സംഗീതസംവിധാനം: കെ. രാഘവൻ
ഗാനം-1
അഹദോന്റെ തിരുനാമം…
രചന: പൂവച്ചൽ ഖാദർ
ആലാപനം: നിലമ്പൂർ ഷാജി
ഗാനം-2
പനിനീരു പെയ്യുന്നു പതിനാലാംരാവിൽ… (ശൃംഗാരഭാവം)
രചന: കാനേഷ് പൂനൂരു്
ആലാപനം: ജയചന്ദ്രൻ
ഗാനം-3
മണവാട്ടി കരം കൊണ്ടു്…
രചന: പൂവച്ചൽ ഖാദർ
ആലാപനം: മൂസ്സ എരഞ്ഞോളി, വിളയിൽ വത്സല
ഗാനം-4
പെരുത്തു് മൊഞ്ചുള്ളരുത്തിയോടു്…
രചന: പി. ടി. അബ്ദുറഹിമാൻ
ആലാപനം: ബ്രഹ്മാനന്ദനും സംഘവും
ഗാനം-5
പനിനീരു് പെയ്യുന്നു പതിനാലാം രാവിൽ… (ശോകഭാവം)
രചന: കാനേഷ് പൂനൂരു്
ആലാപനം: ജയചന്ദ്രൻ
ഗംഭീരമായ പുരുഷസ്വരത്തിൽ ഒരശരീരി:
“ബിസ്മില്ലാഹിർ റഹ്മാനിർറഹീം”
അതു തീരുന്നതോടെ യവനികയിൽ മുസ്ലീങ്ങളുടെ പുണ്യദേവാലയമായ കഅബയുടെ ചിത്രം. അതു പരവതാനിയിൽ തുന്നിപ്പിടിപ്പിച്ചിരിക്കുകയാണു്. ആ ചിത്രത്തിന്റെ മദ്ധ്യഭാഗത്തേക്കു് ക്യാമറ പെട്ടെന്നു് സൂം ചെയ്യുന്നു. ചിത്രത്തിന്റെ വിശദാംശങ്ങൾ ക്യാമറ കാണിച്ചുതരുന്നതോടെ ഒരശരീരി ഗാനം ആരംഭിക്കുന്നു:
അഹദോന്റെ തിരുനാമം മൊളിന്തിന്തെ സമയത്തു്
ദുആ ചെയ്തു് കരം മുത്തി തെളിന്തു് റബ്ബേ-തുദിയാൽ
കടക്കട്ടെ നബിയോരിൽ സലാമും വിണ്ടേ
സുബ്ഹി ബാങ്കിലുണർന്തിട്ടു് വുളുവുള്ള മനത്താലേ
സുജൂദിലിന്നുയര്ണോരിസ്ലാം നാടു്-മനിതരൂ്
തഴമ്പുള്ള വിരിനെറ്റി തടവിക്കൊണ്ടേ
മനംപോലെ മൊകം കാട്ടി
മന്സന്റെ സൊകം കാത്തു്
കര്ത്താൽ സ്നേഹത്തിൻ അലിഫെഴുതും-അവരുടെ
പടപ്പാട്ടിൻനിണത്തിലും കിളുർക്കും കെസ്സ്
അഴകിന്റെ മെതിയടിയടയാളം പതിന്തുള്ളെ
വഴിവക്കിൽ അറബിപ്പൂ മലർന്തു് നിണ്ടേ-മറവിൽ
തിളങ്ങുന്ന സുറുമക്കണ്ണിളക്കം കണ്ടേ
ആ പൂവിയിന്റൊരു കോണിലു്
കിനാവെന്തെന്നറിയാതെ
പതിനാലാം രാവിനൊത്തു് വളർന്ന ബീവി-അവളുടെ
ഹൃദയത്തിലു് മണം തൂകി അണയ്ന്ത മാരൻ
ഉടയവൻ വിധിത്തുള്ള വഴിയാലേ പിരിന്തേ പോയ്
കരൾ രണ്ടുമൊഴുക്കിയ പിരിശത്തേനാർ-ഉലകിലു്
കൊതിയെല്ലാം പടൈത്തവൻ എടുത്തുകൊണ്ടാർ.
പാട്ടിന്റെ ഏതാനും വരികൾ കഴിയുമ്പോൾ കഅബയുടെ ചിത്രം അപ്രത്യക്ഷമായി. അതിന്റെ തുടർച്ചയായി ടൈറ്റിലുകൾ തെളിയുന്നു. അവ ആദ്യം അറബി-മലയാളത്തിലും പിന്നീടു് അതിനോടു് രൂപസാദൃശ്യമുള്ള മലയാളലിപിയിലുമാണു്.
ടൈറ്റിലുകൾ ഒരു ഗ്രാമത്തിലെ സൂര്യോദയത്തിൽ അവസാനിക്കുന്നു. ക്യാമറ ആ പുരാതനഗ്രാമത്തിന്റെ വിവിധ മുഖങ്ങൾ അവതരിപ്പിക്കുകയായി:
മുസ്ലീംപള്ളി, ജാറം, ചായപ്പീടികകൾ, ഇടുങ്ങിയ തെരുവു്, പാടം, വീടുകൾ, ബീഡിത്തെറുപ്പു് കേന്ദ്രങ്ങൾ, പള്ളിക്കുളം, ചെങ്കുത്തായ നടവഴി, ചിതറിക്കിടക്കുന്ന ഖബറുകൾ, വെള്ളമെടുക്കുവാൻ കുടങ്ങളുമായി പോകുന്ന ഉമ്മമാർ, കന്നുകളുമായി പാടത്തേക്കു് നീങ്ങുന്ന കൃഷീവലൻമാർ, പാടത്തിന്റെ അരികിലെ തോട്ടിലൂടെ കുണുങ്ങിയൊഴുകുന്ന കൊച്ചരുവി… ഗ്രാമം ഉണരുകയാണു്.
ഈ ചിത്രങ്ങൾക്കിടയിലെവിടെയോ ആ ഗാനം നഷ്ടപ്പെട്ടു.
പകൽ
ബീഡിത്തെറുപ്പു് കേന്ദ്രം—പുറം
മാനു, അബു, തെറുപ്പുകാർ.
ബീഡിയിലകളിൽ ചലിക്കുന്ന കത്രിക. ജനാലയിലൂടെ ഊർന്നുവീഴുന്ന വെളിച്ചത്തിൽ കത്രികയുടെ ചലനത്തിന്റെ ഭംഗി. അവയോടൊപ്പം താളത്തിൽ ചലിക്കുന്ന വിരലുകൾ. തെറുപ്പുകാർ കാൽമുട്ടിൽ വെച്ച മുറങ്ങളിൽ ബീഡിയുടെ കൊച്ചുകൂനകൾ. കാൽമുട്ടിൽ ബീഡി കെട്ടാനുള്ള നൂലു ശരിപ്പെടുത്തുകയാണു് അബു.
ബീഡിത്തെറുപ്പു കേന്ദ്രത്തിന്റെ വിശദാംശങ്ങൾ: പുകപിടിച്ച ചുമരിൽ കലണ്ടറുകൾ, കരിക്കട്ട ചിത്രങ്ങൾ…
കുമ്പിട്ടിരുന്നു് ബീഡി തെറുക്കുന്ന മാപ്പിളമാർ.
ആ മുറിയിലേക്കു് പൊതിയിടാത്ത നാലഞ്ചുകെട്ടു് ബീഡിയുമായി കടന്നുവരുന്ന പന്ത്രണ്ടുകാരൻ മാനു.
അബു അവനെക്കണ്ടു് മുഖമുയർത്തി, പരിചിതഭാവത്തിൽ ചിരിച്ചു. മാനു ബീഡി നീട്ടി. അബു അതു് വാങ്ങി കാശുകൊടുക്കുന്നു.
മാനു വലിയ ആളുടെ ഭാവത്തിൽ നാണയം തിരിച്ചും മറിച്ചും നോക്കി. എന്നിട്ടൊരു ചോദ്യം:
“ഇതെടുക്ക്വോ?”
അബു തമാശമട്ടിൽ കയ്യോങ്ങി:
“പോടാ. ഒരു ശുജായി!”
ബീഡിത്തെറുപ്പുകാരുടെ കൂട്ടച്ചിരി.
മാനു ഓടി. അബു പിറകിൽ നിന്നു് വിളിച്ചുപറഞ്ഞു:
“ടാ, അടുത്താഴ്ചേണു് നീർച്ച. രണ്ടായിരം ബീഡി അതികം വേണംന്നു് പറയു്.”
കട്ട്
പകൽ
തെരുവു്—പുറം
മാനു.
മാനു നിരത്തിലേക്കിറങ്ങുന്നു. അവന്റെ വീക്ഷണത്തിൽ ക്യാമറ തെരുവും പരിസരവും പകർത്തുന്നു.
അവനെക്കടന്നു്, പുസ്തകങ്ങളും സ്ലേറ്റുമായി മദ്രസ്സയിലേക്കു് പോകുന്ന മാപ്പിളക്കുട്ടികൾ. അവരോടു് ഒരു ചിരി പാസ്സാക്കി അവൻ തിടുക്കപ്പെട്ടു് നടന്നു. ആ നടത്തം ഓട്ടമായി. തോടും പള്ളിയും കടന്നു് ചെങ്കുത്തായ വഴിയിലൂടെ ഓടുന്ന മാനുവിന്റെ വിദൂരദൃശ്യം.
കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം
മാനു, പാത്തുമ്മ.
ബീഡിമുറം മടിയിൽ വെച്ചു് കുമ്പിട്ടിരുന്നു് ബീഡി തെറുക്കുന്ന പാത്തുമ്മ. മാനു അവിടേക്കു് കടന്നുവരുന്നതു് വാതിലിലൂടെ ക്യാമറ കാണിച്ചു തരുന്നുണ്ടെങ്കിലും പാത്തുമ്മ അതറിയുന്നില്ല. വന്നുകയറുന്നതോടെ മാനു വിളിക്കുന്നു:
“ഉമ്മാ”
ഇല ചുരുട്ടുന്നതിൽ നിന്നു് തലയുയർത്തുന്ന പാത്തുമ്മ. ദുഃഖാകുലമാണു് മുഖം. മാനു പൈസ നീട്ടുന്നു. അതു വാങ്ങി കാച്ചിത്തുണിയുടെ കോന്തലയിൽ കെട്ടുന്ന പാത്തുമ്മയുടെ കൈയിന്റെ സമീപദൃശ്യം.
കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം
മാനു, പാത്തുമ്മ.
മാനുവിനു് ചായ കൊടുക്കുന്ന പാത്തുമ്മ. കട്ടൻ ചായ, കപ്പപ്പുഴുക്കു് എന്നിവയുടെ സമീപദൃശ്യം. എന്തോ ഓർത്തുകൊണ്ടു് കപ്പ വിളമ്പുന്ന പാത്തുമ്മ. മാനുവിന്റെ ശ്രദ്ധ ആഹാരത്തിലാണു്. അവൻ ഒന്നു് രണ്ടു് കഷ്ണം കപ്പ കഴിച്ചു. എന്തോ ഓർത്തിട്ടെന്നവണ്ണം ചോദിച്ചു:
“എളേമ കുടിച്ചോ മ്മാ?”
- പാത്തുമ്മ:
- “ല്ല. ഓളു് കുടിച്ചോളും. യ്യു് കുടിച്ചോ.”
- മാനു:
- (പെട്ടെന്നു് ഓർമ്മ വന്നിട്ടു്) “മ്മാ അടുത്താഴ്ചേണു് നീർച്ച. രണ്ടായിരം ബീഡി അതികം വേണംന്നു് അബൂആക്ക പറഞ്ഞീനി.”
പശ്ചാത്തലത്തിൽ നേർച്ചയുടെ ശബ്ദകോലാഹലങ്ങൾ. കോൽക്കളിയുടെയും മറ്റും നേർത്തശബ്ദം. അവക്കിടയിൽ അവ്യക്തമായി കേൾക്കുന്ന മാപ്പിളപ്പാട്ടിന്റെ ഇശലുകൾ.
പാത്തുമ്മയുടെ ക്ലോസപ്പ് തിരശ്ശീലയിൽ നിറഞ്ഞുനിൽക്കുന്നു. അവളെന്തോ ഓർത്തുപോയി. ഒരു മിനിറ്റ് കഴിഞ്ഞു് പാത്തുമ്മ മകനു് മറുപടി കൊടുത്തു:
“ങ്ഉം”
കട്ട്
പകൽ
കിണറ്റിൻകര—പുറം
ബീവി.
തിരശ്ശീലയിൽ നിറഞ്ഞുനിൽക്കുന്ന തുടി.
തുടിയിൽ വലിഞ്ഞുകയറുന്ന ബക്കറ്റ്. ചന്തമുള്ള രണ്ടു് കൈകൾ അതു വലിച്ചുകയറ്റുന്നു.
കിണറിന്റെ ടോപ്പ് ആംഗിൾ ദൃശ്യം.
ബക്കറ്റ് കയറിവരുന്നതിന്റെ വിശദമായ ദൃശ്യം.
ബക്കറ്റെടുത്തു് കുടത്തിലേക്കു വെള്ളമൊഴിക്കുമ്പോൾ ബീവിയെ വിശദമായി ക്യാമറ കാണിച്ചുതരുന്നു.
കട്ട്
ഒക്കിൽവെച്ച കുടവുമായി ക്യാമറയുടെ നേരെ നടന്നുവരുന്ന ബീവി.
അവളുടെ പിറകിൽ മങ്ങിമങ്ങിപ്പോവുന്ന കിണറ്റിൻകര.
പകൽ
ബീവിയുടെ കുടിൽ—അകം
ബീവി, മാനു, പാത്തുമ്മ.
അടുക്കളയിൽ മാനു ചായ കുടിച്ചുതീരുകയാണു്. പാത്തുമ്മ മുറം മടിയിൽ വെച്ചു് ബീഡി തെറുക്കുന്നതു് വാതിലിലൂടെ കാണാം. ആ കൊച്ചു കുടിലിന്റെ ഉമ്മറത്താണു് പാത്തുമ്മ ഇരിക്കുന്നതു്.
അടുക്കളയിലേക്കു കുടവുമായി കടന്നുവരുന്ന ബീവി.
വലിയ കലത്തിലേക്കു് വെള്ളമൊഴിക്കാൻ കുനിയുന്ന ബീവി. അപ്പോൾ പിറകിൽനിന്നു് മാനുവിന്റെ വിളി:
“എളേമാ”
മന്ദഹാസപൂർവ്വം തിരിഞ്ഞുനോക്കുന്ന ബീവിയുടെ മുഖത്തിന്റെ ക്ലോസപ്പ്.
- മാനു:
- “അടുത്താഴ്ചേണു് നീർച്ച”
- ബീവി:
- (ഉത്സാഹപൂർവ്വം) “തന്നേ?”
“വേം മദ്രസ്സീ പോകാൻ നോക്കെടാ. നിന്നു് പുന്നാരം പറ്യാതെ.”
കട്ട്
പകൽ
മദ്രസ്സ—അകം
മുസ്ല്യാർ, മാനു, കുട്ടികൾ.
കറുത്ത ബോർഡിൽ ചോക്കുകൊണ്ടു് അറബി ലിപികൾ കുറിക്കുന്ന വിരലുകളുടെ ക്ലോസപ്പ്. മുസ്ല്യാരുടെ പിറകുവശം മാത്രമേ കാണുന്നുള്ളൂ. ബോർഡിലെ ലിപികൾ ‘മുഹമ്മദ് നബി (സ)’ എന്നായിത്തീരുന്നു.
പശ്ചാത്തലത്തിൽ കുട്ടികളുടെ ബഹളം.
ബഹളം കനക്കുന്നതോടെ ബോർഡിൽ എഴുതിക്കൊണ്ടിരിക്കുന്ന മുസ്ല്യാർ ദേഷ്യപ്പെട്ടു് മുഖം തിരിക്കുന്നു. മുസ്ല്യാരുടെ ക്ലോസപ്പ്. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ: തിക്കിത്തിരക്കിയിരിക്കുന്ന കുട്ടികൾ—തൊപ്പിയിട്ടതും ഉറുമാലു കെട്ടിയതും മൊട്ടയടിച്ചതും മുടിവളർത്തിയതുമായ അനേകം തലകൾ. മക്കനയിട്ടവരും തട്ടമിട്ടവരുമായ പെൺകുട്ടികൾ. മുസ്ല്യാർ നോക്കുന്നതോടെ എല്ലാവരും നിശ്ശബ്ദരാവുന്നു. അക്കൂട്ടത്തിൽ തലയിലൊരു ഉറുമാലും കെട്ടി മാനുവും ഇരിപ്പുണ്ടു്.
മുസ്ല്യാർ മേശമേൽ ചൂരൽ കൊണ്ടടിച്ചു് ആജ്ഞാപിക്കുന്നു:
“ഖും”
കുട്ടികൾ ഒന്നിച്ചെഴുന്നേൽക്കുന്നു.
- മുസ്ല്യാർ:
- “ഇജ്ലിസ്”
മുസ്ല്യാർ ഇടത്തേ കൈകൊണ്ടു് പുറംചൊറിയുന്നു. അതു തുടർന്നുകൊണ്ടു് ഒരു ചോദ്യം:
“ഞമ്മളെ മുത്ത്നബീന്റെ പേരെന്താ?”
മുസ്ല്യാർ ഒരു കുട്ടിയെ നോക്കി. അവൻ എഴുന്നേറ്റു നിന്നു.
- കുട്ടി:
- “മുഹമ്മദ് നബി.”
- മുസ്ല്യാർ തിരുത്തി:
- “മുഹമ്മദ് മുസ്തഫാ സല്ലല്ലാഹു അലൈഹി വസല്ലം. നബിന്റെ വാപ്പാ?”
- മറ്റൊരു കുട്ടി:
- “അബ്ദുല്ല”
“അവരുടെ ബാപ്പ”
- വേറൊരു കുട്ടി:
- “അബ്ദുൽ മുത്തലിബ്”
- മുസ്ല്യാർ:
- “അവരുടെ ബാപ്പ”
- മറ്റൊരു കുട്ടി:
- “ഹാശിം”
- മുസ്ല്യാർ:
- “അവരുടെ വാപ്പാ?”
- മുസ്ല്യാർ വീണ്ടും:
- “അവരുടെ വാപ്പാ?”
- മുസ്ല്യാർ:
- “നിച്ചല്ല, ല്ലേ? ബടെ ബാടാ.”
- മുസ്ല്യാർ:
- “നീട്ടെടാ കയ്യു്”
“കിട്ട്യാത്തന്നേ പടിക്കുള്ളൂ, ല്ലേ?”
മുസ്ല്യാരുടെ മുഖത്തിന്റെ സമീപദൃശ്യം. ആ മുഖത്തു് ദേഷ്യം ഏറിവരുന്നു:
“ഹാശിം എന്നോരെ വാപ്പാന്റെ പേരു് മാണ്ട—മുഹമ്മദ് നബിന്റെ പേരു് നിച്ചണ്ടെടാ അനക്കു്?”
കുട്ടികൾ ചിരിക്കുന്നു. മാനുവിനു് ആ പരിഭ്രമത്തിനിടയിലും ചിരിപൊട്ടിപ്പോവുന്നു.
- മുസ്ല്യാർ:
- (ശുണ്ഠിയോടെ) “ന്താടാ മുഹമ്മദ് നബിന്റെ പേരു്?”
- മാനു:
- (ചിരിയോടെ) “മുഹമ്മദ് നബി.”
“പോയിരിക്കെടാ ബഹൂലേ”
ഇളംചിരി പരക്കുന്ന മാനുവിന്റെ മുഖം.
കട്ട്
പകൽ
ബീവിയുടെ കുടിൽ—പുറം
ബീവി, സുലൈഖ.
കറുത്ത പുഴപോലെ യവനികയിൽ നിറഞ്ഞുനില്ക്കുന്ന മുടിയിഴകൾ. അതിൽ അരിച്ചുനടക്കുന്ന മനോഹരമായ വിരലുകൾ.
മുറ്റത്തിരുന്നു് സുലൈഖയുടെ തലയിൽ പേൻ നോക്കുന്ന ബീവി.
സുലൈഖ എന്തോ ഓർത്തിരിക്കുകയാണു്. പശ്ചാത്തലത്തിൽ ഒരു കെസ്സു് പാട്ടിന്റെ അവ്യക്തമധുരമായ ഈണം. ഓർമ്മയുടെ തുടർച്ചപോലെ സുലൈഖ സംസാരിച്ചുതുടങ്ങുന്നു:
“നീർച്ച ബടെ അടുത്തു് പോയി.”
- ബീവി:
- “ങ് ആ… അനക്കു് കോളു് തന്നെ.”
- സുലൈഖ:
- “ന്താ-ഇന്ക്കായിട്ടൊരു കോളു്?”
- ബീവി:
- (സുലൈഖയുടെ കവിളിൽ നുള്ളിക്കൊണ്ടു്)“ഇക്കൊല്ലത്തെ നീർച്ചക്കു് ബന്നാപ്പിന്നെ മോളെ കാനോത്തു് നടത്തീട്ടല്ലേ ബാപ്പ പോവ്വ്വള്ളൂ.”
- സുലൈഖ:
- (ദുഃഖം) “അങ്ങനെ പറഞ്ഞാ പോയതു്. വയനാട്ടിലു് മലമ്പനി പിടിച്ചു ഒരുപാടീസം കെടന്ന്ക്ക്ണു്. പണി എട്ക്കാൻ ആവത്ണ്ടായിട്ടു് വേണ്ടേ മുക്കാല്ണ്ടാക്കാൻ?”
- ബീവി:
- “അതൊന്നും ല്ലെടീ. നാളെയോ മറ്റന്നാളോ അന്റെ ബാപ്പവരും. മോളെക്കെട്ടിക്കാൻ പൊന്നും കൊണ്ടാ വര്ആ.”
- സുലൈഖ:
- (വിഷയം മാറ്റാൻ വേണ്ടി) “മാനൂന്റെ ബാപ്പ ഇക്കൊല്ലെങ്കിലും വര്വോ?”
- ബീവി:
- “വരും ന്നാ ഞങ്ങളെ ബിജാരം.”
കട്ട്
സന്ധ്യ
ബീവിയുടെ കുടിൽ—പുറം
പാത്തുമ്മ, മാനു.
വീടിന്റെ ഉമ്മറത്തു മകനെ മടിയിൽ കിടത്തി തലോടിക്കൊണ്ടിരിക്കുന്ന പാത്തുമ്മ. അവർ ഏതോ ലോകത്താണു്. മാനുവിന്റെ മനസ്സു് നേർച്ചയുടെ ഉത്സാഹത്തിലും. പശ്ചാത്തലത്തിൽ നേർച്ചയുടെ താളമേളങ്ങൾ. അവനും സ്വന്തമായൊരു ലോകത്തിലേക്കു വീണുപോയി. ഒന്നു രണ്ടു നിമിഷം കഴിഞ്ഞു് അവൻ ചോദിച്ചു:
“ഉമ്മാ, ഇക്കൊല്ലത്തെ നീർച്ചക്കെങ്കിലും ബാപ്പ വര്വോ?”
തലയുയർത്തിപ്പോകുന്ന പാത്തുമ്മ. അവൾക്കു പൊള്ളി. മാനുവിനെ തഴുകുന്നതല്ലാതെ പാത്തുമ്മ ഉത്തരമൊന്നും പറയുന്നില്ല.
മാനുവിന്റെ തലയിലും പുറത്തും സഞ്ചരിക്കുന്ന പാത്തുമ്മയുടെ വിരലുകൾ.
ഫ്ലാഷ് ബാക്ക്
രാത്രി
ബീവിയുടെ കുടിൽ—പുറം
പാത്തുമ്മ, മമ്മു.
മാനുവിന്റെ പുറത്തു് തലോടുന്ന പാത്തുമ്മയുടെ കൈവിരലുകൾ മമ്മുവിന്റെ പുറത്തു് തലോടുന്നവയായി മാറുന്നു. മാനു കിടന്ന അതേ പോസിൽ പാത്തുമ്മയുടെ മടിയിൽ കിടക്കുന്ന മമ്മു.
മമ്മുവിനെ ഉമ്മവെച്ചശേഷം തലയുയർത്തുന്ന പാത്തുമ്മ:
“ഇന്ക്ക് എത്ര്യായീന്നറിയ്യോ?”
- മമ്മു:
- (ചിരിക്കുന്നു) “പത്തിലു് അതികായോ?”
- പാത്തുമ്മ:
- (പിണക്കം) “എപ്പളും കളീം തമാസിം”
- പാത്തുമ്മ:
- “പോയാലു് ഇനി എപ്പളാ വര്വാ?”
- മമ്മു:
- (കിടന്ന കിടപ്പിൽ) “യ്യ് പെറ്റ്ന്നു് കേട്ടാ വരും! ആ ബിവരം കിട്ടീല്ലെങ്കീ അട്ത്ത നീർച്ചക്കു് ന്തായാലും വരും,”
- പാത്തുമ്മ:
- “ഒറപ്പാ?”
- മമ്മു:
- “ഒറപ്പ്.”
“അട്ത്ത നീർച്ചക്ക് ന്തായാലും വരും.”
മമ്മുവിന്റെ പുറത്തു സഞ്ചരിക്കുന്ന പാത്തുമ്മയുടെ വിരലുകൾ.
ഫ്ലാഷ് ബാക്ക് അവസാനിച്ചു.
സന്ധ്യ
ബീവിയുടെ കുടിൽ—പുറം
പാത്തുമ്മ, മാനു.
വീണ്ടും ഉമ്മറത്തു് മാനുവിന്റെ പുറം തലോടുന്ന പാത്തുമ്മയുടെ ദൃശ്യം.
കട്ട്
പകൽ
ഗ്രാമം—പുറം
ഗ്രാമീണർ.
ഗ്രാമത്തിനുമീതെ ഉയർന്നുപറക്കുന്ന നേർച്ചക്കൊടി. നേർച്ചക്കു് തയ്യാറെടുക്കുന്ന ഗ്രാമം: തോക്കു തേച്ചു് മിനുക്കുന്ന ദൃശ്യം. പൊടിതട്ടി വൃത്തിയാക്കപ്പെടുന്ന മുത്തുക്കുടകൾ.
പാടം ചെത്തിക്കോരുന്ന ആളുകൾ. അവിടവിടെ പീടികക്കു് കാലുനാട്ടുന്നവർ. ഉഷാറാവുന്ന ചായപ്പീടികകൾ.
വീരരസപ്രധാനമായ ഏതോ മാപ്പിളപ്പാട്ടിന്റെ ഈണം പശ്ചാത്തലത്തിൽ ഉയർന്നുവരുന്നു.
പരിശീലനം നേടുന്ന കോൽക്കളി സംഘങ്ങൾ. ദഫ്ഫിലും അറവാനയിലും സഞ്ചരിക്കുന്ന വിരലുകൾ.
കുബ്ബയുടെ മുകൾഭാഗം വെള്ളവലിക്കുന്ന പണിക്കാർ. അവരുടെ വിയർപ്പണിഞ്ഞ മുഖത്തിന്റെ സമീപദൃശ്യം.
ഗ്രാമത്തിനു മുകളിൽ പടർന്നുകേറുന്ന പുകച്ചുരുളുകൾ.
കട്ട്
പകൽ
ഗ്രാമം—പുറം
മൊയ്തുട്ടി, മാനു, ഗ്രാമീണർ.
പുഞ്ചിരിക്കുന്ന മൊയ്തുട്ടിയുടെ മുഖത്തിന്റെ സമീപദൃശ്യം. അയാൾക്കു ചുറ്റുമുള്ള കുട്ടികളെയും ഗ്രാമീണരെയും ക്യാമറ വിശദമായി പകർത്തുന്നു. കൂട്ടത്തിൽ മാനു.
മൊയ്തുട്ടി അത്തർവില്പനക്കാരനാണു്. അത്തർപെട്ടിയുടെയും അതിനകത്തും പുറത്തുമുള്ള കുപ്പികളുടെ വിശദചിത്രങ്ങൾ.
മൊയ്തുട്ടി ഓരോരുത്തരുടെയും കുപ്പായത്തിൽ അത്തർ പുരട്ടിക്കൊടുക്കുകയാണു്.
അത്തറുകാരന്റെ കൈ മാനുവിനു മുമ്പിൽ ഒരു നിമിഷം നിന്നു. അത്തറു പുരട്ടാൻ അവനു കുപ്പായമില്ല! മൊയ്തുട്ടി അവന്റെ മാറിൽ അത്തറുപുരട്ടിക്കൊടുത്തു. മാനു നാണിക്കുന്നു. കൂടിനിന്നവർ ചിരിക്കുന്നു. ചിരിക്കുന്ന മൊയ്തുട്ടിയുടെ സമീപദൃശ്യം.
ദന്തനിരപോലുള്ള കുപ്പികളിലൂടെ ചിരിക്കുന്ന അത്തർപ്പെട്ടി.
കട്ട്
പകൽ
ചായപ്പീടിക—അകം
മൊയ്തുട്ടി, അയമുക്ക, ഗ്രാമീണർ.
പള്ളിയുടെ മിന്നാരംപോലെ ചായപ്പീടികയിലെ സമാവർ.
തുടർന്നു് ചായപ്പീടികയുടെ വിശദാംശങ്ങൾ
ചായക്കാരൻ അയമുക്ക തന്റെ കൊച്ചുസഭയെ തിരിഞ്ഞുനോക്കുന്നു:
- അയമുക്ക:
- “അനക്കെന്താ മാമ്വോ വെള്ളച്ചായ്യ്യാ?”
“അല്ല, വെള്ളക്കാപ്പി.”
