ഇൻഡ്യൻ യൂണിയൻ, പാകിസ്ഥാൻ എന്നിവയുടെ പുതിയ കൊടികളിലെ ലാഞ്ഛനകളും, നിറങ്ങളും, പൂർവ്വചരിത്രാതീതകാലത്തു പശ്ചിമ ഏഷ്യയിൽ ഉത്ഭവിച്ചു എന്നു സ്ഥാപിക്കുവാനാണു് ഇവിടെ തുനിയുന്നതു്. ആധുനിക മനുഷ്യരുടെ സംസ്കാരം, ഉദ്ദേശം എണ്ണായിരം വർഷങ്ങൾക്കു മുമ്പു് കിഴക്കൻ അറേബ്യയിൽ ഉത്ഭവിച്ചു എന്നുള്ള എന്റെ പൂർവ്വചരിത്ര ഗവേഷണത്തിന്റെ പല വശങ്ങളും കുറെ വർഷങ്ങളായി ഭാഷാപത്രങ്ങൾ മുഖേന ഞാൻ പ്രസിദ്ധീകരിച്ചുവരുന്നുണ്ടു്. അവിടെനിന്നു നാലുദിക്കിലുമുള്ള കുടിയേറിപ്പാർപ്പു നിമിത്തം പ്രസ്തുത പൂർവ്വചരിത്ര പരിഷ്ക്കാരം ലോകമാസകലം പരക്കുകയുണ്ടായി. അതിനാൽ ഈ ലാഞ്ഛനകളുടേയും വർണ്ണങ്ങളുടേയും ഉത്ഭവവും അറേബ്യയിൽ തന്നെ സ്ഥാപിക്കുന്നതു് എന്റെ പൂർവ്വഭാഷാ ലേഖനങ്ങളും അടുത്തുതന്നെ പുറപ്പെടുന്ന ശാന്തിനികേതനത്തിലെ സീനോ ഇൻഡ്യൻ കൾച്ചറൽ സൊസൈറ്റി ജേർണലിലുള്ള “The Kalpa Chronology in Ancient China” എന്ന ഇംഗ്ലീഷ് ലേഖനവും സശ്രദ്ധം പഠിക്കുന്നവരെ അത്ഭുതപ്പെടുത്തുന്നതല്ല.
ബി. സി. 5916–5436 എന്ന കാലഘട്ടത്തിൽ—അഥവാ, ഉദ്ദേശം ഏഴായിരത്തി എണ്ണൂറു വർഷത്തിനു മുമ്പു തുടങ്ങി അഞ്ഞൂറോളം വർഷം—കിഴക്കൻ അറേബ്യയിൽ ജീവിച്ചിരുന്ന നാലു കുലസ്ഥാപക പുരോഹിതനൃപരുടെ ലാഞ്ഛനങ്ങളും നിറങ്ങളും ഈ കൊടികളിൽ കാണാം. ഇവരുടെ ഹിന്ദു നാമങ്ങൾ മുറയ്ക്കു മഹാവിഷ്ണു, സോമബ്രഹ്മാവു്, ശിവൻ, ഗണേശപരശുരാമൻ എന്നാണു്. ഇവർ ഉൾപ്പെട്ടിരുന്ന ഖൽദയൻ (ചാൽദയൻ) നരവംശത്തിനു സുമേറിയന്മാരെന്നു ബാബിലോണിയക്കാരും, ഗയോമർദ് വർഗ്ഗക്കാർ എന്നു് പരാസികരും, ആദിത്യന്മാരെന്നും ദേവന്മാരെന്നും കുമാരന്മാരെന്നും ശബരാശ്വരെന്നും ഹിന്ദുക്കളും, സ്വർഗ്ഗവാസികളെന്നു ചീനരും, പെലാസ്ഗയന്മാർ (പക്ഷിവംശക്കാർ) എന്നും ഗ്രീക്കുകാരും, സഹയന്മാരെന്നും ബെനെഹിലാൽ (ചന്ദ്രവർഗ്ഗക്കാർ) എന്നു അറബികളും പേരുകൊടുത്തിരുന്നു. ഇവരുടെ കുലസ്ഥാപകനായ ഖൽദ എന്ന സൂര്യദേവനാണു ഹിന്ദുക്കളുടെ ഗരുഡപിതാമഹനായ മരീചി. ഭാരതീയരുടെ പ്രപിതാമഹന്മാർ ആദിത്യന്മാരും പിതാമഹന്മാർ രുദ്രന്മാരും പിതൃക്കൾ വസുക്കളുമാണെന്നുള്ള പത്മപുരാണപ്രസ്താവനയിലെ ആദിത്യന്മാരാണു് ഖൽദയർ.
