“I’m rotten with Literature”[1]
രണ്ടു ഷെൽഫുകൾ നിറയെ
പുസ്തകങ്ങൾ ഭംഗിയിൽ വെച്ചുകൊണ്ടുള്ള
അവളുടെ ഇരിപ്പുമുറിയുടെ ഫോട്ടോ
എന്തിനെനിക്കുതന്നെ അയച്ചു, ഉറങ്ങാതെ
രാത്രി മുഴുവൻ കഴിച്ചുകൂട്ടുന്ന
വീട്ടുമൃഗത്തിന്റെ വീണ്ടുവിചാരത്തിലകപ്പെട്ട
ഈ സമയത്തു്.
ഇതിൽ യൂറോപ്പിൽ നിന്നും
അമേരിക്കയിൽ നിന്നും
ഏഷ്യയിൽ നിന്നുമുള്ള എഴുത്തുകാരുണ്ടു്
ആഫ്രിക്കയിൽ നിന്നുമുള്ള എഴുത്തുകാരുണ്ടു്.
അവൾ എഴുതുന്നു.
നിനക്കിഷ്ടമുള്ള എഴുത്തുകാരന്റെ
എല്ലാ പുസ്തകങ്ങളുമുണ്ടു്.
ഇപ്പോൾ നീ ഉറങ്ങാൻ നിൽക്കരുതു്.
ഈ രാത്രി നീ
എന്റെ വീട്ടിൽ വന്നു് താമസിക്കു്.
ഞാൻ, പക്ഷേ, അവൾക്കു്
എന്റെ സങ്കടങ്ങൾ എഴുതുന്നു:
ഇവിടെ എന്റെ അടുക്കളയിലെ സിങ്കിൽ
ഒരു പശു കിടന്നുറങ്ങുന്നു.
അതിനെ അമ്മ ഒരു അറവുകാരന്റെ
കൈയ്യിൽ നിന്നും വാങ്ങിയതാണു്.
പിന്നെ എനിക്കു് സമ്മാനിച്ചതാണു്.
അതിനെ ഞാൻ എന്തു് ചെയ്യും.
അതുമാത്രമല്ല, എന്റെ മേശപ്പുറത്തു്
മുട്ടയിടാനായി ഒരു കോഴി
അതിന്റെ ഊര ഇടയ്ക്കൊക്കെയും
പൊന്തിയ്ക്കുന്നു.
മുട്ട താഴെ വീണു പൊട്ടില്ലേ.
നോക്കു്, ഞാൻ വാതിൽ കുറ്റിയിട്ടിട്ടില്ല.
നീ ഇങ്ങോട്ടു് വേഗം വാ, ആരും കാണില്ല.
പാറാവുകാരന്റെ പിറകിലൂടെ വാ,
അയാളുടെ ചെവികളിൽ ഇപ്പോൾ
ഒരു തുമ്പി മൂളുകയാണു്
പാവമാണു്, ചത്തുപോയ ഭാര്യയുടെ കൂടെ
ഉറക്കം തൂങ്ങുകയാണു്.
അതുപോട്ടെ, നിന്റെ അലമാരിയിൽ
നേപ്പാളിൽനിന്നുമുള്ള
കവികൾ ഉണ്ടോ, പേരിനെങ്കിലും.
ഞാൻ ചോദിക്കുന്നു.
അതിനുതാഴെ അവൾ ഹ ഹ ഹ എന്നെഴുതുന്നു
അതിനു താഴെ ഞാനും ഹ ഹ ഹ എന്നെഴുതുന്നു
എന്തുമാത്രം സുന്ദരിയാണു് ഇപ്പോഴും അവൾ
അവിടെ പകലും ഇവിടെ രാത്രിയും
ഒരുമിച്ചുകഴിയുന്ന ഈ നിമിഷങ്ങളിൽ
പുസ്തകഷെൽഫിന്റെ താഴെ
മിനുസമുള്ള നിലത്തു് അതിലും മിനുസമുള്ള
തലയിണയിൽ തലവെച്ചു്
പകൽ മുഴുവൻ അവൾ പുസ്തകം വായിക്കുന്നു.
പകൽ മുഴുവൻ അവൾക്കു് വയസ്സാവുന്നു
രാത്രിയിൽ അവൾ ഉറങ്ങുന്നു
രാത്രിയിൽ അവൾ തിരിച്ചു നീന്തുന്നു.
ഉറക്കത്തിൽത്തന്നെ അവളെ
അവളുടെ കൈകൾ ഒരുക്കുന്നു
അവളുടെ ചുണ്ടിൽ ചായം തേച്ചുപിടിപ്പിക്കുന്നു
അവളുടെ കണ്ണുകൾ എഴുതി കൊടുക്കുന്നു
അവളുടെ നെറ്റിയിൽ പൊട്ടുകുത്തിക്കൊടുക്കുന്നു
അവളുടെ കൈകളിൽ വളകൾ ഇട്ടുകൊടുക്കുന്നു
അവളുടെ കാലുകളിൽ
കൊലുസുകൾ അണിയിക്കുന്നു
പുസ്തക ഷെൽഫിലെ മൂന്നാമത്തെ തട്ടിലെ
ഉണ്ണിഗണപതി രാത്രി മുഴുവൻ
അവൾക്കു് കാവലിരിക്കുന്നു
അവളുടെ മരണങ്ങളെ അവളുടെ വായന
നിശ്ശബ്ദമായി അനുകരിക്കുന്നു
ഞാൻ അടുക്കളയിലെ സിങ്കിലേക്കു്
ചാഞ്ഞു നോക്കുന്നു:
വരണ്ടുപോയ ഒരു രാജ്യം ഓർമ്മിയ്ക്കുന്നു.
