
കവിതയുടെ രസമാധുര്യം അറിയുന്നതു് കവിയല്ല, വ്യാഖ്യാതാവാണു്—പഴയകാലത്തു് സംസ്കൃതക്കാർ അങ്ങനെ പറഞ്ഞുവെച്ചിട്ടുണ്ടു്. അപ്പറഞ്ഞതു പക്ഷേ, സ്വന്തം കവിതയുടെ കാര്യമാണു്. അന്യരുടെ കവിത വായിക്കുമ്പോൾ കവികൾ രസമാധുര്യം അറിയുന്നവരാണു്, വിമർശകരാണു്. നിരൂപണമെഴുതിയ കവികൾ പലരുണ്ടു്. രവീന്ദ്രനാഥടാഗൂറി ന്റെ സാഹിത്യപഠനങ്ങൾ ഓർത്തുനോക്കുക. മലയാളത്തിലെ നല്ല ഉദാഹരണം ആശാൻ, വള്ളത്തോൾ, ഉള്ളൂർ എന്നിവരുടെ നിരൂപണങ്ങളാണു്. പണ്ടു് ‘കവനകൗമുദി’യിൽ ‘ഉമാകേരള’ത്തിന്റെ നിരൂപണം പദ്യത്തിൽ വന്നിട്ടുണ്ടു്! ഇതിനൊരു മറുവശവും പറയാം: നമ്മുടെ നിരൂപകരായ കുട്ടികൃഷ്ണമാരാരും മുണ്ടശ്ശേരി യുമൊക്കെ കവിത എഴുതിയിട്ടുണ്ടു്.
മലയാളികളുടെ പ്രിയപ്പെട്ട കവി ഒ. എൻ. വി. കുറുപ്പി ന്റെ ‘കവിതയിലെ സമാന്തരരേഖകൾ’ എന്ന നിരൂപണപുസ്തകം വായിക്കാനെടുക്കുമ്പോൾ കവിതയിലെ നിരൂപണവും നിരൂപണത്തിലെ കവിതയും എന്ന വിഷയം, ആലോചിച്ചുചെല്ലാൻ രസമുള്ളതു തന്നെ. കുമാരനാശാനിലെ നിരൂപകൻ ലേഖനങ്ങളിലെന്നപോലെ ‘ഏഴാമിന്ദ്രിയം’ പോലുള്ള കവിതകളിലും കുടിയിരിക്കുന്നു എന്നു് ഈ പുസ്തകം കാണിച്ചുതരുന്നുണ്ടു്. ചങ്ങമ്പുഴ യെ വൈലോപ്പിള്ളി ഒരു കവിതയിൽ വർണ്ണിച്ചതു് ഉദ്ധരിച്ചിട്ടു് ഒ. എൻ. വി. എഴുതുകയാണു്: “വൈലോപ്പിള്ളി ചങ്ങമ്പുഴയുടെ വ്യക്തിത്വത്തിന്റെ ഒരു സമഗ്രസുന്ദര ചിത്രമെഴുതിയിരിക്കുന്നു. ഓരോ വിശേഷണവും ചങ്ങമ്പുഴയെക്കുറിച്ചുള്ള ഒരു ലഘുപഠത്തിനു് തുല്യമാണു്. ” (ആമുഖം)

മാത്യു ആർനോൾഡി ന്റെ “ജീവിതനിരൂപണമാണു് കവിത” എന്ന നിർവചനം—തനിക്കു് പഥ്യമായിത്തീർന്നതിനാൽ ആവർത്തിക്കുവാൻ മുണ്ടശ്ശേരിക്കു് മടുപ്പു് തോന്നാതിരുന്ന ആ നിരീക്ഷണം—വിശദാംശങ്ങളിൽ വിയോജിക്കുന്നവർക്കു പോലും പൂർണ്ണമായും തള്ളിക്കളയാനാവില്ല. ജീവിതത്തിന്റെ ഭാഗമായ കവിതയെ പില്ക്കാലകവികൾ വിലയിരുത്തുന്നതു് സ്വാഭാവികം—അതിന്റെ രൂപം കവിതയാവാം, ലേഖനമാവാം. കാളിദാസനെ പ്പറ്റി ചങ്ങമ്പുഴ കവിത എഴുതുന്നതിലും (‘കാളിദാസൻ’) ഒ. എൻ. വി. കാവ്യം എഴുതുന്നതിലും (‘ഉജ്ജയിനി’) പ്രവർത്തിക്കുന്ന ഈ മനസ്സു തന്നെയാണു് കവികളുടെ നിരൂപണങ്ങളിലും വെളിപ്പെടുന്നതു്: കവിതയും നിരൂപണവും സമാന്തരങ്ങളല്ല.
