ഗൌതമബുദ്ധൻ സ്ഥാപിച്ച ബുദ്ധമതത്തിന്റെ പ്രചാരണത്തിനായി സ്ത്രീകൾ എത്രമാത്രം പ്രയത്നിച്ചിരുന്നു എന്നു് ഇന്നത്തെ ഭൂരിഭാഗം ജനങ്ങളും അറിഞ്ഞിട്ടുള്ളതായി തോന്നുന്നില്ല. ബുദ്ധമതത്തിന്റെ പ്രചാരണത്തിനായി ബുദ്ധമുനി ഉപയോഗപ്പെടുത്തിയ രണ്ടു പ്രായേണ പുതിയതരം ഉപകരണങ്ങൾ നാടോടിഭാഷയും സ്ത്രീകളുമായിരുന്നു. ബുദ്ധമതത്തിന്റെ സ്ഥാപനകാലത്തു നിലവിലിരുന്ന വൈദിക ഹിന്ദുമതത്തിൽ യജ്ഞമാകുന്ന കർമ്മവർഗ്ഗവും, ഉപനിഷത്തുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ആധ്യാത്മിക ചിന്തനമാകുന്ന ജ്ഞാനമാർഗ്ഗവും മാത്രമേ അടങ്ങിയിരുന്നുള്ളു. പിൽക്കാലത്തു ഹിന്ദുമതത്തിൽ കാണാമായിരുന്ന ഭക്തിമാർഗ്ഗം അന്നു് അതിൽ ഇല്ലായിരുന്നു. ബുദ്ധമതസ്ഥാപനത്തിന്റെ ഒരു അന്തിമഫലമായിട്ടാണു് ഭക്തിമാർഗ്ഗം ഹിന്ദുമതത്തിൽ ഉൾപ്പെടുവാൻ സംഗതി വന്നതു്. ബുദ്ധമതസ്ഥാപനകാലത്തെ ഹിന്ദുമതത്തിലെ ഘടകങ്ങളായ യജ്ഞം ഇടത്തരക്കാർക്കും, ആധ്യാത്മിക ചിന്തനം ഉയർന്ന നിലയിലുള്ളവർക്കും മാത്രമേ മതപരമായ സഹായം ചെയ്തിരുന്നുള്ളൂ. ഭൂരിപക്ഷക്കാരായ സാധാരണജനങ്ങൾക്കുംകൂടി മതം ഉപകാരപ്രദമായിരിക്കണമെന്നു നിശ്ചയിച്ചാണു് ബുദ്ധമുനി തന്റെ പുതിയ മതം സ്ഥാപിച്ചതു്. ഈ ഉദ്ദേശ്യത്തെ പുരസ്കരിച്ചു് ഭാരതത്തിൽ ഇദംപ്രഥമായി ഒരു മതപരിഷ്ക്കാരം വരുത്തിയതു് ബുദ്ധമുനിക്കു് ഒരു 250 വർഷത്തിനു മുമ്പു് ജീവിച്ചിരുന്ന ദേഹവും, ചരിത്രകാലത്തെ ജൈനമതത്തിന്റെ യഥാർത്ഥ സ്ഥാപകനുമായ പാർശ്വനാഥതീർത്ഥങ്കരനായിരുന്നു. ഗൗതമബുദ്ധൻ പാർശ്വനാഥനെ അനുകരിക്കുക മാത്രമേ ഇക്കാര്യത്തിൽ ചെയ്തിരുന്നുള്ളൂ. തന്റെ പ്രസ്തുത ഉദ്ദേശ്യം നടപ്പിൽ വരുത്തുവാനായിട്ടാണു് ബുദ്ധമുനി സംസ്കൃത ഭാഷയ്ക്കു പകരം നാടോടി ഭാഷയും, പുരുഷന്മാരുടെ പ്രയത്നങ്ങൾക്കു പുറമേ സ്ത്രീകളുടെ സഹായവും ഉപയോഗപ്പെടുത്തിയതു്. മതപ്രചരണാർത്ഥം അതിനു വളരെ മുമ്പുതന്നെ ശ്രമണി അഥവാ ഭിക്ഷുണി സമ്പ്രദായം ജൈനമതം സ്വീകരിച്ചിരുന്നു. ഗൗതമബുദ്ധനു് ആദ്യം “നരകത്തിന്റെ കവാടങ്ങളായ” സ്ത്രീകളെ ഭിക്ഷുണികളായി സ്വീകരിക്കുന്നതിൽ വൈമനസ്യം ഉണ്ടായിരുന്നുവെങ്കിലും, ഒടുക്കം അദ്ദേഹം ആ സമ്പ്രദായം സ്വീകരിക്കുകയാണു് ചെയ്തതു്. ബുദ്ധമുനിയുടെ സമകാലീനരും, ബുദ്ധമതത്തിന്റെ പ്രചാരണത്തിൽ അദ്ദേഹത്തെ അധികമായി സഹായിച്ചവരുമായ പതിമൂന്നു പ്രസിദ്ധഭിക്ഷുണികളെക്കുറിച്ചു് വിഖ്യാതനായ ബുദ്ധമതഗ്രന്ഥവ്യാഖ്യാതാവായ ബുദ്ധഘോഷൻ തന്റെ അംഗുത്തരനികായ ഭാഷ്യമായ മനോരഥപുരാണിയിൽ പ്രസ്താവിച്ചിട്ടുള്ള ചില വിവരങ്ങളെയാണു് ചുവടെ ചേർത്തിരിക്കുന്നതു്.
