പൗരാണിക കാലത്തെ പാണ്ഡ്യ-ചോഴ-കേരള-കർണ്ണാടക രാജ്യങ്ങളുടെ ഉത്ഭവം മുമ്പു വിവരിച്ചിരുന്നല്ലോ. ഇതിനു മുമ്പുള്ള ചരിത്രാതീത കാലത്തെ പാണ്ഡ്യത്തെക്കുറിച്ചു ചില വിവരങ്ങൾ ഒരു പ്രാചീന ഗ്രീക്കുകൃതിയിൽ നിന്നു നമുക്കു് ലഭിച്ചിട്ടുണ്ടു്. അന്നു പാണ്ഡ്യ-ചോഴ-കേരള-കർണ്ണാടക രാജ്യക്കാർ തമ്മിൽ വേർപിരിയാതെ ഒന്നിച്ചു നിവസിച്ചിരുന്നതു നിമിത്തം ഈ നാലു രാജ്യക്കാരുടേയും രാഷ്ട്രമായിരുന്നു ഈ പാണ്ഡ്യം. ചന്ദ്രഗുപ്തമൗര്യന്റെ (312–296 ബി. സി.) പിൻഗാമി ബിന്ദുസാരന്റെ രാജധാനി പാടലീപുത്രത്തിൽ ഗ്രീക്കു ദൂതനായി പാർത്തിരുന്ന മെഗസ്തനീസ് ഭാരതത്തെക്കുറിച്ചു രചിച്ച ഒരു കൃതിയത്രെ ഇതു്. ഇന്നു നഷ്ടപ്പെട്ടുപോയ ഇതിൽനിന്നു് ചില ഭാഗങ്ങൾ ആരിയൻ എന്ന ഗ്രീക്കു ചരിത്രകാരൻ തന്റെ ‘ഇൻഡിക്ക’ എന്ന കൃതിയിൽ ഉദ്ധരിച്ചിട്ടുണ്ടു്. ഇവയിൽ ഒന്നു് ചുവടെ ഉദ്ധരിക്കുന്നു:

“ഇന്ത്യയിൽ 118 വർഗ്ഗക്കാരുണ്ടു്. ദിയോനീസസ് ഇവിടെ വരുന്നതിനു മുമ്പു് ഇന്ത്യാനിവാസികൾ അപരിഷ്കൃതരായിരുന്നു. അദ്ദേഹം ഇവിടെ നഗരങ്ങൾ പണികഴിപ്പിക്കുകയും നിയമങ്ങൾ നിർമ്മിക്കുകയും കൃഷി സ്ഥാപിക്കുകയും മുമ്പു ഗോപാലന്മാർ ആയിരുന്ന അസംഖ്യം ഇന്ത്യക്കാരെ കർഷകരാക്കിച്ചമയ്ക്കുകയും ചെയ്തു. ഇപ്രകാരം ഒരു പുതിയ സാമുദായിക സ്ഥിതി സ്ഥാപിച്ചതിനുശേഷം തന്റെ കൂട്ടുകാരിൽ ഒരുത്തനായ സ്പർത്തംബസ്സിനെ (പൃഥ്യുവിനെ) അദ്ദേഹം ഒന്നാമത്തെ രാജാവായി വാഴിച്ചു. അനന്തരം.[1] ദിയോനീസസ് തിരിച്ചുപോയി. സ്പർത്തംബസ്സ് മരിച്ചപ്പോൾ, പുത്രൻ ബുദ്യസ് (വേധസ്) രാജാവായി. ബുദ്യസ്സിന്റെ പുത്രൻ ക്രെദെയുസ് (ക്രതു) ആയിരുന്നു പിന്നത്തെ രാജാവു്. അന്നുമുതൽക്കു് ഇവിടെ രാജാക്കന്മാർ പരമ്പരയായി നാടുവാഴാൻ തുടങ്ങി. എന്നാലും, കിരീടത്തിനു് അവകാശികൾ ഇല്ലാതെ വരുമ്പോൾ, ഇന്ത്യക്കാർ യോഗ്യത നോക്കി രാജാവിനെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.”
[1] “സാഹിത്യ ഗവേഷണമാല, മൂന്നാംഭാഗം തമിഴ് സംഘപശ്ചാത്തലം” എന്ന കൃതിയുടെ “പാണ്ഡ്യം” എന്ന അഞ്ചാം അധ്യായത്തിന്റെ ഒരു ഭാഗം.
ഒരു വിദേശിയാണെന്നു സാധാരണയായി പറഞ്ഞുവരുന്ന ഹെറാക്ലിസ് വാസ്തവത്തിൽ ഒരു ഇന്ത്യക്കാരൻ തന്നെയാണു്. ഇസോബരേസ് (സൗഭരി) നദി ഒഴുകുന്നതും മഥുര, ക്ലെയിസോബര (കലശവാര, കുലശഗ്രാമം) എന്നീ രണ്ടു മഹാനഗരങ്ങളുള്ളതുമായ രാജ്യത്തിലെ ശൂരസേന വർഗ്ഗക്കാർ ഈ ഹെറാക്ലിസ്സിനെ പ്രത്യേകിച്ചു ബഹുമാനിച്ചുവരുന്നു. പുത്രന്മാർ ഇദ്ദേഹത്തിനു് അനവധി ഉണ്ടായിരുന്നുവെങ്കിലും, പുത്രിയായി പാണ്ഡ്യാ എന്നൊരുവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവൾ ജനിച്ച രാജ്യത്തിന്റെ വാഴുന്ന രാജ്ഞിയായി ഇവളെ പിതാവു് വാഴിക്കുകയുണ്ടായി. ഇവളുടെ നാമത്തിൽ നിന്നു് ഈ രാജ്യത്തിനു പാണ്ഡ്യ എന്ന പേരുകിട്ടി. അഞ്ഞൂറു ഗജങ്ങളും, നാലായിരം അശ്വഭടന്മാരും ഒരു ലക്ഷത്തിമുപ്പതിനായിരം കാലാൾപ്പടയും ഇവൾക്കു പിതാവു നൽകിയിരുന്നു. കടലിൽ നിന്നെടുത്ത മുത്തുകളും അദ്ദേഹം പാണ്ഡ്യായ്ക്കു സമ്മാനിച്ചു. ഈ രാജ്യക്കാർ മുത്തുവിളയുന്ന ശുക്തിമത്സ്യത്തെ വലയിട്ടാണു് പിടിച്ചിരുന്നതു്.

ഹെറാക്ലിസ്സിന്റെ പുത്രി റാണിയായി നാടുവാണിരുന്ന രാജ്യത്തിൽ ബാലികമാർ ഏഴു വയസ്സു തികയുമ്പോൾ വിവാഹയോഗ്യരായി ഭവിച്ചിരുന്നു എന്നും, പുരുഷന്മാർ കഷ്ടിച്ചു നാല്പതു വയസ്സുവരെ മാത്രമേ ജീവിച്ചിരിക്കാറുള്ളൂ എന്നും പറയപ്പെടുന്നു. ഇതിനെ സംബന്ധിച്ചുള്ള ഒരു ഐതിഹ്യകഥ ഇന്ത്യക്കാരുടെ ഇടയ്ക്കു പ്രചരിച്ചുവരുന്നുണ്ടു്. അതിങ്ങനെയാണു്: വാർദ്ധക്യത്തിലാണു് ഹെറാക്ലിസ്സിനു പുത്രി ജനിച്ചതു്. മരണം ആസന്നമാണെന്നും, തന്നോടു തുല്യം പ്രതാപവാനായ ഒരുത്തനു പുത്രിയെ കല്യാണം കഴിക്കുവാൻ ഉണ്ടായിരുന്നില്ലെന്നും മനസ്സിലാക്കിയപ്പോൾ ഹെറാക്ലിസ്സ് അന്നു് ഏഴു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന പുത്രിയോടു് അഗമ്യാഗമനം ചെയ്യുകയുണ്ടായി. തങ്ങൾ ഇരുവരുടേയും രക്തം കലർന്നിട്ടുള്ള ഒരു രാജവംശം ഇന്ത്യ ഭരിയ്ക്കുവാൻ സൃഷ്ടിക്കുന്നതിനായിട്ടാണു് അദ്ദേഹം ഇപ്രകാരം പ്രവർത്തിച്ചതു്. ഹെറാക്സിസ് ഇങ്ങനെ പുത്രിയെ ബാല്യകാലത്തുതന്നെ വിവാഹയോഗ്യയാക്കിച്ചമച്ചു. ഇതിന്റെ ഫലമായി, ആ രാജ്യനിവാസികൾക്കെല്ലാം ഈ അവകാശം ഹെറാക്ലിസ്സ് അനുവദിച്ചുകൊടുക്കുകയും ചെയ്തു.
ദിയോനീസസ്സിന്റെ കാലം മുതൽക്കു ചന്ദ്രഗുപ്തന്റേതുവരെ 6042 വർഷമുണ്ടെന്നും, ഇക്കാലത്തു് 153 രാജാക്കന്മാർ തങ്ങളെ ഭരിച്ചിരുന്നു എന്നും, ഇന്ത്യക്കാർ പറയുന്നു. ഇതിനിടയ്ക്കു തന്നെ ഇന്ത്യയിൽ മൂന്നു തവണ റിപ്പബ്ലിക് (ജനകീയ ഭരണം) സ്ഥാപിക്കുകയും ചെയ്തിരുന്നു. ദിയോനീസസ്സിനും ഹെറാക്ലിസ്സിനുമിടയ്ക്കു 15 തലമുറകൾ ഉണ്ടായിരുന്നു എന്നാണു് ഇന്ത്യക്കാരുടെ വിശ്വാസം.

