ഈ സംഭവം നടന്നതു് കുറച്ചുമുമ്പാണു്: ഞാൻ പ്രീഡിഗ്രിക്കു് പഠിക്കുന്ന കാലം. ആയിടെ കുടിയിരുന്ന ഒരു വീട്ടിന്റെ ഉമ്മറക്കോലായിൽ വീട്ടുകാരനോടൊപ്പം ഞാൻ ഇരിക്കുന്നു. വീട്ടുകാരൻ പഠിപ്പും പത്രാസും ഉള്ള ആളാണു്. പണക്കാരൻ. അക്കാലത്തെ വലിയ പരിഷ്കാരമായ മൊസൈക്ക് ആണു് കോലായിലും മുറിയിലുമൊക്കെ.
ഞങ്ങൾ വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ നാട്ടുകാരനായ ഒരു ചെറുപ്പക്കാരൻ കോലായിലേക്കു് കയറി. വീട്ടുകാരുമായി അടുപ്പമുള്ള അയാൾ അകത്തേക്കു് പോവുകയാണു്. കോലായ കഴിഞ്ഞു് അകത്തേക്കുള്ള വാതിലിനടുത്തു് എത്താറായപ്പോഴാണു് ആ ‘അക്രമം’ വീട്ടുകാരന്റെ കാഴ്ചയിൽ പെട്ടതു്. ചെറുപ്പക്കാരൻ ചെരിപ്പഴിക്കാതെയാണു് കോലായിൽ കയറിയതു്!
വീട്ടുകാരൻ ഒച്ചവെച്ചു. ചെറുപ്പക്കാരൻ ഒന്നു് ഞെട്ടി. എന്താണു് കാര്യം എന്നു് കക്ഷിക്കു് ആദ്യം തിരിഞ്ഞില്ല. ചെരിപ്പൂരി പുറത്തു വെക്കാനുള്ള കൽപന കേട്ടു് ആ തല താഴ്‌ന്നു; മുഖം വിളറി.
അയാൾ ചെരിപ്പൂരിവെച്ചു് അകത്തേക്കു് പോയപ്പോൾ വീട്ടുകാരൻ പാതി അവനവനോടായും പാതി എന്നോടായും പറഞ്ഞു:
‘വൃത്തികെട്ടവൻ!’
സ്തബ്ധനായി ഇരുന്നുപോയ ഞാൻ ആലോചിച്ചുനോക്കി—ആരാണു് വൃത്തികെട്ടവൻ? വീട്ടുകാരനോ ചെറുപ്പക്കാരനോ?
ആ മൊസൈക്ക് തറയുടെ മിനുപ്പും വെടിപ്പും പ്രധാനമായിരിക്കാം. എങ്കിലും അതിനേക്കാൾ അന്തസ്സില്ലേ, ആ ചെറുപ്പക്കാരനു്? ആ തറയിലെ വൃത്തികേടു് ഒരുപാനി വെള്ളം ഒഴിച്ചാൽ തീരും. ആ ചെറുപ്പക്കാരൻ അനുഭവിച്ച മാനക്കേടു് എങ്ങനെ തീരാനാണു്? വീട്ടിൽ കയറിവരുന്നവനെ അപമാനിക്കുന്നതുപോലൊരു വൃത്തികേടുണ്ടോ?
എനിക്കൊരു വീട്ടമ്മയെ അറിയാം. വീടു് വൃത്തികേടാക്കുന്നു എന്നു പറഞ്ഞു് അവർ മിക്ക സമയത്തും ഭർത്താവിനോടും മക്കളോടും കയർക്കും. ആ വീട്ടിനകത്തെ സൗഹാർദ്ദക്കുറവിനു് ഒരു കാരണം ഈ ‘വൃത്തിപ്രഭാഷണം’ ആണു്. കുടുംബത്തിന്റെ സ്വാസ്ഥ്യമാണോ, തറയുടെ വെടിപ്പാണോ പ്രധാനം എന്നു് ആ വീട്ടമ്മ ഒരിക്കലും ആലോചിക്കുന്നില്ല. വെടിപ്പുള്ള നിലത്തിനോ മയമുള്ള വർത്തമാനത്തിനോ ഏതിനാണു് വൃത്തി? വീടു് വൃത്തിയാകാൻ വേണ്ടതു് ഏതാണു്? ആ നിലത്തേക്കാൾ വൃത്തികെട്ടതല്ലേ, അവരുടെ വർത്തമാനം?
