
കൊച്ചിയിലെ ചൊവ്വരസ്റ്റേഷനു് ഒരു പതിനൊന്നു മൈൽ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന മലയാറ്റൂരിലെ കുരിശുമുടിക്കുന്നിൽ കേരളീയ ക്രിസ്ത്യാനികൾ പരിപാവനമായി കരുതുന്ന ഒരു കത്തോലിക്കാപ്പള്ളി സ്ഥിതി ചെയ്യുന്നു. ഇതു് ഒരിക്കൽ ഒരു ഹിന്ദുക്ഷേത്രമായിരുന്നെന്നും, അവിടത്തെ വിഗ്രഹത്തിനു സമീപം ഒരു കുരിശു് ആവിർഭവിച്ചതു നിമിത്തം ആ ക്ഷേത്രത്തെ ക്രിസ്ത്യാനികൾക്കു വിട്ടുകൊടുത്തു എന്നുമാണു് ഐതിഹ്യം. ആണ്ടുതോറും മേടമാസത്തിൽ ആഘോഷിച്ചുവരുന്ന ഈ പള്ളിയിലെ പെരുനാളിനു കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും തീർത്ഥയാത്രക്കാർ വരുന്നുണ്ടു്. ഈ പള്ളിയുടെ മാഹാത്മ്യത്തിനുള്ള കാരണം ഇന്നത്തെ ക്രിസ്ത്യാനികൾ മറന്നുകളഞ്ഞിരിക്കുന്നതു ശോചനീയമത്രേ. ക്രിസ്തുവിന്റെ സന്ദേശം വഹിച്ചുകൊണ്ടു് എ. ഡി. 50-ൽ ഭാരതത്തിലേക്കു വരുകയും, 68-ൽ ചരമമടയുകയും ചെയ്ത തൊമ്മാശ്ലീഹ എന്ന അപ്പോസ്തലന്റെ അസ്ഥികൾ എ. ഡി. 222-ൽ ദേവികുളം താലൂക്കിലെ മറയൂരിനു സമീപമുള്ള പൂതിക്കൽ മലയിൽ നിന്നു കുരിശുമുടിപ്പള്ളിയിലേക്കു മാറ്റി സ്ഥാപിച്ചതു കൊണ്ടാണു് ഇതിനു മാഹാത്മ്യം ലഭിച്ചതെന്നും, ഈ സിദ്ധന്റെ ശവകുടീരം മദ്രാസിലെ മയിലാപ്പുരിലെ സെന്റ് തോമസ് മൗണ്ടി ലാണു് സ്ഥിതിചെയ്തിരുന്നതെന്നുള്ള ഇന്നത്തെ ലോകരുടെ ധാരണ തെറ്റാണെന്നും, മയിലാപ്പുരിലെ ശവകുടീരം വാസ്തവത്തിൽ എ. ഡി. 633-ൽ കേരളത്തിൽ സുറിയാനി ക്രിസ്ത്യാനികളെ ഇദംപ്രഥമമായി കുടിപ്പാർപ്പിച്ച സുപ്രസിദ്ധനായ ക്നായിത്തൊമ്മന്റേതാണെന്നും, പ്രസ്തുത രണ്ടു സിദ്ധന്മാരേയും ഒന്നു പോലെ കേരളീയ ക്രിസ്ത്യാനികൾ മാർത്തോമ എന്നു വിളിച്ചുവന്നിരുന്നതാണു് ഈ തെറ്റിദ്ധാരണയ്ക്കു് ഒരു കാരണമെന്നും സ്ഥാപിക്കുവാനാണു് ഇവിടെ ഉദ്യമിക്കുന്നതു്.

ആദ്യമായി ക്നായിത്തൊമ്മനെ, അഥവാ മാർത്തോമാ ദ്വീതിയനെപ്പറ്റി പ്രതിപാദിക്കാം. ക്നായിത്തൊമ്മന്റെ വരവിനു കേരളത്തിലെ ക്രൈസ്തവ ഐതിഹ്യം നൽകിയിട്ടുള്ള കാലം “ശോവാല” എന്ന വാക്യം സൂചിപ്പിക്കുന്ന എ. ഡി. 345 തന്നെയാണു്. ഒടുവിലത്തെ ചേരമാൻ പെരുമാൾ ഇസ്ലാംമതം സ്വീകരിച്ചു മക്കത്തുപോയ പള്ളിബാണപ്പെരുമാളാണെന്നു മലബാറിലെ ജോനകമാപ്പിളമാരുടെ ഇടയ്ക്കു ഐതിഹ്യമുണ്ടല്ലോ. ഇസ്ലാംമതത്തിന്റെ സ്ഥാപനം ഏഴാം ശതാബ്ദത്തിന്റെ പൂർവ്വാർദ്ധത്തിലാകയാൽ, പ്രസ്തുത 345 എന്ന കാലം ഈ ഏഴാം ശതാബ്ദത്തിന്റെ പൂർവ്വാർദ്ധത്തിലെ ഒരു കാലമാണു് യഥാർത്ഥത്തിൽ കുറിക്കുന്നതെന്നു് അനുമാനിക്കാം. ക്നായിത്തൊമ്മനു ചെപ്പേടുകൊടുത്ത ഒടുവിലത്തെ ചേരമാൻ പെരുമാൾ കോഴിക്കോട്ടുള്ള ബ്രാഹ്മണരുടെ ഗണിതമനുസരിച്ചു 347 വരെയും, കൊച്ചിയിലെ ബ്രാഹ്മണരുടെ ഗണിതമനുസരിച്ചു് 588 വരെയും നാടുവാണു എന്നു് ദെകുതോ എന്ന പോർട്ടുഗീസ് ഗ്രന്ഥകാരൻ പറഞ്ഞിട്ടുണ്ടു്.

ഇതിൽ നിന്നു രണ്ടുതരം കലിവർഷങ്ങൾ പണ്ടു കേരളത്തിൽ നടപ്പിലിരുന്നിരുന്നു എന്നും, അവയ്ക്കുതമ്മിൽ ഇരുന്നൂറിൽപ്പരം വർഷങ്ങളുടെ വ്യത്യാസമുണ്ടെന്നും അനുമാനിക്കാം. ഇതിലൊന്നു ബി. സി. 3101-ൽ തുടങ്ങുന്ന സാധാരണ കലിവർഷവും, മറ്റേതു ബി. സി. 3390-ൽ തുടങ്ങുന്ന ഒന്നാണെന്നും, ഇവയ്ക്കുതമ്മിൽ ഒരു ചതുർയുഗമന്വന്തരമായ 288 വർഷങ്ങളുടെ വ്യത്യാസമുണ്ടെന്നും, പ്രസ്തുത അസാധാരണ കലിവർഷം വൈദിക കാലത്തു് ഉപയോഗപ്പെടുത്തിയിരുന്ന 33 വർഷങ്ങൾ കൂടിയ യുഗത്തെ ആസ്പദിച്ചുണ്ടായതാണെന്നും, ആകെ 3333 വർഷങ്ങൾ അടങ്ങിയ ഈ അസാധാരണ കലിവർഷത്തിന്റെ അന്ത്യത്തിലാണു് അവന്തിയിലെ ഉജ്ജയിനിയിൽ ബി. സി. 57-ൽ തുടങ്ങുന്ന വിക്രമാബ്ദം സ്ഥാപിച്ചതെന്നും, പൌരാണിക കാലങ്ങളിൽ അവന്തി ഭരിച്ചിരുന്ന ആന്ധ്രഭൃത്യവംശജരായ ചേരമാൻ തങ്ങളോടുകൂടി ഈ അസാധാരണ കലിവർഷവും കേരളത്തിൽ കൊണ്ടുവന്നു എന്നും മൈസുരിലെ പ്രാചീന ഗംഗം രാജാക്കന്മാരുടെ ചെപ്പേടുകളിലും ഈ രണ്ടുതരം കലിവർഷങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നും ഈ ലേഖകൻ കണ്ടുപിടിച്ചിട്ടുണ്ടു്. ക്നായിത്തൊമ്മനു നൽകിയിട്ടുള്ള കാലമായ 345 പ്രസ്തുത അസാധാരണ കലിവർഷത്തെ ആസ്പദിച്ചുള്ള ഒന്നാണെന്നു മുകളിൽ പ്രസ്താവിച്ച സംഗതികളിൽ നിന്നു സിദ്ധിക്കുന്നുണ്ടു്. തന്നിമിത്തം ക്നായിത്തൊമ്മന്റെ വരവു് 345 + 288, അതായതു്, എഡി 633-ൽ ആണെന്നു് വിശ്വസിക്കാം.

