കേരളത്തിലെ പ്രാചീന ഐതിഹ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധപ്പെട്ട ഒന്നാണു് ‘പറയിപെറ്റ പന്തിരുകുല’ത്തെ പറ്റിയുള്ളതു്. വിക്രമാദിത്യ സദസ്സിലെ ഒരംഗവും, പ്രസിദ്ധനായ ഗോവിന്ദസ്വാമിയുടെ പുത്രനും ‘വാക്യം’, ‘പരൽപ്പേരു്’ മുതലായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളുടെ കർത്താവുമായ വരരുചി എന്ന ബ്രാഹ്മണൻ ഒരു പറയിയുടെ പുത്രിയും, എന്നാൽ മാതാപിതാക്കന്മാരാൽ ഉപേക്ഷിക്കപ്പെട്ടതു നിമിത്തം, ഒരു ബ്രാഹ്മണൻ സ്വപുത്രിയായി എടുത്തു വളർത്തി വന്നിരുന്നവളുമായ ഒരു കന്യകയെ വിവരമറിയാതെ കല്യാണം കഴിച്ചുവെന്നും, ഈ ദമ്പതികൾക്കു് ജനിച്ച ജ്ഞാനികളും, വിഷ്ണുവിന്റെ അവതാരങ്ങളായി പരിഗണിച്ചു വരുന്നവരുമായ പന്ത്രണ്ടു സന്താനങ്ങളെയാണു് ‘പറയിപെറ്റ പന്തിരുകുലം’ എന്നു വിളിച്ചു വരുന്നതെന്നുമാണല്ലോ ഐതിഹ്യം. ഗോവിന്ദസ്വാമിയുടെ മറ്റു രണ്ടു പുത്രന്മാർ ഭർതൃഹരിയും, ഉജ്ജയിനിയിലെ വിക്രമാദിത്യനുമാണെന്നും മറ്റൊരൈതിഹ്യവുമുണ്ടു്. ഗോകർണ്ണത്തു ജനിച്ച പ്രസ്തുത വരരുചിയുടെ പ്രസ്തുത പന്ത്രണ്ടു് സന്താനങ്ങളുടെയും പേരുകൾ ചുവടെ ചേർക്കുന്ന പ്രസിദ്ധ ശ്ലോകത്തിൽ അടങ്ങിയിരിക്കുന്നു:
“മേളത്തോരഗ്നിഹോത്രീരജക, നുളിയനുർ
തച്ചനും പിന്നെ വള്ളോൻ
വായില്ലാക്കുന്നിലപ്പൻ, വടുതല മരുവും
നായർ, കാരയ്ക്ക മാതാ
ചെമ്മേ കേളുപ്പുകൊറ്റൻ, പെരിയ തിരുവര-
ങ്കത്തെഴും പാണനാരും
നേരെ നാരായണ ഭ്രാന്തനു,മുടനകവൂർ
ചാത്തനും പാക്കനാരും”
ഇവരിൽ രജകനെന്ന രണ്ടാമനു ചെമ്മാൻ തിരുമേനി എന്ന പേരും പറയാറുണ്ടു്. ഇവർ പല സ്ഥലങ്ങളിൽ പാർത്തിരുന്നുവെങ്കിലും, പിതാവിന്റെ ചാത്തദിവസം മേളത്തൂരഗ്നിഹോത്രിയുടെ ഇല്ലത്തിൽ ഒന്നിച്ചുകൂടി ചാത്തം നടത്തുക പതിവായിരുന്നു. ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യാംശമുണ്ടെന്നും, ഇവർ ആരെല്ലാമായിരുന്നുവെന്നും, ഇവരുടെ കാലമോ കാലങ്ങളോ ഏതായിരുന്നുവെന്നും കണ്ടുപിടിക്കുവാനാണു് ഇവിടെ ഉദ്യമിക്കുന്നതു്.
‘വാക്യം’, ‘പരൽപ്പേരു്’ എന്ന ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങൾ രചിച്ച ഒരു കേരളീയനായ വരരുചി ഉണ്ടായിരുന്നു എന്നതു് ആ കൃതികൾ ആധുനികകാലം വരെ കേരളീയർ പഠിച്ചു വന്നിരുന്നതിൽ നിന്നു് അനുമാനിക്കാം. വരരുചികൾ പലതുണ്ടു്. ബി. സി. നാലാം ശതാബ്ദത്തിൽ ഉത്തരഭാരതത്തിലെ പാടലീപുത്രനഗരത്തിൽ നാടുവാണിരുന്ന സുപ്രസിദ്ധ ചക്രവർത്തിയായ മഹാപത്മനന്ദ ന്റെ സമകാലീനനായി വരരുചി എന്നൊരു വൈയാകരണൻ ഉണ്ടായിരുന്നുവെന്നു് ടിബറ്റിലെ ബൗദ്ധമതചരിത്രകാരനായ താരാനാഥൻ പ്രസ്താവിക്കുന്നുണ്ടു്. ഇദ്ദേഹത്തെ കാത്യായനൻ എന്നും പറഞ്ഞുവരുന്നു. പിന്നെയും എ. ഡി. അഞ്ചാംശതാബ്ദത്തിന്റെ ഉത്തരാർധത്തിൽ ഉജ്ജയിനിയിലെ വിക്രമാദിത്യചക്രവർത്തിയുടെ അതായതു് സ്കന്ദഗുപ്തൻ വിക്രമാദിത്യന്റെ, സദസ്യരിൽ സുപ്രസിദ്ധരായ നവരത്നങ്ങളിൽ ഒരുത്തനും പ്രാകൃതപ്രകാശം എന്ന പ്രാകൃതവ്യാകരണത്തിന്റെ കർത്താവുമായ മറ്റൊരു വരരുചി ഉണ്ടായിരുന്നു. ‘ഐന്ദ്രനിഘണ്ടു’ എന്ന വ്യാകരണകൃതിയുടെ കർത്താവായ ഒരു വരരുചിയും ‘സിംഹാസനദ്ധാത്രിംശിക’ എന്ന വിക്രമാദിത്യകഥകളെ ബംഗാളി ഭാഷയിൽ രചിച്ച മറ്റൊരു വരരുചിയും കൂടിയുണ്ടു്. ഈ വരരുചികൾ എല്ലാവരും ഉത്തരഭാരതത്തിലെ സ്വദേശികളാകയാൽ ഇവരാരുമല്ല പറയിപെറ്റ പന്തിരുകുലത്തിന്റെ സ്ഥാപകനും കേരളീയനുമായ വരരുചി. ഈ വരരുചിയെ ഐതിഹ്യം ഉജ്ജയിനിയിലെ പ്രസിദ്ധനായ വിക്രമാദിത്യന്റെ സമകാലീനനാക്കിയിരിക്കുന്നതു് വിശ്വാസയോഗ്യമല്ലെന്നു് പിന്നീടു് ചൂണ്ടിക്കാണിക്കുന്നതാണു്.
