എന്റെ അൻപത്തിയൊന്നാം പിറന്നാൾ ദിവസം എനിക്കു് അച്ഛനെയാണു് ആദ്യം ഓർമ്മ വന്നതു്. വളരെ മുമ്പേ മരിച്ചുപോയ ഒരാളെ കുറിച്ചുള്ള ഓർമ്മയായിട്ടല്ല; പകരം, ഞാൻ അച്ഛനെത്തന്നെ കണ്ടു: ഞങ്ങളുടെ ആ ചെറിയ വീട്ടിലെ പേറ്റുമുറിയുടെ വാതിൽക്കൽ അച്ഛൻ, തന്റെ മരിച്ചുപോയ പ്രായത്തിൽ, അകത്തേയ്ക്കു് നോക്കി നിൽക്കുന്നു.
തൊട്ടുമുമ്പേ പ്രസവിച്ച എന്നെ കാണാനാണു് അച്ഛൻ അങ്ങനെ മുറിയുടെ വാതില്ക്കൽ നിന്നതു്. അതു് പക്ഷേ, അത്ര നാളും എന്റെ ഓർമ്മയിൽ ഇല്ലാത്തതും അങ്ങനെ സംഭവിച്ചിട്ടില്ലെന്നു് ഉറപ്പുള്ളതുമായ ഒരു കാഴ്ച്ചയായിരുന്നു. അതോടെ, ഓർമ്മയല്ല, ഒരാൾ കണ്ടതുപോലെ തോന്നിയതെന്തോ, അതാണു്, അതുമാത്രമാണു്, ഒരാളുടെ ഒരു ദിവസത്തെ നിശ്ചയിക്കുക എന്നപോലെയായി പിന്നെയുള്ള എന്റെ സമയവും.
പേറ്റുമുറിയുടെ വാതിൽക്കൽ കുറച്ചുനേരം കൂടി അച്ഛൻ നിന്നു. പിന്നെ ഉമ്മറത്തേയ്ക്കു് നടന്നു, മുറ്റത്തെക്കിറങ്ങി, പടി കടന്നു് അപ്രത്യക്ഷനായി.
പിന്നെയും അച്ഛനെ പല തവണ എനിക്കു് ഓർമ്മ വന്നു. അതെല്ലാം പക്ഷേ, മരിച്ചുപോയവരെ ഓർക്കുന്നപോലെത്തന്നെയായിരുന്നു. അല്ലെങ്കിൽ, അമ്പതു വയസ്സു് കഴിഞ്ഞ എല്ലാ ആണുങ്ങളും കുട്ടികളെപ്പോലെയാണു് അവരുടെ അച്ഛനെയും അമ്മയെയും ഓർക്കുന്നതുതന്നെ. അച്ഛന്റെ കൂടെ കളിച്ച കളികൾ, പോയ സ്ഥലങ്ങൾ, പറഞ്ഞ കഥകൾ, അങ്ങനെ പലതും ഇടക്കൊക്കെയും എനിക്കു് ഓർമ്മ വന്നു. ഉച്ചയ്ക്കു് മൂന്നരയോടെ ഒരു പുരോഹിതനെ ഞാൻ കൊല്ലുന്നതിനു തൊട്ടുമുമ്പു് വരെ.
ഒരിക്കൽ ഞാൻ അമ്മയെ കാണാൻ വീട്ടിൽ ചെന്നതായിരുന്നു. “നിന്റെ അച്ഛൻ നടന്നു വരുന്നതുപോലെയാണു് നീയും നടന്നു വന്നതു്” എന്നു് അമ്മ എന്നെ കണ്ടപ്പോൾ പറഞ്ഞു. “ഈ വെളുത്ത ഷർട്ടും മുണ്ടും അച്ഛനെപ്പോലെ നിനക്കും ചേരും”. അച്ഛൻ പുറത്തുപോകുമ്പോൾ വെളുത്ത മുണ്ടും വെളുത്ത ഷർട്ടുമാണു് ധരിച്ചിരുന്നതു് എന്നു് ഞാൻ അപ്പോഴാണു് ഓർത്തതു്. ആ വേഷത്തിൽ അച്ഛനെ അപ്പോൾ കണ്ടപോലെയും തോന്നി. അടുത്ത പ്രാവശ്യം അമ്മയെ കാണാൻ ചെന്നപ്പോൾ “വയസ്സാകുന്തോറും നിനക്കു് അച്ഛന്റെ അതേ മുഖച്ഛായ” എന്നു് പറഞ്ഞു് അമ്മ എന്റെ കൈ രണ്ടും കൂട്ടി പിടിച്ചു. എന്നെ അരികിലിരുത്തി, കൌതുകത്തോടെ നോക്കി. ഒരുപക്ഷേ, അച്ഛനെ കാണുന്ന പോലെ. “നിനക്കു് സുഖമല്ലേ?” എന്നും “നിന്റെ ജോലി നല്ലതല്ലേ?” എന്നും ചോദിച്ചു. അന്നും ഞാൻ വെളുത്ത ഷർട്ടും മുണ്ടുമായിരുന്നു ധരിച്ചിരുന്നതു്.
“എന്താ നിന്റെ ജോലി?” അമ്മ ചോദിച്ചു.
“ഡ്രൈവർ”, ഞാൻ പറഞ്ഞു. “കുറെ ദൂരം ഓടിച്ചുപോവുന്ന കാറുകളുടെ ഡ്രൈവർ”
“അതു് നല്ല ജോലിയാണോ?” അമ്മ ചോദിച്ചു.
“അതെ”, ഞാൻ പറഞ്ഞു. “പല സ്ഥലങ്ങളും കാണാം”
അമ്മ ചിരിച്ചു. മുറ്റത്തെ കൂവളത്തിന്റെ നിഴലിലേക്കു് നോക്കി നിശബ്ദയായി പിന്നെ കുറച്ചു നേരം ഇരുന്നു. ഏതോ മൃഗത്തിന്റെ നിഴൽ പോലെ തോന്നിച്ചു. മരണഭയം പോലെ എന്തോ ഒന്നു് എന്നെയും പൊതിഞ്ഞു. അതിന്റെ അടുത്ത മാസം അമ്മ മരിച്ചു.
എന്റെ ആറാമത്തെ വയസ്സിലാകും, ഒരു ദിവസം രാത്രി, അച്ഛനും അമ്മയ്ക്കും ഒപ്പം ഞാൻ കിടക്കുകയായിരുന്നു. ഞാൻ ഉറങ്ങിയതായിരുന്നു, ആ സമയം അച്ഛൻ അമ്മയോടു് എന്തോ പറയുന്നതു് കേട്ടു് ഞാൻ ഉണർന്നു. അച്ഛൻ എഴുന്നേല്ക്കുന്നതു കണ്ടു. അച്ഛനു പിറകെ അമ്മയും എഴുന്നേറ്റു. ഞാൻ അമ്മയുടെ കൈ പിടിച്ചു. അമ്മ എന്നോടു് ഉറങ്ങിക്കോളാൻ പറഞ്ഞു. ഞാൻ പക്ഷേ, അമ്മയുടെ കൈ വിട്ടില്ല. “ഞാനും വരുന്നു” എന്നു് പറഞ്ഞു. “എങ്കിൽ ഒച്ച വെയ്ക്കരുതു് ”, ഒച്ച താഴ്ത്തി അമ്മ എന്റെ ചെവിയിൽ പറഞ്ഞു. “പേടിക്കുകയും അരുതു്”. എനിക്കു് പേടിയായി. ഞാൻ അമ്മയുടെ കൈ വിട്ടു. അവിടെത്തന്നെ ഇരുന്നു. ആ സമയം കൊണ്ടുതന്നെ അച്ഛൻ വീടിനു പിറകിലേക്കുള്ള വാതിൽ തുറന്നിരുന്നു. ആദ്യം ഇരുട്ടും പിറകെ നിലാവും വീട്ടിനുള്ളിലേക്കു് വന്നിരുന്നു. ഞാനും അമ്മയുടെ പിറകെ ഓടി. അച്ഛന്റെയും അമ്മയുടെയും എന്റെയും നിഴലുകൾ വേറെയും ആളുകളെപ്പോലെ, ഞങ്ങളെക്കാൾ നിശബ്ദരായി, ഞങ്ങൾക്കു് ഒപ്പം വന്നു. അച്ഛൻ കിണറിനടുത്തേക്കു് നടന്നു. വസ്ത്രങ്ങൾ ഊരി അവിടെയുള്ള മുരിങ്ങമരത്തിന്റെ കൊമ്പിലിട്ടു.
വസ്ത്രങ്ങൾ ധരിക്കാതെ അച്ഛനെ ഞാൻ ആദ്യമായി കാണുകയായിരുന്നു. അച്ഛനെ അങ്ങനെ കണ്ടതുതന്നെ എനിക്കു് പേടി തന്നു. അങ്ങനെ നിന്നു് അച്ഛൻ കിണറ്റിൽ നിന്നും വെള്ളം കോരാൻ തുടങ്ങി. കപ്പിയിലൂടെ ബക്കറ്റും കയറും ചിലമ്പിച്ച ഒച്ചയോടെ കിണറിലേക്കു് ഇറങ്ങുന്നതും കിണറ്റിൽ ബക്കറ്റ് മുങ്ങുന്നതും അത്ര നാളും കേൾക്കാത്ത വേറെ ഒരു ശബ്ദത്തിൽ ഞാൻ കേട്ടു. ചുറ്റുമുള്ള എല്ലാ ശബ്ദങ്ങളും അല്ലെങ്കിൽ ഞങ്ങൾക്കു് ചുറ്റുമുള്ള നിശബ്ദതയിലാണു് ആ സമയം ഉരയുന്നതു് എന്നു് തോന്നി. അമ്മയും ഞാനും അച്ഛനെ നോക്കി കട്ടിളപ്പടിയിൽത്തന്നെ ഇരുന്നു. കിണറ്റിൽ നിന്നും വെള്ളം കോരി എടുത്തു് അച്ഛൻ തലയിലൂടെ ഒഴിച്ചു. ഒരുപക്ഷേ, അങ്ങനെ മൂന്നോ നാലോ തവണ. പിന്നെ ഈറനോടെ കൈകൾ തലക്കു് മീതെ ഉയർത്തി പ്രാർത്ഥിക്കുന്ന പോലെ വട്ടം തിരിയാൻ തുടങ്ങി. അപ്പോഴൊക്കെ അച്ഛന്റെ കാലുകൾക്കിടയിൽ ഒരു ജന്തു പോലെ ഇളകുന്ന നഗ്നത ജന്തുവിനെപ്പോലെത്തന്നെ എന്നെ ഭയപ്പെടുത്തി. പിന്നെ അച്ഛൻ കൊട്ടത്തളത്തിൽത്തന്നെ ഒരു മൃഗത്തെപ്പോലെ നാലു് കാലിൽ നിന്നു. അടുത്ത നിമിഷം അച്ഛൻ നായയോ പോത്തോ ആയി. അല്ലെങ്കിൽ ഒരു പുലി. ഒരു മൃഗത്തെപ്പോലെത്തന്നെ മുരണ്ടു് അച്ഛൻ മുറ്റത്തേക്കു് ചാടി. വീടിനു തെക്കുഭാഗത്തിലൂടെ ഇടവഴിയിലേക്കു് ഓടിപ്പോയി.
ഞാൻ അമ്മയെ മുറുകെ പുണർന്നു. അമ്മ എന്റെ കണ്ണുകൾ പൊത്തി. “നിനക്കു് പേടിയായോ?” എന്നു് ചോദിച്ചു. “ഇല്ല”, ഞാൻ നുണ പറഞ്ഞു.
“ശത്രുഭയം തീർക്കാൻ” എന്നാണു് ഈ വേഷം മാറലിനെപ്പറ്റി ചോദിക്കുമ്പോൾ അച്ഛൻ പറയുക. “കൊല്ലേണ്ട ആളുടെ മുമ്പിൽ നമ്മൾ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ നായ, ചിലപ്പോൾ പോത്തു്, ചിലപ്പോൾ പുലി, അങ്ങനെ ഓരോ രാത്രിക്കും പറ്റിയ ഓരോ മൃഗം. ആ രൂപത്തിൽ നമ്മൾ ശത്രുവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. ആദ്യം ശത്രുവിനെ ഭയപ്പെടുത്തുന്നു. ശത്രുവിനെ വീഴ്ത്തുന്നു. അതിന്റെ എഴാം നാൾ ദുഃസ്വപ്നങ്ങളും പനിയും കടന്നു് ശത്രു മരിക്കുന്നു. അങ്ങനെ ആദ്യം അയാളുടെയും പിന്നെ അയാളുടെ ശത്രുവിന്റെയും ഭയം അവസാനിക്കുന്നു”, അച്ഛൻ പറഞ്ഞു. “രണ്ടും ദൈവത്തിന്റെ ഇഷ്ടം പോലെത്തന്നെ അവസാനിക്കുന്നു”.
വാസ്തവത്തിൽ, ഇരുട്ടാണു് അന്നൊക്കെ അച്ഛനു് കൂട്ടുപോയതു്. എന്നാൽ, ആദ്യമായി വൈദ്യുതി വന്നതോടെ, വൈദ്യുതി വെളിച്ചത്തിൽ ഇടവഴികളും ഇരുട്ടും മരങ്ങളും പകലിൽ എന്നപോലെ രാത്രിയിലും വന്നതോടെ അച്ഛന്റെ ആദ്യത്തെ മരണവും നടന്നിരുന്നു. പിന്നെ രണ്ടാമതും മരിച്ചു.
ഞാൻ പക്ഷേ, പുരോഹിതനെ കൊന്നതു് ഇങ്ങനെയൊന്നുമായിരുന്നില്ല. അച്ഛനെപ്പോലെ കൊല്ലുന്ന ആളെ മൃഗങ്ങളുടെ വേഷത്തിൽ പോയി ഭയപ്പെടുത്തുകയോ ഒച്ചയില്ലാതെ വീഴ്ത്തുകയോ ചെയ്തില്ല. “എന്നോടു് ഇഷ്ടമുണ്ടെകിൽ ഇതെനിക്കു് വേണ്ടി ചെയ്യണം” എന്ന ഒരാഗ്രഹത്തെ പിൻപറ്റി, ഒരു പകൽ, കൊല്ലേണ്ടുന്ന ആളുടെ മുമ്പിൽ ഞാൻ ചെന്നു നിന്നു. എനിക്കു് ശത്രുതയൊന്നും ഇല്ലാത്ത, ഞാൻ ആദ്യമായി കാണുന്ന അയാളോടു് “ഞാൻ നിങ്ങളെ കൊല്ലാൻ വന്നതാണ്” എന്നു് പറഞ്ഞു.