- അയമുക്ക:
- (പകച്ചു) “വെള്ളക്കാപ്പ്യോ?”
- കേട്ടിരിക്കുന്നവരിൽ ഒരാൾ:
- “വെള്ളച്ചായിം വെള്ളക്കാപ്പിം ആയ്റ്റ്ന്താ വിത്യാസം?”
ചായപ്പീടികയിലേക്കു വന്നുകയറുന്ന മൊയ്തുട്ടി. അയമുക്ക ചിരിച്ചു.
“ദാര്, മൊയ്തൂട്ട്യോ? നീർച്ചന്റെ തലേന്നേ എത്ത്യോള്ളൂ?”
അത്തറുപെട്ടി ബഞ്ചിൽ വെച്ചുകൊണ്ടു് മൊയ്തുട്ടി:
“ങ്ഹ! പലേടത്തും ചുറ്റിക്കറങ്ങി. നേർച്ച കഴിഞ്ഞു് ഒരു മാസം ഇവിടെയുണ്ടു്.”
അയമുക്ക പത്രം വായിക്കുന്ന ചെറുപ്പക്കാരനു് ചായ കൊടുത്തു:
“ന്നാ വെള്ളക്കാപ്പി.”
എല്ലാവരുടെയും ശ്രദ്ധ മൊയ്തുട്ടിയിലാണു്. ചായപ്പീടികയുടെ ഒരു മൂലയിലിരിക്കുന്ന വളക്കാരൻ അബ്ദുവിനു് അത്തറുകാരന്റെ ആ പ്രമാണിത്തം അത്ര പിടിച്ചില്ല. പക്ഷേ, അയാളൊന്നും പറഞ്ഞില്ല.
അയമുക്ക മൊയ്തുട്ടിക്കു് ചായ കൊടുക്കുന്നു:
“ഇന്നാ മോനെ, ഒരാഫ് കുടി.”
ചായ കുടിക്കുന്ന മൊയ്തുട്ടിയുടെ മുഖത്തു് വിയർപ്പുകണങ്ങൾ. തോളിലിട്ട ഷാളുകൊണ്ടു് അയാൾ അതു തുടച്ചു.
വളക്കാരൻ അബ്ദു എഴുന്നേറ്റു. ആ പോക്കു് രസിച്ചവരിൽ ഒരാൾ: “അല്ലാ, അത്തറു വന്നേയ്നു് വള പോണോ?”
ചായക്കടയിൽ ചിരി.
ദേഷ്യത്തോടെ കടന്നുപോകുന്ന വളക്കാരന്റെ മുഖം.
കട്ട്
പകൽ
ചായപ്പീടിക—അകം
മൊയ്തുട്ടി, അയമുക്ക, കുട്ടികൾ.
ചായപ്പീടികയുടെ ബഞ്ചിൽ വിശ്രമിക്കുന്ന അത്തറുപെട്ടി. ചുറ്റും രണ്ടു മൂന്നു് കുട്ടികൾ ആ പെട്ടിയുടെ ചന്തം നോക്കിക്കൊണ്ടു് നില്പുണ്ടു്.
ചുവരിൽ ചാരിയിരിക്കുന്ന മൊയ്തുട്ടി. അയാൾക്കു പിന്നിൽ വഅള് പരമ്പരകളുടെയും കുറിക്കല്യാണങ്ങളുടെയും കൈകൊണ്ടെഴുതിയ പോസ്റ്ററുകൾ.
അയമുക്ക, ഏതോ ഒരു കെസ്സിന്റെ ഓർമ്മയിലാണു്. ചുണ്ടിൽ എരിയുന്ന ബീഡി. അടുപ്പിൽ തീ ഊതിക്കത്തിക്കാനുള്ള ശ്രമം.
- മൊയ്തുട്ടി:
- “അയമുക്കാ, എനിക്കൊരു് മാസം ചോറു തരണം.”
- അയമുക്ക:
- “അതു പിന്നെ പറ്യാനുണ്ടോ മോനെ! എല്ലാ നീർച്ചക്കും ഞമ്മളെ പണ്യല്ലേ, അതു് !”
കട്ട്
പകൽ
ബീവിയുടെ കുടിൽ—പുറം
മാനു, മൊയ്തുട്ടി.
വീട്ടിന്റെ കോലായിലിരുന്നു് അറബി-മലയാളം എഴുതിപ്പഠിക്കുന്ന മാനു.
സ്ലേറ്റിൽ എഴുത്തു ശീലിക്കുന്ന വിരലുകളുടെ സമീപദൃശ്യം.
ഇടക്കു തെറ്റുമ്പോൾ സ്വയം തന്നെ കുറ്റപ്പെടുത്തിക്കൊണ്ടു് ചെറിയ ശബ്ദമുണ്ടാക്കുന്നു. ഇടക്കു ചില തെറ്റുകൾ തുപ്പലുതൊട്ടു മായ്ക്കുന്നു. നാവു പുറത്തേക്കു് അല്പം തള്ളിനിർത്തി ഏകാഗ്രതയോടെ എഴുത്തു തുടരുന്നു.
അല്പം കഴിഞ്ഞു പുറത്തേക്കു നോക്കുന്നു.
ഇന്റർ കട്ട്
വേലിക്കപ്പുറത്തു് റോട്ടിലൂടെ അത്തറുപെട്ടിയും തൂക്കി നടന്നുപോകുന്ന മൊയ്തുട്ടി.
കട്ട്മാനുവിന്റെ ദൃഷ്ടിയിൽ മൊയ്തുട്ടി. മാനു അറിയാതെ വിളിച്ചു പോയി:
“ഹേയ് ”
മൊയ്തുട്ടി നിന്നു.
മാനുവിന്റെ മുഖത്തു് പരിഭ്രമം.
മൊയ്തുട്ടി വീണ്ടും നോക്കിയപ്പോൾ പരിഭ്രമം മറയ്ക്കാൻ വേണ്ടി മാനു ചിരിച്ചു. അതു കണ്ടു് മൊയ്തുട്ടിക്കു് ചിരി പൊട്ടി.
മാനു വീണ്ടും സ്ലേറ്റിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. അവൻ ഒന്നുകൂടി നോക്കിയപ്പോൾ അതാ, അത്തറുകാരൻ കയറിവരുന്നു.
മാനു അകത്തേക്കു് പാഞ്ഞു. കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം
പാത്തുമ്മ, മാനു.
അകത്തു് ബീഡിപ്പുകയില ഉണക്കുന്ന പാത്തുമ്മ. ഉമ്മയുടെ അരക്ക പിടിച്ചുകൊണ്ടു് മാനു പറഞ്ഞു:
“ഉമ്മാ, ഉമ്മാ… അത്തറുകാരൻ”
പുകയിലയിൽ ശ്രദ്ധിച്ചുകൊണ്ടു് പാത്തുമ്മ:
“അരി വാങ്ങാൻ മുക്കാലു് ല്ലാത്തപ്പളാ അത്തറ്!”
മാനു നിന്നു പുകയുകയാണു്. അവൻ വാതില്പ്പഴുതിലൂടെ ഒളിഞ്ഞു നോക്കി.
മുറ്റത്തു് അത്തറുകാരൻ നില്ക്കുന്നു!
മാനു തിരിഞ്ഞുനോക്കി:
ജോലിയിൽ മുഴുകിയ ഉമ്മ!
എന്തു വേണമെന്നറിയാതെ മാനു ഒന്നുരണ്ടു് നിമിഷം വിഷമിച്ചു നിന്നു. വീണ്ടും ഉമ്മയുടെ അടുത്തേക്കു തന്നെ ചെന്നു:
“ഉമ്മാ, അയാളു് അവിടെത്തന്നെണ്ടു്.”
പാത്തുമ്മ ചൊടിച്ചു:
“അയാളോടു് പോവാൻ പറ്യെടാ. ബടെ ആരാപ്പം അത്തറ് വാങ്ങ്ണ്?”
കട്ട്
പകൽ
ബീവിയുടെ കുടിൽ—പുറം
മാനു, മൊയ്തുട്ടി.
അറച്ചറച്ചു പുറത്തേക്കുവരുന്ന മാനു.
മൊയ്തുട്ടിക്കു് കാര്യം മനസ്സിലായി.
‘മോനു് അത്തറു് വേണോ?”
ഒരു കൊച്ചു കുപ്പിയെടുത്തു് മൊയ്തുട്ടി നീട്ടി. മാനു വേണ്ടെന്നു് ആംഗ്യം കാട്ടലും അകത്തേക്കു് പായലും ഒന്നിച്ചുകഴിഞ്ഞു.
കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം
മാനു.
അകത്തു് വാതിൽപ്പഴുതിലൂടെ ഒളിഞ്ഞുനോക്കുന്ന മാനു.
മുറ്റം ശൂന്യം
അവന്റെ മുഖത്തു് ആശ്വാസം.
കട്ട്
രാത്രി
ബീവിയുടെ കുടിൽ—അകം
പാത്തുമ്മ, ബീവി, മാനു.
അകത്തു് പായിൽ കിടക്കുന്ന പാത്തുമ്മയും ബീവിയും മാനുവും. മാനു ഗാഢനിദ്രയിലാണു്.
ബീവി പുറം തിരിഞ്ഞുകിടക്കുകയാണു്. പാത്തുമ്മ ഇരുട്ടിലേക്കു കണ്ണുതുറന്നു കിടക്കുന്നു. അവർ ഏതോ ആലോചനയുടെ കയത്തിലാണു്. ദുഃഖസാന്ദ്രമായ ഒരു കെസ്സുപാട്ടിന്റെ അവ്യക്തമായ ഈണം പശ്ചാത്തലത്തിലുണ്ടു്.
പുറത്തെ വാതിലിൽ മുട്ടു്. പാത്തുമ്മ പ്രതീക്ഷയോടെ പിടഞ്ഞെണീക്കുന്നു. ബദ്ധപ്പെട്ടു് വാതിൽ തുറന്നു. ആരുമില്ല!
പുറത്തെ കട്ടിയിരുട്ടിലേക്കു ഒരു നിമിഷം സങ്കടത്തോടെ നോക്കി. നിരാശയുടെ കരുവാളിപ്പു് പടർന്നുകയറുന്ന അവരുടെ മുഖം.
പാത്തുമ്മ വാതിലടച്ചു. ആ ശബ്ദം കേട്ടു ഉണരുന്ന ബീവി:
“ആരാ ത്താത്താ?”
പാത്തുമ്മ സാവധാനം ബീവിയുടെ പായിൽ വന്നിരുന്നു. തേങ്ങലോടെ മറുപടി പറയുന്നു:
“ആരൂല്ല… ആരൂല്ല… ഞമ്മക്കാരൂല്ല മോളേ.”
- ബീവി:
- “ത്താത്ത ബേജാറാവണ്ട. ഇക്കൊല്ലത്തെ നീർച്ചക്കു് ഓല് വരും.”
- പാത്തുമ്മ:
- “ഒമ്പതു് നീർച്ച അങ്ങനെ കയ്ഞ്ഞ്ലേ മോളേ?”
ഇന്റർ കട്ട്
മാനു കിടക്കുന്ന അതേ പോസിൽ പായിൽ ഉറങ്ങിക്കിടക്കുന്ന മമ്മു.
കട്ട്വിദൂരതയിൽ കണ്ണും നട്ടിരിക്കുന്ന പാത്തുമ്മ. ആശ്വസിപ്പിക്കാൻ വാക്കു കിട്ടാതെ വിഷമിക്കുന്ന ബീവി. അവർ പരസ്പരം ആശ്വസിപ്പിച്ചു് തഴുകുന്നു; അവർക്കു് വാക്കു് നഷ്ടപ്പെടുന്നു.
കട്ട്
പകൽ
ഗ്രാമം—പുറം
മാനു, ആൾക്കൂട്ടം.
ഗ്രാമത്തിന്റെ ആകാശവീക്ഷണം. ഉയർന്നുപറക്കുന്ന നേർച്ചക്കൊടി.
കൊടിമരത്തിൽനിന്നു് താഴോട്ടു് പതുക്കെ ഇറങ്ങിവരുന്ന ക്യാമറ. ഗ്രാമത്തിന്റെ വിശദാംശങ്ങളിലേക്കു് ക്യാമറ തിരിയുമ്പോൾ ദൂരെ നേർച്ചയുടെ തുടക്കം കുറിച്ചുകൊണ്ടു് വെടി പൊട്ടുന്നു.
അതുകേട്ടു് വഴിയിൽനിന്നു് ഉത്സാഹത്തോടെ മാനു ഓട്ടമാരംഭിക്കുന്നു. അവൻ ചെങ്കുത്തായ പാതയുടെ മുകളിൽ വന്നുനിന്നു് ഗ്രാമം വീക്ഷിക്കുന്നു. അവന്റെ വീക്ഷണത്തിൽ നേർച്ച.
കുബ്ബ
പെട്ടിവരവുകൾ
ആൾക്കൂട്ടം.
മഖ്ബറയുടെ അടുത്തുനിന്നു് പ്രാർത്ഥിക്കുന്ന വിശ്വാസികൾ.
പശ്ചാത്തലത്തിൽ വീരരസപ്രധാനമായ മാപ്പിളപ്പാട്ടിന്റെ അവ്യക്തമായ ഇശലുകൾ.
കോൽക്കളി സംഘങ്ങളോടെ വന്നെത്തുന്ന വരവുകൾ.
ആൾക്കൂട്ടത്തിന്റെ വിശദാംശങ്ങൾ.
വരവു് സ്വീകരിക്കാൻ കുതിരപ്പുറത്തു് എഴുന്നള്ളുന്ന തങ്ങൾ. തങ്ങളുടെ മുഖത്തിന്റെ സമീപദൃശ്യം. മുത്തുക്കുടകളുടെയും മറ്റു അലങ്കാരങ്ങളുടെയും വിശദാംശങ്ങൾ.
കച്ചവടസ്ഥലങ്ങളിലേക്കു ക്യാമറ തിരിയുന്നു. മിഠായി വില്പനക്കാർ, അറബി-മലയാളം ഏടുകൾ, ആനമയിലൊട്ടകം, യന്ത്ര ഊഞ്ഞാൽ, ചായപ്പീടികകൾ, മറ്റും മറ്റും…
നേർച്ചയുടെ ആൾക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി നടന്നുപോകുന്ന മാനു.
“മക്കം കാണാം, മദീനം കാണാം”
എന്നൊരാർപ്പുകേട്ടു അവൻ നിന്നു. ഫിലിം കാണുന്നവന്റെ മുഖത്തിന്റെ സമീപദൃശ്യം:
“ഹായ്, മക്കം കാണാം, മദീനം കാണാം.”
അയാൾക്കു് ചുറ്റും കൂടിനിൽക്കുന്ന കുട്ടികൾ.
ഫിലിം കാണുന്ന മാനുവിന്റെ വിടർന്ന ചിരി. അവൻ കാണുന്ന സ്റ്റിൽ ചിത്രങ്ങൾ തിരശ്ശീലയിൽ:
മക്കാശരീഫ്, റൗളാശരീഫ്, മരുഭൂമിയിൽ ഒട്ടകപ്പുറത്തു സഞ്ചരിക്കുന്ന അറബി, മരുപ്പച്ച….
കട്ട്
പകൽ
ഗ്രാമം—പുറം
മൊയ്തുട്ടി, മാനു, ആൾക്കൂട്ടം.
ചുറ്റും കൂടിനിൽക്കുന്ന ആൾക്കൂട്ടത്തിനിടക്കു് നിന്നു് അത്തറുവില്പന നടത്തുന്ന മൊയ്തുട്ടി.
മാനു ആ കൂട്ടത്തിൽ ചെന്നു് കൗതുകപൂർവ്വം മൊയ്തുട്ടിയെ നോക്കി നിൽക്കുന്നു. അവന്റെ ദൃഷ്ടിയിൽ നിറഞ്ഞുനിൽക്കുന്ന അത്തറുപെട്ടി.
കട്ട്
വൈകുന്നേരം
ബീവിയുടെ കുടിൽ—പുറം
പാത്തുമ്മ.
വീടിന്റെ ഉമ്മറത്തു് വിദൂരതയിൽ കണ്ണും നട്ടു് ഇരിക്കുന്ന പാത്തുമ്മ. പശ്ചാത്തലത്തിൽ നേർച്ചയുടെ ഇരമ്പലും ആരവവും.
കട്ട്
വൈകുന്നേരം
ബീവിയുടെ കുടിൽ—അകം
ബീവി.
അകത്തു് കണ്ണാടിയിൽ നോക്കി തട്ടം ശരിയാക്കി, അളകം ഒതുക്കി, മൊഞ്ചു കൂട്ടുന്ന ബീവി.
കട്ട്
വൈകുന്നേരം
ബീവിയുടെ കുടിൽ—പുറം
പാത്തുമ്മ, സുലൈഖ.
കല്ലിച്ചിരിക്കുന്ന പാത്തുമ്മ. അകലെ വേലിക്കപ്പുറത്തു് ഉടുത്തൊരുങ്ങിയെത്തിയ സുലൈഖ. അവൾ നീട്ടിവിളിക്കുന്നു:
“ബീവി… ബീവി.”
ബദ്ധപ്പെട്ടു പുറത്തേക്കുവരുന്ന ബീവി. അവൾ സുലൈഖയോടൊപ്പം എത്താനുള്ള തിടുക്കത്തിലാണു്. ഉമ്മറത്തു് കല്ലിച്ചിരിക്കുന്ന പാത്തുമ്മയെ കണ്ടു് ബീവി ചോദിക്കുന്നു:
“ത്താത്ത പോര്ണില്ലേ, വരവു് കാണാൻ?”
പാത്തുമ്മയുടെ നിർവ്വികാരമായ ഉത്തരം:
“ല്ല.”
പശ്ചാത്തലത്തിൽ നേർച്ചയുടെ ഇരമ്പൽ. ഉത്സാഹത്തോടെ നടന്നകലുന്ന ബീവി. അതു നോക്കിയിരിക്കുന്ന പാത്തുമ്മ. പാത്തുമ്മയുടെ ദൃഷ്ടിയിലൂടെ, ബീവിയുടെ പുറകുവശമാണു് ക്യാമറ പിന്തുടരുന്നതു്.
കട്ട്
ഫ്ലാഷ് ബാക്ക് ആരംഭിക്കുന്നു.
സന്ധ്യ
ഗ്രാമം—പുറം
പാത്തുമ്മ, മമ്മു, ഗ്രാമീണർ.
ഇപ്പോൾ നടന്നുപോകുന്നതു് ബീവിയല്ല, പാത്തുമ്മയാണു്. വേലിക്കപ്പുറത്തു് കാത്തുനിൽക്കുന്ന മമ്മു.
നേർച്ചയുടെ ഇരമ്പൽ പശ്ചാത്തലത്തിൽ തുടർന്നും കേൾക്കാം.
നേർച്ചയുടെ ആൾക്കൂട്ടത്തിനിടയിലൂടെ ഉത്സാഹത്തോടെ നടന്നു പോകുന്ന പാത്തുമ്മയും മമ്മുവും.
കച്ചവടക്കാരുടെ നീണ്ട നിരകൾ.
വളക്കാരന്റെ മുമ്പിൽ അവർ നിന്നു. മമ്മു അവൾക്കു് വള വാങ്ങിക്കൊടുത്തു. പാത്തുമ്മ വീണ്ടും കൈ ചൂണ്ടി:
‘ഖോജാത്തി സുറുമ’ എന്നെഴുതിയ പാക്കറ്റിന്റെ സമീപദൃശ്യം.
മമ്മുവിന്റെ തെളിഞ്ഞ ചിരി.
ഫ്ലാഷ് ബാക്ക് അവസാനിക്കുന്നു.
കട്ട്
രാത്രി
ബീവിയുടെ കുടിൽ—അകം
പാത്തുമ്മ, എളാപ്പ.
ഓർത്തുകിടക്കുന്ന പാത്തുമ്മയുടെ മുഖത്താണു് മമ്മുവിന്റെ ചിരി മങ്ങിമറയുന്നതു്.
പാത്തുമ്മ തേങ്ങിപ്പോവുന്നു.
പശ്ചാത്തലത്തിൽ മമ്മുവിന്റെ ശബ്ദം:
“അട്ത്ത നീർച്ചക്കു് എന്തായാലും വരും.”
കിടന്നു് ഏങ്ങലടിക്കുന്ന പാത്തുമ്മയെ ഒരു വൃദ്ധന്റെ കൈകൾ തലോടി ആശ്വസിപ്പിക്കുന്നു. വൃദ്ധന്റെ സ്നേഹപൂർണ്ണമായ സ്വരം:
“മോളേ!”
പാത്തുമ്മ തിരിഞ്ഞുനോക്കുമ്പോൾ എളാപ്പയുടെ ദയപൂണ്ട മുഖം അതവരുടെ കണ്ണുനീരു് ഇരട്ടിപ്പിക്കുകയാണു്. അവർ എണ്ണീറ്റിരിക്കാൻ ശ്രമിക്കുന്നു.
- എളാപ്പ:
- “യ്യി ങ്ങനെ കെടന്നു് നെലോളിക്ക്യാ? ആ വരവു് കാണാനോ റ്റോ പോയാലു് ഇതൊക്കെ ഓർക്കാതെ കയ്യൂലേ?”
- പാത്തുമ്മ:
- “വന്നെങ്കിലോന്നു് വിചാരിച്ചു് നീർച്ചന്റെ അന്നു് ഞാൻ പൊറത്തെറങ്ങലു് ല്ല.”
“പോട്ടെ മോളെ, എല്ലാം നേരെയാവും. പടച്ചോനും നീർച്ചക്കാരും കാണുണ്ണ്ടല്ലോ?”
- പാത്തുമ്മ എഴുന്നേറ്റുകൊണ്ടു്:
- “എളാപ്പ കുത്തിരിക്കീ”
പാത്തുമ്മ അകലേക്കു് നോക്കിനില്ക്കുകയാണു്. അവരുടെ മുഖത്തിന്റെ സമീപദൃശ്യം.
ഡിസ്സോൾവ്
രാത്രി
ബീവിയുടെ കുടിൽ—അകം
പാത്തുമ്മ, എളാപ്പ.
എന്തോ ആലോചിച്ചുകൊണ്ടു് ചോറുതിന്നുന്ന എളാപ്പ. അതു നോക്കിയിരിക്കുന്ന പാത്തുമ്മ.
കട്ട്
ഫ്ലാഷ് ബാക്ക് ആരംഭിക്കുന്നു.
രാത്രി
ബീവിയുടെ കുടിൽ—അകം
ഉല്ലാസത്തോടെ ഊണുകഴിക്കുന്ന മമ്മു. സമീപം നിന്നു വിളമ്പിക്കൊടുക്കുന്ന പാത്തുമ്മ.
ഫ്ലാഷ് ബാക്ക് അവസാനിക്കുന്നു.
കട്ട്
രാത്രി
ബീവിയുടെ കുടിൽ—അകം
പാത്തുമ്മ, എളാപ്പ.
എളാപ്പ ഊണുകഴിക്കുന്നതു് നോക്കിയിരിക്കുന്ന പാത്തുമ്മ. പശ്ചാത്തലത്തിൽ നേർച്ചയുടെ ഇരമ്പൽ.
കട്ട്
പകൽ
പാടം—പുറം
മാനു, കൂട്ടുകാരൻ.
നേർച്ച കഴിഞ്ഞ പാടം. തല്ക്കാലത്തേക്കു് കെട്ടിയുണ്ടാക്കിയ ചായപ്പീടികകളുടെയും മറ്റും അവശിഷ്ടങ്ങൾ. തോരണങ്ങളുടെ അവശിഷ്ടങ്ങളും മറ്റും പാടത്തു് ചിതറിക്കിടക്കുന്നു.
കൂട്ടുകാരനെ സൈക്കിൾചവിട്ടു പഠിക്കാൻ സഹായിക്കുന്ന മാനു. ഇരുവരുടെയും ബദ്ധപ്പാടിന്റെയും ബേജാറിന്റെയും തമാശകൾ.
സൈക്കിളിന്റെ പിറകേ ഓടുന്ന മാനു. തിരശ്ശീലയിൽ നിറഞ്ഞു നില്ക്കുന്ന സൈക്കിൾ ചക്രം. ചക്രത്തിന്റെ ഇല്ലികൾക്കിടയിലൂടെ മാനുവിന്റെ രൂപം. ശ്രമപ്പെട്ടു സൈക്കിളു പഠിക്കുന്ന കൂട്ടുകാരൻ. അവൻ സാമാന്യം പഠിച്ചിട്ടുണ്ടു്.
വീണ്ടും സൈക്കിൾ കാണുമ്പോൾ മാനുവാണു് സൈക്കിളിൽ. അവൻ ഒട്ടും പഠിച്ചിട്ടില്ല. മുഖത്തു് ബേജാറു്. നാവു പുറത്താക്കി വളച്ചു പിടിച്ചിട്ടുണ്ടു്. മാനുവിനു ശരിക്കു കാലെത്തുന്നുമില്ല. കൂട്ടുകാരൻ പിടിച്ചു കൊടുക്കുന്നു.
ഇതിനിടയിൽ മാനുവിന്റെ തുണിയുരിഞ്ഞുവീണു. ചിരിയോടെ കൂട്ടുകാരൻ തുണി നേരെയാക്കാൻ സഹായിച്ചു. സൈക്കിൾ ഒരു ചുറ്റെത്തി.
രണ്ടാമത്തെ ചുറ്റെത്തുമ്പോഴേക്കു് വരമ്പിൽ തട്ടി സൈക്കിൾ മറിഞ്ഞു.
മാനു അടിയിലും സൈക്കിൾ മുകളിലുമായാണു് വീണതു്. അവന്റെ കരച്ചിൽ:
“മ്മാ!”
ഇന്റർ കട്ട്
പകൽ
പാടം—പുറം
മൊയ്തുട്ടി.
കരച്ചിൽ കേട്ടു് ഓടി വരുന്ന മൊയ്തുട്ടി.
കട്ട്
പകൽ
പാടം—പുറം
മാനു, മൊയ്തുട്ടി.
തിരിയുന്ന സൈക്കിൾ ചക്രം. അതിനു കീഴെ കരയുന്ന മാനു. മൊയ്തുട്ടി പെട്ടെന്നുതന്നെ അവനെ പിടിച്ചെഴുന്നേല്പിച്ചു.
കട്ട്
പകൽ
പാടം—വാതിൽപ്പുറം
മാനു, കൂട്ടുകാരൻ, മൊയ്തുട്ടി.
പാടത്തിനപ്പുറത്തു് ഓടിമറയുന്ന മാനുവിന്റെ കൂട്ടുകാരൻ മൊയ്തുട്ടിയുടെ ദൃഷ്ടിയിൽ.
മൊയ്തുട്ടിയുടെ മുഖത്തു് ഒരിളംചിരി പരക്കുന്നു.
കരയുന്ന മാനുവിന്റെ മുഖം സമീപദൃശ്യത്തിൽ. അവൻ താഴോട്ടു നോക്കുമ്പോൾ കാലിൽ ചോര കിനിയുന്നു. കരച്ചിൽ ഉച്ചത്തിലായി.
കട്ട്
പകൽ
ബീവിയുടെ കുടിൽ—പുറം
പാത്തുമ്മ, മാനു, മൊയ്തുട്ടി, ബീവി.
വീടിന്റെ കോലായ അടിച്ചു വാരുന്ന പാത്തുമ്മ.
പാത്തുമ്മ തലയുയർത്തുമ്പോൾ ഏങ്ങിക്കരയുന്ന മാനുവിനെയും കൊണ്ടു് വീട്ടിലേക്കു കയറിവരുന്ന മൊയ്തുട്ടിയെ കാണുന്നു.
മാനുവിന്റെ കാലിലെ ചോരകണ്ടു് പാത്തുമ്മ ഓടിച്ചെല്ലുന്നു.
- പാത്തുമ്മ:
- (പരിഭ്രമം) “എന്തേ മാന്വോ പറ്റ്യതു് ?”
- മൊയ്തുട്ടി:
- “പരിഭ്രമിക്കാനൊന്നുമില്ല. അവൻ സൈക്കിളിൽനിന്നു വീണു.”
- പാത്തുമ്മ:
- (പരിഭ്രമം) “ചോര നിക്ക്ണ്ല്ലല്ലോ ബദ്രീങ്ങളേ!”
- മൊയ്തുട്ടി:
- “അവനൊരു ഗ്ലാസ്സ് വെള്ളം കൊടുക്കൂ. ചോര നില്ക്കും.”
“ഞാൻ പോട്ടെ.”
അന്നേരത്താണു് അകത്തുനിന്നു ഒരു വിളി:
“ത്താത്താ”
ഓലമറവിനു പുറത്തേക്കു നീട്ടിപ്പിടിച്ച ഗ്ലാസ്സ് നിറയെ വെള്ളം. മൊയ്തുട്ടി അതുതന്നെ നോക്കിനിന്നുപോയി.
- പാത്തുമ്മ വിളിച്ചു:
- “ങ്ങട്ട് കൊണ്ടോരെടീ.”
ബീവി പെട്ടെന്നു വന്നു് ഗ്ലാസ്സ് പാത്തുമ്മയെ ഏല്പിച്ചു ഓടി അകത്തേക്കു പോവുന്നു.
- മൊയ്തുട്ടി:
- (ആദ്യം യാത്ര ചോദിച്ചതു് മറന്നപോലെ) “ഞാൻ പോട്ടെ.”
- പാത്തുമ്മ:
- “കേറ്ണ്ല്ലേ?”
- മൊയ്തുട്ടി:
- “ഇല്ല.”
മൊയ്തുട്ടിയുടെ ഇടത്തേകയ്യിലെ അത്തറുപെട്ടി അപ്പോഴാണു് പാത്തുമ്മയുടെ ശ്രദ്ധയിൽ പെട്ടതു്.
