
പരമമായ കോൺസെൻട്രേഷൻ, വിശിഷ്ടമായ അയറോണി, അതിലളിതമായ ഭാഷാരീതി എന്നിവ മൂന്നും കലർന്നിരിക്കുന്ന ചെറുകഥകളുടെ സമാഹാരങ്ങളായ ‘സമ്മാനം’ ‘കടാക്ഷം’ എന്നിവ മുഖേന ഭാഷാചെറുകഥക്കാരുടെ ‘മുന്നണി’യിൽ ഒരു സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ശ്രീ. മുണ്ടശ്ശേരി യുടെ ഏഴു പരാജയപ്രസ്ഥാനകഥകളടങ്ങിയ ഒരു സമാഹാരമാണു് പ്രകൃതഗ്രന്ഥം. ഈ കഥകളിൽ ‘ആ കണ്ണുനീർ’ ‘മൂഡ്’ കഥയും ശേഷിച്ചവ ‘ക്യാറക്ടർ’ കഥകളുമാകുന്നു. ‘ഇല്ലാപ്പോലീസ്’ ‘പിതൃഹൃദയം’, ‘ആ മനുഷ്യൻ’, ‘ആ കണ്ണുനീർ’ എന്നിവയിൽ അയറോണി നല്ലപോലെ കാണാം. ‘കാര്യസ്ഥത’, ‘ഒടിമഞ്ച’ എന്നിവയിൽ ഇതു് സറ്റയർ (ഉഗ്രാക്ഷേപം) ആയി കലാശിച്ചിരിക്കുന്നു. ഈ സമാഹാരത്തിലെ ഉത്തമകഥകൾ ‘കാര്യസ്ഥത’ ‘ആ കണ്ണുനീർ’ എന്നതു് ഉത്തമഭാരതീയ ചെറുകഥകളുടെ കൂട്ടത്തിൽ പെടുന്നതുമാണു്. ‘കണക്കു ബാക്കി’ എന്ന സാധാരണ കഥയൊഴികെ ശേഷിച്ച നാലും നല്ല കഥകളുമാകുന്നു.
അടിസ്ഥാനരഹിതമായ അപവാദം ഒരിക്കൽ ജനിച്ചുപോയാൽ അതു അതിവേഗം പരക്കുമെന്നുള്ള ആശയം സാഹിത്യലോകത്തു പുത്തരിയല്ല:
അവരും ചിലരൊടു ചെന്നു പറഞ്ഞു.
അവരപ്പോളതു പലരൊടു ചൊല്ലി;
അവരുമതൊക്കെ നടന്നു പറഞ്ഞു.
ഇരുവരുകൂടി നടക്കുന്നേരം
ചരിതമിതൊന്നേ കേൾപ്പാനുള്ളു.
കുരളപറഞ്ഞു നടന്നുവരുന്നൊരു
വിരുതന്മാർക്കൊരു വകയുണ്ടായി.
ചെവിയിൽ ചിലതു പറഞ്ഞുതുടങ്ങി;
ചിലരതു കേൾപ്പാൻ ചെന്നുതുടങ്ങി;
ചെവിപൊത്തിച്ചിലർ നിന്നുതുടങ്ങി;
ചിലരതുകേട്ടു ചിരിച്ചുതുടങ്ങി.

എന്നിപ്രകാരം ഈ അപവാദം പരക്കുന്നതു് സ്യമന്തകം തുള്ളലിൽ കുഞ്ചൻനമ്പ്യാർ ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്. ഈ ആശയത്തെ ആസ്പദിച്ചു റഷ്യക്കാരനായ ചെക്കോവും ഒരു ചെറുകഥ രചിച്ചിരിക്കുന്നു. ഗൃഹനാഥൻ അടുക്കളയിൽ ചെന്നു സദ്യയ്ക്കു കുശിനിക്കാരി പാകംചെയ്തു കൊണ്ടിരുന്ന മത്സ്യക്കറി നാക്കിൽവെച്ചു രുചിച്ചുനോക്കിയപ്പോൾ അറിയാതെ പുറപ്പെടുവിച്ചുപോയ അഭിനന്ദനശബ്ദം കുശിനിക്കാരിയെ അദ്ദേഹം ഉമ്മവെച്ചതിന്റെ ഒച്ചയാണെന്നു് അതിഥികളിലൊരാൾ തെറ്റിദ്ധരിച്ചതു നാടാകെ പരന്നതാണു് ചെക്കോവിന്റെ കഥ. ഇതുപോലെ മര്യാദക്കാരനായ ഒരു പോലീസിൻസ്പെക്ടരുടെ ഭൂതദയ അപവാദത്തിനു കാരണമായി അദ്ദേഹത്തിനു ദോഷം ചെയ്തതു് ‘ഇല്ലാപ്പോലീസി’ൽ സരസമായി വർണ്ണിച്ചിരിക്കുന്നു.
