നിങ്ങൾ ഒരു മാന്യനാണോ? അതെ എന്നായിരിക്കും ഉത്തരം, അല്ലെങ്കിൽതന്നെയും അങ്ങനെയാവാൻ കൊതിക്കുന്നവരോ ചുരുങ്ങിയ പക്ഷം അങ്ങനെ അവകാശപ്പെടാൻ താൽപര്യമുള്ളവരോ ആണു് നാം. ‘നല്ല പിള്ള’യാകാൻ മാന്യനാകണമല്ലോ.
പക്ഷേ, മാന്യത ആഗ്രഹംകൊണ്ടോ അവകാശവാദംകൊണ്ടോ ഉണ്ടാകുന്നതല്ല. മാന്യതയുടെ മാനദണ്ഡം സ്വഭാവം പോലുമല്ല. പണം, പണി, അധികാരം, രാഷ്ട്രീയസ്വാധീനം, ബന്ധുബലം തുടങ്ങി പലതും ചേർന്ന ‘സ്ഥാന’മാണു് മാന്യത തീരുമാനിക്കുന്നതു്. ഇതിൽ പ്രധാനഘടകം പണം തന്നെ.
പണക്കാരൻ മറ്റു പരിഗണനകളൊന്നും കൂടാതെ മാന്യനാണു്. പണമുണ്ടാക്കാൻ അവലംബിക്കുന്ന അവിഹിതമാർഗ്ഗങ്ങളൊന്നും അയാളുടെ മാന്യതയെ ബാധിക്കുകയില്ല. മദ്യപാനം, വിഷയാസക്തി തുടങ്ങിയവ ഏതെങ്കിലും രാഷ്ട്രീയ നേതാവിൽ കണ്ടാലും ഇന്നു് ആരും മിണ്ടുകയില്ല. അതൊക്കെ കണ്ടില്ലെന്നു് നടിക്കുകയാണു് നമുക്കു് ‘മാന്യത’. പക്ഷേ, ഇവയൊക്കെ ഒരു സാധാരണ ചെറുപ്പക്കാരനിൽ കണ്ടാൽ നാം വിടാൻ പാടില്ല! അതൊക്കെ അന്വേഷിക്കുവാനും പ്രചരിപ്പിക്കുവാനും നമ്മെപ്പോലെ മാന്യമാർക്കു് ‘ഒരു ധാർമ്മിക ബാധ്യത’ തന്നെയില്ലേ?
മാന്യതയുടെ മാനദണ്ഡത്തിൽ പ്രധാനം പണമാണു് എന്ന കാര്യത്തിൽ സംശയമുണ്ടോ? ഒരാൾ നടത്തിയ തട്ടിപ്പിനെപ്പറ്റിയുള്ള പത്രവാർത്ത വായിച്ചു. നോക്കൂ: ‘അന്തസ്സായി വസ്ത്രം ധരിച്ച,’ ‘മാന്യമായി വസ്ത്രം ധരിച്ച’, ‘കണ്ടാൽ മാന്യനെന്നു് തോന്നുന്ന’ തുടങ്ങിയ പ്രയോഗങ്ങളിൽ അയാളെ വിശേഷിപ്പിച്ചിരിക്കും. അന്തസ്സു് നിശ്ചയിക്കുന്നതു് വസ്ത്രമാകുന്നു! കണ്ടാൽ മാന്യനെന്നും വിശ്വസ്തനെന്നും തോന്നിക്കുവാൻ വിലകൂടിയ കുപ്പായം മതി! നല്ല കുപ്പായം ധരിക്കുവാൻ ശേഷിയില്ലാത്തവനു് അന്തസ്സും വിശ്വസ്തതയുമില്ല! ആ പത്രറിപ്പോർട്ടർക്കുള്ള ഈ ധാരണ നിങ്ങൾക്കും ഉണ്ടായതുകൊണ്ടാണു് തട്ടിപ്പുകാരനു് നിങ്ങളെ ‘തട്ടിക്കാൻ’ പറ്റിയതു്.