“എന്നോടു് ഇഷ്ടമുണ്ടെകിൽ ഇതെനിക്കു് വേണ്ടി നീ ചെയ്യണം” എന്നാണു് മേരി എന്നോടു പറഞ്ഞതു്. എന്റെ അരികിൽ കിടക്കുമ്പോൾ. തൊട്ടുമുമ്പു് ഞങ്ങളുടെ ശരീരത്തിൽ നിന്നും വേർപെട്ടുപോയ ധൃതി തണുപ്പായി തിരിച്ചെത്തുമ്പോൾ. അവളുടെ വലത്തേ കൈ എന്റെ മാറിൽ വിശ്രമിക്കുമ്പോൾ. എന്റെ ഇടത്തേ കൈ അവളുടെ മാറിൽ വിശ്രമിക്കുമ്പോൾ.
“എന്നെ ഇഷ്ടമാണല്ലോ?”, മേരി ചോദിച്ചു.
മേരിയെ ഞാൻ അതിയായി ഇഷ്ടപ്പെടുന്നു എന്നു് എനിക്കു് അറിയാമായിരുന്നു. അതിനേക്കാൾ അവൾക്കു് അറിയാമായിരുന്നു. ഇഷ്ടമാണു് ആഗ്രഹവും മരണവുമാകുന്നതു് എന്നു് ഞാൻ കാണുകയായിരുന്നു. ഞാൻ മേരിയോടു് ആരെയാണു് കൊല്ലേണ്ടതു് എന്നു് ചോദിച്ചു.
“അച്ചനെ”, മേരി പറഞ്ഞു. “സെന്റ് ജോസഫ്സിലെ”.
എനിക്കു് സ്ഥലം മനസ്സിലായി. പക്ഷേ, ആളെ മനസ്സിലായില്ല.
കൊല്ലേണ്ടവരെപ്പറ്റി നമ്മൾ കൂടുതൽ ചോദിക്കരുതു് എന്നാണു് അച്ഛൻ പറഞ്ഞിട്ടുള്ളതു്. “കാരണം, അവർ നമ്മുടെ ബന്ധുക്കളോ ശത്രുക്കളോ അല്ല, അവരെ നമുക്കു് അറിയണമെന്നേയില്ല”. എന്നാൽ തന്റെ അൻപത്തിയൊന്നാമത്തെ വയസ്സിൽ മരിക്കുന്നതിനും ഏഴു മാസങ്ങൾക്കു് മുമ്പു്, അച്ഛനെ അച്ഛന്റെ ഒരു ശത്രുതന്നെ പിടി കൂടി ഒരു മരത്തിൽ കെട്ടിയിട്ടു. തന്റെ മുമ്പിൽ ആ രാത്രിയിൽ ഭയപ്പെടുത്താനായി നിന്ന കറുത്ത കാളയെ അയാൾ ആദ്യം കൊമ്പിനു് പിടിച്ചു. പിന്നെ കാളയെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു് വലിച്ചു. അവിടെ ഒരു മരത്തിൽ കെട്ടിയിട്ടു. കാലുകൾ ബന്ധിച്ചു. പിന്നെ അയൽക്കാരെ എല്ലാം വിളിച്ചു വരുത്തി കാണിച്ചു.
അന്നു് തന്നെ കെട്ടിയിട്ട മരത്തിനു ചുറ്റും പോത്തായിത്തന്നെ അച്ഛൻ വട്ടമിടുന്ന ആ രാത്രിയിലാണു് ഞങ്ങളുടെ നാട്ടിൽ ആദ്യമായി വൈദ്യുതി വന്നതെന്നും അപ്പോൾ മുതലാണു് അച്ഛന്റെയും അച്ഛന്റെ അച്ഛന്റെയും കുലത്തൊഴിലായ “ശത്രുഭയം തീർക്കൽ” അവസാനിച്ചതു് എന്നും ഞാൻ വിശ്വസിച്ചു. അച്ഛനെ കെട്ടിയിട്ട മരത്തിനു മീതെ മഞ്ഞവെയിൽ പോലെയാണു് ആ രാത്രി വൈദ്യുതി വെളിച്ചം വന്നിരിക്കുക, ഇനി ഒരിക്കലും വേഷം മാറാനാകാതെ, ആരെയും ഭയപ്പെടുത്താനാകാതെ, തന്റെ ശത്രുവിന്റെ മുമ്പിൽ അച്ഛൻ കൈകൂപ്പി നിന്നു. “മാപ്പു് തരണേ” എന്നു് അപേക്ഷിച്ചു.
അച്ഛനെ മരത്തിൽ കെട്ടിയിട്ടതു കാണാൻ രാത്രി തന്നെ ആളുകൾ എത്തി. ഞാനും അമ്മയും അച്ഛനെ കാണാൻ ചെന്നു. കുറേ നേരം കഴിഞ്ഞപ്പോൾ പോലീസ് വന്നു. പോലീസ് അച്ഛന്റെ കെട്ടഴിച്ചു. ചുറ്റും നിന്നവരുടെ തല്ലു് വാങ്ങിയും തല കുനിച്ചും മണ്ണിൽ കുത്തിയിരുന്നും അച്ഛൻ അത്ര നേരവും മരച്ചോട്ടിൽത്തന്നെ കഴിഞ്ഞു. പിന്നെ പോലീസ് നൽകിയ മുണ്ടു് ഉടുത്തു് അച്ഛൻ അവരുടെ ജീപ്പിൽ കയറി പോയി. അതായിരുന്നു അച്ഛന്റെ ഒന്നാമത്തെ മരണം. ഏഴു മാസം കഴിഞ്ഞു് അച്ഛൻ തിരിച്ചു വന്നതു് രണ്ടാമതു് മരിക്കാനായിരുന്നു. അതായിരുന്നു അച്ഛന്റെ ശരിക്കുമുള്ള മരണം.
അച്ഛൻ തിരിച്ചെത്തിയതിനു ശേഷം കിട്ടിയ പണി അവിവാഹിതയായ ഒരു ഗർഭിണിയെ ഭയപ്പെടുത്തുക എന്നായിരുന്നു. ദുഃസ്വപ്നങ്ങളും പനിയും നൽകി ഏഴാം നാൾ അവളെയും മരിക്കാൻ വിടുക എന്നായിരുന്നു. “ആരും അറിയരുതു്” എന്നു് യുവതിയുടെ അമ്മാവൻ അതിനു് നാലു് ദിവസം മുമ്പു് വീട്ടിൽ വന്നു് അച്ഛനോടു് പറഞ്ഞു. അയാൾ തന്റെ മുണ്ടിന്റെ മടിയിൽ നിന്നും അച്ഛനു് പണം എടുത്തു കൊടുത്തു. “ഇതിൽ വേണ്ടതു് ഉണ്ടു്” എന്നു് പറഞ്ഞു. “മാനമല്ലേ വലുതു്” എന്നു് പറഞ്ഞു.
