സർഗ്ഗസാഹിത്യകാരൻ, സാമൂഹ്യപരിഷ്കർത്താവു്, രാഷ്ട്രീയപ്രവർത്തകൻ, യാത്രികൻ എന്നീ നിലകളിലെല്ലാം ജീവിച്ച പൊറ്റെക്കാട്ട് ഒരിക്കലും തളരാത്ത ഊർജ്ജത്തിനുടമയായിരുന്നു.
എസ്. കെ.-യെപ്പോലെ ഇത്ര വിപുലമായി യാത്രചെയ്യുകയും ആ യാത്രകളെപ്പറ്റിയെല്ലം ഇത്ര ഹൃദ്യമായി എഴുതുകയും ചെയ്ത ഇന്ത്യൻ എഴുത്തുകാർ ചുരുങ്ങും. അദ്ദേഹത്തെ “കേരളത്തിലെ ജോൺ ഗുന്തർ” എന്നു വിളിക്കുന്നതു് തികച്ചും സാർത്ഥകം തന്നെ. ആവശ്യമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിനും മറ്റു വസ്തുക്കൾ സംഘടിപ്പിക്കുന്നതിനും വേണ്ടി ഗുന്തർ ഒരു സെക്രട്ടറിയേയും ഏതാനും സഹായികളെയും നിയമിച്ചിരുന്നു. പക്ഷേ, പൊറ്റെക്കാട്ട് ഒറ്റയ്ക്കാണു് ഈ യാത്രാവിവരണകൃതികളെല്ലാം എഴുതിത്തീർത്തതു്.
രണ്ടു തവണ അദ്ദേഹം പാർലമെന്റിലേക്കു മത്സരിച്ചു എന്നതു നേരുതന്നെ. പക്ഷേ, കൃത്യമായ അർത്ഥത്തിൽ അദ്ദേഹം ഒരിക്കലും ഒരു രാഷ്ട്രീയക്കാരനായിരുന്നില്ല; അങ്ങനെ ആയിത്തീരാൻ അദ്ദേഹത്തിനു് ഉദ്ദേശ്യവും ഇല്ലായിരുന്നു. അതേ സമയം അദ്ദേഹം ശക്തമായ രാഷ്ട്രീയനിലപാടുകളും ഇടതുപക്ഷച്ചായ്വും ഉള്ള മനുഷ്യനായിരുന്നു. സ്വന്തം രാഷ്ട്രത്തിന്റെ ഭാഗധേയത്തിനു് രൂപംകൊടുക്കുന്നതിൽ ഒരെഴുത്തുകാരനു് ഉത്തരവാദിത്തമുണ്ടെന്നും അതിനു വേണ്ടിവന്നാൽ സമകാലികപ്രശ്നങ്ങളിൽ ഇടപെടണമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. സമൂഹത്തിലെ ദരിദ്രരും അധഃസ്ഥിതരുമായ വിഭാഗത്തോടു് അദ്ദേഹം സ്വതന്ത്രമായി ഇടപഴകിയിരുന്നു. അദ്ദേഹം അവരുടെ പ്രശ്നങ്ങൾ പഠിച്ചു; അവരുടെ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ച പ്രസ്ഥാനങ്ങളിലെല്ലാം ഭാഗഭാക്കാവുകയും ചെയ്തു.
