കേരളത്തിൽ അവാർഡ്, വിശേഷിച്ചു് സാഹിത്യപുരസ്കാരം, വാർത്തയല്ലാതായിട്ടു് എത്രയോ വർഷമായി. നിത്യവും ആർക്കെങ്കിലും എന്തിനെങ്കിലും അവാർഡ് കിട്ടുന്നതു് പതിവുചടങ്ങായിട്ടു് കൊല്ലം പലതായല്ലോ. എന്നാൽ ഇത്തവണ (2001) കേന്ദ്ര സാഹിത്യ അക്കാദമി മലയാളത്തിൽനിന്നു് അവാർഡിനു് തെരഞ്ഞെടുത്ത ‘ആർ. രാമചന്ദ്രന്റെ കവിതകൾ’ എന്ന പുസ്തകം പലതു കൊണ്ടും കൗതുകമായി. പത്രവായനക്കാരായ സാധാരണക്കാർ ആർ. രാമചന്ദ്രൻ എന്നൊരു കവിയെ കേട്ടിട്ടുണ്ടോ എന്നു് സംശയമാണു്. ഇതിനു മുമ്പു് ഒരു അവാർഡു വാർത്തയിലൂടെയും അവർ അദ്ദേഹത്തെ പരിചയപ്പെട്ടിരിക്കാനിടയില്ല. സപ്തതി കഴിഞ്ഞ കവിക്കു് ഇതാദ്യമായാണു് ഒരവാർഡ്. സൂക്ഷ്മസംവേദനശീലരായ കവിതാസ്വാദകർ തന്നെയും ആ പേരു് മറന്നു തുടങ്ങുകയായിരുന്നു. രാമചന്ദ്രൻമാസ്റ്റർ കാര്യമായി എന്തെങ്കിലും എഴുതിയിട്ടു് രണ്ടു് പതിറ്റാണ്ടായി!
ഏതെങ്കിലും സർക്കാരിന്റെയോ, മുന്നണിയുടെയോ, രാഷ്ട്രീയക്കളിയുടെയോ മതസംഘടനയുടെയോ, ജാതിക്ലിക്കിന്റെയോ, സാഹിത്യസംഘത്തിന്റെയോ പിൻബലം നാളിതുവരെ ഈ എഴുത്തുകാരനു് ഉണ്ടായിട്ടില്ല; വലുതോ ചെറുതോ ആയ എന്തെങ്കിലും പരസ്യത്തിന്റെ വെള്ളിവെളിച്ചത്തിൽ അദ്ദേഹം നിന്നിട്ടില്ല—അദ്ദേഹം ഇതൊന്നും ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. കാരണം ലളിതമാണു്: ആ വ്യക്തിത്വത്തിന്റെ വിശേഷം ആഗ്രഹങ്ങളിൽ നിന്നു് പിന്നെപ്പിന്നെ മുക്തി പ്രാപിക്കുക എന്നതാണു്. ഐഹികമായ കമ്പങ്ങളിൽനിന്നു വിടുതൽ നേടി ആത്മീയമായ അന്വേഷണങ്ങളുടെ വഴി തേടുന്ന കവിയാണദ്ദേഹം. പണ്ഡിതനും എഴുത്തുകാരനുമായ രാമചന്ദ്രൻ മാസ്റ്റർ അധ്യാപനത്തിലൂടെയും കവിതാരചനയിലൂടെയും ജീവിതത്തിന്റെ പൊരുൾ അന്വേഷിക്കുകയാണു്. സൂഫി കവികളോടാണു് അദ്ദേഹത്തിനു് രക്തബന്ധം.
ആഡംബരങ്ങളും അലങ്കാരങ്ങളും കെട്ടിക്കാഴ്ചകളും പരിചയമില്ലാത്ത ആ വ്യക്തിജീവിതത്തിനു് തീർത്തും ഇണങ്ങുന്ന മട്ടിൽ കവിതയെഴുതി, അപൂർവ്വമായി ഗദ്യലേഖനങ്ങളെഴുതി.
