പകലുകളെല്ലാം എല്ലാവർക്കും ഉള്ളതാണെങ്കിൽ, രാത്രികളെല്ലാം എല്ലാവർക്കും ഉള്ളതാണെങ്കിൽ, സകല ചരാചരങ്ങളെയും മറച്ചു പിടിച്ച ആ രാത്രി ഞങ്ങൾക്കുവേണ്ടി മാത്രം കരുതിവെച്ചതായിരുന്നു: ഞങ്ങൾക്കുവേണ്ടി മറ്റാരോ, ഒരുപക്ഷേ, ദൈവം തന്നെ, കൊത്തിയെടുത്തതായിരുന്നു ആ രാത്രി. അങ്ങനെ മാത്രമേ എനിക്കു് ആ രാത്രിയും അതിനുമുമ്പേ വന്ന മറ്റൊരു രാത്രിയും ഇപ്പോൾ ഓർക്കാൻ പറ്റുന്നുള്ളൂ. അങ്ങനെയാണു് അന്നു്, രാത്രി വളരെ വൈകി, ഞങ്ങൾ, രാഘവനും ഞാനും, ‘മിസ്റ്റ്’ എന്നു് പേരുള്ള ആ ബ്യൂട്ടി പാർലർ തച്ചുപൊളിക്കാനും കൊള്ളയടിക്കാനും എത്തിയതു്.
അപ്പുവിനും ഒപ്പം.
അപ്പു രാഘവന്റെ നായയാണു്.
വായക്കു ചുറ്റും കറുപ്പു് നിറമുള്ള, ഉടൽ മണ്ണിന്റെ നിറമുള്ള, അപ്പുവിനെ കൊള്ളസംഘത്തിലെ പ്രധാന അംഗം എന്നാണു് രാഘവൻ എനിക്കു് പരിചയപ്പെടുത്തിയതു്. “ഇരുട്ടിലും മണ്ണിലും ഒരുപോലെ അപ്പു അവനെ കാണാതാക്കും,” രാഘവൻ എന്നോടു് പറഞ്ഞു.
ഞാൻ നായയെ നോക്കി.
“അപ്പൂ, നീ റോഡിൽ പോയി നിൽക്കു്”, രാഘവൻ നായയോടു് പറഞ്ഞു. “ആരെങ്കിലും വരുന്നുണ്ടോ എന്നു് നോക്കു്”.
നായ റോഡിൽ പോയി നിന്നു. തെരുവിലെ വെളിച്ചത്തിൽ അതിന്റെ നിഴലും മറ്റൊരു ജന്തുപോലെ ഒപ്പം നിന്നു.

“അപ്പു വെറുമൊരു നായയല്ല”, രാഘവൻ എന്നെ നോക്കി ചിരിച്ചു.
ഞാൻ, പക്ഷേ, നായയെ നോക്കിയില്ല.
“എന്താണെന്നുവെച്ചാൽ നീ വേഗം ചെയ്യ്” ഞാൻ എന്റെ പേടി മറയ്ക്കാതെ രാഘവനോടു് പറഞ്ഞു. “ഇനിയും വൈകിയാൽ ഒന്നും നടക്കില്ല”.
ഞാൻ വാച്ചിൽ നോക്കി. സമയം പന്ത്രണ്ടു് മണി കഴിഞ്ഞു് ഏഴു മിനിറ്റായിരിക്കുന്നു.
രാഘവൻ ധാരാളം സമയമുള്ളപോലെ പാർലറിന്റെ ഷട്ടർ തുറക്കാനായി നിലത്തു് ഇരുന്നു. ഷട്ടറിന്റെ പൂട്ടിൽ രണ്ടു കൈകൾകൊണ്ടും കൂട്ടിപ്പിടിച്ചു. പൂട്ടിൽ അവന്റെ വലത്തേ ചെവി ചേർത്തു. കണ്ണുകൾ അടച്ചു. അൽപ്പം കഴിഞ്ഞു് പൂട്ടു് ഊരി എടുത്തു് നിലത്തു് വെച്ചു. എന്നെ നോക്കി പുഞ്ചിരിച്ചു.
ഇപ്പോൾ നായ അവിടേക്കു് ഓടിവന്നു. പൂട്ടു് ഒരു കോഴിക്കുഞ്ഞിനെ എന്നപോലെ അതിന്റെ വായിലെടുത്തു. വീണ്ടും റോഡിൽ പോയി നിന്നു.
ഏതുതരം പൂട്ടും ഒരു തെളിവും ബാക്കി വെയ്ക്കാതെ അപ്പു കോഴിക്കുഞ്ഞിനെപ്പോലെ തിന്നുമെന്നു് രാഘവൻ എന്നോടു് പറഞ്ഞു. “കോഴികളുടെ തലകളെക്കാൾ അപ്പുവിനിഷ്ടം ഈ പൂട്ടുകളാണു്”
ഞാൻ ഇപ്പോഴും നായയെ നോക്കിയില്ല.
ഒരിക്കൽ ഈ പാർലർ കൊള്ളയടിക്കാൻ ഞങ്ങൾ രണ്ടുപേരും എത്തുമെന്നു് ഉറപ്പിക്കുന്നതു് ഇതിനും വളരെ മുമ്പാണു്. ഒരു വൈകുന്നേരം ആറുമണിയോടെ ഇതേ പാർലറിൽ നിന്നും ഇറങ്ങി വന്ന പെണ്ണു്, ആണോ പെണ്ണോ എന്നറിയാൻ റോഡിന്റെ ഇപ്പുറത്തു് ഞാനും രാഘവനും കാത്തുനിൽക്കുമ്പോൾ. എനിക്കതു് പെണ്ണു് തന്നെയായിരുന്നു. “അതൊരു വേറെ ജനുസ്സാണു്”, രാഘവൻ മറ്റൊരു മോഹത്തോടെ പറഞ്ഞു.
