ആരാധന ഒരാശ്വാസമാണെങ്കിൽ അതു്, ‘കീഴ്ജാതിയിൽ’ പിറന്നുപോയതുകൊണ്ടു് അവനു് നിഷിദ്ധമാകുന്നില്ല എന്ന അർത്ഥത്തിൽ; അവൻ കയറിച്ചെല്ലുന്നതുകൊണ്ടു് ഒരു ‘പുണ്യ’സ്ഥലവും അശുദ്ധമായിപ്പോവുകയില്ല എന്ന അർത്ഥത്തിൽ. ക്ഷേത്രം എന്നതുപോലെ ക്ഷേത്രപ്രവേശനവും ഒരു പ്രതീകമാണു്; ജാതികളുടെയും ഉപജാതികളുടെയും ബാഹുല്യം കൊണ്ടും തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും “നട്ടപ്പിരാന്തു”കൊണ്ടും വീർപ്പുമുട്ടിയിരുന്ന കേരളീയജീവിതത്തിൽ അവർണ്ണന്റെ വ്യക്തിത്വത്തിനു് അല്പമാത്രമായെങ്കിലും കിട്ടിയസാമൂഹ്യാംഗീകാരത്തിന്റെ ആദ്യത്തെ പ്രതിരൂപമാണതു്. എത്രയോ നൂറ്റാണ്ടുകൾ അധികാരകേന്ദ്രമായി നിലനിന്ന ക്ഷേത്രത്തിലേക്കുള്ള അവർണ്ണന്റെ പ്രവേശനം. അധികാരക്കോട്ടയിലേക്കുള്ള അടിച്ചമർത്തപ്പെട്ടവന്റെ ഇരച്ചുകയറ്റത്തിന്റെ പ്രതിരൂപം കൂടിയാകുന്നു. അങ്ങനെ, നൂറ്റാണ്ടുകളുടെ നടപ്പിനു വിരുദ്ധമായി, അമ്പലത്തിൽ പോകണമോ വേണ്ടയോ എന്നതു് അവനവന്റെ ഇഷ്ടാനിഷ്ടത്തിന്റെ മാത്രം പ്രശ്നമായി. ക്ഷേത്രപ്രവേശനാനുവാദം മതാചാരത്തിന്റെ പ്രശ്നമല്ല, പൗരാവകാശസ്ഥാപനത്തിന്റെ പ്രശ്നമാണു് എന്നർത്ഥം. ആ അനുവാദം ലഭിച്ചതോടെ അധഃസ്ഥിതനു വഴി നടക്കാമെന്നായി; എവിടെയും കയറിച്ചെല്ലാമെന്നായി; ചായക്കടകളിൽ നിന്നു് അവനു് ചായ കിട്ടി; അവനു് ക്ഷേത്രം എന്നപോലെ അവന്റെ കിടാങ്ങൾക്കു് സരസ്വതീക്ഷേത്രങ്ങളും ധാരാളമായി തുറന്നു കിട്ടി; ഈശ്വരവിശ്വാസികളുടേതായ ഒരു സമൂഹത്തിൽ ഈശ്വരസന്നിധിയിൽ ചെല്ലാവുന്നവനു് പിന്നെ എവിടെയാണു് ചെന്നുകൂടാത്തതു്! കേരളീയ ജീവിതത്തിന്റെ മഹാശാപങ്ങളിലൊന്നായി നൂറ്റാണ്ടുകൾ നിലനിന്ന തീണ്ടൽ സത്യത്തിൽ അവസാനിച്ചതു് അങ്ങനെയാണു്. ജാതിക്കോയ്മയും വിവേചനങ്ങളും തൊട്ടുകൂടായ്മയും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഉണ്ടായിരുന്നുവെങ്കിലും ഓരോ ജാതിയും ഉപജാതിയും ഉൾജാതിയും അടിയളന്നു കണക്കാക്കി അശുദ്ധി പ്രസരിക്കാതെ കാത്തുപോന്ന തരം തീണ്ടൽ കേരളത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ ‘മേൽ’ജാതിക്കാരനു നടന്നുപോകാനുള്ള നിരത്തിലൂടെ അവൻ നടക്കാത്തപ്പോൾ പോലും ‘കീഴ്’ജാതിക്കാരനു് നടന്നുകൂടായിരുന്നു! മണ്ണുംവെള്ളവും മറ്റു ദേശങ്ങളിൽ ‘കീഴ്’ജാതിക്കാരൻ തൊട്ടാൽ അശുദ്ധമായപ്പോൾ, ഇവിടെ അവ അവന്റെ സാമീപ്യം കൊണ്ടുമാത്രം അശുദ്ധമായി. ഈ പരശു‘രാമരാജ്യം’ എന്നും ‘രാമനോടു്’ കലക്കിത്തന്നെ കുടിക്കുവാനാജ്ഞാപിച്ചു. ക്ഷേത്രപ്രവേശനസമരത്തിന്റെ ആദ്യഘട്ടമായ വൈക്കം സത്യാഗ്രഹ (1924)ത്തിൽ പങ്കെടുത്തു് ടി. കെ. മാധവനോ (1885–1930) ടൊപ്പം അറസ്റ്റു ചെയ്യപ്പെട്ട കെ. പി. കേശവമേനോൻ (1886–1978) കോടതി മുമ്പാകെ ബോധിപ്പിച്ചതിങ്ങനെയാണു്: “ഞങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ചു് ചില തെറ്റിദ്ധാരണകൾ ചിലരുടെ ഇടയിലുണ്ടു്. തീണ്ടൽജാതിക്കാരെന്നു പറയുന്നവരെ ക്ഷേത്രപ്രവേശനം ചെയ്യിക്കുവാനല്ല ഞങ്ങൾ പുറപ്പെടുന്നതെന്നും പൊതുസ്ഥലങ്ങളിൽക്കൂടി അവർക്കു സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം സമ്പാദിക്കുവാൻ മാത്രമാണു് ഞങ്ങൾ അവരെ പ്രേരിപ്പിക്കുന്നതെന്നും ഈ അവസരത്തിൽ പ്രസ്താവിച്ചുകൊള്ളുന്നു.” (കഴിഞ്ഞ കാലം, 1969, പു. 