images/Prayer_in_Cairo_1865.jpg
Prayer in Cairo, a painting by Jean-Léon Gérôme (1824–1904).
ഉസാമ: മരണത്തിന്റെ പാതകൾ
എം. എൻ. കാരശ്ശേരി

ഉസാമ എന്ന അറബിപദത്തിനു് ‘മോഹിപ്പിക്കുന്നവൻ’ എന്നാണർത്ഥം. ആ മനുഷ്യൻ 54-ാമത്തെ വയസ്സിലും സുന്ദരനായിരുന്നു. ആ നീണ്ട നാസികയുടെ ഭംഗി ആരുടെയും കണ്ണിൽപ്പെടും. ആ മുഖത്തു് സ്ഥായിഭാവമായി കണ്ട ശാന്തി ഭീകരന്മാരെപ്പറ്റിയുള്ള എല്ലാ സങ്കല്പങ്ങളെയും അട്ടിമറിച്ചു. ആ കണ്ണുകൾ കാരുണ്യത്തിന്റെ നനവുപടർന്നവയാണു് എന്നു തോന്നിച്ചു. അറേബ്യൻ കോടീശ്വരൻ അഫ്ഗാനിസ്ഥാനിലെ പാറക്കെട്ടുകൾക്കിടയിൽ ലളിതമായ പാരമ്പര്യവസ്ത്രവും ലഘുവായ ഭക്ഷണവും കഴിച്ചു് കഴിഞ്ഞുപോരുന്ന ദൃശ്യങ്ങൾ ഒരു ത്യാഗമൂർത്തിയുടെ ചിത്രം വരഞ്ഞു. രോമപ്പുതപ്പും തോളിലിട്ടു്, വടി കുത്തിപ്പിടിച്ചു് ചിന്താമഗ്നനായി നടന്നുനീങ്ങുന്ന ആ താപസരൂപത്തിനകത്തു് ഇത്രയധികം ഹിംസ കുടിപാർക്കുന്നുണ്ടു് എന്നു് തിരിച്ചറിയുവാൻ ആളുകൾ വിഷമിച്ചു. പ്രസ്താവനകളിലും പ്രതികരണങ്ങളിലും സന്ദേശങ്ങളിലും കണ്ട കടുപ്പം അവ ഈ മനുഷ്യനിൽനിന്നു് വരുന്നതുതന്നെയോ എന്നു് ആളുകളെ ബേജാറാക്കി. രൂപവും ഭാവവും തമ്മിലുള്ള വൈരുദ്ധ്യത്തിനു് ഈ അടുത്തകാലത്തു് കണ്ടുകിട്ടാവുന്ന മികച്ച ഉദാഹരണം ‘അൽഖാഇദ’യുടെ തലവനാണു്.

images/Osama_bin_Laden.jpg
ഉസാമ

സഊദി അറേബ്യയിലെ റിയാദിൽ അതിസമ്പന്നനായ കരാറുകാരൻ മുഹമ്മദ് അവ്വാദ് ഇബ്നു് ലാദന്റെ അമ്പതു മക്കളിൽ 17-ാമനായി 1957-ൽ ഉസാമ ജനിച്ചു. കരാറുപണികളിലെ മിടുക്കുകൊണ്ടും വാരികൂട്ടിയ വൻലാഭംകൊണ്ടും ശ്രദ്ധേയമായിത്തീർന്ന ലാദൻകുടുംബം രാജകുടുംബത്തിന്റെ പ്രീതിയാർജ്ജിച്ചു. ഉസാമ പഠിച്ചതു് ജിദ്ദയിലാണു്. 1979-ൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. പഠിക്കുന്ന കാലത്തുതന്നെ, 1973 മുതൽ ഇഖ്വാനുൽ മുസ്ലിമൂൻ (മുസ്ലിം ബ്രദർഹുഡ്: 1928) എന്ന മതമൗലികവാദ സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. 1979 ഡിസംബറിൽ സോവിയറ്റ് റഷ്യ അഫ്ഗാനിസ്താനിൽ നടത്തിയ അധിനിവേശമാണു് ഉസാമയെ ശരിക്കും പോരാളിയാക്കി മാറ്റുന്നതു്. ചെറുത്തുനിൽക്കുന്ന അഫ്ഗാനികൾക്കു് പണം അയച്ചുകൊടുത്ത അദ്ദേഹം രണ്ടാഴ്ചയ്ക്കകം ആയുധമേന്താൻ നേരിട്ടു് അഫ്ഗാനിസ്താനിലെത്തി. ഈ കമ്യൂണിസ്റ്റ്വിരുദ്ധ പോരാട്ടത്തെ എല്ലാ നിലയ്ക്കും അമേരിക്ക സഹായിച്ചു. സാമന്തരാജ്യംപോലെ സേവിക്കുന്ന പാകിസ്ഥാന്റെ തൊട്ടടുത്തു് ഒരു കമ്യൂണിസ്റ്റ് രാജ്യം ഉണ്ടാവുന്നതു് അമേരിക്കയ്ക്കു ദഹിച്ചില്ല.

