ഈയ്യിടെ ന്യൂഡൽഹിയിൽ വച്ചു നടന്ന അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനത്തിന്റെ അധ്യക്ഷപ്രസംഗത്തിൽ മൌലാനാ അബുല്‍ കലാം ആസാദ് ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി: “ചരിത്രത്തെ സംബന്ധിച്ചിടത്തോളം, ഇന്നു നമ്മുടെ സർവ്വകലാശാലകൾ ഉപയോഗിച്ചുവരുന്ന സകല ചരിത്രബുക്കുകളും, ഇവയിലുള്ള വിട്ടുകളയലുകളും സത്യത്തിൽനിന്നുള്ള വ്യതിചലനങ്ങളും നിമിത്തം, കുറവുള്ളവയായിഭവിച്ചിരിക്കുന്നു. ഇന്നത്തെ സർവ്വകലാശാലകൾ ഉടനടി ശ്രദ്ധ പതിപ്പിക്കേണ്ട കാര്യങ്ങളിൽ വച്ചു ഏറ്റവും പ്രധാനപ്പെട്ടതു് പ്രൈമറി ക്ലാസ്സുവരെയുള്ള വിദ്യാർഥികൾക്കു നൽകി വരുന്ന ചരിത്രജ്ഞാനത്തെ പരിഷ്ക്കരിക്കുന്നതാണു്” വിദ്യാഭ്യാസമന്ത്രി ഇങ്ങിനെ പറഞ്ഞതു് ഈ ചരിത്രജ്ഞാനപരിഷ്കരണത്തിനു്—ഇന്നത്തെ സർവ്വകലാശാലക്കാരുടെ മൌലികമായ കൊള്ളരുതായ്മ അദ്ദേഹം മനസ്സിലാക്കിയിട്ടില്ലാത്തതു നിമിത്തമാണു്.
സാധാരണയായി ചരിത്രരേഖകളെന്നു ഗണിക്കപ്പെടുന്ന ലിഖിത രേഖകളില്ലാത്ത കാലത്തെപ്പറ്റി— ഇംഗ്ലീഷിൽ പ്രീഹിസ്റ്ററി എന്നു പറയുന്നതിനെക്കുറിച്ചു്— പ്രതിപാദിക്കുന്ന ശാസ്ത്രമാണു് ആർക്കെയോളിജി. ഇക്കാലത്തെ ചരിത്രം അറിയുന്നതിനും ഇന്നു മാർഗ്ഗങ്ങളില്ലാതെയില്ല. ആർക്കെയോളിജിക്കൽ ഖനനം, ഇന്നത്തെ സകല രാജ്യക്കാരുടെയും പ്രാചീന ഐതിഹ്യങ്ങളെയും കഥകളെയും പുരാണേതിഹാസങ്ങളെയും നിഷ്പക്ഷബുദ്ധ്യാ ശാസ്ത്രീയമനഃസ്ഥിതിപൂർവ്വം താരതമ്യപ്പെടുത്തി ഗവേഷണം നടത്തുക എന്നിവയാണു് ഇവയിൽ ഏറ്റവും പ്രധാനമായ രണ്ടെണ്ണം. ഇന്നത്തെ സർവ്വകലാശാലക്കാരും ആർക്കെയോളിജി വകുപ്പുകാരും ആദ്യത്തേതിനെ മാത്രമെ പ്രായേണ സ്വീകരിച്ചുവരുന്നുള്ളു. പ്രസ്തുത ഐതിഹ്യങ്ങളും മറ്റും സമകാലീനരേഖകളല്ലെന്നുള്ള വാദം ഇവർ മുറുകെപിടിച്ചു കൊണ്ടിരിക്കുന്നതാണു് ഇതിനു കാരണം. ഈ ഐതിഹ്യങ്ങളെ ഉപയോഗപ്പെടുത്തുന്നവർതന്നെ അതിരുകവിഞ്ഞദേശീയമോ, വർഗ്ഗീയമോ ആയ മനഃസ്ഥിതി ഹേതുവായി അന്യരാജ്യക്കാരുടെയും അന്യമതസ്ഥരുടെയും ഐതിഹ്യങ്ങളോടു് ഇവയെ താരതമ്യപ്പെടുത്തി പഠിക്കുന്നുമില്ല. തന്നിമിത്തം ഇവരും സത്യത്തിൽ എത്തിച്ചേരുവാൻ നമ്മെ സഹായിക്കുന്നില്ല.
