കുറച്ചു വർഷങ്ങൾക്കുമുമ്പു് എം. ടി. വാസുദേവൻ നായർ കുവൈറ്റ് സന്ദർശിക്കുകയുണ്ടായി. അന്നു്, ഇന്ത്യൻ എംബസ്സിയിൽ നൽകിയ സ്വീകരണ ചടങ്ങിനുശേഷം അദ്ദേഹത്തിനെ കാണാനും പരിചയപ്പെടാനും നിന്ന മലയാളി ആൾക്കൂട്ടത്തിന്റെ തിരക്കിൽ ഞാനും ചെന്നു് നിന്നു. തിരക്കിലൂടെ നടന്നു്, ഞാൻ അദ്ദേഹത്തിനു നേരെ ഒരു പുസ്തകം നീട്ടി. പുസ്തകം കൈനീട്ടി വാങ്ങി അദ്ദേഹം അതിന്റെ ചട്ട കണ്ടു, പിന്നെ ചിരിക്കും ഗൌരവത്തിനുമിടയിലെ ചെറിയ ഒച്ചയിൽ “ഓ! ഹാവേൽ!” എന്നു് എന്നെ നോക്കി പറഞ്ഞു. ഞാനും പുഞ്ചിരിച്ചു. ആ തിരക്കിൽ പരിചയപ്പെടുത്താൻ നിൽക്കാതെ ഞാൻ മടങ്ങിപോരുകയും ചെയ്തു. പിന്നെ ഞാൻ എം. ടി.-യെ കണ്ടിട്ടില്ല.
നാടകകൃത്തും പ്രബന്ധകർത്താവും സ്വാതന്ത്ര്യസമരപ്രവർത്തകനും, ചെക്ക് റിപ്പബ്ലിക്കിന്റെ പ്രസിഡണ്ടും, മൂന്നു് വർഷങ്ങൾക്കു മുമ്പു് മരിച്ചുപോവുകയും ചെയ്ത വാസ്ലെവ് ഹാവേലി ന്റെ ഒരു പുസ്തകമായിരുന്നു അതു്. എന്തുകൊണ്ടാണു് എം. ടി.-യ്ക്കു് അന്നു് ഹാവേലിന്റെ പുസ്തകം സമ്മാനിച്ചതു് എന്നു് ഇപ്പോഴും നിശ്ചയമില്ല. ഒരുപക്ഷേ, മറ്റൊന്നും ആ എഴുത്തുകാരന്റെ സന്ദർശനത്തിൽ സമ്മാനിക്കാൻ ആ സമയം എന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല എന്നുമാകാം. വിവിധ ദൂരങ്ങളെ ഒരു ദേശം, ഒരു ഭാഷ സ്നേഹത്തോടെ പുൽകുക ഇങ്ങനെയുമാകാം. എന്നാൽ, എഴുത്തിൽ കുടുങ്ങി കിടക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഒച്ച, ചിലപ്പോൾ ഭീതിയുടെയും, ചിലപ്പോൾ സ്വാതന്ത്ര്യത്തിന്റെയും, ചിലപ്പോൾ ആനന്ദത്തിന്റെയും, ചിലപ്പോൾ ദുഖത്തിന്റെയും, ചിലപ്പോൾ അന്തമില്ലാത്ത ഖേദത്തിന്റെയുമായിരിക്കുമെന്നു വാസ്ലെവ് ഹാവേൽ എന്നുമെന്നെ ഓർമ്മിപ്പിച്ചിരുന്നു. തന്റെ കാലത്തെ ഏറ്റവും പൊതുജനസമ്മതിയുണ്ടായിരുന്ന ഒരു സ്വേച്ഛാധിപത്യഘടനയോടായിരുന്നു ഹാവേലിനു നേരിടേണ്ടിയിരുന്നതു്. അതും അഹിംസയുടെ സമരോൽസുകമായ രൂപത്തിലൂടെ; ഒരുപക്ഷേ, അതു് എഴുത്തിന്റെ കൂടി ജീവിതവുമായിരുന്നു. അല്ലെങ്കിൽ, ജനാധിപത്യത്തിനും പൌരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിരന്തര സമരമായിരുന്നു ഹാവേലിന്റെ എഴുത്തും ജീവിതവും. ദൈനംദിനജീവിതത്തിലെത്തന്നെയുള്ള അധികാരഘടനയെ കുറിച്ചു എഴുത്തുകാർ പുലർത്തുന്ന അറിവും ജാഗ്രതയും ഹാവേലിന്റെ കലയും ജീവിതവും ഓർമ്മിപ്പിക്കുന്നു.