പോരാളികൾക്കും അഭയാർത്ഥികൾക്കും പണവും ഭക്ഷണവും മരുന്നും നൽകുന്ന താവളങ്ങൾക്കു് നേതൃത്വം കൊടുത്തവരിൽ പ്രധാനി ഉസാമയായിരുന്നു. അദ്ദേഹത്തിന്റെ അത്തരം കേന്ദ്രങ്ങളെ അക്കാലത്തു് ‘അൽഖാഇദ’ (താവളം, ആസ്ഥാനം, അടിത്തറ) എന്നു വിളിച്ചുപോന്നു. ആ വാക്കാണു് പിന്നീടു് സംഘടനയ്ക്കു് പേരായിത്തീർന്നതു്.

മതപാഠശാലകളിൽ ‘വിശുദ്ധപോരാളികളെ’ (മുജാഹിദ്) സൃഷ്ടിച്ചു് റഷ്യയെ തുരത്തുന്ന പണിയാണു് അമേരിക്കയെടുത്തതു്. അങ്ങനെയാണു് ‘താലിബാൻ’ (വിദ്യാർത്ഥിസമൂഹം) ശക്തിപ്പെടുന്നതു്. ഇസ്ലാമിസം ആയുധമേന്തി കമ്യൂണിസത്തെ വെല്ലുവിളിക്കുന്ന രാഷ്ട്രീയനാടകമാണു് അന്നു് അരങ്ങേറിയതു്. സമാനചിന്താഗതിക്കാരെ മറ്റു മുസ്ലിംനാടുകളിൽനിന്നു് കൊണ്ടുവന്നതു് അമേരിക്കയാണു്. അതിലെ മുൻനിരക്കാരിൽ ഒരാളായിരുന്നു ഉസാമ പല നിലയ്ക്കും അമേരിക്കൻ ഉല്പന്നമാണു്. തെക്കൻ യമനിൽ ‘വിശുദ്ധപോരാളി’കളുമായിച്ചേർന്നും അദ്ദേഹം കമ്യൂണിസത്തിനെതിരേ യുദ്ധം ചെയ്തു.

1989-ൽ അഫ്ഗാനിസ്ഥാനിൽനിന്നു് റഷ്യൻസൈന്യം പിൻവാങ്ങി. ഉസാമ നാട്ടിലേക്കു മടങ്ങി. തെക്കൻ യമനിലെ രാഷ്ട്രീയപ്രവർത്തനംകൊണ്ടു് അദ്ദേഹം നേടിയ ജനപ്രീതിയെപ്പറ്റി രാജകുടുംബം ശകലം ബേജാറിലായിരുന്നു.

ഇറാഖിന്റെ കുവൈത്ത് അധിനിവേശ (1990) ത്തെത്തുടർന്നു് ഉണ്ടായ സദ്ദാംഭീഷണി നേരിടാൻ തന്റെ മുജാഹിദുകളെ ഇറക്കാം എന്നു് ലാദൻ പറഞ്ഞതു് അവഗണിച്ചു് സൗഊദി ഭരണകൂടം അമേരിക്കൻ സൈന്യത്തെ കൊണ്ടുവന്നതു് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. ഇസ്ലാമിന്റെ പുണ്യഗേഹങ്ങളായ മക്കയും മദീനയും സ്ഥിതിചെയ്യുന്ന അറേബ്യയിൽ അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യം, അവരുടെ സംസ്കാരത്തിന്റെ സ്വാധീനം, ലാദനു് പൊറുക്കാവുന്നതിലധികമായിരുന്നു. ഒരേസമയം അമേരിക്കയുടെയും അറേബ്യയുടെയും എതിരാളിയായിത്തീർന്ന ലാദൻ പാകിസ്ഥാനിലേക്കു് കടന്നു (1991). പാകിസ്ഥാൻ ഭരണകൂടം സൗഊദികൾക്കു് തന്നെ പിടിച്ചുകൊടുത്തേക്കും എന്നു തോന്നിയപ്പോൾ അഫ്ഗാനിസ്ഥാനിലേക്കു് രക്ഷപ്പെട്ടു. അവിടെ അധികാരത്തിനു വേണ്ടി ‘വിശുദ്ധ പോരാളികൾ’ പരസ്പരം കഴുത്തറുക്കുന്നതു കണ്ടു മനസ്സുമടുത്ത ലാദൻ മാസങ്ങൾക്കകം സുഡാനിൽ ചെന്നു് കുടുംബവൃത്തിയായ നിർമ്മാണക്കരാറുകളിൽ ഏർപ്പെട്ടു. യമനിലും സോമാലിയയിലും യു. എസ്. പട്ടാളക്കാർ ആക്രമിക്കപ്പെട്ടപ്പോൾ പിന്നിൽ ലാദൻ ആണെന്നു് ആരോപണമുയർന്നു, സൗഊദി ഭരണകൂടം ലാദന്റെ പൗരത്വം റദ്ദാക്കി (1994). തുടർന്നു് അദ്ദേഹം കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെത്തി.

സൗഊദിയിലെ അമേരിക്കൻ സൈനികകേന്ദ്രത്തിൽ ബോംബുപൊട്ടി പത്തൊമ്പതു സൈനികർ മരിച്ചപ്പോൾ ഉസാമയ്ക്കെതിരേ ആരോപണമുയർന്നു. പാശ്ചാത്യർക്കെതിരായ വലുതും ചെറുതുമായ എല്ലാ ഭീകരാക്രമണങ്ങളും ‘അൽഖാഇദ’യുടെ കണക്കിൽ എഴുതപ്പെട്ടു. ആ കണക്കുകൾ ശരിവയ്ക്കുന്ന മട്ടിൽ 1996-ൽ അദ്ദേഹം സ്വന്തം ‘ജിഹാദി’ന്റെ ലക്ഷ്യം പ്രഖ്യാപിച്ചു: ‘അമേരിക്കൻ പട്ടാളക്കാരെ അറേബ്യയിൽനിന്നു പുറത്താക്കുക, മുസ്ലീങ്ങളുടെ പുണ്യകേന്ദ്രങ്ങൾ മോചിപ്പിക്കുക, ഏതു നാട്ടിലുമുള്ള ഇസ്ലാമിക വിപ്ലവകാരികൾക്കു് സഹായം നൽകുക’: ലാദൻ മുസ്ലീങ്ങൾക്കിടയിലെ ഭീകരവാദത്തിന്റെ പ്രതീകമായിത്തീരുകയായിരുന്നു.

ഈ കാലത്തൊക്കെയും അമേരിക്കൻ ചാരസംഘടനയായ സി. ഐ. എ. അദ്ദേഹത്തെ പിന്തുടരുന്നുണ്ടു്, പലതവണ വധശ്രമങ്ങളിൽനിന്നു് ലാദൻ രക്ഷപ്പെട്ടു.

images/Hamid_Karzai.jpg
ഹമീദ് കർസായി

2001 സെപ്തംബർ 11-നു് ന്യൂയോർക്കിലെ ലോകവ്യാപാര കേന്ദ്രം തകർക്കപ്പെട്ടു; വാഷിങ്ടണിലെ സൈനിക ആസ്ഥാനമായ പെന്റഗൺ ആക്രമിക്കപ്പെട്ടു. ആയിരക്കണിക്കിനു് ആളുകൾ മരിച്ചു. ഇതിനു പിന്നിൽ അൽഖാഇദയാണു് എന്നു് വ്യക്തമായിരുന്നു. ഉസാമയെയും അദ്ദേഹത്തിനു് ഒളിത്താവളമൊരുക്കിയ താലിബാൻ നേതൃത്വത്തെയും പിടികൂടുന്നതിനുവേണ്ടി അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിച്ചു. മതഭീകരവാദികളായ താലിബാൻകാരുടെ അഫ്ഗാൻ ഭരണം (1996–2001) അതോടെ അവസാനിച്ചു. അമേരിക്കൻ പിന്തുണയോടെ ഹമീദ് കർസായി അഫ്ഗാനിസ്ഥാനിൽ അധികാരത്തിലെത്തി.