ലോകത്തു ജ്യോതിശ്ശാസ്ത്രവും സാംഖ്യ (കണക്കു) ശാസ്ത്രവും ആദ്യമായി സ്ഥാപിച്ച നരവംശക്കാരായ ഖൽദയരുടെ രാജാക്കന്മാരായ ഇവർ നാലുപേരിൽ ഓരോരുത്തന്റെയും കാലമായ നൂറ്റിയിരുപതു് വർഷം രുദ്രൻ അഥവാ സിരിയസ് നക്ഷത്രം ഒരു രാശിയിൽ സഞ്ചരിക്കുന്ന കാലമാണു്. ഇതിൽ ഓരോന്നിലും നാല്പതുവർഷം വീതമുള്ള മൂന്നു തലമുറകളുടെ വാഴ്ചക്കാലം ഉൾപ്പെടുന്നുണ്ടു്. അതിനാൽ ഓരോ കുലസ്ഥാപകന്റേയും പേരുകൾ വഹിക്കുന്ന മന്വന്തരമായ നൂറ്റിയിരുപതു വർഷത്തിൽ, അദ്ദേഹവും തന്റെ കുലനാമം തന്നെ വഹിച്ചിരുന്ന പുത്രനും പൗത്രനും നാടുവാണിരുന്നു. ഈ കുലസ്ഥാപകരിൽ ഓരോരുത്തനും താൻ ആരാധിച്ചിരുന്ന രണ്ടു നക്ഷത്രദേവന്മാരുടെ പൂജാരികളും അവരുടെ നാമങ്ങൾകൂടി വഹിച്ചിരുന്നവരുമായിരുന്നു. ഈ കുലസ്ഥാപകർ മനുഷ്യർക്കു ചെയ്തിരുന്ന ഉപകാരങ്ങളെ സ്മരിച്ചു് ഇവരുടെ സന്താനങ്ങൾ ഇവരെ ദിവ്യരാക്കിച്ചമയ്ക്കുകയും ചെയ്തു. ഉദാഹരണമായി മഹാവിഷ്ണു കൃത്രിമമായി അഗ്നി കടഞ്ഞുണ്ടാക്കുന്നതിനും വാഹനം നിർമ്മിക്കുന്നതിനും നക്ഷത്ര നിരീക്ഷണം മുഖേന കാലം നിർണ്ണയിക്കുന്നതിനും മനുഷ്യരെ ആദ്യമായി പഠിപ്പിച്ചു. പട്ടണ നിർമ്മാണം, കൃഷി, മദ്യനിർമ്മാണം, അശ്വഭടപ്രയോഗം, അക്ഷരമാല, നൃത്തം എന്നിവ മനുഷ്യരെ ആദ്യമായി പഠിപ്പിച്ച ദേഹമാണു് സോമബ്രഹ്മാവു്. കലപ്പ, എണ്ണയാട്ടൽ, കപ്പൽനിർമ്മാണം, തുറമുഖ സ്ഥാപനം, വൈദ്യശാസ്ത്രം, ഓടക്കുഴൽ നിർമ്മാണം. കവിതയെഴുത്തു്; എന്നിവ ആദ്യമായി സ്ഥാപിച്ചതു് ശിവനാണു്. ചെമ്പായുധപ്പണി, ലോഹവിഗ്രഹനിർമ്മാണം, അക്ഷരമാലയുടെ വിപുലീകരണം, വ്യാകരണശാസ്ത്രം, ത്രാസ് എന്നിവ ഗണേശപരശുരാമൻ ആദ്യമായി സ്ഥാപിക്കുകയും ചെയ്തു. മഹാവിഷ്ണു ആരാധിച്ചിരുന്ന നക്ഷത്രങ്ങൾ പിതൃദേവനായുള്ള മഘവും (റെഗുലസ്) ഭഗൻ ദേവനായ പൂർവ്വഫൽഗുനിയും (ഡെൽറ്റലിയൊണിസ്) സോമബ്രഹ്മാവു് ആരാധിച്ചിരുന്ന നക്ഷത്രങ്ങൾ ധാതാവു് അര്യമൻ, യമൻ എന്നീ പേരുകളുള്ള ദേവത ദേവനായ ഉത്തരഫൽഗുനിയും (ലിയോണിസ്) സവിതാവുദേവനായ ഹസ്തവും (കോർവി) ആണു്. ത്വഷ്ടാവു ദേവനായുള്ള ചിത്രനക്ഷത്രവും (സ്പിക്ക) വായുദേവനായുള്ള സ്വാതിയും (അർക്തൂറിയസ്) ശിവന്റെ ആരാധനാനക്ഷത്രങ്ങളാണു്. ഗണേശപരശുരാമനാകട്ടെ ഇന്ദ്രാഗ്നി ദേവനായുള്ള വിശാഖത്തേയും (ളിബെറി) മിത്രൻ ദേവനായുള്ള അനുരാധത്തേയും (ബീറ്റാസ്ക്കോർപ്പിയോണിസ്) ആണു് പൂജിച്ചിരുന്നതു്. പരശുരാമന്റെ അനുരാധൻ എന്ന ബിരുദത്തിൽ നിന്നു പരശുരാമൻ സ്ഥാപിച്ചതെന്നു ഐതിഹ്യമുള്ളതും ബോംബെയ്ക്കടുത്തുള്ളതുമായ ശൂർപ്പാരക നഗരത്തിനു ത്രികുടരാജവംശശാസനങ്ങളിൽ നൽകിയിട്ടുള്ള പേരായ അനുരാധപുരമെന്നതു ലഭിച്ചു. ഇവിടെ നിന്നുള്ള കുടിപ്പാർപ്പുകാർ സിലോണിൽ വിജയനോടുകൂടി പോയതു നിമിത്തം സിലോണിന്റെ പ്രാചീന രാജധാനിക്കു് അനുരാധപുരം എന്നു നാമം കിട്ടുകയും ചെയ്തു.
