കോഴിക്കോട്ടുനിന്നു് ഞാൻ മുക്കത്തേക്കു് ബസ്സിൽ വരികയായിരുന്നു. ചുറ്റുപാടുകൾ ശ്രദ്ധിക്കാതെ കൈയിലുള്ള വാരികയിൽ തലയും പൂഴ്ത്തി ഇരിക്കുകയാണു്.
വഴിയിലെവിടെയോ ബസ്സു നിർത്തി. ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ തിക്കും തിരക്കും ബഹളവും. വായന മുറിഞ്ഞു.
അക്കൂട്ടത്തിൽ ബസ്സിലേക്കു കയറിവരുന്ന വെളുത്തുതടിച്ച മനുഷ്യന്റെ ഛായ അറിയാതെ ശ്രദ്ധിച്ചുപോയി. കഷണ്ടികയറിയ തല കറുത്ത ഫ്രെയിമുള്ള കട്ടിക്കണ്ണട, നരകയറിയ മീശ, പാന്റിനകത്തേക്കു നൂണ്ടിറങ്ങിയ ഷർട്ടിനോടു് എന്തോ പൂർവ്വവൈരാഗ്യം ഉള്ളതുപോലെ തുറിച്ചുനില്ക്കുന്ന വയറു്, ആ വയറിനെ അമർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ നിസ്സഹായത വെളിപ്പെടുത്തുന്ന ബെൽട്ട്, കൈയിൽ തൂക്കിപ്പിടിച്ച തുണിസഞ്ചിയിൽനിന്നു് തല പുറത്തേക്കിട്ടുനോക്കുന്ന പടവലങ്ങയും പയറും. വിശദീകരിക്കാനാവാത്ത ഏതോ അതൃപ്തി നിറഞ്ഞു നില്ക്കുന്ന മുഖം.
ആളെ നേരത്തെ എവിടെയോ കണ്ടിട്ടുള്ളതുപോലെ. അല്ല, വളരെ അടുത്തു് പരിചയമുണ്ടായിരുന്ന ആരോ ആണതു്.
അയാൾ തൊട്ടുമുന്നിലെ സീറ്റിൽ വന്നിരുന്നു. തൊട്ടുടുത്തു മറ്റൊരാൾ വന്നിരുന്നപ്പോൾ ഏതോ നികൃഷ്ടജീവിയെ നോക്കുമ്പോലെ അയാൾ നോക്കി.
ഓർമ്മകളിൽ മുങ്ങിത്തപ്പി നോക്കി: ഏതാണപ്പാ ഈ പഹയൻ? ശ്ശെ, എത്രയായിട്ടും ഈ വിദ്വാനെ ഓർമ്മ കിട്ടുന്നില്ലല്ലോ.
തിരക്കും കൊണ്ടു് കുതിച്ചുപായുന്ന ആ ബസ്സിലിരുന്നു് അയാൾ ഒരു സിഗരറ്റിനു് തീ പിടിച്ചു അടുത്തിരുന്ന ആൾ ആ പുകപടലങ്ങളിൽപ്പെട്ടു് അസ്വസ്ഥനാകുന്നതു് അയാൾ ശ്രദ്ധിക്കുന്നേയില്ല.
പെട്ടെന്നു് മനസ്സിലേക്കു് വർഷങ്ങൾക്കുമുമ്പു് കണ്ട ഒരു ചെറുപ്പക്കാരന്റെ ചിത്രം കടന്നുവന്നു. തലനിറച്ചു് കറുത്തുചുരുണ്ട മുടി, നേർത്ത മീശ, നീല ഷർട്ട്, ഡബിൽ ദോത്തി, വെളുത്തുമെലിഞ്ഞ ദേഹം, മുഖം നിറയെ ചിരി… ലോകത്തോടു മുഴുവൻ സൗഹൃദം.
പൊടുന്നനെ മനസ്സു് ഉണർന്നു: ഹുസ്സൻ!
അതെ, ആ മനുഷ്യൻ തന്നെയാണു് മുമ്പിലിരുന്നു് സിഗരറ്റ് വലിക്കുന്നതു്.
തോണ്ടിവിളിച്ചു് ലോഹ്യം പറഞ്ഞലോ? ആളെ തിരിച്ചറിയുമ്പോൾ അയാൾ തീർച്ചയായും സന്തോഷിക്കും.
