വൈഷ്ണവമതത്തിന്റെ ചരിത്രത്തെ നാലുഘട്ടങ്ങളായി പണ്ഡിതന്മാർ വേർതിരിച്ചിട്ടുണ്ടു്. ബി. സി. 300-വരെ നിലനിന്ന പ്രഥമഘട്ടത്തിൽ, കൃഷ്ണവാസുദേവൻ എന്ന യാദവൻ പഞ്ചരാത്രം, അഥവാ, ഭാഗവതമതം എന്നൊരു ഏകദൈവമതം സ്ഥാപിക്കുകയുണ്ടായി. ഇതിന്റെ തത്ത്വജ്ഞാനപരമായ അടിസ്ഥാനം സാംഖ്യത്തിലേയും യോഗത്തിലേയും സിദ്ധാന്തങ്ങളായിരുന്നു. ഭക്തിമാർഗ്ഗമാണു് ഇതു സ്വീകരിച്ചിരുന്നതു്. ഈ കാലഘട്ടത്തിന്റെ അന്ത്യത്തോടെ തന്നെ പ്രസ്തുത ഭാഗവതമതത്തിന്റെ സ്ഥാപകനും മഹായോഗിയുമായിരുന്ന കൃഷ്ണവാസുദേവനെ അതിന്റെ അനുയായികൾ ഒരു ദിവ്യപുരുഷനായി കരുതുകയും ചെയ്തു. ഈ ഘട്ടത്തിൽ അതിന്റെ അനുയായികളെ ഹിന്ദുമതാനുസാരികൾ പാഷണ്ഡരായിട്ടാണു് പരിഗണിച്ചിരുന്നതും. ക്രിസ്ത്വബ്ദത്തിന്റെ പ്രാരംഭം വരെ നിലനിന്ന രണ്ടാമത്തെ ഘട്ടത്തിൽ, ഹിന്ദുക്കൾ ഭാഗവത മതാനുസാരികളെ ഹിന്ദുക്കളായി കരുതുകയും, അവരുടെ ദിവ്യപുരുഷനായ കൃഷ്ണനെ വൈദികമതത്തിൽ സൂര്യനെ സംബന്ധിച്ച ഒരു ഉപദേവതയായിരുന്ന വിഷ്ണുവിനോടു ലയിപ്പിച്ചു ഒരു പ്രധാനദേവനായി അദ്ദേഹത്തെ പരിഗണിക്കുകയും ചെയ്യുകയുണ്ടായി. ക്രിസ്ത്വബ്ദത്തിന്റെ പ്രാരംഭംവരെ നിലനിന്ന മൂന്നാമത്തെ ഘട്ടത്തിൽ പ്രസ്തുത കൃഷ്ണവിഷ്ണുവിനെ പരബ്രഹ്മത്തോടു ലയിപ്പിക്കുന്ന ജോലിയാണു് നടന്നതു്. പന്ത്രണ്ടാം ശതാബ്ദം മുതൽക്കു രാമാനുജൻ ദക്ഷിണ ഭാരതത്തിലും, ചൈതന്യൻ മുതലായവർ ഉത്തരഭാരതത്തിലും ഈ വൈഷ്ണവമതത്തിനു ഒരു ഘടനയും മുറയും നൽകുകയുണ്ടായി.
ഇങ്ങനെ വൈഷ്ണവമതം ഉത്തരഭാരതത്തിൽ ഉത്ഭവിച്ചതാണെങ്കിലും, അതു വളർന്നു പരിപൂർണ്ണത പ്രാപിച്ചതു് ദക്ഷിണേന്ത്യയിലെ തമിഴകത്തുവച്ചായിരുന്നു. ഇതു് പ്രസ്തുത മൂന്നാം ഘട്ടത്തിലാണു് സംഭവിച്ചതും. ഇതിനു കാരണക്കാർ തമിഴകത്തെ വൈഷ്ണവ ആൾവാർമാരും ആചാര്യന്മാരു മാകുന്നു. ഈ രണ്ടു കൂട്ടരിലും വെച്ചു് ആൾവാർമാരാണു് ആദ്യമായി ജീവിച്ചിരുന്നതു്. ആൾവാർമാരുടെ സംഖ്യ പന്ത്രണ്ടും, രാമാനുജനുമുമ്പുള്ള ആചാര്യന്മാരുടേതു് അഞ്ചുമാകുന്നു. ആൾവാർമാരിൽ ഗോദ എന്ന സ്ത്രീ ആൾവാർ ഒഴിച്ചുള്ള പതിനൊന്നു പേരുടെയും സംസ്കൃതനാമങ്ങൾ രാമാനുജാചാര്യരുടെ ശിഷ്യനും പിൻഗാമിയുമായ പിള്ളന്റെ, ചുവടെ ചേർക്കുന്ന ശ്ലോകത്തിൽ പറഞ്ഞിട്ടുണ്ടു്.
“ഭൂതം സരശ്ച മഹദാഹ്വയ ഭട്ടനാഥഃ
ശ്രീഭക്തിസാര കുലശേഖര യോഗിവാഹൻ
ഭക്താംഘ്രിരേണു പരകാലയതീന്ദ്രമിശ്രാൻ
ശ്രമത്പരാങ്കുശമുനി പ്രണതോസ്മി നിത്യം.”
ഇവരുടെ തമിഴ് പേരുകൾ യഥാക്രമം പുതത്താൾവാർ, പൊയികെ ആൾവാർ, പെയാൾവാർ, പെരിയാൾവാർ, തിരുമഴിചൈപ്പൊടി ആൾവാർ, തിരുമങ്കൈ ആൾവാർ, നമ്മാൾവാർ, മധുരകവി ആൾവാർ എന്നാകുന്നു. ശേഷിച്ച സ്ത്രീ ആൾവാറായ ഗോദയുടെ തമിഴ്പേരു് ആണ്ടാൾ എന്നാണു്. രാമാനുജനു മുമ്പുള്ള പ്രസ്തുത അഞ്ചു ആചാര്യന്മാരുടേയും, ഒടുവിലത്തെ ആചാര്യന്മാരുടേയും ഒടുവിലത്തെ ആൾവാരെന്നു മി. പി. ടി. ശ്രീനിവാസയ്യങ്കാരെ പ്പോലെ ഈ ലേഖകനും വിചാരിക്കുന്ന നമ്മാൾവാർ, അഥവാ, ചടകോപൻ എന്ന ആൾവാരുടേയും പേരുകൾ അടങ്ങിയ വേദാന്തദേശികന്റെ അധികാരസംഗ്രഹത്തിലെ ഒരു തമിഴ്ശ്ലോകം ചുവടെ ചേർക്കുന്നു.
“എന്നുയിർ തന്തളിത്തവരൈച്ചരണം പുക്കി
യാനടൈ വേയവർ കുരുക്കണിരൈ വണങ്കി-
പ്പിന്നരുളാൽ പെരുസുതാർ വന്തവള്ളൽ
പെരിയ തമ്പിയാളവന്താര് മണമാക്കാൽ നമ്പി
നന്നെറിയൈ യവർക്കുരൈത്ത വുയ്യക്കൊണ്ടോർ
നാതമുനി ചടകോപൻ ചേനൈനാതൻ
ഇന്ന മുതത്തിരുമകളെന്റിവരെ മുന്നി-
ട്ടെമ്പെരുമാന്റിരുവടികളടൈകിന്റേനേ.”
ഇങ്ങനെ ആൾവാർമാരെ കഴിഞ്ഞു തുടങ്ങുന്ന ആചാര്യപരമ്പരയിൽ ആദ്യത്തെ ആചാര്യൻ നാഥമുനിയും പിന്നീടു് യഥാക്രമം ശിഷ്യപ്രശിഷ്യ മുറയ്ക്കു് ഉയ്യക്കൊണ്ടാൻ, മണക്കാൽ നമ്പി, ആളവന്താൻ, പെരിയനമ്പി എന്നിവരും ഉൾപ്പെട്ടിരുന്നു. രാമാനുജന്റെ പ്രധാന ഗുരുവാണു് പെരിയനമ്പി.
ആൾവാർമാരുടെ മുറയെപ്പറ്റിയും അവരുടെ കാലത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളാണുള്ളതു്. ഇവയിലേക്കു പ്രവേശിക്കുന്നതിനു മുമ്പു് അവരെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ ചുരുക്കിപ്പറഞ്ഞുകൊള്ളട്ടെ. ആദ്യത്തെ ആൾവാരെന്നു എല്ലാപേരും ഒന്നുപോലെ പരിഗണിക്കുന്ന പൊയ്കൈ ആൾവാർ കാഞ്ചീപുരത്തിലുളള തിരുവൈഹ്കാ ക്ഷേത്രത്തിലെ ഒരു പൊയ്കയിൽ ദ്വാപരയുഗത്തിൽ ജനിക്കുകയുണ്ടായി. വിഷ്ണുവിന്റെ പാഞ്ചജന്യത്തിന്റെ അവതാരമാണു് പൊയ്കൈ ആൾവാർ. തിരുക്കടൽമല്ലൈ, അഥവാ മാമല്ലപുരം (മദ്രാസിനടുത്തുള്ള മഹാബലിപുരം) ആണു് വിഷ്ണുവിന്റെ ഗദാവതാരമായ പൂതത്താൾവാരുടെ ജനനസ്ഥലം. ദ്വാപരയുഗത്തിലാണു് ഇദ്ദേഹവും ജനിച്ചതു്. വിഷ്ണുവിന്റെ നന്ദകാവതാരമായ പൊയാൾവാർ മദ്രാസിലെ മയിലാപ്പൂരിൽ ദ്വാപരയുഗത്തിൽ ജനിച്ചു. വിഷ്ണുവിന്റെ ചക്രാവതാരമായ തിരുമഴിചൈ ആൾവാർ പാലാർ നദീതീരത്തുള്ള തിരുമഴിചൈ എന്ന ഗ്രാമത്തിലാണു് ദ്വാപരയുഗത്തിൽ ഭൂജാതനായതു്. ഈ നാലു ആൾവാർമാരും ആദ്യം ആളറിയാതെ തെക്കൻ ആർക്കാട്ടു ജില്ലയിലുള്ള തിരുക്കോവല്ലൂരിൽ വെച്ചു് ഒരു രാത്രി കൂട്ടിമുട്ടിയെന്നും ഒരു ഐതിഹ്യമുണ്ടു്. തിരുമഴിപൈ ആൾവാരുടെ ഒരു ശിഷ്യനായ കനികണ്ണൻ എന്ന ഭക്തനെ കാഞ്ചിനഗരത്തിലെ പല്ലവരാജാവു് നാടുകടത്തിയപ്പോൾ, അവിടെ തപസ്സു ചെയ്തുകൊണ്ടിരുന്ന ആ ആൾവാരും അദ്ദേഹത്തിന്റെ പിന്നാലെ തിരുവൈഹ്കാ ക്ഷേത്രത്തിലെ വിഷ്ണുവും ആ നഗരം വിട്ടുപോയി എന്നും, അതുകൊണ്ടുണ്ടായ വരൾച്ച കണ്ടു രാജാവു് അവരെ പിന്തുടർന്നു കനികണ്ണനോടു ക്ഷമയാചിച്ചു്, അവർ എല്ലാവരേയും തിരിച്ചു കൂട്ടിക്കൊണ്ടുപോന്നു എന്നും ഒരു കഥയുണ്ടു്. തിരുമഴിപൈ ആൾവാരെ കാഞ്ചിയിൽ വെച്ചു കൊങ്കണസിദ്ധൻ എന്നൊരു രസവാദി സന്ദർശിച്ചതും ചിരഞ്ജീവിയാകാനുള്ള ഒരു ഔഷധം ആ സിദ്ധൻ ആൾവാർക്കു സമ്മാനിച്ചതു് അദ്ദേഹം നിരസിച്ചതും ഈ പംക്തികളിൽ ഈ ലേഖകൻ എഴുതിയിരുന്ന “രണ്ടു നാഗാർജ്ജുനന്മാർ” എന്ന ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നല്ലോ.
