20-ാം നൂറ്റാണ്ടിന്റെ ഉദയത്തോടെ വിദ്യാഭ്യാസ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ പലതരത്തിലുളള ഉണർവുകൾ കേരളീയജീവിതത്തിൽ പ്രത്യക്ഷമാവുന്നുണ്ടു്. ആധുനികത്വവുമായി (Modernity) മലയാളികൾ ഒരു അഭിമുഖീകരണത്തിനു് ഒരുങ്ങുകയായിരുന്നു. ഇംഗ്ലീഷ് ഭാഷാഭ്യസനവും പുതിയ മട്ടിലുള്ള സ്കൂൾ വിദ്യാഭ്യാസവും പരന്നുപിടിക്കാൻ തുടങ്ങുന്ന കാലം. ശ്രീനാരായണഗുരു (1855–1928), സയ്യിദ് സനാഉള്ളാ മക്തിത്തങ്ങൾ (1847–1912), ചട്ടമ്പി സ്വാമികൾ (1853–1924), അയ്യങ്കാളി (1853–1924), വി. ടി. ഭട്ടതിരിപ്പാടു് (1896–1982) തുടങ്ങിയ പരിഷ്ക്കർത്താക്കളുടെ ആശയങ്ങൾ പ്രചരിക്കാൻ തുടങ്ങുന്ന സന്ദർഭം.
സ്വാഭാവികമായി സമൂഹത്തിലെ ഇത്തരം ചലനങ്ങൾ സാഹിത്യത്തിലും പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. പുരാണപ്രസിദ്ധങ്ങളോ ഭാവനാസൃഷ്ടികളോ ആയ കല്പിതകഥകൾക്കു് പകരം യഥാതഥമായ കേരളീയജീവിതം ചിത്രീകരിക്കുവാനുള്ള താൽപ്പര്യം എഴുത്തുകാരിൽ പ്രകടമായി. സാമൂഹ്യജീവിതം ആവിഷ്ക്കരിക്കാനും അതിന്റെ ജീർണതകളെപ്പറ്റി വായനക്കാരെ ബോധവൽക്കരിക്കാനും അതിനെതിരിൽ പോരാടുവാൻ അവരെ സന്നദ്ധരാക്കാനും സാഹിത്യം ഉപകാരപ്പെടണം എന്ന പുരോഗമനചിന്ത ഗാന്ധിസം, മാർക്സിസം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളോടു് ആഭിമുഖ്യം പുലർത്തിയ എഴുത്തുകാർക്കിടയിൽ ശക്തമായി. കല കലക്കുവേണ്ടിയല്ല, ജീവിതത്തിനു് വേണ്ടിയാണു് എന്ന നിലപാടിനു് പ്രാധാന്യം കൈവന്നു.
ബഷീർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു് താൻ ജനിച്ചുവളർന്ന മുസ്ലീം സമുദായത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർക്കുന്നതിലാണു്. ഇതിന്റെ പ്രഥമലക്ഷണങ്ങൾ ആദ്യകാലകൃതിയായ ബാല്യകാലസഖി യിൽ കാണാം:
മജീദിന്റെ ബാപ്പയുടെ ദൂരക്കാഴ്ചയില്ലായ്മയും കുടുംബത്തിന്റെ ദാരിദ്ര്യവുമാണു് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതു്; അല്ലാതെ ദുരാചാരങ്ങളല്ല. സാന്ദർഭികമായി ഇത്തരം പരാമർശങ്ങൾ കടന്നുവരുന്നതു് കാണാം:
- I.