സുറിയാനി ക്രിസ്ത്യാനികളുടെ കല്യാണാഘോഷവേളകളിൽ പാടാറുള്ള പ്രാചീനമായ തിരുവരങ്കൻപാട്ടിൽ ഈ എ. ഡി. 633-നെ പിന്താങ്ങുന്ന പ്രസ്താവനകളുണ്ടു്. ചേരമാൻ പെരുമാളുടെ മന്ത്രിയായിത്തീർന്ന ക്നായിത്തൊമ്മനെ, ആ രാജാവുമായി പിണങ്ങി സിലോണിലേക്കു പോയ്ക്കളഞ്ഞ കമ്മാളരെ തിരിച്ചു വിളിച്ചുകൊണ്ടുവരാൻ പെരുമാൾ നിയോഗിച്ചു എന്നും, ആ ക്രിസ്ത്യൻ മന്ത്രി സിലോണിലേക്കു പോകുന്ന വഴിക്കുവെച്ചു മക്കത്തെ ജോനകരും മാന്ദിയിലെ ചണ്ഡാളരും തമ്മിൽ കടൽയുദ്ധം ചെയ്യുന്നതു കണ്ടു എന്നും ആ പാട്ടിൽ പറഞ്ഞിരിക്കുന്നു. ക്നായിത്തൊമ്മൻ വന്നു് ഒരാണ്ടു കഴിഞ്ഞയുടനെ ഒടുവിലത്തെ ചേരമാൻപെരുമാളുടെ വാഴ്ച അവസാനിച്ചു എന്നു ക്രൈസ്തവൈതിഹ്യം പറയുന്നതിനാൽ എ. ഡി. 634-ൽ നാടുവാഴാൻ തുടങ്ങിയ തുളുവൻ പെരുമാളിന്റെ മന്ത്രിയായിരുന്നിരിക്കണം ക്നായിത്തൊമ്മൻ. പ്രസ്തുത കടൽയുദ്ധം നടന്നതു മാന്ദിയിലെ, അതായതു്, മന്ദാവീനദീ തീരത്തുള്ള ഗോവയിലെ ചണ്ഡവംശരാജാവും, 632 മുതൽ 644 വരെ നാടുവാണ ഖലീഫും ഇദംപ്രഥമമായി ഭാരതീയരോടു യുദ്ധം ചെയ്ത മുസ്ലിം ചക്രവർത്തിയുമായ ഒമർ മഹാനും തമ്മിലാണെന്നു വിചാരിക്കുവാൻ കാരണമുണ്ടു്.

പണ്ടത്തെ ക്രിസ്ത്യാനികളുടെ രേഖകളിൽ പ്രസ്താവിക്കാറുണ്ടായിരുന്ന മഹോദയ പട്ടണാബ്ദം ഈ 633-ലാണു് തുടങ്ങിയതു്. മഹോദയ പട്ടണമായ കൊടുങ്ങല്ലൂരിൽ ക്നായിത്തൊമ്മൻ ഒരു പള്ളി പണിയിച്ചതിനെയാണു് ഇതു സ്മരിപ്പിക്കുന്നതു്. ഈ ആണ്ടിനെ ക്രിസ്ത്യൻ ഐതിഹ്യം കുറിക്കുന്ന “ശോവാല” എന്ന വാക്യത്തിന്റെ ഉദ്ഭവം ചുവടെ ചേർക്കുന്ന പ്രകാരമായിരിക്കാം. “ശോവൈ” എന്ന പദത്തിനു തമിഴിൽ “മഞ്ഞപ്പിത്തം” എന്നർത്ഥമുള്ളതിനാൽ “ശോവാലൻ” എന്നതിനു “മഞ്ഞനിറമുള്ളവൻ” എന്നു് അർത്ഥം സിദ്ധിക്കുന്നു. മഞ്ഞനിറമുള്ള പ്രാചീന സുമേരിയന്മാരുടെ കാലം മുതൽക്കു തമിഴർ പശ്ചിമേഷ്യാ നിവാസികൾക്കു ശോവാലൻ എന്ന പേരു നൽകിയിരുന്നു എന്നും, ക്നായിത്തൊമ്മനോടുകൂടി പശ്ചിമേഷ്യയിൽ നിന്നു് ഇവിടെ വന്ന സുറിയാനികൾക്കും തന്നിമിത്തം അവർ ഈ നാമം നൽകിയെന്നും വിചാരിക്കാം. ഇത്തരം വാക്യങ്ങൾ അവ സൂചിപ്പിക്കുന്ന കാലത്തു നടന്ന സംഭവങ്ങളെ ധ്വനിപ്പിക്കാറുമുണ്ടല്ലൊ.

ക്നായിത്തോമ്മന്റെ വരവു് മക്കത്തുപോയ പള്ളി ബാണപ്പെരുമാളിന്റെ കാലത്തായിരുന്നു എന്നു ചിലപ്പതികാര വും പ്രസ്താവിക്കുന്നുണ്ടു്. പൽയാനൈച്ചൽകെഴുകുട്ടുവൻ എന്ന പേരും കൂടിയുള്ള പള്ളിബാണന്റെ പരാക്രമങ്ങളെ വർണ്ണിക്കുമ്പോൾ, ചിലപ്പതികാരം,
“വൻചൊൽയവനർ വളനാട്ടാണ്ടു
പൊൻപട്ടുനെടുവരൈ പുങ്കുന്തോനായിനും
… … …
ചതുക്കപ്പൂതരൈ വഞ്ചിയുട്ടന്തു
മതുക്കൊൾവേൾവി വേട്ടോനായിനും”
എന്നു വർണ്ണിച്ചിരിക്കുന്നു. യവനനാടായ അറേബ്യയിൽ നാടുവാണു സ്വർഗ്ഗമടഞ്ഞവനും, ചതുക്കപ്പൂതരെ വഞ്ചിനഗരത്തിൽ കൊണ്ടുവന്നു്, അവരുടെ മദ്യനിവേദനയുക്തമായ കുർബാന (Mass) എന്ന ദേവാരാധനയിൽ പങ്കുകൊണ്ടവനും എന്നാണു് ഇതിന്റെ അർത്ഥം. ക്നായിത്തൊമ്മനു ചെപ്പേടു് കൊടുത്ത ഒടുവിലത്തെ ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂരിൽ അദ്ദേഹം പണിയിച്ച പള്ളിക്കു് കല്ലിടുകയും, അതിൽവെച്ചു നടത്തിയ പ്രഥമ ദേവാരാധനയിൽ പങ്കുകൊള്ളുകയും ചെയ്തു എന്നുള്ള ക്രൈസ്തവൈതിഹ്യമാണു് ഈ വരികളിൽ ചിലപ്പതികാരം പ്രസ്താവിക്കുന്നതു്.

ചതുക്കപ്പൂതർ, അഥവാ, ചതുഷ്ക്കത്തിലെ (നാലു) പൂതർ എങ്ങനെയാണു് ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്നതെന്നു് ഇനി പ്രസ്താവിക്കാം. “അറേബ്യ” എന്ന പേരു “അർബ” എന്ന അറബി വാക്കിൽ നിന്നു ജനിച്ചതാണു്. അറബി ഭാഷയിൽ “അർബ” എന്ന പദത്തിനു “നാലു്” (ചതുഷ്ക്കം) എന്നർത്ഥമുണ്ടു്. നാൽ എന്ന സംഖ്യ ബുധനു പ്രധാനമായതിനാൽ ബുധന്റെ ഉത്ഭവസ്ഥാനമായ അറേബ്യക്കു ആ നാമം ലഭിക്കുകയുണ്ടായി. ബൈബിളിൽ ഹാമി ന്റെ പുത്രരിൽ ഒരുത്തനു നൽകിയിട്ടുള്ള പൂത് എന്ന പേർ അറേബ്യയുടെ തെക്കൻ കടൽക്കരയിലുള്ള യെമൻ, ഹസ്രമൗത്, മക്ര എന്നീ പ്രദേശങ്ങൾക്കു പൊതുവെയുള്ള ഒരു പ്രാചീന നാമമാണു്. ഈ പ്രദേശത്തെ പ്രാചീന ഈജിപ്തുകാർ പുന്ത് (Punt) എന്നു വിളിച്ചുവന്നിരുന്നു. അതിനാൽ ചതുക്കപ്പൂതർ എന്നതിന്റെ അർത്ഥം അറേബ്യയിലെ പൂതിൽ നിന്നു വന്നവർ എന്നാണു്. ഈ പ്രദേശത്തുള്ള നജ്രാൻ മുതലായ ചില സ്ഥലങ്ങളിൽ ഇസ്ലാമിന്റെ ആവിർഭാവ കാലത്തു് ക്രിസ്ത്യാനികൾ ധാരാളമായി അധിവസിച്ചിരുന്നു. ക്നായിത്തൊമ്മനെ കേരളത്തിലേക്കു് അയച്ച പൂർവ്വദേശത്തെ കത്തോലിക്കസ്സിന്റെ തലസ്ഥാനം എസ്രാ ആണെന്നു് കേരള ക്രിസ്ത്യാനികളുടെ ഒരു പാട്ടിൽ പ്രസ്താവിച്ചിട്ടുണ്ടു്. ഈ എസ്രാ പ്രസ്തുത ഹസ്രമൌതി ന്റെ ഒരു ചുരുക്കിയ രൂപമാണെന്നു തോന്നുന്നു. തൊമ്മാശ്ലീഹയുടെ കാലത്തിനുശേഷം കേരളീയർക്കു ആദ്യമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന ക്രിസ്ത്യാനികൾ പൂതിൽ നിന്നു വന്നവരാകയാൽ, ക്രിസ്ത്യാനികൾക്കു പൊതുവെ പൂതർ, അഥവാ ചതുക്കപ്പൂതർ എന്ന പേരു ലഭിക്കുകയുണ്ടായി. അറേബ്യയിലെ ഏദനു കുറെ കിഴക്കായി സ്ഥിതിചെയ്യുന്ന എസ്രമൌത് രാജ്യത്തിലെ പ്രധാന തുറമുഖമായി പെരിപ്ലസ് എന്ന ഗ്രീക്കുഗ്രന്ഥത്തിൽ വിവരിച്ചിട്ടുള്ള ക്നെയിൽ (Kane) ജനിച്ചതിനാലാണു് ക്നായിത്തൊമ്മനു കാനേ തൊമ്മൻ അഥവാ, ക്നായിത്തൊമ്മൻ എന്ന പേരു ലഭിച്ചതു്. മക്കത്തു പോയ ചേരമാൻ പെരുമാൾ അറേബ്യയിൽ ചെന്നിറങ്ങിയ തുറമുഖമായ മൊക്കല്ല ഈ കാനേയുടെ മറ്റൊരു പേരാകുന്നു. തന്റെ സേവകനായ ക്നായിത്തൊമ്മന്റെ നാടായതുകൊണ്ടായിരിക്കും പള്ളിബാണപ്പെരുമാൾ അവിടെ ഇറങ്ങിയതു്.

