
‘കാരൂർകഥകൾ’ (1-ാം ഭാഗം) എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രസിദ്ധീകരണം മുഖേന ഇന്നത്തെ ഭാഷാ ചെറുകഥാകാരന്മാരുടെ മുന്നണിയിൽ ഒരു പ്രത്യേകസ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ദേഹമാണു് പ്രകൃതഗ്രന്ഥത്തിന്റെ കർത്താവായ ശ്രീ. കാരൂർ നീലകണ്ഠപിള്ള. കോൺസെൻട്രേഷൻ (ഏറ്റവും ചുരുങ്ങിയ സ്ഥലത്തു് ഏറ്റവും അധികം കാര്യങ്ങൾ കൊള്ളിക്കുന്നതു്) ഡെപ്ത് (ധ്വന്യാത്മകത്വം), സാമുദായികസ്ഥിതിയുടെ മൂർത്തീകരണങ്ങളും, ഏഴകളുമായ പാത്രങ്ങളുടെ സൃഷ്ടിയിലുള്ള—അഥവാ, പരിതഃസ്ഥിതിക്കു മനുഷ്യജീവിതത്തിന്റെ ഗതിയിലുള്ള പിടി പ്രത്യക്ഷപ്പെടുത്തുന്നതിനുള്ള—അസാമാന്യമായ പാടവം, അചിന്തിതപൂർവ്വവും ദൈനംദിനജീവിതവ്രതവുമായ രംഗങ്ങളുടെ സൃഷ്ടിയിലുള്ള കുശലത, ഏഴജീവിതവുമായി തന്റെ കൃതികൾക്കുള്ള പ്രായേണ അനന്യസദൃശമായ താദാത്മ്യം, എന്നിവയാണു് പരാജയപ്രസ്ഥാനത്തിൽപ്പെട്ട ഈ സാഹിത്യകാരനു പ്രസ്തുത സ്ഥാനം നേടിക്കൊടുത്തിട്ടുള്ളതു്. ഏഴകളുടെ ജീവിതം മാത്രം ചിത്രീകരിച്ചിരുന്ന 19-ാം ശതാബ്ദത്തിലെ നോവലെഴുത്തുകാരൻ ജാർജ് ഗിസ്സിങ്ങ് എന്ന ഇംഗ്ലീഷുകാരന്റെ കൃതികളിൽ, സാമുദായികസ്ഥിതിയിലുള്ള തന്റെ താൽപര്യം (സോഷ്യൽ കണ്ടന്റ്) ആണു് പൊന്തിച്ചുനില്ക്കുന്നതെന്നും, വ്യക്തികളിലുള്ള താൽപര്യവും ഇവരെ ചിത്രീകരിക്കുന്നതിനുള്ള ഉദ്യമവും വളരെ കുറച്ചു മാത്രമേ കാണുന്നുള്ളു എന്നും, പ്രണയം വ്യക്തികളുടെ സാമുദായികമായ, അഥവാ, സാമ്പത്തികമായ, നിലയെ സാരമായി ബാധിക്കുമ്പോൾ മാത്രമേ തന്റെ കൃതികളിൽ അതിനു പ്രാധാന്യമുള്ളൂ എന്നും നിരൂപകർ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. പ്രായേണ ഇതുതന്നെയാണു് ഭാഷാചെറുകഥകളുടെ കൂട്ടത്തിൽ “കാരൂർ കഥകൾ”ക്കു് ഒരു പ്രത്യേകസ്ഥാനം നൽകുന്നതും. കാരൂരിന്റെ ഈ കഥാരചനാരീതിക്കു മകുടോദാഹരണങ്ങൾ ‘കാരൂർ കഥക’ളിലെ ‘ചെകുത്താൻ’, ‘അരഞ്ഞാണം’, ‘അന്നത്തെ കൂലി’ എന്നിവയും, പ്രസ്തുത സമാഹാരത്തിൽ പെടാത്ത ‘പൊതിച്ചോറു് ’ എന്നതുമാണുതാനും.