പരിഷ്ക്കാരങ്ങൾ സ്വയംഭൂക്കളാണെന്നുള്ള അന്ധവിശ്വാസവും കൊടിയ ദേശീയത്വവും പ്രാദേശികത്വവും മതപക്ഷപാതവും പൊന്തിനിൽക്കുന്ന മനസ്ഥിതിയും ഹേതുവായി ഇന്നത്തെ പ്രാചീന ഭാരതചരിത്ര ഗവേഷകരിൽ ബഹുഭൂരിഭാഗവും പ്രായേണ വിഗണിച്ചിരിക്കുന്ന ഈ അമൂല്യമായ ചരിത്രരേഖയിൽ പറഞ്ഞിട്ടുള്ള ദിയോനീസസ്സിന്റെ ജീവചരിത്രം ആദ്യമായി വിവരിക്കാം. പ്രാചീന ഗ്രീക്കുകാരുടെ മദ്യദേവനാണു് ദിയോനീസസ്. റോമാക്കാർ ഇദ്ദേഹത്തെ ബാക്കസ്സ് എന്നു വിളിച്ചുവന്നിരുന്നു. അറേബ്യയിലെ പുണ്യനഗരമായ മക്കത്തിന്റെ പ്രാചീന നാമമായ ബക്കം എന്നതിൽ ബാക്കസ്സിന്റെ പേരു കാണാം. ഗ്രീക്കുകാർ ഇദ്ദേഹത്തിനു നൽകിയിട്ടുള്ള മറ്റൊരു പേരായ ബസ്സരയുസ് എന്നതു് ഭാരതീയരുടെ ഇന്ദ്രന്റെ ഒരു പര്യായമായ വജ്രി എന്നതിന്റെ ഒരു ഗ്രീക്ക് രൂപമാകുന്നു. ഇന്ദ്രന്റെ സോപാനം സുപ്രസിദ്ധമാണല്ലോ. നേസോസ് എന്ന ഗ്രീക്കു പദത്തിനു ദ്വീപു് എന്നു് അർത്ഥമുണ്ടു്. ദിയോനീസസ് എന്ന നാമത്തിന്റെ അർത്ഥം ദ്വീപിലെ ദേവൻ (ദിയോ) എന്നതാകുന്നു. ഗ്രീക്കിൽ തീബ്സ് എന്നും, സംസ്കൃതത്തിൽ ദ്വീപമെന്നും പേരുള്ള അതിപ്രാചീനമായ മഹാനഗരത്തിൽ ജനിച്ചതു നിമിത്തം ബാക്കസ്സിനു ദിയോനീസസ് എന്ന ബിരുദം കിട്ടി.
പ്രാചീന ഗ്രീസിലെ ബൊയേത്യ രാജ്യത്തിന്റെ തലസ്ഥാനമായ തീബ്സ് നഗരത്തിൽ നാടുവാണിരുന്ന കദ്മസ്സിന്റെ പുത്രി സെമേലയിൽ സ്വർഗ്ഗനാഥൻ സെയുസ്സി നു ജനിച്ച പുത്രനാണു് ദിയോനീസസ്. സെമേല ഗർഭം ധരിച്ചതു് അറിഞ്ഞപ്പോൾ സെയുസ്സിന്റെ ധർമ്മപത്നി ഹേരാദേവി ഭർത്താവിനു് അന്യസ്ത്രീയിൽ ജനിച്ച ആ കുഞ്ഞിനെ നശിപ്പിക്കുവാൻ നിശ്ചയിച്ചു. ഇടിയുടേയും മിന്നലിന്റേയും ദേവനായ സെയുസ്സ് തന്നെ സമീപിയ്ക്കുമ്പോലെ പൂർണ്ണശക്തിപൂർവ്വം സെമേലയേയും സമീപിയ്ക്കണമെന്നു് അദ്ദേഹത്തോടു് അപേക്ഷിക്കുവാൻ ഹേരാദേവി അവളോടു് ഉപദേശിച്ചു. സെമേല ഇപ്രകാരം ചെയ്യുകയും ചെയ്തു.
ഈ അപേക്ഷ അനുസരിച്ചു് സെയുസ്സ് പ്രവർത്തിച്ചതിന്റെ ഫലമായി, മിന്നലിന്റെ ജ്വാലയേറ്റു സെമേല കരിഞ്ഞുപോയി. അവളുടെ ഗർഭപാത്രത്തിൽ നിന്നു ഭ്രൂണമെടുത്തു സെയുസ്സ് തന്റെ തുടകീറി അതിനകത്തു വച്ചു ഭ്രൂണത്തെ രക്ഷിച്ചു. ഇതുവളർന്നു കുഞ്ഞായി തുടയിൽ നിന്നു പുറത്തുവന്നപ്പോൾ, ഇതിനെ മുലകൊടുത്തു വളർത്തുവാൻ നീസഗ്രാമത്തിലെ അപ്സരസ്സുകളുടെ പക്കൽ സെയുസ്സ് ഏല്പിക്കുകയും ചെയ്തു. ഇങ്ങനെ സംഭവിച്ച രണ്ടു ജനനം നിമിത്തമത്രെ ദിയോനീസസിനു ദതിരംബസ് (ദ്വിജൻ) എന്ന ബിരുദം ലഭിച്ചതു്.

ദിയോനീസസ്സിനു പ്രായപൂർത്തിവന്നപ്പോൾ, ഹേരാദേവി അദ്ദേഹത്തിൽ ചിത്തഭ്രമം ജനിപ്പിച്ചു. ഈ രോഗകാലത്തു് ദിയോനീസസ് ലോകത്തിലെ പല രാജ്യങ്ങളിലും സഞ്ചരിച്ചു് അവിടത്തെ ജനങ്ങളെ മുന്തിരിച്ചെടികൃഷി പഠിപ്പിക്കുകയും അവരുടെ ഇടയ്ക്കു പരിഷ്കാരത്തിന്റെ വിത്തുകൾ വിതയ്ക്കുകയും ചെയ്തു. ഈ രാജ്യങ്ങളുടെ കൂട്ടത്തിൽ ഈജിപ്ത്, സിറിയ, ഇന്ത്യ എന്നിവ ഉൾപ്പെടും. ഇന്ത്യയിലാകട്ടെ, ഇദ്ദേഹം അനേകം വർഷം പാർക്കുകയും ചെയ്തിരുന്നു. സഞ്ചാരാനന്തരം അദ്ദേഹം നാട്ടിലേക്കു തിരിച്ചുപോയതു് ത്രേസ് (ത്രാക്കിയ) വഴിക്കായിരുന്നു. ഇവിടത്തെ രാജാവു് ലിക്കർഗസ് തന്നെ ബഹുമാനിയ്ക്കാതെയിരുന്നതു നിമിത്തം ദിയോനീസസ് രാജാവിനെ ചിത്തഭ്രമം പിടിപ്പിച്ചു നശിപ്പിക്കുകയും ചെയ്തു.
ജന്മനഗരമായ തീബ്സിൽ തിരിച്ചെത്തിയശേഷം ദിയോനീസസ് വീടുപേക്ഷിച്ചു സമീപമുള്ള കിതരോൻ മലയിൽപോയി മദ്യം നിവേദിച്ചു കുടിച്ചും കൊണ്ടു് ആടിയും പാടിയും ദേവാരാധന നടത്തുവാൻ അവിടത്തെ സ്ത്രീകളെ പഠിപ്പിച്ചു. ഇതു തടയുവാൻ ശ്രമിച്ച തീബ്സ് രാജാവു് പെന്തെയുസ്സിനെ ദിയോനീസസ്സിന്റെ ശിഷ്യത്തികൾ അസംഖ്യം കഷണങ്ങളായി പിച്ചിക്കീറി കൊന്നുകളഞ്ഞു. ആർഗോസ് മുതലായ ഗ്രീസിലെ മറ്റു നഗരങ്ങളിലും സഞ്ചരിച്ചു്, ഇപ്രകാരം അവിടെയെല്ലാം തന്റെ പുതിയ മതം ദിയോനീസസ് സ്ഥാപിച്ചു. ഈ സഞ്ചാരങ്ങൾക്കിടയ്ക്കു നാക്സോസ് ദ്വീപിലേക്കു കപ്പലിൽ പോകുമ്പോൾ, തന്നെ ഏഷ്യയിൽ കൊണ്ടുചെന്നു അടിമയായി വിൽക്കുവാൻ ശ്രമിച്ച കപ്പൽ ജോലിക്കാരെ ഇദ്ദേഹം അതിഭയങ്കരമായി ശിക്ഷിച്ചു മത്സ്യങ്ങളാക്കിയ കഥ സുപ്രസിദ്ധമാണു്. ക്രീറ്റ് (ക്രതു) ദ്വീപു് സന്ദർശിച്ചപ്പോൾ, ദിയോനീസസ് അവിടത്തെ നൃപൻ മീനോസിന്റെ (മീനന്റെ) പുത്രി അരിയാദ്നിയെ പ്രേമിച്ചിരുന്നു എന്നും പറയുന്നുണ്ടു്.

