ആധുനികമനുഷ്യരുടെ ഭൗതികവും സാംസ്കാരികവുമായ വളർച്ചയെ രൂപവൽക്കരിക്കുന്നതിൽ സയൻസിനോടു് തുല്യം ശക്തിപൂർവ്വം പ്രവർത്തിക്കുന്ന മറ്റൊന്നുമില്ലതന്നെ. നമ്മുടെ പൂർവ്വികർ അന്ധവിശ്വാസങ്ങളേയും സൂക്ഷ്മത വളരെ കുറഞ്ഞ നിരീക്ഷണങ്ങളേയും ആസ്പദിച്ചു കെട്ടിപ്പടുത്തിരുന്ന സാമുദായികനിയമങ്ങൾക്കു് പകരം യുക്തിയേയും, അതിസൂക്ഷ്മമായ നിരീക്ഷണത്തേയും, പര്യവേക്ഷണത്തേയും അടിസ്ഥാനപ്പെടുത്തി സാമുദായികനിയമങ്ങൾ നിർമ്മിക്കുവാൻ സയൻസ് നമ്മെ പഠിപ്പിച്ചുവരുന്നു. ഇതുനിമിത്തമത്രേ പുരോഗമനസാഹിത്യത്തിൽ സയൻസ് സ്വാധീനശക്തി ചെലുത്തി വരുന്നു എന്നു ഞാൻ പല സന്ദർഭങ്ങളിലും ചൂണ്ടിക്കാണിച്ചിരുന്നതു്. നാച്ചുറൽ സയൻസ് (പ്രകൃതിവിജ്ഞാനീയം), സോഷ്യൽ സയൻസ് (സാമുദായികവിജ്ഞാനീയം) എന്നു സയൻസിന്റെ രണ്ടു വിഭാഗങ്ങളുള്ളതിൽ സോഷ്യൽ സയൻസാണു്— പ്രത്യേകിച്ചു് അതിന്റെ ഒരു ശാഖയായ സോഷ്യോളജി (സമുദായശാസ്ത്രം) ആണു്—പുരോഗമനസാഹിത്യത്തിൽ സ്വാധീനശക്തി ചെലുത്തിവരുന്നതു്. രസതന്ത്രം, ജീവശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, പാരമ്പര്യശാസ്ത്രം മുതലായവ നാച്ചുറൽ സയൻസിനും, അർത്ഥശാസ്ത്രം, രാഷ്ട്രശാസ്ത്രം, ചരിത്രം, നരവംശശാസ്ത്രം, വിദ്യാഭ്യാസശാസ്ത്രം, മനഃശാസ്ത്രം, സാമുദായികശാസ്ത്രം, സോഷ്യോളജി, യുജെസിക്സ് (സത്പ്രജോല്പത്തിശാസ്ത്രം), യൂട്ടെലേജെനെസിസ് (വിദൂരപ്രജോല്പത്തിശാസ്ത്രം), ലൈംഗികശാസ്ത്രം മുതലായവ സോഷ്യൽ സയൻസിനും ഉദാഹരണങ്ങളാണു്.
