images/EmissionNebula.jpg
Emission nebula NGC 6357, a photograph by NASA, ESA and Jesœs Maz Apellÿniz .
കൊല്ലാബ്ദത്തിന്റെ ഉത്ഭവം
കേസരി ബാലകൃഷ്ണപിള്ള

കുരിശുമുടിയെപ്പറ്റി എഴുതിയിരുന്ന ലേഖനത്തിൽ തോമാശ്ലീഹയുടെ ആഗമനകാലത്തെ കൊല്ലം, കൊല്ലി, ചോഴക്കര, ചോഴപട്ടണം എന്നീ പേരുകളും കൂടിയുണ്ടായിരുന്ന ഇന്നത്തെ ഞാറയ്ക്കലാണെന്നും, ഇതിന്റെ തുറമുഖമായ മാല്യങ്കരയ്ക്കു (ഇന്നത്തെ മാലിപ്പുറത്തിനു) സുഡോസ്തോമസ് (വ്യാജമുഖം) എന്നു ടോളമി പേരിട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാണിച്ചിരുന്നല്ലോ. ‘മാലം’ എന്ന പദത്തിനു ചതി അഥവാ, വ്യാജം എന്നർത്ഥമുള്ളതിനാൽ, മാലങ്കര (മാല്യങ്കര) എന്ന നാമത്തെ ഗ്രീക്കു ഭാഷയിലേക്കു പദാനുപദതർജ്ജമ ചെയ്താണു് ടോളമി അതിനു സുഡോസ്തോമസ് എന്ന പേരു നൽകിയതെന്നുള്ളതു് സ്പഷ്ടമാണു്. ഈ ഞാറയ്ക്കൽ കൊല്ലമാണു് ‘കൊല്ലത്തു കോശിമാപ്പിളയുടെ മുതൽ കൊടുങ്ങല്ലൂർ കൊല്ലനു്’ എന്ന പഴഞ്ചൊല്ലിൽ പ്രസ്താവിച്ചിട്ടുള്ള കൊല്ലം. ഞാറയ്ക്കൽ കൊല്ലം എ. ഡി. 823-ൽ നശിച്ചു എന്നു്, കൊല്ലം നശിച്ചതിനുശേഷം വന്ന 501-ാമത്തെ വർഷം ശകാബ്ദം 1246 ആണെന്നു്, ‘മതുരൈ തലവരലാറു’ എന്ന പ്രാചീന തമിഴ്കൃതിയിലെ പ്രസ്താവനയിൽ നിന്നു മനസ്സിലാക്കാം. ഞാറയ്ക്കൽ കൊല്ലത്തിന്റെ പശ്ചിമഭാഗത്തിന്റെ നാശം, കൊച്ചിതുറമുഖം സൃഷ്ടിച്ച എ. ഡി. 14-ാം ശതാബ്ദത്തിലെ കടലേറ്റത്തെ പോലുള്ള ഒരു കടലേറ്റം മൂലമാണുണ്ടായതെന്നു വിചാരിക്കുവാൻ കാരണമുണ്ടു്. കൊല്ലത്തു് (ഞാറയ്ക്കലിൽ) തോമാശ്ലീഹ സ്ഥാപിച്ച ശിലാസ്തംഭങ്ങളും മറ്റും കടലിൽ ആണ്ടുപോയി എന്നുള്ള ക്രൈസ്തവ ഐതിഹ്യം ഈ കടലേറ്റത്തെ സൂചിപ്പിക്കുന്നുണ്ടു്. ഞാറയ്ക്കൽ കൊല്ലം നശിച്ചു രണ്ടു വർഷം കഴിഞ്ഞപ്പോൾ, അതായതു് എ. ഡി. 825-ൽ ഇന്നത്തെ തിരുവിതാംകുറിലെ കൊരക്കേണിക്കൊല്ലം സ്ഥാപിക്കപ്പെട്ടു. ചില ക്രൈസ്തവ വണിക്കുകളുടെ സഹായ സഹിതമാണു് കൊരക്കേണിക്കൊല്ലം സ്ഥാപിക്കപ്പെട്ടതെന്നു് താണുരവിയുടെ ചെപ്പേടുകളിൽ നിന്നു മനസ്സിലാക്കുകയും ചെയ്യാം. ഇതു സംഭവിച്ചതു് കേരളോല്പത്തിയിലെ വളഭൻ പെരുമാളുടെ (രാജശേഖരന്റെ) കാലത്തായിരുന്നു എന്നു വിചാരിക്കുവാൻ കാരണമുണ്ടു്.

images/Santo_Tomas.jpg
തോമാശ്ലീഹാ.

ഒരു അബ്ദം സ്ഥാപിക്കുന്നതിനു സാധാരണയായി താല്ക്കാലികമായ ഒരു ചരിത്രസംഭവം കാരണമാകുമെങ്കിലും, നിവൃത്തിയുണ്ടെങ്കിൽ അതിനു ജ്യോതിശ്ശാസ്ത്രപരമായ ഒരു അടിസ്ഥാനം കൂടി നല്കുന്ന പതിവു് പണ്ടുണ്ടായിരുന്നു. 33 വർഷങ്ങൾ കൂടിയ വൈദികകാലത്തെ ഒരു യുഗത്തെ ആസ്പദിച്ചുണ്ടായതും, ആകെ 3333 വർഷങ്ങളടങ്ങിയതും ബി. സി. 3390-ൽ തുടങ്ങിയതുമായ ഒരു മഹാബ്ദത്തിന്റെ അന്ത്യത്തിലാണു് ബി. സി. 57-ൽ തുടങ്ങുന്ന വിക്രമാബ്ദം ഉജ്ജയിനിയിൽ സ്ഥാപിച്ചതെന്നും, ഈ അസാധാരണ കലിവർഷം കേരളത്തിലും മൈസൂരിലും സാധാരണ കലിവർഷത്തോടുകൂടി പ്രചരിച്ചിരുന്നു എന്നും, കുരിശുമുടി ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നല്ലോ. ഇതുപോലെ ആന്ധ്രപ്രദേശത്തെ പ്രാചീന രാജവംശമായ പുർവ്വഗംഗരുടെ ഇടയ്ക്കു് 3600 വർഷങ്ങളടങ്ങിയതും, ബി. സി. 3101-ൽ തുടങ്ങിയതുമായ സാധാരണ കലിവർഷത്തിന്റെ അന്ത്യമായ എ. ഡി. 499-ൽ സ്ഥാപിച്ച ഒരു അബ്ദം പ്രചാരത്തിലിരിന്നിരുന്നു. ഈ പതിവനുസരിച്ചു് കൊല്ലാബ്ദത്തിന്റെ സ്ഥാപനത്തിനും ജ്യോതിശ്ശാസ്ത്രപരമായ ഒരു അടിസ്ഥാനമുണ്ടെന്നും, ഇതു് 2700 വർഷങ്ങളടങ്ങിയ ഒരു സപ്തർഷി മഹാബ്ദത്തിന്റെ അന്ത്യമാണെന്നും സ്ഥാപിക്കുവാനാണു് ഇവിടെ ഉദ്യമിക്കുന്നതു്.

images/Tomb.jpg
ഇന്ത്യയിലെ സെന്റ് തോമസിന്റെ ശവകുടീരം.
കൊല്ലാബ്ദവും പരശുരാമാബ്ദവും:

