പണ്ടുള്ളവർ പറയും, ‘നാക്കുള്ളവനു് നാട്ടിൽ പാതി’ എന്നു്. നാട്ടിൽ പാതി കിട്ടാൻ നാക്കു് കൊണ്ടു നിങ്ങൾ ചെയ്യേണ്ട പ്രവൃത്തി എന്തു്?
നാക്കു് നക്കാനുള്ളതാണു്! കാലുനക്കുന്ന നാക്കുകൊണ്ടേ നേടാൻ കഴിയൂ. ഏതു കാലാണു് നക്കേണ്ടതു് എന്നല്ലേ? ഏതു കാലുമാവാം കാര്യം കാണാനാണല്ലോ; കഴുതക്കാലു വരെയാവാം. സന്ദർഭം നോക്കി നക്കുന്ന കാലും മാറ്റണം! അത്തരം പ്രായോഗികബുദ്ധി കൈമുതലായി ജീവിക്കുന്നവന്റെ പേരാകുന്നു “ശിങ്കിടി”.
കഥകളിയിലെ പിൻപാട്ടുകാരനെ ‘പൊന്നാനി’ എന്നു വിളിക്കുന്നു. അയാൾ പാടുന്നതു് ഏറ്റുപാടുന്നവനെ ‘ശിങ്കിടി’ എന്നും. ആ ശിങ്കിടിയാണു് കാലക്രമത്തിൽ ശിങ്കിടിയായതു്. ശിങ്കിടി മലബാറുകാരനാണു്. ഇലത്താളം അഥവാ കൈമണി മുട്ടിപ്പാടുന്ന ഇയാളെ തിരുവിതാംകൂറിൽ ‘കൈമണി’ എന്നു വിളിക്കും. ആ വഴിക്കാണു് ശിങ്കിടിയും കൈമണിയും ഇരട്ടപെറ്റവരായതു്. ശിങ്കിടിത്തരം നമ്മുടെ നാട്ടിൽ ‘ശ്ശി’ കൂടും. ഇന്നു് ഈ ഏർപ്പാടിന്റെ പേരു് പറയൽ, സോപ്പിടൽ, വെണ്ണയിടൽ, ഓയിലിംഗ് എന്നൊക്കെ മാറിയിട്ടുണ്ടെന്നു മാത്രം.
പഴയ കാലത്തു് നമ്മുടെ രാജാക്കന്മാരുടെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്നു് വൈതാളികന്മാരുടെ മുഖസ്തുതി കേട്ടു് ആനന്ദിക്കുകയായിരുന്നു. സ്തുതിപാടൽ കുലത്തൊഴിലായി സ്വീകരിച്ച സൂതൻ എന്നൊരു ജാതി തന്നെ നമ്മുടെ നാട്ടിലുണ്ടായിരുന്നു! രാജകൊട്ടാരത്തിലെ മഹാകവികളുടെ സർഗ്ഗശ്ശേഷി ഏറെയും ഈ വഴിക്കു് ചെലവായിപ്പോയി. പക്ഷേ, അന്നു് ഇതൊരു വൺവേ ഏർപ്പാടായിരുന്നു. എല്ലാവരും രാജാവിനെ സ്തുതിക്കും രാജാവു് ആരെയും സ്തുതിക്കേണ്ടതില്ല. ഇന്നു സ്ഥിതി കുറെക്കൂടി ദയനീയമാണു് പരസ്പരം മുഖസ്തുതി പറയുന്ന “ശിങ്കിടിഗ്രൂപ്പു”കൾക്കിടയിലാണു് നാം ജീവിക്കുന്നതു്. ഒരേ രാഷ്ട്രീയപ്പാർട്ടിയിൽ നിലനില്ക്കുന്ന ലോബികളും ഗ്രൂപ്പുകളും ഇതിനു ഉദാഹരണമാണു്. പരസ്പരം ഉദ്ധരിച്ചും ഉദാഹരിച്ചും പരാമർശിച്ചും സാഹിത്യകാരന്മാരുടെ ക്ലിക്കുകൾ നടത്തുന്ന കളി ഈ തന്ത്രമാണു്. സർവ്വകലാശാലകളിലും അക്കാദമികളിലും പത്രമാസികകളിലുമൊക്കെ ഇന്നു ശിങ്കിടിശല്യം കൂടിയിരിക്കുന്നു. കച്ചവടക്കാരും കാശുകാരും സ്ഥലത്തെ പ്രധാനചികിത്സകന്മാരും സിംഹപ്രതാപത്തോടെ നടത്തുന്ന ക്ലബ്ബുകളിൽ മുഖസ്തുതിയുടെ ഈ ചക്രഗതികാണാം.
