
കടപ്പുറത്തുനിന്നു മടങ്ങുമ്പോൾ വഴിവക്കിലെ ആ ചായപ്പീടികയിൽ എൻ. പി. മുഹമ്മദി നെയും തായാട്ടു ശങ്കരനെ യും ഒന്നിച്ചുകണ്ടു് ഞാൻ ബേജാറായി: വളരെ അടുത്തു പരിചയമുള്ള, അയൽക്കാരനായ എൻ. പി.-യെ കണ്ടില്ലെന്നു നടിച്ചു പോകാൻ വയ്യ. തായാട്ടിന്റെ മുഖത്തു് എങ്ങനെ നോക്കും?

കഴിഞ്ഞാഴ്ചയിലാണു് ഞാൻ തായാട്ടിനെ നിശിതമായി വിമർശിച്ചുകൊണ്ടു് ഒരു ലേഖനം സഹപാഠിയും പത്രാധിപരുമായ യു. കെ. കുമാരനെ സേവപിടിച്ചു് ‘വീക്ഷണം’ വാരികയിൽ പ്രസിദ്ധീകരിച്ചതു്. കാര്യം: അക്കൊല്ലത്തെ സാഹിത്യപരിഷത്സമ്മേളനത്തിന്റെ നടത്തിപ്പിനെ കഠിനമായി ചീത്ത പറഞ്ഞുകൊണ്ടും പരിഷത്തിന്റെ പ്രസിഡന്റ് അഴീക്കോടു് മാഷെ വിശേഷാൽ പരിഹസിച്ചുകൊണ്ടും ‘മലയാളനാടു്’ വാരികയിൽ തായാട്ടു് ഒരു ഉശിരൻ ലേഖനം എഴുതിയിരുന്നു. കാസ്രകോടു് പരിഷത്തിന്റെ സ്വാഗതസംഘം ചെയർമാനായി കെ. എസ്. അബ്ദുല്ലയെ വാഴിച്ചതാണു് തായാട്ടിനെ ചൊടിപ്പിച്ചതു്. മൂപ്പരുടെ കാശു് വാങ്ങി പരിഷത്തു് നടത്തി എന്നാണു് ആക്ഷേപം. ലേഖനംകണ്ടപ്പോൾ എനിക്കു് ചോര തിളച്ചു—അതിന്റെ ശരി തെറ്റുകളെപ്പറ്റിയൊന്നും ആലോചന പോയില്ല: എന്റെ ഗുരുനാഥനായ അഴീക്കോടു് മാഷെ വിമർശിച്ചതു് അങ്ങനെ വിട്ടുകൂടാ!
തായാട്ടിനെ എനിക്കു് നേരത്തേ നേരിയൊരു പരിചയമുണ്ടു്. ഞാൻ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്നു മൂപ്പരെ കണ്ടിരുന്നു. ഞങ്ങൾ, മലയാളം എം. എ.-ക്കാരുടെ ചെറിയൊരു പരിപാടിക്കു വിളിക്കാനായിരുന്നു അതു്. താമസസ്ഥലത്തു ചെന്നാണു കണ്ടതു്. അദ്ദേഹം എന്തോ അസൗകര്യം പറഞ്ഞു് പ്രസംഗത്തിൽനിന്നു തലയൂരി. പക്ഷേ, എന്നോടു പേരും നാടുമൊക്കെ ചോദിച്ചു. ചായ വേണോ എന്നും. വേണ്ടെന്നു പറഞ്ഞപ്പോൾ അകത്തെ മുറിയിൽ പോയി നല്ലവണ്ണം പഴുത്തൊരു നേന്ത്രപ്പഴം കൊണ്ടു വന്നു തന്നിട്ടു പറഞ്ഞു:
“ഇവിടെയിരുന്നു തന്നെ തിന്നോ.”
അങ്ങനെയൊക്കെ ലോഹ്യം കാണിച്ച ആളാണു്. എങ്ങനെ എതിരായി ലേഖനമെഴുതും? ഉടനെ എനിക്കൊരു വെളവു് തോന്നി. എന്നെ കുടുംബക്കാർ വിളിക്കുന്ന ‘കുഞ്ഞി’ എന്ന പേരിൽ ലേഖനമെഴുതാം. ലേഖകൻ ഞാനാണെന്ന രഹസ്യം ആരോടും പറയില്ലെന്നു് യു. കെ. കുമാരൻ ഏൽക്കുകയും ചെയ്തു. പിന്നെ പേടിക്കേണ്ടല്ലോ.
ഇതൊക്കെ ആലോചിച്ചുകൊണ്ടു് ഞാൻ ആ ചായപ്പീടികയുടെ മുമ്പിലെത്തിയതും എൻ. പി. വിളിച്ചു:
“ഹേയ്… കാരശ്ശേരി… വരീ, ഒര് ചായ കുടിച്ചു പോവാം.”
റബ്ബേ! എൻ. പി.യുടെ ഒരു ചായ… അടുത്തിരിക്കുന്നതു്—ഇല്ല, ആ രഹസ്യം വെളിപ്പെട്ടിരിക്കാൻ ഇടയില്ല.
എൻ. പി.യുടെ നാവു പേടിച്ചു് ഞാൻ നേരെ ചായപ്പീടികയിലേക്കു ചെന്നു.
ഉടനെ എൻ. പി.:
“തായാട്ടിനു് ഇയാളെ അറിയ്യോ? ഇയാളാണു് കുഞ്ഞി. നിങ്ങക്കെതിരായി കഴിഞ്ഞാഴ്ച വീക്ഷണത്തിൽ ലേഖനമെഴുതിയ പുള്ളി.”
ഞാൻ ഐസായിപ്പോയി. ആ രഹസ്യമിതാ, ഒരിക്കലും വെളിപ്പെട്ടുകൂടാത്തിടത്തുതന്നെ വെളിപ്പെട്ടിരിക്കുന്നു!
തായാട്ടിന്റെ മുഖത്തു വിടർന്ന ചിരി. അദ്ദേഹം കൈനീട്ടി എന്നെ പിടിച്ചു സ്വന്തം ശരീരത്തോടു ചേർത്തു:
“ങ്ഹ! നീയാണല്ലേ കുഞ്ഞി? എന്തു ചെയ്യുന്നു?”