ഇനി തിരിച്ചറിഞ്ഞില്ലെങ്കിലോ? ചേപ്രയല്ലേ? പക്ഷേ, അങ്ങനെ വരാൻ ന്യായമില്ല. അയാൾ നല്ല സൗഹൃദമുള്ളവനാണു്. കലാരസികനാണു്. നന്നായിവായിക്കും. എഴുത്തുകാരോടും സാഹിത്യാധ്യാപകരോടുമൊക്കെ അയാൾക്കു് വലിയ കമ്പമാണു്. തമ്മിൽ കണ്ടിട്ടു് ഒരുപാടു്, ഒരുപാടു് കാലമായി.
തോണ്ടിവിളിക്കാൻ എന്നിട്ടും ഒരു ധൈര്യം തോന്നിയില്ല. അതോ, സ്വന്തം പൊങ്ങച്ചം കൊണ്ടോ?
കുറച്ചുനേരം ഓരോന്നാലോചിച്ചു് പുറത്തേക്കു് നോക്കിയിരുന്നു. പിന്നെ വാരികയിലേക്കു തല പൂഴ്ത്തി. ബസ് മുന്നോട്ടുപായുമ്പോൾ വീണ്ടും ഒരാലോചന: തോണ്ടിവിളിക്കണോ? വേണ്ട. അയാൾ മുക്കത്തേക്കാണെങ്കിൽ ബസ്സിറങ്ങിയ ശേഷം സംസാരിക്കാം.
അല്പം കഴിഞ്ഞു് വാരികയിൽനിന്നു് തല ഉയർത്തിനോക്കുമ്പോൾ മുന്നിലെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ഹുസ്സനും ഒപ്പമിരുന്ന ആളും വഴിയിലെവിടെയോ ഇറങ്ങിപ്പോയിരിക്കുന്നു.
ച്ഛെ, മോശമായിപ്പോയി വളരെക്കാലംകൂടി ഒരു സുഹൃത്തിനെ കണ്ടിട്ടു് മിണ്ടിയില്ല. അയാൾ തിരിച്ചറിഞ്ഞിരിക്കാൻ ഇടയില്ല. എന്നാലും ഞാൻ തിരിച്ചറിഞ്ഞതാണല്ലോ.
അങ്ങനെ കുണ്ഠിതം തോന്നാൻ ന്യായമുണ്ടു്. അത്രയും സന്തോഷവും ശകലം അന്തസ്സും തോന്നുന്ന ഒരു സാഹചര്യത്തിലാണു് ഞാൻ അയാളെ പരിചയപ്പെട്ടതു്.
പത്തിരുപതുകൊല്ലം മുമ്പാണു്. ഞാൻ അന്നു് കോഴിക്കോട്ടു് ഗുരുവായൂരപ്പൻ കോളേജിൽ ബി. എ. ഒന്നാം വർഷ വിദ്യാർത്ഥിയാണു്. അന്നു് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ സ്ഥിരമായി എഴുതിപ്പോന്നിരുന്നു—കഥ, ലേഖനം, ‘തപാൽപെട്ടി’യിലെ വിവാദക്കുറിപ്പുകൾ… അങ്ങനെ ചിലതൊക്കെ.
അന്നൊരിക്കൽ പഞ്ചായാത്ത് ആഫീസിൽ എന്തോ കടലാസ് ശരിപ്പെടുത്താൻ പോയി മടങ്ങിവന്ന ജ്യേഷ്ഠൻ സലാം നടുക്കണ്ടി പറഞ്ഞു. “ഇനി ഇക്കാര്യത്തിനു് നീ പോയാ മതി.”
ഇക്കാക്ക വിശദീകരിച്ചു. പഞ്ചായത്ത് ആഫീസിൽ പുതുതായി ഒരു ക്ലാർക്കു വന്നിട്ടുണ്ടു്—ഹുസ്സൻ. ചെറുപ്പക്കാരൻ. നല്ല വായനക്കാരനാണു്. ഞാൻ കാരശ്ശേരിക്കാരനാണു് എന്നു മനസ്സിലാക്കിയപ്പോൾ നിന്നെ അറിയുമോ എന്നു ചോദിച്ചു. നിന്റെ ഇക്കാക്കയാണു് എന്നറിഞ്ഞപ്പോൾ മൂപ്പർക്കു പെരുത്തു സന്തോഷം നിന്നെ പരിചയപ്പെടണമെന്നു പറയുന്നു. മൂപ്പർ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ സ്ഥിരം വായനക്കാരനാണു്. നിന്റെ പേരു് കണ്ടാൽ വായിക്കാതെ വിടാറില്ലത്രെ!