നമ്മുടെ കലാരൂപങ്ങളിൽ ദാരിദ്ര്യം പരിഹസിക്കപ്പെടുന്നു—കാവ്യങ്ങളിലും സിനിമയിലും നോവലിലും നാടകത്തിലും എല്ലാം. കൃഷ്ണഭക്തനായ കൃഷ്ണഗാഥാകാരൻ ദ്വാരകയിലെത്തുന്ന കുചേലന്റെ ദാരിദ്ര്യത്തെ ചിത്രീകരിക്കുന്നതു് എത്രമാത്രം പരിഹാസത്തോടെയാണു്! സ്വപ്നവാസവദത്തത്തിൽ ഭാസൻ വസന്തകന്റെ വിശപ്പിനെ കളിയാക്കുന്നു. വീട്ടുജോലിക്കാരുടെ പ്രേമവും വർത്തമാനവും നമ്മുടെ സിനിമകളിലെ സ്ഥിരം തമാശയാണു്. എന്തിനു്, ‘കൊടിയേറ്റ’ത്തിൽ ശങ്കരൻകുട്ടിയുടെ വിശപ്പിനെ കളിയാക്കിയിട്ടില്ലേ? ഇതൊക്കെ കണ്ടും കേട്ടും മാന്യന്മാരായ നാം ആർത്തു ചിരിക്കുന്നു!
പണക്കാരനു് ലഭിക്കുന്ന മാന്യത നമ്മുടെ ഒരു കടങ്കഥയിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. ‘വെള്ളമുണ്ടെങ്കിൽ വെള്ളമുണ്ടു് ’—മുണ്ടു് വെള്ളയാണെങ്കിൽ മാത്രമേ വെള്ളം കിട്ടൂ എന്നർത്ഥം.
വന്നുകഴിയുന്നതോടെ പണം വന്ന ഏതു മാർഗ്ഗവും മാന്യമായിത്തീരുന്നു. പണം ഉണ്ടാക്കാൻ ‘ചീത്ത’മാർഗ്ഗങ്ങളൊന്നുമില്ല! പക്ഷേ, ഒരു കാര്യം ശ്രദ്ധിക്കണം: ഏതു മാർഗ്ഗം സ്വീകരിച്ചാലും വിജയിച്ചിരിക്കണം. വിജയമാണു് മാന്യതയുടെ അടിത്തറ. ഇംഗ്ലീഷുകാർ പണ്ടേ പറയാറുള്ളതുപോലെ ‘വിജയത്തെ മറ്റൊന്നും വിജയിക്കുന്നില്ല.’ മാനം കെട്ടും പണം നേടിയാൽ മാനക്കേടു് ആ പണം തീർത്തുകൊള്ളും.
ദാരിദ്ര്യം എപ്പോഴും നമ്മുടെ അന്തസ്സിന്മേൽ ചെളി തെറിപ്പിക്കുന്നു. പഴകിയ ചെരിപ്പുകൾ, നിറം മങ്ങിയ കുപ്പായം—എല്ലാം സാധാരണ മനുഷ്യരിൽ അപകർഷതയുണ്ടാക്കുന്നു.
ഇത്തരം സാധാരണ കാര്യങ്ങൾ പോകട്ടെ. കലാസ്വാദനത്തിന്റെ ‘നിലവാരം’ നിശ്ചയിക്കുന്നതുപോലും പണമായാലോ? വല്ല ആളുകളുമല്ല, പ്രാമാണികരായ സിനിമാനിരൂപകർ തന്നെ ‘തറ ടിക്കറ്റുകാരുടെ കൈയടി വാങ്ങുന്ന’, ‘തറ ടിക്കറ്റുകാരെ ഹരം പിടിപ്പിക്കുന്ന,’ ‘ലോ ക്ലാസ്സിന്റേതു മാത്രമായ’ തുടങ്ങിയ വാക്യങ്ങളിലാണു് സിനിമയെ ചീത്ത പറയുന്നതു്. കൂടിയ ടിക്കറ്റെടുത്തവനൊക്കെ കൂടിയ ആസ്വാദനനിലവാരമുണ്ടു് എന്നായിരിക്കണമല്ലോ ഇതിനർത്ഥം! കാൽനടയാത്രക്കാരൻ എന്നർത്ഥമുള്ള ‘പെഡസ്ട്രിയൻ’ എന്ന വാക്കു് നിലവാരം കുറഞ്ഞതു് എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ഇംഗ്ലീഷുകാരന്റേയും മനോഭാവം ഇതുതന്നെ. ‘പൂവർ പെർഫോമൻസ് ’ എന്ന പദംകൊണ്ടു് ദരിദ്രന്റെ പ്രകടനം എന്നല്ല, മോശമായ പ്രകടനം എന്നാണു് സായ്പ് അർത്ഥമാക്കുന്നതു്! ദരിദ്രന്റെ എന്തും മോശമായിരിക്കും എന്നു വ്യംഗ്യം!
