images/kannaki-madhu.jpg
Kannaki, a photograph by K. M. Madhusudhanan .
ചിലപ്പതികാരം
കേസരി ബാലകൃഷ്ണപിള്ള

(കേരളീയർ ഉൾപ്പെട്ട പണ്ടത്തെ തമിഴ്‌നാട്ടുകാരുടെ പഞ്ചമഹാകാവ്യങ്ങൾ ചിലപ്പതികാരം, മണിമേകല, ജീവകചിന്താമണി, കുണ്ടലകേശി, വളൈയാപതി എന്നിവ ആകുന്നു. ബൗദ്ധകാവ്യങ്ങളത്രെ മണിമേകലയും, കുണ്ടലകേശിയും. ജീവകചിന്താമണി, വളൈയാപതി എന്നിവ ജയിനകാവ്യങ്ങൾ ആകുന്നു. കോട്ടിപെരുമാളെന്നു ‘കേരളോൽപ്പത്തി’യും, ജയമാനി രാമഘടൻ എന്നു ‘മൂഷികവംശകാവ്യ’വും, ‘കോട്ടമ്പലത്തു തുഞ്ചിയ ചേരമാൻ’ എന്നു ‘അകനാനൂറും’, ഇളങ്കോവടികൾ എന്നു തമിഴു സംഘഐതിഹ്യങ്ങളിൽ നിന്നു് ഞാൻ നിർണ്ണയിച്ചിട്ടുള്ള ചേരമാൻപെരുമാളും ആണു് ചിലപ്പതികാരം രചിച്ചതു്. ശിവപാദശേഖരനെന്നു ‘മക്കൻസിമാനുസ്ക്രിപ്റ്റ് ’ പേരിട്ടിട്ടുള്ള 48-ാം ചേരമാൻ പെരുമാളായ ഇദ്ദേഹമാണു് പതിറ്റിപ്പത്തു്’ എന്ന ചേരരാജപ്രശസ്തി സമാഹാരം പ്രസിദ്ധപ്പെടുത്തിയതെന്നു വിചാരിക്കുവാനും ഞാൻ കാരണങ്ങൾ കാണുന്നുണ്ടു്. യൗവ്വനത്തിൽ തന്നെ തന്റെ പത്നി മൃതിയടഞ്ഞതുനിമിത്തം ഇദ്ദേഹം ലൗകികജീവിതം പരിത്യജിച്ചു് ഒരു ശൈവസന്ന്യാസിയായി. ഇതുനിമിത്തമത്രേ ഇദ്ദേഹത്തിനു അടികൾ എന്ന ബിരുദം സിദ്ധിച്ചതു്. തമിഴ്‌നാട്ടുകാരനായി ജനിച്ചതിൽ അത്യധികം അഭിമാനമുള്ള ദേഹവുമായിരുന്നു ഈ കവി.

images/Puhar-ILango.jpg
ഇളങ്കോവടികളുടെ ശില്പം.

‘ഷോഡശാശംസുരാജ്യം’ എന്ന വാക്യം സൂചിപ്പിക്കുന്ന 717 എ. ഡി.-യിൽ, ചേരവംശത്തിലേക്കു കൊംഗിലെ ഇളയതാവഴിയിൽ നിന്നു രണ്ടു രാജകുമാരൻമാരെ ദത്തെടുക്കുകയുണ്ടായി. ഇവരിൽ മൂത്തവൻ ചിലപ്പതികാരത്തിലെ ചെങ്കുട്ടുവൻ രണ്ടാമനും, അനുജൻ ഇളങ്കോവടികളുമാകുന്നു. കാസർക്കോട് താലൂക്കിലെ കോട്ടിക്കുളത്തു് ഒരു കോട്ട പണിയിച്ചതിൽ നിന്നു് ഇളങ്കോവടികൾക്കു് കോട്ടിപെരുമാളെന്ന നാമധേയം ലഭിച്ചു. വഞ്ചിമഹാനഗരത്തിന്റെ ഒരു ഭാഗമായ ചേന്ദമംഗലത്തെ കോട്ടക്കോവിൽ കുന്നിൽ വെച്ചു മൃതിയടഞ്ഞതുനിമിത്തമത്രെ ഇദ്ദേഹത്തിനു കോട്ടമ്പലത്തു തുഞ്ചിയ ചേരമാൻ എന്ന ബിരുദം കിട്ടിയതു്. മാനി എന്നതു സിംഹത്തിന്റെ ഒരു പര്യായമാകയാൽ, ഇദ്ദേഹത്തിനു ജയസിംഹൻ രാമഘടനെന്നും പേരിടാം.

ചിലപ്പതികാരത്തിന്റെ കാലം

‘ചിലപ്പതികാര’വും, ഇതിന്റെ തുടർച്ചയായ ‘മണിമേകല’യും നൽകിയിരിക്കുന്ന ചില ജോതിശ്ശാസ്ത്രവിവരങ്ങളെ ആസ്പദിച്ചു, സുപ്രസിദ്ധനായ ആധുനിക ജ്യോതിശ്ശാസ്ത്രജ്ഞൻ സ്വാമി കണ്ണുപിള്ള ഇവ രചിച്ചതു് യഥാക്രമം 756 എ. ഡി. 771 എ. ഡി. എന്നീ വർഷങ്ങൾക്കു ശേഷമാണെന്നു സ്ഥാപിക്കയുണ്ടായി. ദേശാഭിമാനപാരമ്യവും മറ്റും ഹേതുവായി ഇന്നത്തെ തമിഴ്‌നാട്ടിലെ ‘ശാസ്ത്രീയ’ ചരിത്രഗവേഷകരിൽ ബഹുഭൂരിഭാഗവും സ്വാമിക്കണ്ണുപിള്ള യുടെ നിഗമനത്തെ മുടന്തൻ ന്യായങ്ങൾ പറഞ്ഞു തള്ളിക്കളഞ്ഞിരിക്കുന്നു. വാസ്തവത്തിൽ തമിഴ് സംഘ ഐതിഹ്യങ്ങൾ തന്നെ സ്വാമിക്കണ്ണുപിള്ളയുടെ അഭിപ്രായത്തെ പിൻതാങ്ങുന്നുണ്ടു്. ഈ ഐതിഹ്യങ്ങൾ ഉച്ചപ്രാന്തിന്റെ പ്രകടനങ്ങളാണെന്നു് ജല്പിച്ചിട്ടാണു് ഈ ‘ശാസ്ത്രീയ’ ഗവേഷകർ വെറും ഊഹങ്ങളെ ആസ്പദിച്ചു മധുര തമിഴ് സംഘകാലത്തെ എ. ഡി. അഞ്ചാം ശതാബ്ദത്തോടുകുടി അവസാനിപ്പിച്ചിരിക്കുന്നതു്. ഈ തമിഴ് സംഘ ഐതിഹ്യങ്ങൾ സംഘകാലം 499 എ. ഡി. മുതൽക്കു 817 എ. ഡി. വരെ നിലനിന്നു എന്നു പ്രസ്താവിച്ചിട്ടുള്ളതു ഇവ ഉപയോഗിച്ചിട്ടുള്ള കൽദയൻ ജ്യോതിശ്ശാസ്ത്രഭാഷ (കൽപ്പഗണിതഭാഷ) ഇദംപ്രഥമമായി മനസ്സിലാക്കി ഞാൻ കണ്ടുപിടിച്ചിട്ടുണ്ടു്. പണ്ടു സാർവ്വലൗകികമായിരുന്ന ഈ ജ്യോതിശ്ശാസ്ത്രപദ്ധതിയാണു്, കാശ്മീരത്തിന്റെ ചരിത്രമായ ‘രാജതരംഗിണി’യിലും ഒറീസ്സയുടെ ചരിത്രമായ ‘മാഡ്ലാപാഞ്ജി’യിലും ഭാരതീയരുടേയും, മറ്റുള്ളവരുടേയും പുരാണങ്ങളിലും ഉപയോഗിച്ചിട്ടുള്ളതും. പണ്ടു സാർവ്വലൗകികമായിരുന്ന ഈ ഗണിതപദ്ധതി മനസ്സിലാക്കാതെ കാലനിർണ്ണയത്തെ സംബന്ധിച്ചു ചരിത്രാതീതകാല ചരിത്രഗവേഷണത്തിലും പ്രാചീന ചരിത്രഗവേഷണത്തിലും ഒരടി മുന്നോട്ടുവയ്ക്കുവാൻ ഒരു രാജ്യക്കാർക്കും സാധിക്കുന്നതല്ലതാനും.

images/Mudigere_Jain.jpg
കാലിയാനിക്കടുത്തുള്ള മുഡ്ഗേരിയിലും അമരാവതിയിലും നിന്നുള്ള ലിഖിതങ്ങളുടെ വിവരണങ്ങൾ.

സ്വാമിക്കണ്ണുപിള്ളക്കു് ചിലപ്പതികാരത്തെ സംബന്ധിച്ചു 756 എ. ഡി. എന്ന കാലം നൽകിയ ചിലപ്പതികാരഭാഗങ്ങൾ ആദ്യമായി ചുവടെ ഉദ്ധരിക്കുന്നു:

“വാൻകൺ വിഴിയാ വൈകറൈ യാമത്തു

മീന്റികഴ്‌വി ചുമ്പിൻ വെൺമതി നീങ്ക-

ക്കാരിണിരുണിന്റെ കടൈനാട കങ്കുൽ”

(X 1–3)

“ആടിത്തിങ്കട പേരിരുട് പക്ക-

ത്തഴൽചേർ കുട്ടത്തട്ടമി ഞാന്റു

വെള്ളിവാരത്തൊള്ളെളെരിയുണ്ണ

വുരൈചാൻ മതുരൈയോടരചു കേടുറുമെനു

മുരൈയു മുണ്ടേ”

(xxxIII. 133–137)

ആടിമാസത്തിലെ കൃഷ്ണപക്ഷത്തിൽ കാർത്തിക-ഭരണി നാളിൽ (അഴൽചേർ കുട്ടത്തു) വെള്ളിയാഴ്ച മധുരയിൽ തീപിടിക്കുകയും (എരിയുണ്ണു), രാജാവിനു കേടുവരുകയും ചെയ്യും എന്നൊരു പ്രവചനം ഉണ്ടു് എന്നാണു് രണ്ടാമതായി ഉദ്ധരിച്ച ഭാഗത്തിന്റെ അർത്ഥം. ഈ പ്രവചന പ്രസ്താവന മനസ്സിലാക്കുവാൻ ചിലപ്പതികാരനായിക കണ്ണകിയുടെ ജൈന മതത്തെപ്പറ്റി ചില സംഗതികൾ ചുവടെ വിവരിക്കുന്നു.

