
“ഒരു ശത്രുവിനെ നേടുന്നതിനു് ഒരാൾക്കു് ഒരു വ്യക്തിമുദ്ര (പേർസണാലിറ്റി) ഉണ്ടായിരുന്നേ മതിയാവൂ. ഒരു സ്നേഹിതനെ ലഭിക്കുവാൻ സാധാരണമായി ഒരു കേക്കുണ്ടാക്കുന്നതിനു വേണ്ടിവരുന്ന സാമഗ്രികൾ—ധാരാളം വെണ്ണയും പഞ്ചസാരയും—മാത്രം മതി.” എന്നു ലേഡി ഏ. ഫോർബ്സ് പ്രസ്താവിച്ചിട്ടുണ്ടു്. ശ്രീ: തകഴി ശിവശങ്കരപിള്ള യിൽ പ്രസ്തുത വ്യക്തിമുദ്ര പൊന്തിച്ചുനിൽക്കുന്നതു നിമിത്തമാണു് അദ്ദേഹം ഇന്നത്തെ ഭാഷാസാഹിത്യകാരന്മാരിൽവെച്ചു് ഏറ്റവും അധിക്ഷിപ്തനായി ഭവിച്ചിരിക്കുന്നതും. ഇന്നത്തെ സാഹിത്യകാരന്മാർ വായനക്കാരനു് ഒരു ചവിട്ടു കൊടുത്തു് അയാളെ തന്റെ കൃതിയിലേയ്ക്കു് ആകർഷിച്ചുവരുന്നു എന്നു പാശ്ചാത്യനിരൂപകർ പറയാറുള്ളതു് തകഴിക്കും ചേരുന്നതാണു്. ഇതിനു കാരണം ഇത്തരം ഒരു സാഹിത്യകാരനായ ബെർണാഡ്ഷാ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഈ ലോകത്തിൽ നിങ്ങൾ ഒരു കാര്യം കോപപ്പെടുത്തുന്നവിധം പറഞ്ഞില്ലെങ്കിൽ, അതു് പറയാതെയിരിക്കുന്നതാണു് നല്ലതു്; എന്തുകൊണ്ടെന്നാൽ, തങ്ങളെ ശല്യപ്പെടുത്തുന്ന ഒന്നിലല്ലാതെ മറ്റൊന്നിലും ലോകർ ശ്രദ്ധപ്പതിപ്പിക്കുന്നതല്ല.”

എന്താണു് തകഴി കേരളീയരെ ശല്യപ്പെടുത്തി ധരിപ്പിച്ചുവരുന്നതു്? അവരുടെ ലൈംഗികജീവിതത്തിലെ കാപട്യം, പരസ്പരവൈരുദ്ധ്യം, അതിന്റെ ജീർണ്ണിപ്പു്. ചിന്തിപ്പിക്കുവാൻ മാത്രമായി തകഴി വർണ്ണിക്കാറുള്ള ദുഷിച്ച ലൈംഗികജീവിതകഥകളേക്കാൾ വളരെയധികം വഷളായവ കേട്ടു രസിക്കുവാൻ മദ്ധ്യകാലങ്ങളിലെ കേരളീയർക്കുണ്ടായിരുന്ന വാസന ഈയിടെ കോട്ടയത്തുവെച്ചു നടന്ന അഖിലകേരള പുരോഗമനസാഹിത്യകാരസമ്മേളനത്തിലെ ഒരു അദ്ധ്യക്ഷപ്രസംഗത്തിൽ ശ്രീ: ചങ്ങമ്പുഴ ‘ചന്ദ്രോത്സവ’ത്തിലെ ഒരു ശ്ലോകം ഉദ്ധരിച്ചു ചൂണ്ടിക്കാണിച്ചിരുന്നു. ലോകരുടെ കണ്ണിൽ മണ്ണിടാനായി പുറമേ എന്തു വേദാന്തം പുലമ്പിയാലും ശരി, ഈ വാസന അവരിൽ ഇന്നും നിലനിന്നുവരുന്നു എന്നുള്ളതു തകഴിയുടെ ചെറുകഥകളുടെ വിറ്റഴിവിന്റെ ഭീമത്വം സ്ഥാപിക്കുന്നുണ്ടു്. ഇതിലാണു് ഇവരുടെ— അഭ്യസ്തവിദ്യരായ കേരളീയരുടെ—കാപട്യം സ്ഥിതിചെയ്യുന്നതു്. ഇവർ ഏതിലും തങ്ങൾ ഉദ്ദേശിക്കുന്നതു ചെയ്യുന്നവരും പറയുന്നതു് ഉദ്ദേശിക്കാത്തവരുമാണുതാനും.