തെക്കൻ ആർക്കാട്ടു ജില്ലയിലെ തിരുക്കോളൂർ വിഷ്ണുവിന്റെ വൈനതേയാവതാരമായി ദ്വാപരയുഗത്തിൽ ജനിച്ച ദേഹമാണു് മധുരകവി ആൾവാർ. പൂർവ്വശിഖ ബ്രാഹ്മണകുലത്തിൽ ജനിച്ച ഇദ്ദേഹം ഗംഗാതീരത്തിൽ തപസ്സുചെയ്തുകൊണ്ടിരിക്കുമ്പോൾ ദൂരെയായി ഒരു പ്രഭ കാണുകയും, അതിനെ തേടിത്തേടി തിരുനെൽവേലി ജില്ലയിലുള്ള താമ്രപർണ്ണീ നദീതീരത്തു സ്ഥിതിചെയ്യുന്ന തിരുക്കുരുകൈ നഗരത്തിൽ ചെന്നപ്പോൾ അതു് അവിടെ സമാധിയിലിരുന്ന ബാലനായ നമ്മാൾവാറിൽ നിന്നു പുറപ്പെട്ടതാണെന്നു മനസ്സിലാക്കുകയും, ഉടനെ അദ്ദേഹം നമ്മാൾവാരുടെ ശിഷ്യനായിത്തീരുകയും ചെയ്തു എന്നാണു് ഐതിഹ്യം. കലിയുഗത്തിന്റെ ആദിയിൽ പ്രസ്തുത തിരുക്കുരുകൈ നഗരത്തിൽ വിഷ്ണുവിന്റെ സേനാവതാരമായി കാരി എന്ന ദേശാധിപതിക്കു ജനിച്ച പുത്രനാണു് കാരിമാറൻ, അഥവാ ചടകോപൻ അഥവാ, നമ്മാൾവാർ. ജനിച്ച കാലം മുതൽക്കു ഇദ്ദേഹം സമാധിയിലിരിപ്പായിരുന്നു. വൈഷ്ണവരുടെ പ്രധാന മതഗ്രന്ഥമായ നാലായിര പ്രബന്ധത്തിൽ തിരുമങ്കൈ ആൾവാരെ കഴിഞ്ഞാൽ ഏറ്റവുമധികം പാട്ടുകൾ എഴുതിയിട്ടുള്ളതു് ഇദ്ദേഹമാണു്. അതിനാലാണു് വേദത്തെ തമിഴിലേക്കു പകർത്തിയതു് ഇദ്ദേഹമാണെന്നു പറയാറുള്ളതു്. ആൾവാന്മാരിൽ വെച്ചു കൂടുതൽ പ്രാധാന്യം ഇദ്ദേഹത്തിനു സിദ്ധിച്ചതും മറ്റൊന്നുകൊണ്ടുമല്ല. കലിയുഗം 47-ൽ ചേരരാജ്യത്തിലെ വഞ്ചിനഗരത്തിൽ വിഷ്ണുവിന്റെ കൌസ്തുഭാവതാരമായി ജനിച്ച ചേരരാജാവാണു് കുലശേഖര ആൾവാർ. തമിഴിൽ നാലായിര പ്രബന്ധത്തി ന്റെ ഒരു ഭാഗമായ പെരുമാൾ തിരുമൊഴിയും, സംസ്കൃതത്തിൽ മുകുന്ദമാല യും ഇദ്ദേഹം രചിച്ചിട്ടുണ്ടു്. രാമനാട്ടുജില്ലയിലെ ശ്രീവില്ലി പുത്തൂരിൽ വിഷ്ണുവിന്റെ ഗരുഡാവതാരമായി കലി 98-ൽ ജനിച്ച ദേഹമാണു് വിഷ്ണുചിത്തൻ, അഥവാ, പെരിയാൾവാർ. ആണ്ടാൾ അഥവാ, ഗോദാ കലി 298-ൽ ശ്രീവില്ലിപുത്തൂരിൽ ഭൂമിദേവിയുടെ അംശമായി ജനിക്കുകയും ആ സ്ത്രീയെ പെരിയാൾവാർ തന്റെ ദത്തുപുത്രിയായി സ്വീകരിക്കുകയും ചെയ്തു. ശ്രീരംഗത്തിനു സമീപമുള്ള തിരുമങ്ങൻകുടിയിൽ ഒരു ബ്രാഹ്മണ കുലത്തിൽ വിഷ്ണുവിന്റെ വനമാലാവതാരമായി കലി 343-ൽ ഭൂജാതനായ വിപ്രനാരായണനാണു് തൊണ്ടരടിപ്പൊടി ആൾവാർ. ക്ഷേത്രപ്രവേശനം തിരുവിതാംകൂറിലെങ്കിലും സഫലമായിരിക്കുന്ന ഇന്നു് ഭാരതീയർക്കു ശൈവനായ നാരായനന്ദനിൽ തോന്നുന്ന കൗതുകം തന്നെ തോന്നേണ്ടതായ ഒരു വൈഷ്ണവഭക്തനത്രെ തിരുപ്പാണാൾവാർ. ഒരു പഞ്ചമൻ എടുത്തുവളർത്തിയതുകൊണ്ടു ശ്രീരംഗത്തിലെ ബ്രാഹ്മണർ കാവേരിക്കരയിൽ നിന്നു തങ്ങൾ കുളിക്കാൻ പോകുമ്പോൾ ആട്ടി ഓടിക്കാറുള്ളവനും, ഇതുനിമിത്തം ശ്രീരംഗക്ഷേത്രവാതിൽ തുറക്കാൻ പാടില്ലാതാക്കി തകർത്ത അവിടുത്തെ വിഷ്ണുദേവന്റെ പ്രീതിക്കായി ബ്രാഹ്മണർ ഒടുവിൽ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചവരുമാണു് ഇദ്ദേഹം. കലി 398-ൽ വിഷ്ണുവിന്റെ ശ്രീവത്സാവതാരമായി ചോഴരാജ്യത്തിന്റെ തലസ്ഥാനമായ ഉമൈയൂരിൽ ഇദ്ദേഹം ജനിച്ചു എന്നാണു് ഐതിഹ്യം. നാലായിര പ്രബന്ധത്തിലെ പാട്ടുകളിൽ അധികവും രചിച്ച ദേഹവും ഒടുവിലത്തെ ആൾവാരായി സാധാരണയായി വിചാരിച്ചുവരുന്ന മനുഷ്യനുമാണു് തിരുമങ്കൈ ആൾവാർ. തഞ്ചാവൂർ ജില്ലയിലുള്ള തിരുക്കുരൈയല്ലുരിൽ കലി 399-ൽ വിഷ്ണുവിന്റെ ശാർങ്ങ്ഗാവതാരമായി കള്ളർവർഗ്ഗത്തിൽ ഇദ്ദേഹം ജനിച്ചു എന്നും, ചോളരാജാവിനു കപ്പം കൊടുക്കേണ്ട പണത്തെ ഇദ്ദേഹം അപഹരിച്ചു വൈഷ്ണവരെ തീറ്റിപ്പോറ്റിയെന്നും, അതു ഹേതുവായി അദ്ദേഹത്തെ തടവിലാക്കിയെന്നും, തടവിൽ നിന്നു മോചനം ലഭിച്ചതിനുശേഷവും വഴിയാത്രക്കാരിൽ നിന്നു് പിടിച്ചുപറിനടത്തി അദ്ദേഹം വിഷ്ണുഭക്തരെ പോറ്റിവന്നു എന്നും മറ്റുമാണു് ഇദ്ദേഹത്തെപ്പറ്റിയുള്ള ഐതിഹ്യം.