വെടിപ്പും വൃത്തിയും ആവശ്യമല്ലേ?
ആവശ്യം തന്നെ. ആ പറച്ചിലിൽ സാധാരണയായി നിങ്ങൾ ഉദ്ദേശിക്കുന്ന ബാഹ്യവൃത്തി വേണ്ടതുതന്നെ എന്നു ഞാൻ പറയും. അതിനേക്കാൾ പ്രധാനമാണു് ആന്തരവൃത്തി എന്നുകൂടി എനിക്കു് പറയേണ്ടതുണ്ടു്.
വൃത്തിയെ ബാഹ്യമെന്നും ആന്തരമെന്നും വകതിരിക്കുന്നതെങ്ങനെ?
ഉദാഹരണത്തിലൂടെ വിശദമാക്കാം:
ഒരു വീടിനു് വെടിപ്പായ മൊസൈക്ക് തറയുണ്ടു്; അതിഥിയോടു് നന്നായി പെരുമാറാനറിയില്ല എങ്കിൽ അവിടെ ബാഹ്യവൃത്തിയേയുള്ളൂ, ആന്തരവൃത്തിയില്ല.
പല്ലുതേച്ചും നാവുവടിച്ചും വെടിപ്പാക്കിയ വായകൊണ്ടു് നുണ പറയുന്നു എങ്കിൽ അവിടെ ബാഹ്യവൃത്തിയേയുള്ളൂ, ആന്തരവൃത്തിയില്ല.
കുളിക്കാൻ വൈമുഖ്യമുള്ള ഒരാൾ അന്യരെ സഹായിക്കുന്നതിൽ ശ്രദ്ധാലുവാണെങ്കിൽ അയാൾക്കു് ആന്തരവൃത്തിയേയുള്ളൂ, ബാഹ്യവൃത്തിയില്ല.
വേഷം പപ്രച്ഛയായി നടക്കുന്ന ഒരാൾ ഒരു സാഹചര്യത്തിലും വാക്കു് മാറ്റിപ്പറയില്ല എന്നാണെങ്കിൽ അയാൾക്കു് ആന്തരവൃത്തിയേയുള്ളൂ, ബാഹ്യവൃത്തിയില്ല.
ബാഹ്യവൃത്തി രൂപത്തിന്റേതാണു്; ആന്തരവൃത്തി ഭാവത്തിന്റേതും.
മലയാളികൾ ‘വൃത്തികെട്ടവൻ’ എന്നു് സാധാരണയായി ആക്ഷേപിക്കുന്നതു് ഇപ്പറഞ്ഞ ആന്തരവൃത്തിയില്ലാത്തവനെയാണു്. ‘നാറി’ എന്നു് ചീത്തപ്പേരു് കേൾക്കുന്നതും അയാൾ തന്നെ—‘നുണ നാവിനെ നാറ്റും’ എന്നു് സുരാസു.
ബാഹ്യവൃത്തി മാത്രമുള്ള ആളുകളെ ആക്ഷേപിക്കുന്ന പ്രയോഗങ്ങൾ നമ്മുടെ ഭാഷയിൽ പലതുണ്ടു്—‘പുറംമോടി’, ‘വേഷം’, ‘വേഷം കെട്ടു്’, ‘അഴകിയ രാവണൻ’, മറ്റും മറ്റും.