ഭാഷാസാഹിത്യത്തിലെ പരാജയ (റിയലിസ്റ്റ്) പ്രസ്ഥാനത്തിൽപ്പെട്ട ചെറുകഥയെഴുത്തിന്റെ സ്ഥാപകനായ ഒരു മഹാകവിയാണു് തകഴി എന്നു ഞാൻ ‘മണിനാദം’, ‘കടത്തുവഞ്ചി’ എന്നിവയുടെ അവതാരികകളിൽ ചൂണ്ടിക്കാണിച്ചിരുന്നു. ‘പരമാർത്ഥങ്ങൾ’ എന്ന പ്രകൃതമനഃശ്ശാസ്ത്രനോവലെഴുത്തെന്ന രൂപസംബന്ധമായ ഉപപ്രസ്ഥാനത്തിന്റെ സ്ഥാപകനായി ഭവിക്കുകയും ചെയ്തിരിക്കുന്നു. പരാജയപ്രസ്ഥാനനോവലുകളെ, ഫ്രഞ്ച് നിരൂപണപദ്ധതിയനുസരിച്ചു്, നാച്ചുറലിസ്റ്റ്, അഥവാ, റിയലിസ്റ്റ് നോവലുകളെന്നും, മനഃശ്ശാസ്ത്രനോവലുകളെന്നും രണ്ടുതരമായി വിഭജിക്കാം. മോപ്പസങ്ങി ന്റെ ‘കാമുകൻ’ ടോൾസ്റ്റോയി യുടെ ‘അന്നകരേനിന’, സോള യുടെ ‘നാന’ എന്നിവ നാച്ചുറലിസ്റ്റ് നോവലുകളും, സ്റ്റെൻഡലി ന്റെ ‘ചെമപ്പും കറുപ്പും’, ഡാസ്റ്റോവ്സ്കി യുടെ ‘കുറ്റവും ശിക്ഷയും’, പാൾബൂർഷേ യുടെ ‘ക്രൂരമായ പ്രശ്നം’ എന്നിവ മനഃശ്ശാസ്ത്രനോവലുകളുമാണു്. തകഴിയുടെ ചെറുകഥകൾ നാച്ചുറലിസ്റ്റ് ചെറുകഥയെഴുത്തിൽ പെടും.

‘പരമാർത്ഥങ്ങളി’ലെ പ്ലാട്ടിന്റെ (ഇതിവൃത്തത്തിന്റെ) ചില ഘടകങ്ങൾ ഹാർഡി യുടെ ‘ടെസ്സ് ’ എന്ന നോവൽ, സ്ട്രിൻഡ്ബർഗ്ഗി ന്റെ ‘മിസ്സ് ജൂലിയ’ എന്ന ഗദ്യനാടകം, മോപ്പസങ്ങിന്റെ ‘നിഷ്പ്രയോജനമായ സൗന്ദര്യം’ എന്ന ചെറുകഥ എന്നിവയിൽ കാണാം. ഇവയെ ഭേദപ്പെടുത്തി സ്വന്തം ഘടകങ്ങളോടു തകഴി കൂട്ടിച്ചേർത്തിരിക്കുന്നു. മുഴുവനും അചിന്തിതപൂർവ്വകങ്ങളായ പ്ലാട്ടുകൾ വിശ്വസാഹിത്യത്തിലെ നോവലുകളിൽ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ. ഭർത്താവില്ലാതെ ഗർഭം ധരിക്കുന്ന ഒരു കന്യകയ്ക്കു സമുദായം വിധിച്ചിട്ടുള്ള പതിതത്വം നിമിത്തം, അവൾ ഗർഭിണിയായിരിക്കുമ്പോൾതന്നെ ഇരുവശത്തും പ്രണയരഹിതവും, ഒരു കരാറിൽ അധിഷ്ഠിതവുമായ ഒരു വിവാഹബന്ധത്തിൽപ്പെടുന്നതും, ഇതിന്റെ ഭയങ്കരഫലങ്ങളുമാണു് പ്രകൃതചെറുനോവലിന്റെ കഥാബീജം. ഇത്തരം ഒരു വിവാഹവും കരാറും അസാധാരണമാണെങ്കിലും അസംഭവ്യമല്ല. കഥാനായികയായ പ്രസ്തുത യുവതി ജാനകിയമ്മയെ വിവാഹം ചെയ്യാൻ പത്മനാഭപിള്ളയെ പ്രേരിപ്പിച്ച മുഖ്യസംഗതി അവളുടെ അസാധാരണമായ സൗന്ദര്യമാണു്. ഇതിനുള്ള ശേഷിച്ച കാരണങ്ങൾ അവൾ തന്നെ തനിക്കു പത്മനാഭപിള്ളയിൽ ജനിച്ച പുത്രനായ ഗോപകുമാരനെ ഇങ്ങനെ പറഞ്ഞു കേൾപ്പിക്കുന്നു: “എന്നെ സ്വീകരിച്ചതു് ആർദ്രതകൊണ്ടല്ല. അതു് എന്റെ അധഃപതിച്ച നിലയിൽനിന്നു മുതലെടുക്കാമെന്നുവെച്ചാണു്. അതു ഹൃദയശൂന്യതയാണു്. പതിതയായ പെണ്ണു ഭാര്യയായാൽ എന്തും സഹിക്കുമെന്നുവെച്ചു്, മറ്റേതൊരുവളെ സ്വീകരിച്ചാലും അവൾ പറയുന്നതു വിശ്വസിക്കുകയല്ലേ തരമുള്ളൂ?”

തന്റെ ചെറുകഥയെഴുത്തിന്റെ സാങ്കേതികമാർഗ്ഗത്തിൽ വിശ്വവിശ്രുത ചെറുകഥാകാരായ മോപ്പസങ്ങിന്റേയും ചെക്കോവി ന്റെയും സാങ്കേതികമാർഗ്ഗങ്ങൾ ചേരുംവിധം കലർത്തിയ ഒന്നാണു് തകഴി സ്വീകരിച്ചിട്ടുള്ളതു്. തന്റെ പുതിയ മനഃശ്ശാസ്ത്രനോവലെഴുത്തിലാകട്ടെ, വിശ്വവിശ്രുത മനഃശ്ശാസ്ത്രനോവൽകർത്താക്കളായ സ്റ്റെൻഡലിന്റേയും, ഡാസ്റ്റോവ്സ്കിയുടേയും സാങ്കേതിക മാർഗ്ഗങ്ങൾ കലർത്തിയ ഒന്നു് അദ്ദേഹം പ്രയോഗിച്ചിരിക്കുന്നു. കഥയുടെ പരിണാമത്തിനു് അല്പം മുമ്പുവെച്ചു നോവൽ തുടങ്ങുക, അല്പകാലംകൊണ്ടു കഥ അവസാനിപ്പിക്കുക, സംഭാഷണങ്ങൾകൊണ്ടും ഇവയുടെ ചെറിയ വ്യാഖ്യാനങ്ങൾ കൊണ്ടും നോവൽ നിറയ്ക്കുക, അതായതു, നോവലിനെ അത്യധികം നാടകീയമാക്കുക, പ്രകൃതിവർണ്ണന പ്രായേണ വർജ്ജിക്കുക എന്നീ ‘പരമാർത്ഥങ്ങളി’ലെ സാങ്കേതികമാർഗ്ഗഘടകങ്ങൾ ഗ്രന്ഥകാരൻ ഡാസ്റ്റോവ്സ്കിയിൽനിന്നാണു് സ്വീകരിച്ചിട്ടുള്ളതു്. ഡാസ്റ്റോവ്സ്കിയുടെ പ്രസിദ്ധനോവലുകളായ ‘കരമസ്സോവ് സഹോദരർ’ ‘പിശാചുകൾ’ എന്നിവയിലെ ചില സീനുകൾ മോസ്കോയിലെ ആർട്ട് തിയേറ്റർകാർ അഭിനയിച്ചപ്പോൾ, അവയിൽ ഒരു അക്ഷരംപോലും മാറ്റാതെ അവയെ അഭിനയിക്കാമെന്നു് അവർ മനസ്സിലാക്കി. ഇതുപോലെ ‘പരമാർത്ഥങ്ങളെ’ എളുപ്പം 11 രംഗങ്ങളുള്ള ഒരു ഗദ്യനാടകമാക്കി, ഇവയിൽ പലതിനേയും അധികം മാറ്റങ്ങൾ വരുത്താതെ അഭിനയിക്കുവാൻ സാധിക്കുന്നതാണു്. ഇങ്ങനെ ചെയ്യുമ്പോൾ, വാസ്തവത്തിൽ ഒരു ‘പ്രസ്താവന’ മാത്രമായ ആദ്യത്തെ മൂന്നു് അദ്ധ്യായങ്ങളിലെ വിവരണം നാലാമദ്ധ്യായംകൊണ്ടു തുടങ്ങുന്ന ഒന്നാംരംഗത്തിലെ സംഭാഷണത്തിൽ ഉൾക്കൊള്ളിക്കേണ്ടതായി വരും, അത്രേയുള്ളൂ.

