കേരളത്തിൽ തൊട്ടുമുമ്പു് കഴിഞ്ഞ പ്രളയം ഞാൻ കണ്ടിരുന്നില്ല, അതിനും കുറച്ചു ദിവസങ്ങൾക്കു് മുമ്പു് മാത്രമാണു് ഞാൻ നാട്ടിൽ നിന്നും പോരുന്നതു്. പിന്നെ മഴ വന്നു, കോരിച്ചൊരിഞ്ഞു. ആ സമയം, എന്റെ സ്കൂൾ ചങ്ങാതി, പകലും രാത്രിയും പെയ്യുന്ന മഴയുടെ രണ്ടു വീഡിയോകൾ അയച്ചു തന്നു. ഞങ്ങൾ പറഞ്ഞു: മഴ, അതിന്റെ സ്വന്തം ശബ്ദത്തിലാണു് കഴിയുന്നതു്. ആ ശബ്ദത്തിൽ നിന്നാണു് അതു് പുറത്തിറങ്ങുന്നതു്. പല രൂപത്തിൽ, ആദ്യാവസാനം ഒരു ‘പെർഫോമറെ’ പോലെ.
എന്നാൽ, ഇതിനും മുമ്പേ, കഴിഞ്ഞ ജൂണിൽ, മഴയുടെ ഒരു ലാഞ്ഛനയുമില്ലാത്ത മറ്റൊരു രാജ്യത്തു് പാർക്കുന്ന ഞാൻ ഒരു നാടകമെഴുതിയിരുന്നു. ആ ദിവസങ്ങളിൽ ലോകത്തിലെ ഏറ്റവും കഠിനമായ ചൂടുള്ള ദിനങ്ങളിലായിരുന്നു, കുവൈത്ത്. സൂര്യനെ നേരിട്ടു തൊടുന്ന പോലെ പൊള്ളുന്ന പകൽ, ആ ഉഷ്ണം രാത്രി കഴിയും വരെയും നീണ്ടു. പകൽ പലപ്പോഴും അമ്പതു ഡിഗ്രിക്കു് മുകളിലേക്കു് പോയി. പക്ഷെ, ഞാൻ എഴുതിയ നാടകം, ദുരന്തംപോലെ കടന്നുപോയ ഒരു വെള്ളപ്പൊക്കത്തെപ്പറ്റിയും. പ്രളയത്തിനുശേഷം, ഒഴുക്കിൽ മരിക്കാനിരിക്കുന്ന ഒരു തെണ്ടിയും അയാൾക്കു് തുണയായി ഇരിക്കുന്ന ദൈവത്തെപ്പറ്റിയും ആയിരുന്നു, അതു്. നാടകത്തിനു ‘വെള്ളപ്പൊക്കത്തിൽ’ എന്നു് പേരും ഇട്ടു. തകഴിയുടെ കഥയുടെ പേരും ഓർത്തു.
നാടകം, ഞാൻ എഴുത്തുകാരിയും നാടക പ്രവർത്തകയുമായ സുഹൃത്ത്, യമയ്ക്കു് വായിക്കാൻ അയച്ചു കൊടുത്തു. മകൾക്കും അയച്ചു കൊടുത്തു. ആ സമയം എഴുതിയ ഒരു കവിതയിലും ഒരു കഥയിലും ഇതാ ഇപ്പോൾ ഈ നാടകത്തിലും ‘ദൈവം’ വീണ്ടും വീണ്ടും വരുന്നുവല്ലോ എന്നു് മകൾ കളി പറഞ്ഞു. ആഴ്ചകൾക്കു ശേഷം, ഞാൻ അതുവരെയും കാണാത്ത ഒരു മഴ, എന്നെയും, ഈ നാടകത്തിലെ കഥാപാത്രങ്ങൾ പോലെ, നനയാൻ തെരഞ്ഞെടുത്തിരുന്നു. പട്ടാമ്പിയിലുള്ള ഞങ്ങളുടെ വീടിനു ചുറ്റും വെള്ളം പൊന്തിയിരുന്നു, പട്ടാമ്പി പാലം വെള്ളത്തിൽ മുങ്ങിയിരുന്നു, ഞങ്ങൾ കുട്ടികൾ എല്ലാവരും പഠിച്ചിരുന്ന സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയി മാറിയിരുന്നു. പ്രളയം വന്നു കഴിഞ്ഞിരുന്നു. തന്റെ വയസ്സായ അമ്മയെ കസേരയിൽ ഇരുത്തി വെള്ളത്തിലൂടെ നീങ്ങുന്ന രണ്ടു പേർക്കു് ഒപ്പം കഴുത്തോളം വെള്ളത്തിൽ ഇന്നു് ഞാനും ഞങ്ങളുടെ വീടു് വിട്ടു എന്നു് അതേ സ്കൂൾ സുഹൃത്തു് ഫോണിൽ പറഞ്ഞു. ഞങ്ങളുടെ വീടിനടുത്തു്, തൂതയുടെ കരയിലാണു് അയാളുടെ വീടു്. പുഴ അയാളുടെ വീട്ടിലേക്കും ചെന്നു.