നമ്മുടെ ഭാഷയിലെ രണ്ടു് പ്രമുഖകവികളെ ചേർത്തുവച്ചു് വായിക്കുവാനും കൂട്ടത്തിൽ കാവ്യരചനയുമായും ആസ്വാദനവുമായും ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുവാനും ഉള്ള സഫലശ്രമത്തിന്റെ ആവിഷ്കാരമായ ഈ പുസ്തകം രൂപപരമായി ചങ്ങമ്പുഴയോടും ഭാവപരമായി വൈലോപ്പിള്ളിയോടും ഒ. എൻ. വി. പുലർത്തുന്ന ആഭിമുഖ്യത്തിന്റെ രേഖയാകുന്നു.
നമ്മുടെ വിമർശനത്തിനു മുമ്പാകെ ഗ്രന്ഥകാരൻ പ്രധാനമായും ഉന്നയിക്കുന്നതു് രണ്ടു് പ്രശ്നങ്ങളാണു്:
ഒന്നു്—സാമാന്യമായി കാല്പനികതയുടെ തായ്വഴിയിൽപ്പെട്ടവരെന്നു് ഒഴുക്കൻ മട്ടിൽ നാം ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും സ്ഥാനപ്പെടുത്താറുണ്ടു്. സത്യത്തിൽ തീർത്തും വ്യത്യസ്തമായ, ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരധാരകൾ സൃഷ്ടിക്കുകയാണു് അവർ ചെയ്തതു്. ഇതു് തിരിച്ചറിയപ്പെടാതെ പോവുന്നതെന്തുകൊണ്ടാണു്?
രണ്ടു്—ഒരേ വർഷം ഒരേ ദേശത്തു് ജനിച്ചുവളർന്നു്, ഒരേ തരം രാഷ്ട്രീയസാമൂഹ്യസാഹചര്യങ്ങൾ പങ്കിട്ട രണ്ടുപേരുടെ ശൈലിയും വീക്ഷണവും എങ്ങനെ ഇത്രമാത്രം സമാന്തരമായി? കലയും കാലവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നാം പഠിച്ചുറപ്പിച്ചുവെച്ച ചിലതെങ്കിലും ഈ ഉദാഹരണത്തിനു മുമ്പിൽ വീണ്ടുവിചാരം ആവശ്യപ്പെടുന്നില്ലേ?
ഇവിടെ ഈ പ്രശ്നങ്ങൾ സൈദ്ധാന്തികതലത്തിൽ ചർച്ചചെയ്യുന്നില്ല; അവ കാവ്യാസ്വാദനത്തിന്റെ വിവിധ തലങ്ങൾ ഇഴവിടർത്തുന്നതിലൂടെ നിവർന്നുനിവർന്നു് വരികയാണു്.

