തമാശതന്നെ: വിവാദങ്ങളെ അടച്ചാക്ഷേപിച്ചുകൊണ്ടു് പി. സോമനാഥൻ എഴുതിയ “വിവാദവായനയിലൂടെ ഒരു വിരേചനം” എന്ന ലേഖനവും (മാതൃഭൂമി വാരാന്തപ്പതിപ്പു്: 1995 ജൂലായ് 23) ഒരു ‘വിവാദ’ത്തിനു് വഴി മരുന്നിടുകയാണു്.
തൊട്ടതെന്തും വിവാദമായിത്തീരുമ്പോൾ വായനക്കാരന്റെ ചിന്തകളെ ഉണർത്തി നശിപ്പിക്കുന്ന വിരേചനചികിത്സയിലൂടെ സാമൂഹ്യദുരന്തം ഉരുവം കൊള്ളുന്നു എന്നാണു് ലേഖകന്റെ പരാതി. നമ്മുടെ നാട്ടിലെ സവിശേഷപരിസരത്തിൽ ഭാഗികമായി അങ്ങനെയൊരു സാഹചര്യം ഉണ്ടായിത്തീരാം. എങ്കിലും സംഗതി മുഴുക്കെ അങ്ങനെയാണു് എന്നു പറയുന്നതു് നീതിയല്ല. മാത്രമല്ല, ആ വഴിക്കുള്ള വിവാദവിരുദ്ധമായ ആലോചന ഒരർത്ഥത്തിൽ ജനാധിപത്യവിരുദ്ധവുമാണു്. കാര്യത്തിന്റെ ഭിന്നവശങ്ങളെപ്പറ്റി ആളുകൾ സ്വന്തം അഭിപ്രായം വെട്ടിത്തുറന്നുപറയുന്ന സംവാദാന്തരീക്ഷത്തിൽ മാത്രമേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കുകയുള്ളൂ.
ലേഖനത്തിന്റെ അടിസ്ഥാനപരമായ പിശകു് ഈനാട്ടിലെ വിവാദത്തെയും സംവാദത്തെയും വകതിരിച്ചു കാണാത്തതാണു്.
‘വിവാദം’ എന്ന പദത്തിനു് ‘ശബ്ദതാരാവലി’ കൊടുക്കുന്ന ചില അർഥങ്ങൾ നോക്കൂ: തർക്കം, വാദപ്രതിവാദം, വ്യവഹാരം, നിലവിളി, വഴക്കു്, വാതു്. ഈ അർഥഭേദങ്ങളിലേക്കു് സൂക്ഷിച്ചുനോക്കിയാൽ മിക്കതും സൃഷ്ടിപരമല്ലെന്നു കാണാം. ഈ താല്പര്യങ്ങൾക്കെല്ലാം ശരിക്കും ഇണങ്ങുന്ന തർക്കങ്ങൾ മലയാളത്തിൽ പതിവുണ്ടു്. സ്വന്തം പക്ഷം സ്ഥാപിക്കാനോ, യുക്തിയിലൂടെ പുകമറ സൃഷ്ടിക്കാനോ ഒക്കെ ഉദ്ദേശിച്ചു് നടത്തുന്നവ. അവനവന്റെ പക്ഷപാതത്തിൽ കടിച്ചുതൂങ്ങുകയും മറ്റുള്ളവർ പറയുന്നതു് മനസ്സിലാക്കാതിരിക്കാൻ ശാഠ്യം പിടിക്കുകയും ചെയ്യുന്നവരുടെ ഈ കണ്ഠക്ഷോഭമാണു് വിവാദം. കേരളത്തിലെ രാഷ്ട്രീയവേദികളിൽ മിക്കപ്പോഴും കണ്ടുവരുന്നതു് ഇതാകുന്നു. ഇതു് ആയുസ്സിന്റെ ദുർവ്യയം തന്നെ.