ഒടുക്കം മാതാവിനെ പാതാളത്തിൽ നിന്നു മോചിപ്പിച്ചു്, അവളോടുകൂടി ദിയോനീസസ് സ്വർഗ്ഗാരോഹണം ചെയ്യുകയും ചെയ്തു. ഒരു നിയമസംഹിതയുടേയും സമാധാനവും സംതൃപ്തിയും സർവ്വത്ര കളിയാടുന്ന ഒരു ക്ഷേമ രാഷ്ട്രത്തിന്റേയും സ്ഥാപകനായി ഇദ്ദേഹത്തെ പ്രാചീന ഗ്രീക്കുകാർ ബഹുമാനിച്ചുവന്നിരുന്നു. കൂടാതെ, തന്റെ മതത്തിന്റെ ആരാധനാ വേളകളിൽ നടത്തിവന്നിരുന്ന ആട്ടത്തിലും പാട്ടിലും നിന്നു ഗ്രീക്കു ട്രാജിക് ഡ്രാമ ഉടലെടുത്തതു നിമിത്തം, ഗ്രീക്കുകാരുടെ ഇടയ്ക്കു ദിയോനീസസ് ട്രാജഡിയുടേയും നാടകശാലകളുടേയും ദേവനായി ഭവിയ്ക്കുകയും ചെയ്തു.
മധുരചിന്തയിൽ മുങ്ങിയവനോ, അല്പം മദ്യം സേവിച്ചവനോ ആയ കൊഴുത്തുരുണ്ട ശരീരമുള്ള ഒരു യുവാവായിട്ടാണു് ഗ്രീക്കുശില്പികൾ ദിയോനീസസ്സിനെ ചിത്രീകരിച്ചിട്ടുള്ളതു്. കേരളത്തിലെ ഒരു തരം ആട്ടം അഭിനയിക്കുന്ന തീയ്യാട്ടുനമ്പിയാർമാർ (അയ്യപ്പൻ കൂത്തുകാർ) പാടുന്ന തോറ്റത്തിൽ ശ്രീ മഹാദേവൻ കന്യാദേവിയുടെ വലത്തെത്തുട മൂന്നു കീറുകയും, ഇതിൽ നിന്നു് അയ്യപ്പൻ ജനിക്കുകയും ചെയ്തു എന്നു പറഞ്ഞുവരുന്നു. ദിയോനീസസ്സിന്റെ ജനന കഥയോടു് ഇതിനുള്ള സാമാന്യ സാദൃശ്യം ഇവിടെ ശ്രദ്ധേയമാകുന്നു. ഗ്രീക്കു ഡ്രാമയ്ക്കും ഭാരതീയ ഡ്രാമയ്ക്കും തമ്മിലുള്ള ബന്ധം രണ്ടാം ഭാഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നതും ഇവിടെ ഓർക്കണം.

ലോകത്തിലെ മതങ്ങളിൽവച്ചു് ഏറ്റവും പ്രാചീനവും പിൽക്കാല മതങ്ങളിൽ ഒന്നൊഴിയാതെ എല്ലാറ്റിനും വഴിതെളിച്ചതുമായ ശാക്തേയ (അഥവാ മാന്ത്രിക) മതത്തിന്റെ പ്രവാചകരിൽ ഒരാളുടെ ജീവചരിത്രമാണു് മുകളിൽ സംഗ്രഹിച്ചു വിവരിച്ച ഗ്രീക്ക് ഐതിഹ്യം ഉൾക്കൊള്ളുന്നതു്. ഈ മതം 6030 ബി. സി.-യിൽ സ്ഥാപിച്ച മഹാവിഷ്ണുവിനും പിന്നീടുണ്ടായ അതിന്റെ പ്രവാചകരിൽ എല്ലാവർക്കും ഒന്നുപോലെ ദിയോനീസസ് എന്ന ബിരുദം ഉണ്ടായിരുന്നു. ദണ്ഡങ്കര പൂർവ്വബുദ്ധൻ എന്നു ബൗദ്ധർ പേരു നൽകിയിട്ടുള്ള മഹാവിഷ്ണു സ്ഥാപിച്ച മതത്തിന്റെ പിൽക്കാല പ്രവാചകരിൽ ഒരാളായ ദീപങ്കരപൂർവ്വബുദ്ധന്റെ ചരിത്രമാണു് മുകളിൽ വിവരിച്ചിട്ടുള്ളതു്. 27 പൂർവ്വബുദ്ധന്മാർ ഉള്ളതിൽ ഒന്നാമത്തവൻ ദണ്ഡങ്കരനും നാലാമത്തവൻ ദീപങ്കരനുമാകുന്നു.
മെഗാസ്തനിസ് പറയുന്ന ദീയോനീസസ്സിന്റെ കാലം, ആ രാജദൂതൻ സമകാലീന ഭാരതീയ ഐതിഹ്യങ്ങളെ ആസ്പദിച്ചു നൽകിയിട്ടുള്ള കാലക്കണക്കുകളിൽ നിന്നു കല്പഗണിതം മുഖേന നിർണ്ണയിക്കുവാൻ കഴിയും. ദിയോനീസസ്സിനും ചന്ദ്രഗുപ്തനും ഇടയ്ക്കുള്ള 153 നൃപന്മാരുടെ വാഴ്ചക്കാലമായ 6042 വർഷം ഞാൻ ഒന്നാംഭാഗത്തിൽ വിവരിച്ചിരുന്ന ശുക്ര-സൂര്യഗ്രഹണത്തെ ആസ്പദിച്ചു പണ്ടുനിർമ്മിച്ചിരുന്ന 260 ദിവസം വീതമുള്ള, 6042 സപ്തർഷി വർഷമാകുന്നു. ഇത്തരം 6042 വർഷം 4301 സാധാരണ വർഷമാകുന്നതാണു്. ചന്ദ്രഗുപ്തമൗര്യന്റെ സിംഹാസനാരോഹണം 320 ബി. സി.-യിൽ നടന്നതിനാൽ ദിയോനീസസ്സിന്റെ കാലം 4621 ബി. സി. എന്നതായിരിക്കുന്നതാണു്.