ഇന്ത്യൻ യൂണിയൻ, പാകിസ്ഥാൻ എന്നിവയുടെ കൊടികളിലെ ചക്രം, ചന്ദ്രക്കല, നക്ഷത്രം എന്നീ മൂന്നു ലാഞ്ഛനങ്ങളും ആദിചക്രവർത്തിയും സോമൻ (ചന്ദ്രൻ) എന്നും മീനൻ (തമിഴിൽ മിൻ എന്നതിനു നക്ഷത്രമെന്നും അർത്ഥമുണ്ടു്) എന്നും നാദേയൻ (അറബികളുടെ നബിദു അഥവാ, നബി പുത്രൻ അഥവാ, മദ്യം) എന്നും ധർമ്മരാജൻ (യമൻ) എന്നും ബിരുദങ്ങളുള്ളവനുമായ സോമബ്രഹ്മാവിന്റെ ലാഞ്ഛനങ്ങളാണു്. ഗ്രീക്കുകാരുടെ മീനോസാണു് ഇദ്ദേഹം. ഈ കൊടികളിലെ ചെമപ്പു കപില (ചെമന്ന) വാസുദേവൻ എന്ന ബിരുദം ഹിന്ദുക്കളുടെ ഇടയ്ക്കും നശുദ്-എൽ-ജമാൽ റുബിയാ (ചെമന്ന നശുദ്-എൽ-ജെമാൽ) എന്ന ബിരുദം പൂർവ്വ ഇസ്ലാം അറബികളുടെ ഇടയ്ക്കും വഹിച്ചിരുന്ന മഹാവിഷ്ണുവിന്റെ നിറമാണു്. വെളുപ്പാകട്ടെ (ഇതിന്റെ ഒരു വകഭേദമായ ഇളം മഞ്ഞയും കൂടി) സിതൻ (ശുക്രൻ വെള്ളി) എന്നും ധുസരൻ (മഞ്ഞ കലർന്ന വെളുപ്പുള്ളവൻ, പൂർവ്വ ഇസ്ലാം അറബികളുടെ ധൂൽ-ശര എന്ന ദേവൻ) എന്നും ബിരുദങ്ങളുള്ള ശിവന്റെ വർണ്ണമാകുന്നു. പച്ച (പലാശവർണ്ണം) പരാസപിതൃ എന്നു് ഋഗ്വേദവും പരശുരാമൻ എന്നു ഹിന്ദുപുരാണങ്ങളും പരാസിദ നക്ഷത്രമെന്നു ഗ്രീക്കുകാരും മുസ്ലീമിങ് എന്നു് പൂർവ്വ ഇസ്ലാം അറബികളും പേരിട്ടിരുന്ന ഗണേശന്റെ നിറമാണു്.
ജെമാൽ എന്നതിനു ഒട്ടകമെന്നു് അറബിയിൽ അർത്ഥമുണ്ടു്. അതുകൊണ്ടു പാർസികളുടെ ആദി സരതുഷ്ട്രൻ (സുവർണ്ണ ഒട്ടകം) മഹാവിഷ്ണുവാണെന്നു മനസ്സിലാക്കാം. എബ്രായരുടെ ഇടയ്ക്കു ആത്മ-ഭൂതൻ എന്നു ഹിന്ദുപര്യായമുള്ള സോമബ്രഹ്മാവിനു ആദം (ആദ്മ) എന്നും ക്രിസിപ്പസ് എന്നു് ഗ്രീക്കു പര്യായവും ഹൊബൽ എന്നു് അറബി പര്യായവും വഹിച്ച ശിവനു പുതു് അഥവാ, സെത്ത് എന്ന ഹബെലെന്നും ആദിക്രിസ്തുവെന്നും ആദിനോഹ എന്നും പേരുകളുണ്ടായിരുന്നു. പിൽക്കാല ഐതിഹ്യം സെത്തിനെ ഹബെലിൽ നിന്നു വേർതിരിച്ചു മറ്റൊരാളാക്കിച്ചമച്ചു. ശിവൻ സപ്തചിരംജീവികളിലൊരാളായതു നിമിത്തം അദ്ദേഹം മരിച്ചാലും ഉണർന്നെഴുന്നേൽക്കുമെന്നുള്ള ആശയമത്രെ ഈ ദ്വൈതീകരണത്തിനു കാരണം. സോമബ്രഹ്മാവിനു ഏകതനെന്നും ശിവനു് ദ്വിതനെന്നും ഗണേശപരശുരാമൻ ത്രിതനെന്നും ശതപഥബ്രാഹ്മണാദി വൈദിക കൃതികൾ പേരിട്ടിരുന്നു. അതിനാൽ ശിവനു് രണ്ടുതലയുണ്ടായിരുന്നു (കൊമ്പു്) എന്നു് അനുമാനിക്കാം. ഒരുതല സോദരൻ വെട്ടിക്കളയുമ്പോൾ മറ്റൊന്നു ശേഷിക്കുമല്ലോ. ഇതു നിമിത്തവും ഹെബെൽ മരിച്ചിട്ടും അദ്ദേഹം സെത്തായി അഥവാ പുത്തായി ജീവിച്ചു എന്നും വിചാരിക്കാം. ഒരു സിന്ദ് പരിഷ്ക്കാരമുദ്രയിൽ ശിവനെ ഒരു ഇരട്ടക്കൊമ്പനാക്കിയിരിക്കുന്നതു കാണാം. ശിവപുത്രനായ ഗണേശ പരശുരാമൻ എബ്രായർ ഏനോസ് എന്നു് പേരിട്ടിരുന്നു. ഏനോസ് എന്ന പേരു് പാരസിക ഭാഷയിൽ ഏതോഹ് എന്നാകും. ‘ഏ’ എന്ന പദത്തിനു് വാസസ്ഥലം, അഥവാ, ഉത്ഭവസ്ഥാനം, എന്നു് സുമേറിയൻ ഭാഷയിൽ അർത്ഥമുണ്ടു്. തന്നിമിത്തം ഏ-നോഹ (ഏനോസ്) എന്നതിനു നോഹയിൽ നിന്നു ജനിച്ചവൻ എന്ന അർത്ഥം സിദ്ധിക്കുന്നു. ഓസിറിസിനെ (ശിവനെ) സഹോദരനായ സെത്ത് (എബ്രായരുടെ കയീൻ) വധിച്ചകാലത്തു് ഒരു പ്രളയമുണ്ടായി എന്നു് ഈജിപ്ഷ്യൻ ഐതിഹ്യമുണ്ടു്. അതുകൊണ്ടു ശിവനു് ആദിനോഹയെന്ന നാമവും കൂടി ലഭിക്കുകയും ചെയ്തു.