താരതമ്യചിന്ത മലയാളനിരൂപണത്തിന്റെ പഥ്യരീതികളിലൊന്നാണു്. കവിത്രയനിരൂപണത്തിലൂടെ തന്റേടം ആർജ്ജിച്ച മലയാളവിമർശനത്തിന്നു് എന്നും കവിത്രയത്തിന്റെ രചനകളെ പരസ്പരം തട്ടിച്ചു നോക്കുന്നതിൽ വലിയ കൗതുകം തോന്നിയിരുന്നു. ‘ആരാണു് മേലെ?’ എന്ന ആലോചനയാണു് അവയുടെ അടിപ്പടവു്. ഈയിടെയായി പ്രചാരം നേടിവരുന്ന ‘താരതമ്യസാഹിത്യവിമർശന’ത്തിനു് പക്ഷേ, ഈ ‘മേല്-കീഴ്’ ഒരു വിഷയമേ അല്ല. ദേശം കൊണ്ടോ ഭാഷകൊണ്ടോ വ്യത്യസ്തമായ സാഹിത്യരചനകൾ അടുത്തടുത്തുവെയ്ക്കുമ്പോൾ തെളിയുന്ന സാജാത്യവൈജാത്യങ്ങളും അവയിലൂടെ ഊറിവരുന്ന അനന്യതകളും ആണു് അവിടെ ചർച്ചാ പ്രമേയം. ‘ഏതാണു് കേമം?” എന്നു കണ്ടെത്തുവാനല്ല, താരതമ്യത്തിലൂടെ ഓരോന്നിന്റെയും സവിശേഷതകൾ തിരിച്ചറിയുവാനാണു് ‘താരതമ്യസാഹിത്യം’ ഉത്സാഹിക്കുന്നതു്. ഈ രീതിയാണു് ദേശംകൊണ്ടും ഭാഷ കൊണ്ടും കാലം കൊണ്ടും ഏറ്റവും അടുത്തു കിടക്കുന്ന രണ്ടു് കവികളെ ചേർത്തു പിടിക്കുന്ന ഒ. എൻ. വി. ഉപയോഗിക്കുന്നതു്.
‘ചങ്ങമ്പുഴയോ വൈലോപ്പിള്ളിയോ?’ എന്നതല്ല ‘ചങ്ങമ്പുഴയും വൈലോപ്പിള്ളിയും’ എന്നതാണു് നിലപാടു്—അവർക്കിടയിൽ നിലനില്ക്കുന്ന സമാന്തരതയിൽ ഓരോന്നും അതതിന്റെ തനിമയിൽ വിലപ്പെട്ടതാണു് എന്നു് അടയാളപ്പെടുത്തുക.

നമ്മുടെ നിരൂപണത്തിന്റെ ശീലക്കേടുകൾ സ്വതസ്സിദ്ധമായ സൗമ്യശൈലിയിൽ ഒ. എൻ. വി. ചിത്രീകരിക്കുന്നുണ്ടു്: വൈലോപ്പിള്ളിയുടെ പ്രഥമകൃതിയായ ‘കന്നിക്കൊയ്ത്തി’ന്റെ അവതാരകനാവാൻ കഴിഞ്ഞതിൽ അഭിമാനിച്ച കുട്ടികൃഷ്ണമാരാരു് ചങ്ങമ്പുഴക്കവിത നേടിയ ജനപ്രീതിയിൽ പ്രകോപിതനായതു് ചൂണ്ടിക്കാട്ടിയതു് ഉദാഹരണം. “ഈ പ്രതികരണ വൈചിത്രം, പ്രതികരണത്തിനാസ്പദമായ കവിതയിലെ നിലീനവൈപരീത്യങ്ങളിലേയ്ക്കു വിരൽചൂണ്ടുന്നു” എന്നു് എഴുതിയപ്പോൾ (ആമുഖം) ഒ. എൻ. വി.-യിൽ തെളിഞ്ഞതു് നിരൂപണനിരൂപണത്തിന്റെ ഉൾക്കാഴ്ചയാണു്.