- സുഹ്റയുടെ ബാപ്പ അല്പസ്വല്പം യാത്രചെയ്തിട്ടുള്ള ആളാണു്. അയാൾ കണ്ടിട്ടുള്ള രാജ്യങ്ങളിലെ വിശേഷങ്ങളൊക്കെ മജീദിനോടു് പറയും. വെളിയിലാണു് യഥാർത്ഥ മുസൽമാൻമാർ ഉള്ളതു്. ആ ഗ്രാമത്തിലുള്ളവരോ, അന്ധവിശ്വാസികളും ഹൃദയകാഠിന്യമുള്ളവരും. നല്ലവരെ കാണണമെങ്കിൽ വെളിയിൽ പോവണം. (അധ്യായം 5)
- II.
- സഹോദരിമാരെ കെട്ടിച്ചയക്കാൻ മജീദ് കഷ്ടപ്പെട്ടതിന്റെ കാരണം അനാചാരങ്ങളാണു്: ‘മജീദിന്റെ സഹോദരികളുടെ നാലു് കാതുകളിലും കൂടി നാല്പ്പത്തിരണ്ടു് തുളകളുണ്ടു്. അതൊക്കെ എന്തിനു് കുത്തിത്തുളച്ചു? കഴുത്തിലും അരയിലും ഒന്നും സ്വർണ്ണം ഇട്ടില്ലെങ്കിലെന്തു്? സ്ത്രീധനഏർപ്പാടു് തന്നെ ഇല്ലായിരുന്നെങ്കിൽ!’ ‘ഉമ്മാ, ഈ കാതുകുത്തും മറ്റും ഇല്ലായിരുന്നെങ്കിൽ! നമ്മുടെ സമുദായത്തിനു മാത്രം എന്തിനാണു് ഈ വൃത്തികെട്ട ഏർപ്പാടുകൾ? വൃത്തികെട്ട വസ്ത്രധാരണവും വൃത്തികെട്ട ആഭരണങ്ങളും…!’ ‘ഉമ്മായും ബാപ്പായും ഒന്നും മിണ്ടിയില്ല. തുടർന്നു് മജീദ് ചോദിച്ചുമില്ല. എന്തിനു് അവരെ കുറ്റപ്പെടുത്തുന്നു? ആ തലമുറയുടെ ആചാരമര്യാദയനുസരിച്ചു് അവരതു് ചെയ്തു. ആവശ്യമോ അനാവശ്യമോ എന്നു് അവരാരും ചിന്തിച്ചുനോക്കിയില്ല. പഴയ ആചാരങ്ങളിൽ നിന്നു് അണുപോലും വ്യത്യാസം വരുത്തുക—അതു് വിഷമമാണു്.’ (അധ്യായം 10)
സമുദായസാഹചര്യങ്ങളുടെ ജീർണതയിലേക്കു് സാന്ദർഭികമായി വിരൽ ചൂണ്ടുക മാത്രമേ ചെയ്യുന്നുള്ളൂ എങ്കിലും അതു് അടിയന്തിരമായി ദൂരീകരിക്കേണ്ടതാണു് എന്ന മനോഭാവം പരോക്ഷമായി സൃഷ്ടിക്കുന്നതിനു് ഈ പരാമർശങ്ങൾ പ്രാപ്തമാണു്.
ഏഴുകൊല്ലം കഴിഞ്ഞു് പുറത്തുവന്ന ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു! എന്ന നോവലിൽ അനാചാരവിമർശനം മുഖ്യലക്ഷ്യമാണു്: കുഞ്ഞുപാത്തുമ്മയുടെ ബാപ്പ വട്ടനടിമ കേസിൽ തോറ്റു് പെട്ടെന്നു് ദരിദ്രനായിത്തീർന്നു. സഹോദരിമാരുടെ സ്വത്തുകൂടി കയ്യടക്കി വെച്ചതുകൊണ്ടാണു് മൂപ്പർ വലിയ പണക്കാരനായി വാണിരുന്നതു്. ഒരു ‘തടവുകാരി’യെപ്പോലെ സമ്പത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ചുവരുകൾക്കകത്തു് കഴിഞ്ഞിരുന്ന കുഞ്ഞുപാത്തുമ്മക്കു് അവർ പുതുതായി താമസമാക്കിയ കൊച്ചുകുടിലിൽ കുറച്ചുകൂടി സ്വാതന്ത്ര്യം കിട്ടി. അവിടത്തെ അയൽപക്കമാണു് നിസാർ അഹമ്മദിന്റെ കുടുംബം. മണ്ണിൽ അധ്വാനിക്കുന്നവർ. അവരെ പരിചയപ്പെടുമ്പോൾ ‘നിങ്ങൾ എന്തു ജാതി ഇസ്ലാമാണു്’ എന്നു് കുഞ്ഞുപാത്തുമ്മ നിഷ്കളങ്കമായി ചോദിക്കുന്നുണ്ടു്. ‘ഞങ്ങളാണു് ശരിയായ ഇസ്ലാമ്’ എന്നു് ആയിഷ മറുപടി പറയുന്നു.
