വൈക്കം മുഹമ്മദ് ബഷീറി ന്റെ ജീവചരിത്രത്തിലെ പ്രധാനപ്പെട്ട ഒരംശമാണു് രാഷ്ട്രീയം. രാഷ്ട്രീയത്തിൽ പ്രവർത്തിച്ചുകൊണ്ടാണു് അദ്ദേഹം‘ജീവിതം’ ആരംഭിക്കുന്നതു്. മറ്റെന്തെങ്കിലും ആകുന്നതിനുമുമ്പേ അദ്ദേഹം രാഷ്ട്രീയക്കാരനായിരുന്നു. വിദ്യാർഥിജീവിതകാലത്തുതന്നെ അതാരംഭിച്ചു. നമ്മൾ ഇന്നറിയുന്ന അദ്ദേഹത്തിന്റെ ‘വൈക്കം മുഹമ്മദ് ബഷീർ’ എന്ന പേരു് തന്നെയും യൗവനകാലത്തു് ബ്രിട്ടീഷുകാർക്കെതിരെയും നാട്ടുരാജാക്കന്മാർക്കെതിരെയും രാഷ്ട്രീയലഘുലേഖകൾ എഴുതുന്നതിനു സ്വീകരിച്ച തൂലികാനാമമാണു്. അദ്ദേഹത്തിന്റെ ശരിയായ പേരു്: കൊച്ചു മുഹമ്മദ്.
ബഷീറിന്നു് 16 വയസ്സുള്ള കാലത്തു്, ജന്മദേശത്തു് നടന്ന ഒരു സമരമാണു് ആ വിദ്യാർഥിയുടെ ഉള്ളിലെ രാഷ്ട്രീയബോധത്തിനു് തിരികൊളുത്തിയതു്. വൈക്കം ക്ഷേത്രത്തിനു മുന്നിലെ വഴിയിലൂടെ അയിത്ത ജാതിക്കാർക്കു വഴിനടക്കാനുള്ള സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി നടന്ന ആ സമരം ‘വൈക്കം സത്യാഗ്രഹം’ (1924–25) എന്ന പേരിൽ പില്ക്കാലത്തു് ചരിത്രപ്രസിദ്ധമായിത്തീർന്നു. ദ്രാവിഡാഭിമാനത്തിനുവേണ്ടി പോരാടിയിരുന്ന ഇ. വി. രാമസ്വാമി നായ്ക്കർ (1879–1973), അയിത്ത ജാതിക്കാർക്കു വേണ്ടി ഒരു പ്രസ്ഥാനം കൊണ്ടുനടന്നിരുന്ന ശ്രീനാരായണഗുരു (1855–1928) തുടങ്ങിയ ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യക്തികൾ പലരും പങ്കെടുത്തിരുന്ന ആ സമരത്തിന്റെ മുന്നണിപ്പോരാളികൾ ശ്രീനാരായണധർമ്മപരിപാലനസംഘം സെക്രട്ടറി ടി. കെ. മാധവനും (1885–1930) കേരളത്തിലെ കോൺഗ്രസ്സിന്റെ പ്രമുഖനേതാവു് കെ. പി. കേശവമേനോനും (1886–1978) ആയിരുന്നു.
ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജന്മനാടിന്റെ വിളികേട്ടു് ആ വിദ്യാർത്ഥിയുടെ ഉള്ളുണർന്നു. അതോടെ ഖദർ വസ്ത്രധാരിയായിത്തീർന്നു. ഏറെച്ചെല്ലും മുമ്പു് പഠിപ്പുപേക്ഷിച്ചു് കോഴിക്കോട്ടെത്തി. തന്റെ നാട്ടുകാരനും സ്വാതന്ത്ര്യസമരപ്പോരാളിയുമായ വൈക്കം സെയ്ദുമുഹമ്മദ് (1900–1961) കോഴിക്കോട്ടുണ്ടു് എന്ന വിചാരമാണു് അങ്ങോട്ടു് പോവാൻ പ്രേരകമായതു്. അന്നത്തെ മലബാറിലെ പ്രമുഖ സ്വാതന്ത്ര്യസമരനേതാവു് മുഹമ്മദ് അബ്ദുറഹിമാനെ (1898–1945) ചെന്നുകണ്ടു. സെയ്ദുമുഹമ്മദിനെ കാണാൻ പറ്റിയില്ല. അദ്ദേഹം ജയിലിലായിരുന്നു. അബ്ദുറഹിമാനും ഇ. മൊയ്തുമൗലവി (1885–1994)യും മറ്റും താമസിക്കുന്ന അൽഅമീൻ ലോഡ്ജിൽ താമസിച്ചു. ഉടനെ കോൺഗ്രസ്സിൽ ചേർന്നു് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു് ജയിലിലായി.
