ഏകഛത്രാധിപതികളായി കേരളം മുഴുവൻ വാണിരുന്ന ചേരമാൻ പെരുമാക്കന്മാരിൽ ഒടുവിലത്തെ പെരുമാൾ പ്രസിദ്ധ ഫലിതക്കാരനായ തോലന്റെ സമകാലീനനാണെന്നു് കേരളോല്പത്തിയിൽ പറഞ്ഞിട്ടുള്ളതിൽ നിന്നും തോലൻ ഒടുവിലത്തെ പെരുമാളായ ഭാസ്കരരവിവർമന്റെ ഒരാശ്രിതനായിരുന്നു എന്നുള്ള ഐതിഹ്യത്തിൽ നിന്നു കേരളോല്പത്തി പ്രസ്താവിക്കുന്ന ഒടുവിലത്തെ ചേരമാൻ പെരുമാളിന്റെ പേരു് ഭാസ്കരരവിവർമൻ എന്നു നമുക്കു് സംശയംവിനാ വിശ്വസിക്കാം. ഒടുവിലത്തെ ഈ പെരുമാൾ എ. ഡി. 418 മുതൽക്കു് 36 കൊല്ലത്തിലധികം നാടുവാണു എന്നാണു് കേരളോല്പത്തിയിൽ കാണുന്നതു്. എന്നാൽ ആർക്കിയോളജി വകുപ്പുകാർ കണ്ടുപിടിച്ചിട്ടുള്ള ചെപ്പേടുകളിൽനിന്നും ശിലാലേഖനങ്ങളിൽ നിന്നും അവർ ഭാസ്കരരവിവർമനു നൽകിയിരിക്കുന്ന കാലം എ. ഡി. 978 മുതൽക്കു് 1036 വരെയാകുന്നു. ഭാസ്കരരവിയുടെ പ്രസ്തുതശാസനകളിൽ ഒന്നിലും തന്നെ അദ്ദേഹത്തിന്റെ കാലം പറഞ്ഞിട്ടില്ലെങ്കിലും ആ കാലം നിർണയിക്കുവാൻ ഉതകുന്ന ജ്യോതിശ്ശാസ്ത്രപരമായ വിവരങ്ങളിൽ അവയിൽ ചിലതു നൽകാതിരുന്നിട്ടില്ല. കൂടാതെ ആ ശാസനങ്ങളിൽ ഉപയോഗിച്ചിട്ടുള്ള എഴുത്തിന്റെ വടിവിൽ നിന്നു് അവയുടെ ഉദ്ദേശകാലം കണ്ടുപിടിക്കാവുന്നതാണു്. ഇവ രണ്ടിലും നിന്നത്രേ ആർക്കിയോളജി വകുപ്പുകാർ പ്രസ്തുതകാലം നിർണ്ണയിച്ചിട്ടുള്ളതും. കേരളചരിത്രത്തെ സംബന്ധിച്ചുള്ള ഗവേഷണങ്ങളുടെ പുരോഗമനത്തിനും ഭാസ്കരരവിവർമന്റെ കാലം കണ്ടുപിടിക്കേണ്ടതു് അത്യാവശ്യമായിത്തീർന്നിട്ടുണ്ടു്. ഇതുകണ്ടുപിടിക്കുന്നതിനും അദ്ദേഹത്തിന്റെ കാലത്തെ ചില പ്രധാന സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനുമാണു് ഇവിടെ ഉദ്യമിക്കുന്നതു്.
കേരളോല്പത്തിയിൽ പറഞ്ഞിട്ടുള്ള ഐതിഹ്യത്തിനും ആർക്കിയോളജി വകുപ്പുകാരുടെ അഭിപ്രായത്തിനും തമ്മിലുള്ള പ്രസ്തുത പൊരുത്തമില്ലായ്മ രണ്ടു ഭാസ്കരരവിവർമന്മാർ ഉണ്ടായിരുന്നതു നിമിത്തവും, കേരളോല്പത്തി ഇവരിൽ ഒരു ഭാസ്കരരവിവർമയെ പറ്റി പറയുന്നതുകൊണ്ടും മറ്റേകൂട്ടർ മറ്റൊരു ഭാസ്കരരവിയെ പ്രസ്താവിക്കുന്നതുകൊണ്ടും ഉണ്ടായിട്ടുള്ളതാണെന്നു പ്രഥമദൃഷ്ടിയിൽ തോന്നിയേക്കാം. ആദ്യത്തെ ഭാസ്കരരവി എ. ഡി. ഏഴാം ശതാബ്ദത്തിൽ ജീവിച്ചിരുന്നതായും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടു്. എന്നാൽ പത്താം ശതാബ്ദത്തിനു മുമ്പു് ഒരു ഭാസ്കരരവി ഉണ്ടായിരുന്നു എന്നുള്ള അഭിപ്രായം വാസ്തവമായിരിക്കാമെങ്കിലും, കേരളോല്പത്തിയിൽ അവസാനത്തെ പെരുമാളായി പറഞ്ഞിരിക്കുന്ന രാജാവു് പത്താം ശതാബ്ദത്തിന്റെ അന്ത്യത്തിൽ നാടുവാണിരുന്ന ഒരു ഭാസ്കരരവിയാണെന്നു്, അതായതു് ആർക്കിയോളജിക്കൽ വകുപ്പുകാരുടെ ഭാസ്കരരവിയാണെന്നു്, വിചാരിക്കുവാനാണു് കാരണങ്ങളുള്ളതു്. ഒടുവിലത്തെ ചേരമാൻ പെരുമാളെ ഒരു കൃഷ്ണരായർ പന്ത്രണ്ടു വർഷം കേരളം ഭരിക്കുവാൻ നിയോഗിച്ചയച്ചു എന്നും എന്നാൽ മുപ്പത്താറുവർഷം കഴിഞ്ഞിട്ടും പെരുമാൾ ഭരണമൊഴിയായ്കയാൽ കൃഷ്ണരായർ കോപിച്ചു് ആനമലവഴി കേരളത്തെ ആക്രമിച്ചു എന്നും, അനന്തരമുണ്ടായ യുദ്ധത്തിൽ പെരുമാളിനു് ആദ്യം പരാജയം പറ്റിയെങ്കിലും പിന്നീടു് അദ്ദേഹത്തിനു് കൃഷ്ണരായരുടെ പടയെ ജയിക്കുവാൻ സാധിച്ചു എന്നും കേരളോല്പത്തി നൽകുന്ന വിവരങ്ങൾ തന്നെ ഈ ഭാസ്കരരവി 10-ാം ശതാബ്ദത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്നു എന്നുള്ള അഭിപ്രായത്തെ പിന്താങ്ങുന്നുണ്ടു്.