മുകളിൽ വിവരിച്ച ഐതിഹ്യങ്ങളിൽ ഇവരുടെ ജനനസ്ഥലങ്ങളും കുലങ്ങളും ഒഴിച്ചു മറ്റുമിക്കതും, പ്രത്യേകിച്ചു് കാലത്തെപ്പറ്റിയുള്ള വിവരങ്ങൾ വിശ്വാസയോഗ്യമല്ല. ഇവരുടെ മുറയെപ്പറ്റിയും കാലത്തെക്കുറിച്ചും തർക്കമുണ്ടു്. ഐതിഹ്യപ്രകാരം ഇവരുടെ മുറ പൊയ്കെ, പൂതം, പേയ്, തിരുമഴിചൈ, നമ്മാൾവാർ, മധുരകവി കുലശേഖരൻ, പെരിയാൾവാർ, ആണ്ടാൾ, തൊണ്ടരടിപ്പൊടി, തിരുപ്പാണാൾവാർ, തിരുമങ്കൈ ആൾവാർ എന്ന ക്രമത്തിലാകുന്നു. ഈ മുറ 14-ാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന വേദാന്തദേശികൻ പ്രസ്താവിച്ചിട്ടുള്ള മുറയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണെന്നു തോന്നുന്നു. എന്തെന്നാൽ ആണ്ടാളിനേയും മധുരകവിയേയും വിട്ടുകളഞ്ഞിട്ടു് ചുവടെ ചേർക്കുന്ന മുറ അദ്ദേഹം ഒരു ശ്ലോകത്തിൽ നൽകിയിട്ടുണ്ടു്. പൊയ്കെ, പൂതം, പേയ്, തിരുമഴിചൈ, ചടകോപൻ (നമ്മാൾവാർ), വിഷ്ണു ചിത്തൻ (പെരിയാൾവാർ), കുലശേഖരൻ, തിരുപ്പാൺ, തൊണ്ടരടിപ്പൊടി, തിരുങ്കൈ. അടുത്ത ശ്ലോകത്തിൽ ഗുരുമുഖേന എല്ലാ മതദൈവത്തോടുള്ള സമ്പർക്കം സാധ്യമല്ലെന്നു ആദ്യം പ്രഖ്യാപനം ചെയ്തതു മധുരകവിയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടു്. ഒടുവിൽ പറഞ്ഞ അഭിപ്രായം തന്നെ ആൾവാർമാരുടെ ഇടയ്ക്കു ഗുരുശിഷ്യ ക്രമം ഉണ്ടായിരുന്നില്ലെന്നും ഒടുവിലത്തെ ആൾവാർമാർ മധുര കവിയും അദ്ദേഹത്തിന്റെ സമകാലീനനും ഗുരുവുമായ നമ്മാൾവാരുമാണെന്നും ധ്വനിപ്പിക്കുന്നുമുണ്ടു്. നമ്മാൾവാർക്കു ശേഷമുണ്ടായ ആചാര്യന്മാരുടെ ഇടയ്ക്കു ഗുരുശിഷ്യ പരമ്പരക്രമം ഉണ്ടായിരുന്നു എന്നു മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. വേദാന്തദേശികന്റെ പ്രസ്തുത മുറ ക്രമമനുസരിച്ചുള്ളതല്ലെന്നു് അദ്ദേഹത്തിനു ഇരുന്നൂറു കൊല്ലത്തിനു മുമ്പു ജിവിച്ചിരുന്ന ദേഹവും, രാമാനുജന്റെ ശിഷ്യന്മാരിൽ മുഖ്യനായ കുറത്താൾവാരുടെ ശിഷ്യനുമായ തിരുമങ്കത്തമുതനാർ നൽകിയിരിക്കുന്ന മുറയിൽ നിന്നു അനുമാനിക്കാവുന്നതുമാണു്. ശ്രീരംഗത്തും മറ്റുമുള്ള വിഷ്ണുക്ഷേത്രങ്ങളിൽ ഇവർ പാടിയതിനുശേഷം പാടുക പതിവുള്ളതുകൊണ്ടു് വൈഷ്ണവരുടെ ഇടയ്ക്കു അതിയായ പ്രാധാന്യം സിദ്ധിച്ചിട്ടുള്ളതും പ്രപന്നസാവിത്രി എന്നു വിളിച്ചു വൈഷ്ണവർ ബഹുമാനിക്കുന്നതുമായ ‘രാമാനുജനുറ്റന്താതി’ എന്ന തമിഴ് സ്തവത്തിന്റെ കർത്താവുമാണു് ഈ അമുതനാർ. തിരുക്കോവലൂരിലെ ത്രിവിക്രമപ്പെരുമാൾ ക്ഷേത്രത്തിലെ ഒരു ശിലാലേഖനത്തിൽ നിന്നു എ. ഡി. 1180-ൽ ജീവിച്ചിരുന്നതായി നമുക്കു് അറിവുള്ള ഈ അമുതനാർ മധുരകവി ആൾവാരെ വിട്ടുകളഞ്ഞിട്ടു ചുവടെ ചേർത്തിരിക്കുന്ന മുറ പ്രസ്താവിച്ചിരിക്കുന്നു: പൊയ്കൈ, പൂതം, പേയ്, തിരുപ്പാണൻ, തിരുമഴിചൈ, തൊണ്ടരടിപ്പൊടി, കുലശേഖരൻ, പെരിയാൾവാർ, ആണ്ടാൾ, തിരുമങ്കൈ, നമ്മാൾവാർ. അമുതന്റെ മുറയാണു് വേദാന്തദേശികന്റെ മുറയേക്കാൾ അധികം വിശ്വാസയോഗ്യമായിട്ടുള്ളതു്. അമുതന്റെ മുറയിൽത്തന്നെ തിരുമഴിചൈ ആൾവാരുടെ സ്ഥാനം ശരിയല്ലെന്നും, അദ്ദേഹത്തെ തിരുപ്പാണാൾവാർക്കു മുമ്പു സ്ഥാപിക്കേണ്ടതാണെന്നും കൂടി ചില കാരണങ്ങളാൽ ഈ ലേഖകൻ വിചാരിക്കുന്നു. ഈ കാരണങ്ങൾ പിന്നീടു പ്രസ്താവിക്കുന്നതാണു്.
ഇനി ഈ ആൾവാർമാരുടെ കാലമേതാണെന്നു കണ്ടുപിടിക്കുവാൻ ശ്രമിക്കാം. രാമാനുജന്റെ ശിഷ്യനായ മുകളിൽ പറഞ്ഞ അമുതൻ എ. ഡി. 1180-ൽ ജീവിച്ചിരുന്നു എന്നു് ഒരു ശിലാലേഖനത്തെ ആസ്പദിച്ചു മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. രാമാനുജൻ എ. ഡി. 1017 മുതൽക്കു എ. ഡി. 1137 വരെ നൂറ്റിയിരുപതുവർഷം ജീവിച്ചിരുന്നു എന്നാണു് ഐതിഹ്യം. എ. ഡി. 1104 മുതൽക്കു 1141 വരെ നാടുവാണിരുന്ന മൈസൂരിലെ പ്രസിദ്ധ ഹൊയ്സല രാജാവായ വിഷ്ണുവർധനനെ ജൈനമതത്തിൽ നിന്നു വൈഷ്ണവ മതത്തിലേക്കു് കൊണ്ടുവന്നതു് രാമാനുജനാകയാൽ, രാമാനുജൻ വിഷ്ണുവർദ്ധനന്റെ ശിഷ്യന്റെ ശിഷ്യനായ അമുതൻ 1180-ൽ ജീവിച്ചിരുന്നു എന്നുള്ള വസ്തുതയും ഒന്നിച്ചുവെച്ചു നോക്കിയാൽ രണ്ടാമന്റെ കാലം 1075-നും 1150-നും മധ്യേയായിരുന്നു എന്നും കാണാവുന്നതാണു്. അപ്പോൾ ഒരു തലമുറയ്ക്കു പതിവുള്ള മുപ്പതുവർഷം അനുവദിച്ചാൽ, രാമാനുജന്റെ ഗുരുവായ പെരിയനമ്പി 1090-നു സമീപിച്ചും, ഇദ്ദേഹത്തിന്റെ ഗുരുവായ മണക്കാൽ നമ്പി 1030-നു സമീപിച്ചും, ഇദ്ദേഹത്തിന്റെ ഗുരുവായ ഇയ്യക്കൊണ്ടാൻ 1000-നു സമീപിച്ചും, ഇദ്ദേഹത്തിന്റെ ഗുരുവായ നാഥമുനി 970-നു സമീപിച്ചും ജീവിച്ചിരുന്നു എന്നു വരും. നാഥമുനി എ. ഡി. 582-ൽ ജനിച്ചു എന്നും നമ്മാൾവാർ തപസ്സുചെയ്തുകൊണ്ടിരുന്ന പുളിമരത്തിൻകീഴിൽ മുന്നൂറിലധികം വർഷം തപസ്സുചെയ്തതിനുശേഷം അദ്ദേഹം 922-ൽ മരണം പ്രാപിച്ചു എന്നുമാണു് നാഥമുനിയെപ്പറ്റിയുള്ള ഒരു ഐതിഹ്യം. വിസ്മൃതിയിൽ കിടന്നിരുന്ന നമ്മാൾവാരുടെ പ്രസിദ്ധ സ്തവഗ്രസ്ഥമായ തിരുവായ്മൊഴിയെ നാഥമുനി മധുരകവി ആൾവാരുടെ ഒരു ശിഷ്യന്റെ സഹായത്തോടുകൂടി പ്രസിദ്ധപ്പെടുത്തിയെന്നാണു് നാഥമുനിയെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യം. ഈ രണ്ടു് ഐതിഹ്യങ്ങളോടുകൂടി, ആൾവാൾമാർക്കുശേഷം വന്ന ആചാര്യന്മാരോടുകൂടി, നമ്മാൾവാരെ ഘടിപ്പിച്ചിരിക്കുന്ന വേദാന്ത ദേശികന്റെ അധികാര സംഗ്രഹത്തിൽ നിന്നു മുകളിൽ ഉദ്ധരിച്ച തമിഴ് ശ്ലോകത്തെ കൂട്ടിച്ചേർത്തു നോക്കുന്നതായാൽ ഒടുവിലത്തെ ആൾവാരാണു് നമ്മാൾവാരെന്നും നാഥമനിയുടെ ഗുരുവായിരുന്നു അദ്ദേഹമെന്നും സുവ്യക്തമാകുന്നതാണു്. നാഥമുനി 970-നു സമീപം ജീവിച്ചിരുന്നു എന്നു മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതിനാൽ, അദ്ദേഹത്തിന്റെ ഗുരുവായ നമ്മാൾവാരുടെ കാലം 940-നു സമീപിച്ചാണെന്നു വരുന്നുണ്ടു്. നാഥമുനിയുടെ സമകാലീനനായ ചോഴ രാജാവു് ഒരു രാജനാരായണ ചോഴനാണെന്നു നമുക്കറിയാം. എ. ഡി. 985 മുതൽക്കു നാടുവാഴാൻ തുടങ്ങിയ പ്രസിദ്ധ ചോഴരാജാവായ രാജരാജൻ ഒന്നാമനു് ചോഴനാരായണൻ എന്ന ബിരുദമുണ്ടായിരുന്നു. ഈ സംഗതി മുകളിൽ സ്ഥാപിച്ച കാലം ശരിയാണെന്നു കാണിക്കുന്നുമുണ്ടു്. മധുരകവി നമ്മാൾവാരെക്കാൾ പ്രായം കൂടിയ ശിഷ്യനാകയാൽ, മധുരകവിയുടെ കാലവും നമ്മാൾവാരുടേതു് അതായതു് 940 നു സമീപിച്ചു് തന്നെ ആയിരുന്നിരിക്കണം.
