മതവിശ്വാസങ്ങളുടെ സാമാന്യമായ ആധി മനുഷ്യജീവികളെ ഭൗതികദുഃഖങ്ങളിൽ നിന്നു് എങ്ങനെ കരകയറ്റാം എന്നതാണു്. ഭൗതികജീവിതത്തിന്റെ പ്രശ്നങ്ങൾക്കു ലൗകികമായ പരിഹാരം എങ്ങനെ കണ്ടുപിടിക്കാം എന്നതിനൊപ്പം അവയ്ക്കു പരിഹാരം കണ്ടെത്തുമ്പോൾ ഉയർന്നുവരുന്ന മറ്റു് പ്രശ്നങ്ങൾക്കു നിവൃത്തി കണ്ടെത്തുവാനുള്ള അലൗകികമായ വഴി എങ്ങനെ തുറന്നിടാം എന്നുകൂടി മതങ്ങൾ അന്വേഷിക്കുന്നുണ്ടു്.
മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നമാണല്ലോ വിശപ്പു്. വിശപ്പു് എന്ന പ്രശ്നത്തിനു് പരിഹാരം കണ്ടെത്തുമ്പോൾ തന്നെ ഒപ്പം ഉയർന്നുവരുന്ന കുടുക്കുകൾ പലതാണു്. തൊട്ടപ്പുറത്തുള്ള ഒരാൾക്കും വിശപ്പുണ്ടു് എന്നതാണു് അതിൽ പ്രധാനം. കട്ടുതിന്നാൻ പാടില്ല. ഇരന്നു തിന്നാൻ പാടില്ല. തുടങ്ങിയ മൂല്യങ്ങൾ സൃഷ്ടിക്കുന്ന ‘അരുതു’കൾ വേറെ കിടക്കുന്നു. ആഹാരമായിത്തീരുന്ന ജന്തുജാലങ്ങളുടെ ‘ജീവൻ’ എന്ന പ്രശ്നം ഒരു പക്ഷേ, ഇതിലും വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടു്.
മറ്റേ ആളുടെ വിശപ്പു് എന്നതു് അവനവന്റെ വിശപ്പിനേക്കാളും വലിയപ്രശ്നമായി വളർത്തിയെടുക്കുന്നതു് ഒരു പരിഹാരമാണെന്നു മതങ്ങൾക്കു ഭാവമുണ്ടു്. ആ വഴിക്കു് ഒരു കൂട്ടായ്മ രൂപം കൊള്ളുന്നു. ആ കൂട്ടായ്മയാവട്ടെ, പ്രശ്നത്തിന്റെ ലൗകികമായ പരിഹാരത്തിനു യത്നിക്കുന്നു. ഒരാൾക്കുള്ള ഭക്ഷണമേ ഉള്ളുവെങ്കിൽ അതിന്റെ അവകാശി ഞാനല്ല അയൽവാസിയാണെന്ന തിരിച്ചറിവിലേക്കു് ഒരാളെ ഉണർത്താൻ കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമായി.
കട്ടുതിന്നരുതു് എന്ന നിലപാടു് ആഹാരത്തിനു വേണ്ടിയുള്ള ആക്രമണങ്ങളെയും ഹിംസകളെയും ലഘൂകരിച്ചേക്കും. ഇരന്നു തിന്നരുതു് എന്ന പാഠം അധ്വാനത്തിന്റെ മഹിമ ചൂണ്ടിക്കാട്ടുന്നതിലൂടെ ഉൽപാദനവർധനവിനു വഴിതെളിച്ചേക്കും.
ജന്തുജാലങ്ങളുടെ വിശപ്പിനെപ്പറ്റിയും ജീവനെപ്പറ്റിയും മതങ്ങൾക്കു വേവലാതിയുണ്ടു്. പലതരം വിലക്കുകളിലൂടെ ജന്തുഹിംസ കുറയ്ക്കുവാൻ സംസ്കാരങ്ങൾ ആഹ്വാനം ചെയ്യുന്നതിന്റെ അർഥം അതാണു്. ആദരവിന്റെ പേരിലും അശുദ്ധിയുടെ പേരിലും സ്നേഹത്തിന്റെ പേരിലും അറപ്പിന്റെ പേരിലും പലതരം ജീവികളെയും പറവകളെയും ഭക്ഷണപ്പട്ടികയിൽ നിന്നു മതങ്ങൾ ഒഴിവാക്കിയിരിക്കുന്നു. മനുഷ്യജീവിയുടെ നിലനിൽപ്പിനു് ആവശ്യമായ ജന്തുവധത്തിനു പല മതങ്ങളും അനുവാദം നല്കിയതായും കാണാം.
ഇതിനെയെല്ലാം ചൂഴ്‌ന്നു നിൽക്കുന്ന മറ്റൊരു മാനമാണു് മതങ്ങൾ മുന്നോട്ടുവച്ച ഉപവാസം എന്ന അവസ്ഥ. കൈനീട്ടിയാൽ കിട്ടാവുന്നിടത്തു ഭക്ഷണം ഇരിക്കെത്തന്നെ വിശ്വാസനിഷ്ഠമായ ഇച്ഛകൊണ്ടു ഭക്ഷണം ഉപേക്ഷിച്ചു വിശപ്പു സ്വീകരിക്കുന്ന രീതിയാണു് ഉപവാസം. രീതി ഭേദങ്ങളുണ്ടെങ്കിലും എല്ലാ സംസ്കാരത്തിലും വ്രതം കണ്ടുവരുന്നു.
വ്രതത്തിന്റെ ഉള്ളടക്കം ലളിതമാണു്. അവനവന്റെ വിശപ്പിനെ വളർത്തിയെടുക്കുന്നതിലൂടെ മറ്റേ ആൾക്കു വിശപ്പുണ്ടു് എന്ന ജീവിതയാഥാർത്ഥ്യത്തിലേക്കും അതിന്റെ പരിഹാരങ്ങളിലേക്കും ഉണരുക. ആ വഴിക്കു് വിശപ്പു് എന്ന ഭൗതികാനുഭവത്തെ ഒരു ആത്മീയാനുഭൂതിയാക്കി മാറ്റിയെടുക്കുക. ‘അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു് ആഹാരം കഴിക്കുന്നവൻ വിശ്വാസിയല്ല’ എന്നു പ്രഖ്യാപിക്കുമ്പോൾ പ്രവാചകനായ മുഹമ്മദ് നബി വിശപ്പിന്റെ ആത്മീയഭാവം ഉയർത്തിപ്പിടിക്കുകയായിരുന്നു.
അവനവനിൽ നിന്നു രക്ഷപ്പെടുവാനും സ്വാർഥത്തിന്റെ പരിമിതികളിൽ നിന്നു വളർന്നു് അന്യനിൽ ലയിക്കുവാനും ഉള്ള മനുഷ്യന്റെ ദാഹമാണു് ആത്മീയത. ആ ദാഹവും വിശപ്പുമാണു് യഥാർത്ഥവ്രതത്തിൽ ഒരാൾ അനുഭവിക്കുന്നതു്, അനുഭവിക്കേണ്ടതു്.
മലയാള മനോരമ: 12 ഡിസംബർ 2000.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.