images/George_H_W_Bush.jpg
ജോർജ്ജ് ബുഷ്

കഴിഞ്ഞ പത്തുകൊല്ലമായി ഉസാമ ബിൻലാദൻ ഒളിവിലായിരുന്നു. അമേരിക്കൻ സൈന്യം ഇത്ര നീണ്ടകാലം മെനക്കെട്ടു് തെരഞ്ഞിട്ടും ആ ഒളിത്താവളം കണ്ടെത്താൻ കഴിഞ്ഞില്ല എന്നതു് അദ്ദേഹത്തിന്റെ താരമൂല്യം വർദ്ധിപ്പിച്ചു. അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോർജ്ജ് ബുഷിനു നേരേ പാശ്ചാത്യലോകത്തെങ്ങും വളർന്ന അപ്രീതിയിൽ പ്രധാനം ഈ പരാജയമായിരുന്നു. ഉസാമാവധത്തിലൂടെ അമേരിക്കയുടെ അഭിമാനം വീണ്ടെടുത്ത പ്രസിഡന്റ് ഒബാമ ഇപ്പോൾ വീരനായകനായിരിക്കുന്നു.

images/Barack_Obama.jpg
ഒബാമ

ഉസാമ ബിൻ ലാദൻ മതപണ്ഡിതനോ സാമൂഹ്യപരിഷ്കർത്താവോ പ്രസ്ഥാനനായകനോ ഒന്നുമല്ല. തീവ്രപ്രതികരണത്തിന്റെ പ്രതിരൂപം മാത്രമാണു്, അൽഖാഇദ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമല്ല; ഏതെങ്കിലും ആദർശം ലക്ഷ്യംവെച്ചു് പ്രവർത്തിക്കുന്ന സംഘടനയുമല്ല. അതിലാകപ്പാടെ മുന്നൂറു പേരേയുള്ളൂ. കൊല്ലാനും മരിക്കാനും തയ്യാറുള്ളവർ.

പണവും ത്യാഗസന്നദ്ധതയും സാങ്കേതികവിദ്യയും ഉപയോഗിച്ചു് അമേരിക്ക അടക്കമുള്ള പാശ്ചാത്യരെ ഒരു ദശകക്കാലം വിറപ്പിച്ചുനിർത്താൻ ഉസാമ പ്രാപ്തനായി, ലോകവ്യാപാരകേന്ദ്രം തകർക്കുമ്പോൾ മരിച്ചുവീഴുന്ന ആയിരങ്ങളെപ്പറ്റി അദ്ദേഹത്തിനു് ആലോചന ചെല്ലുകയില്ല. അമേരിക്കൻ സൈന്യം എത്രയോ നിരപരാധികളെ കൊന്നുതള്ളിയിട്ടുണ്ടു് എന്ന വാസ്തവം അമേരിക്കയിലെ നിരപരാധികളെ കൊന്നൊടുക്കുവാൻ മതിയായ ന്യായമാണു് എന്നാണു് അദ്ദേഹം വിശ്വസിച്ചതു്. ഈ മട്ടിൽ കാര്യങ്ങളെ നോക്കിക്കാണുന്ന വികാരജീവിയാണു് ഉസാമ.

അനീതി, അക്രമം മുതലായ പ്രശ്നങ്ങൾക്കു് രാഷ്ട്രീയപരിഹാരമുണ്ടോ എന്നു് അദ്ദേഹം ആധികൊള്ളുന്നില്ല. അന്യായം എന്നു് താൻ തീർച്ചപ്പെടുത്തിയ എന്തിനെയും സ്വന്തം ചോരകൊണ്ടോ അന്യന്റെ ചോരകൊണ്ടോ കഴുകിക്കളയാം എന്നാണു് തീർപ്പു്. ഒരു ലക്ഷ്യത്തിനുവേണ്ടി താൻ മരിക്കാൻ തയ്യാറാണു് എന്നതു് തനിക്കു് അതിനുവേണ്ടി മറ്റുള്ളവരെ കൊല്ലാനുള്ള അധികാരം തരുന്നു എന്നു് അദ്ദേഹം വിശ്വസിച്ചു: ആ പാതകളൊന്നും ജീവിതത്തിന്റേതല്ല, മരണത്തിന്റേതാണു്.