മൂല്യനിഷ്ഠമായ സ്വഭാവത്തിൽനിന്നു് ഉരുവം കൊള്ളുന്ന വ്യക്തിത്വത്തിന്റെ പ്രകാശനമാണു് ആന്തരവൃത്തി. കാലികമായ പരിഷ്കാരത്തിൽനിന്നു് ഉരുവം കൊള്ളുന്ന രൂപത്തിന്റെ വെടിപ്പാണു് ബാഹ്യവൃത്തി.
ആന്തരവൃത്തിയെപ്പറ്റിയുള്ള ധാരണകൾ സാമാന്യമായി എല്ലാക്കാലത്തും എല്ലാ ദേശത്തും സമാനമായിരിക്കും. ബാഹ്യവൃത്തിയെപ്പറ്റിയുള്ള സങ്കൽപ്പങ്ങളാവട്ടെ, കാലത്തിനും ദേശത്തിനും സംസ്കാരത്തിനും അനുസരിച്ചു് മാറിമറിയാം.
ഒരു മാതൃക നോക്കൂ:
പശുവിന്റെ ചാണകം മിക്ക സംസ്കാരങ്ങളിലും വൃത്തികെട്ടതാണു്. ഇന്ത്യയിലെ പല ഹൈന്ദവസമൂഹങ്ങളിലും അതിനു് ഒരു വൃത്തികേടുമില്ല: ആളുകൾ കഴിക്കുന്ന ‘പഞ്ചഗവ്യ’ത്തിൽ പശുവിന്റെ മൂത്രവും ചാണകവും ഉണ്ടു്; ചാണകവറളി കൊണ്ടു് ഭക്ഷണം പാചകം ചെയ്യുന്നവരുണ്ടു്; ചാണകവെള്ളം തളിച്ചു് നിലം മെഴുകി ‘വൃത്തി’യാക്കുന്നവരുണ്ടു്.
വൈലോപ്പിള്ളി പാടുന്നു:
ആ നിലമൊക്കെയും ശുദ്ധിയേൽപൂ
ചാണകവെള്ളം തളിച്ചപോലെ
(കാക്ക)
മറ്റൊരുദാഹരണം:
‘ഉണ്ണിമൂത്രം പുണ്യാഹം’ എന്ന ചൊല്ലു് വളരെക്കുറച്ചുപേർക്കേ ദഹിക്കൂ. ഉണ്ണികളുടേതായാലും മുതിർന്നവരുടേതായാലും മൂത്രം വൃത്തികേടുതന്നെ എന്നാണു് മിക്കവരുടേയും ധാരണ. ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായി നിത്യവും സ്വന്തം മൂത്രം കുടിക്കുന്നു എന്ന വാർത്ത ഇന്ത്യക്കാരും അന്യനാട്ടുകാരും ഞെട്ടലോടെയാണു് കേട്ടതു്. പിന്നെ, പരിഹാസമായി. ആ വഴിക്കാണു് മൂത്രചികിൽസ ജനശ്രദ്ധ നേടിയതു്. സ്വന്തം മൂത്രം കുടിക്കുകയും ദേഹത്തു് പുരട്ടുകയും ചെയ്യുന്ന ആ ചികിൽസാരീതി പതുക്കെ പതുക്കെ പ്രചാരം നേടിവരുന്നു. മൂത്രചികിൽസക്കാരും മറ്റുള്ളവരും ബാഹ്യവൃത്തിയെപ്പറ്റി സങ്കൽപിക്കുന്നതിൽ എത്രമാത്രം വ്യത്യാസമുണ്ടെന്നു് ആലോചിച്ചുനോക്കൂ.
വൃത്തിയുള്ളവരെ മാത്രമേ ആളുകൾ സ്നേഹിക്കുകയുള്ളൂ.
ഏതു് വൃത്തി? ബാഹ്യമോ ആന്തരമോ?