‘സംവാദം’ വ്യത്യസ്തമാണു്. ആ വാക്കിനു് ശബ്ദതാരാവലി കൊടുക്കുന്ന ചില അർഥങ്ങൾ പറയാം: വാങ്മൂലകമായ അറിയിപ്പു്, സംഭാഷണം, ചർച്ച, സമ്മതം, വാർത്ത, വാർത്താനിവേദനം, ഈ അർഥഭേദങ്ങൾ ശ്രദ്ധിച്ചാൽ മിക്കതും സൃഷ്ടിപരമാണെന്നു് വ്യക്തമാകും. ഇത്തരം സൃഷ്ടിപരമായ ചർച്ചകൾ മലയാളത്തിൽ ധാരാളമായി നടന്നിട്ടുണ്ടു്; നടക്കുന്നുണ്ടു്. സ്വന്തം പക്ഷം അന്യനു് മനസ്സിലാക്കിക്കൊടുക്കുവാനെന്നപോലെ, അന്യന്റെ പക്ഷം അന്യനു് മനസ്സിലാക്കുവാൻകൂടിയാണു് ഒരാൾ സംവാദത്തിലേർപ്പെടുന്നതു്. അതിലൂടെ സ്വന്തം നിലപാടു് കുറേക്കൂടി വിശദമായി അവനവനു് തന്നെ ബോധ്യമാകും; കൂട്ടത്തിൽ അന്യന്റേതും. ചിലപ്പോൾ കൂടുതൽ ശരി മറുവശത്താണു് എന്നു് ബോധ്യപ്പെടാം; മറ്റുചിലപ്പോൾ യാഥാർഥ്യം കിടക്കുന്നതു് മുഖാമുഖം നിൽക്കുന്ന ഈ രണ്ടു് നിലപാടുകളിലുമല്ല, മൂന്നാമതൊരിടത്താണു് എന്നു് തെളിഞ്ഞു് കിട്ടാം; ഇനിയും ഒരവസരത്തിൽ അവനവനു് സത്യമെന്നു തോന്നിയ ചില സംഗതികൾ അർധസത്യം മാത്രമായിരുന്നു എന്നു തീർച്ചവരാം. ഇത്തരം വർത്തമാനങ്ങളെയാണു് നാട്ടുകാർ ‘ചർച്ച’ എന്നു വിളിക്കുന്നതു്. കലാസാഹിത്യരംഗങ്ങളിലും സാംസ്കാരിക വേദികളിലുമൊക്കെ മിക്കവാറും നടക്കുന്നതു് ഈ ‘സംവാദ’മാണു്. ഇതു് ജനാധിപത്യത്തിന്റെയും സാമൂഹ്യപരിഷ്കരണത്തിന്റെയും ചാലകശക്തിയാകുന്നു.
സംവാദത്തിനു് ഉദാഹരണം നമ്മുടെ ചരിത്രത്തിൽ പലതുണ്ടു്. വൈക്കം സത്യാഗ്രഹ കാലത്തും (1924) ഗുരുവായൂർ സത്യാഗ്രഹ കാലത്തും (1931) ജാതിപ്രശ്നത്തെക്കുറിച്ചു് നടന്ന ചർച്ചകൾ ഓർത്തുനോക്കുക. ആ കെടുതിയെപ്പറ്റി സമൂഹത്തിൽ ബോധവൽക്കരണം നടത്താൻ അവ ശരിക്കും സഹായിച്ചു. 1940-കളിൽ സാഹിത്യരംഗത്തു് കൊണ്ടുപിടിച്ചുനടന്ന പുരോഗമനസാഹിത്യചർച്ചകൾ വേറെ ഉദാഹരണം. അന്നു് പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്ന കുട്ടികൃഷ്ണമാരാര് സാഹിത്യത്തെ സംബന്ധിച്ച പല ഉൾക്കാഴ്ചകളും തനിക്കുലഭിച്ചതു് ആ വാദപ്രതിവാദങ്ങളിൽനിന്നാണെന്നു് പിൽക്കാലത്തു് രേഖപ്പെടുത്തിയിട്ടുണ്ടു്.
അടുത്തകാലത്തെ ചില സംഭവങ്ങൾ നോക്കൂ—ഡോ. കെ. എൻ. രാജ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു ദശകം മുൻപു് കമ്യൂണിസത്തെ സംബന്ധിച്ചു് തുടങ്ങിവെച്ച ചർച്ച ഇനിയും ഫലത്തിൽ അവസാനിച്ചിട്ടില്ല. യു. എസ്. എസ്. ആറിന്റെ തകർച്ചയോടെ അതു കൊഴുത്തു. കമ്യൂണിസംപോലെ അഗാധവും സങ്കീർണവുമായ ഒരു വിഷയത്തിന്റെ ഭിന്നവശങ്ങളിലേക്കു് കടന്നുചെല്ലാൻ മലയാളിയെ ഈ ചർച്ചകൾ ഒരുപാടു് സഹായിച്ചിട്ടുണ്ടു്.