പരസഹസ്രം കൈകളും പരസഹസ്രം നാവുകളും ഒരു തലയും പാർക്കുന്ന ഒരൊറ്റ ഉടൽ എന്നു് ‘എഴുത്തി’നെ സങ്കല്പിക്കാനാകും. ചിലപ്പോൾ “സംസാര സാഗര”ത്തിലേക്കു് ഒഴുകുകയോ ചിലപ്പോൾ നിശബ്ദതയിലേക്കു് മുങ്ങുകയോ ചെയ്യുന്ന കപ്പൽപോലെ എന്നും. ഒരുപക്ഷേ, എഴുത്തിന്റെ ഏറ്റവും സ്വകാര്യമായ ആരാധനാരൂപങ്ങൾ ഇങ്ങനെ പലതായും എഴുത്തുകാർ തന്നെ സങ്കല്പിക്കുന്നുണ്ടാകും. എന്നാൽ, അങ്ങനെ പല കാലത്തിലും പല രൂപത്തിലും പല ദേശങ്ങളിലും ഭാവന ചെയ്യുന്ന എഴുത്തിൽ, അതിന്റെതന്നെ അപരസ്വത്വം പോലെ, ‘രാഷ്ട്ര’വും പാർക്കുന്നു. അഥവാ, എഴുത്തുകാർ തങ്ങളുടെ ഭാഷയിൽ നേരിടുന്നതു് തങ്ങളുടെ രാഷ്ട്രത്തെയുമാകുന്നു. അത്തരമൊരു ഘട്ടത്തിലൂടെ, അല്ലെങ്കിൽ, എപ്പോഴും എഴുത്തുകാരുടെ ഓരോ തലമുറയും കടന്നുപോകുന്നു. അതുകൊണ്ടാണു്, ഓരോ എഴുത്തുകാരനും തന്റെ കാലത്തെ സംബന്ധിച്ച ഓർമ്മയിൽ തന്റെ രാഷ്ട്രത്തെകൂടി കണ്ടുമുട്ടുന്നതു്. രാഷ്ട്രത്തിന്റെ നിർമ്മിതിയിൽ അല്ല, രാഷ്ട്രത്തിന്റെ വിധിയിലാണു് പലപ്പോഴും അയാൾ. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലെ പല എഴുത്തുകാരും രാജ്യത്തു് നിലനിൽക്കുന്ന ‘അസഹിഷ്ണുത’ യുടെ പേരിൽ ‘ഭരണകൂട’ത്തിനോടു് പ്രതികരിച്ച പോലെ, അതു് ചിലപ്പോൾ, താൻ ജീവിക്കുന്ന കാലത്തെ മാത്രമല്ല രാഷ്ട്രത്തെയും കാണിക്കുന്നു.
സാഹിത്യത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചു് ഴാക്ക് റേഴാസ്യർ (Jacques Ranciere) പറഞ്ഞതു് എഴുത്തുകാരുടെ രാഷ്ട്രീയമല്ല സാഹിത്യത്തിന്റെ രാഷ്ട്രീയം എന്നാണു്. സാഹിത്യം സാഹിത്യമായിരിക്കുന്നതു തന്നെ രാഷ്ട്രീയ പ്രവർത്തനമായിരിക്കുന്നതുപോലെ, രാഷ്ട്രം എന്ന സങ്കല്പത്തിലും രാഷ്ട്രീയം പ്രവർത്തനക്ഷമമാകുന്നു. അതുകൊണ്ടുതന്നെ, അതു് എഴുത്തിലും പ്രവർത്തനക്ഷമമാകുന്നു. രാഷ്ട്രം എന്ന പരികല്പനയിൽ, ദേശം എന്ന ഓർമ്മയിൽ, തന്റെ ‘സ്വന്തം രാഷ്ട്രീയ’വുമായി എഴുത്തുകാർ അശാന്തമാകുന്ന (restless) സന്ദർഭങ്ങൾ നമ്മുടെ ഭാഷയുടെയും ഓർമ്മയാണു്. സമഗ്രാധിപത്യ പ്രത്യയശാസ്ത്രങ്ങളോടും അത്തരം അധികാരനിർവ്വഹണങ്ങളോടും വിയോജിച്ചതും അവയെ തങ്ങളുടെതന്നെ വായനാ സമൂഹത്തിന്റെ സംവാദമായി മാറ്റുകയും ചെയ്ത സന്ദർഭങ്ങൾ പോലെ. എം. ഗോവിന്ദന്റെയും ഒ. വി. വിജയന്റെ യും ഊഴം പോലെ.