‘പിതൃഹൃദയം’, ‘കാര്യസ്ഥത’, ‘ഒടിമഞ്ച’, എന്നീ കഥകളുടെ വിഷയം ഇന്നത്തെ കുടുംബജീവിതത്തിന്റെ ഒരു ഘടകമായ സന്താനങ്ങളുടെ മാതൃപിതൃഭക്തിയാണെന്നു സമാധാനമായി പറയാം. പഴയ സമുദായഘടനയുടെ നടുത്തൂണുകളിൽ ഒന്നായ കുടുംബം എന്ന സ്ഥാപനം ഇന്നത്തെ ലോകസ്ഥിതിക്കു വെച്ചു പരിപാലിച്ചു കൊണ്ടുപോകേണ്ടതുണ്ടോ എന്ന പ്രശ്നം ഇന്നത്തെ ചിന്തകരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടു്. പണ്ടു മാതാപിതാക്കന്മാർ നിർവ്വഹിച്ചിരുന്ന മിക്ക കർത്തവ്യങ്ങളും ഇന്നു് ഏറ്റെടുത്തു തുടങ്ങിയിരിക്കുന്ന സ്റ്റേറ്റിനോടുള്ള ഭക്തിക്കുവേണ്ടി പഴയ കുടുംബജീവിതത്തിലെ മാതൃപിതൃഭക്തി ബലികഴിച്ചു ദുർബ്ബലപ്പെടുത്തണമെന്നു വാദിക്കുന്ന സോവിയറ്റുകാരെപ്പോലെയുള്ള ചിന്തകരുടെ വാദത്തിനു മറുതലയായി മറ്റു ചില ചിന്തകർ കൊണ്ടുവന്നിട്ടുള്ള ഒരു യുക്തി കുടുംബമായി പാർക്കുന്ന മാതാപിതാക്കന്മാർക്കു മാത്രമേ കുഞ്ഞുങ്ങളിൽ വികാരപരമായ വളർച്ചയുണ്ടാക്കുവാൻ കാര്യക്ഷമമായി സാധിക്കുകയുള്ളു എന്നതാണു്. പണ്ടത്തെ കഥ എന്തായിരുന്നാലും ശരി, ഇന്നത്തെ അധഃപതിച്ച സമുദായസ്ഥിതിയിൽ ഒടുക്കം പറഞ്ഞതരം ചിന്തകരുടെ വാദത്തെ താങ്ങുന്ന സ്ഥിതി ഇന്നത്തെ കുടുംബജീവിതത്തിൽ വിരളമായിട്ടേ കാണ്മാനുള്ളു എന്നതു് ഒരു വെറും പരമാർത്ഥമാകുന്നു. പ്രസ്തുത മൂന്നു കഥകളും ഈ പരമാർത്ഥം ധ്വനിപ്പിക്കുന്നുണ്ടു്.