വരരുചിയുടെ സന്താനങ്ങളാണു് പറയിപെറ്റ പന്തിരുകുലത്തിന്റെ പന്ത്രണ്ടുപേരും എന്നുള്ള ഐതിഹ്യഭാഗം വിശ്വാസയോഗ്യമായി തോന്നുന്നില്ല. എന്നാൽ ഈ ഐതിഹ്യഭാഗത്തിൽ അന്തർഭവിച്ചിട്ടുള്ള സത്യാംശം ഈ പന്ത്രണ്ടുപേരും സമകാലീനരാണെന്നുള്ളതാണെന്നു് വിശ്വസിക്കാം. എന്തെന്നാൽ, ഇവരിൽ മേളത്തൂരഗ്നിഹോത്രി, ഉളിയന്നൂർ പെരുന്തച്ചൻ, വണ്ണാൻ, കാരയ്ക്കമാതാ എന്നീ നാലുപേരും സമകാലീനരാണെന്നു വിചാരിക്കുവാൻ കാരണങ്ങളുള്ളതിനാൽ ശേഷിച്ചവരും ഇവരുടെ സമകാലീനരാണെന്നനുമാനിക്കാം. ഇവരുടെ സമകാലീനത്വം മനസ്സിലാക്കുന്നതിനു് ഇവരെപ്പറ്റിയുള്ള ഐതിഹ്യത്തിലെ മൗലികമായ ആശയം ഏതു് ചരിത്രകാലത്തെ സ്ഥിതിക്കു് അനുയോജ്യമായിരിക്കുന്നു എന്നു് അറിഞ്ഞേ മതിയാവു. പ്രസ്തുത ഐതിഹ്യത്തിലെ മൗലികത്വം ഒരാളുടെ ജാതിയെയോ മതത്തെയോ ആശ്രയിച്ചല്ല, ഒരാൾക്കു് മോക്ഷസിദ്ധിയുണ്ടാകുന്നതെന്നും എല്ലാ മതക്കാർക്കും എല്ലാ ജാതിക്കാർക്കും അതു് കരസ്ഥമാക്കാമെന്നും അതിനാൽ സകല ജാതിക്കാരെയും മതക്കാരെയും സഹിഷ്ണുതയോടും സമദൃഷ്ടിയോടും കൂടിയാണു് വീക്ഷിക്കേണ്ടതു് എന്നുമാണു്. ഭാരതത്തിലെ ഹിന്ദുമതം തത്വത്തിൽ പരമസഹിഷ്ണുത പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രയോഗത്തിൽ ഹിന്ദുക്കൾ ആ തത്വത്തിൽ നിന്നു് പലപ്പോഴും വ്യതിചലിച്ചിരുന്നു എന്നു് ഭാരതത്തിലെ ഹൈന്ദവേതരരായ മതക്കാർ പല സന്ദർഭങ്ങളിലും അനുഭവിച്ച പീഡനങ്ങളിൽ നിന്നു് നിഷ്പക്ഷരായ നിരൂപകന്മാർക്കു് മനസ്സിലാക്കാൻ പറ്റും. പരമസഹിഷ്ണുതയോടുകുടി ഹിന്ദുക്കൾ പെരുമാറുമ്പോൾ, അതിനു ചില പ്രത്യേക കാരണങ്ങളുണ്ടായിരിക്കുകയും ചെയ്യും. ഒരു പ്രബലനായ ചക്രവർത്തി ഒരു ഹൈന്ദവേതര മതം സ്വീകരിക്കുന്നതാണു് ഈ കാരണങ്ങളിൽ വച്ചു് മുഖ്യമായിട്ടുള്ളതു്. അശോകചക്രവർത്തിയുടെ ബുദ്ധമതസ്വീകരണം ഇതിനൊരു ഉദാഹരണമാണു്. ബുദ്ധമതം സ്വീകരിച്ചവരായ സ്കന്ദഗുപ്തൻ വിക്രമാദിത്യന്റെയും, അദ്ദേഹത്തിന്റെ പിൻഗാമിയായ നരസിംഹഗുപ്തൻ ബാലാദിത്യന്റെയും കാലം, അതായ് എ. ഡി. അഞ്ചാം ശതാബ്ദത്തിന്റെ ഉത്തരാർധം പ്രസ്തുത അപൂർവ്വസംഭവങ്ങൾക്കു് മറ്റൊരുദാഹരണമാണു്. ബുദ്ധമതം സ്വീകരിച്ച സ്ഥാനേശ്വരത്തെ ഹർഷവർധനൻ ശീലാദിത്യന്റെ കാലമായ ഏഴാം ശതാബ്ദത്തിന്റെ പൂർവാർദ്ധവും ഇങ്ങനെയുള്ള ഒരു കാലഘട്ടമായിരുന്നു.
കേരളത്തിലെ സ്ഥിതിയും ഭാരതത്തിലെ പ്രസ്തുത സ്ഥിതിയിൽ നിന്നു വ്യത്യാസപ്പെട്ടിരുന്നില്ല. പരസ്പരവിരുദ്ധങ്ങളായ സിദ്ധാന്തങ്ങളുള്ള മതക്കാർ, ഒരാശ്രമത്തിൽ ഒന്നിച്ചു സൗഹാർദ്ദപൂർവ്വം പാർക്കുന്ന പരസ്പര ശത്രുക്കളായ മൃഗങ്ങളെപ്പോലെ, കേരളത്തിൽ ജയമാനി എന്ന മൂഷികരാജാവിന്റെ കാലത്തിനു സമീപിച്ചു്, (അതായതു്, എ. ഡി. എട്ടാം ശതാബ്ദത്തിന്റെ പൂർവാർദ്ധത്തിൽ) നിവസിച്ചിരുന്നു എന്നു് മൂഷികവംശകാവ്യത്തിൽ പ്രസ്താവിച്ചിരിക്കുന്നു. മക്കത്തുപോയ ചേരമാൻ പെരുമാളിന്റെ എ. ഡി. ഏഴാം ശതാബ്ദത്തിന്റെ പൂർവാർദ്ധവും ഇങ്ങനെയുള്ള ഒരു മതസഹിഷ്ണുതാ കാലമായിരുന്നു. അതിനാൽ മക്കത്തുപോയ ചേരമാൻ പെരുമാളിന്റെ കാലമാണോ പറയിപെറ്റ പന്തിരുകുലത്തിന്റെ കാലമെന്നു പരിശോധിച്ചു നോക്കാം.
പറയിപെറ്റ പന്തിരുകുലത്തിലെ ഏകസ്ത്രീയായ കാരയ്ക്കമാതാ സുപ്രസിദ്ധരായ 63 ശൈവ നായനാർമാരുടെ കൂട്ടത്തിൽപ്പെട്ട കാരയ്ക്കലമ്മ എന്ന യോഗിനിയാണെന്നു് പ്രഥമദൃഷ്ടിയിൽ തന്നെ മനസ്സിലാക്കാം. തഞ്ചാവൂർ ജില്ലയിലെ കാരയ്ക്കൽ തുറമുഖത്തിൽ ഒരു വൈശ്യകുലശിവക്ഷേത്രത്തിൽ തലകുത്തി നടന്നു തീർത്ഥയാത്ര ചെയ്തു എന്നും, ഇവർ ‘തിരുവാലങ്കാട്ട മുത്ത തിരുപ്പതിക’, ‘തിരുവിരുട്ടൈ മണിമാലൈ’, ‘അർപുത തിരുവന്താതി’ എന്നു മൂന്നു ശൈവസ്തോത്രങ്ങൾ രചിച്ചിട്ടുണ്ടെന്നുമാണു് ഐതിഹ്യം. ഇവരെ ‘കാരയ്ക്കൽ പേയ് ’ എന്നും വിളിച്ചുവരുന്നു. ഇവരും പൂതം എന്നുപേരുള്ള ഒരു മനുഷ്യനും കൂടി രചിച്ചതായി പറയുന്ന,
“കറൈപ്പർ പെരുമൊട്ടുക്കാട് കിഴവോട്
കരൈത്തിരുന്ത ചാരന്തൈത്തൊട്ടപ്പേയ്
മറൈക്കവറിയാതു മരുന്തൻ കൈയൈ
ക്കുക്കൈ മാങ്കുർ കത്തികൊണ്ടു”
എന്ന പാട്ടു, തമിഴ് സംഘകാലത്തെ ഒരു വൃത്തലക്ഷണകൃതിയും, അറിവുടൈയ നമ്പി എന്ന പാണ്ഡ്യരാജാവു് രചിച്ചതുമായ ‘ചിന്തം’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ടെന്നു് ‘യാപ്പെരുങ്കുലം’ എന്ന പ്രസിദ്ധ തമിഴ് വൃത്തലക്ഷണഗ്രന്ഥത്തിന്റെ വ്യാഖ്യാതാവു് പ്രസ്താവിച്ചിട്ടുണ്ടു്. ശൈവനായനാരന്മാരുടെ കൂട്ടത്തിൽ മൂർത്തിനായനാരെന്നും, പാണ്ഡ്യരാജാക്കന്മാരുടെ ഇടയ്ക്കു് കടുംകോൻ കുലശേഖരപാണ്ഡ്യൻ ഉഗ്രപെരുവഴുതി എന്ന പല പേരുകളുമുള്ളവനും, എ. ഡി. ഏഴാംശതാബ്ദത്തിന്റെ പൂർവാർദ്ധത്തിൽ നാടുവാണിരുന്നവനുമായ കുലശേഖരപാണ്ഡ്യൻ തന്റെ ഭടന്മാർ ഒരു ബ്രാഹ്മണവിധവയുടെ ഭവനത്തിലെ കതകുകൾ പൊളിച്ചതിനു് സ്വയം ശിക്ഷയായി തന്റെ ഒരു കൈവെട്ടിക്കളഞ്ഞു എന്നുള്ള ഐതിഹ്യമാണു് പ്രസ്തുത പാട്ടു സൂചിപ്പിക്കുന്നതു്. ഈ ഐതിഹ്യം ചിലപ്പതികാരത്തിലും പ്രസ്താവിച്ചിട്ടുണ്ടു്. ഇതിൽ നിന്നു് ഈ പാട്ടു രചിച്ച കാരയ്ക്കലമ്മ കുലശേഖരപാണ്ഡ്യന്റെ കാലത്തോ അതിനുശേഷമോ ജീവിച്ചിരുന്നു എന്നനുമാനിക്കാം. കാരയ്ക്കലമ്മ ആദിശൈവ നായനാർമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നതിനാൽ ഈ യോഗിനിയുടെ കാലം ഇവരുടെ കാലമായ ഏഴാം ശതാബ്ദത്തിന്റെ മധ്യഭാഗമാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. അതിനാൽ കാരയ്ക്കലമ്മ മക്കത്തുപോയ ചേരമാൻ പെരുമാളുടെ കാലത്താണു് ജീവിച്ചിരുന്നതെന്നു് സിദ്ധിക്കുന്നുണ്ടല്ലോ.