മയിലാപ്പൂരിലെ പ്രസിദ്ധ പ്രാചീന കരിങ്കൽക്കുരിശിൽ കൊത്തിയിട്ടുള്ള പഹ്ലവിലേഖനത്തിൽ പ്രസ്താവിച്ചിരിക്കുന്ന “ചഹർ ബൂക്ത്” എന്ന പദം ചതുക്കപ്പൂതർ എന്നതിന്റെ ഒരു പഹ്ലവിരൂപമാണു്. ഡസ്തൂർ ഡി. വി. സഞ്ജന എന്ന പണ്ഡിതൻ ആ പഹ്ലവിലേഖനത്തിൽ വായിച്ചിട്ടുള്ള “അഫ്രാ ഇ ചഹർ ബുക്ത്”, അതായതു്, ചഹർ ബുക്തി ന്റെ പുത്രൻ ചതുക്കപ്പൂതിൽ ജനിച്ച ക്നായിത്തൊമ്മനാണു്. ചതുക്കപ്പൂതിൽ ജനിച്ചതിനാൽ അദ്ദേഹം അതിന്റെ പുത്രനായി ഭവിച്ചു. പയ്യന്നൂർ പാട്ടി ലെ “നാലാർ കുട്ടിയ്ക്കു ചേർന്നോരെ കൊണ്ടാർ” എന്ന വരിയിലെ നാലാർ അറബികൾ, അഥവാ, മാപ്പിളമാർ ആണെന്നും, അറേബ്യയിൽ ഉത്ഭവിച്ചതു നിമിത്തം ഇസ്ലാം നാലാം വേദമായി ഭവിച്ചു എന്നും കൂടി ഇവിടെ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.
ക്നായിത്തൊമ്മനെ മന്ത്രിയാക്കി വച്ചിരുന്ന തുളുവൻ പെരുമാൾ അഥവാ പതിറ്റുപ്പത്തിലെ കളങ്കായ്ക്കണ്ണിനാർ മുടിച്ചേരൽ, എ. ഡി. 634 മുതല്ക്കു 667 വരെ നാടുവാണു എന്നു മേഴത്തോളഗ്നിഹോത്രി യുടെ കലിദിനത്തെ കുറിക്കുന്ന ‘യജ്ഞസ്ഥാനം സംരക്ഷ്യ’ എന്ന വാക്യത്തിൽ നിന്നു മനസ്സിലാക്കാം. ഈ വാക്യം 379, അതായതു് മുകളിൽ വിവരിച്ച കാലഗണിത രീതിപ്രകാരം, 379 + 288 = എ. ഡി. 667 എന്ന കാലത്തെ സൂചിപ്പിക്കുന്നു. ഇതാണു് അടുത്ത പെരുമാളായ ഇന്ദ്രപ്പെരുമാൾ അഥവാ ചെങ്കുട്ടുവന്റെ സിംഹാസനാരോഹണകാലവും. ഭൂതരായപ്പെരുമാൾ എന്ന പേരും കൂടിയുണ്ടായിരുന്ന തുളുവൻ പെരുമാളിനെ കക്കാട്ടു നമ്പിടി മാരുടെ പൂർവ്വികൻ വധിച്ചതിനെയാണു് പ്രസ്തുത വാക്യം സൂചിപ്പിക്കുന്നതു്. ഭൂതരായർ എന്ന ബിരുദം തുളുവൻ പെരുമാളിനു ലഭിച്ചതു് അദ്ദേഹം ഒരു പുതൻ, അഥവാ ക്രിസ്ത്യാനിയായിരുന്നതു നിമിത്തമാണു്. ഇദ്ദേഹത്തിന്റെ മതപരിവർത്തനം ഹേതുവായിട്ടാണു് പ്രസ്തുതവാക്യം സൂചിപ്പിക്കുന്നതുപോലെ വൈദിക യജ്ഞ സ്ഥാനം സംരക്ഷിക്കേണ്ടതിനു അദ്ദേഹത്തെ വധിച്ചതു്. ക്നായിത്തൊമ്മൻ നടത്തിയ ഈ മതപരിവർത്തനത്തെക്കുറിച്ചും, മറ്റു മതപരിവർത്തനങ്ങളെക്കുറിച്ചും മയിലാപ്പൂരിലെ കരിങ്കൽക്കുരിശിന്റെ സ്ഥാപനത്തെപ്പറ്റിയുള്ള പ്രാചീനൈതിഹ്യങ്ങൾ പ്രസ്താവിക്കുന്നുണ്ടു്.

മയിലാപ്പൂരിലെ കുരിശിലെ പഹ്ലവി ലേഖനത്തിലെ അക്ഷരങ്ങളുടെ വടിവിൽ നിന്നു് അതു് ഏഴാം ശതാബ്ദത്തിന്റെ മദ്ധ്യത്തിൽ സ്ഥാപിച്ചതാണെന്നു് ഇന്നത്തെ പണ്ഡിതന്മാർ കണ്ടുപിടിച്ചിട്ടുണ്ടു്. ഈ കുരിശിനെ 16-ാം ശതാബ്ദത്തിൽ പോർട്ടുഗീസുകാർ കണ്ടുപിടിച്ചപ്പോൾ, അവർ അതിലെ പഹ്ലവിലേഖനത്തെ ഒരു ബ്രാഹ്മണനെക്കൊണ്ടുവായിപ്പിച്ചു. അതു് ഒരു തമിഴ് ലേഖനമാണെന്നു പറഞ്ഞു ആ ബ്രാഹ്മണൻ അതിനെ വായിച്ചു. ഈ ബ്രാഹ്മണൻ വായിച്ചതിനെ പോർട്ടുഗീസ് ഗ്രന്ഥങ്ങളിൽ പകർത്തിയിരുന്നതു ഇന്നത്തെ ചില തമിഴ് പണ്ഡിതന്മാർ അക്ഷരപ്പിഴവു് തീർത്തു് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. പാട്ടു രൂപത്തിലുള്ള ഇതിന്റെ അർത്ഥം ചുവടെ ചേർക്കുന്നു: ‘ആര്യശകാബ്ദം 56-ൽ (വിക്രമാബ്ദം 56, അഥവാ എ. ഡി. 2) ധനുമാസം 27-ാം നു ദൈവം കലിയുഗത്തിലെ പാപികളായ മനുഷ്യരോടുള്ള അനുകമ്പ നിമിത്തം യഹൂദരുടെ ദേവാലയത്തിലെ കളങ്കങ്ങൾ അകറ്റുന്നതിനായി കന്യകാ മറിയത്തിന്റെ പുത്രനായി ജനിച്ചു. മുപ്പതുവർഷം കഴിഞ്ഞ ശേഷം കുന്നിൽ നിന്നുകൊണ്ടു് അദ്ദേഹം ദൈവത്തിന്റെ ഏകത്വത്തെപ്പറ്റി തന്റെ പന്ത്രണ്ടു ശിഷ്യരോടു പ്രസംഗിച്ചു. ആ ദർശനങ്ങൾ അനുസരിക്കുന്ന മുനിമാരുടെ വാസസ്ഥാനമായ മയിലാനഗരത്തിൽ ഒരു മുനി ഒരിക്കൽ വരുകയുണ്ടായി. തച്ചക്കോലും തമ്പകതരുവും കൊണ്ടു് അദ്ദേഹം അവിടെ ഒരു ദേവാലയം പണിചെയ്തു. ഈ മാർത്തോമാ പള്ളിയിൽ ചേരരാജാവു്, കുരുകുലച്ചോഴൻ, കൊക്കൈയിലെ പാണ്ഡ്യൻ, ഹസ്തിനപുരത്തിലെ ഹരിശ്ചന്ദ്രൻ, കന്യകകളുടെ രാജ്ഞിയായ കത്തരീൻ എന്നിവരും, മാർഗ്ഗംകൂടിയ മറ്റു പലരും ആരാധന നടത്തി. ഈ കുന്നിൽ വൃദ്ധനായ ഈ മുനി ഒരു ശുഭമുഹൂർത്തത്തിൽ യേശുവിന്റെ സ്മരണയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഈ കുരിശിനെ ആരാധിക്കുന്നവർ പിറവിപ്പാപമാകുന്ന പെരുങ്കടൽ കടന്നു സ്വർഗ്ഗമടയുന്നതാണു്’.

