സ്ത്രീജന്മത്തിന്റെ ദുഃഖങ്ങളിലേക്കും ദുരിതങ്ങളിലേക്കും എന്നും കണ്ണു നട്ടുനിന്ന കഥാകൃത്താണു് ബഷീർ. അദ്ദേഹത്തിന്റെ ആദ്യത്തെ കഥയായ ‘എന്റെ തങ്ക’(1938: പിന്നീടു് ‘തങ്കം’)ത്തിൽത്തന്നെ ഈ സ്ത്രീപക്ഷം ആരംഭിക്കുന്നുണ്ടു്.
സൗന്ദര്യം ബാഹ്യരൂപത്തിന്റേതല്ലെന്നും ആന്തരഭാവത്തിന്റേതാണെന്നും സൂചിപ്പിക്കുന്ന ഈ കൊച്ചുകഥ സ്ത്രീത്വത്തിന്റെ കാരുണ്യവും സ്നേഹവായ്പും തെളിച്ചെഴുതുന്നുണ്ടു്.
ബഷീറിന്റെ ആദ്യത്തെ നോവൽ ‘ജീവിതനിഴൽപ്പാടുകളും’ സ്ത്രീത്വത്തിന്റെ ഈ അംശം എടുത്തുകാണിക്കുന്നു. ജബ്ബാർ എന്ന സുഹൃത്തു് മുഹമ്മദ് അബ്ബാസിനോടു് വസന്തകുമാരിയെപ്പറ്റി പറയുകയാണു്:
‘മനസ്സാ അവളതു് ചെയ്തുകാണുകയില്ല. ജീവിക്കുവാൻ മറ്റു സൗകര്യങ്ങളുണ്ടെങ്കിൽ മിക്ക സ്ത്രീകളും വേശ്യാവൃത്തി ഇഷ്ടപ്പെടുകയില്ല. അതികഠിനമായ വിശപ്പു്, അപരിത്യാജ്യങ്ങളായ ജീവിതാവശ്യങ്ങൾ അവളെ വേശ്യയാക്കിയിരിക്കാം. ആ ജീവിതാവശ്യങ്ങൾ വല്ലവരെയും ആലിംഗനം ചെയ്തിരിക്കാം. കഠിനമായ അവളുടെ വിശപ്പു് ആരെയെങ്കിലും ചുംബിച്ചിരിക്കാം. അവൾ, അവളുടെ സ്ത്രീത്വം അതൊന്നും ചെയ്തുകാണുകയില്ല. എനിക്കു തോന്നുന്നു, അവളുടെ ഹൃദയം പ്രേമത്തിനുവേണ്ടി കേഴുകയാണു്! ഒന്നു നിങ്ങളാലോചിച്ചുനോക്കൂ. നിർധനനായി, നിരാധാരനായി, ആ ചെറ്റക്കുടിലിൽ കിടന്നു നരകിച്ച നിങ്ങൾക്കു് എന്തിനവൾ സഹായം ചെയ്യാൻ മുതിരണം? എന്തു കണ്ടിട്ടവൾ നിങ്ങളെ മയക്കാൻ ശ്രമിക്കണം? കഷ്ടം! പ്രേമം നിറഞ്ഞ അവളുടെ ഹൃദയം നിങ്ങൾക്കു് കാഴ്ചയായി കൊണ്ടുവന്നു. നിങ്ങൾ അതു് നിരസിച്ചു.’ (പതിമൂന്നാം അധ്യായം)
മാതൃത്വത്തെപ്പറ്റി മലയാളത്തിൽ എഴുതപ്പെട്ട മഹത്തായ ചെറുകഥകളിലൊന്നാണു് ‘അമ്മ’. ജയിൽമോചിതനായി ബഷീർ വീട്ടിൽ തിരിച്ചെത്തുന്ന രംഗത്തിലാണു് കഥ അവസാനിക്കുന്നതു്:
‘രാത്രി മൂന്നുമണി കഴിഞ്ഞിരുന്നു. ഞാൻ വീട്ടിൽ, മുറ്റത്തു ചെന്നപ്പോൾ ‘ആരാണു്?’ എന്നു് എന്റെ മാതാവു് ചോദിച്ചു. ഞാൻ വരാന്തയിൽ കയറി. അമ്മ വിളക്കുകൊളുത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മാതിരി എന്നോടു് ചോദിച്ചു:’
‘നീ വല്ലതും കഴിച്ചോ മകനേ?’