വൃത്തിയെപ്പറ്റിയും മതചിട്ടകളെപ്പറ്റിയും അനാചാരത്തെപ്പറ്റിയും അന്ധവിശ്വാസത്തെപ്പറ്റിയും ആ രണ്ടുകുടുംബങ്ങളും തമ്മിൽ കലഹിക്കുന്നതിന്നിടയിൽ നിസാർ അഹമ്മദിന്റെയും കുഞ്ഞുപാത്തുമ്മയുടെയും നിശ്ശബ്ദപ്രണയം അവർപോലും വേണ്ടത്ര തിരിച്ചറിയാതെ മൂത്തുവന്നു് കല്യാണത്തിലെത്തി.
ഈ പ്രണയകഥയിലെ വില്ലൻ അന്ധവിശ്വാസമാണു്. പാരമ്പര്യാഭിമാനത്തിന്റെ പൊങ്ങച്ചം വാഴ്ചകൊള്ളുന്ന, അനാചാരത്തിന്റെ ‘ഭൂതം’ കുടി പാർക്കുന്ന, ഇരുട്ടുമുറികളിലേക്കു് വെളിച്ചം കടന്നു വരേണ്ടതിന്റെ ആവശ്യകത നർമ്മമധുരമായും കലാസുന്ദരമായും ആവിഷ്ക്കരിക്കുന്ന ഈ നോവൽ ബഷീറിന്റെ സമുദായ പരിഷ്ക്കരണചിന്തയുടെ കൊടിക്കൂറയാണു്.
ഇസ്ലാമിക കർമശാസ്ത്ര വ്യവസ്ഥയായ ‘ശരീഅത്തി’ലെ വിധികൾ സ്ത്രീവിരുദ്ധമായിത്തീരുന്നതിനെതിരെ ശക്തമായി പ്രതികരിക്കുന്ന ചില ചെറുകഥകൾ ബഷീർ എഴുതിയിട്ടുണ്ടു്. അതിൽ പ്രധാനപ്പെട്ടതാണു് ആദ്യകാല രചനകളിൽ ഒന്നായ ‘നീതിന്യായം’ (വിശ്വവിഖ്യാതമായ മൂക്കു്) അബ്ദുൽറസാഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണതു്. കുട്ടിക്കാലത്തു് ബാപ്പ മരിച്ചു് അനാഥനായ അയാൾ കഷ്ടപ്പെട്ടു് അനിയത്തിയെ പോറ്റി വളർത്തി പ്രായമായപ്പോൾ പൊന്നും പണവും കൊടുത്തു് കുഞ്ഞബ്ദുല്ലക്ക് കെട്ടിച്ചുകൊടുത്തു. ഭർത്താവു് പെങ്ങളെ ദേഹോപദ്രവം ചെയ്യുന്നതു് അറിഞ്ഞിട്ടുപോലും അയാൾ മിണ്ടുന്നില്ല. അവൾക്കു് മൂന്നു് മക്കളായി. ഈ സമയത്തു് കുഞ്ഞബ്ദുല്ല ആരോടും ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ അവളെ മൊഴിചൊല്ലി. അങ്ങനെ മൊഴിചൊല്ലാൻ ഇസ്ലാമികനിയമത്തിൽ വകുപ്പുണ്ടു് എന്നതിനാൽ അബ്ദുൽറസാഖ് മിണ്ടിയില്ല. കുഞ്ഞബ്ദുല്ലയുടെ രണ്ടാം കല്യാണത്തിന്റെ അന്നു് അബ്ദുറസാഖ് അയാളെ അടിച്ചുകൊന്നു.