എ. ഡി. 770-നു സമീപിച്ചു് പാണ്ഡ്യരാജാവായ ജടില പരാന്തകന്റെ കാലത്തുണ്ടായ ആനമലയിലെ നരസിംഹക്ഷേത്ര ത്തിലെ ഒരു ശിലാലേഖനത്തിൽ നിന്നും വേൾവിക്കുടി ചെമ്പുപട്ടയത്തിൽ നിന്നും പരേതനായ മി. വെങ്കയ്യാ മുതലായ ആർക്കിയോളജിക്കൽ വകുപ്പു ഉദ്യോഗസ്ഥന്മാർ മധുരകവിയുടേയും നമ്മാൾവാരുടേയും കാലം എ. ഡി. 770-നു സമീപിച്ചാണെന്നു അഭിപ്രായപ്പെട്ടിട്ടുള്ളതു പ്രസ്തുത ലേഖനങ്ങളുടെ തെറ്റായ വ്യാഖ്യാനം കൊണ്ടാണെന്നുള്ള അഭിപ്രായക്കാരോടു ഈ ലേഖകനും പൂർണ്ണമായി യോജിക്കുന്നു. പ്രസ്തുത പാണ്ഡ്യരാജാവിന്റെ ഒരു മന്ത്രിയായ മാറൻകാരി എന്ന ആളുടെ വർണ്ണനകളുടെ കൂട്ടത്തിൽ മധുരകവി എന്ന ഒരു വിശേഷണപദം വന്നിട്ടുള്ളതാണു് ഇവരുടെ തെറ്റായ വ്യാഖ്യാനത്തിനു കാരണം. കാരിമാറൻ എന്നുപേരുള്ള നമ്മാൾവാർ മാറൻകാരി എന്ന മധുരകവി ആൾവാരുടെ മകനാണെന്നു് ഇവർ അനുമാനിക്കുന്നു. ഇതു വൈഷ്ണവ ഐതിഹ്യങ്ങൾക്കു പാടേ വിരുദ്ധമാണു്. മധുരകവിയുടെ പേർ മാറൻകാരിയാണെന്നോ അദ്ദേഹം നമ്മാൾവാർ അഥവാ കാരിമാറന്റെ പിതാവാണെന്നോ പ്രസ്തുത ഐതിഹ്യം പറയുന്നില്ല. നേരെമറിച്ചു് മധുരകവി ഒരു മുക്കാണിയ ബ്രാഹ്മണനാണെന്നും, നമ്മാൾവാർ ഒരു ദേശാധിപതിയായ വെള്ളാളന്റെ പുത്രനാണെന്നുമാണു് ഐതിഹ്യം. മധുരകവിയെന്നു പ്രസ്തുത ശിലാലേഖനങ്ങളിൽ പറയുന്ന മാറൻകാരിയെ വിളിച്ചിരിക്കുന്നതു് അദ്ദേഹം കേവലം ഒരു കവിയായതു കൊണ്ടു മാത്രവുമാണു്. അതിനാലും മുകളിൽ കാണിച്ചിട്ടുള്ള കാലനിർണ്ണയത്താലും മറ്റും 770-നു് സമീപിച്ചു് മധുരകവി ആൾവാരും, നമ്മാൾവാരും ജീവിച്ചിരുന്നു എന്നുള്ള അഭിപ്രായം ഒട്ടുംതന്നെ സ്വീകാര്യമല്ല. വാസ്തവത്തിൽ നമ്മാൾവാരുടേയും മധുരകവിയുടേയും സമകാലീനനായ പാണ്ഡ്യരാജാവു് വലിയ ചിന്തമന്നൂർ ചെമ്പുപട്ടയം പുറപ്പെടുവിച്ചവനും അഭിമാനമേരു എന്ന ബിരുദമുള്ളവനുമായ രാജസിംഹപാണ്ഡ്യനാകുന്നു. ഇദ്ദേഹത്തിന്റെ വലിയ ചിന്നമന്തുർ പട്ടയത്തിലെ സംസ്കൃത ഭാഗം രചിച്ച കവിയെക്കുറിച്ചു ചുവടെ ചേർക്കുന്ന ശ്ലോകം അതിൽത്തന്നെ കാണുന്നുണ്ടു്.
“വിഭിത സകല വാങ്മയസ്യ വിഷ്ണോർ-
വ്വിനയനയ പ്രഭവസ്യ പൂർവ്വജോയ
അരചയ ദതുലാമിമാം പ്രശസ്തിം
മധുരഗുണസ്യ സഖാ സ വാസുദേവഃ”
ഇതിൽ ‘മധുരഗുണസ്യ’ എന്ന പദത്തിൽ മധുരകവി ആൾവാരെക്കുറിച്ചു് ഒരു സൂചന ഒരുപക്ഷേ, ഉണ്ടായിരുന്നേക്കാം. ഈ രാജസിംഹപാണ്ഡ്യൻ എ. ഡി. 930-നു സമീപിച്ചു് അതായതു്, മധുരകവിയുടേയും നമ്മാൾവരുടേയും കാലത്തു ജീവിച്ചിരുന്നു എന്നു നമുക്കു അറിവുള്ളതുമാണു്, പിന്നെയും ആൾവാർമാരിൽ വെച്ചു നമ്മാൾവാർ മാത്രമേ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തെപ്പറ്റി സ്തുതിക്കുന്നുള്ളൂ. ഈ ക്ഷേത്രം വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ചതാണെന്നാണു് ഐതിഹ്യം. വില്വമംഗലം സ്വാമിയാർ ഒന്നിലധികം ഉണ്ടെന്നു വിചാരിക്കുവാൻ കാരണങ്ങളുണ്ടെങ്കിലും, പ്രസ്തുത ക്ഷേത്രപ്രതിഷ്ഠ ആദ്യത്തെ വില്വമംഗലം സ്വാമിയാർ നടത്തിയെന്നു വിചാരിക്കുന്നതാണു് ശരിയായിട്ടുള്ളതു്. ഈ വില്വമംഗലം സ്വാമിയാർ (ലീലാശുകൻ) ശങ്കരചാര്യരുടെ പ്രശിഷ്യനാണു്. അതിനാൽ അദ്ദേഹത്തിന്റെ കാലവും പ്രസ്തുത ക്ഷേത്രപ്രതിഷ്ഠയും എ. ഡി. 840 നു സമീപിച്ചായിരിക്കും. നമ്മാൾവാർ സ്തുതിക്കത്തക്കവണ്ണം അതിനു പ്രസിദ്ധി കിട്ടുവാൻ ഒരു നൂറുവർഷം വേണ്ടിവരും. ഈ വിധത്തിലും നമ്മാൾവാരുടെ കാലം 940-നു സമീപിച്ചാണെന്നു വരുന്നുണ്ടു്.