ബാഹ്യവൃത്തിയും സ്നേഹവും തമ്മിൽ ഒരു ബന്ധവുമില്ല എന്നു് കരുതാനാണു് ന്യായം. ഉപരിപ്ലവബുദ്ധികളായ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും തുടക്കത്തിൽ ബാഹ്യവൃത്തിയിൽ താൽപര്യമുണ്ടാകാം, അതവരുടെ സ്നേഹാഭിമുഖ്യത്തെ സ്വാധീനിക്കുകയും ചെയ്തേക്കാം. എങ്കിലും ബാഹ്യവൃത്തിയുള്ള ആൾക്കു് ആന്തരവൃത്തിയില്ല എന്നു തിരിച്ചറിയുന്നതോടെ മേൽപറഞ്ഞ താൽപര്യം ആവിയായിപ്പോകും. ഉദാഹരണം: വൃത്തിയായും മോടിയായും വേഷം ധരിക്കുന്ന ഭർത്താവു് വ്യഭിചാരിയാണു് എന്നു് തിരിച്ചറിയുന്നതോടെ ഭാര്യക്കു് സ്നേഹം തീരും. പുറമേ കാണുന്ന ‘വൃത്തി’യൊക്കെ കണ്ട പെണ്ണുങ്ങളെ വശീകരിക്കാനുള്ള ‘വേഷം കെട്ടാ’ണെന്നു് ഭാര്യ ആ ‘വൃത്തികേടി’നെ പുച്ഛിക്കും.
ഇനി ഇക്കാര്യം തിരിച്ചിട്ടു് നോക്കിയാലും സ്ഥിതി ഇതുതന്നെ: ആന്തരവൃത്തിയുള്ളവരും ബാഹ്യവൃത്തിയില്ലാത്തവരും ആയ ആളുകളോടുള്ള സ്നേഹം നീണ്ടുനിൽക്കും. അതായതു് സത്യസന്ധത, ദയ, ഉശിരു്, നീതിബോധം, ആത്മാർത്ഥത മുതലായ ആന്തരവൃത്തി ഉള്ളവരോടു്, അവർക്കു് ബാഹ്യവൃത്തി ഇല്ലെങ്കിലും, നിങ്ങളുടെ ബന്ധം നിലനിൽക്കും. ആ സ്നേഹത്തെ സ്ഥായിയാക്കി നിർത്തിയതു് ഈ ആന്തരവൃത്തിയാണു്: സ്നേഹവും വൃത്തിയും തമ്മിലുള്ള ബന്ധം ഗാഢമാണു് എന്നർത്ഥം.
ഇവിടെ ഒരെതിർവാദത്തിനു് പഴുതുണ്ടു്: ഇപ്പറഞ്ഞതു് ശരിയല്ല. സ്നേഹവും വൃത്തിയും തമ്മിൽ ബന്ധമേയില്ല. ബാഹ്യവൃത്തിയില്ലാത്തവരെയും ആന്തരവൃത്തിയില്ലാത്തവരെയും പെൺകിടാങ്ങൾ സ്നേഹിക്കാറുണ്ടു്. ബാഹ്യവൃത്തിയില്ലാത്ത ജോൺ അബ്രഹാമിനെപ്പോലുള്ള കലാകാരന്മാർക്കും ആന്തരവൃത്തിയില്ലാത്ത വീരപ്പനെപ്പോലുള്ള കള്ളന്മാർക്കും ആരാധികമാരും കാമുകിമാരും ഉണ്ടു്.