ബൂർഷ്വാക്കളുമായുള്ള സമ്പർക്കം, നമ്മുടെ പുരോഗമന സാഹിത്യകാരരായ ചില കൂട്ടരിൽ അവരുടെ കൂടപ്പിറവിയായ സ്നോബറി (സഭ്യമന്യത) ജനിപ്പിച്ചിട്ടുള്ളതുപോലെ, സാഹിത്യലോകത്തിനു ഏഴലോകത്തിലെ അംഗങ്ങളിൽ ചിലരുടെ ഇടയ്ക്കും ആ മഹാരോഗം പകർത്തിയിട്ടുണ്ടു്. ഈ വ്യാധിനിമിത്തം ഒരു തൊഴിലാളികുടുംബത്തിലെ സന്താനങ്ങൾ അന്ധനെങ്കിലും ആരോഗ്യവാനുംകൂടിയായിട്ടുള്ള പിതാവു മത്തൻകുഴി താരുവിൽനിന്നകലുന്നതു് ‘പിതൃഹൃദയം’ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ശ്രീ. മുണ്ടശ്ശേരിയുടെ ക്യാറക്ടർ സൃഷ്ടിപാടവം ഇതിലും ‘കാര്യസ്ഥത’, ‘ആ മനുഷ്യൻ’ എന്നീ കഥകളിലും നല്ലപോലെ കാണാം. പിശുക്കിന്റെ മൂർത്തീകരണമായ അച്ഛൻ ഗ്രാന്ദേ എന്ന കഥാപാത്രത്തെ തന്റെ ‘യൂജെനീഗ്രാന്ദേ’ എന്ന ഉത്തമനോവൽ മുഖേന വിശ്വവിശ്രുതനായ ഫ്രഞ്ചുകാരൻ ബൽസാക്ക് വിശ്വസാഹിത്യത്തിനു സമ്മാനിച്ചിട്ടുണ്ടു്. ഒരു പട്ടിക്കഥയിൽ മോപ്പസങ്ങ് ഒരു നല്ല പിശുക്കിയെ സൃഷ്ടിച്ചിട്ടുമുണ്ടു്. ഇവർ ഇരുവരോടും കിടനില്ക്കുന്ന ഒരു മഹാപിശുക്കിയാണു് ‘കാര്യസ്ഥത’യിലെ നായികയായ അന്നംകുട്ടി.
‘അപ്പനായാലും അമ്മയായാലും, മരിക്കേണ്ടപ്പൊ മരിക്കാഞ്ഞാൽ?’ എന്നു ഖേദിക്കുന്ന മൂത്ത മകൻ കുട്ടിപ്പൈലി രോഗശയ്യയിൽ കിടക്കുന്ന കുബേരനായ വൃദ്ധപിതാവിന്റെ പരലോകയാത്ര ത്വരിതപ്പെടുത്താനാണെന്നു തോന്നിക്കുമാറു മുൻകൂട്ടി മാന്യമായ ഒരു ഒടിമഞ്ച വരുത്തി മച്ചിൻപുറത്തു് ഒളിച്ചുവെയ്ക്കുന്നതും, ഈ ആഗ്രഹം ഫലിക്കാതെ വന്നപ്പോൾ അവർക്കു വേണ്ടി ആജീവനാന്തം പണിയെടുത്തിരുന്നവനും രോഗാവസ്ഥയിൽപ്പോലും അവർ സഹായിക്കാതെയിരുന്നവനുമായ ഒരു സാധുകർഷകന്നു് ആ ഒടിമഞ്ച ഉപകാരപ്പെട്ടതും, ഈ മരണമറിഞ്ഞു മൂപ്പീന്നു പെട്ടെന്നു മൃതിയടഞ്ഞതുനിമിത്തം പുതിയ ഒരു ഒടിമഞ്ച വരുത്തേണ്ടതായി വന്നതുമാണു് ‘ഒടിമഞ്ച’യിലെ കഥ. ഒടിമഞ്ചയ്ക്കു കുട്ടിപ്പൈലി ഏർപ്പാടു ചെയ്തിരുന്ന സ്നേഹിതൻ അതിനുവേണ്ടി നീളം അറിയുവാനായി രോഗാന്വേഷണനാടകത്തിൽ ശയനമുറിയിൽ ചെന്നു രോഗിയുടെ ഉടൽനീളം കണ്ണുകൊണ്ടളക്കുന്നതു്, കുട്ടിപ്പൈലിയും അനുജനും ക്ഷമകെട്ടു കടുംബകാര്യങ്ങൾ അന്വേഷിക്കുവാനായ് മറുദേശങ്ങളിൽ പോയ തക്കം ഉപയോഗപ്പെടുത്തി മദ്ധ്യവയസ്ക്കകളായ പെണ്മക്കൾ നാക്കു തളർന്നുപോയ പിതാവു് നാക്കുപൊക്കി തങ്ങൾക്കു വകവല്ലതും തന്നേയ്ക്കുമെന്നുള്ള ആശാപൂർവ്വം രോഗിയെ ശുശ്രൂഷിച്ചുകൊണ്ടു് സദാ ശയനമുറിയിൽ കഴിച്ചുകൂട്ടുന്നതു്, എന്നീ രംഗങ്ങൾ വായനക്കാരന്റെ മനസ്സിൽനിന്നു മായുന്നതല്ല.