ഞാൻ അവളെത്തന്നെ നോക്കി ഇരുന്നു. അതിനും മുമ്പു് രാത്രിയിലേക്കു് കലരാനിരിക്കുന്ന ഒരു മണം മറ്റൊരു ഉടലിന്റെ എല്ലാ അടയാളങ്ങളുമായി എന്നെ തൊട്ടുനിൽക്കാനും തുടങ്ങിയിരുന്നു.
“ഇന്നു് എന്റെ ഓട്ടോയിൽ കയറിയതു് ഒരു ചരക്കാണു്”, ഇതേ പെണ്ണിനെപ്പറ്റി രാഘവൻ ഫോണിൽ വിളിച്ചു പറയുമ്പോൾ ഞാൻ പട്ടണത്തിലെത്തന്നെ മറ്റൊരു തെരുവിലായിരുന്നു, രണ്ടോ മൂന്നോ ഓട്ടം കഴിഞ്ഞു് റോഡിനരികിൽ നിർത്തിയിട്ട ഓട്ടോവിന്റെ പിൻസീറ്റിൽ മയങ്ങുകയായിരുന്നു. “നിനക്കു് അതിനെ കാണണോ?”, രാഘവൻ ചോദിച്ചു.
അന്നു് പകൽ തന്റെ ഒട്ടോവിൽ അങ്ങനെ ഒരാളെ, ആണിനും പെണ്ണിനും ഇടയിൽ മായുകയും തെളിയുകയും ചെയ്യുന്ന ഒരു പെണ്ണിനെ, രാഘവൻ പട്ടണത്തിലെ പാർലറിലേക്കു് കൊണ്ടുപോകുമ്പോൾ അവനറിയാതെതന്നെ ഓട്ടോ പതുക്കെയാവുകയായിരുന്നു എന്നു് രാഘവൻ എന്നോടു് പറഞ്ഞു. അതുവരെയും പിറകോട്ടു പാഞ്ഞ റോഡ് ഇപ്പോൾ തന്റെ പിറകെ തിരിച്ചുവരികയാണു് എന്നും അവനു തോന്നി. രാഘവൻ മുമ്പിലെ കണ്ണാടിയിലൂടെ തന്റെ യാത്രക്കാരിയെ നോക്കി ചോദിച്ചു:
“മാഡത്തിനെ ഇവിടെ കണ്ടിട്ടില്ല, ആദ്യമായാണോ ഇവിടെ?”
അവളുടെ മറുപടിക്കായി രാഘവൻ കണ്ണാടിയിൽത്തന്നെ നോക്കി. അവളുടെ ചുണ്ടുകളിൽത്തന്നെ കണ്ണുകൾ ഉറപ്പിച്ചു. അവൾ പുഞ്ചിരിച്ചു. “ആദ്യമാവും അല്ലെ മാഡം?” അവളുടെ ചുണ്ടുകൾ വെളുപ്പു് കലർന്ന റോസ് നിറത്തിൽ പതുക്കെ വിടരുകയായിരുന്നു,
“അതെ”, അവൾ പറഞ്ഞു.
അങ്ങനെ “അതെ” എന്നു് പറഞ്ഞതു് അവളും അവനും ഒരുമിച്ചായിരുന്നു. രാഘവൻ എന്നോടു് പറഞ്ഞു. ആണിനും പെണ്ണിനും ഇടയ്ക്കുള്ള ഒരൊച്ചയായിരുന്നു അതു്. ഇപ്പോൾ അതേ ഒച്ച, ആണോ പെണ്ണോ എന്നു് തിരിയാതെ, അവന്റെ ഒട്ടോവിൽ നിശ്ശബ്ദമായി സഞ്ചരിയ്ക്കുകയുമായിരുന്നു.
പാർലറിനു മുമ്പിൽ ഓട്ടോ നിർത്തി രാഘവൻ തന്റെ യാത്രക്കാരിയെ തിരിഞ്ഞു നോക്കി. “മാഡം, ഇവിടെ നിന്നും മടങ്ങുന്ന സമയം പറഞ്ഞാൽ ഞാൻ വീണ്ടും വരാം”. രാഘവൻ തന്റെ യാത്രക്കാരിയോടു പറഞ്ഞു. അവളറിയാതെ അവളുടെ മാറിടത്തിലേക്കു് നോക്കി. അവൾ കൈയിൽ കരുതിവെച്ചിരുന്ന രൂപ എടുത്തു് രാഘവനു് കൊടുത്തു. “ആറുമണി കഴിയും”, അവൾ പറഞ്ഞു. “ഞാൻ വേറെ ഓട്ടോ പിടിച്ചോളാം”. അവൾ രാഘവനെ നോക്കി പുഞ്ചിരിച്ചു. ഓട്ടോവിൽ നിന്നിറങ്ങി പാർലറിലേക്കു് നടന്നു.
ഞാൻ അവിടെ എത്തുമ്പോൾ രാഘവൻ അവന്റെ ഓട്ടോ പാർലറിനു എതിരെയുള്ള വഴിയിൽ നിർത്തിയിട്ടിരിക്കുന്നതു് കണ്ടു. ഞാൻ പാർലറിലേക്കു് നോക്കി. മഞ്ഞിൽ കലരുന്ന സ്വർണ്ണ നിറത്തിൽ “മിസ്റ്റ്” എന്നു് എഴുതിയ ബോർഡ് കണ്ടു. അടച്ചിട്ട ഗ്ലാസ് ഡോറിനു താഴെ, പടിയുടെ ഒരറ്റത്തായി, ഒരു പൂച്ച കിടക്കുന്നുണ്ടായിരുന്നു. ഓട്ടോ അവിടെ റോഡിന്റെ അരികിൽ നിർത്തി ഞാൻ രാഘവന്റെ അരികിലേക്കു് ചെന്നു. അവന്റെ ഓട്ടോവിൽ കയറി ഇരുന്നു. “അവൾ പോയോ?”, ഞാൻ ചോദിച്ചു.