നാച്ചുറൽ സയൻസിനും, സോഷ്യൽ സയൻസിനും തമ്മിൽ മാർഗ്ഗം, ഫലം, മനഃസ്ഥിതി എന്നിവയെ സംബന്ധിച്ച വ്യത്യാസങ്ങളുണ്ടു്. നാച്ചുറൽ സയൻസിനു്, പരിതഃസ്ഥിതിയിൽനിന്നു് സമ്പൂർണ്ണമായി വേർതിരിച്ചും, പരിപൂർണ്ണമായ നിഷ്പക്ഷമനോഭാവത്തോടുകൂടിയും പര്യവേക്ഷണം നടത്തുകയും, പരമമായ സത്യത്തെ സമീപിക്കുന്ന ഫലം നേടുകയും ചെയ്യാം. നേരെമറിച്ചു് സോഷ്യൽ സയൻസിനു് ഇവ സാദ്ധ്യമല്ല. ഇതിലെ പര്യവേഷണം പരിതസ്ഥിതി സഹിതം പരീക്ഷിച്ചുനോക്കി തെറ്റുതിരുത്തുന്നതും, ഇതിലെ സത്യം പരമ സത്യത്തിൽനിന്നു് കുറെയധികം അകന്നിരിക്കുന്ന പ്രായോഗിക സത്യവും, ഇതിലെ മനസ്ഥിതി ഉപബോധമനസ്സിൽ കളിച്ചുകിടക്കുന്ന പക്ഷപാതത്തോടുകൂടിയതുമായിരിക്കും. സോഷ്യൽസയൻസിന്റെ ഈ ന്യൂനതകൾ നിമിത്തം ജനിക്കുന്ന പരിമിതമായ വിജ്ഞാനഭണ്ഡാഗാരത്തെ പുരസ്ക്കരിച്ചു് അതിന്റെ പ്രയോഗം ഭാവിയിലേയ്ക്കു് നീട്ടിവയ്ക്കണമെന്നു് പറയുന്ന ഉപരിവിപ്ലവബുദ്ധികൾക്കു് ഹോർഡർപ്രഭു എന്ന പ്രസിദ്ധ വൈദ്യശാസ്ത്രജ്ഞൻ നല്കിയ മറുപടി സ്മരണീയമാണു്. കുത്തിവെയ്ക്കുന്ന നിവാരണചികിത്സാശാസ്ത്രത്തിന്റെ ഇന്നത്തെ പരിമിതമായ വിജ്ഞാനഭണ്ഡാഗാരം ഹേതുവായി, അതിന്റെ പ്രയോഗം ഭാവിയിലേയ്ക്കു് നീട്ടിവയ്ക്കണമെന്നു പറയുന്ന വിഡ്ഢികളുടെ വാദം പോലെയുള്ള ഒന്നാണു് ഇതെന്നാണു് അദ്ദേഹം പറയുന്നതു്.
ഫോർമലിസ്റ്റ് (ശുദ്ധശാസ്ത്രീയ) സോഷ്യോളജി, എൻസൈക്ലോപ്പീഡിക് (സർവ്വശാസ്ത്രപ്രായോഗിക) സോഷ്യോളജി, “സോഷ്യോളജി ഓഫ് സോഷ്യൽ വർക്ക്” (സമുദായപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സോഷ്യോളജി) എന്നു മൂന്നു തരമായി ഇന്നത്തെ സോഷ്യോളജിയെ വിഭജിക്കാം. സമുദായഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ, അഥവാ പരസ്പരപ്രവർത്തനങ്ങളെ, പഠിക്കുന്ന ഒരു പ്രത്യേകമായ ശുദ്ധശാസ്ത്രമാണു് സോഷ്യോളജി എന്നു് ഫോർമലിസ്റ്റുകൾ വിചാരിക്കുന്നു. ഈ ഘടകങ്ങൾ വ്യക്തി, കുടുംബം, സംഘം, സമുദായം, സ്ഥാപനങ്ങൾ എന്നിവയാണു്. ഇവയുടെ ഘടനം (ഓർഗനൈസേഷൻ) വിഘടനം (ഡിസോർഗനൈസേഷൻ) എന്നിവയെ ഇവർ പഠിക്കുന്നു. വ്യക്തിയുടെ വിഘടനം ആത്മഹത്യമുഖേനയും, കുടുംബത്തിന്റേതു് വിവാഹമോചനമോ, ദമ്പതികളിൽ ഒരാളുടെ ഉപേക്ഷിച്ചുപോകലോ നിമിത്തവും, സമുദായത്തിന്റെ വിഘടനം വിപ്ലവം