കൊല്ലാബ്ദത്തിനും സപ്തർഷ്യബ്ദത്തിനും തമ്മിൽ ബന്ധമുണ്ടെന്നു് പ്രൊഫസർ സുന്ദരപിള്ള യും വേലാണ്ടൈ ഗോപാലയ്യരും (The Chronology of Ancient India, Velandai Gopalayyar) ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും, ഇവർ അതിനെ വിശ്വാസയോഗ്യമായ വിധത്തിൽ സ്ഥാപിച്ചിട്ടില്ലെന്നു പറഞ്ഞേ മതിയാവു. ബി. സി. 1176-ൽ തുടങ്ങിയതും പരശുരാമാബ്ദമെന്നു പേരുള്ളുതായി പറയപ്പെട്ടുവരുന്നതുമായ അബ്ദത്തെ ആസ്പദിച്ചാണു് കൊല്ലാബ്ദമുണ്ടായതെന്നും, പരശുരാമാബ്ദത്തിനും സപ്തർഷ്യബ്ദത്തിനും തമ്മിൽ ബന്ധമുള്ളതിനാൽ കൊല്ലാബ്ദത്തിനും സപ്തർഷ്യത്തിനും തമ്മിൽ ബന്ധമുണ്ടെന്നുമാണു് ഇവരുടെ വാദത്തിന്റെ ഗതി. ബി. സി. 1176-നും എ. ഡി. 825-നും തമ്മിൽ 2000 വർഷങ്ങളുടെ അന്തരമുണ്ടു്. സപ്തർഷ്യബ്ദ ഗണിതരീതിയനുസരിച്ചു് ഈ കാലത്തെ ആദ്യത്തെ രണ്ടു സംഖ്യവിട്ടു കളഞ്ഞു് പൂജ്യമായി പറയാറുള്ളതിനാൽ, ഈ പൂജ്യവർഷം കഴിഞ്ഞു് ഒന്നാമത്തെ ആണ്ടായ എ. ഡി. 825-കൊല്ലാബ്ദത്തിന്റെ പ്രഥമവർഷമായി ഭവിച്ചു എന്നാണു് ഇവർ വിചാരിക്കുന്നതു്. 2000 എന്ന സംഖ്യ സൂചിപ്പിക്കുന്ന വർഷം മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള പതിവനുസരിച്ചു് ഒരു മഹാബ്ദത്തിന്റെ അന്ത്യമാണെന്നു് ഇവർ സ്ഥാപിച്ചിട്ടില്ലാത്തതു നിമിത്തമാണു് ഇരുവരുടെയും വാദം വിശ്വാസജനകമല്ലെന്നു് മുകളിൽ പറഞ്ഞിട്ടുള്ളതു്. വാസ്തവത്തിൽ, ബി. സി. 4575-ൽ സ്ഥാപിതമായതോ, സ്ഥാപിതമായി എന്നു് വിശ്വസിക്കപ്പെട്ടതോ ആയ സപ്തർഷി മഹാബ്ദം രണ്ടാമത്തെ പ്രാവശ്യം അവസാനിച്ചപ്പോഴാണു് കൊല്ലാബ്ദം സ്ഥാപിച്ചതു്. ഈ അഭിപ്രായം സ്ഥാപിക്കുന്നതിനു സപ്തർഷ്യബ്ദത്തെപ്പറ്റി ചില വിവരങ്ങൾ നൽകുന്നതായ മഹാഭാരത യുദ്ധകാലം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു അതിനാൽ മഹാഭാരത യുദ്ധകാലം കണ്ടുപിടിക്കുവാനാണു് ഇവിടെ ആദ്യമായി ഉദ്യമിക്കുന്നതു്.

images/Sundaram_Pillai.jpg
പ്രൊഫസർ സുന്ദരപിള്ള.
പ്രാചീന പ്രസ്താവനകളെ ശാസ്ത്രരീതിയിൽ വ്യാഖ്യാനിക്കുന്നതിന്റെ ദൂഷ്യങ്ങൾ:

ബി. സി. 1448-ലാണു് മഹാഭാരതയുദ്ധം നടന്നതെന്നു് വരാഹമിഹിരന്റെ വാക്കുകളിൽ നിന്നു മനസ്സിലാക്കാം. പക്ഷേ, ഇങ്ങനെയല്ല ഇന്നത്തെ പണ്ഡിതലോകം അവയെ വ്യാഖ്യാനിച്ചിട്ടുള്ളതു്. മഹാഭാരത യുദ്ധകാലത്തെ ചൂണ്ടിക്കാണിക്കുന്ന പ്രസ്താവനകൾ ഇന്നത്തെ പണ്ഡിതലോകം വിചാരിക്കുന്നതുപോല പുരാണങ്ങളിലും, വരാഹമിഹിരന്റെ കൃതികളിലും മാത്രമല്ല കാണുന്നതു്. ഈ കാലത്തെക്കുറിച്ചു് ഋഗ്വേദസംഹിതകൂടി പ്രസ്താവിക്കുന്നുണ്ടു്. ആധുനിക ശാസ്ത്രരീതിയിൽ പ്രാചീനരുടെ പ്രസ്താവനകളെ വ്യാഖ്യാനിച്ചതു നിമിത്തമാണു് ഇന്നത്തെ പണ്ഡിതലോകത്തിനു് ഇതേവരെ മഹാഭാരത യുദ്ധകാലം സൂക്ഷ്മമായി കണ്ടുപിടിക്കുവാൻ സാധിക്കാതെ വന്നിട്ടുള്ളതു്. പ്രാചീനരുടെ പ്രസ്താവനകൾക്കു നവീനശാസ്ത്രരീതിയിൽ പദാനുപദഭാഷ്യം നൽകുന്നതിന്റെ വിചിത്രഫലങ്ങൾക്കു ഒന്നുരണ്ടുദാഹരണങ്ങൾ ആദ്യമായി ഉദ്ധരിച്ചുകൊള്ളട്ടെ.

images/Bal_Gangadhar_Tilak.jpg
ബാല ഗംഗാധര തിലകൻ.

