‘രണ്ടുകേരളങ്ങൾ’ എന്ന ലേഖനത്തിൽ, കേരളത്തിൽ ആര്യപരിഷ്കാരം സ്ഥാപിച്ചവർ കലിംഗത്തിന്റെ ഉത്തരഭാഗമായ ഒഡ്റയിൽ അഥവാ, ഉൽക്കലത്തു (ഇന്നത്തെ ഒറീസ്സയുടെ തെക്കൻഭാഗങ്ങൾ) നിന്നു വന്നവരാണെന്നു ഹേമചന്ദ്രസൂരി യുടെ വാക്കുകളെയും, മൈസൂരിലെ പശ്ചിമഗംഗ രാജവംശത്തെപ്പറ്റിയുള്ള ഐതിഹ്യങ്ങളെയും മറ്റും ആസ്പദിച്ചു് ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിരുന്നല്ലോ. ഈ അഭിപ്രായത്തെ ഇന്നത്തെ നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങളും പിന്താങ്ങുന്നുണ്ടു്. 1901-ൽത്തന്നെ ഫാസ്റ്റ് എന്ന നരവംശശാസ്ത്രജ്ഞൻ കേരളത്തിലെ നായന്മാർക്കും ഗഞ്ചാം ജില്ലയിലെ ഗുംസൂർത്താലുക്കിലെ (അതായതു്, പണ്ടത്തെ ഒഡ്റദേശത്തെ), ഇറിയാ വർഗക്കാർക്കും തമ്മിലുള്ള രൂപസാദൃശ്യം ചൂണ്ടിക്കാണിച്ചിരിക്കുന്നു. 1937-ൽ ഹൈദരാബാദിൽ കൂടിയ സയൻസ് സമ്മേളനത്തിൽവച്ചു് ഇന്നത്തെ ഭാരതീയ നരവംശ ശാസ്ത്രജ്ഞന്മാരുടെ മുന്നണിയിൽ നിൽക്കുന്ന ഡോക്ടർ ഗുഹ, ഇന്നത്തെ കേരളീയർക്കും ആന്ധ്രപ്രദേശത്തെയും ഒറിസ്സയുടെ ദക്ഷിണഭാഗങ്ങളിലെയും ഇന്നത്തെ നിവാസികൾക്കും തമ്മിലുള്ള രൂപസാദൃശ്യം ശാസ്ത്രീയമായി സ്ഥാപിക്കുകയുണ്ടായി. ഭാരതത്തിലെ ആദിമ നിവാസികളായ ആസ്ത്രീക് (അതായതു് പൂർവദ്രാവിഡ) നരവംശത്തെയും, പൂർവോത്തര ഇന്ത്യയിലെ മംഗോളിയൻ നരവർഗത്തെയും ഒഴിച്ചിട്ടു് അദ്ദേഹം ഇന്നത്തെ ഭാരതീയരെ നാലായി തരം തിരിച്ചു; 1. വടക്കുപടിഞ്ഞാറൻ ഇന്ത്യ, പഞ്ചാബ്, രാജപുട്ടാണയുടെ ഉത്തരഭാഗങ്ങൾ, യു പി-യുടെ പശ്ചിമഭാഗങ്ങൾ എന്നീ പ്രദേശങ്ങളിൽ നിവസിക്കുന്നവർ. 2. ബംഗാൾ, ഒറീസ്സയുടെ ഉത്തരഭാഗങ്ങൾ, ഗുജറാത്തു തുടങ്ങി മൈസൂരുൾപ്പെടെയുള്ള പശ്ചിമേന്ത്യ, തമിഴ് പ്രദേശങ്ങൾ എന്നിവയിൽ നിവസിക്കുന്നവർ. 3. ഈ രണ്ടു നരവംശക്കാരുടെയും കലർപ്പുകൊണ്ടുണ്ടായിട്ടുള്ളവരും യു പി-യുടെ കിഴക്കൻഭാഗം, മധ്യ ഇന്ത്യ, ബീഹാർ എന്നീ പ്രദേശങ്ങളിൽ നിവസിക്കുന്നവരും. 4. കേരളം, ആന്ധ്രദേശം, ഒറീസ്സയുടെ തെക്കൻഭാഗം എന്നീ ദേശങ്ങളിൽ നിവസിക്കുന്നവർ. ഈ സംഗതികൾക്കു പുറമേ, കേരളത്തിന്റെ മിക്കഭാഗങ്ങളേയും പണ്ടു ഭരിച്ചുവന്നിരുന്ന ഒരു പ്രാചീന രാജവംശമായ മൂഷികവംശത്തിന്റെ ഉത്ഭവം ആന്ധ്രദേശത്താണെന്നു് കാണിച്ചു് കേരളീയരുടെ ഉത്ഭവസ്ഥാനത്തെപ്പറ്റിയുള്ള ഈ ലേഖകന്റെ പ്രസ്തുതാഭിപ്രായത്തെ സ്ഥാപിക്കുവാനും, പ്രസംഗവശാൽ അന്ധകാരത്തിൽ ആണ്ടുകിടക്കുന്ന പ്രാചീന കേരളചരിത്രത്തിൽ അല്പം മങ്ങിയ പ്രകാശം പൊഴിക്കുവാനുമാണു് ഇവിടെ ഉദ്യമിക്കുന്നതു്.