ബി. സി. പതിനഞ്ചാം ശതാബ്ദത്തിന്റെ പൂർവ്വാർദ്ധത്തിൽ, ഹിന്ദുക്കൾ പരശുരാമന്റെ, അഥവാ, കൽക്കിയുടെ, ഒരു അവതാരമായി പരിഗണിച്ചിരുന്ന കൃഷ്ണൻ ദേവകീപുത്രൻ സ്ഥാപിച്ച ഭാഗവത (പഞ്ചരാത്ര) മതത്തിൽ നാലു വ്യൂഹങ്ങളെപ്പറ്റി (അവതാരങ്ങളെ) പ്രസ്താവിച്ചിട്ടുണ്ടു്. ഇവർ മുറയ്ക്കു വസുദേവൻ, സങ്കർഷണൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ എന്നിവരാണു്. പ്രാചീന തമിഴ് സംഘകാലത്തെ ഒരു വൈഷ്ണവസ്തോത്ര സമാഹാരമായ ‘പരിപാടലി’ൽ കടുവൻ ഇളവെയിനൻ എന്ന ചെന്തമിഴുകവി പ്രസ്തുത നാലു വ്യൂഹങ്ങളേയും ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു—
“ചെങ്കട്കാരി, കരുങ്കൺ വെള്ളൈ,
പൊൻകട് പച്ചൈ വൈപ്പങ്കൺമാൽ.”
ഭാഗവത മതക്കാരുടെ വാസുദേവനെ ചെമന്ന കാരി എന്നും, സങ്കർഷണനെ കറുത്ത വെള്ളൈ എന്നും, പ്രദ്യുമ്നനെ മഞ്ഞനിറമുള്ള പച്ചൈ എന്നും അനിരുദ്ധനെ പച്ചനിറമുള്ള മാൽ എന്നും ഈ സ്തോത്രത്തിൽ വിവരിച്ചിരിക്കുന്നു. കപില (ചെമന്ന) വസുദേവനെന്ന ബിരുദമുള്ള മഹാവിഷ്ണു ഭാഗവതമതത്തിലെ വസുദേവനും, “പരിപാടലി”ലെ ചെമന്ന കാരിയുമാണു്. വണ്ടിയുടെ നുകത്തടിക്കു കരിയെന്നു പേരുള്ളതുകൊണ്ടു വണ്ടി ആദ്യമായി നിർമ്മിച്ച മഹാവിഷ്ണുവിനു കാരിയെന്ന നാമം ലഭിച്ചു. കാരു എന്നതു് ഒട്ടകത്തിന്റെ പേരുമാണു്. മഹാവിഷ്ണു ആരാധിച്ചിരുന്ന മഘം നക്ഷത്രത്തിനു മർഗീഡ്ഡ (വണ്ടി) എന്നു് ബാബിലോണിയക്കാരും, വാഗൺ (വണ്ടി) എന്നു് ഇംഗ്ലീഷുകാരും പേരിട്ടിട്ടുള്ളതും ഇവിടെ സ്മരണീയമാണു്. അന്നത്തെ വണ്ടി വലിച്ചിരുന്നതു കാളകളായിരുന്നു. കാളയ്ക്കു് “ബോസ്” എന്നു് ഗ്രീക്കിൽ പര്യായമുണ്ടു്. ഈ “ബോസ്”എന്ന പദം മഹാവിഷ്ണുവിന്റെ ബിരുദമായ വസു (ബസു) ദേവൻ എന്നതിനെ ജനിപ്പിക്കുകയും ചെയ്തു.