ബി. സി. 6000 മുതൽക്കു 4000 വരെ ആര്യൻമാർ ഉത്തരധ്രുവദേശങ്ങളിൽ പാർത്തിരുന്നു എന്നു സ്ഥാപിക്കുവാനായി ബാലഗംഗാധരൻ തന്റെ ‘ഒറിയോൺ’ എന്ന കൃതിയിൽ കൊണ്ടുവന്നിട്ടുള്ള വാദങ്ങളിൽ ഒന്നു് പാർസികളുടെ മതഗ്രന്ഥമായ വെന്ദിദാഡി ലെ ഒരു പ്രസ്താവനയാണു്. ആര്യൻമാരുടെ ഉത്ഭവസ്ഥാനമായ ആർയ്യാനം വേജോവിലെ കൊടിയശൈത്യം നിമിത്തം അവരിൽ ഒരു വിഭാഗമായ പാരസികർ യിമക്ഷേ തന്റെ നായകത്വത്തിൻ കീഴിൽ അവിടെനിന്നു തിരിച്ചു വാരാ എന്ന സ്ഥലത്തു് ചെന്നു് അവിടെ ഒരു നഗരം സ്ഥാപിച്ചതിനെ സംബന്ധിച്ചു് ആ വാരായിലെ ദീപങ്ങൾ ഏതെല്ലാമെന്നു സരത്തുഷ്ടൻ അഹുരമസ്ദ് ദേവനോടു് ചോദിക്കുമ്പോൾ, അഹുരമസ്ദ് ഇങ്ങനെ മറുപടി പറഞ്ഞു: “സൃഷ്ടിക്കപ്പെടാത്തവയും സൃഷ്ടിക്കപ്പെട്ടവയുമായ ദീപങ്ങളുണ്ടു്. അവിടെ (വാരായിൽ) കാണാൻ സാധിക്കാത്തതായ ഒരു കാര്യം നക്ഷത്രങ്ങളുടെയും ചന്ദ്രസൂര്യന്മാരുടെയും വെളിച്ചമാണു്. അവിടെ ഒരു വർഷം ഒരു വാരം (ആഴ്ച) പോലെയിരിക്കും.” ഇതിനെ തിലകൻ പദാനുപദമായി വ്യാഖ്യാനിച്ചു, ആര്യന്മാരുടെ പാരസികശാഖ ധ്രുവപദേശത്തുള്ള ആര്യാനംവേജോയിൽ നിന്നുപോയി പാർത്തസ്ഥലത്തും പ്രായേണ ധ്രുവദേശത്തെ സ്ഥിതിപോലുള്ള അന്ധകാരമയമായ ഒരു സ്ഥിതിയുണ്ടായിരുന്നു എന്നും, തന്നിമിത്തം ഇതു ധ്രുവത്തിനടുത്തായിരിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ വാസ്തവത്തിൽ വെന്ദിദാഡിൽ പറഞ്ഞിട്ടുള്ള സംഭവം കാക്കസസ് പർവ്വതപ്രദേശത്തുള്ള അദർബെയ്ജാനിൽ നിന്നു യിമക്ഷേതരൻ പെർസ്യയിലെ ചാർസ് എന്ന പ്രദേശത്തുചെന്നു് അവിടെ പ്രാചീന പാരസികരാജധാനിയായ പെർസിപ്പൊലിസ് നഗരം സ്ഥാപിച്ചതാകുന്നു. ഈ നഗരം സ്ഥിതിചെയ്തിരുന്ന ദേശത്തുകൂടി ഒഴുകുന്ന മുർഗാബ് നദിയുടെ പേരിൽ നിന്നു് ആ ദേശത്തിനും നഗരത്തിനും മാരക്കഴി എന്നും, ബാരക്കഴി എന്നും പ്രാചീന ബാബിലോണിയയിലെ ശാസനങ്ങൾ പേരിട്ടിട്ടുണ്ടു്. ഈ ബാരക്കഴി (വാരക്കഴി) യാണു് വെന്ദിദാഡിലെ വാരാ. ഈ പ്രദേശത്തിനു മെർവ്ദാഷ്ട എന്ന മറ്റൊരുപേരും, പെർസിപ്പൊലിസിനെ തൊട്ടു സ്ഥിതിചെയ്യുന്ന പർവ്വതത്തിനു ഋഷഭഗിരി, വൃഷഭഗിരി, വർപ്പഗിരി എന്ന പല പേരുകളും പാർസികൾ നൽകിയിരുന്നു. സുഗ്രീവന്റെ മാർഗ്ഗ നിർദ്ദേശ വേളയിൽ ക്ഷീരോദനസാഗരത്തിനു (ഇന്നത്തെ നിരിസ് കായലിനു) സമീപം സ്ഥിതിചെയ്യുന്നതായി വാല്മീകി പ്രസ്താവിച്ചിട്ടുള്ള ഋഷഭഗിരിയും, ഡയൊഡോറസ് എന്ന റോമൻ ചരിത്രകാരൻ പെർസിപ്പോളിസിനു സമീപം സ്ഥിതിചെയ്യുന്നതായി പറഞ്ഞിട്ടുള്ള ‘ബാസിലിക്കോൺ ഒറോസ്’ (രാജ, അഥവാ ശ്രേഷ്ഠ, അഥവാ വൃഷഭഗിരി) എന്ന പർവ്വതവും ഈ വർഷഗിരിതന്നെയാണു്. ഈ വർഷഗിരിയിൽ പാർത്തിരുന്ന പാരസികരായ രാജർഷികളാണു് ഋഗ്വേദസംഹിതയിലെ ചില അതിപ്രാചീനങ്ങളായ ജക്കുകലു രചിച്ച അംബരീക്ഷാദിയായ അഞ്ചു വർഷഗിരാജർഷികൾ. മെർവ്ദാഷ്ട് എന്നതിനു പാരസികഭഷയിൽ ‘പ്രകാശമുള്ള താഴ്‌വര’ എന്നർഥമുണ്ടു്. മെർവ്ദാഷ്ട്, വർഷഗിരി, വാര (ക്കഴി) എന്നീ പേരുകളുടെ ദ്വയാർഥങ്ങൾ പ്രയോഗിച്ചുള്ള ശ്ലോഷാലങ്കാരയുക്തമായ ഒരു പ്രസ്താവനയാണു് വാസ്തവത്തിൽ വെന്ദിദാഡിലുള്ളതു്. പ്രകാശമുള്ള താഴ്‌വരയിൽ (മെർവ്ദാഷ്ടിയിൽ) സൂര്യചന്ദ്രാദികളുടെ പ്രകാശം മങ്ങിപ്പോകുന്നതിനാൽ അതിനെ കാണാൻ സാധിക്കുകയില്ലല്ലോ. വാരയിൽ വർഷഗിരി സ്ഥിതിചെയ്യുന്നതിനാൽ ഒരു വർഷം ഒരു വാരവുമായി ഭവിച്ചു. ഇതുപോലെ നീംറോസ് എന്നു പ്രാചീന പാരസികരുടെ ഇടയ്ക്കു പേരുണ്ടായിരുന്നതും, പാരസികഭാഷയിൽ മധ്യദിനം എന്നർഥമുള്ളതുമായ അഫ്ഗാനിസ്ഥാനിലെ സെയിസ്താൻ പ്രദേശത്തിന്റെ പേരായ മാധ്യംദിനം എന്നതു് വൈദികകൃതികളുടെ ഭാഷ്യകാരന്മാർ മധ്യാഹ്നം അല്ല, ഒരു സ്ഥലനാമമാണു് എന്നറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. ശതപ്ഥം, ഗോഫ്ഥം, തിത്തിരി മുതലായ വൈദിക നാമങ്ങളും അഫ്ഗാനിസ്ഥാനിലെ പ്രദേശങ്ങളുടെ പ്രാചീനനാമങ്ങളാകുന്നു.

images/Ordibehesht.jpg
അഹുരമസ്ദ്.
മഹാഭാരതയുദ്ധകാലവും വരാഹമിഹിരനും:

മഹാഭാരത യുദ്ധകാലത്തെപ്പറ്റി വരാഹമിഹിരൻ തന്റെ ബൃഹദ് സംഹിതയിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു:

“ശതേഷു ഷട്സു സാർദ്ദേഷു

ത്ര്യധികേഷ്ഠ ചഭ്രൂതലേ

കലേർഗതേഷുവർഷാണാ

മ ഭുവൻ കുരുപാണ്ഡവാ:”

ഇതിൽ കുരുപാണ്ഡവരുടെ കാലം കല്യാബ്ദം തുടങ്ങി 653 വർഷങ്ങൾ കഴിഞ്ഞാണെന്നു പ്രത്യക്ഷത്തിൽ പറഞ്ഞിരിക്കുന്നു. ഇങ്ങനെ ശാസ്ത്രരീത്യാ വ്യാഖ്യാനിച്ചാൽ ഇതിൽ നിന്നു ഭാരതയുദ്ധകാലം ബി. സി. 2448 ആണെന്നു കിട്ടുമെങ്കിലും, വാസ്തവത്തിൽ ഈ കാലമല്ല വരാഹമിഹിരൻ ഉദ്ദേശിച്ചിട്ടുള്ളതു്. കല്യാബ്ദം തുടങ്ങി 1653 വർഷങ്ങൾ കഴിഞ്ഞു്, അതായതു്, ബി. സി. 1448-ൽ ആണു് ഭാരതയുദ്ധമുണ്ടായതെന്നാണു് അദ്ദേഹം യഥാർഥത്തിൽ പറഞ്ഞിരിക്കുന്നതു്. ഇന്നും നാം 1941 എന്ന വർഷത്തെ ഒരു സംഖ്യയെവിട്ടുകളഞ്ഞു 941 എന്നോ, രണ്ടു സംഖ്യകൾ വിട്ടുകളഞ്ഞു 41 എന്നോ എഴുതാറുള്ളതു പോലെയാണു് ഒരു സംഖ്യവിട്ടുകളഞ്ഞു് 1653-നെ 653 എന്നു വരാഹമിഹിരൻ പ്രസ്താവിച്ചിരിക്കുന്നതു്. ബി. സി. 3075-ൽ തുടങ്ങിയതായി പറയപ്പെട്ടുവരുന്ന ലാകികാബ്ദത്തിന്റെ അഥവാ, സപ്തർഷ്യബ്ദത്തിന്റെ വർഷസംഖ്യകൾ ആദ്യത്തെ രണ്ടു സംഖ്യകൾ വിട്ടുകളഞ്ഞു പ്രസ്താവിക്കുന്നതു് പണ്ടു പതിവായിരുന്നു എന്നു ഇന്നത്തെ പണ്ഡിതന്മാർ തന്നെ കണ്ടുപിടിച്ചിട്ടുണ്ടു്. ഇതിലെ യുക്തി വരാഹമിഹിരന്റെ പ്രസ്താവനയിലും പ്രയോഗിച്ചു് അതിനെ വ്യാഖ്യാനിക്കാതിരുന്നതു കൊണ്ടത്രേ ഇവർക്കു് ഇന്നുവരെ ഭാരതയുദ്ധം സൂക്ഷ്മമായി നിർണ്ണയിക്കുവാൻ സാധിക്കാതെ വന്നിട്ടുള്ളതു്.

images/inscription.jpg
അഹുരമസ്ദിനെ കുറിച്ചു് പരാമർശങ്ങളുള്ള ബെഹിസ്തുൻ ലിഖിതം.