ജയിലിലെ മർദ്ദനം ഭീകരമായിരുന്നു. ശത്രുസംഹാരത്തിനിറങ്ങിത്തിരിച്ച ഭഗത്സിംഗി ന്റെ വഴിയാണു് ശരി എന്നു് ബോധ്യമായി. മർദ്ദിച്ച പോലീസുകാരനെ കൊല്ലാനുള്ള ഒരുക്കത്തിൽ നിന്നു് ഒരു സഹപ്രവർത്തകനാണു് ബഷീറിനെ പിന്തിരിപ്പിച്ചതു്. നാട്ടിൽ മടങ്ങിയെത്തിയ ബഷീർ മാസങ്ങൾക്കകം കൊച്ചിയിലെത്തി. അവിടെ പ്രവർത്തിക്കാൻ കാരണം തിരുവിതാംകൂർ പ്രജയായ ബഷീറിനെ കൊച്ചി രാജ്യത്തു് വെച്ചു് അറസ്റ്റ് ചെയ്യില്ല എന്നതായിരുന്നു.
ഏറെ വൈകാതെ യുവാക്കളെയും വിദ്യാർഥികളെയും സംഘടിപ്പിച്ചു് ‘വാനരസേന’ എന്നു പേരായ ഒരു ഭീകരസംഘം രൂപീകരിച്ചു. ഹാഫ്ട്രൗസറും തൊപ്പിയും മീശയും ഷൂസും ആയി ഭഗത്സിംഗ് വേഷത്തിലായിരുന്നു നടപ്പു്. പില്ക്കാലത്തു് എഴുത്തുകാരനായി പേരെടുത്ത പോഞ്ഞിക്കര റാഫി സംഘത്തിൽ അംഗമായിരുന്നു. സംഘത്തിന്റെ പ്രവർത്തനങ്ങളും ‘പ്രഭ’ മുതലായ തൂലികാനാമങ്ങളിൽ ബഷീർ ‘ഉജ്ജീവന’ത്തിലും മറ്റും എഴുതിവന്ന ലേഖനങ്ങളും പോലീസിനു് തലവേദനയായി. ‘ഉജ്ജീവനം’ കണ്ടുകെട്ടി. ആയിടെ ഭീകരവാദികൾ എറണാകുളത്ത് പോസ്റ്റാപ്പീസിനു് തീവെച്ചു. ബഷീറിനെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. പിടികൊടുക്കാതിരിക്കാൻ ബഷീർ നാടുവിട്ടു.
നാട്ടിൽ മടങ്ങിയെത്തിയശേഷം എഴുത്തുകാരനായിത്തീർന്ന ബഷീർ വിദേശക്കോയ്മയെയും രാജാധിപത്യത്തെയും വിമർശിച്ചും പരിഹസിച്ചും ലേഖനങ്ങൾ എഴുതുന്നതു് പതിവാക്കി. ഈ രാഷ്ട്രീയലേഖനങ്ങളിലൂടെയും ലഘുലേഖകളിലൂടെയുമാണു് ബഷീറിലെ എഴുത്തുകാരൻ വളരുന്നതു്. നാട്ടുകാരുടെ സ്വാതന്ത്ര്യദാഹത്തെയും നീതിബോധത്തെയും ജ്വലിപ്പിക്കുന്ന മട്ടിൽ വികാരതീവ്രത മുറ്റിയവയാണു് ഈ ലേഖനങ്ങൾ. തിരുവിതാംകൂറിലെ ഭരണത്തെ വിമർശിച്ചുകൊണ്ടു് എഴുതിയ ‘ഹതഭാഗ്യയായ എന്റെ നാടു്’ എന്ന ലേഖനം എറണാകുളത്തു് നിന്നു പുറപ്പെട്ടിരുന്ന ‘ദീപ’ത്തിൽ പ്രസിദ്ധീകരിച്ചതു് അറസ്റ്റുവാറണ്ടിനും ഒളിവിൽ പോക്കിനുമൊക്കെ കാരണമായി. ഈ ലേഖനമാണു് ബഷീറിന്റെ ആദ്യത്തെ പുസ്തകമായി പുറപ്പെട്ട ധർമ്മരാജ്യം (1938). ഇതു് നിരോധിക്കപ്പെട്ടു. ഇത്തരം രചനകളാണു് രാജ്യദ്രോഹകുറ്റത്തിന്റെ പേരിൽ രണ്ടരക്കൊല്ലത്തെ തടവുശിക്ഷയുമായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിപ്പെടാൻ കാരണം. സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതാവായിരുന്ന പട്ടം താണുപ്പിള്ള യെ പരിഹസിച്ചു് ‘പട്ടത്തിന്റെ പേക്കിനാവു്’ എന്ന ഏകാങ്കനാടകം, സ്വാതന്ത്ര്യസമരപ്രവർത്തകരെ വീരനായകരാക്കി എഴുതിയ ‘ഭാരതമാതാ’ എന്ന ചെറുകഥ തുടങ്ങിയ രചനകളിലും കത്തിനില്ക്കുന്നതു് ഈ രാഷ്ട്രീയം തന്നെയാണു്. പി. കൃഷ്ണപിള്ള (1906–1948), കെ. സി. ജോർജ്ജ് (1903–1986), കെ. ദാമോദരൻ (1912–1976), ടി. വി. തോമസ് (1910–1977), എം. എൻ. ഗോവിന്ദൻനായർ (1910–1984) തുടങ്ങിയ കമ്യൂണിസ്റ്റുനേതാക്കൾ എറണാകുളത്ത് താമസിക്കുന്ന കാലത്തു് അടുത്ത സുഹൃത്തുക്കളായിരുന്നു.