മുഖേനയും സംഭവിക്കുന്നു. സമുദായം പരിവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നും, ഈ പരിവർത്തനത്തിൽ വർദ്ധമാനമായിവരുന്ന ഘടനസങ്കീർണ്ണത, പ്രവൃത്തിവിഭജനം, ഘടകങ്ങളുടെ പരസ്പരാശ്രയം എന്നിവയും, (ചിലപ്പോളുണ്ടാകുന്ന തടസ്സങ്ങളോടുകൂടി) പ്രജാധിപത്യം (ഡെമോക്രെസി) എന്ന പദത്തിൽ അന്തർഭവിച്ചിട്ടുള്ള ശാരീരികവും ബുദ്ധിപരവും സാമുദായികവുമായുള്ള സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പോക്കും കാണുന്നുണ്ടെന്നും അമേരിക്കയിലെ പ്രിൻസ്ടൺ സർവ്വകലാശാലയിലെ പ്രൊഫെസർ കോങ്ക്ലിനെപ്പോലെയുള്ള ഈ ഫോർമലിസ്റ്റുകൾ പലരും സമ്മതിക്കുന്നുണ്ടു്. വിപ്ലവം മുഖേന സമുദായപരിവർത്തനം നടന്നിട്ടുണ്ടെന്നുള്ള ചരിത്രവസ്തുതകളെടുത്തുപറയുന്നുണ്ടെങ്കിലും ബലപ്രയോഗം ഉൾക്കൊള്ളുന്ന വിപ്ലവത്തെ സ്വീകാര്യമായ ഒരു മാർഗ്ഗമായി അവർ പരിഗണിക്കുന്നില്ല. സഹകരണവും ഉപദേശവുമാണു് അവർക്കു് സ്വീകാര്യമായി തോന്നുന്ന മാർഗ്ഗങ്ങൾ. മൂന്നുതരം സോഷ്യലിസ്റ്റുകളിലുംവെച്ചു സർവ്വകലാശാലകളുടെ പിന്താങ്ങും മാന്യതയും ഈ ഫോർമലിസ്റ്റുകൾക്കാണു് ലഭിച്ചിട്ടുള്ളതെങ്കിലും, അവരിൽ പല കുറവുകളും കാണാവുന്നതാണു്. കാരണത്തിൽനിന്നു് കാര്യത്തിലേയ്ക്കു പോകുന്ന രീതി അവരെ സാമുദായികസംഭവങ്ങളിൽനിന്നു് വളരെ അകന്ന അതിസാമാന്യതത്വങ്ങളിലേയ്ക്കു് പിടിച്ചുകൊണ്ടു പോകുന്നു. ഒരു സാമുദായിക പ്രവർത്തനത്തിനു് പേരിടുന്നതോടുകൂടി അതിന്റെ ആശയസഞ്ചയ (ഐഡിയോളജി) വിവരണം പൂർത്തിയായി എന്നു് അവർ വിചാരിച്ചു പോകുന്നു. സോഷ്യോളജിയിൽ ഏതെല്ലാം ഉൾപ്പെടുകയില്ലാ എന്നു് നിർണ്ണയിക്കുന്നതിൽ ഒരു സർവ്വസമ്മതമായ തത്വം സ്വീകരിക്കാതെ അവർ ഓരോരുത്തരും യഥേഷ്ടം പ്രവർത്തിച്ചുവരുകയും ചെയ്യുന്നു.
ഭാരതത്തിലെ ‘സർവന്റ്സ് ഓഫ് ഇൻഡ്യാ സൊസൈറ്റി’ക്കാരെപ്പോലെയുള്ള മൂന്നാമത്തെ സ്ക്കൂളുകാരായ സമുദായ പ്രവർത്തന സോഷ്യോളജിസ്റ്റുകൾ ഫോർമലിസ്റ്റുകളേക്കാൾ വളരെയധികം പ്രായോഗികശാസ്ത്രജ്ഞരാണു്. വിദൂരമായ ഒരു ആദർശവും സാമാന്യപദ്ധതിയും കൂടാതെ പ്രായേണ അന്നന്നത്തെ പ്രശ്നങ്ങൾക്കു് പരിഹാരം കണ്ടുപിടിക്കുവാനേ ഇവർ ശ്രമിച്ചുവരുന്നുള്ളു. മിതവാദികളായ ഇവർ ഫോർമലിസ്റ്റുകളെപ്പോലെ വിപ്ലവമാർഗ്ഗം സ്വീകരിക്കുന്നുമില്ല.