ആധുനിക പണ്ഡിതലോകത്തിന്റെ ഈ തെറ്റിദ്ധാരണയെ ബലപ്പെടുത്തുവാൻ ഉതകിയ വരാഹമിഹിരന്റെ മറ്റൊരു പ്രസ്താവനയുടെ ദുർവ്യാഖ്യാനത്തേയും ഇവിടെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. യുധിഷ്ഠരൻ ശകകാലത്തിനു 2526 വർഷങ്ങൾക്കു മുമ്പു ജീവിച്ചിരുന്നു എന്നു വരാഹമിഹിരൻ ബൃഹദ് സംഹിതയിൽ തന്നെ പ്രസ്താവിച്ചിട്ടുള്ളതിന്റെ വ്യാഖ്യാനമാണിതു്. പാണ്ഡവരാജാവായ യുധിഷ്ഠരൻ എ. ഡി. 78-ൽ സ്ഥാപിച്ച സുപ്രസിദ്ധ ശകാബ്ദത്തിനു് 2526 വർഷങ്ങൾക്കു മുമ്പു്, അതായതു്, ബി. സി. 2448-ൽ ജീവിച്ചിരുന്നു എന്നാണു് ഇവർ ഇതിനെ വ്യാഖ്യാനിച്ചിട്ടുള്ളതു്. എന്നാൽ വാസ്തവത്തിൽ ഈ രണ്ടാമത്തെ പ്രസ്താവനയിൽ വരാഹമിഹിരൻ പ്രസ്താവിക്കുന്ന ശകാബ്ദം എ. ഡി. 78-ൽ സ്ഥാപിച്ച ശകാബ്ദമല്ല, പിന്നെയോ ബി. സി. 5775-ൽ സ്ഥാപിച്ചതും, ഗൗതമബുദ്ധന്റെ ജനനത്തെ സ്മരിപ്പിക്കുന്നതുമായ ബുദ്ധജനന ശകകാലമാണു്. ഇതിലെ യുധിഷ്ഠിരൻ പാണ്ഡവരാജാവായ യുധിഷ്ഠിരനല്ല, പിന്നെയോ, ബി. സി. 3101-ൽ കലിവർഷം സ്ഥാപിച്ച ബാബിലോണിയയിലെ ഒരു രാജാവായ യുധിഷ്ഠിരനാണു്. എ. ഡി. 78-ൽ സ്ഥാപിച്ച ശകാബ്ദത്തിന്റെ സാർവത്രികമായ പ്രചാരം നിമിത്തം ശക എന്ന പദത്തിനു സാമാന്യമായി അബ്ദം എന്ന അർത്ഥം ലഭിച്ചിരുന്നു എന്നു ചില അബ്ദസ്ഥാപകരുടെ പേരുകൾ പറയുന്ന ചുവടെ ചേർക്കുന്ന പ്രാചീന ശ്ലോകം കാണിക്കുന്നുണ്ടു്:

“യുധിഷ്ഠിരോ വിക്രമശാലീവാഹനൗ

തതോതൃപഃസ്യാദ് വിജയാഭിനന്ദനഃ

തതസ്തുനാഗാർജ്ജുന ഭൂപതിഃ കലൗ

കൽക്കീഷഡേതേ ശകകാതതഃ സ്മൃത്വഃ”

ഈ ശ്ലോകത്തിൽ പ്രസ്താവിച്ചിട്ടുള്ള ശകകാരൻ ബി. സി. 3101-ൽ കല്യാബ്ദം സ്ഥാപിച്ച മാലവരാജാവായ വിക്രമാദിത്യനും, എ. ഡി. 78-ൽ ശാലിവാഹന ശകാബ്ദം സ്ഥാപിച്ച പ്രതിഷ്ഠാന നഗരത്തിലെ ശാതവാഹനരാജാവായ ശാലിവാഹനനും, അഥവാ, സ്വാതിയും എ. ഡി. 113-ൽ ലിച്ഛവ്യബ്ദം സ്ഥാപിച്ചവനും, ചരിത്രകാരന്മാർ കനിഷ്കൻ (നന്ദനൻ എന്നാണിതിന്റെ അർത്ഥം) എന്നു് അദ്ദേഹത്തിന്റെ തുരുഷ്കനാമത്താൽ അറിയുന്നവനുമായ തുരുഷ്ക അഥവാ, കുഷാണരാജാവായ വിജയാഭിനന്ദനനും, എ. ഡി. 319-ൽ ഗുപ്താബ്ദം സ്ഥാപിച്ചവനും ജൈനഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള നാഗാർജ്ജുനൻ എന്ന ബിരുദം കൂടിയുള്ളവനുമായ ചന്ദ്രഗുപ്തൻ ഒന്നാമനും, എ. ഡി. 429-ൽ കൽക്യബ്ദം സ്ഥാപിച്ചവനും തൊരമാണന്റെ പിതാവും ചരിത്രകാരന്മാർ ലേലി എന്ന പേരിനാൽ അറിയുന്നവനുമായ ശ്വേതപണരാജാവു് മേഘവാഹനൻ ഹിരണ്യകലനും ആണെന്നും ഈ ലേഖകൻ വിശ്വസിക്കുന്നു എന്നും ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. ബുദ്ധന്റെ ജനനകാലവും മരണകാലവും ആസ്പദിച്ചു രണ്ടു ബുദ്ധശകാബ്ദങ്ങൾ പ്രാചീന സിലോണിലും, കംബോഡിയ മുതലായ മലയയിലെ പ്രാചീന രാജ്യങ്ങളിലും പ്രചാരത്തിലിരുന്നിരുന്നു എന്നു കണ്ടുപിടിച്ചിട്ടുണ്ടു്. പക്ഷേ, വരാഹമിഹിരന്റെ ഈ പ്രസ്താവനയെ ശരിയായി വ്യാഖ്യാനിക്കായ്കയാൽ ഈ ബുദ്ധശകകാലങ്ങൾ തുടങ്ങുന്ന വർഷങ്ങൾ ഇതുവരെ ആരും സൂക്ഷ്മമായി കണ്ടുപിടിച്ചിട്ടില്ല. വരാഹമിഹിരന്റെ സമകാലീനനായ മറ്റൊരുപ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞൻ ആര്യഭടനും ഈ യുധിഷ്ഠിരനു ബി. സി. 3101 എന്ന കാലം നൽകിയിരിക്കുന്നതും ഇവിടെ സ്മരണീയമാണു്. ഉതിസ്തിർ (പകൽവെളിച്ചത്തിന്റെ സഞ്ചയം എന്ന ഈ സുമേറിയൻ പേരിനെ സംസ്കൃതീകരിച്ചായിരിക്കും യുധിഷ്ഠിരൻ എന്ന പേരു ജനിച്ചതു്). മഹാപ്രളയകാലത്തെ രാജാവായി ബാബിലോണിയായിലെ ചരിത്രകാരന്മാർ പറയുന്ന ഉതനപിഷ്ടുവി ന്റെ വംശത്തിൽപ്പെട്ട ഒരു രാജാവായിരുന്നിരിക്കണം ഈ യുധിഷ്ഠരൻ.

images/coin.jpg
അഹുരമസ്ദിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള നാണയങ്ങൾ, BC 380-ാം നൂറ്റാണ്ടു്.
സപ്തർഷ്യബ്ദവും ഭാരതയുദ്ധ കാലവും:

ഭാരതയുദ്ധകാലത്തെ സപ്തർഷ്യബ്ദത്തോടു ഘടിപ്പിച്ചു പുരാണങ്ങളും വരാഹമിഹിരനും പ്രസ്താവനകൾ ചെയ്യുന്നുണ്ടു്. പരീക്ഷിത്തിന്റെ ജനനകാലവും, യുധിഷ്ഠിരന്റെ സിംഹാസനാരോഹണകാലവും കൂടിയായ ഭാരതയുദ്ധകാലത്തു സപ്തർഷികൾ മകം നക്ഷത്രത്തിൽ കേറിയതേയുള്ളു എന്നും, അവ പൂരാടം നക്ഷത്രത്തിൽ നിൽക്കുമ്പോൾ മഹാപത്മനന്ദന്റെ കിരീടധാരണകർമ്മം നടന്നു എന്നും ഈ രണ്ടു സംഭവങ്ങൾക്കും തമ്മിൽ 1050-ഓ 1015-ഓ വർഷങ്ങളുടെ അന്തരമുണ്ടെന്നുമാണു് പ്രസ്തുത പ്രസ്താവനകൾ. 1050, 1015 എന്ന രണ്ടു സംഖ്യകളുള്ളതിൽ ആദ്യത്തേതു് പരീക്ഷിത്തിന്റെ ജനനവും ഭാരതയുദ്ധവും, മറ്റേതു് പരീക്ഷിത്തിന്റെ സിംഹാസനാരോഹണവും ശ്രീകൃഷ്ണന്റെ മരണവും സൂചിപ്പിക്കുന്നു എന്നു് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളതു് ശരിയാണു്. സപ്തർഷികൾ നൂറുവർഷങ്ങൾ വീതം ഓരോ നക്ഷത്രത്തിനോടും ചേർന്നു നിൽക്കുമെന്നാണു് പ്രാചീന മനുഷ്യരുടെ ധാരണ. ഈ പ്രസ്താവനകളിൽ നിന്നു ഭാരതയുദ്ധകാലമായ ബി. സി. 1448-ൽ സപ്തർഷികൾ മകം നക്ഷത്രത്തിന്റെ പ്രാരംഭത്തിൽ സ്ഥിതിചെയ്യുന്നു എന്നു സിദ്ധിക്കുന്നു.

ഋഗ്വേദസംഹിതയും ഭാരതയുദ്ധ കാലവും:

ഋഗ്വേദസംഹിതയിലെ 4-ാമത്തെ ഋക്കിന്റെ ചുവടെ ചേർക്കുന്ന ഭാഗത്തിലും യുധിഷ്ഠിരന്റെ അശ്വമേധകാലത്തു സപ്തർഷികൾ മകം നക്ഷത്രത്തിൽ സ്ഥിതിചെയ്തിരുന്നു എന്നു പ്രസ്താവിച്ചിട്ടുള്ളതായി ഈ ലേഖകൻ കണ്ടുപിടിച്ചിരിക്കുന്നു.

“അസ്മാകമാത്ര പിതരസ്ത അസൻ സപ്ത

ഋഷയോ ദൗർ ഗഹേ ബധ്യമാനേ

തത്ഭയജന്തത്ര ദസ്യുമസ്യേ ഇന്ദ്രം

നവൃത്ര തുരർധദേവം

പുരുകുത്സാനീ ഹിമാമദാശധ്യവ്യേഭി

രിന്ദ്രാവരുണാ നമോഭിഃ

അഥാരാജാനാം ത്രസദസ്യുമസ്യ

പുത്രഹണം ദദതുരർധദേവം”

ഈ ഋക്ക് ഭാഗത്തിലെ ആദ്യത്തെ രണ്ടുവരികളെ പ്രാചീനനായ ശതപഥബ്രാഹ്മണ ത്തിന്റെ കർത്താവു് ഒരു വിധത്തിലും, ആധുനികനായ സായണൻ മറ്റൊരുവിധത്തിലും വ്യാഖ്യാനിച്ചിരിക്കുന്നു. ഇക്ഷ്വാകുവംശജനായ പുരുകുത്സൻ ഒരു ദൗർഗഹമേധ (അശ്വമേധം) നടത്തുന്നതിന്റെ അന്ത്യചടങ്ങായിട്ടുള്ള അശ്വബന്ധനം നടത്തിയപ്പോൾ സപ്തർഷികൾ പിതൃക്കളായിരുന്നു എന്നാണു് ശതപഥബ്രാഹ്മണകർത്താവിന്റെ വ്യാഖ്യാനം. സായണനാകട്ടെ ദൗർഗഹ എന്ന പദത്തെ പുരുകുത്സൻ എന്നതായി സ്വീകരിച്ചു്, പുരുകുത്സനെ ബന്ധിച്ചപ്പോൾ സപ്തർഷികൾ പിതൃക്കളായിരുന്നു എന്നു വ്യാഖ്യാനിച്ചിരിക്കുന്നു. ശതപഥബ്രാഹ്മണകർത്താവിന്റെ വ്യാഖ്യാനമാണു് ശരിയായിട്ടുള്ളതു്. ഇതിൽ പ്രസ്താവിച്ചിട്ടുള്ള ത്രസദസ്യു പുരുകുത്സന്റെ പുത്രനാണെന്നും സായണൻ വിചാരിക്കുന്നു; ഇതും ശരിയല്ല. ത്രസദസ്യു (ദസ്യുക്കളെ വിറപ്പിക്കുന്നവൻ) എന്ന ബിരുദം കൂടിയുള്ള പുരുകുത്സൻ എന്ന രാജാവു് അശ്വമേധയാഗത്തിന്റെ അവസാനചടങ്ങായി അശ്വത്തെ വധിക്കുവാനായി ബന്ധിച്ച കാലത്തു് സപ്തർഷികൾ പിതൃക്കൾ ദേവതയായിട്ടുള്ള മകം നക്ഷത്രത്തിൽ സ്ഥിതിചെയ്തിരുന്നു എന്നാണു് വാസ്തവത്തിൽ ആദ്യത്തെ രണ്ടുവരികൾ പ്രസ്താവിക്കുന്നതു്. ‘ആർഷജ്യോതിഷം’, ‘യാജുഷജ്യോതിഷം’ മുതലായ പ്രാചീന ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളിൽ 27 നക്ഷത്രങ്ങളുടെയും ദേവതകളെ പ്രസ്താവിച്ചിട്ടുണ്ടെന്നു ഇവിടെ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. അശ്വത്തിന്റെ വധത്തിനുശേഷം അശ്വമേധം നടത്തുന്ന രാജാവിന്റെ രാജ്ഞിയും രാജാവിനും ചില കർമ്മങ്ങൾ നടത്താനുള്ളതു് അവർ നിർവഹിച്ചതിനെയാണു് ഒടുവിലത്തെ രണ്ടു വരികളിൽ വിവരിച്ചിരിക്കുന്നതു്. പുരോഹിതന്മാർ ചൊല്ലുന്ന മന്ത്രം ആവർത്തിച്ചു പറഞ്ഞുകൊണ്ടു രാജ്ഞിക്കു മരിച്ച അശ്വത്തിന്റെ ശരീരത്തിലെ ഒരവയവത്തെ സംബന്ധിച്ചു് അശ്ലീലവും എന്നാൽ പ്രതിരൂപാത്മകവുമായ ഒരു പ്രവൃത്തി ചെയ്യാനുണ്ടു്. അനന്തരം രാജാവിനും ചില മന്ത്രങ്ങൾ ചൊല്ലേണ്ടതായിട്ടുണ്ടു്. ഇവയെ ഇവർ നിർവഹിച്ചിട്ടുള്ള ത്രസദസ്യു പുരുകുത്സൻ പുരുവംശജനായ യുധിഷ്ഠിരനും, അദ്ദേഹത്തിന്റെ രാജ്ഞിയായ പുരുകുത്സാനി പാഞ്ചാലിയുമാണു്. ഈ പുരുകുത്സൻ ഇക്ഷ്വാകുവംശജനാണെന്നു ശതപഥബ്രാഹ്മണ കർത്താവു് പറയുന്നതും, ഇദ്ദേഹം ഇക്ഷ്വാകുവംശത്തിലെ മന്ധാതൃപുത്രനും ത്രസദസ്യുവിന്റെ പിതാവുമായ പുരുകുത്സനാണെന്നു സായണൻ സൂചിപ്പിക്കുന്നതും ശരിയല്ല. മന്ധാതൃപുത്രനായ പുരുകുത്സൻ പാണ്ഡവനായ യുധിഷ്ഠിരൻ ഒരു എട്ടുനൂറു വർഷത്തോളം കാലത്തിനു മുമ്പു് ജീവിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ കാലത്തു് സപ്തർഷികൾ മകത്തിനു ഒരു ഏഴെട്ടു നക്ഷത്രങ്ങൾക്കു മുമ്പുള്ള ഒരു നക്ഷത്രത്തിലാണു് നിന്നിരുന്നതു്. പുരുകുത്സൻ എന്നതു് യുധിഷ്ഠിരന്റെ ബിരുദങ്ങളിലൊന്നായിരിക്കുവാനേ ഇടയുള്ളു.

images/Persepolis1.jpg
‘ഗേറ്റ് ഓഫ് ആൾ നേഷൺസി’ന്റെ അവശിഷ്ടങ്ങൾ, പെർസിപ്പൊലിസ്.