ഇവിടെ ഒരു കാര്യംകൂടി ശ്രദ്ധേയമായിരിക്കുന്നു: പഴയ രാജാക്കന്മാരിൽ പലരും മുഖസ്തുതിക്കാരെക്കാൾ വിലമതിച്ചിരുന്നതു് കളിയാക്കലും വിമർശനവും ഒന്നിച്ചുനടത്തിയിരുന്ന ആ വിദൂഷകനെയാണു്. ഒരു കൊട്ടാരം വിദൂഷകനെയോ, ഒരു ചാക്യാരെയോ ഇന്നത്തെ നമ്മുടെ എത്ര ഭരണാധികാരികൾ സഹിക്കും?
ഇന്നത്തെ രാജാക്കാന്മാർക്കു് അവരെയൊന്നും കൺവെട്ടത്തു കണ്ടുകൂടാ. കാർട്ടൂൺ കാണാനുള്ള ശേഷി പോലും മിക്കവർക്കും ഇല്ല. “യെസ്സ് മൂളുന്നതു” മാത്രമേ അവർക്കു് കേൾക്കേണ്ടൂ.
ശിങ്കിടിത്തരമില്ലാത്ത വല്ലവരും എങ്ങാനും ഉണ്ടെങ്കിൽ അവരെ നിശ്ശബ്ദരാക്കിക്കളയുന്ന മട്ടിലാണു് ഭരണാധിപന്മാരും രാഷ്ട്രീയനേതാക്കന്മാരും അധികാരം നടത്തുന്നതു്. നമ്മുടെ നാട്ടിൽ എല്ലാ പാർട്ടികളും ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നു. എന്നാൽ അവയിൽ മിക്കതിനകത്തും ജനാധിപത്യം മാത്രമില്ല!

അതുകൊണ്ടുതന്നെ ശിങ്കിടികൾ ഇന്നു് അവരുടെ ഏറ്റവും വലിയ മേഖലയായി രാഷ്ട്രീയത്തെ മനസ്സിലാക്കിയിരിക്കുന്നു. ശിങ്കിടിത്തരവുമായി നിങ്ങൾ എവിടെ വിജയിച്ചില്ലെങ്കിലും രാഷ്ട്രീയത്തിൽ വിജയിക്കും. ദേശീയതലത്തിലും പ്രാദേശികതലത്തിലും ഇതിനു ഉദാഹരണങ്ങൾ എത്രയെങ്കിലും ഉണ്ടു്.
ശിങ്കിടിരാഷ്ട്രീയത്തിന്റെ ഇരയായിത്തീർന്ന പലരുമുണ്ടു്. ഇങ്ങനെ ഇരകളാക്കപ്പെടുന്നവർക്കു് ഇല്ലാത്ത വമ്പും വീമ്പുമൊക്കെ ചുറ്റുമുള്ള ശിങ്കിടികൾ വിളിച്ചുപറയും. കേൾക്കുന്ന നേതാവു് വിശ്വസിച്ചുപോവുകയും ചെയ്യും. നമ്മുടെ കുഞ്ഞുണ്ണി ക്കവി പണ്ടേ പാടുകയുണ്ടായല്ലോ:
കൊതുകിനെക്കൊല്ലുവാനെന്തുനല്ലു?
‘ഗരുഡരേ’യെന്നു വിളിച്ചുനോക്കൂ.
ഈ വസ്തുത എല്ലാ ശിങ്കിടികൾക്കും കാണാപ്പാഠമാണു്. അവർ ഏതുകൊതുകിനെയും ‘ഗരുഡരേ’ എന്നുതന്നെ വിളിക്കുന്നു.