ഗൌതമബുദ്ധന്റെ കൊച്ചമ്മയാണു് പ്രസിദ്ധ ഭിക്ഷുണിയായ മഹാപജാപതി ഗോതമി (മഹാപ്രജാപതി ഗൌതമി). പത്മോത്തരബുദ്ധൻ എന്ന പൂർവ്വ ബുദ്ധന്റെ കാലത്തു് ഹംസാവതിനഗരത്തിലെ ഒരു കുലീന കുടുംബത്തിലെ അംഗമായും, പിന്നീടു കാശിയിലെ ഒരു ചാലിയത്തിയായും ഉള്ള പൂർവ്വജന്മങ്ങൾ കഴിഞ്ഞു്, ഒടുക്കം ആ പൂർവ്വജന്മങ്ങളിൽ ചെയ്തിരുന്ന സൽകർമ്മങ്ങളുടെ ഫലമായി മഹാപജാപതി ഗോതമി ഗൌതമബുദ്ധന്റെ മാതാവായ മായാദേവിയുടെ അനുജത്തിയായി ജനിച്ചു. മായാദേവിയുടെ മരണാനന്തരം ബുദ്ധമുനിയുടെ പിതാവായ ശുദ്ധോദനൻ അവരെ വിവാഹം ചെയ്തു. ഗൌതമബുദ്ധനെ വളർത്തിവന്നതു് ഈ മഹിളാമണിയായിരുന്നു. ഭർത്താവിന്റെ മരണാനന്തരം ഇവർ ഒരു ഭിക്ഷുണിയായി ബുദ്ധമതത്തിൽ ചേരുവാൻ നിശ്ചയിച്ചു. ശാക്യമുനി ആദ്യം അവർക്കു് അതിനുവേണ്ട അനുവാദം നിഷേധിക്കുകയുണ്ടായി. ഉടനെ പജാപതി ഗോമതി തന്റെ ശിഷ്യത്തികളായ അഞ്ഞൂറു് കന്യകകളോടുകൂടി ശിരസ്സുകൾ മുണ്ഡനം ചെയ്തു മഞ്ഞ വസ്ത്രങ്ങൾ ധരിച്ചു ബുദ്ധമുനിയുടെ പ്രധാന ശിഷ്യനായ ഥേരൻ ആനന്ദനെച്ചെന്നു കണ്ടു് തങ്ങളെ ഭിക്ഷുണികളായി സ്വീകരിക്കുവാൻ തന്റെ ഗുരുവിനോടു ഉപദേശിക്കണമെന്നു് അപേക്ഷിച്ചു. ആനന്ദൻ അങ്ങനെ ചെയ്തു് അവർക്കു ഭിക്ഷുണികളാകാൻ അനുവാദം വാങ്ങിക്കൊടുത്തു. പിന്നീടു ബുദ്ധമുനി മഹാപ്രജാപതി ഗോമതിയെ ഭിക്ഷുണികളുടെ തലവിയാക്കിത്തീർക്കുകയും ചെയ്തു.
രണ്ടാമത്തെ പ്രസിദ്ധ ഭിക്ഷുണി മഗധരാജാവായ ബിംബിസാരന്റെ രാജ്ഞിയായ ഖേമ (ക്ഷേമ) യായിരുന്നു. പൂർവ്വജന്മങ്ങളിൽ ചെയ്ത പുണ്യങ്ങളുടെ ഫലമായി ഇന്നത്തെ പഞ്ചാബിൽ പണ്ടു സ്ഥിതിചെയ്തിരുന്ന മദ്ര രാജ്യത്തിലെ ഒരു രാജാവിന്റെ പുത്രിയായി ഖേമ സാലഗനഗരത്തിൽ ജനിച്ചു. മഗധയിലെ പ്രസിദ്ധ രാജാവായ ബിംബിസാരനാണു് ഖേമയെ കല്യാണം കഴിച്ചതു്. മഗധരാജധാനിയായ രാജഗൃഹത്തിനു സമീപമായി ഒരിക്കൽ ബുദ്ധമുനി താമസിച്ചിരുന്നു. രാജധാനിയിലെ സകല സ്ത്രീകളും ബുദ്ധമുനിയെ കാണാൻ പോകാറുണ്ടായിരുന്നുവെങ്കിലും അതിസുന്ദരിയായ ഖേമമാത്രം അങ്ങനെ ചെയ്തിരുന്നില്ല. ബുദ്ധമുനി സൌന്ദര്യത്തെ അപലപിച്ചു സംസാരിക്കുക പതിവാണെന്നു കേട്ടതു നിമിത്തമാണു് ഖേമ അദ്ദേഹത്തെ സന്ദർശിക്കുവാൻ പോകാതെയിരുന്നതു്. ബുദ്ധമുനിയുടെ പുതിയ മതത്തെ പിന്താങ്ങിയിരുന്ന ബിംബിസാരനു് ഇതു കണ്ടു വിഷാദം തോന്നി. ബുദ്ധമുനി അപ്പോൾ നിവസിച്ചിരുന്ന വേലുവന