‘ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ ആകെ വിങ്ങിപ്പൊട്ടി. ലോകമെല്ലാം ഉറങ്ങിക്കിടക്കുകയാണു്. എന്റെ മാതാവു് മാത്രം ഉറക്കമിളച്ചിരിക്കുന്നു! വെള്ളവും കിണ്ടിയും കൊണ്ടുവെച്ചിട്ടു് മാതാവു് എന്നോടു് കൈകാലുകൾ കഴുകാൻ പറഞ്ഞു. എന്നിട്ടു് ചോറുമ്പാത്രം നീക്കിവെച്ചുതന്നു.’
‘വേറൊന്നും ചോദിച്ചില്ല.’
എനിക്കു് അത്ഭുതം തോന്നി. ‘ഞാൻ ഇന്നു് വരുമെന്നു് ഉമ്മ എങ്ങനെ അറിഞ്ഞു?’
അമ്മ പറഞ്ഞു: ‘ഓ… ചോറും കറിയുംവെച്ചു് എല്ലാ രാത്രിയും ഞാൻ കാത്തിരിക്കും.’
‘നിസ്സാരമായ ഒരു പ്രസ്താവന. ഞാൻ ചെല്ലാതിരുന്ന ഓരോ രാത്രിയും അമ്മ ഉറക്കമിളച്ചു് എന്റെ വരവും കാത്തിരുന്നു.’
ഇന്നും മലയാളികൾ ചർച്ച ചെയ്യുന്ന മാതൃചിത്രങ്ങളിലൊന്നാണിതു്—സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മൂർത്തിയായ അമ്മയുടെ ചിത്രം.
ബാല്യകാലസഖി യിലെ മജീദിന്റെ ഉമ്മ മാതൃസ്നേഹത്തിന്റെ മറ്റൊരു തിളങ്ങുന്ന രൂപമാണു്. ക്ഷമയും അലിവും നിറഞ്ഞ രൂപം. ബഷീർ ആ കഥാപാത്രത്തിനു് പേരു് ഇട്ടിട്ടില്ല. ‘ഉമ്മ’ എന്നു മാത്രമേ പറയുന്നുള്ളൂ. ‘ഉമ്മ’യുടെ ഉദാഹരണമാണവർ എന്നാവാം വ്യംഗ്യം. പാത്തുമ്മയുടെ ആടു് എന്ന നോവലിൽ ബഷീറിന്റെ ഉമ്മയും സഹോദരിമാരും കഥാപാത്രങ്ങളായി നേരിട്ടു കടന്നുവരുന്നു. കുടുംബത്തിനുവേണ്ടി പലവിധമായ കഷ്ടപ്പാടുകൾ ഏറ്റുവാങ്ങുവാനുള്ള സ്ത്രീകളുടെ സ്നേഹസന്നദ്ധത അവിടെ ആവിഷ്ക്കരിക്കുന്നുണ്ടു്.