പല കാലങ്ങളിലുമായി ഒരു സ്ഥലത്തുണ്ടായിരുന്ന പരിഷ്കാരാവശിഷ്ടങ്ങളെ പൂർവ്വാപരബന്ധക്രമേണ— അതായതു് ഒന്നിനുമുമ്പു് മറ്റൊന്നു് എന്നു് കാണിക്കുന്ന രീതിയിൽ, അഥവാ, സർ ഫ്ലിൻഡേഴ്സ് പെട്രീ പ്രാചീന ഈജിപ്തിനെ സംബന്ധിച്ചു് ആദ്യമായി സ്ഥാപിച്ച “സെക്വൻസ് ഡേറ്റിംഗ്” രീതിയിൽ—മാത്രമേ ആർക്കെയോളിജിക്കൽ ഖനനം നമുക്കു കാണിച്ചുതരുന്നുള്ളു. ഇന്ന ഇന്ന വർഷങ്ങളിൽ അവ ഓരോന്നും നിലവിലിരുന്നു എന്നു അവ നമ്മെ ധരിപ്പിക്കുന്നില്ല. ഇതു ഹേതുവായി ശാസ്ത്രീയമായ ചരിത്രരചനയ്ക്കു് അപരിത്യാജ്യമായ സൂക്ഷ്മകാലഗണനം ഇതിൽ അടങ്ങിയിട്ടില്ല. ഇതുകൊണ്ടു നമുക്കു കിട്ടുന്നതു വെറും കങ്കാളങ്ങൾ മാത്രമാണു്. പ്രാചീനകാലത്തെ മഹാ പുരുഷന്മാരെപ്പറ്റിയും ഇതു് നമുക്കു് യാതൊരറിവും തരുന്നില്ല. ഇതുകൊണ്ടു് സാധാരണജനങ്ങൾ—അഭ്യസ്തവിദ്യർ പോലും—ഇതിനെ ഉണക്കശാസ്ത്രമെന്നു പറഞ്ഞു് ആക്ഷേപിച്ചു് അതിൽ താൽപര്യം കാണിക്കാതെയിരിക്കുന്നു.
എന്നാൽ പ്രസ്തുത രണ്ടു മാർഗ്ഗങ്ങളും കലർത്തി ഗവേഷണം നടത്തുന്നതായാൽ പ്രസ്തുത കുറവുകൾ ചരിത്രജ്ഞാനത്തിൽ ഇല്ലാതാകും. ഇപ്രകാരം ആർക്കെയോളിജി പഠിക്കുന്നതായാൽ, നമ്മുടെ ഇന്നത്തെ പല ധാരണകളും അബദ്ധജടിലങ്ങളാണെന്നു് മനസ്സിലാക്കുവാൻ കഴിയും. ഈ പരമാർഥജ്ഞാനം നമ്മുടെ ഇന്നത്തെ ചിന്താഗതിയിലും പെരുമാറ്റത്തിലും വലിയ പരിവർത്തനം വരുത്തുകയും ചെയ്യും. ആർക്കെയോളിജിയിൽ പ്രസ്തുതരീതിയിൽ ഗവേഷണം നടത്താതെയിരിക്കുന്നതിന്റെ ഒരു അന്തിമഫലമാണു് ഉത്തര ഇൻഡ്യയിൽ ഇന്നു നടന്നുകൊണ്ടിരിക്കുന്ന മൃഗീയസംഭവങ്ങൾ. ഇതിന്റെ അന്തിമമായ ഉത്തരവാദിത്വത്തിന്റെ ഒരു വലിയ ഭാഗം നമ്മുടെ ഇന്നത്തെ സർവ്വകലാശാലക്കാരുടെ ചുമലിൽ കെട്ടി വയ്ക്കണം. ഈ ദുരന്തസംഭവങ്ങൾക്കു് പുറമെ ഇന്നത്തെ ആർക്കെയോളിജിയുടെ പ്രസ്തുത കുറവുകൾ ചില നേരമ്പോക്കുകളെയും കൂടി സൃഷ്ടിച്ചിട്ടുണ്ടു്. ഇവയിൽ രണ്ടുമൂന്നെണ്ണം ഇവിടെ വിവരിച്ചുകൊള്ളുന്നു.