പാത്രസൃഷ്ടിയിൽ തകഴി ഏറിയകൂറും സ്റ്റെൻഡലിന്റെ സാങ്കേതികമാർഗ്ഗം സ്വീകരിച്ചിരിക്കുന്നു. ദൈനംദിനജീവിതത്തിൽ നാം സാധാരണയായി കണ്ടുമുട്ടാത്തവരും, എന്നാൽ ചിലപ്പോൾ ജനസാമാന്യത്തിലെ പതിതരുടേയും കിറുക്കന്മാരുടേയും കൂട്ടത്തിലും, പലപ്പോഴും സമുദായത്തിന്റെ ഉന്നതതടത്തിലെ അതിസൂക്ഷ്മാവബോധമുള്ളവരുടെ കൂട്ടത്തിലും നമുക്കു കണ്ടുപിടിക്കാവുന്നവരും, നമ്മിൽ അനുകമ്പയും ബഹുമാനവും സ്നേഹവും ജനിപ്പിക്കുന്നതിനു പകരം നീരസവും അസുഖവും അവജ്ഞയും ഉത്ഭവിപ്പിക്കുന്നവരുമായ പാത്രങ്ങളെയാണു് ഏറിയകൂറും സ്റ്റെൻഡലും തകഴിയും സൃഷ്ടിച്ചിട്ടുള്ളതു്. ‘പരമാർത്ഥങ്ങളി’ലെ പത്മനാഭപിള്ള, ജാനകിയമ്മ, ഗോപകുമാരൻ, ഗോസായി എന്നിവർ ഇത്തരം പാത്രങ്ങളാണു്. ഡാസ്റ്റോവ്സ്കിയുടെ പാത്രങ്ങളെ സ്റ്റെൻഡലിന്റെ പാത്രങ്ങളേക്കാൾ അപൂർവ്വമായേ ഈ ലോകത്തു കാണാറുള്ളൂ. കലയിൽ അതിശയോക്തി കൂടിയേ തീരൂ. യുക്തിയും യുക്തിരഹിതമായ ഉപബോധമനസ്സും തമ്മിലുണ്ടാകുന്ന കൊടിയ മാനസികമത്സരങ്ങൾ അത്യധികം പൊന്തിച്ചുനില്ക്കുന്നതു പ്രസ്തുത അസാധാരണമനുഷ്യരിലാണു്. ഇതുനിമിത്തമത്രേ മനഃശ്ശാസ്ത്രനോവലെഴുത്തുകാർ ഇത്തരം പാത്രങ്ങളെ തേടിപ്പോകുന്നതും.