നമ്മാൾവാർക്കു മുമ്പുള്ള ആൾവാർമാർക്കു ഗുരുശിഷ്യപരമ്പര ക്രമമില്ലായ്കയാൽ, അവരുടെ കാലം കണ്ടുപിടിക്കുന്നതു് കൂടുതൽ വിഷമകരമാണു്, ആൾവാർമാരെ സാധാരണയായി മൂന്നു് ഇനമായി വേർതിരിക്കാറുണ്ടു്. ആദ്യകാലത്തെ ആൾവാർമാർ, മധ്യകാലത്തെ ആൾവാർമാർ, ഒടുവിലത്തെ ആൾവാർമാർ എന്നാണു് പ്രസ്തുത ഇനങ്ങൾ. വേദാന്തദേശികന്റെ മുറ അനുസരിച്ചുള്ള സാധാരണക്രമമനുസരിച്ചു പൊയ്കൈ, പൂതം, പേയ്, തിരുമടഴിചൈ എന്നീ നാലു പേരേയും ആദ്യത്തെ ആൾവാർമാരുടെ കൂട്ടത്തിലും, നമ്മാൾവാർ, മധുരകവി, കുലശേഖരൻ, പെരിയാൾവാർ, ആണ്ടാൾ എന്നിവരെ മധ്യകാലത്തിലെ ആൾവാർമാരുടെ കൂട്ടത്തിലും, തൊണ്ടരടിപ്പൊടി, തിരുപ്പാൺ, തിരുമങ്കൈ എന്നിവരെ ഒടുവിലത്തെ ആൾവാർമാരുടെ കൂട്ടത്തിലും ചേർക്കാറുണ്ടു്. ഈ ലേഖനത്തിൽ സ്ഥാപിക്കുവാൻ ശ്രമിക്കുന്ന മുറ അനുസരിച്ചു് പ്രസ്തുത ഇനം തിരിപ്പാൻ രണ്ടാമത്തേതിലും മൂന്നാമത്തേതിലും മാത്രമേ വൃത്യാസം വരുത്തേണ്ടതുള്ളു. ഈ മുറ അനുസരിച്ചു് മധ്യകാലത്തെ ആൾവാർമാർ തിരുപ്പാൺ, തൊണ്ടരടിപ്പൊടി, കുലശേഖരൻ, പെരിയാൾവാർ എന്നിവരും ഒടുവിലത്തെ ആൾവാർമാർ ആണ്ടാൾ, തിരുമങ്കൈ, നമ്മാൾവാർ, മധുരകവി എന്നിവരുമായിരിക്കുന്നതുമാണു്. ഒടുവിലത്തെ ആൾവാർമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ട നമ്മാൾവാരുടേയും മധുരകവിയുടേയും കാലം എ. ഡി. 949-നു സമീപിച്ചാണെന്നു മുമ്പു സ്ഥാപിച്ചിട്ടുണ്ടല്ലോ. ഇതിനു അല്പം മുമ്പാണു തിരുമങ്കൈ ആൾവാരും ആ ണ്ടാളും ജീവിച്ചിരുന്നതെന്നു ഈ ലേഖകൻ വിചാരിക്കുന്നു. തിരുമങ്കൈ ആൾവാരെപ്പറ്റിയുള്ള വൈഷ്ണവ ഐതിഹ്യത്തിൽ, ചോഴരാജാവിനു കൊടുക്കാനുള്ള കപ്പത്തെ കുള്ളരെന്ന വർഗ്ഗക്കാരുടെ തലവനായ വരകാലൻ, അഥവാ, തിരുമങ്കൈ ആൾവാർ അപഹരിച്ചു വൈഷ്ണവരെ പോറ്റി വന്നപ്പോൾ, ചോഴരാജാവു് അദ്ദേഹത്തെ തടവിൽ പാർപ്പിച്ചു എന്നും, അപ്പോൾ താൻ കുറെ ധനം കാഞ്ചീപുരത്തു വെച്ചിട്ടുണ്ടെന്നു് അദ്ദേഹം ചോഴരാജാവിനെ അറിയിച്ചതനുസരിച്ചു അദ്ദേഹത്തെ ആ പട്ടണത്തിലേക്കു കൂട്ടിക്കൊണ്ടുപോയി അവിടെ നിന്നു പണമെടുത്തു എന്നും പറയുന്നുണ്ടു്. ഇതിൽ നിന്നു അന്നു ചോഴരാജാവു കാഞ്ചീപുരത്തിലും അധികാരം ചെലുത്തിയിരുന്നു എന്നു് അനുമാനിക്കാവുന്നതാണു്. അതേസമയത്തു തിരുമങ്കൈ ആൾവാർ തന്നെ തന്റെ പ്രധാനകൃതികളിൽ ഒന്നായ പെരിയ തിരുമൊഴിയിൽ, കാഞ്ചീപുരത്തുള്ള അഷ്ടഭുജകരം എന്ന ക്ഷേത്രത്തെ സ്തുതിക്കുമ്പോൾ,
“മന്നവൻ തൊണ്ടൈയർ കോൻ വണങ്കു
നീൾമുടിമലൈ വൈരമേകൻ
തൻവലിതൻ പുകഴ്പൂഴ്‌ന്തകച്ചി അട്ടപു
യകരത്തു ആതി തന്നെ”
എന്നു തുടങ്ങുന്ന ഒരു ശ്ലോകം ചൊല്ലുന്നുണ്ടു്. ഇതിൽ നിന്നു കച്ചിയെട അതായതു് കാഞ്ചീപുരത്തെ, വജ്രമേഘൻ എന്ന ബിരുദമുള്ള ഒരു പല്ലവ രാജാവു് (തൊണ്ടൈയാർകോൻ) ഭരിച്ചിരുന്നു എന്നും സ്പഷ്ടമാകുന്നുണ്ടു്. മുകളിൽ പറഞ്ഞ ഐതിഹ്യവും തിരുമങ്കൈ ആൾവാരുടെ ഈ വാക്കുകളും കൂട്ടിവെച്ചു നോക്കിയാൽ, അന്നു് ഒരു ചോളരാജാവിന്റെ മേൽക്കോയ്മയിൻകീഴിൽ വജ്രമേഘൻ എന്ന ഒരു പല്ലവ രാജാവു് കാഞ്ചിയെ ഭരിച്ചിരുന്നു എന്നു കാണാവുന്നതാണു്. സാധാരണയായി, ഈ പല്ലവരാജാവു് ഉദ്ദേശം എ. ഡി. 790-മുതൽക്കു നാടുവാണിരുന്ന ദന്തിവർമ്മൻ വജ്രമേഘൻ എന്ന പല്ലവ രാജാവാണെന്നാണു് പണ്ഡിതന്മാർ വിചാരിച്ചുവരുന്നതു്. ഇതു ശരിയല്ല. ദന്തിവർമ്മന്റെ കാലത്തു ചോഴരാജാക്കന്മാർ പല്ലവ രാജാവിനു കപ്പം കൊടുത്തിരുന്നതല്ലാതെ, പല്ലവരാജാവു ചോഴനു കപ്പം കൊടുത്തിരുന്നില്ല. സ്വതന്ത്രമായ പല്ലവരാജാക്കന്മാരിൽ ഒടുവിലത്തെ രാജാവായ അപരാജിത വിക്രമന്റെ മകനോ, സഹോദരനോ ആയ ഒരാൾക്കും വജ്രമേഘൻ എന്ന ബിരുദമുണ്ടായിരുന്നു എന്നു ശിലാലേഖനത്തിൽ നിന്നു് അറിയാവുന്നതാണു്. അപരാജിത വിക്രമവർമ്മനെ ചോളരാജാവായ ആദിത്യൻ ഒന്നാമൻ എ. ഡി. 890-നു സമീപിച്ചു തോൽപിച്ചു് തന്റെ മേൽക്കോയ്മ പല്ലവരാജാവിന്റെമേൽ സ്ഥാപിക്കുകയുണ്ടായി. ഈ സ്ഥിതിയെയാണു് മേല്പറഞ്ഞ ഐതിഹ്യവും തിരുമങ്കൈയുടെ വാക്കുകളും സൂചിപ്പിക്കുന്നതു്. അതിനാൽ, എ. ഡി. 900-നു സമീപിച്ചാണു് തിരുമങ്കൈെ ആൾവാർ ജീവിച്ചിരുന്നതെന്നു വരുന്നു.
പെരിയാൾവാരുടെ രാജാവു ശ്രീവല്ലഭദേവനാണെന്നാണു് ഐതിഹ്യം. പാണ്ഡ്യരാജ്യത്തുള്ള തിരുമാലിരുംഞ്ചോല എന്ന സ്ഥലത്തുള്ള വിഷ്ണുക്ഷേത്രത്തെക്കുറിച്ചു പെരിയാൾവാർ രചിച്ചിട്ടുള്ള ഒരു സ്തുതിയിൽ ചുവടെ ചേർക്കുന്ന രണ്ടുവരികൾ കാണുന്നു.
“പൊന്നവിൽ കൂർവേർകോൻ
നെടുമാറൻ തെൻകുടർകോൻ
തെന്നൻ കൊണ്ടാടുന്തെൻ
തിരുമാലിരുഞ്ചോലൈയേ”.
ഇതിൽ നിന്നു് അദ്ദേഹത്തിന്റെ സമകാലീനായ തെന്നന്റെ, അതായതു് പാണ്ഡ്യരാജാവിന്റെ ഒരു പേരു നെടുമാറൻ എന്നാണെന്നു സ്പഷ്ടമാണു്. ഈ രാജാവു് എ. ഡി. 862-ൽ മരിച്ച മാറവർമ്മൻ ശ്രീവല്ലഭനായിരിക്കാനേ ഇടയുള്ളു. ഇദ്ദേഹം അതിപ്രബലനായി തമിഴകത്തു മാത്രമല്ല, സിലോണിലും കൂടി തന്റെ അധികാരം ചെലുത്തി ദീർഘകാലം നാടുവാണിരുന്നു. അതിനാൽ ഇദ്ദേഹം നാടുവാഴാൻ തുടങ്ങിയതു് എ. ഡി. 822 ധനു സമീപിച്ചാണെന്നു വിചാരിക്കാവുന്നതാണു്. ഇങ്ങനെ ഉദ്ദേശം 822 മുതൽക്കു 862 വരെ നാടുവാണിരുന്ന പാണ്ഡ്യരാജാവായ മാറവർമ്മൻ ശ്രീവല്ലഭന്റെ സമകാലീനനാണു് പെരിയാൾവാർ. ആണ്ടാൾ ഈ ആൾവാരുടെ ദത്തുപുത്രിയാണെന്നു വൈഷ്ണവ ഐതിഹ്യമുള്ളതിനാൽ, ആ സ്ത്രീ ആൾവാരുടെ കാലം എ. ഡി. 880-നു സമീപിച്ചിരിക്കും.