ഭാരതീയരുടെ സൃഷ്ടികാലം കലിവർഷം 3101 ബി. സി.-യ്ക്കു നൂറ്റിത്തൊണ്ണൂറ്റൊൻപതു ലക്ഷത്തി ഇരുപതിനായിരം വർഷം മുമ്പാണെന്നു ഭാരതീയ ജ്യോതിശ്ശാസ്ത്രജ്ഞർ പ്രസ്താവിച്ചിട്ടുണ്ടു്. ഇതിലെ സൃഷ്ടികാലം ഇൻഡോ-ഇറാനിയൻ നരവർഗ്ഗത്തിൽ നിന്നു ഭാരതീയർ വേർപിരിഞ്ഞു് ഒരു പ്രത്യേക ജനതയായ കാലമാകുന്നു. ഇതിലെ വർഷം എന്നതിനു് ഒരു വിനാഴികയെന്ന അർത്ഥമാണുള്ളതെന്നും തന്നിമിത്തം ഭാരതീയരുടെ സൃഷ്ടികാലം 4599 ബി. സി. എന്നതാണെന്നും ഒന്നാം ഭാഗത്തിൽ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. സൃഷ്ടികാലത്തു ഭാരതീയർക്കു് ഒരു നൃപൻ ലഭിച്ചിരിക്കുമല്ലോ. ഭാരതീയരുടെ ഇടയ്ക്കു രാജാവും പുരോഹിതനുമായി അഭിഷേകം ചെയ്യപ്പെട്ട ആദ്യത്തെ മനുഷ്യൻ പൃഥിൻ വൈന്യൻ ആണെന്നു “ശതപഥ ബ്രാഹ്മണാദി” വൈദിക കൃതികളിൽ പ്രസ്താവിച്ചിട്ടുണ്ടു്. തന്നിമിത്തം ഇദ്ദേഹമാണു് സൃഷ്ടികാലമായ 4599 ബി. സി.-യിലെ രാജാവു് എന്നു സിദ്ധിക്കുന്നു. ഇദ്ദേഹത്തിനാണു് മെഗസ്തനസ്സ് സ്പർത്തംബസ് എന്നു നാമം നൽകിയിരിക്കുന്നതും.
സൽക്കാര പ്രിയന്മാരായ ഗ്രീക്കുകാർ സകാരം കൂട്ടിച്ചേർത്തു് പൃഥുവിനു നൽകിയിട്ടുള്ള നാമമാണു് സ്പർത്തംബസ് എന്നതു്. പൃഥുഅംഭസ്സ് എന്നതാണു് ഇതിന്റെ ഭാരതീയ രൂപം. പൃഥു എന്ന ആദിനൃപൻ ഭാരതീയ പുരാണങ്ങളിൽ പറഞ്ഞിട്ടുള്ള അംഭസ്സ് അഥവാ, സമുദ്ര (സിന്ധു) കുലത്തിൽ പെട്ടിരുന്നവനായിരുന്നതു നിമിത്തം അദ്ദേഹത്തിനു പൃഥുഅംഭസ്സ് എന്ന ബിരുദം ലഭിച്ചു. ദേവന്മാർ, അസുരന്മാർ, പിതൃക്കൾ, മനുഷ്യർ എന്നീ നരവർഗ്ഗക്കാർക്കു പുരാണങ്ങൾ അംഭസ്സുകൾ എന്നു പേരിട്ടിട്ടുണ്ടു്.

മദ്യദേവനായ ദിയോനീസസ്സിനു മദ്യത്തിന്റെ ഗ്രീക്കു പര്യായമായ ഓയ്നോസ് എന്നതിൽ നിന്നും ലത്തീൻ പര്യായമായ വീതം എന്നതിൽ നിന്നും വേനൻ എന്ന ബിരുദം കിട്ടിയിരുന്നു. വേനൻ അഥവാ, വേണൻ എന്ന ഒരു സ്വർഗ്ഗഗായകനെ ഋഗ്വേദസംഹിതയിൽ പ്രസ്താവിച്ചിട്ടുമുണ്ടു്. ശിഷ്യത്തികളെ പാടുവാനും ആടുവാനും പഠിപ്പിച്ച ദിയോനീസസ്സും ഒരു ഗായകനായിരിക്കുമല്ലോ. പൃഥിൻ വൈന്യനെന്നതിന്റെ അർത്ഥം വേനപുത്രൻ പൃഥു എന്നതുമാകുന്നു.
“ഭദ്രകല്പസൂത്രം ”, “മഹാപധാനസുത്തന്ത ” എന്നീ ബൗദ്ധകൃതികളിൽ നിന്നു കല്പഗണിതത്തിന്റെ സഹായസഹിതം ഞാൻ 27 പൂർവ്വബുദ്ധന്മാരുടേയും കാലങ്ങൾ നിർണ്ണയിച്ചിടുണ്ടു്. ഗൗതമബുദ്ധനുൾപ്പെടെ ആകെ 28 ബുദ്ധന്മാരുള്ളതിൽ ആദ്യത്തെ 21 പേർക്കു ദിവ്യബുദ്ധന്മാരെന്നും, ശേഷിച്ച ഏഴുപേർക്കു മാനുഷിക ബുദ്ധന്മാരെന്നും പേരുകളുമുണ്ടു്. 6030–1475 ബി. സി. എന്ന കാലത്തു് ദിവ്യബുദ്ധന്മാരും, 1475–461 ബി. സി. എന്ന കാലത്തു മാനുഷിക ബുദ്ധന്മാരും ജീവിച്ചിരുന്നു.

ഒരു കല്പത്തിന്റെ കൃത, ത്രേതാ, ദ്വാപര, കലി എന്നീ നാലു് അസമങ്ങളായ യുഗങ്ങളിൽ ഓരോന്നിലും ഓരോ ബുദ്ധൻ വീതം അവതരിക്കും. കല്പകാലത്തിന്റെ പത്തിലൊരംശമായ കലിയുഗത്തിന്റെ രണ്ടിരട്ടിക്കാലം ദ്വാപരത്തിലും, മൂന്നിരട്ടി ത്രേതായുഗത്തിലും, നാരിലരട്ടി കൃതയുഗത്തിലും ഉണ്ടായിരിക്കും. ആദികല്പം 6030–4608 ബി. സി. എന്ന കാലത്തു് നിലനിന്നിരുന്നു. ഇതിലെ കലിയുഗമായ 4790–4608 ബി. സി. എന്നതിലെ ബുദ്ധനാണു് ദീപങ്കരൻ, അഥവാ, ദിയോനീസസ്, മെഗസ്തനാസ് ദിയോനീസസ്സിനു നൽകിയിട്ടുള്ള കാലമായ 4621 ബി. സി. ഈ കലിയുഗത്തിനകത്തു വരുന്നുണ്ടല്ലോ. 6030–4608 ബി. സി. എന്ന കാലത്തെ 1422 സാധാരണ വർഷം 260 ദിവസം വീതമുള്ള രണ്ടായിരം സപ്തർഷി വർഷത്തിനു തുല്യവുമാകുന്നു.
ലോകത്തിന്റെ ചെറുപ്പകാലത്തു് കല്പങ്ങൾ ദീർഘിച്ചിരുന്നു എന്ന ആശയം ജൈനരുടെ “കല്പസൂത്ര”ത്തിൽ പൊന്തിനിൽക്കുന്നു. “സദ്ധർ പുണ്ഡരീക” മുതലായ ബൗദ്ധമത കൃതികളുടേയും കഥ ഇതുതന്നെയാകുന്നു. പ്രസ്തുത ഒന്നാം കല്പത്തിനുശേഷം രണ്ടുമുതൽക്കു ആറുവരെയുള്ള കല്പങ്ങളിൽ ഓരോന്നിലും ഒന്നാം കല്പത്തിന്റെ പകുതി വർഷങ്ങൾ മാത്രമേ അടങ്ങിയിരുന്നുള്ളു. അതായതു്, ഇവ ഓരോന്നിലും 711 സാധാരണ വർഷം, അഥവാ, ആയിരം സപ്തർഷിവർഷം ഉണ്ടായിരുന്നു. 21-ാം ദിവ്യബുദ്ധൻ പുഷ്യന്റെ യുഗം 1760–1475 ബി. സി. എന്നതാണുതാനും.

