കേരളീയ മുസ്ലീങ്ങൾക്കിടയിലെ കലാജീവിതത്തിന്റെ പരിമിതികളെപ്പറ്റി ആധിപ്പെടുന്ന ഡോ. ഇ. കെ. അഹമ്മദ് കുട്ടിയുടെ വാരാദ്യമാധ്യമത്തിലെ ലേഖനം എന്നെ കുട്ടിക്കാലത്തേക്കു് കൂട്ടികൊണ്ടുപോയി. ആ ബാല്യകാലസ്മരണകളിൽ ചിലതു് അത്ര സുഖമുള്ളതല്ല. കാരണമെന്താണെന്നോ?
ബാപ്പയിൽ നിന്നും മതപാഠശാലകളിലെ ഉസ്താദന്മാരിൽ നിന്നും ഞാൻ ഒരുപാടു് തല്ലുകൊണ്ടിട്ടുണ്ടു്. കുടുംബത്തിലെ കാരണവന്മാരിൽ നിന്നു് ഞാൻ അക്കാലത്തു് കേട്ട ചീത്തക്കു് കണക്കില്ല.
എന്റെ പേരിൽ ചുമത്തിയിരുന്ന കുറ്റങ്ങളിൽ പ്രധാനപ്പെട്ടവ:
ഒന്നു്—ഞാൻ മുടി നീട്ടി കാഫീരിങ്ങളെപ്പോലെ ക്രോപ്പ് ചെയ്യുന്നു. അതു് ഹറാം (നിഷിദ്ധം) ആണു്. മുസ്ലീം ആയതിനാൽ തല മൊട്ടയടിക്കണം. തലയിൽ തൊപ്പി വെക്കുകയോ ഉറുമാൽ കെട്ടുകയോ വേണം. അഞ്ചാംക്ലാസ്സിൽ ആരംഭിച്ച എന്റെ ‘മുടി നീട്ടൽ സമരം’ ബി. എ. മൂന്നാം വർഷം വരെ നീണ്ടുനിന്നു. തലമുടി പറ്റെവെട്ടി, തൊപ്പിവെച്ചു് ഞാൻ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ബി. എ. ക്ലാസിൽ ഇരുന്നിട്ടുണ്ടു്!
രണ്ടു്—ഞാൻ സിനിമ കാണാൻ പോകുന്നു: അതും അഞ്ചാം ക്ലാസിൽ തുടങ്ങി. അക്കാലത്തു് മുക്കത്തുണ്ടായിരുന്ന പ്രസാദ് ടോക്കീസിലാണു് അധികവും പോയിരുന്നതു്. ആദ്യമായി കണ്ടതു് ‘ടിപ്പുസുൽത്താൻ’ എന്ന ഹിന്ദി സിനിമയാണു്. സിനിമ ഹറാം ആണെന്നു് അന്നു് ഞാനും വിശ്വസിച്ചിരുന്നതുകൊണ്ടു് വളരെയേറെ കുറ്റബോധത്തോടെയാണു് ജ്യേഷ്ഠൻ സലാം നെടുക്കണ്ടിയോടൊപ്പം ആ സിനിമയ്ക്കു് പോയതു്. പിന്നെ, മുസ്ലീങ്ങൾക്കിടയിലെ ഒരു വീരന്റെ കഥ കാണാനാണല്ലോ പോകുന്നതു്, അതുകൊണ്ടു് അത്രയൊന്നും കുറ്റംകിട്ടുകയില്ല എന്നൊരാശ്വാസവും തോന്നിയിരുന്നു.
പഠിക്കുന്ന കാലത്തൊക്കെയും ഒളിച്ചും പാത്തും ആണു് ഞാൻ സിനിമ കണ്ടതു്. എം. എ.-ക്കു് ചേരുന്ന കാലം വരെ സിനിമക്കു് പോയി എന്നു് വീട്ടുകാരോ കുടുംബക്കാരോ കേൾക്കെ പറയാൻ എനിക്കു് ധൈര്യം ഉണ്ടായിരുന്നില്ല. എന്റെ മൂത്താപ്പയുടെ മകൻ സലാം കാരശ്ശേരി 1972-ൽ സിനിമാനിർമ്മാണം തുടങ്ങുകയും ഞാൻ അതിന്റെ പല പണികളിൽ ഏർപ്പെടുകയും ചെയ്തതോടെയാണു് ആ ധൈര്യം കിട്ടിയതു്.
