കേട്ടാൽ തമാശ തോന്നും—‘ബഷീറിന്റെ മരം’ എന്നാണു് ഇപ്പോൾ മങ്കോസ്റ്റിൻ കേരളത്തിൽ അറിയപ്പെടുന്നതു്. അതു് കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നതല്ല. ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു് കേരളത്തിൽ എത്തിപ്പെട്ടതാണു്. കോഴിക്കോട് നഗരത്തിനു സമീപം ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ താമസമാക്കിയപ്പോൾ മുറ്റത്തു് വേലിയുടെ അരികിൽ ബഷീർ ഒരു മാങ്കോസ്റ്റിൻ നട്ടുവളർത്തി. അതിന്റെ കുളുപ്പിൻ ചാരുകസാലയിൽ ചാഞ്ഞു കിടന്നാണു് മൂപ്പരു് പാട്ടു് കേൾക്കുന്നതും പുസ്തകം വായിക്കുന്നതും പത്രം നോക്കുന്നതും അതിഥികളോടു് വർത്തമാനം പറയുന്നതുമെല്ലാം. പത്രക്കാരും ആരാധകരും സുഹൃത്തുക്കളുമടങ്ങുന്ന ഒരു സദസ്സു് മിക്ക സമയത്തും ആ തണുപ്പിൽ രൂപം കൊള്ളും. വർത്തമാനങ്ങളിലും കത്തുകളിലുമെല്ലാം അത്യാവശ്യത്തിനും ആവശ്യത്തിനും അനാവശ്യത്തിനും അദ്ദേഹം മെലിഞ്ഞുയർന്ന ആ മരത്തെപ്പറ്റിയും അതിന്റെ കാരുണ്യത്തെപ്പറ്റിയും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ‘മരച്ചുവട്ടിലെ സിദ്ധൻ’ എന്നു് ബഷീർ സ്വയം പരിഹസിച്ചിരുന്നു. അവസാനകാലത്തു് ‘മാതൃഭൂമി ആഴ്ചപതിപ്പി’ൽ എഴുതിയ പംക്തിക്കു് ‘മരച്ചുവട്ടിൽ’ എന്നായിരുന്നു തലക്കെട്ടു്. മരിച്ചാൽ തന്റെ ദേഹം അതിന്റെ ചുവട്ടിൽ ഖബറടക്കണം എന്നും പറഞ്ഞേൽപിച്ചിരുന്നു. സാഹചര്യവശാൽ അതു് നടന്നില്ല. ബേപ്പൂരിലെ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിലാണു് അടക്കിയതു്.
ഏറ്റവും അടുത്ത കൂട്ടുകാരനെപ്പറ്റി പറയുന്നതുപോലെയാണു് ബഷീർ ആ മരത്തെപ്പറ്റി പറഞ്ഞിരുന്നതു്. ആ പരാമർശങ്ങളിലൂടെ മാങ്കോസ്റ്റിൻ മലയാളത്തിൽ പ്രശസ്തമായി. ഇന്നു് മലയാളികളുടെ ബോധത്തിൽ ബഷീറിന്റെ പ്രതിരൂപം മാങ്കോസ്റ്റിൻമരമാണു്.
ഈ പ്രകൃതിസ്നേഹം ബഷീറിന്റെ വ്യക്തിജീവിതത്തിലും സാഹിത്യരചനകളിലും തുടക്കം മുതലേ കണ്ടുവരുന്നതാണു്. ഈ മനോഭാവം ഉമ്മയിൽ നിന്നു് പകർന്നു കിട്ടിയതാവാം. ആത്മകഥയിൽ 22-ാം അധ്യായത്തിൽ രേഖപ്പെട്ടു കിടക്കുന്ന ഒരു സംഭവം:
ബഷീർ അന്നു് കുട്ടിയാണു്. മഴക്കാലം. വെള്ളപ്പൊക്കം കയറിയ വീട്ടിന്റെ തൂണിൽ കണ്ട കരിന്തേളിനെ അടിച്ചു കൊല്ലാൻ ബാപ്പ പറഞ്ഞു. ഉമ്മ സമ്മതിച്ചില്ല. അല്ലാഹുവിന്റെ സൃഷ്ടി! അതു് അഭയം തേടി വന്നിരിക്കയാണു്. അങ്ങനെ വിട്ടുകളഞ്ഞ കരിന്തേൾ, പിന്നെ നോക്കുമ്പോൾ ഉമ്മയുടെ തുണിയിലൂടെ കയറി തുടയിലെത്തി അള്ളിപ്പിടിച്ചിരിപ്പാണു്. ബാപ്പ വീണ്ടും അതിനെ കൊല്ലാൻ കൽപിച്ചു. എന്നിട്ടും ഉമ്മ കൂട്ടാക്കിയില്ല. ‘അതു് കുത്താതിരുന്നതു് കണ്ടില്ലേ’ എന്നു് ന്യായം ചോദിക്കുകയും ചെയ്തു. ഒരു പൊട്ടിയ മൺചട്ടിയിൽ കരുതലോടെ എടുത്തു വെച്ചു് ഉമ്മ അതിനെ ജലപ്രവാഹത്തിലേക്കു് ഒഴുക്കി വിട്ടു.