രാഘവൻ എന്നെ നോക്കി ചിരിച്ചു.
“ഇല്ല, ഇറങ്ങിയിട്ടില്ല. ഇപ്പോൾ കാലുകൾക്കിടയിൽ മണം പൂശുകയാവും”. അവൻ അവന്റെ രണ്ടു കൈകളും മൂക്കിനു മീതെ വെച്ചു. എന്നെ നോക്കി കണ്ണുകൾ ഇറുക്കി. “ഇന്നു് അവൾ കയറിയതിനു ശേഷം ഞാൻ വേറെ ആരെയും എന്റെ ഓട്ടോവിൽ കയറ്റിയിട്ടില്ല”, രാഘവൻ പറഞ്ഞു. “നോക്കു്, അവളുടെ മണം ഇപ്പോഴും ഇതിനുളളിലുണ്ടു് ”.
ഞാൻ എന്നെത്തന്നെ ശ്വസിച്ചു. മണങ്ങളുടെ ശേഖരത്തിനു മുമ്പിൽ മൂക്കു് മുട്ടിച്ചു നിൽക്കുന്ന എന്നെ കണ്ടു. മോഹവും ഭാഗ്യവും ഒന്നുതന്നെയാണു്, ഞാൻ വിചാരിച്ചു. എന്നാൽ, പാർലറിൽ നിന്നും അവൾ ഇറങ്ങി വരുമ്പോൾ അവളുടെ കൂടെ അവളെപ്പോലെ തന്നെ തോന്നുന്ന വേറൊരു പെണ്ണു് കൂടി ഇപ്പോൾ ഉണ്ടായിരുന്നു. രണ്ടു പേരും ഒരേ സമയം തെരുവിൽ നിന്നു. രണ്ടുപേരും ഒരേപോലെ ഒരേ ദിശയിലേക്കു് നോക്കി.

“രണ്ടു പേരോ?” ഞാൻ ചോദിച്ചു. “ഒന്നിനെയല്ലേ നീ കണ്ടതു്?”
രാഘവനും അവരെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു.
“ഇതിൽ ഏതിനെയാണു് നീ ഇന്നു് കണ്ടതു്?” ഞാൻ വീണ്ടും ചോദിച്ചു. “രണ്ടും ഒരുപോലെ ഇരിക്കുന്നു.”
“നീ വണ്ടി എടുത്തു് ചെല്ലു്”, രാഘവൻ പറഞ്ഞു. “ഞാൻ പിറകെ വരാം.”
രാഘവൻ എന്നെ ഒട്ടോവിൽ നിന്നും തള്ളി ഇറക്കി. “ഇവറ്റകൾ അങ്ങനെയാണു്”, രാഘവൻ പറഞ്ഞു. “എല്ലാം ഒരുപോലെ ഇരിക്കും. നീ സമയം കളയല്ലെ.”
ഞാൻ സമയം കളഞ്ഞില്ല, ധൃതിയിൽ ഓട്ടോ എടുത്തു് അവരുടെ മുമ്പിൽ ചെന്നു നിന്നു. അവരോടു് “എവിടെക്കാണു് പോകേണ്ടതു്” എന്നു് ചോദിച്ചു. അവർ രണ്ടുപേരും എന്നെ നോക്കി. ഒരാൾ നോക്കുന്നപോലെ.
“ഇവിടെ കലക്ടരേറ്റ് കഴിഞ്ഞു പോകണം. വലത്തോട്ടുള്ള ആദ്യത്തെ റോഡ്, മൂന്നാമത്തെ വീടു്”.
അവരിൽ ഒരാൾ പറഞ്ഞു.
അത്രയും മധുരമുള്ള ഒരു പെൺശബ്ദം ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ പാട്ടുകൾ പാടാത്ത പ്രശസ്തയായ ഒരു ഗായികയുടെ ശബ്ദം എനിക്കു് ഓർമ്മ വന്നു. ഞാൻ പിറകിലേക്കു് തിരിഞ്ഞു നോക്കി. രാഘവന്റെ ഓട്ടോ അൽപ്പം ദൂരെയായി നിൽക്കുന്നതു് കണ്ടു.
“ശരി, കയറിക്കോളൂ”, ഞാൻ അവരോടു് പറഞ്ഞു.
അവരിൽ ഒരാൾ മാത്രം ഒട്ടോവിൽ കയറി. മറ്റേ ആൾ പാർലറിലേക്കു് മടങ്ങി. ഒരാളിൽ നിന്നു് ഒരാൾ വേർപെട്ടു പോകുന്നപോലെ.
ഓട്ടോ കുറച്ചു ദൂരം മുമ്പോട്ടു് പോയപ്പോൾ മുമ്പിലെ കണ്ണാടിയിലൂടെ അവളെ ഞാൻ നോക്കി. തന്റെ മടിയിൽ വെച്ച ഹാൻഡ്ബാഗിൽ അവൾ എന്തോ തിരയുകയായിരുന്നു. അതീവ സുന്ദരിയായിരുന്നു അവൾ, ഒപ്പം അവൾ പൊഴിക്കുന്ന മണവും, എല്ലാം, രാഘവനെപ്പോലെ, എന്നെയും ഉന്മത്തനാക്കി. എനിക്കു് അവളുടെ ശബ്ദം ഒന്നുകൂടി കേൾക്കാൻ തോന്നി.
“മാഡത്തിനെപ്പോലെയാണു് അവിടെ ഒപ്പം കണ്ട മാഡവും”, ഞാൻ പറഞ്ഞു “നിങ്ങൾ ഇരട്ടകളാവും അല്ലെ?” ഞാൻ അവളെ കാണാൻ കണ്ണാടിയിലേക്കു് നോക്കി. ഇപ്പോഴും അവൾ ഹാൻഡ്ബാഗിൽ എന്തോ തിരയുകയാണു്.