ഈ നാടകത്തിൽ, വെള്ളത്തിലേക്കു് പിടിവിട്ടു വീഴുന്ന ദൈവവും തെണ്ടിയുമുണ്ടു്. അതേ വീഴ്ച, മുഖത്തേയ്ക്കു് തെറിയ്ക്കുന്ന വെള്ളത്തുള്ളികൾക്കൊപ്പം, ഞാൻ ഇതേ ദിവസങ്ങളിൽ പല തവണ കണ്ടു. എഴുത്തിനു് പ്രവചനാത്മകമായ എന്തെങ്കിലും റോൾ, അല്ലെങ്കിൽ അങ്ങനെയൊരു പരിവേഷം, aura, ഉണ്ടെന്നു വിശ്വസിക്കുന്ന ആളല്ല ഞാൻ. എഴുത്തും, ജീവിതത്തെപ്പോലെ, നശ്വരതയുടെ കലയാണു് എന്നും വിശ്വസിക്കുന്നു. അപ്പോഴും, അതു് നമ്മെ യാദൃച്ഛികതകൾകൊണ്ടു് അത്ഭുതപ്പെടുത്തുന്നു.
ഇപ്പോൾ ഓർക്കുമ്പോൾ, കഠിനമായ ഉഷ്ണമോ, ഉള്ളു് തെളിയാത്ത സങ്കടമോ, ഊളിയിട്ടുപോയ സ്ഥലമാകാം ഈ നാടകം. അതും ഹതാശമായിത്തന്നെ.
കരുണാകരൻ
15/09/18
കഥാപാത്രങ്ങൾ തെണ്ടി ദൈവം രക്ഷാപ്രവർത്തകർ – 2 സമയം കഠിനമായ ഒരു പ്രളയക്കെടുതിയിൽ. ഒരു വൈകുന്നേരം. അസ്തമനത്തിനു തൊട്ടു മുമ്പു്. നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളം. ഒലിച്ചുപോകുന്ന മൃഗങ്ങളും മരങ്ങളും വസ്തുക്കളും. വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന കരയിലെ കുറച്ചു സ്ഥലം. മറിച്ചിട്ട ഒരു തോണിപോലെ. ആ കരയിൽ, വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷ നേടാൻ കയറിയിരിക്കുന്ന രണ്ടു പേർ. തെണ്ടിയും ദൈവവും. രണ്ടുപേരും മഴയിൽ നനഞ്ഞു കുതിർന്നിരിക്കുന്നു. കാറ്റു് വീശുമ്പോൾ രണ്ടുപേരും വിറയ്ക്കുന്നുണ്ടു്. ഇടയ്ക്കു് തെണ്ടി ദൈവത്തെ നോക്കുന്നുണ്ടു്. ചിലപ്പോൾ ഇഷ്ടത്തോടെ. ചിലപ്പോൾ ഭയത്തോടെ. പശ്ചാത്തലത്തിൽ വെള്ളമൊഴുകുന്ന ശബ്ദം മാത്രം. എപ്പോഴെങ്കിലും ചില നിലവിളികൾ. ചിലപ്പോൾ മനുഷ്യരുടെ. ചിലപ്പോൾ മൃഗങ്ങളുടെ. ചിലപ്പോൾ പക്ഷികളുടെ.
- തെണ്ടി:
- (പറഞ്ഞുകൊണ്ടിരുന്നതിന്റെ തുടർച്ചപോലെ) എന്റെ ദൈവമേ! ഈ വെള്ളമിറങ്ങുന്നതുവരെ എന്നെ അങ്ങ് കാത്തുകൊള്ളണേ! എനിക്ക് വേറെ ആരുമില്ല. എനിക്ക് വേറെ വഴിയില്ല. അങ്ങ് കണ്ടതല്ലേ, ഞാൻ വെള്ളത്തിൽ ഒഴുകി പോവുകയായിരുന്നു. അങ്ങ് ഇവിടെ ഉണ്ടായിരുന്നതുകൊണ്ടു് മാത്രം എന്നെ കണ്ടു. എന്നെ വലിച്ചു കയറ്റി. ചാവുന്നതിൽ നിന്നും എന്നെ രക്ഷപ്പെടുത്തി. അങ്ങ് ദൈവം തന്നെ! അങ്ങ് എന്നെ കാത്തുകൊള്ളണെ…
- ദൈവം:
- ഞാൻ വിചാരിച്ചു, വേറെ എന്തോ ഒഴുകി വരുന്നു എന്നു്. ആദ്യം വിചാരിച്ചു പുലിയാണു് എന്നു്. ഞാൻ ശരിക്കും പേടിച്ചു. പുലി എന്നെ കണ്ടാലോ, പുലി എന്നെ പിടിച്ചാലോ. (തെണ്ടിയെ നോക്കി പുഞ്ചിരിച്ചുകൊണ്ടു്) നീ ഭയപ്പെടെണ്ട. ഏതായാലും നീ ഇപ്പോൾ ഒലിച്ച് പോകില്ല. ഞാൻ ഇവിടെത്തന്നെ നിനക്ക് തുണയായി ഉണ്ടാകും. പക്ഷേ, അസ്തമയം വരെ മാത്രം.