ഒരു പഹ്ലവിലേഖനം തമിഴിലാണെന്നു പറഞ്ഞു വായിച്ച ഈ ബ്രാഹ്മണൻ ചെയ്തതു ചതിയാണെങ്കിലും, അദ്ദേഹം ആ കുരിശിന്റെ ഉത്ഭവത്തെ കുറിച്ചു കേട്ടിരുന്ന ഐതിഹ്യമാണു് വന്നിട്ടുള്ളതു്. ഈ പാട്ടു് ഇന്നത്തെ പണ്ഡിതന്മാർ വിചാരിക്കുന്നതുപോലെ തൊമ്മാശ്ലീഹയെപ്പറ്റിയുള്ളതല്ലെന്നും, ഇതു് ക്നായിത്തൊമ്മൻ, അഥവാ, മാർത്തോമാ ദ്വിതീയനെ പറ്റിയുള്ളതാണെന്നും ഈ ലേഖകൻ വിശ്വസിക്കുന്നു. ഇതിലെ പഹ്ലവിലേഖനത്തിൽ പറഞ്ഞിട്ടുള്ള ചഹർബുക്ത് ക്നായിത്തൊമ്മന്റെ നാടായ അറേബ്യയിലെ പൂതാണു്. തൊമ്മാശ്ലീഹ ഭാരതത്തിലേയ്ക്കു മെസോപ്പൊത്തേമ്യയിലെ ബസ്രായ്ക്കു സമീപത്തു നിന്നാണു പുറപ്പെട്ടതു്. പ്രസ്തുത ബ്രാഹ്മണന്റെ പാട്ടിലെ ചേര രാജാവു് ഭൂതരായർ അഥവാ തുളുവൻ പെരുമാളും, കൊർക്കൈയിലെ പാണ്ഡ്യരാജാവു് നെൽവേല യുദ്ധം ജയിച്ച നെടുമാറ പാണ്ഡ്യന്റെ പിതാവായ ഭൂതപാണ്ഡ്യനും (പൂതനായ, അഥവാ ക്രിസ്ത്യാനിയായപാണ്ഡ്യനും), കുരുകുലച്ചോഴൻ കാവേരി പൂമ്പട്ടണ ത്തിലെ രാജാവായ മണിമേകലയിലെ നെട്ടമുടക്കിള്ളിയുടെ പുത്രനായ ഉദയകുമാരനും, ഹസ്തിനപുരത്തിലെ ഹരിശ്ചന്ദ്രൻ ഹസ്തിഗിരി ക്ഷേത്രമുള്ളതിനാൽ ഹസ്തിനപുരം എന്ന പേരും കൂടിയുണ്ടായിരുന്ന കാഞ്ചീപുരത്തിലെ പല്ലവചക്രവർത്തിയായ നരസിംഹവർമ്മൻ ഒന്നാമന്റെ കുടുംബത്തിലെ ഒരു രാജകുമാരനും മയിലാപ്പൂരിലെ നാടുവാഴിയുമായ ഒരു സാമന്തനുമാകുന്നു. കുരുകുലചോഴൻ എന്നതിനു ബാണവംശത്തിലെ അഥവാ ചേദിവംശത്തിലെ (ഈ ചേദി തെക്കൻ ആർക്കാട്ടു് ജില്ലയിലെ തിരുക്കോവലൂരാ ണു്) ചോഴൻ എന്നാണർത്ഥം. ഉദയകുമാരൻ ചീർത്തി എന്ന ബാണവംശജയായ ചോഴരാജ്ഞിയുടെ പുത്രനായിരുന്നു എന്നു് മണിമേകല പ്രസ്താവിക്കുന്നുണ്ടു്. മയിലാപ്പുരിലെ സെന്റ് തോമസ് മൗണ്ടിൽ ക്നായിത്തൊമ്മൻ പണികഴിപ്പിച്ച ചെറിയ പള്ളിയിൽ തുളുവൻ പെരുമാൾ ആരാധന നടത്തി എന്നു് പ്രസ്തുത പാട്ടിൽ പ്രസ്താവിച്ചിരിക്കുന്നതിൽ നിന്നു് ആ പെരുമാളിന്റെ വധകാലമായ എ. ഡി. 667-നു മുമ്പാണു് അവിടെ പ്രസ്തുത കുരിശു സ്ഥാപിച്ചതെന്നു് അനുമാനിക്കാം.

ക്നായിത്തൊമ്മൻ മയിലാപ്പൂരിൽ സ്ഥാപിച്ച ഈ ചെറിയ പള്ളിയുടെ സ്ഥാനത്തു് ഏതാനും വർഷങ്ങൾ കഴിഞ്ഞു് ഒരു വലിയപള്ളി പണികഴിപ്പിക്കുകയുണ്ടായി. ഈ വലിയ പള്ളിയുടെ അവശിഷ്ടങ്ങളാണു് 16-ാം ശതാബ്ദത്തിൽ പോർട്ടുഗീസുകാർ കണ്ടുപിടിച്ചതു്. ഈ വലിയപള്ളിയുടെ സ്ഥാപനത്തെയാണു് 1927-ലെ ഇന്ത്യൻ ആന്റിക്വറിയിൽ ഫാദർ ഹോസ്റ്റൻ വിവരിച്ചിട്ടുള്ള കോന്യയിലെ കെറ്റ്സന്റെ കഥ സൂചിപ്പിക്കുന്നതു്. ഒരു കച്ചവടക്കാരനായ കോന്യയിലെ കെറ്റ്സന്റെ നാലു പുത്രന്മാരുടെ നിരപരാധിത്വം ഇന്ത്യയിലെ ഒരു രാജാവിന്റെ മുമ്പിൽ വെച്ചു് ഒരു മരിച്ച മനുഷ്യനെ പുനർ ജീവിപ്പിച്ചു സ്ഥാപിച്ചു എന്നാണു് ഈ കഥയുടെ സാരം. ഈ കഥയുടെ കോപ്പിക്കു് ഭാഷയിലുള്ള പാഠത്തിൽ ഈ രാജാവു് ഫിലപ്പോയ്സ് രാജ്യത്തിലുള്ള കല്യോണ നഗരത്തിലെ രാജാവായ കാസ്സിത്തോസ് അഥവാ, കേസാന്തോസ് ആണെന്നു പ്രസ്താവിച്ചിട്ടുണ്ടു്. പ്രസ്തുത അത്ഭുത സംഭവത്തിനുശേഷം കെറ്റ്സന്റെ പുത്രൻ ജാണിന്റെ പ്രേരണനിമിത്തം കാസ്സിത്തോസ് രാജാവു് ഒരു മെത്രാനെ തന്റെ നാട്ടിലേക്കു് അയച്ചുതരണമെന്നു കോൺസ്താന്തിനോപ്പിളിലെ ചക്രവർത്തിയായ കോൺസ്തന്തിനോടു് അപേക്ഷിച്ചു. ഇതനുസരിച്ചു് ആ ചക്രവർത്തി എഫൈസെസ്സിലെ മെത്രാനെ കാസ്സിത്തോസ് രാജാവിന്റെ രാജ്യത്തിലേക്കു് അയയ്ക്കുകയും, ഈ മെത്രാൻ അതിന്റെ തലസ്ഥാനത്തു് ഒരു പള്ളി പണിയിക്കുകയും ചെയ്തു. പല്ലവരാജ്യം എന്ന പേരിന്റെ ഒരു വികൃതരൂപമാണു് ഫിലിപ്പോയ്സ്. മയിലാപ്പൂരിന്റെ ഒരു പര്യായമായ കലാവിപുരത്തിന്റെ ഒരു വികൃതരൂപമാണു് കല്യോണ. കാസ്സിത്തോസ് മുകളിൽ പ്രസ്താവിച്ച ഹസ്തിനപുരത്തിലെ ഹരിശ്ചന്ദ്രന്റെ പിൻഗാമിയായിരിക്കും. കച്ചവടക്കാരനായ കെറ്റ്സൻ ക്നായിത്തൊമ്മൻ മുതലാളിയും, കോൺസ്തന്തീൻ ചക്രവർത്തി എ. ഡി. 668 മുതൽക്കു 685 വരെ കോൺസ്തന്തിനോപ്പിളിൽ നാടുവാണിരുന്ന സുപ്രസിദ്ധനായ കോൺസ്തന്തീൻ പെഹൊനാത്തസ്സുമാണു്. അതിനാൽ പോർട്ടുഗീസുകാർ കണ്ടുപിടിച്ച പള്ളി മയിലാപ്പൂരിൽ പണിഞ്ഞതു് എ. ഡി. 685-നു് അല്പം മുമ്പായിരിക്കും.