169) ഈ സമരം നടക്കുന്നതിനും കാൽനൂറ്റാണ്ടുമുമ്പേ ‘തമ്പ്രാക്കന്മാരെ’ ധിക്കരിക്കുവാൻ തന്റേടമുണ്ടായിരുന്ന അയ്യങ്കാളി (1863–1941) എന്ന പുലയനേതാവു് ആറാലുംമൂട് ചന്തയിലേക്കു പൊതുവഴിയിലൂടെ നടന്നുചെന്നതു് (1898) ഒരു വൻലഹളക്കു കാരണമായിരുന്നു എന്നോർക്കണം! എന്തിനു്, വൈക്കം സത്യാഗ്രഹം നടക്കുന്നതിനും 7 കൊല്ലംമുമ്പു് അവർണ്ണനായ മിതവാദി സി. കൃഷ്ണൻ (1867–1938) കോഴിക്കോട്ടെ തളിക്ഷേത്രത്തിനു മുമ്പിലെ നിരത്തിലൂടെ വെറുതെ കൈയ്യും വീശി നടന്നുപോയതു് (1917 നവംബർ 1) പോലും കേരള ചരിത്രത്തിലെ ഒരു മഹാസംഭവമാണു്! കന്നുകാലികൾക്കുപോലുമുണ്ടായിരുന്ന സഞ്ചാരസ്വാതന്ത്ര്യം ‘കീഴ്’ജാതിയിൽ പിറന്നുപോയതിന്റെ പേരിൽ മനുഷ്യർക്കു നിഷേധിക്കുന്ന ദുരവസ്ഥക്കെതിരായി നടന്ന വൈക്കംസത്യാഗ്രഹം ആ നിലക്കു് ക്ഷേത്രപ്രവേശനത്തിനുവേണ്ടി കെ. കേളപ്പന്റെ (1880–1971) നേതൃത്വത്തിൽ നടന്ന ഗുരുവായൂർ സത്യാഗ്രഹ (1931–32)ത്തേക്കാളും പ്രധാനമാണു്. വഴിനടക്കുവാൻ അനുവാദമില്ലാത്തവനു് അതു് കിട്ടുന്നതു് വലിയൊരു കാര്യമാണെങ്കിൽ അത്തരം നിരവധി സ്വാതന്ത്ര്യങ്ങളിലേക്കു വഴിതുറന്ന ക്ഷേത്രപ്രവേശനവിളംബരം നമ്മുടെ പൗരാവകാശസ്ഥാപന ചരിത്രത്തിലെ ഒരു നാഴികക്കല്ലാകുന്നു. ക്ഷേത്രാധികാരത്തിനു ചുറ്റും രൂപം കൊള്ളുന്ന അധികാരഘടനയും അതു നിലനിർത്താൻ കെട്ടിപ്പൊക്കിയ ജാത്യാചാരങ്ങളുമായി ഏറെക്കാലം പുലർന്ന കേരളം, അത്തരം ആചാരങ്ങളുടെ ക്രൂരവും പരിഹാസ്യവുമായ അട്ടഹാസങ്ങളിലൂടെ ‘ഭ്രാന്താലയ’മായിത്തീർന്ന കേരളം, ക്ഷേത്രപ്രവേശനസമരത്തിലൂടെ അത്തരം വിവേചനങ്ങളിലൊന്നിന്നെതിരെ ഈ നൂറ്റാണ്ടിന്റെ ആദ്യപാതിയിൽത്തന്നെ പ്രകമ്പനം കൊണ്ടു എന്നതു് ശ്രദ്ധേയമായൊരു ചരിത്രവസ്തുതയാണു്. ഈ വസ്തുതയുടെ പ്രാധാന്യത്തിലേയ്ക്കു് വിരൽചൂണ്ടുന്ന ഒരു സംഭവം പറയാം: ക്ഷേത്രപ്രവേശനസമരത്തെത്തുടർന്നു് ഗുരുവായൂരിലെത്തിയ ഗാന്ധിജിക്കെതിരെ പ്ലക്കാർഡുകളും പിടിച്ചു് കുന്ദംകുളം-ഗുരുവായൂർ പൊതുനിരത്തിനു് ഇരുവശത്തുമായി നിരന്നുനിന്നിരുന്നതു് അയിത്തജാതിക്കാരാണു്! ഒരു ദശകം മുമ്പു് വൈക്കത്തു നടന്ന ഇത്തരമൊരു സമരമാണു് തങ്ങൾക്കു് അങ്ങനെ നിരത്തിലിറങ്ങാൻ സൗകര്യം തന്നതു് എന്നുപോലും അവർക്കു ആലോചനപോയില്ല. തങ്ങൾ പിടിച്ചിരിക്കുന്ന പ്ലക്കാർഡുകളുടെ ഉദ്ദേശ്യംപോലും പിടികിട്ടാതെ “അയിത്തജാതിക്കാരെ അമ്പലത്തിൽ കയറ്റാനൊരുങ്ങിയ ഗാന്ധി മടങ്ങിപ്പോ”, “ഗാന്ധി ഗോ ബാക്ക്” തുടങ്ങിയ എഴുത്തുകളും പേറി, വഴിയോരത്തു നിന്നിരുന്ന നിരക്ഷരരായ ആ പാവങ്ങൾക്കു പിന്നിൽ ആരാണുണ്ടായിരുന്നതു് എന്നു് ഇന്നു് നമുക്കു് ഊഹിക്കാമെങ്കിലും അവരെ അങ്ങനെ നിർത്താൻ പറ്റുന്ന ഒരു സാഹചര്യം അന്നു കേരളത്തിൽ നിലനിന്നിരുന്നു എന്ന കാര്യം ഒരു കാരണം കൊണ്ടും വിസ്മരിച്ചുകൂടാ.
