images/Royal_cortege_leaving_Rajagriha.jpg
Flinders Petrie, painting by Philip Alexius de Laszlo .
പണ്ടത്തെ കേരള വിഭാഗങ്ങളും ഭരണരീതിയും
കേസരി ബാലകൃഷ്ണപിള്ള
images/Gokarna_Temple.jpg
ഗോകർണം ക്ഷേത്രം.

പ്രാചീനപാരസികരുടെ സപ്തചിരംജീവികളിൽ ഒരാളുടെ നാമമാണു് ഭൂമിദേവീപുത്രനെന്നു് അർത്ഥമുള്ള ഗയോകർണൻ. വ്രത്രഘ്നനെന്നും ഇവർ ഇദ്ദേഹത്തെ വിളിച്ചുവന്നിരുന്നു. [1] ഭാരതീയരുടെ സപ്തചിരംജീവികളിൽ ഒരാളായ ആദിമഹാബലിയും ഇദ്ദേഹമാകുന്നു. ചരിത്രാതീതകാലത്തെ ആദിമനുവും (കുലസ്ഥാപകനും) ആദിബ്രഹ്മാവായ മഹാവിഷ്ണുവത്രേ ഇദ്ദേഹം.

ഇദ്ദേഹത്തിന്റെ ഗോകർണനാമം വഹിച്ചിരുന്നവയും, മഹാബലി ക്ഷേത്രങ്ങളുള്ളവയുമായ പല ഗോകർണനഗരങ്ങളും പണ്ടു പശ്ചിമഭാരതത്തിന്റെ തീരദേശങ്ങളിൽ സ്ഥിതിചെയ്തിരുന്നു. ഉത്തരകാനറയിലെ ഗംഗാവലി നദീമുഖത്തു് ഇന്നു നിൽക്കുന്ന ഗോകർണം ഇവയിലൊന്നാകുന്നു.

കുറിപ്പുകൾ
[1] വ്രതഘ്നനെ ഋഗ്വേദസംഹിതയിലും കാണാം.
നാലു ഖണ്ഡങ്ങൾ

ഗോകർണത്തിനും കന്യാകുമാരിക്കുമിടയ്ക്കു കേരളം, അഥവാ പരശുരാമക്ഷേത്രം സ്ഥിതിചെയ്തിരുന്നു എന്നു പിൽക്കാല ഐതിഹ്യം പറയുന്ന ഗോകർണം ഇതല്ല, പിന്നെയോ, ദക്ഷിണ കാനറയിലെ കുന്ദാപുർ താലൂക്കിലെ ഇന്നത്തെ കോടീശ്വരം ഗ്രാമമാകുന്നു. ഇവിടെയും ഒരു മഹാബലി ക്ഷേത്രം പണ്ടു സ്ഥിതിചെയ്തിരുന്നു. കോടീശ്വരമായ ഈ ഗോകർണം മുതൽക്കു കന്യാകുമാരി വരെയുള്ള ചേരരാജ്യത്തെ നാലു ഖണ്ഡങ്ങളാക്കി ഭാഗിച്ചിരുന്നു എന്നു് കേരളോൽപ്പത്തിയിൽ വിവരിച്ചിട്ടുണ്ടു്, ആര്യപ്പെരുമാളിനു (717–729 എ. ഡി.) മുമ്പുള്ള നാലു ഖണ്ഡങ്ങൾ, വടക്കുനിന്നു തെക്കോട്ടു മുറയ്ക്കു തുളു, കുപകം (കുവളം), കേരളം, മൂഷികം എന്നിവയും, ഇതിനുശേഷമുള്ളവ മുറയ്ക്കു തുളു, കേരളം, മൂഷികം, കുപകം (കുവളം) എന്നിവയും ആകുന്നു.

ആര്യപെരുമാളിനു മുമ്പുള്ള തുളുഖണ്ഡം ഗോകർണം (കോടീശ്വരം) മുതൽക്കു പെരുമ്പുഴ (നേത്രാവതീനദി) വരെയും, കുപകഖണ്ഡം പെരുമ്പുഴ മുതൽക്കു പുതുപട്ടണം (ഹോസ്ദുർഗ്) വരെയും, കേരളഖണ്ഡം പുതുപ്പട്ടണം മുതൽക്കു കണ്ടേറ്റി (കോട്ടപ്പുഴ മുഖത്തുള്ള കോട്ടയ്ക്കൽ) വരെയും, മൂഷികഖണ്ഡം കണ്ണേറ്റി മുതൽക്കു കന്യാകുമാരി വരെയും നീണ്ടുകിടന്നിരുന്നു. ആര്യപെരുമാളിനു ശേഷമുള്ള തുളുഖണ്ഡം ഗോകർണത്തിനും (കോടീശ്വരത്തിനും) പെരുമ്പുഴയ്ക്കും (ചന്ദ്രഗിരി പുഴയ്ക്കും) ഇടയ്ക്കും, കേരളഖണ്ഡം പെരുമ്പുഴയ്ക്കും പുതുപട്ടണത്തിനും (കോട്ടയ്ക്കലിനും) ഇടയ്ക്കും, മൂഷികഖണ്ഡം പുതുപട്ടണത്തിനും കണ്ണേറ്റിക്കും (കരുനാഗപള്ളി താലൂക്കിലെ കണ്ണേറ്റിക്കും) ഇടയ്ക്കും, കുപക ഖണ്ഡം കണ്ണേറ്റിക്കും കന്യാകുമാരിക്കുമിടയ്ക്കും ആണു് സ്ഥിതിചെയ്തിരുന്നതു്.

images/Shivalik_ranges.jpg
സപാദലക്ഷ/ശിവാലിക്.

