
വിംസീ എന്ന തൂലികാനാമം കുട്ടിക്കാലം മുതലേ ഞാൻ കണ്ടുപഴകിയതാണു്. അതിന്റെ വൈചിത്ര്യത്തോടു് എനിക്കൊട്ടും കമ്പം തോന്നിയിരുന്നില്ല. മൂപ്പരു് എഴുതുന്ന സ്പോർട്സ് വിഷയങ്ങളിലും എനിക്കു താൽപര്യം കമ്മിയായിരുന്നു.
ബാപ്പ കോൺഗ്രസ്സുകാരനായിരുന്നതിനാൽ ഞങ്ങളുടെ നാട്ടിൽ വന്നിരുന്ന രണ്ടോ മൂന്നോ മാതൃഭൂമി പത്രങ്ങളിലൊന്നു് എന്റെ വീട്ടിലായിരുന്നു. (മാതൃഭൂമി അന്നു് കോൺഗ്രസ് പത്രമാണു്.) അതുകൊണ്ടു് ആ തൂലികാനാമം മുടങ്ങാതെ കാണാൻ എനിക്കു് ഇടയായി.

ചന്ദ്രികയുടെ ഒരു വാർഷികപ്പതിപ്പിൽ ‘പെലെ’ എന്നുപേരായ ഫുട്ബോൾ കളിക്കാരനെക്കുറിച്ചു് മുഷ്ത്താഖ് എഴുതിയ രസകരമായ ലേഖനം യാദൃച്ഛികമായി വായിക്കാനിടയായതോടെയാണു് സ്പോർട്സ് ലേഖനങ്ങളിലേക്കു് എന്റെ ശ്രദ്ധ തിരിഞ്ഞതു്. മുഹമ്മദലി യെപ്പറ്റി അപ്പോഴും ഇപ്പോഴുമായി വന്നുകൊണ്ടിരുന്ന വാർത്തകൾ ഈ കൗതുകം തെഴുപ്പിച്ചു.

എന്റെ ഗ്രാമത്തിലും കോളേജ് പഠനത്തിനു വേണ്ടി ഞാൻ ചെന്നെത്തിയ കോഴിക്കോട് നഗരത്തിലും വ്യാപകമായിരുന്ന ഫുട്ബോൾഭ്രാന്തു് അന്തരീക്ഷത്തിൽനിന്നു് അല്പസ്വല്പമൊക്കെ എനിക്കും പകർന്നുകിട്ടിയിരുന്നു. അക്കാലത്തു് കോഴിക്കോടിന്റെ ഏറ്റവും വലിയ ഹരമായിരുന്ന നാഗ്ജി ഫുട്ബോൾ കാണാൻ ചിലപ്പോഴൊക്കെ ഞാനും ചെന്നു. ഒരുതവണ ഞാൻ ചെന്നതു് പ്രധാനമായും ട്രോഫിവിതരണത്തിനെത്തിയ സിനിമാനടൻ സത്യനെക്കാണാനാണു്.
അങ്ങനെ സാവകാശം ഞാൻ വിംസീയുടെ വായനക്കാരിൽ ഒരുത്തനായിത്തീർന്നു. ആ തുറന്നടിക്കുന്ന രീതി എനിക്കു വളരെപ്പിടിച്ചു. എന്നെ അധികം ആകർഷിച്ചതു് നിരീക്ഷണങ്ങളോ വസ്തുതകളോ അല്ല, ആ ഭാഷാരീതിയാണു്. അമ്പുപോലെ ചെന്നു തറയ്ക്കുന്ന ആ ശൈലിയിൽനിന്നു ഞാൻ പലതും പഠിച്ചു—കളിയെപ്പറ്റിയല്ല, ഭാഷാപ്രയോഗങ്ങളെപ്പറ്റി. വൈകാരികപ്രതികരണങ്ങളുടെയും അതിശയോക്തികളുടെയും അതിവാദങ്ങളുടെയും സ്പർശമുള്ള ആ കളിയെഴുത്തു് പലപ്പോഴും ഒരു പോരാട്ടത്തിന്റെ ഹരം പകർന്നു. ഫുട്ബോൾകളി കണുന്നതിലധികം വിംസീയുടെ നിരൂപണങ്ങൾ വായിക്കുന്നതിൽ ഞാൻ രസിച്ചു. കാര്യമായി ഒന്നും അലോചിക്കാതെ തന്നെ, നേരിട്ടറിഞ്ഞുകൂടാത്ത ആ മനുഷ്യന്റെ പക്ഷപാതങ്ങളിൽ ഞാൻ പങ്കുപറ്റി.
ഞാൻ അന്വേഷിച്ചു മനസ്സിലാക്കി—വിളയാട്ടുശ്ശേരി മുള്ളമ്പലത്തു് ബാലചന്ദ്രൻ (വി. എം. ബി. സി) എന്നതിന്റെ ചുരുക്കമാണു് വിംസീ. കോഴിക്കോട്ട് മാതൃഭൂമിയിൽ ന്യൂസ് എഡിറ്ററാണു്. നാടു് താമരശ്ശേരി—എന്റെ അടുത്ത നാട്ടുകാരനാണു് എന്നതിൽ ഒരു പ്രത്യേക സന്തോഷം തോന്നി.
അങ്ങനെയിരിക്കെ, കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷണവിദ്യാർത്ഥിയായിരിക്കുമ്പോൾ ഒരു വാർത്ത കൊടുക്കുന്നതിനുവേണ്ടി ഞാൻ മാതൃഭൂമിയിൽച്ചെന്നു് പരിചയപ്പെട്ടു. അന്നത്തെ പെരുമാറ്റം എനിക്കു ഹൃദ്യമായിത്തോന്നി.

ഏറെച്ചെല്ലുംമുമ്പേ മൂപ്പരുടെ മുമ്പാകെ എനിക്കു് ഉദ്യോഗാർത്ഥിയായി ചെല്ലേണ്ടിവന്നു—വി. എം. നായർ, എ. പി. ഉദയഭാനു, വി. എം. കൊറാത്ത് തുടങ്ങിയവർക്കൊപ്പം ഇന്റർവ്യൂബോർഡിൽ വിംസീയുമുണ്ടു്. ആ നേരത്തു് മൂപ്പരു് പഴയ പരിചയമോർത്തെടുത്തു് ലോഹ്യം പറഞ്ഞതു് വലിയ ആശ്വാസമായിരുന്നു.
സബ് എഡിറ്റർ ട്രെയ്നിയായി മാതൃഭൂമിയിൽ ചേരുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ മുമ്പാകെ ഹാജരായപ്പോൾ വളരെക്കാലമായി അടുത്തു പരിചയമുള്ള ഒരാളോടെന്നപോലെയാണു് എന്നോടു പെരുമാറിയതു്.
ചെന്ന ദിവസം തന്നെ എന്നെയും കൂട്ടി പ്രൂഫ് സെക്ഷനിൽ ചെന്നു. അവിടെയുണ്ടായിരുന്ന മൂസ്സത്, വേണുമാരാർ, അഹമ്മദ്കോയ, ഗോപാലൻമാസ്റ്റർ തുടങ്ങിയവർക്കെല്ലാം പരിചയപ്പെടുത്തിയിട്ടു പറഞ്ഞു:
“അപ്പുറത്തു് ഡസ്കിലിരുന്നു് താനെഴുതുന്നതൊക്കെ ഇവിടെയാ വരിക. ഇവിടത്തെ ബുദ്ധിമുട്ടുകളൊക്കെ ആദ്യം പഠിക്കു്. ഒരു പതിനഞ്ചു ദിവസം ഇവിടെയിരി. എന്താ, വിഷമം തോന്നുന്നുണ്ടോ?”
വിനയം വിടാതെ, ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു: “ഉണ്ടു്.”
“ങ്ഏ?”
“ഇവിടെയിരിക്കാൻ ലേശം ബേജാറുണ്ടു്. കുട്ടിക്കൃഷ്ണമാരാരു് ഇരുന്ന സ്ഥലമാണിതു്.”
‘ഹ്ഹ! ഹ! ഹാ!’ എന്നു് ന്യൂസ് എഡിറ്റർ വലിയവായിൽ പൊട്ടിച്ചിരിച്ചു. അങ്ങനെയാണു് ഞങ്ങളുടെ ഔദ്യോഗികബന്ധം ആരംഭിച്ചതു്.
എന്റെ തൂലികാനാമത്തെ മൂപ്പർ വകവച്ചില്ല. “എടോ മുഹ്യുദ്ദീൻ” എന്നാണു് സ്ഥിരമായി വിളിക്കുക. അതിലെ വാത്സല്യവും സ്വാതന്ത്ര്യവും എനിക്കു വല്ലാത്ത രക്ഷാബോധം തന്നിരുന്നു.