തൊമ്മാശ്ലീഹയുടെ ശവകുടീരം പ്രാചീനകാലങ്ങളിലും മദ്ധ്യകാലങ്ങളിലും സന്ദർശിച്ച യുറോപ്യൻ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളിൽ ഭൂരിഭാഗവും മയിലാപ്പൂരിലെ ശവകുടീരത്തിനു യോജിച്ചവയല്ല. നേരെ മറിച്ചു് അവയെല്ലാം, അവയിൽ പറഞ്ഞിട്ടുള്ള സ്ഥലങ്ങൾ ഏതെല്ലാമെന്നു സൂക്ഷ്മമായി ഗ്രഹിച്ചാൽ കുരിശുമുടിക്കു വളരെ യോജിക്കുന്നവയാണു്. ഇവയെ വിസ്തരിക്കുവാൻ ഇവിടെ സ്ഥലമില്ല. ഒന്നു രണ്ടു് ഉദാഹരണങ്ങൾ മാത്രം പ്രസ്താവിക്കാം. തൊമ്മാശ്ലീഹയുടെ ശവകുടീരത്തിലേയ്ക്കു് ഒരു അഗാധമായ ആറു കടന്നാണു് പോകേണ്ടതെന്നും, എന്നാൽ അവിടത്തെ പെരുനാളിനുമുമ്പു് ആറ്റിലെ വെള്ളം വറ്റി മനുഷ്യർക്കു ഇറങ്ങിക്കടക്കാൻ സാധിക്കുന്നതാണെന്നും പന്ത്രണ്ടാം ശതാബ്ദത്തിൽ മാർപ്പാപ്പയായ കലിസ്റ്റസ് ദ്വിതീയനോടു കേരളത്തിലെ ഒരു മെത്രാനായ മാർജാൺ പറഞ്ഞു കേൾപ്പിക്കുകയുണ്ടായി. ഇതു മയിലാപ്പൂരിനു യോജിക്കുന്നില്ല. എന്നാൽ പെരിയാറിന്റെ കരയിലുള്ള കുരിശുമുടിയിൽ വെച്ചു മേടമാസത്തിൽ ആഘോഷിക്കുന്ന പെരുനാളിനു് ഇതു് വളരെ യോജിക്കുന്നുണ്ടു്. പെരുനാൾ കഴിഞ്ഞയുടനെ അവിടെ വലിയ മഴ പെയ്യുമെന്നു് ആറാം ശതാബ്ദത്തിൽ പ്രസ്തുതശവകുടീരം സന്ദർശിച്ച തിയൊഡോർ എന്ന സഞ്ചാരി പ്രസ്താവിച്ചിട്ടുള്ളതും കുരിശുമുടിയ്ക്കാണു് യോജിച്ചിട്ടുള്ളതു്.

കുരിശുമുടിക്കു സമീപമുള്ള മലകൾക്കു് ഇടിയറമല എന്ന പേരുണ്ടു്. ഇതുനിമിത്തമാണു് തൊമ്മാശ്ലീഹയുടെ ശവകുടീരം എഡെസ്സയിലാണെന്നു ചില ക്രൈസ്തവൈതിഹ്യങ്ങൾ പ്രസ്താവിക്കുന്നതു്. ഇടിയറ എന്ന പേരു ലോപിച്ചു് എട, എഡസ്സ എന്നായിത്തീർന്നു. ഈ എഡെസ്സ ഉത്തരമെസൊപ്പൊത്തേമ്യയിലെ എഡെസ്സ നഗരമാണെന്നു തെറ്റിദ്ധരിച്ചുവരുന്നു. ഈ തെറ്റിദ്ധാരണ നിമിത്തമാണു് ആ സിദ്ധന്റെ അസ്ഥികൾ മെസൊപ്പൊത്തേമ്യയിലേക്കു കൊണ്ടുപോയി എന്നുള്ള കഥ ജനിച്ചതു്. കുരിശുമുടി സ്ഥിതിചെയ്യുന്ന പ്രദേശത്തിനു പറമ്പുനാടു് എന്നു പണ്ടു് പേരുണ്ടായിരുന്നു. ഈ പേരു് ഇതിനു കുറെ വടക്കുള്ള കൊച്ചിയിലെ പറമ്പിക്കുളം നദിയുടെയും പറമ്പിക്കുളം ഗ്രാമത്തിന്റെയും പേരുകളിൽ ഇന്നും നിലനിൽക്കുന്നുണ്ടു്.
തമിഴ് സംഘകാവ്യങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള പറമ്പുനാട്ടിലെ പാരി എന്ന സാമന്തൻ ഈ പ്രദേശമാണു് ഭരിച്ചിരുന്നതു്. അദ്ദേഹം ഒരു ക്രിസ്ത്യാനിയായിരുന്നതുകൊണ്ടായിരിക്കാം എട്ടാം ശതാബ്ദത്തിന്റെ പ്രാരംഭത്തിലുണ്ടായ അദ്ദേഹത്തിന്റെ അധഃപതനത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രിമാരെ മറ്റു പല സാമന്തന്മാരും കപിലമഹാകവിയുടെ ശുപാർശയെ വിഗണിച്ചു വിവാഹം ചെയ്യാൻ വിസമ്മതിച്ചതു്. തൊമ്മാശ്ലീഹയുടെ ശവകുടീരം സന്ദർശിച്ച മദ്ധ്യകാലങ്ങളിലെ ചില യൂറോപ്യൻ സഞ്ചാരികൾ അതിനു സമീപമുള്ള പ്രദേശത്തിനു പലംബം എന്നു പേരിട്ടിട്ടുണ്ടു്. ഇതിനു സമീപമുള്ള പ്രദേശത്തിനു വലംബം എന്നു പേരിട്ടിട്ടുണ്ടു്. ഇതു പറമ്പ് എന്നതിന്റെ ഒരു വികൃത രൂപമാണു്. ആറാം ശതാബ്ദത്തിലെ കോസ്കേസ് ഇൻഡിക്കോപ്ലൂസ്റ്റസ് ക്രിസ്ത്യാനികൾ ഉള്ളതായി പറഞ്ഞിട്ടുള്ള മല മലയാറ്റൂർ അഥവാ കുരിശുമുടിയാണു്.

തൊമ്മാശ്ലീഹയുടെ മരണസ്ഥലമായി കേരളീയ ക്രൈസ്തവൈതിഹ്യം പറയുന്ന ചിന്നമലയും, വിദേശ ക്രൈസ്തവ ഐതിഹ്യം പ്രസ്താവിക്കുന്ന കലമിനയും തിരുവിതാംകൂറിലെ ദേവികുളം താലൂക്കിലെ മറവൂരിനു സമീപമുള്ള പൂതിക്കൽ മലയാണു്. പൂതി എന്ന വിശേഷണപദം അതു പൂതരുടെ, അഥവാ, ക്രിസ്ത്യാനികളുടെ തീർത്ഥയാത്രാ സ്ഥലമായിരുന്നു എന്നു സൂചിപ്പിക്കുന്നുണ്ടു്. ഈ പദം പിൽക്കാലങ്ങളിൽ കൂട്ടിച്ചേർത്തതാണു്. കൽമലയെന്നാണു് അതിന്റെ പഴയ പേർ, പാമ്പാർ നദിയുടെ ഒരു പോഷകനദിയായ ചിന്നാർ പൂതിക്കൽ മലയുടെ വടക്കായി ഒഴുകുന്നതുകൊണ്ടായിരിക്കും ഇതിനു ചിന്നമല എന്ന പേരും കൂടി ലഭിച്ചതു്. കൽമലയുടെ ഒരു വികൃതരൂപമാണു് കലമിന. മറവൂരിലെ മറവവംശത്തിൽപ്പെട്ട ഒരു സാമന്തനാണു് തൊമ്മാശ്ലീഹയെ വധിച്ചതു്. ഈ മറവരാജാവിനെയാണു് മസ്സ്ദായ് എന്നു സിറിയയിലെ ഐതിഹ്യങ്ങൾ പേരിട്ടിരിക്കുന്നതു്. പ്രാചീനകാലത്തു് ഈ പ്രദേശം കൊംഗുനാട്ടിൽ ഉൾപ്പെട്ടിരുന്നു. കൊംഗുരാജാക്കന്മാർ മറവവംശത്തിൽ പെട്ടവരുമായിരുന്നു. ഈ മറവൂരിനെയാണു് എ. ഡി. 363-നു മുമ്പുള്ള കുരിശുമുടിയിലെ സെന്റ് തോമസ് സന്ന്യാസിമഠത്തിലെ മഠാധിപനായ യോഹന്നനെ പ്പറ്റിയുള്ള ഐതിഹ്യത്തിൽ മറോൻ എന്നു പേരിട്ടിട്ടുള്ളതും.