ഒടുവിലത്തെ ചേരമാൻ പെരുമാളിന്റെ സമകാലീനനായി കേരളോല്പത്തി പറയുന്ന കൃഷ്ണരായർ ആരാണു്? അതിന്റെ ഒരു പാഠത്തിൽ ഈ കൃഷ്ണരായർ അനേഗുണ്ഡികൃഷ്ണരായരാണെന്നു കൂടി പറഞ്ഞിട്ടുണ്ടു്. അനേഗുണ്ഡികൃഷ്ണരായർ 16-ാം ശതാബ്ദത്തിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന പ്രസിദ്ധയായ കൃഷ്ണദേവരായരാകുന്നു. കേരളോല്പത്തി തന്നെ വിജയനഗരത്തിലെ കൃഷ്ണദേവരായന്റെ കാലത്തിൽ നിന്നു് ഒരു ശതാബ്ദത്തിലധികം കാലം കഴിഞ്ഞു രചിച്ചിട്ടുള്ളതാണെന്നും വിചാരിക്കാൻ കാരണമുള്ളതിനാലും, ഒടുവിലത്തെ ചേരമാൻ പെരുമാളിന്റെ കാലത്തിനുശേഷം നടന്നതായി കേരളോല്പത്തി വിവരിക്കുന്ന സംഭവങ്ങളുടെ കാലം അനേകം ശതവർഷങ്ങളായതിനാലും ആ ഗ്രന്ഥത്തിൽ പ്രസ്താവിചചിട്ടുള്ള കൃഷ്ണരായർ വിജയനഗരചക്രവർത്തി കൃഷ്ണദേവരായരുടെ സ്മരണ തീരെ നശിച്ചിട്ടില്ലാതിരുന്ന ഒരു കാലത്തു്, കേരളോല്പത്തി പകർത്തിയെഴുതിയ ഒരു വിദ്വാന്റെ മനോധർമ്മമാണു് അനേഗുണ്ഡി എന്ന വിശേഷണം ആ പേരിനു ലഭിക്കുവാനിടയാക്കിയതു്. വിജയനഗരത്തിലെ കൃഷ്ണദേവരായരെപ്പോലെ അതിപ്രബലനായിരുന്ന ഒരു ദക്ഷിണഭാരതചക്രവർത്തിയായതു് രാഷ്ട്രകൂടവംശത്തിലെ കൃഷ്ണൻ മൂന്നാമൻ അഥവാ, കന്നരദേവൻ. പക്ഷേ, കൃഷ്ണൻ മൂന്നാമൻ എ. ഡി. 937 മുതൽക്കു് 966 വരെ നാടുവാണിരുന്നതിനാൽ, അദ്ദേഹത്തിന്റെ ചരമാനന്തരമാണു് ഭാസ്കരരവിയുടെ ഭരണം തുടങ്ങിയതു്. പിന്നെയും കൃഷ്ണൻ മൂന്നാമന്റെ അതിയായ പ്രാബല്യം നിമിത്തം അദ്ദേഹത്തിന്റെ സമകാലീനരും ഭാസ്കരരവിവർമയുടെ മുൻഗാമികളുമായ ഗോദരവിയിലും, ഇന്ദുഗോദവർമനിലും ആക്രമണഭയം ജനിച്ചിരിക്കുവാനിടയുണ്ടെങ്കിലും, കൃഷ്ണൻ മൂന്നാമന്റെ യാതൊരു ശാസനത്തിലും അദ്ദേഹം കേരളം ആക്രമിച്ചതായി പറഞ്ഞിട്ടില്ല. ഏവംവിധങ്ങളായ കാരണങ്ങളാൽ രാഷ്ട്രകൂടചക്രവർത്തിയായ കൃഷ്ണൻ മൂന്നാമനല്ല ഭാസ്കരരവിവർമന്റെ സമകാലീനനായ കൃഷ്ണദേവരായരെന്നു നമുക്കു വിശ്വസിക്കാം.
സുപ്രസിദ്ധ ചോഴചക്രവർത്തിയായ രാജരാജചോഴൻ ഒന്നാമനു (എ. ഡി. 985–1014) ഉണ്ടായിരുന്ന പല പേരുകളുടെയും കൂട്ടത്തിൽ കന്നരൻ, അതായതു് കൃഷ്ണൻ എന്ന പേരും കൂടിയുണ്ടായിരുന്നു എന്നും, ഈ ചോഴചക്രവർത്തിയെയാണു് കൃഷ്ണരായർ എന്ന പേരിൽ ഒടുവിലത്തെ ചേരമാൻ പെരുമാളിന്റെ സമകാലീനനായി കേരളോല്പത്തി പ്രസ്താവിച്ചിട്ടുള്ളതെന്നും ഈ ലേഖകൻ വിശ്വസിക്കുന്നു. മറ്റുള്ള പേരുകൾക്കും പുറമേ, പ്രാചീനകാലത്തെ പാണ്ഡ്യരാജാക്കന്മാർ മാറൻ എന്നും ചടയൻ എന്നുമുള്ള നാമങ്ങൾ ഇടവിട്ടു സ്വീകരിച്ചിരുന്നു. ഇതുപോലെ സംഘകാലത്തെ ചോഴരാജാക്കന്മാർ കിള്ളിയെന്നും വളവൻ എന്നുമുള്ള പേരുകൾക്കു പുറമെ ഇടവിട്ടു സ്വീകരിച്ചിരിക്കുന്നു എന്നുള്ളതിനു തമിഴു് സംഘകാവ്യങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ടു്. ഇതുപോലെ തന്നെ ചേരരാജാക്കന്മാരും മറ്റുമുള്ള പേരുകൾക്കു പുറമേ രവി എന്നും ഗോദയെന്നുമുള്ള നാമങ്ങളും ഇടവിട്ടു വഹിച്ചിരുന്നു എന്നൂഹിക്കാൻ കാരണങ്ങളുണ്ടു്. ഈ പതിവനുസരിച്ചു് എ. ഡി. 9-ാം ശതാബ്ദത്തിന്റെ മധ്യകാലത്തു് വിജയാലയചോഴൻ പുതുതായി സ്ഥാപിച്ച ചോഴരാജവംശത്തിലെ രാജാക്കന്മാരും ഇടവിട്ടു മറ്റു നാമങ്ങൾക്കു പുറമേ കുന്നാരൻ അതായതു കൃഷ്ണൻ എന്നും ആദിത്യൻ എന്നുമുള്ള നാമങ്ങൾ സ്വീകരിച്ചിരുന്നു എന്നു വിചാരിക്കുവാൻ കാരണമുണ്ടു്. ഇതു് മനസ്സിലാക്കുന്നതിനായി വിജയാലയൻ സ്ഥാപിച്ച പുതിയ ചോഴരാജാവിന്റെ വംശാവലിയുടെ പ്രാരംഭഭാഗം പട്ടികാരൂപത്തിൽ ചുവടെ ചേർക്കുന്നു:
– – വിജയലായൻ – –
– – ആദിത്യൻ – –
– – പരാന്തകൻ – –
രാജാദിത്യൻ – അരികുല കേസരി – ഗണ്ഡരാദിത്യൻ – ഉത്തമഗീലി – അരിഞ്ജയൻ
– – –സുന്ദരചോഴൻ – പരാന്തകൻ II
– – – ആദിത്യൻ II –
– – –രാജരാജൻ I –
ഇവരിൽ പരാന്തകൻ ഒന്നാമന്റെ യഥാർത്ഥനാമം കന്നരൻ എന്നാണെന്നു വിചാരിക്കുവാൻ കാരണമുണ്ടു്. തഞ്ചാവൂർ ജില്ലയിലെ തില്ലൈസ്ഥാനത്തും തിരുവയ്യാറിലുള്ള ആദിത്യൻ ഒന്നാമന്റെ രണ്ടു ലേഖനങ്ങളിൽ കന്നരദേവൻ എന്ന അദ്ദേഹത്തിന്റെ പുത്രനെപ്പറ്റി പറഞ്ഞിരിക്കുന്നു. ആദിത്യൻ ഒന്നാമൻ പരാന്തകൻ എന്നൊരു പുത്രൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണു് നമ്മുടെ അറിവു്. അതിനാൽ കന്നരദേവൻ എന്നുപേരുള്ള ഈ രാജകുമാരൻ പരാന്തകന്റെ അനുജനായിരിക്കാമെന്നു് ഇതേപ്പറ്റി ചിന്തിച്ചിട്ടുള്ള ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ടു്. ഈ അഭിപ്രായം ശരിയല്ലെന്നും ആദിത്യൻ ഒന്നാമന്റെ ഏകപുത്രനായ പരാന്തകന്റെ മറ്റൊരു നാമം മാത്രമാണെന്നു് കന്നരൻ എന്നതെന്നും ഈ ലേഖകൻ വിചാരിക്കുന്നു. ഇതിനുള്ള കാരണങ്ങൾ പരാന്തകൻ എന്നുള്ളതു് കേവലം ഒരു ബിരുദം മാത്രമാണെന്നുള്ളതും നമുക്കു ലഭിച്ചിട്ടുള്ള പരാന്തകൻ ഒന്നാമന്റെ അനവധി ശാസനങ്ങളിൽ ഒന്നിലും തന്നെ അദ്ദേഹത്തിന്റെ അനുജന്റെ കാര്യം പറയാതിരിക്കുന്നതുമാകുന്നു. പക്ഷേ, ഈ പരാന്തകൻ ഒന്നാമൻ, അഥവാ കന്നരദേവൻ എ. ഡി. 907 മുതൽക്കു് 953 വരെ നാടുവാണിരുന്നതിനാൽ, ഇദ്ദേഹമല്ല ഭാസ്കരവിയുടെ സമകാലീനനായ കൃഷ്ണരായർ.
