ശ്രീനാരായണഗുരു വിന്റെ വ്യക്തിത്വത്തിലെ ഏറ്റവും ആകർഷകമായ അംശം ഏതാണു്? അദ്ദേഹത്തിന്റെ നാനാവിധമായ സംഭാവനകളിൽ മികച്ചതായി എണ്ണാവുന്നതു് ഏതാണു്? ഏതു ദേശത്തെയും ഏതു കാലത്തെയും മനുഷ്യർക്കുള്ള മാതൃകയായി ആ ജീവിതത്തിൽനിന്നു് കണ്ടെടുക്കാവുന്ന പ്രധാനപ്പെട്ട സംഗതി എന്താണു്?
സാമൂഹ്യപരിഷ്കരണത്തിനു് ഗുരു ആവിഷ്കരിച്ച രീതി ശാസ്ത്രം എന്നാണു് എന്റെ ഉത്തരം.
എന്താണു് അതിന്റെ സവിശേഷത എന്നാണെങ്കിൽ യാതൊരു കാര്യത്തിനും അദ്ദേഹം ആരെയും പ്രകോപിപ്പിക്കുന്നില്ല; യാതൊരു കാര്യംകൊണ്ടും അദ്ദേഹം പ്രകോപിതനാകുന്നില്ല. ഫലം: ഗുരു തങ്ങളെ എതിർക്കുന്നു എന്നു് ഒരു കൂട്ടർക്കും തോന്നുന്നില്ല; അതുകൊണ്ടുതന്നെ ആരും അദ്ദേഹത്തെ എതിർക്കുന്നുമില്ല. ഗുരു ആരെയും ശത്രുവായി കണ്ടില്ല; ആരും അദ്ദേഹത്തെയും അങ്ങനെ കണ്ടില്ല.
അദ്ദേഹത്തിന്റെ പാത സംഘട്ടനത്തിന്റേതല്ല, സംഘർഷത്തിന്റേതല്ല; സമന്വയത്തിന്റേതാണു്; സ്നേഹത്തിന്റേതാണു്.
കേരളീയജീവിതത്തിന്റെ അസ്തിവാരമായിരുന്ന ജാതിവ്യവസ്ഥയെ തകർത്തെറിയാനാണു് അദ്ദേഹം ശ്രമിച്ചതു് എന്നാലോചിക്കണം: ആയിരത്താണ്ടുകളായി നിലനിന്നുപോരുകയും അനേകം തലമുറകളുടെ ബോധത്തിലൂടെ സമൂഹത്തിൽ രൂഢമൂലമായിത്തീരുകയും ചെയ്ത ഘടന—ഈ നാട്ടിൽ അതിനെക്കാൾ വലിയ യാഥാർത്ഥ്യമൊന്നും ഉണ്ടായിരുന്നില്ല. വിശ്വാസത്തിന്റെ പിൻബലത്തിൽ, ജന്മി–കുടിയാൻ സാമ്പത്തികവ്യവസ്ഥയുടെ അടിയുറപ്പിൽ, രക്തബന്ധത്തിന്റെ ദാർഢ്യത്തിൽ, കലാപാരമ്പര്യത്തിന്റെ അനുഭൂതികളിൽ, കുലത്തൊഴിലിന്റെ ചങ്ങലക്കണ്ണികളിൽ, സാമൂഹ്യജീവിതത്തിന്റെ നാനാതരമായ തുടർച്ചകളിൽ അതു പുലർന്നുപോന്നു. ആ ചൂഷണവ്യവസ്ഥയെ അധികാരത്തിന്റെയോ, ആൾബലത്തിന്റെയോ, പണത്തിന്റെയോ പിന്തുണയില്ലാതെ ദർശനം ഒന്നുകൊണ്ടുമാത്രം നേരിടാം എന്നാണു് ആ പരിഷ്കർത്താവു് കണ്ടതു്. ജാതിഘടനയിൽ ‘മേലേ’ എന്നു വെച്ചിട്ടുള്ള ഗുണഭോക്താക്കളായ സവർണ്ണവിഭാഗത്തിലെ സമുദായക്കാരോ, ‘താഴേ’ എന്നു വെച്ചിട്ടുള്ള യാഥാസ്ഥിതികമായ അവർണ്ണവിഭാഗത്തിലെ സ്വജനങ്ങളോ, ആരും, ഒരിക്കലും അദ്ദേഹത്തെ എതിർക്കുകയുണ്ടായില്ല. ചരിത്രത്തിലെ അപൂർവ്വദൃശ്യങ്ങളിലൊന്നാണിതു്.