- രണ്ടു്:
- ആരുടെയെങ്കിലും ഔദാര്യമല്ല, സ്വന്തം അവകാശംതന്നെയാണു് ക്ഷേത്രപ്രവേശനവാദത്തിലൂടെ അവർണ്ണസമൂഹം ആവശ്യപ്പെട്ടതു് എന്ന കാര്യം ഈ സന്ദർഭത്തിൽ ഓർത്തുവെയ്ക്കണം: സർക്കാർവക ക്ഷേത്രം എന്നുപറഞ്ഞാൽ നികുതിപ്പണം കൊണ്ടു നടത്തുന്ന ക്ഷേത്രം എന്നാണർത്ഥം. ഈ നാട്ടിൽ അവർണ്ണരും നികുതികൊടുത്തിരുന്നു. നികുതിപ്പണത്തിൽ അവരുടെ വരിയും പെടും. ഇതിന്നു പുറമെ പല സ്വകാര്യ അമ്പലങ്ങളിലെയും ഉത്സവങ്ങൾക്കു് അവർണ്ണൻ നേർച്ചയും വഴിപാടും കാണിക്കയും കൊടുത്തിരുന്നു. സവർണ്ണർക്കുമാത്രമായി അമ്പലം നിലനിർത്തുന്നതിന്റെ സാമ്പത്തികബാദ്ധ്യത, കുറഞ്ഞ അളവിലെങ്കിലും അവർണ്ണരും പേറിയിരുന്നു എന്നർത്ഥം. പിന്നെ, ഈ കാണായ അമ്പലങ്ങളൊക്കെ ആരുടെ അദ്ധ്വാനഫലമാണു്? അവിടത്തെ ബിംബങ്ങൾ വാർത്ത മൂശാരി ഏതു ജാതിക്കാരനാണു്? ആ കെട്ടിടങ്ങളത്രയും പണിതുയർത്തിയ കൽപ്പണിക്കാരനോ? അവയ്ക്കുവേണ്ടി കല്ലുവെട്ടിയതും അവ ചെത്തിയൊരുക്കിയതും ഓടുചുട്ടതും മരം മുറിച്ചു് ഈർന്നു പാകപ്പെടുത്തിയതുമെല്ലാം ഏതു ജാതിക്കാരാണു് ? തീർച്ചയായും ‘മേൽ’ജാതികാരല്ല. അദ്ധ്വാനിച്ചു വിയർക്കുക എന്നതു് തിരു‘മേനി’കൾക്കു് പറഞ്ഞിട്ടുള്ളതല്ലല്ലോ. ഏതു വിഭാഗത്തിന്റെ വിയർപ്പു കുഴച്ചാണോ ആരാധനാലയങ്ങൾ പടുത്തുയർത്തിയതു്, ആ വിഭാഗത്തിനാണു് അവിടെ പ്രവേശനം നിഷേധിച്ചതു്! വിശാഖപട്ടണത്തെ ഒരു ശിവക്ഷേത്രത്തിൽ ശിവരാത്രിദിവസം ഒരു തട്ടാൻ കടന്നുചെന്നു് ശിവലിംഗത്തിന്മേൽ കരിക്കിൻവെള്ളം കൊണ്ടു അഭിഷേകം നടത്തിയതു് വലിയ കോലാഹലമായതായി കേട്ടിട്ടുണ്ടു്: ആ ശിവലിംഗം ഉണ്ടാക്കിയ തനിക്കു് അതിന്മേൽ അഭിഷേകം നടത്തുവാൻ അധികാരമുണ്ടെന്നായിരുന്നു തട്ടാന്റെ ന്യായം! സ്വന്തം അദ്ധ്വാനഫലത്തിന്റെ സൗകര്യങ്ങൾ അദ്ധ്വാനിച്ചവനു നിഷേധിക്കുന്ന ഒരംശം തീർച്ചയായും ക്ഷേത്രപ്രവേശനനിരോധനത്തിലുണ്ടു്. അവനവനു് പ്രവേശിക്കുവാനോ, തീണ്ടാൻപോലുമോ പാടില്ലാത്ത ഒരു ‘പുണ്യസ്ഥലത്തിനുവേണ്ടി’ അദ്ധ്വാനവും സമ്പത്തും ചെലവിടുവാൻ എത്രയോകാലം ഇവിടത്തെ അവർണ്ണവിഭാഗം നിർബന്ധിക്കപ്പെട്ടുപോന്നു എന്ന സങ്കടകരമായ തമാശയിലാണു് ക്ഷേത്രപ്രവേശനസമരം കാലുറപ്പിച്ചു നിന്നതു്. ഈ സങ്കടാവസ്ഥ നമ്മുടെ സമൂഹത്തിൽ പുലർന്നുപോന്ന സാമൂഹ്യവും സാമ്പത്തികവുമായ ചൂഷണത്തിന്റെ ഭീകരതയെ മറനീക്കിക്കാണിക്കുന്നു. അവസരസമത്വത്തിനുവേണ്ടിയും ചൂഷണത്തിന്നെതിരായും കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭങ്ങളിലൊന്നായി ക്ഷേത്രപ്രവേശനസമരത്തെ മാറ്റുന്നതും ഈ സാഹചര്യങ്ങളാണു്.
- മൂന്നു്:
- ക്ഷേത്രപ്രവേശനം വേണമെന്ന അവകാശബോധം കേരളത്തിൽമാത്രമേ ഉണർന്നുള്ളൂ എന്നു പറഞ്ഞുകൂടാ. കൽക്കത്തയിൽവെച്ചു് 1916-ൽ ശ്രീമതി ആനിബസന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇന്ത്യൻനാഷനൽ കോൺഗ്രസ്സിന്റെ വാർഷികസമ്മേളനം അയിത്തജാതിക്കാർക്കും ക്ഷേത്രപ്രവേശനം നൽകണമെന്നു് ആവശ്യപ്പെടുകയുണ്ടായി. ഇത്തരം ആവശ്യങ്ങളെത്തുടർന്നു് ഇരുപതുകളിൽത്തന്നെ ഉത്തരേന്ത്യയിലെ ചില ക്ഷേത്രങ്ങളിൽ അവർണ്ണർക്കും പ്രവേശനം അനുവദിച്ചു. ജാതിവ്യത്യാസത്തിന്റെ വേർതിരിവുകൾ മറ്റെങ്ങും കാണാത്തവിധം ക്രൂരമായി നിലനിർത്തിയ നമ്മുടെ നാട്ടിൽ ഈ ആവശ്യം വ്യാപകമായ രീതിയിൽ ബഹുജനപ്രക്ഷോഭത്തിന്റെ രൂപം കൈവരിച്ചു. ഇന്ത്യയിലെ മറ്റു പല പ്രദേശങ്ങളിലും ഈശ്വരനിഷേധമായും ഹിന്ദുമതവിരോധമായും മതപരിവർത്തനവാദമായും ജാതി വിരുദ്ധസമരം അരങ്ങേറിയപ്പോൾ വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും കാണുംപോലെ കേരളത്തിൽ അതു മതനിഷ്ഠമായിരുന്നു എന്ന പ്രത്യേകത കൂടി ശ്രദ്ധിക്കണം. പിൽക്കാലത്തു