മലയാളത്തിന്റെ ആധുനികതാ പ്രസ്ഥാനം തെഴുത്ത എഴുപതുകളിലും എൺപതുകളിലുമാണു് രാമചന്ദ്രൻമാസ്റ്റർ അധികവും എഴുതിയതു്. അന്നത്തെ പതിവുകളിൽനിന്നു് പലതുകൊണ്ടും ആ കവിത വേറിട്ടു നിന്നു. ഏകാന്തതയും ശോകാകുലതയും ആ രചനകളിൽ മറ്റു പല ആധുനികരിലും എന്നപോലെ പുസ്തകലബ്ധമായ അറിവു് ആയിരുന്നില്ല, നരജീവിതമായ വേദനയുടെ അനുഭൂതി തന്നെയായിരുന്നു. ജീവിതം മനുഷ്യജീവികൾക്കുമേൽ കെട്ടിയേൽപ്പിക്കുന്ന അസ്തിത്വ ദുഃഖത്തിന്റെ നീലിമ എണ്ണവും വണ്ണവും കുറഞ്ഞ രാമചന്ദ്രൻ കവിതകളിൽ പടർന്നു കിടപ്പുണ്ടു്. ‘അജന്ത’ എന്ന രചനയിൽ തൃഷ്ണയുടെ ഉള്ളുപൊള്ളയായ അസംബന്ധത ശ്രീബുദ്ധന്റെ ഗൂഢസ്മിതത്തിൽ ചാലിച്ചെഴുതിയതു് ഒരുദാഹരണം മാത്രം. വിരക്തിയുടെ ദർശനം സ്നേഹത്തിന്റെ പശിമയോടെ അടയാളപ്പെടുത്തുവാൻ ഈ കവി ആളായി. സ്നേഹത്തിൽ നിന്നാണു് അദ്ദേഹം വിരക്തിയിലെത്തിയതു്. വിരക്തിയിൽനിന്നാണു് അദ്ദേഹം സ്നേഹത്തിലെത്തിയതു്. രണ്ടിന്റെയും അടിയൊഴുക്കാവട്ടെ, ശോകമാണുതാനും. കുമാരനാശാനിൽ കണ്ട ആ ബൗദ്ധദർശനസ്വാധീനം ഈ കാലയളവിൽ മറ്റൊരു മലയാള കവിയിലും നാം കാണുന്നില്ല.
ആധുനികതയുടെ ഫാഷൻ പോയ് മറഞ്ഞിട്ടും രാമചന്ദ്രൻ കവിതകൾ ബാക്കിയായതു് സ്വന്തം ദർശനത്തിന്റെ സത്യസന്ധത കൊണ്ടാണു്. അവനവനെ എഴുതുന്നതാണു് എഴുത്തു് എന്ന ആത്മാർത്ഥതയുടെ സാക്ഷാൽക്കാരം ആത്മീയതയുടെ സൗരഭ്യം വഴിയുന്ന ആ രചനകളിൽ അനുഭവിച്ചറിയാം. ഭോഗത്തിന്റെ അനേകം പതിറ്റാണ്ടുകളിൽ ന്യാസത്തിന്റെ കവിയായി അദ്ദേഹം നിന്നു; ഇപ്പോഴും നിൽക്കുന്നു—തൃഷ്ണകൾക്കു് നേരെയുള്ള ആ ഇളം പുഞ്ചിരി മങ്ങുന്നേയില്ല.
ഈ അവാർഡുവാർത്തയിൽ രാമചന്ദ്രൻമാസ്റ്റർക്കു് വല്ല സന്തോഷവും തോന്നുന്നുണ്ടെങ്കിൽ, അതു് ശിഷ്യൻമാർക്കും സുഹൃത്തുക്കൾക്കും ഇതു് സന്തോഷം നൽകുമെന്ന ഒറ്റക്കാര്യം കൊണ്ടായിരിക്കും. അങ്ങനെ അവർക്കു് സന്തോഷം കൊടുക്കാനായല്ലോ എന്നു് അദ്ദേഹം ആനന്ദിക്കുമായിരിക്കും. പിന്നെ, ഇത്ര ചെറിയ കാര്യത്തിൽ തന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും ആനന്ദിക്കുന്നുവല്ലോ എന്നു് അദ്ദേഹം വാത്സല്യപൂർവം കൗതുകം കൊണ്ടേക്കും. അതും കഴിഞ്ഞു് ഈ ബാലിശതക്കു് താൻ നിന്നുകൊടുക്കുന്നുവല്ലോ എന്നു് മൂപ്പർ സ്വയം കഷ്ടംവെച്ചു നിന്നേക്കും.
കവിത ‘കൈകാര്യം ചെയ്യുന്ന’ നമ്മുടെ ഇമ്മാതിരി നാട്ടുനടപ്പുകളോർത്തു് ഈ നേരത്തു് രാമചന്ദ്രൻമാസ്റ്റർ ചിരിക്കുകയാവാം. സ്നേഹം ചൊരിയുന്ന, ഒച്ചയില്ലാത്ത ആ പതിവു് ചിരി. അതിസൂക്ഷ്മമായ ബിംബങ്ങളുടെ കാല്പനികചാരുതയും അത്യഗാധമായ ശോകത്തിന്റെ ദാർശനികമഹിമയും തികഞ്ഞ ആ കവിതയിലേക്കു മലയാളികളുടെ ശ്രദ്ധ തിരിച്ചുവിടാൻ ഈ വാർത്തക്കു് സാധിച്ചേക്കും. അതു് തീർച്ചയായും നല്ല കാര്യമാണു്; വലിയ കാര്യമാണു്.
ഞാൻ രാമചന്ദ്രൻ മാസ്റ്ററെ അനുമോദിക്കുന്നില്ല; പകരം കേന്ദ്രസാഹിത്യ അക്കാദമിയെ അനുമോദിക്കുന്നു. അവരാണല്ലോ ഈ അവാർഡ് പ്രഖ്യാപനം വഴി ബഹുമതി നേടിയതു്.
മലയാളം ന്യൂസ്: 4 ജനുവരി 2001.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.