ആശയചർച്ചകൾ ആ മനുഷ്യന്റെ വിഷയമല്ല. അവിടെ ആയുധങ്ങൾ സംസാരിക്കും. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പ്രവർത്തനമേഖലകളിൽ കൊലപാതകം ഉൾപ്പെടുന്നില്ല എന്നു മനസ്സിലാക്കുവാൻ അദ്ദേഹത്തിനു ഇടയായില്ല. ഹിംസ ഒരു പ്രശ്നവും പരിഹരിക്കുന്നില്ല എന്നും പരിഹാരങ്ങൾക്കു പ്രശ്നങ്ങളുണ്ടാക്കുന്നേ ഉള്ളൂ എന്നും തിരിച്ചറിയുവാനുള്ള വിവേകം അദ്ദേഹത്തിനു് ഉണ്ടായില്ല. ലോകത്തിന്റെ നാനാഭാഗങ്ങളിൽ—ഒരു പക്ഷേ, കേരളത്തിലും—വികാരജീവികളായ എത്രയോ ചെറുപ്പക്കാരെ അദ്ദേഹം ഉത്തേജിപ്പിച്ചിരിക്കണം. മരണത്തിന്റെയും കൊലയുടെയും വഴികളിലൂടെ ഇസ്ലാമിന്റെ മഹിമയോ, അറബികളുടെ സ്വാശ്രയത്വമോ വീണ്ടെടുക്കാനാവുകയില്ല എന്നു് ഉസാമ ബിൻ ലാദന്റെ മരണം തെളിച്ചെഴുതുന്നുണ്ടു്.

അറബികളുടെയോ ഇസ്ലാംമതവിശ്വാസികളുടെയോ എന്തെങ്കിലും പ്രശ്നം പരിഹരിക്കാൻ ഉസാമയ്ക്കു് സാധിച്ചിട്ടില്ല. യുദ്ധം എന്തു നന്മയാണു് കൊണ്ടുവരിക? നീണ്ട 22 കൊല്ലക്കാലം, കഷ്ടനഷ്ടങ്ങളനുഭവിച്ചുകൊണ്ടു് അദ്ദേഹം നടത്തിയ യാതനാപൂർണ്ണമായ പോരാട്ടം ഉല്പാദിച്ചതു് ഭീതി മാത്രമാണു്; രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള അകലം മാത്രമാണു്. ആശയപ്രചരണത്തിനും ജനാധിപത്യവത്കരണത്തിനും വേണ്ടി ആ മനുഷ്യൻ പ്രയത്നിച്ചിരുന്നെങ്കിൽ പാശ്ചാത്യരുടെ സാംസ്കാരിക അധിനിവേശത്തിനും അമേരിക്കക്കാരുടെ സാമ്പത്തികചൂഷണത്തിനും എതിരായി എത്രയോ വലിയ കാര്യങ്ങൾ അറബ് നാടുകളിൽ ചെയ്യുവാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു.

2010 ഡിസംബറിൽ ടുണീഷ്യയിൽ മുളപൊട്ടുകയും ഈജിപ്തിലേക്കും ലിബിയയിലേക്കും സിറിയയിലേക്കും ഒമാനിലേക്കും ബഹറൈനിലേക്കുമെല്ലാം പടർന്നെത്തുകയും ചെയ്യുന്ന പുതിയ ജനാധിപത്യത്തിന്റെ ‘മുല്ലപ്പുവിപ്ലവ’ത്തെപ്പറ്റി ഓർത്തു നോക്കുക. 23 കൊല്ലം നീണ്ട ഏകാധിപത്യത്തെ ടുണീഷ്യയിലും 30 കൊല്ലം നീണ്ട ഏകാധിപത്യത്തെ ഈജിപ്തിലും നിരായുധമായ ജനരോഷം കടപുഴക്കിയെറിഞ്ഞു. 42 കൊല്ലമായി ഏകാധിപത്യം വാഴ്ചകൊള്ളുന്ന ലിബിയയിൽ ചെറുത്തുനില്പു്, നിർഭാഗ്യവശാൽ, ആയുധമെടുത്തു. അവിടെ അതു് പരാജയപ്പെടുന്നെങ്കിൽ ഉത്തരവാദി ആയുധമായിരിക്കും. ചരിത്രത്തിലെ ഏറ്റവും കൊള്ളാവുന്ന ആയുധം ആശയമാണു്; ഏറ്റവും കൊള്ളരുതാത്ത ആശയം ആയുധവും.