‘രമണനെ’പ്പറ്റി നമ്മൾ ഒരുപാടു് പറഞ്ഞു, ഒരുപാടു് കേട്ടു. പക്ഷേ, അതിൽ കേട്ടുതഴമ്പിച്ച ഒരു വിഷയമല്ല ‘ഗൃഹാതുരത്വം’. കേരളത്തിനു് പുറത്തുകടന്ന മലയാളിയുടെ കാതിലൂടെ ‘രമണൻ’ കേൾക്കുമ്പോഴുള്ള അനുഭൂതി രേഖപ്പെടുത്തിക്കൊണ്ടാണു് ഗ്രന്ഥം തുടങ്ങുന്നതു്—പ്രകൃതി ‘രമണീയത’യും സംഗീതമാധുരിയും ഓരോ കേരളീയന്റെ ഉള്ളിലും സ്വന്തം കേരളത്തെ സൃഷ്ടിക്കുന്നതു് ചിത്രപ്പെടുത്തിക്കൊണ്ടു്. ഈ പരിസരത്തിൽ ഒരു തെങ്ങു കാണുമ്പോൾ പോലും പിറന്ന നാടിന്റെ ഓർമ്മയുണരുന്ന മറുനാടൻ ജീവിതത്തിന്റെ കഥയായ ‘ആസ്സാം പണിക്കാരെ’ ചേർത്തുവെയ്ക്കുന്നതിനു് സവിശേഷമായ ചാരുതയുണ്ടു്. ആദ്യത്തേതിലെ സ്വപ്നത്തിനും രണ്ടാമത്തേതിലെ യാഥാർത്ഥ്യത്തിനും ഉള്ള പ്രത്യേകമായ പ്രസക്തികൾ തൊട്ടുകാണിച്ചിട്ടുണ്ടു്; അവ രണ്ടും സ്നേഹമായി പരിണമിക്കുന്നതെങ്ങനെയെന്നും. ഈ ആലോചന സാഹിത്യചരിത്രത്തിലേയ്ക്കു് നീണ്ടുചെല്ലുകയാണു്. “ചങ്ങമ്പുഴയും വൈലോപ്പിള്ളിയും സ്വന്തം ഗ്രാമങ്ങളിലെ കൈകൊട്ടിക്കളിപ്പാട്ടുകളെയും തിരുവാതിരപ്പാട്ടുകളെയും നാടോടിപ്പാട്ടുകളെയും അളവറ്റു സ്നേഹിച്ചിരുന്നു. ആ പാട്ടുകളുടെ താളങ്ങൾക്കും ശീലുകൾക്കും അവർ സ്വന്തം കൃതികളിലൂടെ മാന്യത നൽകി എന്നതും ഗൃഹാതുഹരത്വത്തെ അതിന്റെ സൂക്ഷ്മസ്വഭാവത്തിൽ പ്രകാശിപ്പിക്കുന്നു.” (ഗൃഹാതുരത്വത്തിന്റെ വിഭിന്നസ്വരങ്ങൾ)
ഈ കവികൾ സ്ത്രീവ്യക്തിത്വത്തെ ആവിഷ്കരിച്ചതിലുള്ള വ്യത്യാസങ്ങൾ പ്രധാനമാണു്—സ്ത്രീവാദം മുന്നേറിവരുന്ന ഇക്കാലത്തു് വിശേഷിച്ചും. “നിയതമായ ജീവിതവീക്ഷണമില്ലാത്ത” ചങ്ങമ്പുഴയുടെ സരളതയും വൈകാരികതയും ക്ഷിപ്രപ്രതികരണരീതിയും ഒ. എൻ. വി. ആമുഖമായി എടുത്തു പറയുന്നുണ്ടു്. സ്ത്രീവർണ്ണനയിൽ ചങ്ങമ്പുഴ ഉപയോഗിക്കുന്ന കടുംചായങ്ങളും അമൂർത്തശൈലിയും ശ്രദ്ധിക്കണം. അവിടെ ദേവതയും പിശാചും മനുഷ്യസ്ത്രീയും ഒക്കെയായി സ്ത്രീ മാറുകയാണു്.