മുകളിൽ പ്രസ്താവിച്ച ഉഗ്രപെരുവഴുതി, അഥവാ കുലശേഖരൻ എന്ന പാണ്ഡ്യരാജാവിന്റെ പണ്ഡിതസദസ്സിൽ അരങ്ങേറിയ സുപ്രസിദ്ധനീതി കൃതിയാണു് തിരുവള്ളുവരുടെ ‘തിരുക്കുറൾ’. ഈ തിരുവള്ളുവരായിരിക്കും പറയിപെറ്റ പന്തിരുകുലത്തിലെ വള്ളോൻ. വള്ളുവൻ എന്ന പേരിൽ നിന്നു് ഇദ്ദേഹം പറയജാതിയിൽ ജനിച്ചതാണെന്ന ഒരു കഥ കെട്ടിച്ചമച്ചിട്ടുണ്ടു്. ഇതു വിശ്വാസയോഗ്യമല്ല. എന്തെന്നാൽ തമിഴ് സംഘകാലത്തെ ഒരു പ്രസിദ്ധകൃതിയായ ‘ദിവാകരനികണ്ടു’വിൽ ‘വള്ളുവൻ ചാക്കയയനു പെയർമന്നർകൾ പടുകരുമത്തലൈവർക്കൊണ്ടു’ എന്നു പറഞ്ഞിരിക്കുന്നു. ഇതിൽനിന്നു വള്ളുവൻ എന്നതുള്ള രാജാക്കന്മാരുടെ കർമത്തലവന്മാർക്കു്, അതായതു് അവരുടെ കൽപ്പനകളെ ജനങ്ങളെ അറിയിക്കുന്ന സെക്രട്ടറിമാർക്കു് പണ്ടു നൽകിയിരുന്ന ഉദ്യോഗപ്പേരാണെന്നു് സിദ്ധിക്കുന്നു. തിരുവള്ളുവർ പാണ്ഡ്യരാജ്യതലസ്ഥാനമായി മധുരയിൽ പാർത്തിരുന്നു. ഒരു ജൈനമതാചാര്യനായ ഏലാചാര്യന്റെ ശിഷ്യനായിരുന്നു തിരുവള്ളുവർ എന്ന ജൈനഐതിഹ്യം വിശ്വാസയോഗ്യമാണു്. അതിനാൽ തിരുവള്ളുവരുടെ മതം ജൈമനമതമായിരുന്നു എന്നു നമുക്കനുമാനിക്കാം. വള്ളുവരുടെ ആശയങ്ങളെ ചിലപ്പതികാരം, മണിമേഖല എന്നീ കാവ്യങ്ങളുടെ കർത്താക്കന്മാർ ഉൾപ്പെടെയുള്ള പല തമിഴ് സംഘകവികളും ഉദ്ധരിച്ചിട്ടുണ്ടു്. അദ്ദേഹത്തെപ്പറ്റി അവരിൽ പലരും പല പാട്ടുകൾ രചിച്ചിട്ടുമുണ്ടു്. തിരുക്കുറലിലുള്ള
“എല്ലാ വിളക്കും വിളക്കല്ല, ചാൻറൊക്ക്
പ്പൊയ്യാ വിളക്കേ വിളക്കു്”
(അതായതു് എല്ലാ വിളക്കുകളും ജ്ഞാനികളുടെ ദൃഷ്ടിയിൽ വിളക്കുകളാകുകയില്ല; സത്യാത്മകമായ വിളക്കുമാത്രമേ വിളക്കാകുകയുള്ളു) ഇത്യാദിയായ ഓരോ പാട്ടും തിരുവള്ളുവർ ഒരു തികഞ്ഞ ജ്ഞാനിയാണെന്നു പ്രത്യക്ഷപ്പെടുത്തുന്നുണ്ടു്. മുകളിൽ പ്രസ്താവിച്ച സംഗതികളിൽ നിന്നു് തിരുവള്ളുവരും കാരയ്ക്കലമ്മയെപ്പോലെ മക്കത്തുപോയ ചേരമാൻ പെരുമാളുടെ കാലത്തു ജീവിച്ചിരുന്നു എന്നു് വിശ്വസിക്കാം.
ചെങ്ങന്നൂർക്ഷേത്രം, തിരുവില്ല്വാ ക്ഷേത്രം മുതലായ പലക്ഷേത്രങ്ങളും പണിത ഒരു പ്രസിദ്ധനായ തച്ചശ്രേഷ്ഠനാണല്ലോ ഉളിയന്നൂർ പെരുന്തച്ചൻ. ഇദ്ദേഹത്തിന്റെ സ്വദേശം ആലുവായ്ക്കടുത്തുള്ള ഉളിയന്നൂരാണെന്നു് വിശ്വസിക്കാം. സുപ്രസിദ്ധങ്ങളായ 64 പ്രാചീന നമ്പൂതിരി ഗ്രാമങ്ങളിൽ ഒന്നാണു് ഉളിയന്നൂർ. ഇദ്ദേഹത്തിന്റെ അത്ഭുതകരങ്ങളായ പണികളെപ്പറ്റി പല കഥകളുമുണ്ടു്. ഉദാഹരണമായി കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പ്രസ്താവിച്ചിട്ടുള്ള ഒരു കഥമാത്രം പറയാം. ഉളിയന്നൂരിലെ ക്ഷേത്രക്കുളം പെരുന്തച്ചൻ നിർമ്മിച്ചതാണു്. കുളം കുഴിച്ചു കല്ലുകെട്ടിത്തുടങ്ങിയപ്പോൾ, ഊരാണ്മക്കാരിൽ ചിലർ അതു് നീളത്തിലായിരിക്കണമെന്നും, മറ്റു ചിലർ അതു് ചതുരത്തിലായിരിക്കണമെന്നും വേറെ ചിലർ അതു വട്ടത്തിലായിരിക്കണമെന്നും ശഠിക്കുകയുണ്ടായി. അപ്പോൾ പെരുന്തച്ചൻ അവരെ എല്ലാവരെയും തൃപ്തിപ്പെടുത്താനായി കുളത്തിന്റെ ഒരു വശത്തുനിന്നു നോക്കിയാൽ അതു നീളത്തിലാണെന്നും, മറ്റൊരു വശത്തുനിന്നു നോക്കിയാൽ അതു ചതുരത്തിലാണെന്നും, വേറൊരു വശത്തുനിന്നു നോക്കിയാൽ അതു വട്ടത്തിലാണെന്നും തോന്നിക്കുന്ന ഒരു കുളം നിർമ്മിച്ചു എന്നും, ഈ കുളത്തിലിറങ്ങിയാൽ ഇപ്പോഴും ആർക്കും തന്നെ കിഴക്കും പടിഞ്ഞാറും അറിയാൻ പാടില്ലാതെയാണിരിക്കുന്നതെന്നും, അതിനാൽ സന്ധ്യാവന്ദനങ്ങൾക്കു് ബ്രാഹ്മണർ ഇതിനെ ഉപയോഗിക്കാറില്ലെന്നുമാണു് പ്രസ്തുത കഥ. നസംഗനെന്ന ബൗദ്ധപ്പെരുമാൾ അംഗവൃദ്ധിപുരമെന്ന ഒരു നഗരം സ്ഥാപിച്ചുവെന്നും, ഇദ്ദേഹം 36 കൊല്ലത്തെ ഭരണം കഴിഞ്ഞു് മക്കദേശത്തേക്കുപോയെന്നും കേരളമാഹാത്മ്യം പ്രസ്താവിക്കുന്നുണ്ടു്. ഈ നസംഗൻ മക്കത്തുപോയ ചേരമാൻ പെരുമാളാണു്. ഭാസ്കരരവിവർമൻ എന്നു പേരുള്ള ഈ പെരുമാൾ ഉത്തരതിരുവിതാംകൂറിൽ തൃക്കാക്കര ഒരു ക്ഷേത്രം സ്ഥാപിച്ചു് അവിടെ ഇരുപത്തിയെട്ടു് ദിവസം കർക്കടകത്തിലും ചിങ്ങത്തിലുമായി ഓണം ആഘോഷിക്കണമെന്നു് ഏർപ്പാടു് ചെയ്യുകയുണ്ടായി എന്നൊരു ഐതിഹ്യമുണ്ടു്. അതിനാൽ ഇദ്ദേഹം സ്ഥാപിച്ച തൃക്കാക്കര നഗരത്തിനാണു് കേരളമാഹാത്മ്യം അംഗവൃദ്ധിപുരമെന്ന പേരു നൽകിയിരിക്കുന്നതെന്നു് അനുമാനിക്കാം. തൃക്കാക്കരക്ഷേത്രത്തിന്റെ പണി പൂർത്തിയായതു് എ. ഡി. 603-ലാണെന്നു് അവിടത്തെ ഒരു ശിലാലേഖനത്തിൽ പ്രസ്താവിച്ചിട്ടുള്ളതിനാൽ തൃക്കാക്കര നഗരത്തിന്റെ സ്ഥാപനം അതിനൽപ്പം മുമ്പായിരുന്നുവെന്നും വിശ്വസിക്കാം. തന്റെ ജീവിതത്തിന്റെ ആദിമധ്യകാലങ്ങളിൽ പെരുമാൾ അതിഭക്തനായ ഒരു ഹിന്ദുവായിരുന്നുവെന്നും, ഭരദ്വാജഗോത്രത്തിൽപ്പെട്ട തന്റെ പുരോഹിതനെക്കൊണ്ടു് ഇദ്ദേഹം പല യാഗങ്ങൾ നടത്തിയെന്നും പതിറ്റിപ്പത്തിൽ പ്രസ്താവിച്ചിരിക്കുന്നു. അന്ത്യകാലത്തു തന്റെ ഭാര്യയുടെ പാതിവ്രത്യഭംഗത്തിനു ശേഷമാണു് ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചു മക്കത്തേക്കു പോയതു്.