ഭാസ്കരരവിവർമന്റെ സമകാലീനനായി നാടുവാണിരുന്ന ചോഴചക്രവർത്തിയായ രാജരാജൻ ഒന്നാമനു് കന്നരൻ എന്ന പേരുംകൂടി ഉണ്ടായിരുന്നു എന്നു് കാഞ്ചീവരം താലൂക്കിലെ ആർപക്കം എന്ന സ്ഥലത്തെ ഒരു ശിലാലേഖനം കാണിക്കുന്നുണ്ടു്. രാജരാജൻ ഒന്നാമന്റെ 18-ാം വർഷത്തെ ഒരു ശാസനമായ അതിൽ ചോഴരാജ്ഞിയായ ചെമ്പിയൻ മുക്കോക്കിഴാനടികൾ കന്നരാച്ചി പിടാരനഭം അവിടത്തെ ക്ഷേത്രത്തിനു് ദാനം ചെയ്യുവാൻ വേണ്ടി ഒരു കുളവും കുറെ ഭൂമിയും വിലയ്ക്കു വാങ്ങിയതായി പറഞ്ഞിരുന്നു. രാജചോഴനു പല രാജ്ഞിമാരും ഉണ്ടായിരുന്നതായി നമുക്കറിവുണ്ടു്. ഈ ലേഖനത്തിൽ പറഞ്ഞിട്ടുള്ള രാജ്ഞിക്കു് കന്നരനാച്ചി പിടാനരഭം, അതായതു് കന്നരന്റെ ഭാര്യയായ ഭട്ടാരനഭം എന്നു പേരുള്ളതു് രാജരാജന്റെ ഒരു നാമം കന്നരൻ എന്നാണെന്നു കാണിക്കുന്നു. ആദിത്യൻ ഒന്നാമതു് ആദിത്യനെന്നും പരാന്തകൻ ഒന്നാമതു് കന്നരൻ എന്നും പരാന്തകന്റെ മൂത്തപുത്രനും രാജ്യഭാരമേൽക്കുന്നതിനു മുമ്പു് മരിച്ചവനുമായ രാജാദിത്യൻ ആദിത്യനെന്നും പേരുണ്ടായിരുന്നതിൽ നിന്നു്, ഈ ചോഴരാജവംശത്തിലെ രാജാക്കന്മാർ ഇടവിട്ടു് ആദിത്യൻ എന്നും കന്നരൻ എന്നുമുള്ള നാമങ്ങൾ കൂടി വഹിച്ചിരുന്നു എന്നനുമാനിക്കാം. ഈ പതിവനുസരിച്ചു് മുകളിൽ ചേർത്തിട്ടുള്ള പട്ടികയിലെ രാജാക്കന്മാർക്കു് പേരിട്ടുനോക്കാം. അപ്പോൾ വിജയാലയനു കന്നരനെന്നും ആദിത്യൻ ഒന്നാമൻ ആദിത്യനെന്നും, പരാന്തകൻ ഒന്നാമൻ കന്നരനെന്നും രാജാദിത്യൻ ആദിത്യനെന്നും, അരികുലകേസരിക്കു് കന്നരനെന്നും, ഗണ്ഡരാദിത്യനു ആദിത്യനെന്നും, ഉത്തമശീലിക്കു കന്നരനെന്നും അരിഞ്ജയനു ആദിത്യനെന്നും, സുന്ദരചോഴനനുകന്നരനെന്നും, ആദിത്യൻ രണ്ടാമനു ആദിത്യനെന്നും, രാജരാജൻ ഒന്നാമനുകന്നരനെന്നും, പേരുകൾ ഉണ്ടായിരുന്നതായി കാണാവുന്നതാണു്. ഏവംവിധങ്ങളായ കാരണങ്ങളാൽ രാജരാജൻ ഒന്നാമതു് കന്നരൻ അഥവാ കൃഷ്ണൻ എന്ന പേരുംകൂടി ഉണ്ടായിരുന്നുവെന്നു് വിശ്വസിക്കാം.
ഒടുവിലത്തെ പെരുമാളിന്റെ സമകാലീനനായ കൃഷ്ണരായർ പാണ്ഡ്യരാജ്യവും കൂടി ഭരിച്ചിരുന്നു എന്നു കേരളോല്പത്തിയിൽ കാണുന്നു. രാജരാജൻ ഒന്നാമൻ പാണ്ഡ്യരാജ്യവും ദക്ഷിണതിരുവിതാംകൂറും കൂടി കീഴടക്കി ഭരിച്ചിരുന്നു എന്നു് നമുക്കറിവുണ്ടു്. പിന്നെയും കൃഷ്ണരായൻ കേരളം ആക്രമിച്ചു എന്നു കേരളോല്പത്തി പറഞ്ഞിട്ടുള്ളതും രാജരാജൻ ഒന്നാമനു നല്ലപോലെ ചേരുന്നതാണു്. ഭാസ്കരരവിയുടെ സമകാലീനനായ രാജരാജൻ ഒന്നാമൻ (985–1014) ഇദ്ദേഹത്തിന്റെ പുത്രനും പിൻഗാമിയുമായ രാജേന്ദ്രചോഴൻ ഒന്നാമൻ (1012–1044) എന്നിവരുടെ ശാസനങ്ങളും കലിംഗത്തുപരണി മുതലായ ചില തമിഴ് കാവ്യങ്ങളും കൊംഗുദേശരാജാക്കൾ എന്ന പ്രാചീനചരിത്രവും സൂക്ഷിച്ചു പഠിക്കുന്നതായാൽ, രാജരാജചോഴന്റെ കാലത്തു് ചോഴസൈന്യം കേരളത്തെ ആക്രമിച്ചതായും രാജേന്ദ്രചോഴന്റെ കാലത്തു് ചോഴസൈന്യം ഒരിക്കൽ കേരളത്തെ ആക്രമിച്ചതായും കാണാവുന്നതാണു്. രാജരാജചോഴൻ ഒന്നാമത്തെ ആക്രമണം എ. ഡി. 985-നും 989-നും ഇടയ്ക്കുണ്ടായ ഒരു നാവികാക്രമണമായിരുന്നു. രാജരാജചോഴന്റെ നാലാമത്തെ ആണ്ടു മുതൽക്കുള്ള എല്ലാ ശാസനങ്ങളിലും “കാന്തളുർ ചാലൈ കലമറുത്തരുളി” അതായതു് വിഴിഞ്ഞത്തിനു സമീപത്തുവച്ചു് ചേരനാവിക സൈന്യത്തെ നശിപ്പിച്ചു എന്നുള്ള പ്രസ്താവന കാണുന്നതുകൊണ്ടും ദക്ഷിണതിരുവിതാംകൂറിലെ ദർശനം കോപ്പിലും, ശുചീന്ദ്രത്തുമുള്ള രാജരാജചോഴന്റെ ശാസനകൾ പാണ്ഡ്യരാജ്യത്തുള്ള അദ്ദേഹത്തിന്റെ ശാസനങ്ങളെക്കാൾ മുമ്പുള്ളവയായതിനാലുമാണു്, അദ്ദേഹം കരവഴിക്കു് പാണ്ഡ്യരാജ്യത്തിൽക്കൂടി ദക്ഷിണതിരുവിതാംകൂറിൽ കടക്കാതെ കടൽവഴി വിഴിഞ്ഞത്തിനു തെക്കുള്ള ഭാഗങ്ങൾ ആക്രമിച്ചു കീഴടക്കി എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. അന്നു് ദക്ഷിണതിരുവിതാംകൂറിനെയും ചങ്ങനാശ്ശേരി വരെയുള്ള മധ്യതിരുവിതാംകൂറിനെയും ഭാസ്കരരവിവർമന്റെ സാമന്തനായ വേണാട്ടുടയവൻ ശ്രീവല്ലഭൻ ഗോദ ഭരിച്ചിരുന്നു.