- പാത്തുമ്മ:
- “നീർച്ചക്കു് വന്നതാരിക്കും. ല്ലേ?”
- മൊയ്തുട്ടി:
- “അതേ.” (മുന്നോട്ടു നടന്നുകൊണ്ടു്) “പോട്ടെ.”
കട്ട്
രാത്രി
ബീവിയുടെ കുടിൽ—പുറം
എളാപ്പ, മുസ്ല്യാർ, മാപ്പിളമാർ, കുട്ടികൾ.
വീടിന്റെ കോലായിൽ എരിയുന്ന പെട്രോമാക്സ് സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നു.
താഴെ വാഴത്തടയുടെ കഷ്ണത്തിൽ കുത്തിനിർത്തിയ ചന്ദനത്തിരികൾ. അവയുടെ പുകച്ചുരുളുകൾക്കിടയിലൂടെ തെളിയുന്ന സബീനയുടെ ഏടു്.
സ്ക്രീനിൽ നിറഞ്ഞുനില്ക്കുന്ന ഏടിലെ അറബി ലിപികൾ.
സബീനക്കു് ചുറ്റും ഇരിക്കുന്ന മുസ്ല്യാരും കുട്ടികളും മാപ്പിളമാരാണു്. എല്ലാവരും തലയിൽ മുണ്ടോ ഉറുമാലോ കെട്ടിയിട്ടുണ്ടു്. ഭക്തിപൂർണ്ണമായ അന്തരീക്ഷം.
മുറ്റത്തു് ഒന്നു രണ്ടു മാപ്പിളമാർ. അതിനിടയിൽ കാര്യക്കാരനായി ഓടി നടക്കുന്ന എളാപ്പ. മുസ്ല്യാരും കുട്ടികളും ബൈത്തിലെ വരികൾ സംഘഗാനംപോലെ കേൾക്കാം.
“വതമീമിഹിം വതമീമിഹിം
സ്വഹബിൽ മുശഫ്ഫഹി അക്റമിൽ കുറമാള
വബിസാബിതിൻ വബിസാബിതിൻ
വബിസാബിതിൻ
വബിസാബിതിൻ വബീസാബിതിൻ ലി ഇദാഇ”
ഇന്റർ കട്ട്
രാത്രി
ബീവിയുടെ കുടിൽ—അകം
മാനു, ബീവി, പാത്തുമ്മ, എളാപ്പ, സുലൈഖ.
അകത്തു മാനുവിനെ മാർക്കം ചെയ്യാൻ അടക്കിപ്പിടിച്ചിരിക്കുന്നു. അവന്റെ കണ്ണുപൊത്തിയിട്ടുണ്ടു്.
പശ്ചാത്തലത്തിൽ നേരത്തേ കേട്ട ബദർ ബൈത്ത്.
നിലത്തു പലകയിട്ടിരിക്കുന്ന ഒസ്സാൻ.
വായും പൊളിച്ചിരിക്കുന്ന കോളാമ്പി.
പരിഭ്രമം കൂടുകെട്ടിയ പാത്തുമ്മയുടെ മുഖം. ഉത്ക്കണ്ഠാകുലയായ ബീവി. അടുത്തു് സുലൈഖ.
പരിഭ്രമം ഒതുക്കിപ്പിടിച്ച എളാപ്പ.
വീണ്ടും പാത്തുമ്മയുടെ മുഖം. ആ മുഖത്തു വീഴുന്ന ബദർബൈത്തിലെ വരികൾ.
കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം
മൊയ്തുട്ടി, മാനു, പാത്തുമ്മ, ബീവി.
അട്ടത്തു ഉറപ്പിച്ച കയർ. കൂടാരത്തിന്റെ ആകൃതിയിൽ പുതച്ചു് മലർന്നുകിടക്കുന്ന മാനു.
അവൻ തലതിരിച്ചു നോക്കുമ്പോൾ അത്തറുകാരൻ മൊയ്തുട്ടിക്ക ചിരിച്ചുകൊണ്ടു നില്ക്കുന്നു!
അവൻ നാണിച്ചു മുഖം പൊത്തി. കട്ടിലിൽ ഇരുന്നുകൊണ്ടു് മൊയ്തുട്ടി പറയുന്നു:
“മാർക്കത്തിനു ഞങ്ങളെ ആരേയും വിളിച്ചില്ല.”
മാനു അതേ കിടപ്പു കിടക്കുകയാണു്. വാതിലിന്റെ മറവിൽനിന്നു് പാത്തുമ്മയാണതിനു സമാധാനം പറയുന്നതു്:
“ഓനെപ്പളും ങ്ങളെ വർത്താനം പറ്യും.”
മൊയ്തുട്ടി തിരിഞ്ഞുനോക്കി. പാത്തുമ്മ. തൊട്ടു പിറകിൽ ബീവി. മൊയ്തുട്ടി ഒന്നുകൂടി നോക്കിയപ്പോൾ ബീവി അകത്തേക്കു വലിഞ്ഞു.
ഓലമടലിന്റെ ഓട്ടയിലൂടെ മൊയ്തുട്ടിയെ നോക്കിനില്ക്കുന്ന ബീവി. അവളുടെ കാഴ്ചപ്പാടിലാണു് ക്യാമറ തുടർന്നുള്ള ദൃശ്യം പകർത്തുന്നതു്:
മൊയ്തുട്ടി കീശയിൽനിന്നു് ഒരു കൊച്ചു അത്തറുകുപ്പിയെടുത്തു മാനുവിനു നീട്ടി:
“ഇന്നാ, എന്റെ വക കോള്.”
മാനു കൈ നീട്ടിയില്ല. അവൻ ഉമ്മയുടെ നേരെ നോക്കി. പാത്തുമ്മയുടെ മുഖത്തു പുഞ്ചിരി. മൊയ്തുട്ടി വീണ്ടും നീട്ടി:
“ഇന്നാ.”
മാനു അറച്ചറച്ചു് കൈനീട്ടി അത്തറുകുപ്പി വാങ്ങി. മൊയ്തുട്ടി എഴുന്നേറ്റു. പാത്തുമ്മ വിലക്കുന്നു.
“അള്ളോ. എന്തെങ്കിലും ഒരു് വൈള്ളം കുടിച്ചിട്ടു് പോയാ പോരേ?”
- മൊയ്തുട്ടി:
- “വേണ്ട. പോട്ടെ.”
- പാത്തുമ്മ:
- “അതു പറ്റൂല, മോനേ. ഇരിക്കു്. ഇവടെ രണ്ട് പ്റാവസ്യം ബന്ന്ട്ട് ഒരെറക്കു് വെള്ളം കുടിക്കാതെ പോയാ പറ്റ്വോ?”
ഇന്റർ കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം
ബീവി.
അടുക്കളയിൽ ബദ്ധപ്പെട്ടു ചായ ഉണ്ടാക്കുന്ന ബീവി.
കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം
മാനു, പാത്തുമ്മ, മൊയ്തുട്ടി, ബീവി.
പാത്തുമ്മയും മൊയ്തുട്ടിയും സംഭാഷണം തുടരുന്നു. അതുകേട്ടു കിടക്കുന്ന മാനു.
- പാത്തുമ്മ:
- “മൊയ്തൂട്ടീന്നല്ലേ പേരു്. ഇവനെപ്പളും ഓരോന്നു് പറിണു് കേക്കാം. എവടെയാ നാടു്?”
- മൊയ്തുട്ടി:
- “അങ്ങു കൊച്ചിയിലാ.”
ചായയുമായി കടന്നുവരുന്ന ബീവി. അവളുടെയും മൊയ്തുട്ടിയുടെയും കണ്ണുകൾ ഇടഞ്ഞോ എന്നു സംശയം. ചായ വാങ്ങുമ്പോൾ മൊയ്തുട്ടിയുടെ കൈ വിറച്ചു. ബീവി ബദ്ധപ്പെട്ടു് അകത്തേക്കുപോയി. ഓലമടലിന്റെ മറവിൽനിന്നു് മൊയ്തുട്ടിയെ ശ്രദ്ധിക്കുന്ന ബീവിയുടെ മുഖത്താണു് ബാക്കി സംഭാഷണം വീഴുന്നതു്.
- മൊയ്തുട്ടി:
- (ചായ കുടിച്ചുകൊണ്ടു്) “ബാപ്പ മലപ്പുറത്തുകാരനായിരുന്നു. അവിടെ വന്നു താമസമാക്കിയതാ. നേർച്ചക്കാലത്തും പെരുന്നാളിനുമൊക്കെ അത്തറുമായി ഈ നാട്ടിലും വന്നിട്ടുണ്ടാവും.”
- പാത്തുമ്മ:
- (ആഹ്ലാദം) “ഹള്ളാ… അത്തറുകാരൻ മുഹമ്മദാക്കന്റെ മോനാ?”
- മൊയ്തുട്ടി:
- (അത്ഭുതം) “അതെ. ബാപ്പയെ അറിയുമോ?”
- പാത്തുമ്മ:
- “അറിയ്യോന്നു്! ഞങ്ങളെ ബാപ്പ ഉള്ള കാലത്തു് ഇപ്പൊരേലു് നൂറുകുറി വന്ന്ക്ക്ണു്.”
- മൊയ്തുട്ടി:
- (ചായ കുടിച്ചു തീർത്തുകൊണ്ടു്) “നേരോ!”
- മൊയ്തുട്ടി:
- (എഴുന്നേല്ക്കുന്നു) “ഞാനിറങ്ങട്ടെ. പല വഴിക്കും പോകാനുണ്ടു്.”
മൊയ്തുട്ടി മാനുവിനോടു ചിരിച്ചു. ഒന്നു തിരിഞ്ഞു നോക്കിയിട്ടു് കടന്നുപോവുന്ന മൊയ്തുട്ടി. ബീവി കോരിത്തരിച്ചുപോയി!
അയാൾ നടന്നകലുന്നതും നോക്കിനിൽക്കുന്ന പാത്തുമ്മയും ബീവിയും.
കട്ട്
പകൽ
കിണറ്റിൻകര—പുറം
മൊയ്തുട്ടി, ബീവി.
ഒക്കിൽ കുടവുമായി കിണറ്റിൻകരയിൽനിന്നു് വരുന്ന ബീവി.
അവൾ തിരിഞ്ഞുനോക്കുമ്പോൾ ദൂരെ നിരത്തിൽ മൊയ്തുട്ടി—അവളെത്തന്നെ നോക്കിക്കൊണ്ടു നില്ക്കുകയാണു്.
അവൾ ഒരിക്കൽകൂടി നോക്കി: അയാൾ ചിരിക്കുന്നു!
ബീവി ആരെങ്കിലും കാണുന്നുണ്ടോ എന്നു് നാലുപാടും നോക്കി. അവളും ചിരിക്കാൻ ശ്രമിച്ചു.
കുടവുമായി മുന്നോട്ടു നടക്കുന്ന ബീവി.
അവൾ ഇടക്കിടെ തിരിഞ്ഞുനോക്കുന്നു: അത്തറുകാരൻ നിന്ന നിൽപിൽ നില്ക്കുകയാണു്.
തല തിരിച്ചുനോക്കി നിന്നുപോകുന്ന ബീവിയുടെ മുഖത്തിന്റെ അത്യന്ത സമീപദൃശ്യം.
കട്ട്
പകൽ
ചായപ്പീടിക—അകം
അബു, അയമുക്ക, എളാപ്പ, ഗ്രാമീണർ.
പശ്ചാത്തലത്തിൽ കോഴികളുടെ ശബ്ദം. ചായക്കടയിലെ ബെഞ്ചിൽ കാലു കെട്ടിയ നിലയിൽ രണ്ടു കോഴികൾ. സമീപത്തിരുന്നു ചായ കുടിക്കുന്ന എളാപ്പ.
കോഴികളുടെ നിലവിളി ചായക്കടയിലെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു.
- അയമുക്ക:
- “ദെന്താ, ബീരാൻക്കാ കോയീനെ ഒക്കെ ആയ്റ്റ്.”
- എളാപ്പ:
- “പാത്തുമ്മാന്റെ മോൻ മാർക്കം കയ്ച്ച് കെടക്ക്വാണു്. ഓനു് വേവിച്ചു് കൊടുക്കാലോന്നു് വെച്ച് കൊണ്ട്വോവാ.”
എളാപ്പ എഴുന്നേറ്റു കാശു കൊടുക്കുന്നു. കോഴികളെയുമെടുത്തു നടത്തം തുടർന്നു. അതു നോക്കിയിരിക്കുന്ന അബു:
“ഏട്ടന്റെ കുട്ട്യേളെ നോക്കി ബീരാൻക്കാന്റെ ആയുസ്സു് തീർന്നു്.”
നടന്നുപോകുന്ന എളാപ്പ.
- കേട്ടിരുന്നവരിൽ ഒരാൾ:
- “മൂപ്പർക്കു് മക്കളില്ലല്ലോ.”
- അബു:
- “പിന്നേ, മക്കളില്ലാത്തോലു് ഏട്ടന്റെയും അനുജന്റെയും മക്കളെ നോക്കി മരിക്യല്ലേ?”
ദൂരെ നടന്നുമറയുന്ന എളാപ്പ.
കട്ട്
പകൽ
ബീഡിക്കമ്പനി—അകം
അബു, തെറുപ്പുകാർ, പാത്തുമ്മ.
സ്ക്രീനിൽ നിറഞ്ഞുനില്ക്കുന്ന “പതിനഞ്ചു് നായും പുലിയും” കരിക്കട്ടകൊണ്ടു നിരപ്പൊളിയിൽ വരച്ച കളിക്കളം.
ശ്രദ്ധാപൂർവ്വം കല്ലുവെക്കുന്ന വിരലുകൾ. അതിനെ പ്രതിരോധിച്ചുകൊണ്ടു് തീപ്പെട്ടിക്കോൽ നീക്കുന്ന മറ്റൊരാളുടെ വിരലുകൾ.
ബീഡിക്കമ്പനിയിലെ മൂലയിൽ കിടത്തിയിട്ട നിരപ്പൊളിയിൽ ഇരുന്നു കളിക്കുന്ന മാപ്പിളമാർ.
മുറവും മടിയിൽ വെച്ചിരിക്കുന്ന കളിക്കാരുടെ ശ്രദ്ധയത്രയും കളിയിലാണു്. ഇടക്കിടെ ആവേശം കൂട്ടലുകൾ:
“വെട്ടു്… വെട്ടു്”
മറ്റൊരാളുടെ മറുപടി.
“യ്യൊന്നു് മുണ്ടാതെ നിക്ക്വോ അവറാനേ.”
വേറൊരാൾ:
“കളി… കളി… ബഡായി പിന്ന്യാക്കാ—”
മുറിയുടെ മൂലയിൽ ഇരുന്നു ബീഡിതെറുക്കുന്ന അബു:
“ടോ, അയ്റ്റക്കു് രണ്ടിനും വേറെ പണില്ല. ങ്ങളു് കുത്തിര്ന്നു് തെരക്കാൻ നോക്കു്.”
ബീഡിത്തെറുപ്പിലേക്കു തിരിയുന്ന തെറുപ്പുകാർ. കളിക്കാർ കളി തുടരുന്നു.
കട്ട്
പകൽ
ബീഡിക്കമ്പനി—അകം
അബു, തെറുപ്പുകാർ, പാത്തുമ്മ.
മുറിയുടെ മറ്റൊരു മൂലയിൽ ചന്ദ്രിക ദിനപത്രത്തിൽ തലയും പൂഴ്ത്തിയിരിക്കുന്ന ഒരു ചെറുപ്പക്കാരൻ. അയാളുടെ തലയിൽ കെട്ടിയ ഉറുമാലാണു്. ആദ്യം കാണുക.
ഒരു തെറുപ്പുകാരൻ.
“ങ്ഉം. ബായിക്കെടാ.”
ചെറുപ്പക്കാരൻ തലയുയർത്തുന്നു.
മുഖവും ചന്ദ്രിക ദിനപത്രവും ദൃശ്യമാവുന്നു. വായന തുടരുന്നു.
“മദ്രസ്സക്കു് കട്ടില വെച്ചു. കൊയിലാണ്ടി, മെയ് 5, ദീനി വിദ്യാഭ്യാസത്തിന്റെ ആവശ്യകത മുസ്ലിമീങ്ങൾ നന്നായി മനസ്സിലാക്കണമെന്നു് പ്രസിദ്ധ മതപണ്ഡിതനായ ബാപ്പു മുസ്ല്യാർ ഇവിടെ പറഞ്ഞു. ഹയാത്തുൽഇസ്ലാം മദ്രസ്സക്കു കട്ടില—”
പെട്ടെന്നു് ആ മുറിയുടെ വാതില്ക്കൽ പാത്തുമ്മ തല കാണിച്ചു. അവളെക്കണ്ടു് അബു എഴുന്നേല്ക്കുന്നതോടെ വായന മുറിഞ്ഞു. പാത്തുമ്മ ഒന്നുകൂടി ഒതുങ്ങിനിൽക്കുന്നു. അവളുടെ കയ്യിൽ ബീഡിക്കെട്ടുകൾ.
- അബു:
- “മാനൂന് പള്ളിപ്പോവാനും ഇറങ്ങിനടക്കാനും ഒന്നും ആയ്ലേ?”
- പാത്തുമ്മ:
- “ല്ല”.
പാത്തുമ്മയുടെ കൈയിൽനിന്നു് അബു ബീഡിക്കെട്ടു വങ്ങി.
ബീഡിത്തെറുപ്പുകാരിൽ ചിലർ അവളെ ഒളിക്കണ്ണിട്ടു നോക്കുന്നുണ്ടു്.
അബു അവൾക്കു് കാശു കൊടുത്തു. കൂട്ടത്തിൽ പുകയിലയും ഇലയും.
അതുമായി പാത്തുമ്മ അപ്രത്യക്ഷയായി.
- അബു:
- (ആരോടെന്നില്ലാതെ) “വല്ല്യ സങ്കടണ്ടു് ഇപ്പെണ്ണിന്റെ കാര്യം.”
- ഒരു തെറുപ്പുകാരൻ:
- “ഓളെ ബേറെ കെട്ടിക്കണങ്കീ ഓൻ ചെല്ലീട്ടു വേണ്ടേ?”
- അബു:
- “പെണ്ണിനു വേണ്ടങ്കീ അങ്ങട്ടും ഒയ്വാക്കാം. ഫസ്ക്ക് ചെയ്താ മതി.”
- വേറൊരു തെറുപ്പുകാരൻ:
- “ന്നാ അങ്ങനെ ചെയ്തു് ഓളെ ങള് കെട്ടിക്കോളീ.”
കൂട്ടച്ചിരി. ഏകാഗ്രതയോടെ കളിക്കുന്ന കളിക്കാർ.
- അബു:
- “ഫ! ഇന്ക്കു് പെണ്ണും കുട്ട്യുംല്ലെടാ?”
- മറ്റൊരു തെറുപ്പുകാരൻ:
- “അയ്നെന്താ—ഞമ്മക്കു് നാലെണ്ണം വരെ കെട്ടാലോ.”
- അബു:
- “ഹയ്വാനേ—പെണ്ണു് വെറിം കെട്ടാംന്ന്ള്ളത് ഒരു വിട്ടൊയ്വാ. നെയമല്ല.”
- ആദ്യത്തേയാൾ:
- “അല്ല. ങ്ങളെ സങ്കടം കണ്ടപ്പം പറഞ്ഞതാ.”
വീണ്ടും കൂട്ടച്ചിരി. ഇതൊന്നുമറിയാതെ കളി തുടരുന്ന കളിക്കാർ.
കട്ട്
പകൽ
ബീവിയുടെ കുടിൽ—പുറം
ബീവി, മൊയ്തുട്ടി.
വീടിന്റെ മുറ്റത്തു് വിരിച്ച ചാക്കിൽ ഉണക്കാൻ ചിക്കിയിട്ടിരിക്കുന്ന നെല്ലു്.
തൊട്ടടുത്തു് അതിനു് കാവലിരിക്കുന്ന ബീവി. അവളുടെ കയ്യിൽ ഒരു കൊച്ചുകണ്ണാടിയുണ്ടു്. അതു വെയിലിനു നേരെ പിടിച്ചാണു് അവൾ കോഴിയെയും കാക്കയെയും ആട്ടുന്നതു്.
മുറ്റത്തും മരക്കൊമ്പിലും കുസൃതി കാട്ടുന്ന കണ്ണാടി വെളിച്ചം. മുറ്റത്തു വെളിച്ചം കണ്ടു് കൊക്കിപ്പാറുന്ന കോഴി.
ബീവി ഇടക്കു് കണ്ണാടിയിൽ ചന്തം നോക്കുന്നുണ്ടു്. കണ്ണാടിവെളിച്ചത്തിൽ മിന്നുന്ന ബീവിയുടെ മുഖം.
ഇതിനിടെ കണ്ണാടിവെളിച്ചം നിരത്തിലേക്കും നീണ്ടു. വൃക്ഷത്തലപ്പുകളിൽ അതു് ഇക്കിളിയിട്ടു. ആ വഴി വന്ന മൊയ്തുട്ടിയുടെ മുഖത്തു് അതു വന്നുവീണതു് പെട്ടെന്നവൾ ശ്രദ്ധിച്ചില്ല.
- മൊയ്തുട്ടി:
- (വിളിച്ചു ചോദിച്ചു) “ആരാ പകലു് ടോർച്ചടിക്കുന്നതു്?”
അതു കേട്ടു ബീവി പകച്ചു. പിന്നെ വിളിച്ചുചോദിച്ചതു് മൊയ്തുട്ടിയാണെന്നു് മനസ്സിലാക്കി അവൾ നാണത്തോടെ തല കുനിച്ചു. ബീവിയുടെ മുഖത്തു് ചിരി.
- മൊയ്തുട്ടി:
- (ചിരിയോടെ) “ഓ! ചിരിച്ചതാണോ?”
ഇന്റർ കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം
മാനു.
അകത്തു മാർക്കം കഴിച്ചതിന്റെ മുറിവിൽ തുണി തട്ടാതെ നടക്കാൻ ശ്രമിക്കുന്ന മാനു.
കട്ട്
പകൽ
ബീവിയുടെ കുടിൽ—പുറം
ബീവി, മൊയ്തുട്ടി.
ഒരു നിമിഷംകൂടി ബീവി അത്തറുകാരന്റെ മുമ്പിൽ നിന്നുപോയി. അയാൾ വീട്ടിലേക്കു കയറിവരികയാണു് എന്നു മനസ്സിലാക്കിയപ്പോൾ അവൾ അകത്തേക്കു് വലിഞ്ഞു.
കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം
മാനു, മൊയ്തുട്ടി.
അകത്തു കട്ടിലിൽ കിടക്കുന്ന മാനു. അവന്റെ കട്ടിലിൽ ഇരുന്നുകൊണ്ടു് മൊയ്തുട്ടിയുടെ ചോദ്യം:
“എന്താ, പള്ളീപ്പോവാനായില്ലേ?”
മാനുവിന്റെ വിടർന്ന ചിരി.
കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം.
അകത്തു ചായ ഉണ്ടാക്കുന്ന ബീവി. ഇടക്കു് ഓലമടലിന്റെ വിടവിലൂടെ മൊയ്തുട്ടിയെ ശ്രദ്ധിക്കുന്നുണ്ടു്.
കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം
മാനു, ബീവി, മൊയ്തുട്ടി.
കട്ടിലിൽ കിടക്കുന്ന മാനു. സമീപത്തു് ഇരിക്കുന്ന മൊയ്തുട്ടി.
- മാനു:
- “എന്നാ പോവ്വാ?”
- മൊയ്തുട്ടി:
- “എന്താ, മാനു എന്റെ കൂടെ പോരുന്നോ?”
മാനുവിന്റെ ചിരി.
- മൊയ്തുട്ടി:
- “ഉമ്മ എവിടെപ്പോയി?”
“ത്താത്ത ബീഡിക്കമ്പനീപ്പോയി.”
മൊയ്തുട്ടിക്കു് ചായ കൊടുക്കുന്ന ബീവി. അവരുടെ കണ്ണുകളും വിരലുകളും കൂട്ടിമുട്ടി. ബീവിയുടെ മുഖത്തു പരിഭ്രമം.
- ബീവി:
- (നാണത്തോടെ) “പാലു് ല്ല.”
- മൊയ്തുട്ടി:
- (ചിരി) “പാലുപോലെയുള്ള ചിരിയില്ലേ, അതു മതി.”
ബീവി ലജ്ജിച്ചുപോയി. അവൾ ഓലമടലിന്റെ പിറകിലേക്കു വലിഞ്ഞു. ഓലമടലിന്റെ വിടവിലൂടെ കാണുന്ന മൊയ്തുട്ടിയുടെ ചിരി.
മൊയ്തുട്ടി ചായ കുടിക്കുന്നതും നോക്കികിടക്കുന്ന മാനു. അവൻ സങ്കോചത്തോടെ ചോദിച്ചു:
“മൊയ്തുട്ടീക്കാ ആ പാട്ടൊന്നു് പാട്വോ?”
- മൊയ്തുട്ടി:
- “ഏതു പാട്ട്?”
- മാനു:
- “അന്നു് പീട്യേന്നു് പാട്യ പാട്ടു്.”
ബീവിയുടെ മുഖത്തു് ഉത്സാഹം.
- മൊയ്തുട്ടി:
- “പിന്നെയാകട്ടെ മോനേ.”
ബീവിയുടെ മുഖത്തു് നിരാശ.
- മാനു:
- (ശാഠ്യം) “ഇപ്പം പാടിക്കൂടേ?”
മൊയ്തുട്ടി ചിരിക്കുന്നു. അകത്തു് ബീവിയുടെ മുഖത്തു് ഇളംചിരി.
മാനുവിന്റെ പുറത്തു് താളം പിടിച്ചുകൊണ്ടു് മൊയ്തുട്ടി പാടുന്നു.
“പനിനീരു് പെയ്യുന്നു
പതിനാലാംരാവിൽ പനിമതി
പിടയേ വിളിക്കുന്നു പുതിയൊ
രിശൽമൂളി പൈങ്കിളി
പടിഞ്ഞാറൻ കുന്നിലെ
പനിനീർക്കാടുകൾ പൂത്തല്ലോ
പരിമളം പൂശുവാൻ പാതിരാ
ക്കാറ്റുമണത്തല്ലോ.
ആറ്റക്കിളി മോളിന്നാടി
പ്പാടാൻ വരുന്നില്ലേ
ആറ്റിൽക്കുളിച്ചൂടെ ഓടിച്ചാടി
ക്കളിച്ചൂടേ…
കിന്നാരം ചൊല്ലാലോ,
കണ്ണിൽ നോക്കിയിരിക്കാലോ
അന്യോന്യം കണ്ടുകൊണ്ടു്
എല്ലാമെല്ലാം മറക്കാലോ
പനിനീരു് പെയ്യുന്നു
പതിനാലാംരാവിൽ പനിമതി
പിടയേ വിളിക്കുന്നു പുതിയൊ
രിശൽ മൂളി പൈങ്കിളി
ആടിക്കാറെപ്പോൾ
വന്നെത്തിടുമെന്നറിയില്ല
നേരത്തിനല്പവും
നമ്മളോടു കനിവില്ല.
പെരുന്നാളു് പോയിട്ടു്
മൈലാഞ്ചി ഇട്ടോളാകല്ലേ
കോടതി കീഞ്ഞിട്ടു് കാനോലു
കൊണ്ടു ഫലമില്ലേ
പനിനീരു പെയ്യുന്നു
പതിനാലാംരാവിൽ പനിമതി
പിടയേ വിളിക്കുന്നു പുതിയൊ
രിശൽ മൂളി പൈങ്കിളി
പാട്ടു് കേട്ടു നില്ക്കുന്ന ബീവിയുടെ കിനാവുകളുടെ ലോകം ക്യാമറ കാണിച്ചുതരുന്നു. ആ വിശദചിത്രങ്ങളിലൂടെ, ഒരു സ്വപ്നരംഗത്തിലൂടെ അവരുടെ പരസ്പരാഭിമുഖ്യം ആവിഷ്ക്കരിക്കപ്പെടുകയാണു്.
പാട്ടു് എപ്പോഴാണു് തീർന്നതെന്നോ, മൊയ്തുട്ടി എപ്പോഴാണു് പോയതെന്നോ, എളാപ്പ എപ്പോഴാണു് വന്നു കയറിയതെന്നോ അറിയാതെ ആ പാട്ടിന്റെ മധുരാനുഭവത്തിൽ ലയിച്ചുനില്ക്കുന്ന ബീവി.
- എളാപ്പ:
- “ജ്ജ് ന്താ പകലു് കിനാക്കാണ്വാ?”
ശബ്ദം കേട്ടു് ഞെട്ടി എഴുന്നേല്ക്കുന്ന ബീവി. അവളുടെ പരിഭ്രമം ചിരിയായി പടരുന്നു.
കട്ട്
പ്രഭാതം
ഇടവഴി—പുറം
ബീവി, മൊയ്തുട്ടി.
ഗ്രാമത്തിലെ ഇടുങ്ങിയ ഇടവഴി. അലക്കും കുളിയും കഴിഞ്ഞു് തല കുമ്പിട്ടു് എന്തോ ഓർത്തുവരുന്ന ബീവി.
ആ ഭംഗി കണ്ടു രസിച്ചുനിൽക്കുന്ന മൊയ്തുട്ടി.
ബീവി തലയുയർത്തി നോക്കുമ്പോൾ തൊട്ടുമുമ്പിൽ ചിരിച്ചുകൊണ്ടു് അത്തറുകാരൻ! അയാളുടെ മുഖത്തു് കള്ളച്ചിരി.