ഒരുപക്ഷേ,, ‘ശീതയുദ്ധ കാല’ത്തെ (Cold War) ഏറ്റവും ജീവസുറ്റ മാർക്സിസ്റ്റ്-ജനാധിപത്യ സംവാദങ്ങൾ നടന്നതു് ഈ എഴുത്തുകാരുടെ മുൻകയ്യിലായിരുന്നു. ചിലപ്പോൾ, വിജയനെപ്പോലെ, ഒരാൾ മാത്രമായിരുന്നു അവിടെ. ഇപ്പുറത്തു്, കണിശമായും വേർപ്പെട്ടപോലെ ലെനിനിസ്റ്റ് നേതൃത്വവും അതിന്റെതന്നെ ഇടതുപക്ഷ വായനാസമൂഹവും നിന്നു.
വിജയനെ ഓർത്തു നോക്കൂ: ഒരു കമ്മ്യുണിസ്റ്റ് സമഗ്രാധിപത്യ ഭരണത്തിൻ കീഴിലായിരുന്നില്ല വിജയൻ എഴുതിയിരുന്ന ഭാഷയോ, കേരളമോ, ഇന്ത്യയോ. എന്നാൽ, തന്റെ രാഷ്ട്രമെന്ന സങ്കല്പത്തിൽ നിന്നും അത്തരം ഭരണകൂട സംവിധാനങ്ങളെ വിജയനു് ഒഴിവാക്കാൻ കഴിഞ്ഞിരുന്നുമില്ല. എന്തുകൊണ്ടായിരിക്കാം അതു്? ലോകത്തെ പലയിടങ്ങളിലും അത്തരം ഭരണകൂടങ്ങളും സമഗ്രാധിപത്യക്രമങ്ങളും നിലനിന്നിരുന്നു എന്നതുകൊണ്ടു മാത്രമാവില്ല അതു്. എഴുത്തിന്റെ തന്നെ ഒരു വിധിയാണതു്: ലോകമാണു് അതിന്റെ പ്രചോദനം. അല്ലെങ്കിൽ, ഭാഷകളിൽ ചിതറുന്ന രാഷ്ട്രങ്ങളെ അങ്ങനെയാണു് എഴുത്തു് സന്ധിക്കുന്നതു്. വിജയൻ അതു് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. ഒരേസമയം, ലോകവും രാഷ്ട്രവുമായി തന്റെ ഭാഷയിലേക്കും എഴുത്തിലേക്കും വിജയൻ വന്നതു് അങ്ങനെയാണു്. നമ്മുടെ സാഹിത്യത്തിലെ ‘ആധുനികത’യുടെ തിളങ്ങുന്ന ഒരു ഘട്ടം ഈ സംവാദത്തിന്റെ ജീവിതംകൂടിയായതും അങ്ങനെയാണു്.
വാസ്തവത്തിൽ, അത്തരം സംവാദങ്ങൾ, നമുക്കു് പരിചയമുള്ള നമ്മുടെ സ്വന്തം ചെറിയ ചെറിയ “സ്റ്റാലിനിസ ”ങ്ങളെ ചെറുക്കുക മാത്രമായിരുന്നില്ല. മറിച്ചു്, ആ സന്ദർഭങ്ങളിൽ ആ എഴുത്തുകാരോ അവരുടെ വായനക്കാരോ പങ്കെടുക്കുന്ന “അധികാര വിമർശം” എഴുത്തിന്റെതന്നെ ധർമ്മത്തെ പ്രതി മാത്രമായിരുന്നില്ലതാനും. നമ്മുടെ സമൂഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്ന സംവാദത്തിൽ, ഭാഷയ്ക്കും ദേശത്തിനുമുള്ള സ്ഥാനം ഒരേസമയം എഴുത്തുകാരും വായനക്കാരും അടയാളപ്പെടുത്തുകകൂടിയായിരുന്നു.