പിന്നീടുള്ള ആയിരം വർഷക്കാലമായ 1475–475 ബി. സി. എന്നതിനെ അഞ്ഞൂറു വർഷം വീതമുള്ള രണ്ടു കല്പങ്ങളായി ഭാഗിച്ചിരുന്നു. ഇവയിൽ 1475–975 ബി. സി. എന്ന കാലത്തെ ആദ്യകല്പത്തിന്റെ നാലുയുഗങ്ങളിൽ, യഥാക്രമം, വിപശ്ചിതദ്, ശിഖി, വൃഷഭൻ, കകുത്സന്ദൻ എന്ന നാലു മാനുഷിക പൂർവ്വബുദ്ധന്മാർ ജീവിച്ചിരുന്നിരുന്നു. 975–475 ബി. സി. എന്ന കാലത്തെ രണ്ടാം കല്പത്തിന്റെ കൃതയുഗത്തിലെ ബുദ്ധൻ കനകമുനിയും, ത്രേതായുഗത്തിലെ ബുദ്ധൻ കാശ്യപനും, ദ്വാപരകലിയുഗങ്ങളിലെ ബുദ്ധൻ ഗൌതമനുമാകുന്നു. 475 ബി. സി. കഴിഞ്ഞു് 14 വർഷം കൂടി (461 ബി. സി. വരെ) ഗൗതമൻ ജീവിച്ചിരുന്നു. കാശ്യപബുദ്ധന്റെ (775–625 ബി. സി.) സമകാലീനനായി ബൗദ്ധ ഐതിഹ്യം പറഞ്ഞിട്ടുള്ള വാരാണസിയിലെ (ചംബയിലെ) രാജാവു് കീകി പ്രമഗധയിലെ രണ്ടാം ശിശുനാഗവംശനൃപനായ കാകവർണ്ണൻ (709–673 ബി. സി.) ആകുന്നു. കീകി എന്ന പദത്തിനു കാട്ടുകാക്ക എന്നു് അർത്ഥമുണ്ടു്.
തിബത്തിലേയും മംഗോളിയായിലേയും ബൗദ്ധ ഐതിഹ്യങ്ങളിലും കല്പങ്ങളിലുള്ള ബുദ്ധാവതാര ആശയം കാണാം. ഉദാഹരണമായി, ഗൗതമബുദ്ധന്റെ പരിനിർവ്വാണകാലമായ 461 ബി. സി.യിൽ നിന്നു 1900 വർഷത്തെ ഒരു കല്പം തികയുന്ന 1439 എ. ഡി.-യിലാണു് തിബത്തിലെ ഒന്നാമത്തെ ദലൈ ലാമയായ ഗേ-ദൻ-ദുപ് സ്ഥാനാരോഹണം ചെയ്തതു്.
ദീപങ്കരബുദ്ധനായ ദിയോനീസസ്സിന്റെ കാലത്തു് ഭാരതീയരുടെ പൂർവ്വികർ ശശദ്വീപ്, ശെശ്-കു, സമുദ്രദേശം, സിന്ധുദേശം, ഹിന്ദുദേശം (ഇന്ത്യാ), ഏലാം (ദേവലോകം), ഹെല്ലാസ് എന്നിത്യാദി പല നാമങ്ങളും പല ഭാഷകളിലുമായി വഹിച്ചിരുന്ന പാശ്ചാത്യ പേർസ്യയിലാണു് നിവസിച്ചിരുന്നതു്. പ്രാചീന ഗ്രീക്കുകാർ തങ്ങളുടെ രാജ്യത്തിനു് ഹെല്ലാസ് എന്ന നാമം നൽകിയിരുന്നു. എൽ-അസു എന്നതിന്റെ ഒരു രൂപഭേദമത്രെ ഇതു്. എൽ എന്നതിനു് സെമൈറ്റ് ഭാഷകളിൽ ദേവൻ എന്നും അർത്ഥമുണ്ടു്. അതുകൊണ്ടു് ഹെല്ലാസ് എന്നതിന്റെ അർത്ഥം ദേവലോകമായ സമുദ്രദേശം എന്നതായിരിക്കും.

ദിയോനീസസ്സിനെ മുലകൊടുത്തു വളർത്തിയ അപ്സരസ്സുകളുടെ ഗ്രാമമായ നീസ കാബൂൾ നദിയുടെ ഒരു ഉത്തര പോഷകനദിയായ കുനാറിന്റെ തീരത്തു സ്ഥിതിചെയ്തിരുന്നു എന്നുള്ള അവിടത്തെ ജനങ്ങളുടെ വിശ്വാസം അലക്സാണ്ടർ മഹാന്റെ ഏഷ്യാ ആക്രമണ ചരിത്രകാരരായ ഗ്രീക്കുകാർ പ്രസ്താവിച്ചിട്ടുണ്ടു്. കാബൂൾ നദീതീരത്തെ പുരാതന ഗ്രാമമായ നഗരഹരയ്ക്കു് ടോളമി ദിയോനീസസ്സിന്റെ നഗരം (ദിയോനീസോ-പോളീസ്) എന്നു പേരിടുകയും ചെയ്തിരിക്കുന്നു. ഹിയ്യുൻസ്യാങിന്റെ ജീവചരിത്രകാരനായ ചീന ഗ്രന്ഥകാരൻ ദീപങ്കരബുദ്ധന്റെ നഗരം എന്നാണു് നഗരഹരയ്ക്കു നാമം നൽകിയിരിക്കുന്നതു്. മുകളിൽ ചൂണ്ടിക്കാട്ടിയിരുന്നതു പോലെ ദിയോനീസസ്സും ദീപങ്കരനും ഒരേ ഒരാളാണെന്നു് ഇതു സ്ഥാപിയ്ക്കുന്നുണ്ടു്.
ദിയോനീസസ്സിന്റെ ശിഷ്യവർഗ്ഗത്തിനു് ഗ്രീക്കുകാർ സത്തയർസ് (സത്യർ) എന്നും ശിലേനി എന്നും പേരിട്ടിട്ടുണ്ടു്. ആദിയുഗത്തിനു ഭാരതീയർ നൽകിയിട്ടുള്ള നാമം സത്യയുഗം (സത്യവർഗ്ഗത്തിന്റെ യുഗം) എന്നതാണല്ലോ. ശിലാനി എന്ന പേരുള്ള ഒരു കൽദയൻ വർഗ്ഗശാഖ ക്രിസ്ത്വബ്ദത്തിനു് ഒരു നാലഞ്ചുശതകങ്ങൾക്കു മുമ്പു് പശ്ചിമപേർസ്യയിൽ പാർത്തിരുന്നു എന്നു് ബാബിലോണിയാ ചരിത്രത്തിൽ നിന്നു മനസ്സിലാക്കാം. ശിലാദപുത്രൻ നന്ദികേശ്വരൻ എന്ന അസുരനെ വാമനപുരാണത്തിൽ പ്രസ്താവിച്ചിരിക്കുന്നു. ഗ്രീക്കുകാർക്കു ലയോയ് എന്ന പേരുണ്ടായിരുന്നതു് ഫ്രേസർ ചൂണ്ടിക്കാട്ടിയിരുന്നു. ശില (കല്ലു്) എന്നു് അർത്ഥമുള്ള ലാസ് എന്ന ഗ്രീക്കുപദത്തിൽ നിന്നാണു് ഇതു് ഉത്ഭവിച്ചതു്. തന്നിമിത്തം ശിലാദരും ലയോയിയും ആദിയിൽ ഒരേ ഒരു വർഗ്ഗക്കാർ ആയിരുന്നിരിക്കണം. പഞ്ചാബിൽ പാർത്തിരുന്ന ഒരു ശിലാദവർഗ്ഗത്തെ അവിടത്തെ ശാസനങ്ങളിൽ പ്രസ്താവിച്ചിട്ടുമുണ്ടു്. ഈ വസ്തുതകളെല്ലാം പശ്ചിമപേർസ്യയിൽ നിന്നു് ഇന്ത്യയിലേക്കു പണ്ടു് ഒരു കുടിയേറിപ്പാർപ്പുണ്ടായിരുന്നു എന്നു് സൂചിപ്പിക്കുന്നു.

