പ്രേമം ഒരു നിതാന്തപ്രമേയമാകുന്നു: എല്ലാ ഭാഷയിലും എല്ലാ സാഹിത്യത്തിലും എല്ലാ കലാരൂപങ്ങളിലും നാം ആ ഇതിവൃത്തം തന്നെ കാണുന്നു. ഏതു നാട്ടിലും ഇതാണു് കഥ. ഏതു കാലത്തും ഇതാണു് കഥ.
എത്ര പറഞ്ഞിട്ടും എത്ര പാടിയിട്ടും എത്ര ആടിയിട്ടും ആ വിഷയത്തിനു് പുതുമ ചോർന്നിട്ടില്ല. ഇനിയുള്ള കാലത്തും സ്ഥിതി ഇതു തന്നെയാവാനാണു് സാധ്യത. മനുഷ്യവംശത്തിനു് ഒരിക്കലും മടുക്കാത്ത പ്രമേയം അതൊന്നേയുള്ളു—പ്രേമം.
പ്രേമം ആരംഭിക്കുന്നതു് കാമത്തിൽ നിന്നാവാം, അല്ലെങ്കിൽ ഏതവസരത്തിലും പ്രേമത്തിൽ കാമത്തിന്റെ ഒരംശം ഉണ്ടാവാം. ഇണചേരാനുള്ള ജന്മവാസനയുമായി ബന്ധമുണ്ടു് എന്നതു് പ്രേമത്തിന്റെ മാറ്റു കുറയ്ക്കുന്നില്ല.
കാമത്തിന്റെ മറ്റൊരു പേരോ പര്യായപദമോ അല്ല പ്രേമം. എല്ലാ പ്രേമത്തിലും ഇത്തിരി കാമം കാണാമെങ്കിലും എല്ലാ കാമത്തിലും പ്രേമം കാണില്ല. കാമം മാത്രമായാൽ പ്രേമമാവില്ല. ഒരു ഘട്ടം കഴിഞ്ഞാൽ കാമം ഇല്ലാതെയും പ്രേമം നിലനിൽക്കാം: വേർപെട്ടുപോയ കാമുകിയോടോ, മൺമറഞ്ഞുപോയ കാമുകനോടോ ചില വ്യക്തികൾ ആയുഷ്ക്കാലം മുഴുവൻ പുലർത്തുന്ന പ്രേമം ഉദാഹരണം.
കാമം ഒരു ജന്തു വാസനയാണു്. ആ വികാരത്തിന്റെ ഉദാത്തീകരിച്ച രൂപമാണു് പ്രേമം. മറ്റൊരു വ്യക്തിയോടും കാമം സാധ്യമല്ലാത്തവിധം സ്വന്തം കാമത്തെ സ്നേഹരൂപേണ ഒരാളിൽ മാത്രമായി കേന്ദ്രീകരിക്കുന്നതാണു് പ്രേമം.
അതു് പ്രകൃതിയിലുള്ളതല്ല, സംസ്കൃതിയുടെ സൃഷ്ടിയാണു്. ജനജാതികളോ പറവജാതികളോ സസ്യജാലങ്ങളോ പ്രേമിക്കുന്നില്ല, കാമിക്കുന്നേയുള്ളൂ.
എല്ലാ മനുഷ്യരും കാമിക്കുന്നു; ചുരുക്കം മനുഷ്യരേ പ്രേമിക്കുന്നുള്ളൂ. പ്രേമിക്കുന്ന ഒരേയൊരു ജന്തു മനുഷ്യനാണു്.
കാമിക്കാൻ ശരീരം മാത്രം മതി. പ്രേമിക്കാൻ ആത്മാവു് വേണം. ഒരാൾ കാമിക്കുന്നതു് ശരീരം കൊണ്ടാണെന്നും പ്രേമിക്കുന്നതു് ആത്മാവു് കൊണ്ടാണെന്നും പറയാം. ആത്മാവിനു് നിലനിൽക്കാൻ ഒരു ഘട്ടത്തിൽ ശരീരം വേണം എന്നതുപോലെ പ്രേമത്തിനു് നിലനിൽക്കാൻ ഒരു ഘട്ടത്തിൽ കാമവും വേണം. ആത്മാവു് ശരീരമല്ലാത്തതുപോലെ പ്രേമം കാമവുമല്ല. ആത്മാവു് നിലനിൽക്കുന്നതു് ശരീരത്തിലാണെങ്കിലും ശരീരം നഷ്ടമാവുന്ന കാലത്തും ആത്മാവു് നിലനിൽക്കും. കാമം നഷ്ടമാവുന്ന കാലത്തും പ്രേമം നിലനിൽക്കും.
ശരീരത്തിന്റെ തീവ്രമായ വിശപ്പാണു് കാമം. മനസ്സിന്റെ തീവ്രമായ ദാഹമാണു് സ്നേഹം. ആ പൈദാഹങ്ങൾ ഉരുകിച്ചേർന്നു് ഒറ്റ വികാരമാവുമ്പോഴാണു് പ്രേമം ഉറവെടുക്കുന്നതു്. പിന്നെ സ്നേഹം മാത്രമായി കാമത്തെ രൂപാന്തരപ്പെടുത്തുവാൻ പ്രേമം മനുഷ്യമനസ്സിനെ സജ്ജമാക്കുന്നു. അതിലൂടെ ഒരു ജന്തുവാസന സൃഷ്ടിക്കുന്ന പരിമിതി മറികടക്കുവാൻ മനുഷ്യജീവി പ്രാപ്തി നേടുന്നു.