ശിങ്കിടി വിലമതിക്കുന്നതു നിങ്ങളെയല്ല, നിങ്ങൾ ഇരിക്കുന്ന കസേരയെയാണു്. അതിൽ ആരു് വന്നിരിക്കുന്നു. ആരു് അവിടെ നിന്നു ഇറങ്ങിപ്പോവുന്നു എന്നുള്ളതു് താരതമ്യേന അപ്രധാനമാണു്. കസേരയാണു് തഥ്യ! കേവലസത്യം! അവർ സ്നേഹിക്കുന്നതു് വ്യക്തി എന്ന മിഥ്യയെയല്ലെന്നു് ചുരുക്കം.
മലബാറിലെ മാപ്പിളമാർ പറയാറുണ്ടു്: അരിശമുള്ളേടത്തേ പിരിശമുള്ളു—ദേഷ്യമുള്ളേടത്തു് മാത്രമേ പ്രിയം ഉള്ളു എന്നർത്ഥം. ശിങ്കിടിക്കു് നിങ്ങളെ പിരിശമില്ലാത്തതുകൊണ്ട് നിങ്ങളുടെ ഒരു പ്രവൃത്തിയിലും അയാൾക്കു് അരിശം വരില്ല. അയാൾ ‘എല്ലാം മഹത്തരം’ എന്നൊരു പുഞ്ചിരിയോടെ നോക്കിയിരിക്കുന്നു. വല്ല അഭിപ്രായവും ചോദിച്ചു പോയാൽ, മുഖസ്തുതികൊണ്ടു് അയാൾ നിങ്ങളെ കിക്കിളിയാക്കും. നിങ്ങൾ ചിരിക്കുന്നു. അയാളും ചിരിക്കുന്നു. അയാൾ ചിരിക്കുന്നതു് നിങ്ങളെ തോല്പിച്ച ചിരിയാണു്!

ഇതൊക്കെയാണെങ്കിലും മുഖസ്തുതി എല്ലാവർക്കും ഇഷ്ടമാണു്. ബുദ്ധിയുള്ള മിക്കവരും മുഖസ്തുതി ഇഷ്ടമല്ലെന്നു് ഭാവിക്കാറുണ്ടു്. അവരെ വീഴ്ത്താൻ ശിങ്കിടികൾ കുറച്ചുകൂടി മെനക്കെടണം എന്നേയുള്ളു. ‘അങ്ങു് മുഖസ്തുതിയിൽ വീഴുന്നവനല്ലെന്നു് അറിയാം’ എന്നു് പറഞ്ഞിട്ടാണു് ഷേക്സ്പിയറു ടെ “ജൂലിയസ് സീസറി ”ൽ ഗൂഢാലോചനക്കാർ സീസറെ മുഖസ്തുതിയിൽ വീഴ്ത്തുന്നതു്! ബുദ്ധിമാന്മാർക്കുള്ള ഒരപകടം അവർക്കെപ്പോഴും അവരവരെപ്പറ്റി വളരെ നല്ല അഭിപ്രായമായിരിക്കും എന്നതാണു്. മറ്റേവൻ മൂളുന്നതു് അവന്റെ ശിങ്കിടിത്തരം കൊണ്ടല്ല. അവരവരുടെ യോഗ്യത കൊണ്ടാണു് എന്നു് അവർക്കു് വളരെ വേഗം തീർച്ചയാകും! ‘എന്റെ മുഖത്തുനോക്കി മുഖസ്തുതി പറയാനും നുണ പറയാനും ലോകത്തിനു ധൈര്യം വരില്ല’ എന്നൊരു തീർപ്പിലാണു് മിക്ക മാന്യന്മാരും ഇരിക്കുന്നതു്. പറയുന്നതു ലോകമാണെങ്കിലും എന്റെ മുഖത്തേക്കായതുകൊണ്ട് മുഖസ്തുതിയും കളവും വരികയില്ലെന്നു്!
ശിങ്കിടത്തരത്തെ തിരിച്ചറിയാനുള്ള വിഷമങ്ങളിൽ പ്രധാനം ശിഷ്യത്വത്തിന്റെ കോലം കെട്ടിയാണു് അതു വരുന്നതു് എന്നതത്രെ. ഉപദേശനിർദ്ദേശങ്ങൾ ചോദിച്ചുവരുന്ന ആരെയും ആർക്കും പഥ്യമാണു്. ആ ഇഷ്ടത്തിലാണു് ഈ ശിങ്കിടി അവന്റെ ആദ്യത്തെ അടി വെയ്ക്കുന്നതു്. മറ്റു് രണ്ടു് അടികൾ വെച്ചുകഴിഞ്ഞു എന്നു മനസ്സിലാക്കുമ്പോഴേയ്ക്കു് നിങ്ങൾ പാതാളത്തിലെത്തിയിട്ടുണ്ടാവും.