പൂർവ്വജൈനമതം

ബുദ്ധമതക്കാർക്കു 27 ‘പൂർവ്വബുദ്ധന്മാർ’ ഉള്ളതുപോലെ, ജൈനർക്കു 23 പൂർവ്വതീർഥങ്കരന്മാർ (അഥവാ, ജിനന്മാർ) ഉണ്ടായിരുന്നു. 24-ാമത്തെ തീർഥങ്കരനാണു് വർധമാനമഹാവീരൻ (527–456 ബി. സി.). 19-ാം തീർഥങ്കരൻ മല്ലിയാണു്, സ്ത്രീയായ ഏകതീർഥങ്കരൻ. 24 പേരിൽ 22 പേർ സൂര്യവംശക്ഷത്രിയരും ശേഷിച്ച രണ്ടുപേർ ചന്ദ്രവംശക്ഷത്രിയരും ആകുന്നു. വരാഹകൽപ്പം തുടങ്ങുന്ന ബി. സി. 3102-ൽ നാടുവാഴാൻ തുടങ്ങിയ പ്രിയവ്രതന്റെ പൗത്രൻ ഋഷഭൻ നാഭേയനാണു് ജൈനരുടെ പ്രഥമ തീർഥങ്കരൻ. ഏലാമെന്നു പേരുണ്ടായിരുന്ന പശ്ചിമ പേർസ്യയിലെ കോസലരാജ്യത്തിലെ ഒരു നൃപനായിരുന്നു ഋഷഭൻ. ഇദ്ദേഹത്തെ മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നായി ഭാരതീയഹിന്ദുപുരാണങ്ങളിൽ വിവരിച്ചിട്ടുണ്ടു്. പൂർവ്വബുദ്ധൻമാർ ജീവിച്ചിരിക്കാത്ത കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ജൈനതീർഥങ്കരന്മാരെ പൂർവ്വബുദ്ധമതക്കാർ ‘പ്രത്യേക ബുദ്ധന്മാരാ’യി പരിഗണിച്ചു ബഹുമാനിച്ചു വന്നിരുന്നു. 24 തീർഥങ്കരന്മാർക്കു പുറമേ, ജൈനർക്കു ഋഷഭപുത്രൻ ഭരതനിൽ തുടങ്ങി 12 ചക്രവർത്തിമാരും, 9 ബലദേവന്മാരും (അർധചക്രവർത്തികളും) 9 വാസുദേവന്മാരും 9 ദസാരന്മാരുമുണ്ടായിരുന്നു. ഈ 63 പേർക്കു പൊതുവേ 63 ശലാകപുരുഷർ (ശ്ലാഘ്യപുരുഷർ) എന്നു അവർ പേരിട്ടിട്ടുണ്ടു്. തമിഴരുടെ ഇടയ്ക്കു് 63 നായനാർമാർ (ശൈവയോഗികൾ) ഉണ്ടായിരുന്നതും ഇവിടെ ശ്രദ്ധേയമത്രേ. ‘യജുർവേദനിരത’നായ അയോധ്യയിലെ രാമൻദാശരഥി (1689–1662 ബി. സി.) ജൈനരുടെ 9-ാം ചക്രവർത്തി മഹാപത്മനും, രാമസോദരനും ഒരു ജൈനമതക്കാരനുമായ ലക്ഷ്മണൻ ഇവരുടെ എട്ടാമത്തെ വാസുദേവനും കൃഷ്ണൻ ദേവകീപുത്രനും ജേഷ്ഠൻ ബലഭദ്രനും ഇവരുടെ 9-ാമത്തെ വാസുദേവനും ബലദേവനുമാകുന്നു. ഈ വിവരങ്ങളിൽ നിന്നു പ്രസ്തുത മതത്രയങ്ങൾക്കു തമ്മിലുണ്ടായിരുന്ന ബന്ധം മനസ്സിലാക്കുവാൻ സാധിക്കും.

images/Prithu_Venas_corpse.jpg
വേണയുടെ മൃതദേഹത്തിൽ നിന്നു് പൃഥു പ്രത്യക്ഷപ്പെടുന്നു.

ഓരോ ജൈനതീർഥങ്കരനും ഓരോ പ്രത്യേക ലാഞ്ഛനവും, വൃക്ഷവും, യക്ഷനും, യക്ഷിയും സങ്കൽപ്പിക്കുകയും ഇവയെ ആരാധിച്ചു വരികയും ജൈനർ ചെയ്തിരുന്നു. 23-ാം തീർഥങ്കരൻ പാർശ്വനാഥന്റെ (794–706 ബി. സി.) ലാഞ്ഛനം പത്തിയുള്ള പാമ്പും, വൃക്ഷം ധാതകി (താതിരി) മരവും, യക്ഷൻ പാർശ്വയക്ഷനും, യക്ഷി പത്മാവതിയുമാകുന്നു. പ്രാചീനകേരളത്തിൽ പാർശ്വനാഥാരാധനയ്ക്കു അത്യധികം പ്രചാരം സിദ്ധിച്ചിരുന്നു. പണ്ഡിതലോകം ഇരുട്ടറയ്ക്കകത്തുവച്ചുപൂട്ടിയിരുന്ന ദർശനങ്ങളെ ഇദംപ്രഥമമായി വെളിച്ചത്തു ജനസാമാന്യത്തിനിടയ്ക്കു കൊണ്ടുവന്നതുനിമിത്തം പാർശ്വനാഥനു ‘പുരിസാദാണീയ’ (ജനസാമാന്യത്തിന്റെ കണ്ണിലുണ്ണി) എന്ന ബിരുദം ലഭിക്കുകയുണ്ടായി. ചേരരാജധാനി വഞ്ചിയുടെ അപരനാമങ്ങളിലൊന്നായ പത്മാവതിയുടെയും, ചിറക്കൽതാലൂക്കിലെ പറശ്ശിനിക്കടവിന്റെയും, ഏറനാട്ടിലെ പറച്ചാൻപൊറ്റയുടെയും നാമങ്ങളിൽ യഥാക്രമം പത്മാവതിയക്ഷിയുടെയും പാർശ്വയക്ഷന്റെയും പേരുകൾ കാണാം. വർധമാന മഹാവീരന്റെ ലാഞ്ഛനം, സിംഹവും, വൃക്ഷം ശാലവും (സാലവും, മാവുമരവും), യക്ഷൻ മാതംഗനും, യക്ഷി സിദ്ധായികയുമാകുന്നു.

സിദ്ധായിക യക്ഷി

ഒരു ജൈനമതക്കാരിയായിരുന്ന കണ്ണകി മരിച്ചപ്പോൾ, അവളെ മഹാവീരന്റെ യക്ഷി സിദ്ധായികയുടെ അവതാരമായി പരിഗണിച്ചു അവളുടെ വിഗ്രഹം (മസ്തിക്കൽ, മഹാസതിക്കൽ) കൊടുങ്ങല്ലൂരിൽ അശോകമൗര്യൻ പണിയിച്ച സ്തൂപത്തിന്നടുത്തു്, തന്റെ ജയിനമതക്കാരി ഭാര്യ ഇളങ്കോവേണ്മാളുടെ പ്രേരണ നിമിത്തം, ചെങ്കുട്ടുവൻ രണ്ടാമൻ ഉദ്ദേശം 757-എ. ഡി.-യിൽ സ്ഥാപിക്കുകയുണ്ടായി. മാവു മരം വൃക്ഷമായിട്ടുള്ള മഹാവീരന്റെ യക്ഷിയുടെ അവതാരമായതു നിമിത്തമാണു് കണ്ണകിയെ ഐതിഹ്യം മാവിനോടു ഘടിപ്പിച്ചിട്ടുള്ളതു്. ‘നറ്റിണൈ’ എന്ന തമിഴു സംഘകാവ്യസമാഹാരത്തിൽ മരുതൻ ഇളനാഗനെന്ന കവി കണ്ണകിയെ ‘ഒരുമുലൈയറത്ത തിരുമാവുണ്ണി’ എന്നു വർണ്ണിച്ചിരിക്കുന്നതും, സിലോണൈതിഹ്യം കണ്ണകിക്കു് ‘ഒരു മുല പത്തിനി’ എന്നു പേരിട്ടു ഇവളെ മാവിനോടു ഘടിപ്പിച്ചിരിക്കുന്നതും നോക്കുക.

images/Shaligram.jpg
സാലഗ്രാമങ്ങൾ.
മിസ്റ്റിൿ കൽപ്പങ്ങൾ

കണ്ണകിയെ മഹാവീരന്റെ യക്ഷിയുടെ അവതാരമാക്കുന്നതിനു ജ്യോതിശ്ശാസ്ത്രപരമായ കാരണമുണ്ടു്. കണ്ണകിയുടെ മരണവർഷമായി സ്വാമിക്കണ്ണുപിള്ള സ്ഥാപിച്ചിട്ടുള്ള 756 എ. ഡി. മഹാവീരന്റെയും തന്നിമിത്തം സിദ്ധായികയുടേയും ചരമവർഷമായ 456 ബി. സി.-യിൽ നിന്നു 1212 ആണ്ടുകളുള്ള ഒരു മിസ്റ്റിൿ കൽപ്പം തികയുന്ന വർഷമാകുന്നു. ഈ രണ്ടു സംഖ്യകളുടെ ഇരട്ടിപ്പാണു് ഇതിനെ മിസ്റ്റിൿ കൽപ്പം ആക്കിയിരിക്കുന്നതു്. കൽപ്പാന്തങ്ങളിൽ അവതാരങ്ങൾ ഉണ്ടാകുമെന്നും ദുരിതങ്ങൾ സംഭവിക്കുമെന്നും പണ്ടുള്ളവർ വിശ്വസിക്കുകയും ചെയ്തിരുന്നു.