അവർ ഒന്നു രണ്ടു് നിമിഷം പരസ്പരം നോക്കിനില്ക്കുന്നു.
നാണിച്ചു കുനിയുന്ന ബീവിയുടെ മുഖം.
മൊയ്തുട്ടി വഴിമാറി. ബീവി പക്ഷേ, തിരിഞ്ഞോടിക്കളയുന്നു.
കുലുങ്ങിച്ചിരിക്കുന്ന മൊയ്തുട്ടി.
അയാളുടെ ചിരി സ്ക്രീനിൽ നിറയുന്നു.
കട്ട്
പ്രഭാതം
കിണറ്റിൻ കര—പുറം
പാത്തുമ്മ, മാപ്പിളപ്പെണ്ണുങ്ങൾ.
കിണറ്റിൻകരയിൽനിന്നു വെള്ളം കോരുന്ന പാത്തുമ്മ.
നിറഞ്ഞ കുടവുമെടുത്തു നടക്കുമ്പോൾ തട്ടത്തിന്റെ തുമ്പുകൊണ്ടു് അവൾ കണ്ണുതുടച്ചു.
പാത്തുമ്മ മുന്നോട്ടു നടക്കുന്നു.
അവൾക്കു പിന്നിൽ, അതു നോക്കിനില്ക്കുന്ന പ്രായം ചെന്ന സ്ത്രീ കൂടെയുള്ളവളോടു പറഞ്ഞു:
“ഓളെ കണ്ണും ഇക്കെണറും വറ്റല്ല്ല.”
കട്ട്
രാത്രി
ചായപ്പീടിക—പുറം
മൊയ്തുട്ടി, ഗ്രാമീണർ.
ചായപ്പീടികയുടെ ബെഞ്ചിൽ എന്തോ ഓർത്തുകിടക്കുന്ന മൊയ്തുട്ടി.
അയാളുടെ കാഴ്ചപ്പാടിൽ ദൂരെ ഒരു ചൂട്ടുവെളിച്ചം. ചൂട്ടുകറ്റകൾ അഞ്ചാറെണ്ണമായിത്തീരുന്നു.
പല നടവഴികളിലൂടെയും ചൂട്ടുകറ്റകളും റാന്തലുകളും അപൂർവ്വമായി ടോർച്ചുവെളിച്ചവും വന്നുചേരുന്നു.
ഇരുട്ടിലൂടെ ചൂട്ടു വീശിക്കൊണ്ടു് ആളുകൾ വരുന്നതിന്റെ അവ്യക്ത ചിത്രം.
പശ്ചാത്തലത്തിൽ ‘വഅളി’ (മതപ്രസംഗം) ന്റെ ആരംഭം കുറിച്ചുകൊണ്ടു് സ്വലാത്ത്:
സ്വലാവാത്തീ ഏലന്നബീ
വാ—സ്വലാമീ—വഹുവ
ഖയ്റുൽ അനാമീ—ബദറു—ത്തമാമീ.
വ്യക്തമായി വരുന്ന ചൂട്ടുകറ്റകളുടെ നിരകൾക്കു മുകളിൽ ഈ ശബ്ദം വ്യക്തമായിത്തീരുന്നു.
കട്ട്
രാത്രി
നിരത്തു്—പുറം
മാനു, ബീവി, ഗ്രാമീണർ.
പായയും ചുരുട്ടി ബീവി പുറകെയും ചൂട്ടും കത്തിച്ചു് ‘ശുജാഇ’ മട്ടിൽ മാനു മുമ്പിലും ഇരുട്ടിലൂടെ നടക്കുന്നു.
ദൃശ്യം വിസ്തൃതമാകുമ്പോൾ വഅള് കേൾക്കാൻ, ചൂട്ടും മിന്നി, പായയും ചുരുട്ടിപ്പിടിച്ചു് നടന്നുപോകുന്ന വേറെയും മാപ്പിളപ്പെണ്ണുങ്ങൾ. അവരെ പിന്തുടരുന്ന ക്യാമറ.
കട്ട്
രാത്രി
പാടം—പുറം
ഗ്രാമീണർ.
ചൂട്ടും വീശി പാടത്തു കൂടെ ചെറുസംഘങ്ങളായും ഒറ്റയായും നടന്നുപോകുന്ന മാപ്പിളമാർ.
അവരുടെ ചുണ്ടിൽ എരിയുന്ന ബീഡിയുടെ തിളക്കം.
പശ്ചാത്തലത്തിൽ നേരത്തേ കേട്ട സ്വലാത്തിന്റെ അവ്യക്തമായ വരികൾ.
കട്ട്
രാത്രി
മദ്രസ്സ—പുറം
ബീവി, മാനു, മൊയ്തുട്ടി, മുസ്ല്യാർ, ഗ്രാമീണർ.
—മിഡ്വേ ഓപ്പനിങ്ങ്—
ഓത്തുപള്ളിയുടെ കോലായിൽ ഇട്ട മേശക്കു മുമ്പിൽ നിന്നുകൊണ്ടു് പ്രസംഗിക്കുന്ന മുസ്ല്യാർ. ഉച്ചഭാഷിണിയുണ്ടു്. എരിയുന്ന പെട്രോമാക്സ്.
- മുസ്ല്യാർ പ്രസംഗം തുടരുന്നു:
- “അങ്ങനെയിരിക്ക്ണ സമയത്തിന്റെ വുത്ത് പുന്നാര മുഅ് മിനീങ്ങളേ, ഖോജരാജാവായ രാജസയ്യിദായ പടച്ച തമ്പുരാന്റെ ഓടറതാ വര്ണ്—വലാ തഖ്റബാ ഹാദിഇശ്ശജറത്ത ഫതകൂനാതാ മിനള്ളാലിമീൻ.”
- ശ്രോതാക്കൾ ഒന്നിച്ചു്:
- “സുബ്ഹാനഉതആലാ ലാ ഇലാഹ ഇല്ലാഹു”
- മുസ്ല്യാർ:
- “വലാ തഖ്ബാ: നിങ്ങൾ രണ്ടാളും അടുത്തു് പോകരുത്.”
—ഇന്റർ കട്ട്—
രാത്രി
മദ്രസ്സയുടെ മുറ്റം—പുറം
ഗ്രാമീണർ.
സദസ്സിലെ ആണുങ്ങളെയും പെണ്ണുങ്ങളെയും വേർതിരിക്കുന്ന ഓലമടലിന്റെ മറ സ്ക്രീനിൽ നിറയുന്നു.
ഇപ്പോൾ അതിന്റെ ഒരു ദ്വാരം മാത്രം. ആ ദ്വാരത്തിലൂടെ പേടിച്ചു പേടിച്ചു ആണുങ്ങളുടെ ഭാഗത്തേക്കു നോക്കുന്ന ഒരു പെൺകുട്ടിയുടെ കണ്ണു്.
കട്ട്
രാത്രി
മദ്രസ്സ—പുറം
മുസ്ല്യാർ, ബീവി, മൊയ്തുട്ടി, മാനു, ഗ്രാമീണർ.
- മുസ്ല്യാർ തുടരുന്നു:
- “എന്തിനൊക്കെള്ളെ അട്ത്തു് പോകരുത്? ഹാദിഹിശ്ശജറത്ത = ഇമ്മരത്തിനെക്കൊള്ളെ. അങ്ങനെ നിങ്ങൾ രണ്ടാളും അടുത്തു് പോയാൽ—ഫതകൂനാ മിനള്ളാലിമീൻ അക്കർമ്മികളായ ഒരു കൂട്ടക്കാരിൽ നിങ്ങൾ രണ്ടാളും പെട്ടുപോകും. പുന്നാരമുഅമിനീങ്ങളേ, സുവർക്കത്തിലെ ഒരു മരത്തിന്റെ കായി തിന്നാൻ പാങ്ങില്ലാന്നു മാത്രമല്ല, ആ മരത്തിനെക്കൊള്ളെ അടുത്തു് പോകരുത്ങ്ങ് ഞമ്മളെ ബാപ്പയായ ആദംനബിനോടും—”
- ശ്രോതാക്കൾ:
- “അലൈഹിസ്സലാം”
- മുസ്ല്യാർ:
- “ഞമ്മളെ ഉമ്മയായ ഹവ്വാബീവിനോടും—”
- ശ്രോതാക്കൾ:
- “റളിയള്ളാഹു അൻഹാ”
- മുസ്ല്യാർ:
- (തുടരുന്നു) “റബ്ബനാ ഓഡർ പാസ്സാക്കി. അങ്ങനെയിരിക്ക്ണ സമയത്തിന്റെവുത്ത് അതാ വര്ണ്, ആരാന്നറിയ്വോ?—ലഅനത്താക്കപ്പെട്ട പഹയൻ ഇബ്ലീസ്—”
- ശ്രോതാക്കൾ:
- “ലഅനത്തുള്ളാഹി അലൈഹി”
- മുസ്ല്യാർ:
- “പുന്നാര നബിന്റെ പുന്നാര ഉമ്മത്തികളേ! ഈ പഹയൻ ആരാന്നു് നിങ്ങക്കറിയോ? ഞമ്മളെ ബാപ്പാനെ ബയി പെയപ്പിച്ചവനാണു്. നാളെ ഖിയാമന്നാളുവരേക്കും വന്നു് പിറക്കാനുള്ള സകലമാന മനുഷ്യരേയും വഴികേടിലാക്കാൻ കാത്തിരിക്കുന്ന പഹയനാണു് കേട്ടോ. അങ്ങനത്തെ ആ ഇബ്ലീസു്—”
- ശ്രോതാക്കൾ:
- ‘ലഅനത്തുള്ളാഹി അലൈഹി”
ഈ സംഭാഷണങ്ങളത്രയും ക്യാമറ പകർത്തുന്ന വഅളിന്റെ പശ്ചാത്തല ചിത്രീകരണത്തിനു മുകളിലാണു് വന്നുവീഴുന്നതു്. ഇടക്കു് ഒരു തവണ മാത്രമേ മുസ്ല്യാരുടെ മുഖം കാണിക്കുന്നുള്ളു: പശ്ചാത്തലമായി ക്യാമറ പകർത്തുന്ന ചിത്രങ്ങളിൽ ചിലതു്—കടല വില്ക്കുന്ന പയ്യന്മാർ. മാപ്പിളപ്പാട്ടു പുസ്തകങ്ങൾ നിരത്തിവെച്ചിരിക്കുന്ന വില്പനക്കാരൻ. ശൃംഗരിക്കാൻ തക്കം നോക്കുന്ന പൂവാലന്മാർ. ഉറക്കംതൂങ്ങുന്ന വൃദ്ധന്മാർ. ഉറങ്ങിപ്പോയ കുട്ടികൾ. ഇതൊന്നും ശ്രദ്ധിക്കാതെ കിസ്സ പറയുന്ന മദ്ധ്യവയസ്ക്കകൾ, ആണുങ്ങളെ കടക്കണ്ണെറിയുന്ന യുവതികൾ.
- ഇതിനിടയിൽ:
- ഓലമടലിന്റെ ഓട്ടയിലൂടെ സദസ്സു വീക്ഷിച്ചിരുന്ന കണ്ണു് മൊയ്തുട്ടിയിൽ ചെന്നു വിശ്രമിക്കുന്നു. ഭക്തിപൂർവ്വം ഇരുന്നു് വഅള് കേൾക്കുന്ന മൊയ്തുട്ടിയുടെ സമീപദൃശ്യം. ആ ദൃശ്യത്തിനു മുകളിലായിട്ടാണു് വഅളിന്റെ അവസാനഭാഗം കേൾക്കുന്നതു്.
ആ കൗതുകമുള്ള ചിത്രം നോക്കിയിരിക്കുന്ന ബീവിയുടെ ചിരിയുടെ ഭംഗി സ്ക്രീനിൽ നിറയുന്നു. അവൾ ഒന്നും കേൾക്കുന്നില്ല. അതോടെ വഅള് പൊടുന്നനെ നിന്നുപോയി. സ്ക്രീനിൽ ബീവിയുടെ വിടർന്ന ചിരി മാത്രം.
കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം
ബീവി.
വീട്ടിനകത്തു നിസ്ക്കരിക്കുന്ന ബീവി. നിസ്ക്കാരത്തിന്റെ വിശദാംശങ്ങൾ. നിസ്ക്കാരത്തിനുശേഷം അവൾ രണ്ടു കയ്യും ഉയർത്തി പ്രാർത്ഥിക്കുന്നു. ഭക്തിപൂർണ്ണമാകുന്ന അവളുടെ മുഖത്തിന്റെ സമീപദൃശ്യം.
കട്ട്
പകൽ
ഓത്തുപള്ളി—അകം
മൊയ്തുട്ടി, മുസ്ല്യാർ, മാനു, കുട്ടികൾ.
—മിഡ്വേ ഓപ്പനിങ്ങ്—
ഓത്തുപള്ളിയിൽ കുട്ടികളെ പഠിപ്പിക്കുന്ന മുസ്ല്യാർ. ചുണ്ടിൽ എരിയുന്ന ചുരുട്ട്. വിശറികൊണ്ടു വീശുന്നുണ്ടു്.
- മുസ്ല്യാർ:
- “അങ്ങനത്തെ ആ സുവർക്കത്തില് മുഅ് മിനീങ്ങക്ക് കുടിക്കാനെന്താ? വല്ല്യോരു കുണ്ടം പിഞ്ഞാണം നെറച്ചും ചീരോക്കഞ്ഞി.”
ശ്രദ്ധിച്ചിരിക്കുന്ന കുട്ടികൾ. കൂട്ടത്തിൽ മാനു. ഇടക്കു് അവൻ പുറമേക്കു് നോക്കുന്നു. ദൂരെ റോട്ടിലൂടെ അത്തറുപെട്ടിയും തൂക്കി നടന്നുപോകുന്ന മൊയ്തുട്ടി മാനുവിന്റെ ദൃഷ്ടിയിൽ. മുസ്ല്യാർ അംഗവിക്ഷേപങ്ങളോടെ തുടരുന്നു.
“പത്തുപതിനഞ്ചു പൊരിച്ച കോയി ആ കുണ്ടംപിഞ്ഞാണത്തിനു ചുറ്റും ങ്ങനെ നടക്ക്വാ.”
- സദസ്സിൽ നിന്നൊരു ചോദ്യം:
- “പൊരിച്ച കോയി നടക്ക്വോ?”
മുസ്ല്യാർക്കു് പൊള്ളി. വിശറി കൊണ്ടു പുറം ചൊറിഞ്ഞു.
“ഏതു് ഹമ്ക്കാടാ അച്ചോയിച്ചദു്?”
ഭയന്ന കുട്ടികളുടെ സമീപദൃശ്യം.
- മുസ്ല്യാർ:
- “ചോയിച്ചോൻ എണീറ്റു് നിക്കെടാ.”
തല മൊട്ടയടിച്ച ഒരു മുതിർന്ന കുട്ടി എഴുന്നേറ്റു നില്ക്കുന്നു.
- മുസ്ല്യാർ:
- “ബടെ ബാടാ.”
അവൻ മുസ്ല്യാരുടെ മേശക്കടുത്തെത്തി. മുസ്ല്യാർ ചോക്കു കൊണ്ടു് അവന്റെ മൊട്ടത്തലയിൽ ഒരു വട്ടം വരഞ്ഞു. എന്നിട്ടു പറഞ്ഞു.
“വട്ടപൂജ്യാ ഹമ്ക്കേ അന്റെ തലേല്”
കുട്ടികൾ ആർത്തുചിരിച്ചു.
മേശമേലിരുന്ന വലിയ താക്കോൽ കൊണ്ടു മുസ്ല്യാർ അവന്റെ തലക്കു് ഒരു കൊട്ടു കൊടുത്തു. ഒപ്പം പറഞ്ഞു:
“സുവർക്കത്തിലാ ഓന്റെ സംശം”
കുട്ടികൾ ചിരിക്കുന്നു.
കട്ട്
രാത്രി
ബീവിയുടെ കുടിൽ—പുറം
മൊയ്തുട്ടി, ബീവി, മാനു.
ചൂട്ടും മിന്നി നിരത്തിലൂടെ കടന്നുപോകുന്നവരെ നോക്കിയിരിക്കുന്ന മാനു. അവനു സമീപം പായിൽക്കിടന്നു സബീന മൂളുന്ന ബീവി. ബീവിയുടെ പതിഞ്ഞ പാട്ടു്.
നാമക്കരുത്തൻ ബദറുൽ മുനീർ
നാളൂകം ഒത്തെ പൂരുഷരില്ലൈ
താമരപൂക്കും മുഖത്തെ കണ്ടാൽ
തേനാർ ചിറക്കും പയക്കം കേട്ടാൽ
ഈ സമയത്തു് ചൂട്ടും മിന്നി റോട്ടിലൂടെ വരുന്ന മൊയ്തുട്ടി. പാട്ടിലെ അവസാനത്തെ രണ്ടുവരികൾ വീഴുന്നതു് അയാളുടെ ചിത്രത്തിന്മേലാണു്.
ഇന്റർ കട്ട്
രാത്രി
വഴി—പുറം
ബീവി, മൊയ്തുട്ടി, മാനു.
ചൂട്ടും മിന്നി റോട്ടിലൂടെ നടന്നുപോകുമ്പോൾ ബീവിയെയും മാനുവിനെയും കണ്ടുനിന്നുപോകുന്ന മൊയ്തുട്ടി.
കട്ട്
രാത്രി
ബീവിയുടെ കുടിൽ—പുറം
ബീവി, മൊയ്തുട്ടി, മാനു.
വീട്ടിലേക്കു കയറിവരുന്ന മൊയ്തുട്ടിയെ കൗതുകപൂർവ്വം ശ്രദ്ധിക്കുന്ന മാനുവും എണീറ്റിരിക്കുന്ന ബീവിയും.
മുറ്റത്തേക്കു് കയറിക്കൊണ്ടു് മൊയ്തുട്ടി വിളിച്ചുചോദിക്കുന്നു:
“മാനു വഅള് കേൾക്കാൻ വരുന്നോ?”
മാനു കോലായിൽ ഇരുന്നുകൊണ്ടു മറുപടി കൊടുത്തു:
“ല്ല. മ്മ പൊയ്ക്കണു്.”
മൊയ്തുട്ടിയുടെ മുഖത്തു് ആശ്വാസം. അയാൾ കോലായക്കടുത്തു വന്നു. ബീവി ചാടിയെണീറ്റു ലജ്ജിച്ചു നില്ക്കുന്നു.
- മൊയ്തുട്ടി:
- “ങ്ആ… എനിക്കൊരു ഗ്ലാസ്സ് വെള്ളം തരുമോ?”
മാനു തിരിഞ്ഞു് എളേമയോടു് കല്പിക്കുന്നു:
“എളേമാ, ഒരു പാത്തറം വെള്ളം കൊട്ക്കീ.”
ബീവി വിഷമിച്ചുപോയി. മൊയ്തുട്ടി ഇടപെട്ടു.
“എനിക്കു് മാനു കൊണ്ടുവന്നു തരുന്നെങ്കിൽ മതി.”
- മാനു:
- “ഓ… റെഡി”
അതും പറഞ്ഞു് അകത്തേക്കു് ഓടുന്നു.
മൊയ്തുട്ടിയും ബീവിയും പരസ്പരം നോക്കിനിന്നു. ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ തെളിയുന്ന മൊയ്തുട്ടിയുടെ ചിരി.
- മൊയ്തുട്ടി:
- “എന്റൊപ്പം പോരുന്നോ?”
- ബീവി:
- (സ്വരം താഴ്ത്തി) “എങ്ങട്ടാ?”
- മൊയ്തുട്ടി:
- “തല്ക്കാലം വഅള് കേൾക്കാൻ”
- ബീവി:
- “ന്നലെ ഞാൻ കണ്ടീനി.”
- മൊയ്തുട്ടി:
- (ചിരിയോടെ) “ഓഹോ—വഅള് കേൾക്കാൻ വന്നാൽ ഇതൊക്കെയാണല്ലേ പണി?”
ആ സംഭാഷണം തടഞ്ഞുകൊണ്ടു് മാനു വെള്ളവുമായി എത്തി.
ആവശ്യമില്ലാതെ ‘കഷ്ടപ്പെട്ടു്’ വെള്ളം കുടിക്കുന്ന മൊയ്തുട്ടി. ബീവിക്കു് അതുകണ്ടു് ചിരിപൊട്ടിപ്പോയി.
പാത്രം തിരികെ കൊടുത്തുകൊണ്ടു് മൊയ്തുട്ടി മാനുവിനോടു്.
“മാനു കുറച്ചു തീ കൊണ്ടുവരുമോ?”
- മാനു:
- “ഓ….”
അതും പറഞ്ഞു് വീണ്ടും മാനു അകത്തേക്കോടി. ബീവിക്കു് ചിരി പൊട്ടി.
- മൊയ്തുട്ടി:
- “എനിക്കൊരു കാര്യം പറയാനുണ്ടു്.”
ബീവി “ശ്ശ് ” എന്നു് ആംഗ്യം കാണിച്ചു.
- മൊയ്തുട്ടി:
- (സ്വരം താഴ്ത്തി) “മാനു ഉറങ്ങുമ്പോഴേക്കു് ഞാൻ വരാം.”
മൊയ്തുട്ടി നടന്നു. അതു നോക്കിനില്ക്കുന്ന ബീവി. നടന്നു മറയുന്ന മൊയ്തുട്ടി ബീവിയുടെ വീക്ഷണത്തിൽ.
- തീയുമായി എത്തുന്ന മാനു:
- “മൊയ്തുട്ടിക്ക പോയോ?”
- ബീവി:
- “ങ്ഉം.”
- മാനു:
- “മൂപ്പരു് ബീടി വലിക്കല്ല്ല. പിന്നെന്തിനാ തിയ്യു്?”
ചിരിച്ചു കുഴയുന്ന ബീവി.
കട്ട്
രാത്രി
ബീവിയുടെ കുടിൽ—പുറം
മൊയ്തുട്ടി, ബീവി.
വീടിന്റെ പിൻഭാഗം. നേർത്ത നിലാവിൽ കാത്തുനില്ക്കുന്ന മൊയ്തുട്ടിയെ അവ്യക്തമായി മാത്രമേ കാണാനുള്ളു. അയാൾ അക്ഷമനായി കാത്തുനില്ക്കുകയാണു്.
പുരുഷസ്വരത്തിൽ ദൂരെയെവിടെയോ ആരോ പാടുന്നതിന്റെ വളരെ നേർത്ത അനുരണനം:
താമരപ്പൂങ്കാവനത്തിലു് താമസിക്കുന്നോളേ
പഞ്ചവർണ്ണപ്പൈങ്കിളിയിലു് റങ്കു് പങ്കുളോളേ
പൂമൊകം കണ്ടാമതിയോ, പൂതിതീർക്കും കാലമായോ
കാമിനിയടുത്തു വന്നോ കാലദോഷം വന്നുപോയോ
താമരപ്പൂങ്കാവനത്തിലു് താമസിക്കുന്നോളേ
പാട്ടുനേർത്തു് ഇല്ലാതെയാവുന്നു.
ഇന്റർ കട്ട്
രാത്രി
ബീവിയുടെ കുടിൽ—പുറം
ബീവി.
പേടിച്ചു പേടിച്ചു പുറത്തേക്കിറങ്ങുന്ന ബീവി. അവൾ സാവധാനം പുറംതിരിഞ്ഞു നോക്കികൊണ്ടു ഇരുട്ടിലേക്കു നടക്കുന്നു.
ഇന്റർ കട്ട്
രാത്രി
ബീവിയുടെ കുടിൽ—അകം
മാനു.
വീട്ടിനകത്തു പായിൽ കിടന്നുറങ്ങുന്ന മാനു.
ഇന്റർ കട്ട്
രാത്രി
ബീവിയുടെ കുടിൽ—പുറം
മൊയ്തുട്ടി, ബീവി.
ബീവിയും മൊയ്തുട്ടിയും അടുത്തെത്തി. അവർ പരസ്പരം നോക്കി നില്ക്കുന്നു. ചുറ്റും ഇളം നിലാവു്. ആ ചിത്രത്തിന്റെ പശ്ചാത്തലമായി നേരത്തേ കേട്ട പാട്ടിന്റെ ഈണം. മൊയ്തുട്ടി പാരവശ്യത്തോടെ കൈ നീട്ടി. ബീവി ഒന്നുകൂടി അടുക്കാൻ ശ്രമിച്ചു.
അവരങ്ങനെ നില്ക്കുകയാണു്.
പെട്ടെന്നു് വഅള് കഴിഞ്ഞുവരുന്നവരുടെ ചൂട്ടുവെളിച്ചം അവൾ ദൂരെക്കണ്ടു.
- ബീവി:
- (സംഭ്രമം) “ബദ്രീങ്ങളേ… ത്താത്ത വരാനായി… ഞാൻ പോട്ടെ.”
- മൊയ്തുട്ടി:
- (പാരവശ്യത്തോടെ) “നാളെ വരുമോ?”
അതിനുത്തരം പറയാതെ ബദ്ധപ്പെട്ടു വീട്ടിലേക്കോടുന്ന ബീവി. അവളെത്തന്നെ നോക്കിനില്ക്കുന്ന മൊയ്തുട്ടി.
കട്ട്
പകൽ
ബീവിയുടെ കുടിൽ—പുറം
സുലൈഖ, ബീവി.
വേലിയിൽ നിസ്ക്കാരക്കുപ്പായം ചിക്കിയുണക്കാനിടുന്ന ബീവി. അതു കണ്ടുകൊണ്ടുവരുന്ന സുലൈഖ.
- സുലൈഖ:
- (അർത്ഥം വെച്ചു്) “നാളെ വഅള് തീർപ്പല്ലേ?”
- ബീവി:
- (കപടഗൗരവം) “അതു് മോല്യാരോടു് ചോയ്ച്ചണം.”
- സുലൈഖ:
- “ന്തിനാ മോളേ, ന്റട്ത്തു് വെളു്? ങ്ഏ?—കളി കാര്യാവാണ്ടു് നോക്കിക്കോ. ഞാമ്പറഞ്ഞില്ലാന്നു് വേണ്ട.”
- ബീവി:
- “പോടീ… അങ്ങനത്തെ ആളൊന്നുമല്ല.”
- സുലൈഖ:
- “പിന്നെ—പിന്നെ? പത്തീസം മുമ്പു് കണ്ട ആളെപ്പറ്റി നല്ല നിശ്ചാ അനക്കു്.”
- ബീവി:
- “യ്യു് പോടീ.”
ബീവി അതും പറഞ്ഞു് സുലൈഖയുടെ കവിളിൽ നുള്ളി ഓടുന്നു. ആ ഉത്സാഹത്തിന്റെ കൊടിയടയാളം പോലെ കാറ്റിൽ പാറുന്ന അവളുടെ തട്ടം.
കട്ട്
പകൽ
ഒരിടിഞ്ഞുപൊളിഞ്ഞ കെട്ടിടം—അകം
മൊയ്തുട്ടി, ബീവി.
—മിഡ്വേ ഓപ്പനിങ്ങ്—
കെട്ടിടത്തിനകത്തു് മൊയ്തുട്ടിയും ബീവിയും. ബീവി തേങ്ങുന്നുണ്ടു്.
- മൊയ്തുട്ടി:
- “നീയിങ്ങനെ വിഷമിച്ചാലോ? കാലിച്ചന്തക്കു് ഒരുപാടാളു് കൂടും. നല്ല കച്ചോടം കിട്ടും. രണ്ടു ദിവസം കഴിഞ്ഞു്, എന്തായാലും ഞാൻ തിരിച്ചു വരും.”
ബീവി ഒന്നും മിണ്ടാതെ തേങ്ങുന്നു.
- മൊയ്തുട്ടി:
- “എന്താ, ഞാൻ വരില്ലെന്നു വിചാരിച്ചാണോ?”
ബീവി അല്ലെന്നു തലയാട്ടുന്നു.
- മൊയ്തുട്ടി:
- “ങ് ഹാ—ഞാൻ പോയിവരുമ്പോൾ എന്താ നിനക്കു കൊണ്ടുവരേണ്ടതു്?”
ബീവി താഴോട്ടു നോക്കി നില്ക്കുകയാണു്.
- മൊയ്തുട്ടി:
- “പറയു് … എന്താ വേണ്ടതു്?”
- ബീവി:
- (ദുഃഖത്തോടെ) “ങ്ങളു് പോവാതിരുന്നാ മതി.”
അവളെ കെട്ടിവരിയുന്ന മൊയ്തുട്ടിയുടെ കൈകൾ.
കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം
പാത്തുമ്മ, ബീവി.
വീട്ടിനകത്തു് പഴയ മാറാപ്പിൽനിന്നു് ഒരു തുണിക്കഷ്ണം വലിച്ചെടുക്കുന്ന പാത്തുമ്മ. മാറാപ്പിൽ ഒളിച്ചുവെച്ച മനോഹരമായ ഒരു അത്തർകുപ്പി അവളുടെ കയ്യിൽപെട്ടു. വിലപിടിച്ച ആ കുപ്പി കണ്ടു് ഞെട്ടുന്ന പാത്തുമ്മ.
- പാത്തുമ്മ:
- (ദേഷ്യത്തോടെ) “ബീവി… ബീവി… എടീ”
മുറ്റത്തുനിന്നു് അകത്തേക്കു ഓടിയെത്തുന്ന ബീവി ഇത്താത്തയുടെ കയ്യിൽ അത്തർ കുപ്പി കണ്ടു് നടുങ്ങുന്നു.
- പാത്തുമ്മ:
- “ഇതാരതാടീ?… എവ്ട്ന്നേ തു് കിട്ട്യതു്?”
- ബീവി:
- “അതു്… അതു്… മാനൂനു് അയാളു് കൊട്ത്തതാരിക്കും.”