ആശ്രമത്തിന്റെ മഹിമയേയും ലാവണ്യത്തേയും പുകഴ്ത്തി കാവ്യം രചിക്കുവാൻ ഉടനെ ബിംബിസാരൻ തന്റെ സദസ്സിലുള്ള കവികളോടു് ആജ്ഞാപിച്ചു. ഇതു രചിച്ചുകഴിഞ്ഞ ഉടനെ അതിനെ ചൊല്ലിക്കേൾപ്പിക്കുവാൻ അദ്ദേഹം അവരെ നിയോഗിച്ചു. അതു കേട്ടപ്പോൾ ആ ആശ്രമം സന്ദർശിക്കണമെന്നു് ഒരു മോഹം ഖേമയിൽ ജനിച്ചു. അവിടെ പോകുന്നതിനു ഖേമ ബിംബിസാരനോടു അനുവാദം ചോദിച്ചു. ആശ്രമം സന്ദർശിക്കുന്നതായാൽ ബുദ്ധമുനിയെ കാണാതെ വരാൻ സാധിക്കുകയില്ലെന്നു അദ്ദേഹം ഖേമയെ ധരിപ്പിച്ചു. ഖേമയുടെ പരിചാരികമാരെ വിളിച്ചു് രാജ്ഞി ബുദ്ധമുനിയെ കണ്ടില്ലെങ്കിൽ, അദ്ദേഹത്തെ അവർക്കു കാണിച്ചുകൊടുക്കണമെന്നും ബിംബിസാരൻ കൽപിച്ചു. ആശ്രമത്തിൽ വെച്ചു പരിചാരികമാരാൽ പ്രേരിതയായി ഖേമ തന്നെ സമീപിക്കുന്നതു കണ്ടപ്പോൾ, ബുദ്ധമുനി ഇദ്ധി എന്ന ശക്തി ഉപയോഗിച്ചു് ഒരു അതിസുന്ദരിയായ യുവതിയെ സൃഷ്ടിച്ചു. ആ യുവതി ഒരു പനയോല വിശറിയെടുത്തു ബുദ്ധമുനിയെ വീശിത്തുടങ്ങി. ആ യുവതിയുടെ സൌന്ദര്യം കണ്ടു് ആശ്ചര്യപ്പെട്ടുകൊണ്ടു് ഖേമ അവിടെ സ്തംഭിച്ചു നിന്നുപോയി. അപ്പോൾ ആ യുവതി ഒരു മധ്യവയസ്കയുടെ രൂപം പൂണ്ടതും അനന്തരം ആ മായാ സ്ത്രീ മരിച്ചു നിലംപതിക്കുന്നതും ഖേമയ്ക്കു കാണുവാൻ സാധിച്ചു. അപ്പോൾ ഖേമയിൽ ഒരു മാനസാന്തരം ജനിക്കുകയും ഒരു ഭിക്ഷുണിയാകുവാൻ അവൾ നിശ്ചയിക്കുകയും ചെയ്തു. തിരിച്ചു കൊട്ടാരത്തിൽ ചെന്നയുടനെ ഖേമ തനിക്കു ഒരു ഭിക്ഷുണിയാകുവാൻ അനുവാദം തരണമെന്നു ബിംബിസാരനോടു അപേക്ഷിച്ചു. ബിംബിസാരൻ അതിനു സമ്മതിച്ചു. ഖേമ ഒരു ഭിക്ഷുണിയായിത്തീർന്നു. ഒടുക്കം അവൾ ഒരു പ്രധാന ഗേരിയായി ഭവിക്കുകയും ചെയ്തു.
മറ്റു രണ്ടു പ്രസിദ്ധ ഭിക്ഷുണികൾ ഉപ്പലവർണ്ണയും (ഉല്പലവർണ്ണാ) പാടാചാര യുമായിരുന്നു. ശ്രാവസ്തിയിലെ ഖജനാവിലെ ഒരു ഉദ്യോഗസ്ഥന്റെ മകളായിരുന്നു ഉല്പലവർണ്ണ. അവളുടെ അതിയായ സൌന്ദര്യം കണ്ടു പല രാജാക്കന്മാരും പ്രഭുക്കളും മറ്റും അവളെ തങ്ങൾക്കു കല്യാണം കഴിക്കണമെന്നു് അവളുടെ പിതാവിനോടു പറഞ്ഞു. ഇവരെ എല്ലാവരേയും തൃപ്തിപ്പെടുത്തുവാൻ അസാധ്യമാകയാൽ, മകളോടു് അവൾക്കു ഒരു ഭിക്ഷുണിയാകുവാൻ മനസ്സുണ്ടോ എന്നു് അദ്ദേഹം ചോദിച്ചു. അവൾ അതിനു സമ്മതിച്ചു് ഒരു ഭിക്ഷുണിയായിത്തീർന്നു. ശ്രാവസ്തിയിലെ ഖജനാവിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ കുടുംബത്തിൽ പിറന്നവളാണു് പാടാചാര. അവൾ തന്റെ വീട്ടിൽ വേലയ്ക്കു നിന്നിരുന്ന ഒരു യുവാവിനെ സ്നേഹിക്കുകയും, അയാളോടു കൂടി ഒളിച്ചോടിപ്പോവുകയും ചെയ്തു. താമസിയാതെ അവൾക്കു ഗർഭമുണ്ടായി. പ്രസവസമയം അടുക്കാറായപ്പോൾ തന്റെ വീട്ടിലേക്കു തന്നെ കൊണ്ടുവിടാൻ അവൾ ഭർത്താവിവേനാടു അപേക്ഷിച്ചു. അയാൾ അതിനു് അമാന്തിച്ചു. ഒടുക്കം അവൾ തനിച്ചു ശ്രാവസ്തിയിലേക്കു തിരിച്ചു. വഴിക്കുവെച്ചു പ്രസവിക്കയാൽ അവൾ ഭർതൃഗൃഹത്തിലേക്കു് തിരിച്ചുപോന്നു. രണ്ടാമതും അവൾക്കു് ഗർഭമുണ്ടായി. പ്രസവം സമീപിക്കാറായപ്പോൾ അവളും ഭർത്താവും അവളുടെ വീട്ടിലേക്കു പുറപ്പെട്ടു. വഴിക്കുവച്ചു് അവൾക്കു് പ്രസവവേദന തോന്നി. പ്രസവിക്കുന്നതിനു് ഒരു മറയുണ്ടാക്കുവാൻ ഭർത്താവു് ചുള്ളിവെട്ടിക്കൊണ്ടു നിന്നപ്പോൾ ഒരു പാമ്പുകടിച്ചു് അയാൾ മരിച്ചു. അനന്തരം അവൾ പ്രസവിച്ചു. തന്റെ രണ്ടു കുട്ടികളോടുംകൂടി അവൾ പിന്നീടു തന്റെ വീട്ടിലേക്കുള്ള യാത്ര തുടർന്നു. വഴിക്കു് അവർക്കു് ഒരു പുഴ കടക്കേണ്ടി വന്നു. അപ്പോൾ ആ രണ്ടു കുട്ടികളേയും ഒഴുക്കു കൊണ്ടുപോയി. ദുഃഖിച്ചു കൊണ്ടു് അവൾ യാത്ര തുടർന്നു് ശ്രാവസ്തിയിൽ എത്തി. അപ്പോൾ അല്പം മുമ്പു് അവിടെയുണ്ടായ ഒരു കൊടുങ്കാറ്റിൽ നിലംപതിച്ച അവളുടെ ഭവനത്തിൽ അകപ്പെട്ടു അവളുടെ ബന്ധുക്കളെല്ലാം മരിച്ചുപോയി എന്നു് അവൾ അറിഞ്ഞു. അവരുടെ ശരീരങ്ങൾ ചിതയിൽ എരിയുന്നതും അവൾ കാണുകയുണ്ടായി. ദുസ്സഹമായ ദുഃഖം നിമിത്തം അവൾക്കു് ഉടനെ ചിത്തഭ്രമം ഉണ്ടാകുകയും വസ്ത്രം എല്ലാം ഉരിഞ്ഞിട്ടു് നഗ്നയായി ആ നഗരത്തിൽ അലഞ്ഞുനടക്കുകയും ചെയ്തു. ഈ നഗ്നതയിൽ നിന്നാണു് അവൾക്കു പാടാചാര എന്നപേരു ലഭിച്ചതു്. ഒരിക്കൽ ബുദ്ധമുനി ഒരു വലിയ ജനക്കൂട്ടത്തോടു് ഒരു വിഹാരത്തിൽ വെച്ചു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ പാടാചാര നഗ്നയായി അവിടെ കേറിച്ചെന്നു. അപ്പോൾ ബുദ്ധമുനി അവളോടു് “സോദരീ, നിനക്കു സ്ഥിരബുദ്ധി തിരിച്ചു കിട്ടട്ടെ” എന്നു പറഞ്ഞു. അപ്പോൾ അവളുടെ ചിത്തഭ്രമം മാറുകയും, അവൾ ലജ്ജിച്ചു് തന്റെ നഗ്നത മറക്കുന്നതിനായി നിലത്തു് ഒതുങ്ങിയിരിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ജനങ്ങളിൽ ഒരാൾ ഒരു വസ്ത്രം അവൾക്കു് എറിഞ്ഞുകൊടുത്തു. ഒടുക്കം അവൾ ഒരു പ്രസിദ്ധ ഭിക്ഷുണിയായിത്തീരുകയും ചെയ്തു.
