
ഇംഗ്ലീഷ് ചെറുകഥയെഴുത്തിലെ സാമാന്യഗതി ഭാഷാ ചെറുകഥയെഴുത്തിലും കാണാമെന്നു് ഏറെക്കുറെ ശരിയായി പറയാം. ഒരു ചെറുകഥയ്ക്കു് ഒരു കഥ വേണം—അതായതു്, സംഭവബാഹുല്യം, ചലനാത്മകത്വം, അപ്രതീക്ഷിതമായ ഗതി, പരമമുഹൂർത്തം മുതലായവകൂടി ഉണ്ടായിരിക്കണം —എന്നുള്ള പക്ഷക്കാരെ സാധാരണക്കാരായ വായനക്കാരുടെ ഇടയ്ക്കു മാത്രമല്ല, നല്ല സാഹിത്യനിരൂപകരായ ചിലരുടെ ഇടയ്ക്കുകൂടി ഈ 20-ാം ശതാബ്ദത്തിലും കാണാവുന്നതാണു്. ഹ്യൂ വാൽപോൾ, ഡെസ്മണ്ഡ് മക്കാർത്തി എന്നീ നിരൂപകരെ ഇവർക്കു് ഉദാഹരണങ്ങളായി പറയാം. ഈ മട്ടിലായിരുന്നു ആദ്യം ഇംഗ്ലീഷ് ചെറുകഥകളും, ഭാഷാചെറുകഥകളും രചിക്കപ്പെട്ടിരുന്നതു്. ഇംഗ്ലണ്ടിൽ ഇതിന്റെ ഫലമായി സംസ്കൃതചിത്തരായ ജനങ്ങൾ മിക്കവാറും സമയംകൊല്ലികളായ ഇത്തരം ചെറുകഥകളിൽ താൽപര്യം കാണിക്കാതെ വന്നു. ചെറുകഥാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു് ഇംഗ്ലണ്ടിലെ പുസ്തകപ്രസാധകർ വിമുഖരായി ഭവിക്കുകയും ചെയ്തു. ആദ്യത്തെ യൂറോപ്യൻ മഹായുദ്ധത്തിനു കുറെ മുമ്പുതൊട്ടു കാതറിൻ മാൻസ്ഫീൽഡ് മുതലായവർ മോപ്പസാങ്ങി ന്റേയും ചെക്കോവി ന്റേയും പിടിയിൽപ്പെട്ടു പ്രസ്തുത കഥയെഴുത്തു രീതിയിൽനിന്നു വിഭിന്നമായ ഒന്നിൽ ചെറുകഥയെഴുത്തു നടത്തിത്തുടങ്ങി. ഇവരുടെ രീതിയിൽ പ്ലാട്ടിനു് ഒട്ടുംതന്നെ പ്രാധാന്യമുണ്ടായിരുന്നില്ല. വികാരം, ക്യാറക്ടർ, അന്തരീക്ഷം എന്നിവയ്ക്കാണു് ഇവർ പ്രാമുഖ്യം നൽകിയതു്. ഇതുനിമിത്തം ഇംഗ്ലീഷ് ചെറുകഥകളോടുള്ള ജനപ്രീതി വർദ്ധിച്ചുവരുകയും, അവയുടെ കലാപരമായ മേന്മ അധികമായി ഭവിക്കുകയും ചെയ്തു. ഭാഷാ ചെറുകഥയെഴുത്തിൽ ഈ പരിവർത്തനം വരുത്തിയവരുടെ മുന്നണിയിൽ ശ്രീ: തകഴി ശിവശങ്കരപിള്ള നില്ക്കുന്നു.