ഷാബാനുകേസ്സിന്റെ കാലത്താണു് (1985) ‘ശരീഅത്ത് സംവാദം’ മലയാളത്തിൽ വ്യാപകമായി ആരംഭിച്ചതു്. ഇന്ത്യയിൽ നിലനിൽക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്റെ ഉള്ളറകൾ ഇവിടത്തെ അമുസ്ലീങ്ങൾക്കെന്നല്ല, മുസ്ലീങ്ങൾക്കുതന്നെയും ഒട്ടൊക്കെ തുറന്നുകിട്ടിയതു് ആ വാദപ്രതിവാദങ്ങളിലൂടെയാണു്. യാഥാർത്ഥ മുസ്ലിംനിയമത്തിന്റെ സത്തയ്ക്കു് തീർത്തും വിരുദ്ധമാവുന്ന തരത്തിൽ മതശാസനകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടു് എന്ന വസ്തുത കേരളീയമുസ്ലീങ്ങളെ ബോധ്യപ്പെടുത്താൻ മാത്രം ആ സംവാദം ശക്തമായിരുന്നു. ക്രിയാത്മകമായിരുന്നു. അതിന്റെ ചില സദ്ഫലങ്ങൾ ഇവിടത്തെ മുസ്ലീംസമൂഹത്തിൽ കാണാനുണ്ടു് എന്ന വിശ്വാസക്കാരനാണു് ഞാൻ. അന്നു് വ്യക്തിനിയമപരിഷ്ക്കാരങ്ങളെ എതിർത്ത പാരമ്പര്യവാദികളായ പല പ്രശസ്ത വ്യക്തികളും, ഏകസിവിൽകോഡ് വേണ്ട, വ്യക്തിനിയമപരിഷ്കാരം മതി എന്നു പറഞ്ഞു തുടങ്ങിയതുതന്നെ തെളിവു്.
കേസരി ബാലകൃഷ്ണപിള്ള, കുട്ടികൃഷ്ണമാരാര്, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ വിമർശകർ പലകാലത്തായി ഉയർത്തിവിട്ട വാദപ്രതിവാദങ്ങളിലൂടെയാണു് നമ്മുടെ സാഹിത്യവിമർശനം തന്റേടം ആർജിച്ചതു്.
‘വിവാദ’ത്തെയും ‘സംവാദ’ത്തെയും ഈ തരത്തിൽ വകതിരിച്ചുകാണണം. പത്രങ്ങളും എഴുത്തുകാരും ചിലപ്പോൾ ഈ പദങ്ങൾ പര്യായങ്ങളായി ഉപയോഗിച്ചുപോരുന്നതിനാലാവാം ലേഖകനു് ‘സംവാദം’ എന്നു വേറെ ഒരിനം ഉണ്ടു് എന്നൊരു ആലോചനയേ ചെല്ലാതിരുന്നതു്. ഏതു് വിവാദവും സംവാദമാക്കാൻ ഉത്സാഹിക്കുകയാണു് നാം വേണ്ടതു്.
വാദപ്രതിവാദങ്ങളുടെ ‘തീർപ്പി’നെപ്പറ്റിയും ‘ഫല’ത്തെപ്പറ്റിയും ലേഖകൻ ആധിപ്പെടുന്നു. ലേഖകൻ കരുതുംപോലെ ചർച്ചകളിൽ തീർപ്പെടുക്കേണ്ടതു് അതിൽ പങ്കെടുക്കുന്നവരോ, അതിനു് വേദിയൊരുക്കുന്ന പത്രമോ അല്ല; മറിച്ചു് വായനക്കാരനാണു്. തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന ഒരു കാര്യത്തിൽ എല്ലാ വശവും ആലോചിച്ചു് സ്വന്തമായി അയാൾതന്നെ തീർപ്പിലെത്തണം. അതിനെയാണു് ജനാധിപത്യം എന്നു വിളിക്കുന്നതു്. ഏതെങ്കിലും പണ്ഡിതനോ, പുരോഹിതനോ, എഴുത്തുകാരനോ, പത്രപ്രവർത്തകനോ അയാൾക്കു് തീർപ്പു് വിളമ്പിക്കൊടുക്കുന്നതു് ദഹനക്കേടിനും അതിസാരത്തിനും വഴിവെക്കും.
സംവാദമോ വിവാദമോ ഇല്ലാതെ ‘നാവടക്കുന്ന’ ഒരവസ്ഥയെക്കാൾ വിവാദമെങ്കിലും നടക്കുന്നതു് നന്നു് എന്നു ഞാൻ വിചാരിക്കുന്നു. അതു്, നാവു് ഭക്ഷണം കഴിക്കാനെന്നതുപോലെ, വർത്തമാനം പറയാനും ഉള്ളതാണു് എന്നു് ജനങ്ങൾ മറന്നുപോകാതിരിക്കാൻ ഉപകരിച്ചേക്കും; ബഹുജനാഭിപ്രായരൂപീകരണത്തിനും സാമൂഹ്യജാഗ്രതയ്ക്കും സഹായിച്ചേക്കും.
പിൻകുറിപ്പു്: നിങ്ങൾ ഇപ്പോൾ വായിച്ചുതീർത്തതു് ഒരു സംവാദക്കുറിപ്പാണു്, വിവാദക്കുറിപ്പല്ല!
മാതൃഭൂമി വാരാന്തപ്പതിപ്പു്: 6 ആഗസ്റ്റ് 1995.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.