രാജരാജചോഴന്റെ രണ്ടാമത്തെ ആക്രമണം എ. ഡി. 999-നും 1005-നും ഇടയ്ക്കാണുണ്ടായതു്. ഈ ആക്രമണത്തിനു പ്രത്യേക കാരണം ഭാസ്കരവർമൻ ചോഴരാജാവിന്റെ ദൂതനെ അപമാനിച്ചതാകുന്നു. ഇതിനെ പറ്റിയാണു് ഒടുക്കൂത്തരുടെ വിക്രമചോഴനലാ എന്ന തമിഴ്കാവ്യത്തിലെ,
“തുതർക്കായ്
പണ്ടു പകലോന്റി ലീരൊമ്പതുചുരമും
കൊണ്ടു മലൈ നാടു കൊണ്ടോനും”
(അതായതു് ദൂതർക്കുവേണ്ടി ഒരു പകലിൽ പതിനെട്ടു വനങ്ങളും പിടിച്ചടക്കി കേരളത്തെ തന്റെ കീഴിലാക്കിയവനും) എന്ന ഭാഗം പറയുന്നതു്. തന്റെ ദൂതനെ അപമാനിച്ചു സർവ്വരാജ്യനീതി ലംഘിച്ചതിനു് പ്രതികാരമായി രാജരാജചോഴൻ കേരളത്തെ വടക്കുനിന്നും തെക്കുനിന്നും ആക്രമിക്കുവാൻ തീരുമാനിച്ചു. താൻ അതിനുമുമ്പുതന്നെ കീഴടക്കി ഭരിച്ചു വന്നിരുന്ന പാണ്ഡ്യരാജ്യത്തിൽകൂടി രാജരാജചോഴൻ തന്നെ ഒരു സേനയെ ദക്ഷിണകേരളത്തിലേക്കു നയിച്ചു ഈ സൈന്യം ഉതകൈയ, അതായതു് ദക്ഷിണതിരുവിതാംകൂറിലെ കലക്കളം താലൂക്കിലെ ഉദയഗിരിക്കോട്ടയെ രോധിച്ചു കീഴടക്കുകയും കൊല്ലംവരെയുള്ള പ്രദേശത്തെ കരസ്ഥമാക്കുകയും ചെയ്തു. ഈ പ്രദേശം അന്നു ഭരിച്ചിരുന്നതു് ഭാസ്കരരവിയുടെ സാമന്തനും വേണാട്ടുടയവനുമായ ഗോവർധന മാർത്താണ്ഡനായിരുന്നു. ഈ സംഭവങ്ങളെക്കുറിച്ചാണു് കലിംഗത്തു പരണിയിലെ,
“ചതയനാൾ വിഴ, ഉതിയർ മണ്ഡല-
ന്തന്നിൽ വൈത്തവൻറനിയോർ മാവിൻമേ-
ലുതയപാനുവൊത്തുതകൈ വെൻറകോ
നൊരു കൈവാരണം പല കവർന്തതും”
എന്ന ഭാഗത്തിൽ പറഞ്ഞിരിക്കുന്നതു്. ഉദയഗിരിയിൽ സ്ഥിതിചെയ്യുന്ന ഉദയഭാനുവെപ്പോലെ, തന്റെ മദഗജത്തിൽ സ്ഥിതിചെയ്ത രാജരാജചോഴൻ ഉദയഗിരിയും മറ്റും പിടിച്ചടക്കി അവിടെവച്ചു തന്റെ ജന്മനക്ഷത്രമായ ചതയനാൾ സംബന്ധിച്ച ആഘോഷങ്ങൾ നടത്തി എന്നാണു് ഇതിന്റെ സാരം. തന്റെ തിരുനാളായ അൽപ്പശി ചതയം ദക്ഷിണതിരുവിതാംകുറിലെ തിരുനന്തിക്കര ക്ഷേത്രത്തിൽ എഴുദിവസം ആഘോഷിക്കുന്നതിനുവേണ്ട ഏർപ്പാടു് താൻ ചെയ്തു എന്നു കാണിക്കുന്ന രാജാരാജചോഴന്റെ ഒരു ശിലാശാസനം ദക്ഷിണതിരുവിതാംകൂറിലുണ്ടു്.
ഉത്തരകേരളം പിടിക്കുവാൻ രാജരാജചോഴൻ നിയോഗിച്ച ചോഴ സൈന്യത്തിന്റെ നായകൻ തെക്കൻ കൊംഗുരാജ്യത്തിലെ തന്റെ സാമന്ത രാജാവായ വീരകേരളൻ അമരഭുജംഗവർമ്മനായിരുന്നു. മധുര ജില്ലയിലെ പഴനി താലൂക്കും കോയമ്പത്തൂർ ജില്ലയിലെ ഉദുമാൽപ്പേട്ട, പൊള്ളാച്ചി, ധാരാപുരം, കോയമ്പത്തൂർ എന്നീ താലൂക്കുകളും ഉൾപ്പെട്ടിരുന്ന തെക്കൻ കൊംഗുരാജ്യം ചോഴരാജാവായ ആദിത്യൻ ഒന്നാമനു മുമ്പു് കേരത്തിന്റെ ഒരുഭാഗമായിരുന്നു. ആദിത്യൻ ഒന്നാമൻ അതിനെ കീഴടക്കുകയുണ്ടായി. എന്നാൽ പരാന്തകൻ ഒന്നാമന്റെ അന്ത്യകാലത്തെ കലാപങ്ങൾ നിമിത്തം തെക്കൻ കൊംഗിനു് സ്വാതന്ത്ര്യം കിട്ടി. രാജരാജചോഴൻ വീണ്ടും തെക്കൻ കൊംഗിനെ കീഴടക്കി അതിന്റെ രാജാവായ അമരഭുജംഗവർമനെ തന്റെ സാമന്തനാക്കിച്ചമച്ചു. ഈ അമരഭുജംഗവർമനാണു് രാജരാജചോഴനു വേണ്ടി ഉത്തരകേരളം ആക്രമിച്ചതു്. അമരഭുജംഗൻ കേരളം ആക്രമിച്ചതിനെപ്പറ്റിയുള്ള വിവരങ്ങൾ കൊംഗുദേശരാജാക്കൾ നൽകുന്നുണ്ടു്. അതിങ്ങനെയാണു്: അമരഭുജംഗൻ ചതുരംഗസേനയോടുകൂടി സഹ്യപർവ്വതനിരയിലെത്തിയപ്പോൾ കേരളരാജാവു് ചതുർബലഗണം മുതലായ യാഗങ്ങൾ നടത്തുകയായിരുന്നു എന്നു് അദ്ദേഹം അറിയുകയുണ്ടായി. ഇതുകൊണ്ടു് കോപിച്ചു് അമരഭുജംഗൻ കോട്ടൂർ ഇന്ദ്രഗിരി, നീലഗിരി ദുർഗ്ഗം മുതലായ സ്ഥലങ്ങൾ പിടിച്ചടക്കി. ഇതറിഞ്ഞു കേരളരാജാവു് ഭയന്നു് ഒരു കപ്പലിൽ കേറി സമുദ്രമധ്യത്തിലുള്ള ഒരു ദ്വീപിൽ ചെന്നു് അഭയം പ്രാപിച്ചു. അനന്തരം അമരഭുജംഗൻ തനിക്കു കിട്ടിയ അനവധി ധനത്തെ സഹ്യപർവ്വതാഗ്രത്തിലുള്ള ഒരു ശിവാലയത്തിൽ നിക്ഷേപിക്കുകയും താൻ പിടിച്ചടക്കിയ ദേശത്തിന്റെ പടിഞ്ഞാറെ അറ്റത്തു് ഒരു ജയസ്തംഭം നാട്ടുകയും ചെയ്തു.
