മങ്കട അബ്ദുൽഅസീസ് മൗലവി എന്നെ അമ്പരിപ്പിച്ച സംഭവങ്ങളിൽ പ്രധാനം, ഏതോ അറബി പണ്ഡിതനെ ആദരിക്കുവാൻ കോഴിക്കോട് അളകാപുരിയിൽ എം. ഇ. എസ്. സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം അറബിയിൽ പ്രസംഗിച്ച രംഗമാണു്. 1977-ലാണു്. നാട്ടിൽ പാർക്കുന്ന ഒരു മലയാളി അങ്ങനെ പച്ചവെള്ളംപോലെ അറബിയിൽ പ്രസംഗിക്കുന്നതു് കേട്ടു് ഞാൻ തൊള്ളകാട്ടി ഇരുന്നുപോയി!
പിന്നീടാണു് ഞാൻ മനസ്സിലാക്കിയതു്, കമ്മാലി മുസ്ലിയാർ എന്നു പേരായ മതപണ്ഡിതന്റെ മകനാണദ്ദേഹം. ഫറോക്കിലെ റൗദത്തുൽ ഉലൂമിൽ നിന്നു് അഫ്ദലൂൽ ഉലമയും അലീഗഡിൽ നിന്നു് അറബി എം. എ.-യും പാസായിട്ടുണ്ടു്. ഇതിനെക്കാളൊക്കെ പ്രധാനം പഴയതും പുതിയതുമായ അറബി ഗ്രന്ഥങ്ങൾ വായിച്ചുപഠിക്കുന്ന കുട്ടിക്കാലത്തെ ശീലം എവിടെയും മറന്നുവെച്ചില്ല എന്നതാണു്. മമ്പാട് എം. ഇ. എസ്. കോളെജിൽ അറബി അധ്യാപകനായിരിക്കുമ്പോഴും അതിനു് മുമ്പും പിമ്പും എല്ലാം അറബി ഭാഷ മൂപ്പരുടെ കൂടെയുണ്ടു്. പ്രവാചകന്റെ കാലത്തെ അറബി എന്ന പോലെ ആധുനികകാലത്തെ അറബിയും നല്ല വശമാണു്.
വലിയ വായനക്കാരനായിരുന്ന മൗലവിയുടെ വ്യക്തിത്വത്തിലെ ശ്രദ്ധേയമായ ഭാഗം ഇംഗ്ലീഷ് പാണ്ഡിത്യമാണു്. സ്ഥിരമായി ‘ഹിന്ദു’ പത്രം വായിക്കുന്ന അറബി പ്രൊഫസറാണദ്ദേഹം. ഇസ്ലാമിക ചിന്തകളുമായി ബന്ധപ്പെട്ട ആധുനികധാരകൾ മൗലവി മനസ്സിലാക്കിയതു് അധികവും ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെയാണു്. ഇക്കൂട്ടത്തിൽ മലയാളഗ്രന്ഥങ്ങളുടെ പാരായണവും നടക്കും—നോവലുകളും കഥകളും ഇടയ്ക്കു് കവിതകളുമെല്ലാം. ലേഖനങ്ങളിലാണു് അധികം കമ്പം.
അറബിയും ഇംഗ്ലീഷും മലയാളവും ഒരുപോലെ നിത്യവും പെരുമാറുന്ന ഇസ്ലാമിക പണ്ഡിതൻ എന്നതു് കേരളത്തിൽ ഒരപൂർവ കാഴ്ചയാണു്. നമ്മൾ പേരു് കേട്ടിട്ടുള്ള ഇസ്ലാമിക പണ്ഡിതന്മാരിൽ മിക്കവർക്കും ഇംഗ്ലീഷ് അറിഞ്ഞുകൂടാ, അല്ലെങ്കിൽ പേരിനു് മാത്രമേ അറിഞ്ഞുകൂടു. അവരിൽ പലർക്കും മലയാളസാഹിത്യം പരിചയമില്ല.