ഞാൻ ഒന്നു പൊങ്ങി—ന്യായമായും ശകലം അന്തസ്സുതോന്നി. ‘എന്റെ പേരു് കണ്ടാൽ വായിക്കും’ എന്നൊരു വാചകം മുമ്പു് കേട്ടിട്ടില്ല!
അടുത്ത ആഴ്ച ഇക്കാക്ക പഞ്ചായത്ത് ആഫീസിൽ പോയപ്പോൾ കൂടെ ഞാനും പോയി. ഹുസ്സനെ ഒന്നു നേരിൽ കാണാനും അയാളോടു രണ്ടു് വർത്തമാനം പറയാനുമുള്ള പൂതി അങ്ങനെ നിർത്തിയാൽ നിൽക്കുന്നതായിരുന്നില്ല. ദുനിയാവിൽ എനിക്കാകപ്പാടെയുള്ള ആരാധകനാണല്ലോ അയാൾ.
ആ വഴി പോകുമ്പോൾ വെറുതെ ഇക്കാക്കയോടൊപ്പം ആഫീസിൽ കയറിയതാണു എന്നു് ഉപായം പറഞ്ഞു് ഹുസ്സനെ പരിചയപ്പെട്ടു. അയാൾക്കു വളരെ സന്തോഷമായി. ഞങ്ങൾക്കു ചായ വരുത്തിത്തന്നു. ഇക്കാക്കയുടെ കടലാസ് ഉടനെ ശരിപ്പെടുത്തിക്കൊടുത്തു. വർത്തമാനം പറഞ്ഞു വന്നപ്പോൾ ഞാൻ അതുവരെ എഴുതിയതൊക്കെ അയാൾ വായിച്ചിരിക്കുന്നു! ചിലതൊക്കെ കൃത്യമായി ഓർത്തുവച്ചിരുന്നു. അയാളെ കെട്ടിപ്പിടിച്ചു് ഒരുമ്മ കൊടുക്കാൻ തോന്നിപ്പോയി!
ഞങ്ങൾ പിന്നെ പലപ്പോഴും കണ്ടു് ലോഹ്യം പുതുക്കിയിരുന്നു. അയാൾ അന്യനാട്ടുകാരനായിരുന്നിട്ടും പരോപകാരങ്ങളുടെയും സൗഹാർദ്ദങ്ങളുടെയും പേരിൽ എളുപ്പം ഞങ്ങളുടെ നാട്ടുകാർക്കു് പ്രിയംകരനായിത്തീർന്നു. ഞാൻ നാട്ടിലില്ലാത്ത സമയത്തു് എപ്പോഴോ സ്ഥലം മാറിപ്പോവുകയും ചെയ്തു. പിന്നെ തമ്മിൽ കാണാൻ ഇടയായില്ല. വല്ലപ്പോഴുമൊക്കെ ഞാൻ അയാളെ ഓർമ്മിച്ചിരുന്നു.
അത്രയും വേണ്ടപ്പെട്ട ഒരാളെയാണു് അവഗണിച്ചുകളഞ്ഞതു്. അന്നത്തെ ആ പയ്യൻ ബി. എ. പാസ്സായെന്നും തുടർന്നുപഠിച്ചു് ഇപ്പോൾ ലക്ചറർ ആയെന്നും അറിയുമ്പോൾ അയാൾ സന്തോഷിക്കുമായിരുന്നില്ലേ? ആ പയ്യൻ ചില പുസ്തകങ്ങളൊക്കെ പ്രസിദ്ധികരിച്ചിട്ടുണ്ടു് എന്നു് അറിയുമ്പോൾ അയാൾ കൗതുകം കൊള്ളുമായിരുന്നില്ലേ?
ഏതായാലും ആ സൗഹൃദം പുതുക്കാഞ്ഞതു മോശമായി എന്നൊരു തീർപ്പുമായിട്ടാണു് ബസ്സിൽ നിന്നിറങ്ങിയതു്.