“ഇരട്ടകൾ ഒന്നുമല്ല, ഒരാൾ തന്നെയാണു്”. അവൾ പറഞ്ഞു.
പെട്ടെന്നു് എന്റെ കൈ വിറച്ചു. ഓട്ടോ എന്റെ കൈകളിൽ ഒരു തവണ വെട്ടി. അവൾ പറഞ്ഞതിന്റെ അർത്ഥം ആ സമയം എന്നെ വളഞ്ഞ രീതികൊണ്ടു് മാത്രമായിരുന്നില്ല, ഞാൻ ഞെട്ടിയതു്. അത്രയും കനമുള്ള ഒരു പുരുഷ ശബ്ദം, രണ്ടു ഭാഗവും തിളങ്ങുന്ന മൂർച്ചയുള്ള ഒരു കത്തി ചെവിയുടെ അരികിലൂടെ മിന്നിയതുപോലെ, അങ്ങനെ ഒരാളിലും അങ്ങനെയൊരവസരത്തിലും ഞാൻ പ്രതീക്ഷിച്ചതേ അല്ലായിരുന്നു. വീണ്ടും അവളെ നോക്കാനോ സംസാരിക്കാനോ ഞാൻ ഭയപ്പെട്ടു.
“നിന്റെ പിറകിൽത്തന്നെ ഞാനുണ്ടു്”. രാഘവൻ എന്നെ മൊബൈലിൽ വിളിച്ചു പറഞ്ഞു. “വീടും പരിസരവും നന്നായി നോക്കി വെയ്ക്കണം. ഇന്നുരാത്രി തന്നെ നമ്മൾ അവിടെ പോകും”. രാഘവന്റെ വാക്കുകൾ പടികൾ വെട്ടുന്ന പോലെ ധൃതിയിൽ തെളിയുകയും മായുകയും ചെയ്തു. ഞാൻ അവനോടു് ശരി എന്നു് പറഞ്ഞു.
മോഹം വേർപെടുന്നതോടെ ഉടലും മറ്റൊന്നാവുന്നു.
ഞാൻ നായയെ നോക്കി.
നായ അവിടെത്തന്നെ നിൽക്കുകയായിരുന്നു. അതിന്റെ മുന്നിലെ കാലുകൾക്കിടയിൽ രാഘവൻ അഴിച്ചെടുത്ത പൂട്ടു് ഇപ്പോഴുമുണ്ടാകും, ഒരുപക്ഷേ, പാതി തിന്നു്, ഞാൻ വിചാരിച്ചു. ഒരൊറ്റ ഊക്കിൽ ഞങ്ങൾ രണ്ടുപേരുംകൂടി ഷട്ടർ പൊന്തിച്ചു. അതേ നിമിഷം, ഷട്ടറിന്റെ ഒച്ചയ്ക്കും മുകളിൽ നായ ഓരിയിട്ടു. ഞാൻ ഞെട്ടിത്തരിച്ചു. “അവനറിയാം, എപ്പോൾ എന്തുവേണമെന്നു്”, രാഘവൻ ചിരിച്ചുകൊണ്ടു പറഞ്ഞു. ഷട്ടറിനു മുമ്പിലെ ഗ്ലാസ് ഡോർ രാഘവൻ തള്ളിത്തുറന്നു. എന്നോടു് അകത്തു കയറാൻ ആംഗ്യം കാണിച്ചു. ഞാൻ അകത്തു കയറിയതും രാഘവൻ ഷട്ടർ താഴ്ത്തി നിലം തൊടുന്ന വിധം വെച്ചു.
അന്നു് അവളെ അവളുടെ വീട്ടിലേക്കു് ഞാൻ കൊണ്ടുപോയ ദിവസം രാത്രി ഞങ്ങൾ രണ്ടുപേരും ആ വീട്ടിൽ വീണ്ടും ചെന്നിരുന്നു. ആ രാത്രിതന്നെയാണു് രാഘവൻ ഈ പാർലർ കൊള്ളയടിക്കണമെന്നും, വേണ്ടി വന്നാൽ തകർക്കണം എന്നും, നിശ്ചയിച്ചതും. അന്നു പക്ഷേ, പാർലർ അവളുടെതാണെന്നു് ഞങ്ങൾക്കു് അറിയില്ലായിരുന്നു. എന്നാൽ, ഞാൻ നേരത്തെ പറഞ്ഞപോലെ, ഇങ്ങനെയൊരു രാത്രി അന്നേ ഞങ്ങൾക്കുവേണ്ടി കൊത്തി വെച്ചിരിക്കണം. അതുകൊണ്ടാകും ഞങ്ങൾ വീണ്ടും ഇതേ കഥയിൽ പെട്ടതും.
“കൊള്ളയടിച്ചാൽ മാത്രം പോരാ, അവൾ മുഖത്തു് ചായം പൂശുന്ന ആ പാർലറും തല്ലി തകർക്കണം” രാഘവൻ പറഞ്ഞു. “ഉള്ളു് കേടായ ആപ്പിൾ പോലെ ആ പാർലറും ഒരു ദിവസം മുഴുവൻ ഇരിക്കണം”.
രാത്രി വളരെ വൈകി അവൾ താമസിച്ചിരുന്ന വീട്ടിലേക്കു് ഞങ്ങൾ രണ്ടുപേരും മതിൽ ചാടി എത്തുമ്പോൾ അവിടെ ഇരിപ്പുമുറിയുടെ ജനാലയുടെ പടിയിൽ ഒരു ചെറിയ പ്ലേറ്റിൽ പാതി തിന്ന ഒരാപ്പിൾ ഇരിക്കുന്നതു് ഞാനും കണ്ടിരുന്നു. ആപ്പിൾ കൈയ്യിലെടുത്തു് രാഘവൻ വീടിന്റെ പിറകിലേക്കു് പോയി. ചെറിയ വീടായിരുന്നു അതു്. വളരെ മുമ്പേ പണി ചെയ്ത ഒന്നു്. അല്ലെങ്കിൽ അതേപോലുള്ള വീടുകൾ നഗരത്തിൽ ഇല്ലായിരുന്നു. ഞാനവിടെ ജനാൽക്കൽ നിന്നു് അകത്തേയ്ക്കു് നോക്കിയെങ്കിലും ഇരുട്ടിൽ ഒന്നും കാണാനായില്ല.