അബ്ദുൽറസാഖ് കോടതിയിൽ കുറ്റം ഏറ്റു. കൂട്ടത്തിൽ പറഞ്ഞു: ‘ഞാൻ അല്ലാഹുവിന്റെ മുമ്പിൽ കുറ്റക്കാരനല്ല. പ്രതിയെ വിസ്തരിച്ച ജഡ്ജി വസീർ ഹുസൈൻ, ഞാൻ ദൈവത്തിന്റെ നീതിക്കു് വഴങ്ങുന്നുവെങ്കിൽ ഈ പ്രതി നിർദോഷി എന്നു കണ്ടു് വെറുതെവിടേണ്ടതാണു്’ എന്നുപറഞ്ഞെങ്കിലും രാജ്യത്തിന്റെ നിയമം അനുസരിച്ചു് അയാളെ തൂക്കിക്കൊല്ലാൻ വിധിച്ചു.
ഏകപക്ഷീയമായി മൊഴിചൊല്ലാൻ പുരുഷനു് സൗകര്യം കൊടുക്കുന്ന ‘ശരീഅത്ത്’ വ്യവസ്ഥയെയാണു് ബഷീർ ഇവിടെ പ്രതിക്കൂട്ടിലാക്കുന്നതു്. ‘കരുണാമയനായ അല്ലാഹു അബ്ദുൽറസാഖിന്റെ ആത്മാവിനു് നിത്യശാന്തി നൽകി അനുഗ്രഹിക്കട്ടെ’ എന്ന പ്രാർത്ഥനയോടെയാണു് കഥ സമാപിക്കുന്നതു്.
അവസാനകാലചെറുകഥകളിലൊന്നായ ‘ചിരിക്കുന്ന മരപ്പാവ’ (ചിരിക്കുന്ന മരപ്പാവ) ബഹുഭാര്യത്വത്തെ തോലുപൊളിക്കുന്നതാണു്. പണക്കാരനായ മമ്മുഹാജിയാണു് മുഖ്യകഥാപാത്രം. അയാൾ ഏഴു കെട്ടിയിട്ടുണ്ടു്. നാലെണ്ണത്തിനെ മൊഴി ചൊല്ലി. നിലവിൽ മൂന്നു് ഭാര്യമാരുണ്ടു്. ഈ സമയത്തു് വീട്ടിൽ ജോലിക്കു് വരുന്ന സ്ത്രീയുടെ മകൾ റംലത്ത് ബീബിയെ കെട്ടാൻ മോഹിച്ചു. ഉമ്മയും മകളും വഴങ്ങിയില്ല. മമ്മുഹാജി അവരെ പലമട്ടിൽ ഉപദ്രവിച്ചു. ഒടുക്കം റംലത്തിന്റെ കാമുകൻ അബുൽഹസനും കൂട്ടുകാരും അവരെ രക്ഷിക്കുന്നു. മമ്മുഹാജിയെക്കൊണ്ടു് മാപ്പുപറയിക്കുന്ന സന്ദർഭത്തിൽ അബുൽഹസൻ പറയുന്നുണ്ടു്: ‘മേലിൽ നിങ്ങൾ എവിടെയെങ്കിലും കല്യാണയജ്ഞത്തിനു് മുതിർന്നതായി കേട്ടാൾ ലിംഗം പറ്റെ മുറിച്ചു് നിങ്ങളുടെ കഴുത്തിൽ കെട്ടിത്തൂക്കും.’
