പ്രധാനമന്ത്രി ചന്ദ്രശേഖറി ന്റെ ജന്മഗ്രാമമായ ‘ഇബ്രാഹിംപട്ടി’യുടെ പേരു് കേട്ടപ്പോൾ തമാശ തോന്നി. അങ്ങനെയും ഒരു പട്ടിയോ? തമിഴ്‌നാട്ടിൽ പോലീസ്നായ എന്നു് പ്രയോഗിക്കാൻ പാടില്ല. അതു് പോലീസിനെ നിന്ദിക്കലാണത്രെ. അതുകൊണ്ടു് തമിഴ്‌നാട്ടിലെ പ്രയോഗം പോലീസിന്റെ നായ എന്നാണു്. ഇക്കൂട്ടത്തിൽ പണ്ടു് മുസ്ലിം വർഗ്ഗീയവാദികൾ അബുൽക്കലാം ആസാദി നെ ‘ഗാന്ധിയുടെ പട്ടി’ എന്നു വിളിക്കാറുണ്ടായിരുന്നതും ഓർത്തുപോയി.
ചന്ദ്രശേഖർ പ്രധാനമന്ത്രിയായതോടെ ഇബ്രാഹിംപട്ടി എന്നു് സ്ഥലപ്പേരു് വാർത്തകളിൽ തുടരെത്തുടരെ പ്രത്യക്ഷപ്പെടുകയായി. അപ്പോൾ എനിക്കൊരു ബേജാറ് തോന്നിയിരുന്നു. ഇനി ഈ സ്ഥലപ്പേരു് സ്വന്തം പ്രവാചകന്റെ പൂർവ്വികനായ ഇബ്രാഹിംനബിയെ അപമാനിക്കുന്നു എന്നും പറഞ്ഞു് മുസ്ലിം പക്ഷപാതികൾ ലഹളയ്ക്കൊരുങ്ങുമോ?
ഇപ്പോൾ കേൾക്കുന്നു സ്ഥലപ്പേരു് ബരാഹംപെട്ട് എന്നാണത്രേ. നാട്ടുകാർ ഭോജ്പൂരി കലർന്ന ഹിന്ദിയിൽ വിളിച്ചപ്പോൾ അതു് ഇബ്രഹിംപട്ടി ആയതാണുപോൽ. കൂട്ടത്തിൽ നാട്ടുകാരുടെ ഒരു ഗവേഷണവും—ഈ ബരാഹം സാക്ഷാൽ വരാഹാവതാരവുമായി ബന്ധപ്പെട്ടതാണു്. വരാഹം അവതരിച്ചതു് ഉത്തർപ്രദേശിലെ ഈ ഗ്രാമത്തിലെവിടെയോ ആയിരുന്നുവെന്നു നാട്ടുകാർക്കു് പക്ഷമുണ്ടത്രേ.
അതായതു് വരാഹജന്മഭൂമി പിടികിട്ടിയിരിക്കുന്നു!
ഇതങ്ങനെ വിട്ടുകൊടുക്കാൻ നമുക്കു് കേരളീയർക്കു പറ്റില്ല. തിരുവനന്തപുരം നഗരത്തിൽ തന്നെ നമുക്കു് ശ്രീവരാഹം ഉണ്ടു്. വരാഹം പന്നിയാണല്ലോ പന്നിയൂരു്, പന്നിക്കോട് തുടങ്ങി കേരളത്തിലെ എത്രയോ സ്ഥലനാമങ്ങളിൽ വരാഹാവതാരത്തിന്റെ മുദ്ര തെളിഞ്ഞുകിടപ്പുണ്ടു്. അതൊക്കെ വടക്കേ ഇന്ത്യക്കാർ അവഗണിച്ചേക്കും—‘തിളയ്ക്കണം ചോര നമുക്കു് ഞരമ്പുകളിൽ.’
ഭഗവാന്റെ മറ്റു ചില അവതാരങ്ങളുടെ കാര്യത്തിലും നമുക്കു് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കാവുന്നതാണു്: മീൻചന്ത, ആമയൂരു് തുടങ്ങിയ ദേശനാമങ്ങളിൽ മത്സ്യാവതാരവും കൂർമ്മാവതാരവും സൂചിതമായിക്കിടക്കുന്നില്ലേ? ബാലരാമപുരം എന്നു് തിരുവനന്തപുരത്തിനടുത്തു് സ്ഥലമില്ലേ? എന്തിനു്, ഈ കേരളഭൂമിയുടെ അപരനാമം തന്നെ പരശുരാമക്ഷേത്രം എന്നല്ലയോ.