സ്വാതന്ത്ര്യലാഭത്തോടെ കോൺഗ്രസ് ബന്ധവും ഖദറും ഉപേക്ഷിച്ചു. മതേതരത്വം, ജനാധിപത്യം, ദേശീയത തുടങ്ങിയ മൂല്യങ്ങളിൽ വിശ്വാസമുള്ളവനെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നു് അകന്നുനിന്നു് എഴുത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരാളായിട്ടാണു് പില്ക്കാലബഷീറിനെ കാണുന്നതു്. എഴുത്തിൽ എന്നും അദ്ദേഹം അധഃസ്ഥിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ദരിദ്രരുടെയും ചൂഷിതരുടെയും കൂടെ നിന്നു. കക്ഷിരാഷ്ട്രീയത്തെ കവിഞ്ഞു നിൽക്കുന്ന ഒരു ‘രാഷ്ട്രീയം’ ആ സാഹിത്യത്തിലുണ്ടു്.
ബഷീറിന്റെ കമ്യൂണിസ്റ്റുബന്ധം ചർച്ച ചെയ്യേണ്ട ഒന്നാണു്. മതത്തിന്റെ അനുഷ്ഠാനങ്ങളും ആചാരങ്ങളും ഒന്നും ഇല്ലായിരുന്നുവെങ്കിലും അദ്ദേഹം ദൈവവിശ്വാസിയായിരുന്നു. കേരളത്തിൽ പ്രവർത്തനമാരംഭിച്ച കാലത്തു് കമ്യൂണിസ്റ്റുപാർട്ടി പ്രകടിപ്പിച്ച മതവിരോധത്തോടു് ബഷീറിന്നു് അകലം തോന്നിയിരിക്കണം. അക്കാലത്തു് കമ്യൂണിസ്റ്റുപാർട്ടികൾ ഏർപ്പെട്ടിരുന്ന ജാതിവിരുദ്ധസമരത്തിലും ഫ്യൂഡൽ വിരുദ്ധസമരത്തിലും അങ്ങിങ്ങായിക്കണ്ട ചില്ലറ അക്രമങ്ങളെപ്പറ്റി ഒരിടയ്ക്കു് ഭീകരവാദിയായിരുന്ന ബഷീറിന്നു് അത്ര വലിയ എതിർപ്പു് തോന്നിയിരിക്കാനിടയില്ല. ആ കക്ഷിക്കകത്തു് വ്യക്തിസ്വാതന്ത്ര്യത്തിനു് അനുഭവപ്പെട്ടിരുന്ന വീർപ്പുമുട്ടലിനെപ്പറ്റിയും 1942-ലെ ക്വിറ്റ് ഇന്ത്യാസമരകാലത്തു് കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷ് സർക്കാറിന്നു് നൽകിയ പിന്തുണയെപ്പറ്റിയും സ്വാതന്ത്ര്യവാദിയായ ബഷീർ എതിർപ്പു് വിചാരിക്കാനേ വഴിയുള്ളൂ. ദരിദ്രരോടും തൊഴിലാളികളോടും കമ്യൂണിസ്റ്റ് പാർട്ടി കാണിച്ചപ്രതിബദ്ധത അദ്ദേഹത്തിന്റെ അനുഭാവം നേടിയിരിക്കണം.