ദക്ഷിണഭാരതത്തിൽ പണ്ടുണ്ടായിരുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ പ്രാച്യമൂഷികം, മൂഷികം, ബാലമൂഷികം എന്ന മൂന്നു രാജ്യങ്ങളെ കുടി പത്മപുരാണം ഉൾപ്പെടുത്തിയിരിക്കുന്നു. എ. ഡി. നാലാം ശതാബ്ദത്തിനും അഞ്ചിനും ഇടയ്ക്കു പത്മപുരാണത്തിലെ ഭൂരിഭാഗവും രചിച്ചു എന്നാണു് പലപണ്ഡിതന്മാരുടെയും അഭിപ്രായം. അതിനാൽ എ. ഡി. 300 മുതൽക്കു 400 വരെയുള്ള കാലത്തിനു മുമ്പുതന്നെ ദക്ഷിണ-ഇന്ത്യയിൽ പ്രസ്തുത മൂന്നു മൂഷിക രാജ്യങ്ങളും ഉണ്ടായിരുന്നു എന്നനുമാനിക്കാം. ഭരതനാട്യശാസ്ത്രത്തിൽ നിന്നു മൂഷികം കലിംഗത്തിൽ ഉൾപ്പെട്ടിരുന്നു എന്നു മനസ്സിലാക്കാം. ഭരതനാട്യ ശാസ്ത്രത്തിന്റെ കാലം ബി. സി. 100-നും എ. ഡി. 200-നും ഇടയ്ക്കാണെന്നു മി. മനോമോഹൻഘോഷ് സ്ഥാപിച്ചിട്ടുണ്ടു്. പ്രാചീനശിലാശാസനങ്ങൾ പരിശോധിക്കുന്നതായാൽ, കലിംഗരാജാവായ ഖരവേലന്റെ ഹത്ഥിഗുംഫ ലേഖനത്തിലും, പശ്ചിമ ചാലൂക്യരാജാവായ മംഗളീശന്റെ മഹാകൂടസ്തംഭ ലേഖനത്തിലും മൂഷികരാജ്യത്തെ ആക്രമിച്ചു് അതിലെ ഒരു പട്ടണമായ പിഥുണ്ഡ്രയെ നശിപ്പിച്ചു എന്നു പ്രസ്താവിച്ചിരിക്കുന്നു. മഹാകൂടലേഖനത്തിൽ, മംഗളീശന്റെ ജ്യേഷ്ഠനും ചാലൂക്യചക്രവർത്തിയുമായ കീർത്തിവർമൻ തോൽപ്പിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ മൂഷികത്തെയും ഉൾപ്പെടുത്തിയിട്ടുണ്ടു്. കീർത്തിവർമന്റെ കാലം എ. ഡി. 567 മുതൽക്കു് 591 വരെയാണു്. ഖാരവേലന്റെ ലേഖനത്തിലും ഭരതനാട്യശാസ്ത്രത്തിലും പ്രസ്താവിച്ചിരിക്കുന്ന മൂഷികം കൃഷ്ണാനദിയുടെ ഇരുകരകളിലുമായി ഇന്നത്തെ കൃഷ്ണ, ഗുണ്ടൂർ എന്നീ ജില്ലകളിൽ പണ്ടു സ്ഥിതിചെയ്തിരുന്ന പ്രാച്യമൂഷികവും, മഹാകൂടലേഖനത്തിൽ പ്രസ്താവിച്ചിട്ടുള്ള മൂഷികം കേരളോൽപ്പത്തിയിലും മൂഷികവംശകാവ്യങ്ങളിലും പ്രസ്താവിച്ചിരിക്കുന്നതും കാസർഗോഡു താലൂക്കിലെ ചന്ദ്രഗിരിപ്പുഴയ്ക്കും കുറുമ്പ്രനാടു താലൂക്കിലെ കോട്ടപ്പുഴയ്ക്കും ഇടയ്ക്കു സ്ഥിതിചെയ്തിരുന്നതുമായ മൂഷികവുമാണു്. കേരളോൽപ്പത്തിയുടെ ഒരു പാഠത്തിൽ ദക്ഷിണകേരളത്തിൽ സ്ഥിതിചെയ്തിരുന്നതായി പറഞ്ഞിട്ടുള്ളതും, ദക്ഷിണതിരുവിതാംകൂറും മധ്യതിരുവിതാംകൂറും ഉൾപ്പെട്ടിരുന്നതുമായ ഒരു രാജ്യമാണു് ബാലമൂഷികം.
ഈ മൂന്നു മൂഷികരാജ്യങ്ങളെയും പറ്റി പ്രതിപാദിക്കുന്നതിനു മുമ്പു മൂഷികം എന്ന പേരിന്റെ ഉൽഭവത്തെക്കുറിച്ചു് ചില സംഗതികൾ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. മുകളിൽ പ്രസ്താവിച്ച ദക്ഷിണഭാരതത്തിലെ മൂന്നു മൂഷികങ്ങൾക്കു പുറമെ ഉത്തര-ഇന്ത്യയിൽ സിന്ധിന്റെ ഉത്തരഭാഗത്തായി നാലാമതൊരു മൂഷികവും കൂടി ഉണ്ടായിരുന്നു. വാമനപുരാണം മുതലായ ചില പുരാണങ്ങളും, അലക്സാണ്ടർ മഹാൻ ഭാരതത്തെ ആക്രമിച്ചതിനെപ്പറ്റി എഴുതിയിട്ടുള്ള പ്രാചീനയവന ചരിത്രകാരന്മാരും പ്രസ്താവിച്ചിട്ടുള്ള ഈ ഉത്തരമൂഷികത്തിനു് ആ പേരു ലഭിച്ചതു് ഒരു ശകവർഗ്ഗമാകുന്ന മശകരിൽ അഥവാ, മെസ്സാഗെറ്റേയിൽ നിന്നാകുന്നു. പരശുരാമനോടു പടവെട്ടി മരിച്ച ഒരു ക്ഷത്രിയരാജാവിന്റെ ഗർഭിണിയായ പത്നി ഏഴിമലയിലുള്ള ഗുഹകളിലൊന്നിൽ അഭയം പ്രാപിച്ചു എന്നും, അപ്പോൾ കുശികമുനിയുടെ ശാപത്താൽ ഒരു മൂഷികനായി ഭവിച്ചിരുന്ന ഏഴിമലയുടെ ദേവത ഒരു ഭീമകായനായ എലിയുടെ വേഷത്തിൽ ആ ഗുഹയിൽ പ്രവേശിച്ചു് ആ രാജ്ഞിയെ ഭക്ഷിക്കുവാൻ ഭാവിച്ചു എന്നും, ആ സതി അതിനെ ഭസ്മീകരിച്ചു എന്നും, ഈ രാജ്ഞി പ്രസവിച്ച പുത്രനെ രാമഘടമൂഷകനെന്ന നാമത്തിൽ പരശുരാമൻ പിന്നീടു് ഏഴിമലയ്ക്കു ചുറ്റുമുള്ള പ്രദേശത്തിന്റെ രാജാവായി വാഴിച്ചു എന്നും, മൂഷികവംശസ്ഥാപകനായ ഈ രാജാവിന്റെ പേരിൽ നിന്നാണു് മൂഷികം എന്ന നാമം ജനിച്ചതെന്നും, കോലത്തുനാട്ടുള്ള മൂഷികരാജ്യത്തിന്റെ പേരിന്റെ ഉത്ഭവത്തെപ്പറ്റി മൂഷികവംശകാവ്യത്തിന്റെ കർത്താവു പ്രസ്താവിച്ചിരിക്കുന്നു. ഇതു കവിയുടെ ഒരു വെറും സങ്കൽപ്പം മാത്രമാണു്. വാസ്തവത്തിൽ മൂഷികം എന്ന വംശനാമത്തിനു് എലിയുമായോ ഏഴിമലയുമായോ യാതൊരു ബന്ധവുമില്ല. എലിയൂരു് എന്നു് ഏഴിമലയ്ക്കു മധ്യകാലങ്ങളിൽ ലഭിച്ചിട്ടുള്ള പേർ മൂഷികവംശം അവിടെ ഭരിച്ചിരുന്നതിൽ നിന്നു പിൽക്കാലത്തെ ജനങ്ങൾ സൃഷ്ടിച്ചിട്ടുള്ളതാണു്. ഏഴിമലയുടെ പേരിനു് ആദ്യകാലത്തു് എലിയുമായി യാതൊരു ബന്ധവുമില്ലെന്നും, അതിന്റെ ശരിയായ രൂപം ഏഴിമല, അഥവാ ഏഴുമലയാണെന്നും വിചാരിക്കുവാൻ കാരണങ്ങളുണ്ടു്. തമിഴ് സംഘകാവ്യമായ പതിറ്റിപ്പത്തിൽ ചേരരാജാവായ ചെങ്കുട്ടുവനെ ‘ഏഴുമുടിമാർപിൻ എയ്ക്കിയ ചേരൽ’ എന്നു വർണ്ണിച്ചിരിക്കുന്നതും, സംഘകാവ്യങ്ങൾ ചേരരാജാക്കന്മാർക്കു എഴിനി എന്ന ബിരുദം നൽകിയിരിക്കുന്നതും, അവർ എഴുമലയുടെ, അഥവാ ഏഴിമലയുടെ നാഥന്മാരുംകൂടി ആയിരുന്നതുകൊണ്ടാണു്. ഇതിൽ നിന്നു് ചേരരാജവംശത്തിന്റെ പേരാണു് മൂഷികവംശം എന്നും അനുമാനിക്കാം. മൂഷികവംശകാവ്യത്തിൽ പറഞ്ഞിട്ടുള്ള കേരളരാജവംശം, മൂഷിക അഥവാ ചേരരാജവംശത്തിലെ സ്ത്രീകളെ പതിവായി കല്യാണം കഴിക്കാറുള്ളവരും ചേരരാജാക്കന്മാരുടെ സാമന്തന്മാരുമായ ഒരു ക്ഷത്രവംശമാണെന്നാണു് ഈ ലേഖകന്റെ അഭിപ്രായം. അശോകന്റെ ശിലാശാസന ങ്ങളിലും ടോളമി യുടെ ഭൂമിശാസ്ത്രത്തിലും ചേരരാജാക്കന്മാർക്കു കേരളപുത്രന്മാർ എന്നു പേരു കൊടുത്തിട്ടുള്ളതു്, അവർ ഈ കേരളരാജാക്കന്മാരുടെ പുത്രരായതുകൊണ്ടാണു്. പിൽക്കാലത്തു മൂഷികരാജാക്കന്മാരിൽ നിന്നു കോലത്തിരിവംശം ജനിച്ചതിനു ശേഷം, കോലത്തിരിമാർ ഭരിച്ചിരുന്ന പ്രദേശത്തിനു് ഒരു സങ്കുചിതമായ അർഥത്തിൽ കേരളമെന്ന നാമം ലഭിക്കുകയുണ്ടായി. ഇതു നിമിത്തമാണു് കേരളോൽപ്പത്തിയിൽ പണ്ടു മൂഷികം എന്നു പേരുണ്ടായിരുന്ന കോലത്തുനാട്ടിനു് ആര്യപ്പെരുമാളിന്റെ കാലം മുതൽക്കു കേരളം എന്ന പേരു കിട്ടി എന്നു പറഞ്ഞിരിക്കുന്നതും. തമിഴ് സംഘകാവ്യങ്ങൾ കോലത്തുനാട്ടുള്ള പെരിഞ്ചെല്ലൂരിനു് ചെല്ലൂർ എന്ന പേർ നൽകിയിരുന്നു. ഈ ചെല്ലൂരിൽ പരശുരാമൻ യാഗം കഴിച്ചിട്ടുണ്ടെന്നും, അവിടെ ആതൻ എഴിനി എന്നൊരു രാജാവു് ഉണ്ടായിരുന്നു എന്നും അകനാനൂറു പറയുന്നുണ്ടു്. ചേരവംശത്തിലെ, അഥവാ, മൂഷികവംശത്തിലെ ഒരംഗമായിരുന്നിരിക്കണം ഈ എഴിനി ആതൻ. കോലത്തിരിമാരുടെ ആദ്യത്തെ രാജധാനി പെരിഞ്ചല്ലൂർ (കരിപ്പത്തു) ആയിരുന്നു എന്ന സംഗതിയും ഇവിടെ സ്മരണീയമാണു്.
എഴിനി, അതായതു് ഏഴിമലയുടെ നാഥൻ എന്ന സ്ഥാനപ്പേർ മൂഷിക രാജാക്കന്മാർ സദാ വഹിച്ചിരുന്നു എങ്കിലും, ഏഴിമല എല്ലായ്പോഴും അവരുടെ കൈവശം ഇരുന്നിരുന്നില്ല. തമിഴ് സംഘത്തിന്റെ പ്രാരംഭകാലത്തു് ഏഴിമല, നന്നൻ എന്നും മുവൻ എന്നും സംഘകാവ്യങ്ങളും, പശ്ചിമോത്തര മൈസൂരിലെ ശാന്തരവംശമെന്നും, തുളുനാട്ടിലെ ആളുവംശമെന്നും ചരിത്രകാരന്മാരും പേരിട്ടിട്ടുള്ള ഒരു രാജവംശത്തിലെ രാജാക്കന്മാർ മൂഷികരാജാക്കന്മാരിൽ നിന്നു പിടിച്ചടക്കുകയുണ്ടായി. ഇതു നിമിത്തമാണു് സംഘകാവ്യങ്ങളിൽ വച്ചു ഏറ്റവും പ്രാചീനമായവയിൽ ഏഴിൽകുന്റം, അതായതു് ഏഴിമല നന്നന്റെ വകയാണെന്നു പറഞ്ഞിട്ടുള്ളതു്. ഏഴിൽകുന്റം എന്ന ചെന്തമിഴ് പദത്തിന്റെ അർഥം ഏഴു് ഇല്ലങ്ങളുള്ള കുന്നു് എന്നോ അഥവാ, ഏഴു് ഇല്ലങ്ങളുടെ വകയായ കുന്നു് എന്നോ ആണു്. യാദവവംശജരും, ജൈനമതാനുസാരികളുമായ ഈ ആളുവരാജാക്കന്മാർ മരുമക്കത്തായം സ്വീകരിച്ചിരുന്നതിനാലാണു് അവർക്കു് ‘മുവൻ’ എന്ന പേരു കിട്ടിയതു്. മുവൻ അഥവാ അമ്മുവൻ എന്നു വിളിച്ചുവരുന്നതും ഇവിടെ സ്മരണീയമത്രെ. ഏഴിമലയുടെ സമീപത്തുള്ള പ്രദേശങ്ങൾ എ. ഡി. ഏഴാം ശതാബ്ദത്തിന്റെ അന്ത്യകാലത്തു് ആളുവരാജാക്കന്മാരുടെ കൈവശമായിരുന്നു എന്നു കാണിക്കുന്ന ഒരു പ്രാചീനശിലാലേഖനമുണ്ടു്. മൈസൂരിലെ ശൃംഗേരിക്കടുത്തുള്ള കൊപ്പം താലൂക്കിലെ കിഗ്നാഗ്രാമത്തിലെ ശൃംഗേശ്വരക്ഷേത്രത്തിലുള്ള ഈ കർണാടകലേഖനം തുടങ്ങുന്നതു ചുവടെ ചേർക്കുന്ന പ്രകാരമാണു്: “സ്വസ്തി ശ്രിമച്ഛിത്ര വാഹന പൊംബുച്ചാളെ കിള്ളം നാഗെണ്ണൻ അധികാരികൾ ആഗെ” ഇതിന്റെ അർഥം, ചിത്രവാഹനനെന്ന ആളുവ രാജാവു് തലസ്ഥാനമായ മൈസൂരിലുള്ള പൊംബുച്ചുയിലും, അദ്ദേഹത്തിന്റെ കീഴിൽ കിള്ളാം നദീതീരത്തുകാരനായ നാഗണ്ണൻ കിഗ്ഗാഗ്രാമത്തിലെ അധികാരിയായി ഈ ഗ്രാമത്തിലും വാഴുമ്പോൾ എന്നാണു്. ഈ ചിത്രവാഹനൻ ഗുണസാഗരൻ എന്ന ആളുവ രാജാവിന്റെ പിൻഗാമിയും, എ. ഡി. 680 മുതൽക്കു 697 വരെ നാടുവാണിരുന്ന പശ്ചിമചാലൂക്യ ചക്രവർത്തിയായ വിനയാദിത്യന്റെ സമകാലീനനുമാണെന്നു മറ്റുചില പ്രാചീന ലേഖനങ്ങളിൽ നിന്നു നമുക്കറിയാം. മൂഷികവംശകാവ്യത്തിൽ ഈ കിള്ളാനദിയെയും പ്രഥനാനദിയെയും പ്രസ്താവിച്ചിട്ടുണ്ടു്. പ്രഥനാനദീമുഖത്തു വിളഭപട്ടണം സ്ഥിതിചെയ്യുന്നു എന്നു പറഞ്ഞിട്ടുള്ളതിനാൽ, അതു ചിറയ്ക്കൽ താലുക്കിലെ വളവടപ്പുഴയാണെന്നു സ്പഷ്ടമാകുന്നു. മൂഷികത്തിന്റെ തലസ്ഥാനമായ കോലപട്ടണവും ഈ പുഴയുടെ മുഖത്തോടടുത്തു സ്ഥിതിചെയ്തിരുന്നു എന്നു മൂഷികവംശകാവ്യത്തിലെ വർണ്ണനയിൽ നിന്നു അനുമാനിക്കാം. ഈ കോലപട്ടണം പെരിഞ്ചെല്ലൂരാണെന്നു് ഈ ലേഖകൻ
വിചാരിക്കുന്നു. മൂഷികവംശസ്ഥാപകനായ രാമഘടൻ കോലത്തു നിന്നു് ഏഴിമലയ്ക്കു പോയപ്പോൾ അദ്ദേഹത്തിനു കിള്ളാനദീമുഖത്തു് മാരാഹി എന്ന തുറമുഖം സ്ഥാപിച്ചു എന്നു പ്രസ്തുതകാവ്യത്തിൽ പറഞ്ഞിട്ടുള്ളതിൽ നിന്നു, കിള്ളാനദി വളവടപ്പുഴയുടെ മുഖത്തിനു വടക്കുള്ള കായലിൽക്കുടി സമുദ്രത്തിൽ വീഴുന്ന തളിപ്പറമ്പു പുഴയാണെന്നു അനുമാനിക്കാവുന്നതാണു്. തളിപ്പറമ്പുപുഴയുടെ മുഖത്തുള്ള മാടായിയെ മധ്യകാലത്തെ അറബി സഞ്ചാരികൾ മുരാവി, അഥവാ, മാരാവി എന്നു വിളിച്ചുവന്നിരുന്നതിനാൽ മൂഷികവംശത്തിലെ മാരാഹിയാണു് മാടായി എന്നു് അനുമാനിക്കാം. ചെല്ലൂർ നാഥോദയ കാവ്യത്തിൽ
“എങ്കിൽക്കേടാലുമിപ്പോൾ മമ പരമനിയോഗം
വഴക്കങ്ങുതെക്കും
ഭംഗ്യാമേവുന്ന കിള്ളാഘൃതതടിനികളെ
ക്കൊണ്ടൊരുല്ലാസധാമാ
തുംഗശ്രീ കേരളക്ഷ്മാതലം”
എന്ന ശ്ലോകഭാഗം ഇവിടെ ശ്രദ്ധാർഹമാണു്. കോലത്തിരി രാജാക്കന്മാരുടെ ഉത്ഭവത്തിനുശേഷം, കോലത്തുനാടിനു കേരളമെന്ന പേർ സിദ്ധിച്ചു എന്നു മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ഈ കേരളത്തിലുള്ള പെരിഞ്ചല്ലൂർ ക്ഷേത്രത്തിലെ ദേവനെയാണു് ചെല്ലൂർ നാഥോദയം വർണ്ണിക്കുന്നതു്. ഈ ശ്ലോകത്തിൽ പറയുന്ന ഘൃതനദി വളവടപ്പുഴയാണെന്നും, വളവടപ്പുഴയ്ക്കു പണ്ടു നെയ്ത്തറ എന്ന പേരുണ്ടായിരുന്നു എന്നു കേരളോൽപ്പത്തിയിൽ പറഞ്ഞിട്ടുള്ളതിൽ നിന്നു മനസ്സിലാക്കാം. പെരിഞ്ചല്ലുർ വളവടപ്പുഴയ്ക്കും തളിപ്പറമ്പുപുഴയ്ക്കും ഇടയ്ക്കു സ്ഥിതിചെയ്യുന്നതിനാൽ കിള്ള തളിപ്പറമ്പുപുഴയാണെന്നും വിചാരിക്കാം. ഇങ്ങനെ കിള്ളാനദിയുടെ, അഥവാ, തളിപ്പറമ്പുപുഴയുടെ കര സ്വദേശമായിട്ടുള്ള നാഗണ്ണനെ തന്റെ രാജ്യത്തിലെ ഒരു ചുമതലയുള്ള ഉദ്യോഗസ്ഥനായ അധികാരിയായി ചിത്രവാഹനൻ നിയമിച്ചതിനാൽ, നാഗണ്ണൻ ആ ആളുവ രാജാവിന്റെ ഒരു പ്രജയാണെന്നും, തന്മൂലം തളിപ്പറമ്പുപുഴയുടെ തീരങ്ങളും അതിനടുത്തുള്ള ഏഴിമലയും അന്നു് ആളുവരാജാക്കന്മാരുടെ അധീനത്തിലായിരുന്നു എന്നും അനുമാനിക്കാവുന്നതാണു്.