ചില ശിഷ്യന്മാർ ചീഞ്ഞു് ശിങ്കിടികളാവാറുണ്ടെങ്കിലും ശിഷ്യന്മാരെല്ലാം ശിങ്കിടികളല്ല. ഗുരുഭൂതന്മാരിൽ പലരും ശിഷ്യനെ ശിങ്കിടിയായും ശിങ്കിടിയെ ശിഷ്യനായും തെറ്റിദ്ധരിക്കാറുണ്ടു്. ഇവർക്കിടയിൽ എങ്ങനെ ഒരതിരു് വരയ്ക്കും എന്നു ചോദിച്ചാൽ ഉത്തരം പറയാൻ പണി. ആത്മാർത്ഥത കണ്ടാൽ നിങ്ങൾക്കു് തിരിച്ചറിയാമോ? എങ്കിൽ ശിഷ്യനെ വേറെ അറിയാം ഇല്ലെങ്കിലോ, പറഞ്ഞിട്ടു് ഫലമില്ല. അതു് തിരിച്ചറിയണമെങ്കിൽ അവനവന്റെ ഉള്ളിലും ആത്മാർത്ഥത വേണം. പരിചയമില്ലാത്ത ഒന്നു് നാം കണ്ടാലറിയുമോ?
ചുറ്റും ശിങ്കിടികളുണ്ടോ എന്നു അറിയാൻ ഒരു മാർഗ്ഗമേയുള്ളൂ. ശ്രദ്ധിയ്ക്കുക: ഏതെങ്കിലും തരത്തിൽ ഇത്തിരി അധികാരമോ പണമോ പ്രസിദ്ധിയോ ഉള്ള ആളാണു് നിങ്ങളെങ്കിൽ, കൂടെ എപ്പോഴും ആളു് കാണും. ആ ആളുകൾ നിങ്ങൾ പറയുന്ന ചില്ലറ കാര്യങ്ങൾകൂടി “ബ്രാഹ്മാണ്ഡസത്യങ്ങളാ”യി എടുക്കുന്നുണ്ടോ? മറ്റുള്ളവർ പറഞ്ഞാൽ തമാശയാകാത്ത ഒരു കാര്യം പറയുന്നതു് നിങ്ങളാണു് എന്ന ഒറ്റകാര്യം കൊണ്ടു തമാശയാകുന്നുണ്ടോ? നിങ്ങളുടെ ചെറിയ കാര്യങ്ങളിൽപോലും വലിയ താല്പര്യം കാണിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൂടിവരികയാണോ? നിങ്ങളുടെ വാക്കും പ്രവൃത്തിയും ഒരിക്കലും വിമർശിക്കപ്പെടാതെ പോകുന്നുണ്ടോ? ഉണ്ടെങ്കിൽ ചുറ്റും കാണുന്ന പച്ചച്ചിരി ആ ശിങ്കിടിപ്പായലിന്റേതാണു്. അതു വന്നു് നിങ്ങളെ മൂടുംമുമ്പേ വല്ലതും ചെയ്തില്ലെങ്കിൽ—
ചെയ്തില്ലെങ്കിൽ എന്താണു് അപകടം എന്നല്ലേ? നിങ്ങളെ വാസ്തവത്തിൽ സ്നേഹിക്കുന്ന വല്ലവരുമുണ്ടെങ്കിൽ അവർ അകന്നു പോവും. ശിങ്കിടിയെക്കൊണ്ടുള്ള ഉപദ്രവം അവർ സ്വന്തം കാര്യം നേടുന്നു എന്നതല്ല. നിങ്ങളുടെ കാര്യങ്ങൾ കുളമാക്കുന്നു എന്നതാണു്. അവന്റെ കൈയിലെ പ്രധാനായുധം പരദൂഷണവും ഏഷണിയുമാണു് ഇതു് രണ്ടും ഉപയോഗിച്ചു് നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കളെയും ശിഷ്യന്മാരെയും അകറ്റിയിട്ടാണു് അവൻ അടുക്കുന്നതു്. നിങ്ങൾ അവനെ സ്നേഹിക്കുന്നതിന്റെ പത്തിലൊന്നുപോലും അവൻ നിങ്ങളെ സ്നേഹിക്കുന്നില്ല. ആ അടുപ്പംകൊണ്ടു് നേടുന്നതു് അവനും നഷ്ടപ്പെടുന്നതു് നിങ്ങളുമായിരിക്കും.