ഹോസ്ദുർഗ് എന്ന കർണാടക പദത്തിന്റെ അർത്ഥം പുതുദുർഗം, അഥവാ പുതുപട്ടണം എന്നാകുന്നു. കണ്ടേറ്റി എന്നതിനു കന്നേറ്റി എന്നൊരു പാഠഭേദവുമുണ്ടു്. കന്ദേറ്റിക്കു സമീപം കന്ദൻപെരുമാൾ കന്ദിവാകകോവിലകം പണിയിച്ചു എന്നു കേരളോല്പത്തിയിൽ പറഞ്ഞിരിക്കുന്നു. കന്ദിവാകകോവിലകത്തു ഇരയമ്മനെ തെക്കിളംകൂറുതമ്പുരാനെന്നും, കാഞ്ഞിരോട്ടഴിക്കു സമീപത്തുള്ള വിജയൻ കൊല്ലത്തു കോട്ടയിൽ കേരളവർമനെ വടക്കിളംകൂറുതമ്പുരാനെന്നും കോലത്തിരി കല്പിച്ചതായും കേരളോൽപ്പത്തി പ്രസ്താവിച്ചിട്ടുണ്ടു്. കാഞ്ഞിരോട്ടഴി കാസർക്കോടിനു സമീപത്തുള്ളതാകുന്നു.

കോട്ടയ്ക്കൽ കോലത്തുനാടിന്റെ തെക്കൻ അതിർത്തിയിലായിരുന്നതു നിമിത്തം കുന്നേറ്റി കോട്ടയ്ക്കൽ ആണെന്നു് അനുമാനിക്കാം. പുതുപട്ടണം ലോപിച്ചു ഉണ്ടായതാണു് പുതുപ്പണമെന്നതു്. ആര്യപ്പെരുമാളിന്റെ കാലത്തു കോട്ടപ്പുഴമുഖത്തിന്റെ തെക്കൻകരയിൽ നിൽക്കുന്ന കോട്ടയ്ക്കൽ പുതുപട്ടണം എന്ന അപരനാമവും വഹിച്ചിരുന്നതായി അനുമാനിക്കാം. ആര്യപ്പെരുമാളിന്റെ പിൻഗാമിയായിരുന്നു കന്ദിവാകുകോവിലകം പണിയിച്ച കന്ദൻപെരുമാൾ.

നാഗരഐതിഹ്യം

1932-ലെ ‘ഇന്ത്യൻ ആൻടിക്വറി’യിൽ ‘നാഗരബ്രാഹ്മണരും, ബംഗാളിലെ കായസ്ഥരും’ എന്നൊരു വിജ്ഞാനപ്രദമായ ലേഖനം ഡി. ആർ. ഭണ്ഡാർകർ എഴുതിയിരുന്നു. ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രജാതിക്കാർ ഉൾപ്പെട്ടിരുന്ന നാഗരവർഗ്ഗക്കാരുടെ ഐതിഹ്യം വിസ്തരിച്ചു വിവരിച്ചിട്ടുള്ള ഈ ലേഖനത്തിൽനിന്നു ചില സംഗതികൾ ചുവടെ ചേർക്കുന്നു:

രവിനദി മുതൽക്കുള്ള പൂർവ്വപഞ്ചാബിലും, ഉത്തരപ്രദേശത്തുമായി സ്ഥിതിചെയ്യുന്ന സപാദലക്ഷ (ശിവാലിക്) പർവ്വതനിരയുള്ള ദേശത്തു 72 ഗ്രാമങ്ങളിലായി സപാദലക്ഷീയബ്രാഹ്മണർ (ഹിന്ദുക്കൾ) പാർത്തിരുന്നു. ഇവർ നാലു ജാതികളിലും ഉൾപ്പെട്ട ഹിന്ദുക്കൾ ആയിരുന്നു. നാഗരവർഗം എന്നും ഇവർക്കു പേരുണ്ടായിരുന്നു. ഹാടകേശ്വരൻ ആയിരുന്നു ഇവരുടെ കുലദേവത. ഇവരുടെ 72 ഗ്രാമങ്ങളിൽ നിന്നു നാലു ജാതിയിൽപ്പെട്ട ഒരു കുടിപാർപ്പുസംഘം ഉത്തരഗുജറാത്തിലെ പണ്ടത്തെ ചമൽകാരപുരം, അഥവാ ആനന്ദപുരം, നിന്നിരുന്ന ഇന്നത്തെ വടനഗർ നിൽക്കുന്ന ദേശത്തു വന്നു് ഇവിടുത്തെ റാണിയുടെ അനുവാദസഹിതം നിവസിക്കുകയുണ്ടായി. ഇവരിൽ 68 ഗ്രാമക്കാർ റാണിയിൽ നിന്നു ഭൂമിദാനം വാങ്ങി ഇവിടെ പാർത്തു. ശേഷിച്ച നാലു ഗ്രാമക്കാർ ദാനം വാങ്ങാൻ മടിച്ചു തിരിച്ചു പോയി. ഈ 68 ഗ്രാമക്കാരിൽ മറ്റു നാലു ഗ്രാമക്കാർ ഇവിടത്തെ നാഗൻമാരെ ഭയന്നു പിന്നീടു് ഇവിടെ നിന്നു പലായനം ചെയ്തു. ഇങ്ങനെ ചമൽക്കാരപുരത്തു് 64 ഗ്രാമക്കാർ മാത്രം ശേഷിച്ചു.

images/Vasanthasena.jpg
വസന്തസേന—മൃച്ഛകടികത്തിലെ നായിക.

പിന്നീടു് ഇവിടെവച്ചു ശക്രൻ ഒരു യജ്ഞം നടത്തുവാൻ നിശ്ചയിച്ചു. ഇതിനായി ഇദ്ദേഹം ഹിമാലയദേശത്തുനിന്നു് എട്ടു നാഗരബ്രാഹ്മണ ഗ്രാമക്കാരെ ക്ഷണിച്ചുകൊണ്ടുവന്നു. ഇവർക്കു അഷ്ടകുലീനർ എന്ന പേരുകിട്ടി. ഇവരിൽ ചിലർ മധ്യഗർ, അഥവാ മധ്യദേശക്കാർ, ആയിരുന്നു. അഷ്ടകുലീനരിൽ നിന്നു വേർതിരിക്കുവാൻ ഇവിടെ ഉണ്ടായിരുന്ന 64 ഗ്രാമക്കാർക്കു സാമാന്യർ എന്ന പേരു കൊടുക്കുകയും ചെയ്തു. നാഗരവർഗ്ഗക്കാർ ആണു് ശൗരസേനി പ്രാകൃതഭാഷയോടു് അടുപ്പമുള്ള നാഗര, ഉപനാഗര എന്നീ രണ്ടു് അപ്രഭംശഭാഷകളും, നാഗരലിപിയും സൃഷ്ടിച്ചവർ.