തൃക്കാക്കരയ്ക്കു് അഞ്ചുമൈൽ കിഴക്കായി കല്ലുകൊണ്ടു് കെട്ടിയ ഒരു ഗുഹ ഇന്നും കാണാവുന്നതാണു്. പാണ്ഡവന്മാരുടെ അരക്കില്ലമാണെന്നു് അവിടുത്തുകാർ ചിലർ പറയുന്നു. ഇപ്പോൾ തടുക്കുകല്ലുകൊണ്ടു് കെട്ടിയടച്ചിട്ടുള്ള ഈ ഗുഹ ആലുവാപ്പുഴയ്ക്കു് അക്കരെയുള്ള ഉളിയന്നൂർ ചെന്നവസാനിക്കുന്നു എന്നും, ഇതു് ഉളിയന്നൂർ തച്ചൻ പണിതതാണെന്നുമുള്ള ഐതിഹ്യമാണു് കുടുതൽ വിശ്വാസയോഗ്യമായിട്ടുള്ളതു്. ഈ ഗുഹ പണിതതു തൃക്കാക്കരനഗരം മക്കത്തുപോയ ചേരമാൻ പെരുമാൾ സ്ഥാപിച്ച കാലത്താണെന്നു വിശ്വസിക്കാം. അന്നു് ഈ ഗുഹയിരിക്കുന്ന സ്ഥലം വിസ്താരമേറിയ തൃക്കാക്കരനഗരത്തിന്റെ പ്രാന്തത്തിലായിരുന്നിരിക്കണം. തൃക്കാക്കര ക്ഷേത്രം പണിതതും ഉളിയന്നൂർ പെരുന്തച്ചനായിരിക്കാനിടയുണ്ടു്.
പെരുന്തച്ചന്റെ സ്വദേശമായ ഉളിയന്നൂരിനടുത്തുള്ള ക്രിസ്ത്യാനികളായ മരമറുപ്പുകാർ അദ്ദേഹത്തെപ്പറ്റി പറഞ്ഞുവരുന്ന കഥകൾ അധികമാളുകൾ അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. ഇവ അദ്ദേഹത്തിന്റെ മഹത്വത്തെയും മതത്തെയും പറ്റി അറിവു തരുന്നതിനാൽ ഇവയെ അൽപ്പം വിസ്തരിച്ചു് ഇവിടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. പെരുന്തച്ചന്റെ കാലത്തിനുമുമ്പു് ഭാരതീയർ മരം അറുത്തിരുന്നതു് ഉളികൊണ്ടു് ചെത്തിയായിരുന്നു എന്നും, പെരുന്തച്ചനാണു് ഇദംപ്രഥമമായി അറുപ്പുവാൾ ഉപയോഗിച്ചു തുടങ്ങിയതെന്നും, മരമറുക്കുവാൻ തടികേറ്റി വയ്ക്കുന്ന സമ്പ്രദായം ആദ്യമായി പ്രയോഗിച്ചതും അദ്ദേഹമാണെന്നുമാണു് ഇവർ പറയുന്നതു്. തങ്ങളുടെ ഗുരുവായ പെരുന്തച്ചൻ മരമറുക്കുന്ന ജോലി ഏറ്റെടുത്തു. ക്രിസ്ത്യാനികളായ അറുപ്പുകാരെക്കൊണ്ടു് ആ ജോലി നടത്തിച്ചു്, അവർക്കു് ദിവസക്കൂലിയായി കുറെ മരപ്പൊടി വാരിക്കൊടുക്കുകയായിരുന്നു പതിവു്. ഈ മരപ്പൊടി അവർ പെരുന്തച്ചന്റെ കയ്യിൽ നിന്നു വാങ്ങുമ്പോൾ അതു്, ഒരു ചെറിയ സ്വർണ്ണക്കഷണമായി പരിവർത്തിച്ചിരുന്നു. ഇതു് കമ്പോളത്തിൽ കൊണ്ടുചെന്നു വിറ്റു സാമാനങ്ങൾ വാങ്ങിയാണു് അറുപ്പുകാർ തങ്ങളുടെ നിത്യവൃത്തി കഴിച്ചുവന്നതു്. ഒരിക്കൽ അത്യാഗ്രഹം നിമിത്തം മരമറുപ്പുകാർ പെരുന്തച്ചനറിയാതെ കുറെയധികം മരപ്പൊടി ഒളിച്ചുവാരിക്കൊണ്ടുപോയി. എന്നാൽ അതു് സ്വർണ്ണമായി ഭവിച്ചില്ല. പിറ്റേദിവസം ജോലിക്കു ചെന്നപ്പോൾ പെരുന്തച്ചൻ അവരെ ആ കള്ളപ്രവൃത്തിയ്ക്കു് ശാസിക്കുകയും മേലാൽ അങ്ങനെ പ്രവർത്തിക്കരുതെന്നു് ഉപദേശിക്കുകയും ചെയ്തു.