പതിനാലാം ശതാബ്ദത്തിലെ ഒരു സ്പാനിഷ് ഭൂപടത്തിൽ ഇൻഡ്യയിലെ കോലംബോ എന്ന രാജ്യത്തിലുള്ള ദിയോഗിൽ എന്ന പട്ടണത്തിനു സമീപം സ്റ്റീവൻ എന്നൊരു ക്രിസ്ത്യാനി രാജാവു നാടുവാഴുന്നു എന്നും, ഈ രാജ്യത്തിലെ ബൂതിഫിലിസ് എന്ന സ്ഥലത്തു തൊമ്മാശ്ലീഹയുടെ ശവകുടീരമുണ്ടെന്നും രേഖപ്പെടുത്തിയിരിക്കുന്നു എന്നു് ഫാദർ ഹോസ്റ്റൻ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഈ കൊലംബോ എന്ന രാജ്യം കൊല്ലം, കൊല്ലി, ചോഴപട്ടണം, പഴക്കര എന്ന പല പേരുകൾ ഉണ്ടായിരുന്നതും, പ്രാചീനകൊല്ലി രാജ്യത്തിന്റെ തലസ്ഥാനമായിരുന്നതുമായ ഇന്നത്തെ ഞാറയ്ക്കൽ രാജധാനിയായിരുന്ന പണ്ടത്തെ കൊച്ചി രാജ്യമാണു്. ഈ ഞാറയ്ക്കലിന്റെ പേരുകളിൽ ഒന്നായ കൊല്ലം, അഥവാ, കൊലംബം എന്നതിൽ നിന്നാണു് അതിനു് പ്രസ്തുത നാമം ലഭിച്ചതു്. തൊമ്മാശ്ലീഹയെപ്പറ്റിയുള്ള ഐതിഹ്യങ്ങളിൽ പറയുന്ന കൊല്ലം ഈ ഞാറയ്ക്കലാണു്. ദിയോഗിൽ ദേവികുളത്തിനു സമീപമുള്ള ദേവിമലയും, ബൂതിഫിലിസ് പൂതിക്കൽ മലയുമാണു്. തൊമ്മാശ്ലീഹയുടെ അസ്ഥികളെ എ. ഡി. 222-ൽ എഡെസ്സയായ കുരിശുമുടിയിലേക്കുമാറ്റി സ്ഥാപിക്കുന്നതുവരെ അവ പൂതിക്കൽ മലയിൽ കിടന്നിരുന്നതിന്റെ സ്മാരകമായി അവിടെ പിന്നീടു് പണിയിച്ച പള്ളിയെയാണു് ഭൂതിഫിലിസ് (ബൂതിപ്പള്ളി) എന്നു പ്രസ്തുത ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതു്. തിരുവരങ്കൻ പാട്ടിൽ ക്നായിത്തൊമ്മനോടുകൂടി സിലോണിലേക്കു പോയ തിരുവരങ്കൻ എന്ന പാണന്റെ (പൂർവ്വ ചരിത്രത്തെപ്പറ്റിപ്പാടുന്നവന്റെ) വാസസ്ഥലമായി പറഞ്ഞിരിക്കുന്ന അല്ലിമല ദേവികുളം താലൂക്കിലെ അല്ലിയാർ കുന്നാണെന്നുള്ളതും, സുപ്രസിദ്ധനായ പോർട്ടുഗീസ് ആർച്ച് ബിഷപ്പ് മെനെസ്സസ്സിന്റെ കാലത്തു ദേവികുളം ഡിവിഷനിൽ പ്രാചീന കന്യാസ്ത്രീകൾ നിവസിച്ചിരുന്നു എന്നു കണ്ടുപിടിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാണു്.

തൊമ്മാശ്ലീഹയുടെ കാലത്തിലെ പശ്ചിമഭാരതത്തിലെ സ്ഥിതിയും, അദ്ദേഹത്തിന്റെ സഞ്ചാരങ്ങളും കൂടി ചുരുക്കി വിവരിച്ചാൽ മാത്രമേ അദ്ദേഹത്തിന്റെ ശവകുടീരം മദ്രാസിലല്ല, കേരളത്തിലാണെന്നുള്ള പരമാർത്ഥം പൂർണ്ണമായി വ്യക്തമാകുകയുള്ളു. അതിനാൽ ഇതിനു് ഇനി ഉദ്യമിക്കുന്നു. തൊമ്മാശ്ലീഹ ഭാരതത്തിൽ വന്ന എ. ഡി. 50-നു വളരെ സമീപിച്ച ഒരു കാലമായ എ. ഡി. 110-ലെ പശ്ചിമഭാരതത്തിലെ സ്ഥിതി ടോളമി എന്ന ഗ്രന്ഥകാരൻ വിവരിച്ചിട്ടുണ്ടു്. ടോളമിയുടെ കാലത്തു് നർമ്മദാനദി മുതൽക്കു കന്യാകുമാരിവരെയുള്ള പശ്ചിമതീര പ്രദേശങ്ങളെ അഞ്ചു പ്രധാന രാജവംശങ്ങൾ അഞ്ചു രാജധാനികളിൽ നിന്നു ഭരിച്ചുവരുന്നു. ഗോദാവരീ നദീതീരത്തിലുള്ള ബോംബെ പ്രസിഡൻസിയിലെ പ്രതിഷ്ഠാനഗരം തലസ്ഥാനമായിട്ടുള്ള ശാതവാഹനവംശവും, ഹിപ്പോക്കുര രാജധാനിയായിട്ടുള്ള വിളിവായ കുരവംശവും, മുസോപ്പള്ളി തലസ്ഥാനമായിട്ടുള്ള ആന്ധ്രഭൃത്യവംശവും, കരൂര രാജധാനിയായിട്ടുള്ള കേരളപുത്രവംശവും, നെൽകിന്ദ തലസ്ഥാനമായിട്ടുള്ള ആയ് വംശവുമാണു് ഇവ. ഈ രാജധാനികളിൽ ഹിപ്പോക്കുര ഹൈദ്രബാദിനു് അല്പം തെക്കുപടിഞ്ഞാറുള്ള ഇന്നത്തെ പർഗിനഗരവും, മുസോപ്പള്ളി നൈസാമിന്റെ രാജ്യത്തിൽ കൃഷ്ണാനദിക്കു അല്പം തെക്കായി സ്ഥിതി ചെയ്യുന്ന ഇന്നത്തെ മാസ്കി ഗ്രാമവും, കാരൂര പശ്ചിമമൈസൂരിലെ ഇന്നത്തെ കാഡൂർ നഗരവും, നെൽകിന്ദ മദ്ധ്യതിരുവിതാംകുറിലെ നിരണവും ആണെന്നും ഈ ലേഖകൻ വിചാരിക്കുന്നു. കാഡൂരിനു സമീപത്തു നിന്നുത്ഭവിക്കുന്ന ഹഗ്ഗരി നദിയെ അയിരൈ എന്ന പേരിൽ കേരള രാജാക്കന്മാരുടെ കുലനദിയായി പതിറ്റുപ്പത്തിൽ പറഞ്ഞിട്ടുള്ളതും, പള്ളിബാണപ്പെരുമാൾ കാഡൂരിനു സമീപമുള്ള ബാണപുരത്തു നിന്നു വന്നു എന്നു കേരളോല്പത്തി പ്രസ്താവിക്കുന്നതും ഇവിടെ ശ്രദ്ധേയമാണു്. ശാതവാഹനരുടെ രാജ്യം നർമ്മദ മുതൽക്കു ഗോദാവരി വരെയും, വിളിവായ കുരരുടെ രാജ്യം ഗോദാവരി മുതൽക്കു കൃഷ്ണാനദിയുടെ പോഷകദിയായ ഭീമാനദിവരെയും, ആന്ധ്രഭൃത്യരുടെ രാജ്യം ഭീമാനദി മുതൽക്കു വടക്കേ മലബാറിലെ കോട്ടപ്പുഴ നദിവരേയും, കേരളപുത്രരുടെ രാജ്യം മൈസൂറിലെ കാഡൂർ മുതൽക്കു കോട്ടപ്പുഴവരെയുള്ള ഒരു രേഖ മുതൽക്കു നിരണംവരെയും ആയ് വംശത്തിന്റെ രാജ്യം നിരണം മുതൽക്കു കന്യാകുമാരിവരെയും നീണ്ടുകിടന്നിരുന്നു.