ശരി, ഞാൻ നിന്റെ അരികിലേക്കു് വരുന്നു.
ഞാൻ എഴുതുന്നു. ഈ രാത്രിതന്നെ
ഹ ഹ ഹ എന്നു്
അതിനു താഴെ എഴുതുന്നു.
പിന്നെ അവളുടെ മറുപടിക്കു് കാത്തു നിൽക്കുന്നു
പിന്നെയും അവളുടെ മറുപടിക്കു്
കാത്തുനിൽക്കുന്നു
രാത്രികൾ മാത്രം ഉറപ്പുതരുന്ന ക്ഷമയോടെ.
[1] ബോർഹസ്സിന്റെ വരി.
തന്റെ മുറിയിൽ മുഷിഞ്ഞു്
വെറുതെ ഇരിക്കുമ്പോൾ
അന്യരുടെ വീടു്
കുത്തിത്തുറക്കുന്നതു സങ്കല്പിക്കുന്ന
ഒരു കവി എന്റെ കൂട്ടുകാരിയാണു്.
പതിമൂന്നു ദിവസം കവിതകളൊന്നും തന്നെ
എഴുതാതെ
അവളുടെ പൂച്ചക്കുഞ്ഞിനോടു മാത്രം
സംസാരിച്ചു് പകലും
മരിച്ചുപോയ പ്രിയപ്പെട്ട കവികളുടെ വരികൾ
അവർ ചൊല്ലിയിരുന്നപോലെ
അവതരിപ്പിച്ചു് രാത്രിയും
അവൾ തനിച്ചിരിപ്പിന്റെ കൊടുമുടി കാണുന്നു.
പതിനാലാം ദിവസം അവൾ
ഏതെങ്കിലും രാജ്യത്തെ
ഏതെങ്കിലും പട്ടണത്തിലെ
ഏതെങ്കിലും വീടു്
ഏതെങ്കിലും സമയത്തു്
കുത്തിത്തുറക്കുന്നു.
മാസമുറകൾ ഉപേക്ഷിച്ചു്
മോഹങ്ങൾക്കു് മേൽ
വേറെ വേറെ ഉടലുകൾ പുതപ്പിക്കുന്ന സമയം
അവൾ കവികളുടെ ധീരതയോടെ
അന്യരുടെ വീടുകൾ കൊള്ളയടിക്കുന്നു.
ചിലപ്പോൾ ആ ശ്രമങ്ങളിൽ കൊല്ലപ്പെടുന്നു.
ഏകാന്തതയെക്കുറിച്ചു് പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളൂ,
അവൾ ഒരിക്കൽ എന്നോടു പറഞ്ഞു:
ഞാനതു് വേട്ടയാടുന്നു.
കുറേ മുമ്പുള്ള
ഒരു വെള്ളിയാഴ്ച്ചയായിരുന്നു
അവൾ എന്നെ സന്ദർശിച്ചതു്.
പുണ്യവതികൾ
രഹസ്യമായി അനുകരിക്കുന്ന
ഉയർത്തെഴുൽപ്പു് ദിവസംപോലെ
ഒന്നിൽ.
കഥാകൃത്തു്, നോവലിസ്റ്റ്, കവി, നാടകകൃത്തു്. പാലക്കാടു് ജില്ലയിലെ പട്ടാമ്പി സ്വദേശി. പ്രസിദ്ധീകരിച്ച കൃതികൾ മകരത്തിൽ പറഞ്ഞതു് (കഥകൾ – പാഠഭേദം), കൊച്ചിയിലെ നല്ല സ്ത്രീ (കഥകൾ – സൈൻ ബുക്സ്), പായക്കപ്പൽ, (കഥകൾ – ഡി. സി. ബുക്സ്) ഏകാന്തതയെ കുറിച്ചു പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളു (കഥകൾ – ഡി. സി. ബുക്സ്) അതികുപിതനായ കുറ്റാന്വേഷകനും മറ്റു് കഥകളും (കഥകൾ – ഡി. സി. ബുക്സ്), പരസ്യജീവിതം (നോവൽ – ഡി. സി. ബുക്സ്), ബൈസിക്കിൾ തീഫ് (നോവൽ – മാതൃഭൂമി ബുക്സ്), യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവൽ – ഡി. സി. ബുക്സ്), യുവാവായിരുന്ന ഒൻപതു വർഷം (നോവൽ – ഡി. സി. ബുക്സ്), യക്ഷിയും സൈക്കിൾ യാത്രക്കാരനും (കവിതകൾ – ഗ്രീൻ ബുക്സ്) ഉടൽ എന്ന മോഹം (ലേഖനങ്ങൾ – ലോഗോ ബുക്സ്). “യുവാവായിരുന്ന ഒൻപതു വർഷം” എന്ന നോവലിനു് ഹൈദരാബാദിലെ നവീന കലാസാംസ്കാരിക കേന്ദ്രത്തിന്റെ “ഒ. വി. വിജയൻ പുരസ്കാരം” ലഭിച്ചു. കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
ചിത്രങ്ങൾ: വി. മോഹനൻ