രണ്ടു സംഖ്യകളുടെ ആവർത്തനം കൊണ്ടുണ്ടാകുന്ന 1212-നെപ്പോലയുള്ള മിസ്റ്റിൿ വർഷവട്ടങ്ങൾ കൽപ്പഗണിതത്തിൽ പ്രയോഗിച്ചിരുന്നതിനു മറ്റു ചില ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു. ബൌദ്ധമഹാകാവ്യമായ ‘മണിമേകല’ ചോഴരാജധാനികളിൽ ഒന്നായ കാവേരിപ്പുമ്പട്ടണത്തെ കടൽ കൊണ്ടുപോയ വർഷത്തിലെ ജ്യോതിശ്ശാസ്ത്രവിവരങ്ങൾ നൽകിയിരിക്കുന്ന ഭാഗങ്ങൾ ചുവടെ ഉദ്ധരിക്കുന്നു:

“ഇരുതിളവേനിലെരികതിരിടപ

ത്തൊരുപത്തിൻമേലുമൊരു മൂന്റുചെന്റപിൻ

മീനത്തിടൈനിലൈമീനത്തകവൈയിർ

പോതിത്തലൈവനോടു പൊരുന്തിന്തോന്റു

മാപുത്തിരൻകൈയമുത ചുരപിയെന്നു

മാപെരുമ്പാത്തിരമടക്കൊടി കേളാ-

യന്നാളിന്നാളപ്പൊഴുതിപ്പൊഴുതു”

(മണി xi 40–46)

“ഇരുൾപരന്തുകിടന്തമലർ തലൈയുലകത്തു

വിരികതിർച്ചെൽവൻറോന്റിനനെന്ന

വീരെണ്ണുറ്റോടീരെട്ടാണ്ടിർ

പേരറിവാളന്റോന്റും”

(മണി xi 75–78)

“ആങ്കവ്വാവയിറ്റമർകണമുവപ്പ

ത്തീങ്കളിനാവലോങ്കുമിത്തീവിനു

ക്കൊരുതാനാകിയുലകുതൊഴത്തോന്റിനൻ

പെരിയോൻപിറന്തപെറ്റിയൈക്കേണീ

യിരുതിള വേനലെരികതിരിടപ

ത്തൊരുപത്തിൽ മേലുമൊരു മൂന്റുചെന്റപിൻ

മീനത്തിടൈനിലൈ മീനത്തക വൈയിർ

പോതിത്തലൈവനോടു പെരുന്തിയ പോഴ്തത്തു”.

(മണി xv 19–26)

ഇതിനെ ആസ്പദിച്ചാണു് സ്വാമിക്കണ്ണുപിള്ള ‘മണിമേകല’യുടെ രചന നടന്നതു് 771 എ. ഡി.-യ്ക്കു ശേഷമാണെന്നു പറഞ്ഞിട്ടുള്ളതു്. ഗൗതമബുദ്ധന്റെ ജനനവർഷമായ 542 ബി. സി.-യിൽ നിന്നു് 1313 വർഷമടങ്ങിയ ഒരു മിസ്റ്റിൿ കൽപ്പം തികയുന്ന ആണ്ടാണു് 771 എ. ഡി. ‘മണിമേകല’യിൽ നിന്നു് ഉദ്ധരിച്ചിട്ടുള്ള രണ്ടാംഭാഗത്തിൽ ഈരെണ്ണുറ്റൊടിരെട്ടാണ്ടിൽ, അതായതു് 1616 വർഷം എന്നു പ്രസ്താവിച്ചിട്ടുണ്ടു്. പണ്ടു് 10, 11, 12, 13, എന്നീ മാസങ്ങളുള്ള വർഷങ്ങൾ നടപ്പിലിരുന്നിരുന്നു. ഇരുപത്തേഴു ദിവസം വീതമുള്ള പതിനൊന്നു മാസങ്ങളടങ്ങിയ, അതായതു് 297 ദിവസം വീതമുള്ള 1616 വർഷത്തെയാണു് ഇവിടെ പറഞ്ഞിട്ടുള്ളതു്. 1313 സാധാരണ വർഷത്തിൽ 479373 ദിവസങ്ങൾ ഉണ്ടു്. പ്രസ്തുത 1616 വർഷത്തിലെ ദിവസസംഖ്യ, 479952 എന്നതാകുന്നു. ഇവയ്ക്കു തമ്മിലുള്ള 579 ദിവസത്തെ വ്യത്യാസം നിസ്സാരമാണുതാനും.

images/Brhpan.jpg
ബിലിഗിരിരംഗ കുന്നുകളുടെ പനോരമിക് കാഴ്ച.

പിന്നെയും മഹാവിഷ്ണുവിന്റെ വാഴ്ചാരംഭമായ 6030 ബി. സി.-യിൽ നടന്ന അറബിപ്രളയത്തിനും, 3101 ബി. സി.-യിൽ നടന്ന ബാബിലോണിയാപ്രളയത്തിനും തമ്മിൽ 2929 വർഷങ്ങളുടെ അന്തരമുണ്ടു്. ഇതു ഒരു മിസ്റ്റിൿ കൽപ്പമാണു്. ഇനിയും, മഹാഭാരതയുദ്ധം നടന്ന 1425 ബി. സി.-യ്ക്കും, ഭാരതത്തിലെ ശിപായിലഹള നടന്ന 1857 എ. ഡി.-യ്ക്കും തമ്മിൽ 3333 സാവനവർഷമടങ്ങിയ (3286 സാധാരണ വർഷമടങ്ങിയ) ഒരു മിസ്റ്റിൿ കൽപ്പത്തിന്റെ അന്തരം കാണാം. 360 ദിവസമുള്ളതാണു് ഒരു സാവന വർഷം. ഭാരതീയരുടെ ആദിനൃപൻ പൃഥുവൈന്യ ന്റെ വാഴ്ചാരംഭകാലമായ 4601 ബി. സി.-യിൽ നിന്നു 4545 വർഷം കഴിയുന്ന 56 ബി. സി.-യിലാണു വിക്രമാബ്ദം തുടങ്ങുന്നതു്. ഭാരതീയ പൂർവ്വികരുടെ ഇടയ്ക്കു് ഇദംപ്രഥമമായി പരിഷ്കാരവിത്തുകൾ പാവിയ ദീപങ്കര പൂർവ്വബുദ്ധന്റെ വാഴ്ചാരംഭവർഷമായ 4621 ബി. സി.-യ്ക്കും ഇന്ത്യൻ യൂണിയൻ സ്ഥാപിച്ച 1949 എ. ഡി.-യ്ക്കും തമ്മിൽ 6666 സാവനവർഷത്തിന്റെ അന്തരം കാണാം.

മസ്തിക്കൽ സ്ഥാപനം

വീരക്കല്ലുകളും മസ്തിക്കല്ലുകളും സ്ഥാപിക്കുന്ന പണ്ടത്തെ ആചാരത്തിൽ ആറു ഭാഗങ്ങൾ അടങ്ങിയിരുന്നു. ഇവയുടെ മുറയ്ക്കുള്ള തമിഴ്‌നാമങ്ങൾ പിള്ളയാട്ടു്, കാട്ചി, കാൽകൊൾ, നീർപടൈ, നടുകൽ, വാഴ്ത്തു് എന്നിവയാകുന്നു. സ്മര്യപുരുഷൻ മരിച്ചയുടനെ നടത്തുന്ന നൃത്തം പിള്ളയാട്ടം, പ്രതിമയ്ക്കുവേണ്ട കല്ല് തേടിക്കണ്ടുപിടിക്കുന്നതു് കാട്ചിയും, കല്ലെടുക്കുന്നതു കാൽക്കൊള്ളും, അതിനെ പുണ്യതീർഥങ്ങളിലോ പുണ്യജലത്തിലോ നീരാടിപ്പിക്കുന്നതു് നീർപടൈയും, പ്രതിമാസ്ഥാപനം നടുകല്ലുമാകുന്നു. ഇതോടുകൂടി ഇതിന്റെ ആരാധന ഗാനനൃത്താദിസഹിതം തുടങ്ങുന്നതത്രേ വാഴ്ത്തു്.

images/Coin_of_Satkarni.jpg
ശാതകർണിയുടെ നാണയം.