‘കാരൂർ കഥകളു’ടെ പിന്നിൽ അല്പം അകലെയായി മാത്രം നിൽക്കുന്ന ഒരു ചെറുകഥാസമാഹാരമാണു് പ്രകൃതഗ്രന്ഥം എന്നു സാമാന്യമായി പറയാം. ‘ഉതുപ്പാന്റെ കിണർ’, ‘ആനന്ദമഠം’, ‘അപഹരണം’, ‘മേൽവിലാസം’, ‘ഭൃത്യൻ’, ‘പശ്ചാത്താപം’, ‘അവളുടെ വിധി’, ‘കല്ലുവെട്ടാങ്കുഴി’, എന്നീ എട്ടു പരാജയപ്രസ്ഥാനകഥകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ കഥകളിൽ, ‘അപഹരണം’, ‘മേൽവിലാസം’ എന്നിവയിൽ റൊമാന്റിക് സാങ്കേതികമാർഗ്ഗവും ശേഷിപ്പുണ്ടു്. ‘ഉതുപ്പാന്റെ കിണർ’, ‘മേൽവിലാസം’ എന്നീ ശ്രേഷ്ഠകഥകളും, ‘ആനന്ദമഠം’, ‘അപഹരണം’, ‘കല്ലുവെട്ടാങ്കുഴി’ എന്നിവ വെറും സാധാരണ കഥകളും, ശേഷിച്ചവ നല്ല കഥകളുമാണു്.
ക്യാരക്ടർ സൃഷ്ടിയിൽ കാരൂർ പ്രത്യേകമായ ശ്രദ്ധ പതിപ്പിച്ചിട്ടുള്ള ഒരു കഥയാണു് ‘ഉതുപ്പാന്റെ കിണർ’. ഇതിൽ അദ്ദേഹം സമ്പൂർണ്ണമായി വിജയിച്ചിട്ടുണ്ടു്. ദൈനംദിന ജീവിതത്തിൽ സാധാരണയായിട്ടില്ലെങ്കിലും അപൂർവ്വമായി ചിലപ്പോൾ നമുക്കു കണ്ടുമുട്ടുവാൻ സാധിക്കുന്ന ഒരു മനുഷ്യനാണു് ഇതിലെ നായകനായ ഉതുപ്പാൻ. സൈക്കോളജി കാരൂരിന്റെ കൃതികളിൽ കാണുന്നതല്ല. ഇതിനായി അദ്ദേഹം യത്നിച്ചിട്ടുമില്ല.

കഥയെഴുത്തിൽ കാരൂരിനെ പരാജയത്തിന്റെ വക്കത്തു കൊണ്ടുവന്നിട്ടുള്ള ഒരു കഥയാണു് കറുത്ത ആടുകളായ മഠാധിപതികളെ ആക്ഷേപിച്ചിട്ടുള്ള ‘ആനന്ദമഠം’. ഒരു കാര്യത്തിന്റെ മർമ്മം കണ്ടുപിടിക്കുവാനുപകരിക്കുന്ന അതിസൂക്ഷ്മനിരീക്ഷണത്തിന്റേയോ, സ്വയാനുഭവത്തിന്റേയോ, ശ്രേഷ്ഠമായ ഭാവനയുടെയോ ഫലമല്ലായ്കയാലും, ഫലിതവാസനയില്ലാതെ ആക്ഷേപഹാസ്യ (സറ്റയറിക്കൽ) കഥാരചനയ്ക്കു തുനിഞ്ഞതിനാലും ഇതു പ്രായേണ ഒരു കാരിക്കേച്ചറായി (പരാജയപ്പെട്ട ഹാസ്യകഥയായി) കലാശിച്ചിരിക്കുന്നു. മഠാധിപതികളുടെയും പുരോഹിതരുടേയും വർഗ്ഗങ്ങളിലുള്ള കറുത്ത ആടുകളുടെ വിക്രിയകളെ ആസ്പദിച്ചുള്ള ആക്ഷേപഹാസ്യകഥകളിൽ സമ്പൂർണ്ണമായി വിജയിച്ചിട്ടുള്ള ഏക ഭാഷാചെറുകഥാകാരൻ ശ്രീ. പൊൻകുന്നം വർക്കി മാത്രമാണു്. ‘നോൺസെൻസ്’, ‘കുറ്റസമ്മതം’ മുതലായ കഥകളിലൂടെയാണു് ശ്രീ. വർക്കി ഈ വിജയം നേടിയിട്ടുള്ളതു്. കാര്യത്തിന്റെ മർമ്മം കണ്ടുപിടിക്കുന്നതിനുള്ള കെല്പു്, മിതമായ അതിശയോക്തി, ഫലിതം, സാരള ്യം എന്നിവ ഒരു ആക്ഷേപഹാസ്യകഥയുടെ സമ്പൂർണ്ണമായ വിജയത്തിനു കൂടിയേ മതിയാവൂ. ഹ്യൂമർ (സാത്വികഹാസം) ഇതിനു് അപരിത്യാജമല്ലതാനും.

‘ആനന്ദമഠ’ത്തിൽ, മഠാധിപതികൾ (മഹാകവി കെടാമംഗലത്തിന്റെ ശൈലിയിൽ) എട്ടു കൈകൾകൊണ്ടും സമുദായത്തിന്റെ രക്തം ഊറ്റിക്കുടിക്കുന്ന കിനാവള്ളികളാണെന്നുള്ള കാര്യമർമ്മത്തെ പൊന്തിച്ചു കാണിക്കാതെ അവരുടെ നിസ്സാരക്കുറവായ വിഷയാസക്തിയെ പൊന്തിച്ചുകാണിച്ചിരിക്കുന്നു. അവരും മനുഷ്യരായതിനാൽ, അവരുടെ പെൺവേട്ട ഒരു ക്ഷന്തവ്യമായ കുറവാണു്. കയറോവിലെ മുസ്ലീംഷെയിക്കുകളെപ്പറ്റി നെപ്പോളിയൻ ബോണപ്പാർട്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ടു്. “മറ്റു പുരോഹിതരെപ്പോലെ ഷെയിക്കുകളും സ്വയം മതഭ്രാന്തരാകാതെ അന്യരിൽ മതഭ്രാന്തു് കുത്തിവയ്ക്കുന്നു”. ഇതും കറുത്ത ആടുകളായ പുരോഹിതന്മാരെയും മഠാധിപതികളെയും പറ്റിയുള്ള മർമ്മസ്പൃക്കായ ഒരു ആക്ഷേപമാണു്. ഇതിനെയും കാരൂർ പൊന്തിച്ചു കാണിച്ചിട്ടില്ല. പിന്നെയും അജിതാനന്ദസ്വാമിയെക്കൊണ്ടു് ശിഷ്യരെ ‘പതിമൂക്കൻ’, ‘ഒറ്റ മുലച്ചി’, ‘അളിഞ്ചക്കണ്ണി’, ‘പട്ടി’ എന്നിത്യാദി പേരുകൾ കാരൂർ വിളിപ്പിച്ചിരിക്കുന്നു. ‘അടിയൻ’ എന്ന ഉപചാരപദത്തോടുകൂടിയാണു് ശിഷ്യർ ഈ വിളികൾ കേൾക്കുന്നതും ഉത്തമമായ ഒരു ആക്ഷേപഹാസ്യകഥയ്ക്കു വേണ്ടതായ മിതമായ അതിശയോക്തിക്കപ്പുറം ഇതിലൂടെ കാരൂർ കടന്നിരിക്കുന്നു. ഫലിതവും കാരൂരിനില്ല.

താൻ അപൂർവ്വമായി മാത്രം പ്രയോഗിക്കാറുള്ള റൊമാന്റിക് സാങ്കേതികമാർഗ്ഗത്തിൽ മനസ്സുവെച്ചാൽ തനിക്കു് അതിൽ വിജയം നേടാൻ കഴിയും എന്നു കാരൂർ കാണിച്ചിട്ടുള്ള ശ്രേഷ്ഠമായ ഒരു കഥയാണു് പ്രകൃതഗ്രന്ഥത്തിനു് അതിന്റെ തലക്കെട്ടു് നൽകിയിട്ടുള്ള ‘മേൽവിലാസം’. ഏറിയകൂറും ധ്വനികൊണ്ടാണു് കാരൂരിനു് ഇതിൽ സമ്പൂർണ്ണവിജയം സിദ്ധിച്ചിട്ടുള്ളതു്. ‘മേൽവിലാസം’ ഉണ്ടായിട്ടും, കാരൂർ റൊമാന്റിക് സാങ്കേതികമാർഗ്ഗപ്രയോഗത്തിൽ സാധാരണയായി വിജയിക്കുമോ എന്നു ഞാൻ സംശയിക്കുന്നു. ‘മേൽവിലാസ’ത്തിന്റെ വിജയം അതു സ്വയാനുഭവത്തിൽനിന്നു ജനിച്ചതായതു കൊണ്ടാണുണ്ടായിട്ടുള്ളതെന്നു് വന്നേയ്ക്കാം. ഏതു