കമ്മ്യൂണിസ്റ്റുനേതാക്കളായിത്തീർന്ന പി. കൃഷ്ണപിള്ള (1906–1948)യും എ. കെ. ഗോപാലനു (1904–1978)മെല്ലാം ഗുരുവായൂർ സത്യാഗ്രഹത്തിൽ വിശ്വാസികൾക്കു ചേർന്ന മട്ടിലാണു് പ്രവർത്തിച്ചതു്. നമ്മുടെ തൊട്ടയൽപ്പക്കമായ തമിഴകത്തെ ജാതിവിരുദ്ധ പ്രസ്ഥാനനായകനായ ഇ. വി. രാമസ്വാമി നായ്ക്കർ (1879–1973) ‘നീ തൊട്ടാൽ അശുദ്ധമാവുന്ന ദൈവം നിനക്കു വേണ്ട’ എന്ന പ്രഖ്യാപനത്തോടെയാണു് പ്രക്ഷോഭം തുടങ്ങിയതു്. ഹിന്ദുമതവും ജാതിവ്യവസ്ഥയും ഒന്നുതന്നെ എന്ന വിശ്വാസത്തോടെ ബ്രാഹ്മണവിരോധം ആളിക്കത്തിച്ച ഇ. വി. ആർ. ഈശ്വരനെയും ഹിന്ദുമതത്തെയും, അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളെയും നിന്ദിച്ചു. കേരളത്തിൽ ഈ സമരം മറ്റൊരു വഴി കണ്ടെത്തി. നമ്മുടെ ദേശീയപ്രസ്ഥാനത്തിനു് കേരളം നൽകിയ മികച്ച സംഭാവനയും ഇപ്പറഞ്ഞ ‘മതനിഷ്ഠമായ’ ജാതിവിരുദ്ധസമര മനോഭാവമായിരിക്കണം. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ഇവിടെ അവർണ്ണസമൂഹങ്ങൾ ശ്രീനാരായണഗുരു (1854–1928)വിന്റെയും അയ്യങ്കാളി (1863–1941)യുടെയും മറ്റും നേതൃത്വത്തിൽ സംഘടിക്കുവാനും വിവേചനത്തിനെതിരെ പോരാടുവാനും ആരംഭിച്ചിരുന്നു. അവർണ്ണനായ നാരായണഗുരുവിന്റെ അരുവിപ്പുറം ശിവലിംഗപ്രതിഷ്ഠ (1888), വൈക്കം സത്യാഗ്രഹം (1924), ഗൂരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹം (1931–32), ക്ഷേത്രപ്രവേശനവിളംബരം (1936) എന്നിവയ്ക്കു കിട്ടിയ ജനശ്രദ്ധയിലൂടെ അയിത്തോച്ചാടനസമരത്തിനു് ദേശീയപ്രാധാന്യം നൽകുവാൻ കേരളീയർക്കു കഴിഞ്ഞു. സഹജമായ വൈഭവത്തോടെ തുടക്കത്തിൽത്തന്നെ ഗാന്ധിജി ഈ സമരങ്ങളുടെ പ്രസക്തിയും പ്രാധാന്യവും കണ്ടറിയുകയുണ്ടായി. കേരളീയരുടെ ഈ സമരങ്ങളുടെ ഉന്മേഷമാണു് ഗാന്ധിജിയെ സർവ്വശക്തിയുമുപയോഗിച്ചു് അയിത്തോച്ചാടന സമരത്തിനിറങ്ങാൻ പ്രേരിപ്പിച്ചതു് എന്നതു് ഒരു ചരിത്രവസ്തുത മാത്രമാണു്. 1936-ൽ ക്ഷേത്രപ്രവേശനവിളംബരം വന്നിട്ടും 1947 ജൂൺ 2-ാംനു് മാത്രമേ ഗുരുവായൂർക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നു കിട്ടിയുള്ളൂ. ഈ കാലതാമസം അന്നു് ‘മേൽ’ജാതിക്കാർക്കു് ഇക്കാര്യത്തിൽ എന്തുമാത്രം കടുംപിടിത്തം ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നുണ്ടു്. വിളംബരം തിരുവിതാംകൂർ മഹാരാജാവിന്റേതായിരുന്നുവെന്നതും അന്നു് മലബാറിന്റെ ഭാഗമായിരുന്ന ഗുരുവായൂരിൽ അതു ബാധകമായിരുന്നില്ല എന്നതും മാത്രമല്ല പ്രശ്നം. 1931–32 കാലത്തു നടന്ന ഗുരുവായൂർ സത്യാഗ്രഹം അവർണ്ണരുടെ ക്ഷേത്രപ്രവേശനം എന്ന ലക്ഷ്യം നേടാതെ നിർത്തിവെക്കുകയായിരുന്നു. നാലുകൊല്ലം കഴിഞ്ഞു് തിരുവിതാംകൂറിൽ നില തീർത്തും വ്യത്യാസമായിട്ടും ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉടമയായിരുന്ന സാമൂതിരിപ്പാടിനോ അതിന്റെ ഭരണനേതൃത്വം കയ്യാളിയിരുന്ന സവർണ്ണർക്കോ യാതൊരു കുലുക്കവുമുണ്ടായില്ല. 1947-ൽ മദിരാശി മന്ത്രിസഭ ഇതു് സംബന്ധിച്ചു് ബിൽ പാസ്സാക്കിയതോടെയാണു് ഗുരുവായൂരപ്പന്റെ വാതിലുകൾ അവർണ്ണർക്കു തുറന്നു കിട്ടിയതു്.
- നാലു്:
- ഈ ജാതിവിരുദ്ധസത്യാഗ്രഹങ്ങളും ക്ഷേത്രപ്രവേശനവും കേരളത്തിലെ ജാതിചിന്തയും മറ്റു തരത്തിലുള്ള അവസരസമത്വനിഷേധങ്ങളും നശിപ്പിച്ചുവോ, രൂപവും ഭാവവും മാറി അവയൊക്കെ ഇവിടെ പലമട്ടിൽ പുലർന്നു പോരികയല്ലേ എന്നു ചോദിക്കാം. വാസ്തവം, കേരളത്തിൽ ഹിന്ദുമതം ഉപേക്ഷിച്ചു് അന്യമതങ്ങൾ സ്വീകരിച്ചവർക്കുപോലും സവർണ്ണാവർണ്ണഭേദചിന്തയിൽനിന്നു് മോചനം കിട്ടുകയുണ്ടായില്ല. ‘മനുഷ്യസാഹോദര്യ’ത്തിന്റെ മതമായ ക്രൈസ്തവതയിലേക്കു് ഇന്ത്യയിൽ ഏറ്റവുമധികംപേർ പരിവർത്തനം നടത്തിയ കേരളത്തിൽ ആർക്കും