സ്ത്രീത്വത്തെ സംബന്ധിച്ച ‘സത്യത്തിന്റെ സൂക്ഷ്മസങ്കീർണ്ണതകളി’ലേയ്ക്കാണു് ‘നെഞ്ചുകീറി നേരിനെക്കാട്ടുന്ന’ വൈലോപ്പിള്ളി നമ്മെ കൊണ്ടുപോവുന്നതു്. അവിടെ സ്ത്രീ ആരാധിക്കപ്പെടേണ്ട മൂർത്തിയല്ല, വെറുക്കപ്പെടേണ്ട പിശാചല്ല—പിന്നെയോ, സ്ത്രീ മാത്രം. ചങ്ങമ്പുഴ അപ്പപ്പോൾ കാണുന്ന സത്യം വിളിച്ചുപറയുന്ന കുട്ടിയാണെങ്കിൽ വൈലോപ്പിള്ളി വിഗ്രഹങ്ങൾ വെറും കല്ലാണെന്നുവെച്ചു് തൊഴാൻ മടിച്ചു നിൽക്കുന്ന കുട്ടിയാണു്.
ഇവിടെയും സ്വപ്നത്തിന്റെ ലാളിത്യവും യാഥാർത്ഥ്യത്തിന്റെ സങ്കീർണ്ണതയും തമ്മിലുള്ള സമാന്തരത തന്നെയാണു് പുലരുന്നതു്: ചങ്ങമ്പുഴ സൗന്ദര്യത്തിന്റെ സത്യം ആവിഷ്ക്കരിച്ചു; വൈലോപ്പിള്ളി സത്യത്തിന്റെ സൗന്ദര്യവും.

പ്രേമഗായകനായി വമ്പിച്ച പ്രീതിനേടിയ ചങ്ങമ്പുഴ, പരക്കെ അറിയാവുന്നപോലെ, കാല്പനികതയുടെ വൈകാരികതയ്ക്കു് ചേർന്ന വിധം സൗന്ദര്യത്തെയും പ്രണയാർദർശത്തെയും യുവമിഥുനങ്ങളുടെ സ്നേഹദാഹത്തെയും വാഴ്ത്തിപ്പാടി. വൈലോപ്പിള്ളിയാകട്ടെ, “വധൂഹൃദയത്തിൽ മാതൃവാത്സല്യത്തിന്റെ തേൻകണങ്ങളും പുരുഷനിൽ സഹതാപാർദ്രമായ സ്നേഹവും” കാണാനിഷ്ടപ്പെട്ടു. “സ്ത്രീയെയും പുരുഷനെയും വാക്കും അർത്ഥവും പോലെ സംപൃക്തമാക്കുന്ന ഒരുത്ക്കൃഷ്ട ഭാവമായി പ്രേമത്തെ സങ്കല്പിച്ച” കാളിദാസന്റെയും കുമാരനാശാന്റെയും പരമ്പരയിലാണു് വൈലോപ്പിള്ളി ചേർന്നുനില്ക്കുന്നതു്. പ്രേമം ചങ്ങമ്പുഴയിൽ താരുണ്യത്തിന്റെ സ്വപ്നത്തിൽ കുതിർന്ന വൈകാരികതയാണെങ്കിൽ വൈലോപ്പിള്ളിയിൽ അതു് മധ്യവയസ്സിന്റെ വിവേകിതയിൽ അടിയുറച്ച സ്നേഹഭാവമാണു്. അതുകൊണ്ടാണു് ചങ്ങമ്പുഴയിൽ കാണുംപോലെ, സ്നേഹം ദുഃഖമോ ഉന്മാദമോ വേദനയുടെ ലഹരിയോ ആയി വൈലോപ്പിള്ളിയിൽ കത്തിപ്പടരാത്തതു്. അതുകൊണ്ടുതന്നെയാവാം സ്നേഹം നിഗ്രഹോത്സുകമാവാമെന്നും നിഗ്രഹോത്സുകതയിലും സ്നേഹമുണ്ടാവാമെന്നും വൈലോപ്പിള്ളി തിരിച്ചറിയുന്നതു്.