വീടിന്റെ പിറകിലേക്കു് രാഘവനെ തേടി ഞാൻ ചെല്ലുമ്പോൾ അവൻ അടുക്കളയുടെ ജനൽപ്പടിയിൽ ചവിട്ടി, മുകളിൽ, ചിമ്മിനി വെച്ചിടത്തേയ്ക്കു് കയറുകയായിരുന്നു. അവൻ എന്നോടും മുകളിലേക്കു് വരാൻ ആംഗ്യം കാണിച്ചു. ചിമ്മിനിക്കു് ചുറ്റുമുള്ള ഓടുകൾ ഇളക്കിയെടുത്താൽ അകത്തേയ്ക്കു് ഇറങ്ങാമെന്നു് അവൻ പറഞ്ഞു. പഴയ ചില വീടുകൾക്കു് ഉള്ളതുപോലെയായിരുന്നു ചിമ്മിനി. മാനത്തെ വെളിച്ചത്തിൽ തെളിയാതെ നിൽക്കുന്ന ചന്ദ്രനെ കൂടി തട്ടിക്കൊണ്ടുപോരാൻ തോന്നുന്നു എന്നു് പറഞ്ഞു് ഞാൻ രാഘവനു് നേരെ കൈ നീട്ടി. അവൻ എന്നെ ഒരൊറ്റ വലിയ്ക്കു് മുകളിലെത്തിച്ചു.
എന്നാൽ, ഓടു് നീക്കി, താഴെ, അടുക്കളയുടെ നിലത്തേയ്ക്കു് ഞങ്ങൾ പതുക്കെ തൂങ്ങി ഇറങ്ങുമ്പോൾ, ഞങ്ങളെ നോക്കി, അടുക്കളയ്ക്കും ഇടനാഴികയ്ക്കുമിടയുള്ള പടിയിൽ അന്നു് പകൽ കണ്ട അതേ പെണ്ണു് ഇരുന്നിരുന്നു. അവൾ തന്റെ ഇടത്തേ കൈയ്യിൽ പിടിച്ചിരുന്ന ടോർച്ച് കത്തിച്ചു പിടിച്ചു. ഞങ്ങൾക്കു് വഴിയുണ്ടാക്കാൻ നീങ്ങി ഇരുന്നു.
“നിങ്ങൾക്കു് എന്തുവേണമെങ്കിലും കൊണ്ടുപോകാം, ഞങ്ങളെ ഉപദ്രവിക്കരുതു്”. അവൾ പറഞ്ഞു. ഇപ്പോൾ പക്ഷേ, പാട്ടു് പാടാത്ത ഗായികയുടെ അതേ ഒച്ചയായിരുന്നു അവൾക്കു്. എന്നാൽ, ഞങ്ങൾ എന്നു് അവൾ പറഞ്ഞതായിരുന്നു ഞാൻ ശ്രദ്ധിച്ചതു്. നിലത്തു് തട്ടി, ചുമരിൽ ചിതറുന്ന ടോർച്ചിന്റെ വെളിച്ചത്തിൽ ഞങ്ങൾക്കു് ചുറ്റും വേറെയും ആളുകൾ ആ സമയം അവിടെയുണ്ടാകുമെന്നു് എനിക്കു് തോന്നി. ഞാൻ രാഘവന്റെ നിഴലിലേക്കു് മാറി നിന്നു.
“ഞങ്ങൾ വന്നതു് നിന്നെ മാത്രം കാണാനാണു്”, രാഘവൻ അവളോടു് പറഞ്ഞു. “ചിലപ്പോൾ നിന്നെ കൊണ്ടുപോവുകയും ചെയ്യും”.
രാഘവൻ പെട്ടെന്നു് അവളുടെ കൈയ്യിൽ നിന്നും ടോർച്ച് വാങ്ങി വെളിച്ചം കെടുത്തി. അവളെ വളയുന്നപോലെ അവളുടെ അടുത്തേയ്ക്കു് ചെന്നു. അതേ നിമിഷം അങ്ങനെയല്ല അവളെ കീഴ്പ്പെടുത്തേണ്ടതു് എന്നു് തോന്നിയതുകൊണ്ടാകും രാഘവൻ വീണ്ടും ടോർച്ച് തെളിയിച്ചു.
ഇപ്പോൾ അത്രനേരം പടിയിലിരുന്നിരുന്ന പെണ്ണു് അപ്രത്യക്ഷയായിരുന്നു.
ഞാൻ രാഘവനെ നോക്കി.