- തെണ്ടി:
- അയ്യോ! അങ്ങ് പോകുകയാണോ? അപ്പോൾ രാത്രിയിൽ ഞാൻ ഒറ്റയ്ക്ക് ആവുമല്ലോ! (പേടിച്ചു് വിറച്ചു്) എങ്കിൽ ഞാൻ ഈ വെള്ളത്തിൽ എന്തായാലും ഒലിച്ചുപോവും… കടലിൽ എത്തും… ചാവും…
- ദൈവം:
- (തെണ്ടിയെ നോക്കുകമാത്രം ചെയ്യുന്നു)
- തെണ്ടി:
- (തെല്ലിട ആലോചിച്ചുകൊണ്ടു്) അങ്ങ് ദൈവമല്ലെ? അങ്ങേക്ക് അറിയാൻ പറ്റുമല്ലോ എല്ലാം. ഞാൻ ഒരു തെണ്ടി മാത്രമല്ലേ. എനിക്കാരുമില്ല… (അൽപ്പനേരം കഴിഞ്ഞു്) പക്ഷേ, ഇങ്ങനെയാണോ ഞാൻ മരിക്കുക! വെള്ളംകുടിച്ച്! ഓ! എനിക്ക് പേടിയാവുന്നു… (അപേക്ഷാസ്വരത്തിൽ) അങ്ങ് ദൈവമല്ലെ? അങ്ങേക്ക് അറിയാൻ പറ്റുമല്ലോ. ഞാൻ എങ്ങനെയാണു് മരിക്കുക? ഞാൻ മരിക്കുമോ? ഈ വെള്ളപ്പൊക്കത്തിൽ ഞാൻ ഒലിച്ചുപോവുമോ?
- ദൈവം:
(തെണ്ടിയെ നോക്കുകമാത്രം ചെയ്യുന്നു)
നിശബ്ദത
(പെട്ടെന്നു് ദൈവം വെള്ളത്തിൽ നിന്നു് തന്റെ ഒരു കാൽ ഉയർത്തുന്നു. ഒരു കുഞ്ഞുടുപ്പു് കാലിൽ തടഞ്ഞിരിക്കുന്നു. പൂക്കൾ നിരന്ന ഒരു പുള്ളിയുടുപ്പു്. കാലിൽ വെച്ചുതന്നെ ദൈവം ഉടുപ്പു് ഉയർത്തുന്നു. തെണ്ടി അതുതന്നെ നോക്കി ഇരിക്കുകയാണു്. ദൈവം കുറച്ചുകൂടി ഉയരത്തിലേക്കു് കാലിൽ ഉടുപ്പു് ഉയർത്തുന്നു. ഉടുപ്പു് കൈകളിൽ എടുക്കുന്നു. വിടർത്തി പിടിക്കുന്നു. ഒരു നിമിഷം നിശ്ചലമാവുന്നു. കണ്ണുകൾ അടയ്ക്കുന്നു. ഒരു കുഞ്ഞിന്റെ ചിരി കേൾക്കുന്നു. തെണ്ടി ഞെട്ടലോടെ നാലുപാടും നോക്കുന്നു. മേല്പ്പോട്ടും നോക്കുന്നു. ദൈവം കുനിഞ്ഞു്, ഉടുപ്പു് വെള്ളത്തിലേക്കു് ഇടുന്നു, ഉടുപ്പു് ഒഴുകി പോകുന്നു.)
നിശബ്ദത
- തെണ്ടി:
- പാവം! അതും ഒലിച്ചുപോയോ! അതിനെയും ഈ വെള്ളപ്പൊക്കം കൊണ്ടുപോയോ! ആ കുഞ്ഞിനെ അങ്ങേയ്ക്ക് അറിയുമോ?
- ദൈവം:
- ഇല്ല!
- തെണ്ടി:
- നുണ!
- ദൈവം:
- അല്ല, സത്യമാണ്.
- തെണ്ടി:
- ദൈവത്തിന് എല്ലാവരെയും അറിയാം. ദൈവം എല്ലാം കാണുന്നു.
നിശബ്ദത
(ദൈവവും തെണ്ടിയും ദുഃഖിതരെപ്പോലെ ഇരിക്കുന്നു.)
വെള്ളം ഒഴുകുന്ന ശബ്ദത്തിനു മീതെ ഒരു കാക്ക കരഞ്ഞുകൊണ്ടു് പറന്നു പോകുന്നു. തെണ്ടിയും ദൈവവും ആകാശത്തേയ്ക്കു് നോക്കുന്നു. കാക്ക കാഴ്ച്ചയിൽ നിന്നും മറഞ്ഞു പോകുന്നതുവരെയും നോക്കുന്നു.
- തെണ്ടി:
- അതിനു വെള്ളപ്പൊക്കമില്ല. (ആലോചിക്കുന്നു) ആ കാക്കയുടെ കൂടെവിടെയാണാവോ! പാവം! (ദൈവത്തെ നോക്കുന്നു) അങ്ങ് എവിടെയാണ് താമസം? ഇവിടെ എങ്ങനെ എത്തി?
- ദൈവം:
- എനിക്ക് വീടില്ല.
- തെണ്ടി:
- (ചിരിക്കുന്നു) അത് എനിക്കറിയാം! തൂണിലും തുരുമ്പിലും ദൈവം പാർക്കുന്നു എന്നല്ലേ? ഇതാ ഇപ്പോൾ ഇവിടെയും… (ചുറ്റും നോക്കിക്കൊണ്ടു്) വെള്ളം പൊന്തിവരികയാണല്ലോ ദൈവമേ!
(ദൈവവും ചുറ്റും നോക്കുന്നു. ദൈവം തെണ്ടിയുടെ അരികിലേക്കു് കുറച്ചുകൂടി നീങ്ങി ഇരിക്കുന്നു.)
(വീണ്ടും ഒരു കാക്ക കരഞ്ഞുകൊണ്ടു് പറന്നു പോകുന്നു. രണ്ടു പേരും മേൽപ്പോട്ടു നോക്കുന്നു. കാക്ക കാഴ്ച്ചയിൽ നിന്നും മറഞ്ഞു പോകുന്നതുവരെയും നോക്കുന്നു. പെട്ടെന്നു് തന്റെ കാലിൽ ആരോ പിടിച്ചു വലിച്ചപോലെ ദൈവം വീഴാൻ പോകുന്നു. തെണ്ടി ദൈവത്തെ കടന്നു പിടിക്കുന്നു. വീഴാതെ നോക്കുന്നു.)