“ഇതെന്റെ അവസാനത്തെ ശ്രമമാണു്”. നാലു് ദിവസം കഴിഞ്ഞു്, യുവതിയെ ഭയപ്പെടുത്താൻ തിരഞ്ഞെടുത്ത രാത്രി, അച്ഛൻ അമ്മയോടു് പറഞ്ഞു. പിന്നെ എഴുന്നേറ്റു് വീടിന്റെ പിൻവാതിലക്കലേക്കു് നടന്നു. അച്ഛനു പിറകെ അമ്മയും എഴുന്നേറ്റു. ഞാൻ അമ്മയുടെ കൈ പിടിച്ചു. “ഒച്ച വെയ്ക്കരുതു്”, അമ്മ എന്റെ ചെവിയിൽ പറഞ്ഞു. “പേടിക്കുകയും അരുതു്”.
കിണറ്റിൻ കരയിലിരുന്നു് തന്റെ ദേഹത്തു് എണ്ണയും കരിയും തേച്ചുപിടിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛൻ അമ്മയോടു് ഞാനും അച്ഛന്റെ തൊഴിലാകും ചെയ്യുക എന്നു് പറഞ്ഞു. “ഇതു് നമ്മുടെ തൊഴിലാണു്” അച്ഛൻ എന്നെ നോക്കി പറഞ്ഞു. അച്ഛനെപ്പോലെ അങ്ങനെ വേഷം മാറി പോത്തോ പുലിയോ ആയി ഇരുട്ടിലേക്കു് ഓടുന്നതു് ഞാനും ഇഷ്ടപ്പെട്ടു. ചില പകലുകളിൽ ഞാൻ അങ്ങനെ ഏതെങ്കിലും മൃഗം എന്നു് സങ്കൽപ്പിച്ചു് വീടിനു ചുറ്റും നടന്നിരുന്നു. അമ്മ പക്ഷേ, “വേറെ എത്ര ജോലിയുണ്ടു് ലോകത്തു്” എന്നു് പറഞ്ഞു് എന്നെ അരികിലേക്കു് അടുപ്പിച്ചു. എന്റെ നെറുകിൽ ചുംബിച്ചു.
ഞാൻ ചൂണ്ടുവിരൽ നീട്ടി അച്ഛന്റെ ദേഹത്തു് ഒരു പുലിയുടെ ദേഹത്തു് എന്നപോലെ തൊട്ടു. “ഇന്നു് അച്ഛൻ പുലിയാണല്ലേ?”, ഞാൻ ചോദിച്ചു. അച്ഛൻ എന്നെ നോക്കി പുലി മുരളുന്ന പോലെ ഒരു ശബ്ദം ഉണ്ടാക്കി. അതേപോലെ ഞാൻ അച്ഛന്റെ ദേഹത്തു് ഒരു പുലിയുടെ ദേഹത്തു് എന്നപോലെ വീണ്ടും തൊട്ടു. വീണ്ടും അങ്ങനെ തൊടാൻ കൈ നീട്ടിയപ്പോൾ അമ്മ എന്നെ തടഞ്ഞു. എനിക്കു് പകരം അമ്മ അച്ഛനെ തൊട്ടു. അച്ഛൻ ഒരുതവണ തുള്ളി. പുലി പോലെത്തന്നെ. എനിക്കും അമ്മയ്ക്കും ചിരി പൊട്ടി. രണ്ടാമതും അമ്മ അതേപോലെ കൈ നീട്ടിയതും അച്ഛൻ പെട്ടെന്നു് അവിടെത്തന്നെ ഇരുന്നു. നെഞ്ചിൽ രണ്ടും കൈയും പിണച്ചു് വെച്ചു. കണ്ണുകൾ അടച്ചു. മുമ്പിലേക്കു് തലകുത്തി വീണു. മരിച്ചു.
അന്നു് രാത്രി ഏറെ വൈകുവോളം അതേ കൊട്ടത്തളത്തിൽ അമ്മയും ഞാനും അച്ഛന്റെ ശരീരത്തിൽ വെള്ളമൊഴിച്ചു് കരിയും എണ്ണയും കളഞ്ഞുകൊണ്ടിരുന്നു. ഒപ്പം ഞങ്ങൾ കരഞ്ഞുകൊണ്ടുമിരുന്നു. നേരം പുലർന്നതോടെ അമ്മ കരച്ചിൽ നിർത്തി. അച്ഛനെ നമ്മുക്കു് അകത്തേയ്ക്കു് കൊണ്ടുപോകണമെന്നു് പറഞ്ഞു. എന്നോടു് അച്ഛന്റെ കാലുകൾ പിടിക്കാൻ പറഞ്ഞു. അമ്മ അച്ഛനെ പിറകിൽ നിന്നും പിടിച്ചുയർത്തി, പതുക്കെ പിറകോട്ടു നടന്നു. എനിക്കു് അച്ഛന്റെ കാലുകൾ അത്രയൊന്നും ഉയർത്താൻ കഴിഞ്ഞില്ല. അച്ഛന്റെ കാലുകളാകട്ടെ ചത്ത ഏതോ മൃഗത്തിന്റെ കാലുകൾപോലെ എന്നു് തോന്നി. പലയിടത്തും അച്ഛന്റെ കാലുകൾ മുട്ടി, അപ്പോഴൊക്കെ എന്റെ ശ്വാസം നിലച്ചു. ഒരുപക്ഷേ, ആ ദിവസം മുഴുവൻ ഞാനും അമ്മയും അങ്ങനെ അച്ഛനുമായി ഈ ലോകം മുഴുവൻ നടക്കുകയായിരുന്നു. അച്ഛനെ ഞങ്ങൾ ഉമ്മറത്തു് നിലത്തു് കിടത്തി. അമ്മ അച്ഛനെ മുണ്ടു് ഉടുപ്പിച്ചു. വീണ്ടും അമ്മ കരയാൻ തുടങ്ങി. പതുക്കെ അമ്മയുടെ ഒച്ച പൊന്തി. ഞാനും കരഞ്ഞു.
നേരം വെളുത്തു കഴിഞ്ഞിരുന്നു. ഞങ്ങളുടെ കരച്ചിൽ കേട്ടു് ആദ്യം ഒരു കാക്ക പറന്നു വന്നു. വീട്ടുവാതിൽക്കൽ വന്നു് അകത്തേയ്ക്കു് നോക്കി. പിന്നെ അതും നിർത്താതെ കരയാൻ തുടങ്ങി. അതോടെ വേറെയും കാക്കകൾ മുറ്റത്തേക്കു് പറന്നു വന്നു. അവയും കരയാൻ തുടങ്ങി. കാക്കകൾ മുറ്റത്തും മരക്കൊമ്പിലുമിരുന്നു. അമ്മയുടെയും എന്റെയും കരച്ചിൽ കേട്ടു് അടുത്തുള്ളവരെല്ലാം ഓരോരുത്തരായി ഓടി എത്തി. അങ്ങനെ തന്റെ അൻപത്തിയൊന്നാം വയസ്സിൽത്തന്നെ അച്ഛൻ രണ്ടാമതും മരിച്ചു. ശരിക്കും മരിച്ചു.
ഞാൻ തിരിഞ്ഞു കിടന്നു് മേരിയെ നോക്കി.