സൗന്ദര്യസങ്കല്പങ്ങൾ, കലാപ്രവർത്തനങ്ങൾ, ഇസ്ലാംമതം തുടങ്ങിയ സംഗതികളിൽ പരസ്പരം പൊരുതുന്നുണ്ടോ എന്നു് ഉള്ളു് ചുട്ടു് ആലോചിക്കുവാൻ നന്നെ ചെറുപ്പം മുതലേ സ്വന്തം അനുഭവങ്ങൾ എന്നെ നിർബന്ധിച്ചിരുന്നു എന്നു് ചുരുക്കം.
തലമുടി നീട്ടുന്നതു് ഹറാം ആകുന്നതു് എന്തുകൊണ്ടാണു് എന്നു് എനിക്കു് ഒരു കാലത്തും മനസ്സിലായിരുന്നില്ല. അതു് നീളുന്നതു് മോശമാണെങ്കിൽ അല്ലാഹു എന്തിനാണു് അത് നീട്ടുന്നതു് എന്നായിരുന്നു എന്റെ കുരുന്നു് മനസ്സിലെ സംശയം. അതു് ചോദിച്ചതിനു് എനിക്കു് മദ്രസയിൽനിന്നു് തല്ലു് കിട്ടിയിട്ടുണ്ടു്. തലമുടി വടിക്കുന്നതു് ഒരു ഇസ്ലാമികാചാരമല്ലെന്നും ഇന്ത്യയിലെ നിരവധി അമുസ്ലീം സമൂഹങ്ങളിൽ അത്തരം ആചാരമുണ്ടെന്നും പ്രിഡിഗ്രി കാലത്തേ ഞാൻ മനസ്സിലാക്കിയിരുന്നു. ഇമ്മാതിരി യുക്തികളെക്കാൾ എന്നെ സ്വാധീനിച്ചതു് തലമുടി വടിക്കുന്നതിനേക്കാൾ ഭംഗി അതു് വളർത്തി ക്രോപ്പ് ചെയ്യുന്നതിനാണു് എന്ന തോന്നലാണു്. തല വടിക്കുന്ന ആ പിരാന്തു് അവസാനിച്ചുപോയി. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടക്കു് മുസ്ലീം വേഷത്തിൽ വന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഈ മൊട്ടത്തല അപ്രത്യക്ഷമായതാണു്. സൗന്ദര്യസങ്കൽപം മാറി എന്നർഥം. പക്ഷേ, ഡിഗ്രിക്കു് പഠിക്കുന്ന കാലത്തു് യൂൾ ബ്രിന്നർ എന്നു് പേരായ ഇംഗ്ലീഷ് സിനിമാനടനെ അനുകരിച്ചു് തല മൊട്ടയടിക്കുന്ന ചില കോളേജ് കുമാരന്മാരെ കണ്ടിരുന്നു. പിന്നെ ക്രോപ്പ് ചെയ്യാത്ത ഹിപ്പി സ്റ്റൈൽ ആയി ഫാഷൻ. അതു് വീണ്ടും മാറി ക്രോപ്പ് വന്നു. ഈയിടെ ലോകഫുട്ബോൾ മേളയിൽ മൊട്ടയടിച്ച ചില കളിക്കാരെ കണ്ടതോടെ ലോകത്തിന്റെ പല ഭാഗത്തും ചെറുപ്പക്കാർ മൊട്ടത്തല പരിഷ്കാരമാക്കി. വാസ്തവം, അത്തരം സൗന്ദര്യസങ്കൽപങ്ങൾ കാലദേശങ്ങൾക്കനുസരിച്ചു് മാറും; മാറാം. എങ്കിലും അതിലൊക്കെ മതപുരോഹിതന്മാരുടെ ഹലാൽ–ഹറാം വിധികൾക്കു് പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞു. ഇന്നു് പുലരുന്ന ആ ജനാധിപത്യാവകാശം പ്രധാനമാണു്—തലമുടി നീട്ടിവളർത്താനോ, അതു ക്രോപ്പ് ചെയ്യാനോ തല മൊട്ടയടിക്കാനോ ഒരു വ്യക്തിക്കു് സ്വാതന്ത്ര്യമുണ്ടു്. അതിൽ മതപുരോഹിതന്മാർക്കു് കാര്യമൊന്നുമില്ല.