എന്റെ വായിൽ വെള്ളമില്ല.
എൻ. പി. ചിരിച്ചുകൊണ്ടു പറഞ്ഞു:
“ഇയാളു് എം. എ.-യ്ക്കു് പഠിക്ക്യാ. അഴീക്കോടിന്റെ സ്റ്റുഡന്റാ. എഴുതാറുണ്ടു്. സാധാരണ കാരശ്ശേരി എന്ന പേരിലാ. ഇതുമാത്രം കള്ളപ്പേരിൽ.”
ഒരു കള്ളനെപ്പിടിച്ച ഹരത്തിലാണു് എൻ. പി. അപ്പോഴാണു് എനിക്കു് ആലോചന പോയതു്—എന്റെ ജ്യേഷ്ഠൻ സലാം കാരശ്ശേരി വിളിക്കുന്ന ആ പേരു് മൂപ്പരുടെ ചങ്ങാതിയായ എൻ. പി. ഓർത്തിരിക്കാം.
തായാട്ടു് പറഞ്ഞു.
“നിനക്കു് ഗുരുഭക്തി കുറച്ചു കൂടുതലാ. നീ ഈ ലേഖനമെഴുതിയ കഥ അഴീക്കോടു് അറിയുമോ?”
“ഇല്ല.”
—അങ്ങനെയൊരു പിന്തുണയുമായിച്ചെന്നാലത്തെ കഷ്ടപ്പാടു് എനിക്കല്ലേ അറിയൂ?
തായാട്ടു് ഉപദേശരൂപത്തിൽ പറഞ്ഞു: “ആർക്കെതിരായും എഴുതാം, എഴുതണം. പക്ഷേ, ഒന്നും കള്ളപ്പേരിലാവരുതു്. ഒന്നും ഒളിച്ചുവയ്ക്കരുതു്. പിന്നെ, ഗുരുനാഥന്മാരു് ചെയ്യുന്നതിനു് അനുകൂലമായിട്ടു് മാത്രമല്ല; എതിരായിട്ടും ചിലപ്പോഴൊക്കെ ആലോചിക്കണം, കേട്ടോ.”
ഞാൻ വെന്തുപോയി. എൻ. പി. പിന്നെയും ചായ കുടിക്കാൻ ക്ഷണിച്ചു. എങ്ങനെയും അവിടെനിന്നു് തടിയൂരാനുള്ള ബദ്ധപ്പാടിലായിരുന്നു ഞാൻ.
നാട്ടിലേക്കു മടങ്ങുംവഴി ബസ്സിലിരുന്നു ഞാൻ ആലോചിച്ചു—എൻ. പി. ചെയ്തതു നന്നായി. ആ കള്ളത്തരം അങ്ങനെ പൊളിഞ്ഞുകിട്ടിയല്ലോ. വലിയ ആശ്വാസം തോന്നി. ‘എതിരാളി’യോടു് തായാട്ടു് പെരുമാറിയ രീതി എന്നെ പലതും പഠിപ്പിച്ചു. ആ ഉപദേശം എനിക്കു ശരിക്കും തലയ്ക്കു പിടിച്ചു. എതിർത്തെഴുതണം. ഒന്നും കള്ളപ്പേരിലാവരുതു്. ഒരു കാര്യം എനിക്കു് ബോദ്ധ്യമായി—നിലപാടുകളെ എതിർക്കുന്നതുകൊണ്ടു് എല്ലാവർക്കും പിണക്കമുണ്ടാവും എന്നു വിചാരിക്കുന്നതു് ശരിയല്ല. നിലപാടു് വേറെ. വ്യക്തിബന്ധം വേറേ. ആ വെളിവു് എനിക്കു് സുഖം തന്നു.
ഗാന്ധിസവും മാർക്സിസവും തമ്മിലുള്ള ബന്ധത്തെപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനമാണു് തായാട്ടിന്റേതായി ഞാൻ ആദ്യം വായിച്ചതു്. ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലമാണു്. എനിക്കതങ്ങോട്ടു മനസ്സിലായില്ല. എന്നാലും അമ്മാതിരി കുടുക്കുമസാലകളെപ്പറ്റി ആലോചിക്കുവാൻ അതു് പ്രേരണയായിരിക്കാം. പിന്നെ ആ പേരു് കണ്ടാൽ വായിച്ചു നോക്കുക പതിവായി. കാര്യങ്ങൾ വിശദമായും വ്യക്തമായും പറയുന്ന ആ ഭാഷാരീതി എനിക്കു ബോധിച്ചു.
ഞാൻ ബി. എ.-യ്ക്കു് പഠിക്കുന്ന കാലത്താണു് തായാട്ടു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വർഗീയതയെ പൊതുവിലും മുസ്ലീംവർഗീയതയെ വിശേഷിച്ചും ആക്രമിക്കുന്ന ലേഖനങ്ങൾ എഴുതിയിരുന്നതു്. ഞാനതൊക്കെ ആർത്തിപിടിച്ചു വായിച്ചു. അന്നതു് വലിയ പുക്കാറായിരുന്നു. തായാട്ടിനെ മുസ്ലീം വിരുദ്ധനായി ചിലരെങ്കിലും ചിത്രീകരിച്ചു.
അന്നൊക്കെ ഞാൻ എൻ. പി.യുടെ വീട്ടിൽ നിത്യസന്ദർശകനാണു്. തായാട്ടു പറയുന്ന പലതും എന്തുകൊണ്ടു ശരിയാണു് എന്നു് എനിക്കു് എൻ. പി. വിശദീകരിച്ചുതന്നു.
തായാട്ടിനെ ഞാൻ ആദ്യം കാണുന്നതും എൻ. പി.-യുടെ കോഴിക്കോട്ടു് ആഴ്ചവട്ടത്തുള്ള വീട്ടിൽ വച്ചാണു്. അപ്പറഞ്ഞ ലേഖനങ്ങൾ സമാഹരിച്ചു് ‘ഭാരതീയനവോത്ഥാനത്തിന്റെ രൂപരേഖ’ എന്ന പേരിൽ പുസ്തകമാക്കുന്നതിനെപ്പറ്റിയുള്ള ചൂടുപിടിച്ച ചർച്ചകൾക്കിടയിൽ. അതിനു് അവതാരിക എഴുതിയതും എൻ. പി.യാണു്. അന്നു് ഞാൻ പരിചയപ്പെടുകയുണ്ടായില്ല. ആ കോലായയുടെ മൂലയ്ക്കിരിക്കുന്ന കറുത്തുമെലിഞ്ഞ പയ്യനെ തായാട്ടും ശ്രദ്ധിച്ചിരിക്കാൻ ഇടയില്ല.