കണ്ണകിയുടെ മസ്തിക്കൽ ചെങ്കുട്ടുവൻ II (കേരളോൽപ്പത്തിയിലെ കുന്ദൻ പെരുമാൾ) സ്ഥാപിച്ചതിനെപ്പറ്റി രചിച്ചിട്ടുള്ളതാണു് ചിലപ്പതികാരത്തിലെ വഞ്ചിക്കാണ്ടം. കണ്ണകിയുടെ പൂർവ്വചരിത്രം ആദിയിലെ പുകാർ കാണ്ടത്തിലും മദുരൈകാണ്ടത്തിലും വിവരിച്ചിരിക്കുന്നു. പിള്ളയാട്ടിനാണു് ചിലപ്പതികാരത്തിൽ കുന്റുക്കുരവൈ എന്നു പേരിട്ടിരിക്കുന്നതു്. ഏഴോ, ഒമ്പതോ പേർ കൈകോർത്തു പിടിച്ചു കൊണ്ടു നടത്തുന്ന ഒരുതരം നൃത്തമാണു് കുരവൈ. കണ്ണകി കുന്റുത്തൂരിൽ (സേലം ജില്ലയിലെ ശങ്കരി ദുർഗിൽ) വേങ്ങമരത്തിൻ കീഴിൽ മരിച്ചുവീഴുന്നതു കണ്ടപ്പോൾ, അവിടത്തെ കുറവർ,

“ചിറുകുടിയീരേ, ചിറുകുടിയീരേ,

തെയ്പുകൊള്ളുവിൻ ചിറുകുടിയീരേ.

നിറങ്കുളരുവിപറമ്പിൽ റാഴ്‌വരൈ

നറുഞ്ചിനൈ വേങ്കൈത്തന്നിഴർ കീഴിർ…

എന്നു തുടങ്ങുന്ന പാട്ടു പാടി കുരവൈയാടുകയുണ്ടായി.

ധനവും പ്രാബല്യവുമുള്ളവര സ്ഥാപിക്കുന്ന വീരക്കല്ലുകളുടേയും മസ്തികല്ലുകളുടേയും വളപ്പുകളിൽ സാലഗ്രാമക്കല്ലുകൾ പാകാറുണ്ടായിരുന്നു. അമ്പലങ്ങളിൽ ദേവവിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുമ്പോഴും അവയിൽ ഇങ്ങിനെ ചെയ്യാറുണ്ടല്ലോ. ഉത്തരഭാരതത്തിലെ ഗംഗാനദിയോടു് മോംഗിർ നഗരത്തിനു സമീപംവച്ചു ചേരുന്ന ബുരിഗണ്ഡകനദിയുടെ ഉത്ഭവസ്ഥാനത്തുള്ള ഉരുണ്ടകല്ലുകളാണു് സാലഗ്രാമങ്ങൾ. അനമ്മൊനൈറ്റ്, അഥവാ ബ്ലെനോനൈറ്റ് എന്നു പാശ്ചാത്യശാസ്ത്രജ്ഞർ ഇവയ്ക്കു പേരിട്ടിട്ടുണ്ടു്. ഇവയിൽ ബ്രഹ്മാവ് ഒരു പുഴുവിന്റെ രൂപത്തിൽ പ്രവേശിച്ചു ചില ദ്വാരങ്ങളുണ്ടാക്കി വിഷ്ണുവിന്റെ ചിത്രം വരച്ചിട്ടുണ്ടെന്നു പണ്ടത്തെ ഹിന്ദുക്കൾ വിശ്വസിച്ചുവന്നിരുന്നു. ഇതു കാരണം ഇവയെ പുണ്യശിലകളായി പരിഗണിച്ചു് ഹിന്ദുക്കൾ വാങ്ങി ലൗകികജീവിതത്തിൽ ഐശ്വര്യം നേടാൻ നിത്യം പൂജിച്ചുവരുകയും ചെയ്തിരുന്നു.

സമ്പൂർണ്ണലക്ഷണങ്ങളുള്ള ഒരു സാലഗ്രാമത്തിനു ചിലപ്പോൾ ഒരു ലക്ഷം രൂപയോളം വിലവരും. ബൂരിഗണ്ഡകനദി ഉത്ഭവിക്കുന്ന നേപാള രാജ്യത്തെ രാജാവിനു് ഇവ വിറ്റ് ഒരു നല്ല വരുമാനം ലഭിച്ചിരുന്നു. 18-ൽപ്പരം തരത്തിലുള്ള സാലഗ്രാമങ്ങളിൽ, വിഷ്ണുസാലഗ്രാമം, ലക്ഷ്മിനരസിംഹസാലഗ്രാമം, മച്യമൂർത്തി (മത്സ്യമൂർത്തി) സാലഗ്രാമം എന്നീ മുന്നുതരങ്ങളാണു് ഏറ്റവും പരിപാവനശിലകളായി പരിഗണിച്ചുവന്നിരുന്നതു്. മച്യമൂർത്തിസാലഗ്രാമത്തിലെ ദ്വാരങ്ങൾ മത്സ്യരൂപത്തിലും ചെരുപ്പിന്റെ രൂപത്തിലും ഉള്ളവയായിരിക്കും.

മരുപുരം
images/Coin_of_Gautamiputra_Sri_Yajna_Satakarni.jpg
ഗൗതമിപുത്ര ശ്രീ യജ്ഞ ശാതകർണിയുടെ നാണയം.

കോയമ്പത്തൂർ ജില്ലയിൽ നിന്നുത്ഭവിച്ചു മൈസൂർ സ്റ്റേറ്റിലെ യെളന്ദൂർ നഗരത്തിനു സമീപത്തുകൂടി ഒഴുകി കോയമ്പത്തൂരിലെ കൊല്ല്ഗൽ നഗരത്തിനു ഒരു രണ്ടു മൈൽ ദുരത്തുവച്ചു കാവേരിയോടു ചേരുന്ന ഹൊന്നുഹൊളെ (പൊന്നുപുഴു), അഥവാ സുവർണാവതി എന്ന പുഴയുടെ തീരങ്ങളിലും മച്യമൂർത്തി സാലഗ്രാമങ്ങളുണ്ടായിരുന്നു. യെളനന്ദൂരിനേയും സമീപമുള്ള ബിലിഗിരിരംഗൻ കുന്നിനേയും സംബന്ധിച്ചു് 1917-ലെ മൈസൂർ ആർക്കിയോളജിക്കൽ റിപ്പോർട്ടിൽ വിവരിച്ചിരുന്ന സംഗതികളിൽ നിന്നു ഇതു മനസ്സിലാക്കാം. തമിഴ് ശാസനങ്ങളിൽ ഇളമരുതുർ എന്നു പേരിട്ടിട്ടുള്ള യെളന്ദൂരിന്റെ സ്ഥലപുരാണത്തിൽ യെളന്ദൂരെന്നതു എള-ഇന്ദു-ഈർ (ബാല-ചന്ദ്ര-ഗ്രാമം) എന്ന പേരിന്റെ രൂപഭേദം ആണെന്നു വിവരിച്ചിരിക്കുന്നു. ഇതിനു സമീപമുള്ള ബിലിഗിരിരംഗൻ കുന്നിൽ, കനകദാസൻ ഗുഹ എന്നൊരു ഗുഹയും, ഇതിനുമുകളിൽ രംഗൻ, ശ്രീനിവാസൻ എന്നീ നാമങ്ങളുള്ള ഒരു ദേവന്റെ ക്ഷേത്രവും, ഇതിനു സമീപത്തു അലർ മേൽ മങ്കയെന്ന ഒരു ദേവിയുടെ അമ്പലവും നിൽക്കുന്നുണ്ടു്.

വൈശാഖ മാസംതോറും നടത്തിവരുന്ന രംഗന്റെ രഥോത്സവവേളയിൽ, പഞ്ചമരെ ക്ഷേത്രത്തിലെ ധ്വജസ്തംഭം വരെ പ്രവേശിക്കുവാൻ അനുവദിച്ചിരുന്നു. ഇതിനടുത്തുള്ള ബൂതിതിട്ടുഗ്രാമത്തിലെ മാദിഗ (മാതാംഗ, ചെരുപ്പുകുത്തി) ജാതിക്കാർ രണ്ടു വർഷത്തിലൊരിക്കൽ മതകർമ്മാനുഷ്ഠാനങ്ങൾ സഹിതം വലിയ തോൽചെരുപ്പുകൾ കുത്തി ഈ ദേവനു സമർപ്പിച്ചുവരുന്നുമുണ്ടു്. ഇതിൽ നിന്നു ഈ കുന്നിനു ചെരുപ്പുമലയെന്ന അപരനാമവുമുണ്ടായിരുന്നു എന്നു അനുമാനിക്കാം. വിഗ്രഹനിർമാണശാസ്ത്രപ്രകാരം ബൂട്ട്സ് ധരിക്കുന്ന ദേവൻ സൂര്യനാണെന്നും, സൂര്യനെ ബൂട്ട്സോടുകുടി വടക്കൻ വേഷത്തിൽ ചിത്രീകരിക്കണമെന്നു ‘ബൃഹത്സംഹിത’യും, മത്സ്യപുരാണവും നിർദേശിച്ചിട്ടുണ്ടെന്നും, ‘ഉമാപതേര വേർവാപി നഭേദോ ദൃശ്യതേ ക്വചിത്’ എന്ന പ്രമാണമുണ്ടെന്നും ഇടയ്ക്കു ചുണ്ടിക്കാണിച്ചുകൊള്ളട്ടെ. പ്രസ്തുതമദിഗവർഗ്ഗക്കാരുടെ ജാതിപേരിൽ മഹാവീരന്റെ യക്ഷൻ മാതാംഗന്റെ നാമം കാണാവുന്നതുമാണു്.