മതത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും സംബന്ധിച്ച മൗലവിയുടെ സങ്കല്പങ്ങളെ ഈ മൂന്നു ഭാഷകളിലൂടെയും വന്നെത്തിയ കാഴ്ചപ്പാടുകൾ സ്വാധീനിച്ചിട്ടുണ്ടു്. ഇസ്ലാമിന്റെ പാരമ്പര്യത്തെ സംബന്ധിച്ച വിജ്ഞാനം അറബിയിൽ നിന്നു്; പുതിയ കാലത്തിന്റെ നോട്ടപ്പാടുകൾ ഇംഗ്ലീഷിൽനിന്നു്; പ്രാദേശികമായ സ്വന്തം സാഹചര്യങ്ങളെ തിരിച്ചറിയുന്ന വിവേകം മലയാളത്തിൽ നിന്നു്. ഇത്തരം വായനയും ആലോചനയും യാത്രയും വിദ്യാഭ്യാസ പ്രവർത്തനവുമാണു് തികച്ചും വ്യത്യസ്തനായ മതപണ്ഡിതനായി മങ്കടയെ രൂപപ്പെടുത്തിയതു്.
മുസ്ലീം ലീഗ് നേതാവു് മുഹമ്മദാലി ജിന്ന യായിരുന്നു രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ ആദർശപുരുഷൻ. പാകിസ്താൻ രൂപീകരണത്തെ അദ്ദേഹം കണ്ടിരുന്നതു് അന്നത്തെ സാഹചര്യത്തിൽ ഒഴിവാക്കാനാവാത്ത ദുരന്തം എന്ന നിലയിലാണു്. ആധുനിക വിദ്യാഭ്യാസം, സാമുദായിക പരിഷ്കരണം മുതലായവയിൽ അടിയുറച്ച വിശ്വാസമുള്ള ആളായിരുന്നു. താൻ പ്രവർത്തിച്ചതു് അധികവും വിദ്യാഭ്യാസരംഗത്താണു്. എം. ഇ. എസിന്റെ മുന്നണിയിലുണ്ടായിരുന്ന മതപണ്ഡിതൻ മൗലവിയാണു്. ആശയം കൊണ്ടു് ലീഗുകാരനായിട്ടും ഒരിടയ്ക്കു് ലീഗും എം. ഇ. എസും തമ്മിൽ തെറ്റിയപ്പോൾ മൗലവി എം. ഇ. എസിന്റെ ഭാഗത്തു നിന്നു. എം. ഇ. എസ്. മുസ്ലിം സമുദായത്തിനു് തുറന്നുകൊടുക്കാനാഗ്രഹിച്ച ആധുനിക വിദ്യാഭ്യാസത്തിന്റെ മേഖല വളരെ പ്രധാനമാണു് എന്നു് വിശ്വസിച്ചിരുന്ന അദ്ദേഹം ജീവിതത്തിലെ പ്രധാനപ്പെട്ട കാലം ചെലവഴിച്ചതു് എം. ഇ. എസിനു വേണ്ടിയാണു്—മമ്പാട് എം. ഇ. എസ്. കോളേജിലെ പ്രിൻസിപ്പൽ പദവി അതിനു് ഏറെ സൗകര്യമൊരുക്കി.
ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ ആധുനിക രാഷ്ട്രീയമൂല്യങ്ങളെപ്പറ്റി പഠിച്ചുറപ്പിച്ച ഈ പണ്ഡിതൻ ഇസ്ലാമിക രാഷ്ട്രവാദക്കാരായ ജമാഅത്തെ ഇസ്ലാമിക്കാരെ തുടക്കംതൊട്ടേ നിശിതമായി വിമർശിച്ചുപോന്നു. ജമാഅത്തുകാർ മലയാളത്തിൽ നേരിട്ട വിമർശകരിൽ പ്രധാനികൾ രണ്ടു് മതപണ്ഡിതന്മാരാണു്. ഒന്നു്: കെ. ഉമർ മൗലവി. രണ്ടു്: മങ്കട അബ്ദുൽ അസീസ് മൗലവി. ജമാഅത്ത് വിമർശനം ജീവിതദൗത്യമായി എടുത്തിരുന്ന ഉമർ മൗലവിയെക്കാൾ ജമാഅത്തുകാരെ സ്വൈരം കെടുത്തിയിരുന്നതു് മങ്കടയാണു്. ഉമർ മൗലവിക്കു് പിൻബലം വേദഗ്രന്ഥമായ ഖുർആൻ, നബിചര്യാരേഖകളായ ഹദീസ് മുതലായവയായിരുന്നു. മങ്കടക്കു് അക്കൂട്ടത്തിൽ ആധുനികരാഷ്ട്രീയ ചിന്തകളുടെ കൈത്താങ്ങു് ഉണ്ടാകും. ഉമർ മൗലവി ഇബാദത്ത് (ആരാധന) എന്ന പദത്തിന്റെ വ്യാഖ്യാനത്തിലൂടെ അബുൽ അഅ്ലാ മൗദൂദിയുടെ മതരാഷ്ട്രവാദത്തെ എതിർക്കുമ്പോൾ മങ്കട ആധുനിക രാഷ്ട്രസങ്കല്പമായ ജനാധിപത്യത്തിന്റെ നോട്ടപ്പാടിൽ നിന്നുകൊണ്ടു് മൗദൂദിയുടെ നിലപാടു് എങ്ങനെ ഇസ്ലാമിക വിരുദ്ധമായിത്തീരുമെന്നു് വ്യാഖ്യാനിക്കും. ഉമർ മൗലവിക്കു് മറുപടി കൊടുക്കാൻ എളുപ്പമാണു്. മങ്കടക്കു് മറുപടി കൊടുക്കാൻ ആ എളുപ്പം കിട്ടില്ല. 1970 കാലത്തു് നിരീക്ഷണം മാസികയിൽ ‘ജമാഅത്തെ ഇസ്ലാമി വിമർശിക്കപ്പെടുന്നു’ എന്ന തലക്കെട്ടിൽ അസീസ് മൗലവി എഴുതിയ പഠനമാണു് മലയാളത്തിലെ ആദ്യത്തെ ജമാഅത്ത്ഖണ്ഡനം. എം. ജമാൽ എന്ന തൂലികാനാമത്തിലാണു് ഇതെഴുതിയതു്. അദ്ദേഹത്തിന്റെ അവസാനകാലത്തെ ലേഖനങ്ങളിൽ പ്രധാനപ്പെട്ടതും ജമാഅത്ത്ഖണ്ഡനമാണു്—എം. എ. കാരപ്പഞ്ചേരി എഡിറ്റു ചെയ്തിറക്കിയ ‘മതരാഷ്ട്രവാദം’ എന്ന ലേഖനസമാഹാരത്തിനുവേണ്ടി എഴുതിയ പഠനം. ‘ഇസ്ലാമികരാഷ്ട്രം’ എന്ന സങ്കല്പത്തെ ആയുഷ്ക്കാലം മുഴുവൻ അദ്ദേഹം എതിർത്തു എന്നർഥം. എന്റെ ധാരണ ശരിയാണെങ്കിൽ ജമാഅത്തെ ഇസ്ലാമിയെ ‘മൗദൂദിസം’ എന്നും ജമാഅത്തെ ഇസ്ലാമിക്കാരനെ ‘മൗദൂദിസ്റ്റ്’ എന്നും കേരളത്തിൽ ആദ്യം വിളിച്ചതു് മങ്കടയാണു്.