- തെണ്ടി:
- ശ്രദ്ധിക്കണ്ടേ? ഇപ്പോൾ വീണുപോയേനെ! ഞാനുണ്ടായത് നന്നായി…
- ദൈവം:
- ഉം. ഒന്ന് ശ്രദ്ധ തെറ്റി. വീണേനെ! നന്ദി!
- തെണ്ടി:
- എന്നോടു നന്ദി പറയുകയോ! അതും ദൈവം! ഞാൻ അങ്ങയോട് ഈ ജീവിതം മുഴുവൻ കടപ്പെട്ടിരിക്കുന്നു. അങ്ങ് കണ്ടതല്ലേ, ഞാൻ വെള്ളത്തിൽ ഒഴുകി പോവുകയായിരുന്നു. അങ്ങ് ഇവിടെ ഉണ്ടായിരുന്നതുകൊണ്ടുമാത്രം എന്നെ കണ്ടു. എന്നെ വലിച്ചു കയറ്റി. ചാവുന്നതിൽ നിന്നും എന്നെ രക്ഷപ്പെടുത്തി. അങ്ങ് ദൈവം തന്നെ! (രണ്ടു ദിക്കിലേക്കു് മാറി മാറി നോക്കുന്നു. അല്പം കഴിഞ്ഞു് ഒരു ദിക്കിലേക്കു് വിരൽചൂണ്ടുന്നു.) അതല്ലേ പടിഞ്ഞാറ്?
(രണ്ടുപേരും അങ്ങോട്ടു് തിരിഞ്ഞു നിൽക്കുന്നു.)
- ദൈവം:
- (നേരെ എതിരെയ്ക്കു് വിരൽചൂണ്ടുന്നു.) അതാണ് പടിഞ്ഞാറ്.
(രണ്ടുപേരും തിരിച്ചു് അങ്ങോട്ടു് തിരിഞ്ഞു നിൽക്കുന്നു.)
- തെണ്ടി:
- (അവിടേക്കു് നോക്കുന്നു) അസ്തമിക്കാൻ ഇനി അധികം നേരമില്ല, അല്ലെ! പ്രഭോ! ഈ വെള്ളപ്പൊക്കം കഴിയുന്നതുവരെ അങ്ങ് എന്റെ കൂടെ ഇവിടെ ഇരിക്കണം. എന്നെ തനിച്ചാക്കി പോകരുത്.
- ദൈവം:
- അത് പറ്റില്ലല്ലോ!
- തെണ്ടി:
- എന്നെ പിന്നെ ആര് രക്ഷിക്കും? ദൈവമല്ലാതെ? തെണ്ടികൾക്ക് ദൈവമല്ലാതെ ആരാണ് ഉള്ളത്! എനിക്ക് സത്യമായും പേടിയുണ്ട്.
നിശബ്ദത
- തെണ്ടി:
- അസ്തമിക്കാൻ ഇനി അധികം നേരമില്ല… എന്നെ പിന്നെ ആര് രക്ഷിക്കും? അങ്ങ് അല്ലാതെ! എനിക്ക് സത്യമായും പേടിയുണ്ട്
- ദൈവം:
- നീ അസ്തമയത്തിനു മുമ്പ് മരിക്കും…
(തെണ്ടി ഒരു ഞെട്ടലോടെ ദൈവത്തെ നോക്കുന്നു. പിന്നെ, പതുക്കെ, കഠിനമായ സത്യംപോലെ അതു് മനസ്സിലാക്കുന്നു.)
നിശബ്ദത
(തെണ്ടി പതുക്കെ തല താഴ്ത്തുന്നു. ദൈവം തെണ്ടിയുടെ തലയിൽ തടവുന്നു. തെണ്ടി പതുക്കെ തല ഉയർത്തി ആകാശത്തേയ്ക്കു് നോക്കുന്നു. എഴുന്നേറ്റു നിൽക്കുന്നു. ചുറ്റും നോക്കുന്നു. വെളിച്ചമകലാൻ തുടങ്ങുന്ന നേരം കാണുന്നു. തളർന്നപോലെ ഇരിക്കുന്നു. പിന്നെ, പതുക്കെ, ഒരു പാട്ടു് മൂളാൻ തുടങ്ങുന്നു. ഒരു പഴയ ഹിന്ദി ഗാനം. പ്രണയമോ വിരഹമോ പറയുന്നതു്. അടുത്ത നിമിഷങ്ങളിൽ എല്ലാം മറന്നു് പാട്ടു് പാടാൻ തുടങ്ങുന്നു. ദൈവവും പാട്ടു് ആസ്വദിക്കുന്നു. കാലുകൾ വെള്ളത്തിലിട്ടു് കുട്ടികൾ കളിയ്ക്കുന്നപോലെ രണ്ടുപേരും കളിക്കുന്നു. പാട്ടു് കഴിയുമ്പോൾ ദൈവം തെണ്ടിയെ അനുമോദിക്കുന്നു. അസ്സലായിരുന്നു എന്നു് ആംഗ്യം കാണിക്കുന്നു. തെണ്ടിയുടെ കണ്ണുകളിലെ കണ്ണുനീർ തുടച്ചുകൊടുക്കുന്നു.)
- ദൈവം:
- ഈ പാട്ട് അല്ലെ നീ പാടി നടക്കാറ്?