സൗന്ദര്യവും ബുദ്ധിശക്തിയും തന്റേടവും ഉള്ള യുവതികളാണു് ആ സാഹിത്യത്തിലെ കാമുകിമാരെല്ലാം. നോവലുകളിലെ സുഹ്റ (ബാല്യകാലസഖി), കുഞ്ഞുപാത്തുമ്മ (ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു!), നാരായണി (മതിലുകൾ), സാറാമ്മ (പ്രേമലേഖനം) എന്നീ നായികമാർ ഉദാഹരണം. മജീദിനേക്കാൾ ബുദ്ധി സുഹ്റക്കുണ്ടെന്നു് സ്കൂൾ കാലഘട്ടത്തിലേ തെളിയുന്നുണ്ടു്. വീടും നാടും ഉപേക്ഷിച്ചു് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത രാജ്യങ്ങളിലേക്കു് അലഞ്ഞെത്തണമെന്ന മജീദിന്റെ മോഹം ഒരിക്കൽ ബാപ്പയിൽനിന്നു് തല്ലു് കിട്ടുന്നതോടെ യാഥാർഥ്യമാകുന്നു. സുഹ്റയെപ്പറ്റി വേണ്ടത്ര ആലോചനയില്ലാതെ അയാൾ പോയി. മജീദ് സുഹ്റയെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ സുഹ്റ മജീദിനെ സ്നേഹിച്ചിരുന്നു. സാഹചര്യവശാൽ മറ്റൊരാളുടെ രണ്ടാംഭാര്യയായിത്തീരുമ്പോഴും അവളുടെ മനസ്സിൽ മജീദേയുള്ളൂ. ദീനം വന്നു് അകാലത്തിൽ മരിച്ചുപോകുമ്പോഴും അവൾ മജീദിനെപ്പറ്റി മാത്രമേ ആലോചിക്കുന്നുള്ളൂ.
നിഷ്കളങ്കമായ സ്ത്രീവ്യക്തിത്വത്തിനു് മലയാള നോവലിൽ കണ്ടു കിട്ടുന്ന മികച്ച മാതൃക കുഞ്ഞുപാത്തുമ്മയാണു്. പഠിപ്പും പത്രാസും പരിഷ്കാരവുമുള്ള ഒരുത്തിയെ കെട്ടാൻ പദ്ധതിയുമായി നടക്കുന്ന നിസാർ അഹമ്മദ് ഈ ഗ്രാമീണയുവതിയുടെ അപരിഷ്കൃതമായ ചാരുതയിൽ വീണു പോകുന്നു, എല്ലാ പഠിപ്പിന്റെയും മേലെയാണു്. എല്ലാ പരിഷ്കാരത്തിന്റെയും മേലെയാണു് മനുഷ്യമനസ്സിന്റെ പച്ചപ്പു് എന്നു് നിസാർ അഹമ്മദിനെ പഠിപ്പിക്കുന്നതു് ആ പെൺകിടാവാണു്. നിസാറിന്റെ സഹോദരി ആയിഷ ഉന്മേഷത്തിന്റെയും ഫലിതബോധത്തിന്റെയും പുരോഗമനചിന്തയുടെയും നല്ലൊരു ചേരുവ തന്നെ.
ഒരിക്കലും തമ്മിൽ കാണാതെ ശബ്ദം കേട്ടുമാത്രം മതിലിന്നപ്പുറത്തെ ആൺജയിലിലെ തടവുകാരനെ പ്രേമിക്കുന്ന നാരായണി പ്രണയേതിവൃത്തങ്ങളിലെ വിസ്മയമാണു്.
കേശവൻ നായരോടുള്ള പ്രണയം വളരെക്കാലം മറച്ചുവെക്കുകയും വീട്ടുകാരെയോ നാട്ടുകാരെയോ കൂട്ടാക്കാതെ, മതസമൂഹത്തിന്റെ വിലക്കുകൾ കൂസാതെ കഥാന്ത്യത്തിൽ ഹിന്ദുവായ കേശവൻനായരോടൊപ്പം ഇറങ്ങിപ്പോകുന്ന സാറാമ്മ എന്ന ക്രിസ്ത്യൻ യുവതി പ്രേമസാക്ഷാത്കാരത്തിനുവേണ്ടി എന്തിനെയും വെല്ലുവിളിക്കാൻ ഒരുമ്പെട്ടിറങ്ങുന്നു. വളരെയേറെ നർമ്മബോധമുള്ള സാറാമ്മ നോവലിലുടനീളം കേശവൻ നായരെ പരിഹസിച്ചുചിരിച്ചുകൊണ്ടു് സ്ത്രീത്വത്തിന്റെ കളിയാക്കി ചിരിക്കാനുള്ള കഴിവു് ഉദാഹരിക്കുന്നു: ഇവിടെ സ്ത്രീകൾ പരിഹാസപാത്രങ്ങളല്ല, മറ്റുള്ളവരെ പരിഹസിക്കാൻ പ്രാപ്തിയുള്ള തന്റേടികളാണു്.