ഒരു ജന്തുവിന്റെ അവയവങ്ങൾ കീറി മുറിച്ചു പരിശോധിക്കുന്ന വിദഗ്ദ്ധനായ ഒരു ശാസ്ത്രജ്ഞന്റെ അകൽച്ചപൂർവ്വം സ്റ്റെൻഡൽ തന്റെ പാത്രങ്ങളെ അപഗ്രഥിച്ചു നമുക്കു കാട്ടിത്തരുന്നു. ഇതിനോടടുക്കുന്ന അപഗ്രഥനപാടവവും അകൽച്ചയും ‘പരമാർത്ഥങ്ങളി’ൽ കാണാം. ഈ സ്വഭാവവിശകലനം നടത്തുന്നതിനു സ്റ്റെൻഡലിനെക്കാളധികം തകഴി സംഭാഷണത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇതിൽ അദ്ദേഹം ഡാസ്റ്റോവ്സ്കിയെയാണു് അനുകരിച്ചിരിക്കുന്നതു്. ഒരു പാത്രം ഇന്നതരം മനുഷ്യനാണെന്നു വായനക്കാരനെ പറഞ്ഞു മനസ്സിലാക്കുന്ന ‘സ്റ്റേജ് ഡയറക്ഷൻസ്’ ഡാസ്റ്റോവ്സ്കിയിലും തകഴിയിലും കാണുന്നതല്ല. തകഴിയുടെ ഒരു പാത്രം സംസാരിക്കുവാൻ തുടങ്ങുമ്പോൾ, അയാളുടെ ആദിവാക്കുകളിൽനിന്നു് അയാൾ ഏതുതരം മനുഷ്യനാണെന്നു നമുക്കു മനസ്സിലാക്കുവാൻ സാധിക്കുന്നു. വിഷാദാത്മകത്വത്തിന്റെ പാരമ്യത്തിലും തകഴിക്കു സ്റ്റെൻഡലിനോടാണു്, ഡാസ്റ്റോവ്സ്കിയോടല്ല, സാദൃശ്യമുള്ളതു്. ഡാസ്റ്റോവ്സ്കിയുടെ നോവലുകളിൽ സാധാരണയായി പരിതസ്ഥിതിയുടെ ചിത്രീകരണം (സോഷ്യൽ കണ്ടന്റ്) വളരെയധികം കുറഞ്ഞിരിക്കും. സ്റ്റെൻഡലിന്റേയും ബൂർഷേയുടേയും നോവലുകളിലാവട്ടെ, നാച്ചുറലിസ്റ്റ് നോവലുകളിൽ കാണാവുന്നിടത്തോളം സോഷ്യൽ കണ്ടന്റ് ദൃശ്യമല്ലെങ്കിലും, അതു ഡാസ്റ്റോവ്സ്കിയുടെ കൃതികളിലുള്ളതിനെക്കാൾ ഏറിയിരിക്കും. ഇതിൽ തകഴിക്കു സ്റ്റെൻഡലിനോടും ബൂർഷേയോടുമാണു് സാദൃശ്യമുള്ളതു്. ഉദാഹരണമായി, ‘പരമാർത്ഥങ്ങളി’ൽ ഒരു പഴയ കുടുംബത്തിന്റെ ക്ഷയം സാമാന്യമായി ചിത്രീകരിച്ചിരിക്കുന്നതും, മക്കത്തായകുടുംബങ്ങളിലെ പെണ്ണുന്നളെക്കാളധികം സ്വാതന്ത്ര്യമുണ്ടെന്നുള്ള ഒരു സാമുദായികവീക്ഷണകോടി പ്രതിബിംബിച്ചിരിക്കുന്നതും നോക്കുക.

ഒരു നല്ല മനഃശ്ശാസ്ത്രനോവലെഴുത്തുകാരനു് ഒന്നുകിൽ ചിത്തഭ്രമം, ചുഴലി എന്നീ മാനസികരോഗങ്ങളോ, അല്ലെങ്കിൽ ഗാഢമായ മനഃശ്ശാസ്ത്രജ്ഞാനമോ ഉണ്ടായിരുന്നേ മതിയാവൂ. നല്ല മനഃശ്ശാസ്ത്രചെറുകഥകൾ രചിച്ചിട്ടുള്ള ഗാർഷിൻ എന്ന റഷ്യക്കാരൻ ഒരു ചിത്തഭ്രമരോഗിയും, ഉത്തമങ്ങളായ മനഃശ്ശാസ്ത്രനോവലുകൾ എഴുതിയിട്ടുള്ള ഡാസ്റ്റോവ്സ്കി ഒരു ചുഴലിദീനക്കാരനുമാണു്. സ്റ്റെൻഡലിനും ബൂർഷേയ്ക്കും നല്ല മനഃശ്ശാസ്ത്രജ്ഞാനമുണ്ടായിരുന്നു. തകഴിക്കും ഫ്രായ്ഡ്, ആഡ്ലർ എന്നീ ആധുനിക മനഃശ്ശാസ്ത്രജ്ഞരുടെ വാദങ്ങളെക്കുറിച്ചു നല്ല ജ്ഞാനമുണ്ടെന്നു ‘പരമാർത്ഥങ്ങൾ’ സ്ഥാപിക്കുന്നുണ്ടു്. മൂന്നു ഉദാഹരണങ്ങൾ ഇവിടെ പ്രസ്താവിക്കാം: പല മനുഷ്യരിലും ബാല്യത്തിൽ കാണാവുന്ന അപകൃഷ്ടതാബോധത്തെ (ഇൻഫീരിയോറിറ്റി കോംപ്ലെക്സ്) പ്രത്യേകം ബലപ്പെടുത്തി ആഡ്ലർ മാനസികാപഗ്രഥനത്തിന്റെ ഒരു പുതിയ വകഭേദം സ്ഥാപിച്ചിട്ടുണ്ടു്. സെക്സ് (ലൈംഗികബോധം) ജനിപ്പിക്കുന്ന കോംപ്ലെക്സിനെ (വികാരമത്സരം) പ്പോലെ അപകൃഷ്ടതാബോധവും കോംപ്ലെക്സുകളെ ഉത്ഭവിപ്പിക്കുമെന്നായിരുന്നു ആഡ്ലറുടെ വാദം. ആഡ്ലറുടെ ഈ വാദത്തെ ആസ്പദിച്ചാണു് തകഴി ജാനകിയമ്മയെ സൃഷ്ടിച്ചിട്ടുള്ളതു്.