ഭാവാത്മകത്വപ്രധാനമായ ഇത്തരം ചെറുകഥയെഴുത്തിനും ഇംഗ്ലീഷ് സാഹിത്യലോകത്തിൽ കാലക്രമേണ ഒരു കുറവു വന്നുതുടങ്ങി. ചെക്കോവിന്റേയോ, മോപ്പസാങ്ങിന്റേയോ, കാതറീൻ മാൻസ്ഫീൽഡിന്റേ യോ, ക്യാറക്ടർ ബോധമോ, ഐറണിയോ, ആക്ഷേപഹാസമോ, സാത്വികഹാസമോ (ഹ്യൂമർ), ബഹിർദൃഷ്ടിയോ കൂടാതെ നിസ്സാരകാര്യങ്ങളുടെ അകത്തുള്ള സത്തുമാത്രം നുണഞ്ഞുകുടിക്കുന്ന രീതി മാത്രമായി ഇതു് ഇംഗ്ലീഷ് സാഹിത്യത്തിലും ഏറക്കുറെ ഒന്നുപോലെ അവിദഗ്ദ്ധരായ ഭൂരിപക്ഷം ചെറുകഥാകാരരുടെ കരങ്ങളിൽ അവശേഷിക്കുവാൻ തുടങ്ങി. ഇതിന്റെ ഫലങ്ങൾ ഇവരുടെ ഭാവനയുടെ നിർജ്ജീവത്വവും, അദൃഷ്ടപൂർവ്വകത്വശൂന്യതയും, സങ്കുചിതവീക്ഷണകോടിയും, വളർച്ചയില്ലായ്മയുമാണു്. ശോചനീയമായ ഈ സ്ഥിതിയിൽനിന്നു ഭാഷയിലെ ഭൂരിപക്ഷക്കാരായ കാഥികരും ഉണർന്നെഴുന്നേല്ക്കുന്ന പൊന്നുഷസ്സു് പിന്നീടു് ആവിർഭവിച്ചു. ക്യാറക്ടർ ബോധം, ആക്ഷേപഹാസം, സാത്വികഹാസം, ഐറണി എന്നിവയേതെങ്കിലും ഒന്നിനോടുകൂടിയുള്ള ബഹിർദൃഷ്ടിയുടെ സാന്നിധ്യം കാണിക്കുന്ന കഥകൾ അനന്തരം ഉണ്ടായി. ഇതു സൂചിപ്പിക്കുന്ന വാസനാനുഗൃഹിതരായ യുവകാഥികരാണു് മുന്നൊരു ലക്കത്തിൽ ഞാൻ നിരൂപണം ചെയ്തിരുന്ന ‘തേൻമുള്ളുകളുടെ’ കർത്താവായ ശ്രീ. പി. സി. കുട്ടികൃഷ്ണ നും, പ്രകൃത ചെറുകഥാസമാഹാരത്തിന്റെ കർത്താവായ ശ്രീ. വള്ളത്തോൾ വാസുദേവമേനോനും.

‘പ്രത്യാഗമനം’, ‘ആണ്ടറുതിയായിട്ടു്’, ‘വിവാഹത്തിന്നുശേഷം’, ‘ആക്ഷേപപ്പെട്ടി’, ‘വീട്ടിലും പുറത്തും’, ‘അച്ഛനും മകനും’, ‘കാളവണ്ടി’ എന്നീ ഏഴു പരാജയപ്രസ്ഥാന ചെറുകഥകളുടെ ഒരു സമാഹാരമാണു് പ്രകൃതഗ്രന്ഥം. ഇവയിൽ ‘പ്രത്യാഗമനം’ എന്നതിൽ മാത്രം റൊമാന്റിക് സാങ്കേതികമാർഗ്ഗവും, ശേഷിച്ചവയിൽ റീയലിസ്റ്റ് സാങ്കേതികമാർഗ്ഗവും പ്രയോഗിച്ചിരിക്കുന്നു. ‘പ്രത്യാഗമനം’ ‘ആക്ഷേപപ്പെട്ടി’, ‘അച്ഛനും മകനും’, ‘കാളവണ്ടി’ എന്നിവ ശ്രേഷ്ഠകഥകളും, ‘ആണ്ടറുതിയായിട്ടു്’ ‘വിവാഹത്തിനുശേഷം’, എന്നീ രണ്ടു നല്ല കഥകളും, ശേഷിച്ച ‘വീട്ടിലും പുറത്തും’ എന്നതു് ഒരു വെറും സാധാരണ കഥയുമാകുന്നു.