വാസ്തവം തന്നെ. ബാഹ്യവൃത്തിയില്ലാത്തവർക്കു് കിട്ടുന്ന സ്നേഹത്തെപ്പറ്റി പറയുമ്പോൾ അവിടെ പരിഗണിക്കപ്പെട്ടതു് അവരുടെ ആന്തരവൃത്തിയാണു് എന്നായാൽ മറുപടിയായി. കുറ്റവാളിയുടെ കാര്യമോ? കാമുകിയോടു് അയാൾ കാണിക്കുന്ന പരിഗണനയോ ആ മനുഷ്യന്റെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന സാഹസികതയോ, ക്രൗര്യമോ, ധീരതയോ, ബലമോ ഒക്കെ ആ പെൺകുട്ടി ഒരു ‘വൃത്തി’യായി എടുത്തിരിക്കാം! വൃത്തിയായി സാധാരണ എണ്ണുന്ന സുപ്രസിദ്ധി എന്ന പോലെ കുപ്രസിദ്ധിയും ഒരാളുടെ നേർക്കു് ആഭിമുഖ്യം വളർത്തിയേക്കാം.
പിന്നെ, ഇതൊരു പതിവല്ല; അപവാദം മാത്രമാണു്. കുറ്റവാളിയാണു് എന്നുകേട്ട ഉടനെ പെൺകുട്ടികൾക്കു് അയാളോടു് ഭ്രമം തോന്നുന്നില്ല. മിക്കവർക്കും സുഗന്ധത്തോടു് ആകർഷണം തോന്നുംപോലെ അപൂർവം ചിലർക്കു് ദുർഗന്ധത്തോടും ആകർഷണം തോന്നും. അതേ മട്ടിൽ ഏതെങ്കിലും തരത്തിൽ വൃത്തിയുള്ളവരോടു് ഭൂരിപക്ഷത്തിനു് അടുപ്പം തോന്നുംപോലെ ചെറിയൊരു ന്യൂനപക്ഷത്തിനു് വൃത്തികെട്ടവരോടും അടുപ്പം തോന്നാം.
‘വൃത്തി വിശ്വാസത്തിന്റെ പകുതിയാണു്’ എന്നു് പറഞ്ഞപ്പോൾ മുഹമ്മദ് നബി വിരൽ ചൂണ്ടിയതു് ബാഹ്യവും ആന്തരവുമായ വൃത്തികൾക്കു് ആത്മീയതയുമായുള്ള ഗാഢബന്ധത്തിലേക്കാണു്. ബാഹ്യവൃത്തി ആന്തരവൃത്തിയിലേക്കും ആന്തരവൃത്തി ആത്മീയമായ ഉന്നതിയിലേക്കും നയിക്കും എന്നതിന്റെ സൂചനയാണതു്.
ഇനി, ഒരു കഥ പറയാം:
യേശുക്രിസ്തു വിന്റെ ശിഷ്യന്മാരും അനുയായികളുമടങ്ങുന്ന ചെറുസംഘത്തിൽ അധികം പണവും പഠിപ്പും പരിഷ്കാരവും കുറഞ്ഞ ആളുകളായിരുന്നു—മുക്കുവന്മാർ, ആശാരിമാർ മുതലായവർ. അവരിൽ പലർക്കും ആഹാരം കഴിക്കുന്നതിനുമുമ്പു് കൈകഴുകുന്ന ശീലം ഉണ്ടായിരുന്നില്ല. യേശുവിന്റെ അധ്യാപനങ്ങളെ എതിർത്തിരുന്ന പാരമ്പര്യവാദികൾ ഇക്കാര്യം പറഞ്ഞു് ആ സംഘത്തെ പരിഹസിച്ചു. ക്രിസ്തു മറുപടി പറഞ്ഞു:
‘നിന്റെ വായിലേക്കു് പോവുന്നതിനേക്കാൾ വൃത്തി വേണ്ടതു് നിന്റെ വായിൽ നിന്നു് വരുന്നതിനാണല്ലോ. അതു് വാക്കാണല്ലോ. അതു് മറ്റുള്ളവരുടെ മനസ്സിനെ കുത്തിനോവിക്കുന്നുവല്ലോ!’
മാധ്യമം വാർഷികപ്പതിപ്പു്: 2004.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.