മതം സെക്കുലറിസം, വർഗ്ഗീയത തുടങ്ങിയ കാര്യങ്ങളെപ്പറ്റി ചൂടുപിടിച്ചു് ചർച്ച ചെയ്യുന്നതിനിടയിൽ ഒരിക്കൽ നിലമ്പൂർ ബാലൻ എന്നോടു പറഞ്ഞു:
“യുക്തിവാദികളെയും അവരുടെ സംഘങ്ങളെയും ആണു് ആദ്യം തല്ലേണ്ടതു്.”
“എന്താ കാര്യം?”
“താനൊന്നാലോചിച്ചു് നോക്കു്. ഇല്ലാത്ത ഒരു സാധനമാണു് ദൈവം. അതുണ്ടു് എന്നു് പറയുന്ന പണിയാണു് മതവാദികൾക്കു്. അതു് നമുക്കു് മനസ്സിലാക്കാം: ഇല്ലാത്ത ഒന്നു് ഉണ്ടു് എന്നു പറയാൻ ആള് വേണം, സംഘം വേണം, ജാഥ വേണം. അതുപോലെയാണോ, ഇല്ലാത്ത ഒന്നു് ഇല്ല എന്നു് പറഞ്ഞുകൊണ്ടുനടക്കുന്നതു്. അതു് വട്ടല്ലേ? അതിനു് ആള് വേണോ, സംഘം വേണോ? അതല്ലേ തട്ടിപ്പു്? തല്ലണ്ടേ?”
പാഠഭേദം—91: 1–15 ആഗസ്ത് 1991.
നിലമ്പൂർ ബാലൻ മരിച്ചദിവസം ഞാൻ പനിപിടിച്ചു് കിടപ്പായിരുന്നു. അതിനാൽ എനിക്കു് അദ്ദേഹത്തിന്റെ വീട്ടിൽ മരണം അന്വേഷിച്ചു് ചെല്ലാൻ സാധിച്ചില്ല.
പറഞ്ഞുകേട്ടതാണു്.
മരണാനന്തരചടങ്ങുകളുടെ കോമാളിത്തരത്തെപ്പറ്റി ബാലൻ പലപ്പോഴും പുച്ഛിച്ചു് സംസാരിക്കാറുണ്ടായിരുന്നു. അക്കൂട്ടത്തിൽ റീത്തുവയ്ക്കുന്നതിനെപ്പറ്റിയും പറഞ്ഞു. പലതവണ അദ്ദേഹം ചങ്ങാതിമാരോടു് പറഞ്ഞിരുന്നുപോൽ: “ഞാൻ മരിച്ചാൽ എന്റെ ദേഹത്താരും റീത്തു വയ്ക്കരുതു്.”
ബാലൻ മരിച്ചു.
വിവരമറിഞ്ഞെത്തിയ ചില സുഹൃത്തുക്കളുടെ കൈയിൽ റീത്തുണ്ടായിരുന്നു. അവർ ആ വിലക്കു് കേൾക്കാതെ പോയിരിക്കാം: ഓർക്കാതെ പോയതുമാവാം.
സുഹൃത്തുക്കളിൽ ചിലർക്കു് ബാലൻ പണ്ടുപറഞ്ഞ കാര്യം ഓർമ്മ വന്നു.
അവർ അടക്കിപ്പിടിച്ചാണെങ്കിലും അതേപ്പറ്റി ഓർമ്മിപ്പിച്ചു. റീത്തു കൊണ്ടുവന്നവർക്കു് വിഷമം. എന്തു ചെയ്യും? കണ്ടുനിന്ന ചിലർക്കും വിഷമം. എങ്ങനെ അവരെ മടക്കി അയയ്ക്കും? സ്നേഹപ്രകടനം, ആദരപ്രകടനം നിഷേധിക്കുന്നതെങ്ങനെ?
ഒടുക്കം ഒരു സുഹൃത്തു് രണ്ടും കല്പിച്ചു് വിധി പറഞ്ഞു:
“റീത്ത് വെയ്ക്കു്. ബാലേട്ടൻ അറിയില്ലല്ലോ.”
കഥ ദ്വൈവാരിക—254: 11 സെപ്തംബർ 1991.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.