ഈ തരത്തിൽ വൈരുദ്ധ്യം നിറഞ്ഞ സവിശേഷമായൊരു ബന്ധമാണു് കമ്യൂണിസത്തോടു് ബഷീറിന്നു് ഉണ്ടായിരുന്നതു്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു വസ്തുതയാണു് 1937 മാർച്ച് 16-നു് പ്രസിദ്ധീകരിച്ച ബഷീറിന്റെ ‘കാറൽമാർക്സ് ’ എന്ന ലേഖനം (ജീവിതം ഒരനുഗ്രഹം; 2001: പു. 44–9) മാർക്സിന്റെ ജീവചരിത്രം ചുരുക്കിപ്പറയുന്ന ഈ ലേഖനം ആ വ്യക്തിമഹത്വം ഉയർത്തിപ്പിടിക്കുന്നു; ലോകത്തെങ്ങുമുള്ള പാവപ്പെട്ട മനുഷ്യജീവികളോടു് അദ്ദേഹം കാണിച്ച അലിവിനെ അടയാളപ്പെടുത്തുന്നു. കമ്യൂണിസത്തിന്റെ ശരിതെറ്റുകളെ സംബന്ധിച്ച താത്വികചർച്ചകളൊന്നും ലേഖനത്തിലില്ല.
സാഹിത്യത്തിൽ മാത്രമായി ശ്രദ്ധ ഊന്നിയപ്പോൾ അക്കാലത്തെ മലയാളത്തിലെ പതിവനുസരിച്ചു് മുതലാളിവിരുദ്ധരും തൊഴിലാളി നേതാക്കളുമായ കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ മാതൃകാനായകന്മാരാക്കി എഴുതുന്ന പതിവിൽ നിന്നു് ബഷീർ വിട്ടുനിന്നു. സ്വാതന്ത്ര്യസമരകാലത്തെപ്പറ്റി എഴുതിയ ചെറുകഥകളിൽ മാത്രമേ ബഷീർസാഹിത്യത്തിൽ വീരനായകരെ കാണൂ.
യൗവനം അപകടകരമായി ജീവിച്ചുതീർത്ത ബഷീർ ഗാന്ധിജിയിലും ഭഗത്സിംഗിലും കാറൽ മാർക്സിലും ഒരേ ആധിയോടെ ചെന്നെത്തി എന്നതു് ആ ചരിത്രസന്ധിയുടെ സവിശേഷതകളെയും എഴുത്തുകാരന്റെ അന്വേഷണങ്ങളുടെ ആത്മാർത്ഥതയെയും രേഖപ്പെടുത്തുന്നുണ്ടു്.
ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും ഗാന്ധിജി വലിയൊരു സാന്നിദ്ധ്യമാണു്. ജീവിതസായാഹ്നത്തിൽ ‘ഗാന്ധിജി’ എന്ന പേരിൽ എഴുതിയ ലേഖനം അവസാനിക്കുന്നു:
“ഞാൻ മനുഷ്യനായ ഗാന്ധിജിയെ മാത്രമേ അറിയൂ. അദ്ദേഹം എഴുപത്തൊമ്പതുകൊല്ലം ഈ ലോകത്തിൽ ജീവിച്ചു. ഞാൻ അദ്ദേഹത്തിന്റെ ഒരു അനുയായി എന്നുള്ള നിലയ്ക്കാണു് ജീവിതം ആരംഭിച്ചതു്. അദ്ദേഹം എഴുതിയിട്ടുള്ള മിക്കതും ഞാൻ വായിച്ചിട്ടുണ്ടു്. പ്രസംഗങ്ങൾ കേട്ടിട്ടുണ്ടു്. കണ്ടിട്ടും തൊട്ടിട്ടുമുണ്ടു്. നിങ്ങൾ പറയുന്നതുപോലെ ഗാന്ധിജി ഇന്ത്യയല്ല, ആരും ഇന്ത്യയല്ല. എന്നാൽ, ഗാന്ധിജി ഇന്ത്യയുടെ ഒരു കാലഘട്ടമാണു്; ലോകചരിത്രത്തിലെ ഒരു നല്ല അധ്യായം… ഇനിയങ്ങോട്ടൊരു രണ്ടായിരം വർഷത്തേയ്ക്കു് അപ്രതീക്ഷിതമായ സന്ദർഭങ്ങളിൽ മനുഷ്യസമുദായത്തിനു് അനുഭവപ്പെടാൻ പോകുന്ന അതുല്യമായ ഒരു സൗരഭ്യമാണു് ഗാന്ധിജി; അതോ കേൾക്കപ്പെടാൻ പോകുന്ന അതുല്യമായ ഒരു ഗാനമോ? (യാ ഇലാഹീ!—1997, പു. 112–3)”
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.