വിപരീതദിശകളിൽ സഞ്ചരിക്കുന്ന മറ്റൊരു പ്രധാനപാതയിലേയ്ക്കു് ഒ. എൻ. വി. ചൂണ്ടുപലക നാട്ടുന്നു. കാവ്യരചന സാംസ്കാരിക പ്രവർത്തനമാണെന്നു് ചങ്ങമ്പുഴ കണക്കാക്കുകയില്ല. വൈലോപ്പിള്ളിയുടെ സർഗ്ഗാത്മകതയിൽ ഈ ബോധം ശക്തമായും സൂക്ഷ്മമായും പ്രവർത്തിച്ചിരുന്നു.
ഇതാണു് തീർപ്പു്: “സമാന്തരപഥങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടു് ചങ്ങമ്പുഴയും വൈലോപ്പിള്ളിയും താന്താങ്ങളുടെ സ്വത്വം വാറ്റിയെടുത്തു് നമുക്കു് നിവേദിച്ചതു് വായിച്ചുതീരാത്ത കവിതകളാണു്.”
നാടൻ ശീലുകളുടെ ഈണവും താളവും ഇരുവരിലും ജീവിക്കുന്നതു് എങ്ങനെയാണെന്നും ചങ്ങമ്പുഴയിൽ വൃത്തശില്പം പ്രവർത്തിക്കുന്നതു് എങ്ങനെയാണെന്നും സാങ്കേതികതയുടെ അടിയുറപ്പോടെ വിവരിച്ചുതരുവാനും ഗ്രന്ഥകാരൻ ശ്രദ്ധിച്ചിട്ടുണ്ടു്. മലയാളിയുടെ കവിതാചരിത്രത്തിലേയ്ക്കും സംഗീതപാരമ്പര്യത്തിലേയ്ക്കും പുതിയ ഉൾക്കാഴ്ച നല്കുന്ന നിരീക്ഷണങ്ങളാൽ ശ്രദ്ധേയമാണു് ഈ ഭാഗം.

പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിനു് ചങ്ങമ്പുഴ, വൈലോപ്പിള്ളി എന്നിവരോടുള്ളതു് പരോക്ഷബന്ധമാണു്—സംഗീതത്തിന്റെയും താളത്തിന്റെയും കാവ്യകലയുടെയും വഴികളെപ്പറ്റി ആലോചിച്ചു ചെല്ലുന്ന ഈ ലേഖനങ്ങൾ മറ്റൊരു നിലയ്ക്കു് ഈ കവികളുടെ രചനകൾ അടുത്തറിയാൻ ഉപകാരപ്പെടും. അനുഭൂതികൾ സംഗീതസാന്ദ്രമായി ആവിഷ്കരിക്കുന്നതിൽ വിജയം നേടിയ കവിയും ലോകത്തിന്റെ പല ഭാഗത്തുള്ള കവിതകൾ മനസ്സിരുത്തി പഠിച്ച അധ്യാപകനും ആയ ഗ്രന്ഥകാരന്റെ അറിവും അനുഭവവും ആലോചനയിൽ ലയിച്ചു ചേരുന്നതിന്റെ ആവിഷ്കാരം ഇവിടെക്കാണാം.
വൃത്തവും താളവും കവിതയ്ക്കു് കൈവിലങ്ങാവുന്നു എന്നു് ആലോചിക്കുന്നവരുണ്ടു്. ഒ. എൻ. വി. എഴുതുന്നു: “കവിത ആരുടെയും കണ്ടുപിടിത്തമല്ലാത്തതുപോലെ, ഛന്ദസ്സും ആരുടെയും കണ്ടുപിടുത്തം അല്ല. ഛന്ദസ്സും സ്വയമേവാഗതമാണു്.” കവിതയുടെ സ്വാച്ഛന്ദ്യവും കവിയുടെ സ്വാതന്ത്ര്യവും, നഷ്ടപ്പെടുത്തുന്ന ഒന്നിലും സ്വാഭാവികമായും ഈ കവിക്കു് താല്പര്യമില്ല. മുക്തഛന്ദസ്സിനെ നിരാകരിക്കാത്ത അദ്ദേഹം ഓർമ്മിപ്പിക്കുന്നു: “അന്തര്യാമിയായ ഒരു താളം ഏതു കവിതയിലും ഉണ്ടാവാതെ വയ്യ. വിദഗ്ദ്ധഛന്ദസ്സായവനേ മുഗ്ധച്ഛന്ദസ്സാവാനൊക്കൂ.” ചങ്ങമ്പുഴയ്ക്കും വൈലോപ്പിള്ളിക്കും എന്ന പോലെ ഒ. എൻ. വി.-ക്കും താളം ശ്വസോച്ഛ ്വാസത്തിന്റെ ഭാഗം തന്നെ.