ജമാഅത്തുകാർ മൗലവിക്കു് മറുപടി പറയുമ്പോൾ പരിഹസിക്കുവാൻ ഉപയോഗിച്ചിരുന്ന പേരു് ‘മോഡേണിസ്റ്റ് മൗലവി’ എന്നാണു്. കാരണം 1970-ൽ കോഴിക്കോട്ട് ‘ഇസ്ലാം ആൻഡ് മോഡേൺ ഏജ് സൊസൈറ്റി’ക്കു് രൂപംകൊടുത്തവരിൽ ഒരാൾ മങ്കടയാണു്. ഒന്നരക്കൊല്ലം കൊണ്ടു് നിലച്ചുപോയ ആ ലഘുപ്രസ്ഥാനം മുസ്ലീങ്ങളുടെ മതനിയമങ്ങൾ (ശരീഅത്ത്) കാലോചിതമായി പരിഷ്കരിക്കണമെന്നു് വാദിച്ചിരുന്നു. അന്നു് ആ സൊസൈറ്റി മുന്നോട്ടുവെച്ച ശരീഅത്ത് പരിഷ്കരണത്തിന്റെ ആശയങ്ങൾ പ്രസംഗിച്ചതിനും എഴുതിയതിനും മൗലവി പില്ക്കാലത്തു് എന്നെ വിമർശിച്ചിട്ടുണ്ടു്. ഇതൊക്കെ നിങ്ങളൊക്കെ നേരത്തെ പറഞ്ഞതല്ലേ എന്നു് ന്യായം ചോദിച്ച എന്നോടു് വിശദീകരിച്ചു:
“ഈ പറയുന്നതൊക്കെ ശരിയാണോ അല്ലയോ എന്നതല്ല ഇവിടെ പ്രശ്നം. ഇതു് പറയാനും കേൾക്കാനും ഈ സമുദായം പാകപ്പെട്ടിട്ടുണ്ടോ എന്നതാണു്. വേറൊരു കാര്യം—നിങ്ങൾക്കു് ഈ സമുദായത്തിന്റെ പുറത്തുനിന്നു് ഇതിനെ പരിഷ്കരിക്കുവാൻ കഴിയില്ല. ഇതിന്റെ കൂടെ നില്ക്കണം. അപ്പോൾ പത്തു് കാര്യം നിങ്ങൾ പറഞ്ഞാൽ അഞ്ചോ ആറോ കാര്യം സമുദായം കേൾക്കും. ഇല്ലെങ്കിൽ ഒരു കാര്യവും കേൾക്കില്ല.”
മങ്കട സാമുദായികപ്രസ്ഥാനങ്ങളിൽ അണിചേർന്നതും സാമുദായികസ്ഥാപനങ്ങളിൽ ജോലിചെയ്തതും ഈ കാഴ്ചപ്പാടോടുകൂടിയാണു്.
അറേബ്യയിലും ഈജിപ്തിലുമുള്ള പുരോഗമനാശയക്കാരോടായിരുന്നു മൗലവിക്കു് മാനസികമായി അടുപ്പം. ഇബ്നുത്തീമിയ, മുഹമ്മദ് ഇബ്നു അബ്ദിൽവഹ്ഹാബ് മുതലായവരുടെ ഗ്രന്ഥങ്ങൾ അദ്ദേഹം മനസ്സിരുത്തി പഠിച്ചിരുന്നു. മുഹമ്മദ് അബ്ദു, റശീദ് രിദ മുതലായ പരിഷ്കർത്താക്കളുടെ നിലപാടുകളെപ്പറ്റിയാണു് അധികവും സംസാരിച്ചിരുന്നതു്. മൗദൂദി, ഹസനുൽ ബന്ന, മുഹമ്മദ് ഖുതുബ്, സയ്യിദ് ഖുതുബ് മുതലായവരുടെ ഇസ്ലാമികരാഷ്ട്രസങ്കല്പത്തിനു് അദ്ദേഹം എതിരായിരുന്നു. അവരുടെ ‘ജിഹാദ്’ സങ്കൽപത്തെ അദ്ദേഹം കളിയാക്കിപ്പോന്നു. ഈജിപ്തിലെ ഇഖ്വാനുൽ മുസ്ലിമൂൻ (മുസ്ലിം ബ്രദർ ഹുഡ്)എന്ന പ്രസ്ഥാനത്തെ ജമാഅത്തെ ഇസ്ലാമിയെ എന്നപോലെ മൗലവി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ അബുൽകലാം ആസാദി ന്റെ മാർഗമല്ല, മുഹമ്മദലി ജിന്ന യുടെ മാർഗമാണു് ശരി എന്നു് അദ്ദേഹം വിശ്വസിച്ചു!