സമൂഹത്തിലെ കേടുകളോടു് കലഹിച്ചും ദുഷ്ടതകളെ പ്രതിരോധിച്ചും എഴുത്തുകാരും കലാകാരന്മാരും സ്വാതന്ത്ര്യത്തെ ബോധ്യപ്പെടുത്തുന്നുവെന്ന ‘പദവി’ എങ്ങനെയാണു് അവർക്കു് കിട്ടിയതെന്നോ, എപ്പോഴാണു് കൈവന്നതെന്നോ തിരഞ്ഞുപോയാൽ, ഇങ്ങനെ ഓരോ കാരണങ്ങളിലും എത്തുന്നപോലെ, ഓരോ സമൂഹവും അതാതുകളുടെ ചരിത്രത്തിലേക്കും ആ യാത്രകളെ തിരിച്ചുവെയ്ക്കുന്നു. അധികാര നിർവ്വഹണത്തോടും അധികാരം എന്ന സങ്കല്പത്തോടുമാണു് എഴുത്തും എഴുത്തുകാരും നേരിടുന്നതു് എന്നതുകൊണ്ടുകൂടിയാണു് ആ “പദവി” കിട്ടിയതു്. അതുകൊണ്ടാണു്, ചിലപ്പോൾ വെളിച്ചത്തിൽ നിന്നും ചിലപ്പോൾ ഇരുട്ടിൽ നിന്നും “നിങ്ങൾ അപ്പോൾ എന്തു് ചെയ്യുകയായിരുന്നു?” എന്ന ചോദ്യം എഴുത്തുകാർ നേരിട്ടതു്. എന്നാൽ, തങ്ങളുടെ ഈ ‘പദവി’, സാമൂഹ്യ ശ്രദ്ധ, എഴുത്തുകാർക്കു് നഷ്ടപ്പെടുകയോ അല്ലെങ്കിൽ പരിഗണനീയമല്ലെന്നോ തോന്നുന്ന സന്ദർഭങ്ങൾ അതിനോടൊപ്പം തന്നെയുണ്ടു്. അതു് ഏറെയും അധികാര വിമർശത്തിന്റെ തന്നെ വ്യത്യസ്തങ്ങളായ സന്ദർഭങ്ങളിലുമാകാം. പക്ഷേ, സ്വാതന്ത്ര്യത്തെ കണിശമായും നിരീക്ഷിക്കുന്ന ഒരാൾ എന്ന തന്റെതന്നെ സ്വാതന്ത്ര്യാനുഭവത്തിലൂടെ എഴുത്തുകാർ കടന്നുപോകുന്ന സന്ദർഭം, എഴുത്തുകാരെ ഒഴിഞ്ഞു പോകുന്നേയില്ല. സ്വേച്ഛാധിപത്യത്തെ നേരിടുന്ന എഴുത്തുകാർ, സ്വേച്ഛാധിപത്യത്തിന്റെ ചരിത്രത്തെത്തന്നെ സമാഹരിക്കുന്ന പോലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. തങ്ങളുടെ രാഷ്ട്രം പോലെ. തങ്ങളുടെ ഭാവനയിലെ, രാഷ്ട്രീയത്തിലെ ഇടർച്ചകൾ, അവർ, തങ്ങളുടെ രാഷ്ട്രം പോലെ, അനുഭവിക്കുന്നു. “നിങ്ങൾ അപ്പോൾ എന്തു് ചെയ്യുകയായിരുന്നു?” എന്ന ചോദ്യം തന്റെ ഉള്ളിൽ നിന്നുമെന്ന പോലെ കേൾക്കാൻ തുടങ്ങുന്നു.