തിരിച്ചറിയുംവരെ ശിങ്കിടിയെ കരുതിയിരിക്കാനാവില്ല. പക്ഷേ, മുഖസ്തുതിയെ കരുതിയിരിക്കാം. നിങ്ങളുടെ മുഖത്തുനോക്കി അഭിനന്ദനം വേണ്ടതിലേറെ വിസ്തരിച്ചും ആവർത്തിച്ചും പറയുന്ന ആരെയും സൂക്ഷിക്കണം. ആവശ്യത്തിലേറെ വിനയം കാണിക്കുന്നവനെപ്പറ്റി എപ്പോഴും ഒരു കണ്ണു് വേണം. കാരണം ആത്മാർത്ഥതയുള്ളവർക്കൊന്നും ഇത്തരം വികാരങ്ങൾ അങ്ങനെ കാറ്റത്തുവെയ്ക്കാനാവില്ല.
സ്വയം ശിങ്കിടിയാവാൻ ഇഷ്ടപ്പെടാത്തവർ കൂടി തനിക്കു് ശിങ്കിടികളുണ്ടാവുന്നതു് ഇഷ്ടപ്പെടുന്നു. കൂടുതൽ അപകടം ഈ രണ്ടാമത്തേതാണു് നിങ്ങൾ ശിങ്കിടിയായാൽ നഷ്ടപ്പെടുന്നതു വേറെ വല്ലവരുമായിരിക്കും. നിങ്ങൾക്കു് ശിങ്കിടികളുണ്ടായാലോ, നിങ്ങളുടെ കാര്യം പോയതുതന്നെ. നിങ്ങളെപ്പോലെ പത്താൾക്കു് മുങ്ങിച്ചാകാനുള്ള ചെളിക്കുണ്ടു് നിങ്ങളുടെ ശിങ്കിടികളിലൊരാൾക്കു് ഒറ്റയക്കു് ഉണ്ടാക്കാൻ കഴിയും.
മുഖസ്തുതി സുഖമാണു്; ലഹരിയാണു്—മദ്യംപോലെ അതും ശീലമാകും. അതും നിങ്ങളെ അടിമയാക്കും. പിന്നെ നിങ്ങൾക്കു് ഒരഭിപ്രായഭേദവും പൊറുപ്പിക്കാൻ പറ്റില്ല. പിന്നെ പുനരാലോചനയുടെ ആവശ്യമില്ല; സാദ്ധ്യവുമല്ല. നിങ്ങൾ ആലോചിച്ചും അല്ലാതെയും ചെയ്യുന്ന പ്രവൃത്തികളൊക്കെ ‘ലോകോത്തര’മായി വരുന്നുണ്ടല്ലോ! എതിരു് പറയാൻ ചുറ്റും ആരുമില്ല എന്ന ആലോചന തന്നെ എന്തൊരു സുഖമാണു്!
മുഖസ്തുതി പറയുന്നതു് ശീലമായിത്തീർന്നവരും ഉണ്ടു്. അവർക്കു് അതും ഒരു ലഹരി അവരിൽ പലപ്പോഴും ശിങ്കിടിത്തരം ജന്മവാസന പോലെ പ്രവർത്തിക്കുന്നതു കാണാം. മേലാവിനെ അവർ സ്വയം അറിയാതെ തന്നെ സ്തുതിച്ചുപോകും. അങ്ങനെയുള്ളവരെ കൂടുതൽ കരുതിയിരിക്കുക. മുകളിലുള്ളവനെ നക്കുകയും കീഴിലുള്ളവനെ ചവിട്ടുകയും എന്നതാണിവരിൽ മിക്കവരുടെയും ഏർപ്പാടു്. ഏതു ചെറിയ അധികാരത്തോടും അവർക്കു് വിധേയത്വമാണു്. ബസ്സിൽ കണ്ടക്ടരും യാത്രക്കാരനും തമ്മിൽ ഒരു കശപിശയുണ്ടായാൽ അവർ തെറ്റും ശരിയും നോക്കാതെ അല്പം അധികാരമുള്ള കണ്ടക്ടരുടെ ഭാഗം പറഞ്ഞു പോവും.