വിംസീയോളം ‘വർക്കഹോളിക്’ ആയ ആളുകളെ അപൂർവ്വമായേ ഞാൻ കണ്ടിട്ടുള്ളൂ. രാവിലെ ഒമ്പതരയ്ക്കു് ആപ്പീസിലെത്തിയാൽ രാത്രി ഒമ്പതരയ്ക്കാണു് തിരിച്ചുപോവുന്നതു്. പോകുമ്പോൾ ഞങ്ങളെ ഏല്പിക്കും—എന്താവശ്യമുണ്ടെങ്കിലും എപ്പോഴാണെങ്കിലും വിളിക്കണം.
ഞങ്ങളാണെങ്കിൽ അത്യാവശ്യത്തിനും ആവശ്യത്തിനും ചിലപ്പോൾ അനാവശ്യത്തിനും ആ ഉറക്കം ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. നിരന്തരം കറക്കിയിരുന്ന ആ ഫോൺനമ്പർ ഇപ്പോഴും എനിക്കോർമ്മയുണ്ടു്—4181. ഏതു നട്ടപ്പാതിരയ്ക്കു വിളിച്ചാലും വിളിച്ചതിന്റെ പേരിൽ ഒരിക്കലെങ്കിലും ദേഷ്യപ്പെട്ടതായി എനിക്കോർമ്മയില്ല.
ഇതുകേട്ടാൽ നിങ്ങൾക്കു തോന്നും, തീരെ കോപിക്കാത്ത ആളാണെന്നു്. സംഗതി അങ്ങനെയല്ല. മൂക്കത്താണു് ശുണ്ഠി. ക്ഷോഭം വന്നാൽ ആരാണെന്നും എന്താണെന്നും നോട്ടമില്ല. ശരിക്കും ഇളകിയാടും. തൊട്ടപ്പുറത്തു് ബീഡി വലിച്ചുകൊണ്ടു് അക്ഷോഭ്യനായി ഇരുന്നു ജോലിചെയ്യുന്ന കൊറാത്തിന്റെ മുഖത്തു് അന്നേരത്തു് ഇളംചിരി പരക്കും; ‘തിരുമേനി’ എന്നു് ഞങ്ങൾ വിളിച്ചിരുന്ന ത്രിവിക്രമൻ അപ്പോൾ ആ ക്ഷോഭത്തെ കളിയാക്കി എന്തെങ്കിലും ഒരു തമാശ സ്വകാര്യമായി പറയും; ശ്രീകുമാരമേനോൻ ഒരു നുള്ളു മൂക്കുപ്പൊടികൂടി ബദ്ധപ്പെട്ടു് മൂക്കിലേക്കു തള്ളിക്കയറ്റി നിറംകെട്ടുപോയ ഉറുമാലുകൊണ്ടു് മൂക്കു തുടയ്ക്കും. പക്ഷേ, വിംസീക്കു് പിണക്കമില്ല. അടുത്ത നിമിഷം ദേഷ്യം മറന്നു് തെളിയും. അതു് കാണുമ്പോഴാണു് കുഞ്ഞബ്ദുല്ലസായ്വും കൃഷ്ണദാസും ഗോപി പഴയന്നൂരും ഇളംചിരി പാസാക്കുന്നതു്. പിഷാരടിക്കു് രണ്ടു ഭാവത്തിനുനേരെയും ഒച്ചയില്ലാത്ത ആ വിടർന്ന ചിരിതന്നെ.
ഇതൊക്കെ ഏതെങ്കിലും വാർത്ത വൈകിയതിനാണു്. അല്ലെങ്കിൽ ഫോട്ടോ വൈകിയതിനു്. അതുമല്ലെങ്കിൽ വല്ല വാർത്തയും കിട്ടാതെ പോയതിനു്. അല്ലാതെ വ്യക്തിപരമായ ഒരു കാര്യത്തിനുമല്ല. തൊഴിലിനോടു്, പത്രപ്രവർത്തനത്തോടു്, മാതൃഭൂമിയോടുള്ള ആത്മാർത്ഥത ഭയങ്കരമായിരുന്നു. ‘ഭയങ്കരം’ എന്നു ഞാൻ കല്പിച്ചുകൂട്ടി പറഞ്ഞതാണു്. ആ ആത്മാർത്ഥത ചില നേരങ്ങളിൽ ഞങ്ങൾക്കു മാത്രമല്ല, അദ്ദേഹത്തിനു തന്നെയും താങ്ങാവുന്നതിൽ അധികമായിരുന്നു.