ഒരു സർഗ്ഗസാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹം നോവൽരംഗത്തു് ഒരു തുടക്കക്കാരനും വഴികാട്ടിയും ആയിരുന്നു. കാല്പനികഭാവത്തേയും യഥാതഥദർശനത്തേയും സമന്വയിപ്പിച്ച എഴുത്തുകാരനാണദ്ദേഹം. അദ്ദേഹത്തിന്റെ ‘പുള്ളിമാൻ’, ‘ഏഴിലംപാല’—തുടങ്ങിയ കഥകളും ‘നാടൻപ്രേമം’, ‘മൂടുപടം’ തുടങ്ങിയ നോവലുകളും അക്കാലത്തെ വായനക്കാർ ഹരംപിടിച്ചു് വായിക്കുകയുണ്ടായി. മലയാളസാഹിത്യത്തിലെ കാല്പനികയുഗത്തിന്റെ നാഴികക്കല്ലുകളാണവ. ‘വിഷകന്യക’ എന്ന നോവലിൽ അദ്ദേഹം പുതിയ മണ്ണു കണ്ടെത്തി. നായകകേന്ദ്രിതമായ മലയാളത്തിലെ പതിവുനോവലുകളിൽ നിന്നു് ഒരു വ്യതിയാനമായിരുന്നു അതു്. ഒരു സമുദായത്തിന്റെ ദുരന്തപ്രയാണം അവതരിപ്പിച്ചതിലൂടെ ആ പുസ്തകം മലയാളത്തിലെ നോവൽരൂപത്തെ ഡോക്യുമെന്ററിയോടു് അടുപ്പിച്ചു. ഡോക്യുമെന്ററിയുടെ തരത്തിലുള്ള ഈ അവതരണസമ്പ്രദായം ‘ഒരു തെരുവിന്റെ കഥ’, ‘ഒരു ദേശത്തിന്റെ കഥ’ എന്നീ രണ്ടു നോവലുകളിലും അദ്ദേഹം ആവർത്തിക്കുകയുണ്ടായി. ഈ കൃതികൾ ഇന്ത്യയിലെ ഈ നൂറ്റാണ്ടിലെ ഉന്നതശീർഷനായ ഒരു നോവൽക്കാരൻ എന്ന ഖ്യാതി അദ്ദേഹത്തിനു് നേടിക്കൊടുത്തു. അങ്ങനെ വ്യക്തിയിൽ നിന്നു് സമൂഹത്തിലേക്കും കാല്പനികതയിൽ നിന്നു് യാഥാതഥ്യത്തിലേക്കും അദ്ദേഹത്തിന്റെ പരിപ്രേക്ഷ്യത്തിനു് കാലക്രമത്തിൽ ഒരു മാറ്റം സംഭവിച്ചു. പില്ക്കാലങ്ങളിൽ സാമൂഹ്യ മനുഷ്യൻ വ്യക്തിമനുഷ്യനെ പിന്തള്ളുന്നു.
രചനയുടെ തെളിച്ചത്തിൽ പൊറ്റെക്കാട്ട് വിശ്വസിച്ചിരുന്നു. തന്റെ എല്ലാത്തരം എഴുത്തിലും അദ്ദേഹം നിലനിർത്തിയ ഒരു ഗുണമാണിതു്. ശൈലികൊണ്ടു് എസ്. കെ. പരീക്ഷണം നടത്തിയില്ല; ആച്ഛാദിതമോ, ദ്വയാർത്ഥപ്രധാനമോ, ലാക്ഷണികമോ ആയ കഥാഖ്യാനരീതിയോടു് അദ്ദേഹത്തിനു് ഒരാഭിമുഖ്യവും തോന്നിയിരുന്നില്ല. പെട്ടെന്നുതന്നെ സംഗതി പിടികിട്ടുന്ന മട്ടിൽ നേർക്കുനേരെ കാര്യം പറയാനാണു് അദ്ദേഹം