പ്രകൃതിയുടെ മനോഹാരിതയും ഗാംഭീര്യവും അപാരതയും എന്നും ബഷീറിനെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിരുന്നു. മരുഭൂമിയുടെ അപാരതയും നിലാവിന്റെ ആകർഷണീയതയും അദ്ദേഹത്തെ പ്രകമ്പനം കൊള്ളിക്കുന്നു. മതിലുകൾ എന്ന നോവലിൽ കാണുന്ന അനുഭവം:
‘ഒന്നുമനസ്സിലായി. ഞാൻ ഇതുവരെ ഇരുട്ടു കണ്ടിട്ടില്ല…! ഒന്നും കാണാൻ കഴിയാത്ത അത്ഭുതകരമായ ആദിമമായ കൂരിരുളുകളേ! അന്തമില്ലാത്ത ആകാശവിശാലതയിൽ മിന്നി, മിന്നിത്തിളങ്ങുന്ന നക്ഷത്രകോടികളേ! ചന്ദ്രികാചാർച്ചിതമായ മോഹന, മോഹന രാവേ!’
‘നിങ്ങളെ… നിങ്ങളെ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ…?’
‘ഇതു് ശരിയല്ല! കണ്ടിട്ടുണ്ടു്. എല്ലാം ഞാൻ കണ്ടിട്ടുണ്ടു്. വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെന്നുമാത്രം. രാത്രിയുടെയും മറ്റും സൗന്ദര്യം ആരു് വകവെക്കുന്നു! ആരു് ശ്രദ്ധിക്കുന്നു?’
‘യാമിനീ!’
‘ഓർത്തപ്പോൾ പണ്ടത്തെ ഒരു സുന്ദരരാത്രി ഓർമ്മ വന്നു. ഒരു ചെറു ഗ്രാമം. പിന്നെയങ്ങോട്ടു് ആയിരമായിരം മൈൽ വെറും പൊടിമണൽ നിറഞ്ഞ മരുഭൂമി. ചക്രവാളം, മഹാചക്രവാളം നിറയെ ഇതുപോലുള്ള ഒരു സന്ധ്യ. ഞാൻ ആ മരുഭൂമിയിലേക്കിറങ്ങി. ഏതാണ്ടു് ഒരു മൈൽ നടന്നു കാണും… ചുറ്റും വെൺപട്ടു വിരിച്ചതുപോലെ… മണൽപരപ്പു മാത്രം. ഞാൻ ആ മഹാപ്രപഞ്ചത്തിന്റെ ഒത്തനടുക്കു് തനിച്ചു്… തനിച്ചു് തലക്കുമീതെ കയ്യെത്തിച്ചു തൊടാവുന്ന ഉയരത്തിൽ തെളിവേറിയ പൂർണചന്ദ്രൻ.’
‘കഴുകി വെടിപ്പാക്കിയ നീലാകാശം.’
‘പൂർണചന്ദ്രനും നക്ഷത്രങ്ങളും.’
‘വളരെ മുഴുപ്പോടെ തിളങ്ങുന്ന നക്ഷത്രങ്ങൾ. കോടി… അനന്തകോടി… എണ്ണമില്ലാത്ത നക്ഷത്രങ്ങൾ.’
‘പൂർണ വൃത്തത്തിൽ ചന്ദ്രൻ.’