ബാബിലോണിയക്കാരുടെ ബെൽദേവനും, ഹിന്ദുക്കളുടെ മഹാബലിയുമായ സോമബ്രഹ്മാവാണു് ഭാഗവത മതക്കാരുടെ സങ്കർഷണനും “പരിപാടലി”ലെ കറുത്ത വെള്ളെയും. കറുത്ത ബലദേവനെന്നു ജൈനർ ഇദ്ദേഹത്തിനു പേരിട്ടിട്ടുണ്ടു്. ബലൻ എന്നതിന്റെ ഒരു ചെന്തമിഴ് രൂപമാണു് വെള്ളൈ എന്നതു്. വാലിയെന്നും (ബാലി) ഇതിനു മറ്റൊരു തമിഴു രൂപമുണ്ടു്. സോമബ്രഹ്മാവിനു വൃഷഭൻ, അഥവാ, ഉക്ഷൻ (കാള) എന്നും പേരുണ്ടായിരുന്നു. ഉക്ഷൻ എന്നതിനു ഉകാര ഇകാരങ്ങളുടെ പരസ്പര മാറ്റം നിമിത്തം ഇക്ഷൻ ഒന്നൊരു രൂപമുണ്ടാകും. ഇക്ഷ്വാകു എന്ന ഭാരതീയ രാജനാമത്തിൽ ഈ രൂപം കാണാം. അതുകൊണ്ടു സദാ ചക്രം തിരിച്ചുകൊണ്ടിരിക്കുവാൻ ദൈവം ശപിച്ചതായി ഗ്രീക്ക് ഐതിഹ്യം പറയുന്ന ഇക്സിയോൻ (ഇക്ഷൻ) സോമബ്രഹ്മാവാണെന്നും സിദ്ധിക്കുന്നു. ഇക്സിയോന്റെ പിതാവായ ഗ്രീക്കുകാരുടെ ഫ്ലൈഗ്യാസ് ഹിന്ദുക്കളുടെ ഭൃഗുവും (ഫ്ദുഗു, ഫ്ഗു) ഇക്സിയോന്റെ പുത്രരായ ഗ്രീക്കുകാരുടെ കെന്താനും പീരിഥുസും ഹിന്ദുക്കളുടെ ഗന്ധർവ്വനും പൃഥുവുമാണു്. ഗന്ധർവ്വൻ ശിവനും, പൃഥു ശിവസോദരൻ കയിനും (ഈജിപ്തുകാരുടെ സെത്തും) ആകുന്നു. ജൈന ഐതിഹ്യം ശിവനു് ബഹുബലി എന്നും, ശിവസോദരനു ഭരതനെന്നും പേരിട്ടിട്ടുണ്ടു്. ഭാരതത്തിന്റെ നാമം ഈ ഭരതനിൽ നിന്നു് ഉത്ഭവിച്ചതായിരിക്കാം. ഹംബരതവംഘു (സംഭരതവമ്പു, അഥവാ, സംഭരതബഹു) എന്ന ശിവന്റെ ഒരു പാരസിക നാമത്തിൽ നിന്നു് “സം” എന്ന പ്രത്യയം വിട്ടുകളയുമ്പോൾ ജനിക്കുന്ന ഭരതൻ എന്നതിൽ നിന്നു് ഭാരതത്തിന്റെ നാമം ജനിച്ചു എന്നുവരാം. കൃഷി ആദ്യമായി തുടങ്ങിയതു സോമബ്രഹ്മാവായതു നിമിത്തം അദ്ദേഹത്തിനു സം-കർഷണൻ എന്ന നാമം ലഭിക്കുകയും ചെയ്തു.
ശിവനാണു ഭാഗവതമതക്കാരുടെ പ്രദ്യുമ്നനും, “പരിപാടലി”ലെ മഞ്ഞനിറമുള്ള പച്ചൈയും. ശിവൻ കപ്പൽനിർമ്മാണവും തുറമുഖ സ്ഥാപനവും ആദ്യമായി നടത്തിയതുനിമിത്തം അദ്ദേഹത്തിനു സംഗരനെന്നും, പ്രദ്യുമ്നനെന്നും പേരുകിട്ടി. പോർതസ് എന്നു തുറമുഖത്തിനു ലത്തീനിൽ പേരുണ്ടു്. ഇതു നിമിത്തമാണു് ശിവനു പോർതുമ്നസ് എന്നു റോമാക്കാർ പേരുകൊടുത്തിട്ടുള്ളതു്. ഇതിന്റെ ഒരു ഭാരതീയ രൂപം മാത്രമാണു പ്രദ്യുമ്നൻ എന്നതു്. ഗണേശപരശുരാമനാണു ഭാഗവത മതക്കാരുടെ അനിരുദ്ധനും, “പരിപാടലി ”ലെ പച്ചനിറമുള്ള മാലും. ജമദഗ്നി (യമദഗ്നി) എന്ന പേരുണ്ടായിരുന്ന ശിവന്റേയും ഉമയുടെ ചേട്ടത്തിയും സരസ്വതീ ദേവിമാരിൽ ഒരുത്തിയുമായ കാളിയുടെയും പുത്രനാകയാൽ, ഗണേശപരശുരാമനു് സുമേറിയൻ ഭാഷയിൽ മ്യൂസിന്റെ (സരസ്വതിയുടെ) പുത്രനായ അഗ്നി എന്നു് അർത്ഥമുള്ള മുസ്ലിമിങ് എന്ന നാമം അറബികൾ നൽകിയിരുന്നു. പരശുരാമനു ഹോറസ് എന്ന ഈജിപ്ഷ്യൻ പേരും, ഹെർക്കുലീസ്, ഹെഫേസ്തുസ് (അഗ്നി) എന്ന ഗ്രീക്കുപേരുകളും കൽക്കി, ബഡവാഗ്നി എന്ന ഹിന്ദുനാമങ്ങളും, അശവസ്ദൻ, ഉരുധു എന്ന പാരസിക നാമങ്ങളുമുണ്ടായിരുന്നു. ഉരുധു എന്നതിനോടു രാജകുമാരനെന്നർത്ഥമുള്ള “അൻ” എന്ന പ്രത്യയം ചേർക്കുമ്പോൾ അനുരുധു (അനുരുദ്ധൻ) എന്ന നാമം ലഭിക്കുന്നതാണു്. വിഷ്ണു, സോമബ്രഹ്മാവു്, ശിവൻ, ഗണേശപരശുരാമൻ എന്നിവർക്കു പാരസികർ യഥാക്രമം വേനൻ, ക്ഷതവൈദ്യൻ, പുരുധാഷ്ഠി, അശവസ്ദൻ, അഥവാ ഉരുധു എന്നു പേരിട്ടിരുന്നു. ഹിന്ദുക്കൾ മഹാവിഷ്ണുവിനു ജരത്കാരു (സരതുഷ്ട്രൻ) എന്നും, സോമബ്രഹ്മാവിനു ആസ്തികൻ, ജീമൂതവാഹനൻ എന്നും, ശിവനുനാസത്യൻ എന്നും പേരിട്ടിരുന്നതും ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.