മൂന്നുദിവസം കഴിഞ്ഞു് അതേ റൂട്ടിൽ, അതേ ബസ്സിൽ, അതേ നേരത്തു് വരികയായിരുന്നു. അന്നു് ഹുസ്സൻ കയറിയ സ്റ്റോപ്പിലെത്തിയപ്പോൾ വെറുതേ അയാളെ ഓർമ്മിച്ചുപോയി അദ്ഭുതം! അതാ ഹുസ്സൻ കയറി വരുന്നു തൊട്ടുടുത്ത സീറ്റ് ഒഴിഞ്ഞു കിടക്കുകയുമാണു്…
കൈയും കലാശവും കാണിച്ചു് ഒരിളം ചിരിയോടെ അയാളെ ക്ഷണിച്ചു:
“വരൂ ഇവിടെയിരിക്കാം.”
എനിക്കെന്തോ ആനുകൂല്യം അനുവദിക്കുന്ന ഭാവത്തിൽ അയാൾ വന്നു ഇരുന്നു. അങ്ങനെ ക്ഷണിച്ചതു് ആരാണെന്നുപോലും അയാൾ ശ്രദ്ധിച്ചില്ല.
ലോകത്തോടു മുഴുവൻ എന്തോ കയ്പുള്ളതുപോലെ അയാൾ മുമ്പിലിരിക്കുന്ന മനുഷ്യന്റെ കഷണ്ടിയിലേക്കു തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണു്. തന്റെ തൊട്ടടുത്തു് ഇങ്ങനെയൊരു മനുഷ്യജീവി ഉണ്ടെന്നു് യാതൊരു കൂട്ടവുമില്ല.
പെട്ടെന്നു് എനിക്കു് ഒരു വെളിപാടു്. ഇയാളെ കണ്ടതു് ഇരുപതുകൊല്ലം മുമ്പാണു്. അന്നു് ക്ലാർക്കായിരുന്ന ആൾ ഇപ്പോൾ കുറേ പ്രമോഷനൊക്കെക്കിട്ടി ‘വലിയ’ സാറായിക്കഴിഞ്ഞിരിക്കും അതിനുമാത്രം വിഷവും വച്ചിരിക്കും. എങ്കിൽ അയാളുടെ എന്തോ സൗജന്യം പറ്റുന്നതിനുള്ള പ്രീണനമായി എന്റെ ക്ഷണം കണക്കാക്കിക്കളയും. അയാളുടെ ഇരിപ്പും ഭാവവും കണ്ടാൽ മറ്റൊന്നും തോന്നുമായിരുന്നില്ല.
എങ്കിലും ഇരുപതുകൊല്ലം കഴിഞ്ഞു പരസ്പരം തിരിച്ചറിയുന്നതിന്റെ കൗതുകം ഒരു ചില്ലറക്കാര്യമാണോ?
ഒടുക്കം രണ്ടുംകല്പിച്ചു് ഞാൻ അങ്ങു് തുടങ്ങി. “ഹുസ്സൻ എന്നല്ലേ പേരു്?”
“ങും”—കനിപ്പിലുള്ള ആ മൂളൽ കേട്ടാൽ പിന്നെ ഒരുമാതിരിക്കാരൊന്നും രണ്ടാമതൊരു ചോദ്യം ചോദിക്കുകയില്ല.
“ഇപ്പോഴെവിടെപ്പോകുന്നു?”
“അറിഞ്ഞിട്ടു് നിനക്കെന്താ കാര്യം?” എന്ന ഭാവത്തിൽ അയാൾ ഒന്നു കനപ്പിച്ചു നോക്കി എങ്കിലും അതു കാര്യമാക്കാതെ ഞാൻ ചോദിച്ചു.
“വീട്ടിലേക്കായിരിക്കും അല്ലേ?”
“ങും”—മൂളലിനു ഒരുകിലോ കൂടി കനം വർദ്ധിച്ചിരിക്കുന്നു.
വർത്തമാനം മുറിഞ്ഞു. തിരിച്ചറിഞ്ഞാൽ അയാളുടെ മുഖത്തെ വലിഞ്ഞുമുറികിയ മാംസപേശികൾ ഒരു വിസ്തരിച്ച ചിരിയിൽ അയയുമെന്നും അയാൾ ക്ഷമാപണം നടത്തുമെന്നും ഉറപ്പാണു്.
“പണ്ടു് ഞാൻ നിങ്ങളെ പരിചയപ്പെട്ടിട്ടുണ്ടു്.”
“ങും”—പിന്നെയും കനം കൂടുന്നു.