വാസ്തവത്തിൽ, എഴുത്തുകാർ രാഷ്ട്രീയതത്വചിന്തകർ ആയിരിക്കണമെന്നില്ല. എഴുത്തു് ‘നിഷ്ക്കളങ്കമായ പ്രവർത്തി’ എന്നു് വരുന്ന സന്ദർഭങ്ങൾ എന്നുമുണ്ടു്—ജീവിതത്തിലെ നിഷ്കളങ്കമായ സന്ദർഭങ്ങൾ പോലെതന്നെ. ആനന്ദത്തെപ്പറ്റിയുള്ള ഏറ്റവും ലളിതമായ അറിവുപോലെത്തന്നെ. എന്നാൽ, തങ്ങൾ പ്രവർത്തിക്കുന്ന ഭാഷ, അതിലെ രാഷ്ട്രീയ വ്യവസ്ഥിതികൾ, അതിലെ പൌരജീവിതത്തിന്റെയും കൂടി പരീക്ഷണ ഘട്ടമെന്ന നിലകൂടി കൈവരിക്കുമ്പോൾ എഴുത്തുകാർ, ആ ‘വ്യവസ്ഥിതികൾ’ക്കുള്ളിൽ തന്നെയാണു്. ഒരുപക്ഷേ, എപ്പോഴും. അഥവാ, അവർ എപ്പോഴും അങ്ങനെയൊരു നിരീക്ഷണ വലയത്തിലാണു്. അതുകൊണ്ടു്, എഴുത്തുകാരോടു് “നിങ്ങൾ അപ്പോൾ എന്തു് ചെയ്യുകയായിരുന്നു?” എന്നു് വായനക്കാർ ചോദിക്കുമ്പോൾ, ഒരേസമയം, ആ രാഷ്ട്രീയ വ്യവസ്ഥിതിയിലും ആ പൌരജീവിതത്തിലും തങ്ങളുടെത്തന്നെ ജീവിതത്തെപ്പറ്റി അവർ അന്വേഷിക്കുകയാണു്— ഒരിക്കൽ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ രചനകളിൽ അവർ തങ്ങളെത്തന്നെ തേടിയതുപോലെ.
ഇപ്പോൾ തോന്നും, അന്നു് ഹാവേലിന്റെ പുസ്തകം എം. ടി.-യ്ക്കു് സമ്മാനിക്കുമ്പോൾ നമ്മുടെതന്നെ എഴുത്തിന്റെയും ഭാഷയുടെയും ഓർമ്മ അതുവരേക്കും ഞാൻ കൊണ്ടുപോരുകയായിരുന്നുവെന്നു്. വലിയ യുദ്ധങ്ങളോ അല്ലെങ്കിൽ ഭീതി തരുന്ന ഓർമ്മകളോ ഇല്ലാത്ത ഒരു ഭാഷയും ഒരു സമൂഹവുമായിരുന്നിട്ടു കൂടി നമ്മളും നമ്മുടെ വലുതും ചെറുതും നരകങ്ങൾ ജീവിച്ചിരുന്നു. ഇപ്പോഴും. ആ നരകങ്ങളെപ്പറ്റി എം. ടി.-യും എഴുതിയിരുന്നു. ഞാൻ അതു് വായിക്കുന്നുമുണ്ടായിരുന്നു. ആ ഓർമ്മ കൊണ്ടുപോരുകയുമായിരുന്നു.
December, 2015.
കഥാകൃത്തു്, നോവലിസ്റ്റ്, കവി, നാടകകൃത്തു്. പാലക്കാടു് ജില്ലയിലെ പട്ടാമ്പി സ്വദേശി. പ്രസിദ്ധീകരിച്ച കൃതികൾ മകരത്തിൽ പറഞ്ഞതു് (കഥകൾ – പാഠഭേദം), കൊച്ചിയിലെ നല്ല സ്ത്രീ (കഥകൾ – സൈൻ ബുക്സ്), പായക്കപ്പൽ, (കഥകൾ – ഡി. സി. ബുക്സ്) ഏകാന്തതയെ കുറിച്ചു പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളു (കഥകൾ – ഡി. സി. ബുക്സ്) അതികുപിതനായ കുറ്റാന്വേഷകനും മറ്റു് കഥകളും (കഥകൾ – ഡി. സി. ബുക്സ്), പരസ്യജീവിതം (നോവൽ – ഡി. സി. ബുക്സ്), ബൈസിക്കിൾ തീഫ് (നോവൽ – മാതൃഭൂമി ബുക്സ്), യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവൽ – ഡി. സി. ബുക്സ്), യുവാവായിരുന്ന ഒൻപതു വർഷം (നോവൽ – ഡി. സി. ബുക്സ്), യക്ഷിയും സൈക്കിൾ യാത്രക്കാരനും (കവിതകൾ – ഗ്രീൻ ബുക്സ്) ഉടൽ എന്ന മോഹം (ലേഖനങ്ങൾ – ലോഗോ ബുക്സ്). “യുവാവായിരുന്ന ഒൻപതു വർഷം” എന്ന നോവലിനു് ഹൈദരാബാദിലെ നവീന കലാസാംസ്കാരിക കേന്ദ്രത്തിന്റെ “ഒ. വി. വിജയൻ പുരസ്കാരം” ലഭിച്ചു. കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.