എന്നാലും ഒരു ചോദ്യം ബാക്കിനിൽക്കുന്നു. എവിടെ നോക്കിയാണു് കാൽനൂറ്റാണ്ടു് മുമ്പു് മുസ്ലീം മതപണ്ഡിതന്മാർ തല വടിക്കുന്നതാണു് മതചിട്ട എന്നും മറ്റെന്തും ഹറാം (നിഷിദ്ധം) ആണു് എന്നും പറഞ്ഞിരുന്നതു് ? ഏതു് കണക്കിലാണു് ഇപ്പോൾ അതു് ഹലാൽ (അനുവദനീയം) ആയി മാറിയതു്?
ഇതിനേക്കാൾ പ്രധാനമാണു് സിനിമയുടെയും മറ്റു് കലാരൂപങ്ങളുടെയും പ്രശ്നം.
ചിത്രം വരച്ചുകൂടാ. കഥയെഴുതിക്കൂടാ—ഇല്ലാത്തതിനെ വരയുകയോ ചിത്രീകരിക്കുകയോ ചെയ്താൽ നാളെ മരിച്ചുചെന്നാൽ പരലോകമായ മഹ്ശറയിൽ വെച്ചു് അല്ലാഹു അതിനൊക്കെ ജീവനിട്ടുകൊടുക്കാൻ കൽപിക്കും. അതു് ചെയ്യാൻ സാധിക്കാതെ വരുമ്പോൾ കൊടൂരമായ ശിക്ഷ കിട്ടും. അപ്പോൾ എന്തു് കാട്ടും? ഫോട്ടോ എടുക്കൽ നിഷിദ്ധമാണു്. അതിനു് ജീവൻ കൊടുക്കാൻ അല്ലാഹു കൽപിക്കും. വേഷം കെട്ടുന്നതും അഭിനയിക്കുന്നതും നാടകം കളിക്കുന്നതും സിനിമ കാണുന്നതും എല്ലാം നിഷിദ്ധമാണു്—മതപ്രസംഗങ്ങളിലും മതപാഠശാലകളിലും ഇത്തരം വിലക്കുകൾ കേട്ടാണു് ഞാൻ വളർന്നതു്.
അപ്പോഴൊക്കെ എനിക്കു് തോന്നിയിരുന്ന കാര്യം: അല്ലാഹുവിനു് കുറച്ചുകൂടി കാര്യവിവരം കാണുകയില്ലേ? ഒരു ചിത്രത്തിനു് ജീവൻ കൊടുക്കാൻ ഒരു സാധു മനുഷ്യനോടു് കൽപിച്ചുകളയുമോ? പിന്നെ ഇത്തരം കലാവാസനകൾ മനുഷ്യനു് കിട്ടിയിരിക്കുന്നതു് എന്താവശ്യത്തിനാണു്?
ആദ്യകാലത്തു് ഇതൊക്കെ ഈ നാട്ടിലെ ചില യാഥാസ്ഥിതിക പണ്ഡിതന്മാർ പറഞ്ഞുണ്ടാക്കുന്നതാകാം എന്നായിരുന്നു എന്റെ തോന്നൽ. പിന്നീടു് ഞാനതു് കണ്ടെത്തി—മുസ്ലീം നാടുകളിൽ എവിടെയും ചിത്രം, ഫോട്ടോ, കഥാരചന, അഭിനയം തുടങ്ങിയവയ്ക്കെതിരെ പണ്ടേ വിലക്കു് നിലവിലുണ്ടു്.
ഇസ്ലാമിക സംസ്കൃതി വ്യക്തി പൂജയെയും ബിംബാരാധനയെയും വിലക്കുന്നു എന്ന ഒറ്റക്കാര്യമാണു് ഇക്കണ്ട നിരോധനങ്ങളുടെയെല്ലാം അടിപ്പടവു്.
ഇപ്പറഞ്ഞതൊക്കെ അത്തരം ആരാധനകളിലേക്കു് നയിക്കണമെന്നുണ്ടോ? ചിത്രമോ, ഫോട്ടോയോ കണ്ട ഉടനെ ശരി ഒന്നു് പൂജിച്ചുകളയാം എന്നു് മനുഷ്യർക്കു് തോന്നുമോ? ഇല്ല എന്നാണു് നമ്മുടെ അനുഭവം. ഇപ്പോൾ നമ്മുടെ നാട്ടിൽ മുസ്ലീങ്ങൾക്കിടയിൽ ഏതു് യാഥാസ്ഥിതിക വിഭാഗത്തിനും ഫോട്ടോ ഹലാൽ (അനുവദനീയം) ആയിത്തീർന്നതിൽ ഈ തിരിച്ചറിവു് കാണാം.
