നമ്മുടെ നാട്ടിലെ ദൈവനിഷേധികളും മതവിരുദ്ധരും ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു: മതം ഇല്ലാതായാൽ മാത്രമേ നമ്മുടെ മതേതരജനാധിപത്യം നേരേയാകൂ.
ജനാധിപത്യവാദികളും മതവിശ്വാസികളും ബേജാറാകുന്നൂ: മതേതരത്വം എന്നതു് മതമില്ലാത്ത അവസ്ഥയല്ലേ? മതംകൊണ്ടു് ജനാധിപത്യത്തിനു് എന്താണു് തരക്കേടു്?
ആദ്യം മനസ്സിലാക്കേണ്ടതു്: മതം ഇല്ലാത്ത അവസ്ഥയിലല്ല, അതു് ഉള്ള അവസ്ഥയിലാണു് മതേതരത്വംകൊണ്ടു് ആവശ്യമുള്ളതു്. നമുക്കറിയാവുന്നപോലെ, മതങ്ങൾ പലതുണ്ടു്. വിശ്വാസം, ആചാരം, അനുഷ്ഠാനം, ധർമ്മാധർമ്മസങ്കല്പം എന്നിവകൊണ്ടെല്ലാം അവ പരസ്പരം വ്യത്യസ്തമായിരിക്കുന്നു; ചിലപ്പോൾ വിരുദ്ധം തന്നെയായിരിക്കുന്നു. ആ മതവിശ്വാസങ്ങൾക്കെല്ലാം ഒന്നിച്ചു് ഒരു രാജ്യത്തു് പുലരേണ്ടിവരും. അവയെല്ലാം തീർത്തും ഇല്ലാതെയാക്കിയിട്ടു് മതിയാവില്ല, ജനാധിപത്യസ്ഥാപനം.
ദൈവവിശ്വാസികളും മതാനുയായികളും ആയ മനുഷ്യജീവികൾ ജനാധിപത്യം അർഹിക്കുന്നില്ല എന്നു പറയാൻ ആരു് ധൈര്യപ്പെടും? നമ്മൾ കുത്തിയിരുന്നു് ആലോചിക്കേണ്ടതു് മതം മതേതരത്വത്തിന്റെയോ ജനാധിപത്യത്തിന്റെയോ ശത്രുവാണോ എന്ന വിഷയമാണു്. പൗരാവകാശങ്ങളെക്കാൾ മതനിയമത്തിനു് പ്രാധാന്യം നൽകുന്ന മതവർഗ്ഗീയത, മതമൗലികത, മതഭീകരത എന്നീ ജീർണ്ണതകൾ തീർച്ചയായും ജനാധിപത്യത്തിന്റെ ശത്രുക്കളാണു്. പക്ഷേ, ഇപ്പറഞ്ഞവയൊന്നും മതവിശ്വാസത്തിന്റെ പര്യായപദങ്ങളല്ല. ഉറ്റുനോക്കിയാൽ മനസ്സിലാകും, ആ ജീർണ്ണതകൾ ജനാധിപത്യത്തിനു് എന്നപോലെ മതത്തിനും എതിരാണു്. കാലത്തിനും ദേശത്തിനും അനുസരിച്ചു് വിശ്വാസാചാരങ്ങളെ പരിഷ്ക്കരിക്കലാണു് മതം. ശ്രീബുദ്ധനും യേശുക്രിസ്ത്രു വും മുഹമ്മദ് നബി യും അതതു കാലത്തെ മതാചാരങ്ങളെ നിശിതമായ വിമർശനങ്ങളിലൂടെയും മാതൃകാപരമായ പ്രവൃത്തികളിലൂടെയും പരിഷ്കരിച്ചതു് ഓർത്തുനോക്കുക. അത്തരം പരിഷ്കരണങ്ങളോടുള്ള എതിർപ്പാണു് മതവിരുദ്ധം. അന്യമതവിശ്വാസത്തെ വെറുക്കുന്നതും ആ വിശ്വാസം കൊണ്ടുനടക്കുന്നവരെ അക്രമിക്കുന്നതും ജനാധിപത്യത്തിന്നെതിരായിരിക്കുന്നപോലെ മതത്തിനും എതിരാണു്.