‘പതിറ്റിപ്പത്തി’ലെ മൂന്നാംപത്തിൽ, പൽയാനൈച്ചെൽ കെഴുകുട്ടുവൻ (വലിയ ഗജസൈന്യനിരകളുള്ള ചേരൻ) കൊംഗുനാടു കൈവശപ്പെടുത്തുകയും മിതിയരുടെ (തോൽമിതിയടി തയ്ക്കുന്ന മാദിഗരുടെ) ചെരുപ്പുമലയിൽ വച്ചു യുദ്ധം ചെയ്യുകയും ചെയ്തു എന്നു വിവരിച്ചിരിക്കുന്നു. 540–562 എ. ഡി. എന്ന കാലത്തു നാടുവാണിരുന്നവനും, കേയപെരുമാൾ, പാലകൻ 1, ജീവോത്ഭവൻ, ദേവപാണ്ഡ്യൻ എന്നീ നാമങ്ങൾ വഹിച്ചിരുന്നവനുമായ 37-ാം ചേരമാൻ പെരുമാളാണദ്ദേഹം. ഈ ചെരുപ്പുമലയാണു് ബിലിഗിരിരംഗൻകുന്ന്. എലിക്കു വിലകാരി (ബിലകാരി) എന്നും, അജിര എന്നും പര്യായങ്ങളുണ്ടു്. ഇതു് നിമിത്തമാണു് ബിലിഗിരിരംഗൻ കുന്നിനു പ്രസ്തുത മുന്നാംപത്തിന്റെ പതികത്തിൽ അയിരൈ (അജിര) എന്നു പേരിട്ടിരിക്കുന്നതു്. ഈ പതികത്തിൽ (അനുബന്ധത്തിൽ) തന്നെ ഈ ചേരൻ കൈവശപ്പെടുത്തിയതായി പറഞ്ഞിട്ടുള്ള ഉമ്പർകാട (ആനക്കാട്, ഗജവനം) കോയമ്പത്തൂരിലെ സത്യമംഗലം നഗരത്തിനടുത്തുള്ള ഗജൽഹത്തി (ആനനഗര) മല നിൽക്കുന്ന ദേശവുമാകുന്നു.

images/KHANDAGIRI_AND_UDAYGIRI_Cave_Inscriptions.jpg
ഖണ്ഡഗിരി, ഉദയഗിരി ഗുഹാ ലിഖിതങ്ങൾ.

യെളന്ദൂർ നഗരം ഹദിനാട്ടിൽ (തമിഴിൽ, പതിനാട്ടിൽ, പത്തുനാട്ടിൽ) നിന്നിരുന്നു എന്നു മൈസൂർ ശാസ്ത്രങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ടു്. പത്തുനാടു് ദശനാടാണല്ലോ. ഹേമചന്ദ്രന്റെ ‘അഭിധാന ചിന്താമണി’യിൽ, മരു എന്ന ദേശത്തിനു ദശേരകം (പത്തു-ഏരകം) എന്ന അപരനാമം ഉണ്ടെന്നു പ്രസ്താവിച്ചിരിക്കുന്നു. ഇതുമൂലമത്രേ തമിഴ് ശാസനങ്ങൾ ഹദിനാട്ടിലെ യെളന്ദൂരിനു മരുതൂർ (മരുതു് ദേശത്തുള്ള ഈർ) എന്നു പേരു നൽകിയിരിക്കുന്നതും. ദശാശ്വനെന്നതു് ഇന്ദുവിന്റെ ഒരു പര്യായവുമാണു്.

യെളന്ദൂരിനു സ്വൽപ്പം വടക്കുകിഴക്കുള്ള കൊള്ളേഗല്ലിനുസമീപം പ്രാചീനഗുഹകളുള്ള സിദ്ധേശ്വരൻ മല സ്ഥിതിചെയ്യുന്നു. സിദ്ധേശ്വരൻ മലയുടെ പേരിനും, മഹാവീരന്റെ യക്ഷിയായ സിദ്ധായികയുടെ നാമത്തിനും തമ്മിലുള്ള സാദൃശ്യം, ഈ മലയിൽ പണ്ടു മഹാവീരന്റെ ഒരു ഗുഹാക്ഷേത്രം സ്ഥിതിചെയ്തിരുന്നു എന്നു സൂചിപ്പിക്കുന്നുണ്ടു്. കാവേരിതീരത്തു് നിൽക്കുന്ന കൊള്ളേഗല്ലിനു ഒരു എട്ടുപത്തു മൈൽ വടക്കുകിഴക്കായി സ്ഥിതിചെയുന്ന കാവേരിവെള്ളച്ചാട്ടത്തിൽ, സോമേശ്വര ക്ഷേത്രമുള്ള ശിവസമുദ്രം ദ്വീപ് നിൽക്കുന്നതു കാണാം. വിജയനഗര സാമ്രാജ്യകാലത്തു് ചാമരാജനഗർ താലൂക്കു ഭരിച്ചിരുന്ന ഉമ്മത്തൂർ സാമന്തവംശത്തിന്റെ കുലദേവതയാണു് പ്രസ്തുത സോമേശ്വരക്ഷേത്രത്തിലെ ദേവൻ.

images/Veeranarayana_temple.jpg
വിരഭദ്രദേവ ക്ഷേത്രത്തിലെ പടിഞ്ഞാറൻ ചാലൂക്യൻ ലിഖിതം (ശക 992, ശകലം).

വിജയനഗരസാമ്രാജ്യകാലത്തിനുമുമ്പ് ഉമ്മത്തൂർ സാമന്തർ നന്ദിയാല സാമന്തരെന്ന നാമധേയത്തിൽ മൈസൂർ സ്റ്റേറ്റിലെ മൈസൂർ ജില്ലയുടെ പശ്ചിമതാലൂക്കുകളായ ചാമരാജനഗർ കൃഷ്ണരാജപേട്ട, ഹെഗ്ഗഡദേവനം കോട്ട, ഹൂംസൂർ എന്നിവയും, നീലഗിരിജില്ലയുടെ ഏതാനും ഭാഗങ്ങളുമടങ്ങിയ ഒരു വിസ്തൃത പ്രദേശത്തു ഭരണം നടത്തിവന്നിരുന്നു എന്നു മൈസൂർ ശാസനങ്ങളിൽ നിന്നു മനസ്സിലാക്കാം. കാഡൂർ ജില്ലയിലെ എ. ഡി. ഏഴാം ശതകത്തിലെ നിർവിനീതന്റെ ശിർഗുരുശിലാലേഖനത്തിൽ ഒരു നന്ദിയാലസാമന്തനെ പ്രസ്താവിച്ചിരിക്കുന്നതിൽ നിന്നു ഇവരുടെ പ്രാചീനത മനസ്സിലാക്കാം.

ഉമ്മത്തൂർ സാമന്തരുടെ ശാസനങ്ങളിൽ നിന്നു ഇവർ സൂര്യവംശക്ഷത്രിയരും സ്വർണ്ണപണിക്കാരായ തട്ടാന്മാരുടെ (നാഡീന്ധമരുടെ) ജാതി പേരുകൾ ബിരുദങ്ങളായുള്ളവരുമാണെന്നു മനസ്സിലാക്കാം. ഉമ്മച്ചെടിക്കു കനകാഹ്വയം എന്നൊരു പര്യായമുണ്ടു്. തട്ടാന്മാരുടെ ബിരുദം, ഈ രാജവംശത്തിനു കിട്ടാൻ കാരണമിതാണു്. ബിലിഗിരി രംഗൻ മല യിലും ഒരു കനകദാസൻ ഗുഹ ഉണ്ടല്ലോ. ഈ സാമന്തരുടെ മറ്റു രണ്ടു ബിരുദങ്ങൾ ജാവദികോലാഹലർ, സുരാഷ്ട്രപുരവരാധീശ്വരൻ എന്നിവയാകുന്നു. കർണാടകഭാഷയിലെ ജാവദികോലാഹലർ എന്നതിനെ മെരുകിന്റെ (ഗന്ധമൂഷകന്റെ) പുഴുവിൽ (കസ്തൂരിയിൽ) ആഹ്ലാദിക്കുന്നവർ എന്നു പരിഭാഷപ്പെടുത്താം. മരുദേശത്തിന്റെ പേരിനെ മെരുകെന്നാക്കിയതിൽ നിന്നുത്ഭവിച്ച ബിരുദമാണിതു്. സുരാഷ്ട്രമെന്നതു സപ്തകൊങ്കണങ്ങളിൽ ഒന്നായ വരലാടത്തിന്റെ അപരനാമമാകുന്നു. ഈ സുരാഷ്ട്രം മുംബെയിലെ ദാമൻനഗരത്തിൽ നിന്നു ഠാനനഗരംവരെ നീണ്ടുകിടന്നിരുന്ന ദേശമായിരുന്നു. ഇതിലാണു ‘രഘുവംശ’ത്തിൽ കാളിദാസൻ കേരളീയരെ സ്ഥാപിചിട്ടുള്ളതും. ഉമ്മത്തൂർ സാമന്തർ ഇന്നത്തെ മൈസൂർ. രാജവംശത്തിന്റെ പൂർവ്വികരുടെ പരമശത്രുക്കളായിരുന്ന സംഗതിയും ഇവിടെ പ്രസ്താവിച്ചു കൊള്ളട്ടെ.

images/Belgaum_Jain_temple.jpg
കമ്മീഷറിയറ്റ് സ്റ്റോർ യാർഡിനു് പുറത്തുള്ള പഴയ ജൈന ക്ഷേത്രം.