കുലശേഖര ആൾവാർ കുലശേഖരപ്പെരുമാൾ എന്ന സ്ഥാനപ്പേരുള്ള ചേരരാജാക്കന്മാരിൽ ഒരുവനാണെന്നുള്ളതു് പ്രത്യക്ഷമാണു്. പെരിയാൾവാരുടെ കാലത്തിനടുപ്പിച്ചായിരുന്നു ഇദ്ദേഹം നാടുവാണിരുന്നതെന്നു വൈഷ്ണവ ഐതിഹ്യത്തിൽ നിന്നു അനുമാനിക്കാം. അതിനാൽ ഒമ്പതാം ശതാബ്ദത്തിൽ തന്നെ കുലശേഖര ആൾവാർ ജീവിച്ചിരുന്നിരിക്കണം. ഒമ്പതാം ശതാബ്ദത്തിന്റെ ഉത്തരാർദ്ധത്തിൽ നാടുവാണിരുന്നതാണു രവിയുടെ പിൻഗാമിയായ വിജയരാഘവദേവൻ എന്ന ചേര രാജാവു് ഒരു കുലശേഖര ദേവന്റെ പുത്രിയെ വിവാഹം ചെയ്തു എന്നു ദക്ഷിണതിരുവിതാംകൂറിലെ തിരുനന്തിക്കരെയുള്ള ഒരു ശിലാലേഖനത്തിൽ നിന്നു നമുക്കറിയാം. മരുമക്കത്തായികൾ തങ്ങളുടെ അമ്മാവന്റെ മക്കളെ വിവാഹം ചെയ്യുക പതിവുള്ളതിനാൽ, വിജയരാഘവദേവന്റെ ഭാര്യയുടെ അച്ഛനായ കുലശേഖരദേവൻ താണുരവിക്കു മുമ്പു നാടുവാണിരുന്ന കുലശേഖരപ്പെരുമാൾ എന്ന ചേരരാജാവാണെന്നു ന്യായമായി അനുമാനിക്കാവുന്നതാണു്. താണുരവിയുടെ ഭരണകാലം ഏറെക്കുറെ സൂക്ഷ്മമായി കണ്ടുപിടിക്കുവാൻ സാധിക്കും. താൻ എഴുതുന്ന ആണ്ടായ എ. ഡി. 1602-നു 733 വർഷങ്ങൾക്കു മുമ്പു് അതായതു്, എ. ഡി. 869-ൽ മാർസപ്പോർ എന്നും മാർപ്രൊത്തു് എന്നും പേരുള്ള രണ്ടു ക്രിസ്ത്യാനി മെത്രാന്മാർ കൊല്ലത്തു സെന്റ് തോമസ്പള്ളി പണികഴിപ്പിച്ചു എന്നു ഗൂവിയ (Gowvea) രേഖപ്പെടുത്തിയിട്ടുണ്ടു്. സപ്പീർ ഈശോ (മാർസപ്പോർ) ഇങ്ങനെ കൊല്ലത്തു പണികഴിപ്പിച്ച തരിസാപ്പളളിയ്ക്കു താണുരവിയുടെ അഞ്ചാമത്തെ ആണ്ടിൽ വേണാട്ടിലെ ഉടയവരായ അയ്യനടി തിരുവടി കുറെ ഭൂമിയും മറ്റും ദാനം ചെയ്തതായി താണുരവിയുടെ കോട്ടയം ചെപ്പേടിൽ നിന്നു് നമുക്കറിയാവുന്നതാണു്. പള്ളി പണികഴിപ്പിച്ച കാലത്തിനടുപ്പിച്ചാണു് ഈ ഭൂമിദാനം ഉണ്ടായതെന്നു വിചാരിക്കാവുന്നതാണു്. പള്ളിയുടെ പണി തീർന്നു് ഒരുവർഷം കഴിയുന്നതിനു മുമ്പിൽ പ്രസ്തുത ദാനമുണ്ടായി എന്നു വിചാരിക്കുന്നതിൽ അധികം തെറ്റു കാണുകയില്ല. അപ്പോൾ താണുരവി രാജ്യഭാരമേറ്റതു് എ. ഡി. 865-ൽ ആണെന്നു വരുന്നു. അതിനാൽ താണുരവിയുടെ മുൻഗാമിയായ കുലശേഖര ആൾവാർ മരിച്ചതും എ. ഡി. 865-ൽ ആണെന്നു വിശ്വസിക്കാം. ഇതിൽ നിന്നു കുലശേഖര ആൾവാരുടെ വാഴ്ചക്കാലം ഉദ്ദേശം 840 മുതൽക്കു് 865 വരെ ആയിരിക്കുമെന്നും അനുമാനിക്കാം. ഏകദേശം ഈ കാലത്തുതന്നെ പെരിയാൾവാരും ജീവിച്ചിരുന്നു എന്നു മുമ്പു് സ്ഥാപിച്ചിട്ടുണ്ടല്ലോ. കുലശേഖര ആൾവാരുടെ കാലത്തായിരിക്കണം തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രം ഉണ്ടായതും.
തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെ കർത്താവായ കുലശേഖരവർമ്മനും കുലശേഖര ആൾവാരും ഒന്നാണെന്നുള്ള പക്ഷക്കാരോടു ഈ ലേഖകൻ പല കാരണങ്ങളാലും യോജിക്കുന്നില്ലെന്നും ഇവിടെ പറഞ്ഞുകൊള്ളട്ടെ. പ്രസ്തുത കുലശേഖരവർമ്മൻ എ. ഡി. 10-ാം ശതാബ്ദത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു എന്നാണു് ഈ ലേഖകന്റെ അഭിപ്രായം. ഇതിനുള്ള കാരണങ്ങൾ സ്ഥലച്ചുരുക്കത്താലും, വിഷയത്തിനുള്ള അകൽച്ച നിമിത്തവും ഇവിടെ വിവരിക്കുവാൻ തുനിയുന്നില്ല. എന്നാൽ ഇതിനെ സംബന്ധിച്ചുള്ള ഒരു സംഗതി അതിനു പ്രതിപാദ്യവിഷയവുമായി ബന്ധമുള്ളതിനാൽ പറയാതെ ഗത്യന്തരമില്ല. കുലശേഖര ആൾവാരുടെ മുകുന്ദമാലയിലെ ഒരു ശ്ലോകത്തിന്റെ ഒരു പാഠഭേദത്തെ ആസ്പദിച്ചു് ചില പണ്ഡിതന്മാർ അദ്ദേഹം രവിയുടെ പുത്രനായ വാസുദേവ ഭട്ടതിരിയുടെ സമകാലീനനും പ്രസ്തുത നാടകങ്ങളുടെ കർത്താവുമായ കുലശേഖരവരമ്മനാണെന്നു സ്ഥാപിക്കുവാൻ ശ്രമിച്ചിട്ടുണ്ടു്. ആ ശ്ലോകത്തിനു ഇവർ സ്വീകരിച്ചിട്ടുള്ള പാഠം ചുവടെ ചേർക്കുന്നു.
“യസുപ്രിയൗ ശ്രുതിധരൗ രവിലോക വീരൗ
മിത്രേ ദ്വിജന്മ വര ദ്വിപാശര വാവഭുതാം
തേനാം ബുജാക്ഷചചരണാം ബുജഷ്ടപദേന
രാജ്ഞാകൃതാ സ്തുതിരിയം കുലശേഖരേണ.”
കുലശേഖര ആൾവാർക്കു രവി എന്ന നമ്പൂതിരിയും ലോകവീരനെന്ന വാര്യരും സ്നേഹിതന്മാരായിട്ടുണ്ടായിരുന്നു എന്നാണു് ഒരു നവീനവ്യാഖ്യാനത്തെ ആസ്പദിച്ചു് ഇവർ ഇതിൽ നിന്നു അഭിപ്രായപ്പെട്ടിട്ടുള്ളതു്. എന്നാൽ കുലശേഖര ആൾവാരെപ്പറ്റിയുള്ള വൈഷ്ണവഐതിഹ്യം അറിയാവുന്ന പണ്ഡിതന്മാർ ഈ ശ്ലോകത്തിന്റെ സാധാരണപാഠമായ “കവിലോകഗിതൗ മിത്രേദ്വിജന്മ പരിവാരശിവാം ചഭൂതാം” എന്നതിൽ നിന്നു ഇതിൽ പ്രസ്താവിക്കുന്ന മിത്രങ്ങൾ തൊണ്ടരടിപ്പൊടി ആൾവാരും തിരുപ്പാണാൾവാരുമാണെന്നു വിചാരിക്കുകയും ചെയ്യുന്നുണ്ടു്. ഈ അഭിപ്രായത്തെ സാധൂകരിക്കുവാനായി ഇവർ കുലശേഖര ആൾവാരുടെ പെരുമാൾ തിരുമൊഴിയിൽ നിന്നു് “തോട്ടരുംതിറൽ തേനിനൈ” എന്ന ശ്രീരംഗക്ഷേത്രത്തെപ്പറ്റിയുള്ള പ്രസിദ്ധ സ്തവത്തിലെ ചുവടെ ചേർക്കുന്ന ശ്ലോകം ഉദ്ധരിച്ചിട്ടുമുണ്ടു്.
“തോട്ടലാ മലർമങ്കൈതോളിണൈ
തോയ്ന്തതും ചുടർവാളിയാൽ
നീട്ടുമാമരം പെറ്റതും നിറൈമേയ്ത്തതും
ഇവൈയൈ നിനൈന്തു
ആടിപ്പാടി അരങ്കവോ! എന്റഴൈക്കു
ന്തൊണ്ടരടിപ്പൊടി
ആടനാം പെറിൽ കങ്കൈനീർക്കുടൈ
ന്താടും വേട്കൈ എന്നാവതോ.”