പ്രതിഷ്ഠാനത്തിലെ ശാതവാഹനരും, മൂസോപ്പള്ളിയിലെ ആന്ധ്രഭൃത്യരും, നെൽകിന്ദയിലെ ആയ് വംശവും ആന്ധ്രഭൃത്യർ എന്ന മഹാവംശത്തിലും, ഹിപ്പോക്കുരയിലെ വിളിവായ കുരരും, കാരൂരയിലെ കേരളപുത്രരും ആന്ധ്രർ എന്ന മഹാവംശത്തിലുംപെട്ടവരായിരുന്നു. ഗന്ധർവ്വരായ ആന്ധ്രഭൃത്യർ പൌരാണിക കാലങ്ങളിൽ അവന്തിയും വിദ്യാധരരായ ആന്ധ്രർ അന്നു അംദം, വിദർഭം, ചേദി എന്നീ രാജ്യങ്ങളും ആണു് ഭരിച്ചിരുന്നതു്. വേദസംഹിതയിലെ ഋക്കുകളിൽ ആന്ധ്ര ഭൃത്യർക്കു വേതസു എന്നും, ആന്ധ്രയ്ക്കു സ്മദിത എന്നും പേരുകൾ നൽകിയിരിക്കുന്നു. ആന്ധ്ര ഭൃത്യർ എന്ന മഹാവംശത്തിന്റെ ശാഖകൾക്കു സത്യപുത്രർ, ഒക്കലിഗർ, ഹൈഗയർ, കേകയർ, മുഷികർ, ചണ്ഡ, നന്ദവംശം, ഗോമിവംശം, ചേരർ, വഞ്ചി അഭീരർ, ആയ് ഗുപ്തവംശം എന്നും പേരുകൾ സിദ്ധിച്ചിരുന്നു. അംഗീയർ, ബൃഹദ്ബാണർ, നാഗർ, കേരളപുത്രർ, വ്രജകുല ചോഴർ, കുരുകുലചോഴർ, ചേദികൾ, മുനയർ, മുകുളർ, പത്മാലയർ, വില്ലവർവട്ടത്തുവംശം, ഫുല്ലികൾ, തഡിഗർ എന്നാണു് ആന്ധ്രർ എന്ന മഹാവംശത്തിന്റെ ശാഖകളുടെ പേരുകൾ, പതുമർ എന്നു പതിറ്റുപ്പത്തിൽ പ്രസ്താവിച്ചിട്ടുള്ളവർ ഈ പത്മാലയ ശാഖയാണു്. ഇന്നത്തെ കൊച്ചി രാജവംശം ആന്ധ്രർ എന്ന മഹാവംശത്തിൽ നിന്നും, ഇന്നത്തെ തിരുവിതാംകൂറിലേയും കോലത്തുനാട്ടിലേയും രാജവംശങ്ങൾ ആന്ധ്രഭൃത്യർ എന്ന മഹാവംശത്തിൽ നിന്നും ഉത്ഭവിച്ചവയാണു്. മക്കത്തായികളും ചന്ദ്രവംശജരുമായ ആന്ധ്രഭൃത്യർ മരുമക്കത്തായികളും സൂര്യവംശജരുമായ ആന്ധ്രരോടു് സദാ വിവാഹങ്ങൾ പണ്ടു നടത്തിവന്നിരുന്നു.
ടോളമിയുടേയും തൊമ്മാശ്ലീഹയുടേയും കാലത്തു തഡിഗപുരം എന്ന പേരും കൂടിയുണ്ടായിരുന്ന മൈസൂരിലെ കാഡൂരിൽ നാടുവാണിരുന്ന കേരളപുത്ര രാജാവിനു മുചിരിയിൽ അഥവാ കൊടുങ്ങല്ലൂരിൽ മറ്റൊരു രാജധാനിയുണ്ടായിരുന്നു. അശോകന്റെ കാലത്തിനു മുമ്പു മുതൽക്കു് ആന്ധ്രഭൃത്യവംശജനായ കേയപ്പെരുമാൾ നാടുവാണു തുടങ്ങിയ എ. ഡി. 504 വരെ ആന്ധ്ര അഥവാ, കേരളപുത്രവംശവും, അതിനുശേഷം എ. ഡി. 598-ൽ നാടുവാഴാൻ തുടങ്ങിയ പള്ളിബാണപ്പെരുമാളിന്റെ കാലംവരെ ആന്ധ്രഭൃത്യ, അഥവാ, ചേരവംശവും, അതിനുശേഷം ഒടുവിലത്തെ ഭാസ്ക്കര രവിവർമ്മന്റെ അന്ത്യകാലമായ എ. ഡി. 1036 വരെ വീണ്ടും കേരളപുത്രവംശവും കേരളത്തിൽ മേൽക്കോയ്മ ചെലുത്തി ഭരിച്ചിരുന്നു. വഞ്ചി അഭീരരായ ചേരവംശത്തിന്റെ അഥവാ ആന്ധ്രഭൃത്യരുടെ മേൽക്കോയ്മ കൊടുങ്ങല്ലൂരിൽ എ. ഡി. 504-ൽ സ്ഥാപിച്ചതോടുകൂടിയാണു് ആ രാജധാനിക്കു വഞ്ചി എന്ന നാമം കൂടി ലഭിച്ചതു്. പിന്നീടു് എ. ഡി. 750-നു സമീപിച്ചു കേരള പുത്രവംശത്തിൽപ്പെട്ട മാടപ്പെരുമാൾ, അഥവാ, ചേരമാൻ പെരുമാൾ നായനാർ ഇതിനു സമീപത്തു തിരുവഞ്ചിക്കുളം സ്ഥാപിക്കുകയും ചെയ്തു.