ബി. സി. മൂന്നാം ശതകത്തിലെ കൽദയൻ ചരിത്രകാരൻ ബരോസസ് 3101 ബി. സി.-യിലെ ബാബിലോണിയ പ്രളയത്തിനു മുമ്പുള്ള പത്തു രാജാക്കന്മാർ (മനുക്കൾ) വാഴാൻ തുടങ്ങുന്നതിനു മുമ്പു് ആറു നൃപന്മാർ (മനുക്കൾ) ബാബിലോണിയയിൽ നാടുവാണിരുന്നു എന്നു പറഞ്ഞിട്ടുണ്ടു്. ഈ ആറു നൃപന്മാരിൽ ഒന്നാമൻ ഒവാന്നെസ്സ് മിസാറുസ് (മിസ്രയിം സ്വദേശിയായ വേനൻ) എന്ന നാമം വഹിച്ചിരുന്നുവെന്നു് ബെറോസസ്സിന്റെ വിവരണത്തിൽ നിന്നു മനസ്സിലാക്കാം. മിസ്രയീം എന്നതു് ഈജിപ്തിന്റെ ഒരു പര്യായമാകുന്നു. കിഴക്കൻ അറേബ്യയ്ക്കു ചരിത്രാതീതകാലത്തു് മിസ്രയിം അഥവാ ഈജിപ്ത് എന്ന പേരുണ്ടായിരുന്നു. ഈ മിസ്രയീമിനെയാണു് ബെറോസസ്സ് പ്രസ്താവിച്ചിട്ടുള്ളതു്. ഒവാന്നെസ്സ് മിസാറുസ് 4962 ബി. സി.-യിൽ നാടുവാഴാൻ തുടങ്ങിയെന്നു് ബേരോസസ് നൽകിയിട്ടുള്ള കാലക്കണക്കുകളിൽ നിന്നു് കല്പഗണിതം മുഖേന ഞാൻ നിർണ്ണയിച്ചിട്ടുണ്ടു്. ഇപ്രകാരം ഇന്ത്യയിൽ കുടിയേറിപ്പാർത്ത പശ്ചിമ പേർസ്യക്കാരും ബാബിലോണിയക്കാരും ഈ ദേശങ്ങളിലേയ്ക്കു പോയതു് അറേബ്യയിൽ നിന്നാണെന്നു സിദ്ധിയ്ക്കുന്നു.
അശ്വത്തെ ആദ്യമായി ഇണക്കി ഉപയോഗിച്ചതു നിമിത്തം മഹാവിഷ്ണുവിനു അശ്വപതി, അഥവാ ഹരിപതി എന്ന ബിരുദം ലഭിച്ചു. ഹരിപതിയെന്നതിൽ നിന്നുത്ഭവിച്ച ഒരു ഗ്രീക്ക് പദമാണു് ഹെറാക്ലിസ്സ് (ഹെർകുലീസ്) എന്നതു്. അശ്വകുലക്കാരൻ, ഹരികുലക്കാരൻ എന്നത്രേ ഇതിന്റെ അർത്ഥം. മഹാവിഷ്ണുവിനും പരശുരാമഗണപതിയ്ക്കും ഹെർക്കുലീസ് എന്ന ബിരുദമുണ്ടായിരുന്നു. പരശുരാമഗണപതി, അഥവാ ഈജിപ്തുകാരുടെ ഹോരസ്, 5626–5550 ബി. സി. എന്ന കാലത്തെ മനുവാണെന്നു് ചൂണ്ടിക്കാട്ടിയിരുന്നതിനാൽ, മെഗസ്തനസ്സ് പറയുന്ന ഹെറാക്ലിസ്സ് അല്ല പരശുരാമഗണേശമനു. ഹെർക്കുലീസ്സുകാർക്കു ഭാരതീയർ കൽക്കികൾ എന്ന നാമവും നൽകിയിട്ടുണ്ടു്. വെള്ളക്കുതിരയെന്നു് അർത്ഥമുള്ള കൽക്കി എന്നതിന്റെ ഒരു രൂപഭേദമാണു് കൽക്കി എന്നതു്. കൽക്കികൾ വെളുത്ത കുതിരകളിൽ കയറി സഞ്ചരിച്ചിരുന്നു എന്നാണു് ഐതിഹ്യം. കൽക്കികൾ കല്പസന്ധികളിൽ ജനിച്ചു് പുതിയ ധർമ്മങ്ങൾ സ്ഥാപിക്കുമെന്നും പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നു.
സൃഷ്ടി മുതൽക്കു ലോകം ആറായിരം കൊല്ലം നിലനിൽക്കും എന്നൊരു വിശ്വാസം പ്രാചീനകാലത്തു് ലോകമൊട്ടുക്കു പ്രചരിച്ചിരുന്നു. ഒരു ധർമ്മം, ഒരു മതം, ആറായിരം കൊല്ലം നിലനിൽക്കുമെന്നാണു് ഇതിന്റെ അർത്ഥം. ഇതു തുടങ്ങുന്ന കാലത്തെപ്പറ്റിയും, ഈ ആറായിരം വർഷങ്ങൾ പണ്ടുണ്ടായിരുന്ന പലതരം വർഷങ്ങളിൽ ഏതാണു് എന്നുള്ളതിനെപ്പറ്റിയും പണ്ടുള്ളവരുടെ ഇടയ്ക്കു് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
പ്രാചീന ഈജിപ്തുകാർ ഈ ആറായിരം കൊല്ലങ്ങളുടെ ഒന്നാം ദിവ്യംശനൃപൻ “നും” (മഹാവിഷ്ണു) എന്ന മനുവിന്റെ വാഴ്ചാരംഭകാലമായ 6030 ബി. സി.-യിൽ നിന്നു തുടങ്ങുകയും, ഈ വർഷങ്ങളെ സാധാരണ സൗരവർഷങ്ങളായി പരിഗണിയ്ക്കുകയും ചെയ്തിരുന്നു. നമ്മിൽ നിന്നു് ആയിരം സൗരവർഷം കഴിയുന്ന 30 ബി. സി.-യിലാണു് ഒടുവിലത്തെ ഈജിപ്ത് റാണി സുപ്രസിദ്ധയായ ക്ലിയോപാത്രാ പാമ്പിനെക്കൊണ്ടു സ്വയം കടിപ്പിച്ചു് ആത്മഹത്യ ചെയ്തതു്.