പൊതുകാര്യപ്രസക്തകളായ പെണ്ണുങ്ങളോടു പൊതുകാര്യപ്രസക്തരാണെന്ന നാട്യത്തിൽ ലോഹ്യത്തിലാകുന്ന പുരുഷന്മാരെ ആക്ഷേപിക്കുന്ന ഒരു കഥയാണു് ‘ആ മനുഷ്യൻ’. പ്രൈവറ്റ് സ്ക്കൂൾ മാനേജർമാരിൽ സാധാരണയായി കാണാറുള്ള കുറവുകളോടുകൂടിയ ഒരു പ്രൈവറ്റ് സ്ക്കൂൾ മാനേജിങ്ങ് ഹെഡ്മാസ്റ്റരുടെ ചിത്രം ‘കണക്കുബാക്കി’യിൽ വരച്ചിരിക്കുന്നു.

സിംബോളിക്ക് സാങ്കേതികമാർഗ്ഗം പ്രയോഗിച്ചിട്ടുള്ള ഒരു കഥയാണു് ‘ആ കണ്ണുനീർ’. ‘മണിനാദ’ത്തിന്റെ അവതാരികയിൽ ഞാൻ വിവരിച്ചിരുന്ന വ്യാപിക്കുന്ന ധ്വനികളുള്ള സിംബോളിസമാണു ഇതിൽ പ്രയോഗിച്ചിരിക്കുന്നതും. മേലാൾവർഗ്ഗത്തെ തീറ്റിപ്പോറ്റുകയും സുഖിപ്പിക്കുകയും ചെയ്യുന്നതിനു് എല്ലൊടിയുമാറു് അദ്ധ്വാനിക്കുന്ന വേളകളിൽ അപകടമോ, നിത്യരോഗമോ പിടിപെടാറുളള തൊഴിലാളി വർഗ്ഗത്തിന്റെ ഒരു സിംബളാണു് ഈ കഥയിലെ താടിക്കാരനായ യാചകൻ. ഈ നിർഭാഗ്യവാന്മാരെ ലേശമെങ്കിലും സഹായിക്കാതെ അവരിൽനിന്നു മുഖംതിരിച്ചുകളയുകയും, കേവലം സുഖസാധനങ്ങൾക്കായി കണ്ടമാനം ചെലവുചെയ്യുകയും ചെയ്തുവരുന്ന മേലാൾവർഗ്ഗത്തിന്റെ സിംബളാക്കി യാത്രക്കാരിൽ ഭൂരിപക്ഷത്തേയും കഥാകാരൻ സൃഷ്ടിച്ചിരിക്കുന്നു. ഇതിലെ പാട്ടുകളും ഗായകക്കുട്ടികളും പ്രസ്തുത സുഖസാധനങ്ങളും സിംബളാണു്.
ചോര കുടിക്കാത്തോരുണ്ടോ പാരിൽ?
പാടലവർണ്ണമില്ലെന്നാലുമാ കൈയിൻ
പാടവം പാടാത്ത പാടമുണ്ടോ?
പാരം മെലിഞ്ഞതാണെന്നാലുമാ പാണി
പാരിന്നു പാടേ നെടുംതൂണല്ലോ!
പാർത്തലമാർത്തിയിലാണ്ടിടാതെപ്പോഴും
പാർത്തിരിക്കുന്നതുമക്കരം താൻ’
എന്നു ശ്രീ: കെടാമംഗലം പാടിയിട്ടുള്ള കൈ മുറിച്ചിരിക്കുന്നതു കണ്ടു് അറപ്പും ഭയവും തോന്നി താടിക്കാരൻ യാചകനു ഭിക്ഷ കൊടുക്കാതെയിരുന്ന കുഞ്ഞു ബാല്യസഹജമായ സ്വാർത്ഥതയിൽനിന്നു് ഇതുവരെ മോചനം ലഭിച്ചിട്ടില്ലാത്ത ഇന്നത്തെ ലോകരുടേയും, ഗായകബാലനു ഭിക്ഷ കൊടുക്കുന്നതുപോലെ കുഞ്ഞിന്റെ വൈമനസ്യം കണ്ടു് അതിനേക്കാൾ വലിയ ഭിക്ഷ തിരിച്ചുവാങ്ങി താൻതന്നെ താടിക്കാരനും കൊടുക്കുന്ന അതിന്റെ തള്ള, ലോകത്തിൽ കാണുന്ന സുന്ദരകാര്യങ്ങളിൽ സന്തോഷിക്കുവാനും ദയനീയകാര്യങ്ങളിൽ സഹതപിക്കുവാനും ഒരുവിധം ഒന്നുപോലെ മനസ്സുവരുന്നതിനു വേണ്ട മൂപ്പുകിട്ടിയ ഭാവിലോകരുടേയും, സിംബളുകളാകുന്നു. സൃഷ്ടിയിൽ സുപ്രധാനപങ്കു നിർവ്വഹിക്കുന്ന സ്ത്രീയെ, സൃഷ്ടിപരമായ ചിന്താഗതിയും പ്രവർത്തനവും നിറഞ്ഞിരിക്കുന്ന ഭാവിലോകരുടെ സിംബളാക്കിയതു ഏറ്റവും ഉചിതമായിരിക്കുന്നു.

