ഇന്നു് (ഫെബ്രുവരി 21) ലോകം ‘മാതൃഭാഷാദിനം’ കൊണ്ടാടുകയാണു്. മാതാവിനു് ‘ദിനം’ ഉള്ള പോലെ മാതൃഭാഷയ്ക്കും ഒരു ദിനം!
കേരളീയർ ഇതെങ്ങനെ ആഘോഷിക്കുമെന്നാണു് ഞാനാലോചിക്കുന്നതു്: ഇപ്പോൾ മലയാളനാട്ടിൽ എത്തിപ്പെടുന്ന ആരും ഇവിടത്തെ ഭാഷ ഇംഗ്ലീഷാണോ എന്നു പകച്ചുപോകും. ഏതു പട്ടണത്തിലും ഏതു നാട്ടിൻപുറത്തും ചായപ്പീടിക, പുസ്തക വില്പനശാല, വസ്ത്രവ്യാപാരസ്ഥാപനം, ആഭരണശാല, മരുന്നു കട, ചലച്ചിത്രശാല, സർക്കാരാപ്പീസ്, വിശ്രമമന്ദിരം, മസാലപ്പീടിക മുതലായവയുടെയെല്ലാം പേരെഴുതിവെച്ചിരിക്കുന്നതു് അധികവും ഇംഗ്ലീഷിലാണു്. പരസ്യപ്പലകകൾ ഏറിയതും ഇംഗ്ലീഷ് തന്നെ. ഈയിടെയായി, മലയാള പുസ്തകങ്ങളുടെ പുറന്താളിൽ പേരു് ഇംഗ്ലീഷിലും കൂടി ചേർത്തുതുടങ്ങിയിട്ടുണ്ടു്—സ്വല്പം അന്തസ്സു് പുസ്തകങ്ങൾക്കും ഇരിക്കട്ടെ!
ഈ നാട്ടിലെ സംഘടനകളിൽ ഭൂരിഭാഗവും പുലരുന്നതു് ഇംഗ്ലീഷ് പേരുമായിട്ടാണു്. കേരളത്തിനു പുറത്തുള്ളവർക്കുകൂടി തിരിയേണ്ടതു് അങ്ങനെയാകുന്നതു് മനസ്സിലാക്കാം. ഒരു വിദ്യാലയത്തിലെ മലയാളസമാജം എന്തിനാണു് ‘മലയാളം അസോസിയേഷൻ’ ആവുന്നതു്? കലാലയത്തിലെ പൂർവ്വവിദ്യാർത്ഥിസംഘം എന്തിനാണു് ‘ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ’ ആവുന്നതു്?
കേരളത്തിൽ ഉദ്യോഗപ്പേരുകൾ നിവൃത്തിയുണ്ടെങ്കിൽ ഇംഗ്ലീഷേ ആവൂ. കൂട്ടത്തിലെ വലിയ കോമാളിരൂപം ‘ഓംബുഡ്സ്മാൻ’ ആണു്. അധികാരികൾക്കെതിരായി ജനങ്ങൾ ഉന്നയിക്കുന്ന പരാതികൾക്കു് പരിഹാരമുണ്ടാക്കുന്ന ഉദ്യോഗസ്ഥൻ. ‘പരാതിപരിഹാരകൻ’ എന്നു പറഞ്ഞാൽ നാട്ടുകാർക്കു് മനസ്സിലായിപ്പോവും എന്ന തരക്കേടേ ഉള്ളൂ. ‘ഗ്രാമസേവകൻ’ എന്ന ലളിതമായ ജോലിപ്പേരു് ‘വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ’ എന്നാക്കിക്കിട്ടാൻ വേണ്ടി ആ തസ്തികയിലുള്ളവർ സമരം ചെയ്തു് വിജയിച്ച സംസ്ഥാനമാണിതു്!
ഈയിടെ ധനകാര്യവകുപ്പു് ചില മേഖലകളിൽ ‘സോഷ്യൽ ഓഡിറ്റിങ്’ ഏർപ്പെടുത്തി. അതുമായി ചില്ലറ സഹകരണം വേണ്ടി വന്നപ്പോഴാണു് സംഗതി തെളിഞ്ഞുകിട്ടിയതു്. പരിപാടിക്കു് ‘ജനപരിശോധന’ എന്നു പേരിട്ടാൽ കാര്യം മനസ്സിലായ ജനങ്ങളുടെ പങ്കാളിത്തം കൂടുമല്ലോ, അങ്ങനെ ചെയ്യുന്നതു് നന്നാവില്ലേ എന്നു് അന്വേഷിച്ചുകൊണ്ടു് വകുപ്പുമന്ത്രി തോമസ് ഐസക്കിനു് ഈയുള്ളവൻ ഒരു കത്തയച്ചു. മറുപടി കിട്ടിയില്ല.
കോഴിക്കോട്ട് പുതുതായി പണിതീർത്ത പാലത്തിനു മുകളിൽ മലയാളലിപിയിൽ ‘ഇ. കെ. നായനാർ ഫ്ളൈ ഓവർ’ എന്നെഴുതിവെച്ചതു കണ്ടപ്പോൾ ഈ വിനീതനു് മറ്റൊരബദ്ധം പറ്റി. ‘ഇ. കെ. നായനാർ മേല്പ്പാലം’ എന്നെഴുതുന്നതു് ഭംഗിയാവില്ലേ എന്നു് ഉണർത്തിക്കൊണ്ടു് അന്നത്തെ മേയർ എം. ഭാസ്ക്കരനു് കത്തയച്ചു. അതിനും മറുപടി കിട്ടിയില്ല.
ഇപ്പോഴത്തെ ജനസേവനങ്ങളിലൊന്നു് പ്ലാസ്റ്റിക് നീക്കലാണു്. നല്ലതു്. അതിനു് മലബാറിൽ കേട്ട പേരാണു് കേമം—‘ക്വിറ്റ് പ്ലാസ്റ്റിക് ഡേ’! നാട്ടുകാരുടെ തൊള്ളയിൽ കൊള്ളാത്ത പ്രയോഗം. സാരം മനസ്സിലാകാൻ പ്രയാസം. ഒരു വസ്തുവിന്റെ സാങ്കേതിക നാമമാണു് പ്ലാസ്റ്റിക്. കാര്യം തിരിയുന്നതിനാൽ ഇനിയതു് മലയാളമാക്കേണ്ടതില്ല. പക്ഷേ, പരിപാടിക്കു് ‘പ്ലാസ്റ്റിക് വിരുദ്ധ ദിനം’ എന്നു പേരിട്ടാൽ എന്താ തരക്കേടു്? പ്ലാസ്റ്റിക് മാലിന്യം പോലെ ഒന്നല്ലേ, ഭാഷാമാലിന്യം?
വിവിധ കക്ഷികളിൽപ്പെട്ട നേതാക്കന്മാരുടെ വർത്തമാനത്തിലെ ഇംഗ്ലീഷ്കോയ്മ ബഹുവിശേഷമാണു്. ഒരൊറ്റ ഉദാഹരണം:
വ്യോമമന്ത്രിയായി അധികാരമേറ്റു് ഈയിടെ തിരുവനന്തപുരത്തെത്തിയ വയലാർ രവി മാദ്ധ്യമങ്ങളോടു പറഞ്ഞു: ‘ഡൽഹിയിൽ ഞാൻ കംഫർട്ടബിളാണു്. ഹൈക്കമാൻഡ് തീരുമാനിക്കുന്ന പക്ഷം ഇവിടെ അവയ്ലബ്ൾ ആവും.’
ഈ സെന്റൻസിലെ ഇമ്പോർട്ടൻഡ് വേഡ്സ് അണ്ടർസ്റ്റാന്റ് ചെയ്യാൻ ഓർഡിനറി പേർസൻസിനു് ഡിഫിക്കൽട്ടി ഉണ്ടാവും എന്നു് ഓണറബ്ൾ മിനിസ്റ്റർ മൈൻഡു ചെയ്യാത്തതെന്താണാവോ?
സംഗതി ലളിതം: നമ്മൾ ഒരുമാതിരി കാര്യങ്ങളൊക്കെ ആലോചിക്കുന്നതു് വിദേശഭാഷയായ ഇംഗ്ലീഷിലാണു്, മാതൃഭാഷയായ മലയാളത്തിലല്ല. ‘യജമാന’നായിരുന്ന സായ്പ്പ് പോയി അരനൂറ്റാണ്ടു് കഴിഞ്ഞിട്ടും തുടരുന്ന മാനസികമായ അടിമത്തം!
പിൻകുറി: ഈ ചങ്ങമ്പുഴ ജന്മശതാബ്ദി വർഷത്തിലെ ‘മദർടംഗ്സ് ഡേ’യിൽ ആർക്കും ‘രമണീയ’മായി ഒന്നു ‘സിംഗ് ചെയ്യാൻ’ തോന്നും:
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ-
ന്തവിടെല്ലാമാംഗലവാണി മാത്രം!
(മലയാളമനോരമ, 21 ഫെബ്രുവരി 2010)
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.