ക്രിസ്ത്യാനികളായ മരമറുപ്പുകാർ പെരുന്തച്ചനെ ഒരു സിദ്ധനായി കരുതി വന്നിരുന്നതിനാൽ, അദ്ദേഹം ഒരു ക്രിസ്ത്യാനിയായിരുന്നു എന്നനുമാനിക്കാം. പെരുന്തച്ചനെപ്പറ്റിയുള്ള മറ്റൊരു കഥയും അദ്ദേഹം ഏകദൈവവിശ്വാസിയായ ഒരു ക്രിസ്ത്യാനിയാണെന്നു കാണിക്കുന്നുണ്ടു്. ഒരു ദിവസം രാവിലെ പെരുന്തച്ചൻ സഹോദരനായ മേളത്തൂരഗ്നിഹോത്രിയെ കാണാനായി അദ്ദേഹത്തിന്റെ ഇല്ലത്തു ചെന്നു. അപ്പോൾ അഗ്നിഹോത്രി സഹസ്രാവൃത്തി കഴിക്കയാണെന്നു തച്ചൻ അറിഞ്ഞു. ഉടനെ ഇല്ലത്തിന്റെ മുമ്പിൽ നിലത്തിരുന്നു് തച്ചൻ ഒരു ചെറിയ കുഴി കുഴിച്ചു. കുറേനേരം കഴിഞ്ഞു് വീണ്ടും അന്വേഷിച്ചപ്പോൾ, അഗ്നിഹോത്രി ആദിത്യനമസ്കാരം ചെയ്തുകൊണ്ടിരിക്കയാണെന്നു് തച്ചൻ മനസ്സിലാക്കി. അപ്പോഴും പെരുന്തച്ചൻ മറ്റൊരു ചെറിയ കുഴി കുഴിച്ചു. പിന്നെയും അന്വേഷിച്ചപ്പോൾ, അഗ്നിഹോത്രി ഗണപതിഹോമം ചെയ്കയാണെന്നു തച്ചൻ അറിഞ്ഞു. അപ്പോഴും തച്ചൻ മറ്റൊരു ചെറിയ കുഴി കുഴിക്കുകയാണു് ചെയ്തതു്. ഇങ്ങനെ ഉച്ചയാകുന്നതുവരെ പെരുന്തച്ചൻ അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴെല്ലാം അഗ്നിഹോത്രി വിഷ്ണുപൂജ, ശിവപൂജ മുതലായവ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഒടുക്കം ഇതെല്ലാം അവസാനിച്ചതിനുശേഷം അഗ്നിഹോത്രി പെരുന്തച്ചന്റെ സമീപത്തു വന്നു കുശലപ്രശ്നം ചെയ്തു തുടങ്ങി. അപ്പോൾ, ഞാനും ഇവിടെ വെറുതെയിരുന്നില്ല. അനേകം കുഴികൾ കുഴിച്ചു. പക്ഷേ, ഒന്നിലും വെള്ളം കണ്ടില്ല. “ഇത്രയും നേരം കൊണ്ടു് അനേകം കുഴികൾ കുഴിക്കാതെ ഒരു കുഴിമാത്രം കുഴിച്ചിരുന്നുവെങ്കിൽ ഇപ്പോൾ വെള്ളം കാണുമായിരുന്നു”, എന്നു പെരുന്തച്ചൻ പറഞ്ഞു. അനേകം ഈശ്വരൻമാരെ ഭജിക്കുന്നതു് പാഴ് വേലയാണെന്നും, ഒരീശ്വരനെ നല്ലപോലെ സേവിച്ചാൽ മതിയെന്നുമാണു് പെരുന്തച്ചൻ സൂചിപ്പിച്ചതെന്നു് അഗ്നിഹോത്രി ഉടൻ മനസ്സിലാക്കി. അപ്പോൾ അഗ്നിഹോത്രി പറഞ്ഞു: “പല കുഴികളായാലും അവ പതിവായി കുറേശെ കുഴിച്ചാൽ കുറേക്കാലംകൊണ്ടു് എല്ലാറ്റിലും വെള്ളം കാണാം. അവയുടെ അടിയിലുള്ള ഉറവുകൾക്കു് പരസ്പരം ബന്ധമുള്ളതിനാൽ, എല്ലാറ്റിന്റെയും ചുവടു് ഒന്നുതന്നെയാണെന്നു് വിശ്വസിക്കാം.” ഇതിനു പെരുന്തച്ചൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “ചുവടു് എല്ലാറ്റിനും ഒന്നാണെന്നതും സംഗതി മറക്കാതെയിരുന്നാൽ മതി. പിന്നെ എത്രവേണെങ്കിലും കുഴിക്കാം. എല്ലാറ്റിലും വെള്ളം കാണും.”
പ്രാചീനാചാരങ്ങൾ ഇന്നും കൈവെടിയാതെയിരിക്കുന്ന ചില സുറിയാനി ക്രിസ്ത്യാനി കുടുംബക്കാരുടെ കല്യാണവേളകളിൽ ‘പാണൻവരവു്’ എന്നൊരു ചടങ്ങുകൂടി കാണുന്നുണ്ടു്. അതിഥികൾ വന്നു കല്യാണപന്തലിൽ ഇരുന്നതിനുശേഷം, പാക്കനാർ എന്നും, പാണൻ എന്നും പേരുകളുള്ള ജാതിയിലൊരുത്തൻ പന്തലിൽവന്നു് ക്രിസ്ത്യാനികളുടെ പണ്ടത്തെ പദവികളെ കീർത്തിച്ച ‘തിരുവരങ്കൻ പാട്ടു്’ എന്നു പേരുള്ള ഒരുപാട്ടു് പാടുന്നതാണതു്. ഒരു ചേരമാൻ പെരുമാൾ തങ്ങളുടെ ജാതിധർമത്തെ ലംഘിച്ചു് ഒരു വിവാഹം നടത്തി എന്ന കാരണത്താൽ ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ എന്നീ നായ്ങ്കുടി പരിഷകൾ കേരളത്തിൽ നിന്നു് ഈഴനാട്ടിലേക്കു് പോയ്ക്കളഞ്ഞതും, ആ പെരുമാളിന്റെ മന്ത്രിയും, ഒരു ക്രിസ്ത്യാനിത്തലവനുമായ ക്നായിത്തൊമ്മൻ പെരുമാളിന്റെ കൽപ്പനപ്രകാരം തിരുവരങ്കൻ എന്ന ഒരു പാണനോടുകൂടി ഈഴനാട്ടിൽ ചെന്നു് പ്രസ്തുത നായ്ങ്കുടി പരിഷകളെ തിരിച്ചു വിളിച്ചു കൊണ്ടുവന്നതും, ഈഴവരും അവരോടൊന്നിച്ചു കേരളത്തിലേക്കു പോന്നതും, ഇതിനു് ക്നായിത്തൊമ്മൻ പെരുമാൾ പല സമ്മാനങ്ങളും നൽകിയതുമാണു് ഈ പാട്ടിന്റെ വിഷയം. ഈ ചരിത്രം പാടി പതിവായി സമ്മാനം വാങ്ങിക്കൊള്ളുന്നതിനു് ക്നായിത്തൊമ്മൻ പാക്കനാർക്കു് അവകാശം കൊടുത്തു എന്നും പറഞ്ഞുവരുന്നുണ്ടു്. ആശാരിമാർക്കും ക്രിസ്ത്യാനികൾക്കും തമ്മിലുണ്ടായിരുന്ന ഈ പ്രാചീനബന്ധവും ഉളിയന്നൂർ പെരുന്തച്ചൻ ഒരു ക്രിസ്ത്യാനിയായിരുന്നു എന്ന ഊഹത്തെ പിന്താങ്ങുന്നുണ്ടു്. പോർച്ചുഗീസുകാരുടെ വരവുവരെ മതവിശ്വാസത്തിലൊഴിച്ചു് കേരളത്തിലെ ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ആചാരജീവിത വിദ്യാഭ്യാസരീതികൾക്കു തമ്മിൽ യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ലെന്നുള്ള സംഗതിയും ഇവിടെ സ്മരണീയമാണു്. അതിനാൽ ഒരു ക്രിസ്ത്യാനിയാകയാൽ പെരുന്തച്ചൻ ഭാരതീയ തച്ചുശാസ്ത്രത്തിൽ നൈപുണ്യമുണ്ടാവാനിടയില്ലെന്നു വിചാരിക്കുന്നതു് ശരിയല്ല.