ചെറുകഥകളിലും ഇത്തരം സ്ത്രീകൾ നിരവധിയാണു്. ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ എന്ന കഥയിൽ ഒറ്റക്കണ്ണൻ പോക്കരെ മുച്ചീട്ടുകളിയിൽ മണ്ടൻ മുത്തപ്പയ്ക്കു് തോൽപിക്കാൻ സാധിച്ചതു് കാമുകിയും ഒറ്റക്കണ്ണന്റെ മകളുമായ സൈനബയുടെ ബുദ്ധിസാമർഥ്യംകൊണ്ടാണു്. ‘പോലീസുകാരന്റെ മകൾ’ എന്ന കഥയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുന്ന ജഗദീശ് എന്ന കുറ്റവാളിക്കു് അഭയംകൊടുക്കുന്ന പോലീസുകാരന്റെ മകൾ ഭാർഗവി അയാളെ പ്രേമിക്കുന്നു. ഒടുക്കം അവളുടെ അച്ഛൻ ജഗദീശിനെ പിടിച്ചുകൊടുത്തു് ഇനാം വാങ്ങി. അച്ഛനുമായി പിണങ്ങിപ്പിരിഞ്ഞ ഭാർഗവി ജഗദീശിനെ കല്യാണം കഴിച്ചു.
‘ഒരു ജയിൽപുള്ളിയുടെ ചിത്രം’ എന്ന ചെറുകഥയിൽ മറിയാമ്മ എന്ന യുവതി സ്വാതന്ത്ര്യസമരസേനാനിയായി ജയിലിൽ കിടക്കുന്ന ജോസഫിനു് കത്തയക്കാൻ അയാളുടെ അമ്മയെ സഹായിക്കുന്നു. പതുക്കെപ്പതുക്കെ ആ കത്തുകളിലൂടെ അവർ തമ്മിൽ ഒരു ഹൃദയബന്ധം ഉണ്ടായി വരികയാണു്—ഒരിക്കലും തമ്മിൽ കാണാതെത്തന്നെ. ഒടുവിൽ തന്നെ മറന്നു കളയണം എന്നാവശ്യപ്പെട്ടുകൊണ്ടു് ജയിൽപുള്ളിയുടെ കത്തു് കിട്ടിയിട്ടും മറിയാമ്മയുടെ പ്രണയം ഉജ്ജ്വലമായി നിൽക്കുകയാണു്.