‘കൊംഗുദേശരാജാക്കളി’ൽ ഇങ്ങനെ വിവരിച്ചിട്ടുള്ള കേരളാക്രമണത്തെയും അതിനെ തുടർന്നുണ്ടായ കേരളീയരുടെ വിജയത്തെയുമാണു് കേരളോല്പത്തിയിലെ ഒടുവിലത്തെ ചേരമാൻ പെരുമാളുടെ കാലത്തു് നടന്ന കൃഷ്ണരായരുടെ ആക്രമണമായി വർണ്ണിച്ചിരിക്കുന്നതു്. അമരഭുജംഗൻ ചോഴചക്രവർത്തിക്കുവേണ്ടി പിടിച്ചടക്കിയ കോട്ടൂർ, പൊള്ളാച്ചി താലൂക്കിൽ ആനമല ഗ്രാമത്തിനു സമീപമുള്ള ഒരു സ്ഥലമാണു്. കൃഷ്ണരായർ ആനമല കേറി കോട്ടയുറപ്പിച്ചു എന്നു കേരളോല്പത്തിയിൽ പറഞ്ഞിട്ടുള്ളതു് അമരഭുജംഗൻ കോട്ടൂരിനെ പിടിച്ചടക്കിയതിനെപ്പറ്റിയാകുന്നു. നീലഗിരി താലൂക്കിന്റെ ഏതാനും ഭാഗങ്ങൾ കേരളത്തിൽ ഉൾപ്പെട്ടിരുന്നതുകൊണ്ടാണു് അമരഭുജഗൻ നീലഗിരിദുർഗ്ഗവും ഇന്ദ്രഗിരിയും പിടിച്ചടക്കിയതു്. ആനമലയ്ക്കു സമീപം അമരഭുജംഗൻ പാർപ്പിച്ചിരുന്ന ചോഴസൈന്യത്തെ താമസിയാതെ ഭാസ്കരരവി തോൽപ്പിക്കുകയുണ്ടായി. ഇതിനെ അല്പം വിസ്തരിച്ചു് കേരളോല്പത്തിയിൽ വിവരിച്ചിട്ടുണ്ടു്. ഈ യുദ്ധത്തിൽ ജയം നേടുന്നതിനു് അത്യന്തം സഹായിച്ചവർ മാനിച്ചൻ, വിക്രമൻ എന്നീ പൂന്തുറക്കാരായ രണ്ടു് ഏറാടിമാരായിരുന്നുവെന്നും, ഇവർ പിന്നീടു് സാമൂതിരിവംശത്തിന്റെ സ്ഥാപകരായി ഭവിച്ചു എന്നും കൂടി കേരളോല്പത്തിയിൽ കാണുന്നു. ഇവർ ഭാസ്കരവിവർമന്റെ അന്ത്യകാലത്തോ അതിനു സമീപിച്ചോ സാമൂതിരിവംശം സ്ഥാപിച്ചു എന്നുള്ള ഒടുവിലത്തെ പ്രസ്താവന ശരിയല്ല. ഭാസ്കരരവിവർമൻ എ. ഡി. 1016-ൽ ഇസുപ്പു് ഇറപ്പനുകൊടുത്ത കൊച്ചിച്ചെപ്പേടിൽ വേണാടു്, വെപലി നാടു്, നെടുംപുരയൂർനാടു് (പാലക്കാടു്) എന്നീ പ്രദേശങ്ങളിലെ നാടുവാഴികളോടൊപ്പം ഏറാൾ നാട്ടിലെ (ഏറനാട്ടിലെ) മാനവപാലമാനവീയനെയും പറ്റി പ്രസ്താവിച്ചിട്ടുള്ളതിനാൽ, ഭാസ്കരരവിയുടെ കാലത്തിനു മുമ്പുതന്നെ സാമൂതിരി വംശക്കാർ ഏറനാട്ടിലെ നാടുവാഴികളായിത്തീർന്നിരുന്നു എന്നതു് സംശയമറ്റ സംഗതിയാണു്. പ്രസ്തുത കൊച്ചി ചെപ്പേടിലേ മാനവിയനോ, അദ്ദേഹത്തിന്റെ മുൻഗാമിയോ ആയിരിക്കും കേരളോല്പത്തിയിലെ മാനിച്ചൻ.
രാജരാജചോഴന്റെ അന്ത്യകാലത്താണു്, അതായതു് എ. ഡി. 1014-ലാണു് മൂന്നാമത്തെ ആക്രമണം നടന്നതു്. ഇതു് രാജരാജചോഴന്റെ പുത്രനും യുവരാജാവുമായ രാജേന്ദ്രചോഴൻ കടൽവഴി നടത്തിയ ഒരു നാവികാക്രമണമാണു്. ഈ ആക്രമണത്തിൽ ചോഴരുടെ കടൽപ്പട ചേരരാജധാനിയായ മഹോദയപുരത്തെ (കൊടുങ്ങല്ലൂരിനെ) ആക്രമിച്ചു് തീ വയ്ക്കുകയും, ചേരരാജാക്കന്മാരുടെ പരശുരാമമുടി മുതലായ പ്രാചീന കിരീടാദ്യാഭരണങ്ങളെ അവയെ സൂക്ഷിച്ചുവച്ചിരുന്ന ചേന്ദമംഗലത്തു കോട്ടയിൽനിന്നു കൊള്ള ചെയ്തുകൊണ്ടുപോകുകയും ചെയ്തു. ഈ പട തിരിച്ചുപോകുന്ന വഴിക്കു് മാലദ്വീപങ്ങളെയും പിടിച്ചടക്കി. ഈ സംഭവങ്ങളെയാണു് രാജേന്ദ്രചോഴന്റെ ശാസനങ്ങളിലെ “എറിവടൈ കേരലൻ മുറൈമൈയിർ ചൂട്ടം കുലതനമാകിയ പലർചുരൾമുടിയും ചെങ്കതിർമാലൈയും ചെങ്കതിർവേലൈത്തോൽ പെരുങ്കാവർ പൽപഴന്തീവുഞ്ചെരുവിർ ചിനവിൽ ഉരുപത്തൊരു കാൽ അരൈചുകളൈ കട്ട പരചുരാമൻ മേവരും ചാന്തിമത്തീവൃരൻ കരുതിയിരുത്തിയ ചെമ്പൊർ തിരുത്തകുമുടിയും” എന്ന ഭാഗം വിവരിക്കുന്നതു്. ഇതിൽപറയുന്ന ചാന്തിമത്തിവു് ചേന്ദമംഗലമാണു്. ഈ ആക്രമണത്തിൽ ചോഴരുടെ ഈ കടൽപ്പട മഹോദയപട്ടണത്തെ തീവച്ചു നശിപ്പിച്ചതിനെ സ്മരിക്കുന്ന “പട്ടണം ചുട്ടും പകലിറങ്ങി ഇനിയെന്തിനാ മകളെ മുട്ടാകാ (അതായതു് മുടുപടം)” എന്ന ഒരു ചൊല്ലു് മധ്യകേരളത്തിലെ സുറിയാനി (ക്രിസ്ത്യാനി) കളുടെ ഇടയ്ക്കു് പ്രചാരത്തിലിരുന്നിരുന്നു. ഈ ആക്രമണത്തിൽ കേരളീയർക്കു് പരാജയം പറ്റിയതിനാൽ ഇതിനെപ്പറ്റി കേരളോല്പത്തിയിൽ ഒന്നും പറഞ്ഞിട്ടില്ലാത്തതുകൊണ്ടു് അത്ഭുതപ്പെടുവാനില്ല.
എ. ഡി. 1019-നു സമീപിച്ചാണു്, രാജരാജചോഴന്റെ പിൻഗാമിയായ രാജേന്ദ്രചോഴൻ കേരളത്തെ ആക്രമിച്ചതു്. ഈ ആക്രമണത്തിൽ അദ്ദേഹം തിരുവനന്തപുരം വരെയുള്ള ദക്ഷിണകേരളഭാഗം പിടിച്ചടക്കിയെന്നു വിഴിഞ്ഞത്തിനു രാജേന്ദ്രചോഴപട്ടണം എന്ന പേരുണ്ടായിരുന്നതിൽ നിന്നും അദ്ദേഹത്തിന്റെ ഒരു ശാസനം തിരുവനന്തപുരത്തെ വലിയ ചാല ക്ഷേത്രത്തിൽനിന്നു കണ്ടെടുത്തിട്ടുള്ളതിൽ നിന്നും അനുമാനിക്കാവുന്നതാണു്. താൻ ഇങ്ങനെ പിടിച്ചടക്കിയ ദക്ഷിണകേരളത്തെ അതിനു മുമ്പുതന്നെ ചോഴരുടെ അധീനത്തോടു വന്നിരുന്ന പാണ്ഡ്യരാജ്യത്തോടു കൂട്ടിച്ചേർത്തു് അതിനെ മധുരയിൽ നിന്നു തന്റെ വൈസ്രോയിയായി ഭരിക്കുവാൻ പുത്രനായ ജടാവർമൻ സുന്ദരചോഴപാണ്ഡ്യനെ രാജേന്ദ്രചോഴൻ നിയമിക്കുകയും ചെയ്തു. ദക്ഷിണതിരുവിതാംകുറിനെ അമർത്തി വച്ചുകൊണ്ടിരിക്കുവാനായി രാജേന്ദ്രചോഴൻ കോട്ടാറ്റു് ഒരു ചോഴസൈന്യത്തെ സ്ഥാപിച്ചു. മൂഷികവംശകാവ്യത്തിൽ രാമഘടൻ ജയമാനി എന്ന മൂഷിക രാജാവിന്റെ അന്ത്യകാലത്തു് ചോഴരുടെ ഒരു കേരളാക്രമണം ഉണ്ടായതായി പറഞ്ഞിട്ടുണ്ടു്. ഭാസ്കരരവിയുടെ കാലത്തല്ല, അതിനു ആറോ ഏഴോ തലമുറയ്ക്കു മുമ്പാണു് മൂഷികവംശത്തിൽ പറഞ്ഞിട്ടുള്ള പ്രസ്തുതാക്രമണം ഉണ്ടായതെന്നും ഇവിടെ ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.