ഉത്സാഹിച്ചതു്. ഇതൊക്കെയാണെങ്കിലും ആ ശൈലി വൈവിധ്യങ്ങളില്ലാത്തതോ, ഭിന്നമാനങ്ങൾ പുലർത്താത്തതോ അല്ല. വിഷയത്തിനനുസരിച്ചു് അദ്ദേഹം സ്വരവും സമ്പ്രദായവും മാറ്റുന്നു. ഉദാഹരണമായി, കേരളീയ ഗ്രാമങ്ങളുടെ പ്രകൃതിഭംഗി വിവരിക്കുമ്പോൾ എസ്. കെ.-യുടെ ഭാഷ കാവ്യസാന്ദ്രമായിത്തീരുന്നു. രംഗം ഒരു നഗര വീഥിയിലേക്കു മാറുമ്പോൾ ശൈലി രൂപാന്തരപ്പെട്ടു് പത്രഭാഷയുടെ അന്തരീക്ഷം ചമയ്ക്കുകയും ചെയ്യുന്നു. തന്റെ സമകാലികരായ ഉറൂബ്, ബഷീർ തുടങ്ങിയവരിൽ നിന്നു് എസ്. കെ.-യ്ക്കുള്ള ഒരു വ്യത്യാസം അദ്ദേഹത്തിനു് അവരെപ്പോലെ നാട്ടുമൊഴിയോടു് ആഭിമുഖ്യമില്ല എന്നതാണു്. സംഭാഷണം രേഖപ്പെടുത്തുമ്പോൾ പോലും പ്രാദേശിക മൊഴിഭേദത്തിന്റെ പ്രത്യേകതകൾ പുനഃസൃഷ്ടിക്കാൻ അദ്ദേഹം വിരളമായേ ശ്രമിക്കാറുള്ളൂ. മിക്ക സമയത്തും വരമൊഴി രീതിയിലാണദ്ദേഹം സംഭാഷണം രേഖപ്പെടുത്തുന്നതു്.
മാനവികദർശനത്തിൽ വേരുപിടിച്ച ആദർശപരതയാൽ അനുഗൃഹീതനാണു് പൊറ്റെക്കാട്ട്. മനുഷ്യന്റെ ജന്മസിദ്ധമായ നന്മയിൽ അദ്ദേഹത്തിനു് അഗാധമായ വിശ്വാസമുണ്ടു്. അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും ഗണനീയമായ ചില മനോഗുണങ്ങൾ ഉള്ളവരാണു്. ലൈംഗികഭ്രാന്തുള്ള മനുഷ്യക്കരടികളെയും ശീതരക്തമുള്ള കൊലയാളികളെയും വഞ്ചനാശീലമുള്ള സ്ത്രീകളെയും അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ടു് എന്നതു് സത്യം തന്നെ. പക്ഷേ, അത്തരം കഥാപാത്രങ്ങൾ പോലും ചില മാനസികപരിവർത്തനങ്ങൾക്കു് വിധേയരാവുന്നുണ്ടു്; അല്ലാത്തപക്ഷം ജീവിതത്തിലെ നിർണ്ണായകമായ ഘട്ടങ്ങളിൽ പശ്ചാത്താപത്തിന്റെ സൂചകങ്ങളെങ്കിലും നല്കുന്നുണ്ടു്. ‘നാടൻപ്രേമ’ത്തിലെ രവീന്ദ്രനെ നോക്കൂ—നഗരവാസിയും ബിസിനസ്സുകാരനുമായ ആ യുവാവു് ഒരു പാവപ്പെട്ട ഗ്രാമീണകന്യകയുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്നു. അനുരാഗം മൂത്തു് അവൾ ഗർഭിണിയാവുമ്പോൾ യാതൊരു ധാർമ്മികവ്യഥയും കൂടാതെ അയാൾ ഗ്രാമത്തിൽ നിന്നു് അപ്രത്യക്ഷനാകുന്നു. വർഷങ്ങൾക്കു ശേഷം കുറ്റബോധം അയാളെ വേട്ടയാടി, യൗവ്വന കാലത്തു് കാണിച്ച വഞ്ചനയ്ക്കു പരിഹാരം ഉണ്ടാക്കാൻ അയാൾ ശ്രമിക്കുന്നു. ‘ഒരു തെരുവിന്റെ കഥ’യിലെ ഓമഞ്ചി സ്ത്രീജിതനും മറ്റുള്ളവരെയെല്ലാം സ്വന്തം ആവശ്യത്തിനു് ഉപയോഗിക്കുന്നവനും ആണു്. എങ്കിലും ഒരു ഘട്ടത്തിൽ രാധ എന്ന യൗവ്വനയുക്തയിൽ മരിച്ചുപോയ തന്റെ സഹോദരിയുടെ ഛായ അയാൾ കണ്ടെത്തി. അവളോടു സഹോദരസഹജമായ സ്നേഹം തോന്നിയ ഓമഞ്ചി തന്റെ മരണശയ്യയിൽ നിന്നു് അവൾക്കു കുറച്ചുപണം അയച്ചുകൊടുക്കുന്നു. അപ്പോഴേക്കു് രാധ മരിച്ചു കഴിഞ്ഞിരുന്നു എന്ന വിവരം ആ മനുഷ്യൻ അറിഞ്ഞിരുന്നില്ല. യോഗ്യനാവാനുള്ള ശക്തി ഓരോ വ്യക്തിയിലും ഉറങ്ങിക്കിടപ്പുണ്ടു്. എങ്കിലും അവൻ ചിലപ്പോൾ കുത്സിതമാർഗ്ഗങ്ങളിലേക്കു തിരിയുന്നു. സാഹചര്യത്തിന്റെ സമ്മർദ്ദംമൂലം അവന്റെയുള്ളിലെ സ്നേഹധാരവറ്റിപ്പോകുന്നു.
ജീവിതത്തെ അതിന്റെ എല്ലാവിധ വൈരുദ്ധ്യങ്ങളോടും അസംബന്ധതകളോടും കൂടി പൊറ്റെക്കാട്ട് സ്വീകരിച്ചു. എങ്കിലും അദ്ദേഹം വെറുമൊരു സരളശുഭാപ്തിവിശ്വാസിയായിരുന്നില്ല. ഒരേ സമയം തീവ്രവിഷാദവും ആനന്ദോല്ലാസവും നിറഞ്ഞ കഥകൾ അദ്ദേഹം എഴുതിയിട്ടുണ്ടു്. അദ്ദേഹത്തിന്റെ ജീവിതവീക്ഷണം സന്തുലിതമായിരുന്നു—ആകെ ഇരുണ്ടതോ എല്ലാം തെളിഞ്ഞതോ ആയിരുന്നില്ല. മനുഷ്യന്റെ സ്ഥൈര്യവും സ്വയം പരിഷ്ക്കരിക്കാനുള്ള പ്രാപ്തിയും കണ്ടറിഞ്ഞു് ആദരിക്കുന്ന കാര്യത്തിൽ അദ്ദേഹം ഒരിക്കലും പരാജയപ്പെടുകയുണ്ടായില്ല.
‘ഒരു ദേശത്തിന്റെ കഥ’യിലെ ഗോപാലേട്ടൻ ജീവിതസായാഹ്നത്തിൽ സന്യാസിതുല്യനായിത്തീർന്നു. ഒരു രാത്രിയിൽ അദ്ദേഹം ശ്രീധരനോടു പറയുന്നു: “ദൈവം ഉണ്ടെങ്കിൽ അയാൾ ആകാശത്തിൽ വളരെ അകലെയാണു്—നീ വിളിച്ചാൽ കേട്ടില്ലെന്നു വരാം. എന്നാൽ, ആപൽഘട്ടത്തിൽ നിന്റെ വിളി എളുപ്പം കേൾക്കുന്ന, നിന്റെ രക്ഷയ്ക്കു് ഉടൻ ഉപദേശം മന്ത്രിച്ചു തരുന്ന മറ്റൊരു ദൈവം—ഒരു മഹച്ഛക്തി—നിന്റെ ഉള്ളിൽ തന്നെ കുടികൊള്ളുന്നുണ്ടു്: നിന്റെ മനസാക്ഷി—എന്തു കാര്യം ചെയ്യാൻ പുറപ്പെടുമ്പോഴും നിന്റെ മനസാക്ഷിയോടു് ഉപദേശം തേടുക.” (മൂന്നാം ഭാഗം: അധ്യായം 22) ഗ്രന്ഥകാരന്റെ തന്നെ ജീവിതവീക്ഷണത്തിന്റെ കഴമ്പിൽ നിന്നാണു് ഈ വാക്കുകൾ വരുന്നതു്. പൊറ്റെക്കാട്ടിനു് മനുഷ്യരിലുള്ള വിശ്വാസം സ്വയംപര്യാപ്തമായിരുന്നു. അതു് ഏതെങ്കിലും തത്വചിന്തയുടേയോ ആത്മീയതയുടേയോ അടിത്തറയിൽ കെട്ടിപ്പൊക്കിയതായിരുന്നില്ല. മാനുഷികപ്രശ്നങ്ങൾ സാമൂഹ്യയാഥാർത്ഥ്യത്തിന്റെ ഭാഗം എന്ന നിലയിൽ കണ്ടറിയുകയും ലൗകികതലത്തിൽ അതിനെ വിശകലനവിധേയമാക്കുകയും ചെയ്യുക എന്നതായിരുന്നു പൊറ്റെക്കാട്ടിന്റെ രീതി.
പൊറ്റെക്കാട്ടിന്റെ സാഹിത്യകൃതികൾ കലയെയും ജീവിതത്തെയും കുറിച്ചു് അദ്ദേഹത്തിനുള്ള നിലപാടുകൾ പ്രകാശിപ്പിക്കുന്നുണ്ടു്. വിമർശനകൃതികളൊന്നും എഴുതിയിട്ടില്ലെങ്കിൽതന്നെയും കവിത, കഥ മറ്റു സാഹിത്യരൂപങ്ങൾ തുടങ്ങിയവയെപ്പറ്റി പലപ്പോഴായി നടത്തിയ പ്രസംഗങ്ങളിൽ അദ്ദേഹം സാഹിത്യാദികലകളെക്കുറിച്ചുള്ള ശക്തമായ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ടു്. ജ്ഞാനപീഠപുരസ്ക്കാരം സ്വീകരിച്ചുകൊണ്ടു് ചെയ്ത പ്രഭാഷണമാണു് ഇക്കൂട്ടത്തിൽ ഏറ്റവും സ്മരണീയം. അന്നു് അദ്ദേഹം പറയുകയുണ്ടായി: മഹത്തായ സാഹിത്യമെന്നതു് മനുഷ്യന്റെ സഹജനന്മയെ പോഷിപ്പിക്കുകയും ഉന്നതാദർശങ്ങളെ ആശ്ലേഷിക്കുകയും ചെയ്യുന്നതാവണം. ഈ നിലപാടിൽ നിന്നുകൊണ്ടുതന്നെ, അദ്ദേഹം വാദിച്ചു—ഏതു സാഹിത്യത്തിന്റേയും അടിസ്ഥാന ലക്ഷ്യം രണ്ടാണു്: മനുഷ്യനിൽ ലീനമായിക്കിടക്കുന്ന സദ്ഗുണങ്ങളിലേക്കു് അവനെ ഉണർത്തുക; സാംസ്കാരിക ധാരണയോടും സമത്വബോധത്തോടും സ്നേഹബുദ്ധിയോടും കൂടി മനുഷ്യരെ അടുപ്പിക്കുക.