പക്ഷേ, ഞാൻ സന്തോഷത്തോടെ ഒന്നു മനസ്സിലാക്കി—തായാട്ടു് അവിടെ അടുത്തു് മാങ്കാവിലാണു് താമസം.
പിന്നെയൊരിക്കൽ ഞാൻ ഗുരുവായൂരപ്പൻ കോളജിലെക്കു ബസ്സ് കാത്തു് ആഴ്ചവട്ടത്തു നിൽക്കുമ്പോൾ ചാറ്റൽ മഴയത്തു് അതാ തായാട്ടു് നടന്നുവരുന്നു. വെളുത്ത ഖദർ ഷർട്ട്. ഖദർ മുണ്ടു് മടക്കിക്കുത്തിയിരിക്കുന്നു. ഇടത്തേ കക്ഷത്തു് ചെറിയൊരു കറുത്ത ബാഗ്. ആ കുടക്കീഴിൽ ഒരു ചങ്ങാതി കൂടിയുണ്ടു്. അവർ കാര്യമായി എന്തോ ചർച്ച ചെയ്തുകൊണ്ടു് എന്നെ കടന്നുപോയി.
പലതവണ വിചാരിച്ചിട്ടും എനിക്കു് മൂപ്പരെ വീട്ടിൽ ചെന്നൊന്നു കാണാൻ ധൈര്യം കിട്ടിയില്ല.
കോഴിക്കോടു് ടൗൺ ഹാളിലും മാനാഞ്ചിറ മൈതാനിയിലുമൊക്കെയായി ഇടയ്ക്കും തലയ്ക്കും തായാട്ടിന്റെ പ്രസംഗങ്ങൾ കേട്ടിരുന്നു. ആയിടെ ഒരിക്കൽ ഞങ്ങളുടെ കോളജിലും വന്നു.
ഗുരുവായൂരപ്പൻ കോളജിലെ ആ സാഹിത്യസമ്മേളനത്തിലെ ഒരു തർക്കം ബഹുരസമാണു്.
മുൻപ്രസംഗകൻ വൈലോപ്പിള്ളി യുടെ ‘മാമ്പഴ’ത്തിൽ കയറിപ്പിടിച്ചു. അദ്ദേഹത്തിന്റെ വാദം ഇതാണു്:
മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
എന്നു പറഞ്ഞതോടെ ‘മകന്റെ ശരീരം മണ്ണിൽ അടക്കി’ എന്ന ആശയം കിട്ടിക്കഴിഞ്ഞു.
പിന്നെ,
തുംഗമാം മീനച്ചൂടാൽ തേന്മാവിൻ മരതക
ക്കിങ്ങിണി സൗഗന്ധികസ്വർണമായു് തീരും മുമ്പേ
മാങ്കനി വീഴാൻ കാത്തുനിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെപ്പൂകി
എന്നീ വരികൾ ആവശ്യമില്ല. അതു ധ്വനി നശിപ്പിച്ചുകളഞ്ഞു.
തൊട്ടടുത്ത പ്രസംഗം തായാട്ടിന്റേതാണു്. പരിഹാസത്തിലാണു് തുടങ്ങിയതു്:
“മാമ്പഴത്തിലെ ആ മനോഹരമായ വരികൾ ആവശ്യമില്ല എന്നു് ഇവിടെക്കേട്ടു. “മലർക്കുല”, “വെറും മണ്ണിൽ” എന്നീ രണ്ടു പ്രയോഗങ്ങൾകൊണ്ടു് ആർക്കും അതു് ധ്വനിച്ചു കിട്ടുമെന്നാണു് ന്യായം. എന്നാൽ ഞാൻ പറയട്ടെ. ഈ ന്യായം അനുസരിച്ചു് ആ കവിതയിൽ—
അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മ തൻ നേത്രത്തിൽ നിന്നുതിർന്നു ചുടുകണ്ണീർ
എന്നീ രണ്ടു വരികൾ മാത്രം മതി. വീട്ടുമുറ്റത്തെ തൈമാവിൽനിന്നു് ആദ്യത്തെ മാങ്ങ വീഴുമ്പോൾ വീട്ടുകാരി കരയുന്നതെന്തിനാ? വീട്ടുകാരി എന്നല്ല, അമ്മ എന്നാണു് പറഞ്ഞിരിക്കുന്നതു്. അതായതു് അവർ പ്രസവിച്ചിട്ടുണ്ടു് എന്നു്. കുട്ടിയുള്ള ഒരു സ്ത്രീ മാമ്പഴം വീഴുന്നതു കാണുമ്പോൾ കണ്ണീരു പൊഴിക്കുമോ? അതിന്റെ ധ്വനി അതു തിന്നാൻ കുട്ടിയില്ല എന്നതുതന്നെ. കുട്ടി വിരുന്നുപോയതാണെങ്കിൽ മാങ്ങ എടുത്തുവച്ചാൽ മതി. അതിനു് കരച്ചിലും പിഴിച്ചിലുമൊന്നും വേണ്ട. അതിനർത്ഥം കുട്ടി മരിച്ചുപോയി എന്നതുതന്നെയാണു്. ഇനി, ഈ ധ്വനിയനുസരിച്ചു് മാങ്ങ വീണു എന്നതുതന്നെ കുട്ടിയുടെ മരണമായി ചിത്രീകരിക്കാം. എല്ലാം ആ രണ്ടു വരിയിലുണ്ടു്. അതുകൊണ്ടു് നമ്മുടെ നിരൂപകൻ ‘മാമ്പഴ’ത്തിൽ ഇനിമേൽ ആ രണ്ടുവരി മാത്രം വായിച്ചാൽ മതി.”