പ്രസ്തുത പുരുകുത്സൻ തോല്പിച്ചതായി ഋഗ്വേദസംഹിത പ്രസ്താവിച്ചിട്ടുള്ള ശാരദി, കുയവൻ, തുഗ്രൻ, വേതസു, സ്മദിതൻ, ശുഷ്ണൻ, ഇഭൻ, തുതുജി, ദശമായ, ദശോണി എന്നീ രാജാക്കന്മാരിൽ പലരും കുരുക്ഷേത്ര യുദ്ധത്തിൽ കൗരവപക്ഷം ചേർന്നു യുദ്ധം ചെയ്തതായി മഹാഭാരതം പറയുന്ന രാജാക്കന്മാരാണെന്നു കണ്ടുപിടിക്കാൻ കഴിയും. ഇവരിൽ ശരാദി, ശരദ്വാന്റെ പുത്രനായ കൃപനാണു്. പ്രാചീന ജൈനഐതിഹ്യം മഗധയിലെ ജരാസന്ധന്റെ പുത്രൻ കാലയവനൻ എന്നു പേരിട്ടിരിക്കുന്നതിനാൽ, ജരാസന്ധൻ യവനവംശത്തിൽപ്പെട്ടവനാണെന്നും, ചീനർ യൗ എൻ-യൗ എൻ (Jouen-Jouen) പില്ക്കാലങ്ങളിൽ പേരുവിളിച്ചുവന്ന ഈ യവനർക്കു് അതിപ്രാചീനകാലങ്ങളിൽ ഇബികൾ എന്നു പേരുണ്ടായിരുന്നു എന്നു് പണ്ഡിതൻമാർ കണ്ടുപിടിച്ചിട്ടുള്ളതിനാൽ, മഗധരാജാക്കന്മാരിൽ ഒരുത്തനാണു് ഇഭൻ എന്നു് പേരു നൽകിയിരിക്കുന്നതെന്നും വിശ്വസിക്കാം. ശുഷ്ണനെ നാർഷദൻ എന്നു് ഒരു ഒടക്കിൽ വർണ്ണിച്ചിരിക്കുന്നതിനാൽ, തിബറ്റിലെ നാരീഖോർസും സംസ്ഥാനത്തിൽ ഭാരതയുദ്ധകാലത്തു് സ്ഥിതിചെയ്തിരുന്ന പ്രാഗ്ജ്യോതിഷരാജ്യത്തിലെ നരവംശജനായ ഭഗദത്തനാണു് ശുഷ്ണൻ.

തുഗ്രൻ ഭാരതത്തിലെ അശ്വാതക (അശ്വക) രാജാവും, വേതസുവശാതി(വംശ)രാജാവും, സ്മദിതൻ അന്ന്ധ (ആന്ധ) രാജാവും കുയവൻ കൃതവർമൻ ഹാർദിക്യനും, ദശമായ രാക്ഷസവംശത്തിൽപ്പെട്ട അലംബുഷനോ, അലായുധനോ ആണെന്നും വിചാരിക്കുവാൻ കാരണങ്ങളുണ്ടു്. ദലംപുരം മാലവത്തിൽ സ്ഥിതിചെയ്തിരുന്നതിനാൽ, ദശോണി മാലവരാജാവായിരിക്കും. ഭാരതയുദ്ധകാലത്തിനു സമീപിച്ചു സംഭവിച്ച ഖാണ്ഡവ വനദഹനത്തിൽ നിന്നു രക്ഷപ്പെട്ട മന്ദപാലപുത്രരായ ശാർങ്ഗപഷികൾ ഋഗ്വേദസംഹിതയിലെ പത്താം മണ്ഡലത്തിലെ ഒരു ഋക്കു രചിച്ചിട്ടുള്ളതും ഭാരതയുദ്ധകാലത്തിനു ശേഷം മാത്രമേ ഋഗ്വേദഋക്കുകളുടെ രചന അവസാനിച്ചിരുന്നുള്ളു എന്നു സ്ഥാപിക്കുന്നുണ്ടു്.

images/Diodoro.jpg
ഡയൊഡോറസ്.
സപ്തർഷ്യബ്ദത്തിന്റെ സ്ഥാപനകാലം

ഇനി സപ്തർഷ്യബ്ദം എന്നു് സ്ഥാപിച്ചുവെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. തൈത്തിരായണത്തിൽ (1. 11) നിന്നു് ചുവടെ ഉദ്ധരിച്ചിട്ടുള്ള ഭാഗത്തിലെ ആദ്യത്തെ രണ്ടു വരികളിൽ വരുണന്റെ നിയമമനുസരിച്ചു് സപ്തർഷ്യബ്ദം സ്ഥാപിച്ചതു് ചന്ദ്രൻ അഥവാ, സോമൻ ദേവതയായിട്ടുള്ള മകയിരം നക്ഷത്രത്തിൽ സപ്തർഷികൾ നില്ക്കുമ്പോഴാണെന്നു് പ്രസ്താവിച്ചിരിക്കുന്നു.

“അമീ ഋക്ഷാ നിഹിതാ സ ഉച്ചാ

നക്തം ദദൃശേ കുഹചിർദ്ദി വേയുഃ

അബ്ദാനി വരുണസ്യവ്രതാനി

വിചാകാശ ചന്ദ്രമാ നക്ഷത്രമേതി

അപാഗുഹത സവിതാ തൃഭീൻ

സർവ്വാൻ ദിവോ അന്ധസഃ”

ബി. സി. 1448-ൽ സപ്തർഷികൾ മകം നക്ഷത്രത്തിൽ പ്രവേശിച്ചുവെന്നു് മുകളിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇതിനെ ആസ്പദിച്ചു ഗണിച്ചു നോക്കിയാൽ ബി. സി. 4648 മുതൽക്കു് 4548 വരേയും, ബി. സി. 1948 മുതൽ 1848 വരേയും സപ്തർഷികൾ മകയിരം നക്ഷത്രത്തിൽ സ്ഥിതിചെയ്തിരുന്നു എന്നു് കാണാവുന്നതാണു്. അതിപ്രാചീനമായ അബ്ദം പ്രസ്തുത രണ്ടുകാലങ്ങളിൽ വച്ചു് ബി. സി. 4648 മുതൽക്കു് 4548 വരെയുള്ള കാലത്തിലാണു് സ്ഥാപിച്ചതെന്നു് വരാനേ ഇടയുള്ളു. ഈ കാലത്തിലുള്ള ഏതു വർഷത്തിലാണു് സപ്തർഷ്യബ്ദം സ്ഥാപിച്ചതെന്നു് കണ്ടുപിടിക്കുവാൻ പ്രാചീന ബാബിലോണിയയിലെ ഖൽദയൻ ചരിത്രകാരനായ ബറോസസി ന്റെ പ്രസ്താവനകൾ നമ്മെ സഹായിക്കുന്നുണ്ടു്. അതിപ്രാചീനമായ കാലത്തു് ഭാരതീയരിൽ ഒരു വിഭാഗത്തിന്റെയും പാരസികരുടെയും ഗ്രീക്കുകാരുടെയും റോമക്കാരുടെയും പൂർവ്വികർ മെസപ്പൊട്ടോമിയയിലും അതിനടുത്ത പ്രദേശങ്ങളിലും പാർത്തിരുന്നു എന്നു് അവരുടെ പുരാണകഥകൾ സൂക്ഷ്മമായി താരതമ്യപ്പെടുത്തി പഠിക്കുന്നവർക്കു് മനസ്സിലാക്കാൻ കഴിയും. ഋഗ്വേദസംഹിതയിലെ ചില അതിപ്രാചീന ഋക്കുകൾ രചിച്ച വർഷാഗിര ഋഷികൾ പാരസികരാജാക്കന്മാരായിരുന്നു എന്നു് മുകളിൽ പ്രസ്താവിച്ചിട്ടുള്ളതും, വൈവസ്വതമന്വന്തരത്തിന്റെ പ്രാരംഭത്തിൽ സംഭവിച്ചതായ മഹാപ്രളയത്തിനു് മുമ്പു് ആറു മനുക്കൾ ഉണ്ടായിരുന്നു എന്നുള്ള ഹിന്ദു പൌരാണിക ഐതിഹ്യത്തിനു സദൃശമായി, ബാബിലോണിയയിലെ മഹാപ്രളയത്തിനു മുമ്പു് ആറു ദിവ്യൻമാരുടെ ആവിർഭാവമുണ്ടായിരുന്നു എന്നു് ബറോസസ് പറഞ്ഞിരിക്കുന്നതും ഇതിനുള്ള അനേകം തെളിവുകളിൽ രണ്ടെണ്ണം മാത്രമാണു്.