ഇപ്പറഞ്ഞതിനു് നല്ല ഉദാഹരണമാണു് ഗാന്ധി യുടെ മതം. അല്ലെങ്കിൽ അബുൽക്കലാം ആസാദി ന്റെ മതം. നമ്മുടെ നാട്ടിലെ ഉദാഹരണം പറയാം: മുഹമ്മദ് അബ്ദുറഹിമാ ന്റെയും മൊയ്തുമൗലവി യുടെയും മതം. വിശ്വാസം അവരെ നല്ല ജനാധിപത്യവാദികളാക്കിത്തീർത്തു; മതവർഗ്ഗീയതയുടെ എതിരാളികളാക്കിത്തീർത്തു. മേല്പറഞ്ഞ എല്ലാ മതവിശ്വാസികളും സ്വന്തം മതവിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടു് മതേതരജനാധിപത്യവ്യവസ്ഥയ്ക്കുവേണ്ടി ജീവിതകാലം മുഴുവൻ പോരാടി.
ദൈവത്തിലോ മതത്തിലോ വിശ്വസിക്കാത്ത സവർക്കർ ഇന്ത്യ ഹിന്ദുരാഷ്ട്രം ആവണം എന്നു വാദിച്ചതു് ഇവിടെ ചേർത്തുവെച്ചു് ആലോചിക്കുക. മതം അനുഷ്ഠിക്കുന്നതിൽ ഒരു താത്പര്യവും ഇല്ലാതിരുന്ന മുഹമ്മദലി ജിന്ന ഇന്ത്യ വിഭജിച്ചു് ഇസ്ലാം മതാനുയായികൾക്കുവേണ്ടി പാകിസ്ഥാൻ എന്ന പേരിൽ ഒരു രാജ്യം രൂപീകരിക്കണം എന്നു വാദിച്ചതു് ഇവിടെ ചേർത്തുവെച്ചു് ആലോചിക്കുക.
ഗാന്ധിയുടെയും ആസാദിന്റെയും മതം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതോ അതിനു പകരം വെയ്ക്കുന്നതോ അല്ല. അതു് ജനാധിപത്യത്തിൽ അടങ്ങുന്നു. ആ മതം ജനാധിപത്യത്തെ ദുർബലമാക്കുന്നതിനു പകരം ശക്തിപ്പെടുത്തുന്നു. കാരണം, അതിന്റെ വേരുകൾ ഭൗതികമായ ലാഭേച്ഛയിലല്ല; ആത്മീയമായ ത്യാഗബോധത്തിലാണു്. അതു് അന്യമതക്കാരെ ഉപേക്ഷിക്കുന്നതിനുപകരം ഉൾക്കൊള്ളുന്നു. അതിന്റെ വഴികൾ സ്നേഹത്തിന്റേതും സഹകരണത്തിന്റേതുമാണു്; വെറുപ്പിന്റേതും അക്രമത്തിന്റേതുമല്ല. എല്ലാ മതക്കാർക്കും ഒരു ദേശീയതയുടെ അവകാശികളായി സഹജീവിതം നയിക്കാൻ പ്രചോദനം നൽകുന്ന ആത്മീയഭാവമാണതു്. ഗാന്ധി ആവർത്തിച്ചാവർത്തിച്ചു് പാടുന്നു: ‘ഈശ്വരൻ എന്നതും അല്ലാഹു എന്നതും നിന്റെ പേരുതന്നെ’ (ഈശ്വര് അല്ലാതേരോ നാം.)
സവർക്കറുടെ മതം ഒരു കൂട്ടരെ വ്യത്യസ്തമായ മതവിശ്വാസത്തിന്റെ പേരിൽ തള്ളിക്കളയുന്നു. അതുകൊണ്ടുതന്നെ അതു് ജനാധിപത്യവിരുദ്ധമായിത്തീരുന്നു. അതിന്റെ വേരുകൾ ത്യാഗബോധത്തിലല്ല, അധികാരമോഹത്തിലാണു്. അധികാരം ഭൗതികമാണു്; അതിനു് സാധാരണ നിലയ്ക്കു് ആത്മീയമാവാൻ വയ്യ. അതു പുലരുന്നതു് മിക്കപ്പോഴും സുഖാസക്തിയിലും അഹംഭാവത്തിലുമാണു്. സൂക്ഷിച്ചുനോക്കിയാൽ വ്യക്തമാവും: അതു് മതമല്ല; രാഷ്ട്രീയമാണു്. മതത്തിന്റെ ആട്ടിൻതോലണിഞ്ഞ അധികാരദാഹമാണു് മതവർഗ്ഗീയത. വെറുപ്പിനെ രാഷ്ടീയ പ്രത്യയശാസ്ത്രമാക്കുന്ന സർവ്വാധിപത്യമോഹത്തിന്റെ പ്രച്ഛന്നവേഷം മാത്രമാണു് ആ ‘മതം’.