മാതൃഭൂമിയെക്കാൾ വലുതായി ആ ജീവിതത്തിൽ എന്തെങ്കിലുമൊന്നുണ്ടായിരുന്നതു് സ്പോർട്സ് മാത്രമാണു്. അന്നു് ടി. വി.-യില്ല. റേഡിയോ, ഇംഗ്ലീഷ് പത്രങ്ങളിലെ സ്പോർട്സ് പേജുകൾ, ഇംഗ്ലീഷിലുള്ള സ്പോർട്സ് പ്രസിദ്ധീകരണങ്ങൾ—എല്ലാം കണിശമായി പിന്തുടരും. കളികളെയും കളിക്കാരെയും സംബന്ധിച്ചു് എല്ലാ വിശദാംശങ്ങളും മുഖസ്ഥമാണു്. നല്ല ഓർമ്മശക്തി. വിംസീ വല്ലതും കളിച്ചിരുന്നുവോ? എനിക്കറിഞ്ഞുകൂടാ. കളി കാണാൻ കോഴിക്കോട്ടെ മാനാഞ്ചിറയിലോ സ്റ്റേഡിയം ഗ്രൗണ്ടിലോ പോലും പോകാൻ അദ്ദേഹത്തിനു് അത്രയധികം നേരം കിട്ടിയിരുന്നില്ല. എന്നിട്ടും ന്യൂസ് എഡിറ്ററുടെ ആ ചെറിയ മുറിയിലിരുന്നു്, സന്ദർശകരുടെയും ടെലിഫോൺവിളികളുടെയും ആ ബഹളത്തിനു നടുവിലിരുന്നു്, സബ് എഡിറ്റർമാരെയും റിപ്പോർട്ടർമാരെയും നിയന്ത്രിക്കുന്ന ആ കോലാഹലത്തിന്റെ ഇടയിലിരുന്നു്, ഇടത്തേ കൈയിൽ എരിയുന്ന സിഗരറ്റും വലത്തേ കൈയിൽ തുറന്നുപിടിച്ച പേനയുമായി അദ്ദേഹം ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള കളികൾക്കു കാതോർത്തു. കളിക്കളത്തിലേക്കു വന്നു കൊണ്ടിരുന്ന പി. ടി. ഉഷ യടക്കമുള്ള എത്രയോ കായികപ്രതിഭകളെയും കളിയെഴുത്തിലേക്കു വന്നുകൊണ്ടിരുന്ന വി. രാജഗോപാൽ അടക്കമുള്ള എത്രയോ യുവാക്കളെയും പ്രോത്സാഹിപ്പിച്ചു. അവരുടെ യോഗ്യതകളെ ഉദാരമായി വാഴ്ത്തി; അയോഗ്യതകളെ കഠിനമായി ആക്ഷേപിച്ചു. സ്പോർട്സ് സംഘാടകർക്കും താരങ്ങൾക്കും തങ്ങളെ രക്ഷിക്കാനും ശിക്ഷിക്കാനും മതിയായ ഒരാൾ കളിക്കളത്തിനു പുറത്തു് നോക്കിയിരുപ്പുണ്ടു് എന്നൊരു വേട്ട ഉണ്ടായിരുന്നു. മലയാളപത്രങ്ങളിലെ വാർത്തകൾക്കിടയിൽ സ്പോർട്സിനു് ഇന്നു കിട്ടിക്കാണുന്ന പ്രാധാന്യം കടപ്പെട്ടിരിക്കുന്നതു് വിംസീയോടാണു്. 1950-കളിൽ മാതൃഭൂമി വാരാന്തപ്പതിപ്പിൽ, അദ്ദേഹം ആരംഭിച്ച കോളത്തിലാണു് അതിന്റെ തുടക്കം. ആ കോളത്തിനുവേണ്ടിയാണു് വി. എം. ബി. സി. ‘വിംസീ’ ആയി രൂപാന്തരപ്പെട്ടതു്.
മലയാളത്തിൽ കൃത്യമായ ‘സ്പോർട്സ്വിമർശനം’ തുടങ്ങിവെച്ചതു് വിംസീയാണു്. റിപ്പോർട്ടിംഗിനും ഫീച്ചറിംഗിനും അപ്പുറം സ്വന്തം നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും ആലോചനകളും ഇടകലർത്തി, കായികകലാരംഗത്തിന്റെ മുന്നും പിന്നും സമഗ്രമായി നോക്കിക്കാണുന്ന വിലയിരുത്തലുകളായി, ആ ‘വിമർശനം’ പിറവികൊണ്ടു. എന്തു നടന്നുവെന്നു പറയുന്നതിനൊപ്പം എന്തു നടക്കണമായിരുന്നുവെന്നും എന്തുകൊണ്ടു് അതു നടക്കാതെപോയിയെന്നും ഇനിയും എന്തുചെയ്യാനുണ്ടേന്നുമൊക്കെ ആ എഴുത്തിലുണ്ടയിരുന്നു—സ്പോർട്സ് രംഗത്തെപ്പറ്റി വായനക്കാർക്കു് ഒരു കാഴ്ചപ്പാടു് നല്കുന്നതിൽ ഈ കളിയെഴുത്തുകാരൻ ഒന്നാമനായി.