പിൽക്കാലത്തു സപാദലക്ഷദേശത്തുനിന്നു നാഗരവർഗ്ഗശാഖകൾ ബീഹാറിലും, ബംഗാളിലും, രാജപുട്ടാണയിലെ ബിക്കാനീറിലും, പോയി കുടിപാർക്കുകയുണ്ടായി. ബംഗാളിലേക്കു പോയവരത്രേ ഇവിടത്തെ കായസ്ഥബ്രാഹ്മണരുടെ പൂർവ്വികർ. യമനായ ധർമരാജന്റെ അനുജനും, കണക്കെഴുത്തുകാരനുമായ ചിത്രഗുപ്തനെ കായസ്ഥർ തങ്ങളുടെ കുലസ്ഥാപകനായി കരുതിവരുന്നു. കായസ്ഥപദത്തിന്റെ അർത്ഥം ലേഖകൻ, അഥവാ ഗണകൻ എന്നാണെന്നു വിജ്ഞാനേശ്വരൻ പറഞ്ഞിട്ടുണ്ടു്. രാജാവു നിയമിച്ച കായസ്ഥൻ ഒരു പ്രമാണം ഒപ്പിടുമ്പോൾ അതു രാജാവിന്റെ ഒപ്പായി കരുതപ്പെട്ടു വരുന്നു എന്നു വിഷ്ണുസ്തുതി ചൂണ്ടികാണിച്ചിട്ടുമുണ്ടു്. ബംഗാളി ബ്രാഹ്മണർ കായസ്ഥരെ ശൂദ്രരായി പരിഗണിച്ചിരുന്നു.

images/Jambai_inscription_on_Adhiyamaan_Nedumaan_Anji.jpg
തമിഴ്‌നാട്ടിലെ തിരുക്കോവിലൂരിലെ തമിഴ് ലിഖിതം.

തമിഴ്‌നാട്ടിലെ പ്രാചീനകേരളത്തിൽ നമ്പൂതിരിമാർ വന്നതിനെപ്പറ്റിയുള്ള ഐതിഹ്യത്തിലും, നാഗരഐതിഹ്യത്തിലെ 64 ഗ്രാമകഥയും, നാഗരരെ ഭയന്നുണ്ടായ പലായനകഥയും, അഷ്ടആഢ്യന്മാരുടെ കഥയും കാണാം. ഇതിൽ നിന്നു് ഈ കഥകൾ തമിഴ്‌നാട്ടിലെ പ്രാചീനകേരളത്തെ സംബന്ധിച്ചവയല്ലെന്നു് അനുമാനിക്കാം. വി. ആർ. ഭണ്ഡാർകർ ചമൽക്കാരപുരം (ആനന്ദപുരം) ഗുജറാത്തിലെ ഇന്നത്തെ വടനനഗരാണെന്നു വിചാരിക്കുന്നു. ഇതു ശരിയല്ല. ആദ്യത്തെ ആനന്ദപുരം ഹെലുഷ (ഹർഷ) എന്നു ഹ്യുയാൻസാങ്ങ് പേരിട്ടിട്ടുള്ള തെക്കൻ കാശ്മീരത്തെ ഇന്നത്തെ രാജാരി നഗരമായിരുന്നു. ഇവിടെ നിന്നുള്ള ഒരു കുടിപാർപ്പുസംഘമാണു് ഗുജറാത്തിലെ ആനന്ദപുരം പിന്നീടു് സ്ഥാപിച്ചതു്. ഹർഷം എന്നതിനു് ആനന്ദം എന്ന അർത്ഥമുണ്ടല്ലോ. പൌരാണികകേരളത്തിന്റെ രാജധാനികളിൽ ഒന്നായിരുന്നു രാജാരി എന്നു് 1956-ലെ ജയകേരളം വിശേഷാൽപ്രതിയിൽ ഞാൻ സ്ഥാപിച്ചിരുന്നു. ഗുജറാത്തിൽ നിന്നു് ഈ നാഗരർ ആദ്യം ദക്ഷിണാപഥത്തിലേക്കും, പിന്നീടു് കേരളത്തിലേക്കും പോന്നു.

64 ഗ്രാമങ്ങൾ

കേരളത്തിലെ ‘64 നമ്പൂതിരിഗ്രാമങ്ങൾ’ എന്നു പറഞ്ഞുവരുന്നവ വാസ്തവത്തിൽ നമ്പൂതിരിമാർ മാത്രം പാർത്തുവന്നിരുന്നവ അല്ല. പിന്നെയോ, നമ്പൂതിരിമാർ ഉൾപ്പെട്ട നാനാജാതിക്കാരും മതക്കാരും നിവസിച്ചിരുന്നവ ആയിരുന്നു എന്നു ഭണ്ഡാർകരുടെ ലേഖനം സൂചിപ്പിക്കുന്നുണ്ടു്. ഗ്രാമണി എന്ന ഒദ്യോഗിക നാമത്തിൽ ഗ്രാമവാസികളായ ഹിന്ദു-ബുദ്ധ-ജയിനാദികളുടെ ഇടയിൽ ഈ മതക്കാരുടെ സ്മൃതികളും ധർമശാസ്ത്രങ്ങളും അനുസരിച്ചു നീതിന്യായപരിപാലയം നിർവ്വഹിക്കുന്ന പ്രാഡ്വിവാകൻ (ജഡ്ജി) നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ഓരോ ഗ്രാമസഭയും കൂടി ഗ്രാമഭരണം നടത്തിവന്നു. ഇതു നിമിത്തമത്രേ ഈ ഗ്രാമങ്ങളെ നമ്പൂതിരിഗ്രാമങ്ങൾ എന്നു ജനകീയഐതിഹ്യം പേരിട്ടിട്ടുള്ളതു്. ഇന്നത്തെ പഞ്ചായത്തുകളെപ്പോലെ ഈ ഗ്രാമസഭകൾ പ്രാദേശിക സ്വയംഭരണം മാത്രം നടത്തിവന്നിരുന്നു.

images/ashok-visit.jpg
രാമഗ്രാമത്തിലേയ്ക്കുള്ള അശോകന്റെ സന്ദർശനം.