ആ കള്ളം പാത്തുമ്മക്കു മനസ്സിലായി. അവൾ പണിപ്പെട്ടു് ദേഷ്യവും സങ്കടവും ഒതുക്കുകയാണു്.
- പാത്തുമ്മ:
- “യ്യു് തലിം മൊലിം ള്ള പെണ്ണാ. കിള്ളക്കുട്ട്യല്ല.”
ബേജാറാകുന്ന ബീവി. ആ മുഖത്തു് വീഴുന്ന വേദനാപൂർണ്ണമായ ശബ്ദം:
“ന്റെ അനുസത്തി ആവണ്ടാന്നു് വിചാരിക്കു് മോളേ.”
കട്ട്
രാത്രി
ചായപ്പീടിക—അകം
അയമുക്ക, മൊയ്തുട്ടി.
തിരശ്ശീലയിൽ നിറയുന്ന പുകച്ചുരുളുകൾ. അതിന്നിടയിലൂടെ ക്രമത്തിൽ വ്യക്തമായി വരുന്ന അയമുക്കയുടെ ചിത്രം. അയമുക്ക ബഞ്ചിൽക്കിടന്നു് ചുരുട്ടു പുകക്കുകയാണു്. തൊട്ടടുത്ത ബഞ്ചിൽ മൊയ്തുട്ടി.
—മിഡ്വേ ഓപ്പനിങ്ങ്—
- അയമുക്ക:
- “ങ് ആ … അങ്ങനെ വരട്ടെ. ഇന്ക്കു് നേരത്തേ സംശണ്ടു്. കാലിച്ചന്തക്കു് പോയിട്ടു് യ്യു് ങ്ങട്ടു് തന്നെ മടങ്ങ്യപ്പം ഇന്ക്കു് ഒറപ്പായി.”
- മൊയ്തുട്ടി:
- (കാര്യമായി) “എനിക്കു് ബീവിയെ കെട്ടണമെന്നുണ്ടു്”
- അയമുക്ക:
- “അതുതന്നെ മോനേ നല്ലതു്. എന്തിനും ഒരു വെവസ്ഥിം വെള്ളിയാഴ്ചിം ബേണം. ഞാൻ ആ കുട്ടിന്റെ എളാപ്പനോടു് പറ്യാ.”
ഓർത്തുകിടക്കുന്ന മൊയ്തുട്ടി.
- അയമുക്ക:
- “നിക്കാഹു് ഞമ്മക്കു് ജോറാക്കണം.”
റാന്തൽ വെളിച്ചത്തിൽ തെളിയുന്ന അയമുക്കയുടെ വിടർന്ന ചിരി?
കട്ട്
രാത്രി
ബീവിയുടെ കുടിൽ—അകം
പാത്തുമ്മ, ബീവി, മാനു.
വീട്ടിനകത്തു് പായിൽ കിടന്നുറങ്ങുന്ന പാത്തുമ്മ.
തൊട്ടപ്പുറത്തു മറ്റൊരു പായിൽ ബീവിയും മാനുവും. മാനു ഗാഢനിദ്രയിലാണു്. ബീവി എന്തോ ഓർത്തുകിടക്കുന്നു.
ഇന്റർ കട്ട്
രാത്രി
ബീവിയുടെ കുടിൽ—പുറം
മൊയ്തുട്ടി.
വീടിനു പുറത്തു് നിറഞ്ഞ നിലാവിൽ ബീവിയെ കാത്തുനില്ക്കുന്ന മൊയ്തുട്ടി. അയാളുടെ മുഖത്തു് ആകാംക്ഷയുടെ ഭാരം.
കട്ട്
രാത്രി
ബീവിയുടെ കുടിൽ—അകം
ബീവി, പാത്തുമ്മ, മാനു.
അകത്തു് പായിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ബീവി. അവളുടെ ഓർമ്മയിലെന്നപോലെ പാട്ടിന്റെ ഈണം മാത്രം.
കട്ട്
മൊയ്തുട്ടി.
പുറത്തു നിലാവിൽ അക്ഷമനായി കാത്തുനിൽക്കുന്ന മൊയ്തുട്ടി.
കട്ട്
ബീവി.
അകത്തു കണ്ണു തുറന്നുകിടക്കുന്നു. ഒടുക്കം അവൾ ആ പൊറുതികേടു് സഹിക്കാനാവാതെ എഴുന്നേല്ക്കുന്നു. സൂക്ഷിച്ചു് വാതിൽ തുറന്നു പുറത്തേക്കു നോക്കുന്ന ബീവി.
കട്ട്
മൊയ്തുട്ടി, ബീവി.
കാത്തുനില്ക്കുന്ന കാമുകനെ സമീപിക്കുന്ന ബീവി. അവർ ആലിംഗനത്തിലമരുന്നു.
കട്ട്
രാത്രി
ബീവിയുടെ കുടിൽ—അകം
പാത്തുമ്മ, മാനു.
ഉറങ്ങിക്കിടക്കുന്ന പാത്തുമ്മയും മാനുവും. പാത്തുമ്മ തിരിഞ്ഞുകിടക്കുമ്പോൾ അറിയാതെ കണ്ണു തുറന്നുപോകുന്നു:
ബീവിയുടെ പായിൽ മാനു മാത്രം—പാത്തുമ്മ ഞെട്ടി.
എണീറ്റിരുന്നു നോക്കുമ്പോൾ വാതിൽ വേണ്ടമാതിരി അടച്ചിട്ടില്ല.
പാത്തുമ്മ പതുക്കെ വാതിൽ തുറന്നു.
അല്പമകലെ നിലാവിൽ ആലിംഗനബദ്ധരായി നില്ക്കുന്ന മൊയ്തുട്ടിയും ബീവിയും—പാത്തുമ്മയുടെ കാഴ്ചപ്പാടിൽ.
ഏതാനും നിമിഷനേരം അമ്പരപ്പോടും ദുഃഖത്തോടും കൂടി പാത്തുമ്മ ആ കാഴ്ച കണ്ടുനിന്നു.
അതു കഴിഞ്ഞു് ആ മുഖത്തു് അമ്പരപ്പു് കുറഞ്ഞുവന്നു—ദുഃഖം മാത്രമായി.
പാത്തുമ്മ തളർച്ചയോടെ, പതുക്കെ വാതിലടച്ചു.
അവൾ വാതിലിന്മേൽ തന്നെ ചാരി തളർന്നിരുന്നു.
ഇരുട്ടിൽ പാത്തുമ്മയുടെ ദുഃഖം കിതച്ചു.
കട്ട്
പകൽ
നിരത്തു്—പുറം
മാനു.
വീട്ടിൽനിന്നു് വെളിച്ചെണ്ണക്കുപ്പിയുമായി നിരത്തിലൂടെ ഓടുന്ന മാനു. അവനെ കടന്നുപോകുന്ന വഴിയാത്രക്കാർ.
കട്ട്
പകൽ
ബീവിയുടെ കുടിൽ—പുറം
മൊയ്തുട്ടി, ബീവി, പാത്തുമ്മ.
—മിഡ്വേ ഓപ്പനിങ്ങ്—
വീടിന്റെ കോലായിൽ വിഷമിച്ചിരിക്കുന്ന മൊയ്തുട്ടി. പുറത്തേക്കുള്ള വാതിലിനടുത്തു് പാത്തുമ്മ.
- പാത്തുമ്മ:
- “ഞങ്ങക്കു് ഒന്നൂല്ല. അക്കൂട്ടത്തിൽ ചീത്തപ്പേരും കൂടി ആയാൽ—”
- മൊയ്തുട്ടി:
- (ഇടയിൽക്കടന്നു്) “ഇത്താത്ത തെറ്റിദ്ധരിക്കും പോലെ—”
ഇന്റർ കട്ട്
അകത്തു് കിടന്നു് തേങ്ങുന്ന ബീവി.
കട്ട്
- പാത്തുമ്മ:
- “മാനൂന്റെ ബാപ്പ അന്യനാട്ട്ന്നു് വന്നതേയ്നി. (ഗദ്ഗദം) ഓനെ പെറ്ണേയ്ന്റെ ഒരാഴ്ച മുമ്പ് പോയതാ-…”
പാത്തുമ്മയുടെ സംസാരം ഇടക്കു് നിന്നുപോവുന്നു. മൊയ്തുട്ടി വിഷമിച്ചിരിക്കുന്നു.
- അല്പം കഴിഞ്ഞു് മൊയ്തുട്ടി:
- “ത്താത്താ… ഞാൻ… ഞാൻ ബീവിയെ കെട്ടും.”
- പാത്തുമ്മ:
- “യ്യു് ഓളെ കെട്ട്ണ്തു് ഇനിക്കിസ്ടാ. അയ്ന്റെ മുമ്പു്—”
- മൊയ്തുട്ടി:
- “ഞാൻ നാളെത്തന്നെ നാട്ടിൽ പോവുകയാണു്. ഉപ്പയോടു വിവരം പറയാൻ. മെഹറുമായിട്ടേ ഞാൻ വരൂ.”
- പാത്തുമ്മ:
- “എളാപ്പനോടു വിവരം പറ്യണം. ഞങ്ങൾക്കു് വേറാരൂല്ല.”
- മൊയ്തുട്ടി:
- “അതൊക്കെ ഇത്താത്ത പറഞ്ഞാ സമ്മതിക്കും. ഞാൻ നാളെത്തന്നെ നാട്ടിൽ പോകട്ടെ.”
- പാത്തുമ്മ:
- “എപ്പം വരും?”
- മൊയ്തുട്ടി:
- “അടുത്ത വെള്ളിയാഴ്ച.”
എന്നു പറഞ്ഞു മൊയ്തുട്ടി എഴുന്നേല്ക്കുമ്പോൾ ബീവി വാതില്ക്കൽ പ്രത്യക്ഷപ്പെടുന്നു. ദുഃഖാകുലമാണു് ഭാവം. വാതിലിനു കുറുകെ വെച്ച പാത്തുമ്മയുടെ കൈ ബീവിക്കു ഒരു തടവുപോലെ അനുഭവപ്പെടുന്നു. അവൾ എന്തോ പറയാനാഞ്ഞു. പാത്തുമ്മയുടെ ഭാവദാർഢ്യം അതു തടയുകയാണു്. വിഷമിച്ചു നില്ക്കുന്ന മൊയ്തുട്ടി. ആ ഹ്രസ്വകാലബന്ധത്തിന്റെ ആഴം പാത്തുമ്മ അപ്പോഴാണു് മനസ്സിലാക്കുന്നതു്. ഒന്നു രണ്ടു നിമിഷം കടന്നുപോയി. ആ കൈ അവർക്കിടയിൽ നിന്നു മാറുന്നില്ല.
ദുഃഖത്തോടെ മൊയ്തുട്ടി നടന്നു. കണ്ണുനീരോടെ അതു നോക്കി നില്ക്കുന്ന ബീവി.
കട്ട്
പകൽ
ചെമ്മൺ പാത—പുറം
ബീവി, മൊയ്തുട്ടി.
കടന്നുപോകുന്ന കാളവണ്ടി. അതിന്റെ പിറകുവശം മാത്രമേ ദൃശ്യത്തിലുള്ളു—വണ്ടിക്കാരനും കാളകളും ദൃശ്യമല്ല.
വണ്ടിയിൽ പിന്നിലേക്കു് തിരിഞ്ഞാണു് മൊയ്തുട്ടി ഇരിക്കുന്നതു്. അയാൾ വിഷാദത്തോടെ പുഞ്ചിരിക്കുന്നു. തൊട്ടടുത്തു് അത്തറുപെട്ടി.
ആ പുഞ്ചിരി മങ്ങിമങ്ങി വരുന്നു. വേലിക്കരികിൽ കാളവണ്ടി അകന്നകന്നു പോകുന്നതും നോക്കി ദുഃഖാകുലയായി നില്ക്കുന്ന ബീവി. അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ വീണ്ടും നിറഞ്ഞുവരുന്നു.
കാളവണ്ടി അകന്നകന്നു പോവുകയാണു്.
വേലിത്തറിയിൽ കയ്യൂന്നി തളർന്ന ശരീരം താങ്ങിനില്ക്കുന്ന ബീവി.
കാളവണ്ടി അകന്നകന്നു ദൂരെ ഒരു പൊട്ടായി മറഞ്ഞു.
ശൂന്യമായ വഴിത്താര—
ആ ശൂന്യത നോക്കി എല്ലാം തീർന്നവളെപ്പോലെ നില്ക്കുന്ന ബീവി.
കട്ട്
പകൽ
ബീവിയുടെ വീടു്—അകം
പാത്തുമ്മ, ബീവി, എളാപ്പ.
ബീഡി തെറുക്കുന്ന പാത്തുമ്മ. വന്നുകയറുന്ന എളാപ്പയുടെ മുഖത്തെ ദുഃഖസാന്ദ്രമായ കനം അവളെ നടുക്കുന്നു.
- എളാപ്പ:
- (അടക്കിപ്പിടിച്ച ചോദ്യം) “യ്യു് ഞ്ഞും പട്ച്ച്ല. ല്ലേ?”
പാത്തുമ്മ മിണ്ടുന്നില്ല.
“ആ ചായക്കാരൻ അയമു പറഞ്ഞ്ട്ടാ ഞാനറിഞ്ഞതു്.”
പാത്തുമ്മ വീണ്ടും നിശ്ശബ്ദം.
- എളാപ്പ:
- (ദീർഘനിശ്വാസത്തോടെ—ദുഃഖാകുലമാണു് സ്വരം) “കിട്ടണ്ടോട്ത്തോളം അനക്കു് കിട്ടി. അന്റെ കുട്ടി ബാപ്പേന്നു് ഒര്ത്തനെ വിളിച്ച്ട്ട്ല്ല.”
പാത്തുമ്മ തേങ്ങിപോവുന്നു. കുറ്റം ഏറ്റുപറയുംപോലെ ഗദ്ഗദപൂർവ്വം മറുപടി പറയുന്നു:
“ഓനും… ബീവിയും … ആയ്ട്ടു്—”
- എളാപ്പ:
- “ലോഹ്യാന്നു്—അല്ലേ?”
- പാത്തുമ്മ:
- “ഓൻ … ആ ജാത്യല്ല.”
- എളാപ്പ:
- “ഇതൊക്കെ പത്തു് കൊല്ലം മുമ്പു് യ്യു് ന്നോടു് പറഞ്ഞതാ.”
- പാത്തുമ്മ:
- (അല്പം മടിയോടെ) “ഞാൻ… ഓനു് വാക്കു് കൊട്ത്ത്ക്ക്ണു്.”
- എളാപ്പ:
- (രോഷം) “ന്നോടു് ചോയ്ക്കാതെ അല്ലേ? ഓനു് കയ്യു് കൊട്ക്കണ്ടതു് ഞാനാ.”
(വികാരാധീനനായി തുടരുന്നു.)
“അന്റെ ബാപ്പ മരിക്കുമ്പം ഞാൻ കൊടുത്ത വാക്കോ മോളേ?”
ഏതാനും നിമിഷങ്ങളുടെ നിശ്ശബ്ദത. എളാപ്പ അല്പം കടുപ്പിച്ചു് പാത്തുമ്മയെ നോക്കി.
- എളാപ്പ:
- “മമ്മൂനു് വാക്കു് കൊടുത്തതും ങ്ങനെത്തന്നെ അല്ലേയ്ന്യോ?”
പാത്തുമ്മക്കു് ഉത്തരമില്ല. അവളുടെ മുഖത്തിന്റെ സമീപദൃശ്യം.
ഡിസ്സോൾവ്
പകൽ
ബീവിയുടെ കുടിൽ—അകം
ബീവി, എളാപ്പ.
വാതിലിന്മേൽ തലകുത്തിക്കരയുന്ന ബീവി. അവളെ ആശ്വസിപ്പിക്കുന്ന എളാപ്പ.
- എളാപ്പ:
- “ങ്ങക്കൊക്കെ ചെറുപ്പാ മോളേ. ത്താത്തന്റെ കഷ്ടപ്പാടു് ന്റെ കുട്ടി കണ്ട്ലേ. എളാപ്പനെ ഞ്ഞി ങ്ങളു് കണ്ണീരു് കുടിപ്പിക്കരുതു്.”
വാക്കു നഷ്ടപ്പെട്ടു് കണ്ണീരിൽ മുങ്ങുന്ന ബീവി.
കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം, പുറം
പാത്തുമ്മ, ബീവി, എളാപ്പ, സുലൈഖ, മാപ്പിളപ്പെണ്ണുങ്ങൾ, സുലൈമാൻ ഹാജി, മുസ്ല്യാർ, ഹാജിയുടെ കൂട്ടുകാർ, ഗ്രാമീണർ.
ബീവിയുടെ വീട്ടിൽ കല്യാണത്തിന്റെ ബഹളം. പരിമിതമായ ആൾക്കാരേയുള്ളു. കോലായിലെ പായിൽ നിരന്നിരിക്കുന്ന പുതിയാപ്പിളയായ സുലൈമാൻഹാജിയെയും കൂട്ടുകാരെയും ക്യാമറ കാണിച്ചുതരുന്നു. സർവ്വത്തു കൊടുക്കുന്നതിന്റെയും ചോറു വിളമ്പുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ. ഇവർക്കിടയിൽ കാര്യക്കാരനായി ഓടിനടക്കുന്ന എളാപ്പ.
ഇന്റർ കട്ട്
അകത്തു് പൊട്ടിക്കരഞ്ഞുകൊണ്ടു് പായിൽ കിടക്കുന്ന ബീവി. അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സുലൈഖ. തകർന്നിരിക്കുന്ന പാത്തുമ്മ. എല്ലാം കൗതുകപൂർവ്വം നോക്കിയിരിക്കുന്ന മാനു. കല്യാണത്തിനു വന്ന പെണ്ണുങ്ങൾ അടക്കം പറയുന്നു. ഈ ചിത്രങ്ങൾക്കുമേൽ വീഴുന്ന ശബ്ദം.
“നിങ്ങളുടെ ഇക്കാക്കയുടെ മകൾ. ബീവി—എന്നവളെ—ആറര മിസ്ക്കാൽ മെഹറു് കാന്വലക്കു്—നിങ്ങൾ എനിക്കു്—നിക്കാഹു് ചെയ്തുതന്നതിനെ—ഇണയാക്കിത്തന്നതിനെ—ഞാൻ—സ്വീകരിച്ചു—പൊരുത്തപ്പെട്ടു.”
(ഓരോ വാക്കിനുമിടയിൽ അല്പം നിർത്തലുണ്ടു്. അതിനിടയിൽ അവ ആരോ അടക്കിപിടിച്ചു ചൊല്ലിക്കൊടുക്കയാണു്.)
- മറ്റൊരു ശബ്ദം:
- “അൽഫാത്തിഹാ.”
—ഫെയ്ഡ് ഔട്ട്—
ദൃഢത നിറഞ്ഞ മുഖഭാവവുമായി ഇരിക്കുന്ന എളാപ്പയുടെ സമീപദൃശ്യം. ചോറു വിളമ്പുന്നതിന്റെയും മറ്റും കോലാഹലം പശ്ചാത്തലത്തിലുണ്ടു്.
കട്ട്
പകൽ
നിരത്തു്—പുറം
ബീവി, എളാപ്പ, മാപ്പിളപ്പെണ്ണുങ്ങൾ.
ചെങ്കുത്തായ പാതയിറങ്ങി വരുന്ന പുതുക്കം. ബീവി മണവാട്ടിയുടെ വേഷത്തിലാണു്. ഒപ്പം എളാപ്പ.
കരഞ്ഞുകലങ്ങിയ ബീവിയുടെ മുഖം. ആ മുഖത്തു വീഴുന്ന ഒപ്പനപ്പാട്ടിന്റെ ഇശലുകൾ.
“മണവാട്ടി കരംകൊണ്ടു് മുഖം മറച്ചു്-
മൈലാഞ്ചി കവിളത്തു് പടർന്നുവീണു്
പടരും ചോപ്പിൽ നാണമുണർന്നു്
പല പല സ്വപ്നം മിന്നിമറഞ്ഞു്
തരിവളപോലും കളികൾ പറഞ്ഞു്
കിലുകിലെ അരമണി ചിരിക്ക്ണല്ലോ…
കിളുന്നുമെയ് മദംകൊണ്ട് തുട്ക്ക്ണല്ലോ.”
കട്ട്
പകൽ
നിരത്തു്—പുറം
മൊയ്തൂട്ടി, കാളവണ്ടിക്കാരൻ.
മറ്റൊരു വഴിയിലൂടെ കാളവണ്ടിയിൽ ഗ്രാമത്തിലേക്കു വരുന്ന മൊയ്തുട്ടി. ചിരിച്ചുരസിച്ചാണു് വരവു്. അയാളുടെ സന്തോഷത്തിന്റെ പ്രതീകംപോലെ പാടുന്ന വണ്ടിക്കാരൻ.
“ഖൽബിൽ തുടിക്ക്ണ തത്തമ്മപ്പാട്ടിന്നു്
കേട്ടല്ലോ പൂമോനേ…
അന്റെ മുഹബ്ബത്തിൻ മുറ്റത്തു് മുന്തിരി പൂത്തതു്
കണ്ടല്ലോ പൂമോനേ…”
കട്ട്
പകൽ
നിരത്തു്—പുറം.
വീണ്ടും പുതുക്കത്തിന്റെ ദൃശ്യം. ഒപ്പന തുടരുന്നു.
“അരിമുല്ല മണം വന്നു് നിറയ്ണല്ലോ
അരികത്തു കളിചിരി ഒഴ്കണല്ലോ
ഒഴുകും നേരം കതകു് തുറക്കും
ഒളികണ്ണാലൊരു മോഹമുണർത്തും
ഇരുളിൽ കാതിൽ പലതും ചൊല്ലും
തന തന്ത താന തന്ത തന്തിന്നാനോ
തന തന താരിളം കൈക്കൊണ്ടു്
തന തന്ത താന തന്ത തന്തിന്നാനോ.”
കട്ട്
നിരത്തു്—പുറം
മൊയ്തുട്ടിയും കാളവണ്ടിക്കാരനും.
വണ്ടിക്കാരന്റെ പാട്ടു തുടരുന്നു.
“കഹനിൽ ഉദിത്ത ഖമർ പോലൊരുത്തിയെ
സ്വന്തമായ്ത്തീർക്കാലൊ.
ഇന്നു്—കൊഞ്ചിക്കൊതിപ്പിക്കും
മൊഞ്ചത്തിയാളുടെ കയ്യു് പിടിക്കാലോ.”
ആ പുതുക്കവും കാളവണ്ടിയും പാതയുടെ ഒരു മുക്കിൽ സന്ധിച്ചു. പുതുക്കപ്പാട്ടുകേട്ടു് മൊയ്തുട്ടി ആഹ്ലാദത്തോടെ നോക്കി. പുതിയ പെണ്ണിനെ കണ്ടു് ഇടിവെട്ടേറ്റപോലെ അയാൾ തരിച്ചിരിക്കുന്നു.
വണ്ടിയിൽ ആരെന്നു് ബീവി കണ്ടില്ല.
ദുഃഖവും നടുക്കവും കൂടുകെട്ടിയ മൊയ്തുട്ടിയുടെ മുഖം തിരശ്ശീലയിൽ നിറയുന്നു.
ആ പുതുക്കം അകലെ നടന്നുമറഞ്ഞു. മറ്റൊരു വഴിക്കു് കാളവണ്ടിയും പോയി.
ആ മൂന്നുംകൂടിയ വഴിയിൽ ശൂന്യതയുടെ ആകരം പോലെ മൊയ്തുട്ടി നിന്നു.
കട്ട്
പകൽ
ബീവിയുടെ കുടിൽ—പുറം
പാത്തുമ്മ, മൊയ്തുട്ടി.
വീടിന്റെ പിൻവശത്തുള്ള മുളകു ചെടിക്കു വെള്ളമൊഴിക്കുന്ന പാത്തുമ്മ.
വിദൂരതയിലെവിടെയോ നട്ടുപോയ അവളുടെ കണ്ണുകൾ. കുടത്തിൽ നിന്നു ചാടുന്ന വെള്ളത്തിന്റെ സമീപദൃശ്യം.
ഉമ്മറത്തു ആരോ വന്നതറിഞ്ഞു കണ്ണു് തുടച്ചു നോക്കുന്ന പാത്തുമ്മ.
ഇന്റർ കട്ട്
പകൽ
ബീവിയുടെ കുടിൽ—അകം.
ഉമ്മറ വാതിലിലൂടെ ആ അത്തറുപെട്ടി കണ്ടുനടുങ്ങുന്ന പാത്തുമ്മ.
വാതിലിൽ എത്തിപ്പിടിച്ചു് അവൾ നിന്നു.
കട്ട്
പകൽ
ബീവിയുടെ കുടിൽ—പുറം.
മുന്നോട്ടുവെക്കുന്ന വിറയ്ക്കുന്ന പാദങ്ങൾ പാത്തുമ്മയുടെ ദൃഷ്ടിയിൽ.
നിലവിട്ടു പോകാതിരിക്കാൻ പാടുപെടുന്ന പാത്തുമ്മ. അവൾ കോലായിലേക്കു നടക്കുന്നു.
മുറ്റത്തു നില്ക്കുന്ന മൊയ്തുട്ടി. ആ കണ്ണുകൾ ദേഷ്യവും സങ്കടവും മൂലം നിറഞ്ഞുവരുന്നു.
പതുക്കെ നടന്നു കോലായിൽ കയറുന്ന മൊയ്തുട്ടി. അയാളുടെ കയ്യിലെ പൊതി കണ്ടു പാത്തുമ്മ ഞെട്ടുന്നു.
അവർക്കിടയിൽക്കിടന്നു് നിശ്ശബ്ദത വീർപ്പുമുട്ടി. പൊതി നീട്ടിക്കൊണ്ടു മൊയ്തുട്ടി:
“ഇത്താത്താ.”
മുഖമുയർത്തുന്ന പാത്തുമ്മ. ഗദ്ഗദം മൊയ്തുട്ടിയെ തടയുന്നുണ്ടെങ്കിലും അയാൾ പറഞ്ഞൊപ്പിക്കുന്നു.
“ഇന്നു് വെള്ളിയാഴ്ചയാണു്… ഞാൻ… മെഹറുമായിട്ടാണു്….”
സങ്കടത്തോടെ കുനിഞ്ഞുപോവുന്ന പാത്തുമ്മയുടെ മുഖം.
മൊയ്തുട്ടി പൊതി അഴിച്ചുനീട്ടി.
“ദാ—”
പടച്ച തമ്പുരാനോടെന്നവണ്ണം പാത്തുമ്മ ചോദിക്കുന്നു.
“ഇന്ക്കെന്തിനാ?”
മൊയ്തുട്ടി അതു കോലായിൽ വെച്ചു. അയാളും ചോദിച്ചു.
“എനിക്കെന്തിനാ?”
ദുഃഖം കടിച്ചിറക്കി അവർ നിന്നു. ഇരുവർക്കും വാക്കുകളില്ല. നിമിഷങ്ങൾ നീങ്ങി.
സാവധാനം അത്തർപെട്ടിയുമെടുത്തു മൊയ്തുട്ടി നടന്നു.
ദുഃഖത്തിന്റെ ഇരുണ്ട ചക്രവാളത്തിലേക്കു നടന്നകലുന്ന ആ രൂപം നോക്കി പാത്തുമ്മ കണ്ണീരോടെ നിന്നു.
ദൂരെ ഒരു പൊട്ടായി നടന്നുമറയുന്ന മൊയ്തുട്ടി.
പകൽ
കളം—പുറം
ഹാജിയാർ, മമ്മദ്, പണിക്കാർ.
തോക്കിന്റെ ചട്ടയുടെ സമീപദൃശ്യം. അതു ശ്രദ്ധാപൂർവ്വം തുടച്ചു വൃത്തിയാക്കുന്ന ബലിഷ്ഠമായ കൈ. മിന്നുന്ന തോക്കിന്റെ ചട്ട.
കളത്തിന്റെ മുറ്റത്തിരുന്നു തോക്കു തുടച്ചുവൃത്തിയാക്കുന്ന ഹാജിയാർ.
അല്പം മാറി നാലഞ്ചു മാപ്പിളമാരും ഒരു മാപ്പിളപ്പെണ്ണും. പെണ്ണു കരഞ്ഞുകൊണ്ടു മതിലിൽ ചാരിനില്ക്കുകയാണു്.
അവരെന്തോ, ആവലാതി ബോധിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. എല്ലാവരുടെയും മുഖത്തു് ആകാംക്ഷ.
രംഗം നിശ്ശബ്ദമാണു്. സാവധാനം തോക്കു തുടയ്ക്കുന്ന ഹാജിയാർ. ഒന്നുരണ്ടു നിമിഷം കഴിഞ്ഞു് മമ്മദ് വന്നു് പറഞ്ഞു:
“ആലിക്കുട്ടി വന്ന്ക്ക്ണ്”
- ഹാജിയാർ:
- (അടക്കിപ്പിടിച്ച ദേഷ്യം) “ങ്ങോട്ട് വിളി.”
തലയും താഴ്ത്തി പതുക്കെ നടന്നുവരുന്ന ആലിക്കുട്ടി. അവനെ കണ്ടതോടെ ഹാജിയാർക്കു ദേഷ്യം ഇരട്ടിച്ചു.
“പൊന്തിക്കെടാ തല. ഇവളെ യ്യി അറ്യോ?”
ആലിക്കുട്ടി തലയും താഴ്ത്തി കയ്യും കെട്ടിനില്ക്കുകയാണു്.