ഞങ്ങൾ ആർത്തുചിരിച്ചു; കയ്യടിച്ചു് ഇരമ്പി. തായാട്ടു് കത്തിക്കയറി; സാധാരണക്കാരെ കവിതയിൽനിന്നു് ഓടിക്കുന്ന കവികളെയും നിരൂപകന്മാരെയും കശക്കിയെറിഞ്ഞു. ‘പാവങ്ങളെ’പ്പറ്റി ആവേശോജ്ജ്വലമായി വിവരിച്ചു് അതിലെ ഒരു വാക്യം ഉദ്ധരിച്ചാണു് മൂപ്പർ പ്രസംഗം നിർത്തിയതു്.
“എന്റെ രാജ്യത്തിന്റെ മുറിവുകെട്ടുവാൻ അൾത്താരയിലെ വിശുദ്ധവസ്ത്രം ഞാൻ വലിച്ചുകീറും.”
നീണ്ടുനിന്ന കയ്യടി ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ടു്.
തായാട്ടിന്റെ ഏതു പ്രസംഗത്തിനും ആ ഗുണമുണ്ടായിരുന്നു—വ്യക്തത. ലേഖനമായാലും പ്രസംഗമായാലും തന്റെ ആലോചനയേതും തെളിച്ചു പറയാനുള്ള കഴിവു് അദ്ദേഹത്തിനു് സഹജമാണു്.
ആ സാഹിത്യപ്രസംഗങ്ങളിലും നിരൂപണലേഖനങ്ങളിലുമൊക്കെ മുന്തിനിന്നതു് സാമൂഹ്യപ്രശ്നങ്ങളാണു്—ആധുനികത തലയ്ക്കു പിടിച്ചു നടന്നിരുന്ന അക്കാലത്തെ കോളജ് വിദ്യാർത്ഥികളുടെ അഭിരുചികളെ ഒട്ടും ആകർഷിക്കാത്ത നിലപാടുകളും വിലയിരുത്തലുകളും. എന്തൊക്കെയാണെങ്കിലും തായാട്ടു് സാഹിത്യത്തിന്റെ കാര്യത്തിൽ യാഥാസ്ഥിതികനാണു് എന്ന തീർപ്പിൽ ഞങ്ങൾ എത്തിച്ചേർന്നുകഴിഞ്ഞിരുന്നു.
ഇതിനിടയിലാണു് ക്യാംപസുകളെ ഞെട്ടിച്ചുണർത്തിക്കൊണ്ടു് വയനാടൻ കുന്നുകളിൽ നക്സലിസത്തിന്റെ ചോപ്പും ചോരയും പടർന്നതു്. വർഗീസും അജിതയും ഞങ്ങളെ ആകർഷിക്കുകയും പേടിപ്പെടുത്തുകയും ചെയ്തു. വർഗീസ് വധം ഞങ്ങളെ സ്തബ്ധരാക്കി.
സർക്കാർ പോലീസിനെ ഉപയോഗിച്ചു് വർഗീസിനെ വകവരുത്തിയതാണു് എന്നു് അന്നേ കേട്ടിരുന്നു. ആ പ്രശ്നത്തിലെ മനുഷ്യാവകാശലംഘനം ആദ്യം എടുത്തുകാട്ടിയതു് തായാട്ടാണു്. അപ്പോഴദ്ദേഹം കോഴിക്കോട്ടുനിന്നു് പുറപ്പെട്ടിരുന്ന ‘വിപ്ലവ’ത്തിന്റെ പത്രാധിപരായിരുന്നു. സർക്കാരിനെയും പോലീസിനെയും നിശിതമായി വിമർശിക്കുന്ന മുഖപ്രസംഗമാണു് തായാട്ടെഴുതിയതു്. ഗാന്ധിയനായ തായാട്ടു് നക്സൽ അക്രമങ്ങൾക്കു് കൂട്ടുനിൽക്കുന്നു എന്ന പരാതി ഉയരാൻ നേരം വേണ്ടിവന്നില്ല. ആ ചെറിയ പത്രവും ആ മുഖപ്രസംഗവും വൻവിവാദത്തിലേക്കു് എടുത്തെറിയപ്പെട്ടു. ഫലം: തായാട്ടിനു് ജോലി പോയി!
ആ മുഖപ്രസംഗം പോലെ എരിവും ചൂടുമുള്ള മറ്റൊരു മുഖപ്രസംഗവും ഞാനെന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല. നിയമനിർമാതാക്കളുടെ നിയമലംഘനങ്ങളിലേക്കു് എനിക്കു് പല ഉൾക്കാഴ്ചകളും തന്ന ആ മുഖപ്രസംഗം കേരളത്തിലെ മനുഷ്യാവകാശപ്രവർത്തനചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടാണെന്നു് ഞാൻ ഇന്നും വിശ്വസിക്കുന്നു.
കൊള്ളയും കൊലയും നടത്തുന്ന കുറ്റവാളികളല്ല, സാഹസികമായ രാഷ്ട്രീയപ്രവർത്തകരാണു് നക്സലൈറ്റുകൾ എന്നും നിയമം കയ്യിലെടുത്തു് അവരുടെ പൗരാവകാശങ്ങൾക്കുമേൽ കുതിരകയറുവാൻ ഭരണകൂടത്തിനു് അധികാരമില്ലെന്നും ഉള്ള വിവേകം ഞങ്ങൾക്കു തന്നതു് തായാട്ടിന്റെ ആ എഴുത്തു് ഉത്പാദിപ്പിച്ച വിവാദങ്ങളാണു്. അതിന്റെ പേരിൽ തായാട്ടിനു് പത്രാധിപത്യം നഷ്ടപ്പെട്ടു എന്നു കേട്ടതോടെ അദ്ദേഹം എന്റെ വീരപുരുഷനായി—ഈ നാട്ടിൽ ചോദിക്കാനും പറയാനും ആളുണ്ടല്ലോ.
മൂന്നു പതിറ്റാണ്ടു മുമ്പു നടന്ന ആ സംഭവങ്ങളിലേക്കു മടങ്ങിച്ചെല്ലുമ്പോൾ ഞാൻ ആലോചിച്ചുപോകുന്നു—കേരളത്തിലെ ഏതെങ്കിലും പത്രാധിപർക്കു് തന്റെ മുഖപ്രസംഗത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടിട്ടുണ്ടോ?

തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തായാട്ടിന്റെ സഹപ്രവർത്തകനായ എം. ഗംഗാധരൻ പറഞ്ഞിരുന്ന വർത്തമാനങ്ങളാണു് ആ വ്യക്തിജീവിതത്തെപ്പറ്റി എനിക്കു് പല അറിവുകളും തന്നതു്.
കറങ്ങിത്തിരിഞ്ഞു് 1978-ൽ ഞാൻ കോഴിക്കോട്ടു് മീഞ്ചന്ത ഗവ. കോളജിൽ മലയാളം അധ്യാപകനായിത്തീർന്നു. അപ്പോൾ അവിടെ ചരിത്രവിഭാഗത്തിൽ എം. ഗംഗാധരൻ മാഷുണ്ടു്.
ഏതാനും മാസം കഴിഞ്ഞു് അപ്രതീക്ഷിതമായി തായാട്ടു് ഞങ്ങളുടെ സഹപ്രവർത്തകനായി വന്നുചേർന്നതു് എനിക്കു് വലിയ ഉത്സാഹമായി.
ഒരേ വിഷയം പഠിപ്പിച്ചുകൊണ്ടു് ഒരേ മുറിയിൽ ഇരിക്കുന്നു എന്നതു മാത്രമായിരുന്നില്ല, ഞങ്ങൾ തമ്മിലുള്ള ബന്ധം. തായാട്ടു് മാങ്കാവിലേക്കു പോകുന്ന വഴിയിൽ മീഞ്ചന്തയിലാണു് എന്റെ വാടകവീടു്. രാവിലെയും വൈകുന്നേരവും വരവും പോക്കും ഒന്നിച്ചാണു്. ഉച്ചയ്ക്കു് ഊണു കഴിക്കുന്നതും ഇടയ്ക്കു് ചായ കുടിക്കുന്നതും ഒരുമിച്ചു്.
വർത്തമാനം പറയാൻ തായാട്ടിനു് കമ്പമാണു്. വെറും വർത്തമാനം ഇല്ല. നാവിലെപ്പോഴും സാമൂഹ്യരാഷ്ട്രീയപ്രശ്നങ്ങളാണു്. എന്തിനും തായാട്ടു് തർക്കിക്കും. പ്രസംഗത്തിന്റെയോ ക്ലാസെടുക്കുന്നതിന്റെയോ രൂപഭാവങ്ങളാണു് വർത്തമാനത്തിനും. പക്ഷേ, ഒന്നുണ്ടു്: അങ്ങോട്ടും തർക്കിക്കാം. എന്തിനും ഏതിനും എതിരു് പറയാം. രാഷ്ട്രീയപരിചയം, പ്രായം, പാണ്ഡിത്യം, പ്രശസ്തി ഇവയുടെയൊന്നും ‘ആധികാരികത’ ഭാവിക്കില്ല. ആരോടും തുല്യനിലയിലേ പെരുമാറൂ. പ്രകോപനമുണ്ടാക്കുന്ന മട്ടിൽ നിങ്ങൾ സംസാരിച്ചാലും മൂപ്പർ മിണ്ടാതെ കേട്ടിരിക്കും. ഉടനെ മറുപടി വരും.
ആൾ മിക്കപ്പോഴും ഗൗരവത്തിലാണു്. മുഖഭാവത്തിലും വർത്തമാനത്തിലുമൊക്കെ പ്രസാദമുണ്ടെന്നു മാത്രം. നർമബോധം വളരെക്കുറവു്. തമാശ പറയുന്നതോ, ഉള്ളു തുറന്നു് തമാശ ആസ്വദിക്കുന്നതോ ഒക്കെ അപൂർവമാണു്. തായാട്ടിനു് എപ്പോഴും എവിടെയും ഒരു കേൾവിക്കാരൻ വേണം; എപ്പോഴും ഒരു എതിരാളി വേണം. ഇതു രണ്ടുംകൂടി ഒരാളായാൽ മൂപ്പർ ഉഷാറാവും. കുറച്ചുകാലം ഈ റോളിൽ, അബ്ദുസ്സമദ് സമദാനി സ്വയം വിശേഷിപ്പിക്കാറുള്ളതുപോലെ പറഞ്ഞാൽ, “ഈ വിനീതൻ” ആയിരുന്നു.
വൈകുന്നേരങ്ങളിൽ ഞങ്ങളുടെ ചർച്ച വഴിവക്കിൽ തീരാതെ നീളും. ചിലപ്പോൾ പറയും:
“വാ. എന്റെ വീട്ടിലേക്കു പോവാം.” അല്ലെങ്കിൽ പറയും: “നടക്കു്. നിങ്ങളുടെ വീട്ടിലേക്കു പോവാം.” വീട്ടിലിരുന്നു് ചായപ്പുറത്തു് മണിക്കൂറുകൾ നീളുന്ന തർക്കങ്ങൾ.

എന്തിനെപ്പറ്റിയൊക്കെയാണെന്നല്ലേ: ഒരു കാലത്തു് കോൺഗ്രസുകാരനും പിൽക്കാലത്തു് സോഷ്യലിസ്റ്റുമായിരുന്ന അദ്ദേഹം മാർക്സിസത്തിലേക്കു് വഴിമാറിക്കഴിഞ്ഞ കാലമാണു്. ഗാന്ധിക്കും മാർക്സിനും പൊതുവായി പലതും ഉണ്ടെന്നാണു് മൂപ്പരുടെ നിലപാടു്. പിന്നെ, സാഹിത്യം—ആധുനികതയുടെ ബദ്ധശത്രുവാണു്. വൃത്തമില്ലാത്ത കവിതയൊന്നും പിടിക്കില്ല. അയ്യപ്പപ്പണിക്കരെയും മറ്റും ബഹുപുച്ഛം. പൊതുവെ പറഞ്ഞാൽ തായാട്ടിന്റെ രുചി കവിത്രയത്തിന്റെ കാലത്തു് നങ്കൂരമിട്ടുനിൽപാണു്. കവിത്രയം എന്നൊക്കെ ഞാൻ ഒരു ഭംഗിക്കു പറഞ്ഞെന്നേയുള്ളൂ—ആൾ ആശാൻ പക്ഷപാതിയാണു്. വള്ളത്തോളി നെയും താൽപര്യമാണു്. ഉള്ളൂർ—ങ്ഏഹേ!