അശോകമൗര്യന്റെ കാലത്തു് (273–232 ബി. സി.) സത്യപുത്രം, കേരളപുത്രം എന്നീ രണ്ടു രാജ്യങ്ങൾ ഉത്തരകാനറയിലെ ഗോകർണത്തിനും കന്യാകുമാരിക്കുമിടയ്ക്കു സ്ഥിതിചെയ്തിരുന്നു. ഗോകർണമെന്നും പേരുണ്ടായിരുന്ന കോടീശ്വരം വരെയുള്ള കടലോരദേശവും, മൈസൂരും, സത്യപുത്രത്തിലും, ഇതിനു തെക്കുള്ള സമുദ്രതീരദേശവും, കൊംഗും, കേരളപുത്രത്തിലും ഉൾപ്പെട്ടിരുന്നു. പതിവായി പരസ്പര വിവാഹങ്ങൾ നടത്താറുള്ള സ്വരൂപങ്ങളായിരുന്നു ഇവ രണ്ടും ഭരിച്ചിരുന്നതു്.

മൌര്യസാമ്രാജ്യാധപ്പതനം സംഭവിച്ച 184 ബി. സി.-ക്കുശേഷം ഒരു സത്യപുത്രനൃപന്റെയും കേരളപുത്ര റാണിയുടേയും മകൻ രാമഘടമൂഷികൻ (170–146 ബി. സി.) തന്റെ വാഴ്ചാരംഭത്തിൽ രണ്ടു രാജ്യങ്ങളേയും തമ്മിൽ യോജിപ്പിച്ചുവെങ്കിലും, തന്റെ അന്ത്യകാലത്തു രണ്ടു പുത്രന്മാരായ വടുവിനും, നന്ദനനുമായിട്ടു പഴയപടി ഇതിനെ രണ്ടായി ഭാഗിക്കുകയാണു് ചെയ്തതു്. വടക്കൻ രാജ്യത്തിനു ആന്ധ്രപുത്രമെന്നും, ഹൈഹയമെന്നും പേരുകൾ സിദ്ധിക്കുകയുണ്ടായി. ഈ രാമഘടമൂഷികൻ ഒന്നാമത്തെ ചേരമാൻപെരുമാളാണു താനും.

64 ഗ്രാമങ്ങളും സ്ഥാപിച്ചതിനുശേഷം, “ശ്രീ പരശുരാമൻ 64 ഗ്രാമത്തേയും വരുത്തി വെള്ളപ്പനാട്ടിൽ കൊണ്ടുവന്നുവച്ചു്, 64 ഗ്രാമത്തിനും 64 മഠവും തീർത്തു്, 64 ദേശവും തിരിച്ചു കൽപിച്ചു്, ഓരോരോ ഗ്രാമത്തിനും അനുഭവിപ്പാൻ വെവ്വേറെ ദേശവും വസ്തുവും തിരിച്ചുകൊടുത്തു. ഒരു ഗ്രാമത്തിനും വെള്ളപ്പനാട്ടിൽ വസ്തുവും തറവാടും കൂടാതെ കണ്ടില്ല. 64 ഗ്രാമത്തിനും വെള്ളപ്പനാടു പ്രധാനം എന്നു കൽപ്പിച്ചു.”

ഇപ്രകാരം കേരളോൽപ്പത്തിയിൽ പറഞ്ഞിട്ടുള്ള വെള്ളപ്പനാടു സത്യപുത്രത്തിന്റെ രാജധാനിയും, മൈസൂരിലെ ശിക്കാർപ്പൂർ താലൂക്കിലെ ബെൾഗാമെ (ബലിഗ്രാമം) നഗരത്തിൽ നിന്നിരുന്ന മാഹിഷ്മതിയും ആകുന്നു. മൈസൂർ ഐതിഹ്യം ബെൾഗാമെയ്ക്കു ബീജനഗരമെന്നും, തമിഴ് ഐതിഹ്യം ഇതിനു കരുവൂർ (ബീജനഗരം) എന്നും പേരിട്ടിട്ടുണ്ടു്.

പ്രാചീനകേരളത്തിലെ 64 ഗ്രാമങ്ങൾ ഒരേ സമയത്തല്ല സ്ഥാപിക്കപ്പെട്ടതു്. ക്രമേണ പല കാലങ്ങളിലുമായി ഇവ ഉത്ഭവിച്ചു. ഗ്രാമങ്ങളുടെ സ്ഥാനങ്ങൾക്കും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഒരു ഗ്രാമത്തിൽ നിന്നു കുടിപാർപ്പുകാർ മറ്റൊന്നു സ്ഥാപിക്കുമ്പോൾ, ഇവർ പലപ്പോഴും മാതൃഗ്രാമത്തിന്റെ പേരുകൾ പുതിയ ഗ്രാമങ്ങൾക്കു നൽകിവന്നിരുന്നു. ഒരു ഗ്രാമത്തിനു് ഒരു പുതിയ പേരുകൊടുക്കുകയാണെങ്കിൽ, ഇതിന്റെ ഒരു അപരനാമമാക്കി മാതൃഗ്രാമത്തിന്റെ നാമം നിലനിർത്തിവന്നിരുന്നു താനും.

ഗ്രാമങ്ങളും നഗരങ്ങളും നാടുകളും
images/Keralolpathi.jpg
കേരളോല്പത്തിയുടെ പുറം താൾ.

