“ഇത്തവണ പെരുന്നാളു് കേമമായി ഇല്ലേ?”
“എന്തേ വിശേഷിച്ചു് ചോദിക്കാൻ?”
“അല്ല, ആഘോഷങ്ങളുടെ കൂട്ടത്തിൽ പുതിയൊരു ഇനംകൂടി പത്രങ്ങളിൽ കണ്ടു”
“എന്താണതു്?”
“അടിപിടി. മാസപ്പിറവി കണ്ടതു് സംബന്ധിച്ചു്”
“ങ്ആ… അതു നമ്മുടെ പഴയ രീതിയല്ലേ?”
“എന്നുവെച്ചാൽ… ?”
“മലയാളികൾ എല്ലാ പ്രശ്നവും അങ്ങനെയല്ലേ തീർക്കാറ്?”
“എങ്ങനെ?”
“തല്ലിത്തീർക്കും. നമ്മുടെ ഭാഷയിൽ ‘തല്ലിത്തീർക്കുക’ എന്നൊരു ശൈലി തന്നെയില്ലേ?”
“തല്ലിയാൽ തീരുമോ?”
“തീരും. ഒന്നുകിൽ പ്രശ്നം തീരും. ഇല്ലെങ്കിൽ ആളു തീരും. രണ്ടായാലും തീർന്നാൽ പോരേ?”
“അതു ശരിയാ. തീരുക എന്നതും നമ്മുടെ ഒരു ശൈലി തന്നെയാ. മരിക്കുക എന്നതിനു തീരുക എന്നു പറയും.”
“ശൈലി മാത്രം നോക്കേണ്ട. നമ്മുടെ ചരിത്രവും നാടൻ പാട്ടും ഒക്കെ അങ്ങനെയല്ലേ?”
“തിരിഞ്ഞില്ല.”
“നമ്മുടെ രാജാക്കന്മാർ എല്ലാ പ്രശ്നവും തീർത്തിരുന്നതു് ഇങ്ങനെയാ. പിന്നെ, വടക്കൻപാട്ടിലെ കഥകൾ ഓർമ്മയില്ലേ? പ്രഭുക്കളുടെ മൂപ്പിളമത്തർക്കം തീരുമാനിക്കാൻ അവർ കൂലിക്കെടുക്കുന്ന ചേകോന്മാർ അങ്കം വെട്ടും. ഒരാൾ ജയിക്കും. മറ്റേയാൾ മരിക്കും. ജയിച്ച ചേകോനെ കൂലിക്കെടുത്ത പ്രഭുവിനു് മൂപ്പു്.”
“എന്നാലും പെരുന്നാളിനു് തല്ലുന്നതു് ഒരു വകയല്ലേ? അതൊരു ആണ്ടറുതിയല്ലേ? ആഘോഷമല്ലേ?”
“ശ്ശൊ… നിങ്ങൾ മലയാളിപാരമ്പര്യത്തെപ്പറ്റി പിന്നെയും മറന്നുപോകുന്നു. ഓണത്തല്ലു് എന്നു കേട്ടിട്ടില്ല?”
“ഇല്ല”
“ഇപ്പോൾ നിങ്ങൾക്ക് ഒരു തല്ലു് തരേണ്ടതാ. ഇതൊക്കെ കേൾക്കാത്തവരുണ്ടോ?”
“തെറ്റു സമ്മതിച്ചു എന്താണു് ഓണത്തല്ലു്?”
“അതൊരു പഴയ നാടൻകലയാണു് ഓണക്കാലത്തെ ഒരു വിനോദം. തല്ലു പഠിച്ചിട്ടുള്ളവർ രണ്ടു ചേരിയായി നിന്നു് വാശിയോടെ നടത്തുന്ന വിനോദയുദ്ധം.”
“വിനോദയുദ്ധം?”
“എന്താ എല്ലാ യുദ്ധവും വിനോദമല്ലേ?”
“ഒരു നിലയ്ക്കു നോക്കിയാൽ ശരിയാ. അപ്പോൾ ഓണത്തല്ലു് പോലെ ഒരു പുതിയ നാടൻകലയാണോ പെരുന്നാൾത്തല്ലു്?”
“എനിക്കു് കൃത്യമായി അറിഞ്ഞുകൂടാ. പഴയ നാടൻകലകൾ പുനരുദ്ധരിക്കുന്ന പണിയാണിപ്പോൾ. കൂട്ടത്തിൽ പുതിയ കലകൾ ഉണ്ടായിവരാം. അല്ലെങ്കിൽ അങ്കക്കലി മുഴുത്ത ചേകോന്മാർ സ്വന്തം പ്രഭുക്കളുടെ മൂപ്പിളമ തീരുമാനിക്കാൻ അങ്കം വെട്ടുകയാവാം. ‘ചരിത്രം ആവർത്തിക്കുന്നു’ എന്നു കേട്ടിട്ടില്ലേ?”
“എന്നാലും ഇങ്ങനെയൊരു ചരിത്രം കേട്ടിട്ടില്ല”
“ഓ. എങ്കിൽ ഇതു് ചരിത്രം സൃഷ്ടിക്കുകയാവാം.”
“എങ്കിൽ അടുത്ത തവണ മാസപ്പിറവി പ്രശ്നം തീരുമാനിക്കാൻ രണ്ടു ചേകോന്മാരെ ഏർപ്പാടാക്കിയാലോ?”
“അപ്പോൾ പെരുന്നാൾത്തല്ലു് കാണാൻ പറ്റുമോ? ആരോ വരുന്നുണ്ടു്. ഈ ബഡായി നീട്ടികൊണ്ടുപോകണ്ട. തല്ലു് പാർസല് വരും, തല്ലിന്റെ പെരുന്നാളു് വേറെ വരും വിട്ടോ… തടി സലാമത്താക്കാൻ നോക്കു്.”
മാധ്യമം: 14 ഫെബ്രുവരി 1997.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.