ഭാവഗീതത്തെപ്പറ്റിയുള്ള പ്രൗഢമായ പഠനത്തിൽ കിഴക്കും പടിഞ്ഞാറും അതിന്റെ സമാന്തരതകൾ എങ്ങനെ വെളിപ്പെടുന്നു എന്നാണു് ആലോചിക്കുന്നതു്. “ഗീതമായി പരിണമിക്കുന്ന ഭാവം” എന്നു് ഭാവഗീതത്തെ ഒ. എൻ. വി. നിർവചിക്കുന്നു. “കവിതയുടെ ഏറ്റവും പ്രാചീനവും ഇന്നും ചൈതന്യത്തോടെ നിലനില്ക്കുന്നതുമായ രൂപം” എന്നു് താൻ വിചാരിക്കുന്ന ഭാവഗീതം അത്തരമൊരു പേരു് വിളിച്ചില്ലെങ്കിൽത്തന്നെയും പണ്ടത്തെ ഭാരതത്തിലും ഉണ്ടായിരുന്നു എന്നാണു് അദ്ദേഹത്തിന്റെ നില. അതിന്റെ സവിശേഷതകളിൽ പ്രധാനം സംഗീതാത്മകതയാണു്. ഉദാഹരണം തേടി അദ്ദേഹം ചങ്ങമ്പുഴയിലും വൈലോപ്പിള്ളിയിലും ചെന്നെത്തുന്നു; അവരെ പ്രചോദിപ്പിച്ച പാശ്ചാത്യകവികളിലും.
കാവ്യകലയെപ്പറ്റി ആശാനും വള്ളത്തോളും എഴുതിയ പ്രശസ്തകവിതകളുടെ താരതമ്യം ആ കാവ്യസങ്കല്പങ്ങളിലൂടെ അവരുടെ കവിതകളിലേയ്ക്കു് ഒരു കിളിവാതിൽ തുറന്നിടുന്നു.

കാവ്യപ്രചോദനത്തെപ്പറ്റി നിരൂപകന്മാർ പലപാടു് പറഞ്ഞിട്ടുണ്ടു്. ഇവിടെ അനുഭവത്തിന്റെ ആധികാരികതയോടെയും പഠനത്തിന്റെ പിൻബലത്തോടെയും സിദ്ധിയും പ്രചോദനവും സാധനയും സാമൂഹ്യവീക്ഷണവും ഒത്തു ചേരുന്നതെങ്ങനെ എന്നു് ഒ. എൻ. വി. വിശകലനം ചെയ്യുന്നുണ്ടു്. ബംഗാളിലെ നാടോടികളായ ബാവുൽഗായകരെപ്പറ്റിയുള്ള വർണ്ണന ആ നാടൻഗാനസാഹിതീപാരമ്പര്യത്തിന്റെ സുഖാനുഭവം മലയാളത്തിലേയ്ക്കു പറിച്ചു നടുന്നു.