മഹാവിഷ്ണു സ്ഥാപിച്ച ജ്യോതിശ്ശാസ്ത്രത്തിന്റേയും, സാംഖ്യ (കണക്കു) ശാസ്ത്രത്തിന്റേയും പശ്ചാത്തലത്തിലുള്ള പൂർവ്വചരിത്ര തത്ത്വജ്ഞാനമാണു് ദ്വൈതവാദത്തിനു പേരെടുത്തിട്ടുള്ള സാംഖ്യദർശനം. ഈ ദ്വൈതവാദത്തിന്റെ പുതുക്കിയ ഒരു പതിപ്പാണു് മാർക്സിന്റെ “ഡയലക്റ്റിക്സ്”. സാംഖ്യദർശനത്തിന്റെ പൂർവ്വചരിത്രകാല സ്ഥാപകനായി ഒരു ഉപനിഷത്തു് കപിലഋഷിയെ പ്രസ്താവിക്കുന്നുണ്ടു്. പൂർവ്വസരതുഷ്ട്ര ഐതിഹ്യം ഇദ്ദേഹത്തിനു സർവൻ എന്ന നാമം നൽകിയിരുന്നു എന്നു നിബെർഗ് എന്ന പണ്ഡിതന്റെ പ്രാചീന പാർസിമതത്തെപ്പറ്റിയുള്ള ഗവേഷണങ്ങളിൽ നിന്നു മനസ്സിലാക്കാം. പ്രസ്തുത കപിലഋഷിയെ പ്രാചീനനായ ശങ്കരാചാര്യരും, ആധുനികനായ പ്രൊഫസ്സർ കീത്തും ഒന്നുപോലെ ഒരു മിഥ്യാപുരുഷനാക്കി തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും വാസ്തവത്തിൽ ഒരു ചരിത്രപുരുഷനായ മഹാവിഷ്ണുവാണെന്നു ഞാൻ വിചാരിക്കുന്നു. ഈശ്വരകൃഷ്ണന്റെ “സാംഖ്യകാരിക”യ്ക്കു ഗൌഡപാദൻ രചിച്ചിട്ടുള്ള ഭാഷ്യത്തിൽ, ഋഷിതർപ്പണമന്ത്രത്തിൽ നിന്നു സാംഖ്യദർശന ആചാര്യന്മാരുടെ പേരുകൾ പ്രസ്താവിക്കുന്ന ചുവടെ ചേർക്കുന്ന ശ്ലോകം ഉദ്ധരിച്ചിട്ടുണ്ടു്.
“സനകശ്ച സനന്ദശ്ച
ത്രിതയശ്ച സനാതനഃ
ആസുരീ; കപലിശ്ചൈവ
വോഢഃ പഞ്ചശിഖസ്തഥാ.”
ഇതിലെ സനാതനനും കപിലനും മഹാവിഷ്ണുവും, വോഢനും, പഞ്ചശിഖനും സനൽകുമാരനെന്ന ബിരുദംകൂടിയുള്ള സോമബ്രഹ്മാവും, സനകനും സുസുരിയും ശിവനും സനന്ദനും ത്രിതയനും ഗണേശപരശുരാമനുമാണു്. കോഴിക്കോട്ടെ മുസ്ലിം വിദ്യാർത്ഥികളുടെ വക ‘വികാസം’ മാസികയുടെ വിശേഷാൽ പ്രതിയിൽ ഈയിടെ ഞാൻ എഴുതിയിരുന്ന “അറബിഭാരതീയ ബന്ധങ്ങൾ” എന്ന ലേഖനത്തിൽ സനാതൻ ശിവനാണെന്നും, സനകൻ മഹാവിഷ്ണുവാണെന്നും പറഞ്ഞിരുന്നതു ശരിയല്ലെന്നും ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ. അകെസ് (ഡിയോസ്കുരി) എന്നു് ശിവനും സോദരനും (അശ്വിനീദേവന്മാർ) കൂടി ഗ്രീക്കുകാർ പേരിട്ടിരുന്നു. ഇതിന്റെ ഒരു രൂപഭേദമാണു് സനകൻ എന്നതു്. ശതപഥബ്രാഹ്മണത്തിലെ പാരിപ്ലവ ഐതിഹ്യാദികൾ ചതുർവേദങ്ങളായ ഋക്, യജുസ്, സാമം, അർവ്വാംഗിരസ് എന്നിവയുടെ പൂർവ്വ ചരിത്ര കാലപ്പതിപ്പു് ആദിയിൽ സുമേറിയൻ ഭാഷയിൽ രചിച്ചവർ യഥാക്രമം വൈവസ്വതമനു, യമവൈവസ്വതൻ, ധർമ്മനിന്ദ്രൻ, അഥർവ്വൻ (അംഗിരസ—പിന്നീടു് അഥർവ്വവേദം പരിഷ്ക്കരിച്ചെഴുതി) എന്നിവരാണെന്നു സ്ഥാപിക്കുന്നുണ്ടു്. ഇവരിൽ അഥർവ്വൻ മഹാവിഷ്ണുവിന്റെ പിതാവായ ഗരുഡനും, അംഗിരസ് (ബാബിലോണിയക്കാരുടെ കൽക്കിയായ അൻ-ഗിര) ഗണേശപരശുരാമനും (അതായതു് അറബികളുടെ മുസ്ലീമിങ്ങും) മനു വൈവസ്വതൻ ശിവസോദരനും, യമവൈവസ്വതൻ ശിവനും, ധർമ്മനിന്ദ്രൻ സോമബ്രഹ്മാവുമാണു്. ഈ വേദങ്ങളുടെ സംസ്കൃതഭാഷാപതിപ്പു് തുടങ്ങിയതു് രണ്ടായിരത്തിൽപ്പരം വർഷം കഴിഞ്ഞതിനു ശേഷമാണു്. എബ്രായമതത്തിനും, അതിന്റെ സന്താനങ്ങളായ യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങൾക്കും കേരളത്തിലെ പഴയ പേരു് നാലാംവേദമെന്നായതിന്റെ കാരണവും മുകളിൽ പറഞ്ഞതുതന്നെയാണു്.