എ. ഡി. 12-ാം ശതാബ്ദത്തിൽ നാടുവാണിരുന്ന സുപ്രസിദ്ധ ഹൊയ്സളരാജാവായ വിഷ്ണുവർധനൻ പിടിച്ചടക്കിയ സ്ഥലങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ഏഴിമലയെ ഏഴുംമലയെന്ന നാമത്തിൽ മൈസൂരിലെ ഹുൺസൂറിലുള്ള ഒരു കർണാടകശിലാലേഖനം ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു:
“തുളുദേശം ചക്രനൊട്ടം തലവനപുരമു-
ച്ഛംഗികോളാലവേളും
മലെവല്ലൂർ കാഞ്ചി”
മൈസൂരിലെ കാടികെരെയുള്ള പന്ത്രണ്ടാം ശതാബ്ദത്തിലെ ഒരു ശിലാലേഖനത്തിൽ മൂഷികവംശത്തിന്റെ ഒരു ശാഖയും വടക്കൻ കാനറജില്ലയെ ഭരിച്ചിരുന്നവരുമായ ഹൈഹയരാജവംശ ത്തിലെ ഒരു രാജാവായ തേജരായൻ ‘ഏഴും സിംഹാസന’ത്തിന്റെ അവകാശി, അതായതു് ഏഴിനാഥന്മാരുടെ കുടുംബത്തിൽ എന്ന ബിരുദം നൽകിയിരിക്കുന്നു. ഈ സംഗതികളെല്ലാം ആദ്യകാലങ്ങളിൽ ഏഴിമല എന്ന പേരിനു് എലിയുമായി ഒരു ബന്ധവുമില്ലെന്നും സ്ഥാപിക്കുന്നുണ്ടു്. ഈ വാസ്തവം അറിഞ്ഞാണു് കേരളമാഹാത്മ്യത്തിൽ ഏഴിമലയ്ക്കു സപ്തശൈലം എന്ന പേരിട്ടിരിക്കുന്നതും.
രാമഘടൻ സ്ഥാപകനായിട്ടുള്ള മൂഷികവംശത്തിലെ അഥവാ, ചേരവംശത്തിലെ ഒരു രാജാവു്, ആളുവ അഥവാ, മൂവർ വംശത്തിലെ ഒരു രാജകുമാരിയെ വിവാഹം ചെയ്തതിൽ നിന്നു ജനിച്ച സന്താനം കോലത്തിരിവംശത്തെ സ്ഥാപിച്ചതു നിമിത്തമാണു്, കോലത്തിരിമാർക്കു് പഴയകാലത്തെ ശിലാലേഖനങ്ങളിൽ ‘രാമകുടമൂവർ’ എന്ന സ്ഥാനപ്പേർ നൽകിയിരിക്കുന്നതു്. കേരളോൽപ്പത്തിയിലും, ശ്രീമാൻ ടി. ബാലകൃഷ്ണൻ നായർ ഈ പംക്തികൾ മുഖേന പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ള ഉദയവർമ്മ ചരിതത്തിലും ഒന്നുപോലെ കോലത്തിരി വംശത്തിന്റെ സ്ഥാപകന്റെ ഉൽപ്പത്തി ഒരു ചേരമാൻ പെരുമാൾ വടക്കുള്ള ഒരു ക്ഷത്രിയസ്ത്രീയെ വിവാഹം ചെയ്തതിൽ സ്ഥാപിക്കുന്നുണ്ടു്. ഈ ചേരമാൻ പെരുമാൾ ഒരു മൂഷികരാജാവും ഈ ക്ഷത്രിയസ്ത്രീ ഒരു ആളുവ രാജകുമാരിയുമാണു്.
ഇങ്ങനെ മൂഷികവംശം എന്നതിലെ മൂഷികപദത്തിനു് എലികളുമായിട്ടോ ഏഴിമലയുമായിട്ടോ യാതൊരു ബന്ധവുമില്ലായ്കയാൽ, ആ പദത്തിന്റെ ഉത്ഭവം മറ്റൊരു സ്ഥലത്തു് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഈ സ്ഥലം കൃഷ്ണാനദീതീരത്തുള്ള പ്രാചീനമൂഷികമാണു്. എ. ഡി. രണ്ടാം ശതാബ്ദത്തിന്റെ പൂർവാർധത്തിലെ സ്ഥിതികളെ ആസ്പദിച്ചു പ്രസിദ്ധ യവന ജ്യോതിശാസ്ത്രജ്ഞനായ ടോളമി രചിച്ച ഏഷ്യയുടെ ഭൂമിശാസ്ത്രത്തിൽ ഇന്ത്യയുടെ പൂർവസമുദ്രതീരത്തുള്ള മാനാർഫയുടെ—അതായതു്, മൈലാപ്പയുടെ, അഥവാ, മൈലാപ്പൂരിന്റെ, ഇന്നത്തെ മദ്രാസിന്റെ—വടക്കായി മൈസോളിയ എന്നൊരു രാജ്യം പിതിഡ്റ (പിഥുണ്ഡ്റ) എന്ന ഉൾനാട്ടിലുള്ള തലസ്ഥാനത്തോടുകൂടി സ്ഥിതിചെയ്തിരുന്നു എന്നു പ്രസ്താവിച്ചിട്ടുണ്ടു്. മുകളിൽ പ്രസ്താവിച്ച മൂഷികരാജ്യത്തിലെ നഗരത്തിന്റെ പേർ പിഥുണ്ഡ്റയാകയാൽ, ഈ മൈസോളിക്കരാജ്യമാണു് പ്രാച്യമൂഷികമെന്നു സിദ്ധിക്കുന്നു.
കൃഷ്ണാനദീമുഖത്തിനു് അല്പം വടക്കുമാറി സ്ഥിതിചെയ്യുന്ന മസുലിപട്ടണം പ്രാചീനമായ മൈസോളിയ, അഥവാ പ്രാച്യമൂഷികരാജ്യത്തിന്റെ നാമം ഇന്നും സ്മരിപ്പിക്കുന്നുണ്ടു്. ദക്ഷിണാപഥചക്രവർത്തിയായ ശാതവാഹനൻ ശാതകർണിയെ തൃണവൽഗണിച്ചാണു താൻ മൂഷികത്തെ ആക്രമിച്ചതെന്നു ഖാരവേലൻ ഹർഥിഗുംഫ ലേഖനത്തിൽ പറഞ്ഞിരിക്കുന്നതിൽ നിന്നു, ഖാരവേലന്റെ കാലത്തു്, അതായതു് ബി. സി. 40-നു സമീപിച്ചു്, ഈ പ്രാച്യമൂഷികം ആന്ധ്രചക്രവർത്തികളായ ശാതവാഹനരാജാക്കന്മാരുടെ മേൽക്കോയ്മയിൽ വർത്തിച്ചിരുന്നു എന്നനുമാനിക്കാം. ഈ പൂർവമൂഷികത്തെ ഉദ്ദേശം എ. ഡി 300-നു സമീപം ഭരിച്ചിരുന്ന ബൃഹൽഫാലായന ഗോത്രജൻ ജയവർമന്റെ ഒരു ചെപ്പേടു കൃഷ്ണ നദിയുടെ തെക്കേതീരത്തുള്ള കൊണ്ഡമുടിയിൽ നിന്നു നമുക്കു ലഭിച്ചിട്ടുണ്ടു്. ഈ കൊണ്ഡമുടിച്ചെപ്പേടിന്റെ മുദ്രയിൽ ഒരു ശുലവും, ഒരു വില്ലും, കേന്ദ്രക്കലയും കാണാവുന്നതാണു്. ചേരരാജാക്കന്മാരുടെ ലാഞ്ഛനം ഒരു വില്ലാണെന്നുള്ള സംഗതി ഇവിടെ പ്രത്യേകം സ്മരണീയമത്രെ. ഈ പ്രാച്യമൂഷിക രാജവംശത്തിൽ നിന്നു ജയവർമനു വളരെ ശതാബ്ദങ്ങൾക്കു മുമ്പു കുറേ അംഗങ്ങൾ കേരളത്തിൽ വന്നു് ഇവിടത്തെ മൂഷികരാജ്യം സ്ഥാപിച്ചു എന്നു വിചാരിക്കുവാൻ പല കാരണങ്ങളുമുണ്ടു്. ഇവയിൽ ഏതാനും എണ്ണത്തെ മാത്രം ചൂണ്ടിക്കാണിക്കുവാനേ ഇവിടെ സ്ഥലമുള്ളു.