പേരിനൊപ്പം ഉപേക്ഷിക്കാവുന്ന അത്ര ലഘുവല്ല ജാതിചിന്ത എന്നു തെളിയുകയുണ്ടായി. ഇവിടെ അധഃകൃതർ മതം മാറി ക്രിസ്തുമതത്തിലേക്കു ചെന്നപ്പോൾ അവിടെ അവനെ സ്വീകരിക്കാനുണ്ടായിരുന്നതു് നേരത്തെ മതം മാറിയവരെങ്കിലും സവർണ്ണരായിത്തന്നെ തുടരുന്നവരാണു്! പുതു ക്രിസ്ത്യാനിയും പുലയക്രിസ്ത്യാനിയും അവശക്രിസ്ത്യാനിയും ആയി അവനു ജീവിക്കേണ്ടിവന്നു. സവർണ്ണർക്കു മാത്രം ജാതിപ്പേരിന്റെ വാലുള്ള കേരളത്തിൽ മതപരിവർത്തനത്തോടെ അധഃകൃതർക്കും ‘ചാക്കോപ്പുലയൻ’ എന്ന മട്ടിൽ ജാതിപ്പേരിന്റെ വാലുമുളച്ചു. അങ്ങനെ അവർക്കും അവസരസമത്വം കിട്ടി! അവിടെയും ആദ്യം അവനെ ദേവാലയത്തിൽ പ്രവേശിപ്പിച്ചില്ല. പകരം പുലയ ക്രിസ്ത്യാനിക്കു പ്രത്യേകം പള്ളി പണിതു കൊടുത്തു. പള്ളിയിൽ പ്രവേശിപ്പിച്ചപ്പോഴാകട്ടെ, വളരെക്കാലം അവന്റെ സ്ഥാനം ‘പുറജാതി’ക്കാർക്കു മാത്രമുള്ള പ്രത്യേക സ്ഥലത്തായിരുന്നു. ജീവനോടെ പള്ളിയിൽ ചെല്ലുമ്പോഴുള്ള ഈ അവസ്ഥയേക്കാൾ ദയനീയമായിരുന്നു, ശവമായിച്ചെന്നാലുള്ള അവസ്ഥ ശവക്കോട്ടയിൽപോലും അവന്റെ ആറടി മണ്ണു് പ്രത്യേക സ്ഥലത്തായിരുന്നു. വിവാഹബന്ധങ്ങളിലോ, സാമൂഹ്യമായ അംഗീകാരത്തിലോ ഒന്നും ഇന്നും അവന്റെ നില തുല്യമായിട്ടില്ല. ജാതിപീഡനങ്ങളോടു ‘തോറ്റു് തൊപ്പിയിട്ടു്’ ഇസ്ലാം മതത്തിലേക്കു ചെന്ന അവർണ്ണർക്കു ദേവാലയപ്രവേശനകാര്യത്തിലെങ്കിലും താരതമ്യേന ഭേദമായ സ്വീകരണമാണു് ലഭിച്ചതു്. കേരളത്തിൽ ഇസ്ലാമിലേക്കു് മതം മാറിയ സവർണ്ണരുടെ എണ്ണം താരതമ്യേന തുച്ഛമായിരുന്നു എന്നതും ഇപ്പറഞ്ഞതിനു ഒരു കാരണമാകാം. മുസ്ലീമായി ജീവനോടെയോ മയ്യത്തായോ പള്ളിയിൽ ചെന്നവർക്കു വിവേചനങ്ങളൊന്നും അനുഭവിക്കേണ്ടിവന്നില്ല. പക്ഷേ, സാമൂഹ്യജീവിതത്തിൽ അവർക്കു ചെറിയ തോതിലാണെങ്കിലും അതനുഭവിക്കേണ്ടി വന്നു. ‘പുതിസ്ലാം’ (പൂസ്ലാൻ) എന്നൊരു വകതിരിവു് അവിടെയും അവരെ കാത്തു നിൽപുണ്ടായിരുന്നു. മുസ്ലീംപള്ളി വിവേചനം കാണിച്ചതു് സ്ത്രീകളോടാണു്. കേരളത്തിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുന്ന മുസ്ലീം പള്ളികളുടെ എണ്ണം എത്രയോ തുച്ഛമാണു്! നിയമം എന്തുപറഞ്ഞാലും അധഃകൃതനെ ക്ഷേത്രവൃത്തിയുമായി ബന്ധപ്പെട്ട ഉയർന്ന ജോലികളിൽ നിയമിക്കാൻ നമുക്കിപ്പോഴും ബുദ്ധിമുട്ടുണ്ടു്. അതുപോലെ അത്തരം രംഗങ്ങളിൽ നിന്നെല്ലാം സ്ത്രീകളെ അകറ്റിനിർത്താനും നാം നൂറ്റാണ്ടുകളായി ശ്രദ്ധിച്ചുപോന്നിട്ടുണ്ടു്. സ്ത്രീ ദുർമന്ത്രവാദിനിയാവാം, പൂജാരിണിയാവില്ല. അധഃകൃതനെന്നപോലെ സ്ത്രീക്കും അശുദ്ധിയുണ്ടു് എന്നാണു് നമ്മുടെ സങ്കൽപം. വിവേചനം നിലനിർത്താൻ ഏതാണ്ടെല്ലാ സമൂഹങ്ങളും ഉപയോഗിച്ചുപോരുന്ന ചിഹ്നങ്ങളിലൊന്നാണു് ‘വിശുദ്ധി’. ദൈവവും ഗ്രന്ഥവും പുരോഹിതനും എല്ലാം വിശുദ്ധിയുടെ കോവിലിലായിത്തീരുന്നതോടെ ചിലർ അശുദ്ധരായും തീരുന്നു. സ്ത്രീകൾ ‘കടന്നു തൊഴാറില്ലാത്ത’ അമ്പലങ്ങൾ കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നു. അന്യമതസ്ഥനായ വാവർക്കുപോലും മാന്യമായൊരു സ്ഥാനം അനുവദിച്ചുകൊടുത്ത ശബരിമല ശ്രീ അയ്യപ്പന്റെ സന്നിധിയിൽ ഇപ്പോഴും യുവതികൾക്കു പ്രവേശനമില്ല! സവർണ്ണാവർണ്ണഭേദത്തിലെന്നപോലെ ആൺ-പെൺ ‘ജാതി’ വ്യത്യാസത്തിലും ഏറെക്കാലം മുൻനിരയിൽ വർത്തിച്ച കേരളം നേട്ടങ്ങളുടെ പങ്കുകൊടുക്കാതെ അധഃകൃതനെയും സ്ത്രീയേയും എന്നും ‘തീണ്ടാപ്പാടകലെ’ മാറ്റി നിർത്തിയിരുന്നു. അത്തരം ഒരു വിവേചനത്തിനെതിരായി നടന്ന ക്ഷേത്രപ്രവേശനസമരത്തിന്റെ പോലും ഗുണഫലങ്ങൾ ഇപ്പറഞ്ഞ രണ്ടുകൂട്ടരുടെയും ജീവിതത്തിലേക്കു ഇനിയും പൂർണ്ണമായി എത്തിച്ചേർന്നിട്ടില്ല എന്നു് ഈ ഉദാഹരണങ്ങളിൽ നിന്നു് നമുക്കു് കണ്ടെത്തേണ്ടി വന്നു.