ഞാൻ ജോലിക്കുചേർന്ന 1976 കാലത്തു് മാതൃഭൂമി 2-ാം പേജിലാണു് സ്പോർട്സ് വാർത്തകൾ കൊടുത്തിരുന്നതു്. പ്രാധാന്യമുണ്ടെന്നു തോന്നുന്ന ചിലതു് ഒന്നാംപേജിൽ ചേർക്കാൻ വിംസീ ‘ധൈര്യപ്പെട്ടു’—പ്രത്യേകിച്ചു് പെലെയുടെയും മുഹമ്മദലിയുടെയും വാർത്തകളും ചിത്രങ്ങളും. അന്നു് സ്പോർട്സുകാരുടെ ‘സ്വന്തംപത്രം’ മാതൃഭൂമിയാണു്.
ഒരുദിവസം ഞാൻ ചെന്നുകയറിയപാടെ മുറിയിലേക്കു വിളിച്ചു: ‘മൊഹിയുദ്ദീൻ, താനറിഞ്ഞില്ലേ നമ്മളെ മുഹമ്മദലി പിന്നെയും ചാമ്പ്യനായി. എങ്ങനെയാ ഇതൊന്നു് സെലിബ്രേറ്റ് ചെയ്യ്വാ?”
ആ സാഹചര്യത്തിന്റെ സ്വാതന്ത്ര്യമുപയോഗിച്ചു് ന്യൂസ് റൂമിലുള്ളവർ കേൾക്കെ ഞാൻ ആ ബഹളത്തെ ഒന്നു പരിഹസിച്ചു:
“സർ, മുഹമ്മദലി ക്ളേ ജയിച്ചതല്ലേ—നമുക്കു് മെയിൻ സ്റ്റോറി ആക്കിക്കളയാം!”
കണ്ണടയുടെ കട്ടിച്ചില്ലിലൂടെ എന്നെ രൂക്ഷമായി നോക്കിക്കൊണ്ടു് മൂപ്പർ ‘പോടാ’എന്നു് ആട്ടിയതു് മറ്റുള്ളവരുടെ പൊട്ടിച്ചിരിയിൽ മുങ്ങിപ്പോയി. പിറ്റേന്നത്തെ പത്രത്തിൽ ആ വാർത്ത ഒന്നാംപേജിൽ എട്ടുകോളം ടോപ് ബ്രേയ്ക്ക് അപ്പ് ആയിരുന്നു!
അച്ഛന്റെ സ്ഥലംമാറ്റത്തിന്റെ ഭാഗമായി കുട്ടിക്കാലത്തു് ബാലചന്ദ്രൻ തമിഴ്‌നാട്ടിൽ കഴിഞ്ഞുകൂടിയിട്ടുണ്ടു്. തമിഴ്ഭാഷയോടും സംസ്കാരത്തോടും അദ്ദേഹത്തിനുള്ള സ്നേഹത്തിനു കാരണം അതാണു്. ഇംഗ്ലീഷ് മെച്ചപ്പെടാനും അതു വഴിയൊരുക്കി. മൂപ്പർ ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ എഴുതും—ഒരു ബിരുദത്തിന്റെ പിൻബലംപോലും ഇല്ലാതെ.
ഗദ്യത്തിന്റെ ലാളിത്യത്തിൽ ആ മനുഷ്യനുണ്ടായിരുന്ന നിഷ്ഠ എടുത്തു പറയണം. എതുതരം വായനക്കാരനെയും ആകർഷിക്കാൻ പാകത്തിൽ നേർക്കുനേരെ, സത്യസന്ധമായി അദ്ദേഹം ഭാഷയെ ആവാഹിച്ചു. ആ ‘വാൽക്കഷ്ണം’ വൈരുദ്ധ്യങ്ങളിൽനിന്നു് എപ്പോഴും ഒരിളംചിരി കണ്ടെടുത്തു. തന്റെ ഇഷ്ടക്കാരനായിരുന്ന കെ. പി. മോഹനന്റെ എഴുത്തിലെ ‘സംസ്കൃത’ത്തെ ഇടയ്ക്കു കളിയാക്കുന്നതു കേട്ടിട്ടുണ്ടു്.