മുസോപ്പള്ളിയിലെ ആന്ധ്രഭൃത്യ രാജാക്കന്മാരുടെ വംശജനായ ഒരു സാമന്തൻ അവരുടെ മേൽക്കോയ്മയിൻകീഴിൽ ഗോവയ്ക്കു സമീപമുള്ള ചന്ദ്രപുരത്തിൽ തൊമ്മാശ്ലീഹയുടെ വരവുകാലത്തു നാടുവാണിരുന്നു. ആ സിദ്ധൻ മെസൊപ്പൊത്തേമ്യയിലെ ബസ്രയ്ക്കു സമീപമുള്ള മഹോഷയിൽ നിന്നു ഹബ്ബാൻ എന്ന ഒരു യഹൂദവണിക്കിനോടു കൂടി ഭാരതത്തിലേക്കു കപ്പൽകയറി പ്രസ്തുത ചന്ദ്രപുരത്തിൽ വന്നിറങ്ങി. വിദേശി ക്രൈസ്തവ ഐതിഹ്യങ്ങൾ തൊമ്മാശ്ലീഹ ആദ്യം ഇന്ത്യയിൽ കരക്കിറങ്ങിയ സ്ഥലമായി പറഞ്ഞിട്ടുള്ള സാന്ദ്രുക്കും ആന്ധ്രാപ്പൊലിസും (ആന്ധ്രാനഗരവും) ഈ ചന്ദ്രപുരമാണു്. ഗോവയ്ക്കു സമീപത്തുകൂടി ഒഴുകുന്ന തിരക്കൽ നദിക്കു് അടുത്തു സ്ഥിതിചെയ്തിരുന്നതിനാൽ ഇതിനു തുരന്നോസ് ബോസ് എന്നു ടോളമി പേരിട്ടിട്ടുണ്ടു്. പ്രാചീനകാലം മുതൽക്കു പശ്ചിമേഷ്യയുമായി കച്ചവടം ചെയ്തിരുന്ന പശ്ചിമേന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നായ ഇതിനെ മദ്ധ്യകാലങ്ങളിലെ സഞ്ചാരികൾ സിന്ദാബൂർ എന്നു വിളിച്ചുവന്നിരുന്നു. ചന്ദ്രപുരത്തിനു സമീപമുള്ള അഞ്ചു ദ്വീപിൽ കോട്ട കെട്ടാനായി 1505-ൽ പോർട്ടുഗീസുകാർ ഭൂമി കിളപ്പിച്ചപ്പോൾ, അവിടെ കുരിശടയാളമുള്ള കല്ലുകൾ അവർ കണ്ടുപിടിച്ച സംഗതി ഇവിടെ ശ്രദ്ധേയമാണു്. ചന്ദ്രപുരത്തിലെ ആന്ധ്രഭൃത്യ സാമന്തന്റെ കുലത്തിന്റെ ഒരു ശാഖ പിൽക്കാലങ്ങളിൽ ചേരമാൻ പെരുമാക്കന്മാരായി കൊടുങ്ങല്ലൂരിൽ നാടുവാണതിനാലാണു് ചില കേരളീയ ക്രൈസ്തവ ഐതിഹ്യങ്ങൾ തൊമ്മാശ്ലീഹ ആദ്യം വന്നിറങ്ങിയതു കൊടുങ്ങല്ലൂരാണെന്നു പറയുന്നതു്. ചന്ദ്രപുരസാമന്തന്റെ കുലത്തിലെ ചില അംഗങ്ങളെ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തശേഷം തൊമ്മാശ്ലീഹ അവിടെ നിന്നും കപ്പൽകയറി കേരളപുത്ര അഥവാ, കുരുകുല ചോഴ വംശജനായ ഗൊണ്ഡോഫറസ് എന്ന സാമന്തന്റെ രാജധാനിയായ ഞാറക്കലിന്റെ തുറമുഖമായ മാലിപ്പുറത്തു് അഥവാ മാല്യങ്കരയിൽ വന്നിറങ്ങി. ഇവിടെകൊട്ടാരം പണിയുന്നതിനായി ഒരു തച്ചനെ പശ്ചിമേഷ്യയിൽ നിന്നു കൊണ്ടുവരണമെന്നു ഗൊണ്ഡോഫറസ്സ് ഒരു യഹൂദകച്ചവടക്കാരനായ ഹബ്ബാനോടു് ആവശ്യപ്പെട്ടിരുന്നതനുസരിച്ചാണു് ഹബ്ബാനും തച്ചുശാസ്ത്രവിദഗ്ദ്ധനായ തൊമ്മാശ്ലീഹയും ഇവിടെ വന്നിറങ്ങിയതു്. ഈ മാലിപ്പുറത്തേയും മദ്രാസിലെ മയിലാപ്പൂരിനേയും ക്രൈസ്തവൈതിഹ്യങ്ങൾ കൂട്ടിക്കുഴക്കുന്നുണ്ടു്. ടോളമി ഈ മാലിപ്പുറത്തെ സ്ത്രഡോസ്തോമാസ് (വ്യാജമുഖം) എന്നു പേരിട്ടിട്ടുണ്ടു്. തൊമ്മാശ്ലീഹ വന്ന കാലത്തു മദ്ധ്യകേരളത്തിലെ കായലുകൾക്കും കടലിനും ഇടയ്ക്കു കര ഉണ്ടായിരുന്നില്ലെന്നും, ഈ കര അങ്ങുമിങ്ങും ചില ദ്വീപുകളുടെ രൂപത്തിൽ ഉത്ഭവിക്കുവാൻ തുടങ്ങിയിരുന്നതേയുള്ളൂ എന്നും ഇവിടെ ഓർക്കേണ്ടതാണു്. അന്നു ഞാറയ്ക്കലും അതിന്റെ തുറമുഖമായ മാലിപ്പുറവും നല്ലപോലെ ഉറയ്ക്കാത്ത ഒരു ദ്വീപിൽ സ്ഥിതിചെയ്തിരുന്നു. ചോഴക്കര, ചോഴപട്ടണം, കൊല്ലി, കൊല്ലം, ചായൽ എന്നീ ഏഴു സ്ഥലങ്ങളുടെ കൂട്ടത്തിലുള്ള കൊല്ലം ഈ ഞാറക്കലാണു്. ഇന്നത്തെ കൊല്ലം എ. ഡി. 825-ൽ സ്ഥാപിക്കപ്പെട്ട ഒരു നഗരമാണു്. എ. ഡി. 598-ൽ ചരമമടഞ്ഞ കുലശേഖര ആഴ്‌വാർ (ഇമയവരമ്പൻ നെടുഞ്ചേരലാതൻ) ജനിച്ചതായി വൈഷ്ണവ ഐതിഹ്യങ്ങൾ പറയുന്ന കൊല്ലി നഗരവും ചോഴ പട്ടണവും, ആ വൈഷ്ണവ യോഗിയുടെ തമിഴ്സ്തവങ്ങളിലെ “കൊല്ലിനായകൻ” എന്ന സ്വന്തം ബിരുദത്തിൽ അടങ്ങിയിട്ടുള്ള കൊല്ലിയും ഞാറയ്ക്കലായിരുന്നു. ആറാം ശതാബ്ദത്തിലെ കോസ്മോസ് ഇൻഡിക്കോപ്ലൂസ്റ്റസ് ഒരു ക്രിസ്ത്യൻ മെത്രാന്റെ പാർപ്പിടമായി പറഞ്ഞിരിക്കുന്ന കല്യാണനഗരവും ഈ ഞാറയ്ക്കൽ കൊല്ലമാണു്. കൊല്ലത്തിന്റെ ഒരു വികൃതരൂപമത്രേ കല്യാണ. ഞാറയ്ക്കലിലെ സാമന്തനായ ഗൊണ്ഡോഫറസ്സിനെ ക്രൈസ്തവ ഐതിഹ്യങ്ങൾ ചോഴൻ എന്നു പറഞ്ഞിരിക്കുന്നതു് അദ്ദേഹം കുരുകുലചോഴ അഥവാ, ബാണവംശത്തിൽ പെട്ടിരുന്നതുകൊണ്ടും, ചോഴപട്ടണമായ ഞാറയ്ക്കൽ ഭരിച്ചിരുന്നതുകൊണ്ടുമാണു്.

ഗൊണ്ഡോഫറസ്സിന്റെ അനുജനായ ഗാദിനെ (ഗോദയെ) ക്രിസ്ത്യാനിയാക്കിയതിനുശേഷം തൊമ്മാശ്ലീഹ ദേവികുളത്തെ മറയൂരിലെ മറവരാജാവായ മസ്സ്ദായിയുടെ നാട്ടിലേക്കുപോയി. ഇവിടേക്കു പോകുന്ന വഴിക്കുസ്ഥിതിചെയ്യുന്ന പൊക്കൻമുടിമലയ്ക്കു സമീപമുള്ള കഴുതപ്പാറത്തുണ്ടിനെയാണു് “തൊമ്മാശ്ലീഹയുടെ ചെയ്തികൾ” (Acta Thomace) എന്ന സുറിയാനി കൃതിയിൽ മസ്ദായിയുടെ നാട്ടിലേയ്ക്കു ശ്ലീഹ പോകുമ്പോൾ അദ്ദേഹം കാട്ടുകഴുതകളെ കണ്ടു എന്നു പറഞ്ഞു സൂചിപ്പിച്ചിരിക്കുന്നതു്. പ്രസ്തുത കൃതിയുടെ എത്തിയോപ്പിക്ക് ഭാഷയിലുള്ള പരിഭാഷയിൽ മസ്സ്ദായിയുടെ രാജ്യത്തിനു് കണ്ടേറിയ എന്നു പേരിട്ടിട്ടുണ്ടു്. ദേവികുളത്തെ തീർത്ഥമലയിലെ കണ്ടൽ എന്ന ഗ്രാമത്തെ ആസ്പദിച്ചുണ്ടായ പേരായിരിക്കാം ഇതു്. മരുകം എന്നതു മയിലിന്റെ ഒരു പര്യായമാകയാൽ, മറയൂർ (മരയൂർ) ക്രിസ്ത്യൻ ഐതിഹ്യങ്ങളിലെ മയിലാപ്പൂരായി ഭവിച്ചു. ഇങ്ങനെ മാലിപ്പുറവും, മറയൂരായ മയിലാപുരവും, മദ്രാസിലെ മയിലാപ്പൂരും ക്രൈസ്തവൈതിഹ്യങ്ങൾ കൂട്ടിക്കുഴച്ചതുകൊണ്ടും രണ്ടു മാർത്തോമമാരേയും അവ കൂട്ടിക്കുഴയ്ക്കുകയുണ്ടായി. മുകളിൽ പറഞ്ഞതുപോലെ മറയൂരിനടുത്തുള്ള പൂതിക്കൽ മലയിൽ വെച്ചാണു് മസ്സ്ദായ് തൊമ്മാശ്ലീഹയെ എ. ഡി. 68-ൽ വധിച്ചതു്. എ. ഡി. 222-ൽ ഇവിടെ നിന്നു് അദ്ദേഹത്തിന്റെ അസ്ഥികളെ കുരിശുമുടിയിലേക്കു മാറ്റി സ്ഥാപിക്കുകയും ചെയ്തു.
(1941 ജൂൺ 29 മാതൃഭൂമി ആഴ്ചപ്പതിപ്പു്.)