രാജ്യങ്ങൾക്കു് രാഷ്ട്രമതം (‘സ്റ്റെറ്റ് റിലീജിയൻ’) വേണമെന്നു് ശഠിക്കുന്ന ഹിന്ദുരാഷ്ട്രവാദികളുടെയും ഇസ്ലാമിക രാഷ്ട്രവാദികളുടെയും സംഘടനകൾ മതസംഘടനകളല്ല; രാഷ്ട്രീയപ്പാർട്ടികളാണു്. എങ്ങനെ അധികാരം നേടാം എന്നാണു് അവയുടെ നോട്ടം; എങ്ങനെ മതത്തെ വികാരമാക്കി മാറ്റാം എന്നാണു് അവയുടെ സൂത്രം. അവയെ തള്ളിപ്പറഞ്ഞുകൊണ്ടു മാത്രമേ ജനാധിപത്യത്തിനു് മുന്നേറുവാൻ സാധിക്കുകയുള്ളൂ. നമ്മുടെ നാട്ടിൽ ഹിന്ദുരാഷ്ട്രവാദം ഉന്നയിക്കുന്ന ആർ. എസ്. എസ്സിനെയും ഇസ്ലാമിക രാഷ്ട്രവാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും ജനാധിപത്യത്തിനു് എതിർക്കേണ്ടിവരുന്നതു് ഈ യുക്തികൊണ്ടാണു്.
ഒന്നുകൂടി വിശദീകരിക്കാം:
ജനാധിപത്യത്തിൽ വാഴ്ചകൊള്ളുന്നതു് ഭൂരിപക്ഷത്തിന്റെ ഇച്ഛയും ലക്ഷ്യവുമാണു്. ആ വ്യവസ്ഥയിൽ നിയമം നിർമ്മിക്കുന്നതും കാലദേശാനുസാരിയായി അതിൽ മാറ്റം വരുത്തുന്നതും ജനങ്ങൾ തെരഞ്ഞെടുത്ത നിയമനിർമ്മാണസഭയാണു്. മതരാഷ്ട്രത്തിൽ വാഴ്ചകൊള്ളുന്നതു് പുരോഹിതന്മാരാണു്. ആ വ്യവസ്ഥയിൽ വിശുദ്ധഗ്രന്ഥങ്ങളുടെ പേരിൽ പഴയനിയമം പൊടിതട്ടിയെടുക്കുന്നതും സന്ദർഭത്തിനനുസരിച്ചു് അതു് വ്യാഖ്യാനിക്കുന്നതും പുരോഹിതസഭയായിരിക്കും. മുഖ്യപുരോഹിതന്റെ സർവ്വാധിപത്യം പുലരുന്ന ആ രാഷ്ട്രത്തിൽ മതഗ്രന്ഥങ്ങൾ രൂപംകൊണ്ട കാലത്തു്, നൂറ്റാണ്ടുകൾ പഴക്കമുള്ള, നിയമങ്ങളാണു് നടപ്പാവുക. അവിടെ വ്യക്തികൾക്കു് പൗരസ്വാതന്ത്ര്യമോ സമൂഹത്തിനു പുരോഗതിയോ പ്രതീക്ഷിക്കുന്നതു് വിവേകമാവില്ല. അവിടെ രാഷ്ട്രം പൗരന്മാർക്കു വേണ്ടിയാവില്ല, മതനിയമങ്ങൾക്കുവേണ്ടിയാവും. രാഷ്ട്രമതം ഉള്ള ഏതുനാട്ടിലും ജനാധിപത്യം അപൂർണ്ണമായിരിക്കും. അവിടെ അധികാരം നടത്തുന്നതു് ജനങ്ങളല്ല, മതമാണു് എന്നതുതന്നെ കാരണം.