ഞങ്ങൾ തമ്മിലുള്ള അടുപ്പത്തിന്റെ ഒരിഴ ഭാഷയിലാണു്. എന്റെ എഴുത്തുരീതിയെപ്പറ്റി മൂപ്പർക്കു് ലേശം മതിപ്പായിരുന്നു. കാര്യമായ പലതിന്റെയും പരിഭാഷ എന്നെ ഏല്പിച്ചു. മൂപ്പരുടെ ലേഖനങ്ങൾ ഞാൻ നോക്കിയിട്ടേ കമ്പോസിംഗിനു പോകാവൂ എന്നു് നിഷ്കർഷിച്ചിരുന്നു. സബ് എഡിറ്റർ ട്രെയ്നി എന്ന നിലയിൽ ന്യൂസ്റൂമിൽ ജൂനിയർമോസ്റ്റായ എനിക്കു് ഇതു് ചെറിയൊരു കുളൂസ് ആയെന്നു പറയേണ്ടതില്ലല്ലോ.
പ്രധാനപ്പെട്ട സ്പോർട്സ് താരങ്ങളുടെയും സ്പോർട്സ് സംഭവങ്ങളുടേയും ഫോട്ടോകൾ കൊണ്ടു് വിംസീയുടെ മേശവലിപ്പുകൾ എപ്പോഴും നിറഞ്ഞിരിക്കും. ആ ശേഖരത്തെപ്പറ്റി ആലോചിച്ചു ചെല്ലുമ്പോൾ വ്യസനം തോന്നുന്ന ഒരനുഭവം ഓർമ്മയാവുന്നു.
പെലെ കൊൽക്കത്തയിൽ കളിക്കാൻ വരുന്നുവെന്ന വാർത്ത എത്തിയതോടെ ആൾ ഉഷാറായി. വാർത്ത മാതൃഭൂമി ആഘോഷിച്ചു. സ്വാഭാവികം. ധാരാളം ഫോട്ടോകൾ മേശപ്പുറത്തു നിരന്നു. ചാച്ചും ചരിച്ചും നോക്കി ഓരോന്നിന്റെയും ചന്തം ഉറപ്പുവരുത്തി. കളിനടക്കുന്ന ദിവസം കാച്ചാൻ വേണ്ടി ചില ഫോട്ടോകൾ വിംസീ പ്രത്യേകം മാറ്റിവച്ചു. ദൗർഭാഗ്യവശാൽ അന്നു് മൂപ്പരുടെ അമ്മ മരിച്ചു. പണിത്തിരക്കു കാരണം എനിക്കു പോവാൻ പറ്റിയില്ല. മരണവീട്ടിൽനിന്നു മടങ്ങിയെത്തിയ വി. രവീന്ദ്രനാഥ് കണ്ടപാടെ എന്നോടു പറഞ്ഞു: “എടോ, ചിത കത്തുമ്പോൾ ന്യൂസ് എഡിറ്റർ എന്നെ ചേർത്തുപിടിച്ചു് ചെവിയിൽ സ്വകാര്യം പറഞ്ഞു—എന്റെ വലതുഭാഗത്തെ ഡ്രോയറിൽ പെലെയുടെ നാലു ഫോട്ടോകളുണ്ടു്. അതിൽ മേലെക്കാണുന്ന രണ്ടും നാളെ ഒന്നാം പേജിൽ വരണം.”
ഞാൻ അമ്പരന്നുപോയി. കളിയെ ഇത്ര കാര്യമാക്കുന്ന ആളുകളുണ്ടാവുമോ? സ്പോർട്സിനോടും പത്രപ്രവർത്തനത്തോടുമൊക്കെ ഇത്ര സ്ഥായി മനുഷ്യർക്കുണ്ടാവുമോ?