നന്ദിഗ്രാമത്തിലെ മൂഷികൻ എന്ന രാജാവിന്റെ ഏഴുപുത്രിമാരെ കല്യാണം കഴിച്ചു് ഏഴിമലയിൽ പാർത്തിരുന്ന മോഹനൻ എന്ന ഗന്ധർവൻ തന്റെ മൂന്നു പുത്രിമാരെ പരശുരാമനു ദാനം ചെയ്തു എന്നും, ഇവരെ തളിപ്പറമ്പിലും മംഗലാപുരത്തും ദക്ഷിണതിരുവിതാംകൂറിലുള്ള ശ്രീവർധനപുരത്തും (അതായതു, പത്മനാഭപുരത്തും) പരശുരാമൻ കുടിപാർപ്പിച്ചു എന്നും കേരളമാഹാത്മ്യം പറയുന്നുണ്ടു്. ഇങ്ങനെ കേരളത്തിലെ മൂഷികവംശത്തിന്റെ ഉൽപ്പത്തിസ്ഥാനമായി കേരളമാഹാത്മൃത്തിൽ പ്രസ്താവിച്ചിരിക്കുന്നു. നന്ദിഗ്രാമം ഏതാണു്? കൃഷ്ണാജില്ലയുടെ വടക്കു നിന്നൊഴുകി ആ ജില്ലയിൽവച്ചു കൃഷ്ണാനദിയോടു ചേരുന്ന മുനിയേറു എന്ന പോഷകനദിയുടെ കരയിൽ സ്ഥിതിചെയുന്ന നന്ദിഗ്രാമ എന്ന നഗരമാണു് ഈ നന്ദിഗ്രാമം. കൃഷ്ണാനദിയുടെ തീരപ്രദേശങ്ങളിലുണ്ടായിരുന്ന പ്രാച്യമൂഷികത്തിന്റെ ഒരയൽരാജ്യത്തെ എ. ഡി. മുന്നാം ശതാബ്ദത്തിൽ ഭരിച്ചിരുന്ന ഇക്ഷ്വാകുവംശരാജാക്കന്മാർക്കു വടക്കൻ കാനറജില്ലയിലെ ബനവാസിപട്ടണത്തെ കദംബവംശസ്ഥാപകനായ മയൂരവർമനു മുമ്പു ഭരിച്ചിരുന്ന ശാതകർമിവംശവുമായി വിവാഹബന്ധം ഉണ്ടായിരുന്നു എന്നുള്ള സംഗതി ഇവിടെ സ്മരണീയമാണു്. കേരളത്തിലെ മൂഷികവംശത്തിന്റെ വടക്കൻ കാനറജില്ലയിലെ ഒരു ശാഖയായ ഹൈഹയരാജാക്കന്മാരും ഈ ഇക്ഷ്വാകുവംശവുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നു കാണിക്കുന്ന ഒരു ചെപ്പേടുമുണ്ടു്. പ്രസ്തുത ശാതകർണിവംശത്തിന്റെ കുലമായ വിഷ്ണുകസ്സചുടുകുലത്തിന്റെ പേർ കൃഷ്ണാനദിയുടെ അല്പം തെക്കായി ഗുണ്ടുർ ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രാചീന നഗരമായ വിനുകൊണ്ടയുടെ പേരിന്റെ പ്രാകൃതരൂപമാകയാൽ, ആ കുലത്തിന്റെ ഉൽപ്പത്തിസ്ഥാനം പ്രസ്തുത വിനുകൊണ്ടയായിരിക്കുമെന്നനുമാനിക്കാം. ഈ സംഗതികളെല്ലാം, കേരളമാഹാത്മ്യം മൂഷികവംശത്തിന്റെ ഉൽപ്പത്തിസ്ഥാനമായി പറഞ്ഞിരിക്കുന്ന നന്ദിഗ്രാമം കൃഷ്ണാനദിയുടെ പോഷകനദിയായ മുനിയേറിന്റെ കരയ്ക്കുള്ള നന്ദിഗ്രാമമാണെന്നുള്ള അനുമാനത്തെ പിന്താങ്ങുന്നുണ്ടു്.
പ്രസ്തുത മുനിയേറുനദിക്കു് അല്പം പടിഞ്ഞാറുമാറി ഹൈദരാബാദിൽ നിന്നുത്ഭവിക്കുന്ന മുസി എന്ന നദി കൃഷ്ണാനദിയിൽ ചേരുന്നുണ്ടു്. ഈ മുസി നദിയുടെ പേരിൽ നിന്നാണു് മുസിക, അഥവാ, മൂഷിക എന്ന നാമം ഉത്ഭവിച്ചതെന്നാണു് ഈ ലേഖകന്റെ അഭിപ്രായം. തുളുനാട്ടിലെ പ്രാചീനൈതിഹ്യങ്ങളെ വിവരിക്കുന്ന ഗ്രാമപദ്ധതികളിൽ കദംബ രാജാക്കന്മാരുടെ കാലത്തിനുശേഷവും, ഹൊയ്സളന്മാരുടെ ആവിർഭാവത്തിനു മുമ്പും, അതായതു് ഉദ്ദേശം എ. ഡി. 575-നും 1100-നും ഇടയ്ക്ക്, തുളുനാടിനെ ബഞ്ചിക അഭേദികളും, മോനരാജവംശവും ഭരിച്ചിരുന്നു എന്നു പറയുന്നുണ്ടു്. ഈ ബഞ്ചി (വഞ്ചി) അഭേരികൾ ആളുവരാജവംശവും, മോനവംശം മൂഷികവംശവുമാണു്. പ്രാച്യമൂഷികത്തിലെ പ്രസ്തുത മുനിയേറു നദിയിൽ നിന്നാണു് കേരളത്തിലെ മൂഷികവംശത്തിനു മോന, അഥവാ, മുനിയർ എന്നു പേരു ലഭിച്ചതു്. കേരളോൽപ്പത്തിയിലെ തുളുവൻ പെരുമാൾ തുളുനാട്ടിലെ കോടീശ്വരത്തു നിന്നു നാടുവാണതും, പതിറ്റിപ്പത്തിലെ കളങ്കാടു് കണ്ണിനാർമുടി ചേരലാതൻ എന്ന ചേരരാജാവു തുളുനാടു് ആക്രമിച്ചതും, കേരളോൽപ്പത്തിയിലെ ഒടുവിലത്തെ ചേരമാൻ പെരുമാൾ തുളുനാടു ഭരിക്കുവാൻ കവി സിംഹരേറുവിനെ നിയോഗിച്ചതും ഈ അവസരത്തിൽ സ്മരണീയമാണു്.