‘നിശ്ശബ്ദപ്രപഞ്ചം… എന്നാൽ… എന്തോ… ഏതോ… ദിവ്യമായ നിശ്ശബ്ദസംഗീതം പോലെ… നാദബ്രഹ്മത്തിന്റെ അനന്തമായ വിഭ്രമം… എല്ലാം അതിൽ മുഴകിപ്പോയിരിക്കുന്നു. ആനന്ദാത്ഭുതത്തോടെ ഞാൻ നിന്നു. എന്റെ അത്ഭുതവും ആനന്ദവും കണ്ണുനീരായി മാറി. ഞാൻ കരഞ്ഞു. ആവതില്ലാതെ ഞാൻ കരഞ്ഞുകൊണ്ടു് മനുഷ്യരുടെ ഇടയിലേക്കു് ഓടി.’
‘ലോകാലോകങ്ങളുടെ സ്രഷ്ടാവേ…! എന്നെ രക്ഷിക്കു്. എനിക്കിതെന്നിൽ ഉൾക്കൊള്ളാൻ തീരെ കഴിയുന്നില്ല. നിന്റെ ഈ മഹാപ്രഭാവം… ഈ മഹാത്ഭുതം… ഞാൻ വളരെച്ചെറിയ ഒരു ജീവിയാണല്ലോ. എനിക്കു വയ്യ. എന്നെ രക്ഷിക്കു്!!’
‘അനർഘനിമിഷ’ത്തിലെ ഗദ്യകവിതകളിൽ പ്രകൃതിയുടെ മനോഹാരിത ദാർശനികഗരിമയിലും കാൽപനികമാധുരിയിലും ബഷീർ ചിത്രപ്പെടുത്തിയിട്ടുണ്ടു്:
‘അന്തിമനിശ്വാസമായി പരക്കുന്ന സുരഭിലമായ കുളിർനിലാവിൽ മുങ്ങിയ പൂങ്കാവനം പണ്ടത്തെ മാതിരി വീണ്ടും രൂപരഹിതമായ കിനാവിൽ മുഴുകുകയായി.’
‘ഞാൻ മാത്രം ഏകാന്തതയുടെ ഈ മഹാതീരത്തു്’
‘ഞാൻ മാത്രം’ (ഏകാന്തതയുടെ മഹാതീരം)
ഇതാണു് ബഷീറിന്റെ സ്ഥായിഭാവം—പ്രപഞ്ചത്തിന്റെ അപാരതയും തന്റെ ഏകാന്തതയും. താൻ അണ്ഡകടാഹത്തിന്റെ നിസ്സാരമായൊരംശം മാത്രമാണെന്നു് അദ്ദേഹം കണ്ടു; ആ തന്മയിൽ പ്രപഞ്ചത്തിന്റെ എല്ലാ അംശങ്ങളും ഉണ്ടെന്നും. മരങ്ങളും മലകളും പറവകളും ഇഴജാതികളും ജന്തുക്കളും മനുഷ്യരും തുല്യപ്രാമാണ്യത്തോടെ അദ്ദേഹത്തിന്റെ പ്രപഞ്ചത്തിൽ പുലരുന്നു; ആനയും ആടും പട്ടിയും എല്ലാം മനുഷ്യരെപ്പോലെ കഥാപാത്രങ്ങളായിത്തീരുന്നു. ഒരു കഥയിൽ തന്നെക്കടിച്ച കൊതുകിനെ കൊല്ലാതെ വിട്ടതെന്തുകൊണ്ടു് എന്നു് ഭാര്യയോടു് അദ്ദേഹം വിശദീകരിക്കുന്നുണ്ടു്: ‘മരണം കാത്തു കഴിയുന്ന മനുഷ്യനല്ലേ? അൽപം രക്തദാനം ആയിക്കളയാം എന്നു വിചാരിച്ചു. പിന്നെ എന്റെ ചോരകുടിച്ചോളാൻ ദൈവം തമ്പുരാൻ കൽപിച്ചിട്ടുമുണ്ടല്ലോ!’ (കൊതുകിനെ കൊല്ലാമോ?—യാ ഇലാഹീ!)