കാമുകീകാമുകന്മാരുടെ കല്യാണത്തിൽ സുഖപര്യവസായിയായിത്തീരുന്ന കഥയിൽ പലേടത്തും ബഹുഭാര്യാത്വത്തെപ്പറ്റി ചർച്ചയുണ്ടു്. റംലത്ത് ബീബി പറയുകയാണു്: ‘ഇസ്ലാം മതത്തിൽ ഇതൊന്നും അനുവദിച്ചിട്ടില്ല. ഉപദേശിക്കാനും ശിക്ഷിക്കാനും ആളില്ലാത്തതുകൊണ്ടാണു് ഈ സംഭവങ്ങളൊക്കെ. മമ്മുഹാജിയെപ്പോലെ നമ്മുടെ സമുദായത്തിൽ ഒരുപാടു പെണ്ണുകെട്ടൽ യജ്ഞക്കാരുണ്ടു്. പെണ്ണുകെട്ടി ഉപേക്ഷിക്കുക. ഇവർ ഉപേക്ഷിക്കുന്ന ഭാര്യമാരുടെ അവസ്ഥ എന്തു്? ഇവർ വഴിയാധാരമാക്കുന്ന മക്കളുടെ സ്ഥിതിയെന്തു്?’
മറ്റൊരു സന്ദർഭത്തിൽ ആ മുസ്ലിം പെൺകിടാവു് വാദിച്ചുകയറുന്നുണ്ടു്: ‘ഉമ്മാ, ബഹുഭാര്യത്വത്തെപ്പറ്റി അല്ലാഹുവിന്റെ വചനമായ ഖുർആൻ എന്താണു് പറയുന്നതെന്നു് ഉമ്മാക്കു് ഓർമയുണ്ടോ? ഞാൻ പറയാം: അനാഥക്കുട്ടികളുടെ കാര്യത്തിൽ നീതി പാലിക്കുകയില്ലെന്നു് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ നിങ്ങൾക്കു് നന്നായിത്തോന്നുന്ന സ്ത്രീകളെ രണ്ടോ മൂന്നോ നാലോ വിവാഹം ചെയ്യുക. ഇനി നീതിപാലിക്കുകയില്ലെന്നു് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ—ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്യുക. അപ്പോൾ അനാഥക്കുട്ടികളുള്ള വിധവകളെയായിരിക്കണം, അനാഥരെ സംരക്ഷിക്കാനുമായിരിക്കണം, പുനർവിവാഹം.’
പത്രപ്രവർത്തകരോടും സുഹൃത്തുക്കളോടും വർത്തമാനം പറയുന്ന രീതിയിൽ എഴുതപ്പെട്ട ‘ഓർമ്മയുടെ അറകൾ’ എന്ന ആത്മകഥ പല ഭാഗത്തും മതപ്രസംഗമായി രൂപാന്തരപ്പെടുന്നുണ്ടു്; വിദ്യാഭ്യാസം, വൃത്തി, ദുരാചാര നിർമാർജനം തുടങ്ങിയവ എന്തുകൊണ്ടു് മുസ്ലിംകളുടെ കടമയാണു് എന്നു് ഉപദേശരൂപത്തിലും തമാശരൂപത്തിലും പറയുന്നുണ്ടു്. പലേടത്തും പിൻബലമായി ഖുർആനിൽ നിന്നും നബിവചനങ്ങളിൽ നിന്നും ഉദ്ധരിക്കുന്നുമുണ്ടു്—നേർക്കു് പറഞ്ഞാൽ, അത്തരം ഉപദേശനിർദ്ദേശങ്ങൾക്കു് വേണ്ടിയാണു് അതെഴുതിയതു് തന്നെ.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.