ഇനി ഇത്തരം ഉപാധികളൊന്നും ഇല്ലാതെയും വേണമെങ്കിൽ മനുഷ്യമനസ്സിൽ ആ തരം ആരാധനകൾ രൂപമെടുക്കാം. ആദരണീയരുടെ ശവകുടീരങ്ങൾ പൂജാവിഗ്രഹമവുന്നതു് ഉദാഹരണം. ഇഷ്ടപ്പെട്ട വ്യക്തിയുടെ വസ്ത്രം ആരാധ്യമായിത്തീരുന്നതു് വേറെ ഉദാഹരണം.
ഈ കാര്യത്തിലെ ശ്രദ്ധേയമായ ഒരു ഭാഗം: മേൽപ്പറഞ്ഞ പൗരോഹിത്യത്തിന്റെ വിലക്കുകളൊക്കെ നിലനിൽക്കുന്ന സമയത്തു തന്നെ പല മുസ്ലീം സമൂഹങ്ങളിലും കലാപ്രവർത്തനങ്ങൾ മുന്നേറിയിരുന്നു എന്നതാണു്. കാലിഗ്രാഫിയും പള്ളി നിർമാണവും കലാപരമായിത്തീർന്നതു് ഉദാഹരണം. വാക്കുകൊണ്ടോ വാളുകൊണ്ടോ നിയന്ത്രിക്കാവുന്ന ഒന്നല്ല സർഗ്ഗശേഷി. ഈജിപ്തിലെ നോവലിസ്റ്റായ നജീബ് മഹ്ഫൂസിനു് നോബൽ സമ്മാനം കിട്ടുന്നേടത്തോളം അതു് പുരോഗമിച്ചു എന്നു് പറഞ്ഞാൽ തീർന്നു.
എങ്കിലും മുസ്ലീം സമൂഹങ്ങളിൽ മതപുരോഹിതന്മാർക്കു് കലാപ്രവർത്തനങ്ങളെയും കലാസ്വാദനത്തെയും വലിയൊരളവുവരെ തടഞ്ഞു നിർത്താൻ കഴിഞ്ഞു എന്നതു് വസ്തുതയാണു്. സഊദി അറേബ്യയിലേ ഗൾഫ് നാടുകളിലോ കാര്യമായ കലാപ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല എന്നതു് ഇപ്പറഞ്ഞതിനു് തെളിവു് തരും—സാഹിത്യം, സിനിമ, നാടകം തുടങ്ങിയ രംഗങ്ങളിൽ ഈ സമ്പന്ന രാജ്യങ്ങൾ എത്രയോ പിറകിലാണു്.
ഒരിടയ്ക്കു് എന്റെ ആലോചന പോയതു് വേറെ വഴിക്കാണു്—ആധുനിക വിദ്യാഭ്യാസവും പരിഷ്കാരപരിസരവും സാമൂഹിക ജീവിതവും കുറഞ്ഞ കൂട്ടരാണു് മുസ്ലീം മതപണ്ഡിതന്മാർ. അതുകൊണ്ടാണു് ഇവർക്കു് കലകളും സൗന്ദര്യസങ്കൽപങ്ങളും അന്യമാവുന്നതു്: അവർ യാഥാസ്ഥിതികതയിൽ അള്ളിപ്പിടിച്ചു് നിൽക്കുകയാണു്.
പക്ഷേ, പിൽക്കാലത്തു് എനിക്കു് ബോധ്യമായി—ഇതൊക്കെ ലഭിച്ച മുസ്ലീം മതപണ്ഡിതന്മാർ ഉണ്ടായിവന്നിട്ടും ഈ സമൂഹത്തിന്റെ കലാബോധത്തിനോ സൗന്ദര്യസങ്കൽപത്തിനോ അവരുടെ ഭാഗത്തുനിന്നു് പിന്തുണയൊന്നും കിട്ടിയിട്ടില്ല. യാഥാസ്ഥിതികരായി അധിക്ഷേപിക്കപ്പെടുന്ന സുന്നികളെ അപേക്ഷിച്ചു് താരതമ്യേന പരിഷ്കാരികൾ എന്നു് അവകാശപ്പെടുന്ന മുജാഹിദ്–ജമാഅത്തു് വിഭാഗങ്ങളിലെ മതപണ്ഡിതന്മാർ സാഹിത്യകലാപ്രവർത്തനങ്ങൾക്കു് നേരത്തെ ഉണ്ടായിരുന്ന വല്ല ഹറാമും നീക്കിയിട്ടുണ്ടോ? ഇല്ല. അവർ സ്വന്തം ആശയപ്രചാരണത്തിനു് സാഹിത്യം, വീഡിയോ ഫിലിം മുതലായ ചില മാധ്യമങ്ങൾ ഉപയോഗിക്കാം എന്നു് തിരിച്ചറിയുകയുണ്ടായി. അക്കൂട്ടത്തിൽ തന്നെ നാടകം, നൃത്തം മുതലായവ ഒഴിവാക്കി. തിയേറ്ററിൽ ചെന്നു് ഒരു നാടകമോ ഒരു സിനിമയോ കാണുന്നതു് ഹലാൽ (അനുവദനീയം) ആണെന്നു് അവരാരും ഫത്വ ഇറക്കിയിട്ടില്ല, ഇറക്കുകയില്ല.