കേരളീയർക്കു് ആ ചരിത്രപുരുഷനോടുള്ള കടപ്പാടു് ലഹളയോ രക്തച്ചൊരിച്ചിലോ കൂടാതെ സാമൂഹ്യപരിവർത്തനത്തിനു് നേതൃത്വം കൊടുത്തു എന്നതിന്റെ പേരിലാണു്.
നാരായണഗുരുവിനു മുമ്പും ജാതിവിവേചനങ്ങൾക്കെതിരായി നമ്മുടെ നാട്ടിൽ ശബ്ദമുയർന്നിരുന്നു. പക്ഷേ, ഏതാണ്ടെല്ലാംതന്നെ ലഹളകളിലാണു് ചെന്നവസാനിച്ചതു്. ഉദാഹരണമായി, ‘ചാന്നാർ ലഹള’ മാത്രം നോക്കാം:
തെക്കൻ തിരുവിതാംകൂറിലെ ഈഴവരാണു് ചാന്നാന്മാർ. സവർണ്ണരെപ്പോലെ വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി അവർ നടത്തിയ മുന്നേറ്റമാണു് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൂന്നുപതിറ്റാണ്ടിലേറെക്കാലം നീണ്ട ‘ചാന്നാർ ലഹള’യായി രൂപാന്തരപ്പെട്ടതു്. അവർണ്ണരും അടിയാളരുമായ സ്ത്രീകൾ മാറു മറയ്ക്കുന്നതു് വലിയ ‘സദാചാരലംഘന’(!)മായി കണക്കാക്കപ്പെട്ട കാലം. ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്നു് മാറുമറച്ച ഒരു ചാന്നാർ സ്ത്രീയ്ക്കെതിരായ നടപടികളാണു് ലഹളയ്ക്കു് വിത്തിട്ടതു് (1822). അതിനെത്തുടർന്നു് മേൽവസ്ത്രം ധരിച്ചു പുറത്തിറങ്ങിയ ചാന്നാർ സ്ത്രീകളുടെയെല്ലാം കുപ്പായം സവർണ്ണർ വലിച്ചുകീറി. ചാന്നാർ സ്ത്രീകൾ മാറു മറച്ചുകൂടാ എന്നു് ദിവാൻ വെങ്കിട്ടറാവു കല്പന പുറപ്പെടുവിച്ചു. 1828-ൽ ചാന്നാന്മാരുടെ കുട്ടികളെ വിദ്യാലയങ്ങളിൽനിന്നു് പുറത്താക്കി; അവരുടെ സ്ത്രീകളുടെ കുപ്പായം കീറുന്നതു് വ്യാപകമായി. 1859-ൽ നാഗർകോവിലിൽ വളരെ അക്രമങ്ങൾ നടന്നു. അന്നു് ചാന്നാർ സ്ത്രീകളെ നഗ്നരാക്കി വഴിനടത്തുകകൂടി ചെയ്തു. കളിയിക്കാവിളയിൽ കുറെ സ്ത്രീകൾ ക്രിസ്ത്യൻ പള്ളിയിൽ അഭയം തേടിയപ്പോൾ അക്രമികൾ ആ ദേവാലയം കത്തിച്ചു. കോട്ടാറിൽ ചാന്നാന്മാർ സംഘടിച്ചു് സവർണ്ണരെ നേരിട്ടു.
ഇതിനു് മലബാറിലും പ്രതികരണമുണ്ടായി. 1843-ൽ തിരൂരങ്ങാടിയിൽ ഒരു ഈഴവസ്ത്രീ ഇസ്ലാംമതം വിശ്വസിച്ചു് ‘കുപ്പായമിട്ടു’. അധികാരി കൃഷ്ണപ്പണിക്കർ ആ കുപ്പായം വലിച്ചുകീറി. ക്ഷുഭിതരായ മുസ്ലീങ്ങൾ പണിക്കരെ വകവരുത്തി. വെള്ളപ്പട്ടാളം കലാപകാരികളെ വെടിവെച്ചുകൊന്നു. (എസ്. കെ. വസന്തൻ, കേരള സംസ്കാര ചരിത്രനിഘണ്ടു: വാല്യം I, 2005, പു. 536–7).