മൂഷികരാജ്യത്തിന്റെ തലസ്ഥാനമായി മൂഷികവംശകാവ്യം പറയുന്ന കോലപട്ടണത്തിന്റെ പേരുതന്നെ, മൂഷികവംശത്തിന്റെ ഉത്ഭവം ആന്ധ്രദേശം, അതായതു തെലുങ്കരുടെ നാടു്, ആണെന്നു കാണിക്കുന്നുണ്ടു്. ആന്ധ്രദേശക്കാർ തങ്ങളുടെ നാടിനെ തെനുഗുരാജ്യം, അഥവാ, തെനുഗുസീമ എന്നാണു വിളിക്കാറുള്ളതെങ്കിലും, തമിഴർ അതിനെ കൊഗ്ലേറ അറിസീമ, അതായതു കൊപ്പേറു രാജ്യം എന്നാണു പേരിട്ടിട്ടുള്ളതു്. കൊപ്പേറു എന്നതു് കൃഷ്ണാ ജില്ലയിലുള്ള, അതായതു പണ്ടത്തെ പ്രാച്യമൂഷികത്തിലുള്ള ഒരു വലിയ കായലിന്റെ പേരാണു്. ‘കൊപ്പു’ എന്ന പദം കൊലനു, അഥവാ, ഗോലനു എന്ന തെലുങ്കുപദത്തിന്റെ ഒരു രൂപഭേദമാകുന്നു. കോലനു എന്ന പദത്തിന്റെ അർഥം കായൽ എന്നും, ഏറു എന്നതിന്റെ അർഥം നദി എന്നുമാണു്. ‘കോലം’ എന്ന പദം കോലനു എന്ന തെലുങ്കുപദത്തിന്റെ മലയാളരുപം മാത്രമാണു്. വളവടപ്പുഴയുടെ മുഖത്തിനു സമീപമുള്ള കായലിന്റെ വക്കത്തു സ്ഥാപിച്ചതുകൊണ്ടായിരിക്കും കോലപട്ടണത്തിനു് ആ പേരു ലഭിച്ചതു്.
മാഹിഷ്മതി തലസ്ഥാനമായുള്ള ഹൈഹയരാജ്യം മൂഷികരാജാക്കന്മാരുടെ വകയായിരുന്നു എന്നും, മൂഷികവംശം സ്ഥാപിച്ച രാമഘട മൂഷികന്റെ രണ്ടുപുത്രന്മാരിൽ മൂത്തവനായ വടുവിനെ വടക്കുള്ള ഹൈഹയരാജ്യം ഭരിക്കുവാനും, ഇളയപുത്രനായ നന്ദനനെ കോലരാജ്യം അഥവാ മൂഷികരാജ്യം ഭരിക്കുവാനും രാമഘടൻ നിയോഗിച്ചു എന്നും മൂഷികവംശകാവ്യത്തിൽ പറഞ്ഞിട്ടുണ്ടു്. കൃഷ്ണാജില്ലയിൽ ഗോദാവരിയുടെ മുഖത്തോടു സമീപിച്ചുള്ള പ്രദേശത്തെ മാഹിഷ്മതീപുരവരാധീശ്വരായ കോന ഹൈഹയരാജാക്കന്മാർ പണ്ടു ഭരിച്ചു വന്നിരുന്നു എന്നുള്ള സംഗതി ഇവിടെ സ്മരണീയമാണു്. ഇതും മൂഷികവംശത്തിന്റെ ഉൽപ്പത്തി സ്ഥാനം കൃഷ്ണാജില്ലയാണെന്നു കാണിക്കുന്നുണ്ടു്. മൂഷികവംശത്തിൽ പ്രസ്താവിച്ചിട്ടുള്ള ഹൈഹയരാജ്യം തെക്കൻ കാനറജില്ലയുടെ ഉത്തരഭാഗവും വടക്കൻ കാനറ ജില്ലയുടെ ഗോകർണം വരെയുള്ള തെക്കൻഭാഗവും ഉൾപ്പെട്ടിരുന്ന ഹൈവെ, അഥവാ ഹൈഗ എന്ന രാജ്യമാകുന്നു. നർമദാ നദീതീരത്തുള്ള ഇന്നത്തെ മണ്ഡതാ എന്ന നഗരമാണു് അതിപ്രാചീനകാലത്തു് മധ്യ ഇന്ത്യയിലുണ്ടായിരുന്ന ഹൈഹയരാജ്യത്തിന്റ തലസ്ഥാനമായ പ്രസിദ്ധപ്പെട്ട മാഹിഷ്മതീനഗരം. മൂഷികവംശകാവ്യത്തിൽപ്പറഞ്ഞിട്ടുള്ള ഹൈഹയരാജ്യത്തിന്റെ തലസ്ഥാനമായ മാഹിഷ്മതി ഗോകർണമാണെന്നു തോന്നുന്നു. എ. ഡി. മുന്നാം ശതാബ്ദത്തിൽ രചിച്ചതായി പണ്ഡിതന്മാർ പരിഗണിച്ചുവരുന്ന മാർക്കണ്ഡേയപുരാണങ്ങളിൽ പാശ്ചാതൃസമുദ്രതീരത്തുള്ള രാജ്യങ്ങളെ വിവരിക്കുന്ന ചുവടെ ചേർത്തിരിക്കുന്ന ശ്ലോകം കാണുന്നുണ്ടു്:
“അപരാന്തികാ ഹൈയാശ്ച
ശാന്തികാ വിപ്രശസ്തകാഃ
കൊങ്കണാഃ പഞ്ചനദകാ
വാമനാഹ്യ വരാസ്തഥാ”.