ചരിത്രത്തിലെ ഒരു തമാശ കേട്ടോളൂ: ഈ പരിഷ്കൃത വിഭാഗം (!) ഇവിടത്തെ മുസ്ലീങ്ങളുടെ കലാജീവിതത്തെ പ്രോത്സാഹിപ്പിച്ചില്ല എന്നതു പോകട്ടെ. അതിനെ ആസൂത്രിതമായി എതിർക്കുകയും ചെയ്തു. ഈ വിഭാഗങ്ങൾ നിരവധി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള, നാടോടിത്തനിമയുള്ള ഇവിടത്തെ മാപ്പിളക്കലകൾക്കു് വിലക്കു കൽപിച്ചു—‘പ്രാദേശിക സംസ്കൃതിയുടെ സ്വാധീനം’ എന്നും മതവിശ്വാസത്തിന്റെ സത്തക്കു് വിരുദ്ധം എന്നു ന്യായവും പറഞ്ഞു. മാപ്പിളപ്പാട്ടുകളും, ദഫ്, അറവന, കോൽക്കളി, ഒപ്പന തുടങ്ങിയ കലാരൂപങ്ങളും കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി അവരുടെ രൂക്ഷമായ എതിർപ്പിനെ നേരിട്ടുകൊണ്ടിരിക്കുകയാണു്. ‘യാഥാസ്ഥിതികർ’ എന്നു് അക്കൂട്ടർ വിളിക്കുന്ന സുന്നിവിഭാഗമാണു് ഇപ്പോഴും ആ കലാജീവിതം കൊണ്ടുനടക്കുന്നതു്. പാരമ്പര്യവിശ്വാസം ശക്തമായതുകൊണ്ടാകാം, സിനിമ ‘ഹറാം’ ആണെന്നു് പറയുന്ന ഒരു സുന്നിയും ഈ കലാരൂപങ്ങൾ ‘ഹറാം’ ആണെന്നു് പറയില്ല! കലാജീവിതത്തിലും സൗന്ദര്യാസ്വാദനത്തിലും കേരളത്തിൽ ഇപ്പോഴും ഭേദം, ആധുനികത്വം കുറഞ്ഞ മുസ്ലീം വിഭാഗങ്ങളാണു്.
എന്താണിതിന്റെയെല്ലാം പൊരുൾ? സ്വയം ഒരു സാഹിത്യകൃതിയായ ഖുർആൻ സാഹിത്യത്തെ അംഗീകരിക്കുകയില്ലെന്നു് ആർക്കാണു് പറയാൻ കഴിയുക? സംഗീതസാന്ദ്രമായി ആലപിക്കപ്പെട്ടുപോരുന്ന ആ വേദഗ്രന്ഥം സംഗീതത്തിനു് എതിരാണെന്നു് എങ്ങനെയാണു് വിധിക്കാൻ കഴിയുക? സ്വന്തം ജീവിതത്തിൽ കവിതാ രചനയെയും പാട്ടിനെയും വാദ്യങ്ങളെയും പ്രോൽസാഹിപ്പിച്ചിരുന്ന പ്രവാചകൻ കലകൾക്കെതിരായിരുന്നു എന്നു് ആരാണു് വ്യാഖ്യാനിച്ചുണ്ടാക്കിയതു്?