ഈ ശ്ലോകത്തിൽ അരങ്കൻ എന്നു പേരുണ്ടായിരുന്ന തിരുപ്പാണാൾവാരുടേയും തൊണ്ടരടിപ്പൊടി ആൾവാരുടേയും നാമങ്ങൾ കുലശേഖര ആൾവാർ ധ്വനിപ്പിച്ചിട്ടുണ്ടെന്നും ഇവർ അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ ഒടുവിലത്തെ അഭിപ്രായത്തോടാണു് ഈ ലേഖകൻ യോജിക്കുന്നതു്. “രവിലോകവീരൗ” എന്ന പാഠം വെച്ചുകൊണ്ടു മുകുന്ദമാലയിലെ പ്രസ്തുത ശ്ലോകം പ്രസ്തുത രണ്ടു് ആൾവാന്മാരേയും സൂചിപ്പിക്കുന്നു എന്നാണു് ഈ ലേഖകന്റെ അഭിപ്രായം. രവിലോകം എന്നതു സൂര്യവംശജരായ ചോഴരാജാക്കന്മാർ ഭരിച്ചിരുന്ന ശ്രീരംഗത്തിനു സമീപത്തുള്ള ഉറൈയൂരിലും, വിപ്രനാരായണൻ എന്ന പേരിലുള്ള തൊണ്ടരടിപ്പൊടി ആൾവാർ ശ്രീരംഗത്തിനടുത്തുള്ള തിരുമങ്ങൻകുടിയിലും ജനിക്കുകയും, കുലശേഖര ആൾവാർ പല സ്തവങ്ങളിലും വാഴ്ത്തുന്ന ശ്രീരംഗക്ഷേത്രത്തിലെ ദേവനെ ആരാധിച്ചു ജീവിതം നയിക്കുകയുമാണു് ചെയ്തിട്ടുള്ളതു്. മുകുന്ദമാലയിലെ ശ്ലോകത്തിലെ ദ്വിജന്മവരൻ അതായതു് ബ്രാഹ്മണശ്രേഷ്ഠൻ, ബ്രാഹ്മണനായ തൊണ്ടരടിപ്പൊടി ആൾവാരാകുന്നു. പാരശവൻ എന്ന പദത്തിനു വാര്യർ എന്ന അർത്ഥത്തിനു പുറമെ കുലടാപുത്രൻ എന്നുംകൂടി അർത്ഥമുണ്ടല്ലോ. തിരുപ്പാണാൾവാരെ ഒരു പഞ്ചമൻ ഉറൈയൂരിലെ ഒരു വയലിൽ നിന്നു കണ്ടെത്തി വളർത്തി എന്നാണു് വൈഷ്ണവ ഐതിഹ്യം. കുലടാപുത്രനാകയാൽ മാതാവു് ഉപേക്ഷിച്ച ശിശുവായിരുന്നിരിക്കാം തിരുപ്പാണാൾവാർ. അതിനാൽ പാരശവൻ എന്ന പ്രസ്തുത ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നതു തിരുപ്പാണാൾവാരെ ഉദ്ദേശിച്ചാണെന്നു വരാൻ പാടില്ലാതെയില്ല. മുകുന്ദമാലയിലെ ഒരു സ്തവത്തിൽ,
“ആനാതചെൽവത്തു അരംപൈയർകൾ കർപുഴ
വാനാളും ചെൽവമും മണ്ണരചും യാൻ വേണ്ടേൻ
തേനാർ പുഞ്ചോലൈത്തിരുവേങ്കടച്ചു നൈയിൽ
മീനായ്പിറക്കും വിതിയുടൈയെനോവേനേ”.
എന്നുപോലും തന്റെ പെരുമാൾ തിരുമൊഴിയിൽ പാടിയിട്ടുള്ള ഭക്തശിരോമണിയും അതിന്റെ കർത്താവുമായ ഒരു രാജാവു് തന്റെ സമകാലീനരായ പ്രസിദ്ധഭക്തന്മാരെപ്പറ്റി പ്രസ്താവിക്കുന്നതാണു് തന്റെ ആശ്രിതരായ ലൗകിക കവികളെക്കുറിച്ചു പറയുന്നതിനെക്കാളധികം സ്വാഭാവികമായിരിക്കുന്നതും. “രവിലോകവീരൗ” എന്ന പദം ത്രിപുര ദഹനാദി യമകകാവ്യങ്ങളുടെ കർത്താവായ വാസുഭട്ടതിരിയുടെ പിതാവായ രവിയേയും ലോകവീർ എന്ന വാര്യരേയും സൂചിപ്പിച്ചിരുന്നു എങ്കിൽ, കുലശേഖരന്റെ പിൻഗാമിയായ ചേരരാജാവു് രാജശേഖരനെന്ന ബിരുദമുള്ള രാമമവർമ്മൻ ആയേ മതിയാവൂ. നേരെമറിച്ചു്, കുലശേഖര ആൾവാരുടെ പിൻഗാമി താണുരവി ആണെന്നു മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. കുലശേഖര ആൾവാരും നാടകകർത്താവായ കുലശേഖര വർമ്മനും ഒന്നല്ലെന്നു കാണിക്കുന്ന പല സംഗതികളിൽ ഒന്നു മാത്രമാണിതു്.
കുലശേഖര ആൾവാരെപ്പറ്റി മുകളിൽ പ്രസ്താവിച്ചിട്ടുള്ള വിവരങ്ങളിൽ നിന്നു്, തിരുപ്പാണാൾവാരും അദ്ദേഹത്തിന്റെ സമകാലീനരാണെന്നു വരുന്നുണ്ടല്ലോ. ഇതുനിമിത്തമാണു് അന്നു മുതൽ നൽകിയിട്ടുള്ള ആൾവാർമാരുടെ മുറയിൽ തിരുമഴിചൈ ആൾവാരുടെ സ്ഥാനം മാറ്റി അദ്ദേഹത്തെ തിരുപ്പാണാൾവാരുടെ മുമ്പു് സ്ഥാപിക്കണമെന്നു മുകളിൽ പറഞ്ഞിട്ടുള്ളതു്. തിരുമഴിചൈ ആൾവാർ ആദ്യകാലത്തെ ആൾവാർമാരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ദേഹമാണു്. ഈ ആദ്യകാലത്തെ ആൾവാർമാരുടെ കാലം, അതിൽ ഉൾപ്പെട്ട പ്രഥമ ആൾവാരായ പൊയ്കൈ തമിഴ് സംഘത്തിലെ പ്രസിദ്ധകവികളുടെ കൂട്ടത്തിലുള്ള പൊയ്കൈ കവിയാണെന്നുള്ള കാരണത്താൽ, തമിഴ് സംഘത്തിന്റെ കാലമാണെന്നു ഡോക്ടർ എസ്. കൃഷ്ണസ്വാമി അയ്യങ്കാർ സ്ഥാപിച്ചിട്ടുണ്ടു്. തമിഴ് സംഘത്തിന്റെ കാലത്തെപ്പറ്റി തീവ്രമായ തർക്കങ്ങൾ ഇന്നും നടന്നുവരുന്നുണ്ടു്. തമിഴ് സംഘത്തിന്റെ കാലം എ. ഡി. 550-നും 750-നും മധ്യേയാണെന്നാണു് പല കാരണങ്ങൾകൊണ്ടും ഈ ലേഖകൻ വിചാരിക്കുന്നതു്. തമിഴ്സംഘത്തിന്റെ ആദികാലത്തുള്ള കവികളിൽ ഒരാളാണു് പൊയ്കൈ, അഥവാ, പൊയ്കൈ ആൾവാർ. അതിനാൽ പൊയ്കൈ ആൾവാർ എ. ഡി. 550-നും 650-നും മധ്യേ ജീവിച്ചിരുന്നിരിക്കണം. പുത്താൾവാരും, പോയാൾവാരും, തിരുമഴിചൈ ആൾവാരും ഏറെക്കുറെ പൊയ്കൈ ആഴ്‌വാർമാരുടെ സമകാലീനരായിരുന്നു എന്നു വൈഷ്ണവഐതിഹ്യം സൂചിപ്പിക്കുന്നതിനാൽ ഇവരും എ. ഡി. 550-നും 650-നും മധ്യേ ജീവിച്ചിരുന്നു എന്നു് നമുക്കു വിശ്വസിക്കാം: കൊങ്കകണസിദ്ധൻ അതായതു്, രണ്ടു നാഗാർജ്ജുനന്മാർ എന്ന ലേഖനത്തിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിട്ടുള്ളതനുസരിച്ചു്, സിദ്ധനാഗാർജ്ജുനൻ തിരുമഴിചൈ ആൾവാരെ സന്ദർശിച്ചിരുന്നു എന്നുള്ള ഐതിഹ്യവും ആദ്യകാലത്തെ ആൾവാർമാർക്കു ഇവിടെ നിൽകിയിരിക്കുന്ന കാലത്തെ പിന്താങ്ങുന്നുണ്ടു്. സിദ്ധനാഗാർജ്ജുനൻ ആറാം ശതാബ്ദത്തിന്റെ ഉത്തരാർദ്ധത്തിൽ കാളിദാസന്റെ സമകാലീനനായി ജീവിച്ചിരുന്നു എന്നു് ഈ ലേഖകൻ പ്രസ്തുത ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നല്ലോ.