സ്വന്തം സാംസ്ക്കാരികപൈതൃകത്തിനു് നേരെ ഇന്ത്യയിൽ വല്ലാത്തൊരു തരം ഉദാസീനത വളർന്നുവരുന്നതായി അദ്ദേഹത്തിനു് അനുഭവപ്പെട്ടിരുന്നു. സമകാലികമലയാളസാഹിത്യത്തിൽ വളർന്നുമുന്നേറിക്കൊണ്ടിരിക്കുന്ന ചില പ്രവണതകളുടെ നേരെ അദ്ദേഹം വളരെ സംശയാലുവായിരുന്നു. ചന്തയിൽ വിറ്റഴിക്കപ്പെടുന്ന ഒരു ചരക്കായി സാഹിത്യം വിലകെട്ടുപോയിരിക്കുന്നു എന്നദ്ദേഹം പലപ്പോഴും വ്യാകുലപ്പെട്ടു. ലൈംഗികവൈകൃതങ്ങളും കുറ്റകൃത്യങ്ങളും ബലാൽസംഗരംഗങ്ങളും അവതരിപ്പിച്ചു് സമകാലീന സാഹിത്യം വായനക്കാരനെ ആകർഷിക്കുന്നു. ആധുനിക ലോകം ദാരിദ്ര്യം, അന്തരീക്ഷ മലിനീകരണം, ജനസംഖ്യാവിസ്ഫോടനം എന്നിവ മൂലം നശിക്കുകയാണെന്നു് അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. അതോടൊപ്പം സാഹിത്യവും ആശയദാരിദ്ര്യം, ലൈംഗികവൈകൃതമലിനീകരണം, ചവറുകൃതികളുടെ നിരന്തരോല്പാദനം എന്നിവകൊണ്ടു് നശിക്കുന്നു.
സമകാലികജീവിതത്തിന്റെ ചില പരിവർത്തനങ്ങളോടു് സമരസപ്പെട്ടുപോവാൻ തനിക്കു സാധിക്കാത്തതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. സ്വന്തം നഗരത്തിൽ തന്നെ അദ്ദേഹം ഒരപരിചിതനായിത്തീർന്നു. ‘ഒരു ദേശത്തിന്റെ കഥ’ എന്ന ആത്മകഥാപരമായ നോവൽ അവസാനിക്കുന്നതു് ശ്രീധരൻ സ്വന്തം ‘ദേശ’ത്തിൽ അന്യനായിത്തീരുന്നതു് ചിത്രീകരിച്ചു കൊണ്ടാണു്. വിദേശത്തുനിന്നു് മടങ്ങിയെത്തുന്ന ശ്രീധരൻ താൻ ജനിച്ചു വളർന്ന ദേശമാണെന്നു് തിരിച്ചറിയാൻപറ്റാത്തവിധം കൃത്രിമ നാഗരികത ബാധിച്ച പ്രദേശത്തെയാണു് കാണുന്നതു്. തെരുവുകളിൽ ആൾത്തിരക്കു് വളരെ വർദ്ധിച്ചിരിക്കുന്നു; അനേകം പുതിയ കെട്ടിടങ്ങൾ ഉയർന്നിരിക്കുന്നു. കണ്ടുമുട്ടുന്ന മുഖങ്ങളിൽ പലതും അപരിചിതവും പുതിയതും ആണു്; എല്ലാം കൃത്രിമവും അയഥാർത്ഥവും ആയിത്തോന്നുന്നു. ഒരു പടിഞ്ഞാറൻസിനിമാപ്പാട്ടിന്റെ ഈണം മൂളിക്കൊണ്ടു് ഒരു പീടികയിലേക്കു് കൊക്കൊക്കോള കുടിയ്ക്കാൻ വരുന്ന ജീൻസണിഞ്ഞ പത്തുവയസ്സുകാരൻ പുതിയ നഗരത്തിന്റെയും പുതിയ കാലഘട്ടത്തിന്റെയും വാചാലപ്രതീകമാവുന്നു. ആ കുട്ടി ശ്രീധരനു് പകരം നില്ക്കുന്നു. അടുത്ത തലമുറയുടെ കഥ അവന്റെ കഥയാണു്.