ഈ തരത്തിൽ ജനാധിപത്യത്തെ തുരങ്കം വെയ്ക്കുന്ന മതത്തെ ജനാധിപത്യത്തിന്റെ ശക്തി ഉപയോഗിച്ചു് എതിർക്കുക തന്നെ വേണം. ഈ എതിർപ്പു് ശക്തികൊണ്ടാവരുതു്; യുക്തികൊണ്ടാവണം. ബലംകൊണ്ടാവരുതു്; മൂല്യംകൊണ്ടാവണം. ആയുധം കൊണ്ടാവരുതു്; ആശയംകൊണ്ടാവണം.
മേൽ വിശദീകരിച്ച തരത്തിൽ അധികാരമായി കോലം മാറാത്ത മതംകൊണ്ടു് ജനാധിപത്യത്തിനു് ആപത്തൊന്നുമില്ല. അതു് നിൽക്കുന്നതു് വ്യക്തികളുടെ വിശ്വാസസ്വാതന്ത്ര്യം എന്ന പൗരാവകാശത്തിന്റെ കള്ളിയിലാണു്. ഇഷ്ടമുള്ള മതം വിശ്വസിക്കുവാനും അനുഷ്ഠിക്കുവാനും പ്രബോധനം ചെയ്യുവാനും ജനാധിപത്യവ്യവസ്ഥയിൽ വ്യക്തികൾക്കു് സ്വാതന്ത്ര്യം ഉണ്ടാവണം. ഇതുപോലെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുവാനും ഏതുമതത്തെയും വിമർശിക്കുവാനും ആ വ്യവസ്ഥയിൽ മതവിരുദ്ധർക്കു് സ്വാതന്ത്ര്യമുണ്ടാവണം. മതത്തിൽ വിശ്വസിക്കുവാനുള്ള അവകാശം നിലനിൽക്കുമ്പോൾ മാത്രമേ മതത്തെ വിമർശിക്കുവാനുള്ള അവകാശവും നിലനിൽക്കുകയുള്ളൂ. മതത്തെ നിരാകരിക്കുവാനുള്ള അവകാശം മാത്രമേ വ്യക്തികൾക്കുള്ളൂ എന്നു പറയുന്ന ജനാധിപത്യം എന്തു ജനാധിപത്യമാണു്?
ജനാധിപത്യത്തെ അംഗീകരിക്കുകയും അതിന്റെ അതിരുകൾക്കകത്തു് പ്രവർത്തിക്കുകയും ചെയ്യുന്ന മതം എന്നതുകൊണ്ടു് ഞാനുദ്ദേശിക്കുന്നതു് രാഷ്ട്രീയമായി രൂപാന്തരപ്പെടാത്ത മതം എന്നപോലെ, രാഷ്ട്രീയത്തിൽ ഇടപെടാത്ത മതം എന്നുകൂടിയാണു്. ആ മതം വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്കോ കുടുംബങ്ങളുടെ അകത്തളങ്ങളിലേക്കോ ഒതുങ്ങണം എന്നു ഞാൻ പറയുന്നില്ല. തീർച്ചയായും സാമൂഹ്യജീവിതത്തിൽ അതിനു് ഇടമുണ്ടു്. കല്യാണം, കുടിയിരിക്കൽ, മരണം, സാമൂഹ്യബന്ധം മുതലായ എത്രയോ സന്ദർഭങ്ങൾ ആലോചിച്ചുനോക്കുക. ജനങ്ങൾക്കു് അവിടെയെല്ലാം മതമുണ്ടു്; അവിടെയെല്ലാം മതം വേണമെന്നും ഉണ്ടു്.