ഭാസ്കരരവിയുടെ ആശ്രിതനായ തോലകവി മഹോദയ പുരേശചരിതം എന്ന സംസ്കൃതകാവ്യത്തിനു പുറമെ, അനേകം ഒറ്റ ശ്ലോകങ്ങൾ മലയാളത്തിലും സംസ്കൃതത്തിലും രചിച്ചിട്ടുണ്ടു്. ദുഷ്കവികളെ ആക്ഷേപിച്ചു് തോലൻ രചിച്ചതായി പറയപ്പെടുന്ന ഒരു മലയാളശ്ലോകം ചുവടെ ചേർക്കുന്നു:
“കിടപ്പവിറ്റെക്കിടവാതവിറ്റോ-
ടിണച്ച ക്ലിഷ്ടമന്വിതാനി
പദാനി കാൺ മൂരികളെക്കണക്കേ
കവിക്കരിങ്കയ്യർ പിണയ്ക്കുമാറു!”
ഈ ശ്ലോകത്തിലെ മലയാളത്തിന്റെ താരതമ്യേനയുള്ള ആധുനികത്വം തോലനും ഭാസ്കരരവിയും ക്രിസ്ത്വബ്ദം അഞ്ചിലോ ആറിലോ, ഏഴിലോ, അല്ല ജീവിച്ചിരുന്നതെന്നു് സംശയംവിനാ കാണിക്കുന്നുണ്ടു്. ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ള മണിപ്രവാളശ്ലോകങ്ങളിലെ ഭാഷ തന്നെയാണു് തോലന്റെ മലയാളശ്ലോകങ്ങളിലും കാണുന്നതു്. ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ള ശ്ലോകങ്ങൾ അതിന്റെ രചനാകാലത്തിൽ നിന്നും അധികം വിദൂരങ്ങളായ കാലങ്ങളിൽ നിർമ്മിച്ചിട്ടുള്ളവയല്ല. ഈ സംഗതിയും ഭാസ്കര രവിവർമന്റെ കാലം എ. ഡി. പത്താം ശതാബ്ദത്തിന്റെ അന്ത്യകാലത്താണെന്നുള്ള അഭിപ്രായത്തെ പിന്താങ്ങുന്നുണ്ടു്.
മുകളിൽ വിവരിച്ചിട്ടുള്ള സംഗതികളിൽ നിന്നു് ഒടുവിലത്തെ ചേരമാൻ പെരുമാളായി കേരളോല്പത്തി പ്രസ്താവിക്കുന്ന രാജാവാണു് എ. ഡി. 978 മുതൽക്കു് 1036 വരെ നാടുവാണിരുന്ന ഭാസ്കരരവിവർമൻ എന്നു സംശയംവിനാ വിശ്വസിക്കാവുന്നതാണു്. എന്നാൽ ഈ രാജാവാണു് ഒടുവിലത്തെ ചേരമാൻ പെരുമാളെന്നും, അദ്ദേഹം തന്റെ അന്ത്യകാലത്തു് കേരളത്തെ ബന്ധുക്കൾക്കും ആശ്രിതൻമാർക്കുമായി വീതിച്ചു കൊടുത്തുവെന്നും ഇദ്ദേഹം ബൗദ്ധമതം (ഇസ്ലാംമതം) സ്വീകരിച്ചു മക്കത്തുപോയെന്നും കേരളോല്പത്തിയിൽ പറഞ്ഞിട്ടുള്ള വിവരങ്ങൾ വാസ്തവങ്ങളല്ല. കൊല്ലത്തെ രാമേശ്വരക്ഷേത്രത്തിലുള്ള കുലശേഖരചക്രവർത്തിയുടെ എ. ഡി. 1103-ലെ ശാസനം ചേരമാൻപെരുമാക്കന്മാരുടെ ഭരണം ഭാസ്കരരവിവർമനോടുകൂടി അവസാനിച്ചിരുന്നില്ലെന്നു കാണിക്കുന്നു. രവിവർമന്റെ ഉദയവർമചരിതം കോലത്തിരി വംശത്തിന്റെ ഉത്ഭവത്തെ എ. ഡി. എട്ടാം ശതാബ്ദത്തിൽ സ്ഥാപിക്കുന്നതിനാലും മുകളിൽ ചൂണ്ടിക്കാണിച്ചപോലെ ഭാസ്കരരവിയുടെ കൊച്ചി ചെപ്പേടു് സാമൂതിരി വംശക്കാർ അദ്ദേഹത്തിന്റെ കാലത്തിനുമുമ്പുതന്നെ നാടുവാഴികളായിത്തീർന്നു എന്നു കാണിക്കുന്നതിനാലും ഭാസ്കരരവിവർമൻ കേരളത്തെ വീതിച്ചു കൊടുത്തു എന്നുള്ള കേരളോല്പത്തിയുടെ പ്രസ്താവന വാസ്തവമല്ലെന്നു വരുന്നുണ്ടു്. ഒടുവിലത്തെ ചേരമാൻ പെരുമാൾ ബൗദ്ധമതം സ്വീകരിച്ചു് മക്കത്തുപോയി പരിശുദ്ധനബിയെ കണ്ടപ്പോൾ നബിക്കു് 57 വയസുണ്ടായിരുന്നു എന്നു് കേരളോല്പത്തി പറയുന്നു. ഇതിൽ നിന്നു് ചേരമാൻ പെരുമാൾ നബിയെ സന്ദർശിച്ചതു് എ. ഡി. 627-ലാണെന്നു വരുന്നുണ്ട്. ഈ കാലത്തിനും ഭാസ്കരരവിവർമന്റെ കാലത്തിനും തമ്മിൽ മുന്നൂറിലധികം വർഷങ്ങളുടെ അന്തരമുള്ളതിനാൽ ഭാസ്കരരവിവർമനല്ല ഇസ്ലാംമതം സ്വീകരിച്ചതെന്നു് പ്രത്യക്ഷമാകുന്നുണ്ടല്ലോ.