പ്രസ്തുത തിരുവരങ്കൻ പാട്ടിൽ പ്രസ്താവിച്ചിട്ടുള്ള ഒരു ചരിത്രസംഭവത്തിൽ നിന്നു് ക്നായിത്തൊമ്മനെ മന്ത്രിയാക്കി വച്ചു കൊണ്ടിരുന്ന പെരുമാൾ മക്കത്തുപോയ ചേരമാൻ പെരുമാളാണെന്നു് അനുമാനിക്കാം. ക്നായിത്തൊമ്മൻ കമ്മാളരെ കൂട്ടിക്കൊണ്ടുവരുന്നതിനായി ഈഴത്തിലേക്കു് പോകുമ്പോൾ,
“പകുതിവഴി ചെന്നാൽ മക്കത്തെ ജോനകരുണ്ടു
മിന്നിയിൽ നല്ല ക(ണ്ണ)മ്മാളരുമായി യുദ്ധം ചെയ്യുന്നു”
എന്ന സംഭവം അദ്ദേഹം കണ്ടതായി തിരുവരങ്കൻ പാട്ടിൽ പറഞ്ഞിരിക്കുന്നു. പാട്ടിൽനിന്നു് മുകളിൽ ഉദ്ധരിച്ച വരികളിൽ പ്രസ്താവിക്കുന്ന ചില പേരുകൾ ശരിയല്ലെന്നു് ഇതിന്റെ മറ്റൊരു കയ്യെഴുത്തു പ്രതിയെ ആസ്പദിച്ചു് മി. ഇ. ഐ. ചാണ്ടി 1924-5-8-ലെ മലയാള മനോരമയിൽ എഴുതിയിരുന്ന ഒരു ലേഖനത്തിൽനിന്നു് മനസ്സിലാക്കാം. ഇതിൽ അന്നു് മക്കത്തെ ജോനകർ പട വെട്ടിക്കൊണ്ടിരുന്നതു് മാന്ദിയിലെ ചണ്ഡാളരുമായിട്ടാണെന്നു് പ്രസ്താവിച്ചിരിക്കുന്നു. ഇതാണു് ശരിയായ പാഠമെന്നു് വിശ്വസിക്കുവാൻ കാരണമുണ്ടു്. മാരുവിനദിയുടെ മുഖത്തിനു സമീപിച്ചു് സ്ഥിതിചെയ്യുന്ന ശോവാനഗരത്തെ പണ്ടു് ചണ്ഡരാജവംശം എന്നൊരു രാജവംശം ഭരിച്ചിരുന്നു എന്നു സ്ഥാപിക്കുന്ന രേഖകളുണ്ടു്. ഈ ചണ്ഡരാജവംശത്തിൽപ്പെട്ടവനും, ചണ്ഡമഹാസേനന്റെ പുത്രനുമായ ഗോപാലദേവന്റെ ഒരു ചെപ്പേടു് വടക്കേ കാനറജില്ലയിൽ നിന്നു കണ്ടുപിടിച്ചിട്ടുമുണ്ടു്. തിരുവരങ്കൻ പാട്ടിലെ മാന്ദി ഗോവയ്ക്കു സമീപമുള്ള മാന്ദവിനദിയും അതിലെ ചണ്ഡാളർ ഇതിനെ ഭരിച്ചിരുന്ന ചണ്ഡരാജവംശവുമാകുന്നു. ചണ്ഡാളർ, അതായതു് ചണ്ഡവംശത്തിൽപ്പെട്ട ആളുവർ, അഥവാ നാടുവാഴികൾ എന്നതിനെ തെറ്റിദ്ധരിച്ചു് കണ്ണിമ്മാളർ എന്നാക്കിയതിനാലായിരിക്കും മുകളിലുദ്ധരിച്ച പാഠത്തിനു തെറ്റുവന്നു പോയതു്. എ. ഡി. 632 മുതൽക്കു് 644 വരെ നാടുവാണിരുന്ന സുപ്രസിദ്ധ ഖലീഫയായ ഒമർ മഹാന്റെ കാലത്താണു് മുസ്ലീം അറബികൾ ആദ്യമായി ഭാരതത്തിന്റെ പശ്ചിമതീരങ്ങളെ ആക്രമിച്ചതു്. ഈ ആക്രമണവും, അതിനെ അന്നത്തെ ഒരു വലിയ നാവികശക്തിയായ ഗോവയിലെ ചണ്ഡരാജാക്കന്മാർ ചെറുക്കുവാൻ ശ്രമിച്ചതു നിമിത്തമുണ്ടായ കടൽയുദ്ധങ്ങളുമാണു് തിരുവരങ്കൻ പാട്ടിൽ പ്രസ്താവിച്ചിരിക്കുന്നതു്. ഈ കാലം മക്കത്തുപോയ ചേരമാൻ പെരുമാളിന്റെ അന്ത്യകാലവുമാണല്ലോ.
പശ്ചിമേഷ്യയിൽ നിന്നു് കുറേ സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങളെ കേരളത്തിൽ കൊണ്ടുവന്നു കുടി പാർപ്പിച്ച സുപ്രസിദ്ധനായ ക്നായിത്തൊമ്മനു കേരളീയ ക്രിസ്ത്യാനീയൈതിഹ്യം നൽകിയിട്ടുള്ള കാലം ‘ശോവാല’ അതായതു് എ. ഡി. 345 ആകുന്നു. ഈ കാലം തന്നെ കേരളം തന്റെ ബന്ധുക്കൾക്കും ആശ്രിതർക്കും വീതിച്ചുകൊടുത്ത ചേരമാൻ പെരുമാളിനും ‘ഭൂവിഭാഗം’ എന്ന കലിസാഖ്യാവാക്യം കൊണ്ടു് കേരളീയ ഹിന്ദുവൈതിഹ്യം നൽകിയിരിക്കുന്നു. എന്നാൽ ഈ പെരുമാൾ തന്നെ എ. ഡി. ഏഴാംശതാബ്ദത്തിന്റെ പ്രാരംഭത്തിൽ മാത്രം സ്ഥാപിച്ച ഇസ്ലാംമതം സ്വീകരിച്ചു് മക്കത്തേക്കുപോയി എന്നുള്ള ഐതിഹ്യവും പ്രസ്തുതകാലവും തമ്മിൽ പൊരുത്തപ്പെടുന്നില്ല. അതിനാൽ ഈ കാലഗണനയിലോ, അതിന്റെ വ്യാഖ്യാനത്തിലോ എന്തോ പിശകുണ്ടെന്നുള്ളതു് നിശ്ചയമാണു്. വാസ്തവത്തിൽ ഈ കാലഗണനത്തിന്റെ വ്യാഖ്യാനത്തിലാണു് തെറ്റുവന്നിട്ടുള്ളതു്. ദെ കുതോ (Diogo de Couto) എന്ന പോർട്ടുഗീസ് ഗ്രന്ഥകാരൻ തന്റെ കൃതിയായ Das Asia എന്ന ചരിത്രഗ്രന്ഥത്തിൽ ഈ പെരുമാളിന്റെ കാലത്തെപ്പറ്റി പ്രസ്താവിക്കുന്ന ഭാഗത്തിൽ, കോഴിക്കോട്ടു് ബ്രാഹ്മണർ അദ്ദേഹത്തിനു നൽകിയിട്ടുള്ള കാലം എ. ഡി. 588 ആണെന്നു് പ്രസ്താവിച്ചിരിക്കുന്നു. ഇതിൽനിന്നു് പ്രാചീനകേരളത്തിൽ കൊല്ലവർഷസ്ഥാപനത്തിനു മുമ്പു് രണ്ടുതരം കാലഗണനകൾ പ്രചാരത്തിലിരുന്നു എന്നനുമാനിക്കാം. ഇവയ്ക്കുതമ്മിൽ ദെ കുതോയുടെ വാക്കുകളിൽ നിന്നു്, 240 കൊല്ലത്തോളം അന്തരമുണ്ടെന്നു കാണാമല്ലോ. ഈ 240 എ. ഡി.യിൽ ആരംഭിച്ച ത്രികൂടാബ്ദം, അഥവാ, കളച്ചുരിശബ്ദം നടപ്പിലിരുന്നു എന്നു വിചാരിക്കാൻ കാരണങ്ങൾ ഈ ലേഖകൻ കണ്ടുപിടിച്ചിട്ടുണ്ടു്. ഇവയെ വിവരിക്കുവാൻ ഇവിടെ സ്ഥലമില്ല. ഒരു സംഗതി മാത്രം ചൂണ്ടിക്കാണിക്കാം. കേരളത്തെ പണ്ടു ഭരിച്ചിരുന്ന മൂഷികവംശത്തിലെ രാജാക്കന്മാർ ഹൈഹയവംശത്തിൽ, അതായതു് കളച്ചുരി വംശത്തിൽപ്പെട്ടവരായിരുന്നു എന്നു് മൂഷികവംശകാവ്യം പ്രസ്താവിക്കുന്നുണ്ടു്. അതിനാൽ അന്നു് ഇവിടെ കളച്ചുരി അബ്ദവും പ്രചാരത്തിലിരുന്നിരുന്നു എന്നു ന്യായമായി വിചാരിക്കാവുന്നതാണു്.
മുകളിൽ വിവരിച്ച സംഗതികളിൽ നിന്നു് കൊല്ലവർഷസ്ഥാപനത്തിനു മുമ്പു് കേരളത്തിൽ പ്രചാരത്തിലിരുന്ന രണ്ടു കാലഗണനകൾ കല്യബ്ദവും, കളച്ചുരി അബ്ദവും, അഥവാ കൂടാബ്ദവുമാണെന്നു് മനസ്സിലാക്കാം. അതിനാൽ ഈ കളച്ചുരി അബ്ദത്തിന്റെ കാലമായ 249 കൂടി ക്നായിത്തൊമ്മനു നൽകിയിട്ടുള്ള കാലത്തോടു് കൂടുമ്പോൾ അദ്ദേഹത്തിന്റെ സൂക്ഷ്മകാലമായ എ. ഡി. 594 ലഭിക്കും. ഇതു് മക്കത്തുപോയ പെരുമാളിന്റെ വാഴ്ചയുടെ പ്രാരംഭകാലമാണു താനും. ഈ സംഗതികളിൽ നിന്നു് ഉളിയന്നൂർ പെരുന്തച്ചൻ ഒന്നുകിൽ ക്നായിത്തൊമ്മനോടുകുടി സിറിയയിൽ നിന്നു വന്ന ഒരു ശിൽപ്പിയോ, അല്ലെങ്കിൽ പെരുന്തച്ചൻ ക്നായിത്തൊമ്മൻ ഇവിടെ കൊണ്ടുവന്നിരുന്ന ശിൽപ്പികളുടെ ശിഷ്യനോ ആയിരുന്നിരിക്കാമെന്നും വിചാരിക്കാം.