ഈ മതാചാരങ്ങൾ ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കുമ്പോൾ അവ പരിഷ്കരിച്ചു് പൗരാവകാശങ്ങൾ ഉറപ്പാക്കുന്ന നിയമം ഉണ്ടാക്കുവാനും അതു് നടപ്പാക്കുവാനും ജനാധിപത്യവ്യവസ്ഥ മുന്നോട്ടുവരേണ്ടതുണ്ടു്. പാരമ്പര്യവിരുദ്ധമായി ജാതി മാറിയോ, മതം മാറിയോ കല്യാണം കഴിക്കുന്ന യുവതീയുവാക്കന്മാർക്കു് പോലീസും കോടതിയും സംരക്ഷണം കൊടുക്കുന്നതിന്റെ പൊരുൾ അതാണു്. ആചാരത്തേക്കാൾ വലുതാണു് വ്യക്തിസ്വാതന്ത്ര്യം. അയിത്തം ആചരിക്കുന്നതു് പാരമ്പര്യമായി ജാതിഘടനയുടെ ഭാഗമാണെങ്കിലും അതു് ക്രിമിനൽക്കുറ്റമായിത്തീരുന്നതും ഈ വഴിക്കാണു്. സ്ത്രീ എഴുത്തുപഠിക്കുന്നതു് നിഷിദ്ധമാണു് എന്നു് കരുതിപ്പോന്ന മതസമൂഹങ്ങളോടും ജാതിസമൂഹങ്ങളോടും നിലപാടു മാറ്റുവാൻ ജനാധിപത്യവ്യവസ്ഥ സമ്മർദ്ദം ചെലുത്തുന്നതും അതുകൊണ്ടുതന്നെ.
എന്റെ നോട്ടത്തിൽ, ഇന്ത്യയിലെ മതേതരവ്യവസ്ഥയുടെ അടിസ്ഥാനം ബ്രിട്ടീഷ് ഗവണ്മെന്റ് 1860-ൽ കൊണ്ടുവന്ന ഒരു ശിക്ഷാനിയമമാണു്. അതിൽ ‘ഇന്ത്യയിലെ പ്രജ’കളുടെ ക്രിമിനൽ കാര്യത്തിൽ മതനിയമമോ ജാത്യാചാരമോ നോക്കാതെ എല്ലാവരും പൊതുനിയമത്തിനു് വിധേയരാണു് എന്ന അടിസ്ഥാനത്തിൽ ശിക്ഷിക്കും എന്നു വ്യവസ്ഥചെയ്തു. ഇതനുസരിച്ചു് കുറ്റവാളിഹിന്ദുവാണെങ്കിലും മുസ്ലീമാണെങ്കിലും ശിഖനാണെങ്കിലും. പാർസിയണെങ്കിലും—ആ പ്രത്യേക കുറ്റത്തിനു് അവരുടെ പാരമ്പര്യവ്യവസ്ഥ എന്തു ശിക്ഷ കല്പിച്ചിരിക്കുന്നു എന്നു കണക്കാക്കാതെ എല്ലാവർക്കും ഒരേ ശിക്ഷ നടപ്പായി. ഹിന്ദു പാരമ്പര്യത്തിൽ ഒരേ കുറ്റത്തിനു് ബ്രാഹ്മണനും ശൂദ്രനും ശിക്ഷ വെവ്വേറെയായിരുന്നുവല്ലോ. അത്തരം വിവേചനങ്ങൾ അതോടെ അവസാനിച്ചു. ഓരോ വിഭാഗത്തിനും അവരുടെ മതനിയമം നോക്കി ശിക്ഷ കല്പിക്കുന്ന രീതി പോയ്മറഞ്ഞു: ശിക്ഷാനിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരായി.