മൈസൂരിലെ ശിമോഗജില്ലയിലെ ഹംച, അഥവാ പൊൻപുർച്ച നഗരത്തിലും, കാഡൂർ ജില്ലയിലെ കലശനഗരത്തിലും, ദക്ഷിണകാനറയിലെ കാരക്കല്ലിലും പണ്ടു നാടുവാണിരുന്ന മരുമക്കത്തായികളായ ശാന്തരസ്വരൂപക്കാർ സൂര്യവംശക്കാരായ കനകകുലക്കാർ ആയിരുന്നു എന്നു ശാസനങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ടു്. ഇവരിൽ ചിലർ ജാവദികോലാഹലരെന്ന ബിരുദം വഹിച്ചിരുന്നതായും ശാസനങ്ങളിൽ കാണാം. ഇതു നിമിത്തം ഉമ്മത്തൂർ, അഥവാ നന്ദിയാല, സാമന്തർ ശാന്തരസ്വരൂപത്തിന്റെ ഒരു ശാഖയാണെന്നു സിദ്ധിക്കുന്നു. കേരളത്തിലെ തനി സൂര്യവംശക്കാരനായ ആദിരാജപ്പെരുമാളിന്റെ, അഥവാ ഗോദരവിവർമന്റെ മാതാവിനെ 55-ാം പെരുമാളായ കുലശേഖരൻ II കലശയിലെ ശാന്തരശാഖയിൽ നിന്നാണു് ദത്തെടുത്തതു്. കൊച്ചിയിലെ പെരുമ്പടപ്പു സ്വരൂപത്തിന്റെ സ്ഥാപകനും കൂടിയാണു് 56-ാം പെരുമാളായ ഗോദരവിവർമൻ (911–959 എ. ഡി.). ഈ ഗോദരവിവർമന്റെ അനുജൻ കവിസിംഹരേറുവിനെ കുലശേഖരൻ II തുളുനാട്ടിലെ രാജാവായിവാഴിച്ചു എന്നു കേരളോൽപ്പത്തിയിൽ പ്രസ്താവിച്ചിരിക്കുന്നു. സിംഹരേറു എന്ന പേരിൽ പ്രസ്തുത ദശേരകത്തിലെ ഏരകം എന്ന ഭാഗം കാണുകയും ചെയ്യാം.

മഹാവീരതീർഥങ്കരന്റെ യക്ഷിയായ സിദ്ധായികയോടും, യക്ഷനായ മാതംഗനോടും നാമസംബന്ധമായ ബന്ധമുള്ള ദേശത്തുനിന്നു് ഈ യക്ഷിയുടെ അവതാരമായ കണ്ണകിയുടെ മസ്തിക്കൽ സ്ഥാപിക്കുന്നതിനു വേണ്ട സാലഗ്രാമങ്ങൾ കൊണ്ടുവരുന്നതിനും, ഈ മസ്തിക്കല്ലിനെ അവിടത്തെ പുണ്യതീർഥമായ ശിവസമുദ്രം വെള്ളച്ചാട്ടത്തിൽ നീരാടിക്കുന്നതിനുമായി ചെങ്കുട്ടുവൻ II കാവേരീതീരത്തിലേക്കു് ഒരു ചെറിയ സൈന്യസമേതം പോവുകയുണ്ടായി. ഇതിനെയാണു് ചെങ്കുട്ടുവന്റെ ഗംഗാതീരയാത്രയായി ചിലപ്പതികാരത്തിൽ വർണ്ണിച്ചിട്ടുള്ളതു്. മൈസൂർ തെക്കുകിഴക്കൻ ഭാഗവും, കോയമ്പത്തൂർ, സേലം, എന്നീ ജില്ലകളുടെ ഉത്തരഭാഗങ്ങളും അടങ്ങിയ പണ്ടത്തെ ഗംഗവാഡി വിഷയത്തിലൂടെ കാവേരിയുടെ പ്രസ്തുതഭാഗം ഒഴുകിയിരുന്നതു നിമിത്തം, ഈ നദീഭാഗത്തിനു ഗംഗയെന്ന നാമം സിദ്ധിച്ചു.

images/Hooli_Panchalingesvara.jpg
പഞ്ചലിംഗേശ്വര ക്ഷേത്രം.

വഡഗംഗന്യരെന്ന അപരനാമമുള്ളവരും, വൈശ്യരാണെന്നഭിമാനിക്കുന്നവരുമായ കേരള പട്ടരയന്മാരെ നാരായണഭട്ടചോഴൻ (രണ്ടാം ചേരമാൻ നന്ദനൻ, അഥവാ വംശോദ്ധാരകചേരൻ, 146–124 ബി. സി.) തന്റെ കിരീടധാരണത്തിനുവേണ്ട ചിത്രപദപ്പട്ടു നെയ്യുവാൻ വഞ്ചിയിൽ കൊണ്ടുവന്നതായി ഒരു ഐതിഹ്യമുണ്ടു്. ഇവരുടെ ഉത്ഭവസ്ഥാനമായ വഡഗംഗദേശമാണു് ഗംഗവാഡി വിഷയം.

പണ്ടത്തെ ഭാരതീയ നൃപന്മാർക്കു് ഇവരുടെ പല പരാക്രമങ്ങളേയും ധ്വനിപ്പിക്കുന്ന പല ബിരുദങ്ങളും നൽകുന്നതു് ഒരു പതിവായിരുന്നു. ചെങ്കുട്ടുവൻ രണ്ടാമനു കുന്ദൻ പെരുമാളെന്നു കേരളോൽപ്പത്തിയും, പ്രപഞ്ചാക്ഷരചേരനെന്നു ‘മക്കൻസി മാനുസ്ക്രിപ്ടും’, ഗംഭീരനെന്നു് ‘മൂഷികവംശകാവ്യ’വും പേരിട്ടിരിയ്ക്കുന്നു. ഇദ്ദേഹം ആക്രമിച്ച ബിലിഗിരിരംഗൻ കുന്നിന്റെയും, കൊള്ളേഗല്ലിന്റെയും നാമങ്ങളുടെ അർത്ഥങ്ങളെ ആസ്പദിച്ചാണു് കുന്ദൻ എന്ന ബിരുദം ഇദ്ദേഹത്തിനു കൊടുത്തിട്ടുള്ളതു്. കുന്ദു എന്ന പദത്തിനും, വിലകാരി (ബിലകാരി, ബിലിഗിരി) എന്നതിനും എലിയെന്നു് അർത്ഥമുണ്ടു്. ഗിരിക എന്നതും എലിയുടെ ഒരു പര്യായമാകുന്നു. എലിയെന്നർത്ഥമുള്ള കോളൈ എന്ന തമിഴ്പദത്തിനു കൊള്ളൈ എന്നൊരു രൂപമുണ്ടാകും. ഈ രൂപം കൊള്ളേഗല്ലിന്റെ നാമത്തിൽ കാണുകയും ചെയ്യാം.

പ്രഭഞ്ജനേശ്വരചേരൻ എന്ന ചെങ്കുട്ടുവന്റെ യഥാർഥ ബിരുദത്തെ ‘മക്കൻസി മാനുസ്ക്രിപ്ടി’ന്റെ സമാഹാരകനും, പ്രസാധകനുമായ കർണൽ മക്കൻസി പപഞ്ചാരക്ഷരചേരൻ എന്നാക്കി. പ്രഭഞ്ജനൻ എന്നതു വായുദേവനായ മരുത്ദേവന്റെ ഒരു പര്യായമാകുന്നു. ഇളുമുരുതൂർ (ഇളപ്രഭഞ്ജനപൂരം,) അഥവാ യെളന്ദൂർ ആക്രമിച്ചു കീഴടക്കിയതു ഹേതുവായി ചെങ്കുട്ടുവനു പ്രഭഞ്ജനേശ്വരചേരനെന്ന ബിരുദം ലഭിക്കുകയും ചെയ്തു.

ദശപുരത്തേയ്ക്കു് (ഇന്നത്തെ മന്ദസാരിലേയ്ക്കു്) പോകുന്ന വഴിക്കുള്ള ഒരു ഗംഭീരനദിയെ കാളിദാസൻ ‘മേഘദൂതി’ൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. മൈസൂരിലെ ദശേരകത്തുകൂടി ഒഴുകുന്ന ഹൊന്നുഹോളയ്ക്കും ഗംഭീരം എന്ന പേരുണ്ടായിരുന്നതു നിമിത്തമായിരിക്കും, ‘മൂഷികവംശകാവ്യം’ ഈ ദേശം ആക്രമിച്ച ചെങ്കുട്ടുവനു് ഈ നദിയുടെ നാമം നൽകിയിരിക്കുന്നതു്.

“നയപത്മ വശാദിതസ്തതോ

ചരതോ ലേഖമ മുഷ്യഭൂമിപ

അഹരദ് ബലദർപ്പ മോഹിതോ

മരുപൂർവ്വസ്യപതിഃ പുരസ്യതം”

images/Inscription_in_cave_at_Naneghat.jpg
നാനെഘട്ടിലെ ഗുഹാലിഖിതം.

എന്നുള്ള ശ്ലോകം തുടങ്ങി ആറു ശ്ലോകങ്ങളിൽ ‘മൂഷികവംശകാവ്യം’ ഗംഭീരമൂഷികന്റെ മരുദേശവുമായുള്ള യുദ്ധം വർണ്ണിച്ചിരിക്കുന്നു. തന്റെ ഒരു കത്തുകൊണ്ടുപോയ ദൂതരുടെ ഗതി തടസ്സപ്പെടുത്തിയ പൂർവ്വമരുദേശത്തെ സാമന്തന്റെ തലസ്ഥാനമായ മരുപുരം ഗംഭീരൻ ആക്രമിച്ചു്, പാണ്ഡവൻ അർജുനൻ ഖാണ്ഡവം ദഹിപ്പിച്ചതുപോലെ, അതിനെ ചുട്ടെരിച്ചു എന്നത്രേ ഈ ശ്ലോകങ്ങളിൽ വിവരിച്ചിട്ടുള്ളതു്. കണ്ണകിയുടെ മസ്തിക്കല്ലു് സ്ഥാപനത്തിനു വേണ്ട സാലഗ്രാമക്കല്ലുകൾ കൊണ്ടുവരാൻ താൻ കത്തുംകൊടുത്തു മരുദേശത്തേക്കു നിയോഗിച്ച ദൂതരെ തടസ്സപ്പെടുത്തിയപ്പോൾ, താൻ തന്നെ മരുപുരം സാമന്തനെ ഒരു പാഠം പഠിപ്പിച്ചിട്ടു് അവ കൊണ്ടുവരാൻ ചെങ്കുട്ടുവൻ നിശ്ചയിക്കുകയും ഇതനുസരിച്ചു് പ്രവർത്തിക്കുകയും ചെയ്തു എന്നു് ഈ വിവരത്തിൽ നിന്നു് അനുമാനിയ്ക്കാം. തന്റെ മാതാവിന്റെ അസ്ഥികൾ കാവേരിയിൽ എറിയാനായി ഇതിനുമുമ്പൊരിക്കൽ ചെങ്കുട്ടുവൻ മരുദേശത്തേയ്ക്കു പോയിരുന്നു എന്നും ചിലപ്പതികാരത്തിൽനിന്നു മനസ്സിലാക്കുകയും ചെയ്യാം. കൊടുങ്ങല്ലൂരിനും ശിവസമുദ്രത്തിനും തമ്മിൽ 150 മൈൽ ദൂരമേയുള്ളു എന്ന സംഗതിയും പ്രസ്താവിച്ചുകൊള്ളട്ടെ.