മൗലവിയോടു് തർക്കിക്കാൻ ബഹുരസമാണു്. നർമബോധത്തിൽ കുതിർന്ന ആ വർത്തമാനത്തിൽ നിങ്ങളൊരിക്കലും മുഷിയില്ല. പ്രായഭേദമില്ലാതെയാണു് പെരുമാറ്റം. 20 വയസ്സ് കുറഞ്ഞ എന്നോടു് സമപ്രായക്കാരനോടു് എന്നപോലെയാണു് വർത്തമാനം പറഞ്ഞിരുന്നതു്. എതിരഭിപ്രായം കേട്ടാൽ ദേഷ്യം പിടിക്കുന്നതിനു പകരം ഹരം പിടിക്കുന്ന തരമാണു് അദ്ദേഹം. അതുകൊണ്ടു് ലോഹ്യം കുറയുകയില്ല. അറബിഭാഷ, സാഹിത്യം, ഇസ്ലാമികശരീഅത്ത് മുതലായവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു് ഞങ്ങളിൽ പലരും സ്ഥിരമായി വിളിച്ചുകൊണ്ടിരിക്കുന്നതു് മങ്കടയെയാണു്. ഏതു സംശയവും ഒരു നിമിഷം കൊണ്ടു് തീർന്നുകിട്ടും. കൂട്ടത്തിൽ ഒന്നു രണ്ടു തമാശയും ആസ്വദിക്കാം.
വ്യക്തിപരമോ കുടുംബപരമോ ആയ കാര്യങ്ങളെപ്പറ്റി അപൂർവമായേ സംസാരിച്ചു കേട്ടിട്ടുള്ളൂ. വർത്തമാനമെല്ലാം എപ്പോഴും പൊതുകാര്യങ്ങളെപ്പറ്റിയാണു്. മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ, അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, വർഗീയത, മതമൗലികവാദം, മതതീവ്രവാദം, രാഷ്ട്രീയക്കാരുടെ കൊള്ളരുതായ്മകൾ, സ്ത്രീകളുടെ ദുരവസ്ഥകൾ… അതങ്ങനെ ഒഴുകിപ്പരന്നുപോകും. ധാർമികരോഷം കഠിനമായ പരിഹാസത്തിൽ കലർത്തിയാണു് ആവിഷ്കരിക്കുക. മതപൗരോഹിത്യത്തെ കളിയാക്കുവാൻ ഒരു പ്രത്യേക വാസനയുണ്ടായിരുന്നു. സാമൂഹ്യക്ഷേമവും സമുദായപരിഷ്കരണവുമായിരുന്നു മൗലവിയുടെ ആധികൾ. യാത്രകളെപ്പറ്റിയുള്ള വർത്തമാനങ്ങളിലധികവും കേട്ടിരുന്നതു് മലബാറിന്റെ പിന്നോക്കാവസ്ഥയുടെ വർണനകളാണു്.
ആ മുഖം എപ്പോഴും പ്രസന്നമാണു്. നിറഞ്ഞ ചിരിയുമായിട്ടേ നിങ്ങൾ മൂപ്പരെ കാണൂ. വലിപ്പച്ചെറുപ്പമില്ലാതെ കളിതമാശകൾ പറയും. ആ സംസാരത്തിൽ പരാതിയും പരദൂഷണവും ഇല്ല. ഉള്ളതു് ധാർമ്മികരോഷത്തിന്റെ ചിരി!