“ഞാനിതുവരെ ആരെയും കൊന്നിട്ടില്ല”, ഞാൻ മേരിയോടു് പറഞ്ഞു. “ഒരു പുരോഹിതനെപ്പോലും തൊട്ടിട്ടുമില്ല”. മേരി ചിരിച്ചു. “അതിനു നീ ക്രിസ്ത്യാനി അല്ലല്ലോ” മേരി പറഞ്ഞു. ഞാൻ അപ്പോഴും അവളെത്തന്നെ നോക്കി കിടന്നു. മേരി എന്റെ അരികിൽ നിന്നും പിറകോട്ടു് മാറി കിടന്നു. “എന്താ എന്നെ ഇങ്ങനെ നോക്കുന്നതു് ” എന്നു് ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ അവളോടു് എന്തിനാണു് ആ അച്ചനെ കൊല്ലുന്നതു് എന്നു് ചോദിച്ചു. മേരി പറഞ്ഞു, “അതു് ഞാൻ പറയില്ല”. ഞാൻ കൈ നീട്ടി അവളുടെ കവിളിൽ തൊട്ടു. അവളുടെ ആവശ്യം നിറവേറ്റാൻതന്നെ ഞാൻ തീരുമാനിച്ചു. “എനിക്കു് നീ ആ അച്ചനെ കാണിച്ചു തന്നാൽ മതി”, ഞാൻ പറഞ്ഞു “ഇന്നു് തന്നെ”.
കിടക്കയിൽ നിന്നും എഴുന്നേറ്റു് കട്ടിലിന്റെ കാലിൽത്തന്നെ തൂക്കിയിട്ടിരുന്ന അവളുടെ ഹാൻഡ്ബാഗിൽ നിന്നും മേരി മൊബെൽ ഫോൺ എടുത്തു. കുറച്ചു നേരം അതിൽ എന്തോ തിരഞ്ഞു. ഒരു സമയം ഫോണിൽ ഉമ്മ വെച്ചു് എനിക്കു് നേരെ പിടിച്ചു. എന്റെ ഫോട്ടോയായിരുന്നു, അതിൽ. എനിക്കു് ചിരി വന്നു. അവൾ ഫോണുമായി എന്റെയടുത്തു് വീണ്ടും വന്നു കിടന്നു. പിന്നെ അവൾ അച്ചന്റെ ഫോട്ടോ കാണിച്ചു തന്നു. മരിക്കാൻ പോകുന്ന ഒരാൾ നോക്കുന്ന പോലെ അച്ചൻ ഞങ്ങളെയും നോക്കുന്നു എന്നു് തോന്നി. “ഇയാൾക്കു് എത്ര വയസ്സു് കാണും?”, ഞാൻ ചോദിച്ചു. “അമ്പത്തിയൊന്നു്” എന്നു് അവൾ പറയുമെന്നു് ഞാൻ വിചാരിച്ചു. അതു് എല്ലാ ആണുങ്ങളും ആദ്യമായി മരിക്കുന്ന പ്രായമാണെന്നു് എനിക്കു് ഉറപ്പായിരുന്നു. മേരി എന്നോടു് ഫോട്ടോ നല്ലവണ്ണം നോക്കാൻ പറഞ്ഞു. അച്ചന്റെ പ്രായം പറയാൻ പറഞ്ഞു. ഞാൻ പക്ഷേ, പറഞ്ഞില്ല. ഇനി സമയം കളയാനില്ല എന്നു് എനിക്കു് തോന്നി. അല്ലെങ്കിൽ ഇനി ഒരിക്കലും ഒന്നും നടക്കില്ല എന്നും. കാരണം ഞാൻ എന്റെ അൻപത്തിയൊന്നാമത്തെ വയസ്സു് പിന്നിടുകയാണു്. “ഞാനിപ്പോൾത്തന്നെ അവിടേക്കു് പോവുകയാണു്”, ഞാൻ മേരിയോടു് പറഞ്ഞു. മേരി കിടക്കയിലിരുന്നു് മുടി കെട്ടുകയായിരുന്നു. ചുണ്ടിൽ വെച്ചിരുന്ന ഹെയർപിൻ എടുത്തു് അവൾ പറഞ്ഞു, “എനിക്കറിയാം, എന്നെ നിനക്കു് അത്ര ഇഷ്ടമാണെന്നു്”. എനിക്കു് അവളെ കെട്ടിപിടിക്കാൻ തോന്നി. ഉമ്മ വെയ്ക്കാനും. “ഞാനും നിന്റെ കൂടെ വരാം”, മേരി പറഞ്ഞു. “നിനക്കു് അച്ചനെ കാണിച്ചു തരാം”. ഞാൻ പക്ഷേ, അതു് വേണ്ട എന്നു് പറഞ്ഞു. അവൾ സമ്മതിച്ചു.
“എങ്കിൽ വേണ്ട, ഞാനിവിടെത്തന്നെ ഉണ്ടാകും, നീ വരുന്നതും കാത്തു്”.
പട്ടണത്തിനു് പുറത്തു് പുറമ്പോക്കിലെ ഒരു ചെറിയ വീടു് ഞാൻ വാടകയ്ക്കു് എടുത്തിരുന്നു. മോഷണം ചെയ്തു് അതിർത്തി കടത്തുന്ന കാറുകളിലെ ഡ്രൈവർ ആയുള്ള ജോലിയായിരുന്നു എനിക്കു്. ധാരാളം പണം കിട്ടുന്ന ജോലിയായിരുന്നു, അതു്. ഒരിക്കൽ അങ്ങനെയൊരു യാത്രയിലാണു് മേരിയെ ഞാനാദ്യം കാണുന്നതുതന്നെ. ഒരു രാത്രി പട്ടണത്തിൽ നിന്നും മോഷ്ടിച്ച കാറുമായി പുറത്തേയ്ക്കു് കടക്കുകയായിരുന്നു, മേരി കാറിനു് കൈ കാണിച്ചു. ഞാൻ അവളെ ദൂരെ നിന്നുതന്നെ കണ്ടിരുന്നു. ഞാൻ കാർ നിർത്തി. ആ രാത്രി എന്റെ കൂടെ എവിടെ വേണമെങ്കിലും വരാമെന്നു് അവൾ പറഞ്ഞു. “എവിടെ വേണമെങ്കിലും”. ഞാൻ അവളെ നോക്കി. അവളെ മാത്രം കാണിക്കാൻ എന്ന പോലെ ഒരു പ്രാവശ്യം തെരുവു് വിളക്കു് കെടുകയും വീണ്ടും കത്തുകയും ചെയ്തപോലെ തോന്നി. അവൾക്കു് വളരെ പിറകിലായി മാത്രം നിരത്തിലെ ഇരുട്ടു് നിന്നു. അത്രയും നേരം തോന്നാത്ത വിധത്തിൽ ഒരു നീണ്ട യാത്ര അതിനും മുമ്പു് എന്നെ കണ്ടുമുട്ടിയിരിക്കണം, ഞാൻ അവളെ കാറിൽ കയറ്റി.
എന്നാൽ, അന്നു് മേരിയെ കാറിനകത്തേക്കു് കയറ്റുമ്പോൾ ആ രാത്രിയിലും ഒരു കുയിലിന്റെ ഒച്ച കേട്ടതുപോലെ എനിക്കു് തോന്നി. ഒരു പ്രാവശ്യം മാത്രം കേട്ടതുകൊണ്ടു് ഞാൻ പക്ഷേ, അതു് അപ്പോഴോ പിന്നീടോ മേരിയോടും പറഞ്ഞില്ല. അല്ലെങ്കിൽ ആ പട്ടണത്തിൽ പക്ഷികളെ ഇല്ലായിരുന്നു.
കാറുമായി ഞാൻ ആദ്യം പട്ടണത്തിൽ നിന്നും പുറത്തു് കടന്നു. വേറെ ജില്ലയും വേറെ ഗ്രാമവും വേറെ പട്ടണവും കടന്നു പോയി. ഇടയ്ക്കു് വെച്ചു് “കാറിൽ എന്താ പാട്ടുകൾ ഒന്നും ഇല്ലേ?” എന്നു് മേരി ചോദിച്ചു. ഞാൻ “ഇല്ല” എന്നു് പറഞ്ഞു. “എങ്കിൽ ഞാൻ ഒരു പാട്ടു് മൂളട്ടെ” എന്നു് മേരി ചോദിച്ചു. ഞാൻ അവളെ നോക്കി. അവൾ എന്നെ നോക്കി ചുണ്ടുകൾ കൂർപ്പിച്ചു. എന്റെ അരികിലേയ്ക്കു് ഞാൻ അവളെ പിടിച്ചിരുത്തി. പാട്ടു് പാടാൻ പറഞ്ഞു. അവൾ പഴയ ഏതോ പാട്ടു് മൂളി, “ഇതു് കേട്ടിട്ടുണ്ടോ” എന്നു് ചോദിച്ചു. കാർ എത്തിക്കേണ്ട സ്ഥലത്തു് എത്തിച്ച ശേഷം ഞങ്ങൾ മൂന്നു് ദിവസം മറ്റൊരു ഭാഷയിലെ മറ്റൊരു പട്ടണത്തിൽ ഒരുമിച്ചു കഴിഞ്ഞു. പകൽ മുഴവൻ ഒരുമിച്ചലഞ്ഞു. രാത്രി ഒരുമിച്ചു് അന്തിയുറങ്ങി.
എന്നാൽ, ഇപ്പോൾ മേരിക്കു് വേണ്ടി അച്ചനെ കൊല്ലാനായി പട്ടണത്തിനു് പുറത്തുള്ള പള്ളിയിൽ എത്തുമ്പോൾ എത്രയോ നാളായി കാണാത്ത പക്ഷികളെയും മൃഗങ്ങളെയും വീണ്ടും ഞാൻ കാണാൻ തുടങ്ങി. ഒരു കാക്ക, ഒരു പ്രാവശ്യം മാത്രം കരഞ്ഞുകൊണ്ടു് എന്റെ തലയ്ക്കു തൊട്ടു മീതെ പറന്നുപോയി. ഇപ്പോൾ മേൽപ്പോട്ടു് നോക്കിയാൽ മാനത്തു് ഒരു പരുന്തിനെയും കാണുമെന്നു തോന്നി.
ഞാൻ ചെല്ലുമ്പോൾ പള്ളിമുറ്റത്തെ വലിയ ആൽമരത്തിനു് താഴെ ഒരു ആടു് വിശ്രമിക്കുന്നുണ്ടായിരുന്നു. എന്നെ ദൂരെ നിന്നു കണ്ടപ്പോൾത്തന്നെ ആടു് എഴുന്നേറ്റു നിന്നു. അതിന്റെ കണ്ണുകളിൽ തളംകെട്ടി നിൽക്കുന്ന വേറൊരു വെയിലും കണ്ടു. അച്ചനിവിടെ ഇല്ലേ എന്നു് എനിക്കു് ആടിനോടു് ചോദിക്കാൻ തോന്നി. അതിനും മുമ്പേ ഞാൻ അച്ചനെ കണ്ടു. പള്ളിമുറ്റത്തെ ചെടികൾക്കു് വെള്ളം ഒഴിച്ചു കൊടുക്കുകയായിരുന്നു, ഒരു നിമിഷം എന്നെ നോക്കി നിന്നശേഷം അച്ചൻ കൈ വീശി കാണിച്ചു. വെള്ളം നിറച്ച ബക്കറ്റ് അവിടെത്തന്നെ വെച്ചു് എന്നോടു് വരാൻ ആംഗ്യം കാണിച്ചു. എനിക്കു് എന്തോ പന്തികേടു് തോന്നി. ഞാൻ എന്റെ ഷർട്ടിനുള്ളിൽ അരക്കെട്ടിൽ മൂന്നോ നാലോ മടക്കായി കെട്ടിയിരുന്ന കയറിൽ രഹസ്യമായി രണ്ടു കൈകൊണ്ടും തൊട്ടു. വീട്ടിൽ തുണികൾ തോരാനിട്ട അയയായിരുന്നു അതു്. കൈകൾ ഷർട്ടിൽത്തന്നെ തുടച്ചു് ഞാൻ അച്ചന്റെ അടുത്തേക്കു് ചെന്നു.
അച്ചൻ പള്ളിയുടെ കിഴക്കു ഭാഗത്തായി പണി കഴിച്ച കൂടാരം പോലുള്ള ഒരു ചെറിയ വീട്ടിലേക്കു് എന്നെ ക്ഷണിച്ചു. “അവിടെ വെച്ചു വേണം”, എന്നു് പറഞ്ഞു. ഞാൻ സ്തബ്ധനായി അവിടെത്തന്നെ നിന്നു. എല്ലാം കൈ വിട്ട പോലെ. എന്റെ വായിലെ വെള്ളം വറ്റി. ഒരുപക്ഷേ, എന്റെ സംസാരശക്തിതന്നെ ഇപ്പോൾ മുതൽ നഷ്ടപ്പെടുകയാണു് എന്നു് വിചാരിച്ചു. ഞാൻ പറഞ്ഞു, “ഞാൻ അച്ചനെ കൊല്ലാൻ വന്നതാണു്”. അച്ചൻ എന്നെ തിരിഞ്ഞു നോക്കുമെന്നു് ഞാൻ കരുതി. പക്ഷേ, മുമ്പോട്ടു് നടക്കുകയായിരുന്നു. “എനിക്കു് അറിയാം”, അച്ചൻ പറഞ്ഞു. ഞാൻ വീണ്ടും അച്ചനു് പിറകെ ചെന്നു. എന്നോടു് നാടു് എവിടെയാണെന്നു് അച്ചൻ ചോദിച്ചു. വീട്ടിൽ ആരൊക്കെ ഉണ്ടെന്നും ചോദിച്ചു. ഞാൻ വേറെ ഏതോ നാടിന്റെ പേരു് പറഞ്ഞു. ഞാൻ പറഞ്ഞു, “അമ്മയുണ്ടായിരുന്നു, മരിച്ചു”. ഇപ്പോൾ അച്ചൻ എന്നെ തിരിഞ്ഞു നോക്കി.