- തെണ്ടി:
- ഉം. ഈ പാട്ട് ആളുകൾക്ക് ഇഷ്ടമാണ്
- ദൈവം:
- ആളുകൾ അങ്ങനെയാണ്. അവർക്കിഷ്ടമുള്ളത് കേൾക്കാനാണ് ഇഷ്ടം. (കുറച്ചു് കഴിഞ്ഞു്) ഈ പാട്ട് നീ എന്നെ പഠിപ്പിക്കുമോ?
- തെണ്ടി:
- പാട്ടോ? ഇപ്പോഴോ? ഒരു തെണ്ടി ദൈവത്തെ പാട്ട് പഠിപ്പിക്കുകയോ!
- ദൈവം:
- ഉം
- തെണ്ടി:
- ഞാൻ ചാവുന്നതിനുമുമ്പോ?
- ദൈവം:
- ഉം
- തെണ്ടി:
- അപ്പോൾ ഞാൻ എന്തായാലും ചാവും അല്ലെ?
- ദൈവം:
- എല്ലാവരും മരിക്കുന്നു.
- തെണ്ടി:
- ഞാൻ എന്റെ കാര്യമല്ലേ ചോദിക്കുന്നത്… അപ്പോൾ ഞാൻ എന്തായാലും ചാവും അല്ലെ?
- ദൈവം:
- ഉം. (കുറച്ചു കഴിഞ്ഞു്) ഈ പാട്ട് നീ എനിക്ക് പഠിപ്പിച്ചു തരുമോ? നല്ല പാട്ടായിരുന്നു.
- തെണ്ടി:
- (ദൈവത്തെ നോക്കുന്നു) (പുഞ്ചിരിക്കുന്നു) ശരിയ്ക്കും പറയുകയാണോ? അതോ വെറുതെ പറയുകയാണോ? എന്നെ സന്തോഷിപ്പിക്കാൻ?
- ദൈവം:
- അല്ല! ശരിക്കും പറയുകയാണ്.
- തെണ്ടി:
- അങ്ങയുടെ ശബ്ദം പാട്ട് പാടാൻ വളരെ നല്ലതാണ്. എന്റെ ശബ്ദത്തെക്കാൾ വളരെ വളരെ നല്ലത്.
- ദൈവം:
- ആണോ? എന്റെ ശബ്ദം അത്ര നല്ലതാണോ? ഇതുവരെ ആരും അങ്ങനെ പറഞ്ഞിട്ടില്ല. പക്ഷേ, എനിക്ക് നിന്റെ ശബ്ദമാണ് ഇഷ്ടമായത്.
- തെണ്ടി:
- (ചിരിക്കുന്നു. ഒരു പക്ഷേ, എന്തോ ഓർമ്മയിൽ) ഞാൻ പഠിപ്പിച്ചു തരാം
- ദൈവം:
- നീ ഇപ്പോൾ ആരെയോ ഓർത്തു.
- തെണ്ടി:
- ഉം
- ദൈവം:
- ആരെ?
- തെണ്ടി:
- എന്നെത്തന്നെ! ഞാൻ പാട്ട് വീണ്ടും പാടാൻ പോവുന്നു. (ആലോചിച്ചു്) അങ്ങേക്ക് ഹിന്ദി അറിയുമോ?
- ദൈവം:
- അറിയില്ല.
- തെണ്ടി:
- അത് എന്താ? ഏതു ഭാഷയാണ് അറിയുക?
- ദൈവം:
- ഒരു ഭാഷയും അറിയില്ല. അല്ലെങ്കിൽ എത്രമാത്രം ഭാഷകളാണ് ഭൂമിയിൽ!
- തെണ്ടി:
- അത് ശരിയാണ്. സാരമില്ല. ഞാൻ പാടുന്നതുപോലെ പാടിയാൽ മതി.
- ദൈവം:
- അതെ. അങ്ങനെ മതി. എല്ലാ പാട്ടും ഒരു ശബ്ദമല്ലേ… എനിക്ക് മനുഷ്യരെ നന്നായി അനുകരിക്കാൻ അറിയാം… നീ പാട്ട് പാടുക… ഞാൻ നന്നായി ശ്രമിക്കാം.
- തെണ്ടി:
- അങ്ങ് ഒരു നല്ല മനുഷ്യനാണ്!
(പെട്ടെന്നു് എന്തോ അബദ്ധം പറഞ്ഞപോലെ വായ പൊത്തുന്നു. പിന്നെ പൊട്ടിച്ചിരിക്കുന്നു. ചിരി അടക്കുന്നു. ദൈവം അതു് കൌതുകത്തോടെ കാണുന്നു. തെണ്ടി കാണിച്ചതു് എല്ലാം ദൈവം അതേപോലെ അനുകരിക്കുന്നു. ഇപ്പോൾ രണ്ടുപേരും പൊട്ടിച്ചിരിക്കുന്നു.)
- തെണ്ടി:
- അങ്ങ് ഒരു നല്ല ദൈവമാണെന്നാണ് ഞാൻ പറഞ്ഞത്.