ഈ മനോഭാവത്തോടെയാണു് ബഷീറിന്റെ മിക്ക കഥാപാത്രങ്ങളും പെരുമാറുന്നതു്. ‘ന്റുപ്പുപ്പാ’യിലെ കുഞ്ഞുപാത്തുമ്മയുടെ ഈ അനുഭവം നോക്കൂ:
‘സാവധാനത്തിൽ വെള്ളത്തിൽ ഇറങ്ങി. മുലനീരായപ്പോൾ അവൾ മുങ്ങി. തുടർന്നു രണ്ടുമൂന്നു് മുങ്ങിയിട്ടു് ദേഹമെല്ലാം തേക്കാൻ തുടങ്ങി. യാദൃച്ഛികമായി വെള്ളത്തിൽ നോക്കിയപ്പോൾ ചുരുങ്ങിയും നീണ്ടും വണ്ണം കുറഞ്ഞ ഒരു കറുത്ത സാധനം അവളുടെ സമീപത്തേക്കു് ധൃതിയായി വരുന്നു!’
‘പടശ്ശോനെ, കന്നട്ട!’
‘കുഞ്ഞുപാത്തുമ്മ വേഗത്തിൽ കരക്കുകയറി തോർത്തി. തുടയിലെന്തോ കറുത്തതു്… നോക്കിയപ്പോൾ അവൾ ആകെ കുഴങ്ങി. അറച്ചുവിറച്ചുപോയി. ഒരട്ട അവളുടെ തുടയിൽ കടിച്ചിരിക്കുന്നു! രണ്ടു തലകൊണ്ടും!’
“ഉമ്മായേ! ബാപ്പായേ! ഓടിവായോ! എന്ന കടിച്ചു് കൊല്ലണേ! ഓടിവായോ! എല്ലാരും ഓടിവായോ!’ എന്നു മുറവിളി കൂട്ടണമെന്നു് കുഞ്ഞുപാത്തുമ്മായ്ക്കു തോന്നി. പക്ഷേ, അവൾ കുപ്പായം ഇട്ടിട്ടില്ല! മുണ്ടും ഉടുത്തിട്ടില്ല! എന്തുചെയ്യും?’
‘അവൾ പുകഞ്ഞു വെന്തു് അറച്ചുവെറച്ചു് അങ്ങനെ നിന്നു. അട്ട വീർത്തുവരികയാണു്. അതു് ഒരറ്റം വിട്ടു് തടിയനായി തൂങ്ങിക്കിടന്നപ്പോൾ വിഷമം അധികരിച്ചു. അനങ്ങുമ്പോൾ അതു് നഗ്നമായ തുടയിൽ മിനുസമായി ഉരസും. ഹോ… അവൾ പല്ലും കടിച്ചു് അങ്ങനെ നിന്നു. അട്ട ഒരു ഉണ്ടയായി താഴെ വീണപ്പോൾ അവൾ നിന്നു തുള്ളിപ്പോയി!’
‘തുടയിൽ ചോര പറ്റിയിരിക്കുന്നു. കിനിയുന്നുമുണ്ടു്. അവൾ ഒരു കൈ വെള്ളം കോരി തുടയിലെ ചോര കഴുകിക്കളഞ്ഞു.’
‘കന്നട്ടയെ എന്താ ചെയ്യുക?’
‘അവൾക്കു് ദേഷ്യവും അറപ്പുമുണ്ടു്. അതിനെ ഒരുപാടു് ചീത്തപറയണമെന്നുണ്ടു്. എന്തു് ചീത്തയാണു് പറയുക?’
“ഇബ്ലീസേ, ന്റെ ചോര നീ മുയുമനും കുടിച്ച്’ എന്നു പറഞ്ഞിട്ടു് അവൾ അതിനെ കൊല്ലാൻ വിചാരിച്ചു. പക്ഷേ, സാധ്യമല്ല. അട്ടക്കു് ഉമ്മായും ബാപ്പായും കാണും. അല്ലാഹു സൃഷ്ടിച്ചതാണു്. കുഞ്ഞുപാത്തുമ്മയേയും സൃഷ്ടിച്ചതു് അല്ലാഹുവാണു്. അപ്പോഴോ? കൊല്ലാൻ പാടില്ല. പാവമാണു്. ദോഷം.’