‘പ്രത്യാഗമനം’ എന്ന കഥയുടെ വിഷയം ശ്രീ. കുട്ടികൃഷ്ണന്റെ ‘തേന്മുള്ളുകളിലെ’ ‘നിലയ്ക്കാത്ത നിഷേധം’, ‘അവളുടെ ഭർത്തൃദുഃഖം’ എന്നിവയുടെ വിഷയം തന്നെ—അതായതു്, ഇവിടത്തെ ബൂർഷ്വാക്കളിൽ പലരുടേയും ഇണജീവിതത്തിനുള്ള കൊള്ളരുതായ്മ. പക്ഷേ, കുട്ടികൃഷ്ണൻ തന്റെ കഥകളിൽ ഉഗ്രാക്ഷേപഹാസവുമാണു് പ്രയോഗിച്ചിരിക്കുന്നതു്. അരിയും തിന്നു്, ആശാരിച്ചിയേയും കുടിച്ചു എന്നുള്ള രീതിയിൽ, കൃഷ്ണമേനോനെക്കൊണ്ടു നാണിയമ്മയോടു തന്നെ വിവാഹം ചെയ്യാൻ സമ്മതമാണോ എന്നു ചോദിപ്പിച്ചിരിക്കുന്നതു നിമിത്തമാണു് പ്രകൃതഗ്രന്ഥകാരൻ തന്റെ കഥയെ ഉഗ്ര ആക്ഷേപഹാസമയമാക്കിച്ചമച്ചിരിക്കുന്നതു്.

പരിതസ്ഥിതിയും സ്വഭാവവും തമ്മിലുള്ള പൊരുത്തമില്ലായ്മയും, പരിതസ്ഥിതിയുടെ അവസാനവിജയവും ചിത്രീകരിക്കുന്നവയും, ഈ ഗ്രന്ഥകാരന്റെ സകല കഥകളിലും വിവിധ അളവുകളിൽ കാണാവുന്ന ക്യാറക്ടർബോധം പ്രസ്പഷ്ടമാക്കുന്നവയുമായ രണ്ടു കഥകളാണു് ‘ആണ്ടറുതിയായിട്ടു്’, ‘വിവാഹത്തിന്നുശേഷം’ എന്നിവ. ‘തേന്മുള്ളുകളിലെ’ ‘ചിത്രകാരൻ’ എന്ന കഥയുടേയും ‘വിവാഹത്തിന്നുശേഷം’ എന്നതിന്റേയും വിഷയം ഒന്നുതന്നെ. ശ്രീ. കുട്ടികൃഷ്ണന്റേതിൽ ലഘു ആക്ഷേപഹാസവും, ശ്രീ. മേനോന്റേതിൽ ലഘുസാത്വികഹാസവും കാണാം.

‘ആക്ഷേപപ്പെട്ടി’ ‘അച്ഛനും മകനും’ എന്നീ കഥകളിൽ ഇന്നത്തെ ഭാഷാ ചെറുകഥാകാരരിൽ വളരെ അപൂർവ്വമായി മാത്രം കാണുന്ന യഥാർത്ഥമായ സാത്വികഹാസം (ഹ്യൂമർ) കാണാവുന്നതാണു്. ഉഗ്ര ആക്ഷേപഹാസമോ, ചാറത്സ് ഡിക്കൻസ്, ബ്രെറ്റ് ഹാർട്ട് എന്നിവരുടെ കഥകളിൽ കാണാവുന്ന താഴ്‌ന്നതരം ബഹളപൂർണ്ണമായ സാത്വികഹാസമോ (ഫണ്ണോ) ആണു് ചിലപ്പോൾ ഭാഷാ ചെറുകഥാകാരരിൽ ചിലർ പ്രയോഗിക്കാറുള്ളതു്. ‘ആക്ഷേപപ്പെട്ടി’ എന്ന കഥ ഈ സമാഹാരത്തിലെ ഏറ്റവും ശ്രേഷ്ഠമായ കഥയാണെന്നു ഞാൻ വിചാരിക്കുന്നു. 