(ദൈവം പുഞ്ചിരിക്കുന്നു)
(തെണ്ടി തന്റെ തൊണ്ട ശരിയാക്കി പാട്ടു് മൂളുന്നു. ആദ്യത്തെ രണ്ടു വരി. വീണ്ടും തൊണ്ട ശരിയാക്കുന്നു. ആദ്യം പാട്ടിന്റെ അർത്ഥം, വളരെ ചുരുക്കി, പറയുന്നു. വീണ്ടും തൊണ്ട ശരിയാക്കുന്നു. പിന്നെ പാട്ടു് ഓരോ വരിയായി പാടുന്നു. ദൈവവും പാട്ടു് കേട്ടു് അതേപോലെ പാടാൻ തുടങ്ങുന്നു. തെറ്റാതെത്തന്നെ പാടുന്നു. പിന്നെ രണ്ടുപേരും കൂടി പാടാൻ തുടുങ്ങുന്നു. ഇതിനിടയിൽ രണ്ടുപേരും മാറി ആകാശത്തേയ്ക്കും താഴെ വെള്ളത്തിലേക്കും രണ്ടു ദിക്കുകളിലേക്കും നോക്കുന്നുണ്ടു്.
ഒരു സമയം, ഒരു വലിയ കാറ്റു് അവരെ കടന്നുപോകുന്നു. രണ്ടുപേരും ഉലയുന്നു. തെണ്ടി പിടി വിട്ടു് വെള്ളത്തിലേക്കു് വീഴുന്നു. പിറകെ ദൈവവും വെള്ളത്തിലേക്കു് ചാടുന്നു. രണ്ടുപേരും മുങ്ങിപ്പൊന്തുന്നു. ദൈവം തെണ്ടിയെ രക്ഷപ്പെടുത്തി വീണ്ടും അതേ സ്ഥലത്തു് ഇരുത്തുന്നു. പിറകെ ദൈവവും കയറി ഇരിക്കുന്നു. രണ്ടു പേരും ഭയന്നിരിക്കുന്നു.)
- തെണ്ടി:
- (ഭയം വിടാതെ) ഞാൻ വിചാരിച്ചു എല്ലാം കഴിഞ്ഞെന്ന്… (അല്പം കഴിഞ്ഞു്) പക്ഷേ, അസ്തമയത്തിനു മുമ്പ് ഞാൻ മരിക്കുമല്ലോ… (വീണ്ടും ആലോചിച്ചു്) സാരമില്ല. എന്തായാലും എല്ലാവരും മരിക്കും. പിന്നെ ഞാനൊരു തെണ്ടി മാത്രമല്ലെ! സാരമില്ല. അല്ലെ? ദൈവം തെണ്ടിയെ നോക്കി പുഞ്ചിരിക്കുന്നു.
നിശബ്ദത
- ദൈവം:
- ഇനി ഞാൻ ആ പാട്ട് പാടട്ടെ?
- തെണ്ടി:
- ഇത്ര വേഗം പഠിച്ചു കഴിഞ്ഞോ?
- ദൈവം:
- ഉം. ഞാൻ പറഞ്ഞില്ലേ എനിക്ക് മനുഷ്യരെ നന്നായി അനുകരിക്കാൻ പറ്റും… ഞാൻ ആ പാട്ട് പാടട്ടെ?
- തെണ്ടി:
- ശരി
- ദൈവം:
- തെറ്റുമ്പോൾ എന്റെ കൂടെ പാടിയാൽ മതി.
- തെണ്ടി:
- ശരി
- ദൈവം:
- അല്ലെങ്കിൽ നമ്മുക്ക് രണ്ടു പേർക്കും കൂടി പാടാം
- തെണ്ടി:
- അതുവേണ്ട. അങ്ങയുടെ ശബ്ദം മനോഹരമാണ്
- ദൈവം:
- ശരിക്കും?
- തെണ്ടി:
- ശരിക്കും
- ദൈവം:
- എന്നെ പുകഴ്ത്തുകയാണോ?
- തെണ്ടി:
- അല്ല. ഞാൻ പറഞ്ഞത് സത്യമാണ്
- ദൈവം:
- ഇതുവരെ ആരും അങ്ങനെ എന്റെ ശബ്ദത്തെ പറ്റി പറഞ്ഞിട്ടില്ല
- തെണ്ടി:
- അത് ആരും കേൾക്കാത്തതു കൊണ്ടാവും
- ദൈവം:
- ചിലപ്പോൾ അതാവും അല്ലെ
- തെണ്ടി:
- അതുതന്നെയാകും…
(ദൈവം പാട്ടു് പാടാൻ തുടങ്ങുന്നു. അതേ പാട്ടു്. ഇടയ്ക്കൊക്കെ രണ്ടുപേരും മാറി മാറി തമ്മിൽ തമ്മിൽ നോക്കുന്നു. ഇടയ്ക്കൊക്കെ രണ്ടുപേരും ആകാശത്തേയ്ക്കും താഴെ വെള്ളത്തിലേക്കും നോക്കുന്നു. പാട്ടു് അവസാന വരികളിലേക്കു് അടുക്കുന്നതിനൊപ്പം അരങ്ങിൽ ഇരുട്ടു് പരക്കാൻ തുടങ്ങുന്നു. പിന്നെ പൂർണ്ണമായും ഇരുട്ടാകുന്നു. ഇപ്പോൾ പാട്ടിന്റെ വരികൾ രണ്ടുപേരുംകൂടിയാണു് പാടുന്നതു്. പിന്നെ എല്ലാം പതുക്കെപ്പതുക്കെ നിശ്ചലമാകുന്നു.)
നിശബ്ദത.
അരങ്ങിൽ പൂർണമായും ഇരുട്ടു് പരക്കുന്നു.