നിരീക്ഷണത്തിലെ വ്യത്യസ്തത, കാല്പനികചാരുത മുറ്റിയ ഭാഷയിൽ അടയാളപ്പെടുത്തുന്നു എന്നൊരു കാര്യം ഈ പുസ്തകത്തെപ്പറ്റി വിശേഷാൽ എടുത്തു പറയണം. സാഹിത്യനിരൂപണത്തെ സാമൂഹ്യചരിത്രവുമായി കണ്ണിചേർക്കുന്ന ഈ വാക്യം നോക്കു: “സ്വപ്നങ്ങളിൽ മയങ്ങി നില്ക്കുന്ന ഒരു കന്യകയെപ്പോലെയുള്ള ഗ്രാമത്തിന്റെ ചിത്രം ചങ്ങമ്പുഴ വരച്ചതു് എല്ലാ മനസ്സുകളിലും ചെന്നു പതിഞ്ഞു—ആയിടയ്ക്കു് രവിവർമ്മ ചിത്രങ്ങൾ നമ്മുടെ വീട്ടുചുമരുകളെ അലങ്കരിച്ചതുപോലെ.” (ആമുഖം)
വിഷാദാമഗ്നനായ കവിയെ വർണ്ണിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന ഈ ഉപമയോ: “ഒരു താമരയിലകൊണ്ടു് തന്റെ ഇണ മറയ്ക്കപ്പെട്ടാൽ കൂടി വിരഹാതുരമായി ഉറക്കെ വിലപിച്ചുപോകുന്ന ചക്രവാകത്തെപ്പോലെയായിരുന്നു ചങ്ങമ്പുഴ.” (ആമുഖം)
വൈലോപ്പിള്ളിയുടെ ‘പടക്കളത്തിലെ പൂമ്പാറ്റ’യെക്കുറിച്ചുള്ള നിരീക്ഷണമാണിതു്: “ചോരകൊണ്ടു് വിരാമചിഹ്നമിട്ട ഒരു ഗൃഹാതുരത്വത്തിന്റെ ദുരന്തകഥയാണതു്.” (ഗൃഹാതുരത്വത്തിന്റെ വിഭിന്നസ്വരങ്ങൾ)
കേരളീയർക്കു് അടുത്തു പരിചയമുള്ള ഒ. എൻ. വി. അതിപ്രശസ്തനായ കവിയും അത്യന്തം ജനകീയനായ ഗാനരചയിതാവും ആണു്. പലതലങ്ങളിലുള്ള ചൂഷണങ്ങൾക്കെതിരായി നടന്ന സമരങ്ങളിൽ പാവപ്പെട്ടവരുടെ പക്ഷത്തു് നിലയുറപ്പിച്ച പോരാളിയായും പല തലമുറകളിലേയ്ക്കു പടരുന്ന ശിഷ്യസമൂഹത്തിന്നു് സാഹിത്യത്തിന്റെ അകത്തളത്തിലേയ്ക്കു വഴികാട്ടിയ ഗുരുനാഥനായും ഒ. എൻ. വി.യെ നമുക്കറിയാം. ഇതിന്റെയെല്ലാം തിളക്കത്തിൽ നമ്മുടെ സജീവശ്രദ്ധയിൽനിന്നു് തെന്നിമാറുന്നുവെങ്കിലും വിവർത്തകനും (കാൾ മാർക്സിന്റെ കവിതകൾ) ബാലസാഹിത്യകാരനും (വളപ്പൊട്ടുകൾ) കഥയെഴുത്തുകാരനും (ബലി) ഒക്കെയായി രൂപം പകരുന്ന മറ്റൊരു ഒ. എൻ. വി.-യുണ്ടു്. ആ വസ്തുതയിലേയ്ക്കു് ചൂണ്ടിയാണു് പ്രസക്തമായ ചിന്തകളാൽ സമ്പന്നമെങ്കിലും ലളിതമായ ഭാഷയാൽ അനുഗൃഹീതമായ ഈ നിരൂപണപുസ്തകം നില്ക്കുന്നതു്.
കവിതയിലെ സമാന്തരരേഖകൾ: ഒ. എൻ. വി. കുറുപ്പു്, രണ്ടാംപതിപ്പു്: ഗ്രീൻബുക്സ്, തൃശൂർ: ഫെബ്രുവരി 2005.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.