ഗാന്ധിജി ആത്മകഥയിൽ പറയുന്നുണ്ടു് ‘സമുദായ പരിഷ്കരണം വേണം എന്നു തോന്നുന്നതു് പരിഷ്കർത്താവിനാണു്; സമുദായത്തിനല്ല,’ അതുകൊണ്ടുതന്നെ പലപ്പോഴും പരിഷ്കർത്താക്കൾ എതിർക്കപ്പെടുന്നു; അക്രമിക്കപ്പെടുന്നു; നാടുകടത്തപ്പെടുന്നു; കൊല്ലപ്പെടുന്നു. അവരെ കാത്തിരിക്കുന്നതു് ആദരവും സ്നേഹവും സ്വീകരണവുമല്ല, വിഷക്കോപ്പയും കുരിശും വെടിയുണ്ടയുമാണു്.
നാരായണഗുരുവിന്റെ കാര്യം എങ്ങനെ വ്യത്യസ്തമായി? ഈ സർവ്വസമ്മതിക്കെന്താണു കാരണം? താരതമ്യേന സങ്കീർണ്ണമായ ഈ വിഷയത്തിന്റെ അടരുകൾ വകതിരിച്ചുനോക്കാം:
- 1.
- ഗുരു ഏതെങ്കിലും ഭരണകൂടത്തെ നേരിട്ടെതിർത്തിട്ടില്ല. ആ ചിന്തയുടെയും പ്രവർത്തനത്തിന്റെയും ഉള്ളടക്കത്തിൽ തീർച്ചയായും ജനാധിപത്യം, സ്ഥിതിസമത്വം, ചൂഷണവിരോധം മുതലായ രാഷ്ട്രീയമൂല്യങ്ങളുണ്ടായിരുന്നുവെങ്കിൽത്തന്നെയും അദ്ദേഹം രാഷ്ട്രീയത്തിൽ നേരിട്ടു് ഇടപെടുകയുണ്ടായില്ല. അവർണ്ണർക്കു വൈക്കംക്ഷേത്രത്തിനു മുന്നിലൂടെ വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരത്തിൽ (1924–25) അദ്ദേഹം പങ്കുകാരനാണു്. പരോക്ഷമായി അതൊരു പൗരാവകാശമുന്നേറ്റമാണു്; രാഷ്ട്രീയപ്രശ്നമാണു്. പ്രത്യക്ഷമായി അതൊരു ജാതിവിരുദ്ധ സത്യഗ്രഹമാണു്; സമുദായപരിഷ്കരണമാണു്. ഈ വഴിക്കാണു് അദ്ദേഹം സാമൂഹ്യപരിവർത്തനത്തെ സമീപിച്ചതു്.
- 2.
- ഗുരു അധികാരത്തിനോ, പണത്തിനോ, പദവിക്കോ വേണ്ടി സംസാരിക്കുകയല്ല എന്നു് എല്ലാവർക്കും അറിയാമായിരുന്നു. അദ്ദേഹത്തിനു് സ്വാർത്ഥങ്ങളില്ല; താത്പര്യങ്ങളില്ല. സ്വന്തവും ബന്ധവും ഇല്ലാത്ത ആ അവധൂതൻ സന്യാസിയാണു്. അത്തരമൊരാളുടെ വാക്കിനും പ്രവൃത്തിക്കും വലിയ ശ്രദ്ധയും സ്വീകാര്യതയും കിട്ടുന്നതു് സ്വാഭാവികം.
- 3.
- പതിവിൽനിന്നു വ്യത്യസ്തമായി ആ സന്യാസിയിൽ കണ്ട പാണ്ഡിത്യവും കവിത്വവും ആ വ്യക്തിത്വത്തിന്റെ ആകർഷണീയത വളരെ വർദ്ധിപ്പിച്ചിട്ടുണ്ടു്. ഹൈന്ദവപാരമ്പര്യത്തോടു നിരന്നു പോകുന്ന മൂല്യങ്ങളുടെയും ദർശനങ്ങളുടെയും പിന്തുണയിലാണു് ജാതിയെയും അനാചാരങ്ങളെയും അദ്ദേഹം വിമർശിച്ചതു്. അന്നന്നത്തെ സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളെപ്പോലും ആത്മീയതയുടെ പശ്ചാത്തലത്തിലാണു് അദ്ദേഹം നോക്കിക്കാണാറു്. മേൽജാതി–കീഴ്ജാതി എന്ന ദ്വന്ദ്വത്തെ മറികടക്കാൻ ‘എല്ലാം ഒന്നാണു്’ എന്ന അദ്വൈതദർശനം അടിസ്ഥാനമാക്കുന്നതു് ഉദാഹരണം.