ഇതിൽ പറഞ്ഞിട്ടുള്ള ഹൈഹയമാണു് മൂഷികവംശകാവ്യത്തിലെ ഹൈഹയം. ഇതിലെ ശാന്തിക ആളുവവംശകാവ്യത്തിൽ നിന്നു മൂഷികരാജവംശം നർമദാതീരത്തിലെ സുപ്രസിദ്ധവും അതിപ്രാചീനവുമായ ഹൈഹയരാജവംശത്തിന്റെ ഒരു തെക്കൻശാഖയാണെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു. ഈ പ്രാചീന ഹൈഹയവംശക്കാരിൽ ചിലർ അതിപ്രാചീനമായ ഒരു കാലത്തു നർമദാതീരത്തു നിന്നു തെക്കൻ ഒറീസ്സയിലും, അവിടെ നിന്നു കൃഷ്ണാനദീതീരത്തിലും, അവിടെ നിന്നു കേരളത്തിലും വന്നു രാജവംശങ്ങൾ സ്ഥാപിച്ചു എന്നു മുകളിൽ വിവരിച്ച സംഗതികൾ സൂചിപ്പിക്കുന്നു. കേരളത്തിൽ ഇങ്ങനെ വന്നു രാജ്യങ്ങൾ സ്ഥാപിച്ച ഹൈഹയന്മാരുടെ തെക്കേ അറ്റത്തുള്ള (അതായതു, തിരുവിതാംകൂറിലുള്ള) ശാഖയ്ക്കാണു് ടോളമി എന്ന പ്രാചീന യവന ഭൂമിശാസ്ത്രജ്ഞനും, തമിഴ് സംഘകാവ്യങ്ങളും ദക്ഷിണതിരുവിതാംകൂറിൽ നിന്നു കണ്ടെടുത്തിട്ടുള്ള ചെപ്പേടുകളും ആയ് എന്ന പേരിട്ടിട്ടുള്ളതു്. ഗ്രീക്കുഭാഷയിലും തമിഴിലും, ‘ഹ’ എന്ന അക്ഷരമില്ലായ്മയാൽ, ‘ഹയ് ഹയ്’, ‘അയ് അയ’യായും, ഇതു ചുരുങ്ങി ‘ആയ്’ ആയും മാറുകയുണ്ടായി. എ. ഡി. 80-നു സമീപിച്ചു ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്ന രാജ്യങ്ങളെ വിവരിക്കുന്ന പ്രാചീന യവനഗ്രന്ഥമായ പെരിപ്ലസ്സിൽ ആയ് രാജവംശത്തെപ്പറ്റി ഒന്നും പ്രസ്താവിച്ചിട്ടില്ല. എന്നാൽ എ. ഡി. 150-നു അല്പം മുമ്പുള്ള സ്ഥിതിയെ വിവരിക്കുന്ന ടോളമിയുടെ ഭൂമിശാസ്ത്രത്തിൽ ഇന്നത്തെ മധ്യതിരുവിതാംകൂറും ദക്ഷിണതിരുവിതാംകൂറും സ്ഥിതിചെയ്യുന്ന പ്രദേശത്തെ അന്നു് ആയ് രാജാക്കന്മാർ ഭരിച്ചിരുന്നു എന്നു പറഞ്ഞിരിക്കുന്നു. ഈ ആയ്രാജാക്കന്മാർ ഹൈഹയന്മാരും തന്മൂലം മൂഷികവംശത്തിന്റെ ഒരു ശാഖയുമാകയാൽ, എ. ഡി. 80-നും 150-നും ഇടയ്ക്കു കോലത്തുനാട്ടിലെ മൂഷികവംശം, അതിന്റെ ഒരു ശാഖ തിരുവിതാംകൂറിൽ സ്ഥാപിച്ചു എന്നു വിശ്വസിക്കാം. പെരിപ്ലസ്സിന്റെ കാലത്തു് ഈ സ്ഥലം പാണ്ഡ്യരുടെ കൈവശം ഇരുന്നതിനാൽ, പാണ്ഡ്യരെ തോൽപ്പിച്ചാണു് മൂഷിക രാജാക്കന്മാർ ഈ സ്ഥലം കൈക്കലാക്കിയതെന്നും അനുമാനിക്കാം. ക്രിസ്ത്വബ്ദത്തിന്റെ പ്രാരംഭത്തിനു മുമ്പു രചിച്ചിട്ടുള്ള പ്രസിദ്ധ ബുദ്ധമതഗ്രന്ഥമായ വിളി പ്രശ്നത്തിൽ കോലപട്ടണത്തെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നതിനാൽ, ക്രിസ്ത്വബ്ദത്തിനു കുറേമുമ്പു തന്നെ മൂഷികം സ്ഥാപിക്കപ്പെട്ടു എന്നും വിചാരിക്കേണ്ടിയിരിക്കുന്നു.
മുകളിൽ വിവരിച്ച പ്രകാരം വടക്കൻ മൂഷികരാജാക്കന്മാർ തിരുവിതാംകൂറിൽ ഒരു ശാഖ സ്ഥാപിച്ചതിനെ ആസ്പദിച്ചാണു് ആര്യപ്പെരുമാളുടെ കാലത്തിനു മുമ്പുള്ള പ്രാചീനകേരളത്തിന്റെ നാലുഖണ്ഡങ്ങളെ വിവരിക്കുമ്പോൾ, കേരളോൽപ്പത്തിയുടെ ഒരു പാഠത്തിൽ കണ്ണേറ്റിക്കും കന്യാകുമാരിക്കും ഇടയ്ക്കുള്ള ഖണ്ഡത്തിനു മൂഷികമെന്നും, മറ്റൊരു പാഠത്തിൽ പെരുമ്പുഴയ്ക്കും (ചന്ദ്രഗിരി നദിക്കും) പുതുപ്പട്ടണത്തിനും (കോട്ടപ്പുഴയുടെ മുഖം) ഇടയ്ക്കുള്ള കണ്ഡത്തിനും പിന്നെയും മൂഷികമെന്നും പരസ്പരവിരുദ്ധമെന്നു പ്രത്യക്ഷത്തിൽ തോന്നിക്കുമാറു് പേരിട്ടിരിക്കുന്നതു്. ഈ തെക്കൻ മൂഷികമാണു് ബാലമൂഷികം. തമിഴ് സംഘകാവ്യമായ പുറനാനൂറിൽ വാട്ടാറ്റു (അതായതു് ദക്ഷിണതിരുവിതാംകൂറിലുള്ള തിരുവട്ടാറ്റു്) ഭരിച്ചിരുന്ന ഒരു രാജാവായ എഴിനി ആതനെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതു് ഇവിടെ സ്മരണീയമാണു്. ‘എഴിനി’ എന്ന ബിരുദം ഈ രാജാവു മൂഷികവംശത്തിൽപ്പെട്ടവനായിരുന്നു എന്നു സ്ഥാപിക്കുന്നുണ്ടു്.
(1938 സെപ്തംബർ 4, 11, മാതൃഭൂമി ആഴ്ചപ്പതിപ്പു്)
കേസരി ബാലകൃഷ്ണപിള്ളയുടെ ലഘുജീവചരിത്രക്കുറിപ്പു്.