6030 ബി. സി.-യിലാണു് പ്രാചീന അറബികളും ഈ ആറായിരം സൗര വർഷം തുടങ്ങിയിരുന്നതു് എന്നു് എ. ഡി. പതിനൊന്നാം ശതകത്തിലെ ഒമർഖയ്യാമിന്റെ “റുബായ്യാത്ത്” എന്ന സുപ്രസിദ്ധമായ കൃതിയിൽ നിന്നു് ചുവടെ ഉദ്ധരിയ്ക്കുന്ന ശ്ലോകം സ്ഥാപിക്കുന്നുണ്ടു്.
“ഭാവിഭയം, ഭൂതശോകമദ്യസംഹരിയ്ക്കും മദ്യ-
ഭാജനം ഹാ! നിറച്ചാലും നീയോമലാളേ!
നാളെ! എന്തിനിന്നലത്തെ
സപ്തവർഷസഹസ്രത്തിൽ
നാളെ ഞാനും വിലയിച്ചു പോകയല്ലല്ലീ”
മറ്റൊരു കൂട്ടർ ഈ ആറായിരം വർഷത്തെ 260 ദിവസം വീതമുള്ള സപ്തർഷി വർഷമാക്കി കണക്കുകൂട്ടിയിരുന്നു. ആറായിരം സപ്തർഷി വർഷം 4271 സാധാരണ സൗരവർഷത്തിനു തുല്യമാണു്. ബൈബിളിലെ ആദമിനും (4271 ബി. സി.), ക്രിസ്തുവിനും (1 എ. ഡി.) 4271 സാധാരണ വർഷത്തെ അന്തരമുണ്ടു്. ഈ സപ്തർഷി വർഷം തന്നെ പാർസികളും തങ്ങളുടെ പുരാണങ്ങളിൽ അയനങ്ങളാക്കി ഉപയോഗിച്ചിട്ടുണ്ടു്. ഇവയിലെ പന്തീരായിരം വർഷം പന്തീരായിരം സപ്തർഷി അയനങ്ങൾ (അർദ്ധവർഷങ്ങൾ) ആകുന്നു. പക്ഷേ, പാർസികൾ ഈ പന്തീരായിരം സപ്തർഷി അയനങ്ങൾ (ആറായിരം സപ്തർഷി വർഷങ്ങൾ) തുടങ്ങുന്നതു് ഇൻഡോ-ഇരാന്യരുടെ പൂർവ്വികരായ ഉപദേവ (അഥവാ മനുഷ്യ) വർഗ്ഗത്തിന്റെ സൃഷ്ടികാലമായ 5298 ബി. സി.-യിൽ നിന്നാകുന്നു. ആറായിരം സപ്തർഷിവർഷം ബാബിലോണിയക്കാർ 4962 ബി. സി.-യിലും, ചീനർ 4965 ബി. സി.-യിലും തുടങ്ങുകയും ചെയ്തിരുന്നു.
പ്രസ്തുത 4271 സാധാരണവർഷത്തെ മഹാവിഷ്ണുവിന്റെ കാലമായ 6030 ബി. സി.-യിൽ തുടങ്ങി, ഈ “മഹായുഗ”ത്തെ രണ്ടു കല്പങ്ങളും രണ്ടുകല്പ സന്ധികളും ഒരു കൃതയുഗവും ആയി ഭാഗിക്കുന്ന ഒരു ഗണിത പദ്ധതി കല്പഗണിതത്തിലെ മനുഷ്യവർഷങ്ങൾ (സ്ഥലവർഷങ്ങൾ) ഉപയോഗിച്ചു് “സൂര്യസിദ്ധാന്ത”ത്തിൽ വിവരിച്ചിട്ടുണ്ടു്. ഇതിൽ ഓരോ കല്പത്തിനും വാസ്തവത്തിൽ 1708 സൗരവർഷം വീതമാണു് നൽകിയിരിക്കുന്നതു്. ഇതു് 122 സൗരവർഷം വീതമുള്ള 14 ശുക്ര-സൂര്യഗ്രഹണാന്തര കാലമാകുന്നു. ഓരോ കല്പത്തിന്റേയും പത്തിലൊന്നാണു് കല്പസന്ധി. 1708 വർഷമടങ്ങിയ കൽപത്തിന്റെ കൃതയുഗമായ 684 വർഷമാണു് ഈ പദ്ധതിയിലെ ഒടുവിൽ വരുന്ന കൃതയുഗം. ഇതനുസരിച്ചു് ഈ വിഭജനം ചുവടെ ചേർക്കുന്നു.
I. ഒന്നാം കല്പം = 6030–4322 ബി. സി. (1708 വർഷം)
II. കല്പസന്ധി = 4322–4237 ബി. സി. (85 വർഷം)
(കല്പസന്ധിയായ 170 വർഷത്തിന്റെ പകുതിയായ 85 വർഷമാണു് ഒന്നാമത്തെ കല്പസന്ധി.)
III. രണ്ടാംകല്പം = 4237–2529 ബി. സി. (1708 വർഷം)
IV. കല്പസന്ധി = 2529–2444 ബി. സി. (85 വർഷം)
V. കൃതയുഗം = 2444–1760 ബി. സി. (684 വർഷം)
മെഗാസ്തനസ് പറഞ്ഞിട്ടുള്ള ഹെറാക്ലിസ്സ് (കൽക്കി) ജീവിച്ചിരുന്നതു് ഒന്നാം കല്പത്തിന്റെ കല്പസന്ധിയായ 4322–4237 ബി. സി. എന്ന കാലത്തായിരുന്നു. ഈ ഹെറാക്ലിസ്സ് ദിയോനീസസ്സിന്റെ കാലമായ 4621 ബി. സി.-യിൽ നിന്നു് 15-ാമത്ത തലമുറക്കാരനാണെന്നു് മെഗാസ്തനസ് വിവരിച്ചിട്ടുളളതു് ഇദ്ദേഹത്തിന്റെ പ്രസ്തുത 4322–4237 ബി. സി. എന്ന കാലത്തോടു യോജിക്കുന്നതാണു്. ഒരു തലമുറക്കാരനു ശരാശരി 20 വർഷത്തെ ഭരണകാലം കൊടുക്കുന്നതു് സംഭാവ്യമായിരിക്കും.
ഈ ഹെർക്കുലീസിനു (കൽക്കിയ്ക്കു) ബൗദ്ധർ നൽകിയിട്ടുള്ള നാമം പൂർവ്വബുദ്ധൻ മംഗലൻ എന്നാകുന്നു. മുകളിൽ വിവരിച്ചിരുന്ന ബൗദ്ധരുടെ പൂർവ്വബുദ്ധപദ്ധതി അനുസരിച്ചു് അവരുടെ ആദ്യത്തെ എട്ടു ദിവ്യബുദ്ധന്മാരുടെ പേരുകളും ഇവർ ബുദ്ധന്മാരായിരുന്ന യുഗങ്ങളുടെ കാലങ്ങളും ചുവടെ ചേർക്കുന്നു.
I. “ഒന്നാം കല്പം”. 6030–4608 ബി. സി. (1422 വർഷം)
ബുദ്ധന്മാർ:
1. ദണ്ഡങ്കരൻ—കൃതയുഗം = 6030–5461 ബി. സി. (569 വർഷം)
2. മേധങ്കരൻ—ത്രേതായുഗം = 5461–5034 ബി. സി. (427 വർഷം)
3. ചരണങ്കരൻ—ദ്വാപരയുഗം = 5034–4750 ബി. സി. (284 വർഷം)
4 ദീപങ്കരൻ—കലിയുഗം = 4750–4608 ബി. സി. (142 വർഷം)
II. “രണ്ടാം കല്പം”
ബുദ്ധന്മാർ:
5. കൗണ്ഡിന്യൻ—കൃതയുഗം = 4608–4323 ബി. സി. (285 വർഷം)
6. മംഗലൻ—ത്രേതായുഗം = 4323–4109 ബി. സി. (214 വർഷം)
7. സുമംഗലൻ—ദ്വാപരയുഗം = 4109–3967 ബി. സി. (142 വർഷം)
8. രേവതൻ—കലിയുഗം = 3967–3896 ബി. സി. (71 വർഷം)
4323–4109 ബി. സി. എന്ന ത്രേതായുഗത്തിലെ പൂർവ്വബുദ്ധൻ മംഗലനാണു് പാണ്ഡ്യായുടെ പിതാവായ ഹെറാക്ലിസ്സ്.
ഹെറാക്ലിസ്സ്, പാണ്ഡ്യയുമായി അവളുടെ ഏഴാം വയസ്സിൽ അഗമ്യഗമനം നടത്തിയതും, ഈ അവകാശം സ്വപ്രജകൾക്കു് അനുവദിച്ചുകൊടുത്തതുമായ വസ്തുതകളിൽ കേരളമുൾപ്പെട്ട തമിഴ്‌നാട്ടിലും ഭാരതത്തിന്റെ മറ്റു പല ഭാഗങ്ങളിലും പണ്ടു പ്രചരിച്ചിരുന്ന ബാല്യത്തിലുള്ള താലികെട്ടു കല്യാണത്തിന്റെ ഉത്ഭവം കാണാം. കെട്ടുതാലിയ്ക്കുള്ള മംഗല്യമെന്ന നാമം കെട്ടുകല്യാണം ഇദംപ്രഥമമായി നടത്തിയ പൂർവ്വബുദ്ധൻ മംഗലന്റെ പേരിൽ നിന്നു ജനിച്ചതാകുന്നു.

ഹെറാക്ലിസ്സായ മംഗലപൂർവ്വബുദ്ധന്റെ കാലത്തും ഭാരതീയർ പശ്ചിമപേർസ്യയിലെ മേദ്യയിൽ, അഥവാ ശുരിസ്ഥാനിലാണു് നിവസിച്ചിരുന്നതു്. മെഗാസ്തനസിന്റെ ഇവിടുത്തെ കെർക്ക നദിയും, മഥുരയും ക്ലെയ്സോവരേയും ഇതിന്റെ തീരങ്ങളിലുള്ള രണ്ടു നഗരങ്ങളുമായിരിയ്ക്കും. പഞ്ചാബിലെ ഝലം നദിയ്ക്കു ഋഗ്വേദം നൽകിയിട്ടുള്ള വിതസ്താ എന്ന നാമത്തെ ആസ്പദിച്ചു ഗ്രീക്കു ഗ്രന്ഥകാരൻ അതിനു ഹിദാസ്പസ് എന്നു പേരിട്ടിട്ടുണ്ടു്. റോമാ മഹാകവി വിർജിൽ തന്റെ “ജിയോർജിക്സി”ൽ മേദ്യയിലെ ഹിദാസ്പസ് നദിയെ പ്രസ്താവിച്ചിരിക്കുന്നു. കെർക്കനദി മേദ്യയിൽ നിന്നു പുറപ്പെടുന്നതു നിമിത്തം ഇതായിരിയ്ക്കും മേദ്യയിലെ ഹിദാസ്പസ്. പഞ്ചാബിലെ മഥുര (മുൾട്ടാൻ), കലശനഗരം (പിണ്ഡിദഡൻ ഖാൻ) എന്നിവ ഝലത്തിന്റെ തീരങ്ങളിലാണു് സ്ഥിതിചെയുന്നതു്. “ദാബിസ്താൻ ” എന്ന പേർസ്യൻ കൃതിയിൽ മഥുര, ഗയ, ദ്വാരക എന്നീ നഗരങ്ങളിൽ അഗ്നിക്ഷ്രേതങ്ങൾ നിന്നിരുന്നു എന്നുള്ള ഐതിഹ്യം ഉദ്ധരിച്ചിട്ടുണ്ടു്. ആദികാലങ്ങളിൽ ഈ നഗരങ്ങളുടെ സ്ഥാനങ്ങൾ പശ്ചിമ പേർസ്യയിലായിരുന്നു എന്നു് ഇതു് സൂചിപ്പിയ്ക്കുന്നുണ്ടു്.
ഹെറാക്ലിസ്സും പാണ്ഡ്യയും പിതൃക്കൾ (പൂർവ്വികർ) എന്നും അനുഗ്രഹങ്ങൾ (ഉപഗ്രഹങ്ങൾ) എന്നും പേരുകൾ പുരാണങ്ങൾ നൽകിയിട്ടുള്ള നഗരവർഗ്ഗത്തിൽപ്പെട്ടവരാകുന്നു. ഇവയിൽ വിവരിച്ചിട്ടുള്ള ബ്രഹ്മാവിന്റെ ഒമ്പതു സൃഷ്ടികളിലെ ദേവസൃഷ്ടിയും (6030–5298 ബി. സി.), മനുഷ്യ (അഥവാ ഉപദേവ) സൃഷ്ടിയും (5298–4566 ബി. സി.) കഴിഞ്ഞുണ്ടായ പിതൃ (അനുഗ്രഹ) സൃഷ്ടികാലമായ 4566–3834 ബി. സി. എന്നതിലെ ഒരു രാജാവും രാജ്ഞിയുമായിരുന്നു ഹെറാക്ലിസ്സും പാണ്ഡ്യയും. ദിയോനീസസ്സും സ്പർത്തംബസ്സും ഉപദേവവർഗ്ഗത്തിലെ ഒടുവിലത്തെ നൃപന്മാരായിരുന്നു.