ഒടുവിലത്തെ ചേരമാൻപെരുമാൾ കേരളം ഭാഗിച്ചു കൊടുത്ത കഥ വിവരിക്കുമ്പോൾ, അന്നുണ്ടായിരുന്ന വിഭാഗങ്ങൾ മുതലായവയെ കേരളോൽപ്പത്തിയിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: “കന്യാകുമാരി ഗോകർണത്തിന്റെ ഇടയിൽ… ചേരമാൻ നാടു നൂറ്റിഅറുപതുകാതം വഴിനാടും, 4448 ദേവപ്രതിഷ്ഠയും, 108 ദുർഗാലയവും, 360 ഭൂതപ്രതിഷ്ഠയും, 108 നാൽപ്പത്തീരടിയും 64 ഗ്രാമവും, 96 നഗരവും, 18 കോട്ടപ്പടിയും, 17 നാടും—തുളുനാടു, കോലത്തുനാടു, പോനാടും, കുറുമ്പനാടും, പുറവഴിനാടും, ഏറനാടു, പറപ്പുനാടു, വള്ളുവനാടു, രാവണനാടു, വെട്ടത്തുനാടും, തിരുമാനശ്ശേരിനാടു, പെരിമ്പടപ്പുനാടു, നെടുങ്ങനാടു, വെങ്ങനാടു, മുറിങ്ങനാടു, ഓണനാടു, വേണാടു, അണഞ്ഞ അഞ്ചുനാടു: പാണ്ടി, കൊംഗു, തുളു, വയനാടു, പുന്നാടു, എന്നു പറയുന്നു.”

നാൽപ്പത്തീരടികൾ വെളിച്ചപ്പാടു ക്ഷേത്രങ്ങൾ ആകുന്നു. ഇത്തരം ക്ഷേത്രങ്ങൾ പണ്ടു് ഏഷ്യ ഒട്ടുക്കും, ഈജിപ്തിലും, ഗ്രീസിലും, ഇറ്റലിയിലും മറ്റും സ്ഥിതിചെയ്തിരുന്നു. കേരളോൽപ്പത്തി ഭാഗത്തിൽ ഗ്രാമങ്ങളേയും, നഗരങ്ങളേയും പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണു്? ഗ്രാമം പ്രാദേശിക സ്വയംഭരണാവകാശമുള്ള ഘടകവും, നഗരം ദേശവാഴികൾ മുതലായവർ മുഖേന രാജാവു നേരിട്ടു ഭരിച്ചിരുന്ന ഘടകവും ആണെന്നുള്ളതത്രേ ഇവ തമ്മിലുള്ള ഒരു വ്യത്യാസം. തൊഴിൽസംഘങ്ങൾ (നിഗമങ്ങൾ) മാത്രമേ ജനകീയ സ്ഥാപനങ്ങളായി നഗരങ്ങളിൽ ഉണ്ടായിരുന്നുള്ളു. ഇവ തൊഴിൽ സംബന്ധിച്ച കാര്യങ്ങൾ മാത്രമേ തീരുമാനിച്ചിരുന്നുമുള്ളു.

നഗരങ്ങളിലെ തൊഴിൽസംഘങ്ങളുടെ വ്യാപാരങ്ങളിൽ രാജാവു് ഒരു നികുതി ചുമത്തിയിരുന്നു. അന്നത്തെ ഒരു വലിയ നികുതിയിനം ആയിരുന്ന ഈ തൊഴിൽനികുതിയിൽ (അങ്കത്തിൽ) ഒരു സാരമായ ഭാഗം സകല ജാതിക്കാരും അടങ്ങിയിരുന്ന ഗണികസംഘങ്ങൾ കൊടുത്തിരുന്നു. പ്രാചീനഭാരതത്തിൽ ഗണികകൾക്കുണ്ടായിരുന്ന മാന്യമായ സ്ഥാനവും, ഇവരുടെ ഗുണങ്ങളും, ഇവരെ രാജാവു ബഹുമാനിച്ചിരുന്നതും, എ. ഡി. മൂന്നാം ശതകത്തിലെ വാത്സ്യായനന്റെ ‘കാമസൂത്ര’ത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു:

“അഭിരമ്യുച്ച്ശൃതാ വേശ്യാ
ശീലരുപഗുണാന്വിതാ
ലഭതേ ഗണികാശബ്ദം
സ്ഥാനം ച ജനസംസദി
പൂജിതാ സാ സദാ രാജാ
ഗുണവദ്ഭിശ്ച സസംസ്തുതാ
പ്രാർഥനീയാ അ ഭിഗമ്യാ ച
ലക്ഷ്യഭൂതാ ച ജായതേ.”
images/manimekhala.jpg
മണിമേഖലയുടെ പുറംതാൾ.

പിൽക്കാലത്തെ വിജയനഗരസാമ്രാജ്യത്തിലെ പൊലീസ് വകുപ്പിന്റെ ചെലവിനു വേണ്ടതു മുഴുവനും ഗണികനികുതിയിൽ നിന്നു കിട്ടിയിരുന്നു എന്നു കെ. ടി. ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപോലെതന്നെ ആയിരുന്നിരിക്കണം തമിഴ്സംഘകാലത്തെ (498–817 എ. ഡി.) ഗണികനികുതിയും. പണ്ടത്തെ ഗണികകൾക്കു സമുദായത്തിൽ ഉണ്ടായിരുന്ന സ്ഥാനത്തെ പറ്റി ഷാ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “വൈവാഹികജീവിതത്തിന്റെ സുഖകരമായ പോക്കിനു വിഘ്നം വരുത്താതെ കാക്കുന്ന പ്രവൃത്തി മാത്രമല്ല ഗണിക ചെയ്തിരുന്നതു്. അവൾ ഒരു ഗവർൺമെന്റുദ്യോഗസ്ഥയും, പ്രജകളുടെ ആരോഗ്യത്തെ സംരക്ഷിച്ചുകൊണ്ടുപോയിരുന്നവളും കൂടിയായിരുന്നു.”