എന്നെപ്പറ്റി മൂപ്പർക്കു് പരാതികൾ പലതുണ്ടായിരുന്നു. ഞാൻ ഒരു പാർട്ടിയുമായും ബന്ധപ്പെട്ടു പ്രവർത്തിക്കുന്നില്ല എന്നതാണു മുഖ്യം. മാർക്സിസ്റ്റുപാർട്ടിയുടെ ഗുണഗണങ്ങൾ ഇടയ്ക്കിടെ പറയും. ഞാൻ വീഴാതെ പിടിച്ചുനിന്നു. മറ്റൊരു പരാതി മുസ്ലീം വർഗീയതയെ ഞാൻ പഠിക്കുന്നില്ല എന്നതാണു്. ഹമീദ് ദൽവായി യുടെ “ഇന്ത്യ, സെക്കുലറിസം ആൻഡ് ഇസ്ലാം” എന്ന പുസ്തകം കൊണ്ടുവന്നുതന്നു. വായിച്ചുകഴിഞ്ഞു പുസ്തകം മടക്കിക്കൊടുക്കുമ്പോൾ ഹമീദ് ദൽവായിയുടെ ഭാഷ മതേതരവാദിയുടേതല്ലെന്നും മുസ്ലീംവിരുദ്ധന്റേതാണെന്നും ഞാൻ പറഞ്ഞു. അതു് ഒട്ടും ഇഷ്ടമായില്ല. “വർത്തമാനം പറഞ്ഞു് മുസ്ലീംകളെ ചൂടാക്കിയിട്ടു് അവരെ പരിഷ്കരിക്കുവാൻ കഴിയുമോ? അങ്ങനെ ഏതെങ്കിലും കൂട്ടരെ, പരിഷ്കരിക്കുവാൻ കഴിയുമോ?” എന്നു് ഞാൻ തർക്കിച്ചു.
ആ സംസാരമൊക്കെ എന്റെ പിൽക്കാല ജീവിതത്തിൽ വലിയ സ്വാധീനമായി എന്നു് ഇന്നു് ഞാൻ തിരിച്ചറിയുന്നു.
ഇതിനിടയിൽ ഞങ്ങൾ കണ്ടുപിടിച്ചു—തായാട്ടു് പിശുക്കനാണു്. പൈസ കുറഞ്ഞ ഹോട്ടലിൽനിന്നേ ഊണു് കഴിക്കൂ. വില കുറഞ്ഞ കടാലാസിലേ എഴുതൂ. തപാലിൽ വന്ന കവറുകൾ പൊളിച്ചു് കടലാസാക്കി തായാട്ടു് ലേഖനമെഴുതുന്നു എന്നു ഞങ്ങൾ മക്കാറാക്കി. ഗാന്ധിസം, ലാളിത്യം തുടങ്ങിയ ന്യായങ്ങളുമായി മൂപ്പർ ഇതിനെ നേരിടുകയുണ്ടായി! ആ മനുഷ്യൻ കുട്ടിക്കാലത്തു് അനുഭവിച്ച നട്ടദാരിദ്ര്യത്തിന്റെ കിസ്സയൊക്കെ പിന്നെയാണു കേട്ടതു്.
ഒരിക്കൽ തായാട്ടു് എന്നോടു കാര്യമായി പറഞ്ഞു: “നിങ്ങൾ എം. ഗംഗാധരന്റെ കൂടെ ഇങ്ങനെ നടക്കരുതു്.”
“എന്താ കാര്യം?”
“ഗംഗാധരൻ എം. ഗോവിന്ദന്റെ ക്ലിക്കിലുള്ള ആളാ.”
“അങ്ങനെയൊരു ക്ലിക്ക് ഉണ്ടോ?”
“ഉണ്ടു്. നിങ്ങക്കറിയാഞ്ഞിട്ടാണു്.”
“എനിക്കു് എം. ഗോവിന്ദനെ അറിയാം. ഞാനും ഗംഗാധരൻ മാഷും മദിരാശിയിൽ ഗോവിന്ദന്റെ ഒപ്പം ധാരാളം ഉണ്ടായിട്ടുണ്ടു്.”
“ങ്ഹ! എന്നിട്ടാണോ? ഗോവിന്ദനു സി. ഐ. എ.-യുടെ പണം കിട്ടുന്നുണ്ടു്. കമ്യൂണിസത്തിനെതിരായി പണിയെടുക്കാൻ അവർ പണം കൊടുക്കുന്നുണ്ടു്.”
“എന്റെ മാഷേ, ഈ പരാതി ഞാൻ എത്രയോ കേട്ടതാണു്. ഇതു് മാഷും കൂടിപ്പറയരുതു്. ഗോവിന്ദന്റെ വീടു് കണ്ടവരോ ജീവിതരീതി അറിയുന്നവരോ ആരും ഇതു് പറയില്ല.”
“നിങ്ങക്കു് ഇതിനെപ്പറ്റിയൊന്നും ഒരു വിവരവുമില്ല. പണത്തിനുവേണ്ടി പ്രവർത്തിക്കുന്നവരുടെ കൂടെക്കൂടരുതു്.”
“എനിക്കു ഗോവിന്ദന്റെ സംസാരം കേൾക്കാനിഷ്ടമാണു്. അതു നമ്മളെ പല വഴിക്കും കൊണ്ടുപോവും.”
“അതുതന്നെയാണു് തകരാറു്. അതു പലവഴിക്കും കൊണ്ടുപോവും. ചെറുപ്പകാരെ ഇങ്ങനെ വഴിതെറ്റിക്കുന്നതിന്റെ കൂലിയാണു് അയാൾക്കു കിട്ടുന്നതു്.”
ഞാൻ ചിരിച്ചുകളഞ്ഞു.
മാസങ്ങൾ കഴിഞ്ഞു് ഞാൻ കോടഞ്ചേരി കോളജിലേക്കു മാറി. വൈകാതെ തായാട്ടു് സർവീസിൽനിന്നു പിരിഞ്ഞു. ഉടനെത്തന്നെ കോഴിക്കോടു് ദേശാഭിമാനിയിൽ വാരികാപത്രാധിപരായിച്ചേർന്നു.