എന്നാൽ ഭാസ്കരരവിവർമനു മുമ്പുണ്ടായിരുന്ന ഒരു ചേരമാൻ പെരുമാൾ ഇസ്ലാംമതം സ്വീകരിച്ചു എന്നുള്ള സംഗതിയെ പാടെ തിരസ്കരിക്കുവാൻ പാടില്ല. ഇതിനുള്ള കാരണങ്ങൾ ചുവടെ ചേർക്കുന്നു:
കൊടുങ്ങല്ലൂരിലെ പ്രസിദ്ധപ്പെട്ട അരാകുളത്തിന്റെ കരയിൽ ഒരു ചെറിയ മുഹമ്മദീയപള്ളി ഇന്നും സ്ഥിതിചെയ്യുന്നുണ്ടു്. ഈ പള്ളിയെ തിരുവഞ്ചിക്കുളക്ഷേത്രത്തിലെ ആറാട്ടു ഘോഷയാത്ര പതിവായി പ്രദക്ഷിണം ചെയ്യുന്നുമുണ്ടു്. ഈ പള്ളിയുടെ ദർശനം മറ്റു മുഹമ്മദീയ പള്ളികളുടേതുപോലെ മക്ക സ്ഥിതിചെയ്യുന്ന ദിക്കിലേക്കു് എന്നുള്ള സംഗതി ഇതു് ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ മുഹമ്മദീയ പള്ളിയാണെന്നു കാണിക്കുന്നു. ‘മുസ്ലിംഗില്ല’ എന്ന ഇറ്റാലിയൻ ഗ്രന്ഥത്തിൽ അതിന്റെ കർത്താവായ പ്രൊഫസർ ജി. ടി. റിവോയിറ (G. T. Rivoira. Architettura musulmana) മുസ്ലിമീങ്ങളുടെ ആദ്യത്തെ പള്ളി മദീനയിലുള്ള നബിയുടെ പള്ളിയാണെന്നും, അതിനടുത്ത കാലത്തു് അവർ കുഹ, ഡമാസ്കസ്, ബാസ്ര, ഫുസ്ടാത് എന്നീ സ്ഥലങ്ങളിൽ ചെറിയ പള്ളികൾ കെട്ടിച്ചുവെന്നും ഇന്നു് നഷ്ടമായിട്ടുള്ള ഈ പ്രാചീനപള്ളികൾ ഏകരൂപമായ ഒരു പ്ലാനനുസരിച്ചല്ല, അതു് സ്ഥാപിക്കപ്പെട്ടിരുന്ന ഇടങ്ങളിലെ ശില്പരീതിയെ അനുസരിച്ചാണു് കെട്ടപ്പെട്ടിരുന്നതെന്നും, പിന്നീടു മുഹമ്മദീയപള്ളികൾക്കു് അപരിത്യാജ്യമായിത്തീർന്നിരുന്ന മിഹറാബും, മിനാരവും (ഗോപുരം) മറ്റും പ്രാചീനകാലത്തെ പള്ളികളിൽ ഉണ്ടായിരുന്നില്ലെന്നും പിൽക്കാലങ്ങളിലാണു്—പ്രത്യേകിച്ചു് പള്ളിയുടെ പണികളിൽ ഖലീഫമാർ ഇടപെട്ടതുകൊണ്ടാണു്—അവയുടെ പ്ലാനിനു് ഏകരൂപത്വം ഉണ്ടായതെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. എ. ഡി. 673-ൽ ഫുസ്ടാറിലെ പ്രാചീനപള്ളിയിൽ ഒരു മിനാററ്റ് ഖലീഫ-മു-ആവിയ പുതുതായി പണികഴിപ്പിച്ചു എന്നും നമുക്കറിയാം. ഈ സംഗതികളിൽ നിന്നു് ഉദ്ദേശം എ. ഡി. 673 മുതൽക്കു് ഏകരുപമായുള്ള പ്ലാനിൽ പള്ളികൾ കെട്ടിക്കാനുള്ള ശ്രമം തുടങ്ങിയെന്നു് അനുമാനിക്കുകയും ചെയ്യാം. അതിനാൽ അരാകുളത്തിന്റെ കരയിലുള്ള പള്ളി ഈ കാലത്തിനു മുമ്പു് കെട്ടിയതാണെന്നനുമാനിക്കാം. അതുകൊണ്ടു് എ. ഡി. ഏഴാം ശതാബ്ദത്തിലാണു് ഈ പള്ളി കെട്ടിയതു് എന്നുള്ള കേരളോല്പത്തിയിലെ പ്രസ്താവന വിശ്വാസയോഗ്യമാണു്. പെരുമാക്കന്മാരുടെ മുഖ്യക്ഷേത്രമായിരുന്ന തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ആറാട്ടുഘോഷയാത്ര പ്രദക്ഷിണം ചെയ്യത്തക്കവണ്ണം ഈ പള്ളി സ്ഥിതിചെയ്യുന്നതുകൊണ്ടും പെരുമാക്കന്മാരിൽ ഒരാളിനു് ഈ പള്ളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നുള്ളതു് വിശ്വസിക്കാതെ ഗത്യന്തരമില്ല.
പിന്നെയും ചീനത്തെ മംഗോൾ (മിന്ദ്) ചക്രവർത്തിമാരുടെ കാലത്തു രചിച്ച മിൻ-ഷു എന്ന ചീനാഗ്രന്ഥത്തിൽ ചീനത്തിന്റെ കിഴക്കൻ സമുദ്രതീരങ്ങളിൽ ആദ്യമായി ഇസ്ലാംമതം സ്ഥാപിച്ചതിനെ വിവരിക്കുന്ന ഭാഗത്തിൽ ചുവടെചേർക്കുന്ന പ്രകാരം പറഞ്ഞിരിക്കുന്നു: “അദ്ദേഹത്തിന്റെ (അതായതു് മുഹമ്മദ് നബിയുടെ) ശിഷ്യന്മാരായ നാലു പണ്ഡിതന്മാർ നമ്മുടെ രാജ്യത്തു് ടാങ് രാജവംശത്തിന്റെ വൂടേ എന്ന കാലഘട്ടത്തിൽ (അതായതു് എ. ഡി. 618-നും 627-നും ഇടയ്ക്കു്) വരികയും അവസാനത്തിൽ ചീനത്തു് അവരുടെ മതത്തിന്റെ സ്ഥാപകരായിത്തീരുകയും ചെയ്തു. ഇവരിലൊരാൾ കാന്റണിലെയും മറ്റൊരാൾ യാങ്ങ്പോയിലെയും ശേഷിച്ച രണ്ടുപേർ ചുവാൻ ചോവിലെയും ജനങ്ങളുടെ ഇടയ്ക്കു് തങ്ങളുടെ മതം പ്രചരിപ്പിച്ചു. ഇവരുടെ മരണാനന്തരം ഇവരെ അടക്കം ചെയ്തതു് ഈ (അതായതു് ചുവാൻ ചോവിലെ) കുന്നിലായിരുന്നു.” ഇന്ത്യയിൽ നിന്നു് ചീനത്തേക്കു പോകുന്നവർ കൊല്ലത്തുനിന്നു കപ്പൽ കയറിയിരുന്നു എന്നു് 9-ാം ശതാബ്ദത്തിൽ സുലൈമാൻ എന്ന അറബി സഞ്ചാരിയും ചീനത്തു നിന്നു ഇന്ത്യയിലേക്കു വരുന്നവർ കൊല്ലത്തിറങ്ങിയിരുന്നു എന്നു് 13-ാം ശതാബ്ദത്തിൽ ചയോജുകുവാ എന്ന ചീനാഗ്രന്ഥകാരനും രേഖപ്പെടുത്തിയിട്ടുള്ളതു് ഇവിടെ സ്മരണീയമാണു്. ഈ സംഗതികളിൽ നിന്നു് ചീനത്തു് ഇസ്ലാം മതപ്രപവാചകരായി പോയ പ്രസ്തുത നാലു വൈദികന്മാരും വഴിക്കുള്ള കൊടുങ്ങല്ലൂരിൽ ഇറങ്ങി അന്നത്തെ ചേരമാൻ പെരുമാളെ കണ്ടു് അദ്ദേഹത്തെ മതം മാറ്റിയതിനുശേഷം ചീനത്തേക്കു തിരിച്ചു എന്നതു് തീരെ അസംഭവ്യമായ ഒരു സംഭവമല്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. പെരുമാൾ മക്കത്തേക്കു പോയതായി പറയുന്ന കാലത്തിനും പ്രസ്തുത ഇസ്ലാംമത പ്രവാചകരുടെ ചീനയാത്രയുടെ കാലത്തിനും തമ്മിലുള്ള യോജിപ്പും ഇവിടെ സ്മരണീയമാണു്.
തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുളള രണ്ടു പ്രതിമകൾ ഒടുവിലത്തെ പെരുമാളായ ഭാസ്കരരവിവർമന്റെയും, അദ്ദേഹത്തിന്റെ ഗുരുവായ സുന്ദരമൂർത്തിനായനാരുടെയും പ്രതിമകളാണെന്നു സാധാരണയായി പറഞ്ഞുവരുന്നുണ്ടു്. സുന്ദരമൂർത്തിയുടെ ശിഷ്യനായ പെരുമാൾ ചേരമാൻ പെരുമാൾനായനാർ എന്ന ശൈവയോഗിയാണെന്നും ഇദ്ദേഹത്തിനെ ശൈവഗ്രന്ഥങ്ങൾ പെരുമാക്കോത, അതായതു് പെരുമാളായ ഗോദവർമൻ എന്നാണു് പേരിട്ടുള്ളതെന്നും ഇദ്ദേഹം കേരളോല്പത്തിയിലെ കോട്ടിപെരുമാളായിരിക്കുവാനിടയുണ്ടെന്നും ഈ ലേഖകൻ ചേരമാൻ പെരുമാൾ നായനാർ എന്ന ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നല്ലോ. ഇദ്ദേഹത്തിനു ഗോദ എന്ന പദത്തിലവസാനിക്കുന്ന പേരുണ്ടായിരുന്നതിനാൽ, രവി എന്നവസാനിക്കുന്ന പേരായ ഭാസ്കരരവി എന്നതു് ഇദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നു വിചാരിച്ചേ മതിയാവു. പിന്നെയും സുന്ദരമൂർത്തിനായനാർ എ. ഡി. 9-ാം ശതാബ്ദത്തിനു മുമ്പു ജീവിച്ചിരുന്നു എന്നു വിചാരിക്കുവാൻ കാരണമുള്ളതിനാൽ, ഇദ്ദേഹത്തിന്റെ സമകാലീനരും ശിഷ്യനുമായ പെരുമാളും 10-ാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന ഭാസ്കരരവിവർമപെരുമാളും ഒന്നല്ലെന്നു പറയേണ്ടിയിരിക്കുന്നു.