ധർമ്മഭിന്നയും, രൂപനന്ദാ യും, സോണായും, സകുലായുമാണു് മറ്റു നാലു പ്രസിദ്ധ ഭിക്ഷുണികൾ. ബിംബിസാരന്റെ ഒരു ഉദ്യോഗസ്ഥനായ വിശാഖന്റെ ഭാര്യയായിരുന്നു ധർമ്മഭിന്ന. ബുദ്ധമുനിയുമായുണ്ടായ പ്രഥമസമാഗമത്തിൽത്തന്നെ വിശാഖൻ ഒരു ബൗദ്ധനായിത്തീർന്നു. അതുകഴിഞ്ഞു് അദ്ദേഹം തന്റെ വീട്ടിൽ തിരിച്ചുവന്നപ്പോൾ ധർമ്മഭിന്നയുടെ ലാളനങ്ങൾ സ്വീകരിക്കാതെ അവളുടെ ഭർത്താവായി തനിക്കു പെരുമാറുവാൻ സാധിക്കുകയില്ലെന്നു് അവളെ അറിയിച്ചു. ഉടനെ അവൾ ഒരു ബുദ്ധഭിക്ഷുണിയായിത്തീർന്നു. കുറെക്കാലം കഴിഞ്ഞു് ധർമ്മഭിന്നയെ വിശാഖൻ ഒരിക്കൽ സന്ദർശിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹത്തെക്കാൾ തനിക്കു മതകാര്യങ്ങളിൽ പാണ്ഡിത്യമുണ്ടെന്നു അവൾ അദ്ദേഹത്തെക്കൊണ്ടു് സമ്മതിപ്പിക്കുകയും ചെയ്തു. ബുദ്ധമുനി ഒരിക്കൽ പ്രസംഗിച്ചുതു് കേട്ടയുടനെ ഒരു ഭിക്ഷുണിയായിത്തീർന്ന ശ്രാവസ്തിയിലെ ഒരു സ്ത്രീയാണു് സകുലാ. മഹാപ്രജാപതി ഗോമതിയുടെ പുത്രിയാണു് രൂപനന്ദാ. അവളുടെ സൌന്ദര്യാധിക്യം കൊണ്ടു് അവൾക്കു് ജനപദകല്യാണി എന്ന പേരും കിട്ടി. മഹാപജാപതിഗോമതി ഭിക്ഷുണിയായി കഴിഞ്ഞതിനുശേഷം രൂപനന്ദായും ഒരു ഭിക്ഷുണിയായി ഭവിച്ചു. ഭിക്ഷുണിയായിത്തീർന്നതിനുശേഷം, ബുദ്ധമുനി സൌന്ദര്യത്തെ അപലപിക്കുക പതിവാണെന്നറിഞ്ഞു. അവർ മറ്റു ഭിക്ഷുണികളെപ്പോലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കുവാനോ അദ്ദേഹത്തെ ശുശ്രൂഷിക്കുവാനോ പോയിരുന്നില്ല. ബുദ്ധമുനിയുടെ പ്രസംഗത്തിന്റെ സാരം മറ്റു ഭിക്ഷുണികളിൽ നിന്നു് അവൾ ഗ്രഹിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. ഇതറിഞ്ഞു് ഓരോ ഭിക്ഷുണിയും പ്രസംഗസമയത്തു് ഹാജരാകേണ്ടതാണെന്നു് ബുദ്ധമുനി ആജ്ഞാപിച്ചു. അതിനാൽ രൂപനന്ദായ്ക്കു പ്രസംഗം കേൾക്കുവാൻ പോകാതെ ഗത്യന്തരമില്ലെന്നായി. അവൾ ആദ്യമായി പ്രസംഗം കേൾക്കുവാൻ പോയപ്പോൾ ഖേമയ്ക്കുണ്ടായ മായാദർശനം അവൾക്കും ഉണ്ടായി. അതോടുകൂടി അവളുടെ ഗർവ്വു് ശമിക്കുകയും പിന്നീടു് അവൾ ഒരു പ്രസിദ്ധഭിക്ഷുണിയായി ഭവിക്കുകയും ചെയ്തു. അനേകം സന്താനങ്ങളുടെ മാതാവായതിനുശേഷമാണു് സോണ ഒരു ഭിക്ഷുണിയായിത്തീർന്നതു്. അവളുടെ ഭീമമായ അജ്ഞതനിമിത്തം അവൾ മറ്റുള്ളവരുടെ പരിഹാസത്തിനു പാത്രീഭവിച്ചിരുന്നു. തനിക്കു മതത്തിൽ പാണ്ഡിത്യം സിദ്ധിക്കണമെന്നു കരുതി സദാ “ദ്വാത്തിംസാകാര” എന്ന മന്ത്രം പറഞ്ഞുകൊണ്ടിരുന്നു. ഒരിക്കൽ മറ്റുള്ള ഭിക്ഷുണികൾ അടുത്തുള്ള ഒരു വിഹാരത്തിലേക്കു യാത്രതിരിച്ചപ്പോൾ തങ്ങൾ തിരിച്ചു വരുമ്പോൾ കുറെ വെള്ളം ചൂടാക്കിവെച്ചേക്കണമെന്നു സോണയോടു അവർ പറഞ്ഞിരുന്നു. എന്നാൽ തന്റെ പ്രസ്തുത മന്ത്രം ഉരുക്കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ മറ്റുള്ള ഭിക്ഷുണികൾ പറഞ്ഞ കാര്യം ചെയ്യുവാൻ അവൾ മറന്നുപോയി. അവർ തിരിച്ചുവന്നപ്പോൾ വെള്ളം വെച്ചിരുന്ന അടുപ്പിൽ തീകത്തിക്കാതെയിരുന്നതു കണ്ടു മുറുമുറുക്കാൻ തുടങ്ങി. അപ്പോൾ ആ വെള്ളത്തിനു് ചൂടുണ്ടെന്നും അതെടുത്തു് ഉപയോഗിച്ചു നോക്കുവാനും സോണാ അവരോടു പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ അതിനു ചൂടുണ്ടെന്നു കണ്ടു് അത്ഭുതപ്പെട്ടു. അവളുടെ ഭക്തികൊണ്ടാണു് അതിനു ചൂടു പിടിച്ചിരുന്നതു്.