പതുക്കെപ്പതുക്കെ തലയുയർത്തുന്ന ആലിക്കുട്ടി. കരയുന്ന പെണ്ണിന്റെ കണ്ണുകളുമായി അവന്റെ നോട്ടം ഇടയുന്നു. അവന്റെ തല താഴുന്നു.
- ഹാജിയാർ:
- “അന്റെ നാവെറങ്ങിപ്പൊയോ?”
- ആലിക്കുട്ടി:
- (വിക്കി വിക്കി) “ഓല്—വെറ്തെ പറ്യാ മൊതലാളീ.”
ഹാജിയാരുടെ ശുണ്ഠി മൂർദ്ധാവിലെത്തി. തുടച്ചുകൊണ്ടിരുന്ന തോക്കു് അയാൾ കയ്യിലെടുത്തു.
“ഹമ്ക്കത്തരം പറഞ്ഞാല്ണ്ടല്ലോ-”
എല്ലാവരും പകച്ചുപോയി. മമ്മദു കടന്നുപിടിച്ചു് ഹാജിയാരെ തടയുന്നു. ഭയന്നുവിറച്ച ആലിക്കുട്ടിയുടെ കണ്ണുകൾ.
കട്ട്
പകൽ
ഹാജിയാരുടെ വീടു്—പുറം
ഹാജിയാർ, മമ്മദ്, വീട്ടുപണിക്കാർ.
ഹാജിയാരുടെ വീടിന്റെ കോലായ. അവിടവിടെ ഒന്നു രണ്ടു പണിക്കാർ ഓരോ പണിയിലേർപ്പെട്ടിരിക്കുന്നു.
മുറ്റത്തു രണ്ടുമൂന്നു ചെറുമന്മാർ കുത്തിയിരിക്കുന്നുണ്ടു്.
ഹാജിയാരും മമ്മദും വേറെ ഒന്നുരണ്ടുപേരും നടന്നുവരുന്നതു് വീട്ടിലുള്ളവരുടെ വീക്ഷണത്തിൽ.
മുറ്റത്തേക്കു കടക്കുന്ന ഹാജിയാർ.
നിലത്തിലിരുന്നവർ പിടഞ്ഞെഴുന്നേല്ക്കുന്നു.
ചിലർ തലയിൽക്കെട്ടഴിച്ചു. ചിലർ മാടിക്കെട്ടിയ മുണ്ടഴിച്ചിട്ടു.
ഉത്സാഹത്തോടെ കോലായിലേക്കു കയറുന്ന ഹാജിയാരും സംഘവും.
കട്ട്
പകൽ
ഹാജിയാരുടെ വീടു്—പുറം
ജോലിക്കാർ.
ഒരു ജോലിക്കാരി ഓല മെടഞ്ഞുകൊണ്ടിരിക്കുന്നു. അവിടേക്കു ഒരു പണിക്കാരൻ ഓടി വരുന്നു:
“മൊയ്ലാളി വന്നു്. വേം പണി നോയിക്കോ. ഞാൻ വെള്ളം എട്ക്കാൻ പോവ്വാ.”
പണിക്കാരൻ ഓടുന്നു.
കട്ട്
പകൽ
കുളക്കടവു്—പുറം
ബീവി, പണിക്കാരി.
തിരശ്ശീലയിൽ നിറഞ്ഞുനില്ക്കുന്ന ജലവിതാനം കൊച്ചോളങ്ങൾ.
വെള്ളത്തിൽ വീഴുന്ന കൊച്ചുകൊച്ചു കല്ലുകൾ. ഒരു കല്ലിന്മേൽ ക്യാമറ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അതു കാര്യമായി ഓളങ്ങളൊന്നും ഉണ്ടാക്കിയില്ല. വെള്ളത്തിന്റെ അടിയിലേക്കു ആണ്ടുപോയി.
കുളത്തിന്റെ പടവിൽ ഇരുന്നുകൊണ്ടു് കൊച്ചുകല്ലുകൾ പെറുക്കി ഏതോ സ്വപ്നത്തിലെന്നോണം കുളത്തിലേക്കു എറിയുന്ന ബീവി. കുളിക്കാൻ വന്നതുപോലെയാണു് വേഷം. തട്ടം ഇട്ടിട്ടില്ല. ഒരു കാൽ കുളത്തിലാണു്. തൊട്ടടുത്തു് നിന്നു് അലക്കുന്നതിനിടയിൽ ബീവിയുടെ ഇരിപ്പുകണ്ടു് അതിശയിച്ചു നിന്നുപോകുന്ന പണിക്കാരിയുടെ കാഴ്ചപ്പാടിൽ ബീവി.
ബീവി തന്നെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി.
“ത്താത്തന്റെ നാട്ടിലെ നീർച്ചക്കു് ഞാൻ വന്ന്ട്ട്ണ്ടു്.”
ബീവി ശ്രദ്ധിക്കുന്നില്ല. പണിക്കാരി തുടരുന്നു.
“ചെറുപ്പത്തിലാ. ബാപ്പാന്റെ ഒപ്പരം. ഓ! അന്നവിടെ കൂടിയ മന്സമ്മാരു്! ബദ്രീങ്ങളേ… മഅ്ശറാന്നു് പറിണു് കേട്ടിട്ടേള്ളൂ…
അവൾ വീണ്ടും ബീവിയെ ശ്രദ്ധിച്ചു. അപ്പോഴും ബീവി ഏതോ ലോകത്താണു്. പണിക്കാരി ചോദിക്കുന്നു.
“നീർച്ചക്കു് അത്തറൊക്കെ മന്സ്സമ്മാരു് പ്പളും കൂട്വോ?”
ആ ചോദ്യവും ബീവി കേട്ടില്ല. പണിക്കാരി ഒന്നുകൂടി ആവർത്തിച്ചു.
“ങ്ഏ; ത്താത്താ?”
ബീവി അശ്രദ്ധമായി മൂളി:
“ങ്ഉം”
കട്ട്
പകൽ
ഹാജിയാരുടെ വീടു്—പുറം
ഹാജിയാർ, മാധവൻനായർ, ഒരു മുസ്ലിംവൃദ്ധൻ.
—മിഡ്വേ ഓപ്പനിങ്ങ്—
മുസ്ലിം വൃദ്ധന്റെ മുഖത്തിന്റെ സമീപദൃശ്യം. ദുഃഖാകുലമാണു് ഭാവം.
മുറ്റത്തുനിന്നു സങ്കടം പറയുന്ന വൃദ്ധൻ. കോലായിൽ നിന്നുകൊണ്ടു് അതു ശ്രദ്ധിക്കുന്ന ഹാജിയാർ. ഹാജിയാരുടെ മുഖദൃശ്യത്തിന്മേൽ വീഴുന്ന വൃദ്ധന്റെ തേങ്ങൽ:
“മൂത്തോളെ ഇക്കൊല്ലം കെട്ടിക്കാഞ്ഞാ ഞാൻ മാനം കെടും. അഞ്ഞൂറു് ഉറുപ്യേണു് ചോയക്ക്ണ്തു്.”
- ഹാജിയാർ:
- “അതിനു് നമുക്കു് വഴിയുണ്ടാക്കാം. നാളെ രാവിലെ മകനെ ഇങ്ങോട്ടയക്കി.”
തെളിയുന്ന വൃദ്ധന്റെ മുഖം.
തിരിഞ്ഞുനടക്കുന്ന വൃദ്ധൻ. ആ പോക്കു നോക്കിനില്ക്കുന്ന ഹാജിയാരും കണക്കപ്പിള്ളയായ മാധവൻനായരും.
- ഹാജിയാർ:
- (വികാരാധീനനായി) “മൂപ്പരെ കയ്യോണ്ടു് ചെറുപ്പത്തിലു് ഒരുപാടു് ചോറു് വാരിത്തന്നിട്ടുണ്ടു്. (ദീർഘശ്വാസം). ഇപ്പം ഒരു പണിം എട്ക്കാൻ ആവതില്ലാതായി. ങ്ഹാ… മൂപ്പരെ മകൻ വരുമ്പം അഞ്ഞൂറുറുപ്പിക കൊടുത്തേക്കു്.”
അത്ഭുതപ്പെടുന്ന മാധവൻ നായരുടെ മുഖത്തിന്റെ സമീപദൃശ്യം.
ദൂരെ നടന്നുമറയുന്ന വൃദ്ധൻ.
കട്ട്
പകൽ
കുളക്കടവു്—പുറം
ബീവി, ഹാജിയാർ, പണിക്കാരി.
കുളി കഴിഞ്ഞു മുടി തുവർത്തുന്ന ബീവി. അലക്കിക്കഴിഞ്ഞ വസ്ത്രങ്ങൾ എടുത്തു നിവരുന്ന പണിക്കാരി ബീവിയുടെ ദൃഷ്ടിയിൽ. പണിക്കാരി ശ്രദ്ധിക്കുന്നതു കണ്ടു് ആ വശത്തേക്കു് തിരിയുന്ന ബീവി.
ബീവി നടുങ്ങിപ്പോയി. ബലിഷ്ഠമായ രണ്ടു കാലുകൾ. ബീവി ഒരിക്കൽകൂടി നോക്കുമ്പോൾ ഭർത്താവു് ചിരിച്ചുകൊണ്ടു് കുളക്കടവിലേക്കു വരികയാണു്. ചുറ്റും സിഗരറ്റിന്റെ പുക. വായ നിറച്ചു ചിരി.
- ഹാജിയാർ:
- “ഓ… ഇവിടെ ആളുണ്ടായിരുന്നോ?”
പണിക്കാരി ബദ്ധപ്പെട്ടു് വസ്ത്രങ്ങൾ എടുത്തു ഹാജിയാരുടെ സമീപത്തു കൂടെ പെട്ടെന്നു കടന്നുപോയി.
ബീവി മുഖം തിരിച്ചു കുളത്തിലേക്കു നോക്കിനിന്നു. അവളുടെ ദൃഷ്ടിയിൽ കുളം. പിന്നിൽനിന്നു് അവളുടെ തോളിൽ കൈ വെക്കുന്ന ഹാജിയാർ:
“കേസ് ജയിച്ചു്… നീയറിഞ്ഞോ?”
യാതൊരു താല്പര്യവും കാണിക്കാത്ത ബീവി. ആ താല്പര്യക്കുറവു ഹാജിയാരെ അസ്വസ്ഥനാക്കുന്നു.
ദൂരേക്കു നോക്കിനില്ക്കുന്ന ബീവിയുടെ ചിത്രം അയാളുടെ വീക്ഷണത്തിൽ.
മുഖം തിരിക്കുന്ന ബീവി. അവളുടെ കാലടികൾ നക്കിത്തുടയ്ക്കുന്ന ഓളങ്ങൾ. ഓളങ്ങളുടെ തഴുകലേറ്റിട്ടും ഭാവലേശമില്ലാതെ കിടക്കുന്ന അലക്കുകല്ലു്.
കട്ട്
പകൽ
ഹാജിയാരുടെ വീടു്—പുറം
ഹാജിയാർ, മമ്മദ്, ആമിന.
ഹാജിയാരുടെ വീടിന്റെ പിൻഭാഗം. നെല്ലു കുത്തുന്ന ആമിന. അവിടേക്കു കടന്നുവരുന്ന മമ്മദ്. മറ്റാരുമില്ലെന്നു മനസ്സിലാക്കുന്ന മമ്മദിന്റെ മുഖത്തു് ഒരു പച്ചച്ചിരി പരക്കുന്നു:
“അനക്കും ത്താത്തക്കും ഒരോ സൊകക്കേടാ—ല്ലേ?”
ആമിന “ച്ഛ്… ശ്… ശ്…” എന്ന ശബ്ദത്തോടെ വിരൽ ചുണ്ടിൽവെച്ചു് സംസാരം തടയുന്നു. അതു കഴിഞ്ഞു് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നു. ആമിന ചൂണ്ടിക്കാണിച്ച ഭാഗത്തേക്കു മമ്മദ് നോക്കുന്നു: വെള്ളം കോരുന്ന തള്ള മമ്മദിന്റെ വീക്ഷണത്തിൽ.
- മമ്മദ്:
- “അതിനു് ചെവി കേക്കൂലാ.”
- ആമിന:
- “കണ്ണു് കാണും!”
- മമ്മദ്:
- “ങ്ഹ! യ്യു് മിണ്ടിത്തൊടങ്ങി, ല്ലേ? സമാദാനായി. ത്താത്തക്കു് നാവില്ലാന്നാണു് ഞമ്മളെയൊക്കെ ബിജാരം.”
ആമിന ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇല്ലെന്നു് നടിക്കുകയാണു്.
- ആമിന:
- “ത്താത്തക്കു് തരക്കേടു് ണ്ടെങ്കിലു് മൊതലാളി മര്ന്നു് കൊട്ത്തോളും ങ്ങളു് ബേജാറാകണ്ട.”
- മമ്മദ്:
- (അപ്പറഞ്ഞതു് കാര്യമാക്കാതെ) “ങ്ആ… ങ്ആ… പെണ്ണല്ലേ ജാതി? ഓലെ നിസ്ക്കാരോം ഓത്തും ഒന്നും ഇന്ക്കത്ര പറ്റ്ണ്ല്ല. മൂപ്പരെ പിടിക്കാത്ത എല്ലാ കോളും കാണനുണ്ടു്.”
ആമിനയുടെ മുഖത്തു് ഒരു ശൃംഗാരച്ചിരി പരക്കുന്നു. അവൾ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നു് വീണ്ടും ഉറപ്പുവരുത്താൻ വേണ്ടി നോക്കുമ്പോൾ ഇടനാഴിയിലൂടെ ഹാജിയാർ നടന്നുവരുന്നതു് കണ്ടു് പരിഭ്രമിക്കുന്നു.
- മമ്മദ് സംസാരം തുടരുന്നു:
- “ഏതെങ്കിലും കോളു് ണ്ടാകും. ദൊക്കെ എവിടേ ചെന്നു് അവസാനിക്ക്വാന്നു്—”
“ഹള്ളോ!”
എന്നൊരു ശബ്ദത്തോടെ മമ്മദു പിൻവാതിലിലൂടെ പുറത്തേക്കു് പായുന്നു.
കട്ട്
സന്ധ്യ—ഗ്രാമം—പുറം
ഗ്രാമീണർ.
നദിയുടെ കരയിലും പാടത്തിന്റെ വക്കത്തും കുന്നുംപുറത്തുമായി ആകാശത്തേക്കു നോക്കിനില്ക്കുന്ന മാപ്പിളമാരുടെ കൊച്ചു കൊച്ചു സംഘങ്ങൾ. കൂട്ടത്തിൽ കുട്ടികളുമുണ്ടു്.
ഇരുണ്ട ആകാശത്തു് എന്തോ തിരയുന്ന ക്യാമറ.
ആകാംക്ഷ നിറഞ്ഞ മുഖങ്ങൾ.
ആകാശത്തെ നേർത്ത ചന്ദ്രക്കലയെ ക്യാമറ കണ്ടെത്തുന്നു.
കുട്ടികളിൽനിന്നും മുതിർന്നവരിൽനിന്നും ഒരുപോലെ ആരവമുയരുന്നു,
“മാസം കണ്ടു്… മാസം കണ്ടു്…” എന്നാരോ വിളിച്ചു പറയുന്നു. കുട്ടികൾ പല ദിക്കിലേക്കായി ഓടുന്നു.
ചെറുസംഘങ്ങളിൽനിന്നും പള്ളികളിൽനിന്നും തക്ബീർ ഉയരുന്നു. പള്ളി മിനാരങ്ങളുടെ വിവിധ ദൃശ്യങ്ങൾ.
“അല്ലാഹു അക്ബർ അല്ലാഹു അക്ബർ
ലാ ഇലാഹ ഇല്ലള്ളാഹു അല്ലാഹു അക്ബർ
അല്ലാഹു അക്ബർ വലില്ലാഹിൽഹംദ്.”
കട്ട്
സന്ധ്യ
ഗ്രാമം—പുറം.
കാലിൽ അണച്ചു മൂർച്ച കൂട്ടുന്ന ഒസ്സാന്റെ കത്തി. ഒരു മുസ്ലിം വൃദ്ധന്റെ തലയും താടിയും ശരിപ്പെടുത്തുന്ന ഒസ്സാൻ.
കട്ട്
രാത്രി
ഗ്രാമം—പുറം.
ഇറച്ചിയിൽ ആഞ്ഞുകൊത്തുന്ന അറവുകാരൻ തൊട്ടടുത്തു് പെട്രോ മാക്സ്. ചുറ്റും മുതിർന്നവരും കുട്ടികളും.
കട്ട്
രാത്രി
ഗ്രാമം—വാതിപ്പുറം
ഗ്രാമീണർ.
ചൂട്ടും മിന്നി പൊക്കണങ്ങളും കെട്ടുകളുമായി ഫിത്തർ സക്കാത്തിനു പോകുന്ന മാപ്പിളക്കുട്ടികളുടെ സംഘം. കൂട്ടത്തിൽ അല്പം മുതിർന്ന പെൺകുട്ടികളുമുണ്ടു്.
അവർ ഇരുട്ടിലേക്കു നടന്നുപോകുന്ന ദൃശ്യം പിറകിൽ നിന്നാണു് ക്യാമറ ആദ്യം പകർത്തുന്നതു്.
ക്യാമറ അവർക്കു് അഭിമുഖമാകുമ്പോൾ പട്ടിണിയും ആർത്തിയും കൂടുകെട്ടിയ അവരുടെ മുഖങ്ങൾ ചൂട്ടുകറ്റകളുടെ വെളിച്ചത്തിൽ തെളിയുന്നു.
പശ്ചാത്തലത്തിൽ നേർത്ത സ്വരത്തിൽ തക്ബീർ കേൾക്കാം—
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—പുറം
ഹാജിയാർ, കുട്ടികൾ.
കോലായിൽ കൂട്ടിയിട്ട നെല്ലു്. ഇരുകൈകൊണ്ടും വാരി കുട്ടികൾക്കു് കൊടുക്കുന്ന ഹാജിയാർ. തിരക്കുകൂട്ടുന്ന കുട്ടികൾ.
കട്ട്
രാത്രി
പുഴക്കര—പുറം
മൊയ്തുട്ടി, തോണിക്കാർ.
പുഴക്കരയിലെ കെട്ടിമേഞ്ഞ ചായക്കടയിലെ ബെഞ്ചിൽ കിടക്കുന്ന മൊയ്തുട്ടിയുടെ മുഖത്തിന്റെ സമീപദൃശ്യം. ആ മുഖത്തു് വന്നുവീഴുന്ന സംഘഗാനം.
“പെരുത്തു് മൊഞ്ചുള്ളൊരുത്തിയോടൊന്ന-
ടുത്തു് കൂടാൻ പൂതി
വിരിഞ്ഞ നേരം തുനിഞ്ഞു് ഞാനൊരു
നശീദ പാടാൻ
തിളക്കമുള്ളോരൊഴുക്കു് പാട്ടിനു് വളകിലുക്കം താളം
പിടിക്കുമെന്നുള്ളുറപ്പുകൊണ്ടാണെനിക്കൊരാക്കം
മണത്തിനത്തറു് പുരട്ടിയെത്തിയ തണുത്ത കാറ്റു്
നാനാവശത്തുമെത്തിച്ചിരുന്ന
തെന്നിൽ കിളിർത്തപാട്ടു്.
തുടുത്ത ഹുസ്നുൽജ്മാലു് കട്ടെടുത്ത മൊഞ്ചു്
എന്നോടടുത്തു് കൂടാൻ കൊതിച്ച
പെണ്ണു് ബെയിച്ച മിഞ്ചു്.”
പാട്ടിനിടക്കു് പാട്ടുകാരായ തോണിക്കാർ വട്ടം കൂടിയിരുന്നു് പാടുന്ന ദൃശ്യം ക്യാമറ പകർത്തുന്നുണ്ടു്.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—അകം
വേലക്കാരികൾ.
മൈലാഞ്ചിയിട്ടു് ഭംഗിയുള്ള കൈകൾ. റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ മൈലാഞ്ചിയിട്ടതിന്റെ ചന്തംനോക്കുന്ന വേലക്കാരികൾ. ഒരുത്തി വിളിച്ചുചോദിക്കുന്നു:
“ത്താത്താ, ങ്ങക്ക് മൈലാഞ്ചി ടണ്ടേ?”
ഉത്തരമില്ല.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—അകം
ബീവി.
നിസ്ക്കാരപ്പായിൽ ഇരുന്നു് ഓതുന്ന ബീവി. ചുണ്ടനങ്ങുന്നതേയുള്ളു ശബ്ദം കേൾക്കുന്നില്ല. അടഞ്ഞ വാതിൽ.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—അകം
വേലക്കാരി.
ആ അടഞ്ഞ വാതിലിൽ മുട്ടിവിളിക്കുന്ന വേലക്കാരി:
“ത്താത്താ മാസം കണ്ട്ക്ക്ണു്. ങ്ങക്കു് മൈലാഞ്ചി ടണ്ടേ?”
അടഞ്ഞ വാതിൽ. ഉത്തരമില്ല. നിരാശയോടെ തിരിഞ്ഞുനടക്കുന്ന വേലക്കാരി.
കട്ട്
രാത്രി
സ്രാമ്പി—പുറം
മൊയ്തുട്ടി, മൊല്ലാക്ക.
സ്രാമ്പിയുടെ പുറംകോലായിൽ കിടന്നുറങ്ങുന്ന മൊയ്തുട്ടി. തൊട്ടടുത്തു് അത്തറുപെട്ടി.
സ്രാമ്പിയുടെ അകത്തുനിന്നു് പുറത്തേക്കു വരുന്ന മൊല്ലാക്ക. കോലായിൽ ആരോ കിടക്കുന്നതു കണ്ടു് ഉദ്വേഗപൂർണ്ണമാകുന്ന മുഖം. ആ രൂപത്തിന്റെ അടുത്തേക്കു ചെല്ലുന്ന മൊല്ലാക്ക. അടുത്തുചെന്നു് സൂക്ഷിച്ചു നോക്കി കുലുക്കിവിളിക്കുന്നു.
“ഇണീക്കു്… ഇണീക്കു്”
ക്ഷീണത്തോടെ എഴുന്നേറ്റിരിക്കുന്ന മൊയ്തുട്ടി. അയാൾ മിണ്ടുന്നില്ല.
- മൊല്ലാക്ക:
- “പെരുന്നാളിന്റന്നു് പട്ടിണി കെടക്കാൻ പാടില്ല… ഇണീക്കു്.”
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—പുറം
ഹാജിയാർ, മൊയ്തുട്ടി, മൊല്ലാക്ക, വേറെ രണ്ടുപേർ.
സുപ്രയിൽ വട്ടത്തിൽവെച്ച ഭക്ഷണസാധനങ്ങൾ. ഹാജിയാരും മൊല്ലാക്കയും മൊയ്തുട്ടിയും വേറെ രണ്ടുപേരും ഇരിക്കുന്നു. കഴിച്ചു തുടങ്ങുന്നതിനിടയിൽ ഹാജിയാർ:
“നിങ്ങളു് ഇവനെ കൂട്ടിക്കൊണ്ടോന്നതു നന്നായി. പെര്ന്നാളിന്റന്നു് രാത്രി ഒന്നും തിന്നാതെ കെടന്നാലോ?”
- മൊല്ലാക്ക:
- “ങ്ഹ! ഇവനേ—ഞമ്മളേ പയേ അത്തറുകാരൻ മൊഹമ്മദ് ല്ലേ, ഓന്റെ മോനാ—മൊയ്തുട്ടി.”
- ഹാജിയാർ:
- “ആണോ? ന്നട്ടാ ഒന്നും തിന്നാതെ സ്രാമ്പിയേ പോയി കെടക്ക്ണതു്.”
മൊയ്തുട്ടി തിന്നുന്നു എന്നു് വരുത്തുന്നതേയുള്ളൂ.
- ഹാജിയാർ:
- “ബാപ്പ മരിച്ചിട്ടു് ഇപ്പം എത്ര കൊല്ലമായി മൊയ്തുട്ട്യേ?”
- മൊയ്തുട്ടി:
- “ആറ്”
- ഹാജിയാർ:
- “സുബ്ഹാനല്ലാ—ആറു് കൊല്ലോ? ഞാനുമായി ഏറിയ കളിം ചിരി നടത്തിയ മനുഷ്യനാ… ങ്ഹാ, കഞ്ഞി കുടിക്കു്.”
- മൊല്ലാക്ക:
- “മൊഹമ്മദ് വയസ്സോണ്ടു് ന്റെ എളേതാ”
- ഹാജിയാർ:
- ‘അസ്റാഈലിനു് എളേതും മൂത്തതുമൊക്കെയുണ്ടോ?”
- മൊല്ലാക്ക:
- (ദീർഘനിശ്വാസം) “ഹള്ളാ!”
കഞ്ഞിയിലേക്കു തിരിഞ്ഞ ഹാജിയാർ വീണ്ടും കൗതുകപൂർവ്വം:
“അപ്പം ആറു് കൊല്ലമായിറ്റു് യ്യു് ഇബടെയൊക്കെ അത്തറും കൊണ്ടു വരല്ണ്ടോ?”
- മൊയ്തുട്ടി:
- “ങ്ഉം”
- ഹാജിയാർ:
- “ന്നട്ടു് യ്യു് ഇപ്പോരേലു് മാത്തറം കേറാതെ നടക്ക്വേ?”
മൊയ്തുട്ടി എന്തോ ഓർത്തു തല കുമ്പിട്ടു് ഇരിക്കുകയാണു്. മൊല്ലാക്കായാണിതിനു മറുപടി പറയുന്നതു്:
“ഓൻ ബന്ന്റ്റ്ണ്ടാവും. ങ്ങള് കീർത്തിക്കാഞ്ഞിറ്റാ.”
ബദ്ധപ്പെട്ടു് കഞ്ഞി കുടിക്കുന്ന മൊല്ലാക്കയുടെ മുഖത്തിന്റെ സമീപ ദൃശ്യം.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—പുറം
ഹാജിയാർ, ബീവി, മൊയ്തുട്ടി, മൊല്ലാക്ക.
കഞ്ഞികുടി കഴിഞ്ഞു് കൈകഴുകുന്ന ഹാജിയാർ വലിയ ശബ്ദത്തോടെ കുലുക്കുഴിയുന്നതിന്റെ ബഹളം.
മൊല്ലാക്ക കൈ കഴുകുന്നു.
ഇരുവരും കൈ കഴുകി കോലായിലേക്കു കയറിപ്പോയി.
കിണ്ടിയിൽനിന്നു് വെള്ളമൊഴിച്ചു് കൈകഴുകുന്ന മൊയ്തുട്ടി.
മൊയ്തുട്ടിയുടെ മുഖം—അതിന്മേൽ വീഴുന്ന ഹാജിയാരുടെ വിളി:
“ബീവീ… ബീവീ…”
ആ പേരു് കേട്ടു് നടുങ്ങുന്ന മൊയ്തുട്ടി. വീണ്ടും വിളി.
“ബീവി…”
ഇന്റർ കട്ട്
വിളികേട്ടു് അകത്തുനിന്നു് സാവധാനം നടന്നുവരുന്ന ബീവി.
കട്ട്
- ഹാജിയാർ:
- “മുന്തിയ അത്തറു് ണ്ടു്. പെരുന്നാളൊക്കെയല്ലേ… അനക്കേതാ വേണ്ടത്ന്ന്നോക്ക്യാ.”
വാതിലിന്നരികിലെ വിരിയുടെ സമീപം ശങ്കിച്ചുനില്ക്കുന്ന ബീവി.
വാതിലിന്നരികിലേക്കു തന്നെ നോക്കിക്കൊണ്ടു നില്ക്കുന്ന മൊയ്തുട്ടി.
സാവധാനം വിരി മാറുന്നതു മൊയ്തുട്ടിയുടെ വീക്ഷണത്തിൽ. പൊള്ളുന്ന ആ കാഴ്ച കണ്ടുനില്ക്കുന്ന മൊയ്തുട്ടി.
വിരി മാറുന്നതോടെ തന്നെത്തന്നെ തുറിച്ചുനോക്കുന്ന മൊയ്തുട്ടിയുടെ രൂപം കണ്ടു് ഞെട്ടിത്തെറിക്കുന്ന ബീവി. ബീവിയുടെ വീക്ഷണത്തിൽ കോലായ. അപ്പോൾ മറ്റു ചിത്രങ്ങൾ മങ്ങി. തിരശ്ശീലയിൽ മൊയ്തുട്ടിക്കു് ചുറ്റും കറുപ്പു് കട്ടി കൂടി വന്നു. നടുവിൽ ഒരു കഷ്ണം മാതിരി മൊയ്തുട്ടി.
ഒരു നിമിഷം കഴിഞ്ഞു് മൊയ്തുട്ടിയുടെ മേൽ വിരി നിവർത്തിയിടുന്ന ബീവി.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—അകം
ബീവി, ഹാജിയാർ.
വിങ്ങിപ്പൊട്ടുന്ന ഭാവവുമായി മുറിയിലേക്കു കടന്നുവരുന്ന ബീവി. അവൾ പണിപ്പെട്ടു് സ്വയം നിയന്ത്രിക്കുകയാണു്.
നിവർത്തിവെച്ച നിസ്ക്കാരപ്പായിൽ കഅബയുടെ ചിത്രമുള്ള മുസല്ല.
ആ മുസല്ലയിൽ തളർച്ചയോടെ കിടന്നുപോവുന്ന ബീവി.
ചുരുട്ടിവെച്ച നിസ്ക്കാരക്കുപ്പായത്തിന്റെ ചുരുളിൽ ഒളിപ്പിച്ചു വെച്ചിരുന്ന അത്തർകുപ്പി താഴെ വീണു. അതു് ഉരുണ്ടു് അല്പമകലേക്കു പോയി. ബീവി അതറിയുന്നില്ല.