പ്രസ്തുത അപകൃഷ്ടതാബോധംമൂലം ഭീരുക്കളിൽ ഭീരുവായിരുന്ന ജാനകിയമ്മ തന്റെ മുപ്പത്തിയെട്ടാമത്തെ വയസ്സിൽ പെട്ടെന്നു് ഒരു രക്തകാളിയായി രൂപാന്തരപ്പെടുന്നു. ഈ രൂപാന്തരപ്പെടുത്തലിലും തകഴി തന്റെ അച്ഛനില്ലാത്ത മകനായ പ്രഭയെ വീട്ടിൽനിന്നു പറഞ്ഞയയ്ക്കണമെന്നു പത്മനാഭപിള്ള ശഠിച്ചപ്പോഴാണു് ജാനകിയമ്മയിൽ ഈ രൂപാന്തരം സംഭവിക്കുന്നതു്. പ്രഭയോടുള്ള സ്നേഹാധിക്യമാണു് ഇതിനു ഹേതുവെന്നു പറയുന്നതു സൂക്ഷ്മമായിരിക്കുന്നതല്ല. പ്രഭയോടു ജാനകിയമ്മയ്ക്കുള്ള വികാരം സ്നേഹവും വെറുപ്പും കലർന്ന ഒരു സങ്കീർണ്ണവികാരമാണെന്നു ആ സ്ത്രീതന്നെ അവനെ ധരിപ്പിക്കുന്നുണ്ടു്. ഈ സ്നേഹം അവളുടെ ഉപബോധമനസ്സിലും, വെറുപ്പു് അവളുടെ യുക്തിയിലുമാണു് സ്ഥിതിചെയ്യുന്നതു്. പ്രസ്തുത സങ്കീർണ്ണവികാരത്തിന്റെ പരസ്പരവിരുദ്ധങ്ങളായ ഘടകങ്ങൾ നിമിത്തം അതിലെ സ്നേഹാംശത്തിനു് ഈ രൂപാന്തരം വരുത്തുവാൻ വേണ്ട ശക്തിയുണ്ടായിരിക്കുന്നതല്ല. ഭാരതീയ സ്ത്രീകളിൽ സാധാരണയായി മുപ്പത്തിയെട്ടു വയസ്സിനു സമീപിച്ചു് ആർത്തവം നിന്നുപോകുന്ന ഒരു ജീവിതഘട്ടം തുടങ്ങും. ഈ ഘട്ടത്തിൽ ഉപബോധമനസ്സിൽ സ്ഥാപിതമായ അവരുടെ സെക്സ് വികാരങ്ങൾ അതിതീവ്രമായി പ്രവർത്തിക്കുന്നതാണെന്നു് ആധുനികമനഃശ്ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ടു്. ഈ ഘട്ടത്തിലെ (ക്ലൈമാറ്റെറിക്ക്, അഥവാ മെനോപാസ്) സ്ത്രീഹൃദയത്തിന്റെ വിശ്വരൂപം പച്ചയായി കാണണമെങ്കിൽ കാരൻ മൈകേലിസ് എന്ന ഡെന്മാർക്കുകാരിയുടെ ‘ആപൽക്കരമായ പ്രായം’ എന്ന കുപ്രസിദ്ധമായ നോവൽ വായിക്കുക. ജാനകിയമ്മയുടെ ഉപബോധമനസ്സിലെ പ്രസ്തുത സ്നേഹത്തെ ഉപബോധമനസ്സിൽത്തന്നെ സ്ഥാപിതമായ ഈ സെക്സ് വികാരം ബലപ്പെടുത്തിയതു നിമിത്തമത്രേ ആ അതിഭീരുവായ സ്ത്രീ ഒരു രക്തകാളിയായി രൂപാന്തരപ്പെടുന്നതും.