“ഇരുപതു കൊല്ലം മുമ്പാണു്.”
ഇത്തവണ മൗനത്തിനാണു് കനം.
“അന്നു് നിങ്ങൾ കാരശ്ശേരിക്കടുത്തായിരുന്നു താമസം.”
നിർവ്വികാരമായ മൗനം എവിടെപ്പോകുന്നുവെന്നോ പേരെന്താണെന്നോ പരിചയപ്പെട്ടതു് എവിടെ വച്ചാണെന്നോ ഒക്കെ അയാൾ ഒരു മര്യാദയ്ക്കുവേണ്ടി ചോദിക്കുമെന്നു് പിന്നെയും എനിക്കു് തോന്നി. പക്ഷേ, യാതൊന്നും ഉണ്ടായില്ല.
പിന്നെ, ആ ദുർഘടസന്ധിയിൽനിന്നു് എങ്ങനെയെങ്കിലും ഒന്നു തലയൂരാൻ വേണ്ടി ചോദിച്ചു.
“അന്നു് പരിചയപ്പെട്ട സുഹൃത്തുക്കളെ ആരെയും ഓർമ്മയില്ലേ?”
“എന്തിനാ ആ നായിന്റെമക്കളെയൊക്കെ ഓർത്തുകൊണ്ടിരിക്കുന്നതു്? അന്നു് അവനവന്റെ കാര്യം സാധിക്കാൻ അവരൊക്കെ വരും. എനിക്കു് അവരെയൊക്കെ ഓർത്തുകൊണ്ടിരിക്കുകയല്ലാതെ വേറെ പണിയില്ലേ?”
ഞാൻ ഒന്നു ഇളിഞ്ഞു. ഇയാൾക്കു കാര്യമായ പ്രമോഷനെന്തോ കിട്ടിയിട്ടുണ്ടു് എന്നുറപ്പായി. അതു് ഉള്ളിൽ വച്ചുകൊണ്ടു് ചോദിച്ചു.
“ഇപ്പോൾ സിവിൽ സ്റ്റേഷനിലാണു്, അല്ലേ?”
“ങും”
“നിങ്ങൾ അന്നൊക്കെ ധാരാളം വായിക്കുമായിരുന്നല്ലോ. ഇപ്പോൾ അതിലൊന്നും താല്പര്യമില്ലേ?”
അയാൾ പൊട്ടിത്തെറിച്ചു:
“വായന! എന്തിനാ വായിക്കുന്നതു്? ഓരോ നായിന്റെമക്കൾ പൈസയും പേരും ഉണ്ടാക്കാൻ വേണ്ടി തൊള്ളയിൽത്തോന്നിയതൊക്കെ എഴുതിവിടും. അതൊക്കെ വായിച്ചട്ടു് നമുക്കെന്താ പ്രയോജനം? ബുദ്ധിയില്ലാത്ത കാലത്തു് ഞാനും അതിനൊക്കെ പൈസ മുടക്കിയിരുന്നു. സമയവും നഷ്ടം. ആ നേരംകൊണ്ടു് ഒരു വാഴ വച്ചാൽ അത്രയും ലാഭമാണു്.”
അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാലോ എന്നായി എന്റെ ചിന്ത. ഈ പഹയന്റെ കൂടെയിരുന്ന് യാത്ര ചെയ്താൽ ഇനിയും ആ ‘നായിന്റെമോൻ’ കേൾക്കേണ്ടിവന്നാലോ? മാത്രമല്ല, വായനയിലും എഴുത്തിലുമൊക്കെ താല്പര്യമുള്ള ഒരാളാണു് തൊട്ടടുത്തിരിക്കുന്നതു് എന്നറിഞ്ഞാൽ ആ മാടൻ ദേഹോപദ്രവം ഏല്പിക്കുകയില്ല എന്നതിനു് എന്താണുറപ്പു്? ഞാൻ ബാഗിൽ നിന്നു് വാരികയെടുത്തു് അതിലേക്കു് മുഖം പൂഴ്ത്തി. അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ യാത്ര ചോദിക്കുകയോ, എന്നൊയൊന്നു തിരിഞ്ഞുനോക്കുകയോ ചെയ്യാതെ അയാൾ ഇറങ്ങിപ്പോയി.
സിമി മാസിക: സെപ്തംബർ–ഒക്ടോബർ 1989.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.