മനുഷ്യനും തന്റെ ജീവിതത്തിൽനിന്നു റൊമാന്റിക് സാങ്കേതികമാർഗ്ഗം പ്രയോഗിച്ചിട്ടുള്ള ഒരു കഥയെങ്കിലും എഴുതുവാനുള്ള വക കിട്ടാതിരിക്കുന്നതല്ല. ഈ മാർഗ്ഗം പ്രയോഗിച്ചിട്ടുള്ള കഥകൾ തുടരെ വിജയപൂർവ്വം എഴുതിക്കൊണ്ടിരിക്കണമെങ്കിൽ, അതിയായ ഭാവനയോ, അനേകം റൊമാൻസാന്തകങ്ങളായ സ്വയാനുഭവങ്ങളോ കൂടിയേ മതിയാവൂ. സ്വയാനുഭവങ്ങൾക്കു് കാവ്യത്തിലുള്ള പ്രാധാന്യത്തെപ്പറ്റി സുപ്രസിദ്ധ നാടകകർത്താവായ ഇബ്സൻ പറഞ്ഞിട്ടുള്ളതു നോക്കുക: “ഒരു മനുഷ്യൻ തന്റെ കലാസൃഷ്ടിയിൽ തുടർന്നുകൊണ്ടുപോകണമെങ്കിൽ, ജന്മനാൽ തനിക്കു സിദ്ധിച്ചിട്ടുള്ള പ്രതിഭയ്ക്കു് പുറമേയുള്ള മറ്റു ചില കാര്യങ്ങളും കൂടി ഉണ്ടായിരിക്കേണ്ടതാണു്. തീവ്രവികാരാനുഭവങ്ങൾ, സങ്കടങ്ങൾ എന്നിവ അയാളുടെ ജീവിതത്തിൽ നിറഞ്ഞു് അതിനു ഒരു ലാക്കു നിർദ്ദേശിച്ചേ മതിയാവൂ. ഇതില്ലെങ്കിൽ അയാൾക്കു് സൃഷ്ടിക്കുവാനുള്ള ശക്തി കിട്ടാതെ പുസ്തകമെഴുതുവാനുള്ള കെല്പുമാത്രമേ ലഭിക്കുകയുള്ളു.” കാരൂരിനു് റൊമാന്റിക് സാങ്കേതികമാർഗ്ഗപ്രയോഗത്തിൽ സ്ഥായിയായ വിജയം നേടണമെന്നുംകൂടി വിചാരമുണ്ടെങ്കിൽ, അദ്ദേഹത്തിനു് പുതിയ റൊമാൻസാന്തകങ്ങളായ അനുഭവങ്ങൾ തേടിപ്പോകേണ്ടതായി വരുമെന്നു് എനിക്കു തോന്നുന്നു.

ഭാഷാചെറുകഥാകാരൻ സാധാരണയായി പ്രത്യേക ശ്രദ്ധപതിപ്പിക്കാറില്ലാത്ത ഗൃഹഭൃത്യജീവിതവർഗ്ഗത്തിൽ ‘ഭൃത്യൻ’ എന്ന കഥ മുഖേന കാരൂർ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. എയിഡഡ് സ്ക്കൂൾ അദ്ധ്യാപകന്മാർക്കു് തുല്യം നാരകീയജീവിതം നയിച്ചുവരുന്ന ഒരു സാമ്പത്തികവർഗ്ഗമാണു് കേരളത്തിലെ ഗൃഹഭൃത്യവർഗ്ഗം. ഇവരുടെ ജീവിതത്തെ കേരളത്തിലെ അങ്ങുന്നന്മാരും, കൊച്ചമ്മമാരും നാരകീയമാക്കുന്നതിനെ നല്ലപോലെ ചിത്രീകരിക്കുവാൻ കാരൂരിനു് ഈ കഥയിൽ സാധിച്ചിട്ടുണ്ടു്. ഇവിടത്തെ പോലീസുകാരുടെ മൃഗീയമായ ജീവിതത്തെ ഉജ്ജ്വലമായും സത്യമായും ‘പശ്ചാത്താപം’ എന്ന കഥയിൽ കാരൂർ ചിത്രീകരിച്ചിരിക്കുന്നു.