കഅബയുടെ ചിത്രത്തിനു മേൽ വീണുകിടക്കുന്ന ബീവി.
നടന്നടുക്കുന്ന കാലടികൾ.
അത്തർകുപ്പിയുടെ സമീപം അവ നില്ക്കുന്നു. അത്തർ കുപ്പി കുനിഞ്ഞെടുക്കുന്ന കൈകൾ.
കുപ്പി സൂക്ഷിച്ചുനോക്കുന്ന ഹാജിയാർ. അതു നോക്കിക്കൊണ്ടു ചോദിക്കുന്നു.
“ഓ! ഒഴിഞ്ഞ കുപ്പിയാണല്ലോ?”
ചോദ്യം കേട്ടു് ബേജാറാകുന്ന ബീവി.
രാത്രി
ചായപ്പീടിക—പുറം
മൊയ്തുട്ടി.
ഒരു ചായപ്പീടികയുടെ ബഞ്ചിൽ കിടക്കുന്ന മൊയ്തുട്ടി.
കഴിഞ്ഞുപോയ രംഗങ്ങൾ പലതും അയാളുടെ ഓർമ്മയിൽ ഉണർന്നെത്തുന്നു.
ഫ്ളാഷ് ബാക്കുകൾ—ഡിസ്സോൾവുകൾ.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—അകം
സുലൈമാൻ ഹാജി, ബീവി.
കിടപ്പറയിൽ ഉറക്കം വരാതെ ഓർത്തുകിടക്കുന്ന ബീവി. സമീപത്തു് ഉറങ്ങിക്കിടക്കുന്ന ഹാജിയാർ. ബീവി ഭൂതകാലത്തിലാണു്.
ഫ്ലാഷ് ബാക്കുകൾ.
കട്ട്
രാത്രി
ചായപ്പീടിക—പുറം
മൊയ്തുട്ടി.
ഓർത്തു കിടക്കുന്ന മൊയ്തുട്ടി. പൊറുക്കവയ്യാതാകുമ്പോൾ അയാൾ എഴുന്നേല്ക്കുന്നു.
അത്തർ പെട്ടിയും തൂക്കി ഇരുട്ടിലൂടെ നടന്നുപോകുന്ന മൊയ്തുട്ടി.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—പുറം.
ഹാജിയാരുടെ ഗേറ്റിനു മുമ്പിൽ അതിന്റെ കമ്പി പിടിച്ചു് അകത്തേക്കു് നോക്കിനില്ക്കുന്ന മൊയ്തുട്ടി.
ഒരു തടവറപോലെ അയാൾക്കു മുന്നിൽ കൂറ്റൻ ബംഗ്ലാവ്.
ആ ഗേറ്റു ചാടിക്കടക്കാൻ അയാൾ ഒന്നാഞ്ഞു.
പരിസരത്തെ മുഴുവൻ നടുക്കും വിധം നായയുടെ കുര. മൊയ്തുട്ടി ശങ്കിച്ചു നിന്നു.
വീണ്ടും നായ ഉഗ്രമായി കുരക്കുന്നു.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—അകം
ബീവി, മൊയ്തുട്ടി.
നായ കുരക്കുന്നതു കേട്ടു് എഴുന്നേല്ക്കുന്ന ബീവി. ജനലിലൂടെ അവൾ പുറത്തേക്കു് നോക്കുമ്പോൾ, ദൂരെ, താഴെ തിരിഞ്ഞു നടന്നു പോകുന്ന മൊയ്തുട്ടി.
പകൽ
ഹാജിയാരുടെ വീടു്—അകം
ഹാജിയാർ, ബീവി.
അകത്തു് നിസ്ക്കരിക്കുന്ന ബീവി. നിസ്ക്കാരത്തിന്റെ വിശദാംശങ്ങൾ.
നിസ്ക്കാരം കഴിഞ്ഞിരുന്നു് ദുആ ഇരിക്കുന്ന ബീവി. മക്കനയിട്ടു മുഖത്തിന്റെ സമീപദൃശ്യം. ദുഃഖം കനത്തു വിങ്ങിയ ഭാവം. എല്ലാ സങ്കടങ്ങളും അവൾ ‘പടച്ച തമ്പുരാനോടു്’ പറയുകയാണു്.
താക്കോൽ കൂട്ടവുമായി ആ മുറിയിലേക്കു കടന്നുവരുന്ന ഹാജിയാർ. താക്കോൽകൂട്ടം കട്ടിലിൽ വെച്ചു കൊണ്ടു്:
“ഞാൻ പുറത്തു് പോവ്വാണു്.”
ബീവി ഉത്തരം പറയുന്നില്ല. ഹാജിയാർ തിരിഞ്ഞുനടക്കുന്നു. ഒന്നു രണ്ടടി നടന്നു് തിരിച്ചു് വന്നിട്ടു്:
“നെനക്ക് പടച്ചോനോട് മാത്രേ പറ്യാനുള്ളു. എന്നോടു് ഒന്നും പറ്യാൻല്ലേ?”
ചോദ്യം കേട്ടു് വേദനിക്കുന്ന ബീവി.
ഹാജിയാർ പുറത്തേക്കു് നടക്കുന്നു. അതു നോക്കിയിരിക്കുന്ന ബീവി.
കട്ട്
പകൽ
ഹാജിയാരുടെ വീടു്—പുറം
ഹാജിയാർ, മാധവൻ നായർ, മമ്മദ്, മറ്റുള്ളവർ.
ഇടനാഴിയിലൂടെ നടന്നുവരുന്ന ഹാജിയാർ. കോലായിൽ ഒന്നുരണ്ടു പ്രമാണികളുമായി എന്തോ കാര്യം ചർച്ചചെയ്തുകൊണ്ടു നില്ക്കുന്ന മാധവൻ നായർ. അവർ പറയുന്നതെന്താണെന്നു് വ്യക്തമല്ല.
ഹാജിയാർ അവരോടു് അടുക്കുന്നതിന്റെ വിദൂര ദൃശ്യം. അവർ ഒന്നിച്ചു് മുറ്റത്തേക്കു് ഇറങ്ങുന്നു.
ഭവ്യതയോടെ ഒതുങ്ങിനില്ക്കുന്ന പണിക്കാർ. ഓടി ആ ചെറുസംഘത്തോടു് ഒപ്പമെത്തുന്ന മമ്മദ്.
മാധവൻനായർ കോലായിൽ തന്നെ. മുന്നോട്ടു നടക്കുന്ന ഹാജിയാരും സംഘവും.
കട്ട്
പകൽ
നിരത്തു്—പുറം
ഹാജിയാർ, മൊയ്തുട്ടി, മറ്റുള്ളവർ.
നിരത്തിലൂടെ നടന്നുവരുന്ന മൊയ്തുട്ടി.
അയാൾ ഹാജിയാരുടെ വീടിനു സമീപമെത്തുന്നു.
ഹാജിയാരും സംഘവും ദൂരെ നടന്നുമറയുന്നതു് മൊയ്തുട്ടിയുടെ വീക്ഷണത്തിൽ.
കട്ട്
പകൽ
ഹാജിയാരുടെ വീടു്—അകം
മൊയ്തുട്ടി, ബീവി.
വീടിനു മുകളിലെ മുറിയിൽനിന്നു് ജനാലയിലൂടെ പുറത്തേക്കു നോക്കുന്ന ബീവി. അവളുടെ വീക്ഷണത്തിൽ നിരത്തിലൂടെ അത്തറുപെട്ടിയും തൂക്കി നടന്നുവരുന്ന മൊയ്തുട്ടി.
കട്ട്
ബീവി, മൊയ്തുട്ടി.
ജനാലക്കൽ നില്ക്കുന്ന ബീവിയെ മൊയ്തുട്ടിയും കണ്ടു. അവർ ഒരു നിമിഷം പരസ്പരം നോക്കിനില്ക്കുന്നു.
രണ്ടും കല്പിച്ചു് ഹാജിയാരുടെ വീട്ടിലേക്കു കയറിച്ചെല്ലുന്ന മൊയ്തുട്ടി.
കട്ട്
ബീവി, മൊയ്തുട്ടി.
മുകളിലെ മുറിയിൽനിന്നു് ആലോചനയില്ലാതെ ബദ്ധപ്പെട്ടു് താഴേക്കു ഇറങ്ങുന്ന ബീവി.
കട്ട്
ബീവി, മൊയ്തുട്ടി, മാധവൻ നായർ.
കോലായിൽ അത്തറുപെട്ടിയുമായി നില്ക്കുന്ന മൊയ്തുട്ടി. വാതില്ക്കൽ അയാളെത്തന്നെ നോക്കി നിന്നുപോകുന്ന ബീവി.
കോലായയുടെ ഒരു വശത്തുള്ള എഴുത്തുമുറിയിൽനിന്നു് കടന്നുവരുന്ന മാധവൻ നായർ.
- മാധവൻ നായർ:
- “ങ്ഉം? എന്താ?”
- മൊയ്തുട്ടി:
- (സ്വപ്നത്തിലെന്നോണം) “അത്തറു്—”
അപ്പോഴാണു് മാധവൻനായർ മൊയ്തുട്ടിയുടെ നോട്ടം ശ്രദ്ധിക്കുന്നതു്. വാതില്ക്കൽ അത്തറുകാരനെത്തന്നെ നോക്കിനില്ക്കുന്ന കൊച്ചമ്മയെ അയാൾ കണ്ടു. അയാൾക്കു വല്ലാതെ തോന്നി. എങ്കിലും അതു പുറത്തു കാണിച്ചില്ല.
- മാധവൻനായർ:
- (ബീവിയോടു്) “അത്തറുവേണോ?”
ബീവി മിണ്ടാൻപോലും മറന്നുനില്ക്കുകയാണു്.
- മാധവൻ നായർ:
- “ഇവിടെ മൊതലാളി ഇല്ല. അത്തറും വേണ്ട.”
വിഷണ്ണനായി നില്ക്കുന്ന മൊയ്തുട്ടി. അയാളെത്തന്നെ നോക്കി നില്ക്കുന്ന ബീവി. അവർക്കിടയിൽ ഒരു തടസ്സം പോലെ മാധവൻ നായർ.
മൊയ്തുട്ടി ദൂരെ നടന്നുമറയുന്നതുവരെ മാധവൻനായർ അനങ്ങുന്നില്ല. ആ രൂപം അപ്രത്യക്ഷമായപ്പോൾ മാധവൻനായർ തിരിഞ്ഞുനോക്കി—വാതില്ക്കൽ ബീവിയില്ല.
കട്ട്
പകൽ
ഹാജിയാരുടെ വീടു്—അകം
അടുക്കള
ബീവി, പണിക്കാരികൾ, ആമിന.
മിഡ്വേ ഓപ്പനിംഗ്—
അടുക്കളയിൽ ഒരു പിഞ്ഞാണത്തിൽ കോഴിമുട്ട ഉടച്ചുകൊണ്ടിരിക്കുന്ന ആമിന.
ആമിനയുടെ വീക്ഷണത്തിൽ ബീവി. അവൾ അടുക്കളയിൽ വാതിലിനടുത്തു് ഒരു പലകയിട്ടിരുന്നു് കഞ്ഞി കുടിക്കുകയാണു്.
ജോലി ചെയ്തുകൊണ്ടിരിക്കെ ആമിന സംസാരം തുടരുന്നു:
“മുതലാളിക്കു് മുമ്പു് ഇതിലും വല്യ ദേസ്യാ—കണ്ണിന്റെ മുമ്പിലു് പെട്ടു് പോയാ കുടുങ്ങി… പിന്നെന്താ, ഒരാവസ്യം ണ്ടെങ്കിലു് മൂപ്പരോടു് മുയ്മനും പറ്യണ്ട. പണിക്കാരെ കുടുംബത്തിലെ കാര്യൊക്കെ മൂപ്പരു് നെറവടിയാക്കും.”
അടുക്കളയിലെ പണിക്കാരികളുടെ മുഖങ്ങൾ. അവരുടെ ചിരി. ഇത്താത്തയെ ഒളിഞ്ഞുനോക്കൽ. ബീവിയുടെ കനത്ത മുഖഭാവം. പാത്രത്തിലെ കഞ്ഞിയിൽ വെറുതെ ഇഴയുന്ന കയിലു്. ഇത്തരം ചിത്രങ്ങളുടെ പുറത്താണു് ഈ സംഭാഷണം വീഴുന്നതു്.
ആമിനയുടെ സംസാരം തുടരുന്നു.
“ആദ്യത്തെ ഇത്താത്ത പട്ടു് പോലെത്തെ മന്സനേയ്നി. ഓലു് തമ്മില്ള്ള കളിം ചിരിം കാണണം. കടിഞ്ഞൂൽപേറില് ത്താത്ത മരിച്ചി. കുട്ട്യും ബാക്കി ആയ്ല… അയ്ന്റെങ്ങട്ടു് മൂപ്പര്ക്കു് ഒന്നിനും ഒരു ഉസ്റ്ല്ല… പിന്നേണു് ഹജ്ജിനു് പോയതു്. വേറെ പെണ്ണു് കെട്ട്ണ്ല്ലാന്നും പറഞ്ഞു് നിക്ക്വോയ്നി.”
ആമിന ഒളികണ്ണിട്ടു് ബീവിയെ നോക്കി. ആ പലക ഒഴിഞ്ഞുകിടക്കുന്നു.
പാത്രത്തിൽ ബാക്കിയായ കഞ്ഞി സ്ക്രീനിൽ നിറഞ്ഞുനില്ക്കുന്നു.
കട്ട്
പ്രഭാതം
ഗ്രാമം—പുറം
സൂര്യോദയം.
കട്ട്
പ്രഭാതം
ഹാജിയാരുടെ വീടു്—അകം
ഹാജിയാർ, ബീവി.
കിടപ്പറയിൽ രാവിലെ കട്ടിലിൽനിന്നു് എഴുന്നേല്ക്കുന്ന ഹാജിയാർ.
മറുവശം തിരിഞ്ഞുകിടക്കുന്ന ബീവി. അവളെത്തന്നെ നോക്കിനില്ക്കുന്ന ഹാജിയാർ.
ദേഹത്തുനിന്നു് മാറിപ്പോയ പുതപ്പു് അയാൾ സ്നേഹപൂർവ്വം ബീവിയെ പുതപ്പിക്കുന്നു.
പകൽ
നിരത്തു്—പുറം
മൊയ്തുട്ടി, ചെറുപ്പക്കാരൻ, ഗ്രാമീണർ.
സ്രാമ്പിക്കു് തൊട്ടടുത്തുള്ള കലുങ്കിൽ എന്തോ ഓർത്തുകിടക്കുന്ന മൊയ്തുട്ടി.
വിദൂരതയിൽ തറച്ചുപോയ അയാളുടെ കണ്ണുകൾ. തൊട്ടു മുന്നിലൂടെ രണ്ടുമൂന്നുപേർ നടന്നുപോകുന്നതു് അയാൾ അറിയുന്നേയില്ല. അവരിൽ ഒരാൾ അയാളെ ശ്രദ്ധിച്ചു.
അല്പം കഴിഞ്ഞു് ആ വഴി വന്ന ഒരു ചെറുപ്പക്കാരൻ പരിചയം നടിച്ചു് മൊയ്തുട്ടിയുടെ അടുത്തേക്കു് വന്നു.
“ങ്ഹ! പെര്ന്നാളൊക്കെ കഴിഞ്ഞിട്ടും ഇവിടെത്തന്നെ കൂടിയിരിക്കുകയാണല്ലോ—”
പറയുന്നതെന്താണെന്നു പോലും മൊയ്തുട്ടി ശ്രദ്ധിക്കുന്നില്ല. ദുഃഖാകുലമായ ഭാവം.
ചെറുപ്പക്കാരൻ വിഷണ്ണനായി നടക്കുന്നു.
കാറ്റിലാടുന്ന മൊയ്തുട്ടിയുടെ മുടിയിഴകൾ.
കട്ട്
പകൽ
പുഴത്തീരം—പുറം
ഹാജിയാർ, മമ്മദ്, പണിക്കാർ, ഗ്രാമീണർ.
തെളിഞ്ഞ വെയിലിൽ കുടപിടിച്ചു നില്ക്കുന്ന തണൽമരം. അതിന്റെ ചില്ലകളുടെ വിശദാംശങ്ങൾ. അതിനു ചുവടെ നിൽക്കുന്ന സുലൈമാൻ ഹാജി. കൂടെ മമ്മദ്.
എന്തോ നോക്കിനില്ക്കുന്ന ഹാജിയാരുടെ മുഖത്തിന്റെ സമീപദൃശ്യം.
പശ്ചാത്തലത്തിൽ ഗ്രാമീണരുടെ ആരവം—
ഹാജിയാരുടെ വീക്ഷണത്തിൽ ദൃശ്യമാകുന്ന രംഗം.
മരം പിടിക്കുന്ന കൊമ്പനാന. പ്രയാസത്തോടെ ആനയെ സഹായിക്കുന്ന പണിക്കാർ. അവരുടെ ‘ഏനാമ്പ’ വിളികൾ.
“ഏലില്ലാള്ളാ… ഏയ്സാ… ഏലില്ലള്ളാ… ഏയ്സാ… ഒത്തു പിടിച്ചാൽ… ഏയ്സാ… മലയും പോരും… ഏയ്സാ… ഏനാമ്പേയു്… ഏയു്…
ഇതിനിടെ ഒന്നു രണ്ടു പേർവന്നു് ഹാജ്യാരോടു് ചില കാര്യങ്ങൾ സംസാരിക്കുന്നു. അവരുടെ സംസാരം ഏനാമ്പ വിളിയിൽ മുങ്ങിപ്പോവുന്നു. അവർ ഭവ്യതയോടെ ഒതുങ്ങിനിന്നു.
ഹാജ്യാരുടെ ശ്രദ്ധ വീണ്ടും ആനയിലേക്കു തിരിഞ്ഞു.
ആനയുടെ വിവിധ ദൃശ്യങ്ങൾ.
വിയർത്തൊഴുകുന്ന പണിക്കാർ. ആനയെ കൗതുകപൂർവ്വം നോക്കി നില്ക്കുന്ന ഗ്രാമീണരും കുട്ടികളും. കുട്ടികളുടെ ചിരി.
പശ്ചാത്തലത്തിൽ ബാങ്കുവിളി.
“അല്ലാഹു അക്ബർ…
അല്ലാഹു അക്ബർ…”
ബാങ്കുവിളി കേൾക്കുന്നതോടെ പള്ളിയിലേക്കു നടക്കുന്ന ഹാജ്യാർ. കൂടെ ഭവ്യതയോടെ മമ്മദ്.
ദൂരെ പള്ളിയുടെ മിന്നാരം.
ബാങ്കുവിളി തുടരുന്നു.
കട്ട്
പകൽ
സ്രാമ്പി—പുറം
മൊയ്തുട്ടി, മൊല്ലാക്ക.
സ്രാമ്പിയുടെ കോലായിൽ അകലേക്കു നോക്കിയിരിക്കുന്ന മൊയ്തുട്ടി. ഒന്നുരണ്ടു നിമിഷം കഴിഞ്ഞു് അവിടേക്കു് വരുന്ന മൊല്ലാക്ക. മൊല്ലാക്കയുടെ മുഖത്തു് പരിഭ്രമം.
- മൊല്ലാക്ക:
- “അല്ലാ, കുട്ട്യേ യ്യു് ഇവിടെത്തന്നെ കൂട്വാ?”
മൊയ്തുട്ടീ മെല്ലെ തലയുയർത്തിനോക്കുന്നു.
ഉത്തരമില്ല.
- മൊല്ലാക്ക:
- “പെര്ന്നാളു് കയിഞ്ഞാ അത്തറ്കാരൊക്കെ പോവും… യ്യു്… പെരുന്നാളിന്റന്നു് അത്തറു് വിറ്റതും ല്ല.”
മൊയ്തുട്ടി നിശ്ശബ്ദം.
- മൊല്ലാക്ക:
- “മോനേ, അന്നോട്ള്ള ലോഹ്യം കൊണ്ടു് പറയ്യാ—ആ ഹാജ്യാർക്കു് അന്നെപ്പറ്റി എന്തൊക്കോ സംശണ്ടു്… അന്നെപ്പറ്റി ന്നോടു് കുത്തിക്കുത്തി ചോയ്ച്ച്.”
മൊയ്തുട്ടി വീണ്ടും നിശ്ശബ്ദം.
- മൊല്ലാക്ക:
- (അല്പം നിർത്തിയിട്ടു്) “കയ്യ്ണ വേകം ഇവിടന്നു് പൊയ്ക്കോ—ഒന്നു് പറഞ്ഞു് രണ്ടാമത്തേയ്തു് വാളും കുന്തം എട്ക്ക്ണോനാ അയാളു്…”
മൊയ്തുട്ടി അപ്പോഴും നിശ്ശബ്ദം. പറഞ്ഞിട്ടു് ഫലമില്ലെന്നു് കണ്ടു് നിരാശയോടെ നടക്കുന്ന മൊല്ലാക്ക. അതു നോക്കിയിരിക്കുന്ന മൊയ്തുട്ടി.
കട്ട്
ഹാജിയാരുടെ വീടു്—പുറം
മൊയ്തുട്ടി, ബീവി, മമ്മദ്, ആമിന, മാധവൻ നായർ, മറ്റു പണിക്കാർ.
ഹാജിയാരുടെ വീട്ടിനു മുമ്പിലെ ഗേറ്റിൽ ചുറ്റിപ്പറ്റി നില്ക്കുന്ന മൊയ്തുട്ടി. മുറ്റത്തു നെല്ലു ചിക്കുന്ന പണിക്കാരി അതു ശ്രദ്ധിക്കുന്നുണ്ടു്.
അവൾ നോക്കുമ്പോൾ മുകളിലെ ജനാലയ്ക്കൽ നിന്നു് ബീവി അത്തറുകാരനെ ശ്രദ്ധിച്ചുനില്ക്കുകയാണു്.
വലിയ കണക്കുപുസ്തകത്തിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന മാധവൻ നായരും മൊയ്തുട്ടിയെ കണ്ടു.
പണിക്കാരി ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലാക്കി ബീവി ജനാലക്കൽ നിന്നുമാറി.
ഗേറ്റിനു പുറത്തു നില്ക്കുന്ന മൊയ്തുട്ടി. ദൂരെനിന്നു് മമ്മദ് നടന്നുവരുന്നതു് അയാൾ അറിയുന്നില്ല.
മമ്മദ് അടുത്തെത്തിയെന്നും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും മനസ്സിലാക്കിയ മൊയ്തുട്ടി മറ്റൊരു വഴിക്കു് നടന്നു.
എഴുത്തുമുറിയിൽ മാധവൻ നായരോടു് അടക്കിപ്പിടിച്ച രീതിയിൽ എന്തോ പറയുന്ന മമ്മദ്. തൊട്ടപ്പുറത്തു് ഒരു വേലക്കാരി കപ്പിയിൽ വെള്ളം വലിച്ചു കയറ്റുന്ന ശബ്ദംകൊണ്ടു് അവർ സംസാരിക്കുന്നതെന്തെന്നു് വ്യക്തമല്ല.
കിണറ്റിൻകരയിൽ വെള്ളം കോരുന്ന ആമിന. അവളുടെ അടുത്തേക്കു് വരുന്ന മമ്മദ്. അവർ തമ്മിൽ സ്വകാര്യം പറയുന്നു. ഉത്കണ്ഠകുലമാകുന്ന മമ്മദിന്റെ മുഖം.
കട്ട്
പകൽ
പാടം—പുറം
ഹാജിയാർ, മമ്മദ്, ഗ്രാമീണർ.
കലങ്ങിയ ചേറിൽ ഇഴയുന്ന ഊർച്ചപ്പലകയുടെ സമീപദൃശ്യം. പലകയെ പിന്തുടർന്നു് ചളിയിൽ നീന്തുന്ന ക്യാമറ.
കാളകളുടെയും മനുഷ്യരുടെയും കാലുകൾ. അവ ചേറിൽ പുതഞ്ഞു പോകുന്നു.
ക്യാമറ മിഴി ഉയർത്തുമ്പോൾ തെളിഞ്ഞ വെയിൽ.
പാടത്തു് ഉയർച്ച നടക്കുകയാണു്. ചുറ്റും കൂടിനില്ക്കുന്ന ഗ്രാമീണർ കണ്ടത്തിലെ ചേറിൽ പായുന്ന കാളകൾ. ആവേശം കൂട്ടുന്ന കാണികൾ കണ്ടത്തിനു ചുറ്റും തിങ്ങിനിറഞ്ഞ ജനാവലി.
ആർപ്പുവിളികൾ.
“കണ്ണപ്പാ… പായെടാ… പായെടാ…”
കാളയുടെ വാലു് പിടിച്ചു കടിക്കുന്ന ചെറുമൻ. കുതിച്ചു പായുന്ന കാളകൾ.
ആൾക്കൂട്ടത്തിനിടയിൽ സൗകര്യമായി പൂട്ടു കണ്ടിരിക്കുന്ന ഹാജിയർ. ഒരു ചെറുപ്പക്കാരൻ അയാൾക്കു കുടപിടിച്ചിട്ടുണ്ടു്. മുഖത്തു് ഉത്സാഹം.
പൂട്ടിന്റെ വിശദാംശങ്ങൾ.
കാണികളുടെ പ്രതികരണം.
ഭിന്നമുഖങ്ങൾ. ഭിന്ന ഭാവങ്ങൾ. ഇടക്കു് ചിലർ ഹരം കയറി കണ്ടത്തിലറങ്ങി പാഞ്ഞുപോവുന്നു. കൂക്കി വിളിക്കുന്ന കുട്ടികൾ. കണ്ടത്തിൽ അല്പമകലെ മരച്ചുവട്ടിൽ ഒറ്റയായും തെറ്റയായും ചെറുമികളും കപ്പിപ്പെണ്ണുങ്ങളും.
ഉത്സാഹപൂർവ്വം പൂട്ടു കാണുന്ന ഹാജിയാരുടെ മുഖം.
കഴിഞ്ഞ സീനിലെ അതേ ഭാവവുമായി പാടത്തേക്കു് വരുന്ന മമ്മദ്. അയാൾ ഹാജിയാരുടെ കുടയുടെ ചുവട്ടിലേക്കു് തല നീട്ടി അയാളോടു് സ്വകാര്യം പറയുന്നു. പശ്ചാത്തലത്തിൽ പൂട്ടിന്റെ ആരവം. മമ്മദ് പറയുന്നതു് വ്യക്തമല്ല.
കേട്ടു നടുങ്ങുന്ന ഹാജിയാർ.
—സഡൻ കട്ട്—
ക്രൂരമായി തല്ലുകൊള്ളുന്ന കാളയുടെ പുറം.
നുകംപോലും കണക്കാക്കാതെ ഓടുന്ന കാള.
ഓടുന്ന കാളയുടെ ക്രുദ്ധമായ ഭാവം ക്ലോസപ്പിൽ.
പശ്ചാത്തലത്തിൽ കാളപൂട്ടിന്റെ ആരവം ഇരമ്പുന്നു.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—അകം
ഹാജിയാർ, ബീവി.
കിടപ്പറ. ജനലിന്നടുത്തു് പുറത്തേക്കു് നോക്കിനില്ക്കുന്ന ബീവി.
മേശപ്പുറത്തു പാൽ നിറഞ്ഞ ഗ്ലാസ്സ്. മുറിയിലേക്കു കടന്നുവരുന്ന ഹാജിയാർ.
ഭർത്താവു കടന്നുവന്നതു് ബീവി അറിഞ്ഞില്ല. അതയാൾ ശ്രദ്ധിച്ചു. ഹാജിയാർ കുപ്പായം അഴിച്ചതോ കിടക്കാൻ ഒരുങ്ങുന്നതോ ഒന്നുമറിയാതെ ദൂരേക്കു നോക്കി നില്ക്കുകയാണു് ബീവി.
ക്രൂരമായി വരുന്ന ഹാജിയാരുടെ മുഖഭാവം.
അയാൾ പതുക്കെ പാലെടുത്തു കുടിക്കുന്നു. അപ്പോഴും കണ്ണു് ബീവിയുടെ മുഖത്താണു്. ഒഴിഞ്ഞ ഗ്ലാസ്സു വളരെ കനത്തിലാണു് വെക്കുന്നതും. ആ ശബ്ദം കേട്ടു ഞെട്ടുന്ന ബീവി. ഹാജിയാരുടെ ഭാവം കണ്ടു അവൾ നടുങ്ങുന്നു.
ഹാജിയാർ ദേഷ്യം കടിച്ചമർത്തുന്നു. അയാൾ കിടന്നു. നിറഞ്ഞു വരുന്ന ബീവിയുടെ കണ്ണുകൾ. ഹാജ്യാരുടെ മുഖത്തു് അപ്പോഴും ദേഷ്യം. അയാൾ തിരിഞ്ഞു കിടന്നു.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—അകം
ഹാജിയാർ, ബീവി.
—മിഡ്വേ ഓപ്പണിംഗ്—
പശ്ചാത്തലം നിശ്ശബ്ദമാണു്.
ചുവരിൽ തറച്ചുപോയ ഹാജിയാരുടെ ദൃഷ്ടികൾ. ബീവിയുടെ തേങ്ങൽ. അവളെ ഫ്രെയിമിൽ കാണാനില്ല. ഹാജിയാർ കിടക്കുകയാണു്.
രംഗം നിശ്ശബ്ദം. നേർത്ത തേങ്ങലിന്റെ അലകൾ മാത്രം.
സ്വയം ആശ്വാസം കൊള്ളുന്ന ഹാജിയാർ.