അതിവിഭിന്നങ്ങളായ ആദർശങ്ങളും മാർഗ്ഗങ്ങളുമുള്ള പലതരം സോഷ്യോളജിസ്റ്റുകളെ രണ്ടാമത്തെ സ്ക്കൂളായ എൻസൈക്ലോപ്പീഡിസ്റ്റുകളിൽ ഉൾപ്പെടുത്താം. ഉദാഹരണമായി, കമ്മ്യൂണിസ്റ്റ് സോഷ്യോളജിയായ പ്രകൃതഗ്രന്ഥവും, സ്വയം പര്യാപ്തമായ ഗ്രാമീണ റിപ്പബ്ളിക്ക് സ്ഥാപനത്തെ പിന്താങ്ങുന്ന ഗാന്ധിജിയുടെ പദ്ധതിപ്രകാരമുള്ള സോഷ്യോളജി കൃതികളും എൻസൈക്ലോപ്പിഡിക്ക് സോഷ്യോളജിയിൽ ഉൾപ്പെടുന്നതാണു്. വ്യക്തിയുടേതെന്നതുപോലെ സമുദായത്തിന്റേയും ഗതിയെ രൂപവത്കരിക്കുന്നതു് പാരമ്പര്യവും, പരിതഃസ്ഥിതിയുമാണല്ലോ. സമുദായത്തെ സംബന്ധിച്ചിടത്തോളം പാരമ്പര്യത്തിൽ പൂർവ്വചരിത്രവും ഉൾപ്പെടുന്നതാണു്. ഫോർമലിസ്റ്റുകളും, സമുദായപ്രവർത്തക സോഷ്യോളജിസ്റ്റുകളും, കമ്മ്യൂണിസ്റ്റുകളും, ഗാന്ധിമതക്കാരും ഒന്നുപോലെ യൂജെനിക്സ്, യൂട്ടെലേജെനസിസ് (സമുദായത്തിലെ ഉത്തമന്മാരുടെ ബീജം അവരുടെ ഭാര്യമാരല്ലാത്ത ആരോഗ്യമുള്ള സ്ത്രീകളുടെ ഗർഭപാത്രങ്ങളിൽ അതാരുടേതെന്നു് അറിയിക്കാതെ ഡാക്ടർമാർ കുത്തിവയ്ക്കുന്നതു്) ലൈംഗികശാസ്ത്രം എന്നിവ പ്രയോഗിച്ചുള്ള പാരമ്പര്യപ്പരിഷ്ക്കരണത്തിൽ അലസരോ, അതിനെ വെറുക്കുന്നവരോ ആകുന്നു. പരിതസ്ഥിതി പരിഷ്കരണമാണു് ഇവരുടെ കാര്യപരിപാടി. പരിതഃസ്ഥിതിപരിഷ്കരണത്തോടൊപ്പം ആദ്യമേതന്നെ പാരമ്പര്യപരിഷ്കരണത്തിനും പ്രാധാന്യമുണ്ടെന്നു വാദിക്കുന്ന നാച്ചുറൽ സയന്റിസ്റ്റായ ജൂലിയൻ ഹക്സലിയെ പ്പോലെയുള്ളവരും, പരിസ്ഥിതിപരിഷ്കരണം കഴിഞ്ഞു മാത്രമേ ശരിയായ പാരമ്പര്യപരിഷ്കരണം സാദ്ധ്യമാക്കുകയുള്ളു എന്നും, അന്നു് ഈ പാരമ്പര്യപരിഷ്കരണം സ്വീകരിച്ചേ മതിയാവൂ എന്നും വാദിക്കുന്ന ശാസ്ത്രജ്ഞരായ ജെ. ബി. എസ്. ഹാൽഡെ യിൽ, ഈയ്യാണ്ടിൽ പാരമ്പര്യശാസ്ത്രത്തിൽ നോബൽസമ്മാനം നേടിയ ഡാക്ടർ: ജെ. എച്ച്. മല്ലർ ലൈംഗികശാസ്ത്രജ്ഞനായ ഡാക്ടർ ല്യൂൻബാക് എന്നിവരെപ്പോലെയുള്ളവരും, എൻസൈക്ലോപ്പീഡിസ്റ്റുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണു്.