കനകവിജയന്മാർ

ബാലകുമാര പുത്രരായ കനകനും, വിജയനുമാണു് ചെങ്കുട്ടുവന്റെ ദൂതരെ തടസ്സപ്പെടുത്തിയതെന്നു് ‘ചിലപ്പതികാര’ത്തിൽ വിവരിച്ചിരിക്കുന്നു. ബാല-ഇന്ദു-ഊരായ യെളന്ദൂരിലെ ദേശവാഴി ആണു് ബാലകുമാരൻ. കനകന്റെ പേരു് ഈ ദേശവാഴികളുടെ കുലനാമവുമാകുന്നു. ബിലിഗിരിരംഗൻ കുന്നിലെ കനകദാസൻ ഗുഹയുടെ പേരിലും ഈ നാമം കാണാം. ചെങ്കുട്ടുവന്റെ (729–767 എ. ഡി.) സമകാലീനനായിരുന്ന മൈസൂരിലെ പശ്ചിമഗംഗസ്വരൂപത്തിലെ മഹാരാജാവ് ശ്രിപുരുഷ പൃഥിവികൊംഗണിയുടെ (726–788 എ. ഡി.) രണ്ടു രാജ്ഞിമാരിൽ ഒരുത്തി യെളന്ദൂർ ദേശത്തെ മഴവല്ലൂരിലെ നാടുവാഴിയുടെ വംശത്തിലെ ഒരു അംഗമായിരുന്നു എന്നു മൈസൂർ ശാസനങ്ങൾ സ്ഥാപിക്കുന്നുണ്ടു്. ഈ ബന്ധം കൊണ്ടു മതിമറന്നിട്ടായിരിക്കാം കനകവിജയന്മാർ ചേരദൂതരെ തടസ്സപ്പെടുത്തിയതു്. മുകളിൽ പ്രസ്താവിച്ച ഉമ്മത്തൂർ, അഥവാ നന്ദിയാല സാമന്തരാജവംശത്തിന്റെ പൂർവ്വീകരിൽ ഒരാളാണു് ബാലകുമാർ.

ശതകർണി

ചെങ്കുട്ടുവന്റെ രണ്ടാം ഗംഗാതീരയാത്രയിൽ, അദ്ദേഹത്തെ സഹായിച്ച സാമന്തരരാജാവ് വങ്കപ്പരപ്പിലെ നൂറ്റുവർ കന്നർ ആണെന്നു ‘ചിലപ്പതികാര’ത്തിൽ പറഞ്ഞിരിക്കുന്നു. കൊംഗിലെ 21 നാടുകളിലൊന്നായ ഉർഡുവങ്കനാടിൽ നിൽക്കുന്ന ഇന്നത്തെ സത്യമംഗലം നഗരം പണ്ടു് ഭരിച്ചിരുന്ന ശതകർണിവംശ (രട്ടവംശ) സാമന്തർ ആയിരുന്നു ഇദ്ദേഹം. ശതം നൂറാകയാൽ, ശതകർണി എന്നതു തമിഴിൽ നൂറ്റുവർ കന്നർ എന്നാകും. എ. ഡി. നാലാംശതകത്തിൽ കദംബസ്വരൂപക്കാർ ഉത്തരകാനറയിലെ ബനവാസി നഗരം കൈവശപ്പെടുത്തിയതിനുമുമ്പു് ഇവിടെ നാടുവാണിരുന്നതായി ശാസനങ്ങൾ സ്ഥാപിക്കുന്ന വിൺഹു കഢചുടുകുലാനന്ദ സാതകർണി സ്വരൂപത്തിന്റെ ഒരു ശാഖയാണു സത്യമംഗലം ശാതകർണികൾ.

സ്കന്ദപുരം (സത്യമംഗലം) രാജധാനിയാക്കി കൊംഗുമണ്ഡലം ഭരിച്ചിരുന്ന രട്ടസ്വരൂപക്കാരിൽനിന്നു മൈസൂരിലെ പശ്ചിമഗംഗസ്വരുപം ശകകാലം III-ൽ കൊംഗു കൈവശപ്പെടുത്തി എന്നു പ്രാചീന കൊംഗുമണ്ഡലചരിത്രമായ ‘കൊംഗുദേശരാജാക്കളി’ൽ വിവരിച്ചിട്ടുണ്ടു്. ഈ ശക III വാസ്തവത്തിൽ (3510/III) എ. ഡി. 462 ആണെന്നു ഞാൻ നിർണ്ണയിച്ചിട്ടുമുണ്ടു്. സത്യമംഗലത്തെ ധവളഗിരിക്കുന്നിലാണു് ഇതിന്നു് സ്കന്ദപുരമെന്നു പേരുകൊടുത്ത പുരാതന സ്കന്ദക്ഷേത്രം നിന്നിരുന്നതു്. ധവള ഗിരിക്കുന്നിനു ദുർവാസക്ഷേത്രം എന്നും പേരുണ്ടായിരുന്നു. പ്രളയകാരയനായ ദേവസേനാനിസ്കന്ദന്റെ ഒരു അപരനാമമത്രെ ദുർവാസാവെന്നതു്.

വിഷ്ണുവിന്റെ വാഹനമായ ഗരുഡൻ കൊടിയടയാളമായുള്ളവരും, മരുമക്കത്തായ കുലക്കാരുമായ നന്ദവംശത്തിലെ ശതകർണി എന്നാണു് വിൺഹുകഡചുടുകുലാനന്ദസാതകർണി എന്ന പ്രാകൃതഭാഷാനാമത്തിന്റെ അർത്ഥം. വിഷ്ണുവിനെ കണ്ഠത്തിൽ വഹിക്കുന്നവൻ ഗരുഡനാണല്ലോ. ചുട്ടിയാനാഗ്പൂരിനു മധ്യഇന്ത്യയിലെ ഗോണ്ഡിഭാഷയിൽ നാഗരുടെ മാതാവിന്റെ പുരമെന്നു അർത്ഥമുള്ളതായി, ‘Ruling races of pre-historical times’ എന്ന കൃതിയിൽ ഹ്യുവിറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. തൻനിമിത്തം ചുടുകുലം മാതൃവഴ ദായക്രമം സ്വീകരിച്ചിട്ടുള്ള കുലമായിരിക്കുന്നതാണു്. ഗരുഡക്കൊടിയുള്ളവർ ദക്ഷിണഭാരതത്തിലെ രട്ടവംശക്കാരാകുന്നു. പൌരാണികകാലത്തെ സാത്യകിയാണു് ഇവരുടെ മൂലകുലസ്ഥാപകൻ. സാത്യകിയുടെ നാമത്തോട സത്യമംഗലത്തിന്റെ പേരിനു ബന്ധവുമുണ്ടു്. സത്യമംഗലത്തിനു ജയന്തക എന്നും പേരുണ്ടായിരുന്നു. അളിയസന്താനദായക്രമം സ്ഥാപിച്ച ഭൂതലപാണ്ഡ്യനെപ്പറ്റിയുള്ള തുളുനാട്ടൈതിഹ്യങ്ങളിൽ ഇദ്ദേഹത്തിന്റെ പിതാവു ജയന്തകയിലെ രാജാവാണെന്നു പറഞ്ഞിരിക്കുന്നു. ഇതു സത്യമംലമാകുന്നു. ഈ ഭൂതല പാണ്ഡ്യൻ കേയപെരുമാളിന്റെ മരുമകനും പിൻഗാമിയുമായ ചോളപെരുമാൾ സിന്ധുവാരുണൻ II, വലിധരൻ, കളങ്കായ് കണ്ണിനാർമുട ചേരൻ ആകുന്നുതാനും.

images/manimekala.jpg
കേരള സാഹിത്യ അക്കാദമി പ്രസിദ്ധികരിച്ച മണിമേഖലയുടെ പരിഭാഷാ ഗ്രന്ഥത്തിന്റെ പുറംതാൾ.

സത്യമംഗലം നിൽക്കുന്ന വങ്കപരപ്പിലേക്കു് ചെങ്കുട്ടുവൻ പോയതു പാടിദേശത്തു നിന്നാണെന്നു ‘ചിലപ്പതികാര’ത്തിൽ വിവരിച്ചിരിക്കുന്നു. വെള്ളലൂർ തെന്നുർപാടി എന്നു ശാസനങ്ങൾ പേരിട്ടിട്ടുള്ള ഇന്നത്തെ പേരൂർഗ്രാമം നിൽക്കുന്ന ദേശമത്രെ ഈ പാടി. വീരകേരള നല്ലൂരെന്നു പേരുണ്ടായിരുന്ന കോയമ്പത്തൂർ നഗരത്തിൽ നിന്നു മൂന്നു മൈൽ ദൂരത്തു നിൽക്കുന്ന ഗ്രാമമാണു് പേരൂർ.