എസ്. കെ.-യുടെ മരണത്തിനു് ഏതാനും മാസങ്ങൾക്കു് മുമ്പു് ഉണ്ടായ ഒരു സംഭവം അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ഒരാൾ അനുസ്മരിക്കുകയുണ്ടായി. ഒരു സായാഹ്നത്തിൽ കടന്നുപോകുന്ന അപരിചിതമുഖങ്ങളിലേക്കു് ഉറ്റുനോക്കിക്കൊണ്ടു് അവർ രണ്ടുപേരും തിരക്കുള്ള നഗര വീഥികളിലൂടെ നടക്കുകയായിരുന്നു. അവർ ഒരു പുതിയ ഹോട്ടലിൽ കയറി, കാപ്പിക്കു് പറഞ്ഞിട്ടു് പോയകാലത്തെക്കുറിച്ചു് നീണ്ട വർത്തമാനത്തിലേർപ്പെട്ടു. അവരുടെ സമീപം എല്ലാം ശ്രദ്ധിച്ചുകൊണ്ടു് ഒരു യുവാവു് ഇരിപ്പുണ്ടായിരുന്നു. പരിചാരകൻ ബില്ല് കൊണ്ടുവന്നപ്പോൾ ആ ചെറുപ്പക്കാരൻ അതു് കടന്നെടുക്കുകയും പണം കൊടുക്കുകയും ചെയ്തു. അയാൾ തന്റെ സുഹൃത്തിന്റെ പരിചയക്കാരനാവാം എന്നാണു് എസ്. കെ. കരുതിയതു്. പക്ഷേ, അയാൾ ഇരുവർക്കും അപരിചിതനാണു് എന്നു് എളുപ്പം വ്യക്തമായി. അഗാധമായ ഏതോ ചിന്തയിലാണ്ട സ്വരത്തിൽ പൊറ്റെക്കാട്ട് സുഹൃത്തിനോടു് പറഞ്ഞു: “നമ്മുടെ ലോകം മരിച്ചുകഴിഞ്ഞു. നാം ഇവിടെ അപരിചിതരാണു്”. ഇടയ്ക്കും തലയ്ക്കും അപരിചിതരായ ഇത്തരം യുവാക്കളുമായുള്ള ‘ഏറ്റുമുട്ടലുകൾ’ എസ്. കെ.-യെ പരിരംഭണം ചെയ്യാനെത്തി. അദ്ദേഹം മരണത്തിലേക്കു് രക്ഷപ്പെട്ടു; അല്ലെങ്കിൽ ആരോ പറഞ്ഞതുപോലെ, ആ സഞ്ചാരി നീണ്ട പകലിൽനിന്നും ഇരുളിന്റെ വിദൂരതകളിലേക്കു് യാത്ര പോയിരിക്കുന്നു.
പൊറ്റെക്കാട്ടിനോടുകൂടി മലയാളകഥാസാഹിത്യചരിത്രത്തിലെ സംഭവബഹുലമായ ഒരുകാലഘട്ടം അവസാനിച്ചു.
എസ്. കെ. പൊറ്റെക്കാട്ട് ഒരേ സമയം റൊമാന്റിസിസ്റ്റും റിയലിസ്റ്റുമായിരുന്നു. ആ കലാകാരൻ തന്റെ സ്വാതന്ത്ര്യത്തേയും വ്യക്തിത്വത്തേയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു. അപ്പോഴും അദ്ദേഹം സമൂഹത്തിന്റെ താഴേക്കിടയിലുള്ള മനുഷ്യരുമായി ഇമ്പത്തോടെ, തുറന്നുപെരുമാറി. വിദൂരസ്ഥവും വൈദേശികവുമായ എന്തിനോടുമുള്ള അഗാധമായ ആഭിമുഖ്യവുമായി നാടുകളിൽനിന്നു നാടുകളിലേക്കു് അലയുമ്പോഴും ആ മനുഷ്യന്റെ ആത്മാവു് തന്റേതുമാത്രമായ കേരളത്തിൽ വേരാഴ്ത്തി നില്ക്കുകയായിരുന്നു.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.