എൻസൈക്ലോപ്പീഡിസ്റ്റുകളിൽ ഉൾപ്പെടുന്ന പ്രസ്തുത വിഭിന്നമതക്കാർക്കു് തമ്മിലുള്ള ഐക്യം, സർവ്വശാസ്ത്രങ്ങളുടെയും വിജ്ഞാനം പ്രയോഗിച്ചു സമകാലീന സമുദായപരിഷ്കരണം നടത്തുവാനുള്ള സന്നദ്ധത, ഇതിനുവേണ്ടീ വിപ്ലവകരമോ വിപ്ലവത്തോടു് സമീപിക്കുന്നതോ ആയ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ വൈമുഖ്യമില്ലായ്മ, എന്നിവയിലാണു് സ്ഥിതിചെയ്യുന്നതു്. പ്രായോഗികത്വം, വിശാലദൃഷ്ടി, മനുഷ്യസ്നേഹത്തിൽ കെട്ടിപ്പടുത്തിട്ടുള്ള ഐഡിയോളജി എന്നിവയാണു് എൻസൈക്ലോപ്പീഡിസ്റ്റുകളുടെ ഗുണങ്ങൾ. യുക്തിഭംഗം മുതലായി ഒരു ശുദ്ധ സയൻസിനു് യോജിക്കാത്ത ചില കാര്യങ്ങളുടെ സാന്നിദ്ധ്യമാണു് എൻസൈക്ലോപ്പീഡിസ്റ്റുകളുടെ കുറവുകൾ. എന്നാൽ യുക്തിയും ജീവിതവും, രണ്ടും രണ്ടാണെന്നുള്ള പരമാർത്ഥം നാം ഇവിടെ ഓർക്കേണ്ടതാണു്.
സാമ്പത്തികചരിത്രത്തെ പ്രധാനമായി സ്വീകരിച്ചു കെട്ടിപ്പടുത്തിട്ടുള്ള കമ്മ്യൂണിസ്റ്റ് സോഷ്യോളജിയിൽ മറ്റു പല ശാസ്ത്രങ്ങളുടെ വിജ്ഞാനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നു മുകളിൽ ചൂണ്ടിക്കാണിച്ചതിനെ ഉദാഹരിക്കുവാനായി ശ്രീ. ദാമോദരന്റെ പ്രകൃതഗ്രന്ഥ ത്തിലെ ചില പ്രധാന വിഷയങ്ങളുടെ പട്ടിക ഉദ്ധരിച്ചുകൊള്ളുന്നു. ഭൂമിയുടെ ഉല്പത്തി, ജീവന്റെ ആവിർഭാവം, മനുഷ്യന്റെ മുൻഗാമികൾ, പ്രാകൃതമനുഷ്യൻ, ശിലായുഗങ്ങൾ, കൃഷിയുടെ ആരംഭം, ലോഹങ്ങളുടെ പ്രയോഗം, വളർത്തുമൃഗങ്ങൾ, കാടന്മാരും അപരിഷ്കൃതരും, കുടുംബം, പ്രാകൃതകമ്മ്യൂണിസം, ഭരണകൂടം, കച്ചവടക്കാർ, മന്ത്രവാദിയും പുരോഹിതനും, സംസ്കാരനേട്ടങ്ങൾ, നാടുവാഴിപ്രഭുത്വം (ഫ്യൂഡലിസം), സയൻസും