‘എന്തായാലും പൊയ്ക്കോട്ടെ. അതിന്റെ വീട്ടിലേക്കു് വിട്ടേക്കാം. രക്ഷപ്പെടട്ടേ. പോ.’
‘അട്ടേ, നീ ഞ്ഞി ആരേം കടിച്ചു് ചോര കുടിച്ചരുതു്, കേട്ടോ? ചോര കുടിച്ചാലേ നീ മരിച്ചു് ചെല്ലുമ്പ പടച്ചോൻ നിന്നെ നരകത്തീടും, കേട്ടോ!’ എന്നും പറഞ്ഞു് അവൾ ആ സൽപ്രവൃത്തിക്കു് മുതിർന്നു. അവൾ ഒരു കമ്പെടുത്തു് അതിനെ നോവിക്കാതെ പതുക്കെ തോണ്ടി വെള്ളത്തിലിട്ടു. (നാലാം അധ്യായം)
മൃഗങ്ങളോടും പറവകളോടും മരങ്ങളോടും എല്ലാം വർത്തമാനം പറയുന്ന ഒരു രീതി ബഷീറിനു് നിത്യജീവിതത്തിൽ തന്നെ ഉണ്ടായിരുന്നു. അദ്ദേഹം അണ്ണാനോടു് സംസാരിക്കുന്ന രംഗം ‘മതിലുകളി’ലും കുടുംബാംഗങ്ങളോടെന്ന പോലെ ആടിനോടു് വർത്തമാനം പറയുന്ന രംഗം പാത്തുമ്മയുടെ ആടി ലും കാണാം. ആൺകുരുവിയും പെൺകുരുവിയും തമ്മിലുള്ള വഴക്കിൽ കുഞ്ഞുപാത്തുമ്മയും അണ്ണാനും ഇടപെടുന്നതായി ‘ന്റുപ്പുപ്പാ’യിൽ ചിത്രീകരിച്ചിട്ടുണ്ടു്. ആൺകുരുവിയെ ‘കെട്ടിയോൻ കുരുവി’ എന്നും പെൺകുരുവിയെ ‘കെട്ടിയോൾ കുരുവി’ എന്നും ആണു് കുഞ്ഞുപാത്തുമ്മ വിളിക്കുന്നതു്. അവരൊക്കെ വ്യക്തികളാണു് എന്നു് വ്യംഗ്യം.
മനുഷ്യരെപ്പോലെ എല്ലാ ജീവജാലങ്ങളും ‘ഭൂമിയുടെ അവകാശികൾ’ ആണു് എന്നു് അദ്ദേഹം എപ്പോഴും എവിടെയും പ്രഖ്യാപിക്കുന്നുണ്ടു്.
ഇന്നു് മുന്നേറി വരുന്ന പരിസ്ഥിതിസൗന്ദര്യശാസ്ത്രത്തിന്റെ നോട്ടപ്പാടിൽ ബഷീറിന്റെ വലുതും ചെറുതുമായ ഏതു് രചനയും വളരെ വിലപിടിച്ചതായിരിക്കും.
അപൂർവ്വമായൊരു ലേഖനം ബഷീർ എഴുതിയിട്ടുണ്ടു്. തലക്കെട്ടു്: ‘എന്റെ ചരമക്കുറിപ്പ്.’ മരണാനന്തരം പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി മലയാള മനോരമ ദിനപത്രത്തിനു് എഴുതിക്കൊടുത്ത ആ കുറിപ്പു് അദ്ദേഹം മരിച്ച ദിവസം (5 ജൂൺ 1994) അച്ചടിച്ചുവന്നു. അതിൽ ‘ഒരാളോ’ടേ പ്രത്യേകമായി വിടചോദിച്ചിട്ടുള്ളൂ—മാങ്കോസ്റ്റിൻ മരത്തോടു് !
ആ കുറിപ്പു് അവസാനിക്കുന്നു:
‘എല്ലാവർക്കും സലാം. മാങ്കോസ്റ്റിൻ മരത്തിനും സർവ്വമാനജന്തുക്കൾക്കും സലാം. എന്തെങ്കിലും തെറ്റു് ചെയ്തിട്ടുണ്ടെങ്കിൽ അണ്ഡകടാഹമേ മാപ്പു്! എല്ലാവർക്കും മംഗളം. ശുഭം.’
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.