ഹിന്ദുമതത്തിലെ എല്ലാ ദേവന്മാർക്കും വാഹനങ്ങളുണ്ടല്ലോ. മഹാവിഷ്ണുവിനു് ഗരുഡനും, ബ്രഹ്മാവിനു് ഹംസവും, ശിവനു് കാളയും, ഗണേശനു് എലിയും ദുർഗ്ഗയ്ക്കു് കടുവയും വാഹനങ്ങളാണു്. ഈ വാഹനങ്ങളിൽ അവരെ ഇരുത്തി എഴുന്നെള്ളിക്കാറുമുണ്ടു്. എന്നാൽ പ്രസ്തുത സർവ്വരാജ്യ ഐതിഹ്യപഠനം ദേവന്മാർക്കും അവരുടെ വാഹനങ്ങൾക്കും തമ്മിലുള്ള ബന്ധം ഇതിനു നേരേ മറിച്ചാണെന്നു് നമ്മെ ധരിപ്പിക്കുന്നതാണു്. “വാഹനൻ” എന്ന വാക്കു വാസ്തവത്തിൽ പ്രാചീന ആസ്ത്രോ-ഏഷ്യാറ്റിക് ഭാഷാ കുടുംബത്തിന്റെ ഒരു ശാഖയായ മുണ്ഡാഭാഷയിൽ കാണുന്നതും മകനെന്നു് അർത്ഥമുള്ളതുമായ “ഹൻ” “ഹവൻ” എന്ന പദത്തിന്റെ ഒരു രൂപഭേദമാണെന്നു് പാരീസ് സർവ്വകലാശാലയിലെ പ്രസിദ്ധഭാഷാശാസ്ത്രജ്ഞനായ പ്രസിലുസ്ക്കി സ്ഥാപിച്ചിട്ടുണ്ടു്. “ഹപൻ” എന്നതിനു് ഭാഷാശാസ്ത്ര നിയമമനുസരിച്ചു് “പഹൻ” എന്നൊരു രൂപഭേദമുണ്ടാകും. ഇതിനെ സംസ്കൃതീകരിച്ചാണു് “വാഹനൻ” എന്ന പദം സൃഷ്ടിച്ചിട്ടുള്ളതു്. അവതാരം എന്നർത്ഥമുള്ള വ്യൂഹം എന്ന സംസ്കൃതവാക്കും ഇതിൽനിന്നുതന്നെ ജനിച്ചിട്ടുള്ളതാണു്. പുത്രനെ പിതാവിന്റെ അവതാരമായി പരിഗണിക്കാമല്ലൊ. ഗരുഡവാഹനൻ എന്നതിന്റെ യഥാർത്ഥമായ അർത്ഥം ഗരുഡപുത്രൻ, അതായതു്, മഹാവിഷ്ണു എന്നാണു്. പുത്രൻ എന്നർത്ഥമുള്ള “കൊൻ” എന്നൊരു പദവും മുണ്ഡാഭാഷയിലുണ്ടു്. ഇതിനെ സംസ്കൃതീകരിച്ചു് കർണ്ണൻ എന്ന പദവും സൃഷ്ടിച്ചു എന്നും പ്രിസിലുസ്ക്കി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ക്രിസ്ത്വബ്ദത്തിന്റെ പ്രാരംഭത്തിൽ ദക്ഷിണാപഥ ചക്രവർത്തികളായിരുന്ന രാജവംശത്തിനു് ശാതവാഹനനരെന്നും, ശാതകർണ്ണികളെന്നും പേരുകളുണ്ടായിരുന്നു. അശ്വപുത്രർ, അതായതു് ഗന്ധർവ്വരെന്നാണു് ഇവരണ്ടിനും മുണ്ഡാഭാഷയിലുള്ള അർത്ഥം.
ഹിന്ദു ബുദ്ധമതങ്ങളുടെ വിഗ്രഹനിർമ്മാണശാസ്ത്രമനുസരിച്ചു് ഒരു ദേവവിഗ്രഹത്തിന്റെ ശിരസ്സിൽ ആ ദേവന്റെ പിതാവിന്റെ വളരെ ചെറിയ ഒരു വിഗ്രഹം വയ്ക്കാറുണ്ടു്. ഈ പതിവിനു് കടകവിരുദ്ധമായിട്ടാണു് ഇന്നുള്ള ഹിന്ദുക്കൾ പ്രവർത്തിച്ചുവരുന്നതു്. പുത്രനെ എടുത്തു് അച്ഛന്റെ പുറത്തുവച്ചു് ഇവർ ഗുരുത്തക്കേടു് കാണിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ പിതാവു് ഗരുഡനും ബ്രഹ്മാവിന്റെ പിതാവു് ഹംസനെന്ന ബിരുദമുള്ള മഹാവിഷ്ണുവും, ശിവന്റെ അച്ഛൻ കാള (നന്ദി) എന്നു പേരുള്ള ബ്രഹ്മാവും, ഗണേശന്റെ (ആദിപരശുരാമന്റെ) പിതാവു് മൂഷികൻ (എലി) എന്നു് പേരുള്ള ശിവനും, കാളിയുടെ അച്ഛനും ഭർത്താവും കടുവായെന്നു പേരുള്ള