ഭദ്ദാ (ഭദ്രാ), അഥവാ, കുണ്ഡലകേശി യാണു് മറ്റൊരു പ്രസിദ്ധ ഭിക്ഷുണി. ഥേരീഗാഥയിലുള്ള ചില സ്തവങ്ങൾ ഭദ്ദയുടെ കൃതിയാണു്. രാജഗൃഹ നഗരത്തിലെ ഒരു രാജകീയ ഉദ്യോഗസ്ഥന്റെ മകളായി ഭദ്ദാ ജനിച്ചു. ഭദ്ദാ ജനിച്ച സമയത്തുതന്നെ രാജാവിന്റെ പുരോഹിതനും ഒരു ആൺകുട്ടി ജനിക്കുകയുണ്ടായി. ഈ ആൺകുട്ടിയുടെ ജാതകത്തിൽ അവൻ ഒരു കുപ്രസിദ്ധ തസ്ക്കരനായിത്തീരണമെന്നുണ്ടായിരുന്നു. അതുകൊണ്ടു് അവൻ ജനിച്ച സമയത്തു് രാജഗൃഹനഗരത്തിലെ ആയുധങ്ങളെല്ലാം ജ്വലിച്ചു പ്രകാശിക്കുകയുണ്ടായി. സത്തുകോ എന്നു് ഈ ആൺകുട്ടിക്കു പുരോഹിതൻ പേരിട്ടു. ബാല്യം മുതൽക്കു ഈ ബാലൻ മോഷ്ടിച്ചു തുടങ്ങി. പ്രായപൂർത്തി വന്നിട്ടും ഈ ശീലം മാറുന്നില്ലെന്നു കണ്ടിട്ടു് അവന്റെ പിതാവു് അവനു ഭവനഭേദനത്തിനുള്ള ഉപകരണങ്ങൾ ഉണ്ടാക്കിക്കൊടുത്തുകൊണ്ടു് തന്റെ വീട്ടിൽ നിന്നു് അവനെ ബഹിഷ്കരിച്ചു. അവൻ അനന്തരം ആ നഗരത്തിലെ ഒരു കുപ്രസിദ്ധനായ കവർച്ചക്കാരനായിത്തീർന്നു. ഇതിന്റെ ഫലമായി ഒരിക്കൽ നഗരകാവൽക്കാർ അവനെ പിടിച്ചു രാജാവിന്റെ മുമ്പിൽ കൊണ്ടുചെന്നു. അവനെ നഗരത്തിന്റെ തെക്കേ ദ്വാരത്തിൽ കൊണ്ടുചെന്നു വധിക്കുവാൻ രാജാവു് അവരോടു് ആജ്ഞാപിച്ചു. അവർ അവനെ അവിടേക്കു ബന്ധിച്ചു കൊണ്ടുപോകുമ്പോൾ വളരെ ജനങ്ങൾ അവന്റെ ശിക്ഷ കാണുവാനായി അവരോടു കൂടി പോയി. സത്തുകോയെ ഇങ്ങനെ കൊണ്ടുപോകുന്നതു് തന്റെ ഗൃഹത്തിൽ നിന്നു യുവതിയായ ഭദ്ദാ കണ്ടു. ഉടനെ അവൾ മോഹാലസ്യപ്പെട്ടു വീണു. ബന്ധുക്കൾ വന്നു് അവളെ ശുശ്രൂഷിച്ചു ബോധം വരുത്തിയപ്പോൾ സത്തുകോയെക്കൊണ്ടു തന്നെ കല്യാണം കഴിപ്പിച്ചില്ലെങ്കിൽ താൻ മരിക്കുമെന്നു ഭദ്ദാ ശഠിച്ചു. അവളുടെ ബന്ധുക്കൾ ഭദ്ദായുടെ ജീവനെ രക്ഷിക്കുവാനായി നഗരകാവൽക്കാരുടെ തലവനു കൈക്കൂലി കൊടുത്തു സത്തുകോയെ വധത്തിൽ നിന്നു രക്ഷിച്ചു അവിടെ കൊണ്ടുവന്നു ഭദ്ദായെ അയാൾക്കു കല്യാണം കഴിച്ചുകൊടുത്തു.