അവന്റെ കൈയ്യിൽ ഇപ്പോൾ കഠാരയുണ്ടായിരുന്നു. ഞാനും എന്റെ അരയിൽ തിരുകി വെച്ചിരുന്ന കഠാരയൂരി കൈയ്യിൽ പിടിച്ചു. ചുറ്റും നോക്കി രാഘവൻ വീണ്ടും വെളിച്ചം കെടുത്തി. ഇരുട്ടിൽ രാഘവൻ മുമ്പോട്ടു നടക്കുന്നതു് ഞാൻ കണ്ടു. ഞാനും അവനു പിറകെ നടന്നു. രണ്ടോ മൂന്നോ അടി ഞാനും വെച്ചു. അതേസമയം തന്നെ, പിറകിൽ നിന്നു് ആരോ എന്നെ വരിഞ്ഞു പിടിച്ചു. ഒരു കൈകൊണ്ടു് എന്റെ വായും മൂക്കും പൊത്തി, ഒരു കൈ കൊണ്ടു് എന്റെ കഠാര വാങ്ങി, അതേ വേഗതയിൽ എന്നെ പിറകിലേയ്ക്കും വലിച്ചു. ഒപ്പം അതേ ആൾ തന്റെ മൂന്നാമത്തെയോ നാലാമത്തെയോ കൈകൊണ്ടു് എന്റെ കാലുകൾക്കിടയിൽ മുറുകെ പിടിച്ചു. ഞാൻ വേദനകൊണ്ടു് പുളഞ്ഞു. കാലുകൾകൊണ്ടു് നിലത്തു് ശക്തമായി ചവിട്ടി രാഘവനെ വിളിക്കാൻ ഞാൻ ശ്രമിച്ചുവെങ്കിലും, നിലം തൊടാത്ത എന്റെ കാലുകൾ, ചുറ്റും പ്രളയംപോലെ തോന്നിച്ച ഇരുട്ടിൽ, എന്തെല്ലാമോ ആംഗ്യങ്ങൾ മാത്രമായി. എന്നെ വലിച്ചുകൊണ്ടുപോകുന്ന ദൂരം അറ്റമില്ലാത്ത ഇടനാഴികയായി. വേദനയിൽ പിടഞ്ഞു് എന്റെ കണ്ണുകൾ തുറിച്ചു. തൊട്ടു പിറകെ, എന്നെ കൂടുതൽ ഭയപ്പെടുത്തിക്കൊണ്ടു് മേലെ വിളറിയ ആകാശം കണ്ടു. പിന്നെ, താഴേക്കു്, ചരൽക്കല്ലുകൾക്കു മീതെ, പല കൈകളിൽ നിന്നെന്നവണ്ണം ഞാൻ അടർന്നു് വീണു.
അവിടെ, നിലത്തു്, പരാജിതനും അപമാനിതനുമായി ഞാൻ കിടന്നു. എന്റെ തൊട്ടരികിൽ, എന്റെ കാലുകളുടെ ഭാഗത്തു്, ഞാൻ രാഘവനെയും കണ്ടു. കൈകൾ നിലത്തുകുത്തി തല താഴ്ത്തി ഇരിക്കുന്ന അവനെ ഞാൻ അതേ വേദനയോടെ നോക്കി. “നമുക്കു് പോകാം രാഘവാ”, ഞാൻ പറഞ്ഞു. എന്റെ ഒച്ച ഞാൻ തന്നെ കേട്ടുവോ എന്നു് എനിക്കു് സംശയമായി. ഞാനും എഴുന്നേറ്റു. അവന്റെ അരികിലിരുന്നു. “നമുക്കു് പോകാം”, ഞാൻ വീണ്ടും പറഞ്ഞു.

ആ ഒരൊറ്റ രാത്രികൊണ്ടു് രണ്ടു ആണുങ്ങളെക്കാൾ രണ്ടു് ആണുങ്ങളുടെ നിഴലുകൾ മാത്രമായിരിക്കുന്നു നമ്മൾ എന്നാണു പിന്നീടു് രാഘവൻ ഇതിനെപ്പറ്റി പറഞ്ഞതു്. “ഇതു് അങ്ങനെ വിട്ടുകൂടാ”, രാഘവൻ പറഞ്ഞു. “അടുത്ത ദിവസംതന്നെ ആ പാർലർ ഞാൻ തകർക്കും. പിന്നെ ഞാൻ ഈ പട്ടണം വിടും”. ഇതിനും പിന്നീടാണു് ‘മിസ്റ്റ്’ എന്നു് പേരുള്ള പാർലർ അവളുടെയാണെന്നും ഞങ്ങൾ അറിഞ്ഞതു്.
“ഇതു് അങ്ങനെ വിട്ടുകൂടാ”, രാഘവൻ ഉറപ്പിച്ചു.
“അവൾ ഒരാളല്ല, പലരാണു്”, ഞാൻ രാഘവനോടു് പറഞ്ഞു. “നമുക്കു് ഇതു് വിടാം”.
രാഘവൻ എന്നെ കോപത്തോടെ നോക്കി. അവന്റെ കോപം എന്റെ കൂടി അപമാനം ഓർമ്മിപ്പിക്കുന്നതായിരുന്നു. ഞാൻ തല താഴ്ത്തി.
“ഒന്നും ബാക്കി വയ്ക്കരുതു്”, രാഘവൻ പറഞ്ഞു.
ഞാൻ പക്ഷേ, പാർലറിലെ മഞ്ഞുപോലെ പടർന്ന വെളിച്ചത്തിൽ അവിടെയുള്ള ഓരോ വസ്തുക്കളും അവയുടെ നിഴലിൽ വേറെയും രൂപങ്ങളിൽ കാണാൻ തുടങ്ങിയിരുന്നു. ഒപ്പം, ഞങ്ങളെ അതിവേഗം വളയുന്ന മണത്തിനു നടുവിൽ നിന്നു് ഞാൻ മൂക്കു് വിടർത്തി. “ഈ മണം ഇവിടെ വന്നു പോകുന്ന പെണ്ണുങ്ങളുടെ ആവുമോ?” ഒച്ച താഴ്ത്തി ഞാൻ രാഘവനോടു ചോദിച്ചു.