ഓ, ഈ പേരിലൊക്കെ എന്തിരിക്കുന്നു എന്ന് ചിലർക്കു് തോന്നിയേക്കാം. ആ തോന്നൽ അത്ര ശരിയല്ല എന്നാണു് ചരിത്രം. പണ്ടു് ജനം സിന്നാ എന്നു് പേരുള്ള ഒരു സെനറ്ററെയും തിരഞ്ഞുപോയി. ഒരു സിന്നാ അവരുടെ കൈയിൽപെട്ടു. അദ്ദേഹം ഒരു പാവം കവിയായിരുന്നു. സെനറ്റായിരുന്നില്ല. ജനം വിടുമോ? വിടാൻ പാടുണ്ടോ അവർ വിധിച്ചു. “എങ്കിൽ ആ പേരിന്റെ പേരിൽ അവനെ വധിക്കുക.” ഇതാണു് സ്ഥിതി. ഇതൊക്കെ പഴയ കഥകളാണു് എന്നു് വിചാരിക്കേണ്ട. കുറച്ചു് മുമ്പു് ബാംഗ്ലൂരിലെ ഡെക്കാൻ ഹെറാൾഡ് എന്നു പേരായ ഇംഗ്ലീഷ് പത്രം “മൂഢനായ മുഹമ്മദ്” (മുഹമ്മദ് ദി ഇഡിയറ്റ്) എന്ന തലക്കെട്ടിൽ ഒരു ചെറുകഥ പ്രസിദ്ധീകരിച്ചപ്പോൾ നിരവധി പേർക്കു് ജീവഹാനി വരുത്തികൊണ്ടു് വർഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടതു് ഓർമ്മയില്ലേ? പ്രവാചകന്റെ പേരായിരുന്നു പ്രശ്നം. ആ കഥയിലെ വ്യഭിചാരിണിയുടെ പേരു് ‘സീത’ എന്നായിരുന്നു. അതാരും ശ്രദ്ധച്ചില്ല. ഇനി ശ്രദ്ധിച്ചിരുന്നെങ്കിൽ മറുപക്ഷം നേരത്തെ വാളെടുക്കുമായിരുന്നോ?
ഏതായാലും പേരാണു് കാര്യം. നമ്മുടെ നാട്ടിൽ നടക്കുന്ന വർഗ്ഗീയ ലഹളകളിൽ ആളുകൾ കൊലയേൽക്കുന്നതും പരിക്കുളേറ്റു വാങ്ങുന്നതും അവരുടെ പെരുമാറ്റത്തിന്റെയോ ഏതെങ്കിലും പ്രവർത്തനത്തിന്റോയോ പേരിലല്ല, മറിച്ചു് സ്വന്തം പേരിന്റെ പേരിലാകുന്നു.
അപ്പോൾ രമേശൻ മുജീബിനെ കൊല്ലുന്നതു് അയാൾ ഭീകരപ്രവർത്തകനാണോ, വർഗ്ഗീയവാദിയാണോ, രാഷ്ട്രീയക്കാരനാണോ, വിശ്വാസിയാണോ എന്നൊന്നും നോക്കിയല്ല. ആ പേരുകാരനാണു് എന്ന ഒറ്റക്കാര്യംകൊണ്ടാണു്. ഇതേ മട്ടിൽ തന്നെയാണു് മുജീബ് രമേശനെ കൊല്ലുന്നതും.
വർഗ്ഗീയലഹളകളുടെ ലക്ഷ്യം അന്യവിഭാഗത്തിന്റെ എണ്ണം കുറയ്ക്കുക എന്നതാണു്. ആ എണ്ണം തീരുമാനിക്കുന്നതു് പേരു് എണ്ണിയിട്ടുമാണു്.
നമ്മുടെ ഇപ്പോഴത്തെ മിക്ക പോരിന്റെയും അടിവേരു് പേരാകുന്നു. ചില പേരുകാരെ നശിപ്പിക്കാൻ, ചില പേരുകൾ മാറ്റാൻ, ചിലർക്ക് പേരു് കിട്ടാൻ…
അയോദ്ധ്യയിൽ തന്നെ വിഷയം ഒരു പേരല്ലയോ?
അതുകൊണ്ടു് നമ്മുടെ സ്ഥലനാമഗവേഷണം ഒന്നുകൂടി ഉഷാറാക്കേണ്ട കാലം ഇതാ സമാഗതമായിരിക്കുന്നു. പ്രധാനമന്ത്രിയുടെ ജന്മഗ്രാമമായ ‘ഇബ്രാഹിംപട്ടി’യിൽ നിന്നു് അതാരാംഭിക്കാം. അതൊരു നല്ല തുടക്കമായിരിക്കും. ദേശചരിത്രത്തേക്കാളധികം നമ്മുടെ ആവശ്യങ്ങൾക്കു ഉപയോഗിക്കാൻ പറ്റിയ സാധനം ദേശനാമചരിത്രം ആണെന്ന വസ്തുത കണ്ടെത്തുവാൻ ഇനി വൈകിക്കൂടാ.
എന്തിന്റെ പേരിലായാലും നമുക്കു തമ്മിൽത്തല്ലിയാൽ മതിയല്ലോ. ആ പേരു് മറ്റുവല്ലവർക്കും കൊടുത്തു എന്നൊരു പേരുദോഷം കേൾപ്പിക്കാതിരുന്നാൽ മതിയല്ലോ.
കേരളകൗമുദി: 22 നവംബർ 1990.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.