images/Ruined_Gates_of_Haozdar.jpg
ഹോസ്ദാറിലെ കവാടം, സിസ്താൻ.

മഹാപ്രളയത്തിനു മുമ്പു് ബാബിലോണിയയിൽ പത്തു് രാജാക്കന്മാർ വാസ്തവത്തിൽ രാജവംശങ്ങൾ) നാടുവാണിരുന്നു എന്നും, ഇവരെല്ലാവരുടെയും ആകെയുള്ള വാഴ്ചക്കാലം 4,32,000 വർഷങ്ങളാണെന്നും ബറോസസ് പറഞ്ഞിരിക്കുന്നു. ഈ ഭീമസംഖ്യതന്നെ 432 എന്ന സംഖ്യയേയും 1000 എന്ന സംഖ്യയേയും ഉൾക്കൊള്ളിച്ചിട്ടുള്ള ഹിന്ദുപുരാണങ്ങളിലെ ബ്രഹ്മകൽപ്പം അഥവാ, മന്വന്തരഗണിതമാണു് ബറോസസും ഉപയോഗിച്ചിരിക്കുന്നതെന്നു് കാണിക്കുന്നുണ്ടു്. ഈ ബ്രഹ്മകൽപ്പഗണിതത്തിൽ 71 യുഗങ്ങൾ ഒരു മന്വന്തരവും, 4 മന്വന്തരങ്ങൾ ഒരു ചതുര്യുഗമന്വന്തരവും, 14 മന്വന്തരങ്ങൾ അഥവാ, ആയിരം യുഗവർഷങ്ങൾ ബ്രഹ്മാവിന്റെ രാത്രിയിലെയോ പകലിലെയോ ഒരു കല്പവുമാണെന്നും പ്രസ്താവിക്കുന്നു. അതു്, ഇതിൽ ഉപയോഗിച്ചിട്ടുള്ള യുഗം എന്ന പദത്തിനു് വാസ്തവത്തിൽ ഒരു സാധാരണ വർഷമെന്നാണു് അർത്ഥമെന്നു് വൈദികകാലത്തെ പലതരത്തിലുള്ള പഞ്ചാംഗങ്ങളെ വിവരിച്ചിട്ടുള്ള ആർ. ശ്യാമശാസ്ത്രി യുടെ ‘ദ്രപ്സ’ എന്ന കൃതിയിൽ പ്രസ്താവിച്ചിട്ടുണ്ടു്. ഇതിൽ നിന്നു് 1000×4 = 288 സാധാരണവർഷങ്ങളാണു് ഒരു 14 ചതുര്യുഗ മന്വന്തരകാലമെന്നും, ഒരു പകൽ ബ്രഹ്മകൽപ്പം 1000 സാധാരണവർഷങ്ങളാണെന്നും സിദ്ധിക്കുന്നുണ്ടു്. തന്നിമിത്തം ബറോസസിന്റെ സംഖ്യയെ 288 കൊണ്ടു ഹരിച്ചാൽ 10 രാജാക്കന്മാരുടെ വാഴ്ചക്കാലം എത്ര സാധാരണവർഷങ്ങളായിരുന്നു എന്നു് കണ്ടുപിടിക്കുവാൻ കഴിയും. ഈ ഹരണഫലം 1500 ആകയാൽ 10 രാജവംശങ്ങളും കൂടി 1500 സാധാരണവർഷങ്ങൾ നാടുവാണിരുന്നു എന്നു് മനസ്സിലാക്കാവുന്നതാണു്. മഹാപ്രളയത്തിനു് 1500 വർഷങ്ങൾക്കുമുമ്പു് രാജവാഴ്ച തുടങ്ങിയതിനാൽ രാജാവാഴ്ച തുടങ്ങിയകാലം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