“അല്ല ഇതു് അവളുടെ മണമാണു്”, രാഘവൻ പറഞ്ഞു. “ആ കൂത്തിച്ചിയുടെ”
അവനൊപ്പം ഉലഞ്ഞു നിൽക്കുന്ന അവന്റെതന്നെ നിഴലിൽ രാഘവൻ വേറെ ഒരാളെ പോലെ തോന്നി. അവൻ തകർക്കാൻ പോകുന്ന വസ്തുക്കൾ ഞാൻ നോക്കി നിന്നു. തൊട്ടനിമിഷം, ഞങ്ങളെ രണ്ടുപേരെയും ഭയപ്പെടുത്തിക്കൊണ്ടു് വാഷ്റൂമിൽ നിന്നു് ആരോ വെള്ളം ഫ്ലഷ് ചെയ്യുന്ന ഒച്ച കേട്ടു. ഒപ്പം, വാതിൽ തുറക്കുന്ന ശബ്ദവും കേട്ടു. ഞങ്ങൾ വേഗത്തിൽ, അവിടെനിന്നും മാറി മുറിയിലെ ഒരു മൂലയിൽ, നിലത്തു്, കമഴ്‌ന്നു കിടന്നു.
ആരാണു് ഈ രാത്രിയിൽ പാർലറിൽ കഴിയുന്നതു് എന്നു് അറിയുന്നതിനേക്കാൾ അവിടെ നിന്നു് എങ്ങനെയാണു് രക്ഷപ്പെടുക എന്നു് ഞാൻ പരിഭ്രമിക്കാൻ തുടങ്ങി. ഞാൻ രാഘവനെ നോക്കി. അവൻ നിലത്തോളം താഴ്ത്തി വെച്ചു് ഷട്ടറിന്റെ ഭാഗത്തേക്കു് നോക്കി കിടക്കുകയായിരുന്നു. ഇപ്പോൾ ഞാനും അവിടേക്കു് നോക്കി. അവിടെ, ഷട്ടറിന്റെ ഉള്ളിലൂടെ അകത്തേയ്ക്കു് തലനീട്ടുന്ന നായയെ കണ്ടു.
“അതു് അകത്തേക്കു് വരുമോ?” ഞാൻ രാഘവനോടു് ഒച്ച താഴ്ത്തി ചോദിച്ചു.
“അതു് എന്നു് പറയരുതു്, അപ്പു എന്നു് പറയണം, അതാണവന്റെ പേരു്.” രാഘവൻ അതിലും ഒച്ച താഴ്ത്തി പറഞ്ഞു.
മറ്റെന്തെങ്കിലും ഞങ്ങൾ പറയുന്നതിനും മുമ്പേ, മറ്റെന്തെങ്കിലും ഞങ്ങൾ ആലോചിക്കുന്നതിനും മുമ്പേ, ആണോ പെണ്ണോ എന്നു് ഞങ്ങൾക്കു് ഇപ്പോഴും തീർച്ചയില്ലാത്ത അവൾ, ഷട്ടറിനടുത്തേക്കു് നടക്കുന്നതു് കണ്ടു. ഷട്ടർ കുറച്ചുകൂടി പൊക്കി നായയെ അവൾ ഉള്ളിലേക്കു് കടത്തി. കുറച്ചു നിമിഷം അതിനെത്തന്നെ നോക്കി അവൾ നിന്നു. നായ അവളുടെ മുമ്പിൽ അവളെ എത്രയോ മുമ്പേ പരിചയമുള്ളതു പോലെ ഇരുന്നു. എന്താണു് സംഭവിക്കുന്നതു് എന്നറിയാനാകാതെ ഞാൻ രാഘവനെ തൊട്ടു.
“ആ കൂത്തിച്ചി തന്നെ”, അവൻ മന്ത്രിച്ചു.
ആദ്യമായി കണ്ട അതേ സാരിയിലും ബ്ലൗസിലുമായിരുന്നു അവൾ, അഥവാ, അതേ ദിവസത്തിന്റെ തുടർച്ച പോലെയായിരുന്നു ഇപ്പോൾ ഞങ്ങളെ തിരഞ്ഞെടുത്ത ആ രാത്രിയും…
അങ്ങനെ കുറച്ചു നേരം കൂടി അവൾ നായയുടെ മുമ്പിൽ നിന്നു. പിന്നെ കുനിഞ്ഞു് നായയെ വാരിയെടുത്തു് ഞങ്ങൾ കിടന്നിരുന്ന ഭാഗത്തേയ്ക്കു് തിരിഞ്ഞുനിന്നു.
ഞങ്ങൾ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു.
ഞാൻ രാഘവനെ നോക്കി. ഇപ്പോൾ അവൻ കിടക്കുകയല്ല, നിൽക്കുകയാണു്. കൈകൾ പിറകിൽകെട്ടി അവൻ നിൽക്കുന്നു. പാർലറിലെ വലിയ കസേരയിൽ കയറ്റി ഇരുത്തിയ നായയുടെ അരികിൽ അവൾ രാഘവനെയും നോക്കി നിൽക്കുന്നു. ഞാൻ എഴുന്നേറ്റു് അവിടെ, രാഘവനരികിൽ, നിലത്തുതന്നെ ഇരുന്നു. രാഘവൻ അവളെ ഏതുനിമിഷവും കീഴ്പ്പെടുത്തുമെന്നും അവന്റെ നായയും അതേ വിചാരത്തിലാണു് ഇപ്പോൾ അങ്ങനെ അനങ്ങാതെ ഇരിക്കുന്നതു് എന്നും ഞാൻ വിചാരിച്ചു. എങ്കിൽ ചെയ്യേണ്ടതു് എന്താണെന്നു് ഞാൻ ആലോചിക്കാൻ ശ്രമിച്ചു. പക്ഷേ, ഇപ്പോൾ, അങ്ങനെയൊന്നും സംഭവിയ്ക്കുന്നില്ല എന്ന മട്ടിൽ രാഘവനും അവിടെ, എന്റെ അരികിൽ, നിലത്തിരുന്നു. ഭൂമിയോളം പരാജയപ്പെട്ടിരിക്കുന്നു എന്നു് കാണിക്കാൻ, അതുവരെയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഞങ്ങളുടെ നിഴലുകളും ഞങ്ങളെ ഉപേക്ഷിച്ചു് ഇതിനകം പിൻവാങ്ങിയിരുന്നു.