- അഞ്ചു്:
-
പല രൂപത്തിലും പല ഭാവത്തിലും ഇവിടെ ശക്തിയാർജ്ജിച്ചു വരുന്ന ജാതിമനോഭാവത്തെയും അവസരസമത്വനിഷേധത്തെയും ഏറ്റെതിർത്തുകൊണ്ടു് പിൽക്കാലഗതികളെ സ്വാധീനിക്കുന്ന ഒരു ശക്തിയായി മാറുവാൻ ക്ഷേത്രപ്രവേശനസമരത്തിനു് കഴിഞ്ഞില്ല എന്നർത്ഥം. അങ്ങനെ ഒറ്റപ്പെട്ട സംഭവം മാത്രമായി ആ സമരത്തെ ചരിത്രത്തിൽ നിലനിർത്തിയ പരിമിതികൾ എന്താവാം? മേൽവിശദീകരിച്ച ചരിത്രപ്രാധാന്യങ്ങളൊക്കെ നിലനിൽക്കുമ്പോഴും ഉദാത്തമയ വിശേഷണങ്ങൾ അർഹിക്കാത്ത വിധം ക്ഷേത്രപ്രവേശനം അക്കാലത്തെ ചില രാഷ്ട്രീയ-സാമൂഹ്യ പരിതഃസ്ഥിതികളുടെ അനിവാര്യമായ പ്രതികരണം മാത്രമായിരുന്നു എന്നതാവാം, കാരണം. അന്നത്തെ സാഹചര്യത്തെ സ്വാധീനിച്ച വസ്തുതകളിൽ ഇനി പറയുന്ന മൂന്നെണ്ണം പ്രധാനമാണു്:
- മലബാർ കലാപം (1921–22) പ്രത്യക്ഷമായെങ്കിലും ക്ഷേത്രപ്രവേശനസമരങ്ങളെ സ്വാധീനിച്ചിട്ടുണ്ടു്. ഇതു കേൾക്കുമ്പോൾ അമ്പരപ്പു തോന്നാം. പക്ഷേ, സത്യമതാണു്. ആറുമാസം നീണ്ടുനിന്ന കലാപം ഇവിടത്തെ ദേശീയപ്രസ്ഥാനത്തിനേറ്റ കനത്ത അടിയായിരുന്നു. ബ്രിട്ടീഷ് വിരോധത്തിനു് തീ കൊളുത്തുവാൻ കോൺഗ്രസ്സ് നേതാക്കൾ ഉപയോഗിച്ച ഖിലാഫത്തു പ്രസ്ഥാനത്തിന്റെ കൊള്ളി മലബാറിൽ കണ്ണുചിമ്മിത്തുറക്കുന്ന വേഗതയിൽ പലേടത്തും ജന്മിവിരോധമായും ചിലേടത്തു് വർഗ്ഗീയവൈരമായും ഇനിയും ചിലേടത്തു് കൊള്ളയായുമെല്ലാം കത്തിപ്പടർന്നു് വടക്കൻ കേരളത്തിലെ സാമൂഹ്യജീവിതത്തെ ചുട്ടുനീറ്റുന്ന കാട്ടുതീയായി ആളിപ്പിടിച്ചു. അതോടെ ഇവിടത്തെ ഹിന്ദുസമൂഹവും മുസ്ലീം സമൂഹവും തമ്മിലകന്നു: കോൺഗ്രസ്സിനു് ഇരുസമൂഹങ്ങളുമായുണ്ടായിരുന്ന ബന്ധവും അതോടെ ചാമ്പലായി. ആ പരിഭ്രാന്താവസ്ഥയിൽ കുറച്ചുകാലത്തേക്കു് കോൺഗ്രസ്സുകാരുടെ എല്ലാ പ്രവർത്തനങ്ങളും വഴിമുട്ടിനിന്നു. പ്രസ്തുത സാഹചര്യം അക്കാലത്തു് കെ. പി. സി. സി. സെക്രട്ടറിയായിരുന്ന കെ. പി. കേശവമേനോൻ അനുസ്മരിക്കുന്നു: “(മലബാർ) ലഹളയ്ക്കുശേഷം കുറേക്കാലം മലബാറിൽ യാതൊരു പൊതുപ്രവർത്തനവും സാദ്ധ്യമല്ലായിരുന്നു. കോൺഗ്രസ്സുകാരോടുള്ള വിരോധം എവിടെയും തെളിഞ്ഞു കണ്ടു.” (കഴിഞ്ഞകാലം, 1969, പു. 125) “കേരളത്തിലെ കോൺഗ്രസ്സുപ്രവർത്തനത്തിനു് രണ്ടാമതും ഒരുണർവ്വുണ്ടാക്കാൻ ആലോചിച്ചുവരുന്ന സമയത്താണു് ” വൈക്കം സത്യാഗ്രഹം എന്ന ആശയവുമായി ടി. കെ. മാധവൻ തന്നെ വന്നുകണ്ടതു് എന്നും കേശവമേനോൻ തുടർന്നു പറയുന്നുണ്ടു്. (പു. 157) ആ പ്രത്യേകപരിതഃസ്ഥിതിയിൽ അയിത്ത ജാതിക്കാരുടെ വഴിനടത്തം എന്നതിലധികം, ദേശീയ പ്രസ്ഥാനത്തിനു വന്നുചേർന്ന വഴിമുട്ടൽ എന്നതായിരുന്നു പ്രശ്നം. 1924-ലെ വൈക്കം സത്യാഗ്രഹത്തിലൂടെ രണ്ടു കാര്യങ്ങളാണു് ദേശീയപ്രസ്ഥാനക്കാർക്കു നേടാനുണ്ടായിരുന്നതു്. ഒന്നു്: സ്വന്തം പ്രസ്ഥാനത്തിനു് പുതിയൊരുണർവ്വുണ്ടാക്കുക. രണ്ടു്: മുസ്ലീം സമൂഹം മുക്കാൽപങ്കും കൈവിട്ടുപോയ സ്ഥിതിക്കു് ഹിന്ദുസമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുക. ഈ ‘ഹിന്ദുസമൂഹം’ അന്നു് എങ്ങനെയായിരുന്നു? ക്ഷേത്രപ്രവേശനസമരങ്ങൾ ആരംഭിക്കുന്നതിനുമുമ്പു് ‘കീഴ്’ജാതിക്കാരായി അറിയപ്പെട്ട സമൂഹങ്ങൾ നടത്തിവന്ന വിവേചന വിരോധസമരങ്ങളെയെല്ലാം വർഗ്ഗീയസമരങ്ങളായിക്കണ്ടു് അവയിൽ നിന്നു് തീണ്ടാപ്പാടകലെ നിൽക്കുന്ന പതിവു് ഇവിടത്തെ ‘ദേശീയ’ നേതൃത്വം പുലർത്തിവന്നിരുന്നു. ഒരുദാഹരണം പറയാം: മലബാറിലെ പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും ചില പൊതുനിരത്തുകളിലൂടെ അവർണ്ണർക്കു വഴി നടക്കാൻ പാടില്ലെന്ന അവസ്ഥയിൽ പ്രതിഷേധിക്കുന്ന ഒരു പ്രമേയം 1916-ൽ പാലക്കാട്ടു ചേർന്ന മലബാറിലെ ഒന്നാം രാഷ്ട്രീയ സമ്മേളനത്തിൽ വരികയുണ്ടായി. അതു് ‘സമ്മേളനത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ല’ എന്നു പറഞ്ഞു് അവതരണാനുമതി നിഷേധിച്ച ‘ദേശീയ’ നേതാക്കൾ അതേ സമ്മേളനത്തിൽ രാമേശ്വരം ക്ഷേത്രത്തിൽ മലബാറിൽ നിന്നുള്ള തീർത്ഥാടകരോടു മോശമായി പെരുമാറുന്നതിൽ പ്രതിഷേധിക്കുന്ന പ്രമേയം പാസ്സാക്കുകയും ചെയ്തു! 15 കൊല്ലം കഴിഞ്ഞു് ഗുരുവായൂർ ക്ഷേത്രപ്രവേശനസത്യാഗ്രഹസമരം ആരംഭിച്ചപ്പോൾ (1931) പോലും സവർണ്ണരിൽ ഒരു ചെറിയ വിഭാഗം ഖദർവസ്ത്രങ്ങൾ വലിച്ചുകീറിയും ഗാന്ധിജിയുടെ ചിത്രം അടിച്ചുടച്ചും കാണിച്ച കലി ആ സമരത്തിന്റെ വളണ്ടിയർ ക്യാപ്റ്റനായിരുന്ന എ. കെ. ഗോപാലൻ ആത്മകഥയിൽ ചിത്രീകരിച്ചിട്ടുണ്ടു്. (എന്റെ ജീവിതകഥ, 1985, പു. 38) സവർണ്ണർക്കിടയിൽ നിലനിന്ന ഈ മനോഭാവം കാരണമായി അവർണ്ണസമൂഹം ഏറെക്കാലം ദേശീയപ്രസ്ഥനത്തോടു വിമുഖത കാണിച്ചു. സവർണ്ണമനോഭാവം ക്രിയാത്മകമാക്കുന്നതിലൂടെ ഈ വിടവു് നികത്താൻ ക്ഷേത്രപ്രവേശന സമരങ്ങൾ സഹായകമായി. ദേശീയപ്രസ്ഥാനം ക്ഷേത്രപ്രവേശനസമരത്തെ സഹായിച്ചതിലധികം, ക്ഷേത്രപ്രവേശനസമരം ദേശീയപ്രസ്ഥാനത്തെ സഹായിക്കുകയുണ്ടായി. ഒരിക്കൽ സ്വാതന്ത്ര്യസമരത്തിലേക്കു മുസ്ലിംകളെ ആകർഷിക്കുവാൻ ഖിലാഫത്തു പ്രസ്ഥാനത്തിനു് പിന്തുണ നൽകിയതുപോലെ, പിൽക്കാലത്തു് അവർണ്ണരെ ആകർഷിക്കുവാൻ ക്ഷേത്ര പ്രവേശനസമരത്തിനും ദേശീയനേതാക്കൾ പിന്തുണനൽകി എന്നു ചുരുക്കം.
- ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ലെങ്കിലും, മലബാർ കലാപത്തിന്റെ ആഘാതം അയിത്താചരണത്തിനും ജാതി ചിന്തയ്ക്കുമെതിരെ ചിന്തിക്കുവാൻ ഇവിടത്തെ ഹിന്ദുസമൂഹത്തെ പ്രേരിപ്പിച്ചുവോ എന്നും ആലോചിക്കാവുന്നതാണു്. ആ ആഘാതം ക്ഷേത്രപ്രവേശനവാദത്തിനും ജാതിവിരുദ്ധചിന്തയ്ക്കും പിന്തുണനൽകാൻ അബോധമായെങ്കിലും ഹിന്ദുക്കളെ പ്രേരിപ്പിച്ചിരിക്കണം. സമകാലികപ്രശ്നങ്ങളെ ആധാരമാക്കി കുമാരനാശാൻ (1873–1924) രചിച്ച ഏക കാവ്യമായ ‘ദുരവസ്ഥ’(1923)യിൽ വെളിപ്പെടുന്ന മലബാർ കലാപത്തിന്റെ ചിത്രം ഈ ആലോചനയിൽ ചാലിച്ചെഴുതിയതാണു്. “ഇന്ത്യയെ മുഴുവൻ ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ ഇളക്കിമറിച്ചിരുന്ന കൊടുങ്കാറ്റായി” മലബാർ കലാപത്തെ കാവ്യത്തിൽ മുഖവുരയിൽ വിലയിരുത്തുന്ന ആശാൻ ആ മഹാവിപത്തിന്റെയും അതു പഠിപ്പിച്ച പാഠങ്ങളിൽ ചിലതിന്റെയും ഓർമ്മ ഹിന്ദുസമുദായത്തിന്റെ പുനഃസംഘടനക്കു പ്രേരകമാവണം എന്നു തുടർന്നെഴുതിയിട്ടുണ്ടു്. കലാപക്കാരുടെ അക്രമങ്ങൾക്കു വിധേയമായ ഒരു ഇല്ലത്തുനിന്നു് ഭാഗ്യം കൊണ്ടു് മാത്രം ഓടിരക്ഷപ്പെടാൻ കഴിഞ്ഞ സാവിത്രിയന്തർജ്ജനം ചാത്തന്റെ ചാളയിൽ അഭയം പ്രാപിക്കുന്നതും അവരിരുവരും കൂട്ടുജീവിതം നയിക്കുന്നതും ചിത്രീകരിച്ച ആശാൻ കലാപമെങ്കിലും ജാതിരഹിതസമൂഹത്തിലേക്കു വഴികാട്ടിയാവട്ടെ എന്നു പ്രതീക്ഷിച്ചിരിക്കാം.