വിവാഹാനന്തരം കുറെ ദിവസം കഴിഞ്ഞപ്പോൾ സത്തുകോ തന്റെ ഭാര്യയുടെ ആഭരണങ്ങൾ മോഷ്ടിക്കുവാൻ നിശ്ചയിച്ചു. തന്റെ ജീവനെ രക്ഷിച്ചതു് ആ നഗരത്തിലെ വധശിക്ഷ വിധിച്ചവരെ കീഴോട്ടു പിടിച്ചു തള്ളിക്കൊല്ലുന്ന മലയുടെ മുകളിൽ അധിവസിക്കുന്ന ദേവിയാണെന്നും, അതിനാൽ തനിക്കു് ആ ദേവിക്കു് ഒരു നേർച്ച നടത്തേണ്ടതുണ്ടെന്നും ഭദ്ദായോടു പറഞ്ഞു. ഉടനെ സർവ്വാഭരണഭൂഷിതയായി ഭദ്ദാ ഭർത്താവിനോടു കൂടി ഒരു കാളവണ്ടിയിൽ ആ മല സ്ഥിതിചെയ്തിരുന്ന സ്ഥലത്തേക്കു പോയി. രണ്ടു പേരുംകൂടി ആ മലയുടെ മുകളിലേക്കു കേറി. ഇങ്ങനെ കേറുമ്പോൾ ഭർത്താവു് തന്നോടു് ഒന്നും ഉരിയാടാതെയിരുന്നതു കണ്ടു് അയാളുടെ ഉദ്ദേശ്യം ഭദ്ദായ്ക്കു മനസ്സിലായി. അവളോടു് ആ ആഭരണങ്ങളെല്ലാം അഴിച്ചു് അവളുടെ ഒരു വസ്ത്രത്തിൽ പൊതിഞ്ഞുകെട്ടുവാൻ സത്തുകോ ആവശ്യപ്പെട്ടു. അവൾ അതിനെപ്പറ്റി പ്രതിഷേധിച്ചപ്പോൾ അവളുടെ ആ ആഭരണം അപഹരിക്കുവാനാണു് താൻ അവളെ അവിടെ കൂട്ടിക്കൊണ്ടുവന്നതെന്നു് അയാൾ പറഞ്ഞു. താൻ ആഭരണങ്ങളെല്ലാം അഴിച്ചുവെക്കുന്നതിനു മുമ്പു് തനിക്കു അദ്ദേഹത്തെ ആദ്യം അഭിമുഖമായും പിന്നീടു് പുറകിൽ നിന്നും ആലിംഗനം ചെയ്യുവാൻ മോഹമുണ്ടെന്നു് അവൾ അപ്പോൾ അയാളെ ധരിപ്പിച്ചു. അതിനു് അയാൾ സമ്മതിക്കുകയും ചെയ്തു. അനന്തരം അയാളുടെ പുറകിൽ നിന്നു് അയാളെ ആലിംഗനം ചെയ്തപ്പോൾ അവൾ അയാളെ മലയുടെ അടിയിലേക്കു് പിടിച്ചുതള്ളി. മലയുടെ അടിയിൽ വീണു് അയാൾ ഉടനെതന്നെ മരിക്കുകയും ചെയ്തു. അനന്തരം അവൾ ഒരു ജൈനശ്രമണിയായിത്തീർന്നു. ജൈനമതസിദ്ധാന്തങ്ങളിൽ അവൾ അത്യധികം പാണ്ഡിത്യം നേടി. പിന്നീടു് അവൾ നഗരങ്ങൾ തോറും സഞ്ചരിച്ചു് ഇതര മതപണ്ഡിതന്മാരെ തന്നോടു വാദത്തിനു വിളിച്ചു് അവരെ എളുപ്പത്തിൽ തോല്പിക്കുന്നതിൽ താല്പര്യം കാണിച്ചു. പലരേയും അവൾ വാദത്തിൽ തോല്പിച്ചു. എന്നാൽ ഒടുക്കം ശ്രാവസ്തിയിൽ വെച്ചു ബുദ്ധമുനിയുടെ ഒരു പ്രധാനശിഷ്യനായ ശാരീപുത്രൻ അവളെ വാദത്തിൽ എളുപ്പം തോല്പിക്കുകയുണ്ടായി. ഉടനെ അവൾ തന്നെ ബുദ്ധമതത്തിൽ ചേർത്തു് അതിന്റെ സിദ്ധാന്തങ്ങൾ പഠിപ്പിക്കണമെന്നു് ശാരീപുത്രനോടു് അപേക്ഷിച്ചു. സമീപത്തുള്ള മഹാവിഹാരത്തിൽ അപ്പോൾ നിവസിച്ചിരുന്ന തന്റെ ഗുരു ബുദ്ധമുനിയെ ചെന്നു് കാണാൻ അദ്ദേഹം അപ്പോൾ അവളോടു് ഉപദേശിച്ചു. അവൾ ഉടനെ ബുദ്ധമുനിയെ ചെന്നു കണ്ടു് അദ്ദേഹത്തിൽ നിന്നു ബുദ്ധമതതത്വങ്ങൾ പഠിച്ചു. അനന്തരം അവൾ ഒരു അതിപ്രസിദ്ധയായ ഭിക്ഷുണിയായിത്തീരുകയും ചെയ്തു. ഈ ഭദ്ദായുടെ അഥവാ കുണ്ഡല കേശിയുടെ ചരിത്രത്തെ ആസ്പദിച്ചാണു് ചെന്തമിഴിലെ ചിലപ്പതികാരം ആദിയായ അഞ്ചു മഹാകാവ്യങ്ങളിൽ ഒന്നായ കുണ്ടലകേശി രചിച്ചിട്ടുള്ളതും.