മാന്യതയുടെ മാനദണ്ഡം ഇപ്പറഞ്ഞതൊക്കെ ആയതുകൊണ്ടു് നാം എല്ലാ കാര്യത്തിലും മേൽജാതിക്കരെയും പണക്കാരെയും അനുകരിക്കുവാൻ ശ്രമിക്കുന്നു; അങ്ങനെ മാന്യന്മാരാകുവാനും: കപ്പക്കിഴങ്ങു് അതിഥിക്കു് ഇഷ്ടമാണെങ്കിൽ തന്നെ അതു് അയാളുള്ളപ്പോൾ വിളമ്പുവാൻ ഞാൻ വീട്ടുകാരിയെ അനുവദിക്കുകയില്ല. അതിഥിയുള്ള ദിവസം സാധാരണ ചെയ്യാറുള്ളതുപോലെ ഉമിക്കരികൊണ്ടല്ല ഞാൻ പല്ലു തേക്കുന്നതു്; എന്റെ ടൂത്ത് പേസ്റ്റും ബ്രഷും അത്തരം സന്ദർഭങ്ങളിലേക്കു് പ്രത്യേകം കരുതിവെച്ചതാകുന്നു.
അധികാരവും മാന്യതയാണു്. ഇംഗ്ലീഷുകാർ ഇവിടെ മാന്യന്മാരായിരുന്നുവല്ലോ. അവരുടെ ഭക്ഷണ-ഭാഷണ സമ്പ്രദായങ്ങളും ഉടുപുടവകളും ഗൃഹാലങ്കാരരീതികളും അനുകരിച്ചു് നാം മാന്യത നേടി! ഇന്നത്തെ കാലത്താണെങ്കിൽ മന്ത്രിയും എം. എൽ. എ.-യും മാത്രമല്ല, സ്ഥലത്തെ പ്രധാന രാഷ്ട്രീയക്കാരനും മാന്യനത്രെ. സ്ഥലം എസ്. ഐ. എത്ര ദുഷ്ടനാണെങ്കിലും അയാൾ ഒരു മാന്യനാണു്. കല്യാണച്ചെലവിനു് പണം കടം തന്നു് സഹായിച്ച ബാങ്ക് മാനേജരെ അതേ കല്യാണത്തിനു് ക്ഷണിക്കാൻ നിങ്ങൾ മറന്നുപോയേക്കാം. പക്ഷേ, എസ്. ഐ.-യെ വിളിക്കാൻ മറന്നുപോവുകയില്ല. ബാങ്ക് മാനേജരുടെ അധികാരം നിങ്ങൾക്കു് ഉപകാരം ചെയ്യാനേ പറ്റൂ. എസ്. ഐ. വിചാരിച്ചാൽ നിങ്ങളെ ഉപദ്രവിക്കാൻ പറ്റും യഥാർത്ഥ അധികാരം ആർക്കാണെന്നു് വ്യക്തമായില്ലേ? സ്ക്കൂൾ ഹെഡ്മാസ്റ്ററേക്കാൾ മാന്യൻ സ്കൂൾ മാനേജരാണെന്നതിൽ വല്ല സംശയവുമുണ്ടോ? ഹെഡ്മാസ്റ്ററുടേയും ബഹുമാനം നേടുന്ന വ്യക്തിയാണല്ലോ, ആ മാനേജർ!