(ഇപ്പോൾ ചില ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങുന്നു. അതു് രക്ഷാപ്രവർത്തകരുടെ എന്നു് നാം മനസ്സിലാക്കുന്നു. ടോർച്ചുകൾ മിന്നുന്നു. വെള്ളത്തിലൂടെ എന്നപോലെ നീന്തി വരുന്ന രണ്ടു പേർ. രണ്ടു നിഴലുകൾ പോലെ. ഒരു സമയം വെളിച്ചം മുമ്പു് നാം കണ്ട അതേ സ്ഥലത്തെ കാണിക്കുന്നു, അവിടെ തങ്ങി നിൽക്കുന്നപോലെ ഒരു ശവത്തെ കാണിക്കുന്നു. ശവത്തിന്റെ മുഖം കാണിക്കുന്നു. വെളിച്ചം കെടുന്നു.)
- ഒന്നാമത്തെ ആൾ:
- ആരാ അതു?
- രണ്ടാമത്തെ ആൾ:
- എനിക്ക് മനസ്സിലായില്ല.
- ഒന്നാമത്തെ ആൾ:
- നീ ആ വെളിച്ചം ഒന്നുകൂടി തെളിയ്ക്ക്…
- രണ്ടാമത്തെ ആൾ:
- എനിക്ക് കണ്ടിട്ടു് പേടിയാവുന്നു
- ഒന്നാമത്തെ ആൾ:
- പേടിയുള്ളവർ ഇതിനു പുറപ്പെടരുത്… നീ ആ വെളിച്ചം ഒന്നുകൂടി തെളിയ്ക്ക്…
(വീണ്ടും ടോർച്ച് കത്തിക്കുന്നു. വീണ്ടും ആ സ്ഥലവും ശവവും കാണുന്നു. ഇപ്പോൾ വെളിച്ചം ശവത്തെ ഉഴിയുന്നപോലെ കാണിക്കുന്നു. പിന്നെ കെടുന്നു.)
- രണ്ടാമത്തെ ആൾ:
- ഓ! ഇതാ ആ പാട്ട് പാടി നടക്കുന്ന തെണ്ടിയാണ്. മൂന്നു ദിവസം മുമ്പ് കാണാതായതാണ്… പാവം ഇപ്പോൾ ചത്തുപോയിരിക്കുന്നു…
- ഒന്നാമത്തെ ആൾ:
- ഉം… അയാൾ തന്നെ! പാവം! എന്തു നല്ല ശബ്ദമായിരുന്നു അല്ലെ! പാവം. ഒരൊറ്റ പാട്ടേ പാടൂ…
- രണ്ടാമത്തെ ആൾ:
- നീ ഈ ടോർച്ച് പിടിക്ക്. ഞാനതിനെ വെള്ളത്തിലേക്ക് വലിച്ച് ഇടട്ടെ… ഒഴുകി പൊയ്ക്കോളും… കടലിൽ എത്തട്ടെ! അല്ലാതെ എവിടെ കൊണ്ടുപോയി ഈ ശവം സംസ്കരിക്കാനാണു്… അതും ഒരു തെണ്ടിയുടെ.
(ഇരുട്ടിൽ ശവം വെള്ളത്തിലേക്കു് വലിച്ചിടുന്ന ശബ്ദം. ഒരുപക്ഷേ, ഒരു ചെറിയ കല്ലു് വീഴുന്നപോലെ മാത്രം… ഒന്നു് രണ്ടു തവണകൂടി വെളിച്ചം മിന്നുന്നു. പിന്നെ എല്ലാം നിശബ്ദമാവുന്നു. വെള്ളമൊഴുകുന്ന ശബ്ദവും.)
പതുക്കെ വെളിച്ചം വരുന്നു.
അടുത്ത പ്രഭാതം പോലെ.
അരങ്ങിൽ അതേ സ്ഥലം, പക്ഷേ, ഇപ്പോൾ നമുക്കറിയാം അതൊരു പഴയ തോണിയാണു്, തോണിയിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇട്ടിരിക്കുന്നു… പല പ്രായങ്ങളിൽ ഉള്ള ആളുകളുടെ… ആണിന്റെയും പെണ്ണിന്റെയും… കുട്ടികളുടെയും… നഗ്നനായ ഒരാൾ, തോണിയുടെ ഒരറ്റത്തു് അരങ്ങിനു പുറംതിരിഞ്ഞിരിക്കുന്നു… കുറച്ചു നേരം… അയാൾ പതുക്കെ തല താഴ്ത്തുമ്പോൾ, പെട്ടെന്നു്, വെളിച്ചം കെടുന്നു.