“പെലെ വിടവാങ്ങുന്നു” എന്ന തലക്കെട്ടിൽ വിംസീ എഴുതിയ ലേഖനം എന്നെപ്പോലെ എത്രയോ പേർ ഓർത്തുവയ്ക്കുന്നുണ്ടാവും. പല പല റിപ്പോർട്ടുകൾ നോക്കിയും റേഡിയോ കേട്ടും തയ്യാറാക്കിയ ആ വർണ്ണനം അത്രയധികം ഹൃദയസ്പർശിയായിരുന്നു:
പെലെയുടെ ക്ലബ്ബായ കോസ്മോസും അദ്ദേഹത്തിന്റെ രാജ്യത്തിന്റെ ടീം ആയ ബ്രസീലും തമ്മിലുള്ള ഫുട്ബോൾ മത്സരമാണു് വിടവാങ്ങൽ വേദിയുടെ പശ്ചാത്തലമൊരുക്കിയതു്. രണ്ടു ടീമിനുവേണ്ടിയും പെലെ പലവട്ടം കളിച്ചിരിക്കുന്നു. സമയത്തിന്റെ ആദ്യപാതിയിൽ പെലെ കോസ്മോസിനുവേണ്ടി കളിച്ചു. അതുകഴിഞ്ഞു് അദ്ദേഹം ഗ്രൗണ്ടിനുചുറ്റും ഓടി. ഓട്ടത്തിന്റെ അവസാനത്തിൽ ജഴ്സിയഴിച്ചു് കണ്ണീരു തുടച്ചു. കണ്ണീരിൽക്കുതിർന്ന ആ ജഴ്സി കളി കണ്ടുനിൽക്കുകയായിരുന്ന അച്ഛനു സമ്മാനിച്ചു. അച്ഛൻ രണ്ടുകൈയും നീട്ടി അതു് ഏറ്റുവാങ്ങി. രണ്ടാംപാതിയിൽ പെലെ ബ്രസീലിനു വേണ്ടി കളിച്ചു. കളികഴിഞ്ഞു് ഗ്രൗണ്ടിനുചുറ്റും ഓടി. ഓട്ടത്തിന്റെ അവസാനത്തിൽ ജഴ്സിയഴിച്ചു് കണ്ണീരു തുടച്ചു. കണ്ണീരിൽക്കുതിർന്ന ആ ജഴ്സി കളികണ്ടുനില്ക്കുകയായിരുന്ന ആദ്യത്തെ കോച്ച് വിസന്റാ ഫിയോലയ്ക്കു സമ്മാനിച്ചു. കോച്ച് രണ്ടുകൈയും നീട്ടി അതു് ഏറ്റുവാങ്ങി. ഇരുപക്ഷത്തും കളിച്ചെങ്കിലും ഒരു ഗോൾപോലും അടിക്കാൻ പെലെയ്ക്കായില്ല. കളി ഡ്രോ ആയി. പിന്നീടു് റിട്ടയർമെന്റ് പ്രഖ്യാപിക്കാൻവേണ്ടി മൈതാനമദ്ധ്യത്തിലേക്കു് പെലെ നടന്നെത്തി. അന്നേരത്തു് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിനു് ആരാധകർ വികാരവിക്ഷോഭത്തിന്റെയും വിലാപത്തിന്റെയും ആരവങ്ങളാൽ പൊട്ടിത്തരിച്ചു. അവിടെ കാണികളായി വന്നെത്തിയ അനേകം പ്രമുഖവ്യക്തികളിൽ ഒരാളായ മുഹമ്മദലി ക്ളേ പെലെയെ തന്നോടു ചേർത്തുപിടിച്ചുകൊണ്ടു്, വ്യസനമൂറിയ തന്റെ വലിയ കണ്ണുകൾ ആർദ്രമാവുന്നതു് വേണ്ടമാതിരി തിരിച്ചറിയാതെ, വികാരഭാരത്താൽ ഇടറിപ്പോയ ശബ്ദം കനപ്പിക്കാൻ പാടുപെട്ടുകൊണ്ടു്, കാണികളെ നോക്കിപ്പറഞ്ഞു: “വി ആർ ദി ഗ്രെയ്റ്റസ്റ്റ്!”
ഇരുപത്താറുകൊല്ലംമുമ്പു് ആ ലേഖനം വായിച്ചതിന്റെ ഓർമ്മയിൽനിന്നാണു് ഞാൻ ഉദ്ധരിച്ചതു്. വ്യക്തിമഹത്വവും അനവധി സിദ്ധികളും ഒത്തുചേർന്ന പെലെയുടെ വിടവാങ്ങൽ. മലയാളികൾക്കിടയിൽ ഒരു സംഭവമാക്കിയതു് വിംസീയുടെ എഴുത്താണു്. ആ രംഗത്തിന്റെ പകിട്ടും ഗരിമയും ശോകവും വാക്കുകളിൽ പകർന്നുകിട്ടിയപ്പോൾ ഞാനോർത്തുപോയതു്, കുട്ടികൃഷ്ണമാരാർരു് ഭാരതേതിഹാസത്തിലെ ചില ഉദാത്തരംഗങ്ങൾ ചിത്രീകരിച്ചപ്പോഴുണ്ടായ ഗാംഭീര്യമാണു്.
ഈയിടെ മൂപ്പരുടെ ഭാര്യ മരിച്ചതറിഞ്ഞു് ഞാൻ കാണാൻ ചെന്നിരുന്നു. ഓരോരോ കാര്യങ്ങൾ ഓർത്തോർത്തു പറഞ്ഞു് ശബ്ദം തേങ്ങലിനടുത്തെത്തിയപ്പൊഴാണു് ആ മനുഷ്യന്റെ തരളമായ മറ്റൊരുവശം ഞാൻ അടുത്തുകണ്ടതു്.