അഷ്ടാഢ്യന്മാരുടെ ഇല്ലങ്ങളിൽ ഒന്നാണു് മേഴത്തോളുള്ള ഇല്ലം. ഇതു് പൊന്നാനിത്താലൂക്കിൽ മേഴത്തോളരംശത്തിൽ സ്ഥിതിചെയ്തിരുന്നു എന്നു പറയപ്പെടുന്നു. ഈ അഗ്നിഹോത്രിയുടെ അന്തർജനത്തിന്റെ വക ഒരു താലത്തിൽ നിന്നു് തൃത്താലക്ഷേത്രത്തിലെ ബിംബം ഉണ്ടായി എന്നൊരൈതിഹ്യമുണ്ടു്. മേഴത്തോളഗ്നിഹോത്രിയുടെ കാലത്തെ കുറിക്കുന്ന കലിവാക്യം കേരളത്തിലെ ഐതിഹ്യപ്രകാരം ‘യജ്ഞസ്ഥാനം സംരക്ഷ്യ’ എന്നാണു്. ഇതു് എ. ഡി. 379 ആകുന്നു. മുകളിൽ പ്രസ്താവിച്ചിട്ടുള്ള തത്വമനുസരിച്ചു് ഇതിനോടു് ത്രൈകൂടാബ്ദസംഖ്യ കൂട്ടിയാൽ മാത്രമേ അദ്ദേഹത്തിന്റെ സൂക്ഷ്മമായ കാലം കിട്ടുകയുള്ളു. ഇങ്ങനെ കൂട്ടിയാൽ അദ്ദേഹത്തിന്റെ കാലം എ. ഡി. 628-ൽ ആയി വരും. അഗ്നിഹോത്രിയുടെ കാലത്തെ കുറിക്കുന്ന വാക്യം കേരളത്തിലെ പതിവനുസരിച്ചു് അന്നു നടന്ന ഒരു പ്രധാനസംഭവത്തെ സൂചിപ്പിക്കുന്നുമുണ്ടു്. യജ്ഞസ്ഥാനം സംരക്ഷിക്കേണ്ട ആവശ്യം ഒരു പ്രബലനായ രാജാവു് ഒരു ഹൈന്ദവേതരമതം സ്വീകരിക്കുമ്പോൾ ഉണ്ടായേക്കാം. അഗ്നിഹോത്രിയുടെ കാലത്തുണ്ടായ മതപരിവർത്തനം ഇസ്ലാംമതം സ്വീകരിച്ച പെരുമാളിന്റേതാണു്. മലബാറിലെ മാപ്പിളമാരുടെ ഐതിഹ്യമനുസരിച്ചു് ഈ മതപരിവർത്തനം നടന്നതു് എ. ഡി. 628-ലാണു്. ഈ ആണ്ടുതന്നെ മേഴത്തോളഗ്നിഹോത്രിയുടെ കാലത്തിന്റെ പ്രസ്തുതവാക്യവും അതിനെ ശരിയായി വ്യാഖ്യാനിച്ചാൽ സൂചിപ്പിക്കുന്നതായി കാണാം.
തിരുവരങ്കത്തു പാണനാർ പ്രസിദ്ധരായ പന്ത്രണ്ടു വൈഷ്ണവ ആഴ്മാർമാരുടെ കൂട്ടത്തിൽപ്പെട്ട തിരുപ്പാണാൾവാരാണെന്നു തോന്നുന്നു. പഞ്ചമജാതിയിൽ ജനിച്ച ഈ ആൾവാരുടെ പേർ അരങ്കനെന്നും, ജനനസ്ഥലം പ്രാചീന ചോളരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഉറൈയുരും (ത്രച്ചിനാപ്പള്ളി) ആണു്. ശ്രീരംഗക്ഷേത്രത്തിലെ ദൈവത്തെ ക്ഷേത്രപ്രവേശനമില്ലാത്ത അരങ്കൻ എന്ന പഞ്ചമയുവാവു് ദിവസവും ദൂരെ നിന്നു വന്ദിക്കുന്നതുകണ്ടു്, അന്നത്തെ ചോളരാജാവായ ധർമ്മവർമ്മന്റെ പുത്രി അതിനെപ്പറ്റി ശ്രീരംഗ ക്ഷേത്രത്തിലെ ദേവനോടു് സങ്കടം പറഞ്ഞുവെന്നും ഉടനെ ആ ദേവൻ ശ്രീലോകസാരംഗമഹാമുനിയെ തന്റെ സമീപത്തു കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞയച്ചു എന്നും ഇങ്ങനെ അദ്ദേഹം സായൂജ്യമടഞ്ഞു എന്നുമാണു് വൈഷ്ണവൈതിഹ്യം. പറയിപെറ്റ പന്തിരുകുലത്തിന്റെ സമകാലീനനായി ഇദ്ദേഹവും ജീവിച്ചിരുന്നു എന്നു് വിചാരിക്കാവുന്നതാണു്. ആദി ആഴ്‌വാർമാരായ പൊയ്ക്കൈ, പൂതം, തിരുമലിശൈ എന്നിവരുടെ കാലത്തിനുശേഷമാണു് വൈഷ്ണവൈതിഹ്യം തിരുപ്പാണാൾമാരെ സ്ഥാപിച്ചിരിക്കുന്നതു്. ആദിആൾമാർമാരുടെ കാലം എ. ഡി. 6-ാം ശതാബ്ദത്തിന്റെ ഉത്തരാർധമാണെന്നു വിചാരിക്കുവാൻ കാരണമുണ്ടു്. അതിനാൽ തിരുപ്പാണാൾമാരെ മക്കത്തുപോയ ചേരമാൻ പെരുമാളുടെ സമകാലീനനാക്കി എ. ഡി. ഏഴാം ശതാബ്ദത്തിന്റെ പൂർവ്വാർധത്തിൽ സ്ഥാപിക്കുന്നതു് വൈഷ്ണവൈതിഹ്യത്തിനു വിരുദ്ധമായിരിക്കുന്നതുമല്ല.
പറയിപെറ്റ പന്തിരുകുലത്തിന്റെ ശേഷിച്ചവരെക്കുറിച്ചു് നമുക്കു് സാരമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവരും മക്കത്തുപോയ പെരുമാളിന്റെ സമകലീനരായിരുന്നു എന്നനുമാനിക്കാം. മുറം ഉണ്ടാക്കി വിറ്റു് ഉപജീവനം കഴിച്ചുവന്ന പാക്കനാർ പറയകുലത്തിൽപ്പെട്ട ഒരു യോഗിയായിരുന്നു എന്നാണു് ഐതിഹ്യം. പൊന്നാനിത്താലൂക്കിലെ തൃത്താലയിൽ നിന്നു് പുതിയങ്ങാടിയിലേക്കു് പോകുന്ന വഴിക്കു് പാക്കനാരുടെ ശ്മശാനം കാണാമെന്നു പറയപ്പെടുന്നു. ഒരുപക്ഷേ, ഇദ്ദേഹം ഒരു ബുദ്ധമതക്കാരനായിരുന്നിരിക്കാം. നാറാണത്തുഭ്രാന്തൻ ജാതിയിൽ ഉള്ളതും ഒരു ജ്യോതിശ്ശാസ്ത്രജ്ഞനുമാണെന്നു് ഒരൈതിഹ്യമുണ്ടു്. നാറാണം എന്ന ഗ്രാമം വടക്കൻ പറവൂർ താലൂക്കിലെ പുത്തൻ ചിറക്കു് സമീപമാണു് സ്ഥിതിചെയ്യുന്നതു്. ഇദ്ദേഹത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളിൽ നിന്നു്, ഇദ്ദേഹം ഒരാജീവകമതക്കാരനാണെന്നു ഊഹിക്കുന്നതു് ഒരുപക്ഷേ, ശരിയായിരുന്നേക്കാം. ക്രിസ്ത്വബ്ദം ഏഴാം ശതകത്തിലെ തമിഴകത്തുണ്ടായിരുന്ന പല ദർശനങ്ങളെയും വിവരിക്കുമ്പോൾ ആജീവകമതവും ഇവിടെ പ്രചാരത്തിലിരുന്നതായി മണിമേഖല പ്രസ്താവിക്കുന്നുണ്ടു്. ആജീവകമതം പുതുതായി സ്ഥാപിച്ച മാംഖലി, അഥവാ മർഖലി ഗോശാലൻ പുതിയ ജൈനമതം സ്ഥാപിച്ച വർദ്ധമാന മഹാവീരന്റെ സമകാലീനനായിരുന്നു. ജൈനമതത്തോടു പലതിലും സാദൃശ്യമുള്ളതും, എന്നാൽ അതിനെക്കാളധികം രുദ്രങ്ങളായ വ്രതാനുഷ്ഠാനങ്ങളുള്ളതുമായ ഒരു മതമാണു് ആജീവകമതം. ഇന്നു് ഇന്ത്യയിൽ ഈ മതം അവശേഷിച്ചിട്ടില്ല. അകവൂർ മനയിൽ ഭൃത്യനായി ഉപജീവിച്ചുവന്ന അകവൂർ ചാത്തൻ ഒടുക്കം മായയക്ഷിയുടെ ഒരു ക്ഷേത്രമുള്ള മദ്ധ്യ തിരുവിതാംകൂറിലെ ഓച്ചിറയിൽ വച്ചു സമാധിയടഞ്ഞു എന്ന ഐതിഹ്യത്തിൽ നിന്നു് മതത്തിൽ ഇദ്ദേഹം ഒരു ശാക്തേയനായിരുന്നു എന്നു് അനുമാനിക്കുന്നതു് ഒരുപക്ഷേ, വാസ്തവമാണെന്നു വന്നേക്കാം.