ചരിത്രത്തോടു് ആ മനുഷ്യനുണ്ടായിരുന്ന സവിശേഷമായ താൽപര്യം എടുത്തുപറയണം. ആ വായനയുടെ പ്രധാനപ്പെട്ട ഭാഗം കയ്യടക്കിയിരുന്നതു് ചരിത്രപുസ്തകങ്ങളാണു്. മലബാറിന്റെ ചരിത്രത്തിൽ പൊതുവിലും കേരള മുസ്ലീങ്ങളുടെ ചരിത്രത്തിൽ വിശേഷിച്ചും വിദഗ്ധനായ മൗലവിയുടെ പ്രധാനപ്പെട്ട ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും പ്രമേയം ചരിത്രം ആയതു് സ്വാഭാവികം. അറബിയിലെ എന്നപോലെ അറബി-മലയാളത്തിലെയും പഴയകാലത്തെ ഗദ്യപദ്യകൃതികൾ വായിച്ചുറപ്പിച്ചതിന്റെ ബലത്തിൽ കൂടിയാണു് മലബാർചരിത്രത്തെപറ്റി അദ്ദേഹം എഴുതിയതും പ്രസംഗിച്ചതും. ഗവേഷണത്തിലും പരിഭാഷയിലും മൗലവിയെ കൊണ്ടെത്തിച്ചതും ചരിത്രതാൽപര്യം തന്നെ.
എം. ഇ. എസ്., കെ. എൻ. എം. തുടങ്ങിയ പ്രസ്ഥാനങ്ങളിലും മമ്പാട് കോളേജ്, ചന്ദ്രിക തുടങ്ങിയ സ്ഥാപനങ്ങളിലും വിശ്രമമറിയാതെ പ്രവർത്തിച്ചുകൊണ്ടേയിരിക്കുക എന്നതായിരുന്നു മൗലവിയുടെ ജീവിതദൗത്യം. സി. എൻ. അഹ്മദ് മൗലവി യെപ്പോലെ മറ്റെല്ലാം മാറ്റിവെച്ചു് അമർന്നിരുന്നു് ഗ്രന്ഥരചന നടത്തുവാൻ അദ്ദേഹത്തിനു് ഇടയായില്ല. ‘മുസ്ലിം ചിന്താപ്രസ്ഥാനങ്ങൾ’ പോലെ പ്രധാനപ്പെട്ട ചില പുസ്തകങ്ങൾ മൗലവിയിൽനിന്നു് കിട്ടിയിട്ടില്ല എന്നല്ല. ആ പണ്ഡിതനിൽ നിന്നു്, ആ പരിഷ്കരണവാദിയിൽ നിന്നു് കിട്ടേണ്ടതിലും എത്രയോ കുറച്ചേ നമുക്കു് കിട്ടിയിട്ടുള്ളൂ.
ആശയങ്ങളുടെ കൂടെ സാഹസികമായി യാത്ര ചെയ്യുന്നതിലും അധികം ആ മനസ്സു് കൗതുകം പൂണ്ടതു് സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലാണു്. മലബാറിന്റെ പ്രത്യേകിച്ചു് മലപ്പുറം ജില്ലയുടെ ഭൗതികപുരോഗതിയുടെ വേഗത്തെക്കുറിച്ചാണു്, ഈ പിന്നോക്ക പ്രദേശത്തു് വിദ്യാഭ്യാസത്തിനു് നേടാൻ കഴിഞ്ഞ പ്രധാന്യത്തെക്കുറിച്ചാണു് ഞങ്ങൾ അവസാനമായി കണ്ടപ്പോൾ അദ്ദേഹം വാചാലനായതു്. അതു് മരണത്തിനു് മൂന്നു നാലാഴ്ച മുമ്പായിരുന്നു. ആ നിറവിൽക്കിടന്നാണു് അസീസ് മൗലവി മരിച്ചുപോയതു് എന്നു് ഞാൻ ആശ്വസിക്കുന്നു.
വർത്തമാനം ദിനപത്രം: 13 ആഗസ്റ്റ് 2007.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.