അന്നൊരിക്കൽ കല്ലായ് റോഡിൽവച്ചു് തായാട്ടിനെ കണ്ടു. എന്നെ കണ്ടതായി ഭാവിച്ചില്ല. അടുത്തുചെന്നു് കൈപിടിച്ചപ്പോഴും തണുപ്പൻ പ്രതികരണം. എന്തോ വിഷമം ഉള്ളിൽ കാണും എന്നു കരുതി ഞാൻ പിൻവാങ്ങി. പിന്നെയും ഒന്നുരണ്ടു തവണ ഈ താൽപര്യക്കുറവു് കണ്ടപ്പോൾ എനിക്കു സംശയമായി. ടാഗോർഹാളിലെ ഒരു ഭാഷാസമ്മേളനത്തിൽ തായാട്ടിനെ അനുകൂലിച്ചും ഡോ. എം. എം. ബഷീറി നെ പ്രതികൂലിച്ചും ഞാൻ പ്രസംഗിച്ചപ്പോഴും ഇതേ ഭാവം കണ്ടു. എനിക്കുറപ്പായി—എന്നോടു് എന്തോ കാര്യമായ ഇഷ്ടക്കേടുണ്ടു്. എന്താണു് പ്രശ്നം?
മൂപ്പരെ വളരെ അടുത്തറിയുന്ന ഗംഗാധരൻ മാഷോടു് സംഗതി പറഞ്ഞപ്പോൾ കിട്ടിയ മറുപടി:
“തായാട്ടു് ചില കാര്യങ്ങളിൽ കുട്ടികളുടെ മാതിരിയാ. ചൊടി കൂടുതലാ. വേഗം പിണങ്ങും. പിണങ്ങുന്നതിന്റെ ചാമ്പ്യനാ. പലരോടും പിണങ്ങിയിട്ടുണ്ടു്. തന്റെ കാര്യത്തിലെന്തുപറ്റി എന്നറിഞ്ഞുകൂടാ. എന്റെ ഊഹം പറയാം—ഇപ്പോൾ ദേശാഭിമാനി പത്രാധിപരല്ലേ? അതിലും തന്റെ ലേഖനം വന്നുപോണ്ട എന്നു വിചാരിച്ചു് വല്ല അസൂയക്കാരും വല്ല ഏഷണിയും കൂട്ടിക്കാണും. തനിക്കു് നേരിട്ടു ചോദിക്കാമായിരുന്നില്ലേ?”
“അതു വേണ്ട.”
“എന്താ ചോദിച്ചാലു്?”
“മൂപ്പരു് എന്നോടല്ലേ ചോദിക്കേണ്ടതു്? എന്നെ അടുത്തറിയുന്ന ആൾ ഏഷണി വിശ്വസിക്കരുതല്ലോ.”
“അതിനു താൻ പിണങ്ങി നടക്കാൻ പോവ്വാണോ?”
“അയ്യേ. എനിക്കെന്തു പിണക്കം? തായാട്ടു് എനിക്കൊരു ഉപദ്രവവും ചെയ്തിട്ടില്ല. അദ്ദേഹവുമായി പെരുമാറിയതുകൊണ്ടുള്ള ഉപകാരം എനിക്കു് ഉണ്ടായിട്ടും ഉണ്ടു്. തായാട്ടിനു് എന്നോടു പിണങ്ങാം. ഞാൻ അങ്ങോട്ടു് പിണങ്ങാൻ പാടില്ല. പക്ഷേ, ഞാനിതൊന്നും ചെന്നു വിശദീകരിക്കാൻ പോകുന്നില്ല, കെട്ടോ.”
ഞാനൊരിക്കലും ദേശാഭിമാനിയിൽ ചെന്നു മൂപ്പരെ കാണുകയുണ്ടായില്ല. എന്തെങ്കിലും അച്ചടിച്ചുകിട്ടാൻ വേണ്ടി വന്നുകണ്ടു എന്നു വിചാരിക്കാൻ അവസരം കൊടുക്കേണ്ടല്ലോ. തായാട്ടിന്റെ ലേഖനങ്ങളും പുസ്തകങ്ങളും ശ്രദ്ധിച്ചു വായിക്കുന്ന പതിവിനു് മുടക്കം വരുത്തിയില്ല—ആ സാഹിത്യാഭിപ്രായങ്ങളോടു് ഞാൻ പലപ്പോഴും യോജിച്ചില്ലെങ്കിലും.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ഗംഗാധരൻമാഷു് എന്നെ ഫോണിൽ വിളിച്ചു:
“കാരശ്ശേരീ, നമുക്കൊന്നു തായാട്ടിന്റെ അടുത്തുപോണം. അയാൾക്കു് അസുഖം കുറച്ചധികമാണെന്നു കേട്ടു.”
“ഞാനും കേട്ടു.”
“എന്നിട്ടു് താൻ ഇതുവരെ പോയില്ല?”
ഞാൻ പറഞ്ഞു:
“നിങ്ങൾക്കറിയാമല്ലോ മൂപ്പർക്കു് എന്നോടു് എന്തോ ഇഷ്ടക്കേടുണ്ടു്. എന്താണെന്നു് നിശ്ചയമില്ല. ഞാൻ അതു് അന്വേഷിക്കാനും മെനക്കെട്ടില്ല. അപ്പോൾ പിന്നെ ഞാൻ ചെല്ലുന്നതുകൊണ്ടു് മൂപ്പർക്കു് ആശ്വാസം തോന്നാനിടയില്ല.”
“ഛെ… ഛെ… താൻ എന്തൊരാളാണു്? ആളുകളു് തമ്മിൽ ഇണക്കവും പിണക്കവുമൊക്കെ സാധാരണയല്ലേ? മനുഷ്യനു് സൂക്കേടാവുമ്പോ അതൊക്കെ ആരെങ്കിലും ആലോചിക്ക്വേ?”
“അയ്യോ, എനിക്കൊരു പിണക്കവുമില്ല.”
“താൻ കോളജിലേക്കു വാ.”
മീഞ്ചന്തയിൽനിന്നു് തായാട്ടു് താമസിക്കുന്ന മാങ്കാവു് കോവിലകത്തേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ ഗംഗാധരൻ മാഷു് ആ പോക്കിന്റെ മറ്റൊരു ഉദ്ദേശത്തെപ്പറ്റി പറഞ്ഞു:
“തായാട്ടിനെ നമുക്കു് ഒന്നു് മണ്ണൂരിൽ കൊണ്ടുപോണം. അവിടെ പേരുകേട്ട ഒരു വൈദ്യനുള്ളതു് തനിക്കറിഞ്ഞുകൂടേ?”