20-ാം ശതാബ്ദത്തിന്റെ പ്രാരംഭത്തിലെ സാത്വികഹാസ ചെറുകഥാകാരരുടെ മുന്നണിയിൽ നിന്നിരുന്ന ഇംഗ്ലീഷുകാരൻ ബാരിപെയിനെ യാണു് ശ്രീ. വാസുദേവമേനോന്റെ സാത്വികഹാസകഥകൾ സാമാന്യമായി നമ്മെ സ്മരിപ്പിക്കുന്നതു്. സാത്വികഹാസം എന്താണെന്നു ‘തേന്മുള്ളുകൾ’ നിരൂപണം ചെയ്തപ്പോൾ ജാർജ്ജ് മെറിഡിത്തി ന്റെ വാക്കുകളിൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നല്ലോ. ഒരു യഥാർത്ഥ സാത്വികഹാസകാരന്റെ വീക്ഷണകോടി വിശദീകരിക്കുവാനായി ഒരു സാത്വിക ഹാസ ഉപന്യാസകാരനായിരുന്ന 19-ാം ശതാബ്ദത്തിലെ സുപ്രസിദ്ധ ഇംഗ്ലീഷുകാരൻ ചാറത്സ്ലാംബി നെപ്പറ്റി വാൾട്ടർ പേറ്റർ എന്ന നിരൂപകകേസരി പറഞ്ഞിട്ടുള്ളതു ചുവടെ ചേർക്കുന്നു:

“ഹോഗാർത്തി ന്റെ (18-ാം ശതാബ്ദത്തിലെ ഒരു ഇംഗ്ലീഷുകാരൻ ചിത്രകാരൻ) ‘വിടന്റെ പോക്കു്’, ‘പരിഷ്ക്കാരമട്ടിലുള്ള വിവാഹം’, എന്നീ ചിത്രങ്ങളിൽ വളരെ സുവ്യക്തമായി ചിത്രീകരിച്ചിരിക്കുന്ന പഴയ രീതിയിലുള്ള ജീവിതത്തിന്റേയും, പഴയ ഭവനങ്ങളുടേയും, പഴയ മട്ടിലുള്ള വസ്ത്രങ്ങളുടേയും, അവശിഷ്ടങ്ങളും, പഴയ ആചാരങ്ങളും പെരുമാറ്റങ്ങളും, നമ്മുടെ ഇന്നത്തെ രീതികളോടു താരതമ്യപ്പെടുത്തി നോക്കുമ്പോൾ, അവ എത്രയധികം സാധാരണങ്ങളും, മുഷിപ്പിക്കുന്നവയും, ഇതോടുകൂടിത്തന്നെ അവയുടെ ചിത്രോപമമായ സ്വാഭാവത്തിന്റെ ബോധവും നമ്മിൽ ജനിക്കാതെയിരിക്കുന്നില്ല. സ്വാഭാവികമല്ലെന്നു നമുക്കു തോന്നുന്ന ആചാരങ്ങൾ, ഇത്തരം വസ്ത്രങ്ങൾ, ഇത്തരം സാമാനങ്ങൾ—വച്ചു പരിപാലിച്ചു കൊണ്ടുപോകണമെന്നുള്ള വിചാരം കൂടാതെ ആകസ്മികമായി അവശേഷിക്കുന്ന പഴയ ഫാഷന്റെ മാതൃകകൾ—എന്നിവയെ, ഇവ കാലത്തിന്റെ യഥാർത്ഥസ്വരം ഉൾക്കൊള്ളുന്നതിനാൽ, കൂടുതൽ സംസ്ക്കാരാത്മകവും ആത്മബോധപരവുമായ അവശിഷ്ടങ്ങൾക്കു സ്ഥാനഭ്രംശം വരുത്തുവാൻ പ്രായേണ അസാധ്യമാണെന്നുള്ള വീക്ഷണകോടിയിലൂടെ നാം സൗശീല്യത്തെ അതിക്രമിച്ച ഒരു മനോഭാവസഹിതം നിരീക്ഷിക്കാറുണ്ടു്. ജീവപ്രകാശനങ്ങളുടെ രഹസ്യം നമുക്കു നല്കുന്നതിനാൽ, നാം സഹിഷ്ണുതാപൂർവ്വം നിരീക്ഷിക്കുന്ന വ്യക്തിചേഷ്ടകളെപ്പോലെയാണു് ഇവ. ഇത്തരം കാര്യങ്ങളിൽ നാം എല്ലാവരുംതന്നെ കുറെയൊക്കെ സാത്വികഹാസകാരരായി