ഭദ്ദാകാപാലിനി, ഭദ്ദാകച്ചാന (ഭദ്രകാഞ്ചന), സിഗാലമാതാ എന്നിവരാണു് മറ്റു മൂന്നു പ്രസിദ്ധ ഭിക്ഷുണികൾ. ഇവരിൽ ഭദ്ദാകച്ചാന ഗൌതമബുദ്ധന്റെ ഭാര്യയും അദ്ദേഹത്തിന്റെ പുത്രനായ രാഹുലന്റെ മാതാവുമാണു്. ഭദ്ദാകച്ചാന രാഹുലനെ പ്രസവിച്ച ദിവസമാണു് ഗൌതമബുദ്ധൻ ലൗകിക ജീവിതം പരിത്യജിച്ചു് സന്ന്യാസിയായിത്തീർന്നതു്. മറ്റൊരു പ്രസിദ്ധഭിക്ഷുണി കിസാഗോമതിയാണു്. പാംസുകുലത്തിൽ നിന്നെടുത്ത പരുപരുത്ത വസ്ത്രങ്ങൾ ധരിച്ചിരുന്ന ഭിക്ഷുണികളുടെ തലവിയായിരുന്നു കിസാഗോമതി. ശ്രാവസ്തിയിലെ ഒരു അതിദരിദ്ര കുടുംബത്തിൽ ജനിച്ച അവളെ ഒരു ധനികൻ കല്യാണം കഴിക്കുകയുണ്ടായി. അവൾ ഒരു ദരിദ്രകുടുംബത്തിൽ നിന്നു വന്നവളായതുകൊണ്ടു് അവളെ ഭർത്താവിന്റെ വീട്ടുകാർ പുച്ഛിച്ചിരുന്നു. അവൾ ഒരു പുത്രനെ പ്രസവിച്ചപ്പോൾ, ഭർത്താവിന്റെ വീട്ടുകാർ അവളോടു കൂടുതൽ ബഹുമാനത്തോടെ പെരുമാറുകയുണ്ടായി. നിർഭാഗ്യവശാൽ ഈ ബാലൻ ഓടി നടക്കുന്ന പ്രായമായപ്പോൾ മൃതിയടഞ്ഞു. ഇതു നിമിത്തം കിസാഗോമതിക്കു ദുസ്സഹമായ ദുഃഖം തോന്നി. അവൾ ആ ബാലന്റെ മൃതശരീരം എടുത്തുകൊണ്ടു ശ്രാവസ്തിയിലുള്ള ഓരോ ഗൃഹത്തിലും ചെന്നു് കുട്ടിയുടെ രോഗം ശമിപ്പിക്കുവാൻ വല്ല മരുന്നും കൊടുക്കണമെന്നു യാചിച്ചു തുടങ്ങി. അവർക്കു ചിത്തഭ്രമമാണെന്നു പറഞ്ഞു ജനങ്ങൾ അവളെ പരിഹസിക്കുകയും അവളെ കാണുമ്പോൾ കൂവി വിളിക്കുകയും ചെയ്തു. ഒരിക്കൽ ഒരു പണ്ഡിതൻ അവളെക്കണ്ടു് അവളുടെ തീരാസങ്കടം അറിഞ്ഞു് അവളോടു അടുത്തുള്ള ധുരവിഹാരത്തിൽ അന്നു പാർത്തിരുന്ന ബുദ്ധമുനിയെ ചെന്നു കണ്ടാൽ അദ്ദേഹം അവളുടെ കുട്ടിക്കു മരുന്നു കൊടുക്കുമെന്നു പറഞ്ഞു. അതുകേട്ടു അവൾ ആ വിഹാരത്തിൽ ചെന്നു് ബുദ്ധമുനിയോടു് കുട്ടിക്കു മരുന്നു തരണമെന്നു് അപേക്ഷിച്ചു. അപ്പോൾ “നീ ഈ നഗരത്തിലെ ഓരോ വീട്ടിലും ചെന്നു് അവിടെ മരണം ഒരിക്കലും ഉണ്ടായിട്ടില്ലെങ്കിൽ അങ്ങനെയുള്ള വീട്ടിൽ നിന്നു കുറെ കടുകുപൊടിച്ചു് വാങ്ങിക്കൊണ്ടു വരണം. എങ്കിൽ ഞാൻ കുട്ടിയെ അതുകൊണ്ടു ചികിത്സിക്കും” എന്നു ബുദ്ധമുനി അവളോടു പറഞ്ഞു. അവൾ അതനുസരിച്ചു പല വീടുകളിലും അപേഷിച്ചു. എന്നാൽ ഒരു വീട്ടിലും മരണം ഉണ്ടാകാതെയിരുന്നിട്ടില്ലെന്നറിഞ്ഞു് അവൾ കടുകുപൊടി വാങ്ങിച്ചില്ല. അപ്പോൾ മരണം എല്ലാ മനുഷ്യർക്കും വരുന്നതാണെന്നു് അവൾക്കു ബോധം വന്നു. ഉടനെ അവൾ തന്റെ മരിച്ച കുട്ടിയെ ശ്മശാനത്തിലേക്കു കൊണ്ടുപോയി. അവിടെ അതിനെ മറവുചെയ്തു. അനന്തരം അവൾ അവിടെ വെച്ചുതന്നെ ചുവടെ ചേർത്തിരിക്കുന്ന പാലിശ്ലോകം പാടി;
“നാഗാമധമ്മോ നിഗമസ്സധമ്മോ
നചാപ്/അയം ഏകകുലസ്സധമ്മോ
സബ്ബസ്സ ലോകസ്സ സദേവകസ്സ
ഏസോവധമ്മോ യദിദം അനിച്ചതഃ”
പിന്നീടു് അവൾ ബുദ്ധമുനിയെച്ചെന്നു കണ്ടു. കടുകുപൊടി കിട്ടിയോ എന്നു അദ്ദേഹം അവളോടു ചോദിച്ചു. ഇല്ല എന്നു മറുപടി പറഞ്ഞതിനുശേഷം തന്നെ ബുദ്ധമതതത്ത്വങ്ങൾ പഠിപ്പിക്കണമെന്നു് അവൾ അദ്ദേഹത്തോടു് അപേക്ഷിച്ചു. പിന്നീടു് അവൾ ഒരു ഭിക്ഷുണിയായിത്തീരുകയും ചെയ്തു.
(ഗുരുനാഥ മാസിക, 1113 കുംഭം—ലക്കം 7.)