മറ്റൊരു കാര്യം ഷാ ഇവിടെ പ്രസ്താവിച്ചിട്ടില്ല; പൊതുവർ (പൊതുമകളിർ) എന്നു തമിഴ് സംഘമഹാകാവ്യമായ ‘മണിമേഖല’യിൽ പേരിട്ടിട്ടുള്ള ഈ ഗണികകൾ കലാഭിവൃദ്ധിക്കു വേണ്ടി ചെയ്തിരുന്ന വേലയത്രേ ഇതു്. തമിഴ് സംഘകാലത്തെ നർത്തകികൾ, കവയിത്രികൾ, പാട്ടുകാരികൾ എന്നിവരിൽ ഒരു വലിയ ഭാഗം ഈ പൊതുവ ആയിരുന്നു. ‘ചിലപ്പതികാര’ത്തിലെ കോവലന്റെ വയ്പാട്ടിയായിരുന്ന മാധവിയെ ഇത്തരക്കാരുടെ ഒരു ഉദാഹരണമായി എടുത്തുകാട്ടാം. ‘മൃച്ഛകടിക’മെന്ന പ്രാചീനസംസ്കൃതനാടകത്തിലെ വസന്തസേനയും ഇത്തരക്കാരിയിരുന്നു.

images/Cheraman_Perumal.png
ചേരമാൻ പെരുമാളിന്റെ രേഖാചിത്രം.

ഗ്രാമവും നഗരവും തമ്മിലുള്ള മറ്റൊരു വ്യത്യാസം ഭൂനികുതിയായ വിളവിന്റെ ആറിലൊരംശം ഗ്രാമങ്ങളിൽ നിന്നു പിരിച്ചെടുക്കുവാൻ രാജാവിനു് അധികാരമില്ല എന്നുള്ളതാകുന്നു. ഇതിനെ കേരളോൽപ്പത്തിയിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു: “മുമ്പിൽ 64 ഗ്രാമത്തിനും ഒരുമിച്ചു പൂവും നീരും കൊടുത്തതു അനുഭവിപ്പാൻ ജന്മം എന്നു പറയുന്നു. ആ കൊടുത്തതു ഓരോ ഗ്രാമങ്ങളിലുമുള്ള തറവാട്ടുകാർക്കു ഒരുമിച്ചുകൊടുത്ത ഏകോദകം. പിന്നെ പത്തു ഗ്രാമത്തിൽ 14 ഗോത്രത്തിൽ 36,000 ബ്രാഹ്മണർക്കു വാളിന്മേൽ നീർപകർന്നുകൊടുത്തതു രാജാംശം; അവർക്കു എന്റെ ജന്മം എന്നു ചൊല്ലി വിരൽ മുക്കാം. മറ്റവർക്കു ‘എന്റെ ജന്മം’ എന്നു വിരൽ മുക്കരുതു്. അവർക്കു് അനുഭവത്തിന്നേ മുക്കുള്ളു. അവർ അന്യോന്യം മുക്കുമ്പോൾ ‘എനിക്കു അനുഭവം’ എന്നു ചൊല്ലി വിരൽമുക്കേണം.”

പിന്നെയും കേരളോൽപ്പത്തിയിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: “രാജാവിനു മലനാട്ടിൽ ഷൾഭാഗം കൊടുത്തിട്ടില്ല; വൃത്തിയേ കൊടുത്തിട്ടുള്ളു; എല്ലാവരുടേയും വസ്തുവിന്മേലും ഷൾഭാഗം രക്ഷാപുരുഷന്മാർ അനുഭവിച്ചു; രണ്ടാമതു തളിയാതിരിമാർ അനുഭവിച്ചു; പിന്നെ ചാത്തിരർക്കായി കൽപ്പിച്ചുവയ്ക്കയാൽ ഇന്നു ചാത്തിരർക്കു് ആയതുണ്ടു്.” ഇതിലെ വൃത്തി (വിരുത്തി) ഗ്രാമങ്ങളൊഴിച്ചുള്ള ശേഷിച്ച രാജ്യഭാഗങ്ങളിൽനിന്നു ഭൂനികുതി, അങ്കം, ചുങ്കം മുതലായവ പിരിച്ചെടുക്കുവാനുള്ള അവകാശമാകുന്നു. ഈ ഭാഗങ്ങളിലുള്ള വസ്തുക്കളുടെ ജന്മാവകാശം രാജാവിലാണു് സ്ഥിതിചെയ്തിരുന്നതു്. ഗ്രാമവസ്തുക്കളുടെ ജന്മാവകാശം ഗ്രാമക്കാർക്കു് എല്ലാവർക്കും കൂടിയുള്ളതുമാകുന്നു.

പത്തര അവരോധകഴകങ്ങൾ
images/Chera_emblem.jpg
ചേര സാമ്രാജ്യ (കേരളപുത്രന്മാർ) ചിഹ്നം.

64 ഗ്രാമങ്ങളെ പത്തര അവരോധകഴകങ്ങളാക്കി സംഘടിപ്പിച്ചു്, ഇവയിൽ ഓരോന്നിന്റേയും ഭരണത്തിന്റെ മേൽനോട്ടം അവരോധകഴകങ്ങളെ ഏൽപ്പിച്ചിരുന്നു. ഓരോ കഴകത്തിനും ഓരോ രക്ഷാപുരുഷനെ ഗ്രാമപ്രതിനിധികൾ യോഗം കൂടി ഒരു ക്ലിപ്തകാലത്തേക്കു തിരഞ്ഞെടുത്തിരുന്നു. നിഴൽയോഗങ്ങളെന്നും ഇവയ്ക്കു പേരുണ്ടു്. നിഴൽ എന്ന തമിഴ്പദത്തിന്റെ അർത്ഥം രക്ഷിക്കുക എന്നതാകുന്നു. നിഴൽയോഗത്തിൽ രാജാവിന്റെ പ്രതിനിധിക്കു് അര വോട്ടു മാത്രമേ ഉണ്ടായിരുന്നുള്ളു. ഇങ്ങനെയാണു് പത്തര അവരോധകഴകങ്ങളായതു്. രക്ഷാപുരുഷന്മാരെ ആദിയിൽ മൂന്നുവർഷത്തേക്കും, പിന്നീടു 12 വർഷത്തേക്കും ആണു് തിരഞ്ഞെടുത്തിരുന്നതു്. ഇവയ്ക്കിടയ്ക്കു് ഇവരെ കുറേനാൾ അഞ്ചാണ്ടിലേക്കു് തിരഞ്ഞെടുത്തിരുന്നു എന്നുമൊരു ഐതിഹ്യമുണ്ടു്.