പിതൃസൃഷ്ടിയ്ക്കു ശേഷമുണ്ടായ കുമാര-രുദ്ര സൃഷ്ടി അവസാനിയ്ക്കന്ന 3102 ബി. സി.-യിൽ ബാബിലോണിയയിൽ അതിവർഷം ഹേതുവായി ഒരു പ്രളയമുണ്ടായി. ഉതു-നബിഷ്ടുമിന്റെ പ്രളയമെന്നു ബാബിലോണിയക്കാരും, നോഹയുടെ പ്രളയമെന്നു യഹുദരും, വൈവസ്വതമനുവിന്റെ പ്രളയമെന്നു ഭാരതീയരും, നുക്കുവോയുടെ പ്രളയമെന്നു ചീനരും ഇതിനു പേരിട്ടിട്ടുണ്ടു്. ഈ പ്രളയത്തിനു മുമ്പു നാടുവാണിരുന്ന പത്തു് ബാബിലോണിയ മനുക്കളിൽ ഒന്നാമൻ അലോറസ്സിന്റേയും (4265–4149 ബി. സി.), നോഹ ഉൾപ്പെടെയുള്ള പത്തു് യെഹുദ മനുക്കളിൽ ഒന്നാമൻ ആദമിന്റേയും (4272–4140 ബി. സി.) സമകാലീനനാണു് പൂർവ്വബുദ്ധൻ മംഗലൻ അഥവാ ഹെറാക്ലിസ്സ്.
മുകളിൽ വിവരിച്ച “സൂര്യസിദ്ധാന്ത” കല്പഗണിത പദ്ധതി അനുസരിച്ചു് 1760 ബി. സി.-യിൽ തുടങ്ങുന്ന നൂറായിരം സപ്തർഷിവർഷം (അഥവാ 4271 സാധാരണവർഷം) അടങ്ങിയ രണ്ടാമത്തെ മഹായുഗത്തിലെ ഒന്നാം കല്പസന്ധി 52 ബി. സി.–33 എ. ഡി എന്നതായിരിക്കും. 33 എ. ഡി.-യിൽ യേശുക്രിസ്തു ക്രൂശിക്കപ്പെട്ടു. ഈ കല്പസന്ധിയിലെ കല്ക്കിയാണു് യേശു ക്രിസ്തു. ഉതു-നബിഷ്ടുമിന്റെ കപ്പലടുത്ത നിഷിർമലയും നോഹയുടെ കപ്പലടുത്ത ആരരാട്ടു് മലയും, വൈവസ്വതമനുവിന്റെ കപ്പലടുത്ത ഉത്തരഗിരിയും അസ്സിറിയ രാജധാനി നിനവെയുടെ (മോസലിന്റെ) ഒരു എഴുപതു് മൈൽ കിഴക്കുള്ള റുവാൻ ദിസ് നഗരത്തിനു് അല്പം തെക്കു സ്ഥിതിചെയ്യുന്നപീർമാഠ മലയാണെന്നു് പ്രൊഫസ്സർ സെയ്സ് 1882-ലെ ലണ്ടൻ ഏഷ്യാറ്റിക് സൊസൈറ്റി ജേണലിൽ വൻ രാജ്യത്തിലെ “കൂനിഫോറം ശാസനങ്ങൾ” എന്ന ശീർഷകത്തിൽ എഴുതിയിരുന്ന ലേഖനത്തിൽ നിന്നു മനസ്സിലാക്കാം.

ഹെറാക്ലിസ്സും പാണ്ഡ്യയുമാണു് പാണ്ഡ്യ-ചോഴ-കേരള-കർണ്ണാടക-ആന്ധ്ര രാജവംശങ്ങളുടെ ചരിത്രാതീകാലത്തെ പൂർവ്വികർ.
മഹാഭാരതയുദ്ധകാലമായ ബി. സി. 15-ാം ശതകത്തിൽ പഞ്ചാബിൽ പാർത്തിരുന്ന പാണ്ഡ്യരെപ്പറ്റി ചില വിവരങ്ങൾ ഒന്നാം അധ്യായത്തിൽ നൽകിയിരുന്നു. പിൽക്കാലത്തെ പഞ്ചാബിലെ പാണ്ഡ്യരെക്കുറിച്ചു ചില വിവരങ്ങൾ നൽകിയിട്ടുള്ള പാശ്ചാത്യഗ്രന്ഥകാരർ ക്രിസ്ത്വബ്ദാരംഭത്തിലെ പ്ലിനിയും ടോളമിയുമാകുന്നു. ഇൻഡസ് നദിയും പോഷകനദികളും ഒന്നിച്ചു ചേരുന്ന പഞ്ചനദദേശത്തു നിന്നിരുന്ന ഹോരതെ (സോരതെ, സുരാഷ്ട്ര) രാജ്യത്തേയും ഇതിനടുത്തുള്ള ചർമ്മേ (ശർമ്മക) രാജ്യത്തേയും വിവരിച്ചതിനുശേഷമാണു് പ്ലിനി പാണ്ഡ്യരാജ്യത്തെ വിവരിക്കുന്നതു്. പുരാണങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള ശർമ്മക, വർമ്മക എന്നീ രാജ്യങ്ങളിൽ ശർമ്മകമാണു് പ്ലിനിയുടെ ചർമ്മേ.
പാണ്ഡ്യത്തെപ്പറ്റി പ്ലിനി പറഞ്ഞിട്ടുള്ളതു് ചുവടെ ഉദ്ധരിക്കുന്നു: അടുത്ത രാജ്യം പെൺവാഴ്ചയുള്ള ഇന്ത്യയിലെ ഏക രാജ്യമായ പാണ്ഡ്യമാകുന്നു. ഏകപുത്രി മാത്രമുണ്ടായിരുന്ന ഹെർക്കുലീസ് അവളെ അത്യധികം സ്നേഹിച്ചിരുന്നു. തന്നിമിത്തം അവളെ അദ്ദേഹം ഒരു രാജ്യത്തിന്റെ നാടുവാഴുന്ന റാണിയായി സ്ഥാപിച്ചു. ഈ റാണിയുടെ സന്തതികൾ മുന്നൂറു നഗരങ്ങളും, ഒന്നരലക്ഷം കാലാൾപ്പടയും, 500 യുദ്ധഗജങ്ങളുമുള്ള ഒരു രാജ്യം ഭരിച്ചുവരുന്നു. പഞ്ചാബിലെ പാണ്ഡ്യർ മരുമക്കത്തായികളായിരുന്നു എന്നു് ഇതിൽ നിന്നു മനസ്സിലാക്കാം.
ജലം നദിയ്ക്കു ചുറ്റുമുള്ള പ്രദേശത്താണു് ടോളമി ഈ പാണ്ഡ്യത്തെ സ്ഥാപിച്ചിരിക്കുന്നതു്. ഇവർക്കു ലബക, സാഗല, ബുക്കെഫാല, ഇയോമൌസ എന്നീ നാലു മഹാനഗരങ്ങൾ ഉണ്ടായിരുന്നതായും ടോളമി പറയുന്നുണ്ടു്. ലബക കാശ്മീരത്തെ രാജൗരി നഗരത്തിനു സമീപമുള്ള ലോഹരഗ്രാമവും, സാഗലരാജൗരി നഗരവും, ബുക്കെഫാല ജലം നഗരവും, ഇയോമൌസ ജലത്തിനു തെക്കുള്ള പിണ്ഡിദഡൻ ഖാൻ കേതസ് നഗരവും (പഞ്ചാബിലെ ആദികാഞ്ചിയും) ആണെന്നും, ഈ പാണ്ഡ്യൻ സാൽവരെന്ന മഹാവംശത്തിന്റെ ഒരു ശാഖയായ മദ്രവംശത്തിൽപ്പെട്ടവരാണെന്നും ഒന്നാംഭാഗത്തിൽ ഞാൻ സ്ഥാപിച്ചിരുന്നു. മധുരയുടെ ഒരു രൂപഭേദമാണു് മദ്ര എന്നതു്.
മാതൃഭൂമി ആഴ്ചപ്തതിപ്പു്.
24-77-1955
(കേസരിയുടെ ചരിത്രഗവേഷണങ്ങൾ നാലാം വാള ്യം കാണുക.)