“എന്റെ സമ്മതമില്ലാതെ നിങ്ങൾക്കു് രണ്ടുപേർക്കും ഒന്നും എന്നെ ചെയ്യാനാവില്ല. ഞാൻ താമസിക്കുന്ന വീട്ടിലും. ഇപ്പോൾ ഞാനുള്ള ഈ പാർലറിലും.” അവൾ പറഞ്ഞു. മുമ്പു് കേട്ട അതേ ശബ്ദത്തിൽ. പാട്ടുകൾ പാടാത്ത ഗായികയുടെ ശബ്ദത്തിൽ തന്നെ…
“കാരണം, നിങ്ങൾ കളിക്കാൻ തിരഞ്ഞെടുത്ത ഞാൻ പെണ്ണുമാണു്, ആണുമാണു്. അപ്പോൾ ഞാനല്ലേ നിശ്ചയിക്കേണ്ടതു് കളിക്കണോ വേണ്ടയോ എന്നു്!”
അവൾ ഞങ്ങളുടെ മുമ്പിൽ, ഞങ്ങളുടെ തൊട്ടരികിൽ, നിലത്തിരുന്നു.
“ഈ രാത്രി പക്ഷേ, എനിക്കു് നിങ്ങളോടൊപ്പം കളിക്കാൻ മോഹമുണ്ടു്. നിങ്ങളുടെ രണ്ടാമത്തെ ഉദ്യമം അല്ലേ, ഇതു്. എന്നെ ആരും ഇങ്ങനെ ഇതുവരെ ആശിച്ചിട്ടും ഉണ്ടാവില്ല”.
അവൾ ഞങ്ങളെ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു.
ഞാൻ രാഘവനെ നോക്കി. രാഘവൻ പക്ഷേ, തലതാഴ്ത്തി ഇരിക്കുകയായിരുന്നു. ഒരുപക്ഷേ, അവനെത്തന്നെ ഓർക്കുകയായിരുന്നു.
“ഞങ്ങൾക്കു് പോകണം”, മറ്റൊന്നും ആലോചിക്കാതെ ഞാൻ അവളോടു് പറഞ്ഞു. ഇപ്പോഴും ഞാൻ രാഘവനെ നോക്കി.
“ശരി നിനക്കു് പോകാം”, അവൾ എന്നോടു് പറഞ്ഞു. “പക്ഷേ, ഇവനെ ഞാൻ എന്റെ കൂടെ നിർത്താൻ പോകുന്നു. എന്റെ മോഹം ആയിരിക്കുകയാണു് ഇവൻ”.
അവൾ രാഘവനെ നോക്കി. അവൾ രാഘവനെ മാത്രം നോക്കി.
രാഘവൻ ഇപ്പോഴും അതേപോലെ ഇരിക്കുകയായിരുന്നു. ഞാൻ പോകാനായി എഴുന്നേറ്റു. പെട്ടെന്നു് രാഘവൻ എന്റെ കൈയ്യിൽ പിടിച്ചു. അതേ വേഗതയിൽ അവൾ പക്ഷേ, ഞങ്ങളുടെ രണ്ടുപേരുടെയും കൈകൾ വേർപെടുത്തി. പിന്നെ, രാഘവന്റെ താടിയിൽ പിടിച്ചു്, പതുക്കെ, അവൾ, അവന്റെ മുഖമുയർത്തി.
രാഘവൻ ഇമ വെട്ടാതെ അവളെത്തന്നെ നോക്കി അതേപോലെ അവിടെ ഇരുന്നു.
അങ്ങനെയാണു് ഞാൻ അവസാനമായി അവനെ കാണുന്നതും.
രാഘവനെ കാണാതിരുന്ന നാളുകളിൽ ഒരിക്കൽ മാത്രം ഞാൻ അവനെ സ്വപ്നം കണ്ടു. പഴയ വസ്തുക്കൾക്കും വലിയ കണ്ണാടികൾക്കും ഒപ്പം എവിടേക്കോ പുറപ്പെടുന്ന ഒരു ഹാഫ് ലോറിയിൽ രാഘവനും അവന്റെ നായയും ഇരിക്കുന്നു. കണ്ണുകൾ മിഴിച്ചു്, ഇമ വെട്ടാതെ, അവൻ, അന്നു് രാത്രി പാർലറിൽ കണ്ടതുപോലെ, എക്കാലത്തേക്കുമായി സൂക്ഷിച്ചുവെച്ച ഒരു പ്രതിമ കണക്കെ, പഴയ വസ്തുക്കൾക്കും കണ്ണാടികൾക്കും ഒപ്പം…
ഇപ്പോഴും ചില ദിവസങ്ങളിൽ അവനെ ഓർത്തു് ഇന്നത്തെപ്പോലെ ഈ തെരുവിൽ ഞാൻ വന്നു നിൽക്കുന്നു. ഇവിടെ റോഡിന്റെയരികിൽ, ‘മിസ്റ്റ്’ എന്നു് പേരുള്ള അതേ പാർലറിനു നേരെ എതിരിൽ, എന്റെ ഓട്ടോ നിർത്തിയിടുന്നു. ആ രണ്ടു രാത്രികളും ഓർക്കുന്നു. മോഹങ്ങൾക്കുമേൽ പരക്കുന്ന അതേ മണം ചിലപ്പോൾ എന്നെ ഉന്മത്തനുമാക്കുന്നു. ചിലപ്പോൾ ഞാൻ അപമാനിതനെപ്പോലെയോ കുറ്റവാളിയെപ്പോലെ കരയുകയും ചെയ്യുന്നു.

കഥകൃത്തു്, കവി, നോവലിസ്റ്റ്, നാടകകൃത്തു്.
ചിത്രീകരണം: വി. പി. സുനിൽകുമാർ