ഞാൻ വിചാരിക്കുന്നു: ഇതത്രയും മുസ്ലീം പൗരോഹിത്യത്തിന്റെ സൃഷ്ടിയാണു്. വ്യക്തികളുടെയും കൂട്ടായ്മകളുടെയും കലാവിഷ്കാരങ്ങളെ മതത്തിനു് പേടിക്കേണ്ടിവരില്ല; പൗരോഹിത്യത്തിനു് പേടിക്കേണ്ടിവരും. പുതിയ സൗന്ദര്യസങ്കൽപങ്ങളെയും പുതിയ കൂട്ടായ്മകളെയും പുതിയ സ്വാതന്ത്ര്യബോധത്തെയും പുതിയ ആശയധാരകളെയും അവർക്കു് തടഞ്ഞുനിർത്തേണ്ടിവരും. അതു് അവരുടെ നേതൃത്വത്തെയും അധികാരത്തെയും ചോദ്യം ചെയ്യും. ഒന്നോർത്താൽ പോരേ, ഇവിടത്തെ മുസ്ലീം പൗരോഹിത്യം ഖുർആൻ മലയാളത്തിലേക്കു് പരിഭാഷപ്പെടുത്തുന്നതു പോലും ഹറാം ആക്കിയിരുന്നു! ഒന്നേകാൽ നൂറ്റാണ്ടുമുമ്പു് ആദ്യമായി ഖുർആൻ പരിഭാഷ ചെയ്ത മലയാളി എഴുത്തുകാരൻ മായിൻകുട്ടി എളയായി ന്നു് ആ കൃതിയുടെ കോപ്പികൾ അറബിക്കടലിൽ കെട്ടിത്താഴ്ത്തേണ്ടിവരുന്നു എന്നു കേട്ടിട്ടുണ്ടു്. ഇസ്ലാം മതം പ്രവാചകന്റെ കാലഘട്ടത്തിൽ (570–632) തന്നെ കേരളത്തിൽ പ്രചരിച്ചു എന്നാണു് ഐതിഹ്യം. പക്ഷേ, ഖുർആന്റെ സമ്പൂർണ പരിഭാഷ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നതു് ആയിരത്തിമുന്നൂറിലധികം കൊല്ലം കഴിഞ്ഞു്, ഈയിടെ 1961-ൽ മാത്രമാണു്. ആ കർമം നിർവഹിച്ച സി. എൻ. അഹ്മദ് മൗലവി ക്കു് ഇപ്പോഴും മാപ്പു് കിട്ടിയിട്ടുണ്ടോ?
‘വിദ്യ നേടുന്നതു് ഓരോ സ്ത്രീക്കും ഓരോ പുരുഷനും നിർബന്ധമാണു്’ എന്നു് പഠിപ്പിച്ച മുഹമ്മദ് നബിയുടെ പാരമ്പര്യത്തിനു് നേർ വിപരീതമായി അദ്ദേഹത്തിന്റെ പേരിൽ കാൽ നൂറ്റാണ്ടു മുമ്പു് വരെ ഈ നാട്ടിലെ മുസ്ലീം സ്ത്രീക്കു് എഴുത്തു് ഹറാം ആയി കൽപിച്ചതു് ആരായിരുന്നു?
ഇത്തരം അന്വേഷണങ്ങൾ ഇസ്ലാമിക സമൂഹത്തിലെ പൗരോഹിത്യത്തിന്റെ കുടിലബുദ്ധി എത്ര സമർഥവും ശക്തവും ആയിരുന്നു എന്നു് കാണിച്ചുതരും. ഖുർആൻ പരിഭാഷപ്പെടുത്തുകയും സ്ത്രീ എഴുത്തു പഠിക്കുകയും വേണം എന്നു് പറയുന്ന കൂട്ടർകൂടി കലാപ്രവർത്തനങ്ങളിൽ പുറംതിരിഞ്ഞുനിൽക്കുന്നതിനു് ഒരർത്ഥമേയുള്ളൂ—താടി വടിക്കുകയും പാന്റ്സ് ധരിക്കുകയും ഇംഗ്ലീഷ് പഠിക്കുകയും ചെയ്യുന്ന പുതിയ പൗരോഹിത്യവും കലാജീവിതം ഉൽപാദിപ്പിക്കുന്ന ആനന്ദത്തെയും സ്വാതന്ത്ര്യത്തെയും സ്വച്ഛന്ദതയെയും പേടിക്കുന്നുണ്ടു്. അത്തരം പേടികളെയാണു് നമ്മുടെ കഥയെഴുത്തുകാരൻ എൻ. പി. മുഹമ്മദ് മുമ്പു് ‘മുസ്ലിയാരിസം’ എന്നു് വിളിച്ചതു്.
വാരാദ്യമാധ്യമം: 27 ഡിസംബർ 1998.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.