ശിവൻ ഒരു തല അറുത്തുകളയുന്നതിനു മുമ്പു് ബ്രഹ്മാവു് അഞ്ചുതലയുണ്ടായിരുന്ന ചതുർമുഖ സോമബ്രഹ്മാവാണു് പഞ്ചശിഖൻ. പൂർവ്വ ഇസ്ലാം അറബികളുടെ വഡ്ഡ് എന്ന മൂത്തകാമദേവനാണു് വോഢനായ സോമനായ ഇളയകാമൻ. ഗ്രീക്കുകാരുടെ ഈറോസും റോമാക്കാരുടെ ക്യൂപ്പിഡും ആണു് ശിവൻ, മൂത്തകാമനു ഗ്രീക്കുകാർ പോത്തോസ് എന്നു പേരിട്ടിരുന്നു. അസുരനെന്നും ബ്രഹ്മാവിനു പേരുള്ളതിനാൽ, ബ്രഹ്മപുത്രനായ ശിവനു ഹിന്ദുക്കൾ അസുരിയെന്നും, ഈജിപ്തുകാർ ഓസിറിസ് എന്നും പേരു നൽകിയിരുന്നു. ത്രിതആപ്ത്യൻ, ത്രിവിക്രമവിഷ്ണു എന്നീ നാമങ്ങൾ ഋഗ്വേദം നൽകിയിട്ടുള്ള മഹാവീരൻ ഗണേശപരശുരാമനാണു്. ഇദ്ദേഹമാണു് ത്രിതയൻ. ബി. സി. 56-ലെ വിക്രമാബ്ദത്തിനു സനന്ദ അബ്ദം എന്ന പേരുംകൂടി കിട്ടിയതു പരശുരാമന്റെ ത്രിവിക്രമൻ, സനന്ദൻ എന്നീ ബിരുദങ്ങളിൽ നിന്നാണു്. പരശുരാമനെയാണു് ഏഷ്യാമൈനറിലെ ടാർസസ് നഗരവാസികൾ സന്ദൻ എന്നു് പേരിട്ടിട്ടുള്ളതും.
ബലദേവനായ സോമബ്രഹ്മാവു് മനുഷ്യരുടെ ആദിനഗരമായ ആദി ബാബിലോൺ (ബാബെൽ) സ്ഥാപിച്ചതു പേർസ്യൻ ഉൾക്കടലിലെ ബഹറീൻ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപിലായിരുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആദിശതാബ്ദങ്ങളിൽ ഇവിടെ സ്ഥിതിചെയ്തിരുന്ന അൽ-സഫാ എന്ന നഗരത്തിന്റെ പേരിൽ ആദി ബാബിലോണിന്റെ പൂർവ്വചരിത്ര നാമങ്ങളിലൊന്നായ ദേവസഭ, അഥവാ, സഭാനഗരം എന്നതു നിലനിന്നിരുന്നു. ദേവസഭാ, സുധർമ്മ എന്നിവ സ്വർഗ്ഗനാഥനായ ഇന്ദ്രന്റെ രാജധാനിയുടെ പേരുകളുമാണു്. വജ്രനെന്നുള്ള ബിരുദവുമുണ്ടായിരുന്ന ബ്രഹ്മാവു് സദാ കറങ്ങിക്കൊണ്ടിരുന്ന ഒരു ചക്രം ഈ നഗരത്തിനടിയിലുള്ള കല്ലറയിൽ സ്ഥാപിച്ചിരുന്നു എന്നും, വജ്രനിർമ്മിതമായതിനാൽ ഇതു സദാ പ്രകാശം പൊഴിച്ചുകൊണ്ടിരുന്നു എന്നുള്ള ഐതിഹ്യം പൂർവ്വചരിത്രകാലത്തുണ്ടായിരുന്നു. ആത്മ (ആദം) എന്ന ബ്രഹ്മനാമത്തിൽ നിന്നാണു് പാരസികർ ഇതിനു ചർക്ക്-ഈ-ആൽമസ് എന്നും പേരിട്ടിരുന്നതു്. ബലദേവപുത്രനായ ശിവനു നിനസ് എന്നു ബാബിലോണിയക്കാരും, പെർസിസ് എന്നു പാരസികരും പേരുനൽകിയിരുന്നു. ശിവൻ ആദിബാബിലോൺ പുതുക്കിപ്പണിതപ്പോൾ, അതിനു അദ്ദേഹത്തിന്റെ പ്രസ്തുത നാമങ്ങളിൽ നിന്നു നിനവെയെന്നും, പെർസിപ്പൊളിസ് എന്നും പേരുകൾ ലഭിച്ചു. ഇവിടെ നിന്നു് ഒരു കോളണി മെസോപ്പൊത്തേമ്യയിൽ ചെന്നു അവിടെ പിന്നീടു് അസ്സിറിയൻ സാമ്രജ്യ തലസ്ഥാനമായി ഭവിച്ച രണ്ടാമത്തെ നിനെവ സ്ഥാപിക്കുകയുണ്ടായി. ഇതിനു രണ്ടാമത്തെ പെർസിപ്പൊളിസ് എന്ന നാമവുമുണ്ടായിരുന്നു. പിന്നീടു് ബി. സി. 