ഒറ്റമുറി മാത്രമുള്ള വീടായിരുന്നു അതു്. തല കുമ്പിട്ടു വേണം അകത്തേയ്ക്കു് കയറാൻ. അല്ലെങ്കിൽ തല മുട്ടും. മുറിയിൽ ചുമരിനോടു ചേർത്തു് വെച്ച പുസ്തക അലമാരിയും ഒരു മേശയും ഒരു കസേരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അലമാരിയിൽ അൽപ്പം ചെരിച്ചു് ഒരു തിരുരൂപവും വെച്ചിരുന്നു. അച്ചൻ അവിടെ ഒരു മൂലയിൽ ചുരുട്ടി വെച്ചിരുന്ന പുൽപ്പായ എടുത്തു് നിലത്തു് വിരിച്ചു. എന്നോടു് ഇരിക്കാൻ പറഞ്ഞു. അച്ചനും എന്റെ അരികിലിരുന്നു. ഒരുപക്ഷേ, ഇനി ഒന്നും ചെയ്യാനില്ല എന്നു് എനിക്കു് തോന്നി. അങ്ങനെ കുറച്ചു നേരം കൂടി അവിടെ ഇരുന്നു. “എന്തിനാണു് എന്നെ കൊല്ലുന്നതു് എന്നു് മേരി പറഞ്ഞോ?”, അച്ചൻ ചോദിച്ചു.
“ഇല്ല”, ഞാൻ പറഞ്ഞു.
“നീ ചോദിച്ചില്ലേ?”
“ചോദിച്ചു, പക്ഷേ, അവൾ പറഞ്ഞില്ല”.
ഞാൻ അച്ചനെ നോക്കി. അച്ചൻ പക്ഷേ, മേലെ ഫാനിലേക്കു് തന്നെ നോക്കി ഇരിക്കുകയായിരുന്നു. അച്ചൻ പറഞ്ഞു, “ഈ മുറിയിൽ വെച്ചു ഞാൻ മേരിയുമായി ബന്ധപ്പെടുമ്പോഴോക്കെ, അവളുടെ ഉടലിൽ ഞാൻ തളർന്നു വീഴുമ്പോഴോക്കെ, മേരി എന്റെ കഴുത്തിൽ അവളുടെ രണ്ടു കൈപ്പത്തികളും അമർത്തും. എനിക്കു് അച്ചനെ കൊല്ലണമെന്നു പറയും. ഞാൻ പക്ഷേ, അപ്പോഴോക്കെ എന്റെ പാപം ഓർക്കുക മാത്രം ചെയ്തു.”
ഞാൻ ഒന്നും മിണ്ടിയില്ല.
അച്ചൻ എന്നെ നോക്കി. എനിക്കു് നേരത്തെ ആടിന്റെ കണ്ണുകളിൽ കണ്ട വെയിൽ ഓർമ്മ വന്നു. “ഇന്നലെയും മേരി അതുതന്നെ പറഞ്ഞു”. അച്ചൻ, അച്ചന്റെ കൈകൾ രണ്ടും സ്വന്തം കഴുത്തിൽ വെച്ചു. “ഞാൻ അവളോടു് എന്നെ കൊല്ലാൻ പറഞ്ഞു. അവൾ കരയാൻ തുടങ്ങി. അങ്ങനെ കരഞ്ഞുകൊണ്ടുതന്നെ അവൾ ഈ ഭൂമിയിലെ എന്റെ ജീവിതവും അവസാനിപ്പിച്ചു. എനിക്കു് മരിക്കാനുള്ള സമയമായി എന്നുറപ്പായി. ഞാൻ അവളോടു് നിനക്കു് വയ്യ എങ്കിൽ നീ ആരെയെങ്കിലും പറഞ്ഞയക്കൂ എന്നു് പറഞ്ഞു. ഞാൻ അവളോടു് എനിക്കു് മരിക്കാൻ മാത്രമേ അറിയൂ എന്നും കൊല്ലാൻ അറിഞ്ഞൂടാ എന്നും പറഞ്ഞു”.
അച്ചൻ അലമാരിയിലെ തിരുരൂപത്തിലേയ്ക്കു് നോക്കി കണ്ണുകളിറുക്കിയടച്ചു.
“അപ്പോഴാണു് മേരി നിന്നെപ്പറ്റി പറഞ്ഞതു്”.
അച്ചൻ പതുക്കെ എഴുന്നേറ്റു് ഫാനിന്റെ ചുവട്ടിലേക്കു് മേശ വലിച്ചിട്ടു. ഞാനും എഴുന്നേറ്റു. അരയിൽ നിന്നും കയർ അഴിച്ചു രണ്ടു മടക്കാക്കി ഞാൻ അച്ചനോടു് മേശയുടെ മീതെ കയറി ഇരിക്കാൻ പറഞ്ഞു. അച്ചൻ ഇരിക്കുമ്പോൾത്തന്നെ ഞാൻ മേശയുടെ മുകളിൽ കയറി ഫാനിൽ കയറിന്റെ അറ്റം ബലമായി കെട്ടി, പൊട്ടില്ലെന്നു് ഉറപ്പുവരുത്തി. കയറിന്റെ മറ്റേ അറ്റത്തു് ഒരു കുരുക്കുണ്ടാക്കി അച്ചന്റെ കഴുത്തിലിട്ടു. അച്ചൻ കണ്ണുകളടച്ചു. ഞാൻ മേശമേൽ നിന്നും ഇറങ്ങി, നിലവും കാലുകളും ഫാനും എല്ലാമുള്ള ദൂരം മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു. പിന്നെ അച്ചന്റെ കഴുത്തിലെ കുരുക്കു് മുറുക്കി, ശ്വാസം മുട്ടിച്ചു. ഒരു തവണ മാത്രം അച്ചൻ പിടഞ്ഞു. മരിക്കുന്നതിനു് മുമ്പു് കണ്ണുകൾ തുറന്നു് എന്നെ നോക്കി. ഞാൻ വീണ്ടുമൊന്നു നോക്കാതെ അച്ചനെ ഫാനിലേക്കു് കയറിൽ വലിച്ചു് ഉയർത്തി വീണ്ടും കെട്ടു മുറുക്കി. മേശമേൽ നിന്നും താഴേക്കു് ഇറങ്ങി. കണ്ണുകൾ തുറന്നു് വെച്ചുകൊണ്ടുതന്നെ അച്ചൻ ഒരു തവണ കറങ്ങി. ഒരുപക്ഷേ, പുസ്തക അലമാരിയിലെ തിരുരൂപം കാണാൻ എന്നപോലെ. അതിനും മുമ്പേ ഞാൻ ആ കാലുകൾ പിടിച്ചു് ആട്ടം നിർത്തി. അതേ വേഗതയിൽ അച്ചന്റെ കാലിലെ ചൂടു് എന്റെ ഉള്ളം കൈകളിലേക്കു് പടർന്നു. മേശ നിലത്തേക്കു് വീഴ്ത്തിയിട്ടു്, വാതിൽ പുറത്തു് നിന്നും ചാരി, ഞാൻ പള്ളിമുറ്റത്തേയ്ക്കു് ഇറങ്ങി.
അതേ വെയിൽതന്നെയായിരുന്നു അപ്പോഴും. മരച്ചോട്ടിൽ അപ്പോഴും എന്നെത്തന്നെ നോക്കി അതേ ആടു് നിൽപ്പുണ്ടായിരുന്നു. ഞാൻ പള്ളിയുടെ പിറകിലേയ്ക്കു് നടന്നു, മതിൽ ചാടി പുറത്തു് കടന്നു.