ഇത്തരം മാന്യതയുടെ പ്രധാന സവിശേഷതയാണു് അന്യരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കൽ. കേൾക്കുമ്പോൾ നിർദ്ദോഷമെന്നും സദ്ഗുണമെന്നുപോലും തോന്നിക്കുന്ന ഈ ഇടപെടാതിരിക്കൽ സമൂഹത്തിലെ മേലെ അട്ടിയുടെ പല സാമർത്ഥ്യങ്ങളിൽ ഒന്നാണു്. തൊട്ടുമുമ്പിൽ എന്തക്രമം കണ്ടാലും കണ്ടില്ലെന്നു് വെയ്ക്കലാണതു്. ബസ്സിൽ നിങ്ങളുടെ തൊട്ടിരിക്കുന്ന ഒരു വൃദ്ധനോടോ, കുട്ടിയോടോ ബസ്സ് കണ്ടക്ടർ മര്യാദകേടായി പെരുമാറി എന്നു വെക്കുക. നിങ്ങൾ മിണ്ടുകയില്ല. ഈ മര്യാദകേടു് നിങ്ങളുടെ നേരെവരുന്നതുവരെ മിണ്ടാതിരിക്കൻ മാത്രം നിങ്ങൾ മാന്യനാണു്. അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നതു് മോശമല്ലയോ?
ഇക്കണ്ടതിന്റെ വളർന്നുവലുതായ രൂപമാണു് നമ്മുടെ നാട്ടിൽ മാന്യന്മാർ അന്യരുടെ ജീവിതപ്രശ്നങ്ങളിൽ നിത്യവും കാണിച്ചുവരുന്ന ഉദാസീനത. ചാലിയാറിലെ ജലമലിനീകരണം സ്വന്തം തൊടിയിൽ പ്രശ്നമുണ്ടാക്കും വരെ ഞാനും നിങ്ങളും മിണ്ടാതിരിക്കും. അതിനെപ്പറ്റിയുള്ള പത്രവാർത്തപോലും നാം വായിച്ചുതീർക്കുകയില്ല. ബസ്റൂട്ട് ദേശസാൽക്കരണം കാരണമായി വയനാട് റൂട്ടിലെ ആളുകൾ നിത്യവും അനുഭവിക്കുന്ന യാത്രാദുരിതത്തെപ്പറ്റി ആ വഴിക്കു് കാറിലും ജീപ്പിലും യാത്രചെയ്യുന്ന എത്രപേർ ആലോചിക്കാറുണ്ടു്? മന്ത്രിമാർക്കും എം. എൽ. എ.-മാർക്കും ആ റൂട്ടിൽ നിത്യവും ബസ്സിൽ യാത്രചെയ്യേണ്ടി വന്നിരുന്നുവെങ്കിൽ ആ ദുരിതം എന്നേ ഒടുങ്ങുമായിരുന്നു!
എന്തനീതി കണ്ടാലും ‘മൈൻഡ് യുവർ ഓൺ ബിസിനസ്സ്’ എന്ന തിരുമൊഴി അനുസരിച്ചു് നാം അടങ്ങിയിരിക്കും. എന്നിട്ടും നാം മാന്യരാണു് എന്നതിലേറെ, ഈ അടങ്ങിയിരിക്കലാണു് നമ്മുടെ മാന്യത എന്നുവന്നതാണു് കഷ്ടം. ഇത്തരത്തിൽ ഓരോ ദിവസവും വാക്കിലും പ്രവൃത്തിയിലും നാം കാണിക്കാറുള്ള കുറ്റകരമായ മൗനത്തെപ്പറ്റി ഓർത്തുനോക്കുക; അടിയന്തിരാവസ്ഥക്കാലത്തു് നമ്മളിൽ മിക്കവരും അനുഷ്ഠിച്ചുപോന്ന ‘മാന്യമായ മൗനം’ എത്ര വലിയ കുറ്റകൃത്യം ആയിരുന്നു എന്നും.