കർട്ടൻ
സി. എസ്. വെങ്കിടേശ്വരൻ
“ഇപ്പോൾ ഓർക്കുമ്പോൾ കഠിനമായ ഉഷ്ണമോ, ഉള്ളു് തെളിയാത്ത സങ്കടമോ, ഊളിയിട്ടുപോയ സ്ഥലമോ ആകാം ഈ നാടകം. അതും ഹതാശമായിത്തന്നെ… ” എന്നു പറഞ്ഞാണു് ഈ ലഘുനാടകത്തോടൊപ്പമുള്ള ആമുഖക്കുറിപ്പു് കരുണാകരൻ അവസാനിപ്പിക്കുന്നതു്. കഠിനമായ ഉഷ്ണം, തെളിയാത്ത സങ്കടം, ഊളിയിട്ടുപോയ സ്ഥലം—ഈ മൂന്നു കാര്യങ്ങളും ഒരു പക്ഷേ, കരുണാകരന്റെ രചനാജീവിതത്തിന്റെ തന്നെ പടുതികളാണു്, അല്ലെങ്കിൽ അതിലേക്കുള്ള വാതിലുകളാണു്—പലതരം ഉഷ്ണങ്ങൾ—പാരിസ്ഥിതികവും രാഷ്ട്രീയവും നൈതികവും വൈകാരികവും ആയവ—കരുണാകരന്റെ രചനാലോകത്തെ ചൂടുപിടിപ്പിക്കുന്നു, വിയർപ്പിക്കുന്നു… ഒരിക്കലും തെളിയാത്ത സങ്കടവും രോഷവും അഭിലാഷവും അവയിലെമ്പാടുമുണ്ടു്—നഷ്ടപ്പെട്ടുപോയ യൌവനതീക്ഷ്ണതയെക്കുറിച്ചു്, വിമോചനസ്വപ്നങ്ങളെക്കുറിച്ചു്, ഇനിയൊരിക്കലും തിരിച്ചുവരാത്ത ചില ജീവിതസന്ദർഭങ്ങളെക്കുറിച്ചു്, കൈവിട്ടുപോയ സ്നേഹാവസരങ്ങളെക്കുറിച്ചു്…
ഇവ രണ്ടിനെയും—കാലത്തെയും സന്ദർഭത്തെയും, അല്ലെങ്കിൽ ജീവ/ദേശചരിത്രത്തെയും അനുഭവലോകങ്ങളെയും—കരുണാകരൻ ആവിഷ്ക്കരിക്കുന്നതു് പലതരം പലതലം സ്ഥലരാശികളിൽ പലരീതിയിൽ ഊളിയിട്ടുകൊണ്ടാണു്—ചിലപ്പോൾ ഉറഞ്ഞും മറ്റുചിലപ്പോൾ ഉറച്ചും എപ്പോഴും ഖനനം ചെയ്തുമൊക്കെയുള്ള അത്തരം അപഥസഞ്ചാരങ്ങളിലൂടെയാണു് കരുണാകരന്റെ ആഖ്യാനങ്ങൾ നമ്മിലെത്തുന്നതു്. ഈ നാടകത്തിലും അത്തരം പലതരം സ്ഥലകാല, സ്ഥലജല, മനുഷ്യദൈവ, ദുരന്ത-വിമോചന അടരുകൾ ഇടയുന്നതും ഇടകലരുന്നതും കാണാം.
ദൈവമല്ലാതെ ആരും കൂട്ടില്ലാത്ത, കുത്തിയൊഴുകുന്ന പ്രളയ ജലത്തിനരികെ, ആരെയും രക്ഷിക്കാനാവാതെ, തണുത്തുവിറച്ചു നമ്മൾ ഇരിക്കുമ്പോൾ, മുന്നിലൂടെ പറന്നുപോകുന്ന കാക്കകളെപ്പോലെ, ഒഴുക്കിൽപ്പെട്ടൊലിച്ചുപോകുന്ന കുഞ്ഞുടുപ്പുകളെപ്പോലെ, മരണമെന്ന, അസ്തമയമെന്ന ഉറപ്പുകൾക്കുമുമ്പിൽ പാടുന്ന/പാടിപ്പോകുന്ന ഹതാശമായ ആ പ്രണയഗാനം പോലെ ഒടുവിൽ നമ്മൾ കാണുന്ന ആ തോണിയിൽ ഉണക്കാനിട്ട ഉടുപ്പുകൾ പോലെ എന്തോ ചിലതു് നമ്മെ ഒരുനൊടിയിട എവിടേക്കൊക്കെയോ മോചിപ്പിക്കുന്നുണ്ടു്, എങ്ങിനെയൊക്കെയോ സ്പർശിക്കുന്നുണ്ടു്.
അതായിരിക്കാം ഒരു പക്ഷെ കരുണാകരന്റെ എഴുത്തു് ചെയ്യുന്നതും.
കഥാകൃത്തു്, നോവലിസ്റ്റ്, കവി, നാടകകൃത്തു്. പാലക്കാടു് ജില്ലയിലെ പട്ടാമ്പി സ്വദേശി. പ്രസിദ്ധീകരിച്ച കൃതികൾ മകരത്തിൽ പറഞ്ഞതു് (കഥകൾ – പാഠഭേദം), കൊച്ചിയിലെ നല്ല സ്ത്രീ (കഥകൾ – സൈൻ ബുക്സ്), പായക്കപ്പൽ, (കഥകൾ – ഡി. സി ബുക്സ്), ഏകാന്തതയെ കുറിച്ചു പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളു (കഥകൾ – ഡി. സി. ബുക്സ്), അതികുപിതനായ കുറ്റാന്വേഷകനും മറ്റു് കഥകളും (കഥകൾ – ഡി. സി. ബുക്സ്), പരസ്യജീവിതം (നോവൽ – ഡി. സി. ബുക്സ്), ബൈസിക്കിൾ തീഫ് (നോവൽ – മാതൃഭൂമി ബുക്സ്), യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവൽ – ഡി. സി. ബുക്സ്), യുവാവായിരുന്ന ഒൻപതു വർഷം (നോവൽ – ഡി. സി. ബുക്സ്), യക്ഷിയും സൈക്കിൾ യാത്രക്കാരനും (കവിതകൾ – ഗ്രീൻ ബുക്സ്), ഉടൽ എന്ന മോഹം (ലേഖനങ്ങൾ – ലോഗോ ബുക്സ്). “യുവാവായിരുന്ന ഒൻപതു വർഷം” എന്ന നോവലിനു് ഹൈദരാബാദിലെ നവീന കലാസാംസ്കാരിക കേന്ദ്രത്തിന്റെ “ഒ. വി. വിജയൻ പുരസ്കാരം” ലഭിച്ചു. കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: കരുണാകരൻ