തത്വശാസ്ത്രവും, മുതലാളിത്വസമുദായം, സാമ്രാജ്യാധിപത്യം, തൊഴിലാളികൾ, സോവിയറ്റുയൂണിയൻ, പുരോഗതിയുടെ അടിസ്ഥാനം എന്നിവയാണു് പ്രസ്തുത വിഷയങ്ങൾ. കമ്മ്യൂണിസ്റ്റ് സോഷ്യോളജിയെ കേരളീയരെ ധരിപ്പിക്കുവാനുള്ള ശ്രീ. കെ. ദാമോദരന്റെ ഈ ഉദ്യമം മിക്കവാറും വിജയിച്ചിട്ടുണ്ടെന്നും, ശാസ്ത്രീയകൃതികളുടെ ദൗർല്ലഭ്യംകൊണ്ടു് നട്ടം തിരിയുന്ന കൈരളിയ്ക്കു് പ്രകൃതകൃതി ഒരു ഭൂഷണമാണെന്നും ഞാൻ വിചാരിക്കുന്നു.
വിഷയങ്ങളിൽ മനോലയം വന്നതു് പോരാത്തതിനാൽ ഗ്രന്ഥകാരനു അവയെ വേണ്ടത്ര കേരളീയജീവിതത്തിൽക്കൂടി വിവരിക്കുന്നതിനും അന്യോന്യം ഭംഗിയായിണക്കുന്നതിനും കഴിഞ്ഞിട്ടില്ലെന്നൊരു ചാർജ്ജുണ്ടായിക്കൂടെന്നില്ല.
ശ്രീ. ദാമോദരന്റെ ഭാഷാരീതി പ്രസന്നമാണു്. ശാസ്ത്രവിഷയങ്ങൾ പ്രതിപാദിക്കുമ്പോൾപ്പോലും അതിനുചിതമല്ലാത്ത പൊടിപ്പും തൊങ്ങലും വെച്ച ഭാഷാരീതി ഇന്നു ചിലർ സ്വീകരിച്ചിട്ടുള്ളതിനു് നേരെ വിരുദ്ധമാണു് ശ്രീ. ദാമോദരന്റെ രീതി.
പ്രകൃതകൃതിയിൽ അച്ചടിപ്പിശകുകൊണ്ടോ, മറ്റു വല്ല കാരണവശാലോ ഒന്നോ രണ്ടോ പിഴകൾ വന്നുപോയിരിക്കുന്നു. ഒരു ഉദാഹരണം കാണിക്കാം. 4-പേജിൽ ഇങ്ങനെ കാണുന്നു: “ഫോട്ടൺ എന്ന ശക്തിയേറിയ രശ്മിയുടെ ഗതിവേഗമാണു് ഗ്രഹങ്ങളെ സൂര്യനിൽനിന്നു് ഉന്തിത്തെറിപ്പിച്ചതെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു,” ഫോട്ടൺ എന്നതു രശ്മിയല്ല, അൾട്രാ-വയലറ്റ് രശ്മികളുടേയും മറ്റു രശ്മികളുടേയും ഏറ്റവും കുറഞ്ഞ ഒരു അളവു് (പാക്കേജ്) മാത്രമാണു്. ഈ ഫോട്ടോണു ക്വാണ്ടം എന്നും പേരുണ്ടു്. പ്രസ്തുത വാചകത്തിൽ ഫോട്ടോണു പകരം അൾട്രാ-വയലറ്റ് രശ്മി എന്നു ചേർക്കേണ്ടതായിരുന്നു.