ഈ തരത്തിലുള്ള ‘മാന്യത’യുടെ അസ്തിവാരം മനുഷ്യത്വമല്ല, സ്വാർത്ഥതയാണു്. ചുറ്റിലും ഇരമ്പുന്ന കാര്യങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി തൻകാര്യം മാത്രം നോക്കിനടക്കാനുള്ള എന്റെ മിടുക്കിനെയാണു് സത്യത്തിൽ നിങ്ങൾ ‘മാന്യത’ എന്നു വിളിക്കുന്നതു്. ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന ഈ തത്വശാസ്ത്രം ജന്മസിദ്ധമായ അതിന്റെ മിടുക്കുകൊണ്ടു് എടുത്തണിഞ്ഞ ആട്ടിൻതോലാണു് ‘മാന്യത’.
‘മാനം മര്യാദ’ ചുറ്റുമുള്ളവരുടെ കാര്യത്തിൽ നമ്മെ അന്യരാക്കുന്നതുപോലെ പലപ്പോഴും നമ്മെ നമ്മളല്ലാതാക്കുന്നു. കാലുകഴച്ചാലും ബസ്സ് സ്റ്റാന്റിൽ കുന്തിച്ചിരിക്കുവാനും കടല കൊറിക്കുവാനും വഴിയരുകിൽ ഇഷ്ടപ്പെട്ട പാട്ടു് കേട്ടു നിൽക്കുവാനും മാന്യന്മാരായ നമുക്കു് സ്വാതന്ത്ര്യമില്ലല്ലോ. ഓട്ടോറിക്ഷകാരൻ അന്യായക്കൂലി ചോദിച്ചാൽ ഉള്ളിൽ പിരാകിക്കൊണ്ടു് അതുകൊടുത്തു് നമ്മുടെ മാന്യത തലയും കുമ്പിട്ടു വീട്ടിലേക്കു നടക്കുന്നു. അവനോടൊക്കെ വർത്തമാനം പറയാൻ നിന്നാൽ പൊയ്പോവുന്നതു് നമ്മുടെ മാന്യതയാണു്. അന്യായത്തിനു് ഇരയായാലും മൗനമാണല്ലോ മാന്യനു് ഭൂഷണം! ദേഷ്യപ്പെടേണ്ടാത്തിടത്തു് ദേഷ്യപ്പെടുന്നതുപോലെ ചീത്തയല്ലേ, ദേഷ്യപ്പെടേണ്ടിടത്തു ദേഷ്യപ്പെടാതിരിക്കുന്നതും?
നിങ്ങളുടെ മേലധികാരി ആപ്പീസ് ചെലവുകളിൽ നിന്നു് അല്പസ്വല്പം ‘അഡ്ജസ്റ്റ് ചെയ്യുന്ന’ ആളാണു്—അതായതു് അയാൾ ഒരു കള്ളനാണെന്നു്. ഈ കളവുകൾക്കു് നിങ്ങൾ മൂകസാക്ഷിയാവുന്നു; ചിലപ്പോഴൊക്കെ അറിഞ്ഞും അറിയാതെയും സഹായി ആയും തീരുന്നു. ഇക്കാര്യം അയാളോടു് നേരിട്ടു് ചോദിക്കുന്നതു് മാന്യതക്കുറവാകുന്നു! വേണമെങ്കിൽ അതു സ്വകാര്യമായി പ്രചരിപ്പിക്കാം! ഈ ലേഖനം ആക്ഷേപിക്കുന്നതു് അതു നേരിട്ടു് പറയാനുള്ള തന്റേടാക്കുറവിനെയല്ല, ആ തന്റേടക്കുറവിനെ ഒരു മൂല്യമായി എണ്ണുന്ന വിവരമില്ലായ്മയെയാണു്.
‘മാന്യത’ ആവശ്യപ്പെടുന്നതു് നിങ്ങൾക്കു് ദോഷങ്ങളുണ്ടാവരുതു് എന്നല്ല, ആ ദോഷങ്ങൾ പരസ്യമാക്കരുതു് എന്നാണു്. ‘കള്ളു് കുടിച്ചോളൂ, തൊണ്ടു് കഴുത്തിൽ കെട്ടരുതു്’ എന്നു്.