ഈ തരത്തിൽ സ്ത്രീത്വത്തിന്റെ മഹിമകൾ മാത്രം ഏകപക്ഷീയമായി ആവിഷ്ക്കരിക്കുന്ന എഴുത്തുകാരനല്ല ബഷീർ. പൊങ്ങച്ചവും അഹമ്മതിയും നിലവിട്ട കാമവും സ്ത്രീത്വത്തിന്മേൽ കെട്ടിയേൽപിക്കുന്ന അഴുക്കുകളെപ്പറ്റി അദ്ദേഹത്തിനു് തിരിച്ചറിവുണ്ടു്. കാഞ്ഞുതാച്ചുമ്മാ എന്ന മാതാവിനെ (ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു!) പരിഹാസ്യയാക്കിത്തീർക്കുന്നതു് അവരുടെ പാരമ്പര്യാഭിമാനത്തിൽ വേരുപിടിച്ച പൊങ്ങച്ചമാണു്. പണത്തിന്റെയും തറവാടിത്തത്തിന്റെയും സ്വാർഥത്തിന്റെയും കരിവാളിപ്പു പടർന്ന ആ കഥാപാത്രത്തിന്റെ ക്രൗര്യമല്ല, അന്തസ്സാരശൂന്യതയാണു് ബഷീർ കാണിച്ചുതരുന്നതു്. ‘ഐഷുക്കുട്ടി’ എന്ന ചെറുകഥയിൽ പാവപ്പെട്ട ഒരു പെണ്ണിന്റെ പൊങ്ങച്ചത്തിന്റെ കുമിള കുത്തിപ്പൊട്ടിക്കുന്നു. ‘ശശിനാസ്’ എന്ന ചെറുകഥയിൽ അനിയത്തിയെ ജ്യേഷ്ഠൻ പ്രാപിക്കുന്നതാണു് പ്രമേയം. അവൾ ഗർഭിണിയായപ്പോൾ അയാൾ തീവണ്ടിക്കുമുമ്പിൽ ചാടി മരിച്ചു. ‘ഒരു ചിത്രത്തിന്റെ കഥ’യിൽ ജഡ്ജിയുടെ മകൾ നാലുപേരെ ഒന്നിച്ചു പ്രേമിക്കുന്നു. നാലുപേരെയും അവൾ മാറിമാറി വഞ്ചിക്കുന്നതു് തിരിച്ചറിഞ്ഞ ജഡ്ജി മകളെ കഴുത്തറുത്തു കൊല്ലുകയാണു്.
സ്ത്രീവ്യക്തിത്വത്തിനു് വളരെ പ്രാധാന്യം നൽകുന്ന ഈ കഥാലോകം സ്ത്രീത്വത്തെ അതിന്റെ സാകല്യത്തിൽ കണ്ടറിയുന്നുണ്ടു് എന്നർത്ഥം.
സാമൂഹ്യജീവിതവും രാഷ്ട്രനിയമങ്ങളും മതചിട്ടകളും സ്ത്രീത്വത്തെ ഞെരിച്ചുകളയുന്നതിനെതിരെ പ്രത്യക്ഷമായോ പരോക്ഷമായോ നിലപാടെടുക്കാൻ ബഷീറിന്റെ രചനകൾ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടു്. ‘ശരീഅത്ത് ’ എന്നറിയപ്പെടുന്ന ഇസ്ലാമികനിയമസംഹിതയിലെ പഴുതു് ഉപയോഗിച്ചു് പുരുഷന്മാർ സ്ത്രീകളോടു് കാണിക്കുന്ന ദ്രോഹങ്ങൾക്കെതിരെ പലപ്പോഴും അദ്ദേഹം പൊട്ടിത്തെറിക്കുന്നു.
പലതരം വ്യവസ്ഥകളുടെ ഇരകളായിത്തീരുന്ന ഈ സ്ത്രീകളിൽ പലരും കലാപക്കൊടി ഉയർത്തുന്നവരുമാണു്. കളവും ചതിയും സൂത്രവും വ്യഭിചാരവുംകൊണ്ടു് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വിധിക്കപ്പെട്ട സ്ത്രീകളോടുപോലും അങ്ങേയറ്റത്തെ അനുഭാവവും അലിവും ഈ കഥാകാരൻ കാണിക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ വിമർശനരീതി മിക്ക സമയത്തും പരിഹാസശരങ്ങൾ തൊടുക്കുക എന്നതാണു്.
പുരുഷാധിപത്യവ്യവസ്ഥയെ പല സമയത്തും അദ്ദേഹം വിചാരണ ചെയ്യുന്നുണ്ടു്: ബഷീർ വ്യക്തിയുടെ ഭാഗത്താണു്; വ്യവസ്ഥയുടെ ഭാഗത്തല്ല.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.