കാരൂരിന്റെ പരമമായ വിഷാദാത്മകത്വത്തിനു് ഒരു നല്ല ഉദാഹരണമാണു് ‘അവളുടെ വിധി’ എന്ന കഥ. ‘കാരൂർ കഥകളി’ലെ ‘ഓണക്കാഴ്ച’യും, പ്രസ്തുത രണ്ടു സമാഹാരങ്ങളിലുംപെടാത്ത ‘അതിഥി’ എന്ന കഥയും ഈ വിഷാത്മകത്വത്തെ ‘അവളുടെ വിധി’പോലെ നല്ലവണ്ണം ഉദാഹരിക്കുന്നുണ്ടു്. ഈ കഥകൾ വായിക്കുന്നതായാൽ, കുറെ ദിവസങ്ങൾ കഴിഞ്ഞു മാത്രമേ വായനക്കാരന്റെ മനസ്സിനു് ഇവ കുത്തിവയ്ക്കുന്ന വിഷാദാത്മകത്വത്തിൽനിന്നു് മോചനം ലഭിക്കുകയുള്ളൂ. ആസന്നമായ ഒരു സാമുദായികവിപ്ലവത്തിന്റെ മുന്നോടിയാണു് ഈ പരമമായ വിഷാദാത്മകത്വമെന്നു് ആധുനികചരിത്രം സ്ഥാപിക്കുന്നുണ്ടു്. അതിനാൽ മുതലാളിത്തത്തെ പിന്താങ്ങുന്നതും മുതലാളികളോടുകൂടി നാശമടയുന്നവരുമായിരിക്കും ഈ വിഷാദാത്മകത്വത്തെ ആക്ഷേപിക്കുന്നവർ. ശ്രീ. തകഴിയുടെ കഥകളും ഇത്തരം വിഷാദാത്മകത്വം നമ്മിൽ ജനിപ്പിക്കുന്നതാണു്. ഈ സംഗതിയിൽ കാരൂരിനെയും തകഴിയേയും സുപ്രസിദ്ധ നോവലെഴുത്തുകാരായ പിയോ ബരോജ എന്ന സ്പെയിൻകാരനോടും, ഹെന്റിക് പോണ്ടോപ്പിഡൻ എന്ന ഡെയിനിനോടും സാദൃശ്യപ്പെടുത്താവുന്നതാണു്. 1857-ൽ ജനിച്ച ഡെന്മാർക്കുകാരൻ പോണ്ടിപ്പിഡൻ 1917-ലെ നോബൽസമ്മാനം നേടിയ ഒരു ദേഹമാണു്. റൊമാങ് റൊള്ളാങ്ങി ന്റെ “ജാൺക്രിസ്തൊഫർ ” എന്ന നോവലിന്റെ ആവിർഭാവത്തോടുകൂടി പാശ്ചാത്യസാഹിത്യലോകത്തിൽ പഴയതരം പരാജയസ്ഥാനം ക്ഷയിച്ചുതുടങ്ങിയെന്നുള്ള സാധാരണയായ നിരൂപകമതത്തെ വെല്ലുവിളിക്കുവാനായി ചില സൂക്ഷ്മദൃക്കുകളായ നിരൂപകർ ചൂണ്ടിക്കാണിച്ചിട്ടുള്ള ‘പ്രതിജ്ഞചെയ്ത നാടു്’, ‘ഭാഗ്യവാനായ പീറ്റർ’, ‘മൃതരുടെ രാജ്യം’ എന്ന മൂന്നു സുപ്രസിദ്ധ നോവലുകളും, അനവധി ചെറുകഥകളും പോണ്ടോപ്പിഡൻ രചിച്ചിട്ടുണ്ടൂ്. പ്രതിപാദ്യത്തിൽ നിന്നുള്ള പോണ്ടോപ്പിഡന്റെ അകൽച്ച തകഴിക്കാണുള്ളതു്. കാരൂരിനു് ഈ നിർവ്വികാരനായ സമുദായശാസ്ത്രജ്ഞന്റെ വീക്ഷണകോടിയില്ല. തകഴിയുടെ കഥകളിലെ സോഷ്യൽ കണ്ടന്റിന്റെ കുറവും കാരൂരിന്റെ കഥകളിലെ അതിന്റെ തികവും നിമിത്തം വിഷാദാത്മകത്വസംദായകത്വത്തിൽ കാരൂരിനു് തകഴിയെക്കാൾ ശക്തിയേറിയിരിക്കുന്നു. പോണ്ടോപ്പിഡന്റെ കൃതികളിലും സോഷ്യൽ കണ്ടന്റിന്റെ തികവു കാണാമെന്നുംകൂടി പറഞ്ഞുകൊള്ളട്ടെ.
കാരൂരിന്റെ ഭാഷാരീതി പ്രസന്നമാണു്. ചെറുവാചകങ്ങളോടാണു് അദ്ദേഹത്തിനിഷ്ടം. ഇതു് ഒരു കുറവാണെന്നു ഞാൻ വിചാരിക്കുന്നില്ല.
ഗ്രന്ഥകർത്താ: കാരൂർ നീലകണ്ഠപിള്ള
പ്രസാധകർ: നേഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം
വില 1 ക. 4 ണ. മംഗളോദയം, കുംഭം 1121.
(കാരൂർ നീലകണ്ഠപിള്ളയുടെ ചെറുകഥാസമാഹാരത്തിനു് കേസരി ബാലകൃഷ്ണപിള്ള എഴുതിയ നിരൂപണം.)