images/Saddam_Hussein.jpg
സദാം ഹുസൈൻ

സമാധാനത്തിനു് നോബൽ സമ്മാനം നേടിയ രാഷ്ട്രീയ നേതാവാണു് ബാരക് ഒബാമ! ജനാധിപത്യത്തിന്റെ പേരിൽ സംസാരിക്കുന്ന ആൾ. ബിൻലാദനെ പിടികൂടുകയും കോടതി മുമ്പാകെ ഹാജരാക്കി വിസ്തരിക്കുകയും കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ അതായേനെ, സമാധാനത്തിനും ജനാധിപത്യത്തിനും നിരക്കുന്ന നീതി. സദാം ഹുസൈന്റെ കാര്യത്തിൽ വേണമെന്നു് തോന്നിയ ആ ‘നാടകം’ പോലും ഉസാമയുടെ കാര്യത്തിൽ ഉണ്ടായില്ല. ഒരു യുദ്ധം ജയിച്ച ആവേശത്തിലാണു് അമേരിക്ക. അടുത്ത നവംബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പിൽ ഒബാമ രണ്ടാമൂഴത്തിലേക്കു തിരിച്ചുവരും എന്നു് ഉറപ്പിക്കാവുന്ന സാഹചര്യം ഇപ്പോഴേ ഉണ്ടായിക്കഴിഞ്ഞു.

ഉസാമയുടെ മരണത്തോടെ മതഭീകരവാദം അവസാനിച്ചു എന്നു് വിചാരിക്കാമോ? ഭീകരവാദം എന്നതു് വ്യക്തിയല്ല. മറിച്ചു്, പ്രതികാരദാഹമാണു്, ഹിംസാവാസനയാണു്, അവനവനെയും അന്യനെയും നശിപ്പിക്കുവാനുള്ള മനസ്സാണു്. ഉസാമാവധത്തിലൂടെ അമേരിക്ക ഒരു രക്തസാക്ഷിയെ (ശഹീദ്) സൃഷ്ടിച്ചുവോ?

ശ്രീലങ്കയിലെ തമിഴ്ഭീകരവാദം പ്രഭാകരന്റെ മരണത്തോടെ തളർന്നുപോയി. ആ പ്രശ്നം തീർത്തും പ്രാദേശികമാണു്; ഭാഷാപരമാണു്. ലാദന്റെ സ്ഥിതി അതല്ല. അദ്ദേഹം ഒരു മതത്തിന്റെ പേരിൽ സംസാരിച്ചു. ആ മതത്തിന്റെ അനുയായികൾ ലോകത്തെങ്ങുമുണ്ടു്. നാളെയോ മറ്റന്നാളോ മറ്റൊരുപറ്റം ചെറുപ്പക്കാർക്കു് ആയുധമേന്താനുള്ള പ്രചോദനമായി ഈ രക്തസാക്ഷി മാറിക്കൂടെന്നില്ല. ലാദനെ അമേരിക്കയ്ക്കു് ‘ഒറ്റിക്കൊടുത്തു’ എന്ന പഴി കേൾക്കാനിടയാവുന്ന പാകിസ്ഥാനിൽ ആ വകയിൽ ലഹളകളൊന്നും ഉണ്ടാവുകയില്ലെന്നു് ആർക്കും പറയാം?

അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ!

(മാതൃഭൂമി; 4 മേയ് 2011)

എം. എൻ. കാരശ്ശേരി
images/MN_Karasseri.jpg

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.

പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.

Colophon

Title: Usama: Maranaththinte Pathakal (ml: ഉസാമ: മരണത്തിന്റെ പാതകൾ).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Usama: Maranaththinte Pathakal, എം. എൻ. കാരശ്ശേരി, ഉസാമ: മരണത്തിന്റെ പാതകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 1, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Prayer in Cairo, a painting by Jean-Léon Gérôme (1824–1904). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.