റഷ്യൻ സംസ്കാരം സൃഷ്ടിച്ചതിലേക്കു് വെച്ചു് ഏറ്റവും വലിയ എഴുത്തുകാരനായ ടോൾസ്റ്റോയി യുടെ ഉയിർത്തെഴുന്നേൽപ്പു് എന്ന നോവലിൽ നായകനായ നെഹലുദോവ് കാമുകി കത്യുഷയെ ആദ്യഘട്ടത്തിൽ ശാരീരികമായി അനുഭവിക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നേയില്ല. ആ സാഹചര്യം ടോൾസ്റ്റോയി വർണിക്കുന്നു: “അവർക്കിടയിലുള്ള പരിച അവർ തമ്മിലുള്ള പ്രേമമായിരുന്നു.” തുടർന്നു വരുന്ന ഘട്ടത്തിൽ നെഹ്ലുദോവിനു് കത്യുഷയോടു് തോന്നിയിരുന്ന പ്രേമം കുറഞ്ഞുപോവുകയും അതു് കാമം മാത്രമായി തരം കെടുകയും ചെയ്തു.
അയാൾ അവളെ പിന്നീടു് വിസ്മൃതിയിൽ തള്ളിക്കളഞ്ഞു. അവിഹിതഗർഭം പേറേണ്ടിവന്നതുമൂലം ആ പെൺകിടാവു് നേരിട്ട ദുരിതങ്ങളെപ്പറ്റി വർഷങ്ങൾക്കുശേഷം തിരിച്ചറിവുണ്ടായ നെഹ്ലുദോവ് കുറ്റബോധത്തിൽ നീറി പ്രേമത്തിലേക്കു് മടങ്ങിയെത്തി.
കാമത്തിന്റെ പരിമിതികളെ മറികടക്കുവാൻ പ്രേമം മനുഷ്യജീവിയെ പ്രാപ്തമാക്കുന്നതെങ്ങനെ എന്നു് ചിത്രീകരിക്കുകയാണു് ടോൾസ്റ്റോയി.
പല സന്ദർഭങ്ങളിലും പല സാഹചര്യങ്ങളിലും ‘ആത്മീയം’ എന്നുപോലും വിളിക്കാവുന്ന തലത്തിലേക്കു് പ്രേമം വളരുന്നതിന്റെ അടിസ്ഥാനം ഇതാണു്. തീർത്തും ഭൗതികതലത്തിലുള്ള ഒരാവശ്യത്തെ ആത്മീയതലത്തിലുള്ള ഒരനുഭൂതിയാക്കി പ്രേമം ഉയർത്തിയെടുക്കുന്നു.
കാമം ഭൗതികമാണു്; പ്രേമം ആത്മീയവും. പാർസി ഭാഷയിലെ സൂഫിക്കവിതകളിൽ ആദ്ധ്യാത്മികാനുഭൂതിയുടെ രൂപകമായി സ്ത്രീപുരുഷപ്രണയം പിന്നെയും പിന്നെയും പുറപ്പെട്ടുവന്നതിന്റെ പൊരുൾ ഇതായിരിക്കണം.
പ്രണയം പോലെ അത്രയും ശക്തമായ മറ്റൊരു വികാരവുമില്ല. അതു് മനുഷ്യജീവികളെ ധീരരും ത്യാഗികളും ആക്കി വളർത്തിയെടുക്കുന്നു; മറ്റൊരു മനുഷ്യജീവിക്കു് വേണ്ടി ജീവിക്കുവാനും മരിക്കുവാനുമുള്ള സന്നദ്ധതയിലേക്കു് വഴികാണിക്കുന്നു. രാഷ്ട്രീയമോ, സാമ്പത്തികമോ, സംസ്കാരികമോ, സാമൂഹ്യമോ ആയ ഏതു് വിപ്ലവത്തിന്റെ ബീജവും പ്രണയത്തിന്റെ വെള്ളവും വെളിച്ചവും നേടി തെഴുക്കുന്നതായിട്ടു് എഴുത്തുകാർ തുടരെത്തുടരെ ചിത്രീകരിച്ചുകാണുന്നതിന്റെ സാരാംശവും അതാണു്.

മുതലാളിയുടെ മകൾ തൊഴിലാളിയെ പ്രേമിക്കുന്ന കഥയിൽ, സ്ത്രീ പുരുഷ ബന്ധത്തിന്റെ മനോഹാരിതയ്ക്കൊപ്പം ഒരു സാമ്പത്തികഘടന മാറ്റിപ്പണിയുന്നതിന്റെ രാഷ്ട്രീയപ്രവർത്തനം ഉള്ളടങ്ങിക്കിടപ്പുണ്ടു്; ‘മേൽ’ജാതിക്കാരി ‘കീഴ്’ജാതിക്കാരനെ പ്രേമിക്കുന്ന കഥയിൽ ഒരു സാമൂഹ്യഘടന പൊളിച്ചെഴുതുന്ന സാംസ്കാരികപ്രവർത്തനം ഉയിരെടുക്കുന്നുണ്ടു്.
പ്രശസ്ത കവി ഒക്ടേവിയോ പാസ് പാടുന്നു: “പ്രണയം കലാപമാണു്. രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം കീഴ്മേൽ മറിയുന്നു”
മലയാളം ന്യൂസ്: 18 മാർച്ച് 2001.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.