“ങ്ഹാ… കഴിഞ്ഞതു് കഴിഞ്ഞു്”
വീണ്ടും ബീവിയുടെ തേങ്ങൽ. ആശ്വസിപ്പിക്കാനെന്നോണം ഹാജിയാർ:
“അതു് പോട്ടെ.”
ആ ക്ഷമിക്കൽ പൊറുക്കാവാനാവാതെ തേങ്ങിപോവുന്ന ബീവി. ഇപ്പോൾ മാത്രമേ ക്യാമറ ബീവിയെ കാണിച്ചുതരുന്നുള്ളു. അവൾ കിടക്കയിൽ കൊടും കയ്യു് കുത്തി ഇരിക്കുകയാണു്.
- ബീവി:
- (തേങ്ങലോടെ) “ന്നെ കൊന്നോളീ… കൊന്നോളീ…”
കിടക്കയിൽ നിന്നെഴുന്നേറ്റു ജനലിനു സമീപത്തേക്കു പൊയ്ക്കളയുന്ന ബീവി. ജനലിൽ തലകുത്തിനിന്നു തേങ്ങുന്ന ബീവി.
അവളുടെ തോളിൽ പിടിച്ചു ആശ്വസിപ്പിക്കുന്ന ഹാജിയാരുടെ കൈ. ബീവിയുടെ തേങ്ങൽ.
അവളെ ആശ്വസിപ്പിച്ചു് തഴുകിക്കൊണ്ടു് ഹാജിയാർ.
“അതു പോട്ടെ.”
അവളെ ആലിംഗനം ചെയ്യുന്ന ഹാജിയാർ. താല്പര്യലേശം പോലുമില്ലാതെ എല്ലാറ്റിനും വഴങ്ങുന്ന ബീവി. കുറ്റബോധവും നിസ്സഹായതയും അവളെ ഭരിക്കുന്നു.
കട്ടിലിൽ ഹാജിയാർ അവളെ പുണരുന്ന ദൃശ്യം.
രാത്രി
ഹാജിയാരുടെ വീടു്—അകം
ഹാജിയാർ ബീവി.
തിരശ്ശീലയിൽ നിറച്ചുവീഴുന്ന പ്രകാശവൃത്തം. കണ്ണഞ്ചിപ്പിക്കുന്ന അതിന്റെ രൂക്ഷത.
നായാട്ടിനുപയോഗിക്കുന്ന വലിയ ടോർച്ചിൽ ബാറ്ററിയിട്ടു് കറ തീർക്കുന്ന ഹാജിയാർ. അതിന്റെ പ്രകാശവൃത്തം വീണ്ടും ക്യാമറയുടെ മുഖത്തു് വീഴുന്നു.
ഹാജിയാർ.
“ബീവി… ബീവി…”
വാതിലിന്നടുത്തു് കാലടികൾ
ഹാജിയാർ.
“മൂന്നു് നാലു് മാസായി ശിക്കാറിന്നു് പോയിട്ടു്. ഒന്നു പോയി വരട്ടെ.”
മേശപ്പുറത്തു വെച്ച തോക്കു് കയ്യിലെടുക്കുന്ന ഹാജിയാർ. നായാട്ടു നായയുടെ കുര.
കട്ട്
നായാട്ടുനായയുടെ കുര. അതിന്റെ തിടുക്കമുള്ള ഓട്ടം. തോക്കു്, കത്തി, വടി തുടങ്ങിയ ആയുധങ്ങളുമായി നായാട്ടിനു പോകുന്ന ഹാജിയാരും സംഘവും. അവർ ഇരുട്ടിലേക്കു നടന്നുമറയുന്നു. പിറകിൽ നിന്നാണു് ക്യാമറ ആ ദൃശ്യം പകർത്തുന്നതു്.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—അകം
മൊയ്തുട്ടി, ബീവി.
വീടിന്റെ മുകളിലത്തെ നിലയിൽനിന്നു ഭർത്താവും സംഘവും പോയ വഴിയിലേക്കു നോക്കിനില്ക്കുന്ന ബീവി. അവർ നടന്നുമറഞ്ഞതറിയാതെ ഏതാനും നിമിഷം കൂടി ബീവി അതേ നില്പു് നിന്നു.
ജനാലയിലൂടെ കാണുന്ന റോഡ്.
ആ റോഡിലൂടെ അത്തറുപെട്ടിയും തൂക്കി നടന്നുവരുന്ന മൊയ്തുട്ടി. അവളുടെ ഉള്ളു് ആളി.
മൊയ്തുട്ടി തന്നെ കണ്ടുവെന്നു് അവൾക്കു് മനസ്സിലായി.
അവൾ തിരിഞ്ഞുനോക്കി. മുറിയിൽ ഒഴിഞ്ഞ കട്ടിൽ. അതിനു തൊട്ടു മുകളിൽ ചുവരിൽ വെച്ച നരിത്തല കണ്ടു് അവൾ ഭയന്നു.
അവൾ ഒരിക്കൽകൂടി പുറമേക്കു നോക്കി. ആ ജനൽപാളി അവൾ വലിച്ചടച്ചു.
ചുവരിൽ വെച്ച മാൻ, പോത്തു് തുടങ്ങിയവയുടെ കൊമ്പുകൾ. അവയുടെ സമീപദൃശ്യം. ഒന്നിൽനിന്നു മറ്റൊന്നിലേക്കു സാവകാശം നീങ്ങിപ്പോകുന്ന ക്യാമറ.
അവയ്ക്കു താഴെ ബേജാറോടെ നോക്കിനില്ക്കുന്ന ബീവി.
വാ പൊളിച്ച നരിത്തലയുടെ എക്സ്ട്രീം ക്ലോസപ്പ്.
സഡൻ കട്ട്
ഫ്ളാഷ് ഫോർവേഡ്
നായാട്ടിന്റെ ആരവം.
നായാട്ടു്. അതു ബീവിയുടെ മനസ്സിന്റെ കാടുകളിൽ നടക്കുംപോലെയാണു്. ഒന്നിനും ഒരു ക്രമവും ചിട്ടയുമില്ല. തോക്കു നീട്ടിപ്പിടിച്ച ഹാജിയാരുടെ ചിത്രം തെളിയുന്നു. ഇളകുന്ന കാടു്. ആളുകൾ. ആരവം. ഇളകുന്ന കാടിന്റെ മൊണ്ടാഷ് ഷോട്ടുകൾ. ഹാജിയാരുടെ ക്രുദ്ധഭാവം. പേടിച്ചോടുന്ന മാൻപേടകൾ. ആരവം. നായയുടെ കുര.
ആരവം പെട്ടെന്നു നിലച്ചു.
കിതക്കുന്ന ബീവി.
കട്ട്
പകൽ
നിരത്തു്—പുറം
മൊയ്തുട്ടി, മമ്മദ്, പണിക്കാർ
സ്രാമ്പിക്കടുത്തു് കലുങ്കിൽ ദൂരേക്കു് നോക്കിയിരിക്കുന്ന മൊയ്തുട്ടി. അയാളെ ശ്രദ്ധിച്ചുകൊണ്ടുവരുന്ന മമ്മദും പണിക്കാരും.
അടുത്തെത്തിയ മമ്മദ്.
“എന്താടാ അനക്കീ നാട്ടിലു് ബിസിനസ്സ്?”
മൊയ്തുട്ടി മിണ്ടുന്നില്ല. അയാൾ ഏതോ ആലോചനയുടെ ലോകത്താണു്.
- മമ്മദു്:
- (ഒന്നുകൂടി അടുത്തു് ചെന്നു്) “ആലോചന മമ്മദ് തീർക്കും.”
ഉല്ക്കണ്ഠാകുലമായ നിമിഷം.
- മമ്മദ്:
- “എണീക്കെടാ”
മൊയ്തുട്ടി അനങ്ങുന്നില്ല. മമ്മദ് ക്രുദ്ധനായി.
“എണീക്കാൻ”
മൊയ്തുട്ടി എഴുന്നേല്ക്കുന്നു.
- മമ്മദ്:
- “അന്റെ ആലോചനിം അത്തറും ഒന്നും വടെ വേണ്ട. അത്തറുകാരെയൊക്കെ ഞങ്ങളു് കണ്ട്ക്ക്ണു്. ങ്ഉം. നടക്കു് അന്നെ ഇന്നാട്ട്ലു് കണ്ടു് പോവര്തു്.”
മൊയ്തുട്ടി അനങ്ങുന്നില്ല.
- മമ്മദ്:
- “നടക്കാൻ”
മൊയ്തുട്ടി നടക്കുന്നു.
- മമ്മദ്:
- “ങ്ഹാ. നടന്നോ. തിരിഞ്ഞുനോക്കണ്ട. തിരിഞ്ഞുനോക്കിയാലു് തടിവെടക്കാവും. ങ്ഉം. നടക്കെടാ.”
മൊയ്തുട്ടി നടക്കുന്നു.
കൂടെയുള്ളവർ ചിരിക്കുന്നു.
മൊയ്തുട്ടി നടന്നകന്നു.
- മമ്മദ്:
- (കൂടെയുള്ളവരോടു്) “ഓനെയൊക്കെ എങ്ങനെയാ തല്ല്ആ? തല്ലുകൊള്ളാൻ ജീവ് വേണ്ടേ?”
ദൂരെ, നടന്നു് ഇല്ലാതെയാകുന്ന മൊയ്തുട്ടി.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—പുറം
ഹാജിയാർ, മൊയ്തുട്ടി, മമ്മദ്, ബീവി.
വീടിന്റെ കോലായിൽ സിഗരറ്റും പുകച്ചു് ചാരുകസേരയിൽ ഇരിക്കുന്ന ഹാജിയാർ.
മമ്മദ് ഹാജിയാരുടെ പുറം ഞെക്കുകയാണു്. അപ്പോൾ സൗണ്ട് ട്രാക്കിൽ കേൾക്കുന്ന ഗാനം.
പനിനീരു പെയ്യുന്നു പതി
നാലാം രാവിൽ പനിമതി
പിടയെ വിളിക്കുന്നു പുതി
യൊരിശൽമൂളി പൈങ്കിളി
എന്നുള്ളിലെന്നാലോ
മാരിക്കാർ വന്നു മൂടുന്നൂ
അമ്പേറ്റ പോലെയെൻ
ഖൽബിലെ കിളി കേഴുന്നൂ
ഏതോ സുബർക്കത്തിൽ
സ്വർണ്ണത്താമരമഞ്ചത്തിൽ
ചിരിയുടെ ചീരണി വെച്ചു
നീ സുൽത്താനേകുമ്പോൾ
റൂഹിലെരിയിച്ച ചന്ദന
ത്തിരി ഗന്ധത്തിൽ
ഹൂറീ, ഞാൻ മൗത്തായ
മോഹത്തിൻ ജാറം മൂടുന്നു.
അകതാരിൽ സൂക്ഷിച്ചോരാശ
തൻ അത്തർ തുവിപ്പോയു്
കൽപ്പന തുന്നിയ പട്ടുറു
മാലും പിഞ്ഞിപ്പോയു്
മാണിക്യവും മുത്തും കോർത്തു
തീർത്തൊരീമണിമാല
മാറിലണിയിക്കും മുമ്പേ
വീണു് ചിതറിപ്പോയു്.
അറയിൽ കിടക്കുന്ന ബീവി. കസേരയിൽ ഇരിക്കുന്ന ഹാജിയാർ, തൊട്ടടുത്തു നില്ക്കുന്ന മമ്മദ്—എല്ലാവരും ആ പാട്ടു കേൾക്കുന്നുണ്ടു്.
പുറത്തു കലുങ്കിലിരുന്നു പാടുന്ന മൊയ്തുട്ടി.
ഹാജിയാരുടെ മുഖത്തേക്കു് നോക്കി പുറത്തേക്കു നോക്കുന്ന മമ്മദ്.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—പുറം
ഹാജിയാർ, മമ്മദ്, ബീവി.
പുകഞ്ഞുതീരുന്ന സിഗരറ്റിന്റെ സമീപദൃശ്യം. പുക തിരശ്ശീലയിൽ നിറയുന്നു.
സിഗരറ്റു പുകച്ചുകൊണ്ടു് കോലായിൽ ചാരു കസാലയിൽ കിടക്കുന്ന ഹാജിയാർ. അയാൾ ഏതോ ലോകത്താണു്.
ഇപ്പോൾ ആ പാട്ടു് വഴിക്കെവിടെയോ നിന്നുപോയിരിക്കുന്നു.
കുറച്ചപ്പുറത്തു് റാന്തൽ വെളിച്ചത്തിൽ വല തുന്നിക്കൊണ്ടിരിക്കുന്ന മമ്മദ്.
കട്ട്
രാത്രി
അകത്തു് കിടപ്പറയിലെ മേശപ്പുറത്തു് പാലു നിറഞ്ഞ ഗ്ലാസ്സ്.
സമീപത്തു തലക്കു് കയ്യും കൊടുത്തു കുത്തിയിരിക്കുന്ന ബീവി.
കട്ട്
കോലായിലിരുന്നു് വല തുന്നുന്ന മമ്മദ്. മമ്മദിന്റെ മുഖത്തു് വീഴുന്ന പാട്ടിലെ വരികൾ. അയാൾ തലയുയർത്തി നോക്കുമ്പോൾ അയാളുടെ വീക്ഷണത്തിൽ ഹാജിയാർ. ഹാജിയാർ സിഗരറ്റും പുകച്ചു് കിടക്കുകയാണു്. ഹാജിയാരുടെ മുഖത്തു് വീഴുന്ന പാട്ടിലെ വരികൾ.
കട്ട്
കിടപ്പറയിൽ കണ്ണു മിഴിച്ചുകിടക്കുന്ന ബീവി. അവളുടെ ചിത്രത്തിനു മുകളിൽ വീഴുന്ന പാട്ടു്.
കട്ട്
സ്രാമ്പിക്കു് സമീപമുള്ള കലുങ്കിൽ ഇരുന്നു് പാടുന്ന മൊയ്തുട്ടി.
കട്ട്
ഹാജിയാരുടെ മുഖത്തു് ക്രമേണ വർദ്ധിച്ചുവരുന്ന ക്രോധം. ബീവിയുടെ മുഖത്തു് പരിഭ്രമവും സങ്കടവും. മമ്മദിന്റെ മുഖത്തു് ഉത്ക്കണ്ഠ.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—അകം
ഹാജിയാർ, ബീവി, മമ്മദ്.
പാട്ടു തുടരുന്നു.
ഹാജിയാർ, ബീവി, മമ്മദ് എന്നിവർ അതു കേൾക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ. ഹാജിയാർ കൈകൊണ്ടു് ആംഗ്യം കാണിച്ചു് മമ്മദിനെ അടുത്തു വിളിക്കുന്നു. മമ്മദിന്റെ ചെവിയിൽ എന്തോ മന്ത്രിക്കുന്നു.
പശ്ചാത്തലത്തിൽ പാട്ടു തുടരുന്നു.
കട്ട്
രാത്രി
നിരത്തു്—പുറം
മമ്മദ്.
പാട്ടു് തീർന്നിരിക്കുന്നു.
ഇരുട്ടിലൂടെ നടക്കുന്ന മമ്മദിന്റെ മുഖം. ക്രൂരമായ ഭാവം. ഉത്ക്കണ്ഠാകുലമായ നിമിഷങ്ങൾ. അയാളുടെ നടത്തം പിന്തുടരുന്ന ക്യാമറ.
കട്ട്
രാത്രി
നിരത്തു്—പുറം
മമ്മദ്.
മമ്മദ് നടന്നുവരുന്നതിന്റെ വിദൂരദൃശ്യം. ഉത്ക്കണ്ഠ ജനിപ്പിക്കുന്ന അയാളുടെ ഭാവത്തിന്റെ ക്ലോസപ്പ്. എന്തും ചെയ്യാൻ തയ്യാറായാണു് മമ്മദിന്റെ വരവു്.
അയാൾ നടന്നു് കലുങ്കിനടുത്തെത്തി.
കലുങ്കു് ശൂന്യം.
ചുറ്റുപാടും ശ്രദ്ധിക്കുന്ന മമ്മദ്—ആരുമില്ല.!
ദേഷ്യം ഇരട്ടിക്കുന്ന ഭാവം.
പശ്ചാത്തലത്തിൽ വിദൂരതയിൽനിന്നു് കേൾക്കുന്ന റാത്തീബിന്റെ നേർത്ത ശബ്ദം.
കട്ട്
രാത്രി
ഒരു വീടിന്റെ മുറ്റം—പുറം
മൊയ്തുട്ടി, റാത്തീബുകാർ, ഗ്രാമീണർ.
റാത്തിബു ശ്രദ്ധിക്കുന്ന മൊയ്തുട്ടിയുടെ മുഖം. മൊയ്തുട്ടിയുടെ വീക്ഷണത്തിൽ റാത്തീബുരംഗം. മുറ്റത്തു വട്ടം വളഞ്ഞുനില്ക്കുന്ന റാത്തീബുകാർ.
തലയറഞ്ഞു ചൊല്ലുന്ന റാത്തീബുകാർ.
“ഹാ… ഹൂ… ഹീ… ഹയ്യുൻ…
ഹാ… ഹൂ… ഹീ… ഹയ്യുൻ…
ഹാ… ഹൂ… ഹീ… ഹയ്യുൻ…
ഹാ… ഹൂ… ഹീ… ഹയ്യുൻ…”
ഈ ആവർത്തനശബ്ദം ഈ സീനിലെ ചിത്രങ്ങളുടെ മേലെല്ലാം വീഴുന്നുണ്ടു്.
റത്തീബുകാർക്കു് നടുവിൽ ഉരലിൽ പെട്രോമാക്സ്. ഉരലിന്റെ ഒരു വശത്തു് പുകയുന്ന ചന്ദനത്തിരി.
ക്യാമറ വീണ്ടും റാത്തീബുകാരനിലേക്കു് തിരിയുമ്പോൾ നബ്ബൂസു് (കത്തി) പിടിച്ചുകൊണ്ടു് റാത്തീബു ചൊല്ലുന്ന റാത്തീബുകാരൻ.
ചുറ്റും നോക്കിനില്ക്കുന്ന ഗ്രാമീണർ. അക്കൂട്ടത്തിൽ പല രംഗങ്ങളിലായിക്കണ്ട ഹാജിയാരുടെ പണിക്കാരിൽ മിക്കവരും ഉണ്ടു്.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—അകം
ഹാജിയാർ, ബീവി.
കിടപ്പറ
കട്ടിലിൽ ഉറക്കംവരാതെ കിടക്കുന്ന ബീവി. സമീപത്തു് ഉറങ്ങുന്ന ഹാജിയാർ.
പശ്ചാത്തലത്തിൽ ആ പാട്ടിന്റെ നേർത്ത ഈണം. അതവളുടെ ഓർമ്മ പോലെയാണു്. ബീവി പതുക്കെ എഴുന്നേറ്റു. ജനൽ തുറന്നു: റാത്തീബിന്റെ ശബ്ദം. ദൂരെ മുറ്റത്തിന്റെ അറ്റത്തു് നിലാവിൽ മൊയ്തുട്ടി. പശ്ചാത്തലത്തിൽ റാത്തീബിന്റെ ശബ്ദം സംഭ്രമജനകമായി ഉയരുന്നു.
പേടിച്ചരണ്ട ബീവി ജനൽ അടച്ചു.
കിടക്കപ്പൊറുതിയില്ലാതെ വീണ്ടും എഴുന്നേല്ക്കുന്ന ബീവി.
ഉറങ്ങിക്കിടക്കുന്ന ഭർത്താവിന്റെ മുഖം അവളെ ഭയപ്പെടുത്തുന്നു.
എങ്കിലും ധൈര്യം സംഭരിച്ചു് ഒച്ചയുണ്ടാക്കാതെ അവൾ വാതിൽ തുറന്നു.
വാതിൽ തുറക്കുന്നതോടെ റാത്തീബിന്റെ പേടിപ്പിക്കുന്ന ആരവം.
ബീവിയുടെ മുഖത്തു് പരിഭ്രമം. അവൾ വാതിലടച്ചു് തളർച്ചയോടെ അതിന്മേൽ ചാരിയിരുന്നു. ഒന്നുരണ്ടു് നിമിഷം കഴിഞ്ഞു് എന്തോ തീരുമാനമെടുത്തവളെപ്പോലെ മുഖമുയർത്തി. പരിഭ്രമമില്ലാതെ പതുക്കെ വാതിൽ വീണ്ടും തുറന്നു. റാത്തീബിന്റെ ആരവം വീണ്ടും.
കട്ട്
രാത്രി
ഹാജിയാരുടെ വീടിന്റെ ഇടനാഴിയിലൂടെ നടന്നുവരുന്ന ബീവി. മുഖത്തു് ഉത്ക്കണ്ഠ, കുറ്റബോധം.
കട്ട്
രാത്രി
കിടപ്പറയിൽ ഒറ്റക്കു് ഉറങ്ങിക്കിടക്കുന്ന ഹാജിയാരുടെ വിശദചിത്രം.
കട്ട്
രാത്രി
ഹാജിയാരുടെ വീട്ടുമുറ്റം—പുറം
മൊയ്തുട്ടി, ബീവി.
നിറഞ്ഞ നിലാവു്. മുറ്റത്തു് ഉത്ക്കണ്ഠയോടെ കാത്തുനില്ക്കുന്ന മൊയ്തുട്ടി.
അയാളുടെ മുഖത്തു് പ്രതീക്ഷയും ഉത്ക്കണ്ഠയും മാറി മാറി വരുന്നു. മുറ്റത്തേക്കു് ഇറങ്ങി വരുന്ന ബീവി മൊയ്തുട്ടിയുടെ കാഴ്ചപ്പാടിൽ.
മുഖത്തു് ബേജാറുണ്ടെങ്കിലും എന്തോ ചില തീരുമാനമെടുത്തപോലെ നടന്നടുക്കുന്ന ബീവി. അവളുടെ കണ്ണുകളിൽ മിന്നിത്തെളിയുന്ന ഉത്കണ്ഠ.
പശ്ചാത്തലത്തിൽ സംഭ്രമജനകമായ റാത്തീബിന്റെ ആരവം.
മൊയ്തുട്ടിയെ സമീപിക്കുന്ന ബീവി. അവളോടു് അടുക്കാൻവേണ്ടി മൊയ്തുട്ടി ഒരടി മുന്നോട്ടാഞ്ഞു. ബീവി ഒന്നു പിന്നോക്കം നിന്നു. സ്വപ്നത്തിലെന്നോണം വിളിച്ചുപോവുന്ന മൊയ്തുട്ടി.
“ബീവി”
ആ വിളി ഉള്ളിന്റെയുള്ളിൽ ചെന്നുകൊണ്ടുവെങ്കിലും അവൾ പിടിച്ചു നില്ക്കാൻ ശ്രമിക്കുകയാണു്. കണ്ണുനീരോടെ അവൾ പറഞ്ഞു.
“ഞാൻ… ഞാൻ പണ്ടത്തെ ബീവിയല്ല.”
മൊയ്തുട്ടി:
(പൊള്ളലോടെ)
“ബീവീ”
(ദൃഢതയോടെ)
“ഇന്ക്ക്… മാപ്പള ണ്ടു്. ങ്ങളു് ഞ്ഞി ബടെ വരര്തു്.”
- മൊയ്തുട്ടി:
- “ഞാൻ… ഞാൻ… മറ്റൊന്നിനും വന്നതല്ല… ഒരിക്കൽ നേരിൽക്കണ്ടു്… എന്നെന്നേക്കുമായി യാത്ര പറയാൻ വന്നതാണു്…
ബീവി ഒന്നുകൂടി അടുക്കാൻ ശ്രമിച്ചുപോയി. അവൾ മനസ്സാന്നിദ്ധ്യം വീണ്ടെടുത്തു പറഞ്ഞു.
“പോട്ടെ.”
ഉറന്നുവരുന്ന കണ്ണീരോടെ അവൾ ഒന്നുരണ്ടടി തിരിഞ്ഞുനടന്നു. മൊയ്തുട്ടി അറിയാതെ കൈനീട്ടിപ്പോയി. ചങ്കു പൊടിയുന്ന സ്വരത്തിൽ അയാൾ വിളിച്ചു.
“ബീവീ”
ആ വിളി അവളെ പിടിച്ചുകുലുക്കി. സ്വപ്നത്തിലെന്നോണം അവൾ മൊയ്തുട്ടിയിലേക്കു തിരിച്ചുചെന്നു. നീട്ടിപിടിച്ച ആ കൈകളിൽ വീണവൾ കരഞ്ഞു.
നിലാവിൽ കെട്ടിപ്പിടിച്ചു കരയുന്ന മൊയ്തുട്ടിയും ബീവിയും.
കട്ട്
രാത്രി
ഹാജിയാരുടെ വീടു്—അകം
ഹാജിയാർ.
നായാട്ടുനായയുടെ ഉഗ്രമായ കുര. അതു കേട്ടുണരുന്ന ഹാജിയാർ. നോക്കുമ്പോൾ കിടക്കയിൽ ബീവിയില്ല.
ഹാജിയാരുടെ മുഖത്തു് നടുക്കം.
പശ്ചാത്തലത്തിൽ റാത്തീബ്.
കിടപ്പറയുടെ ജനൽ തുറക്കുന്ന ഹാജിയാരുടെ കൈ. തുറന്ന ജനലിലൂടെ മുറ്റത്തെ പ്രേമരംഗം.
സഡൻ കട്ട് റ്റു
റാത്തീബ്
മുറുകി വരുന്ന റാത്തീബ്. പശ്ചാത്തലത്തിൽ:
“ഹൂ… ഹൂ… യാ… മൻഹൂ…
ഹൂ… ഹൂ… യാ… മൻഹൂ…
കട്ട്
രാത്രി
ഹാജിയാരുടെ വീട്ടുമുറ്റം—പുറം
ബീവി, മൊയ്തുട്ടി.
നിലാവിൽ കെട്ടുപിണയുന്ന ബീവിയും മൊയ്തുട്ടിയും.
കിടപ്പറയുടെ ജനാല തുറന്നതു് മനസ്സിലാകുന്നതോടെ ഭയന്നുവിറച്ചു് ശ്വാസംപോലും നിന്നുപോകുന്ന ബീവി. അവൾ പെട്ടെന്നു മൊയ്തുട്ടിയുടെ കരവലയത്തിൽനിന്നു് മുക്തയായി.
ജനൽപാളിയിലൂടെ അവരുടെ നേർക്കു് തോക്കിന്റെ കുഴൽ നീണ്ടു.
പശ്ചാത്തലം നിശ്ശബ്ദം.
ഉന്നം ശരിയാക്കുന്ന തോക്കിന്റെ കുഴൽ. അതു് ഒന്നുരണ്ടു തവണ ബീവിയെ ഒഴിവാക്കി, മൊയ്തുട്ടിയെയാണു് തോക്കു് ഉന്നം വെക്കുന്നതു്.
മൊയ്തുട്ടിയിൽ നിന്നു് അകന്ന ബീവി വീണ്ടും അയാളിലേക്കു് അടുക്കാൻ തുടങ്ങുകയാണു്.
തോക്കിന്റെ ഉന്നം വീണ്ടും അവളെ ഒഴിവാക്കുന്നു.
അതു മൊയ്തുട്ടിയുടെ നേരെ ഉന്നം ശരിയാക്കലും അതിന്റെ മുന്നിലേക്കു് ബീവി കുതിച്ചെത്തലും ഒന്നിച്ചുകഴിഞ്ഞു.
“ഠേ”
വെടി പൊട്ടി. കാമുകന്റെ കൈകളിലേക്കു് ബീവി മറിഞ്ഞുവീണു.
സഡൻ കട്ട്
വയറ്റിൽ ആഞ്ഞുകുത്തുന്ന റാത്തീബുകാരൻ. റാത്തീബിന്റെ മൂർദ്ധന്യം.
പശ്ചാത്തലത്തിൽ റാത്തീബിന്റെ ആരവം പാരമ്യത്തിൽ.
കട്ട്
പകൽ
പുഴത്തീരം—പുറം
മൊയ്തുട്ടി, ഗ്രാമീണർ.
വിശാലമായ പുഴത്തീരം. മണലിൽ അവശനായി കിടക്കുന്ന മൊയ്തുട്ടി. അയാളുടെ നോട്ടവും ആലോചനയും ഒന്നു ഉറയ്ക്കുന്നില്ല.
ആ കിടന്ന കിടപ്പിൽ മയ്യത്തുകട്ടിൽ താങ്ങി ഒരു ചെറുസംഘം കടന്നുപോവുന്നതു് അബോധാവസ്ഥയിലെന്നോണം അയാൾ അറിയുന്നുണ്ടു്.
കട്ട്
പകൽ
പുഴത്തീരം—പുറം
മൊയ്തുട്ടി.
മൊയ്തുട്ടി വേച്ചു് വേച്ചു് നടന്നുപോവുന്നു. ഇടറുന്ന കാൽവെപ്പുകൾ. ഇരുണ്ടുപോവുന്ന ദൃശ്യങ്ങൾ. പാരവശ്യത്തോടെ അയാൾ നടന്നു.
കട്ട്
പകൽ
മൊയ്തുട്ടി, ഗ്രാമീണർ.
മയ്യത്തു് മറവു ചെയ്തു് തിരിച്ചുവരുന്ന ആളുകൾ.
പള്ളിപ്പറമ്പു്.
ഖബർസ്ഥാനിലെ കള്ളിച്ചെടികൾക്കിടയിലൂടെ ദൃശ്യമാകുന്ന മൊയ്തുട്ടിയുടെ രൂപം.
ആ പുതിയ ഖബറിന്റെ തലക്കൽ ഹൃദയം പൊട്ടി അയാളിരുന്നു.
ആ ദുഃഖഭൂമിയിൽ, ആ കാമുകനു് വേരു പിടിച്ചു.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.