പിന്നെയും, നന്മയും തിന്മയും, സൗന്ദര്യവും വൈരൂപ്യവും നിറഞ്ഞ പ്രകൃതിയുടെ ഭാവദ്വയങ്ങളെ കൃത്രിമമായ വികാരപൂർവ്വം മാത്രം വർണ്ണിക്കുന്ന കർണ്ണാനന്ദകരമായ പാട്ടു്, ഭാഷാസാഹിത്യത്തിലെ ക്ലാസ്സിക്കും റൊമാന്റിക്കും പ്രസ്ഥാനങ്ങളിൽപ്പെട്ട കൃതികളുടെ സിംബളാക്കുന്നു. ‘പിമ്പിൽ വല്ലാത്തൊരുമിത്തീ കിടന്നു കുമിഞ്ഞിരുന്ന’ താടിക്കാരൻ യാചകന്റെ കാര്യമാത്രമായ ഗദ്യപ്രസംഗം, അതിലെ പരാജയ പ്രസ്ഥാനം, പുരോഗമനസാഹിത്യപ്രസ്ഥാനം എന്നിവയിലെ കൃതികളുടെ ഉചിതസിംബളുമത്രേ. ഗായകർക്കു ഭിക്ഷകൊടുക്കുകയും, താടിക്കാരനു് അതു നൽകാതിരിക്കുകയും ചെയ്യുന്ന, ഭൂരിപക്ഷം യാത്രക്കാരെ, ക്ലാസ്സിക്കും റൊമാന്റിക്കും പ്രസ്ഥാനങ്ങളിൽപ്പെട്ട കൃതികളെമാത്രം പ്രോത്സാഹിപ്പിച്ചുവരുന്ന നമ്മുടെ ഭൂരിപക്ഷം സഹൃദയരുടേയും, സർവ്വകലാശാല മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സിംബളാക്കിയിരിക്കുന്നു. ഹൃദയവിശാലതയും ഭൂതദയയുമുള്ള പ്രസ്തുത സ്ത്രീയാത്രക്കാരിയാകട്ടെ, പരാജയപുരോഗമന സാഹിത്യപ്രസ്ഥാനങ്ങളിലെ കൃതികളേയും, മറ്റു പ്രസ്ഥാനങ്ങളിലെ കൃതികളേയും വലിയ പക്ഷപാതമെന്യേ ഒരുവിധം ഒന്നുപോലെ മുക്തഹസ്തം സഹായിച്ചു വരുന്ന ഇവിടത്തെ ജനസാമാന്യത്തിന്റെ സിംബളുമാണു്.
അവസാനമായി, ചലനാത്മകമായ ലോകത്തിലെ ലാവണ്യവൈരൂപ്യപ്രശ്നത്തിന്റെ, അഥവാ, നന്മതിന്മപ്രശ്നത്തിന്റെ, അഥവാ, ദ്വൈതഭാവത്തിന്റെ, പ്രതിബിംബനവും ഈ കഥയിൽ നിഴലിച്ചുകാണാം. കാലോചിതമായ ഭോജനം കാലോചിതമായ ഭാജനത്തിൽ വേണ്ടവിധത്തിലൊഴിച്ചാൽ, ഒരു ഉത്തമകലാസൃഷ്ടി നിർമ്മിക്കാമെന്നുള്ളതിനു് ഈ കഥ ഒരു മകുടോദാഹരണവുമാകുന്നു.
ഗ്രന്ഥകർത്താ: ജോസഫ് മുണ്ടശ്ശേരി.
(ജോസഫ് മുണ്ടശ്ശേരിയുടെ കഥയ്ക്കു് കേസരി ബാലകൃഷ്ണപിള്ള എഴുതിയ നിരൂപണം.)