- അക്കാലത്തെ ഇവിടത്തെ ഹിന്ദുസമൂഹം നേരിട്ട ഭീഷണികളിലൊന്നു് ഹിന്ദുമതവിരോധമായും മതപരിവർത്തനവാദമായും ചിലേടത്തു് തലപൊക്കിയ തീവ്രമായ ജാതിവിരുദ്ധസമരമാണു്. ക്ഷേത്രപ്രവേശനവാദം ആരംഭിക്കുന്ന കാലത്തു് ബ്രാഹ്മണക്ഷേത്രങ്ങൾ ബഹിഷ്ക്കരിക്കുക, സ്വന്തമായി ക്ഷേത്രങ്ങൾ സ്ഥാപിക്കുക, മതപരിവർത്തനം ചെയ്തു ഹിന്ദുക്കളല്ലാതാവുക തുടങ്ങിയ സമരമുറകളെപ്പറ്റിയായിരുന്നു എസ്. എൻ. ഡി. പി. നേതാക്കൾ ഏറെയും ചർച്ചചെയ്തിരുന്നതു്. കുമാരനാശാന്റെ അദ്ധ്യക്ഷതയിൽ 1921-ൽ വർക്കലയിൽ ചേർന്ന ഈഴവപ്രമാണികളുടെ യോഗം സവർണ്ണക്ഷേത്രങ്ങൾ ബഹിഷ്ക്കരിക്കണമെന്നു് പ്രമേയം പാസ്സാക്കിയതായി മന്നത്തു പത്മനാഭൻ (1878–1970) രേഖപ്പെടുത്തിയിട്ടുണ്ടു്. (എന്റെ ജീവിതസ്മരണകൾ—ഒന്നാംഭാഗം, 1964, പു. 133) അവർണ്ണൻ ബുദ്ധമതത്തിലേക്കാണോ സിക്കുമതത്തിലേക്കാണോ ക്രൈസ്തവതയിലേക്കാണോ ഇസ്ലാമിലേക്കാണോ മതം മാറേണ്ടതു് എന്നതു് ഇരുപതുകളിൽ ഇന്ത്യയിൽ ചൂടുപിടിച്ച ചർച്ചാവിഷയമായിരുന്നു. 1936-ൽ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിക്കുവാൻ മുൻകൈ എടുത്ത തിരുവിതാംകൂർ ദിവാൻ സി. പി. രാമസ്വാമി അയ്യരെ (1879–1966) അതിനു പ്രേരിപ്പിച്ച പ്രധാനവസ്തുത തിരുവിതാംകൂറിലെ ഈഴവർ ഒന്നിച്ചു് ക്രിസ്തുമതത്തിലേക്കു മതംമാറും എന്ന ഭീഷണിയായിരുന്നു.
- ആറു്:
- നാം ക്ഷേത്രപ്രവേശന വിളംബര(1936) ത്തിന്റെ അമ്പതാം വാർഷികം ആഘോഷിച്ചുകഴിഞ്ഞിട്ടും ആരാധനാസൗകര്യത്തിന്റെ കാര്യത്തിൽപോലും ഇവിടെ അവസരസമത്വം കൈവന്നിട്ടില്ല. ഹിന്ദുമതത്തിൽനിന്നു് വ്യത്യസ്തമായി. കൂട്ടപ്രാർത്ഥനക്കു സർവ്വപ്രാധാന്യം നൽകുന്ന ക്രിസ്തുമതവും ഇസ്ലാംമതവും ദേവാലയത്തിലെ കൂട്ടപ്രാർത്ഥനക്കു സർവ്വപ്രാധാന്യം നൽകുന്ന ക്രിസ്തുമതവും ഇസ്ലാംമതവും ദേവാലയത്തിലെ കൂട്ടപ്രാർത്ഥനയിൽനിന്നു് ചിലരെ ഒഴിച്ചുനിർത്തുകയാണു്: സർവ്വമതസ്ഥരേയും സ്വാഗതം ചെയ്യുന്ന ക്രിസ്ത്യൻ പള്ളികൾ സ്വന്തം മതക്കാരനായിത്തീർന്നിട്ടുപോലും അധഃകൃതനെ പന്തി തിരിച്ചു നിർത്തുന്നു. എല്ലാമതവിശ്വാസികൾക്കും പ്രവേശനമുള്ള ശബരിമലയിൽ ഹിന്ദുമത വിശ്വസിയാണെങ്കിൽപോലും യുവതിക്കു പ്രവേശനമില്ല. “സമത്വ”ത്തിന്റെ സിദ്ധാന്തവുമായി നിലകൊള്ളുന്ന ഇവിടത്തെ മുസ്ലീം പള്ളികളിൽ ഭൂരിപക്ഷവും സ്ത്രീക്കു് ഹറാമാണു്. ക്രിസ്ത്യൻപള്ളി അധഃകൃതനോടു കാണിച്ചതുതന്നെയാണു് മുസ്ലീംപള്ളി സ്ത്രീയോടു കാണിച്ചതു്. ഒരുകാലത്തു് അമ്പലങ്ങൾ അധഃകൃതനോടു കാണിച്ചതുതന്നെയാണു് മുസ്ലീംപള്ളി സ്ത്രീയോടു കാണിച്ചതു്. ഒരുകാലത്തു് അമ്പലങ്ങൾ അധഃകൃതനോടു കാണിച്ചതു് ഇന്നും ചില അമ്പലങ്ങൾ സ്ത്രീയോടു കാണിക്കുന്നു. കേരളീയ സമൂഹത്തിന്റെ തനിമകളിലൊന്നു് ‘കീഴ്’ജാതിക്കാരനോടും സ്ത്രീയോടും എല്ലാ രംഗങ്ങളിലും കാണിച്ചു പോരുന്ന ഇത്തരം വിവേചനം തന്നെയാണു്. ഒന്നോ രണ്ടോ സത്യാഗ്രഹസമരങ്ങളുടെ വായ്ത്തലകൊണ്ടു കൊയ്തുകളയാൻ പാകത്തിൽ ഒറ്റത്തലയുള്ളതല്ല, ‘ചിരംജീവി’യാകാൻ നോക്കുന്ന ഈ കേരളത്തനിമ. പരസഹസ്രം ശിരസ്സുകളും മുഖങ്ങളുമുള്ള ആ രാക്ഷസന്നെതിരായ ഒരു കുതിയാണു് ക്ഷേത്രപ്രവേശനസമരം.

ജാതിവൈരത്തിന്റെ മൂർത്തിയായി അവതാരം കൊണ്ടവനും പെറ്റമ്മയുടെ തല കൊയ്തവനുമായ ഒരു വീരന്റെ വെണ്മഴുവിൽ നിന്നു് ഉരുവം കൊണ്ടതായി പറഞ്ഞുവരാറുള്ള ഈ ഭാർഗ്ഗവ‘ക്ഷേത്രം’ ജാതിവൈരവും സ്ത്രീവിരോധവും നിലനിർത്തിപ്പോരുന്നതു് സ്വാഭാവികമാവാം. ആ ‘ചിരംജീവി’ത്വത്തിന്റെ തല കൊയ്യാൻ പാകത്തിൽ ഒരു വെണ്മഴു നാം എപ്പോഴാണു് കൈക്കലാക്കുക?

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.