ഫ്രായ്ഡിന്റെ മാനസികാപഗ്രഥനവുമായുള്ള പരിചയം പത്മനാഭപിള്ളയുടെ സൃഷ്ടിയിൽ തകഴി കാണിച്ചിട്ടുണ്ടു്. പ്രേമം ഒരാളിൽ മാത്രം കേന്ദ്രീകരിക്കുന്നതിനെ തടയുവാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഉപബോധമനസ്സു്, പ്രകൃത്യാ പ്രേമിക്കുവാൻ അശക്തരായ ദുർബ്ബലഭർത്താക്കന്മാരിൽ രണ്ടുവിധത്തിൽ പ്രവർത്തിച്ചേയ്ക്കുമെന്നു വിയന്നയിലെ ഒരു മാനസികാപഗ്രഥനവിദഗ്ദ്ധനായ ഡാക്ടർ ഗുതെയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഒന്നുകിൽ വിവാഹത്തിനുമുമ്പുള്ള സെക്സ് അനുഭവങ്ങൾ തുറന്നു പറയുവാൻ ഭാര്യയോടു് ആവശ്യപ്പെടുന്നതിനു് അതു് അയാളോടു് ഉപദേശിക്കും. ഈ ലൈംഗികാനുഭവ സമ്മതം സംഭവിക്കുമ്പോൾ അയാൾ ഭാര്യയിൽനിന്നു് അകന്നു പോകുമെന്നു വിചാരിച്ചാണു് ഉപബോധമനസ്സു് ഈ ഉപദേശം നല്കുന്നതു്. അല്ലെങ്കിൽ, ഇതിനു നേരേ വിരുദ്ധമായ ഒരു പദ്ധതി സ്വീകരിക്കുവാൻ ഉപബോധമനസ്സു ഭർത്താവിനെ പ്രേരിപ്പിക്കും. തന്റെ സ്വന്തം കുറവുകളെ പർവ്വതീകരിച്ചു തുറന്നുകാട്ടി ഭാര്യയെ പ്രണയത്തിൽനിന്നു് അകറ്റുന്ന ഒരുതരം മാനസികപ്രദർശനം (സൈക്കിക്ക് എക്സിഹിബിഷണിസം) നടത്തുന്നതാണു് ഈ പദ്ധതി. അതിസുന്ദരിയായ ജാനകിയമ്മയുടെ അച്ഛനില്ലാത്ത മകനായ പ്രഭയോടും, അവളോടുതന്നെയും അതിക്രൂരമായി പത്മനാഭപിള്ള പെരുമാറിവന്നതായി തകഴി ചിത്രീകരിച്ചിട്ടുള്ളതിനു കാരണം രണ്ടാമതു പറഞ്ഞ മാനസികപ്രദർശനമാണുതാനും.

തകഴിയുടെ ഭാഷാരീതി പ്രസന്നവും സരളവുമാണു്. വിഷയവൈവിധ്യരാഹിത്യവും, സോഷ്യൽ കണ്ടന്റിന്റെ പോരായ്മയുമാണു് അദ്ദേഹത്തിന്റെ കൃതികളിലെ പ്രധാന കുറവുകൾ. ഇവയെ പരിഹരിച്ചാൽ അദ്ദേഹത്തിനു പൂർവ്വാധികം വിജയം നേടാൻ സാധിക്കും.
ഗ്രന്ഥകർത്താ: തകഴി ശിവശങ്കരപിള്ള
(തകഴി ശിവശങ്കരപിള്ളയുടെ നോവലിനു് കേസരി ബാലകൃഷ്ണപിള്ള എഴുതിയ നിരൂപണം.)