- 4.
- ആധുനികകേരളത്തെപ്പറ്റി ഗുരുവിനു് ചില സങ്കല്പങ്ങളുണ്ടായിരുന്നു. ഭിന്നമതങ്ങളെപ്പറ്റി ആഴത്തിൽ പഠിച്ച അദ്ദേഹത്തിനു് അവയുടെയെല്ലാം സാരം ഒന്നാണെന്ന വെളിവുണ്ടായിരുന്നു. ഭിന്ന ജാതിസമുദായങ്ങൾ എന്നപോലെ ഭിന്ന മതസമുദായങ്ങളും തുല്യതയോടെ ഇവിടെ ഒന്നിച്ചു ജീവിക്കേണ്ടവരാണു് എന്നതായിരുന്നു വീക്ഷണം.
അതിന്റെ പരാവർത്തനം:
അനുകമ്പാശാലിയായ വ്യക്തി മനുഷ്യരൂപം സ്വീകരിച്ച ദൈവം തന്നെയാണോ? ധർമ്മം മനുഷ്യന്റെ ദിവ്യമായ രൂപം എടുത്തതാണോ? അദ്ദേഹം ദൈവത്തിന്റെ വിശുദ്ധപുത്രനായ ക്രിസ്തുവാണോ? ഇനി, കാരുണ്യശാലിയായ മുത്തുനബി എന്ന രത്നമാണോ?
വരികൾ ഇങ്ങനെയാണു്:
“പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തു രത്നമോ?”
എന്റെ അറിവിൽ മുഹമ്മദ് നബി മലയാളകവിതയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നതു് ഈ ശ്രീനാരായണരചനയിലാണു്. ആ പ്രഥമപരാമർശത്തിൽ പ്രവാചകൻ ‘കരുണാശാലിയായ രത്നം’ എന്നു വാഴ്ത്തപ്പെട്ടു. കേരളത്തിലെ മുസ്ലീങ്ങൾ മലയാളലിപികൾ പോലും വേണ്ടത്ര പരിചയിച്ചുതുടങ്ങിയിട്ടില്ലാത്ത കാലമാണതു്. ആ കൃതിയുടെ രചനാകാലം: 1914. വൈക്കം മുഹമ്മദ് ബഷീറിനു് അന്നു് ആറു വയസ്സാണു്.
ആത്മീയതയുടെ അനുഭൂതികൾക്കു് വിശ്വാസാചാരങ്ങളുടെ മതിൽക്കെട്ടുകൾ ബാധകമല്ല എന്നാണു് ആ കവി പാടുന്നതു്—സമന്വയചിന്തയുടെ മറ്റൊരാവിഷ്കാരം.
- 5.
- ഗുരുവിന്റെ സഹിഷ്ണുതയും അതിൽനിന്നു് ഉറന്നുവരുന്ന നർമ്മവും സർവാശ്ലേഷിയായ ഈ സ്നേഹാദർശത്തിനു് അകബലം നൽകി. സാമൂഹ്യപരിവർത്തനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രദ്ധേയമായ പ്രവൃത്തി മുപ്പത്തിനാലാം വയസ്സിൽ നടത്തുന്ന അരുവിപ്പുറത്തെ ശിവലിംഗപ്രതിഷ്ഠയാണു് (1888). അതിനെ നിന്ദിച്ചു്, ‘അവർണ്ണനു് പ്രതിഷ്ഠയ്ക്കു് അധികാരമില്ലെ’ന്നു് പറഞ്ഞവരെ വേദങ്ങളും ഉപനിഷത്തുകളും ഉപജീവിച്ചു് തർക്കിച്ചു് തോല്പിക്കുകയല്ല അദ്ദേഹം ചെയ്തതു്, മറിച്ചു്, ‘ഞാൻ പ്രതിഷ്ഠിച്ചതു് ഈഴവശിവനെയാണു് എന്നു് തമാശ പറയുകയാണു്. അതിലൊരു പൗരാവകാശപ്രഖ്യാപനമുണ്ടു്. എങ്കിലും അതാരെയും ഒട്ടും പ്രകോപിപ്പിക്കുകയില്ല. കാരണം, അതൊരു പ്രകോപിതന്റെ പ്രത്യാക്രമണമല്ല.
(മലയാളമനോരമ: 11 സെപ്തംബർ 2011.)
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.