“മണ്ണൂര് നമ്പീശനല്ലേ?”
“അതെ. ഞാൻ അതു് പറഞ്ഞയച്ചിരുന്നു. അയാളു് കേൾക്കുന്നില്ല. ഇന്നു നമുക്കു് ആ കാര്യമൊന്നു് പറഞ്ഞു ബോധ്യപ്പെടുത്തണം. മറ്റൊരു ചികിത്സയും നേരെയാകുന്നില്ലാന്നാ കേട്ടതു്. വേണമെങ്കിൽ നമുക്കു് കൊണ്ടു പോവാം.”
“ശരി.”
ദേഹമാസകലം കരുവാളിപ്പു പടർന്നു് അവശസ്ഥിതിയിലാണു് തായാട്ടിനെ കണ്ടതു്. ഞങ്ങൾക്കു് വളരെ വ്യസനം തോന്നി. അദ്ദേഹം എന്നോടു് ഉപചാരത്തിനുള്ള ലോഹ്യം കാണിച്ചു. ചില്ലറ വർത്തമാനങ്ങൾ. ഗംഗാധരൻ മാഷോടു് കുറേക്കൂടി തുറന്നു് സംസാരിച്ചു.
അവസാനം ഗംഗാധരൻ മാഷു് വിഷയം അവതരിപ്പിച്ചു.
തായാട്ടു് ആ കിടപ്പിലും പൊട്ടിത്തെറിച്ചു:
“മണ്ണൂര് നമ്പീശനെ കാണാൻ ഇജ്ജന്മം ഞാൻ പോവില്ല. എനിക്കു് അയാളുടെ ചികിത്സ വേണ്ട.”
“അയാളു് ഒന്നാംതരം വൈദ്യനാ.”

“എന്താ ഗംഗാധരൻ ഇപ്പറയുന്നതു്? അയാളു് നല്ല വൈദ്യനായിരിക്കും. പക്ഷേ, രോഗികളെ ജാതിതിരിച്ചു് പരിശോധിക്കുന്നവനാ. സവർണന്മാർക്കേ അയാളുടെ കോലായിൽ കയറിക്കൂടൂ. അവർണന്മാർ മുറ്റത്തു നിൽക്കണം. വേറെ ചിലരു് പറമ്പിൽ നിൽക്കണം. സവർണ്ണന്മാരായ രോഗികളെ മാത്രേ അയാളു് കൈകൊണ്ടു് തൊടൂ. അങ്ങനെയുള്ള ഒരുത്തന്റെ അടുത്തു് ഞാൻ പോവില്ല.”
“എം. ഗോവിന്ദൻ പോയിരുന്നു” എന്നു് ഗംഗാധരൻ മാഷു് പറഞ്ഞു നോക്കി.
“ഗോവിന്ദൻ പോവും. ഞാൻ പോവില്ല. ഞാൻ ജാതിക്കും അയിത്തത്തിനും എതിരാ. ജീവിച്ചാലും മരിച്ചാലും എനിക്കു് അതു വേണ്ട.”
“അതൊക്കെ അയാളുടെ കാര്യം. നമുക്കു് മരുന്നു് കിട്ടിയാൽ പോരേ?”
“പോരാ. ആരുടെ കയ്യിൽനിന്നു് മരുന്നു വാങ്ങുന്നു എന്നതും പ്രധാനമാണു്. അയിത്തം പാലിക്കുന്ന ഒരാളുടെ കയ്യിൽനിന്നു് എനിക്കൊന്നും വേണ്ട.”
ഞങ്ങൾ ശരിക്കും ഇളിഞ്ഞു. തായാട്ടിനു് ഒരു കുലുക്കവുമില്ല. പിന്നെ ചിരിച്ചുകൊണ്ടു് പറഞ്ഞു:
“വേണ്ട ഗംഗാധരാ. അതു വേണ്ട. ഇത്രയും കാലം പറഞ്ഞു നടന്നതിനെതിരായി ഈ രോഗശയ്യയിൽ ഞാൻ പെരുമാറുന്നതു് ശരിയല്ല.”
ചായ കുടിച്ചു് ഞങ്ങൾ ഇറങ്ങി. മടങ്ങുന്നവഴി ഗംഗാധരൻ മാഷുമായി എനിക്കു് ചില്ലറ തർക്കം വേണ്ടിവന്നു. തായാട്ടിന്റെ നിലപാടു് തെറ്റാണെന്നു് മാഷും ശരിയാണെന്നു് ഞാനും. ചികിത്സിക്കുന്നവന്റെ ആദർശം നോക്കിയാണോ നമ്മൾ മരുന്നു കഴിക്കുന്നതു് എന്നാണു് ഗംഗാധരൻ മാഷു് ചോദിച്ചതു്. ആ മുറ്റത്തു് ചിലർ തൊട്ടുകൂടാത്തവരായി മാറി നിൽക്കുമ്പോൾ താനെങ്ങനെ തൊടാവുന്നവനായി മരുന്നും വാങ്ങിപ്പോരും എന്ന തായാട്ടിന്റെ ക്ഷോഭം ന്യായമാണു് എന്നു് ഞാനും.
പിന്നെ പലപ്പോഴും ഞാൻ അതിനെപ്പറ്റി ആലോചിച്ചു. ഏതാനും ആഴ്ചകഴിഞ്ഞു് ഞങ്ങൾ ഭയപ്പെട്ടിരുന്ന ആ ദുരന്തവാർത്ത വന്നെത്തിയപ്പോഴും പിന്നീടു് തായാട്ടിനെ ഓർമ വരുമ്പോഴൊക്കെയും എന്റെ ആലോചന പോയതു് ആ വഴിക്കുതന്നെയായിരുന്നു: നിലപാടുകൾ പ്രധാനമല്ലേ, ജീവിതമാണെങ്കിലും രോഗമാണെങ്കിലും മരണമാണെങ്കിലും?
ഭാഷാപോഷിണി: സപ്തംബർ 2004.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.