ആൾവാർമാരുടെ കാലം ഇപ്രകാരം നിർണ്ണയിച്ചു കഴിഞ്ഞതിനാൽ അവർ വാഴ്ത്തിയിരിക്കുന്ന വൈഷ്ണവക്ഷേത്രങ്ങളുടെ താരതമ്യേനയുള്ള പ്രാചീനത കണ്ടുപിടിക്കുന്നതു് ലഘുവായ ഒരു കാര്യമാണു്. ചോഴരാജ്യത്തിലുള്ള 40 വിഷ്ണു ക്ഷേത്രങ്ങളേയും, പാണ്ഡ രാജ്യത്തുള്ള 18 വിഷ്ണുക്ഷേത്രങ്ങളേയും, ചേരരാജ്യത്തുള്ള അഥവാ കേരളത്തിലുള്ള 13 വിഷ്ണു ക്ഷേത്രങ്ങളേയും, നടുനാട്ടിലുള്ള അതായതു് കൊംഗുദേശത്തും അതിനു സമീപത്തുമുള്ള രണ്ടു വിഷ്ണുക്ഷേത്രങ്ങളേയും, തൊണ്ടൈനാട്ടിലുള്ള അതായതു് പല്ലവരാജാക്കന്മാർ ഭരിച്ചിരുന്നതും തെക്കൻ ആർക്കാടു ജില്ല മുതൽക്കു മദ്രാസുവരെ നീണ്ടു കിടന്നിരുന്നതുമായ രാജ്യത്തുള്ള 22 വിഷ്ണുക്ഷേത്രങ്ങളേയുമാണു് ഈ ആൾവാർമാർ നാലായിര പ്രബന്ധത്തിൽ വാഴ്ത്തിയിരിക്കുന്നതു്. തമിഴ്‌നാട്ടിലെ ഈ ക്ഷേത്രങ്ങൾക്കു പുറമേ തിരുവേങ്കടം (തിരുപ്പതി) തുടങ്ങി വടക്കു് ഡെക്കാണിലും ഉത്തര ഇന്ത്യയിലുമുള്ള ചില വിഷ്ണുക്ഷേത്രങ്ങളേയും ഇവർ വാഴ്ത്തുന്നുണ്ടു്. ഇവർ സ്തുതിച്ചിട്ടുള്ള ചോഴരാജ്യത്തിലെ വൈഷ്ണവക്ഷേത്രങ്ങളിൽ പ്രധാനമായവ ശ്രീരംഗം (തിരുവിരങ്കം) ഉറയൂർ, തിരുവെള്ളറൈ, തിരുപ്പേർനഗരം, തിരുവഴുത്തൂർ, കുംഭകോണം (കടന്തൈ) തിരുവെണ്ണകരം, തിരുക്കണ്ണപുരം, ചിതംബരം (ചിത്രകൂടം) നാങ്കൂർ എന്നീ സ്ഥലങ്ങളിലുള്ളവയാകുന്നു. തിരുമാലിരുഞ്ചോല, തിരുക്കൊട്ടിയൂർ, തിരുത്തൽകാൽ, ശ്രീവില്ലിപുത്തൂർ, തിരുക്കരികൂർ, തിരുക്കുറുങ്കടി എന്നീ സ്ഥലങ്ങളിലുള്ള വിഷ്ണുക്ഷേത്രങ്ങളാണു് ഇവർ വാഴ്ത്തിയിട്ടുള്ള പാണ്ഡ്യരാജ്യത്തിലെ ക്ഷേത്രങ്ങളിൽ പ്രധാനമായിട്ടുള്ളവ. ഇവർ വാഴ്ത്തിയിട്ടുള്ള കേരളത്തിലെ വിഷ്ണുക്ഷേത്രങ്ങൾ തിരുവനന്തപുരം, തുരുവൺ പരിയാരം (തൃപ്പതിസാരം), തൃക്കാക്കര, തിരുമൂഴിക്കുളം, കുട്ടനാട്ടിലെ തിരുപ്പുലിയൂർ, ചെങ്ങന്നൂർ, തിരുനാവായ്, തിരുവല്ലവായ് (തിരുവല്ല), തിരുവൺവണ്ടൂർ, തിരുവട്ടാർ, വിത്തുവക്കോടു്. തിരുക്കടിത്താനം, ആറന്മുള എന്നീ 13 ക്ഷേത്രങ്ങളാണു്. നടുനാട്ടിൽ ഇവർ വാഴ്ത്തിയിട്ടുള്ള പ്രധാനക്ഷേത്രം തിരുക്കോവല്ലുരിലുള്ളതത്രെ. തൊണ്ടൈനാട്ടിൽ ഇവർ വാഴ്ത്തിയിട്ടുള്ള വിഷ്ണുക്ഷേത്രങ്ങളിൽ പ്രധാനമാവ കാഞ്ചീപുരം, തിരുവേപ്പുൾ, തിരുനീർമല, മഹാബലിപുരം, മദ്രാസ്സിലെ ട്രിപ്ലിക്കെയിൻ (തിരുവെല്ലിക്കോണി) തിരുക്കടികൈ എന്നീ സ്ഥലങ്ങളിലുള്ളവയാണു്. തമിഴകത്തും അതിനു വടക്കുമുള്ള ഈ ക്ഷേത്രങ്ങളിൽ വെച്ചു ശ്രീശങ്കരക്ഷേത്രത്തെ പതിനൊന്നാൾവാർമാരും, കുംഭകോണക്ഷേത്രത്തെ ആറുപേരും, തിരുക്കുറുങ്കടി ക്ഷേത്രത്തെ അഞ്ചുപേരും, തിരുക്കടികൈ ക്ഷേത്രത്തെ നാലുപേരും, തിരുക്കോവല്ലൂർ ക്ഷേത്രത്തെ മൂന്നുപേരും, കാഞ്ചീപുരത്തിലെ ക്ഷേത്രങ്ങളെ അഞ്ചുപേരും, തിരുവേങ്കടത്തിലുള്ള (തിരുപ്പതിയിലുള്ള) ക്ഷേത്രത്തെ പത്തുപേരും സ്തുതിച്ചിട്ടുള്ളതിൽ നിന്നു് ആൾവാർമാരുടെ കാലത്തുണ്ടായിരുന്ന അതിപ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ ഇവയായിരുന്നു എന്നു അനുമാനിക്കാവുന്നതുമാണു്. ആൾവാർമാരുടെ സ്തവങ്ങളിൽ നിന്നു അവരുടെ കാലത്തു കാഞ്ചീപുരത്തു 13 വിഷ്ണുക്ഷേത്രങ്ങളും, നാങ്കൂരിൽ 11 ക്ഷേത്രങ്ങളും ഉണ്ടായിരുന്നതായും കാണുന്നു.
ഈ വിഷ്ണുക്ഷേത്രങ്ങളുടെ പ്രാചീനതയെ സംബന്ധിച്ചിടത്തോളം ആൾവാർമാർ സ്തുതിക്കാത്തതായ ക്ഷേത്രങ്ങൾ അവരുടെ കാലത്തുണ്ടായിരുന്നില്ലെന്നു പറയാവുന്നതല്ലെങ്കിലും, ആ ക്ഷേത്രങ്ങൾ അവരുടെ കാലത്തു പ്രസിദ്ധിനേടിയിരുന്നില്ലെന്നു വിചാരിക്കാവുന്നതാണു്. എ. ഡി. 550 മുതൽക്കു് എ. ഡി. 650 വരെയുള്ള കാലത്തിൽ ജീവിച്ചിരുന്ന ആദ്യത്തെ ആൾവാർമാർ ശ്രീരംഗം, തഞ്ചാവൂരിലെ മണിമാടക്കോവിൽ, ചോഴനാട്ടുള്ള അൻപിൽ, തിരുപ്പേർനഗരം, കുംഭകോണം, തിരുവെണ്ണകരം, തഞ്ചാവൂർ ജില്ലയിലുള്ള കപിലസ്ഥലം, തിരുമാലിരുഞ്ചോലം, തിരുക്കൊട്ടിയൂർ, തിരുത്തൺകാൽ, തിരുക്കുറുങ്കടി, തിരുക്കോവലൂർ, കാഞ്ചീപുരം, തിരുവേപ്പൂർ, തിരുനീർമല, മഹാബലിപുരം, മദ്രാസ്സിലെ തിരുവല്ലിക്കേണി, തിരുക്കടികൈ, തിരുവേങ്കടം (തിരുപ്പതി) എന്നീ സ്ഥലങ്ങളിലുള്ള ക്ഷേത്രങ്ങളെയാണു് വാഴ്ത്തിയിരിക്കുന്നതു്. കേരളത്തിലെ പ്രസ്തുത 13 ക്ഷേത്രങ്ങളേയും മധ്യകാലത്തെ ആൾവാർമാരായ കുലശേഖര ആൾവാരും ഒടുവിലത്തെ ആഴ്‌വാന്മാരായ തിരുമങ്കൈ ആൾവാരും നമ്മാൾവാരും മാത്രമേ വാഴ്ത്തിയിട്ടുള്ളു. കേരളത്തിലെ പ്രസ്തുത ക്ഷേത്രങ്ങൾ വിത്തുവക്കോട്ടിനെ മാത്രം കുലശേഖര ആൾവാരും, കുട്ടനാട്ടെ തിരുപ്പുലിയൂർ, തിരുനാവായ്, തിരുവല്ല, തിരുമൂഴിക്കുളം എന്നിവയെ തിരുമങ്കൈ ആൾവാരും നമ്മാൾമാരും, ശേഷിച്ച എട്ടിനേയും നമ്മാൾവാരുമാണു് വാഴ്ത്തിയിരിക്കുന്നതു്. തൃക്കാക്കര ക്ഷേത്രപ്രതിഷ്ഠ എ. ഡി. 604-ൽ നടന്നു എന്നും മൂഴിക്കുളം ക്ഷേത്രത്തിന്റെ പ്രതിഷ്ഠയോ ജീർണ്ണോദ്ധാരണമോ എ. ഡി. 973-ൽ ഉണ്ടായി എന്നും ശിലാലേഖനങ്ങളിൽ നിന്നു നമുക്കു അറിയാവുന്നതാണു്. തിരുനാവായ് ക്ഷേത്രവും ഒരുപക്ഷേ, തൃക്കാക്കര ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു സമീപിച്ചു് ഉണ്ടായിരിക്കുവാൻ ഇടയുണ്ടു്. തൃക്കാക്കര, തിരുനാവായ്, തിരുമൂഴിക്കുളം എന്നിവ ആദ്യത്തെ ആൾവാർമാരുടെ കാലത്തു് ഉണ്ടായിരിക്കാനിടയുണ്ടെങ്കിലും അവയ്ക്കു അന്നു് പ്രസിദ്ധി കിട്ടായ്കയാലാണു് ഇവർ അവയെ സ്തുതിക്കാതെ വിട്ടുകളഞ്ഞതു്. ശേഷിച്ച കേരളത്തിലെ 10 വിഷ്ണുക്ഷേത്രങ്ങളും മധ്യകാലത്തെ ആൾവാർമാരുടെ കാലമായ ഒമ്പതാംശതാബ്ദത്തിലും അതിനു ശേഷവുമാണു് ഉണ്ടായിട്ടുള്ളതെന്നോ, പ്രസിദ്ധിനേടിയതെന്നോ, ഇതിൽ നിന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു.
ആൾവാർമാരുടെ സ്തവങ്ങൾക്കു ഒരു ഉദാഹരണമായി തിരുമങ്കൈ ആൾവാരുടെ തിരുനെട്ടന്താണ്ടകത്തിലെ തിരുമൂഴിക്കുളത്തെപ്പറ്റിയുള്ള ഒരു പാട്ടു ചുവടെ ചേർക്കുന്നു.
“പൊന്നാനായ്! പൊഴിലേഴും കാവൽ പൂണ്ട
പുകഴാനായ്! ഇകഴ്‌വായ തൊണ്ടനേർനാൻ
എന്നാനായ്! എന്നാനായ്! എന്നലല്ലാൽ
എന്നറിവൻ ഏഴൈയേൻ! ഉലകമേത്തും
തെന്നാനായ്! പടവാനായ്! കടപാലാനായ്!
കുണപാലമതയാനായ്! ഇകൈയോർക്കു എൻറും
മുന്നാനായ്! പിന്നാനാർ വണങ്കും ചോതി!
തിരുമൂഴിക്കളത്താനായ്! മുതലാനായേ!”
മാതൃഭൂമി ആഴ്ചപ്പതിപ്പു് 1937 ഫിബ്രവരി 8.