ബ്രഹ്മാവുമാകുന്നു. ബ്രഹ്മാവിന്റെ രണ്ടു പുത്രിമാരിൽ കാളിയെന്നും സരസ്വതിയെന്നും, ഗംഗയെന്നും പേരുള്ള മൂത്തവളെ അച്ഛനായ ബ്രഹ്മാവും ഉമയെന്ന ഇളയവളെ സഹോദരൻ ശിവനും കല്യാണം കഴിച്ചുവെങ്കിലും, ശിവൻ കാളിയെ സ്നേഹിക്കുകയും ആ ദേവിയിൽ ഗണേശനെന്ന ഒരു പുത്രൻ അദ്ദേഹത്തിനു് ജനിക്കുകയും ചെയ്തു. ഉമ പെറ്റിട്ടില്ല. പിതൃഭാര്യയെന്ന നിലയിലാണു് ശിവൻ കാളിയായ ഗംഗയെ ജടയിൽ വച്ചിരിക്കുന്നതു്. അന്നു് ഏകഭാര്യാവ്രതമില്ലായ്കയാൽ അതുള്ള ഇന്നത്തെ മനുഷ്യർ ഉപഭാര്യമാരെ ഒളിച്ചുവയ്ക്കുന്ന പതിവും അന്നുണ്ടായിരുന്നില്ല. തങ്ങളുടെ പതിവു് ചരിത്രാതീതകാലത്തെ മനുഷ്യർക്കും ആരോപിക്കുന്ന ശീലം നിമിത്തമാണു് ശിവൻ ഗംഗയെ ഉമയിൽനിന്നു് ജടയിൽ ഒളിച്ചുവച്ചിരുന്നു എന്നു് ഇന്നുള്ളവർ വിചാരിച്ചുവരുന്നതും. മറ്റൊരുനേരം പോക്കു് മ്ലേഛനെന്ന പദത്തിന്റെ പ്രയോഗത്തിൽ കാണാം. യാഥാസ്ഥിതികരായ ഹിന്ദുകൾ മ്ലേഛനെന്ന പദത്തെ അതിയായ പുച്ഛരസമുൾക്കൊള്ളുന്ന ഒരർത്ഥത്തിൽ മുസ്ലീമിങ്ങളുടെയും ക്രിസ്ത്യാനികളുടെയും നേർക്കു പ്രയോഗിച്ചുവരുന്നുണ്ടല്ലോ. ഇതു ശരിയായ ആർക്കെയോളിജി ജ്ഞാനത്തിന്റെ അഭാവത്തിൽനിന്നുണ്ടായ ഒരു ഗുരുത്തക്കേടാണു്. മേലുക്കൻ എന്നതിന്റെ ഒരു രൂപഭേദമാണു് മ്ലേഛ എന്നതു്. മേലുക്ക എന്നതു് ചരിത്രാതീതകാലത്തു് പെർസ്യൻ ഉൾക്കടലിന്റെ പടിഞ്ഞാറേവശത്തെ അറബിക്കരയായിരുന്നു. ബാബിലോണിയാക്കാർ ഈ പേരാണു് അതിനു് കൊടുത്തിരുന്നതു്. പിൽക്കാലത്തെ ഇവിടെനിന്നുള്ള കുടിയേറിപ്പാർപ്പുകൾ നിമിത്തം സീനായി ഉപദ്വീപിനും അബിസീനിയാക്കും കൂടി ഈ പേരുകിട്ടി. ലവണം (ഉപ്പു്) എന്നർത്ഥമുള്ള മെലുക്കു് എന്ന സെമിറ്റിക്ക് പദത്തിൽ നിന്നാണു് മേലുക്ക എന്ന പേരു് ഉത്ഭവിച്ചിട്ടുള്ളതു്. ദ്യാവാപൃഥിവി അഥവാ സ്വർഗ്ഗരാജ്യം എന്നതിന്റെ പര്യായമായി ലവണാകരയെ—അതായതു് മേലുക്കയെ— അമരകോശം പ്രസ്താവിച്ചിട്ടുണ്ടു്. മഹാവിഷ്ണു, ബ്രഹ്മാവു്, ശിവൻ, ഗണേശൻ, എന്നീ ഹിന്ദുദേവന്മാരെല്ലാം ദിവ്യരാക്കപ്പെട്ട മേലുക്ക രാജാക്കന്മാരും ഭാരതീയരുടെ പൂർവ്വികന്മാരുമായിരുന്നു എന്നു ഞാൻ പല ലേഖനങ്ങളിലും സ്ഥാപിച്ചിരുന്നു. അതുകൊണ്ടു് ഇവരും മ്ലേച്ഛരായിരുന്നു. തന്നിമിത്തം ഹിന്ദുക്കൾ മ്ലേഛനെന്ന പദത്തെ പുച്ഛരസത്തിൽ മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും നേർക്കു് പ്രയോഗിക്കുമ്പോൾ വലിയ ഗുരുഭക്തരും ദൈവഭക്തരുമായ അവർ ഗുരുത്തക്കേടും ദൈവദൂഷണവുമാണു് കാണിക്കുന്നതു്.
(1948 ജനുവരി 31 ഉദയം.)
(ഡമോക്രാറ്റ്—1950 ഒക്ടോബർ.)