പ്രളയത്തിലെ കാലം കണ്ടുപിടിക്കുന്നതിനു് മുകളിൽ ഉദ്ധരിച്ചിട്ടുള്ള തൈത്തിരിയാരണ്യകത്തിലെ ഭാഗം നമ്മെ സഹായിക്കുന്നുണ്ടു്. വരുണന്റെ നിയമമനുസരിച്ചു് സപ്തർഷ്യബ്ദം സപ്തർഷികൾ ചന്ദ്രൻ ദേവതയായിട്ടുള്ള മകയിരം നക്ഷത്രത്തിൽ നിൽക്കുമ്പോൾ സ്ഥാപിച്ചു എന്നും, പകൽ വെളിച്ചവും രാത്രി ഇരുട്ടും ഉണ്ടായിരിക്കണമെന്നുള്ള വരുണന്റെ നിയമം മൂന്നു സന്ദർഭങ്ങൾ സപ്തർഷ്യബ്ദം സ്ഥാപിക്കുന്നതിനും മുമ്പും സപ്തർഷികൾ അപ (ആപ) ദേവതയായിട്ടുള്ള പൂരാടം നക്ഷത്രത്തിൽ നിന്നപ്പോഴും, സപ്തർഷികൾ സവിതാവു ദേവതയായിട്ടുള്ള അത്തം നക്ഷത്രത്തിൽ നിന്നപ്പോഴും ആണെന്നുമാണു് ഇതു വാസ്തവത്തിൽ പ്രസ്താവിക്കുന്നതു്. പകലും രാത്രിയും ഒന്നുപോലെ അന്ധകാരമയമായിരിക്കുന്നതു് പ്രളയകാലത്താകയാൽ, പ്രസ്തുത മൂന്നു സന്ദർഭങ്ങളിലും പ്രളയമുണ്ടായി എന്നു് അനുമാനിക്കാം. സപ്തർഷികൾ അത്തം നക്ഷത്രത്തോടു ചേർന്നു നിന്നതു് ബി. സി. 3848 മുതൽക്കു് 3748 വരെയുള്ള കാലത്തും, സപ്തർഷികൾ പൂരാടം നക്ഷത്രത്തോടു ചേർന്നു നിന്നതു് ബി. സി. 3148 മുതൽക്കു് 3048 വരെയുള്ള കാലത്തുമാണു്. അതിനാൽ സപ്തർഷ്യബ്ദം സ്ഥാപിച്ച ആണ്ടിനു മുമ്പുള്ള ആണ്ടിലും, ബി. സി. 3848-നും 3748 നും ഇടയ്ക്കും ബി. സി. 3148 നും 3048 നും ഇടയ്ക്കും പ്രളയങ്ങൾ ഉണ്ടായി എന്നു വിശ്വസിക്കാം. ഹിന്ദുപുരാണങ്ങളിലും പ്രാചീന ഗ്രീക്ക് ഐതിഹ്യങ്ങളിലും ഒന്നിലധികം പ്രളയങ്ങൾ ഉണ്ടായതായി പ്രസ്താവിച്ചിട്ടുണ്ടു്. പുരാതന വസ്ത്വന്വേഷകർ ബാബിലോണിയയിൽ ഖനനം ചെയ്തു മൂന്നു പ്രളയങ്ങളുടെ ലക്ഷ്യങ്ങൾ കണ്ടുപിടിച്ചിട്ടുമുണ്ടു്. ഇവയിൽ ചിലതിനെ പ്രാചീന ബാബിലോണിയയിലെ പരിഷ്കാരത്തെക്കുറിച്ചു് ഈ ലേഖകൻ എഴുതിയിരുന്ന ലേഖന പരമ്പരയിൽ വിവരിച്ചിരുന്നല്ലോ. ഈ പ്രളയങ്ങളിൽ ഒടുവിലേത്തതാണു്. അതായതു്, ബി. സി. 3148-നും 3048-നും ഇടയ്ക്കുണ്ടായതാണു് വിശ്വവിശ്രുതമായ മഹാപ്രളയം. ലോകത്തിലെ സകലപ്രളയകഥകളുടെയും അടിസ്ഥാനം ബാബിലോണിയയിലെ ഈ മഹാപ്രളയവുമാണു്. ഈ കാലത്തിനിടയ്ക്കുള്ള ബി. സി. 3101-ൽ കലിവർഷം സ്ഥാപിച്ചു. ഇതിനിടയ്ക്കുള്ള ബി. സി. 3075-ൽ ലൗകികാബ്ദം, അഥവാ, സപ്തർഷ്യബ്ദം തുടങ്ങി എന്നും പറയപ്പെടുന്നു. പക്ഷേ, സപ്തർഷ്യബ്ദം തുടങ്ങിയതു് സപ്തർഷികൾ മകയിരം നക്ഷത്രത്തിൽ നിന്ന ബി. സി. 4648-നും 4548-നും ഇടയ്ക്കാണെന്നു തൈത്തിരീയാരണ്യകത്തിൽ പറഞ്ഞിട്ടുള്ളതിനാൽ, ബി. സി. 3075-ൽ സപ്തർഷ്യബ്ദം തുടങ്ങിയെന്നുള്ള ആധുനികധാരണ ശരിയല്ലെന്നു പ്രത്യക്ഷത്തിൽ തോന്നുന്നതാണു്. ഈ പരസ്പര വിരുദ്ധതയ്ക്കു കാരണം ചുവടെ ചേർക്കുന്നതാണെന്നു് ഈ ലേഖകൻ വിശ്വസിക്കുന്നു: അതിപ്രാചീനമായ കാലങ്ങളിൽ പശ്ചിമേഷ്യാനിവാസികൾ 27 നക്ഷത്രങ്ങളേയും കണ്ടുപിടിച്ചിരുന്നിട്ടില്ലെന്നു് പ്രാചീന ബാബിലോണിയയിലെ ശാസനങ്ങൾ സ്ഥാപിച്ചിട്ടുണ്ടു്. ആദ്യം അവർ 15 നക്ഷത്രങ്ങൾ മാത്രമേ കണ്ടുപിടിച്ചിരുന്നുള്ളു എന്നും ഇവയെ ആസ്പദിച്ചു ആകെ 1500 വർഷങ്ങളുള്ള ഒരു സപ്തർഷ്യബ്ദമാണു് അവർ ബി. സി. 4648 നും 4548 നും ഇടയ്ക്കു് സ്ഥാപിച്ചതെന്നും, ബി. സി. 3075-ൽ ഇതു് അവസാനിച്ചു് മറ്റൊന്നു തുടങ്ങി എന്നും, പിൽക്കാലങ്ങളിൽ 27 നക്ഷത്രങ്ങളേയും കണ്ടുപിടിച്ചതിനുശേഷം അവർ 2700 വർഷങ്ങൾ അടങ്ങിയ ഒരു സപ്തർഷ്യബ്ദം സ്ഥാപിച്ചു. ആദ്യം മുതൽക്കേ സപ്തർഷ്യബ്ദത്തിൽ 2700 വർഷങ്ങൾ അടങ്ങിയിരിക്കുന്നു എന്നു് പ്രഖ്യാപനം ചെയ്തു എന്നും, വരാഹമിഹിരന്റെ പ്രസ്താവനകളിൽ നിന്നു് ഒരു പുതിയ സപ്തർഷിഗണിതം സ്ഥാപിച്ചതു് വൃദ്ധഗാർഗനാണെന്നു് മനസ്സിലാക്കാമെന്നും ഈ ലേഖകൻ വിചാരിക്കുന്നു.

images/varaham.jpg
ബൃഹദ് സംഹിത.
കൊല്ലാബ്ദത്തിന്റെ സ്ഥാപനം രണ്ടാമത്തെ സപ്തർഷ്യബ്ദത്തിന്റെ അന്ത്യഘട്ടത്തിൽ:

മഹാപ്രളയം സംഭവിച്ച കാലഘട്ടമായ ബി. സി. 3148-നും 3046നും ഇടയ്ക്കുള്ള കാലത്തിൽ ബി. സി. 3101-ലും 3075-ലും രണ്ടു പ്രധാന സംഭവങ്ങൾ ഉണ്ടായി. ആദ്യത്തെ വർഷത്തിൽ കല്യബ്ദം സ്ഥാപിക്കപ്പെട്ടു. അതിനാൽ രണ്ടാമത്തെ വർഷമായ ബി. സി. 3075-ൽ ഉണ്ടായ സംഭവം മഹാപ്രളയമാണെന്നു സിദ്ധിക്കുന്നു. ബി. സി. 3075-നു് 1500 വർഷങ്ങൾക്കു മുമ്പാണു് ബാബിലോണിയയിൽ രാജവാഴ്ച തുടങ്ങിയതു്. ഇങ്ങനെ രാജവാഴ്ച ആരംഭിച്ച ബി. സി. 4575-ലാണു് ബാബിലോണിയക്കാർ ഭവാന്നിസ് (ഋഗ്വേദത്തിലെ വേനൻ) എന്നും, ഹിന്ദുപുരാണങ്ങൾ സ്വയംഭൂ മനു എന്നും പേരിട്ടിട്ടുള്ള രാജാവും, അദ്ദേഹത്തിന്റെ പുത്രനും സംവത്സരത്തിന്റെ സ്ഥാപകനെന്നു് ഐതരേയ ബ്രാഹ്മണം പ്രസ്താവിക്കുന്നവനുമായ പ്രജാപതിയും കൂടി വരുണന്റെ നിയമമനുസരിച്ചു് സപ്തർഷ്യബ്ദം സ്ഥാപിച്ചതു്. ബി. സി. 4575-ൽ സ്ഥാപിച്ച സപ്തർഷ്യബ്ദം അതിൽ നിന്നു് 2700 വർഷങ്ങൾ കഴിഞ്ഞു്, അതായതു്, ബി. സി. 1875-ൽ അവസാനിച്ചു. ഈ ആണ്ടിൽ തുടങ്ങിയ രണ്ടാമത്തെ സപ്തർഷ്യബ്ദം അതിൽനിന്നു് 2700 വർഷങ്ങൾ കഴിഞ്ഞു്, അതായതു്, എ. ഡി. 825-ൽ അവസാനിച്ചു. അന്നു മുന്നാമത്തെ സപ്തർഷ്യബ്ദം തുടങ്ങി. ഇതാണു് കേരളത്തിലെ കൊല്ലാബ്ദം.

1949 ആഗസ്റ്റ് 10, 17.

കേസരിയുടെ ലഘുജീവചരിത്രം

Colophon

Title: Kollabdaththinte Uthbhavam (ml: കൊല്ലാബ്ദത്തിന്റെ ഉത്ഭവം).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-17.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Kollabdaththinte Uthbhavam, കേസരി ബാലകൃഷ്ണപിള്ള, കൊല്ലാബ്ദത്തിന്റെ ഉത്ഭവം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 25, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Emission nebula NGC 6357, a photograph by NASA, ESA and Jesœs Maz Apellÿniz . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.