5075-ൽ സംഭവിച്ച നോഹയുടെ പ്രളയത്തിനുശേഷം ഒരു നൂറ്റിയമ്പതു വർഷം കഴിഞ്ഞു് തലസ്ഥാനമായ രണ്ടാമത്തെ പെർസിപ്പോളിസ്സിൽ നിന്നു ഭ്രഷ്ടനായി ഭവിച്ച യിമക്ഷേതൻ (ജംഷിദ) എന്ന പരാസിക രാജാവു് തെക്കു പടിഞ്ഞാറൻ പെർസ്യയിൽ ചെന്നു ഷിരാസിനു സമീപം മൂന്നാമത്തെ പെർസിപ്പോളിസ് സ്ഥാപിച്ചു. ഇതു കാലക്രമേണ ക്ഷയിച്ചുപോയി. അനന്തരം ബി. സി. 522-നു സമീപിച്ചു് അക്കാമെനസ്സ് രാജവംശത്തിൽപ്പെട്ട ഡേറിയസ് ഹിസ്റ്റസ്പസ് എന്ന പാരസിക ചക്രവർത്തി മൂന്നാമത്തെ പെർസിപ്പോളിസിന്റെ സ്ഥാനത്തു നാലാമത്തെ പേർസിപ്പൊളിസ് പണികഴിപ്പിച്ചു. ഇതിനെ അലക്സാണ്ടർ മഹാൻ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.
സദാ കറങ്ങിക്കൊണ്ടിരിക്കുന്നതും പ്രഭപൊഴിക്കുന്നതുമായ പ്രസ്തുത വജ്രചക്രത്തെ സംബന്ധിച്ചുള്ള ഐതിഹ്യം പേർസ്യയിലുള്ള പെർസിപ്പോളിസ്സുകളോടും ഘടിപ്പിച്ചിരുന്നു എന്നു ഡെല്ലാമല്ലെ, ഷാർദിൻ ആദിയായ മധ്യകാല യൂറോപ്യൻ സഞ്ചാരികളുടെ കൃതികളും ഇവിടത്തെ പാരസിക ഐതിഹ്യവും സ്ഥാപിക്കുന്നുണ്ടു്. ഈ ഐതിഹ്യത്തെത്തന്നെ ഈഷൽ വ്യത്യാസമെന്യേ പാടലീപുത്രത്തിന്റെ സ്ഥാപനത്തിനു മുമ്പു് മഗധയുടെ തലസ്ഥാനമായിരുന്ന പഴയ രാജഗൃഹ നഗരത്തെ സംബന്ധിച്ചും കാലാശോകൻ (മഹാപത്മനന്ദൻ) എന്ന മഗധചക്രവർത്തിയുടെ ചരിത്ര വിവരണത്തിൽ ബുദ്ധമതചരിത്രകർത്താവായ താരനാഥൻ നൽകിയിരിക്കുന്നു. ഗൗതമബുദ്ധന്റെ നിർവ്വാണകാലമായ ബി. സി. 463-നു് അല്പം മുമ്പാണു് അജാതശത്രുപുത്രൻ ഉദായീൻ പാടലീപുത്രം പണികഴിപ്പിച്ചതു്. പഴയ മഗധ രാജധാനിയെക്കുറിച്ചുള്ള പ്രസ്തുത ഐതിഹ്യം പാടലിപുത്രത്തേയും സംബന്ധിച്ചു ജനിച്ചിരിക്കണം. മൗര്യന്മാർ പുതുക്കിയ പാടലീപുത്ര രാജധാനിയുടെ പണിയിൽ അക്കാമെനസ് രാജവംശത്തിന്റെ തലസ്ഥാനമായ പെർസിപ്പൊളിസ്സിലെ ശില്പരീതി ഇന്നത്തെ ഗവേഷകർ ഖനനംമൂലം കണ്ടുപിടിച്ചിട്ടുമുണ്ടു്. ഈ സംഗതികളിൽ നിന്നു് അശോകന്റെ ഒരു സ്തംഭത്തിൽ നിന്നു് എടുത്തു പകർത്തിയ ഇന്ത്യൻ യൂണിയൻ ലാഞ്ഛനമായ ചക്രവും, പാകിസ്ഥാൻ ലാഞ്ഛനങ്ങളായ ചന്ദ്രക്കലയും നക്ഷത്രവും ഒന്നുപോലെ പൂർവ്വചരിത്ര കാലത്തു് അറേബ്യയിൽ ഉത്ഭവിച്ചവയാണെന്നു സുവ്യക്തമാകുന്നുണ്ടല്ലോ.
(കേരളോപഹാരം ശ്രീചിത്തിരതിരുനാൾ വിശേഷാൽ പ്രതി 1947.)