തോലനു പുറമേ ഒടുവിലത്തെ ചേരമാൻ പെരുമാളിന്റെ സമകാലീനനായിരുന്ന ഒരു മഹാവാസുദേവ ഭട്ടതിരിയെപ്പറ്റിയും കേരളോല്പത്തി പ്രസ്താവിക്കുന്നുണ്ടു്. നളോദയം എന്ന യമകകാവ്യത്തിന്റെ കർത്താവു് ഒരു രവിദേവനാണെനു് അതിനു രാമർഷി എഴുതിയിട്ടുള്ള വ്യാഖ്യാനത്തിൽ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, ആ കാവ്യത്തിനു വിഷ്ണു എന്ന പണ്ഡിതൻ എഴുതിയ വ്യാഖ്യാനത്തിൽ അതു് രവി തനയനായ വാസുദേവന്റെ കൃതിയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നു് ശ്രീമാൻ ഉള്ളൂർ എസ്. പരമേശ്വരയ്യർ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. നളോദയകർത്താവ്, വാസുദേവൻ എന്ന പേരായ ഒരു കവിയായിരുന്നുവെങ്കിൽ അദ്ദേഹം ഒടുവിലത്തെ പെരുമാളിന്റെ സമകാലീനനായി കേരളോല്പത്തി പ്രസ്താവിക്കുന്ന മഹാവാസുദേവഭട്ടതിരിയായിരിക്കുവാനിടയുണ്ടു്. നളോദയം പ്രദർശിപ്പിക്കുന്ന കടുത്ത യമകഭ്രമത്തെ ആക്ഷേപിച്ചായിരിക്കാം തോലൻ,
“ഥ പ്രഥനന്ദാനന്ദം
പദദ്വയം താത്രകലിതനന്ദാനന്ദം
തനയം വാരുവക്യാ
തിരന്വയ ദളിതദാനവരൊവക്യാഃ”
എന്നിത്യാദി ശ്ലോകങ്ങൾ രചിച്ചതു്. തിരുവനന്തപുരം വലിയ കൊട്ടാരം ഗ്രന്ഥപ്പുരയിലുള്ള നളോദയത്തിന്റെ താളിയോലപ്പകർപ്പിൽ നിന്നു് നളോദയകർത്താവിന്റെ സമകാലീനനായ രാജാവിനു രാമൻ എന്നു പേരുണ്ടായിരുന്നു എന്നും കാണുന്നു എന്നു ഉള്ളൂർ പരമേശ്വരയ്യർ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഭാസ്കരരവിവർമനു രാമവർമൻ എന്ന പേരും കൂടി ഉണ്ടായിരുന്നിരിക്കാമെന്നു് ഇതിൽ നിന്നനുമാനിക്കാം. രാമഘടമൂഷികൾ സ്ഥാപിച്ചതു നിമിത്തം രാമഘടവംശം എന്നു പേരുള്ള മൂഷികവംശവും ചേരരാജവംശവും ഒന്നാണെന്നു് ഈ ലേഖകൻ ‘മൂഷികവംശത്തിന്റെ ഉത്ഭവം’ എന്ന ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നല്ലോ. ഈ വംശനാമത്തിൽ നിന്നു് ചേരരാജാക്കന്മാർ ഏറെക്കുറെ പതിവായി രാമവർമൻ എന്ന പേരു കൂടി സ്വീകരിച്ചിരുന്നു എന്നുവരാവുന്നതാണു്. ഇന്നത്തെ കൊച്ചിയിലെയും തിരുവിതാംകൂറിലെയും മഹാരാജാക്കന്മാർ രാമവർമൻ എന്ന പേരിനോടു പ്രത്യേകമായ പ്രതിപത്തി കാണിച്ചുവരുന്ന സംഗതിയും ഇവിടെ സ്മരണീയമത്രേ.
ഒടുവിലത്തെ ചേരമാൻ പെരുമാളിന്റെ ഒരു മുൻഗാമിയായ കുലശേഖരപ്പെരുമാളിന്റെ സമകാലീനനായ ഒരു വാസുദേവഭട്ടതിരിയേയും ഒരു മഹാഭാരതഭട്ടതിരിയേയും പറ്റി കേരളോല്പത്തി പറയുന്നുണ്ടു്. ഈ വാസുദേവഭട്ടതിരി യുധിഷ്ഠിരവിജയം, ത്രിപുരദഹനം ആദിയായ യമകകാവ്യങ്ങളുടെ കർത്താവായ വാസുദേവഭട്ടതിരിയാണെന്നും ഈ കുലശേഖര പെരുമാൾ ഭാസ്കരരവിവർമന്റെ മുൻഗാമിയായ ഇന്ദുഗോദവർമന്റെ മുൻഗാമിയും തപതിസംവരണാദി നാടകങ്ങളുടെ കർത്താവും എ. ഡി. 911 മുതൽക്കു് 955 വരെ നാടുവാണിരുന്ന ചേരമാൻ പെരുമാളുമായ ഗോദരവിയാണെന്നും ഈ ലേഖകൻ വിചാരിക്കുന്നു. ഈ കുലശേഖരപ്പെരുമാളല്ല വൈഷ്ണവയോഗിയും ചേരരാജാവുമായ കുലശേഖര ആഴ്‌വാർ. കുലശേഖരപ്പെരുമാൾ ഗോദരവിക്കു് ആറേഴു തലമുറയ്ക്കു മുമ്പു ജീവിച്ചിരുന്ന ഒരു ചേരമാൻ പെരുമാളാണു്. വാസുദേവഭട്ടതിരിയുടെ സമകാലീനനായിരുന്ന കുലശേഖരപ്പെരുമാളിനും ഒടുവിലത്തെ പെരുമാളിനും, അതായതു് ഭാസ്കരരവിക്കും ഇടയ്ക്കു് ആദിരാജപെരുമാൾ എന്നും പാണ്ടിപ്പെരുമാൾ എന്നും രണ്ടു പെരുമാക്കന്മാർ വാണിരുന്നു എന്നു കേരളോല്പത്തിയിൽ പറഞ്ഞിരിക്കുന്നു. വാസ്തവത്തിൽ ഇവർക്കിടയ്ക്കു് ഒരു പെരുമാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും ഇദ്ദേഹം എ. ഡി. 955 മുതൽ 978 വരെ നാടുവാണിരുന്ന ഇന്ദുഗോദവർമനാണെന്നുമാണു് ഈ ലേഖകന്റെ അഭിപ്രായം.
ഒരുപക്ഷേ, പ്രാചീനൈതിഹ്യം ആദിപാണ്ടിപ്പെരുമാൾ എന്നു പേരിടുന്ന ഒരു പെരുമാളിന്റെ പേരിനെ ആദിപ്പെരുമാൾ എന്നും പാണ്ടിപെരുമാളെന്നും കേരളോല്പത്തി കർത്താവു് രണ്ടായി പിരിച്ചതുകൊണ്ടായിരിക്കാം പ്രസ്തുത പ്രമാദമുണ്ടായതു്. ഭൂതരായ പാണ്ടിപെരുമാൾ, ചെങ്ങൾ പാണ്ടിപെരുമാൾ, കുലശേഖര പാണ്ടിപെരുമാൾ എന്നിങ്ങനെ പ്രാചീനപെരുമാക്കന്മാർക്കു് കേരളോല്പത്തി തന്നെ പേരിട്ടിട്ടുള്ളതും ഈ അവസരത്തിൽ സ്മരണീയമാണു്.
കേസരി ബാലകൃഷ്ണപിള്ളയുടെ ലഘുജീവചരിത്രക്കുറിപ്പു്.