ഗാന്ധിജി, ഇപ്പറഞ്ഞ എല്ലാതരം മാന്യതയെയും വെല്ലുവിളിച്ചു. “അന്തസ്സു് കുറഞ്ഞ” അദ്ദേഹത്തിന്റെ വേഷം വിൻസ്റ്റൺ ചർച്ചിൽ എന്ന മാന്യനെ ചൊടിപ്പിച്ചു. സ്വയം വരിച്ച ദാരിദ്ര്യത്തിലൂടെ ദാരിദ്ര്യത്തിൽ ലജ്ജിക്കാനൊന്നുമില്ലെന്നു് ഇന്ത്യയിലെ ദരിദ്രകോടികളെ അദ്ദേഹം ബോധ്യപ്പെടുത്തി. പണവും അധികാരവും ജാതിയും സൃഷ്ടിക്കുന്ന ‘മാന്യത’ വാഴ്ചനടത്തിയിരുന്ന ബ്രിട്ടീഷിന്ത്യയിൽ ഇല്ലാത്തവന്റെ ശിരസ്സു് ഉയർത്തിനിർത്തിയതു് ഗാന്ധിജിയാണു്. “കാടി മൂടിക്കുടിക്കണം” എന്നദ്ദേഹത്തിനു് തോന്നിയില്ല.
പെരുമാറ്റവും വർത്തമാനവുമൊക്കെ വായിൽത്തോന്നും പോലെ മതി എന്നാണോ? അല്ല. മറ്റുള്ളവരുടെ മാനസിക നിലയും സൗകര്യങ്ങളുമൊക്കെ തീർച്ചയായും പരിഗണിക്കേണ്ടതു തന്നെ. അക്കൂട്ടത്തിൽ പ്രഥമപരിഗണന ന്യായത്തിനും നീതിക്കും നൽകണമെന്നു മാത്രം—അന്യായം ചെയ്യുന്നവന്റെ മനോവിഷമം കണക്കാക്കരുതെന്നു്. ഇടത്തേ കവിളത്തു് അടിച്ചാൽ വലത്തേ കവിളും കാണിച്ചുകൊടുക്കാൻ ഉപദേശിച്ച കരുണാമയനായ ക്രിസ്തു ദേവാലയത്തിൽനിന്നു് കൊള്ളരുതാത്തവരെ അടിച്ചോടിച്ചതിന്റെ അർത്ഥം അതാകുന്നു. വേശ്യകളെയും കുഷ്ഠരോഗികളെയും മുക്കുവരെയും ഒപ്പം കൂട്ടിയപ്പോൾ ക്രിസ്തുവിന്റെ ‘മാന്യത’ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ക്രിസ്തു മാത്രമല്ല, ചരിത്രത്തിൽ ഇന്നു് യോഗ്യരായി അറിയപ്പെടുന്ന എല്ലാ വ്യക്തികളും അതതു കാലത്തെ ‘മാനംമര്യാദ’യെ പൊളിച്ചെഴുതിയവരാണു്.
മാന്യത എപ്പോഴും നിലവിലുള്ള വ്യവസ്ഥിതിയെ അതേപടി അംഗീകരിക്കുന്നു. യഥാ സ്ഥിതി തഥാ—അതാണു് യാഥാസ്ഥിതികത. അച്ചടക്കവും അനുസരണവും വിശുദ്ധപാഠങ്ങളാക്കി പുതുതലമുറക്കു് ഓതിക്കൊടുക്കുകയാണു് അതിന്റെ ധർമ്മം. “നാവടക്കൂ” എന്നതാണതിന്റെ മന്ത്രം. മറ്റുള്ളവരെ തിരിഞ്ഞുനോക്കാതെ, കവിഞ്ഞ ആഹ്ലാദവും അഭിനന്ദവും പുറത്തു കാട്ടാതെ, മനുഷ്യരോടു് ഇടപഴകുന്നതിൽ ക്രൂരവും കൃത്രിമവുമായ നിബന്ധനകൾ പാലിച്ചുകൊണ്ടാണു് ‘മാന്യത’ പുലർന്നുപോരുന്നതു്.
ഇത്തരം മാന്യത ഒരടച്ച വാർപ്പാണു്. ജീവനുള്ള മനുഷ്യൻ അതിൽ വീർപ്പുമുട്ടി മരിക്കുന്നു. അതിൽ വീർപ്പുമുട്ടാത്തവനാകട്ടെ, മരിച്ചിട്ടു് വർഷങ്ങളായി.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.