അദ്ദേഹം ആ കഥ പറഞ്ഞു:
ഒരു പുലരിയിൽ ചെറിയ പരിചയം മാത്രമുള്ള, അകന്ന ബന്ധുവായ ആ പെൺകിടാവു് വെള്ളം കോരുകയാണു്. കിണറ്റിൻകരയിലേക്കു ചെന്നു് ബാലചന്ദ്രൻ പതുക്കെച്ചോദിച്ചു: “അമ്മിണീ, നമുക്കൊന്നു് കല്യാണം കഴിച്ചാലോ?” നാണിച്ചു ചുവന്നുപോയ അവൾ മറുപടിയൊന്നും പറയാതെ, പരിഭ്രമിച്ചു് തൊട്ടിയും കയറും കിണറ്റിൽക്കളഞ്ഞു് അകത്തേക്കോടി. പക്ഷേ, “ഒൺലി ഫോർ ദാറ്റ് സെന്റൻസ്—ഷി ഹാസ് വെയ്റ്റഡ് ഫോർ സിക്സ് ലോംഗ് ഇയേഴ്സ്!”
വളരെ ലോഹ്യമുള്ള ആളാണു് ബാലചന്ദ്രൻ. സുഹൃത്തുകളെയും പരിചയക്കാരെയും കണ്ടാൽ വിടർന്നുചിരിക്കും. ഉച്ചത്തിൽ വർത്തമാനം പറയും. കഠിനമായി ജോലി ചെയ്യുന്ന ആരോടും വാത്സല്യമാണു്. ഞങ്ങളുടെ ബാച്ചിൽ അതു് അധികം കിട്ടിയതു് “ആപ്പീസേ ശരണം” എന്നുവച്ചു കുത്തിയിരുന്നു പണിയെടുക്കുന്ന രവിക്കാണു്; പിന്നെ എനിക്കും.
വിംസീക്കു് ഭ്രമമുള്ള ഒരു സാധനം പേനയാണു്. മേശവലിപ്പിൽ സ്വദേശിയും വിദേശിയുമായി ധാരാളം പേനയുണ്ടാവും. കറുത്ത മഷിനിറച്ച ഷീഫർകൊണ്ടു് എഴുതാനാണു് ഇഷ്ടം. ഇടയ്ക്കു് ഷീഫറിന്റെ ബാൾപോയിന്റിലേക്കു മാറും.
തൊഴിലിന്റെ ലഹരി ഞാൻ കണ്ടുപഠിച്ചതു് വിംസീയിൽ നിന്നാണു്. അവനവന്റെ എല്ലാ അംശംകൊണ്ടും ഒരു വിഷയത്തിൽ അള്ളിപ്പിടിക്കുന്നതിന്റെ തീവ്രത അത്രയധികം പേരിൽ ഞാൻ കണ്ടിട്ടില്ല. ‘കളിഭ്രാന്തു്’ എന്നു പറഞ്ഞാൽ എനിക്കു മൂപ്പരാണു്. ഞാൻ കണ്ട ഏറ്റവും വലിയ സ്പോർട്സും വിംസീ തന്നെ.
ഈ എൺപതാം വയസ്സിലും സാമൂഹികരാഷ്ട്രീയസംഭവവികാസങ്ങളിലും കായികകലാപ്രശ്നങ്ങളിലും ആധികൊള്ളുന്ന മനസ്സാണു് വിംസീയുടേതു്— ഒരു നെരിപ്പോടുപോലെ അതു് എപ്പോഴും എരിഞ്ഞുകൊണ്ടേയിരിക്കുന്നു.
പത്രപ്രവർത്തനം ചില മനുഷ്യരുടെ ജോലി (കാരിയർ) യല്ല, ചില മനുഷ്യരുടെ സ്വഭാവ (കാരക്ടർ) മാണെന്ന വിലപിടിച്ച കണ്ടെത്തലിലേക്കു് എന്നെ കൊണ്ടുചെന്നെത്തിച്ചതു് രണ്ടുകൊല്ലത്തോളം ഞാൻ പരിചയിച്ച മാതൃഭൂമികുടുംബമാണു്. അതിനു് അവിടെ കണ്ടുകിട്ടിയ ആദ്യത്തെ ആൾരൂപമാണു് വിംസീ.
കലാകൗമുദി വാരിക: 16 ജനുവരി 2005

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.