സേവപറച്ചിലിൽ അടങ്ങിയിരിക്കുന്ന അശ്ലീലം മലയാളിക്കു് വളരെ നേരത്തെ പിടികിട്ടിയിട്ടുണ്ടെന്നാണു് എന്റെ വിചാരം. കാരണം ഇവിടെ ഉദാഹരിക്കാൻ വയ്യാത്തവിധം അശ്ലീലമായ ഭരണിപ്പാട്ടിലെ ഓരോ വരിയേയും തുടർന്നുവരുന്നതു് “നേരാണേ അതു നേരാണേ” എന്നാണല്ലോ. തെറിപ്പാട്ടിലെ ഈ വരിയും അശ്ലീലമാണു്. മുൻ വരിയേക്കാൾ വലിയ അശ്ലീലം. തെറി കേട്ടാലുണ്ടാകുന്ന ക്ഷോഭം മുഖസ്തുതി കേട്ടാലും ഉണ്ടാകണം.
ആളുകൾ ശത്രുവിനെ വെറുക്കുന്നു, ശിങ്കിടിയെ ഇഷ്ടപ്പെടുന്നു. ശത്രുവിനെക്കാൾ നാശകാരിയാണു് ഈ ഇത്തിക്കണ്ണി എന്നു് അവർ മറന്നുപോകുന്നു. ഏതു ശത്രുവിനെയും നിങ്ങൾക്കു് കരുതിയിരിക്കാം. ശിങ്കിടിയോടു എന്തു നിവൃത്തി? അവൻ എപ്പോഴും എവിടെയും എന്നും നിങ്ങളോടൊപ്പമുണ്ടു്. നിങ്ങളുടെ ഒരു ഭാഗമാണവൻ എന്നു് നിങ്ങൾക്കു തന്നെയും തോന്നിപ്പോകുന്നു.

ശത്രു നിങ്ങളുടെ തേജസ്സിനെ ഉജ്ജ്വലിപ്പിക്കുന്നു. ശത്രുവാണു് നിങ്ങളുടെ വലിപ്പം നിശ്ചയിക്കുന്നതു്. ചരിത്രത്തിലെ എല്ലാ മഹാന്മാർക്കും വലിയ ശത്രുക്കളും ഉണ്ടായിരുന്നുവല്ലോ. ശത്രു നിങ്ങളുടെ വ്യക്തിത്വത്തെ തട്ടിയുണർത്തുന്നവനാണു്. ആ വ്യക്തിത്വത്തെ മൂടിയുറക്കുന്നവനാണു് ശിങ്കിടി. ഇത്തരം “സുഹൃത്തുക്കളെ” പേടിച്ചാണു് വോൾട്ടയർ പ്രാർത്ഥിച്ചതു്: “ദൈവമേ എന്റെ സുഹൃത്തുക്കളിൽനിന്നു് എന്നെ രക്ഷിക്കേണമേ, ശത്രുക്കളെ ഞാൻ സ്വയം നേരിട്ടുകൊള്ളാം.”
ശത്രു നമ്മുടെ വ്യക്തിത്വത്തിന്റെ എതിരറ്റമാണു്. ശിങ്കിടിയാകട്ടെ, നമ്മുടെ വ്യക്തിത്വത്തിന്റെ വിസർജ്ജനവസ്തുവും.
ജോർജ്ജ് ബർണാഡ് ഷാ ഈ ശിങ്കിടിയെ മാത്രമേ പേടിച്ചിട്ടുള്ളൂ. അതുകൊണ്ടു് അദ്ദേഹം തലയിൽ കൈവെച്ചു് നിലവിളിച്ചു:
“നിങ്ങൾ എന്നോടു് യോജിക്കുന്നു എന്നു പറയരുതേ. അതു കേൾക്കുമ്പോൾ ഞാൻ പറഞ്ഞതിൽ എന്തോ കാര്യമായ പിശകുണ്ടു് എന്നു തോന്നിപ്പോവുന്നു.”
ഹിജ്റ മാസിക: ഏപ്രിൽ 1982.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.