“എനിക്കറിയാം, നീ മാത്രമേ ഈ ലോകത്തു് എനിക്കു് വേണ്ടി ഇങ്ങനെ ചെയ്യൂ എന്നു്”. മേരി എന്നോടു് പറഞ്ഞു. അവളുടെ ഒച്ച ചിലമ്പുന്ന പോലെ തോന്നി. അത്ര നേരവും കരയുകയായിരുന്നു എന്ന പോലെ. അവൾ എന്നോടു് കട്ടിലിൽ അവളുടെ അടുത്തു് വന്നിരിക്കാൻ പറഞ്ഞു. ഞാൻ എനിക്കു് കുളിക്കണം എന്നു് പറഞ്ഞു് കുളിമുറിയിൽ കയറി വാതിലടച്ചു. എനിക്കു് അച്ഛനെ ഓർമ്മ വന്നു. വീട്ടിലെ കൊട്ടത്തളത്തിൽ കൈകൾ മേൽപ്പോട്ടു് ഉയർത്തി അച്ഛൻ നിൽക്കുന്ന പോലെ ഞാനും കുളിമുറിയിൽ നിന്നു. അവിടെ ഉണ്ടായിരുന്ന ബക്കറ്റിലെ വെള്ളം മുഴുവനും തലയിലൂടെ ഒഴിച്ചു. പിന്നെ ഒരു പ്രാവശ്യം അച്ഛൻ ചെയ്യുന്നപോലെ വട്ടം കറങ്ങി.
കുളി കഴിഞ്ഞു് ഞാൻ മേരിയുടെ അരികിൽ കട്ടിലിൽ കിടന്നു. ഞാൻ അവളോടു് ഇന്നു് എന്റെ അൻപത്തിയൊന്നാം പിറന്നാൾ ആണെന്നു് പറഞ്ഞു. അവൾ എന്റെ നെറ്റിയിൽ ഉമ്മ വെച്ചു. എന്നെ ആശംസിച്ചു. ഞാൻ അവളെത്തന്നെ നോക്കി കിടന്നു. എന്റെ വലത്തേ കൈപ്പത്തി ഉയർത്തി മേരി അവളുടെ വയറ്റിൽ വെച്ചു. ഗർഭിണിയാണു് എന്നു് പറഞ്ഞു. അങ്ങനെ എന്റെ കൈ അവളുടെ വയറ്റിൽത്തന്നെ വെച്ചു് മേരി കരയാൻ തുടങ്ങി. ഞാൻ അവളെ നോക്കുന്നതു് നിർത്തി. മലർന്നു കിടന്നു. മേലെ പതുക്കെ തിരിയുന്ന ഫാനിൽ ഇടമുറിയുന്ന വെളിച്ചം ഏതോ ആകൃതി തേടുന്നപോലെ തോന്നി. ഞാൻ മേരിയോടു് പറഞ്ഞു, “നീ ഇനി ഇവിടെ നിന്നും എങ്ങോട്ടും പോകണ്ട”. അപ്പോഴും അവൾ കരയുക മാത്രം ചെയ്തു. എന്റെയും ജീവിതം അവളുടെ കരച്ചിലിൽ തീരുകയാണു് എന്നു് എനിക്കു് ഉറപ്പായി. എല്ലാ ആണുങ്ങളെയുംപോലെ ഞാനും എന്റെ അൻപത്തിയൊന്നാമത്തെ വയസ്സിൽ ആദ്യമായി മരിക്കുന്നു എന്നും. ഞാൻ വേഗം മേരിയുടെ വായ പൊത്തി. അവളെ എന്റെ അരികിലേക്കു് അണച്ചു പിടിച്ചു. അങ്ങനെ അവൾ ഉറങ്ങുന്നതുവരെ ഞാൻ എന്റെ കൈ അവളുടെ വായിൽത്തന്നെ വെച്ചു. പിന്നെ ഞാൻ എഴുന്നേറ്റു് കട്ടിലിൽ അവളുടെ അരികിൽ ഇരുന്നു. അവളുടെ ചെറുതായി വീർത്ത വയറിൽ തെളിഞ്ഞ നീല ഞരമ്പുകൾ ഏതോ ഇലയിലെ വരകൾപോലെ എന്നു് തോന്നി.
ഇപ്പോൾ എനിക്കു് അന്നുരാവിലെ അച്ഛനെ ഓർത്തതു് വീണ്ടും ഓർമ്മ വന്നു. ഞങ്ങളുടെ പഴയ പേറ്റുമുറിയുടെ വാതിൽക്കൽ അകത്തേയ്ക്കു് നോക്കി നിൽക്കുന്ന അച്ഛനെ വീണ്ടും കണ്ടു. തന്റെ അൻപത്തിയൊന്നാം വയസ്സിൽ മരിച്ച അതേ പ്രായത്തിൽ. പിന്നെ അച്ഛനു പകരം ഞാൻ എന്നെ സങ്കൽപ്പിച്ചു. ഞങ്ങളുടെ പഴയ പേറ്റുമുറിയുടെ വാതിൽക്കൽ അകത്തേയ്ക്കു് നോക്കി നിൽക്കുന്ന എന്നെ കണ്ടു. ആ സമയം മുറ്റത്തെ മാവിൽ നിന്നാവണം ഒരു കുയിലിന്റെ ഒച്ച കേട്ടു. അല്ലെങ്കിൽ അങ്ങനെ കേട്ട പോലെ എനിക്കു് തോന്നി.
May, 2016.
കഥാകൃത്തു്, നോവലിസ്റ്റ്, കവി, നാടകകൃത്തു്. പാലക്കാടു് ജില്ലയിലെ പട്ടാമ്പി സ്വദേശി. പ്രസിദ്ധീകരിച്ച കൃതികൾ മകരത്തിൽ പറഞ്ഞതു് (കഥകൾ – പാഠഭേദം), കൊച്ചിയിലെ നല്ല സ്ത്രീ (കഥകൾ – സൈൻ ബുക്സ്), പായക്കപ്പൽ, (കഥകൾ – ഡി. സി. ബുക്സ്) ഏകാന്തതയെ കുറിച്ചു പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളു (കഥകൾ – ഡി. സി. ബുക്സ്) അതികുപിതനായ കുറ്റാന്വേഷകനും മറ്റു് കഥകളും (കഥകൾ – ഡി. സി. ബുക്സ്), പരസ്യജീവിതം (നോവൽ – ഡി. സി. ബുക്സ്), ബൈസിക്കിൾ തീഫ് (നോവൽ – മാതൃഭൂമി ബുക്സ്), യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവൽ – ഡി. സി. ബുക്സ്), യുവാവായിരുന്ന ഒൻപതു വർഷം (നോവൽ – ഡി. സി. ബുക്സ്), യക്ഷിയും സൈക്കിൾ യാത്രക്കാരനും (കവിതകൾ – ഗ്രീൻ ബുക്സ്) ഉടൽ എന്ന മോഹം (ലേഖനങ്ങൾ – ലോഗോ ബുക്സ്). “യുവാവായിരുന്ന ഒൻപതു വർഷം” എന്ന നോവലിനു് ഹൈദരാബാദിലെ നവീന കലാസാംസ്കാരിക കേന്ദ്രത്തിന്റെ “ഒ. വി. വിജയൻ പുരസ്കാരം” ലഭിച്ചു. കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