കഴകനിശ്ചയങ്ങൾ നടത്തിക്കൊടുത്തതു രക്ഷാപുരുഷന്മാരായിരുന്നു. ഇതിനു പ്രതിഫലമായി രക്ഷാപുരുഷർ ഗ്രാമങ്ങളിലെ വിളവിന്റെ ആറിലൊരംശം പിരിച്ചെടുത്തിരുന്നു. അവരോധനമ്പി, വാഴുവർ, വാഴുന്നവർ, ആളുവർ, വാൾനമ്പി, ചാത്തിരർ (ശാസ്ത്രികൾ, ശാസ്ത്രം അഥവാ ആയുധം എടുത്തവർ) എന്നീ ഔദ്യോഗികനാമങ്ങൾ ഇവർ വഹിച്ചിരുന്നു. രാജാവിനെപ്പോലെ വധശിക്ഷ നടത്തുവാനും ഇവർക്കു് അധികാരം ഉണ്ടായിരുന്നു.

12 വാഴുന്നവരുടെ പേരുകൾ കേരളോൽപ്പത്തിയിൽ പ്രസ്താവിച്ചിട്ടുണ്ടു്. ഇടപ്പള്ളി നമ്പ്യാതിരി, വെങ്ങനാട്ടു നമ്പ്യാതിരി, കനിത്തല പണ്ടാല, പുതുമനക്കാട്ടു നമ്പ്യാതിരി, ഇളമ്പയിലാണ്ടലു, പുന്നത്തൂർ നമ്പിടി, തലയുർ മൂസത്, പിലാന്തോളിൽ മൂസത്, ചോഴത്തു് ഇളയത്, കുഴിമണ്ണു മൂസത്, കല്ലുക്കാട്ടു ഇളയത്, പൊന്നിനിലത്തു മുമ്പിൽ, എന്നിവയത്രേ ഈ പേരുകൾ [2] പത്തര അവരോധകഴകങ്ങളിൽ ഓരോന്നിനോടും—പെരിഞ്ചെല്ലൂർ 3000, പറപ്പൂർ 5000, ചെങ്ങന്നൂർ 5000, എന്നിങ്ങനെ സംഖ്യകൾ ഘടിപ്പിച്ചിട്ടുണ്ടു്. ഇവയെല്ലാംകൂടി മുപ്പത്തിആറായിരം വരും. ഈ അവരോധകഴകങ്ങൾ ഭരണമേൽനോട്ടം വഹിച്ചിരുന്ന ചെറുഗ്രാമങ്ങളിൽ ഉണ്ടായിരുന്ന കുട്ടികളുടെ ആകെത്തുകയത്രേ ഈ സംഖ്യകൾ.

കുറിപ്പുകൾ
[2] വെങ്ങനാടു കൊളു/കോടിലും, ഇളമ്പയിൽ കോഴിക്കോടു താലൂക്കിലും, കുഴിമണ്ണു മലബാറിലെ ആലത്തൂരും, കല്ലുക്കാട്ടു പെരുമനത്തും, പൊന്നിനിലത്തു പെരിഞ്ചെല്ലൂരിലും സ്ഥിതിചെയ്തിരുന്നു

കേരളോൽപ്പത്തിയുടെ ഒരു പാഠത്തിൽ കേരളത്തിൽ പണ്ടു പ്രചരിച്ചിരുന്ന വ്യാഴവട്ടഗണനത്തെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു; “മുന്നേ കൊല്ലമില്ല, കാലമറിവാൻ കലിയേ ഉള്ളൂ. അതു് എല്ലാവർക്കും തിരിയായ്ക കൊണ്ടു 64 ഗ്രാമത്തിൽ ബ്രാഹ്മണർ കേരളത്തിലുള്ള രാജാക്കന്മാരും കൊല്ലത്തു യാവാരിയുംകൂടി ചിറ കുഴിച്ച കാലം… അന്നു ക്ഷേത്രം തീർത്തു. കൊല്ലം അന്നു തുടങ്ങി വ്യാഴത്തിന്റെ മുമ്പിൽ നടത്തിയിരിക്കുന്നു. കലി എല്ലാവർക്കും അറിഞ്ഞുകൂടാ, ജ്യോതിഷക്കാർക്കു് അറിഞ്ഞുകൂടാ. കൊല്ലവർഷം അറിഞ്ഞുകൊള്ളാം. അതുകൊണ്ടു കൊല്ലവും വ്യാഴവും കൂടിനടത്തുന്നു.”

വ്യാഴഗ്രഹം ഏതു നക്ഷത്രത്തോടു കൂടിച്ചേർന്നു നിൽക്കുന്നുവോ, അതിൽ തന്നെ പന്ത്രണ്ടു വർഷം കഴിഞ്ഞു തിരിച്ചു വരുന്നതാണു്. ഇതിൽ നിന്നു ജ്യോതിശാസ്ത്രത്തിലെ വ്യാഴവട്ടം ഉത്ഭവിച്ചു. ഈ വ്യാഴവട്ടമാണു് പണ്ടു് കേരളത്തിൽ സർവത്ര പ്രചരിച്ചിരുന്നതു്. അറുപതു വർഷമടങ്ങിയ പുരാണങ്ങളിലെ ചതുർയുഗത്തിന്റെ, അഥവാ ബൃഹസ്പതി വർഷവട്ടത്തിന്റെ, അഞ്ചിലൊരംശം ആണു് ഇതു്. ഈ ഇരുതരം വർഷവട്ടങ്ങളും പണ്ടു് തിബത്തുകാരുടേയും, ചീനന്മാരുടേയും ഇടയ്ക്കും പ്രചരിച്ചിരുന്നു.

images/Cheraman_Perumal_Nayanar.jpg
ചേരമാൻ പെരുമാൾ നയനാർ, തഞ്ചാവൂർ ബ്രിഹദീശ്വര ക്ഷേത്രം.