ലങ്കയിലെ ഗജബാഹുവും, മാളുവരാജാവും

കൊടുങ്ങല്ലൂരിൽ, ചെങ്കുട്ടുവൻ കണ്ണകിയുടെ മസ്തിക്കൽ സ്ഥാപിച്ച ആഘോഷത്തിൽ,

“കുടകക്കൊങ്കരുമാളുവവേന്തരു

ങ്കടൽ ചുഴിലങ്മൈക്കയവാകു വേന്തനം”

പങ്കുകൊണ്ടിരുന്നു എന്നു ‘ചിലപ്പതികാരത്തിൽ’ വർണ്ണിച്ചിട്ടുണ്ടു്. ഈ കുടകക്കൊങ്കർ ഇന്നത്തെ ‘ശാസ്ത്രീയ’ ചരിത്രഗവേഷകർ മുക്കുവരാക്കിയിട്ടുള്ള തുളുനാട്ടിലേയും കൊഡഗിലേയും ക്ഷത്രിയരായ മൂകയസ്വരൂപക്കാരിൽ അഥവാ, മത്സ്യരാജവംശക്കാരിൽപ്പെട്ട ഒരു ദേശവാഴിയാകുന്നു. രാമഘടമൂകർ, അഥവാ, രാമഘടമൂവർ, എന്ന ബിരുദമുള്ള കോലത്തിരിവംശക്കാരുടെ പ്രാചീനപൂർവ്വികരായിരുന്നു ഈ വംശക്കാർ.

മാളുവവേന്തൻ (മാളുവരാജാവ്) സത്യമംഗലം സാമന്തനാകുന്നു. പൌരാണികകാലത്തു പശ്ചിമോത്തരഭാരതത്തിൽ ദശാർണം (വിദിശ), ദശേരകം (മരു), ഉത്തരഅവന്തി (ഉജ്ജൈനി), ദക്ഷിണഅവന്തി, (മാഹിഷ്മതി), അകരാവന്തി, ശേക (ഉത്തരമാലവം), അപരശേക എന്ന സപ്തമാലവങ്ങൾ ഉണ്ടായിരുന്നതുപോലെ, ദക്ഷിണഭാരതത്തിലും തമിഴ് നാട്ടിലും പണ്ടു് സപ്തമാലവങ്ങൾ ഉണ്ടായിരുന്നു. പിൽക്കാലപശ്ചിമചാലുക്യചക്രവർത്തി ആഹവമല്ലൻ സപ്തമാളവവും, സപ്തകൊങ്കണവും, സപ്തമലദേശങ്ങളും കൈവശപ്പെടുത്തിയെന്നു് ബെൾഗമേയിലെ ഒരു കർണാടക ശാസനത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നതു നോക്കുക:

“ക്ഷണദിം മാളവം ഏളും എയ്ദേവിളയക്ക് എയിദിത്തു സന്ദിർദകോം കണവേളും മലെയ് ഏളും അഞ്ജി ബെസെകെയ്ദത്ത് ഓവദാന്താഹവം… ”

തമിഴ്‌നാട്ടിലെ സപ്തമാളവങ്ങളിൽ ഒന്നായിരുന്നു സത്യമംഗലം; ശതകർണിയുടെ രാജ്യം.

ചിലപ്പതികാരത്തിലെ ലങ്കാനൃപൻ ഗജബാഹു ചെങ്കുട്ടുവന്റെ സമകാലീനനായി സിലോണിൽ നാടുവാണിരുന്ന മാനവമ്മൻ (729–765 എ. ഡി.) ആകുന്നു. 703 എ. ഡി.-യിൽ പിതാവ് കാശ്യപൻ II മരിച്ചതോടുകൂടി സിലോണിലെ കിരീടത്തിനു മത്സരിക്കുന്നവരിൽ നിന്നു രക്ഷപ്പെടാൻ ബാലനായ മാനവമ്മൻ തമിഴ്‌നാട്ടിലേക്കു പോയി എന്നും, ദീർഘകാലത്തിനുശേഷം നരസിംഹനെന്ന തമിഴ് നൃപന്റെ സൈനികസഹായ സഹിതം ലങ്കാസിംഹാസനം കൈവശപ്പെടുത്തിയെന്നും സിംഹളചരിത്രങ്ങളിൽ വിവരിച്ചിട്ടുണ്ടു്. ‘മണിമേകല’ ഈ മാനവമ്മനു നാഗനാട്ടിലെ വളൈവാണൻ എന്നു പേരിടുകയും, ഇദ്ദേഹത്തിന്റെ മകൾ പിലിവളൈ ചോളരാജാധാനികളിലൊന്നായ കാവേരി പൂമ്പട്ടണത്തിൽ (പുകാരിൽ) ഉള്ള ഒരു ചോലയിൽ നെടുമുടുക്കിള്ളി എന്ന ചോഴരാജാവിനോടുകൂടി ഒരു മാസം പാർത്തു ഗർഭവതിയായതിനുശേഷം നാട്ടിലേക്കു തിരിച്ചുപോയി എന്നു വിവരിക്കുകയും ചെയ്തിരിക്കുന്നു. ഇവരുടെ വേഴ്ചയിൽ നിന്നു ലഭിച്ച കുമാരന്റെ അകാലമരണം നിമിത്തമുണ്ടായ ഖേദത്താൽ കാവേരി പൂമ്പട്ടണത്തിൽ ആണ്ടുതോറും നടത്തിവരുന്ന ഇന്ദ്രോത്സവം നെടുമുടിക്കിള്ളി മുടക്കിയെന്നും, ഇതുകാരണമാണു് ആ നഗരത്തെ കടൽ കൊണ്ടുപോയതെന്നും ഒരു ഐതിഹ്യവുമുണ്ടു്.

images/Jain_Temples_in_Wakkund.jpg
മുക്തേശ്വരത്തെ ജൈനക്ഷേത്രം.

വളൈ എന്ന പദം ഇന്തോനേഷ്യൻ ദ്വീപുകാർ അഗസ്ത്യനു നൽകിയിരുന്ന ഒരു അപരനാമാമാണെന്നു് ഇന്നത്തെ ചരിത്രഗവേഷകർ കണ്ടുപിടിച്ചിട്ടുണ്ടു്. അഗസ്ത്യനു മാനൻ എന്ന പര്യായമുണ്ടു്. വാണനെന്ന തമിഴ്പദത്തിനു ഐശ്വര്യമുള്ളവൻ എന്നാണു് അർത്ഥം. സിലോണിലെ ചരിത്ര ഐതിഹ്യപ്രകാരം അതിന്റെ പശ്ചിമതീരത്തു നാഗനാടു സ്ഥിതിചെയ്തിരുന്നു. ഈ സംഗതികളിൽ നിന്നു മാനവമ്മനാണു വളൈ വാണൻ എന്നു അനുമാനിക്കാം. ഗജബാഹു എന്നതു് ഇദ്ദേഹത്തിന്റെ ഒരു ബിരുദമായിരിക്കും. ഗജബാഹു എന്ന ബിരുദം വഹിച്ചിരുന്ന മറ്റു രണ്ടു രാജാക്കന്മാരേയും സിംഹളചരിത്രത്തിൽ കാണാം. ഇവരിലൊരാൾ 173–196 എ. ഡി. എന്ന കാലത്തിലും മറ്റൊരാൾ 1142–1153 എ. ഡി. എന്നതിലും സിലോണിൽ നാടുവാണിരുന്നു.

തമിഴ്‌നാടിലെ പ്രാചീന തമിഴ് ചരിത്രഗവേഷകരുടെ മുന്നണിയിൽ നിൽക്കുന്ന വൈയ്യാപുരിപ്പിള്ള ‘ചിലപ്പതികാര’ത്തിന്റെ കാലം എ. ഡി. എട്ടാം ശതകമാണെന്നു ശരിയായി അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, ‘ചിലപ്പതികാരം’ ഒരു ചരിത്രമഹാകാവ്യമല്ല: പിന്നെയോ, വെറും ഭാവനാപരമായ ഒരു കാവ്യമാണെന്നും, ഇതു രചിച്ച ദേഹം ചേരനല്ലെന്നും അഭിപ്രായപ്പെട്ടിരിക്കുന്നതു ശരിയല്ല. ഭാരതത്തിലെ മതഐതിഹ്യങ്ങളും സ്ഥലപുരാണ ഐതിഹ്യങ്ങളും മറ്റും പഠിക്കാത്തതുകൊണ്ടും, ചരിത്രപരമായ ഭൂമിശാസ്ത്രത്തെ വിഗണിച്ചതു നിമിത്തവും, ഇദ്ദേഹത്തിനു ഈ തെറ്റുപറ്റിപ്പോയി. മതഐതിഹ്യങ്ങൾ മുതലായവയിലെ ചപ്പും ചവറുകളുടേയും അടിയിൽ ഒളിച്ചുകിടക്കുന്ന ചരിത്രസത്യങ്ങളെ കണ്ടുപിടിക്കുവാൻ അവയുടെ ഇടയ്ക്കു ഇറങ്ങി അറപ്പുകൂടാതെ തോട്ടിവേല ചെയ്യുന്നതിനു് ഇന്നത്തെ ‘ശാസ്ത്രീയ’ ചരിത്രഗവേഷകർ തങ്ങളുടെ പ്രഭു മനഃസ്ഥിതി പരിത്യജിക്കാതെയിരിക്കുന്നേടത്തോളം കാലം പ്രാചീന ചരിത്രഗവേഷണത്തിൽ സാരമായ പുരോഗമനം ഉണ്ടാകുന്നതല്ല.

കേസരിയുടെ ലഘുജീവചരിത്രം

Colophon

Title: Chilappathikaram (ml: ചിലപ്പതികാരം).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-21.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Chilappathikaram, കേസരി ബാലകൃഷ്ണപിള്ള, ചിലപ്പതികാരം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Kannaki, a photograph by K. M. Madhusudhanan . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.