വായില്ലാക്കുന്നിലപ്പൻ പറയിപെറ്റ പന്തിരുകുലത്തിന്റെ പരദേവതയാണെന്നും, ഇദ്ദേഹത്തെ പിതാവായ വരരുചി ഒരു കുന്നിൽ പ്രതിഷ്ഠിച്ചു എന്നുമാണല്ലോ ഐതിഹ്യം. വള്ളുവനാടു് താലൂക്കിലെ കരിമ്പുഴയ്ക്കു് നാലുമൈൽ തെക്കായി വായിലാംകുന്നു് എന്നൊരംശമുണ്ടു്. ഈ സ്ഥലത്തിന്റെ പേരിന്റെ ഒരു വികൃതരൂപമായിരിക്കുമോ വായില്ലാക്കുന്നു്. ഇതു ശരിയാണെങ്കിൽ ഇദ്ദേഹം മലവർഗ്ഗക്കാരുടെ ഇടയ്ക്കു് ജനിച്ച ഒരു യോഗിയായിരുന്നിരിക്കുവാനിടയുണ്ടു്. കൊച്ചിയിലെ തെക്കൻ ചിറ്റൂരിനു സമീപമുള്ള പ്രദേശങ്ങളെ വടുതലനായർ എന്ന സ്ഥാനപ്പേരുള്ള ഒരു നാടുവാഴി പണ്ടു ഭരിച്ചിരുന്നു. ഈ കുടുംബത്തിൽപ്പെട്ട ഒരംഗമായിരുന്നിരിക്കാം പറയിപെറ്റ പന്തിരുകുലത്തിൽപ്പെട്ട വടുതലനായർ. രജകൻ, അഥവാ ചെമ്മാൻ തിരുമേനിയെ പറ്റി യാതൊരുവിവരവും നമുക്കു് ലഭിച്ചിട്ടുണ്ടെന്നു് തോന്നുന്നില്ല. ചെമ്മൻകാടു് എന്ന സ്ഥലത്തു് അഷ്ടാഢ്യന്മാരിൽ ഒരാളുടെ ഇല്ലമുണ്ടായിരുന്നു. ഇതിലെ ഒരംഗമായിരുന്നിരിക്കുമോ ചെമ്മാൻ തിരുമേനി? പറയിപെറ്റ പന്തിരുകുലത്തിലെ ശേഷിച്ച ദേഹമായ ഉപ്പുകൊറ്റൻ ഒരുപക്ഷേ, ഇസ്ലാംമതക്കാരനായിരുന്നിരിക്കുവാൻ ഇടയുണ്ടു്. ഉപ്പുകൊറ്റൻ എന്നതിന്റെ അർഥം ഉപ്പുകച്ചവടക്കാരൻ എന്നാണു്. ബിന്ദിൽനിന്നും അറേബ്യയിൽ നിന്നും ഉപ്പു കേരളത്തിൽ കൊണ്ടുവന്നു കച്ചവടം നടത്തിയിരുന്ന ഒരു മുഹമ്മദീയ കച്ചവടക്കാരനും യോഗിയും ആയിരുന്നിരിക്കാം ഇദ്ദേഹം. മക്കത്തുപോയ ചേരമാൻ പെരുമാളിനു വളരെ മുമ്പുതന്നെ അറബികൾ കച്ചവടത്തിനായി കേരളത്തിലും സിലോണിലും വന്നു പാർത്തിരുന്നു. എ. ഡി. അഞ്ചാംശതാബ്ദത്തിന്റെ പ്രാരംഭത്തിൽ സിലോൺ സന്ദർശിച്ച ചീനതീർത്ഥയാത്രക്കാരനായ ഫാഹിയാൻ സിലോണിലുള്ള സബയൻ അറബികളെക്കുറിച്ചു് പ്രസ്താവിക്കുന്നുണ്ടു്. ഉപ്പുകൊറ്റൻ എന്ന മുസ്ലീം യോഗിയും മക്കത്തുപോയ പെരുമാളുടെ സമകാലീനനായിരുന്നു എന്നു വിശ്വസിക്കാം.
സുപ്രസിദ്ധ മന്ത്രവാദിയായ കാലടിയിൽ സൂര്യഭട്ടതിരിയും മക്കത്തുപോയ ചേരമാൻ പെരുമാളുടെ സമകാലീനനായിരുന്നു എന്നു് ഐതിഹ്യമുണ്ടു്. ഇദ്ദേഹം ഒഴിച്ച ഒരു യക്ഷിയുടെ ശാലം ഹേതുവായി ചക്രശ്വാസം ചുറ്റി മരിച്ചതു് ആലുവായ്ക്കു് സമീപമുള്ള തിരുവാലൂർ ക്ഷേത്രത്തിൽ വച്ചായിരുന്നുവല്ലോ. അതിനാൽ മക്കത്തുപോയ ചേരമാൻ പെരുമാളിന്റെ കാലത്തു് തിരുവാലൂർ ക്ഷേത്രം ഉണ്ടായിരുന്നു എന്നു സിദ്ധിക്കുന്നുണ്ടു്. മധ്യകേരളത്തിലെ ചില പ്രസിദ്ധ ക്ഷേത്രങ്ങൾ പണിത ഉളിയന്നൂർ പെരുന്തച്ചൻ തന്നെയായിരിക്കാം ഒരുപക്ഷേ, തിരുവാലൂർ ക്ഷേത്രവും പണിതതു്. ഈ പെരുമാളിന്റെ കാലത്തു് ബൗദ്ധരെ വാദത്തിൽ തോൽപ്പിക്കുവാൻ കുറെ ഭട്ടർ കേരളത്തിൽ വന്നുവെന്നു് കേരളോൽപ്പത്തിയിൽ പ്രസ്താവിച്ചിട്ടുള്ളതിൽ നിന്നു് ഭട്ടമതം എന്ന മീമാംസാശാഖയുടെ സ്ഥാപകനായ കുമാരിലഭട്ടൻ കേരളത്തിൽ വന്നതു് ഈ പെരുമാളിന്റെ കാലത്തായിരുന്നു എന്നനുമാനിക്കാം.
ഒരുപക്ഷേ, രജകനോ, വടുതലനായരോ ഭട്ടമതക്കാരനായിരുന്നു എന്നു വന്നേക്കാം. ഈ സംഗതികളിൽ നിന്നു് കേരളത്തിൽ പല പ്രധാന സംഭവങ്ങളും നടന്നിരുന്ന ഒരു കാലഘട്ടമായ എ. ഡി. ഏഴാം ശതാബ്ദത്തിന്റെ പൂർവ്വാർധത്തിലാണു് പറയിപെറ്റ പന്തിരുകുലം എന്ന പേരിനാൽ അറിയപ്പെടുന്ന യോഗികൾ ജീവിച്ചിരുന്നതെന്നു പറയാവുന്നതാണു്.
1940 സെപ്തംബർ 29.