12 വർഷത്തേക്കുമാത്രം തിരഞ്ഞെടുക്കുന്ന രക്ഷാപുരുഷന്മാരെ പരമ്പരയാ നാടുവാണിരുന്ന ചേരരാജാക്കന്മാരെ 12 വർഷത്തേക്കുമാത്രം നിയമിക്കുന്നവരാക്കി കേരളോൽപ്പത്തിയിൽ പറഞ്ഞിരിക്കുന്നതു് അബദ്ധമാണു്. രാജ്യത്തിലെ ഗ്രാമങ്ങളുടെ തലവന്മാരായുള്ള രക്ഷാപുരുഷരെ 12 വർഷത്തേക്കു മാത്രമേ അവരോധിച്ചു നിയമിച്ചിരുന്നുള്ളു. തൻനിമിത്തം ഇവർക്കു് 12 വർഷത്തേക്കു് മാത്രമേ രാജാവിനെ അംഗീകരിക്കാൻ അധികാരമുണ്ടായിരുന്നുള്ളു. അതിനുശേഷം തിരഞ്ഞെടുക്കുന്ന രക്ഷാപുരുഷർ പിന്നെയും 12 വർഷത്തേക്കു് ആ രാജാവിനെത്തന്നെ അംഗീകരിച്ചിരുന്നു. ഇതാണു് കേരളോൽപ്പത്തി പറഞ്ഞിട്ടുള്ളതിന്റെ യഥാർത്ഥ അർത്ഥം. മറ്റു തമിഴ്‌നാട്ടുരാജ്യങ്ങളായ പാണ്ഡ്യത്തിലും, ചോഴത്തിലും രാജാക്കന്മാർ പരമ്പരയാ നാടുവാണിരുന്നതുപോലെ ചേരരും പരമ്പരയാ നാടുവാണിരുന്നു.

കേരളത്തിൽ നാടുവാണിരുന്ന പണ്ടത്തെ സ്വരൂപങ്ങളിൽ ഓരോന്നിന്റെയും കുലദേവത ഭഗവതിയായിരുന്നു. അവരോധകഴകങ്ങളുടെയും കഥ ഇതുതന്നെയാണു്. കഴകി എന്നും പര്യായമുള്ള അവരോധഗ്രാമദേവിയുടെ ക്ഷേത്രവളപ്പിൽ വച്ചു കഴകയോഗങ്ങൾ നടത്തിവന്നിരുന്നതുമൂലം, ഗ്രാമക്കൂട്ടങ്ങൾക്കും. കഴകങ്ങൾ എന്നു പേരുകിട്ടി. ചേരം ഒഴിച്ചുള്ള ശേഷിച്ച തമിഴ്‌നാട്ടുരാജ്യങ്ങളിൽ, ഗ്രാമക്കൂട്ടമായ കഴകത്തെ കോട്ടമെന്നു വിളിച്ചുവന്നിരുന്നു. ഭഗവതിയുടെ മറ്റൊരു പര്യായമായ കോട്ടവി എന്നതിൽനിന്നത്രേ ഈ നാമം ഉത്ഭവിച്ചതു്.

ഐംപെരുങ്കുഴുവും, എൺപേരായവും
images/Chera_coin.jpg
ചേര സാമ്രാജ്യത്തിന്റെ നാണയം.

രാജ്യംഭരിക്കുന്നതിൽ ചേരരാജാക്കന്മാരെ ഉപദേശിച്ചിരുന്ന രണ്ടു സമിതികളാണു് ഐംപെരുങ്കുഴുവും, എൺപേരായവും, കുഴു എന്നതിനു സഭ, സമിതി എന്നു് അർത്ഥമുണ്ടു്. രാഷ്ട്രീയ മന്ത്രിമാർ, പുരോഹിതർ, സേനാപതിമാർ, ധാന്യസംഭരണ ഉദ്യോഗസ്ഥന്മാർ, ചാരപ്രമാണികൾ എന്നിവരുടെ സമിതിയാണു് ഐംപെരുങ്കുഴു. കഴകപ്രതിനിധികളായ തളിയാതിരി നമ്പൂതിരിമാരും പുരോഹിതരിൽ ഉൾപ്പെട്ടിരുന്നു. സെക്രട്ടറിമാർ, പൊലീസ് മേധാവികൾ, പലതരം സൈന്യവിഭാഗങ്ങളുടെ തലവന്മാർ, നഗരഭരണം നിർവഹിക്കുന്നവർ മുതലായവർ ആണു് എൺപേരായത്തിലെ അംഗങ്ങൾ.

സാർവത്രികമായ രാജകീയാധികാരത്തിൽ നിന്നു രക്ഷകിട്ടണമെങ്കിൽ, പ്രജകൾ ഏതാനും ക്ഷേത്രസങ്കേതങ്ങളിൽ പോയി അഭയം പ്രാപിച്ചേ മതിയാവൂ. ഇവിടെ രാജഭടന്മാർ പ്രവേശിക്കരുതു് എന്നുള്ള ആചാരം ചേരരാജാക്കന്മാർ ഒരിക്കലും ലംഘിച്ചിരുന്നില്ല.

കേസരിയുടെ ലഘു ജീവചരിത്രം.

Colophon

Title: Pandathe Kerala vibhagangalum bharanareethiyum (ml: പണ്ടത്തെ കേരള വിഭാഗങ്ങളും ഭരണരീതിയും).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-06-06.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Pandathe Kerala vibhagangalum bharanareethiyum, കേസരി ബാലകൃഷ്ണപിള്ള, പണ്ടത്തെ കേരള വിഭാഗങ്ങളും ഭരണരീതിയും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 13, 2021.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Flinders Petrie, painting by Philip Alexius de Laszlo . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.