സിവിൽ കാര്യങ്ങളിൽ മാത്രമാണു് ഇപ്പോൾ ആചാരങ്ങളുടെയോ വ്യക്തിനിയമങ്ങളുടെയോ പേരിലുള്ള വ്യത്യാസം നിലനിൽക്കുന്നതു്. അനന്തരാവകാശം ഒരുദാഹരണം. മുസ്ലീം പാരമ്പര്യത്തിൽ ബാപ്പ മരിച്ചാൽ മകനു് ആയിരം ഉറുപ്പിക കിട്ടുമ്പോൾ മകൾക്കു് അഞ്ഞൂറുറുപ്പിക മാത്രമേ കിട്ടുകയുള്ളൂ. ഇത്തരം വിവേചനങ്ങൾക്കെതിരേ ജനാധിപത്യത്തിന്റെ ഭിന്നരീതികൾ ഉപയോഗിച്ചു് പോരാടുക എന്നതാണു് സമൂഹത്തെ മതേതരവത്കരിക്കുക എന്നതിന്റെ ഒരർത്ഥം; അല്ലാതെ മതവിശ്വാസത്തെയോ അതിന്റെ അനുഷ്ഠാനത്തെയോ തടയുക എന്നല്ല. അപ്പനു് എത്ര സ്വത്തുണ്ടെങ്കിലും വിവാഹിതയായ മകൾക്കു് അയ്യായിരം ഉറുപ്പികയിൽക്കൂടുതൽ അനന്തരാവകാശം കിട്ടുകയില്ല എന്ന ക്രിസ്ത്യൻ പിന്തുടർച്ചാനിയമത്തിലെ അനീതിക്കെതിരേ മേരി റോയ് പോരാടി. അവർ കോടതിയിൽ ജയിച്ചു. അങ്ങനെ ഇന്ത്യയിലെ ക്രിസ്ത്യൻ വനിതകൾ എത്രയോ കാലമായി നേരിട്ടുകൊണ്ടിരുന്ന ഒരു വിവേചനം ഇല്ലാതായി.
ഇത്തരം കാര്യങ്ങളിൽ കേസ്സും കോടതിയും തന്നെ വേണമെന്നില്ല. സാമൂഹ്യപരിഷ്കരണത്തിലൂടെ സ്ഥിതിഗതികൾ മാറ്റാം; നിയമനിർമ്മാണത്തിലൂടെ അനീതി അവസാനിപ്പിക്കാം. അതെല്ലാം ജനാധിപത്യത്തിന്റെ വഴികൾതന്നെ.
നാരായണഗുരു വിന്റെ സാമൂഹ്യപരിഷ്ക്കരണപ്രവർത്തനങ്ങളുടെ രാഷ്ട്രീയമാനങ്ങൾ ഈ വഴിക്കാണു മനസ്സിലാക്കേണ്ടതു്. അദ്ദേഹം ഹിന്ദുപാരമ്പര്യത്തിൽ ജാതിയുടെ പേരിൽ നിലനിന്നുപോന്ന എല്ലാ വിവേചനങ്ങൾക്കെതിരേയും പോരാടി; ആ വഴിക്കു് കേരളീയസമൂഹത്തെ ജനാധിപത്യവത്ക്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. മതവിരുദ്ധമായ ജനാധിപത്യമോ ജനാധിപത്യവിരുദ്ധമായ മതമോ തനിക്കു് ആവശ്യമില്ലെന്നായിരുന്നു ഗുരുവിന്റെ നിലപാടു്.
സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും എതിരു നിൽക്കുന്ന ജാത്യാചാരങ്ങളെയും മതനിയമങ്ങളെയും കാലോചിതമായി പരിഷ്കരിക്കുന്നതിലൂടെയാണു് ജനാധിപത്യം സമൂഹത്തെ മതേതരവത്കരിക്കുന്നതു്; മതേതരവത്കരിക്കേണ്ടതു്. അല്ലാതെ വിശ്വാസസ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടല്ല.
വിശ്വാസസ്വാതന്ത്ര്യം ഇല്ലാത്തതു് മതരഹിതസമൂഹമാണു്; മതേതരസമൂഹമല്ല.
മതേതരത്വം മതാധിഷ്ഠിതമോ മതവിരുദ്ധമോ മതാതീതമോ അല്ല. അതു് മതത്തെ അംഗീകരിക്കുകയും അതിനു് സ്വാതന്ത്ര്യം അനുവദിക്കുകയും പൗരാവകാശത്തിന്റെ മാനദണ്ഡം ഉപയോഗിച്ചു് അതിനെ കാലദേശങ്ങൾക്കനുസരിച്ചു് പരിഷ്കരിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.
മതവിമർശനം എന്നതു് ജനാധിപത്യപ്രവർത്തനമാണു്; സാമൂഹ്യപരിഷ്കരണം എന്നതു് രാഷ്ട്രീയപ്രവർത്തനമാണു്.
(ഗ്രന്ഥാലോകം: മാർച്ച് 2011)
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.