ഭവിക്കുന്നു. സമകാലീനകാര്യങ്ങളിൽ ഈ ചിന്താപരമായ ഭാവം പൂണുകയാണു് ഒരു യഥാർത്ഥ സാത്വികഹാസസാഹിത്യകാരൻ ചെയ്യുന്നതു്. പഴയ കാര്യങ്ങൾ അവയുടെ ബാഹ്യവേഷം നിമിത്തം മാത്രം അവശേഷിക്കുമ്പോൾ, പില്ക്കാലതലമുറകളിലെ മനുഷ്യർ അവയെ മുകളിൽ പ്രസ്താവിച്ച സംസ്കൃതവും ശുദ്ധികൃതവുമായ വീക്ഷണകോടിയിലൂടെ സ്വാഭാവികമായി വീക്ഷിക്കാറുള്ളതുപോലെ, ഒരു യഥാർത്ഥസാത്വികഹാസസാഹിത്യകാരൻ കാര്യങ്ങളെ ദർശിക്കുന്നു. മനുഷ്യവർഗ്ഗത്തിന്റെ പ്രവർത്തനങ്ങളെ ആകമാനം സാധാരണ മനുഷ്യർക്കു സാധ്യമല്ലാത്ത രീതിയിലുള്ള വിശാലമായ ഗ്രഹണശക്തിപൂർവ്വം ദർശിക്കുകയും, ഒരു മട്ടിനെയോ, ബാഹ്യസ്വഭാവത്തേയോ, ഫാഷനേയോ, അതിനെ ജനിപ്പിച്ചു ആദ്ധ്യാത്മികപരിതസ്ഥിതിയോടു ഘടിപ്പിച്ചു സദാ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ, ചാറത്സ്ലാംബിനെപ്പോലെയുള്ള ഒരു സാത്വികഹാസസാഹിത്യകാരൻ കാലത്തിന്റെ വിദൂരതയുടെ ഇന്ദ്രജാലത്തെ പൂർവ്വാസ്വാദനം ചെയ്യുന്നതു്. സ്ഥലം, ശ്രേണി, ജീവിതശീലങ്ങൾ, എന്നിവയുടെ സ്വഭാവഘടകങ്ങൾ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾത്തന്നെ, കാലത്തിനുമുമ്പായി കാവ്യാത്മകമായ പ്രകാശത്താൽ രൂപാന്തരപ്പെട്ടിരിക്കുന്നു.”

പേറ്റർ ഭംഗിയായി വിവരിച്ചിട്ടുള്ള ഒരു യഥാർത്ഥ സാത്വിക ഹാസസാഹിത്യകാരന്റെ ദർശനകോടിയാണു് ശ്രീ. വാസുദേവമേനോൻ തന്റെ സാത്വിക ഹാസകഥകളിലും പ്രദർശിപ്പിച്ചിരിക്കുന്നതു്. ‘ആക്ഷേപപ്പെട്ടി’ ചീനരുടെ സാത്വികഹാസത്തെ അധികമായി നമ്മെ സ്മരിപ്പിക്കുന്നു, ‘എന്റെ നാടും എന്റെ നാട്ടുകാരും’ എന്ന തന്റെ പ്രസിദ്ധ കൃതിയിൽ ലിൻയുടാങ്ങ് എന്ന ചീന സാഹിത്യകാരൻ ഇതിനെ ഇങ്ങനെ വിവരിച്ചിരിക്കുന്നു: “ചീനരുടെ ശവസംസ്ക്കാര ഘോഷയാത്രകളിലുള്ള പ്രഹസനഘടകം മാതൃകാപരമാണു്. ഉയർന്ന തരക്കാരും ഇടത്തരക്കാരുമായ ഇന്നത്തെ ചീനരുടെ ആഡംബരബഹുലങ്ങളായ ശവസംസ്ക്കാരഘോഷയാത്രകളിൽ, ‘മുമ്പോട്ടു്, ഓ, ക്രിസ്ത്യൻ ഭടന്മാരെ!’ എന്നു വായിക്കുന്ന ബാൻഡുവാദ്യമേളത്തോടുകൂടി കസവുവച്ച വിവിധവർണ്ണങ്ങളോടുകൂടിയ ഗൗണുകളും ധരിച്ചു പോകുന്ന വൃത്തികെട്ട അങ്ങാടിപ്പിള്ളരെയും കാണാം. ചീനരുടെ സാത്വികഹാസരാഹിത്യത്തിന്നു തെളിവായി ഇതിനെ യൂറോപ്യന്മാർ പലപ്പോഴും ഉദ്ധരിക്കാറുണ്ടു്. ചീനരുടെ ഒരു ശവസംസ്ക്കാരഘോഷയാത്ര വാസ്തവത്തിൽ അവരുടെ സാത്വികഹാസസാഹിത്യത്തിന്റെ ഒരു ഉത്തമ സിംബളാണു്. യൂറോപ്യന്മാർ മാത്രമേ ഒരു ശവസംസ്ക്കാരഘോഷയാത്രയെ ഗൗരവഭാവപൂർവ്വം പരിഗണിച്ചു് അതിനെ ഗംഭീരമാക്കിച്ചമയ്ക്കുകയുള്ളൂ. ഗൗരവമായ ഒരു ശവസംസ്ക്കാരഘോഷയാത്രയെപ്പറ്റി ഒരു ചീനനു വിചാരിക്കുവാൻപോലും സാധിക്കുന്നതല്ല… ഇത്തരം ഒരു ഘോഷയാത്ര തുല്യം ബഹളപൂർണ്ണവും അധികമായ പണചെലവുകളുള്ളതുമായിരിക്കണമെന്നതും, അതു ഗൗരവതരമായിരിക്കേണ്ടതില്ലെന്നുമാണു് ചീനർ വിചാരിക്കുന്നതു്. ഗൗരവതരമെന്ന ഘടകം പ്രസ്തുത ആഡംബരമേറിയ ഗൗണുകളിൽ മാത്രം അടങ്ങിയിരുന്നാൽ മതി. ശേഷിച്ചതെല്ലാം ബാഹ്യാചാരവും പ്രഹസനവുമാണു്… ഇപ്രകാരം പ്രഹസനാത്മകങ്ങളായ ശവസംസ്ക്കാരഘോഷയാത്രകൾ സിംബളൈസ് ചെയ്യുന്നതുപോലെ, ചീനരുടെ സാത്വികഹാസം കാര്യങ്ങളുടെ ബാഹ്യരൂപത്തോടുള്ള ആദരവിലും, അവയുടെ ആന്തരികമായ തത്വത്തിന്റെ വിഗണിക്കലിലുമാണു് സ്ഥിതിചെയ്യുന്നതു്.”

പരിതസ്ഥിതിയും സ്വഭാവവും തമ്മിലുള്ള പൊരുത്തമില്ലായ്മയെ സാത്വികഹാസപൂർവ്വം വർണ്ണിച്ചിട്ടുള്ള ഒരു കഥയാണു് ‘അച്ഛനും മകനും’ എന്നതു്, ‘കാളവണ്ടി’ എന്ന ഒടുവിലത്തെ കഥയിൽ ഐറണിയുടെ പ്രയോഗം കാണാം. നാട്ടിലെ ഗണികയായ ‘ദമയന്തി’ ആയിക്കൊള്ളൂ എന്നു പറഞ്ഞു ആക്ഷേപിക്കുന്ന അവളുടെ തള്ള ആ ‘ദമയന്തി’യുടെ കാമുകരിൽ ഒരുത്തനായ കണാരനോടു മകളെ ‘കൂട്ടിവിടുന്ന’തിലാണു് ഈ കഥയിലെ ഐറണി സ്ഥിതിചെയ്യുന്നതു്. കോൺസെൻട്രേഷൻ, പ്രകൃതിലാവണ്യബോധം എന്നീ ഘടകങ്ങളും വാസുദേവമേനോന്റെ കഥയെഴുത്തിൽ കാണാം. പ്രസന്നമാണു് ഇദ്ദേഹത്തിന്റെ ഭാഷാരീതി.
ഗ്രന്ഥകർത്താ: വള്ളത്തോൾ വാസുദേവമേനോൻ
(വള്ളത്തോൾ വാസുദേവമേനോന്റെ ചെറുകഥയ്ക്കു് കേസരി ബാലകൃഷ്ണപിള്ള എഴുതിയ നിരൂപണം.)